ക്രിസ്തുവിന്റെ തിരിച്ചുവരവ്—എങ്ങനെ കാണപ്പെടുന്നു?
അധ്യായം 17
ക്രിസ്തുവിന്റെ തിരിച്ചുവരവ്—എങ്ങനെ കാണപ്പെടുന്നു?
1. (എ) ക്രിസ്തു ഏതു വാഗ്ദത്തം ചെയ്തു? (ബി) ക്രിസ്തുവിന്റെ തിരിച്ചുവരവിന്റെ ആവശ്യമെന്ത്?
1 “ഞാൻ വീണ്ടും വരുന്നു.” (യോഹന്നാൻ 14:3) യേശുക്രിസ്തു തന്റെ മരണത്തിന്റെ തലേരാത്രി തന്റെ അപ്പോസ്തലൻമാരോടുകൂടെ ആയിരുന്നപ്പോഴാണ് ഈ വാഗ്ദത്തം ചെയ്തത്. രാജ്യാധികാരത്തിലുളള ക്രിസ്തുവിന്റെ തിരിച്ചുവരവു മനുഷ്യവർഗത്തിനു കൈവരുത്തുന്ന സമാധാനത്തിനും ആരോഗ്യത്തിനും ജീവനും ഇതിലുമധികം ആവശ്യം ഒരിക്കലും ഉണ്ടായിട്ടില്ലെന്നുളളതിനോടു നിങ്ങൾ യോജിക്കാനിടയുണ്ട്. എന്നാൽ ക്രിസ്തു എങ്ങനെ തിരിച്ചുവരുന്നു? അവനെ കാണുന്നതാര്? ഏതു വിധത്തിൽ?
2. (എ) ക്രിസ്തു തിരിച്ചുവരുമ്പോൾ അവന്റെ അപ്പോസ്തലൻമാർ ഉൾപ്പെടെയുളള അവന്റെ അഭിഷിക്താനുഗാമികളെ എവിടെ ജീവിക്കാൻ അവൻ കൊണ്ടുപോകുന്നു? (ബി) അവർക്ക് അവിടെ ഏതുതരം ശരീരം ലഭിക്കുന്നു?
2 ക്രിസ്തു തന്റെ തിരിച്ചുവരവിങ്കൽ ഭൂമിയിൽ ജീവിക്കാനല്ല വരുന്നത്. പകരം, അവനോടുകൂടെ രാജാക്കൻമാരായി ഭരിക്കാനുളളവർ സ്വർഗത്തിൽ അവനോടുകൂടെ വസിക്കാൻ എടുക്കപ്പെടുന്നു. യേശു തന്റെ അപ്പോസ്തലൻമാരോട്: “ഞാൻ വീണ്ടും വരുന്നു, ഞാൻ ഇരിക്കുന്നടത്തു നിങ്ങളും ഇരിക്കേണ്ടതിനു നിങ്ങളെ എന്റെ അടുക്കൽ വീട്ടിൽ ചേർത്തുകൊളളും” എന്നു പറയുകയുണ്ടായി. (യോഹന്നാൻ 14:3) അതുകൊണ്ട് ക്രിസ്തു തിരിച്ചുവരുമ്പോൾ സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നവർ ആത്മീയവ്യക്തികളായിത്തീരുന്നു, അവർ ക്രിസ്തുവിനെ അവന്റെ മഹത്വീകരിക്കപ്പെട്ട ആത്മശരീരത്തിൽ കാണുന്നു. (1 കൊരിന്ത്യർ 15:44) എന്നാൽ സ്വർഗത്തിലേക്കു പോകാത്ത, മനുഷ്യവർഗത്തിലെ ശേഷിച്ചവർ, ക്രിസ്തു തിരിച്ചു വരുമ്പോൾ കാണുന്നുവോ?
അവന് ഒരു മനുഷ്യനായി തിരിച്ചുവരാൻ കഴിയാത്തതിന്റെ കാരണം
3. മനുഷ്യർ ക്രിസ്തുവിനെ ഒരിക്കലും വീണ്ടും കാണുകയില്ലെന്ന് ഏതു ബൈബിൾതെളിവു പ്രകടമാക്കുന്നു?
3 അതേ രാത്രിയിൽ യേശു തന്റെ അപ്പോസ്തലൻമാരോട് “അല്പകാലവും കൂടെ കഴിഞ്ഞാൽ ലോകം എന്നെ മേലാൽ കാണുകയില്ല” എന്നു തുടർന്നു പറഞ്ഞു. (യോഹന്നാൻ 14:19) “ലോകം” മനുഷ്യവർഗത്തെയാണു പരാമർശിക്കുന്നത്. അതുകൊണ്ട് തന്റെ സ്വർഗാരോഹണത്തിനുശേഷം ഭൂമിയിലെ മനുഷ്യർ അവനെ വീണ്ടും കാണുകയില്ലെന്ന് യേശു ഇവിടെ വ്യക്തമായി പറഞ്ഞു. അപ്പോസ്തലനായ പൗലോസ് എഴുതി: “നാം ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞുവെങ്കിലും നാം ഇനി അവനെ അങ്ങനെ അറിയുന്നില്ല.”—2 കൊരിന്ത്യർ 5:16.
4. ക്രിസ്തു ശക്തനായ ഒരു അദൃശ്യാത്മവ്യക്തിയെന്ന നിലയിൽ തിരിച്ചുവരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
4 എന്നിരുന്നാലും, ക്രിസ്തു വധിക്കപ്പെട്ട അതേ മനുഷ്യശരീരത്തിൽത്തന്നെ മടങ്ങിവരുമെന്നും ഭൂമിയിൽ വസിക്കുന്നവരെല്ലാം അവനെ കാണുമെന്നും അനേകർ വിശ്വസിക്കുന്നു. എന്നുവരികിലും, ക്രിസ്തു സകല ദൂതൻമാരുമായി മഹത്വത്തിൽ തിരിച്ചുവരുന്നുവെന്നും അവൻ തന്റെ മഹത്വമുളള സിംഹാസനത്തിൽ ഇരിക്കുന്നുവെന്നും ബൈബിൾ പറയുന്നു. (മത്തായി 25:31) യേശു ഒരു മനുഷ്യനായി വന്ന് ഒരു ഭൗമികസിംഹാസനത്തിൽ ഇരിക്കുകയാണെങ്കിൽ അവൻ ദൂതൻമാരെക്കാൾ പദവി കുറഞ്ഞവനായിരിക്കും. എന്നാൽ അവൻ ഈ ആത്മപുത്രൻമാരെക്കാളെല്ലാം അതിശക്തനും അതിമഹത്വമുളളവനുമായിട്ടാണു വരുന്നത്, തന്നിമിത്തം അവരെപ്പോലെതന്നെ അദൃശ്യനായിരിക്കും.—ഫിലിപ്യർ 2:8-11.
5. ക്രിസ്തുവിന് ഒരു മനുഷ്യശരീരത്തിൽ തിരിച്ചുവരാൻ കഴിയാത്തതെന്തുകൊണ്ട്?
5 മറിച്ച്, 1900-ത്തിൽപരം വർഷംമുമ്പു യേശു തന്നെത്താൻ താഴ്ത്തി ഒരു മനുഷ്യനായിത്തീരേണ്ടത് ആവശ്യമായിരുന്നു. അവൻ തന്റെ പൂർണമനുഷ്യജീവനെ നമുക്കുവേണ്ടി ഒരു മറുവിലയായി നൽകേണ്ട ആവശ്യമുണ്ടായിരുന്നു. യേശു ഒരിക്കൽ അത് ഈ വിധത്തിൽ വിശദീകരിച്ചു: “ഞാൻ കൊടുക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടിയുളള എന്റെ മാംസമാകുന്നു.” (യോഹന്നാൻ 6:51) യേശു അങ്ങനെ തന്റെ ജഡശരീരത്തെ മനുഷ്യവർഗത്തിനുവേണ്ടിയുളള ബലിയായി വിട്ടുകൊടുത്തു. എന്നാൽ ആ ബലി എത്രകാലം പ്രാബല്യത്തിലിരിക്കണമായിരുന്നു? അപ്പോസ്തലനായ പൗലോസ് ഉത്തരം നൽകുന്നു: “നാം എല്ലാ കാലത്തേക്കും ഒരിക്കലായി നടന്ന യേശുക്രിസ്തുവിന്റെ ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.” (എബ്രായർ 10:10) ലോകത്തിന്റെ ജീവനുവേണ്ടി തന്റെ ജീവനെ വെടിഞ്ഞതുകൊണ്ടു ക്രിസ്തുവിന് അതു വീണ്ടും ഒരിക്കലും എടുക്കാനും ഒരിക്കൽക്കൂടെ ഒരു മനുഷ്യനാകാനും കഴിയുകയില്ല. ആ അടിസ്ഥാനകാരണത്താൽ അവന്റെ തിരിച്ചുവരവ് അവൻ ഒരിക്കൽ എന്നേക്കുമായി ബലിചെയ്ത അവന്റെ മാനുഷശരീരത്തിലായിരിക്കാൻ ഒരിക്കലും സാധ്യമല്ല.
ജഡശരീരത്തെ സ്വർഗത്തിലേക്കു കൊണ്ടുപോയില്ല
6. ക്രിസ്തു തന്റെ ജഡികശരീരത്തെ സ്വർഗത്തിലേക്കു കൊണ്ടുപോയെന്ന് അനേകർ വിശ്വസിക്കുന്നതെന്തുകൊണ്ട്?
6 എന്നുവരികിലും ക്രിസ്തു തന്റെ ജഡശരീരത്തെ സ്വർഗത്തിലേക്കു കൊണ്ടുപോയെന്ന് അനേകർ വിശ്വസിക്കുന്നു. ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടപ്പോൾ അവന്റെ ജഡശരീരം പിന്നീടു കല്ലറയിൽ ഇല്ലായിരുന്നുവെന്ന വസ്തുതയിലേക്ക് അവർ വിരൽ ചൂണ്ടുന്നു. (മർക്കോസ് 16:5-7) കൂടാതെ, താൻ ജീവിച്ചിരിക്കുന്നുവെന്നു കാണിക്കാൻ യേശു മരണശേഷം തന്റെ ശിഷ്യൻമാർക്ക് ഒരു ജഡശരീരത്തിൽ പ്രത്യക്ഷപ്പെട്ടു. അവൻ യഥാർഥത്തിൽ പുനരുത്ഥാനം പ്രാപിച്ചുവെന്ന് അപ്പോസ്തലനായ തോമസ് വിശ്വസിക്കേണ്ടതിന് ഒരിക്കൽ അവൻ തന്റെ വിലാപ്പുറത്തെ ദ്വാരത്തിൽ തോമസിന്റെ വിരലിടുവിക്കുകപോലും ചെയ്തു. (യോഹന്നാൻ 20:24-27) ഇതു വധിക്കപ്പെട്ട അതേ ശരീരത്തിൽ ക്രിസ്തു ജീവനോടെ ഉയിർപ്പിക്കപ്പെട്ടുവെന്നു തെളിയിക്കുന്നില്ലേ?
7. ക്രിസ്തു ഒരു ആത്മവ്യക്തിയെന്ന നിലയിൽ സ്വർഗത്തിലേക്കു പോയെന്നു തെളിയിക്കുന്നതെന്ത്?
7 ഇല്ല, തെളിയിക്കുന്നില്ല. “ക്രിസ്തു എല്ലാ കാലത്തേക്കുമായി ഒരിക്കൽ പാപങ്ങൾ സംബന്ധിച്ചു മരിച്ചു. . . . അവൻ ജഡത്തിൽ കൊല്ലപ്പെട്ടു, എന്നാൽ ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു” എന്നു പറയുമ്പോൾ ബൈബിൾ വളരെ വ്യക്തമാണ്. (1 പത്രോസ് 3:18) മാംസരക്തശരീരങ്ങളോടുകൂടിയ മനുഷ്യർക്കു സ്വർഗത്തിൽ ജീവിക്കാൻ സാധ്യമല്ല. സ്വർഗീയ ജീവിതത്തിലേക്കുളള പുനരുത്ഥാനത്തെക്കുറിച്ചു ബൈബിൾ പറയുന്നു: “ഒരു ഭൗതികശരീരം വിതയ്ക്കപ്പെടുന്നു, ഒരു ആത്മീയശരീരം ഉയിർപ്പിക്കപ്പെടുന്നു. . . .ജഡരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കാൻ കഴിയുകയില്ല.” (1 കൊരിന്ത്യർ 15:44-50) ആത്മീയശരീരങ്ങളോടുകൂടിയ ആത്മവ്യക്തികൾക്കു മാത്രമേ സ്വർഗത്തിൽ ജീവിക്കാൻ കഴിയുകയുളളു.
8. ക്രിസ്തുവിന്റെ മനുഷ്യശരീരത്തിന് എന്തു സംഭവിച്ചു?
8 അപ്പോൾ, യേശുവിന്റെ ജഡശരീരത്തിന് എന്തു സംഭവിച്ചു? അവന്റെ ശിഷ്യൻമാർ അവന്റെ കല്ലറ ഒഴിഞ്ഞുകിടക്കുന്നതു കണ്ടില്ലേ? കണ്ടു, എന്തുകൊണ്ടെന്നാൽ ദൈവം യേശുവിന്റെ ശരീരത്തെ മാററി. ദൈവം ഇതു ചെയ്തത് എന്തുകൊണ്ടായിരുന്നു? അതു ബൈബിളിൽ എഴുതിയിരുന്നതിനെ നിവർത്തിച്ചു. (സങ്കീർത്തനം 16:10; പ്രവൃത്തികൾ 2:31) അങ്ങനെ യഹോവ മുമ്പു മോശയുടെ ശരീരം സംബന്ധിച്ചു ചെയ്തതുപോലെ യേശുവിന്റെ ശരീരം നീക്കംചെയ്യുന്നത് ഉചിതമെന്ന് അവൻ കണ്ടു. (ആവർത്തനം 34:5, 6) കൂടാതെ, ശരീരം കല്ലറയിൽ വിടപ്പെട്ടിരുന്നെങ്കിൽ യേശുവിന്റെ ശിഷ്യൻമാർക്ക് അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടുവെന്നു മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല, കാരണം ആ കാലത്ത് അവർ ആത്മീയകാര്യങ്ങളെ പൂർണമായി വിലയിരുത്തിയിരുന്നില്ല.
9. പുനരുത്ഥാനം പ്രാപിച്ച ക്രിസ്തു എടുത്ത ശരീരത്തിലെ ഒരു മുറിവിൽ തോമസിനു കൈ ഇടാൻ സാധ്യമായതെങ്ങനെ?
9 എന്നാൽ തോമസിന് യേശുവിന്റെ വശത്തെ ദ്വാരത്തിൽ വിരലിടാൻ കഴിഞ്ഞതുകൊണ്ട് അവനെ സ്തംഭത്തിൽ തറച്ച അതേ ശരീരത്തിൽ അവൻ ഉയിർപ്പിക്കപ്പെട്ടുവെന്ന് അതു പ്രകടമാക്കുന്നില്ലേ? ഇല്ല. എന്തുകൊണ്ടെന്നാൽ ദൂതൻമാർ കഴിഞ്ഞകാലത്തു ചെയ്തിരുന്നതുപോലെ യേശു കേവലം ജഡശരീരം അവലംബിക്കുകയോ ധരിക്കുകയോ മാത്രമായിരുന്നു. താൻ ആരാണെന്നു തോമസിനെ ബോധ്യപ്പെടുത്താൻ അവൻ മുറിവിന്റെ ദ്വാരങ്ങളോടുകൂടിയ ഒരു ശരീരം ഉപയോഗിക്കുകയായിരുന്നു. ഒരിക്കൽ അബ്രാഹാം സൽക്കരിച്ച ദൂതൻമാരെപ്പോലെ അവൻ തിന്നാനും കുടിക്കാനും പ്രാപ്തനായി തികച്ചും മനുഷ്യനായി പ്രത്യക്ഷപ്പെട്ടു അഥവാ കാണപ്പെട്ടു.—ഉല്പത്തി 18:8; എബ്രായർ 13:2.
10. യേശു വ്യത്യസ്ത ഭൗതികശരീരങ്ങൾ ധരിച്ചുവെന്ന് എന്തു പ്രകടമാക്കുന്നു?
10 യേശു വധിക്കപ്പെട്ടപ്പോഴത്തെ ശരീരത്തോടു സമാനമായ ഒരു ശരീരത്തിൽ തോമസിനു പ്രത്യക്ഷപ്പെട്ടിരിക്കെ, അവൻ തന്റെ അനുഗാമികൾക്കു പ്രത്യക്ഷപ്പെട്ടപ്പോൾ വ്യത്യസ്ത ശരീരങ്ങളും ധരിക്കുകയുണ്ടായി. അങ്ങനെ യേശു ഒരു തോട്ടക്കാരനാണെന്നു മഗ്ദലനമറിയം ആദ്യം വിചാരിച്ചു. മററു സമയങ്ങളിൽ അവന്റെ ശിഷ്യൻമാർ ആദ്യം അവനെ തിരിച്ചറിഞ്ഞിരുന്നില്ല. ഈ സന്ദർഭങ്ങളിൽ അവന്റെ വ്യക്തിപരമായ ആകാരമല്ല അവനെ തിരിച്ചറിയാൻ ഉതകിയത്, പിന്നെയോ ഏതെങ്കിലും വാക്കിനെയോ പ്രവൃത്തിയെയോ ആയിരുന്നു അവർ തിരിച്ചറിഞ്ഞത്.—യോഹന്നാൻ 20:14-16; 21:6, 7; ലൂക്കോസ് 24:30, 31.
11, 12. (എ) ക്രിസ്തു ഏതു രീതിയിലാണു ഭൂമി വിട്ടുപോയത്? (ബി) അതുകൊണ്ടു ക്രിസ്തു ഏതു രീതിയിൽ തിരിച്ചുവരുമെന്നു നാം പ്രതീക്ഷിക്കണം?
11 യേശു തന്റെ പുനരുത്ഥാനശേഷമുളള 40 ദിവസങ്ങളിൽ അവന്റെ ശിഷ്യൻമാർക്ക് ഒരു ജഡശരീരത്തിൽ പല പ്രാവശ്യം പ്രത്യക്ഷപ്പെട്ടു. (പ്രവൃത്തികൾ 1:3) പിന്നീട് അവൻ സ്വർഗത്തിലേക്കു പോയി. എന്നാൽ ‘ക്രിസ്തു “ആകാശത്തിലേക്കു പോകുന്നതു നിങ്ങൾ കണ്ടിരിക്കുന്ന അതേ രീതിയിൽ വരു”മെന്ന് അവിടെയുണ്ടായിരുന്ന രണ്ടു ദൂതൻമാർ അപ്പോസ്തലൻമാരോടു പറഞ്ഞില്ലേ?’ എന്നു ചിലർ ചോദിച്ചേക്കാം. (പ്രവൃത്തികൾ 1:11) ഉവ്വ്, അവർ പറഞ്ഞു. എന്നാൽ അതേ ശരീരത്തിൽ എന്നല്ല, പിന്നെയോ “അതേ രീതിയിൽ” എന്നാണവർ പറഞ്ഞത് എന്നു കാണുക. യേശുവിന്റെ പോക്കിന്റെ രീതി എന്തായിരുന്നു? അതു പരസ്യപ്രദർശനം കൂടാതെ ഒച്ചപ്പാടുണ്ടാക്കാതെയായിരുന്നു. അവന്റെ അപ്പോസ്തലൻമാർ മാത്രമേ അതിനെക്കുറിച്ച് അറിഞ്ഞുളളു. ലോകം അറിഞ്ഞില്ല.
12 യേശു തന്റെ അപ്പോസ്തലൻമാരെ വിട്ടു സ്വർഗത്തിലേക്കു പോയ രീതിയെ ബൈബിൾ വർണിക്കുന്നതു പരിചിന്തിക്കുക: “അവർ നോക്കിക്കൊണ്ടിരിക്കെ, അവൻ ഉയർത്തപ്പെടുകയും ഒരു മേഘം അവിടുത്തെ അവരുടെ കാഴ്ചയിൽനിന്നു മറയ്ക്കുകയും ചെയ്തു.” (പ്രവൃത്തികൾ 1:9) അതുകൊണ്ട് യേശു ആകാശത്തിലേക്കു പോയിത്തുടങ്ങിയപ്പോൾ ഒരു മേഘം അപ്പോസ്തലൻമാരുടെ അക്ഷരീയ കാഴ്ചയിൽനിന്ന് അവനെ മറച്ചു. അതുകൊണ്ട് വിട്ടുപോകുന്ന യേശു അവർക്ക് അദൃശ്യനായിത്തീർന്നു. അവർക്ക് അവനെ കാണാൻ കഴിയാതായി. അപ്പോൾ അവൻ തന്റെ ആത്മീയശരീരത്തിൽ സ്വർഗത്തിലേക്ക് ആരോഹണം ചെയ്തു. (1 പത്രോസ് 3:18) അങ്ങനെ അവന്റെ തിരിച്ചുവരവും അദൃശ്യമായിരിക്കും, ഒരു ആത്മീയ ശരീരത്തിലായിരിക്കും.
ഏതു കണ്ണും കാണുന്നതെങ്ങനെ?
13. ക്രിസ്തു മേഘങ്ങളോടെ വരുമ്പോൾ “ഏതു കണ്ണും കാണും” എന്ന പ്രസ്താവനയെ നാം മനസ്സിലാക്കേണ്ടതെങ്ങനെ?
13 അപ്പോൾ, നാം വെളിപ്പാട് 1:7-ലെ വാക്കുകൾ മനസ്സിലാക്കേണ്ടതെങ്ങനെയാണ്? അവിടെ അപ്പോസ്തലനായ യോഹന്നാൻ എഴുതുന്നു: “നോക്കൂ! അവൻ മേഘങ്ങളോടെ വരുന്നു, ഏതു കണ്ണും, അവനെ കുത്തിത്തുളച്ചവരും, അവനെ കാണും; ഭൂമിയിലെ സകല ഗോത്രങ്ങളും അവൻ നിമിത്തം ദുഃഖിതരായി അലയ്ക്കും.” ഇവിടെ ബൈബിൾ ഭൗതികനേത്രങ്ങൾകൊണ്ടു കാണുന്നതിനെക്കുറിച്ചല്ല, പിന്നെയോ തിരിച്ചറിയുകയോ ഗ്രഹിക്കുകയോ ചെയ്യുന്നുവെന്ന അർഥത്തിൽ കാണുന്നതിനെക്കുറിച്ചാണു പറയുന്നത്. അങ്ങനെ, ഒരാൾ ഒരു സംഗതി ഗ്രഹിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുമ്പോൾ ‘ഞാൻ അതു കാണുന്നുണ്ട്’ എന്ന് അയാൾ പറഞ്ഞേക്കാം. യഥാർഥത്തിൽ ബൈബിൾ “നിങ്ങളുടെ ഗ്രാഹ്യത്തിന്റെ കണ്ണുകളെ”ക്കുറിച്ചു പറയുന്നു. (എഫേസ്യർ 1:18, കിംഗ് ജയിംസ് വേർഷൻ) അതുകൊണ്ട് “ഏതു കണ്ണും അവനെ കാണും” എന്ന പദപ്രയോഗത്തിന്റെ അർഥം ക്രിസ്തു സന്നിഹിതനായിരിക്കുന്നുവെന്നു സകലരും ഗ്രഹിക്കും അഥവാ തിരിച്ചറിയും എന്നാണ്.
14. (എ) “അവനെ കുത്തിത്തുളച്ചവർ” എന്നതിനാൽ ആരെ ഉദ്ദേശിച്ചിരിക്കുന്നു? (ബി) സകലരും ഒടുവിൽ ക്രിസ്തുവിന്റെ സാന്നിധ്യത്തെ തിരിച്ചറിയുമ്പോൾ വലിയ സങ്കടം ഉണ്ടായിരിക്കുന്നതെന്തുകൊണ്ട്?
14 യേശുവിനെ യഥാർഥത്തിൽ “കുത്തിത്തുളച്ചവർ” ഭൂമിയിൽ മേലാൽ ജീവിച്ചിരിപ്പില്ല. അതുകൊണ്ട് അവർ ക്രിസ്തുവിന്റെ ഏതൽക്കാല അനുഗാമികളെ ഉപദ്രവിച്ചുകൊണ്ട് ആ ഒന്നാം നൂററാണ്ടിലെ ആളുകളെ അനുകരിക്കുന്നവരെ പ്രതിനിധാനം ചെയ്യുന്നു. (മത്തായി 25:40, 45) അത്തരം ദുഷ്ടൻമാരെ ക്രിസ്തു വധിക്കുന്നതിനുളള സമയം താമസിയാതെ വന്നെത്തും. ഇതു സംബന്ധിച്ച് അവർക്കു മുന്നമേ താക്കീതു കൊടുത്തിട്ടുണ്ട്. ഈ സംഹാരം നടക്കുമ്പോൾ എന്താണു സംഭവിക്കുന്നതെന്ന് അവർ “കാണും” അഥവാ തിരിച്ചറിയും. അവരുടെ സങ്കടം തീർച്ചയായും വലുതായിരിക്കും!
ക്രിസ്തു ഭൂമിയിലേക്കു തിരിച്ചുവരുന്നുവോ?
15. മിക്കപ്പോഴും “തിരിച്ചു വരിക” എന്ന പദം ഏതു വിധത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്?
15 തിരിച്ചുവരുക എന്നതിന് ഒരുവൻ ഒരു അക്ഷരീയസ്ഥലത്തേക്കു വരുന്നു എന്ന് എല്ലായ്പ്പോഴും അർഥമില്ല. രോഗികൾ ‘ആരോഗ്യത്തിലേക്കു തിരിച്ചുവന്നു’ എന്നു പറയാറുണ്ട്. ഒരു മുൻഭരണാധികാരി ‘അധികാരത്തിലേക്കു തിരിച്ചുവരുന്നു’ എന്നു പറയാവുന്നതാണ്. ഇതേ വിധത്തിൽ ദൈവം അബ്രാഹാമിനോടു പറഞ്ഞു: “ഞാൻ അടുത്ത വർഷം ഈ സമയത്തു നിന്റെ അടുക്കലേക്കു തിരിച്ചുവരും, സാറായിക്ക് ഒരു പുത്രൻ ജനിക്കും.” (ഉല്പത്തി 18:14; 21:1) യഹോവയുടെ തിരിച്ചുവരവ് അക്ഷരീയമായ മടങ്ങിവരവിനെയല്ല, പിന്നെയോ അവൻ വാഗ്ദത്തം ചെയ്തതു നിവർത്തിക്കുന്നതിനു സാറായിലേക്കു ശ്രദ്ധ തിരിക്കുന്നതിനെയാണ് അർഥമാക്കിയത്.
16. (എ) ക്രിസ്തു ഏതു വിധത്തിൽ ഭൂമിയിലേക്കു തിരിച്ചുവരുന്നു? (ബി) ക്രിസ്തു എപ്പോൾ തിരിച്ചുവന്നു, അന്ന് എന്തു തുടങ്ങി?
16 ഇതേ വിധത്തിൽ ക്രിസ്തുവിന്റെ തിരിച്ചുവരവ് അവൻ ഈ ഭൂമിയിലേക്ക് അക്ഷരീയമായി തിരിച്ചുവരുന്നുവെന്ന് അർഥമാക്കുന്നില്ല. പകരം അതിന്റെ അർഥം അവൻ ഈ ഭൂമിയുടെമേൽ രാജ്യാധികാരം കൈയേൽക്കുന്നുവെന്നും അതിലേക്കു തന്റെ ശ്രദ്ധ തിരിക്കുന്നുവെന്നുമാണ്. ഇതു ചെയ്യുന്നതിന് അവൻ തന്റെ സ്വർഗീയസിംഹാസനം വിട്ടു യഥാർഥത്തിൽ ഭൂമിയിലേക്ക് ഇറങ്ങിവരേണ്ട ആവശ്യമില്ല. നാം മുൻ അധ്യായത്തിൽ കണ്ടതുപോലെ, ക്രിസ്തു തിരിച്ചുവരുന്നതിനും ഭരിക്കാൻ തുടങ്ങുന്നതിനുമുളള ദൈവത്തിന്റെ സമയം പൊ. യു. 1914-ാമാണ്ടിൽ വന്നെത്തിയെന്നു ബൈബിൾതെളിവു പ്രകടമാക്കുന്നു. അന്നായിരുന്നു സ്വർഗത്തിൽ ഈ ഉദ്ഘോഷം കേട്ടത്: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ അധികാരവും തുടങ്ങിയിരിക്കുന്നു.”—വെളിപ്പാട് 12:10.
17. ക്രിസ്തുവിന്റെ തിരിച്ചുവരവ് അദൃശ്യമായതിനാൽ അവൻ തിരിച്ചുവന്നുവെന്നു നമുക്ക് അറിയാൻ കഴിയേണ്ടതിന് അവൻ എന്തു നൽകി?
17 ക്രിസ്തുവിന്റെ തിരിച്ചുവരവ് അദൃശ്യമായതുകൊണ്ട് അതു യഥാർഥത്തിൽ സംഭവിച്ചിരിക്കുന്നുവെന്നു സ്ഥിരീകരിക്കാൻ മാർഗമുണ്ടോ? ഉണ്ട്. അവൻ അദൃശ്യമായി സന്നിഹിതനായിരിക്കുന്നുവെന്നും ലോകത്തിന്റെ അവസാനം അടുത്തിരിക്കുന്നുവെന്നും നാം അറിയേണ്ടതിനു ക്രിസ്തുതന്നെ ഒരു ദൃശ്യ “അടയാളം” നൽകിയിട്ടുണ്ട്. നമുക്ക് ആ “അടയാളം” പരിശോധിക്കാം.
[അധ്യയന ചോദ്യങ്ങൾ]
[142-ാം പേജിലെ ചിത്രം]
യേശു തന്റെ ശരീരത്തെ ഒരു ബലിയായി അർപ്പിച്ചു. അവന് എന്നെങ്കിലും അതു തിരികെ എടുത്തു വീണ്ടും ഒരു മനുഷ്യനായി തീരാൻ കഴിയുകയില്ല
[144, 145 പേജുകളിലെ ചിത്രങ്ങൾ]
യേശുവിന്റെ പുനരുത്ഥാനശേഷം മഗ്ദലനമറിയ അവനെ ഒരു തോട്ടക്കാരനായി തെററിദ്ധരിച്ചതെന്തുകൊണ്ട്?
പുനരുത്ഥാനം പ്രാപിച്ച യേശു ഏതുതരം ജഡികശരീരത്തിലേക്കു കൈ ഇടാനാണു തോമസിനോട് ആവശ്യപ്പെട്ടത്?
[147-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്തു ഭൂമി വിട്ടുപോയ അതേ രീതിയിൽ മടങ്ങിവരേണ്ടിയിരുന്നു. അവൻ ഏതു രീതിയിലാണു വിട്ടുപോയത്?