ത്രിത്വോപദേശം വികാസം പ്രാപിച്ചതെങ്ങനെ?
ത്രിത്വോപദേശം വികാസം പ്രാപിച്ചതെങ്ങനെ?
ഈ ഘട്ടത്തിൽ, ‘ത്രിത്വം ഒരു ബൈബിൾ ഉപദേശമല്ലെങ്കിൽ, അതു ക്രൈസ്തവലോകത്തിന്റെ ഒരു ഉപദേശമായിത്തീർന്നതെങ്ങനെ’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. അത് ക്രി.വ. 325-ലെ നിഖ്യാ കൗൺസിലിൽ ആവിഷ്ക്കരിക്കപ്പെട്ടതാണെന്ന് അനേകർ വിചാരിക്കുന്നു.
എന്നാൽ അത് മുഴുവനായി ശരിയല്ല. നിഖ്യായിലെ കൗൺസിൽ ദൈവത്തിന്റെ അതേ തത്വമാണ് ക്രിസ്തുവെന്ന് തറപ്പിച്ചുപറയുകതന്നെ ചെയ്തു, അതാണ് പിൽക്കാലത്തെ ത്രിത്വ ദൈവശാസ്ത്രത്തിന് അടിത്തറ പാകിയത്. എന്നാൽ അത് ത്രിത്വം സ്ഥാപിച്ചില്ല, എന്തുകൊണ്ടെന്നാൽ ആ കൗൺസിലിൽ ഒരു ത്രിയേക ദൈവശിരസ്സിലെ മൂന്നാമത്തെ ആളെന്ന നിലയിൽ പരിശുദ്ധാത്മാവിനെക്കുറിച്ചു പറഞ്ഞിരുന്നില്ല.
നിഖ്യായിൽ കോൺസ്ററന്റൈനിന്റെ പങ്ക്
അനേകം വർഷങ്ങളിൽ, യേശു ദൈവമാണെന്ന് വികാസം പ്രാപിച്ചുവന്ന ആശയത്തോട് ബൈബിൾ കാരണങ്ങളാൽ വളരെയധികം എതിർപ്പുണ്ടായിരുന്നു. തർക്കത്തിനു പരിഹാരമുണ്ടാക്കുന്നതിന് ശ്രമിക്കാൻ, റോമാ ചക്രവർത്തിയായിരുന്ന കോൺസ്ററന്റൈൻ ബിഷപ്പൻമാരെയെല്ലാം നിഖ്യായിൽ വിളിച്ചുവരുത്തി. ആകെയുളളവരുടെ ഒരംശമായ ഏതാണ്ട് 300 പേർ മാത്രമേ യഥാർത്ഥത്തിൽ ഹാജരായുളളു.
കോൺസ്ററന്റൈൻ ഒരു ക്രിസ്ത്യാനിയായിരുന്നില്ല. പിൽക്കാല ജീവിതത്തിൽ അയാൾ മതപരിവർത്തനം നടത്തിയെന്നാണ് സങ്കൽപ്പം. എന്നാൽ അയാൾ മരണക്കിടക്കയിലാകുന്നതു വരെ സ്നാപനമേററിരുന്നില്ല. അയാളെക്കുറിച്ച്, ആദിമ സഭ എന്ന പുസ്തകത്തിൽ ഹെൻട്രി ചാഡ്വിക്ക് ഇങ്ങനെ പറയുന്നു: “കോൺസ്ററന്റൈൻ അയാളുടെ പിതാവിനെപ്പോലെ, അജയ്യനായ സൂര്യനെ ആരാധിച്ചു; . . . അയാളുടെ പരിവർത്തനത്തെ രക്ഷയുടെ ഒരു ആന്തരിക അനുഭവമായി വ്യാഖ്യാനിക്കരുത് . . . അത് ഒരു സൈനിക സംഗതിയായിരുന്നു. ക്രിസ്തീയ ഉപദേശത്തെ സംബന്ധിച്ച അയാളുടെ ധാരണ ഒരിക്കലും സുവ്യക്തമായിരുന്നില്ല, എന്നാൽ യുദ്ധത്തിലെ വിജയം ക്രിസ്ത്യാനികളുടെ ദൈവത്തിന്റെ ദാനത്തിൽ സ്ഥിതിചെയ്യുന്നുവെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.”
സ്നാപനമേൽക്കാഞ്ഞ ഈ ചക്രവർത്തി നിഖ്യായിലെ കൗൺസിലിൽ എന്തു പങ്കാണു വഹിച്ചത്? ദി എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പ്രതിപാദിക്കുന്നു: “കോൺസ്ററന്റൈൻതന്നെ ചർച്ചകളെ സജീവമായി നയിച്ചുകൊണ്ട് ആദ്ധ്യക്ഷ്യം വഹിക്കുകയും . . . കൗൺസിൽ പുറപ്പെടുവിച്ച വിശ്വാസപ്രമാണത്തിൽ ‘പിതാവുമായി ഏക തത്വം’ എന്ന ദൈവത്തോടുളള ക്രിസ്തുവിന്റെ ബന്ധത്തെ പ്രകടമാക്കുന്ന നിർണ്ണായക ഫോർമുലാ വ്യക്തിപരമായി നിർദ്ദേശിക്കുകയും ചെയ്തു. . . . ചക്രവർത്തിയെ ഭയന്ന് ബിഷപ്പൻമാർ, രണ്ടുപേർ ഒഴികെ, വിശ്വാസപ്രമാണത്തിൽ ഒപ്പിട്ടു, അവരിൽ അനേകർ ഏറെയും തങ്ങളുടെ ചായ്വിനെതിരായി തന്നെ.”
അതുകൊണ്ട് കോൺസ്ററന്റൈനിന്റെ പങ്ക് നിർണ്ണായകമായിരുന്നു. രണ്ടു മാസത്തെ ഉഗ്രമായ മത വാദപ്രതിവാദത്തിനുശേഷം, ഈ പുറജാതി രാജ്യതന്ത്രജ്ഞൻ ഇടപെടുകയും യേശു ദൈവമാണെന്ന് പറഞ്ഞവർക്കനുകൂലമായി തീരുമാനിക്കുകയും ചെയ്തു. എന്നാൽ എന്തുകൊണ്ട്? തീർച്ചയായും, ഏതെങ്കിലും ബൈബിൾപരമായ ബോദ്ധ്യംകൊണ്ടല്ല. “കോൺസ്ററന്റൈനിന് ഗ്രീക്കു ദൈവശാസ്ത്രത്തിൽ ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ സംബന്ധിച്ച് അടിസ്ഥാനപരമായി യാതൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല” എന്ന് ക്രിസ്തീയ ഉപദേശത്തിന്റെ ഒരു ഹ്രസ്വ ചരിത്രം പറയുന്നു. അയാൾക്ക് മനസ്സിലായിരുന്നത് മത ഭിന്നത തന്റെ സാമ്രാജ്യത്തിന് ഒരു ഭീഷണി ആണെന്നുളളതായിരുന്നു, അയാൾ തന്റെ ഭരണപ്രദേശത്തെ ഒരുമിച്ചുനിർത്താൻ ആഗ്രഹിച്ചു.
എന്നിരുന്നാലും, നിഖ്യായിലെ ബിഷപ്പൻമാരിലാരും ഒരു ത്രിത്വത്തെ പ്രോത്സാഹിപ്പിച്ചില്ല. അവർ യേശുവിന്റെ സ്വഭാവത്തെ നിർണ്ണയിക്കമാത്രമേ ചെയ്തുളളു, പരിശുദ്ധാത്മാവിന്റെ ധർമ്മത്തെ നിർണ്ണയിച്ചില്ല. ത്രിത്വം ഒരു വ്യക്തമായ ബൈബിൾ സത്യമാണെങ്കിൽ അവർ ആ സമയത്ത് അത് നിർദ്ദേശിക്കേണ്ടിയിരുന്നില്ലേ?
കൂടുതലായ വികാസം
നിഖ്യായിക്കു ശേഷം ഈ വിഷയം സംബന്ധിച്ച വാദപ്രതിവാദങ്ങൾ ദശാബ്ദങ്ങളിൽ തുടർന്നു. യേശു ദൈവത്തോടു സമനല്ലെന്ന് വിശ്വസിച്ചവർ കുറേ കാലത്തേക്ക് ആനുകൂല്യത്തിലേക്ക് തിരികെ വരികപോലും ചെയ്തു. എന്നാൽ പിൽക്കാലത്ത് തിയോഡോസ്യസ് ചക്രവർത്തി അവർക്കെതിരായി വിധിച്ചു. അയാൾ തന്റെ രാജ്യത്തിനുവേണ്ടിയുളള പ്രമാണമെന്ന നിലയിൽ നിഖ്യാ കൗൺസിലിലെ വിശ്വാസ പ്രമാണത്തെ സ്ഥിരീകരിക്കുകയും ഈ ഫോർമുലാ വിശദമാക്കുന്നതിന് ക്രി.വ. 381-ൽ കോൺസ്ററാൻറിനോപ്പിൾ കൗൺസിൽ വിളിച്ചുകൂട്ടുകയും ചെയ്തു.
ആ കൗൺസിൽ പരിശുദ്ധാത്മാവിനെ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും അതേ തലത്തിൽ പ്രതിഷ്ഠിക്കാൻ സമ്മതിച്ചു. ഇദംപ്രഥമമായി, ക്രൈസ്തവലോകത്തിന്റെ ത്രിത്വം വ്യക്തമായിത്തുടങ്ങി.
എന്നിരുന്നാലും, കോൺസ്ററാൻറിനോപ്പിൾ കൗൺസിലിനുശേഷം പോലും ത്രിത്വം പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു വിശ്വാസപ്രമാണമായിത്തീർന്നില്ല. അനേകർ അതിനെ എതിർക്കുകയും അങ്ങനെ തങ്ങളുടെമേൽതന്നെ ഉഗ്രമായ പീഡനം വരുത്തിക്കൂട്ടുകയും ചെയ്തു. പിന്നീടുളള നൂററാണ്ടുകളിൽ മാത്രമാണ് ത്രിത്വം നിശ്ചിത വിശ്വാസപ്രമാണങ്ങളായി ക്രോഡീകരിക്കപ്പെട്ടത്. ദി എൻസൈക്ലോപ്പീഡിയാ അമേരിക്കാനാ
പ്രസ്താവിക്കുന്നു: “ത്രിത്വവാദം പൂർണ്ണവികാസം പ്രാപിച്ചത് മദ്ധ്യയുഗങ്ങളിലെ പാണ്ഡിത്യത്തിൽ പടിഞ്ഞാറാണ്, അന്ന് തത്വശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ഒരു വിശദീകരണം അംഗീകരിക്കപ്പെട്ടു.”അത്താനാസ്യോസിന്റെ വിശ്വാസപ്രമാണം
അത്താനാസ്യോസിന്റെ വിശ്വാസപ്രമാണത്തിൽ ത്രിത്വം കൂടുതൽ പൂർണ്ണമായി നിർവചിക്കപ്പെട്ടു. അത്താനാസ്യോസ് നിഖ്യായിൽ കോൺസ്ററന്റൈനിനെ പിന്താങ്ങിയ ഒരു വൈദികനായിരുന്നു. അദ്ദേഹത്തിന്റെ നാമം വഹിക്കുന്ന വിശ്വാസപ്രമാണം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഞങ്ങൾ ത്രിത്വത്തിൽ ഏക ദൈവത്തെ ആരാധിക്കുന്നു. . . . പിതാവും ദൈവമാണ്, പുത്രനും ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ്, എന്നിരുന്നാലും മൂന്നു ദൈവങ്ങളില്ല, ഒരു ദൈവമേയുളളു.”
എന്നിരുന്നാലും, അത്താനാസ്യോസ് ഈ വിശ്വാസപ്രമാണം രചിച്ചില്ലെന്ന് നല്ല അറിവുളള പണ്ഡിതൻമാർ സമ്മതിക്കുന്നു. ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ വിശ്വാസപ്രമാണം 12-ാം നൂററാണ്ടുവരെ പൗരസ്ത്യ സഭക്ക് അറിയപ്പെട്ടിരുന്നില്ല. 17-ാം നൂററാണ്ടുമുതൽ, അത്താനാസ്യോസിന്റെ വിശ്വാസപ്രമാണം അത്താനാസ്യോസിനാൽ (373-ൽ മരിച്ചു) എഴുതപ്പെട്ടതല്ല, എന്നാൽ അത് 5-ാം നൂററാണ്ടിൽ തെക്കൻ ഫ്രാൻസിൽവെച്ച് എഴുതപ്പെട്ടതായിരിക്കാൻ ഇടയുണ്ടെന്ന് പണ്ഡിതൻമാർ പൊതുവെ സമ്മതിച്ചിട്ടുണ്ട്. . . . ഈ വിശ്വാസപ്രമാണത്തിന്റെ സ്വാധീനം 6-ഉം 7-ഉം നൂററാണ്ടുകളിൽ മുഖ്യമായി തെക്കൻ ഫ്രാൻസിലും സ്പെയിനിലും ആയിരുന്നു എന്ന് തോന്നുന്നു. അത് 9-ാം നൂററാണ്ടിൽ ജർമ്മനിയിലെ സഭയുടെ നമസ്കാരക്രമത്തിലും കുറേക്കൂടെ കഴിഞ്ഞ് റോമിലും ഉപയോഗിക്കപ്പെട്ടിരുന്നു.”
അതുകൊണ്ട്, ക്രൈസ്തവലോകത്തിൽ ത്രിത്വം പരക്കെ അംഗീകരിക്കപ്പെടുന്നതിന് ക്രിസ്തുവിന്റെ കാലം മുതൽ നൂററാണ്ടുകളെടുത്തു. ഇതിലെല്ലാം തീരുമാനങ്ങളെ നയിച്ചതെന്തായിരുന്നു? അത് ദൈവവചനമായിരുന്നോ, അതോ അത് വൈദികസംബന്ധവും രാഷ്ട്രീയവുമായ പരിഗണനകളായിരുന്നോ? മതത്തിന്റെ ഉത്ഭവവും പരിണാമവും എന്നതിൽ ഈ ഡബ്ലിയൂ ഹോപ്കിൻസ് ഉത്തരം നൽകുന്നു: “ത്രിത്വത്തിന്റെ അന്തിമ സിദ്ധാന്തപരമായ നിർവചനം ഏറെയും സഭാ രാഷ്ട്രീയത്തിന്റെ ഒരു സംഗതിയായിരുന്നു.”
വിശ്വാസ ത്യാഗം മുൻകൂട്ടിപ്പറയപ്പെട്ടു
ത്രിത്വത്തിന്റെ ഈ അപമാനകരമായ ചരിത്രം തങ്ങളുടെ കാലത്തെത്തുടർന്നുണ്ടാകുമെന്ന് യേശുവും അവന്റെ അപ്പോസ്തലൻമാരും മുൻകൂട്ടിപ്പറഞ്ഞതിനോടു യോജിക്കുന്നു: ക്രിസ്തുവിന്റെ മടങ്ങിവരവു വരെ ഒരു വിശ്വാസത്യാഗം, ഒരു വ്യതിചലനം, സത്യാരാധനയിൽ നിന്നുളള ഒരു വീഴ്ച, ഉണ്ടായിരിക്കുമെന്ന് അവർ പറയുകയുണ്ടായി, അന്ന് ഈ വ്യവസ്ഥിതിയുടെ നാശത്തിന്റെ ദൈവദിവസത്തിനു മുമ്പ് സത്യാരാധന പുനഃസ്ഥിതീകരിക്കപ്പെടും.
ആ “ദിവസ”ത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “ആദ്യമേ വിശ്വാസത്യാഗം സംഭവിക്കുകയും നാശയോഗ്യനും അധർമ്മ മൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.” (2 തെസ്സലോനീക്യർ 2:3, 7) പിന്നീട്, അവൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ പോയശേഷം ക്രൂര ചെന്നായ്ക്കൾ നിങ്ങളെ ആക്രമിക്കയും ആട്ടിൻകൂട്ടത്തോട് കരുണ കാണിക്കാതിരിക്കയും ചെയ്യും. തങ്ങളെ അനുകരിക്കാൻ ശിഷ്യരെ പ്രേരിപ്പിക്കുന്നതിന് തങ്ങളുടെ അധരങ്ങളിൽ സത്യത്തിന്റെ ഒരു പരിഹാസ്യമായ അനുകരണത്തോടെ മുന്നോട്ടുവരുന്ന പുരുഷൻമാർ നിങ്ങളുടെ അണികളിൽനിന്നു തന്നെ ഉണ്ടാകും.” (പ്രവൃത്തികൾ 20:29, 30, JB) യേശുവിന്റെ മററു ശിഷ്യൻമാരും ‘അധർമ്മികളായ’ വൈദിക വർഗ്ഗത്തോടുകൂടിയ ഈ വിശ്വാസത്യാഗത്തെക്കുറിച്ച് എഴുതി.—ദൃഷ്ടാന്തത്തിന്, 2 പത്രോസ് 2:1; 1 യോഹന്നാൻ 4:1-3; യൂദാ 3, 4 കാണുക.
പൗലോസ് ഇങ്ങനെയും എഴുതി: “ശരിയായ ഉപദേശത്തിൽ അശേഷം തൃപ്തിപ്പെടാതെ, ആളുകൾ ഏററവും ഒടുവിലത്തെ പുതുമയിൽ അത്യാർത്തിയുളളവരായി തങ്ങളുടെ സ്വന്തം അഭിരുചികൾക്കനുസരിച്ച് ഉപദേഷ്ടാക്കളുടെ ഒരു മുഴു പരമ്പരയെ കൂട്ടിച്ചേർക്കുന്ന സമയം വരുമെന്ന് തീർച്ചയാണ്; അനന്തരം സത്യം ശ്രദ്ധിക്കുന്നതിനു പകരം അവർ കെട്ടുകഥകളിലേക്കു തിരിയും.”—2 തിമൊഥെയോസ് 4:3, 4, JB.
സത്യാരാധനയിൽ നിന്നുളള ഈ വീഴ്ചക്കു പിമ്പിൽ എന്താണുളളതെന്ന് യേശുതന്നെ വിശദീകരിച്ചു. താൻ നല്ല വിത്തു വിതച്ചിരുന്നുവെന്നും എന്നാൽ ശത്രുവായ സാത്താൻ വയലിൽ വീണ്ടും കളകൾ വിതക്കുമെന്നും അവൻ പറഞ്ഞു. അങ്ങനെ ഗോതമ്പിന്റെ ആദ്യ ഇലകളോടുകൂടെത്തന്നെ കളകളും പ്രത്യക്ഷമായി. അപ്രകാരം, കൊയ്ത്തുവരെ ശുദ്ധമായ ക്രിസ്ത്യാനിത്വത്തിൽ നിന്നുളള ഒരു വ്യതിചലനം പ്രതീക്ഷിക്കേണ്ടിയിരുന്നു, കൊയ്ത്തുകാലത്ത് ക്രിസ്തു കാര്യങ്ങൾ നേരെയാക്കും. (മത്തായി 13:24-43) ദി എൻസൈക്ലോപ്പീഡിയാ അമേരിക്കാനാ ഇങ്ങനെ പ്രസ്താവിക്കുന്നു: “നാലാം നൂററാണ്ടിലെ ത്രിത്വവാദം ദൈവത്തിന്റെ സ്വഭാവം സംബന്ധിച്ച ആദിമ ക്രിസ്തീയ ഉപദേശത്തെ കൃത്യമായി പ്രതിഫലിപ്പിച്ചില്ല; മറിച്ച്, അത് ആ ഉപദേശത്തിൽനിന്നുളള ഒരു വ്യതിചലനമായിരുന്നു.” അപ്പോൾ, ഈ വ്യതിചലനം ഉത്ഭവിച്ചതെവിടെയായിരുന്നു?—1 തിമൊഥെയോസ് 1:6.
അതിനെ സ്വാധീനിച്ചത്
ബാബിലോനിയായുടെ കാലത്തോളം മുമ്പ്, പുരാതന ലോകത്തുടനീളം മൂന്നിന്റെ കൂട്ടങ്ങളായ അഥവാ ത്രയങ്ങളായ പുറജാതി ദൈവങ്ങളുടെ ആരാധന
സാധാരണമായിരുന്നു. ആ സ്വാധീനം ഈജിപ്ററിലും ഗ്രീസിലും റോമായിലും ക്രിസ്തുവിനു മുമ്പും ക്രിസ്തുവിന്റെ കാലത്തും അതിനുശേഷവും പ്രബലപ്പെട്ടിരുന്നു. അപ്പോസ്തലൻമാരുടെ മരണശേഷം അങ്ങനെയുളള പുറജാതിവിശ്വാസങ്ങൾ ക്രിസ്ത്യാനിത്വത്തെ ആക്രമിക്കാൻ തുടങ്ങി.ചരിത്രകാരനായ വിൽ ഡൂറൻറ് ഇങ്ങനെ പ്രസ്താവിച്ചു: “ക്രിസ്ത്യാനിത്വം പുറജാതീയ വിശ്വാസത്തെ നശിപ്പിച്ചില്ല; അതിനെ സ്വീകരിക്കയാണു ചെയ്തത്. . . . ഒരു ദിവ്യ ത്രിത്വത്തിന്റെ ആശയങ്ങൾ ഈജിപ്ററിൽനിന്നാണ് വന്നത്.” ഈജിപ്ററിലെ മതം എന്ന പുസ്തകത്തിൽ സീജ്ഫ്രെയ്ഡ് മോരെൻസ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ത്രിത്വം ഈജിപ്ഷ്യൻ ദൈവശാസ്ത്രജ്ഞൻമാരുടെ ഒരു മുഖ്യ ചിന്താവിഷയമായിരുന്നു. . . . മൂന്നു ദൈവങ്ങളെ കൂട്ടിച്ചേർത്ത് ഒന്നായി കരുതുകയും ഏക വചനത്തിൽ സംബോധന ചെയ്യുകയും ചെയ്യുന്നു. ഈ വിധത്തിൽ ഈജിപ്ഷ്യൻ മതത്തിന്റെ ആത്മീയ സ്വാധീനശക്തിക്ക് ക്രിസ്തീയ ദൈവശാസ്ത്രവുമായി നേരിട്ടു ബന്ധമുളളതായി പ്രകടമാകുന്നു.”
അങ്ങനെ, അലക്സാണ്ട്രിയായിലും ഈജിപ്ററിലും മൂന്നാം നൂററാണ്ടിന്റെ ഒടുവിലും നാലാം നൂററാണ്ടിന്റെ ആരംഭത്തിലും ഉണ്ടായിരുന്ന അത്താനാസ്യോസിനെപ്പോലുളള പളളിഭക്തർ ത്രിത്വത്തിലേക്കു നയിച്ച ആശയങ്ങൾ ക്രോഡീകരിക്കവേ ഈ സ്വാധീനത്തെ പ്രതിഫലിപ്പിച്ചു. അവരുടെ സ്വന്തം സ്വാധീനം വ്യാപിച്ചു, തന്നിമിത്തം മോരെൻസ് “അലക്സാണ്ട്രിയൻ ദൈവശാസ്ത്രത്തെ ഈജിപ്ഷ്യൻ മതപൈതൃകത്തിനും ക്രിസ്ത്യാനിത്വത്തിനും ഇടയിലെ മദ്ധ്യസ്ഥൻ” എന്നു കരുതുന്നു.
എഡ്വേർഡ് ഗിബ്ബൻ രചിച്ച ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രത്തിന്റെ ആമുഖത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “അന്ധവിശ്വാസം ക്രിസ്ത്യാനിത്വത്താൽ ജയിച്ചടക്കപ്പെട്ടുവെങ്കിൽ ക്രിസ്ത്യാനികൾ അന്ധവിശ്വാസത്താൽ ദുഷിപ്പിക്കപ്പെട്ടുവെന്നതും അത്രത്തോളം തന്നെ സത്യമാണ്. ആദ്യ ക്രിസ്ത്യാനികളുടെ ശുദ്ധമായ ദൈവവിശ്വാസം . . . റോമിലെ സഭയാൽ അഗ്രാഹ്യമായ ത്രിത്വോപദേശമായി മാററപ്പെട്ടു. ഈജിപ്ററുകാർ കണ്ടുപിടിച്ചതും പ്ലേറേറാ ആദർശവൽക്കരിച്ചതുമായ അന്ധവിശ്വാസ സിദ്ധാന്തങ്ങളിലനേകവും വിശ്വാസയോഗ്യമായി നിലനിർത്തപ്പെട്ടു.”
ത്രിത്വം “പുറജാതീയ മതങ്ങളിൽനിന്ന് കടമെടുത്ത ഒരു അശുദ്ധിയാണ്, ക്രിസ്തീയ വിശ്വാസത്തോടു കൂട്ടിച്ചേർത്തതുമാണ്” എന്ന് അനേകർ പറയുന്നതായി ഒരു മതവിജ്ഞാന നിഘണ്ടു കുറിക്കൊണ്ടു. നമ്മുടെ ക്രിസ്ത്യാനിത്വത്തിലെ അന്ധവിശ്വാസം എന്ന പുസ്തകം “[ത്രിത്വ]ത്തിന്റെ ഉത്ഭവം തികച്ചും പുറജാതീയമാണ്” എന്ന് പ്രഖ്യാപിക്കുന്നു.
അതുകൊണ്ടാണ് മത നീതിശാസ്ത്ര വിജ്ഞാനകോശത്തിൽ ജയിംസ് ഹേസ്ററിംഗ്സ് ഇങ്ങനെ എഴുതിയത്: “ദൃഷ്ടാന്തത്തിന് ഇൻഡ്യൻ മതത്തിൽ നാം ബ്രഹ്മാവിന്റെയും ശിവന്റെയും വിഷ്ണുവിന്റെയും ത്രിത്വ സംഘത്തെ കാണുന്നു; ഈജിപ്ഷ്യൻ മതത്തിൽ ഓസിറിസ്, ഐസിസ്, ഹോറസ് എന്നിവരടങ്ങിയ ത്രിത്വസംഘത്തെ കാണുന്നു . . . ദൈവത്തെ ഒരു ത്രിത്വമായി വീക്ഷിക്കുന്നതു നാം കാണുന്നത് ചരിത്രപര മതങ്ങളിൽ മാത്രവുമല്ല. ഒരുവൻ പരമോന്നത അഥവാ പരമ യാഥാർത്ഥ്യത്തിന്റെ നവീന–പ്ലേറേറാണിക വീക്ഷണം വിശേഷാൽ അനുസ്മരിക്കുന്നു, അത് “ത്രയമായി പ്രതിനിധാനം ചെയ്യപ്പെടുന്നു.” ഗ്രീക്ക് തത്വചിന്തകനായ പ്ലേറേറായ്ക്ക് ത്രിത്വവുമായി എന്തു ബന്ധമാണുളളത്?
പ്ലേറേറാ മതം
പ്ലേറേറാ ക്രിസ്തുവിനു മുമ്പ് 428 മുതൽ 347 വരെ ജീവിച്ചിരുന്നതായി വിചാരിക്കപ്പെടുന്നു. അദ്ദേഹം ത്രിത്വത്തിന്റെ ഇപ്പോഴത്തെ രൂപത്തിൽ അതു പഠിപ്പിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ തത്വചിന്തകൾ അതിനുളള വഴിയൊരുക്കി. പിന്നീട്, ത്രയവിശ്വാസങ്ങൾ ഉൾപ്പെട്ട തത്വചിന്താ പ്രസ്ഥാനങ്ങൾ മുളച്ചുവന്നു, അവ ദൈവത്തെയും പ്രകൃതിയെയും സംബന്ധിച്ച പ്ലേറേറായുടെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടു.
ഫ്രഞ്ച് നോവ്യൂ ഡിക്ഷണയർ യൂണിവേഴ്സൽ (പുതിയ സാർവ്വത്രിക നിഘണ്ടു) പ്ലേറേറായുടെ സ്വാധീനത്തെക്കുറിച്ചു പറയുന്നു: “മുൻകാല ജനങ്ങൾ മുതലുളള പഴക്കമേറിയ ത്രിത്വങ്ങളുടെ പുനഃക്രമീകരണം മാത്രമായ പ്ലേറേറാണികത്രിത്വം ക്രിസ്തീയ സഭകൾ പഠിപ്പിക്കുന്ന മൂന്ന് ആളത്വങ്ങൾക്ക് അഥവാ ദിവ്യ വ്യക്തികൾക്ക് ജൻമമേകിയ ഗുണവിശേഷങ്ങളുടെ യുക്തിപരമായ തത്വശാസ്ത്ര ത്രിത്വമാണെന്ന് കാണപ്പെടുന്നു. . . . ഈ ഗ്രീക്ക് തത്വചിന്തകന്റെ ദിവ്യത്രിത്വ സങ്കല്പനം . . . സകല പുരാതന [പുറജാതീയ] മതങ്ങളിലും കണ്ടെത്താൻ കഴിയും.”
മതവിജ്ഞാനത്തിന്റെ പുതിയ ഷാഫ്ഹെർസോഗ് എൻസൈക്ലോപ്പീഡിയാ ഈ ഗ്രീക്ക് തത്വചിന്തയുടെ സ്വാധീനം പ്രകടമാക്കുന്നു: “ലോഗോസിന്റെയും ത്രിത്വത്തിന്റെയും ഉപദേശങ്ങൾക്ക് രൂപംകിട്ടിയത് ഗ്രീക്ക്പിതാക്കൻമാരിൽ നിന്നാണ്, അവർ . . . നേരിട്ടോ പരോക്തമായോ പ്ലേറേറാണിക തത്വചിന്തയാൽ വളരെയധികം സ്വാധീനീക്കപ്പെട്ടു . . . ഈ ഉറവിൽനിന്ന് തെററുകളും ദുഷിപ്പുകളും സഭയിലേക്ക് ഇഴഞ്ഞു കയറിയെന്നതിനെ നിഷേധിക്കാനാവില്ല.”
ആദ്യത്തെ മൂന്നു നൂററാണ്ടുകളിലെ സഭ പറയുന്നു: “ത്രിത്വോപദേശം ക്രമേണയും താരതമ്യേന താമസിച്ചും രൂപം കൊണ്ടതാണ്; . . . അത് യഹൂദ്യ, ക്രിസ്തീയ, തിരുവെഴുത്തുകളിൽനിന്ന് തികച്ചും ഭിന്നമായ ഒരു ഉറവിൽനിന്നാണ് ഉത്ഭവിച്ചത്; . . . അതു വളർന്നുവന്നു, പ്ലേറേറായുടെ ചിന്തകൾ സ്വീകരിച്ചുകൊണ്ടിരുന്ന പിതാക്കൻമാരാൽ ക്രിസ്ത്യാനിത്വത്തോടു ചേർക്കപ്പെടുകയും ചെയ്തു.”
ക്രി.വ. മൂന്നാം നൂററാണ്ടിന്റെ അവസാനമായതോടെ “ക്രിസ്ത്യാനിത്വ”വും പുതിയ പ്ലേറേറാ തത്വചിന്തകളും അഭേദ്യമായി സംയോജിപ്പിക്കപ്പെട്ടു. ഉപദേശ ചരിത്രത്തിന്റെ ബാഹ്യരേഖകൾ എന്നതിൽ അഡോൾഫ് ഹാർനാക്ക് പ്രസ്താവിക്കുന്നതുപോലെ സഭോപദേശം “ഗ്രീക്ക്വാദത്തിന്റെ [വിജാതീയ ഗ്രീക്ക് ചിന്ത] മണ്ണിൽ ദൃഢമായി വേരൂന്നി. അങ്ങനെ അത് ക്രിസ്ത്യാനികളുടെ ബഹുഭൂരിപക്ഷത്തിനും ഒരു മർമ്മമായിത്തീർന്നു.”
സഭയുടെ പുതിയ ഉപദേശങ്ങൾ ബൈബിളിൽ അധിഷ്ഠിതമാണെന്ന് അത് അവകാശപ്പെട്ടു. എന്നാൽ ഹാർനാക്ക് പറയുന്നു: “യഥാർത്ഥത്തിൽ അത് അതിന്റെ ഇടയിൽ ഗ്രീക്ക് അഭ്യൂഹത്തെയും വിജാതീയ മർമ്മാരാധനയുടെ അന്ധവിശ്വാസപരമായ വീക്ഷണങ്ങളെയും ആചാരങ്ങളെയും നിയമാനുസൃതമാക്കി.”
ന്യായങ്ങളുടെ ഒരു പ്രസ്താവന എന്ന പുസ്തകത്തിൽ ആൻഡ്രൂസ് നോർട്ടൻ ത്രിത്വത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നമുക്ക് ഈ ഉപദേശത്തിന്റെ ചുവടു പിടിച്ചുചെന്ന് ക്രിസ്തീയ വെളിപ്പാടിലല്ല, പിന്നെയോ പ്ലേറേറായുടെ തത്വചിന്തയിൽ അതിന്റെ ഉത്ഭവം കണ്ടുപിടിക്കാൻ കഴിയും . . . ത്രിത്വം ക്രിസ്തുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും ഉപദേശമല്ല,
പിന്നെയോ പിൽക്കാല പ്ലേറേറാവാദികളുടെ ചിന്താപദ്ധതിപ്രകാരമുളള ഒരു കഥാസാഹിത്യമാണ്.”അങ്ങനെ, യേശുവും അപ്പോസ്തലൻമാരും മുൻകൂട്ടിപ്പറഞ്ഞിരുന്ന വിശ്വാസത്യാഗം ക്രി.വ. നാലാം നൂററാണ്ടിൽ പൂർണ്ണമായും ഇതൾ വിടർത്തി. ത്രിത്വത്തിന്റെ വളർച്ച ഇതിന്റെ ഒരു തെളിവു മാത്രമായിരുന്നു. വിശ്വാസത്യാഗം ഭവിച്ച സഭകൾ നരകാഗ്നി, ദേഹിയുടെ അമർത്യത, വിഗ്രഹാരാധന എന്നിങ്ങനെയുളള വിജാതീയ ആശയങ്ങളും സ്വീകരിച്ചുതുടങ്ങി. ആത്മീയമായി പറഞ്ഞാൽ, ക്രൈസ്തവലോകം വളർന്നുകൊണ്ടിരുന്ന മുൻകൂട്ടിപ്പറയപ്പെട്ട ഒരു “അധർമ്മ മൂർത്തി”യായ വൈദിക വർഗ്ഗത്താൽ ആധിപത്യം പുലർത്തപ്പെടുന്ന അന്ധകാര യുഗങ്ങളിലേക്ക് പ്രവേശിച്ചിരുന്നു.—2 തെസ്സലോനീക്യർ 2:3, 7.
ദൈവത്തിന്റെ പ്രവാചകൻമാർ അതു പഠിപ്പിക്കാഞ്ഞതെന്തുകൊണ്ട്?
ആയിരക്കണക്കിനു വർഷങ്ങളിൽ ദൈവത്തിന്റെ പ്രവാചകൻമാരിലാരും ത്രിത്വത്തെക്കുറിച്ച് അവന്റെ ജനത്തെ പഠിപ്പിക്കാഞ്ഞതെന്തുകൊണ്ട്? ഏററവും താമസിച്ചാലും, യേശു മഹോപദേഷ്ടാവെന്ന നിലയിൽ തന്റെ അനുഗാമികൾക്ക് ത്രിത്വം വ്യക്തമാക്കിക്കൊടുക്കാൻ തന്റെ പ്രാപ്തി ഉപയോഗിക്കുകയില്ലേ? ത്രിത്വം വിശ്വാസത്തിന്റെ “കേന്ദ്രോപദേശം” ആണെങ്കിൽ, ദൈവം നൂറുകണക്കിന് തിരുവെഴുത്തു പേജുകൾ നിശ്വസിച്ചിട്ട് ആ ഉദ്ബോധനത്തിൽ യാതൊന്നും ത്രിത്വം പഠിപ്പിക്കാൻ ഉപയോഗിക്കാതിരിക്കുമോ?
ആയിരക്കണക്കിനു വർഷങ്ങളിൽ തന്റെ ദാസൻമാർക്ക് അറിയപ്പെടാതിരുന്നതും “മാനുഷ യുക്തിയുടെ ഗ്രാഹ്യത്തിനതീത”മായ ഒരു “ദുർഗ്രാഹ്യ മർമ്മ”മായിരിക്കുന്നതും, ഒരു പുറജാതീയ ഉത്ഭവമുളളതായി സമ്മതിക്കപ്പെടുന്നതും “ഏറെയും സഭാരാഷ്ട്രീയത്തിന്റെ ഒരു സംഗതി” ആയിരുന്നതുമായ ഒരു ഉപദേശത്തിന്റെ ആവിഷ്ക്കരണത്തിന് ക്രിസ്തുവിനു ശേഷം നൂററാണ്ടുകൾ കഴിഞ്ഞും, ബൈബിൾ എഴുത്തിനെ നിശ്വസിച്ച ശേഷവും, ദൈവം പിന്തുണ കൊടുക്കുമെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കണമോ?
ചരിത്രസാക്ഷ്യം വ്യക്തമാണ്: ത്രിത്വപഠിപ്പിക്കൽ സത്യത്തിൽനിന്നുളള ഒരു വ്യതിചലനമാണ്, അതിൽനിന്നുളള ഒരു അധഃപതിക്കലാണ്.
[8-ാം പേജിലെ ആകർഷകവാക്യം]
‘നാലാം നൂററാണ്ടിലെ ത്രിത്വ വാദം ആദിമ ക്രിസ്തീയ ഉപദേശത്തിൽനിന്നുളള ഒരു വ്യതിചലനമായിരുന്നു.’—ദി എൻസൈക്ലോപ്പീഡിയാ അമേരിക്കാനാ
[9-ാം പേജിലെ ചതുരം]
“മഹാദൈവ ത്രയം”
ക്രിസ്തുവിന്റെ കാലത്തിന് അനേകം നൂററാണ്ടുകൾക്കു മുമ്പ് പുരാതന ബാബിലോനിയായിലും അസ്സീറിയായിലും ദൈവത്രയങ്ങൾ അഥവാ ത്രിത്വങ്ങൾ ഉണ്ടായിരുന്നു. ദി ഫ്രഞ്ച് “ലാറോസെ എൻസൈക്ലോപ്പീഡിയാ ഓഫ് മിതോളജി” ആ മെസൊപ്പൊത്താമ്യ പ്രദേശത്തെ അത്തരം ഒരു ത്രയത്തെ കുറിക്കൊളളുന്നു: “പ്രപഞ്ചം മൂന്നു പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു, ഓരോന്നും ഓരോ ദൈവത്തിന്റെ ഭരണപ്രദേശമായിത്തീർന്നു. അനുവിന്റെ ഓഹരി ആകാശമായിരുന്നു. ഭൂമി എൻലിലിനു കൊടുക്കപ്പെട്ടു. ഈ വെളളങ്ങളുടെ ഭരണാധികാരിയായിത്തീർന്നു. അവർ എല്ലാവരുംകൂടെ ചേർന്ന് മഹാദൈവ ത്രയമായി.”
[12-ാം പേജിലെ ചതുരം]
ഹൈന്ദവ ത്രിത്വം
“ദി സിമ്പോളിസം ഓഫ് ഹിന്ദു ഗോഡ്സ് ആൻഡ് റിച്ച്വൽസ്” എന്ന പുസ്തകം ക്രിസ്തുവിന് നൂററാണ്ടുകൾക്കു മുൻപ് സ്ഥിതിചെയ്തിരുന്ന ഹൈന്ദവ ത്രിത്വത്തെ സംബന്ധിച്ച് ഇങ്ങനെ പറയുന്നു: “ത്രിത്വ ദൈവങ്ങളിലൊരാളാണ് ശിവൻ. സംഹാരത്തിന്റെ ദൈവമാണ് ശിവൻ എന്ന് പറയപ്പെടുന്നു. മററു രണ്ടു ദൈവങ്ങൾ സൃഷ്ടിയുടെ ദൈവമായ ബ്രഹ്മാവും പരിപാലനത്തിന്റെ ദൈവമായ വിഷ്ണുവുമാണ്. . . . ഈ മൂന്നു പ്രക്രിയകളും ഒന്നുതന്നെയാണെന്ന് സൂചിപ്പിക്കാൻ മൂന്നു ദൈവങ്ങളും ഒരു രൂപത്തിൽ സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു.”—എ. പാർത്ഥസാരഥി, ബോംബെ, പ്രസിദ്ധീകരിച്ചത്.
[8-ാം പേജിലെ ചിത്രം]
“കോൺസ്ററന്റൈനിന് ഗ്രീക്ക് ദൈവശാസ്ത്രത്തിൽ ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ സംബന്ധിച്ച് അടിസ്ഥാനപരമായി യാതൊരു ഗ്രാഹ്യവും ഉണ്ടായിരുന്നില്ല.”—ക്രിസ്തീയ ഉപദേശത്തിന്റെ ഒരു ഹ്രസ്വ ചരിത്രം
[10-ാം പേജിലെ ചിത്രങ്ങൾ]
1. ഈജിപ്ററ്. ഹോറസിന്റെയും ഓസിറിസിന്റെയും ഐസിസിന്റെയും ത്രയം, ക്രി.മു. 2-ാം സഹസ്രാബ്ദം
2. ബാബിലോൻ. ഇഷ്ടാറിന്റെയും സിൻ-ന്റെയും ഷമാശിന്റെയും ത്രയം, ക്രി.മു. 2-ാം സഹസ്രാബ്ദം
3. പാൽമറാ. ചന്ദ്ര ദൈവത്തിന്റെയും ആകാശങ്ങളുടെ കർത്താവിന്റെയും സൂര്യ ദൈവത്തിന്റെയും ത്രയം, ഏകദേശം ക്രി.വ. 1-ാം നൂററാണ്ട്
4. ഇൻഡ്യാ. ഹൈന്ദവ ത്രിയേക ദൈവശിരസ്സ്, ഏകദേശം ക്രി.വ. 7-ാം നൂററാണ്ട്
5. കംപൂച്ചിയാ. ബൗദ്ധ ത്രിയേക ദൈവശിരസ്സ്, ഏകദേശം ക്രി.വ. 12-ാം നൂററാണ്ട്
6. നോർവേ. ത്രിത്വം (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്), ഏകദേശം ക്രി.വ. 13-ാം നൂററാണ്ട്
7. ഫ്രാൻസ്. ത്രിത്വം, ഏകദേശം ക്രി.വ. 14-ാം നൂററാണ്ട്
8. ഇററലി. ത്രിത്വം, ഏകദേശം ക്രി.വ. 15-ാം നൂററാണ്ട്
9. ജർമ്മനി. ത്രിത്വം, ഏകദേശം ക്രി.വ. 19-ാം നൂററാണ്ട്
10. ജർമ്മനി. ത്രിത്വം, ക്രി.വ. 20-ാം നൂററാണ്ട്