ദൈവത്തെ അവൻ പറയുന്നതുപോലെ ആരാധിക്കുക
ദൈവത്തെ അവൻ പറയുന്നതുപോലെ ആരാധിക്കുക
“ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവനാകുന്നു” എന്ന് യേശു ദൈവത്തോടു പ്രാർത്ഥിച്ചുപറഞ്ഞു. (യോഹന്നാൻ 17:3) ഏതു തരം അറിവ്? “അവൻ [ദൈവം] സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.” (1 തിമൊഥെയോസ് 2:4) ദി ആംപ്ലിഫൈഡ് ബൈബിൾ ഒടുവിലത്തെ വാക്യഭാഗം ഇങ്ങനെ വിവർത്തനം ചെയ്യുന്നു: “സുക്ഷ്മമായും ശരിയായും [ദിവ്യ] സത്യം അറിയുക.”
അതുകൊണ്ട് ദിവ്യ സത്യത്തിനനുയോജ്യമായി നാം ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിയാൻ അവൻ ആഗ്രഹിക്കുന്നു. ദൈവവചനമായ വിശുദ്ധ ബൈബിളാണ് ആ സത്യത്തിന്റെ ഉറവ്. (യോഹന്നാൻ 17:17; 2 തിമൊഥെയോസ് 3:16, 17) ബൈബിൾ ദൈവത്തെക്കുറിച്ച് പറയുന്നത് ആ ആളുകൾ സൂക്ഷ്മമായി പഠിക്കുമ്പോൾ അവർ റോമർ 10:2, 3-ൽ പറഞ്ഞിരിക്കുന്നവരെപ്പോലെയാകുന്നത് ഒഴിവാക്കും. അവർ “ദൈവത്തെ സംബന്ധിച്ച് എരിവുളളവർ” ആയിരുന്നുവെങ്കിലും “പരിജ്ഞാനപ്രകാരമല്ല.” അല്ലെങ്കിൽ, “നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു” എന്ന് യേശു പറഞ്ഞ ശമര്യാക്കാരെപ്പോലെയാകുന്നതിനെ ഒഴിവാക്കും.—യോഹന്നാൻ 4:22, NW.
അതുകൊണ്ട് നാം ദൈവത്തിന്റെ അംഗീകാരം ആഗ്രഹിക്കുന്നുവെങ്കിൽ ദൈവം തന്നെക്കുറിച്ചുതന്നെ എന്തു പറയുന്നുവെന്ന് നാം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്. അവൻ എങ്ങനെ ആരാധിക്കപ്പെടാനാഗ്രഹിക്കുന്നു? അവന്റെ ഉദ്ദേശ്യങ്ങൾ എന്തൊക്കെയാണ്, നാം അവയോട് എങ്ങനെ പൊരുത്തപ്പെടണം? സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനം അങ്ങനെയുളള ചോദ്യങ്ങൾക്ക് ശരിയായി ഉത്തരങ്ങൾ നൽകുന്നു. അപ്പോൾ നമുക്ക് ദൈവം പറയുന്നതുപോലെ അവനെ ആരാധിക്കാൻ കഴിയും.
ദൈവത്തെ അപമാനിക്കുന്നു
“എന്നെ ബഹുമാനിക്കുന്നവരെ ഞാൻ ബഹുമാനിക്കും” എന്നു ദൈവം പറയുന്നു. (1 ശമുവേൽ 2:30, NW) ദൈവത്തിന്റെ സമനെന്ന് ആരെയെങ്കിലും വിളിക്കുന്നത് അവനെ ബഹുമാനിക്കുകയാണോ? ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ ചെയ്യുന്നതുപോലെ മറിയയെ “ദൈവമാതാവ്” എന്നും “സ്രഷ്ടാവിനും അവന്റെ സൃഷ്ടികൾക്കും മദ്ധ്യസ്ഥ” എന്നും വിളിക്കുന്നത് അവനെ ബഹുമാനിക്കുകയാണോ? അല്ല, ആ ആശയങ്ങൾ ദൈവത്തെ നിന്ദിക്കുകയാണ്. ആരും അവന് സമനല്ല; യേശു ദൈവമല്ലാത്തതുകൊണ്ട് ദൈവത്തിന് ഒരു ജഡിക മാതാവുമില്ല. “മദ്ധ്യസ്ഥ” ഇല്ല, എന്തുകൊണ്ടെന്നാൽ “ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥ”നായി ദൈവം യേശു എന്ന ഒരുവനെ മാത്രമേ നിയമിച്ചിട്ടുളളു.—1 തിമൊഥെയോസ് 2:5; 1 യോഹന്നാൻ 2:1, 2.
സംശയലേശമെന്യേ, ത്രിത്വോപദേശം ദൈവത്തിന്റെ യഥാർത്ഥ സ്ഥാനം സംബന്ധിച്ച ആളുകളുടെ ഗ്രാഹ്യത്തെ കുഴയ്ക്കുകയും നിർവീര്യമാക്കുകയും ചെയ്തിരിക്കുന്നു. അത് സാർവത്രിക പരമാധികാരിയായ യഹോവയാം ദൈവത്തെ സൂക്ഷ്മമായി അറിയുന്നതിൽനിന്നും അവനെ അവൻ പറയുന്നതനുസരിച്ച് ആരാധിക്കുന്നതിൽനിന്നും ആളുകളെ തടയുന്നു. ദൈവശാസ്ത്രജ്ഞനായ ഹാൻസ് കുംഗ് പറഞ്ഞപ്രകാരം: “ആരെങ്കിലും ദൈവത്തിന്റെ ഏകതയെയും അദ്വിതീയതയെയും അസ്ഥിരപ്പെടുത്താൻ മാത്രം കഴിയുന്ന എന്തെങ്കിലും ആ ഏകതയോടും അദ്വിതീയതയോടും കൂട്ടിച്ചേർക്കുന്നതെന്തിന്?” എന്നാൽ അതാണ് ത്രിത്വത്തിലുളള വിശ്വാസം ചെയ്തിരിക്കുന്നത്.
ത്രിത്വത്തിൽ വിശ്വസിക്കുന്നവർ “ദൈവത്തെ പരിജ്ഞാനത്തിൽ ധരിക്കു”ന്നില്ല. (റോമർ 1:28) “ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്യാൻ നികൃഷ്ടബുദ്ധിയിൽ ഏൽപ്പിച്ചു”വെന്നും ആ വാക്യം പറയുന്നു. 29 മുതൽ 31 വരെയുളള വാക്യങ്ങൾ ‘കൊല, പിണക്കം, കപടം, നിയമലംഘനം, വാത്സല്യമില്ലായ്മ, കനിവില്ലായ്മ’ എന്നിങ്ങനെയുളള ആ ‘ഉചിതമല്ലാത്ത’ കാര്യങ്ങളിൽ ചിലതു പട്ടികപ്പെടുത്തുന്നു. ത്രിത്വം സ്വീകരിക്കുന്ന മതങ്ങൾ ആ കാര്യങ്ങൾതന്നെ ചെയ്തിരിക്കുന്നു.
ഉദാഹരണത്തിന്, ത്രിത്വവിശ്വാസികൾ ത്രിത്വോപദേശത്തെ തളളിക്കളയുന്നവരെ മിക്കപ്പോഴും പീഡിപ്പിച്ചിട്ടുണ്ട്, കൊല്ലുകപോലും ചെയ്തിട്ടുണ്ട്. അവർ കുറേക്കൂടെ മുമ്പോട്ടുപോയി. അവർ യുദ്ധകാലങ്ങളിൽ തങ്ങളുടെ സഹ ത്രിത്വവിശ്വാസികളെ കൊന്നിരിക്കുന്നു. കത്തോലിക്കർ കത്തോലിക്കരെയും ഓർത്തഡോക്സുകാർ ഓർത്തഡോക്സുകാരെയും പ്രോട്ടസ്ററൻറുകാർ പ്രോട്ടസ്ററൻറുകാരെയും കൊല്ലുന്നതിനെക്കാൾ ‘ഉചിതമല്ലാത്ത’തായി എന്തുണ്ടായിരിക്കാൻ കഴിയും?—എല്ലാം ഒരേ ത്രിത്വദൈവത്തിന്റെ നാമത്തിൽ.
എന്നിരുന്നാലും, യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:35) ദൈവവചനം ഇതു വിശദമാക്കുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു: നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുളളവനല്ല.” തങ്ങളുടെ ആത്മീയ സഹോദരൻമാരെ കൊല്ലുന്നവരെ അത് “ദുഷ്ടനിൽ [സാത്താൻ] നിന്നുളളവനായി സഹോദരനെ കൊന്ന” കയീനോട് ഉപമിക്കുന്നു.—1 യോഹന്നാൻ 3:10-12.
അങ്ങനെ, ദൈവത്തെക്കുറിച്ചുളള കുഴപ്പിക്കുന്ന ഉപദേശങ്ങളുടെ പഠിപ്പിക്കൽ അവന്റെ നിയമങ്ങളെ ലംഘിക്കുന്ന പ്രവർത്തനങ്ങളിലേക്ക് നയിച്ചിരിക്കുന്നു. തീർച്ചയായും, ക്രൈസ്തവലോകത്തിലുടനീളം സംഭവിച്ചിരിക്കുന്നത് ഡാനീഷ് ദൈവശാസ്ത്രജ്ഞനായ സാരെൻ കീർക്കെഗാഡ് വർണ്ണിച്ചതുതന്നെയാണ്: “ക്രൈസ്തവലോകം തീർത്തും അറിയാതെ ക്രിസ്ത്യാനിത്വത്തെ നീക്കം ചെയ്തിരിക്കുന്നു.”
ക്രൈസ്തവലോകത്തിന്റെ ആത്മീയ അവസ്ഥ അപ്പോസ്തലനായ പൗലോസ് എഴുതിയതിനോടു യോജിക്കുന്നു: തീത്തോസ് 1:16.
“അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറയ്ക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിനും കൊളളാത്തവരുമാകുന്നു.”—പെട്ടെന്നുതന്നെ, ദൈവം ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയെ അവസാനിപ്പിക്കുമ്പോൾ ത്രിത്വവിശ്വാസം പുലർത്തുന്ന ക്രൈസ്തവലോകത്തോടു കണക്കുചോദിക്കും. ദൈവത്തെ അപമാനിക്കുന്ന പ്രവർത്തനങ്ങളും ഉപദേശങ്ങളും നിമിത്തം അവർ പ്രതികൂലമായി ന്യായംവിധിക്കപ്പെടും.—മത്തായി 24:14, 34; 25:31-34, 41, 46; വെളിപ്പാട് 17:1-6, 16; 18:1-8, 20, 24; 19:17-21.
ത്രിത്വം തളളിക്കളയുക
ദൈവത്തിന്റെ സത്യങ്ങൾ സംബന്ധിച്ചു വിട്ടുവീഴ്ച പാടില്ല. തന്നിമിത്തം, ദൈവത്തെ അവൻ പറയുന്നതുപോലെ ആരാധിക്കുകയെന്നാൽ ത്രിത്വോപദേശം തളളിക്കളയുക എന്നാണ് അർത്ഥം. അത് പ്രവാചകൻമാരും യേശുവും അപ്പോസ്തലൻമാരും വിശ്വസിച്ചതിനും പഠിപ്പിച്ചതിനും വിരുദ്ധമാണ്. അതു ദൈവം തന്നെക്കുറിച്ചുതന്നെ അവന്റെ നിശ്വസ്തവചനത്തിൽ പറയുന്നതിന് വിരുദ്ധമാണ്. അതുകൊണ്ട് അവൻ ബുദ്ധിയുപദേശിക്കുന്നു: “ഞാൻ മാത്രം ദൈവമാകുന്നു, എന്നെപ്പോലെ മറെറാരുത്തനുമില്ല എന്ന് സമ്മതിക്കുക.”—യെശയ്യാവ് 46:9, TEV.
ദൈവത്തെ കുഴപ്പിക്കുന്നവനും ദുർജ്ഞേയനും ആക്കുന്നത് അവന്റെ താല്പര്യങ്ങൾക്ക് ഉതകുന്നില്ല. പകരം, ആളുകൾ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് എത്രയധികം കുഴഞ്ഞുപോകുന്നുവോ അത്രയധികം അതു ദൈവത്തിന്റെ എതിരാളിയും ‘ഈ ലോകത്തിന്റെ ദൈവ’വുമായ പിശാചായ സാത്താന്റെ ആവശ്യത്തിന് ഉതകുന്നു. അവനാണ് ‘അവിശ്വാസികളുടെ മനസ്സുകളെ കുരുടാക്കാൻ’ അത്തരം വ്യാജോപദേശങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. (2 കൊരിന്ത്യർ 4:4) ത്രിത്വോപദേശം ആളുകളുടെമേലുളള തങ്ങളുടെ പിടി നിലനിർത്താനാഗ്രഹിക്കുന്ന വൈദികരുടെ താല്പര്യങ്ങൾക്കും ഉതകുന്നു, എന്തെന്നാൽ ദൈവശാസ്ത്രജ്ഞൻമാർക്കുമാത്രമേ അതു മനസ്സിലാക്കാൻ കഴികയുളളു എന്ന് അത് തോന്നിക്കുന്നു.—യോഹന്നാൻ 8:44 കാണുക.
ദൈവത്തെക്കുറിച്ചുളള സൂക്ഷ്മപരിജ്ഞാനം വലിയ ആശ്വാസം കൈവരുത്തുന്നു. അതു ദൈവവചനത്തിനു വിരുദ്ധമായ ഉപദേശങ്ങളിൽനിന്നും വിശ്വാസത്യാഗം ചെയ്ത സ്ഥാപനങ്ങളിൽനിന്നും നമ്മെ സ്വതന്ത്രരാക്കുന്നു. യേശു പറഞ്ഞപ്രകാരം: “നിങ്ങൾ . . . സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:32.
ദൈവത്തെ പരമോന്നതനെന്ന നിലയിൽ ബഹുമാനിക്കുന്നതിനാലും അവൻ പറയുന്നതുപോലെ അവനെ ആരാധിക്കുന്നതിനാലും, നമുക്ക് വിശ്വാസത്യാഗിനിയായ ക്രൈസ്തവലോകത്തിൻമേൽ പെട്ടെന്നുതന്നെ ദൈവം വരുത്തുന്ന ന്യായവിധിയെ ഒഴിവാക്കാൻ കഴിയും. പകരം, ഈ വ്യവസ്ഥിതി അവസാനിക്കുമ്പോൾ നമുക്ക് ദൈവത്തിന്റെ അനുഗ്രഹത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കാൻ കഴിയും: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.
[31-ാം പേജിലെ ചിത്രം]
നൂററാണ്ടുകൾ പഴക്കമുളള ഫ്രാൻസിലെ ഈ കൊത്തുരൂപം ത്രിത്വത്താലുളള “കന്യാ”മറിയത്തിന്റെ കിരീടധാരണത്തെ ചിത്രീകരിക്കുന്നു. ത്രിത്വത്തിലുളള വിശ്വാസം “ദൈവമാതാ”വെന്ന നിലയിലുളള മറിയയുടെ പൂജയിലേക്കു നയിച്ചു