ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകൾ
ബൈബിളിലെ അവസാനത്തെ 27 പുസ്തകങ്ങളെ കുറിക്കുന്നു. പൊതുവേ ‘പുതിയ നിയമം’ എന്നാണ് ഇത് അറിയപ്പെടുന്നത്. മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ, പൗലോസ്, യാക്കോബ്, പത്രോസ്, യൂദ എന്നീ എട്ട് ജൂതക്രിസ്ത്യാനികളാണ് ഈ പുസ്തകങ്ങൾ എഴുതിയത്. (റോമ 3:1, 2) സാധ്യതയനുസരിച്ച് മത്തായി തന്റെ വിവരണം എബ്രായയിൽ എഴുതിയിട്ട് പിന്നീടു ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ പരിഭാഷയും മറ്റ് 26 പുസ്തകങ്ങളും കൊയ്നി ഗ്രീക്കിൽ അഥവാ സാധാരണ ഗ്രീക്കിൽ ആണ് എഴുതിയത്. (അതുകൊണ്ടാണ് “ഗ്രീക്കുതിരുവെഴുത്തുകൾ” എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്.) “ക്രിസ്തീയ” എന്ന പദപ്രയോഗമാകട്ടെ അതിന്റെ ഉള്ളടക്കത്തെയാണു സൂചിപ്പിക്കുന്നത്. കാരണം യേശുക്രിസ്തുവിന്റെയും യേശുവിന്റെ ആദ്യകാല അനുഗാമികളുടെയും ജീവിതം, ശുശ്രൂഷ, ഉപദേശങ്ങൾ എന്നിവയെക്കുറിച്ച് അതിൽ വിവരിച്ചിട്ടുണ്ട്. ഇനി, എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്കുപരിഭാഷയായി ക്രിസ്തുവിനു മുമ്പ് പുറത്തിറങ്ങിയ സെപ്റ്റുവജിന്റിൽനിന്ന് ബൈബിളിന്റെ ഈ ഭാഗത്തെ വേർതിരിച്ചുകാണിക്കാനും “ക്രിസ്തീയ” എന്ന പദപ്രയോഗം ഉപകരിക്കുന്നു.