വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫൊയ്‌നിക്യ

ഫൊയ്‌നിക്യ

പുരാതനകാലത്ത്‌ മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരപ്രദേശത്ത്‌, ഒരു പരിധിവരെ സഖ്യതയിൽ കഴിഞ്ഞിരുന്ന ചില നഗരരാഷ്‌ട്രങ്ങളുണ്ടായിരുന്നു. ആ പ്രദേശമാണു ഫൊയ്‌നിക്യ എന്ന്‌ അറിയപ്പെട്ടിരുന്നത്‌. ഇന്നത്തെ ലബാനോൻ രാജ്യവും, സിറിയയുടെയും ഇസ്രായേലിന്റെയും ചെറിയ ചില ഭൂപ്രദേശങ്ങളും ചേർന്നതായിരുന്നു പണ്ടത്തെ ഫൊയ്‌നിക്യ എന്നു പറയാം. തുടക്കത്തിൽ ഫൊയ്‌നിക്യയിലെ ഏറ്റവും പ്രമുഖനഗരം സീദോനായിരുന്നു. എന്നാൽ സീദോന്റെ കോളനിയായിരുന്ന സോർ പ്രാമുഖ്യതയിലേക്ക്‌ ഉയർന്നതോടെ സീദോന്‌ ആ സ്ഥാനം നഷ്ടമായി.

സീദോന്യർ നോഹയുടെ പിൻതലമുറക്കാരാണെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. നോഹയുടെ മകനായ ഹാമിന്റെ മകനായ കനാന്റെ മകനായിരുന്നു സീദോൻ. (ഉൽ 10:1, 6, 15, 18, 19) തങ്ങളുടെ ദേശത്തെ കനാൻ എന്നു വിളിച്ചിരുന്ന സീദോന്യർ കനാന്യമതാനുസാരികൾ ആയിരുന്നു. പിൽക്കാലത്ത്‌ ഗ്രീക്കുകാരാണ്‌ ഈ പ്രദേശത്തിനു ഫൊയ്‌നിക്യ എന്ന പേര്‌ നൽകിയത്‌. ഇവിടെ താമസിച്ചിരുന്നവരെ തിരുവെഴുത്തുകൾ ഓരോ കാലഘട്ടത്തിൽ ഫൊയ്‌നിക്യക്കാർ, കനാന്യർ, സീദോന്യർ എന്നെല്ലാം മാറിമാറി വിളിച്ചിട്ടുണ്ട്‌. (യോശ 13:6; ന്യായ 1:32; പ്രവൃ 21:2) പുരാതന എബ്രായലിപിയോടു വളരെ സമാനതയുള്ള ഫൊയ്‌നിക്യൻ ലിപിയിൽനിന്നാണു പിൽക്കാലത്ത്‌ ഗ്രീക്ക്‌, ലത്തീൻ ലിപികൾ ഉത്ഭവിച്ചത്‌. വിദഗ്‌ധരായ കപ്പൽനിർമാണക്കാരും നാവികരും ആയിരുന്ന ഫൊയ്‌നിക്യക്കാർ പുരാതനകാലത്ത്‌ കടൽ കടന്ന്‌ വാണിജ്യം ചെയ്യുന്നതിനു പേരുകേട്ടവരായിരുന്നു. അന്ന്‌ അറിയപ്പെട്ടിരുന്ന ലോകത്തിന്റെ അതിവിദൂരഭാഗങ്ങൾവരെ അവർ കച്ചവടാവശ്യങ്ങൾക്കായി കടൽമാർഗം സഞ്ചരിച്ചു.​—യഹ 27:1-9.

ഫൊയ്‌നിക്യ പിന്നീട്‌ അസീറിയയുടെയും ബാബിലോണിന്റെയും പേർഷ്യയുടെയും ഗ്രീസിന്റെയും അധീനതയിലായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ബി.സി. 64-ൽ റോം ആ പ്രദേശം കീഴടക്കി. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഫൊയ്‌നിക്യ, റോമൻ സംസ്ഥാനമായ സിറിയയുടെ ഭാഗമായിരുന്നു. ഫൊയ്‌നിക്യയുടെയും അതിന്റെ പ്രമുഖനഗരങ്ങളുടെയും ചരിത്രം ബൈബിൾപ്രവചനത്തിന്റെ കൃത്യതയ്‌ക്ക്‌ അടിവരയിടുന്നു.​—യശ 23:1-14; യിര 25:17, 22, 27; യഹ 26:3, 4.