സീയോൻ; സീയോൻ പർവതം
യരുശലേമിന്റെ തെക്കുകിഴക്കേ കുന്നിലെ, യബൂസ്യരുടെ കോട്ടകെട്ടിയ നഗരത്തിന്റെ പേര്. മുമ്പ് യബൂസ് എന്ന് അറിയപ്പെട്ടിരുന്ന ആ നഗരം പിടിച്ചടക്കിയ ദാവീദ് അവിടെ കൊട്ടാരം പണിതു. അതിനു “ദാവീദിന്റെ നഗരം” എന്നു പേരായി. (2ശമു 5:7, 9) ദാവീദ് പെട്ടകം അവിടേക്കു കൊണ്ടുവന്നപ്പോൾ സീയോൻ യഹോവയ്ക്കൊരു വിശുദ്ധപർവതമായിത്തീർന്നു. പിന്നീട് മോരിയ മലയിലുള്ള ദേവാലയപ്രദേശത്തെയുംകൂടെ ഉൾപ്പെടുത്തി സീയോൻ എന്നു വിളിച്ചു. ചിലപ്പോൾ യരുശലേം നഗരത്തെ ഒന്നാകെ പരാമർശിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഗ്രീക്കുതിരുവെഴുത്തുകളിൽ ഇതു മിക്കപ്പോഴും ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്നു.—സങ്ക 2:6; 1പത്ര 2:6; വെളി 14:1.