പാഠം 76
യേശു ആലയം ശുദ്ധീകരിക്കുന്നു
എ.ഡി. 30-ലെ മാർച്ച്-ഏപ്രിൽ മാസക്കാലം. യേശു യരുശലേമിലേക്കു പോയി. പെസഹയ്ക്കുവേണ്ടി അനേകർ നഗരത്തിൽ എത്തിയിട്ടുണ്ട്. പെസഹ ആചരണത്തിന്റെ ഭാഗമായി അവർ ദേവാലയത്തിൽ മൃഗയാഗങ്ങൾ അർപ്പിച്ചു. ചിലർ അതിനുവേണ്ടി മൃഗങ്ങളെയുംകൊണ്ടാണു വന്നത്. മറ്റു ചിലർ യരുശലേമിൽനിന്ന് അവയെ വാങ്ങിക്കുകയായിരുന്നു.
യേശു ആലയത്തിൽ ചെന്നപ്പോൾ അവിടെ ആളുകൾ മൃഗങ്ങളെ വിൽക്കുന്നതു കണ്ടു. യഹോവയെ ആരാധിക്കുന്ന ആലയത്തിൽ അവർ കച്ചവടം നടത്തി പണമുണ്ടാക്കുന്നു! യേശു എന്തു ചെയ്തു? യേശു കയറുകൊണ്ട് ഒരു ചാട്ട ഉണ്ടാക്കി ആടുമാടുകളെ ആലയത്തിൽനിന്ന് ഓടിച്ചു. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകൾ മറിച്ചിട്ടു, അവരുടെ നാണയങ്ങൾ ചിതറിച്ചുകളഞ്ഞു. പ്രാവുകളെ വിൽക്കുന്നവരോട് യേശു പറഞ്ഞു: ‘എല്ലാം ഇവിടെനിന്ന് കൊണ്ടുപോകൂ! എന്റെ പിതാവിന്റെ ഭവനം ഒരു കച്ചവടസ്ഥലമാക്കുന്നതു മതിയാക്കൂ!’
യേശു ഇതൊക്കെ ചെയ്യുന്നതു കണ്ടിട്ട് ആളുകൾ അതിശയിച്ചുപോയി. അപ്പോൾ മിശിഹയെക്കുറിച്ചുള്ള ഈ പ്രവചനം യേശുവിന്റെ ശിഷ്യന്മാർ ഓർത്തു: ‘യഹോവയുടെ ഭവനത്തെക്കുറിച്ച് എനിക്ക് അങ്ങേയറ്റത്തെ ശുഷ്കാന്തിയുണ്ടായിരിക്കും.’
പിന്നീട് എ.ഡി. 33-ൽ യേശു രണ്ടാമതും ആലയം ശുദ്ധീകരിച്ചു. തന്റെ പിതാവിന്റെ ഭവനത്തോട് അനാദരവ് കാണിക്കാൻ യേശു ആരെയും അനുവദിക്കുമായിരുന്നില്ല.
“നിങ്ങൾക്ക് ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.”—ലൂക്കോസ് 16:13