പാഠം 77
വെള്ളം കോരാൻ വന്ന സ്‌ത്രീ
പെസഹ കഴിഞ്ഞിട്ട് കുറച്ച് നാളായി. യേശുവും ശിഷ്യന്മാരും ഇപ്പോൾ ഗലീലയിലേക്കു മടങ്ങുകയാണ്. ശമര്യയിലൂടെയാണ് അവരുടെ യാത്ര. പോകുന്ന വഴി സുഖാർ പട്ടണത്തിന് അടുത്തുവെച്ച് യാക്കോബിന്റെ കിണറിന് അരികെ യേശു ഒന്നു വിശ്രമിക്കാൻ ഇരുന്നു. ശിഷ്യന്മാർ ഭക്ഷണം മേടിക്കാൻ നഗരത്തിലേക്കും പോയി.
ഒരു സ്‌ത്രീ കിണറ്റിൽനിന്ന് വെള്ളം കോരാൻ വന്നു. യേശു ആ സ്ത്രീയോട്, ‘കുടിക്കാൻ കുറച്ച് വെള്ളം തരാമോ’ എന്നു ചോദിച്ചു. സ്‌ത്രീ പറഞ്ഞു: ‘ഞാൻ ഒരു ശമര്യക്കാരി അല്ലേ? എന്നിട്ടും താങ്കൾ എന്നോടു സംസാരിക്കുന്നോ? ജൂതന്മാർ ശമര്യക്കാരോടു സംസാരിക്കാറില്ലല്ലോ.’ യേശു പറഞ്ഞു: ‘ഞാൻ ആരാണെന്ന് അറിയാമായിരുന്നെങ്കിൽ നീ എന്നോടു കുടിക്കാൻ ചോദിക്കുകയും ഞാൻ നിനക്കു ജീവജലം തരുകയും ചെയ്‌തേനേ.’ ‘അങ്ങ് എന്താണ് പറയുന്നത്? അങ്ങയുടെ കൈയിൽ വെള്ളം കോരാൻ ഒരു തൊട്ടിപോലും ഇല്ലല്ലോ’ എന്നു സ്‌ത്രീ പറഞ്ഞു. അപ്പോൾ യേശു, ‘ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്ക് പിന്നെ ഒരിക്കലും ദാഹിക്കില്ല’ എന്നു പറഞ്ഞു. മറുപടിയായി സ്‌ത്രീ, ‘യജമാനനേ, എനിക്ക് ആ വെള്ളം വേണം’ എന്നു പറഞ്ഞു.
തുടർന്ന് യേശു സ്ത്രീയോടു പറഞ്ഞു: ‘നിന്റെ ഭർത്താവിനെ ഇങ്ങോട്ടു വിളിച്ചുകൊണ്ടുവരൂ.’ ‘എനിക്കു ഭർത്താവില്ല’ എന്നു സ്‌ത്രീ പറഞ്ഞു. യേശു പറഞ്ഞു: ‘നീ പറഞ്ഞതു ശരിയാണ്. നീ അഞ്ചു പ്രാവശ്യം കല്യാണം കഴിച്ചു. പക്ഷേ ഇപ്പോൾ കൂടെ താമസിക്കുന്നതു ഭർത്താവല്ല.’ സ്‌ത്രീ പറഞ്ഞു: ‘അങ്ങ് ഒരു പ്രവാചകനാണല്ലേ? ഞങ്ങളുടെ ആളുകൾ വിശ്വസിക്കുന്നത് ഈ മലയിൽ ദൈവത്തെ ആരാധിക്കാമെന്നാണ്. പക്ഷേ ജൂതന്മാർ പറയുന്നത് ആരാധനയ്ക്കുള്ള സ്ഥലം യരുശലേം മാത്രമാണെന്നാണ്. മിശിഹ വരുമ്പോൾ ആരാധിക്കേണ്ടത് എങ്ങനെയാണെന്നു പഠിപ്പിച്ചുതരും എന്ന് എനിക്ക് അറിയാം.’ അപ്പോൾ മറ്റാരോടും പറയാത്ത ഒരു കാര്യം യേശു ആ സ്ത്രീയോടു പറഞ്ഞു: ‘ഞാനാണു മിശിഹ!’
സ്‌ത്രീ പെട്ടെന്ന് നഗരത്തിലേക്കു ചെന്ന് ശമര്യക്കാരോടു പറഞ്ഞു: ‘ഞാൻ ഒരാളെ കണ്ടു. മിശിഹ ആണെന്നാണു തോന്നുന്നത്. അദ്ദേഹത്തിന് എന്നെക്കുറിച്ച് എല്ലാം അറിയാം. നിങ്ങൾതന്നെ വന്ന് കാണൂ.’ അവർ ആ സ്ത്രീയുടെകൂടെ കിണറിന്റെ അടുത്ത് വന്നു. യേശു പഠിപ്പിക്കുന്നതു കേട്ടു.
തങ്ങളുടെ നഗരത്തിൽ താമസിക്കാൻ ശമര്യക്കാർ യേശുവിനെ ക്ഷണിച്ചു. രണ്ടു ദിവസം യേശു അവിടെ പഠിപ്പിച്ചു. അനേകർ യേശുവിൽ വിശ്വസിച്ചു. അവർ ശമര്യക്കാരിയോടു പറഞ്ഞു: ‘ആ മനുഷ്യൻ പറഞ്ഞതെല്ലാം കേട്ടപ്പോൾ അദ്ദേഹംതന്നെയാണു ശരിക്കും ലോകരക്ഷകൻ എന്നു ഞങ്ങൾക്കു ബോധ്യമായി.’
“കേൾക്കുന്നവനും ‘വരൂ’ എന്നു പറയട്ടെ. ദാഹിക്കുന്ന എല്ലാവരും വരട്ടെ. ആഗ്രഹിക്കുന്ന എല്ലാവരും ജീവജലം സൗജന്യമായി വാങ്ങട്ടെ.”—വെളിപാട് 22:17