പാഠം 4
കോപം കൊലപാതകത്തിലേക്കു നയിക്കുന്നു
ആദാമും ഹവ്വയും ഏദെൻ തോട്ടത്തിൽനിന്ന് പുറത്തായതിനു ശേഷം അവർക്കു കുറെ മക്കളുണ്ടായി. അവരുടെ മൂത്ത മകനായ കയീൻ ഒരു കൃഷിക്കാരനായി. രണ്ടാമത്തെ മകൻ ഹാബേൽ ഒരു ആട്ടിടയനും.
ഒരു ദിവസം കയീനും ഹാബേലും യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു. യാഗം എന്നു പറഞ്ഞാൽ എന്താണെന്നു നിങ്ങൾക്ക് അറിയാമോ? ദൈവത്തിന് അർപ്പിക്കുന്ന കാഴ്ച അഥവാ സമ്മാനം ആണ് അത്. ഹാബേലിന്റെ യാഗം യഹോവയ്ക്ക് ഇഷ്ടമായി. പക്ഷേ കയീന്റെ യാഗം ദൈവത്തിന് ഇഷ്ടപ്പെട്ടില്ല. ഇതു കണ്ടപ്പോൾ കയീനു ഭയങ്കരദേഷ്യം വന്നു. ഇങ്ങനെ കോപം വെച്ചുകൊണ്ടിരുന്നാൽ അവസാനം തെറ്റു ചെയ്യുമെന്ന് യഹോവ കയീനു മുന്നറിയിപ്പു കൊടുത്തു. പക്ഷേ കയീൻ അതു കേൾക്കാൻ കൂട്ടാക്കിയില്ല.
കയീൻ എന്തു ചെയ്തെന്നോ? ‘എന്റെകൂടെ വയലിലേക്കു വാ’ എന്നു ഹാബേലിനോടു പറഞ്ഞു. എന്നിട്ട് അവർ വയലിൽ തനിച്ചായിരിക്കുമ്പോൾ കയീൻ അനിയനെ ആക്രമിച്ച് കൊലപ്പെടുത്തി.
യഹോവ ഇപ്പോൾ എന്തു ചെയ്യും? യഹോവ കയീനെ വീട്ടുകാരിൽനിന്നെല്ലാം അകലെ, ഒരുപാടു ദൂരേക്ക് പറഞ്ഞുവിട്ടുകൊണ്ട് ശിക്ഷിച്ചു. പിന്നീട് ഒരിക്കലും തിരിച്ചുവരാൻ ദൈവം കയീനെ അനുവദിക്കില്ലായിരുന്നു.ഇതിൽനിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാനാകുമോ? നമ്മൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നമുക്കു ദേഷ്യം വന്നേക്കാം. നമ്മുടെ ഉള്ളിൽ ദേഷ്യം കൂടിക്കൂടി വരുന്നതായി തോന്നുന്നെങ്കിൽ എന്തു ചെയ്യണം? അല്ലെങ്കിൽ നമ്മുടെ ദേഷ്യത്തെക്കുറിച്ച് മറ്റുള്ളവർ നമ്മളോടു പറയുന്നെങ്കിൽ എന്തു ചെയ്യണം? വേഗംതന്നെ ദേഷ്യം കളഞ്ഞ് ആവശ്യമായ മാറ്റങ്ങൾ വരുത്തുക. അല്ലെങ്കിൽ ദേഷ്യം കൂടിയിട്ട് നമ്മൾ തെറ്റായ കാര്യങ്ങൾ ചെയ്തുപോയേക്കാം.
ഹാബേൽ യഹോവയെ സ്നേഹിച്ചു; ശരിയായ കാര്യങ്ങൾ ചെയ്തു. അതുകൊണ്ട് യഹോവ ഹാബേലിനെ എന്നും ഓർക്കും. ഭൂമി ഒരു പറുദീസയാക്കുമ്പോൾ ദൈവം ഹാബേലിനെ തിരികെ ജീവനിലേക്കു കൊണ്ടുവരും.
“ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക. പിന്നെ വന്ന് നിന്റെ കാഴ്ച അർപ്പിക്കുക.”—മത്തായി 5:24