പാഠം 11
വിശ്വാസത്തിന്റെ പരിശോധന
യഹോവയെ സ്നേഹിക്കാനും യഹോവയുടെ എല്ലാ വാഗ്ദാനങ്ങളിലും വിശ്വസിക്കാനും അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ പഠിപ്പിച്ചു. യിസ്ഹാക്കിന് 25 വയസ്സായപ്പോൾ യഹോവ അബ്രാഹാമിനോടു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യാൻ പറഞ്ഞു. എന്തായിരുന്നു അത്?
ദൈവം അബ്രാഹാമിനോടു പറഞ്ഞു: ‘നിന്റെ ഒരേ ഒരു മകനെ കൂട്ടിക്കൊണ്ട് മോരിയ ദേശത്തെ മലയിൽ ചെന്ന് അവനെ ബലി അർപ്പിക്കുക.’ യഹോവ എന്തിനാണു തന്നോട് ഇങ്ങനെ ഒരു കാര്യം പറയുന്നതെന്ന് അബ്രാഹാമിന് ഒരു പിടിയും കിട്ടിയില്ല. എങ്കിലും അബ്രാഹാം യഹോവയെ അനുസരിച്ചു.
പിറ്റെ ദിവസം അതിരാവിലെ അബ്രാഹാം യിസ്ഹാക്കിനെയും രണ്ടു ദാസന്മാരെയും കൂട്ടി മോരിയയിലേക്കു പോയി. മൂന്നു ദിവസം കഴിഞ്ഞ് ദൂരെ അവർ ആ മലനിരകൾ കണ്ടു. അപ്പോൾ അബ്രാഹാം ദാസന്മാരോട് താനും മകനും പോയി ഒരു ബലി അർപ്പിച്ചിട്ട് വരുന്നതുവരെ കാത്ത് നിൽക്കാൻ പറഞ്ഞു. എന്നിട്ട് വിറക് യിസ്ഹാക്കിന്റെ ചുമലിൽ വെച്ചുകൊടുത്തു. അബ്രാഹാം കൈയിൽ ഒരു കത്തിയും എടുത്തു. യിസ്ഹാക്ക് അപ്പനോട്, ‘ബലി അർപ്പിക്കാനുള്ള മൃഗം എവിടെയാണ്’ എന്നു ചോദിച്ചു. ‘ദഹനയാഗത്തിനുള്ള ആടിനെ യഹോവ തരും മോനെ’ എന്ന് അബ്രാഹാം പറഞ്ഞു.
മലയിൽ എത്തിയ അവർ ഒരു യാഗപീഠം പണിതു. എന്നിട്ട് അബ്രാഹാം യിസ്ഹാക്കിന്റെ കൈയും കാലും കെട്ടി യാഗപീഠത്തിൽ കിടത്തി.
എന്നിട്ട് അബ്രാഹാം കത്തി എടുത്തു. ആ സമയത്ത് യഹോവയുടെ ദൂതൻ സ്വർഗത്തിൽനിന്ന് വിളിച്ചു: ‘അബ്രാഹാമേ, അവനെ ഒന്നും ചെയ്യരുത്. നിന്റെ മകനെ ബലി അർപ്പിക്കാൻ തയ്യാറായതിനാൽ നിനക്കു വിശ്വാസമുണ്ടെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.’ അപ്പോൾ ഒരു ആൺചെമ്മരിയാടു കുറ്റിക്കാട്ടിൽ കൊമ്പ് ഉടക്കിക്കിടക്കുന്നത് അബ്രാഹാം കണ്ടു. അബ്രാഹാം ഉടനെ യിസ്ഹാക്കിന്റെ കെട്ട് അഴിച്ചു. എന്നിട്ട് യിസ്ഹാക്കിനു പകരം ആ ചെമ്മരിയാടിനെ യാഗം അർപ്പിച്ചു.
അന്നുമുതൽ യഹോവ അബ്രാഹാമിനെ തന്റെ സ്നേഹിതൻ എന്നു വിളിച്ചു. എന്തുകൊണ്ടാണെന്ന് അറിയാമോ? യഹോവ പറഞ്ഞ എല്ലാ കാര്യങ്ങളും അബ്രാഹാം അനുസരിച്ചതുകൊണ്ട്. യഹോവ ഒരു കാര്യം പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകാത്തപ്പോൾപ്പോലും അബ്രാഹാം അതു ചെയ്തു.
യഹോവ തന്റെ വാഗ്ദാനം അബ്രാഹാമിനോട് ആവർത്തിച്ചു: ‘ഞാൻ നിന്നെ അനുഗ്രഹിക്കും. ഞാൻ നിന്റെ സന്തതിയെ അഥവാ മക്കളെ വർധിപ്പിക്കും.’ ഇതിന്റെ അർഥം അബ്രാഹാമിന്റെ കുടുംബത്തിലൂടെ എല്ലാ നല്ല ആളുകളെയും യഹോവ അനുഗ്രഹിക്കും എന്നാണ്.
“തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.”—യോഹന്നാൻ 3:16