കഥ 8
ഭൂമിയിൽ രാക്ഷസന്മാർ
നമ്മുടെ വീടിന്റെ സീലിങ്ങിനോളം പൊക്കമുള്ള ഒരാൾ നമ്മുടെ നേർക്കു നടന്നുവരുന്നു എന്ന് സങ്കൽപ്പിക്കൂ. അങ്ങനെയൊരാളെ എന്തു വിളിക്കാനാകും? രാക്ഷസനെന്ന്, അല്ലേ? ഒരുകാലത്തു ഭൂമിയിൽ ശരിക്കും രാക്ഷസന്മാർ ജീവിച്ചിരുന്നു. അവരുടെ പിതാക്കന്മാർ സ്വർഗത്തിലെ ദൂതന്മാർ ആയിരുന്നു എന്ന് ബൈബിൾ പറയുന്നു. എന്നാൽ അതെങ്ങനെ സാധ്യമാകും?
ദുഷ്ട ദൂതനായ സാത്താൻ കുഴപ്പം ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയായിരുന്നു എന്ന കാര്യം ഓർമയുണ്ടല്ലോ. അവൻ ദൈവദൂതന്മാരെപ്പോലും വഴിതെറ്റിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഈ ദൂതന്മാരിൽ ചിലർ സാത്താൻ പറയുന്നതു കേൾക്കാൻ തുടങ്ങി. സ്വർഗത്തിൽ ദൈവം അവരെ ഏൽപ്പിച്ചിരുന്ന പണി ചെയ്യുന്നത് അവർ നിറുത്തിക്കളഞ്ഞു. അവർ ഭൂമിയിലേക്ക് ഇറങ്ങിവരികയും മനുഷ്യരുടേതു പോലുള്ള ശരീരമെടുക്കുകയും ചെയ്തു. എന്തുകൊണ്ടെന്നോ?
ദൈവത്തിന്റെ ഈ മക്കൾ ഭൂമിയിലെ സുന്ദരികളെ കാണുകയും അവരോടുകൂടെ ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്തു എന്നതാണ് അതിന്റെ കാരണമെന്നു ബൈബിൾ പറയുന്നു. അതുകൊണ്ട് അവർ ഭൂമിയിലേക്കു വന്ന് ഈ സുന്ദരികളെ കല്യാണം കഴിച്ചു. ഇതു തെറ്റായിരുന്നു എന്ന് ബൈബിൾ പറയുന്നു, എന്തുകൊണ്ടെന്നാൽ സ്വർഗത്തിൽ ജീവിക്കാനാണ് ദൈവം ദൂതന്മാരെ സൃഷ്ടിച്ചത്.
ദൂതന്മാർക്കും അവരുടെ ഭാര്യമാർക്കും ഉണ്ടായ കുട്ടികൾ മറ്റു കുട്ടികളെപ്പോലെ അല്ലായിരുന്നു. ആദ്യമൊക്കെ ആ വ്യത്യാസം അത്ര പെട്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാൽ വളരുന്തോറും അവർക്കു വലുപ്പവും ശക്തിയും കൂടിക്കൂടി വന്നുകൊണ്ടിരുന്നു. അവസാനം അവർ രാക്ഷസന്മാർ ആയിത്തീർന്നു.
ഈ രാക്ഷസന്മാർ ദുഷ്ടന്മാരായിരുന്നു. വളരെ വലുപ്പവും ശക്തിയും ഉള്ളവരായിരുന്നതുകൊണ്ട് അവർ ജനങ്ങളെ ഉപദ്രവിച്ചിരുന്നു. തങ്ങളെപ്പോലെ ദുഷ്ടരായിരിക്കാൻ അവർ മറ്റുള്ളവരെ നിർബന്ധിക്കുകയും ചെയ്തു.
ഹാനോക്ക് മരിച്ചുപോയിരുന്നെങ്കിലും വേറൊരു നല്ല മനുഷ്യൻ അന്ന് ഭൂമിയിലുണ്ടായിരുന്നു. ഈ മനുഷ്യന്റെ പേര് നോഹ എന്നായിരുന്നു. അവൻ എപ്പോഴും ദൈവത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു.
ദുഷ്ടന്മാരെ മുഴുവനും നശിപ്പിച്ചു കളയാനുള്ള സമയം വന്നെത്തിയിരിക്കുകയാണെന്ന് ഒരു ദിവസം ദൈവം നോഹയോടു പറഞ്ഞു. എന്നാൽ ദൈവം നോഹയെയും അവന്റെ കുടുംബത്തെയും അനേകം മൃഗങ്ങളെയും രക്ഷിക്കാൻ പോകുകയായിരുന്നു. ദൈവം ഇതെങ്ങനെ ചെയ്തെന്നു നമുക്കു നോക്കാം.