കഥ 30
കത്തിജ്ജ്വലിക്കുന്ന മുൾച്ചെടി
മോശെ തന്റെ ആടുകൾക്കു തീറ്റിയന്വേഷിച്ചു നടന്നു നടന്ന് ഹോരേബ് മലയിൽ എത്തി. അപ്പോൾ അതാ, ഒരു മുൾച്ചെടിക്കു തീപിടിച്ചിരിക്കുന്നു, പക്ഷേ അതു കരിഞ്ഞുപോകുന്നില്ല!
‘ഇതെന്ത് അത്ഭുതമാണ്? ഒന്ന് അടുത്തു ചെന്നു നോക്കിയിട്ടു വരാം’ എന്ന് ഓർത്തു മോശെ അടുത്തു ചെന്നപ്പോൾ ആ ചെടിയിൽനിന്നും ഒരു ശബ്ദം ഇങ്ങനെ പറഞ്ഞു. ‘ഇങ്ങോട്ട് അടുത്തു വരരുത്. നിന്റെ ചെരിപ്പഴിക്കുക, കാരണം നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു.’ അത് ദൈവം തന്റെ ദൂതൻ മുഖാന്തരം സംസാരിച്ചതായിരുന്നു, അതുകൊണ്ട് മോശെ തന്റെ മുഖം മൂടി.
അപ്പോൾ ദൈവം പറഞ്ഞു: ‘ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടിരിക്കുന്നു. ഞാൻ അവരെ അവിടെനിന്നു രക്ഷപ്പെടുത്താൻ പോകുകയാണ്. എന്റെ ജനത്തെ ഈജിപ്തിൽനിന്നു പുറത്തു കൊണ്ടുവരുന്നതിനായി ഞാൻ അയയ്ക്കുന്നതു നിന്നെയാണ്.’ യഹോവ തന്റെ ജനത്തെ സുന്ദരമായ കനാൻദേശത്തേക്കു കൊണ്ടുവരാൻ പോകുകയായിരുന്നു.
എന്നാൽ മോശെ ഇങ്ങനെ പറഞ്ഞു: ‘അതിനു ഞാൻ ആരുമല്ലല്ലോ. എനിക്കിത് എങ്ങനെ കഴിയും? ഇനി ഞാൻ അവിടെ ചെല്ലുകയാണെങ്കിൽത്തന്നെ ഇസ്രായേല്യർ എന്നോട് ചോദിക്കും, “ആരാണു നിന്നെ അയച്ചത്?” എന്ന്, അപ്പോൾ ഞാൻ എന്ത് ഉത്തരം പറയും?’
അപ്പോൾ ‘നീ ഇങ്ങനെ പറയണം,’ ദൈവം പറഞ്ഞു: ‘അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.’ എന്നിട്ട് യഹോവ ഇങ്ങനെയും പറഞ്ഞു: ‘ഇതാണ് എന്നേക്കും എന്റെ നാമം.’
‘പക്ഷേ നീ എന്നെ അയച്ചു എന്ന കാര്യം അവർ വിശ്വസിക്കുന്നില്ലെങ്കിലോ,’ മോശെ പറഞ്ഞു.
‘നിന്റെ കൈയിലെന്താണ്?’ ദൈവം ചോദിച്ചു.
‘ഒരു വടി,’ മോശെ മറുപടി നൽകി.
‘അതു നിലത്തിടുക,’ ദൈവം പറഞ്ഞു. മോശെ അങ്ങനെ ചെയ്തപ്പോൾ ആ വടി ഒരു പാമ്പ് ആയി മാറി. പിന്നെ യഹോവ മോശെയെ മറ്റൊരു അത്ഭുതം കാണിച്ചു. അവൻ പറഞ്ഞു: ‘നിന്റെ കൈ നിന്റെ ഉടുപ്പിനുള്ളിൽ ഇടുക.’ മോശെ തന്റെ കൈ ഉടുപ്പിനുള്ളിൽ ഇട്ടിട്ട് പുറത്തെടുത്തപ്പോൾ അതു മഞ്ഞുപോലെ വെളുത്തിരുന്നു! അതു കണ്ടാൽ കുഷ്ഠം എന്നു പേരുള്ള മഹാരോഗം പിടിപെട്ടതുപോലെ ഉണ്ടായിരുന്നു. അടുത്തതായി യഹോവ മോശെക്ക് മൂന്നാമതൊരു അത്ഭുതം കാണിക്കാനുള്ള ശക്തികൂടെ നൽകി. അവസാനം ദൈവം ഇങ്ങനെ പറഞ്ഞു: ‘നീ ഇസ്രായേല്യരുടെ മുമ്പാകെ ഈ അത്ഭുതങ്ങൾ എല്ലാം കാണിക്കുമ്പോൾ ഞാൻ നിന്നെ അയച്ചിരിക്കുന്നുവെന്ന് അവർ വിശ്വസിക്കും.’
അതിനുശേഷം മോശെ വീട്ടിൽചെന്ന് യിത്രോയോട് ‘ഈജിപ്തിലുള്ള എന്റെ ബന്ധുക്കൾ സുഖമായിരിക്കുന്നുവോ എന്ന് ഞാനൊന്നു പോയി നോക്കട്ടെ’ എന്നു പറഞ്ഞു. അങ്ങനെ യിത്രോ മോശെയെ യാത്രയാക്കി. മോശെ തിരിച്ച് ഈജിപ്തിലേക്കുള്ള യാത്ര തുടങ്ങി.