കഥ 38
12 ഒറ്റുകാർ
ഈ ആളുകൾ കൊണ്ടുവരുന്ന പഴങ്ങൾ കണ്ടോ? ആ മുന്തിരിക്കുല എത്ര വലുതാണെന്നു നോക്കൂ. ഒരു കമ്പിൽ കെട്ടി അതു ചുമന്നുകൊണ്ടു വരാൻ രണ്ടുപേർ വേണ്ടിവന്നു. അത്തിപ്പഴവും മാതളനാരങ്ങയും കണ്ടോ! എവിടെ നിന്നാണ് ഭംഗിയുള്ള ഈ പഴങ്ങൾ? കനാൻദേശത്തുനിന്ന്. ഓർക്കുക, ഒരിക്കൽ അബ്രാഹാമും യിസ്ഹാക്കും യാക്കോബും ജീവിച്ചിരുന്ന നാടാണ് കനാൻ. എന്നാൽ അവിടെ ക്ഷാമം ഉണ്ടായപ്പോൾ യാക്കോബും കുടുംബവും ഈജിപ്തിലേക്കു പോയി. ഇപ്പോൾ ഏകദേശം 216 വർഷം കഴിഞ്ഞ് മോശെ, ഇസ്രായേല്യരെ കനാനിലേക്കു തിരികെ കൊണ്ടുവരുകയാണ്. അവർ ഇപ്പോൾ മരുഭൂമിയിലുള്ള കാദേശ് എന്ന സ്ഥലത്ത് എത്തിയിരിക്കുന്നു.
കനാനിലെ ആളുകൾ ദുഷ്ടരാണ്. അതുകൊണ്ട് മോശെ 12 ഒറ്റുകാരെ അഥവാ ചാരന്മാരെ അങ്ങോട്ട് അയയ്ക്കുന്നു. അവരോട് അവൻ ഇങ്ങനെ പറയുന്നു: ‘അവിടെ എത്ര ആളുകളുണ്ടെന്നും അവർ എത്രത്തോളം ശക്തരാണെന്നും മനസ്സിലാക്കുക. ഭൂമി നല്ല വിളവു നൽകുന്നതാണോ എന്നു നോക്കുക. തിരികെ വരുമ്പോൾ അവിടെനിന്ന് കുറച്ചു പഴവർഗങ്ങൾ കൊണ്ടുവരാൻ മറക്കരുത്.’
ഒറ്റുകാർ കാദേശിലേക്കു മടങ്ങിവരുമ്പോൾ അവർ മോശെയോടു പറയുന്നു: ‘അത് വളരെ നല്ലൊരു ദേശം തന്നെയാണ്.’ തെളിവിനായി അവർ കൊണ്ടുവന്ന പഴങ്ങൾ കാണിക്കുന്നു. എന്നാൽ ഒറ്റുകാരിൽ പത്തുപേർ പറയുന്നു: ‘അവിടത്തെ ആളുകൾ വലുപ്പം കൂടിയവരും അതിശക്തരുമാണ്. അവരുടെ കൈയിൽനിന്നു ദേശം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ നമ്മൾ കൊല്ലപ്പെടും.’
ഇതുകേട്ട് ഇസ്രായേല്യർ പേടിച്ചു വിറയ്ക്കുന്നു. ‘ഇതിലും ഭേദം ഈജിപ്തിലോ ഇവിടെ മരുഭൂമിയിലോ കിടന്ന് മരിക്കുന്നതായിരുന്നു,’ അവർ പറയുന്നു. ‘നാം യുദ്ധത്തിൽ കൊല്ലപ്പെടും. നമ്മുടെ ഭാര്യമാരെയും മക്കളെയും അവർ പിടിച്ചുകൊണ്ടുപോകും. മോശെക്കു പകരം മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത് നമുക്ക് ഈജിപ്തിലേക്കു തിരികെ പോകാം!’
എന്നാൽ ഒറ്റുകാരിൽ രണ്ടുപേർക്ക് യഹോവ തങ്ങളോടുകൂടെ ഉണ്ടെന്ന വിശ്വാസമുണ്ട്. അവർ ജനത്തെ ശാന്തരാക്കാൻ ശ്രമിക്കുന്നു. യോശുവയും കാലേബുമാണ് അത്. അവർ പറയുന്നു: ‘പേടിക്കേണ്ട, യഹോവ നമ്മോടുകൂടെയുണ്ട്. നമുക്ക് എളുപ്പത്തിൽ ദേശം പിടിച്ചടക്കാം.’ എന്നാൽ ജനം അവർ പറയുന്നതു കേൾക്കുന്നില്ല. യോശുവയെയും കാലേബിനെയും കൊല്ലാൻ പോലും അവർ ആഗ്രഹിക്കുന്നു.
ഇതു കാണുമ്പോൾ യഹോവയ്ക്ക് കടുത്ത ദേഷ്യം വരുന്നു. അവൻ മോശെയോടു പറയുന്നു: ‘ജനത്തിൽ 20-ഓ അതിൽ കൂടുതലോ വയസ്സുള്ള ആരും കനാൻദേശത്ത് കടക്കുകയില്ല. ഈജിപ്തിലും മരുഭൂമിയിലും ഞാൻ ചെയ്ത അത്ഭുതങ്ങൾ കണ്ടിട്ടും അവർ എന്നിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ട് അവസാനത്തെ ആളും മരിക്കുന്നതു വരെ 40 വർഷം അവർ മരുഭൂമിയിൽ അലഞ്ഞുതിരിയും. യോശുവയും കാലേബും മാത്രമേ കനാൻദേശത്തു കടക്കുകയുള്ളൂ.’