കഥ 55
ഒരു കൊച്ചുകുട്ടി ദൈവത്തെ സേവിക്കുന്നു
ഈ കൊച്ചുകുട്ടിയെ കാണാൻ നല്ല ഭംഗിയില്ലേ? ശമൂവേൽ എന്നാണ് അവന്റെ പേര്. അവന്റെ തലയിൽ കൈവെച്ചുകൊണ്ടു നിൽക്കുന്നത് ഇസ്രായേലിലെ മഹാപുരോഹിതനായ ഏലി ആണ്. ശമൂവേലിന്റെ അപ്പനായ എൽക്കാനായും അമ്മയായ ഹന്നായുമാണ് അവനെ ഏലിയുടെ അടുത്തേക്കു കൊണ്ടുവന്നിരിക്കുന്നത്.
ശമൂവേലിന് നാലോ അഞ്ചോ വയസ്സേ ഉള്ളൂ. പക്ഷേ അവൻ ഇനി, യഹോവയുടെ സമാഗമന കൂടാരത്തിങ്കൽ താമസിക്കുന്ന ഏലിയുടെയും മറ്റു പുരോഹിതന്മാരുടെയും കൂടെയാണു കഴിയുക. ഇത്ര ചെറുപ്പത്തിൽത്തന്നെ സമാഗമന കൂടാരത്തിൽ യഹോവയെ സേവിക്കാൻ എൽക്കാനായും ഹന്നായും ശമൂവേലിനെ നൽകുന്നത് എന്തുകൊണ്ടാണ്? നമുക്കു നോക്കാം.
ഈ സംഭവത്തിന് ഏതാനും വർഷംമുമ്പ് ഹന്നാ വളരെ ദുഃഖിതയായിരുന്നു. കാരണം അവൾക്കു മക്കൾ ഇല്ലായിരുന്നു. ഒരു കുഞ്ഞു വേണമെന്ന് അവൾക്കു വളരെയേറെ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഒരു ദിവസം യഹോവയുടെ സമാഗമന കൂടാരത്തിങ്കൽ പ്രാർഥിക്കവേ അവൾ യഹോവയോട് ഇങ്ങനെ പറഞ്ഞു: ‘യഹോവേ, എന്നെ മറന്നുകളയരുതേ! നീ എനിക്കൊരു മകനെ തരികയാണെങ്കിൽ, ജീവിതകാലം മുഴുവൻ നിന്നെ സേവിക്കേണ്ടതിന് അവനെ ഞാൻ നിനക്കു തരും.’
യഹോവ ഹന്നായുടെ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തു. മാസങ്ങൾക്കു ശേഷം അവൾ ശമൂവേലിനു ജന്മം നൽകി. ഹന്നാ തന്റെ കുഞ്ഞിനെ വളരെ സ്നേഹിച്ചു. അവൻ നന്നേ ചെറുതായിരിക്കുമ്പോൾ തന്നെ അവൾ യഹോവയെക്കുറിച്ച് അവനെ പഠിപ്പിക്കാൻ തുടങ്ങി. അവൾ ഭർത്താവിനോടു പറയുന്നു: ‘മുലകുടി മാറിയതിനു ശേഷം, യഹോവയെ സേവിക്കേണ്ടതിന് ശമൂവേലിനെ ഞാൻ സമാഗമന കൂടാരത്തിങ്കലേക്കു കൊണ്ടുപോകാം.’
ഹന്നായും എൽക്കാനായും അങ്ങനെ ചെയ്യുന്നതാണ് ഈ ചിത്രത്തിൽ നാം കാണുന്നത്. മാതാപിതാക്കൾ നന്നായി പഠിപ്പിച്ചിരിക്കുന്നതിനാൽ യഹോവയുടെ കൂടാരത്തിൽ അവനെ സേവിക്കുന്നതിൽ ശമൂവേലിനു സന്തോഷമേയുള്ളൂ. എല്ലാ വർഷവും ഹന്നായും എൽക്കാനായും ഈ പ്രത്യേക കൂടാരത്തിൽ യഹോവയെ ആരാധിക്കാനും തങ്ങളുടെ മകനെ കാണാനും വരുന്നു. ഓരോ തവണ വരുമ്പോഴും ഹന്നാ അവന് ഒരു പുത്തൻ ഉടുപ്പ് കൊണ്ടുവന്നു കൊടുക്കുന്നു.
വർഷങ്ങൾ കടന്നുപോകവേ ശമൂവേൽ യഹോവയുടെ സമാഗമന കൂടാരത്തിലെ സേവനം തുടരുന്നു. യഹോവയ്ക്കും ജനങ്ങൾക്കും ഒരുപോലെ അവനെ ഇഷ്ടമാണ്. എന്നാൽ മഹാപുരോഹിതനായ ഏലിയുടെ മക്കളായ ഹൊഫ്നിയും ഫീനെഹാസും നല്ലവരല്ല. അവർ മോശമായ ധാരാളം കാര്യങ്ങൾ ചെയ്യുകയും, മറ്റുള്ളവർ യഹോവയോട് അനുസരണക്കേടു കാണിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. പുരോഹിതന്മാരായി തുടരാൻ ഏലി അവരെ അനുവദിക്കാൻ പാടില്ലാത്തതാണ്, പക്ഷേ അവൻ അവരെ ആ സ്ഥാനത്തുനിന്ന് നീക്കിക്കളയുന്നില്ല.
കൊച്ചു ശമൂവേൽ സമാഗമന കൂടാരത്തിങ്കൽ നടക്കുന്ന മോശമായ ഈ കാര്യങ്ങളൊന്നും കണ്ട് യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയുന്നില്ല. ആ കാലത്ത് യഹോവയോടു ശരിക്കും സ്നേഹമുള്ള ആളുകൾ വളരെ കുറവാണ്, അതുകൊണ്ടുതന്നെ യഹോവ ഏതെങ്കിലും മനുഷ്യനോടു സംസാരിച്ചിട്ട് വളരെ നാളുകൾ ആയിരുന്നു. എന്നാൽ ശമൂവേൽ കുറച്ചുകൂടി വലുതായപ്പോൾ ഒരു സംഭവം ഉണ്ടായി.
സമാഗമന കൂടാരത്തിങ്കൽ ഉറങ്ങിക്കൊണ്ടിരുന്ന ശമൂവേൽ തന്നെ ആരോ വിളിക്കുന്നതു കേട്ട് ഉണരുന്നു. ‘ഞാനിതാ,’ അവൻ ഉത്തരം പറയുന്നു. എന്നിട്ട് അവൻ എഴുന്നേറ്റ് ഏലിയുടെ അടുത്തേക്ക് ഓടിച്ചെന്ന് പറയുന്നു: ‘എന്നെ വിളിച്ചല്ലോ, ഞാനിതാ.’
എന്നാൽ ഏലി പറയുന്നു: ‘ഞാൻ വിളിച്ചില്ല. പോയിക്കിടന്ന് ഉറങ്ങിക്കോളൂ.’ ശമൂവേൽ ഉറങ്ങാൻ പോകുന്നു.
പിന്നെയും ആ ശബ്ദം കേട്ടു: ‘ശമൂവേൽ!’ അവൻ എഴുന്നേറ്റ് വീണ്ടും ഏലിയുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നു. ‘എന്നെ വിളിച്ചല്ലോ, ഞാനിതാ,’ അവൻ പറയുന്നു. എന്നാൽ ഏലി ഉത്തരം പറയുന്നു: ‘ഞാൻ വിളിച്ചില്ലല്ലോ മകനേ, നീ പോയി ഉറങ്ങിക്കോളൂ.’ ശമൂവേൽ വീണ്ടും ഉറങ്ങാൻ കിടക്കുന്നു.
‘ശമൂവേൽ!’ മൂന്നാം പ്രാവശ്യവും ആ വിളി കേൾക്കുന്നു. ‘ഞാനിതാ, ഇത്തവണ തീർച്ചയായും എന്നെ വിളിച്ചിരിക്കണം,’ അവൻ പറയുന്നു. വിളിച്ചത് യഹോവയായിരിക്കുമെന്ന് ഏലിക്കു മനസ്സിലാകുന്നു. അതുകൊണ്ട് അവൻ ശമൂവേലിനോടു പറയുന്നു: ‘ഒരിക്കൽക്കൂടി പോയിക്കിടന്ന് ഉറങ്ങൂ. ഇനിയും വിളിച്ചാൽ നീ ഇങ്ങനെ പറയണം, ‘യഹോവേ, സംസാരിച്ചാലും, നിന്റെ ദാസൻ കേൾക്കുന്നു.’
വീണ്ടും വിളിക്കുന്നതു കേൾക്കുമ്പോൾ ശമൂവേൽ അങ്ങനെതന്നെ പറയുന്നു. അപ്പോൾ യഹോവ താൻ ഏലിയെയും അവന്റെ മക്കളെയും ശിക്ഷിക്കാൻ പോവുകയാണെന്ന് ശമൂവേലിനോടു പറയുന്നു. പിന്നീട് ഫെലിസ്ത്യരുമായുണ്ടായ ഒരു യുദ്ധത്തിൽ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെടുന്നു. ഈ വാർത്ത കേൾക്കുമ്പോൾ ഏലി മറിഞ്ഞുവീഴുന്നു, കഴുത്തൊടിഞ്ഞ് അവനും മരിക്കുന്നു. അങ്ങനെ യഹോവ പറഞ്ഞതുപോലെതന്നെ സംഭവിക്കുന്നു.
ശമൂവേൽ വളരുന്നു, അവൻ ഇസ്രായേലിലെ അവസാനത്തെ ന്യായാധിപൻ ആയിത്തീരുന്നു. അവനു പ്രായമാകുമ്പോൾ ജനം അവനോട്, ‘ഞങ്ങളെ ഭരിക്കേണ്ടതിന് ഒരു രാജാവിനെ തിരഞ്ഞെടുക്കുക’ എന്ന് ആവശ്യപ്പെടുന്നു. ശരിക്കും യഹോവയാണ് അവരുടെ രാജാവ്, അതുകൊണ്ട് ജനം പറയുന്നത് അനുസരിക്കാൻ ശമൂവേൽ ഒരുക്കമല്ല. എന്നാൽ അവർ പറയുന്നതുപോലെ ചെയ്യാൻ യഹോവ അവനോടു പറയുന്നു.