കഥ 59
ദാവീദ് ഓടിപ്പോകേണ്ടി വരുന്നതിന്റെ കാരണം
ദാവീദ് ഗൊല്യാത്തിനെ കൊന്നശേഷം ഇസ്രായേലിന്റെ സേനാധിപതിയായ അബ്നേർ അവനെ ശൗലിന്റെ അടുക്കലേക്കു കൊണ്ടുവരുന്നു. ശൗലിനു ദാവീദിനെ വളരെയധികം ഇഷ്ടമാകുന്നു. അവൻ ദാവീദിനെ തന്റെ സൈന്യത്തിലെ ഒരു പ്രധാനിയാക്കുകയും രാജാവിന്റെ ഭവനത്തിൽ പാർപ്പിക്കുകയും ചെയ്യുന്നു.
പിന്നീട്, സൈന്യം ഫെലിസ്ത്യരുമായി യുദ്ധം ചെയ്തു തിരിച്ചുവരുമ്പോൾ സ്ത്രീകൾ ഇങ്ങനെ പാടുന്നു: ‘ശൗൽ ആയിരത്തെ കൊന്നു, ദാവീദോ പതിനായിരത്തെ.’ ഇത് ശൗലിനെ അസൂയാലുവാക്കുന്നു, എന്തുകൊണ്ടെന്നാൽ ശൗലിനെക്കാളധികം ബഹുമാനം ദാവീദിനു കിട്ടുന്നു. എന്നാൽ ശൗലിന്റെ മകനായ യോനാഥാൻ അസൂയാലുവല്ല. അവൻ ദാവീദിനെ വളരെയധികം സ്നേഹിക്കുന്നു, ദാവീദ് തിരിച്ചും. അതുകൊണ്ട് തങ്ങൾ എപ്പോഴും മിത്രങ്ങളായിരിക്കുമെന്ന് അവർ പരസ്പരം വാഗ്ദാനം ചെയ്യുന്നു.
ദാവീദ് വളരെ നല്ല ഒരു കിന്നരം വായനക്കാരനാണ്; അവൻ കിന്നരത്തിൽ മീട്ടുന്ന സംഗീതം ശൗലിന് ഇഷ്ടമാണ്. എന്നാൽ ഒരു ദിവസം ശൗൽ അസൂയ നിമിത്തം വളരെ മോശമായ ഒരു കാര്യം ചെയ്യുന്നു. ദാവീദ് കിന്നരം വായിച്ചുകൊണ്ടിരിക്കുമ്പോൾ, ‘ഞാൻ ദാവീദിനെ ചുവരോടു ചേർത്തു തറയ്ക്കും!’ എന്നു പറഞ്ഞുകൊണ്ട് ശൗൽ തന്റെ കുന്തമെടുത്ത് എറിയുന്നു, എന്നാൽ ദാവീദ് ഒഴിഞ്ഞുമാറി, കുന്തം അവന്റെ ദേഹത്തു തറച്ചില്ല. പിന്നീട് ശൗൽ വീണ്ടും അവന്റെ നേർക്ക് കുന്തം എറിയുന്നെങ്കിലും അതു കൊള്ളാതെ പോകുന്നു. താൻ വളരെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ദാവീദ് ഇപ്പോൾ മനസ്സിലാക്കുന്നു.
ശൗൽ മുമ്പ് ഒരു വാഗ്ദാനം ചെയ്തിരുന്നല്ലോ, ഗൊല്യാത്തിനെ കൊല്ലുന്ന പുരുഷന് തന്റെ മകളെ ഭാര്യയായി നൽകുമെന്ന്. അവസാനം, തന്റെ മകളായ മീഖളിനെ ഭാര്യയായി നൽകാമെന്ന് ശൗൽ ദാവീദിനോടു പറയുന്നു; പക്ഷേ, ആദ്യം അവൻ 100 ഫെലിസ്ത്യ ശത്രുക്കളെ വധിക്കണം. അതേക്കുറിച്ചു ചിന്തിക്കൂ! ഫെലിസ്ത്യർ ദാവീദിനെ കൊല്ലുമെന്ന് ശൗൽ യഥാർഥത്തിൽ പ്രത്യാശിക്കുന്നു. എന്നാൽ അങ്ങനെ സംഭവിക്കുന്നില്ല; അതുകൊണ്ട് ശൗൽ തന്റെ മകളെ ദാവീദിനു ഭാര്യയായി കൊടുക്കുന്നു.
ഒരിക്കൽ ശൗൽ യോനാഥാനോടും തന്റെ സകല ദാസന്മാരോടും താൻ ദാവീദിനെ കൊല്ലാൻ ആഗ്രഹിക്കുന്നെന്നു പറയുന്നു. എന്നാൽ യോനാഥാൻ അപ്പനോട് ഇങ്ങനെ പറയുന്നു: ‘ദാവീദിനെ ഉപദ്രവിക്കരുതേ. അവൻ അങ്ങേക്കു യാതൊരു ദോഷവും ഒരിക്കലും ചെയ്തിട്ടില്ലല്ലോ. അവൻ ചെയ്തിട്ടുള്ളതൊക്കെയും അങ്ങേക്കു വളരെ സഹായമായിത്തീർന്നിട്ടേയുള്ളൂ. അവൻ തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണ് ഗൊല്യാത്തിനെ കൊന്നത്; അത് അങ്ങയെ വളരെ സന്തുഷ്ടനാക്കിയല്ലോ.’
ശൗൽ തന്റെ മകൻ പറയുന്നതു കേൾക്കുന്നു; ദാവീദിനെ ഉപദ്രവിക്കില്ലെന്ന് അവൻ വാക്കു കൊടുക്കുന്നു; ദാവീദിനെ തിരികെ കൊണ്ടുവരുന്നു. അവൻ മുമ്പത്തെപ്പോലെതന്നെ രാജധാനിയിൽ ശൗലിനെ സേവിക്കുന്നു. എങ്കിലും ഒരു ദിവസം ദാവീദ് സംഗീതോപകരണം വായിക്കുമ്പോൾ ശൗൽ ദാവീദിന്റെ നേർക്ക് വീണ്ടും കുന്തം എറിയുന്നു. ദാവീദ് തെന്നിമാറുന്നു; കുന്തം ചുവരിൽ ചെന്നു തറയ്ക്കുന്നു. ഇതു മൂന്നാം പ്രാവശ്യമാണ്! താൻ ഇപ്പോൾ ഓടിപ്പോകേണ്ടതാണെന്നു ദാവീദ് മനസ്സിലാക്കുന്നു!
ആ രാത്രിയിൽ ദാവീദ് തന്റെ സ്വന്തം വീട്ടിലേക്കു പോകുന്നു. എന്നാൽ അവനെ കൊല്ലേണ്ടതിന് ശൗൽ ചില ആളുകളെ അയയ്ക്കുന്നു. തന്റെ അപ്പൻ ചെയ്യാൻ ആലോചിക്കുന്ന സംഗതി മീഖൾ മനസ്സിലാക്കുന്നു. അതുകൊണ്ട് അവൾ തന്റെ ഭർത്താവിനോട് ഇങ്ങനെ പറയുന്നു: ‘ഇന്നു രാത്രിയിൽ അങ്ങ് ഓടി രക്ഷപ്പെടുന്നില്ലെങ്കിൽ നാളെ അങ്ങു മരിക്കേണ്ടിവരും.’ ആ രാത്രിയിൽ ഒരു ജനാലയിൽക്കൂടി രക്ഷപ്പെടാൻ മീഖൾ ദാവീദിനെ സഹായിക്കുന്നു. ശൗൽ തന്നെ കണ്ടെത്താതിരിക്കേണ്ടതിന് ദാവീദിന് ഏതാണ്ട് ഏഴു വർഷത്തോളം പല ഇടങ്ങളിലായി ഒളിച്ചു താമസിക്കേണ്ടതായി വരുന്നു.