കഥ 78
ചുവരിലെ കയ്യെഴുത്ത്
ഇവിടെ എന്താണു സംഭവിക്കുന്നത്? വലിയൊരു വിരുന്നു നടക്കുകയാണ്. ബാബിലോൺ രാജാവ് ആയിരം വിശിഷ്ടാതിഥികളെ ക്ഷണിച്ചിരിക്കുന്നു. യെരൂശലേമിലെ യഹോവയുടെ ആലയത്തിൽനിന്നെടുത്ത സ്വർണക്കപ്പുകളും വെള്ളിക്കപ്പുകളും പാത്രങ്ങളും അവർ ഉപയോഗിക്കുകയാണ്. പെട്ടെന്ന് ഒരു മനുഷ്യന്റെ കൈപ്പത്തിയിലെ വിരലുകൾ വായുവിൽ പ്രത്യക്ഷപ്പെടുകയും ഭിത്തിയിൽ എഴുതിത്തുടങ്ങുകയും ചെയ്യുന്നു. എല്ലാവരും പരിഭ്രാന്തരാകുന്നു.
നെബൂഖദ്നേസരിന്റെ പൗത്രനായ ബേൽശസ്സരാണ് ഇപ്പോൾ രാജാവ്. അവൻ വിദ്വാന്മാരെ കൊണ്ടുവരാൻ വിളിച്ചു പറയുന്നു: ‘ഈ എഴുത്തു വായിച്ച് അതിന്റെ അർഥം എന്നോടു പറയാൻ കഴിയുന്ന ഏവനും അനേകം സമ്മാനങ്ങൾ നൽകുകയും അവനെ രാജ്യത്തിലെ മൂന്നാമത്തെ പ്രധാനപ്പെട്ട ഭരണാധിപനാക്കുകയും ചെയ്യും’ എന്ന് രാജാവു പറയുന്നു. എന്നാൽ വിദ്വാന്മാരിൽ ആർക്കുംതന്നെ ചുവരിലെ ആ എഴുത്തു വായിക്കുന്നതിനോ അതിന്റെ അർഥം പറയുന്നതിനോ കഴിയുന്നില്ല.
ശബ്ദംകേട്ട് രാജമാതാവ് ആ വലിയ ഭക്ഷണമുറിയിലേക്കു വരുന്നു. ‘ഭയപ്പെടേണ്ട,’ അവൾ രാജാവിനോടു പറയുന്നു. ‘വിശുദ്ധദൈവങ്ങളെ അറിയാവുന്ന ഒരു മനുഷ്യൻ നിന്റെ രാജ്യത്തുണ്ട്. നിന്റെ വല്യപ്പൻ നെബൂഖദ്നേസർ രാജാവായിരുന്നപ്പോൾ അദ്ദേഹം അവനെ കൊട്ടാരത്തിലെ സകല പണ്ഡിതന്മാരുടെയും തലവൻ ആക്കിയിരുന്നു. അവന്റെ പേർ ദാനീയേൽ എന്നാണ്. അവനെ ആളയച്ചു വരുത്തുക; ഇതിന്റെയെല്ലാം അർഥം എന്താണെന്ന് അവൻ പറഞ്ഞു തരും.’
ഉടൻതന്നെ ദാനീയേലിനെ കൊട്ടാരത്തിലേക്കു വരുത്തുന്നു. തനിക്ക് സമ്മാനമൊന്നും വേണ്ടന്നു പറഞ്ഞിട്ട് അവൻ, യഹോവ ഒരിക്കൽ ബേൽശസ്സരിന്റെ വല്യപ്പനായ നെബൂഖദ്നേസരിനെ സിംഹാസനത്തിൽനിന്ന് നീക്കിക്കളയാനുണ്ടായ കാരണത്തെക്കുറിച്ചു പറഞ്ഞുതുടങ്ങുന്നു. ‘അദ്ദേഹം വളരെ അഹങ്കാരിയായിരുന്നു,’ ദാനീയേൽ പറയുന്നു. ‘അതിന് യഹോവ അദ്ദേഹത്തെ ശിക്ഷിച്ചു.’
‘അദ്ദേഹത്തിനു സംഭവിച്ചതിനെക്കുറിച്ചെല്ലാം അങ്ങേക്കറിയാം, എന്നിട്ടും അങ്ങ് നെബൂഖദ്നേസർ ചെയ്തതുപോലെ അഹങ്കരിക്കുകയാണ്. അങ്ങ് യഹോവയുടെ ആലയത്തിൽനിന്ന് കപ്പുകളും പാത്രങ്ങളും കൊണ്ടുവന്ന് അവയിൽനിന്നു കുടിച്ചു. മരംകൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ ദൈവങ്ങളെ സ്തുതിച്ചു; നമ്മുടെ മഹാസ്രഷ്ടാവിനെ അങ്ങ് മഹത്ത്വപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് ദൈവം ഈ വാക്കുകൾ എഴുതാൻ കൈപ്പത്തി അയച്ചത്’ എന്നു ദാനീയേൽ ബേൽശസ്സരിനോടു പറയുന്നു.
‘എഴുതപ്പെട്ടത് ഇതാണ്’ ദാനീയേൽ പറയുന്നു: ‘മെനേ, മെനേ, തെക്കേൽ, ഊഫർസീൻ’
‘മെനേ എന്നതിന്റെ അർഥം ദൈവം അങ്ങയുടെ രാജത്വത്തിന്റെ നാളുകൾ എണ്ണി അതിന് അവസാനം വരുത്തിയിരിക്കുന്നു എന്നാണ്. തെക്കേൽ എന്നതിന്റെ അർഥം അങ്ങയെ തുലാസിൽ തൂക്കി, കുറവുള്ളവനെന്നു കണ്ടിരിക്കുന്നു എന്നും ഊഫർസീൻ എന്നതിന്റെ അർഥം അങ്ങയുടെ രാജ്യം മേദ്യർക്കും പേർഷ്യക്കാർക്കും കൊടുത്തിരിക്കുന്നു എന്നും ആണ്.’
ദാനീയേൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ മേദ്യരും പേർഷ്യക്കാരും ബാബിലോണിനെ ആക്രമിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. അവർ നഗരം പിടിച്ചെടുക്കുകയും ബേൽശസ്സരിനെ കൊല്ലുകയും ചെയ്യുന്നു. ചുവരിലെ കയ്യെഴുത്ത് ആ രാത്രിയിൽത്തന്നെ സത്യമായിത്തീരുന്നു! എന്നാൽ ഇപ്പോൾ ഇസ്രായേല്യർക്ക് എന്തു സംഭവിക്കും? നമ്മൾ അതു കാണാൻ പോകുകയാണ്, എന്നാൽ ആദ്യം ദാനീയേലിന് എന്തു സംഭവിക്കുന്നെന്നു നോക്കാം.