കഥ 79
ദാനീയേൽ സിംഹക്കുഴിയിൽ
നോക്കൂ! ദാനീയേൽ വലിയ കുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണല്ലോ. എന്നാൽ സിംഹങ്ങൾ അവനെ ഉപദ്രവിക്കുന്നില്ല! കാരണമെന്താണെന്ന് അറിയാമോ? ദാനീയേലിനെ ഈ സിംഹക്കൂട്ടിൽ പിടിച്ചിട്ടതാരാണ്? നമുക്കു കണ്ടുപിടിക്കാം.
ഇപ്പോൾ ദാര്യാവേശ് ആണ് ബാബിലോണിലെ രാജാവ്. വളരെ ദയാലുവും ബുദ്ധിമാനുമായ ദാനീയേലിനെ രാജാവിനു വളരെ ഇഷ്ടമാണ്. ദാര്യാവേശ് ദാനീയേലിനെ തന്റെ രാജ്യത്തെ ഒരു പ്രധാന ഭരണാധികാരിയായി തിരഞ്ഞെടുക്കുന്നു. രാജ്യത്തിലെ മറ്റു പുരുഷന്മാർക്ക് ദാനീയേലിനോട് അസൂയ തോന്നാൻ ഇത് ഇടയാക്കുന്നു. അതുകൊണ്ട് അവർ എന്താണു ചെയ്യുന്നതെന്നോ?
അവർ ദാര്യാവേശിന്റെ അടുക്കൽ ചെന്ന് ഇങ്ങനെ പറയുന്നു: ‘രാജാവേ, 30 ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദൈവത്തോടോ മനുഷ്യനോടോ ആരും പ്രാർഥിക്കരുതെന്നു കൽപ്പിക്കുന്ന ഒരു നിയമം ഉണ്ടാക്കുന്നതു നല്ലതായിരിക്കുമെന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നുന്നു. ആരെങ്കിലും ആ കൽപ്പന അനുസരിക്കാതിരുന്നാൽ അവരെ സിംഹക്കുഴിയിൽ എറിയണം.’ ഇങ്ങനെയൊരു നിയമമുണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നതിന്റെ കാരണം ദാര്യാവേശിന് അറിയില്ല. എന്നാൽ അതൊരു നല്ല കാര്യമാണെന്ന് അവനു തോന്നുന്നു; അതുകൊണ്ട് അവൻ ഈ നിയമം എഴുതിവെക്കാൻ കൽപ്പിക്കുന്നു. ഇനി അതു മാറ്റാൻ സാധ്യമല്ല.
ദാനീയേൽ ആ നിയമത്തെക്കുറിച്ചു കേൾക്കുന്നെങ്കിലും വീട്ടിൽച്ചെന്ന് പതിവുപോലെ പ്രാർഥിക്കുന്നു. അവൻ യഹോവയോടു പ്രാർഥിക്കുന്നതു നിറുത്തിക്കളയുകയില്ലെന്ന് ആ ദുഷ്ടമനുഷ്യർക്ക് അറിയാമായിരുന്നു. അവർക്കിപ്പോൾ വലിയ സന്തോഷമായി, തങ്ങളുടെ ആഗ്രഹം പോലെതന്നെ എത്രയും വേഗം ദാനീയേലിനെക്കൊണ്ടുള്ള ശല്യം തീർന്നുകിട്ടുമെന്ന് അവർ വിചാരിക്കുന്നു.
ഈ മനുഷ്യർ ആ നിയമമുണ്ടാക്കാൻ ആഗ്രഹിച്ചതിന്റെ കാരണം മനസ്സിലാക്കുമ്പോൾ ദാര്യാവേശ് രാജാവിനു വളരെ ദുഃഖം തോന്നുന്നു. എന്നാൽ നിയമം ഉണ്ടാക്കിപ്പോയി, അതു മാറ്റാൻ കഴിയില്ല; അതുകൊണ്ട് മനസ്സില്ലാമനസ്സോടെ ആണെങ്കിലും ദാനീയേലിനെ സിംഹക്കുഴിയിൽ എറിയാൻ രാജാവു കൽപ്പിക്കുന്നു. എങ്കിലും രാജാവ് ദാനീയേലിനോട്: ‘നീ സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു’ എന്നു പറയുന്നു.
ദാര്യാവേശ് ആകെ അസ്വസ്ഥനാണ്, അവനു രാത്രി മുഴുവൻ ഉറങ്ങാൻ കഴിയുന്നില്ല. അടുത്ത ദിവസം നേരം വെളുക്കുമ്പോൾത്തന്നെ അവൻ സിംഹക്കുഴിയുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നു. ഈ ചിത്രത്തിൽ അവനെ കണ്ടോ? അവൻ ഇങ്ങനെ വിളിച്ചുപറയുന്നു: ‘ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ! നീ സേവിക്കുന്ന ദൈവത്തിന് നിന്നെ സിംഹങ്ങളിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞോ?’
‘ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു, അതുകൊണ്ട് അവ എന്നെ ഉപദ്രവിച്ചില്ല’ എന്നു ദാനീയേൽ ഉത്തരം പറയുന്നു.
രാജാവിനു വളരെ സന്തോഷമായി. ദാനീയേലിനെ കുഴിയിൽനിന്നു കയറ്റാൻ അവൻ കൽപ്പിക്കുന്നു. ദാനീയേലിനെ നശിപ്പിക്കാൻ ശ്രമിച്ച ദുഷ്ടന്മാരെ സിംഹങ്ങളുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കാനും അവൻ തന്റെ ആളുകളോടു പറയുന്നു. അവർ കുഴിയുടെ അടിയിൽ എത്തുന്നതിനുമുമ്പുതന്നെ സിംഹങ്ങൾ അവരെ പിടികൂടുകയും അവരുടെ എല്ലൊടിക്കുകയും ചെയ്യുന്നു.
പിന്നെ ദാര്യാവേശ് രാജാവ് തന്റെ രാജ്യത്തുള്ള സകല ജനങ്ങൾക്കും ഇങ്ങനെ എഴുതുന്നു: ‘എല്ലാവരും ദാനീയേലിന്റെ ദൈവത്തെ ബഹുമാനിക്കേണ്ടതാണെന്നു ഞാൻ കൽപ്പിക്കുന്നു. അവൻ മഹാ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനാണ്. ദാനീയേലിനെ സിംഹങ്ങളുടെ വായിൽനിന്ന് അവൻ രക്ഷിച്ചു.’