കഥ 80
ദൈവജനം ബാബിലോണിൽനിന്നു മടങ്ങിപ്പോകുന്നു
മേദ്യരും പേർഷ്യക്കാരും ചേർന്ന് ബാബിലോൺ പിടിച്ചടക്കിയിട്ട് ഏകദേശം രണ്ടു വർഷം കടന്നുപോയിരിക്കുന്നു. ഇപ്പോൾ സംഭവിക്കുന്നത് എന്താണെന്നു നോക്കൂ! ഇസ്രായേല്യർ ബാബിലോണിൽനിന്നു മടങ്ങിപ്പോകുകയാണ്. അവർ സ്വതന്ത്രരായത് എങ്ങനെയാണ്? ആരാണ് അവരെ വിട്ടയച്ചത്?
പേർഷ്യൻ രാജാവായ കോരെശാണ് അതു ചെയ്തത്. കോരെശ് ജനിക്കുന്നതിനു വളരെക്കാലം മുമ്പുതന്നെ യഹോവ തന്റെ പ്രവാചകനെക്കൊണ്ട് അവനെ കുറിച്ച് ഇങ്ങനെ എഴുതിച്ചിരുന്നു: ‘നീ എന്തു ചെയ്യാനാണോ ഞാൻ ആഗ്രഹിക്കുന്നത് അതുതന്നേ നീ ചെയ്യും. നിനക്കു നഗരം പിടിച്ചടക്കാൻ കഴിയേണ്ടതിന് വാതിലുകൾ തുറന്നു കിടക്കും.’ പറഞ്ഞിരുന്നതുപോലെതന്നെ ബാബിലോൺ പിടിച്ചടക്കുന്നതിൽ കോരെശ് നേതൃത്വം നൽകുന്നു. തുറന്നുകിടന്നിരുന്ന വാതിലിലൂടെ മേദ്യരും പേർഷ്യക്കാരും രാത്രിയിൽ നഗരത്തിൽ പ്രവേശിച്ചു.
യെരൂശലേമും അതിലെ ആലയവും വീണ്ടും പണിയുന്നതിനുള്ള കൽപ്പനയും കോരേശ് നൽകുമെന്ന് യഹോവയുടെ പ്രവാചകനായ യെശയ്യാവു പറഞ്ഞിരുന്നു. കോരെശ് ആ കൽപ്പന നൽകിയോ? ഉവ്വ്, അവൻ അതും ചെയ്തു. അവൻ ഇസ്രായേല്യരോട് ഇങ്ങനെ പറയുന്നു: ‘യെരൂശലേമിലേക്കു പോയി നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയം പണിയുക.’ അതിനു വേണ്ടിയാണ് ഈ ഇസ്രായേല്യർ ഇപ്പോൾ പോകുന്നത്.
എന്നാൽ ബാബിലോണിലുള്ള മുഴുവൻ ഇസ്രായേല്യർക്കും യെരൂശലേമിലേക്കുള്ള ഈ നീണ്ട യാത്ര ചെയ്യാൻ സാധിക്കുന്നില്ല. വളരെ പ്രായംചെന്നവർക്കും രോഗികൾക്കും ഏകദേശം 800 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്ര ബുദ്ധിമുട്ടാണ്. ചില ആളുകൾ പോകാതിരിക്കുന്നതിനു വേറെയും കാരണങ്ങളുണ്ട്. പോകാതിരിക്കുന്നവരോട് കോരെശ് പറയുന്നു: ‘യെരൂശലേമും അതിലെ ആലയവും പണിയാൻ മടങ്ങിപ്പോകുന്നവർക്ക് വെള്ളിയും സ്വർണവും മറ്റു സമ്മാനങ്ങളും നൽകുക.’
അങ്ങനെ, യെരൂശലേമിലേക്കു യാത്ര ചെയ്യുന്നവർക്കു ധാരാളം സമ്മാനങ്ങൾ ലഭിക്കുന്നു. മാത്രമല്ല, നെബൂഖദ്നേസർ രാജാവ് യെരൂശലേം നശിപ്പിച്ചപ്പോൾ യഹോവയുടെ ആലയത്തിൽനിന്ന് അവൻ എടുത്തുകൊണ്ടുപോയ പാനപാത്രങ്ങളും മറ്റു പാത്രങ്ങളുമൊക്കെ കോരെശ് തിരികെ നൽകുന്നു. യെരൂശലേമിലേക്കു കൊണ്ടുപോകാൻ അവരുടെ കൈവശം ഇപ്പോൾ ധാരാളം സാധനങ്ങൾ ഉണ്ട്.
ഏകദേശം നാലു മാസത്തെ യാത്രയ്ക്കുശേഷം ഇസ്രായേല്യർ കൃത്യസമയത്തുതന്നെ യെരൂശലേമിൽ എത്തുന്നു. യെരൂശലേം നശിപ്പിക്കപ്പെടുകയും അവിടെ ആൾത്താമസം ഇല്ലാതാകുകയും ചെയ്തിട്ട് കൃത്യം എഴുപതുവർഷം ആയിരുന്നു. എന്നാൽ സ്വന്തദേശത്ത് എത്തിയെങ്കിലും അവിടെയും ഇസ്രായേല്യർക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. അതാണ് അടുത്തതായി നാം കാണാൻ പോകുന്നത്.