കഥ 89
യേശു ആലയം ശുദ്ധിയാക്കുന്നു
യേശുവിനെ നോക്കൂ. അവന്റെ മുഖത്ത് എന്തൊരു ദേഷ്യമാണെന്നു കണ്ടോ? അവന് ഇത്ര ദേഷ്യം വരാനുള്ള കാരണം എന്തായിരിക്കും? യെരൂശലേം ദേവാലയത്തിലെ ഈ മനുഷ്യർ വലിയ അത്യാഗ്രഹികൾ ആണെന്നുള്ളതാണ് അതിന്റെ കാരണം. ദൈവത്തെ ആരാധിക്കാനായി ഇവിടെ വന്നിരിക്കുന്നവരെ വഞ്ചിച്ച് അവർ ധാരാളം പണം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.
ആ കാളക്കിടാക്കളെയും ചെമ്മരിയാടുകളെയും പ്രാവുകളെയും ഒക്കെ കണ്ടോ? ഈ ആളുകൾ ഈ മൃഗങ്ങളെയും പക്ഷികളെയും ആലയത്തിനുള്ളിൽവെച്ചുതന്നെ വിൽക്കുകയാണ്. എന്തുകൊണ്ടാണെന്നോ? കാരണം ഇസ്രായേല്യർക്ക് ദൈവത്തിനു യാഗം അർപ്പിക്കുന്നതിന് മൃഗങ്ങളെയും പക്ഷികളെയും ആവശ്യമുണ്ട്.
ഒരു ഇസ്രായേല്യൻ തെറ്റു ചെയ്താൽ അവൻ ദൈവത്തിന് ഒരു യാഗം അർപ്പിക്കേണം എന്നായിരുന്നു ദൈവത്തിന്റെ നിയമം. ഇസ്രായേല്യർ യാഗങ്ങൾ അർപ്പിക്കേണ്ടിയിരുന്ന മറ്റ് അവസരങ്ങളും ഉണ്ടായിരുന്നു. എന്നാൽ ദൈവത്തിന് യാഗം കഴിക്കാനുള്ള മൃഗങ്ങളെയും പക്ഷികളെയും അവർക്ക് എങ്ങനെ കിട്ടുമായിരുന്നു?
ചിലർക്ക് പക്ഷികളും മൃഗങ്ങളും സ്വന്തമായി ഉണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് അവ അർപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇസ്രായേല്യരിൽ പലർക്കും സ്വന്തമായി മൃഗങ്ങളോ പക്ഷികളോ ഇല്ലായിരുന്നു. മറ്റു ചിലരാണെങ്കിൽ യെരൂശലേമിൽനിന്നു വളരെ അകലെയാണു താമസിച്ചിരുന്നത്, അതുകൊണ്ട് തങ്ങളുടെ മൃഗങ്ങളിൽ ഒന്നിനെ ആലയത്തിലേക്കു കൊണ്ടുവരാൻ അവർക്കു കഴിയുമായിരുന്നില്ല. അതുകൊണ്ട് ആളുകൾ തങ്ങൾക്ക് ആവശ്യമുള്ള മൃഗങ്ങളെയോ പക്ഷികളെയോ ഇവിടെ വന്നു വിലയ്ക്കു വാങ്ങിയിരുന്നു. എന്നാൽ ഈ മനുഷ്യർ ആളുകളിൽനിന്ന് അന്യായമായ വിലയാണു വാങ്ങിയിരുന്നത്. തന്നെയുമല്ല അവർ ഇവിടെ ദൈവത്തിന്റെ ആലയത്തിൽ വിൽപ്പന നടത്താനും പാടില്ലായിരുന്നു.
യേശുവിനു ദേഷ്യം വരാനുള്ള കാരണം ഇതാണ്. അതുകൊണ്ട് അവൻ പണവുമായി ഇരിക്കുന്ന ആളുകളുടെ മേശകൾ മറിച്ചിട്ട് അവരുടെ നാണയങ്ങൾ ചിതറിച്ചുകളയുന്നു. കൂടാതെ അവൻ കയറുകൊണ്ട് ഒരു ചാട്ട ഉണ്ടാക്കി മൃഗങ്ങളെയെല്ലാം ആലയത്തിൽനിന്ന് ഓടിച്ചുകളയുന്നു. പ്രാവുകളെ വിൽക്കുന്നവരോട് അവൻ ഇങ്ങനെ കൽപ്പിക്കുന്നു: ‘ഇവയെ ഇവിടെനിന്നു കൊണ്ടുപോകുവിൻ! എന്റെ പിതാവിന്റെ ഭവനത്തെ പണം വാരിക്കൂട്ടാനുള്ള സ്ഥലമാക്കിത്തീർക്കരുത്.’
യേശുവിന്റെ അനുഗാമികളിൽ ചിലർ ഇവിടെ യെരൂശലേമിലെ ഈ ആലയത്തിൽ അവനോടൊപ്പമുണ്ട്. അവർ യേശുവിന്റെ ഈ പ്രവൃത്തി കണ്ട് ആശ്ചര്യപ്പെടുന്നു. അപ്പോൾ അവർ ‘ദൈവഭവനത്തോടുള്ള സ്നേഹം അവന്റെയുള്ളിൽ തീപോലെ കത്തും’ എന്ന് ബൈബിളിൽ ദൈവപുത്രനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗം ഓർമിക്കുന്നു.
പെസഹായിൽ സംബന്ധിക്കാനായി യേശു ഇവിടെ യെരൂശലേമിൽ ആയിരിക്കെ അനേകം അത്ഭുതങ്ങൾ ചെയ്യുന്നു. പിന്നീട് അവൻ യെഹൂദ്യ വിട്ട് ഗലീലയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നു. അവൻ ശമര്യ വഴിയാണ് പോകുന്നത്. അവിടെ എന്തു സംഭവിക്കുന്നുവെന്ന് നമുക്കു നോക്കാം.