കഥ 92
യേശു മരിച്ചവരെ ഉയിർപ്പിക്കുന്നു
ഇവിടെ കാണുന്ന ഈ പെൺകുട്ടിക്ക് 12 വയസ്സുണ്ട്. യേശു അവളുടെ കൈയിൽ പിടിച്ചിരിക്കുന്നു, അവളുടെ അപ്പനും അമ്മയും അടുത്തുതന്നെ നിൽപ്പുണ്ട്. അവർ ഇത്രയധികം സന്തോഷമുള്ളവർ ആയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? നമുക്കു കണ്ടുപിടിക്കാം.
ആ പെൺകുട്ടിയുടെ അപ്പൻ യായീറൊസ് എന്നു പേരുള്ള ഒരു പ്രധാന മനുഷ്യനാണ്. ഒരു ദിവസം അയാളുടെ മകൾ രോഗം പിടിപെട്ട് കിടപ്പിലാകുന്നു. അവളുടെ അസുഖം ഒട്ടും കുറയുന്നില്ല, അത് ഒന്നിനൊന്നു വഷളാകുകയാണ്. യായീറൊസിനും ഭാര്യക്കും വളരെ മനഃപ്രയാസമാകുന്നു. കാരണം അവരുടെ കുട്ടി മരിച്ചുപോകുമെന്ന നിലയിലായിരിക്കുകയാണ്. അവർക്ക് ആ ഒരു മകൾ മാത്രമേയുള്ളൂ. അതുകൊണ്ട് യായീറൊസ് യേശുവിനെ അന്വേഷിച്ചു പോകുന്നു. യേശു ചെയ്യുന്ന അത്ഭുതങ്ങളെക്കുറിച്ച് അയാൾ കേട്ടിട്ടുണ്ട്.
യായീറൊസ് യേശുവിനെ കണ്ടെത്തുമ്പോൾ ഒരു വലിയ ജനക്കൂട്ടം അവനു ചുറ്റുമുണ്ട്. എങ്കിലും അയാൾ ആൾക്കൂട്ടത്തിനിടയിലൂടെ കടന്നുചെന്ന് യേശുവിന്റെ കാൽക്കൽ വീഴുന്നു. ‘എന്റെ മകൾ തീരെ സുഖമില്ലാതെ കിടപ്പിലാണ്’ എന്ന് അയാൾ പറയുന്നു. ‘ദയവായി, അങ്ങു വന്ന് അവളെ സുഖപ്പെടുത്തേണമേ,’ അയാൾ യാചിക്കുന്നു. വരാമെന്ന് യേശു പറയുന്നു.
അവർ നടന്നുപോകുമ്പോൾ യേശുവിന്റെ അടുത്തെത്താനായി ആൾക്കൂട്ടം തിക്കിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് യേശു നിൽക്കുന്നു. ‘ആരാണ് എന്നെ തൊട്ടത്?’ എന്ന് അവൻ ചോദിക്കുന്നു. തന്നിൽനിന്നു ശക്തി പുറപ്പെട്ടതായി യേശുവിന് അനുഭവപ്പെട്ടു. അതുകൊണ്ട് ആരോ തന്നെ തൊട്ടിട്ടുണ്ട് എന്ന് അവനു മനസ്സിലാകുന്നു. എന്നാൽ ആരാണ്? 12 വർഷമായി തീരെ സുഖമില്ലാതിരുന്ന ഒരു സ്ത്രീയാണ് അത്. അവൾ വന്ന് യേശുവിന്റെ വസ്ത്രത്തിൽ തൊട്ടു, അവളുടെ രോഗം മാറുകയും ചെയ്തു!
ഇതു കേൾക്കുമ്പോൾ യായീറൊസിന് ആശ്വാസം തോന്നുന്നു, കാരണം യേശുവിന് ഒരാളെ എത്ര എളുപ്പത്തിൽ സുഖപ്പെടുത്താൻ കഴിയുമെന്ന് അവൻ കാണുന്നു. എന്നാൽ അപ്പോൾ ഒരാൾ വന്നു യായീറൊസിനോടു പറയുന്നു: ‘യേശുവിനെ ഇനി ബുദ്ധിമുട്ടിക്കേണ്ടാ. നിന്റെ മകൾ മരിച്ചുപോയി.’ യേശു ഇത് കേൾക്കുമ്പോൾ യായീറൊസിനോട് ‘വിഷമിക്കേണ്ട, അവൾ രക്ഷപ്പെടും’ എന്നു പറയുന്നു.
ഒടുവിൽ അവർ യായീറൊസിന്റെ വീട്ടിൽ എത്തുന്നു. ആളുകളെല്ലാം വളരെ സങ്കടപ്പെട്ടു കരയുകയാണ്. എന്നാൽ യേശു ഇങ്ങനെ പറയുന്നു: ‘കരയേണ്ട, കുട്ടി മരിച്ചിട്ടില്ല. അവൾ ഉറങ്ങുകയാണ്.’ എന്നാൽ അവൾ മരിച്ചുപോയെന്ന് അറിയാവുന്നതുകൊണ്ട് അവർ യേശുവിനെ കളിയാക്കി ചിരിക്കുന്നു.
യേശു അപ്പോൾ പെൺകുട്ടിയുടെ അമ്മയപ്പന്മാരെയും തന്റെ അപ്പൊസ്തലന്മാരിൽ മൂന്നു പേരെയും കൂട്ടിക്കൊണ്ട് കുട്ടി കിടക്കുന്ന മുറിയിലേക്കു ചെല്ലുന്നു. യേശു അവളുടെ കൈക്കു പിടിച്ച് ‘എഴുന്നേൽക്ക!’ എന്നു പറയുന്നു. അപ്പോൾ ഇവിടെ കാണുന്നതുപോലെ അവൾ ജീവനിലേക്കു വരുന്നു. അവൾ എഴുന്നേറ്റു നടക്കുന്നു! അതുകൊണ്ടാണ് അവളുടെ അമ്മയും അപ്പനും വളരെയേറെ സന്തോഷമുള്ളവരായിരിക്കുന്നത്.
യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ആദ്യത്തെ ആളല്ല ഇത്. ബൈബിൾ പറയുന്നതനുസരിച്ച്, അവൻ ആദ്യം ഉയിർപ്പിച്ചത് നയിൻ പട്ടണത്തിൽ പാർക്കുന്ന ഒരു വിധവയുടെ മകനെയാണ്. പിന്നീട്, യേശു മറിയയുടെയും മാർത്തയുടെയും സഹോദരനായ ലാസറിനെയും മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. യേശു ദൈവരാജ്യത്തിന്റെ രാജാവായി ഭൂമിമേൽ ഭരണം നടത്തുമ്പോൾ മരിച്ചുപോയ അനേകമനേകം ആളുകളെ ജീവനിലേക്കു തിരികെ കൊണ്ടുവരും. അത് നമുക്കു സന്തോഷം തരുന്ന കാര്യമല്ലേ?