കഥ 102
യേശു ജീവിച്ചിരിക്കുന്നു
ഇവിടെ കാണുന്ന ഈ സ്ത്രീയും രണ്ടു പുരുഷന്മാരും ആരൊക്കെയാണ്? സ്ത്രീ യേശുവിന്റെ കൂട്ടുകാരിൽ ഒരാളായ മഗ്ദലക്കാരത്തി മറിയയാണ്. വെള്ള വസ്ത്രം ധരിച്ച പുരുഷന്മാർ ദൂതന്മാരും. മറിയ ഒരു ചെറിയ മുറിയിലേക്ക് എത്തിനോക്കുന്നതു കണ്ടോ? ആ മുറി, മരിച്ചുകഴിഞ്ഞ് യേശുവിന്റെ ശരീരംവെച്ച ഇടമാണ്. അതിനെ കല്ലറ എന്നാണു വിളിക്കുന്നത്. എന്നാൽ യേശുവിന്റെ ശരീരം അവിടെങ്ങും കാണാനില്ല! അത് ആരെടുത്തു? നമുക്കു നോക്കാം.
യേശു മരിച്ചു കഴിഞ്ഞ് പുരോഹിതന്മാർ പീലാത്തൊസിനോട് ഇങ്ങനെ പറയുന്നു: ‘യേശു ജീവനോടിരുന്നപ്പോൾ അവൻ മൂന്നു ദിവസം കഴിഞ്ഞ് ഉയിർപ്പിക്കപ്പെടുമെന്നു പറഞ്ഞിരുന്നു. അതുകൊണ്ട് കല്ലറയ്ക്കൽ ആളുകളെ കാവൽ നിറുത്താൻ കൽപ്പിക്കുക. അപ്പോൾ അവന്റെ ശിഷ്യന്മാർക്ക് അവന്റെ ശരീരം മോഷ്ടിച്ചിട്ട് അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു പറയാൻ സാധിക്കയില്ല!’ കല്ലറയ്ക്കൽ പടയാളികളെ കാവൽ നിറുത്താൻ പീലാത്തൊസ് പുരോഹിതന്മാരോടു പറയുന്നു.
എന്നാൽ യേശു മരിച്ചതിന്റെ മൂന്നാം ദിവസം അതിരാവിലെ യഹോവയുടെ ഒരു ദൂതൻ പെട്ടെന്നു വരുന്നു. അവൻ കല്ലറയുടെ വാതിൽക്കൽനിന്നു കല്ല് ഉരുട്ടിമാറ്റുന്നു. പടയാളികൾ പേടിച്ചു വിറച്ചിരിക്കുകയാണ്, പേടികൊണ്ട് അവർക്ക് അനങ്ങാൻപോലും കഴിയുന്നില്ല. അവസാനം അവർ കല്ലറയിലേക്കു നോക്കുമ്പോൾ യേശുവിന്റെ ശരീരം അവിടെയില്ല! പടയാളികളിൽ ചിലർ പട്ടണത്തിലേക്കു ചെന്ന് പുരോഹിതന്മാരെ വിവരം അറിയിക്കുന്നു. ആ ദുഷ്ടപുരോഹിതന്മാർ എന്താണു ചെയ്യുന്നതെന്നോ? അവർ നുണപറയാൻ പടയാളികൾക്കു കൈക്കൂലി കൊടുക്കുന്നു. ‘രാത്രിയിൽ ഞങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ അവന്റെ ശിഷ്യന്മാർ വന്ന് ശരീരം മോഷ്ടിച്ചുകൊണ്ടുപോയി എന്നു പറയണം’ എന്ന് അവർ പടയാളികളോടു പറയുന്നു.
അതിനിടെ യേശുവിനോട് അടുപ്പമുണ്ടായിരുന്ന ചില സ്ത്രീകൾ കല്ലറയ്ക്കൽ വരുന്നു. അത് ഒഴിഞ്ഞുകിടക്കുന്നതു കണ്ട് അവർ അത്ഭുതപ്പെടുന്നു. പെട്ടെന്ന് അവരുടെ മുമ്പിൽ, വെട്ടിത്തിളങ്ങുന്ന വസ്ത്രമണിഞ്ഞ രണ്ടു ദൂതന്മാർ പ്രത്യക്ഷപ്പെടുന്നു. ‘നിങ്ങൾ യേശുവിനെ ഇവിടെ നോക്കുന്നതെന്തിന്?’ അവർ ചോദിക്കുന്നു. ‘അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. പെട്ടെന്നുപോയി അവന്റെ ശിഷ്യന്മാരോട് ഇതു പറവിൻ.’ ആ സ്ത്രീകൾ വേഗം ഓടിപ്പോകുന്നു. എന്നാൽ ഒരാൾ വഴിയിൽവെച്ച് അവരെ നിറുത്തി അവരോടു സംസാരിക്കുന്നു. അത് ആരാണെന്നല്ലേ? അത് യേശുവാണ്! ‘പോയി എന്റെ ശിഷ്യന്മാരോട് ഈ കാര്യം പറവിൻ’ എന്ന് അവൻ പറയുന്നു.
സ്ത്രീകൾ ശിഷ്യന്മാരോട്, യേശു ജീവനോടിരിക്കുന്നെന്നും തങ്ങൾ അവനെ കണ്ടെന്നും പറയുമ്പോൾ അവർക്ക് അതു വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. പത്രൊസും യോഹന്നാനും കാര്യങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കാൻ കല്ലറയിങ്കലേക്ക് ഓടുന്നു; പക്ഷേ അവിടെ എത്തുമ്പോൾ കല്ലറ ഒഴിഞ്ഞുകിടക്കുന്നതാണ് അവർ കാണുന്നത്! അവർ അവിടെനിന്നു പോകുമ്പോൾ മഗ്ദലക്കാരത്തി മറിയ അവിടെത്തന്നെ നിൽക്കുന്നു. അപ്പോഴാണ് അവൾ ഉള്ളിലേക്കു നോക്കുകയും രണ്ടു ദൂതന്മാരെ കാണുകയും ചെയ്യുന്നത്.
യേശുവിന്റെ ശരീരത്തിന് എന്തു സംഭവിച്ചു? അത് അപ്രത്യക്ഷമാകാൻ ദൈവം ഇടയാക്കി. യേശു മരിച്ചപ്പോൾ ഉണ്ടായിരുന്ന ആ ജഡിക ശരീരത്തോടെയല്ല ദൈവം അവനെ ഉയിർപ്പിച്ചത്. സ്വർഗത്തിലെ ദൂതന്മാർക്ക് ഉള്ളതുപോലുള്ള ഒരു പുതിയ ആത്മശരീരം ദൈവം അവനു നൽകി. എന്നാൽ യേശുവിന് താൻ ജീവനോടിരിക്കുന്നു എന്ന് തന്റെ ശിഷ്യന്മാരെ അറിയിക്കുന്നതിന് മനുഷ്യർക്കു കാണാൻ കഴിയുന്ന ശരീരം എടുക്കാൻ സാധിക്കും; അതേക്കുറിച്ചു നമുക്കു പഠിക്കാം.