വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 21

പൊങ്ങച്ചം കാണിക്കുന്നത്‌ ശരിയാണോ?

പൊങ്ങച്ചം കാണിക്കുന്നത്‌ ശരിയാണോ?

പൊങ്ങച്ചം എന്നുവെച്ചാൽ എന്താണെന്ന്‌ അറിയാമോ?— ഒരു ഉദാഹരണം പറയാം. നിങ്ങൾക്ക്‌ ശരിക്ക്‌ അറിയാൻ പാടില്ലാത്ത എന്തെങ്കിലും ചെയ്യാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഫുട്‌ബോൾ കളിക്കാനോ സൈക്കിൾ ചവിട്ടാനോ, അങ്ങനെ എന്തെങ്കിലും? പക്ഷേ, അത്‌ കണ്ട്‌ ആരെങ്കിലും, “അയ്യേ! നിനക്ക്‌ ഇതുപോലും അറിയില്ലേ? എനിക്ക്‌ അറിയാമല്ലോ” എന്നു പറഞ്ഞിട്ടുണ്ടോ?— എങ്കിൽ അയാൾ പൊങ്ങച്ചം പറയുകയാണ്‌.

മറ്റുള്ളവർ അങ്ങനെ ചെയ്യുന്നത്‌ നിങ്ങൾക്ക്‌ ഇഷ്ടമാണോ?— അപ്പോൾ, നിങ്ങൾ നിങ്ങളെക്കുറിച്ചു പൊങ്ങച്ചം പറഞ്ഞാലോ, മറ്റുള്ളവർക്ക്‌ എന്തു തോന്നും?— “ഞാൻ നിന്നെക്കാൾ മിടുക്കനാണ്‌” എന്ന്‌ നിങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ അയാൾക്കു വിഷമം തോന്നും, അല്ലേ?— ഇനി, പൊങ്ങച്ചം പറയുന്നവരെ യഹോവയ്‌ക്ക്‌ ഇഷ്ടമാണോ?—

തങ്ങൾ കേമന്മാരാണെന്നു വിചാരിച്ചിരുന്ന ചിലരെ മഹാനായ അധ്യാപകന്‌ അറിയാമായിരുന്നു. തങ്ങളെക്കുറിച്ച്‌ വീമ്പിളക്കിയിരുന്ന അവർ മറ്റുള്ളവരൊക്കെ മോശക്കാരാണെന്ന പോലെയാണ്‌ പെരുമാറിയിരുന്നത്‌. അതുകൊണ്ട്‌, പൊങ്ങച്ചം പറയുന്നത്‌ എത്ര തെറ്റാണെന്ന്‌ കാണിക്കാൻ യേശു ഒരിക്കൽ അവരോട്‌ ഒരു കഥ പറഞ്ഞു. ആ കഥ കേൾക്കണോ?

ഒരു പരീശനെയും നികുതിപിരിവുകാരനെയും കുറിച്ചുള്ള കഥയാണത്‌. മതോപദേശങ്ങൾ പഠിപ്പിക്കുന്നവരായിരുന്നു പരീശന്മാർ. തങ്ങൾ മറ്റുള്ളവരെക്കാൾ നീതിമാന്മാരാണെന്ന മട്ടിലാണ്‌ അവർ മിക്കപ്പോഴും പെരുമാറിയിരുന്നത്‌. യേശുവിന്റെ കഥയിലെ പരീശൻ ഒരിക്കൽ യെരുശലേമിലെ ദേവാലയത്തിൽ പ്രാർഥിക്കാൻ പോയി.

ദൈവം പരീശനിൽ പ്രസാദിക്കാതെ നികുതിപിരിവുകാരനിൽ പ്രസാദിച്ചത്‌ എന്തുകൊണ്ട്‌?

ഒരു നികുതിപിരിവുകാരനും അവിടെ പ്രാർഥിക്കാൻ ചെന്നു. മറ്റുള്ളവരെ പറ്റിച്ച്‌ പണമുണ്ടാക്കുന്നവരായിട്ടാണ്‌ ആളുകൾ നികുതിപിരിവുകാരെ കണ്ടിരുന്നത്‌. അതുകൊണ്ട്‌ മിക്കവർക്കും അവരെ ഇഷ്ടമല്ലായിരുന്നു. നികുതിപിരിവുകാരിൽ പലരും സത്യസന്ധരല്ലായിരുന്നുതാനും.

ആലയത്തിൽവെച്ച്‌ പരീശൻ ദൈവത്തോട്‌ ഇങ്ങനെ പ്രാർഥിച്ചു: ‘ദൈവമേ, ഞാൻ മറ്റുള്ളവരെപ്പോലെ ഒരു പാപിയല്ലാത്തതിന്‌ അങ്ങേക്കു നന്ദിപറയുന്നു. ഞാൻ ആരെയും വഞ്ചിക്കാറില്ല, മോശമായതൊന്നും ചെയ്യാറുമില്ല. ഞാൻ ആ നികുതിപിരിവുകാനെപ്പോലെയല്ല, നീതിമാനാണ്‌. അങ്ങയെക്കുറിച്ചു ചിന്തിക്കാൻ കൂടുതൽ സമയം കിട്ടേണ്ടതിന്‌ ഞാൻ ആഴ്‌ചയിൽ രണ്ടു ദിവസം ഭക്ഷണമൊന്നും കഴിക്കാതെ ഉപവസിക്കാറുണ്ട്‌. എനിക്കു കിട്ടുന്ന എല്ലാറ്റിന്റെയും പത്തിലൊരു ഭാഗം ഞാൻ ആലയത്തിലേക്ക്‌ കൊടുക്കാറുമുണ്ട്‌.’ താൻ മറ്റുള്ളവരെക്കാളെല്ലാം നല്ലവനാണെന്ന്‌ ആ പരീശൻ വിചാരിച്ചു, അല്ലേ?— അതു മാത്രമോ, അതെല്ലാം ദൈവത്തോടു പറയുകയും ചെയ്‌തു!

എന്നാൽ ആ നികുതിപിരിവുകാരൻ അങ്ങനെയായിരുന്നില്ല. പ്രാർഥിക്കുമ്പോൾ സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്താൻപോലും അയാൾക്കു മനസ്സുവന്നില്ല. ദൂരെമാറിനിന്ന്‌ തലകുനിച്ചാണ്‌ അയാൾ പ്രാർഥിച്ചത്‌. തന്റെ തെറ്റുകളെക്കുറിച്ച്‌ ഓർത്ത്‌ ദുഃഖം അടക്കാനാകാതെ അയാൾ നെഞ്ചത്തടിച്ചു. തന്റെ നന്മകളെക്കുറിച്ചൊന്നും അയാൾ ദൈവത്തോടു വീമ്പിളക്കിയില്ല. പകരം, ‘ദൈവമേ, പാപിയായ എന്നോട്‌ കരുണ തോന്നേണമേ’ എന്ന്‌ അപേക്ഷിച്ചു.

ഈ രണ്ടുപേരിൽ ആരോടാണ്‌ ദൈവത്തിനു പ്രീതി തോന്നിയത്‌? താനാണ്‌ ഏറ്റവും നല്ലവൻ എന്നു വിചാരിച്ച ആ പരീശനോടാണോ? അതോ, ചെയ്‌തുപോയ തെറ്റുകളെക്കുറിച്ചു ദുഃഖിച്ച നികുതിപിരിവുകാരനോടോ?—

നികുതിപിരിവുകാരനിലാണ്‌ ദൈവം പ്രസാദിച്ചതെന്ന്‌ യേശു പറഞ്ഞു. എന്തായിരുന്നു കാരണം? യേശുതന്നെ അതു പറയുന്നുണ്ട്‌: ‘താൻ മറ്റുള്ളവരെക്കാൾ നല്ലവനാണെന്നു കാണിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവൻ താഴ്‌ത്തപ്പെടും. എന്നാൽ താൻ എളിയവനാണെന്ന്‌ കരുതുന്നവൻ ഉയർത്തപ്പെടും.’—ലൂക്കോസ്‌ 18:9-14.

യേശു പറഞ്ഞ കഥയുടെ ഗുണപാഠം മനസ്സിലായോ?— നമ്മൾ മറ്റുള്ളവരെക്കാൾ കേമന്മാരാണെന്നു ചിന്തിക്കുന്നത്‌ തെറ്റാണെന്നു പഠിപ്പിക്കുകയായിരുന്നു യേശു. ‘ഞാൻ മറ്റുള്ളവരെക്കാൾ കേമനാണ്‌’ എന്ന്‌ നമ്മൾ ആരോടും പറഞ്ഞെന്നുവരില്ല; പക്ഷേ, അതുപോലെ പെരുമാറിയേക്കാം. നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെ ചെയ്‌തിട്ടുണ്ടോ?— പത്രോസ്‌ അപ്പൊസ്‌തലൻ ഒരിക്കൽ അങ്ങനെ ചെയ്‌തു.

തന്നെ അറസ്റ്റുചെയ്യുന്ന സമയംവരുമ്പോൾ അപ്പൊസ്‌തലന്മാരെല്ലാം തന്നെ ഉപേക്ഷിക്കുമെന്ന്‌ യേശു ഒരിക്കൽ അവരോടു പറഞ്ഞു. പക്ഷേ, പത്രോസ്‌ ഇങ്ങനെ വീമ്പിളക്കി: ‘കർത്താവേ, എല്ലാവരും നിന്നെ ഉപേക്ഷിച്ചാലും ഞാൻ ഒരിക്കലും നിന്നെ ഉപേക്ഷിക്കില്ല!’ എന്നാൽ പത്രോസിനു തെറ്റിപ്പോയി. ആത്മവിശ്വാസം കൂടിയതുകൊണ്ടാണ്‌ അവൻ അങ്ങനെ പറഞ്ഞത്‌. പക്ഷേ, ഒടുവിൽ എന്തു സംഭവിച്ചു? അവനും യേശുവിനെ വിട്ടുപോയി. എന്തായാലും, പിന്നീട്‌ അവൻ തിരിച്ചുവന്നു. അതിനെക്കുറിച്ച്‌ നമ്മൾ 30-ാം അധ്യായത്തിൽ പഠിക്കും.—മത്തായി 26:31-33.

ഇനി, നിങ്ങൾക്കു പരിചയമുള്ള ഒരു സാഹചര്യത്തെക്കുറിച്ചു പറയാം. സ്‌കൂളിൽ നിങ്ങളോടും മറ്റൊരു കുട്ടിയോടും ടീച്ചർ ചോദ്യം ചോദിക്കുന്നു എന്നു കരുതുക. നിങ്ങൾക്ക്‌ പെട്ടെന്നുതന്നെ ഉത്തരം പറയാൻ പറ്റി; പക്ഷേ, മറ്റേ കുട്ടിക്ക്‌ ഉത്തരം ഓർമവരുന്നില്ല. ഉത്തരം അറിയാവുന്നതുകൊണ്ട്‌ നിങ്ങൾക്ക്‌ സന്തോഷം തോന്നും. പക്ഷേ, മറ്റേ കുട്ടിയെ നിങ്ങളുമായി താരതമ്യം ചെയ്യുന്നത്‌ ശരിയാണോ?— ആ കുട്ടി മോശക്കാരനാണെന്നു കാണിച്ച്‌ നിങ്ങൾ മിടുക്കനാകാൻ ശ്രമിക്കുന്നത്‌ ശരിയാണോ?—

യേശുവിന്റെ കഥയിലെ പരീശനും അതുതന്നെയാണ്‌ ചെയ്‌തത്‌. താൻ നികുതിപിരിവുകാരനെക്കാൾ നല്ലവനാണെന്ന്‌ അയാൾ വീമ്പിളക്കി. പക്ഷേ ആ പരീശന്റെ ധാരണ തെറ്റാണെന്ന്‌ യേശു പറഞ്ഞു. ചിലർക്ക്‌ ചില കാര്യങ്ങൾ മറ്റുള്ളവരെക്കാൾ നന്നായി ചെയ്യാൻ കഴിഞ്ഞേക്കും. എന്നുവെച്ച്‌ അവർ മറ്റുള്ളവരെക്കാൾ മിടുക്കന്മാരാണെന്നു വരുന്നില്ല.

മറ്റുള്ളവരെക്കാൾ കൂടുതൽ അറിവുണ്ടെന്നു കരുതി നിങ്ങൾ അവരെക്കാൾ മിടുക്കരാകുമോ?

നിങ്ങൾക്ക്‌ മറ്റുള്ളവരെക്കാൾ അറിവുണ്ടെന്നു കരുതി അതേപ്പറ്റി വീമ്പിളക്കുന്നതു ശരിയാണോ?— ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ തലച്ചോറ്‌ നമ്മൾ ഉണ്ടാക്കിയതാണോ?— അല്ല. എല്ലാവരുടെയും തലച്ചോറ്‌ ദൈവമാണ്‌ ഉണ്ടാക്കിയത്‌. മാത്രമല്ല, നമുക്ക്‌ അറിയാവുന്ന പല കാര്യങ്ങളും നമ്മൾ മറ്റുള്ളവരിൽനിന്നു പഠിച്ചതാണ്‌. ഒന്നുകിൽ, ഏതെങ്കിലും പുസ്‌തകത്തിൽ വായിച്ചതായിരിക്കും; അല്ലെങ്കിൽ ആരെങ്കിലും നമുക്കു പറഞ്ഞുതന്നതായിരിക്കും. ഇനി, ഒരു കണക്കിന്റെയോ മറ്റോ ഉത്തരം നമ്മൾ സ്വന്തമായി കണ്ടുപിടിക്കുന്നു എന്നു വിചാരിക്കുക. നമുക്ക്‌ എങ്ങനെയാണ്‌ അതു ചെയ്യാൻ കഴിഞ്ഞത്‌?— ദൈവം തന്ന തലച്ചോറ്‌ ഉപയോഗിച്ചതുകൊണ്ട്‌, ശരിയല്ലേ?

ഒരാൾ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നതു കാണുമ്പോൾ അവനോട്‌ ഒരു നല്ല വാക്കു പറയുന്നത്‌ എത്ര നന്നായിരിക്കും! അവൻ ചെയ്‌തത്‌ നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ടെന്ന്‌ പറയാനാകും. ഒരുപക്ഷേ, കുറച്ചുകൂടി നന്നായി ചെയ്യാൻ നിങ്ങൾക്ക്‌ അവനെ സഹായിക്കാനാകും. മറ്റുള്ളവർ നിങ്ങളോട്‌ അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക്‌ എത്ര സന്തോഷം തോന്നും, അല്ലേ?—

മറ്റുള്ളവരെക്കാൾ ശക്തിയുണ്ടെന്നു കരുതി വീമ്പിളക്കുന്നത്‌ ശരിയാണോ?

ഇനി, ചിലർക്ക്‌ മറ്റുള്ളവരെക്കാൾ കൂടുതൽ ശക്തിയുണ്ടായിരിക്കാം. നിങ്ങൾക്ക്‌ നിങ്ങളുടെ സഹോദരങ്ങളെക്കാൾ ശക്തിയുണ്ടെങ്കിലോ? അതിന്റെ പേരിൽ വീമ്പിളക്കുന്നതു ശരിയാണോ?— ഒരിക്കലുമല്ല. കാരണം, നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്‌ നമുക്കു ശക്തി തരുന്നത്‌. നമുക്കു ഭക്ഷണം തരുന്ന ചെടികളും മരങ്ങളുമൊക്കെ വളരുന്നതോ? ദൈവം സൂര്യപ്രകാശവും മഴയുമൊക്കെ തരുന്നതുകൊണ്ട്‌. ശരിയല്ലേ?— അതുകൊണ്ട്‌ നമുക്കു ശക്തിയുണ്ടെങ്കിൽ നമ്മൾ ദൈവത്തിനു നന്ദിപറയുകയാണു വേണ്ടത്‌.—പ്രവൃത്തികൾ 14:16, 17.

പൊങ്ങച്ചം പറയുന്നതു കേൾക്കാൻ നമുക്കാർക്കും ഇഷ്ടമല്ല, അല്ലേ?— അതുകൊണ്ട്‌ യേശുവിന്റെ വാക്കുകൾ നമ്മൾ എപ്പോഴും ഓർക്കണം: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങൾ അവർക്കും ചെയ്യുവിൻ.” അതെ, നമ്മളും പൊങ്ങച്ചം പറയരുത്‌. അപ്പോൾ, യേശുവിന്റെ കഥയിലെ പൊങ്ങച്ചക്കാരനായ ആ പരീശനെപ്പോലെ ആയിരിക്കില്ല നമ്മൾ.—ലൂക്കോസ്‌ 6:31.

ഒരിക്കൽ ഒരാൾ യേശുവിനെ നല്ലവൻ എന്നു വിളിച്ചു. അതു കേട്ടിട്ട്‌, ‘നീ പറഞ്ഞത്‌ ശരിയാണ്‌, ഞാൻ നല്ലവനാണ്‌’ എന്ന്‌ യേശു പറഞ്ഞോ?— ഇല്ല. പകരം യേശു എന്താണ്‌ പറഞ്ഞത്‌? “ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല” എന്ന്‌. (മർക്കോസ്‌ 10:18) ഒരിക്കലും പാപം ചെയ്‌തിട്ടില്ലാത്ത നല്ല മനുഷ്യനായിരുന്നിട്ടും മഹാനായ അധ്യാപകൻ തന്നെപ്പറ്റി വീമ്പിളക്കിയില്ല. മറിച്ച്‌, എല്ലാ ബഹുമതിയും പിതാവായ യഹോവയ്‌ക്ക്‌ നൽകി.

എന്നാൽ ഒരാളെക്കുറിച്ച്‌ ഊറ്റംകൊള്ളുന്നത്‌ തെറ്റല്ല. ആരെക്കുറിച്ചാണെന്ന്‌ അറിയാമോ?— നമ്മളെയെല്ലാം സൃഷ്ടിച്ച യഹോവയാം ദൈവത്തെക്കുറിച്ച്‌. ഭംഗിയുള്ള സൂര്യാസ്‌തമയമോ ദൈവം സൃഷ്ടിച്ച അത്ഭുതകരമായ മറ്റെന്തെങ്കിലുമോ കാണുമ്പോൾ നമുക്ക്‌ മറ്റുള്ളവരോട്‌ അഭിമാനത്തോടെ ഇങ്ങനെ പറയാനാകും: ‘നമ്മുടെ ദൈവമായ യഹോവ ഉണ്ടാക്കിയതാണ്‌ ഇത്‌!’ അതെ, യഹോവ ചെയ്‌തിട്ടുള്ളതും ഇനി ചെയ്യാൻ പോകുന്നതുമായ വലിയ കാര്യങ്ങളെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാൻ എപ്പോഴും നമ്മൾ ഒരുക്കമുള്ളവരായിരിക്കണം.

ഈ കുട്ടി എന്തിനെക്കുറിച്ചാണ്‌ ഊറ്റംകൊള്ളുന്നത്‌?

പൊങ്ങച്ചത്തെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നതെന്നും അത്‌ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ടാണെന്നും അറിയാൻ ഈ തിരുവെഴുത്തുകൾ വായിക്കുക: സദൃശവാക്യങ്ങൾ 16:5, 18; യിരെമ്യാവു 9:23, 24; 1 കൊരിന്ത്യർ 4:7; 13:4.