ഭാഗം 1
ദൈവം നമ്മെക്കുറിച്ച് ചിന്തയുള്ളവനാണോ?
പ്രശ്നങ്ങളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുകയാണ് മനുഷ്യർ. യുദ്ധങ്ങൾ, പ്രകൃതിവിപത്തുകൾ, രോഗങ്ങൾ, ദാരിദ്ര്യം, അഴിമതി, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങൾ! നിങ്ങൾക്കും നിങ്ങളുടേതായ പ്രശ്നങ്ങളുണ്ടാകും. ആകട്ടെ, നമ്മെ സഹായിക്കാൻ പറ്റിയ ആരെങ്കിലുമുണ്ടോ, നമ്മെക്കുറിച്ച് ചിന്തയുള്ള ആരെങ്കിലും?
തീർച്ചയായും ഉണ്ട്! നമ്മെ സൃഷ്ടിച്ച ദൈവത്തിന് (പടച്ചവന്) നമ്മെക്കുറിച്ച് ചിന്തയുണ്ട്. അതുകൊണ്ടാണ് തന്റെ വിശുദ്ധ ഗ്രന്ഥത്തിലൂടെ അവൻ ഇങ്ങനെ പറഞ്ഞിരിക്കുന്നത്: “ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.” a
ഒരമ്മയ്‌ക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം നമുക്കറിയാം. അതിനെക്കാൾ ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന് അറിയുന്നത് സന്തോഷകരമല്ലേ? ദൈവം ഒരിക്കലും നമ്മെ കൈവിടില്ല. വാസ്തവത്തിൽ ഇപ്പോൾത്തന്നെ ദൈവം നമ്മെ സഹായിക്കുന്നുണ്ട്. എങ്ങനെ? സന്തുഷ്ട ജീവിതത്തിന്റെ രഹസ്യം വെളിപ്പെടുത്തിത്തന്നുകൊണ്ട്. അതെ, യഥാർഥ വിശ്വാസം (ഈമാൻ) ഉണ്ടായിരിക്കുന്നതാണ് സന്തോഷത്തിന്റെ അടിസ്ഥാനം എന്ന് അവൻ നമുക്ക് കാണിച്ചുതന്നിരിക്കുന്നു.
പല പ്രശ്നങ്ങളും ഒഴിവാക്കാനും ഒഴിവാക്കാൻ പറ്റാത്ത പ്രശ്‌നങ്ങൾ സമചിത്തതയോടെ കൈകാര്യംചെയ്യാനും യഥാർഥ വിശ്വാസം നിങ്ങളെ സഹായിക്കും. മാത്രമല്ല, നിങ്ങൾ ദൈവത്തോട് കൂടുതൽ അടുക്കും. ഒപ്പം മനശ്ശാന്തിയും കൈവരും. ഇതിനൊക്കെ പുറമേ, ഭൂമി ഒരു പറുദീസയായി മാറുമ്പോൾ അവിടെ നിത്യം ജീവിക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങളുമുണ്ടാകും!
എന്നാൽ യഥാർഥ വിശ്വാസം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? അത് നിങ്ങൾക്ക് എങ്ങനെ വളർത്തിയെടുക്കാം?
a വിശുദ്ധ തിരുവെഴുത്തുകളിൽ യെശയ്യാവു 49:15 കാണുക.