ഭാഗം 6
ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണ്?
മനുഷ്യർക്കു വസിക്കാനാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചത്. “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു” എന്ന് ദൈവവചനം പറയുന്നു.—സങ്കീർത്തനം 115:16.
ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവം, ഭൂമിയുടെ ചെറിയൊരു ഭാഗം തിരഞ്ഞെടുത്ത് അതിനെ മനോഹരമായ ഒരു തോട്ടമാക്കി. ഏദെൻ എന്നായിരുന്നു അതിന്റെ പേര്. യൂഫ്രട്ടീസ് (ഫ്രാത്ത്), ടൈഗ്രിസ് (ഹിദ്ദേക്കൽ) എന്നീ നദികളുടെ ഉത്ഭവം ഏദെനിൽനിന്നായിരുന്നു എന്ന് തിരുവെഴുത്തുകൾ പറയുന്നു. a ഇപ്പോഴത്തെ കിഴക്കൻ തുർക്കിയിലാണ് ഏദെൻ തോട്ടം സ്ഥിതിചെയ്തിരുന്നതെന്നു കരുതപ്പെടുന്നു. അതെ, ഏദെൻ തോട്ടം ഭൂമിയിൽത്തന്നെയായിരുന്നു!
ദൈവം ആദാമിനെ സൃഷ്ടിച്ച് “ഏദെൻതോട്ടത്തിൽ വേല ചെയ്വാനും അതിനെ കാപ്പാനും” അവിടെ ആക്കി. (ഉല്പത്തി 2:15) പിന്നീട് ദൈവം ആദാമിന്റെ ഭാര്യയെ സൃഷ്ടിച്ചു; ഹവ്വാ എന്നായിരുന്നു അവളുടെ പേര്. ദൈവം അവരെ അനുഗ്രഹിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ.” (ഉല്പത്തി 1:28) അതെ, “വ്യർത്ഥമായിട്ടല്ല (ദൈവം) അതിനെ (ഭൂമിയെ) സൃഷ്ടിച്ചത്; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചത്.”—യെശയ്യാവു 45:18.
എന്നാൽ ദൈവകൽപ്പന മനഃപൂർവം ലംഘിച്ചുകൊണ്ട് ആദാമും ഹവ്വായും ദൈവത്തോട് അനുസരണക്കേടു കാണിച്ചു. ദൈവം അവരെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി. അങ്ങനെ, അവർക്കു പറുദീസ നഷ്ടമായി. ആദാമിന്റെ പാപം വരുത്തിവെച്ച പ്രശ്നങ്ങൾ അവിടംകൊണ്ട് അവസാനിച്ചില്ല. “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു” എന്ന് തിരുവെഴുത്തുകൾ പറയുന്നു.—റോമർ 5:12.
ഭൂമി ഒരു പറുദീസയായി മാറണമെന്നും മനുഷ്യർ സന്തോഷത്തോടെ അതിൽ വസിക്കണമെന്നുമുള്ള തന്റെ ഉദ്ദേശ്യം ദൈവം ഉപേക്ഷിച്ചോ? ഒരിക്കലുമില്ല. “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” എന്ന് ദൈവം പറയുന്നു. (യെശയ്യാവു 55:11) അതെ, ഭൂമി പറുദീസയായിത്തീരും!
പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും? തുടർന്നുവരുന്ന രണ്ടുപേജുകളിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തു വാഗ്ദാനങ്ങൾ ശ്രദ്ധിക്കുക.
a ഉല്പത്തി 2:10-14 പറയുന്നു: “തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ. . . . രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ. . . . മൂന്നാം നദിക്കു ഹിദ്ദേക്കെൽ (ടൈഗ്രിസ്) എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് (യൂഫ്രട്ടീസ്) ആകുന്നു.” ആദ്യത്തെ രണ്ടുനദികൾ എവിടെയാണെന്നോ ഇന്ന് ഏതു പേരിലാണ് അറിയപ്പെടുന്നതെന്നോ വ്യക്തമല്ല.