ലട്വിയ
ലട്വിയ
ലട്വിയയുടെ തലസ്ഥാനമായ റിഗയുടെ മധ്യത്തിൽ ബ്രിവിബാസ് തെരുവിൽ (അല്ലെങ്കിൽ സ്വാതന്ത്ര്യത്തെരുവിൽ) 42 മീറ്റർ ഉയരമുള്ള സ്വാതന്ത്ര്യ സ്മാരകം നിലകൊള്ളുന്നു. 1935-ൽ അനാച്ഛാദനം ചെയ്യപ്പെട്ട ആ സ്മാരകം രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ഒരു പ്രതീകമാണ്. എന്നിരുന്നാലും, 1920-കൾ മുതൽ ലട്വിയയിലെ ജനങ്ങൾക്ക് മികച്ച ഒരു തരം സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു—ബൈബിൾ സത്യം അറിയുന്നതിൽനിന്നു ലഭിക്കുന്ന സ്വാതന്ത്ര്യം. ഈ ആത്മീയ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു റിപ്പോർട്ട് ഇങ്ങനെ പറയുകയുണ്ടായി: ‘സന്തോഷാശ്രുക്കളോടെയാണ് സാധാരണക്കാർ—സ്ത്രീകളും പുരുഷന്മാരും—സന്ദേശം സ്വീകരിക്കുന്നത്.’ ഈ വിലയേറിയ സന്ദേശത്തെ അടിച്ചമർത്താൻ ശത്രുക്കൾ പതിറ്റാണ്ടുകളോളം ശ്രമിച്ചു, അത് കുറച്ചൊക്കെ വിജയം കാണുകയും ചെയ്തു. എന്നാൽ ഈ വിവരണം പ്രകടമാക്കുന്നതുപോലെ ഭൂമിയിലെ യാതൊരു ശക്തിക്കും സർവ്വശക്തന്റെയോ അവന്റെ പുത്രന്റെയോ കൈ തടുക്കാനാവില്ല. അവരുടെ ആധിപത്യം സകല രാഷ്ട്രീയാതിർത്തികൾക്കും അതീതമാണ്.—വെളി. 11:15.
1201-ൽ റിഗ സ്ഥാപിച്ച ട്യൂട്ടോണിക്ക് പ്രഭുക്കന്മാരുടെ കാലംമുതൽ സോവിയറ്റ് കമ്മ്യൂണിസത്തിന്റെ കാലംവരെ ജർമനി, പോളണ്ട്, സ്വീഡൻ, റഷ്യ എന്നിവ ഉൾപ്പെടെയുള്ള പല രാഷ്ട്രീയ ശക്തികൾ ലട്വിയയെ ആക്രമിക്കുകയും ഭരിക്കുകയും ചെയ്തിട്ടുണ്ട്. 1918-ൽ ലട്വിയ ആദ്യമായി സ്വതന്ത്രയായി. എന്നുവരികിലും, 1940-ൽ ആ രാജ്യം ഒരു സോവിയറ്റ് റിപ്പബ്ലിക്ക് ആയിത്തീർന്നു. 1991-ൽ അത്, ലട്വിയ റിപ്പബ്ലിക്ക് എന്ന നിലയിൽ വീണ്ടും സ്വാതന്ത്ര്യം നേടി.
എന്നിരുന്നാലും, രാഷ്ട്രീയ സ്വാതന്ത്ര്യം യഥാർഥ സ്വാതന്ത്ര്യത്തെ അർഥമാക്കുന്നില്ല. യഹോവയ്ക്കു മാത്രമേ മനുഷ്യവർഗത്തെ പൂർണമായി സ്വതന്ത്രരാക്കാൻ കഴിയുകയുള്ളൂ. അവന്റെ സ്വാതന്ത്ര്യ വാഗ്ദാനം ദൈവരാജ്യ സുവാർത്തയുടെ ശോഭനമായ ഒരു വശമാണ്. (ലൂക്കൊ. 4:18; എബ്രാ. 2:15) ആ സുവാർത്ത ലട്വിയയിൽ എത്തിയത് എങ്ങനെയാണ്? ആ കഥ ആൻസ് ഇൻസ്ബെർഗ് എന്ന നാവികന്റെ പ്രാർഥനയോടെ തുടങ്ങുന്നു.
യോഹ. 4:24) എന്റെ നാടായ ലട്വിയയിലെ പള്ളിക്കാരുടെ ഇടയിൽ വളരെയധികം കപടഭക്തി ഞാൻ കണ്ടിരുന്നു, അത്തരക്കാരുമായി ഒരു ബന്ധം ഞാൻ ആഗ്രഹിച്ചില്ല. അങ്ങനെയിരിക്കെ, 1914-ൽ യു.എസ്.എ.-യിലെ ഒഹായോയിലുള്ള ക്ലീവ്ലൻഡിൽവെച്ച് ഞാൻ ‘സൃഷ്ടിപ്പിൻ ഫോട്ടോ നാടകം’ കാണാനിടയായി. അന്തർദേശീയ ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—തയ്യാറാക്കിയ ഒരു ബൈബിളധിഷ്ഠിത അവതരണമായിരുന്നു അത്. എന്റെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടി; ഞാൻ സത്യം കണ്ടെത്തി! 1916 ജനുവരി 9-നു ഞാൻ സ്നാപനമേൽക്കുകയും പ്രസംഗവേല ആരംഭിക്കുകയും ചെയ്തു. കയ്യിലുള്ള പണം തീരുമ്പോഴൊക്കെ ഞാൻ ജോലിക്കായി കടലിലേക്കു തിരികെ പോകുമായിരുന്നു.”
ആൻസ് എഴുതി: “അത് നക്ഷത്രനിബിഡമായ ഒരു രാത്രിയായിരുന്നു. കടലിലൂടെ സഞ്ചരിക്കവേ ഞാൻ എന്റെ ഹൃദയം കർത്താവിങ്കൽ പകരുകയും അവനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവരിലേക്ക് എന്നെ നയിക്കേണമേയെന്നു യാചിക്കുകയും ചെയ്തു. (ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അധികം താമസിയാതെ
ആൻസ്, ലട്വിയയിൽ രാജ്യസന്ദേശം വ്യാപകമായി പ്രചരിപ്പിച്ചു. അദ്ദേഹം സ്വന്തം ചെലവിൽ ലട്വിയൻ വർത്തമാനപ്പത്രങ്ങളിൽ ദൈവരാജ്യത്തെ ഘോഷിക്കുന്ന അറിയിപ്പുകൾ പ്രസിദ്ധപ്പെടുത്തി. റിട്ടയർചെയ്ത ഒരു സ്കൂളധ്യാപകനായ ക്രാസ്റ്റിനിഷ് അവയിൽനിന്ന് സത്യം മനസ്സിലാക്കി. ഒരുപക്ഷേ യഹോവയ്ക്കു തന്റെ ജീവിതം സമർപ്പിക്കുന്ന ലട്വിയ നിവാസിയായ ആദ്യ ബൈബിൾ വിദ്യാർഥി അദ്ദേഹമായിരിക്കാം. 1922-ൽ ആൻസ് സഹോദരൻ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തെ അംഗമായി. അവിടെയായിരിക്കെ അദ്ദേഹം, മറ്റു നാവികരുമായി ബൈബിൾ സത്യം പങ്കുവെക്കാൻ ക്രമമായി കപ്പൽത്തുറകൾ സന്ദർശിക്കുമായിരുന്നു. “എന്റെ ഇഷ്ടപ്പെട്ട പ്രസംഗവേദി” എന്നാണ് അദ്ദേഹം അവയെ വിശേഷിപ്പിച്ചിരുന്നത്. 1962 നവംബർ 30-ന് അദ്ദേഹം തന്റെ ഭൗമിക ജീവിതഗതി പൂർത്തിയാക്കി.1925-ൽ ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ ഉത്തര യൂറോപ്യൻ ഓഫീസ് തുറന്നു. അത് എസ്തോണിയ, ലട്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് സ്റ്റേറ്റുകളിലെയും ഡെന്മാർക്ക്, നോർവേ, ഫിൻലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലെയും വേലയുടെ മേൽനോട്ടം വഹിച്ചു. 1926 ജൂലൈയിൽ ബ്രിട്ടനിൽനിന്നുള്ള റിസ് ടെയ്ലർ ലട്വിയയിലെ വേലയ്ക്കു മേൽനോട്ടം വഹിക്കാൻ നിയമിക്കപ്പെട്ടു. അദ്ദേഹം റിഗയിൽ ഒരു ഓഫീസ് സ്ഥാപിക്കുകയും ഒരു ചെറിയ കൺവെൻഷൻ സംഘടിപ്പിക്കുകയും ചെയ്തു. ഹാജരായ 20 പേരിൽ 14 പേർ രാജ്യത്തെ ആദ്യ വയൽസേവന പ്രസ്ഥാനത്തിൽ പങ്കെടുത്തു. തുടർന്ന് സഹോദരന്മാർ പരസ്യയോഗങ്ങൾ നടത്തുന്നതിനു പോലീസിൽനിന്ന് അനുമതി വാങ്ങി. റിഗയിലും ലിയെപയയിലും യെൽഗാവായിലും നടത്തിയ ബൈബിൾ പ്രസംഗങ്ങൾ 975 പേർ കേട്ടു. പ്രസംഗങ്ങൾ നടത്തിയത് അനേകം ലട്വിയക്കാരുടെയും ഉപഭാഷയായ ജർമനിലായിരുന്നു. കൂടുതൽ യോഗങ്ങൾ നടത്തണമെന്ന് പലരും ആവശ്യപ്പെട്ടു.
“ജനങ്ങൾക്കു സ്വാതന്ത്ര്യം”
1927 സെപ്റ്റംബറിൽ ലോകാസ്ഥാനത്തുനിന്നുള്ള ജോസഫ് എഫ്. റഥർഫോർഡ് നടത്തുന്ന “ജനങ്ങൾക്കു സ്വാതന്ത്ര്യം” എന്ന പ്രസംഗം കേൾക്കാൻ എസ്തോണിയ, ലട്വിയ, സ്കാൻഡിനേവിയ എന്നിവിടങ്ങളിൽനിന്ന് ഏതാണ്ട് 650 പ്രതിനിധികൾ കോപ്പൻഹേഗനിൽ കൂടിവന്നു. അടുത്തവർഷം ആ ശീർഷകത്തിലുള്ള ഒരു ചെറുപുസ്തകം ലട്
വിയനിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. കോൽപോർട്ടർമാർ, അഥവാ പയനിയർമാർ അതിന്റെ വിതരണത്തിനു നേതൃത്വം വഹിച്ചു.
ആ ആദിമ പയനിയർമാരിൽ, വേലയിൽ സഹായിക്കുന്നതിനു ജർമനിയിൽനിന്നു ലട്വിയയിലേക്കു വന്ന പത്തു സഹോദരന്മാരെങ്കിലും ഉൾപ്പെട്ടിരുന്നു. ഇവരിൽ ഒരാൾ 22 വയസ്സുണ്ടായിരുന്ന യോഹാനെസ് ബെർജ ആയിരുന്നു. അദ്ദേഹം എഴുതി: “പയനിയർമാർ തങ്ങളുടെ നിയമിത നഗരത്തിൽ എത്തിച്ചേർന്നപ്പോൾ ചെയ്ത ആദ്യ സംഗതി പരസ്യ
പ്രസംഗങ്ങൾ നടത്തുക എന്നതായിരുന്നു. അങ്ങനെ ലട്വിയയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ഞങ്ങൾ പ്രസംഗങ്ങൾ നടത്തി. സ്ലുവോക്കാ നഗരത്തിൽ ഞങ്ങൾ ഒരു സിനിമാ കൊട്ടക വാടകയ്ക്കെടുത്തു. ശൈത്യകാലത്തെ എല്ലാ തിങ്കളാഴ്ചകളിലും ഞാൻ അവിടെ പ്രസംഗങ്ങൾ നടത്തി. ആളുകൾ അവരുടെ ചെറിയ കുതിരകളുടെ പുറത്തു കയറി വിദൂരത്തുനിന്നു വരുകയുണ്ടായി.” ആ കാലങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കിക്കൊണ്ട്, അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “എനിക്കു പരിമിത വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും എന്റെ സേവനപദവികൾ വളരെ വലുതായിരുന്നു.”ഏതാണ്ടു 40 രാജ്യപ്രസാധകരാണ് 1928-ൽ പ്രസംഗവേലയിൽ പങ്കെടുത്തിരുന്നത്. അവരിൽ 15 പേർ സ്നാപനമേറ്റവരായിരുന്നു. 1929-ൽ ഓഫീസ് റിഗയിലെ ഷാർലോട്ടെസ് തെരുവിലേക്കു മാറ്റി. ആ വർഷം ഒൻപതു പേർകൂടെ സ്നാപനമേറ്റു. വയലിൽ 90,000-ത്തിൽപ്പരം പുസ്തകങ്ങളും ചെറുപുസ്തകങ്ങളും സമർപ്പിക്കപ്പെട്ടു.
1927-ൽ ഫെർഡിനാൻഡ് ഫ്രുക്ക് എന്ന ഒരു ചെറുപ്പക്കാരനും അയാളുടെ അമ്മ എമിലിയും സ്നാപനമേറ്റു. നാലുവർഷം കഴിഞ്ഞ് ഫെർഡിനാൻഡ് സ്വന്തം പട്ടണമായ ലിയെപയയിലുള്ള ഒരു ബേക്കറിയിൽ സാക്ഷീകരിച്ചുകൊണ്ടിരിക്കെ, തന്റെ ഭാവി പയനിയർ പങ്കാളിയെ കണ്ടെത്തി. ബേക്കറിയുടമ തൊട്ടടുത്തുള്ള, തന്റെ സഹോദരന്റെ ബാർബർ ഷോപ്പിലേക്ക് പെട്ടെന്നോടി. “ഹൈൻറിഖ്! പെട്ടെന്നു വാ,” അയാൾ പറഞ്ഞു. “എന്റെ കടയിൽനിന്ന് ഒരു മനുഷ്യൻ വിശ്വസിക്കാൻ പ്രയാസമായ കാര്യങ്ങൾ പറയുന്നു.” ബാർബറായ ഹൈൻറിഖ് റ്റ്സെഖിന്
ബൈബിൾ സത്യം വിശ്വസിക്കാൻ പ്രയാസമുള്ളതാണെന്നു തോന്നിയില്ല. അദ്ദേഹം പെട്ടെന്നു സ്നാപനമേറ്റു. അദ്ദേഹം ഫെർഡിനാൻഡിനോടു ചേർന്നു. ഇരുവരും സൈക്കിളിൽ പട്ടണങ്ങൾതോറും പോയി രാജ്യസന്ദേശം വ്യാപിപ്പിച്ചു.എതിർപ്പു പൊട്ടിപ്പുറപ്പെടുന്നു
സഹോദരങ്ങൾ ചുരുക്കമായിരുന്നെങ്കിലും അവരുടെ തീക്ഷ്ണത വൈദികരെ കുപിതരാക്കി. യഥാർഥത്തിൽ, റിഗയിലെ ഒരു പ്രമുഖ വൈദികൻ ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങൾക്കു ഹാജരാകുന്ന ഏതൊരാളെയും സഭയിൽനിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി. ലിയെപയയിൽ, സഹോദരങ്ങൾ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരല്ലെന്നും അവരുടെ സാഹിത്യങ്ങൾ വാങ്ങരുതെന്നും ആളുകളോടു പറഞ്ഞുകൊണ്ട് വൈദികർ ലഘുലേഖകൾ വിതരണം ചെയ്തു. ബൈബിൾ വിദ്യാർഥികളെ അവഹേളിക്കാൻ പ്രമുഖ സഭാപത്രവും അവർ ഉപയോഗിച്ചു.
1929-ൽ ഗവൺമെന്റ് സഭയുടെ സമ്മർദത്തിനു വഴങ്ങി ജർമൻ കോൽപോർട്ടർമാരെ ലട്വിയയിൽനിന്നു പുറത്താക്കി. 1931 ആയപ്പോഴേക്ക് മിക്ക ബൈബിൾ പഠന സഹായികളും നിരോധിക്കപ്പെട്ടു. ഈ ആക്രമണങ്ങൾ സഹോദരന്മാരെ പിന്തിരിപ്പിച്ചോ? ലട്വിയയിലെ ഓഫീസ് ഇങ്ങനെ എഴുതി: “പിശാചിന്റെ എതിർപ്പ് കൂടുതൽ വിശ്വസ്തരായിരിക്കാനുള്ള ഒരു പ്രേരകശക്തിയായി മാത്രമേ വർത്തിക്കുന്നുള്ളൂ. ഇവിടത്തെ വേലയിൽ ഒരു പങ്കുണ്ടായിരിക്കുന്നത് ശരിക്കും സന്തോഷകരമാണ്. . . . , [പ്രസംഗപ്രവർത്തനത്തിൽ] മുന്നേറാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്.”
ബാൾട്ടിക് രാജ്യങ്ങളിലേക്കു പോകാൻ പയനിയർമാർക്കു കൊടുത്ത ആഹ്വാനം 1931-ൽ ബ്രിട്ടനിൽനിന്നുള്ള പല സഹോദരങ്ങളും ചെവിക്കൊണ്ടു. ഇവരിൽ ചിലർ സമീപത്തുള്ള എസ്തോണിയയിൽനിന്നും ലിത്വാനിയയിൽനിന്നും ലട്വിയയിലേക്ക് ആത്മീയാഹാരം കൊണ്ടുവരുന്നതിനു സഹായിച്ചു. അന്നു 18 വയസ്സുണ്ടായിരുന്ന എഡ്വിൻ റിജ്വെലിനെ ലിത്വാനിയയിലേക്കു നിയമിച്ചു. ഇപ്പോൾ 90-കളിലായിരിക്കുന്ന റിജ്വെൽ സഹോദരൻ അനുസ്മരിക്കുന്നു: “എനിക്കും എന്റെ രണ്ടു സഹപ്രവർത്തകരായ ആൻഡ്രൂ ജാക്കിനും ജോൺ സെംപെയ്ക്കും ഒരു പ്രത്യേക നിയമനമാണ് ലഭിച്ചത്—ലട്വിയയിലേക്കു സാഹിത്യം കൊണ്ടുപോകുക. ഞങ്ങൾ റിഗയിലേക്കു രാത്രിയിൽ പുറപ്പെടുന്ന തീവണ്ടിയിലാണ് കയറിയിരുന്നത്. സീറ്റുകൾക്കടിയിൽ, പകൽസമയത്തു കിടക്കകൾ സൂക്ഷിച്ചിരുന്നിടത്ത് ഒതുങ്ങുന്ന തരത്തിലുള്ള പാഴ്സലുകളിലായി ഞങ്ങൾ സാഹിത്യം ഒളിച്ചുവെക്കുമായിരുന്നു. ഇറങ്ങുന്നതിനുമുമ്പ് ഞങ്ങൾ ഈ പാഴ്സലുകൾ എടുത്ത് വലുതാക്കാവുന്ന പ്രത്യേകതരം സൂട്ട്കേസുകളിൽ വസ്ത്രങ്ങളോടുകൂടെ വെക്കുമായിരുന്നു. ഈ യാത്രകളോരോന്നും അങ്ങേയറ്റം പിരിമുറുക്കം നിറഞ്ഞതായിരുന്നു.
എന്നാൽ സാഹിത്യങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞാൽ ഞങ്ങൾ ഒരു ആഘോഷംതന്നെ നടത്തുമായിരുന്നു. പേഴ്സി ഡനം റിഗയിലെ ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ ഞങ്ങളെ കൊണ്ടുപോകുമായിരുന്നു, അദ്ദേഹത്തിനായിരുന്നു വേലയുടെ മേൽനോട്ടം.”ഫെർഡിനാൻഡ് ഫ്രുക്ക് മിക്കപ്പോഴും ലിത്വാനിയയുടെ അതിർത്തിയിൽവെച്ച് സഹോദരന്മാരെ കണ്ടുമുട്ടുമായിരുന്നു. അവരുടെ പക്കൽനിന്നു കൈപ്പറ്റുന്ന സാഹിത്യം അദ്ദേഹം തന്റെ ധാന്യപ്പുരയുടെ തട്ടിൻപുറത്തുള്ള വൈക്കോലിനടിയിൽ ശേഖരിച്ചുവെക്കും. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടു. അതേത്തുടർന്ന് നിരോധിക്കപ്പെട്ട പ്രസിദ്ധീകരണങ്ങൾ കണ്ടുപിടിക്കാൻ പോലീസുകാർ അദ്ദേഹത്തിന്റെ വീട്ടിൽ കൂടെക്കൂടെ തിരച്ചിൽ നടത്താൻ തുടങ്ങി. ഒരിക്കൽ ഓഫീസർ തട്ടിൻപുറത്തു കയറാൻ ആഗ്രഹിക്കാതെ ഫെർഡിനാൻഡിനെത്തന്നെ കയറ്റി! ഓഫീസറെ തൃപ്തിപ്പെടുത്താൻ ഫെർഡിനാൻഡ് വീക്ഷാഗോപുരത്തിന്റെ പഴയ ചില പ്രതികൾ എടുത്തുകൊണ്ടുവന്ന് അദ്ദേഹത്തിനു കൊടുത്തു. ഓഫീസർ സംതൃപ്തനായി മടങ്ങി.
എതിർപ്പുണ്ടായിട്ടും പുരോഗതി
നേരത്തേ പറഞ്ഞ സ്കോട്ട്ലൻഡുകാരനായ പേഴ്സി ഡനം സഹോദരൻ, 1931-ൽ ലട്വിയയിലെ വയൽപ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കാൻ നിയമിതനായി. 1914-നു മുമ്പുമുതൽ ഒരു ബൈബിൾ വിദ്യാർഥിയായിരുന്ന പേഴ്സിക്ക് നല്ല അനുഭവപരിചയം ഉണ്ടായിരുന്നു. ഇത് വേലയിൽ അങ്ങേയറ്റം വിലപ്പെട്ടതെന്നു തെളിഞ്ഞു. 1931-ന്റെ ഒടുവിൽ ഓഫീസ് ഇങ്ങനെ എഴുതി: “ഭൗതികമായി ദരിദ്രരെങ്കിലും ദൈവവിശ്വാസത്തിൽ സമ്പന്നരായവർ ബുദ്ധിമുട്ടുകളിൻ മധ്യേയും വേല മുന്നോട്ടുകൊണ്ടുപോകുന്നു. . . . നമ്മുടെ സന്ദേശത്തിൽ താത്പര്യം കാണിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണ്. . . . പുസ്തകങ്ങൾ ചോദിച്ചുകൊണ്ടും മറ്റു പുസ്തകങ്ങൾ എപ്പോൾ ലഭിക്കുമെന്ന് ആരാഞ്ഞുകൊണ്ടും ഓരോ വാരത്തിലും ആളുകൾ ഓഫീസിൽ വരുന്നുണ്ട്.” എന്നിട്ട് അത്യന്തം പ്രധാനപ്പെട്ട ഒരു ദിവ്യാധിപത്യ വികാസത്തെക്കുറിച്ച് റിപ്പോർട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “റിഗയിൽ അടുത്തകാലത്തു നടന്ന ഒരു യോഗത്തിൽ, കർത്താവു തന്റെ ജനത്തിനു നൽകിയിരിക്കുന്ന [യഹോവയുടെ സാക്ഷികൾ എന്ന] പുതിയ നാമം സന്തോഷപൂർവം സ്വീകരിച്ചുകൊണ്ട് ഞങ്ങൾ ഐകകണ്ഠ്യേന ഒരു പ്രമേയം പാസാക്കി.”
1932-ൽ ഓഫീസ് റിഗയിലെ റ്റ്സെസു തെരുവിലേക്കു മാറ്റി. അതേവർഷംതന്നെ മാർഗരറ്റ് (മാജ്) ബ്രൗൺ ലട്വിയയിലേക്കു വരുകയും പേഴ്സി ഡനം സഹോദരനെ വിവാഹം കഴിക്കുകയും ചെയ്തു, അവർ 1923-ൽ സ്നാപനമേറ്റ് അയർലൻഡിൽ സേവിച്ചുകൊണ്ടിരുന്ന ഒരു സ്കോട്ടിഷ് പയനിയറായിരുന്നു. ഇതിനിടെ വേലയോടുള്ള എതിർപ്പ്
ശക്തമായി. മാജ് എഴുതി: “1933 ഫെബ്രുവരി 9-ന് ഒരു റിഗാ വർത്തമാനപ്പത്രം ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്ന് ആരോപിച്ചു. പിറ്റേന്നു രാവിലെ ഡോർബെൽ കേട്ടു ഞാൻ വാതിൽ തുറന്നപ്പോൾ പോലീസ് കൈത്തോക്കുകൾ വീശിക്കൊണ്ട് വീടിനകത്തേക്ക് പാഞ്ഞുകയറി ‘ഹാൻഡ്സ് അപ്പ്!’ എന്ന് അലറി. ഏഴു മണിക്കൂർ അവർ നിരോധിത പുസ്തകങ്ങൾക്കായി തിരച്ചിൽ നടത്തി. ഉച്ചഭക്ഷണ സമയത്ത് ഞാൻ അവർക്ക് ഓരോ കപ്പു ചായ കൊടുത്തു, അത് അവർ സ്വീകരിച്ചു.“സഹോദരങ്ങൾക്കുവേണ്ടിയുള്ള പ്രധാന പുസ്തകക്കെട്ട് തട്ടിൻപുറത്ത് ഒളിച്ചുവെച്ചിരിക്കുകയായിരുന്നു. മേൽനോട്ടം വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ നേരത്തേ എന്റെ ഭർത്താവിന്റെ പോക്കറ്റുകൾ പരിശോധിച്ചപ്പോൾ അദ്ദേഹം ചില താക്കോലുകൾ കണ്ടെത്തിയിരുന്നു. ‘ഇവ എന്തിന്റേതാണ്?’ അദ്ദേഹം ചോദിച്ചു. ‘തട്ടിൻപുറത്തിന്റേത്,’ പേഴ്സി പറഞ്ഞു. എന്നിട്ടും പോലീസുകാർ അങ്ങോട്ടു പോയതേ ഇല്ല. മാത്രമല്ല, തിരികെപോകുന്നതിനു തൊട്ടുമുമ്പ് ആ ഉദ്യോഗസ്ഥൻ താക്കോലുകൾ പേഴ്സിയെ തിരികെ ഏൽപ്പിക്കുകയും ചെയ്തു! അവർ ചില സാഹിത്യങ്ങൾ പരിശോധിച്ചെങ്കിലും അതു കണ്ടുകെട്ടാൻ കാരണമൊന്നും കാണുന്നില്ലെന്നു പറഞ്ഞു.
“എന്നിരുന്നാലും, അവർ അതും കത്തുകൾ, കുറെ പണം, ഒരു പകർപ്പെടുക്കൽ യന്ത്രം, ഒരു ടൈപ്റൈറ്റർ എന്നിവയും കണ്ടുകെട്ടുകതന്നെ ചെയ്തു. പോലീസ് ലട്വിയൻ സാക്ഷിക്കുടുംബങ്ങളുടെ ആറു ഭവനങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കുറ്റം ചെയ്തതായുള്ള തെളിവൊന്നും കണ്ടെത്തിയില്ല, കുറ്റം ചുമത്തിയതുമില്ല.”
ആ സമയത്ത് മുഴു രാജ്യത്തുമായി 50 രാജ്യപ്രസാധകർപോലും ഉണ്ടായിരുന്നില്ല. എന്നിട്ടും, നിയമസാധുത ഉണ്ടായിരിക്കുന്നതിന് സഹോദരന്മാർ രജിസ്ട്രേഷന് അപേക്ഷിച്ചു. 1933 മാർച്ച് 14-ന് ‘അന്തർദേശീയ ബൈബിൾ വിദ്യാർഥികളുടെ സംഘടന’ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ അവർ എത്ര പുളകിതരായെന്ന് സങ്കൽപ്പിക്കാവുന്നതേയുള്ളൂ. ബൈബിൾ സാഹിത്യങ്ങൾ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചില്ലെങ്കിലും, കുറെ ചെറുപുസ്തകങ്ങൾ സ്ഥലത്തുതന്നെ അച്ചടിക്കാനായി അവർ തങ്ങളുടെ നിയമസാധുത ഉപയോഗപ്പെടുത്തി. ലട്വിയനിലേക്കുള്ള വിവർത്തനം നടത്തിയത് പ്രശസ്ത എഴുത്തുകാരനും റിറ്റ്സ് വർത്തമാനപ്പത്രത്തിന്റെ മുഖ്യ പത്രാധിപരുമായ അലിക്സാണ്ടർ ഗ്രിൻസ് ആയിരുന്നു.
രജിസ്ട്രേഷന് അൽപ്പായുസ്സ്
1934 മേയിൽ ഗവൺമെന്റിനെതിരെ നടന്ന ഒരു അട്ടിമറി ശ്രമം പട്ടാള നിയമം ഏർപ്പെടുത്തുന്നതിൽ കലാശിച്ചു. രാഷ്ട്രീയ അസ്ഥിരതയെ ചൂഷണം ചെയ്തുകൊണ്ട് സത്യത്തിന്റെ ശത്രുക്കൾ ദൈവജനം കമ്മ്യൂണിസ്റ്റുകാരാണെന്നു കുറ്റപ്പെടുത്തി. ജൂൺ 30-ാം തീയതി ആഭ്യന്തര മന്ത്രി ‘അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടന’യുടെ ഓഫീസ്
അടച്ചുപൂട്ടുകയും 40,000-ത്തിൽപ്പരം പുസ്തകങ്ങളും ചെറുപുസ്തകങ്ങളും കുറച്ചു പണവും കണ്ടുകെട്ടുകയും ചെയ്തു. ആസ്തികളും ബാധ്യതകളും തിട്ടപ്പെടുത്തി കാര്യങ്ങൾക്കു തീർപ്പുകൽപ്പിക്കാൻ വൈദികരെ നിയമിച്ചു! വീണ്ടും രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷകൾ നിരസിക്കപ്പെട്ടു.1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1940 ജൂണിൽ റഷ്യൻ സൈന്യം ലട്വിയയിലേക്കു മാർച്ചുചെയ്തു. ആഗസ്റ്റിൽ ലട്വിയ, യു.എസ്.എസ്.ആർ.-ന്റെ 15-ാമത്തെ റിപ്പബ്ലിക് ആയിത്തീർന്നു. ലട്വിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് അതു നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഒക്ടോബർ 27-ാം തീയതി പേഴ്സി ഡനം സഹോദരനും ഭാര്യ മാജിനും ലട്വിയയെയും അവിടത്തെ പ്രിയ സഹോദരീസഹോദരന്മാരെയും വിട്ടുപോകേണ്ടിവന്നു. അവർ ഓസ്ട്രേലിയാ ബ്രാഞ്ചിൽ പുനർനിയമിക്കപ്പെട്ടു, അവിടെ 1951-ൽ പേഴ്സിയുടെയും 1998-ൽ മാജിന്റെയും ഭൗമികജീവിതം അവസാനിച്ചു.
ഓഫീസ് അടച്ചുപൂട്ടിയതും നേതൃത്വം വഹിക്കുന്ന സഹോദരന്മാരെ നാടുകടത്തിയതും യുദ്ധത്തിന്റെ കെടുതികളും പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ക്രൂരമായ കമ്മ്യൂണിസ്റ്റ് ഭരണവുമെല്ലാം വേലയെ വളരെ ഹാനികരമായി ബാധിച്ചു. 1990-കളുടെ പ്രാരംഭത്തിൽ മാത്രമാണ് അസഹിഷ്ണുത പ്രബലപ്പെട്ടിരുന്ന ഭൂതകാലത്തിന്റെ ക്രൂര ചങ്ങലകൾ നീക്കപ്പെട്ടത്.
യഹോവ തന്റെ വിശ്വസ്തരെ ആശ്വസിപ്പിക്കുന്നു
രണ്ടാം ലോകമഹായുദ്ധകാലത്ത്, ലട്വിയയിലെ സാക്ഷികളുടെ ചെറിയ സംഘത്തിന് ഹെഡ്ക്വാർട്ടേഴ്സുമായി സമ്പർക്കമില്ലായിരുന്നു. എന്നിരുന്നാലും, “തിരുവെഴുത്തുകളാൽ ഉളവാകുന്ന . . . ആശ്വാസ”ത്താൽ അവർ തങ്ങളുടെ പ്രത്യാശയെ സജീവമാക്കി നിറുത്തി. (റോമ. 15:4) ഒടുവിൽ യുദ്ധത്തിനുശേഷം, 1940-കളുടെ അവസാനഭാഗത്ത്, ജർമനി ബ്രാഞ്ചിന് യെൽഗാവാ, കുൽഡിഗാ, റിഗ, വെന്റ്സ്പിൽസ് എന്നിവിടങ്ങളിലുള്ള ഏതാനും സഹോദരന്മാർക്ക് തപാൽ അയച്ചുകൊടുക്കാൻ കഴിഞ്ഞു.
റിഗയിൽനിന്ന് 160 കിലോമീറ്റർ പടിഞ്ഞാറു മാറിയുള്ള കുൽഡിഗാ പട്ടണത്തിലായിരുന്നു എർണെസ്റ്റ്സ് ഗ്രുണ്ട്മാനിസ് താമസിച്ചിരുന്നത്. 20 വർഷമായി സത്യത്തിലായിരുന്ന അദ്ദേഹത്തിന് ജർമനിയിൽനിന്ന് പല എഴുത്തുകൾ കിട്ടി. അവയിൽ യഥാർഥത്തിൽ തക്കസമയത്തെ ആത്മീയാഹാരം ഉൾക്കൊണ്ടിരുന്നു. ഒരു എഴുത്തിൽ “എല്ലാ കാര്യങ്ങളിലും, നമ്മുടെ നല്ല പിതാവായ യഹോവയാം ദൈവത്തിൽ ആശ്രയിക്കുക, അവൻ തക്കസമയത്ത് നിങ്ങളെ ബലപ്പെടുത്തുകയും പിന്താങ്ങുകയും ചെയ്യും” എന്നു പറഞ്ഞിരുന്നു. പിന്നെ 2 ദിനവൃത്താന്തം 16:9 ഉദ്ധരിച്ചുകൊണ്ട് അത് ഇങ്ങനെ തുടർന്നു: “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയില്ലെലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” അത്തരം എഴുത്തുകൾ എത്ര സമയോചിതവും പ്രോത്സാഹജനകവുമായിരുന്നു!
അനൗപചാരികമായി സാക്ഷീകരിക്കാനുള്ള സകല അവസരവും സഹോദരങ്ങൾ ഉപയോഗപ്പെടുത്തി. ദൃഷ്ടാന്തമായി, വെന്റ്സ്പിൽസിലെ ഒരു ആരോഗ്യകേന്ദ്രത്തിൽ ഉഴിച്ചിൽ നടത്തിയിരുന്ന മാർട്ടാ ബാൽഡുവോണെ തന്റെ രോഗികളോടു സുവാർത്ത പ്രസംഗിച്ചു. അവരിൽ ഒരാളായിരുന്നു ആലെക്സാണ്ട്രാ പ്രെക്ലോൺസ്കായാ (ഇപ്പോൾ റെസെവ്സ്കിസ്). ആലെക്സാണ്ട്രാ അനുസ്മരിക്കുന്നു: “ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് മാർട്ടാ എന്നെ പഠിപ്പിച്ചു. എനിക്ക് ആ പേർ വളരെ ഇഷ്ടമായിത്തീർന്നു.”
ആലെക്സാണ്ട്രായുടെ അപ്പനായിരുന്ന പീറ്ററും—1880-ൽ ആയിരുന്നു അദ്ദേഹം ജനിച്ചത്—ബൈബിൾ സത്യത്തിന്റെ പരിജ്ഞാനത്തിലെത്തി. അദ്ദേഹത്തിന്റെ പുത്രി എഴുതുന്നു: “അപ്പൻ 1917-ലെ വിപ്ലവത്തിനു മുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. താമസം സെന്റ് പീറ്റേഴ്സ്ബർഗിലായിരുന്നു [1914 മുതൽ 1924 വരെ പെട്രോഗ്രാഡ് എന്നും 1924 മുതൽ 1991 വരെ ലെനിൻഗ്രാഡ് എന്നും ഇത് അറിയപ്പെട്ടു]. എന്നിരുന്നാലും, അപ്പൻ പ്രതീക്ഷിച്ച ഫലമല്ല വിപ്ലവത്തിന് ഉണ്ടായത്. തന്നിമിത്തം അദ്ദേഹം തന്റെ പാർട്ടി അംഗത്വകാർഡ് തിരിച്ചേൽപ്പിച്ചു, നഗരം വിട്ടുപോകാനും നിർബന്ധിതനായി. ലട്വിയയിലേക്കു വന്ന അദ്ദേഹത്തെ ഞാൻ മാർട്ടായ്ക്കു പരിചയപ്പെടുത്തി. സത്യസന്ധനും ദയാലുവുമായിരുന്ന അപ്പൻ സത്വരം സത്യം സ്വീകരിച്ചു. 1951-ൽ അദ്ദേഹം റഷ്യയിലേക്കു മടങ്ങിപ്പോയി. ഈ പ്രാവശ്യം വിശ്വാസം നിമിത്തം ഒരു തടവുപുള്ളിയായിട്ടാണെന്നു മാത്രം. 1953-ൽ അദ്ദേഹം സൈബീരിയയിൽവെച്ചു മരണമടഞ്ഞു.”
സൈബീരിയയിലേക്കു നാടുകടത്തുന്നു
മറ്റു സോവിയറ്റ് അധിനിവേശ ദേശങ്ങളിലെപ്പോലെ ലട്വിയയിലും, സകല സാംസ്കാരിക രാഷ്ട്രീയ സ്ഥാപനങ്ങളെയും സോവിയറ്റ് മാതൃകപ്രകാരം വാർത്തെടുക്കുകയെന്ന ലക്ഷ്യം പുതിയ ഭരണകൂടം പിന്തുടർന്നു. ഇതിനു പുറമേ, കമ്മ്യൂണിസ്റ്റുകാർ സ്വകാര്യ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങൾ സംയോജിപ്പിച്ച് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലാക്കി. നാടുകടത്തൽ തുടർക്കഥയായി. 1949-ൽ പരകോടിയിലെത്തിയ അത് 1,00,000-ത്തോളം ലട്വിയക്കാർ വടക്കൻ റഷ്യയിലേക്കും സൈബീരിയയിലേക്കും നാടുകടത്തപ്പെടുന്നതിൽ കലാശിച്ചു. രണ്ടു വർഷം കഴിഞ്ഞ്, കമ്മ്യൂണിസ്റ്റുകാർ യഹോവയുടെ സാക്ഷികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അധിനിവേശ ദേശങ്ങളിൽനിന്ന് ആയിരങ്ങളെ നാടുകടത്തുകയും ചെയ്തു. അവരിൽ ലട്വിയയിൽ അപ്പോഴുമുണ്ടായിരുന്ന 30-ഓളം പ്രസാധകരിൽ 20 പേരെങ്കിലും ഉൾപ്പെട്ടിരുന്നു.
സ്നാപനമേറ്റിട്ടില്ലായിരുന്നെങ്കിലും, 1950 സെപ്റ്റംബറിൽ നടന്ന
റെയ്ഡുകളുടെ സമയത്ത് കെജിബി (സോവിയറ്റ് രാഷ്ട്ര സുരക്ഷാ കമ്മിറ്റി) അറസ്റ്റുചെയ്തവരുടെ കൂട്ടത്തിൽ വെന്റ്സ്പിൽസിൽനിന്നുള്ള വാലിയാ ലാങ്ഗെയും ഉണ്ടായിരുന്നു. റിഗയിൽ രാത്രി വൈകി നടന്ന ഒരു ചോദ്യംചെയ്യലിൽ അവളോട് ഇങ്ങനെ ചോദിച്ചു: “സോവിയറ്റ് യൂണിയൻ പൗരത്വം ഉള്ള നിങ്ങൾ രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണ്?” ശാന്തമായും ആദരവോടെയും വാലിയാ ഉത്തരം പറഞ്ഞു: “യഹോവയാം ദൈവത്തെ സേവിക്കുകയും അവന്റെ ഉപദേശങ്ങൾ മനസ്സിലാക്കുകയും മറ്റുള്ളവരുമായി അവ പങ്കുവെക്കുകയും ചെയ്യുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം.”1950 ഒക്ടോബർ 31-ലെ ഒരു പട്ടികയിൽ 19 സാക്ഷികളുടേതിനൊപ്പം വാലിയായുടെ പേരും ഉണ്ടായിരുന്നു. എല്ലാവരെയും സൈബീരിയയിൽ പത്തുവർഷത്തെ കഠിനവേലയ്ക്കു വിധിച്ചു. അവരുടെ വസ്തുവകകൾ കണ്ടുകെട്ടി. ചിലർക്ക് വീട്ടിലേക്കു പോകാൻ അനുമതി ലഭിച്ചത് വീണ്ടും ശിക്ഷിക്കപ്പെടാൻവേണ്ടി മാത്രമാണ്. ദൃഷ്ടാന്തത്തിന്, പൗളിനെ സെറോവായ്ക്ക് തപാലിൽ ബൈബിൾ സാഹിത്യങ്ങൾ കിട്ടുന്നുണ്ടെന്ന് അധികാരികൾ കണ്ടുപിടിച്ചതിനെ തുടർന്ന് അവരെ വീണ്ടും നാലുവർഷത്തേക്ക് സൈബീരിയയിലേക്കു തിരിച്ചയയ്ക്കുകയുണ്ടായി.
പാളയങ്ങളിൽ സഹോദരങ്ങൾ സുവാർത്താ പ്രസംഗവും ശിഷ്യരാക്കലും തുടർന്നു. പുതിയ ശിഷ്യരിൽ ഒരാൾ യാനിസ് ഗാർഷ്ക്യിസ് ആയിരുന്നു. 1956-ൽ സ്നാപനമേറ്റ, ഇപ്പോൾ വെന്റ്സ്പിൽസിൽ താമസിക്കുന്ന അദ്ദേഹം പറയുന്നു: “എന്നെ തൊഴിൽപ്പാളയത്തിലേക്കു പോകാൻ അനുവദിച്ചതിൽ ഞാൻ ദൈവത്തോടു നന്ദിയുള്ളവനാണ്, അല്ലായിരുന്നെങ്കിൽ ഞാൻ സത്യം പഠിക്കുകയില്ലായിരുന്നു.” എത്ര പ്രശംസാർഹമായ മനോഭാവം!
ലട്വിയാദേശക്കാരിയായ റ്റെക്ലാ ഓന്റ്സ്കുലെയെ രാഷ്ട്രീയ പ്രക്ഷോഭത്തിനിടയാക്കി എന്ന കുറ്റം ആരോപിച്ച് സൈബീരിയയിലേക്ക് അയച്ചു. വിദൂര നഗരമായ ഓംസ്കിൽവെച്ച് അവർ നാടുകടത്തപ്പെട്ട സാക്ഷികളിൽനിന്ന് സത്യത്തെക്കുറിച്ചു കേട്ടു. “ഞാൻ എന്റെ സ്നാപനം ഒരിക്കലും മറക്കുകയില്ല,” റ്റെക്ലാ പറയുന്നു. “ഐസ്പോലെ തണുത്ത ഒരു നദിയിൽ രാത്രി വൈകിയാണ് അതു നടന്നത്. തണുപ്പുകൊണ്ട് ഞാൻ ആകെ വിറയ്ക്കുകയായിരുന്നു. എന്നാൽ ഞാൻ വളരെ സന്തുഷ്ടയായിരുന്നു.” 1954-ൽ റ്റെക്ലാ അലിക്സ്യേ റ്റ്കാച്ചിനെ വിവാഹം ചെയ്തു. 1948-ൽ മൊൾഡേവിയയിൽ (ഇപ്പോൾ മൊൾഡോവ) വെച്ച് സ്നാപനമേറ്റ അദ്ദേഹം പിന്നീട് സൈബീരിയയിലേക്കു നാടുകടത്തപ്പെടുകയായിരുന്നു.
1969-ൽ ഈ ദമ്പതികളും ചെറിയ ഒരു കൂട്ടം മറ്റു സാക്ഷികളും ലട്വിയയിലേക്കു മടങ്ങി. സങ്കടകരമെന്നു പറയട്ടെ, നാടുകടത്തപ്പെട്ട ബാക്കി ലട്വിയക്കാരിൽ മിക്കവരും പാളയങ്ങളിൽ മരണമടഞ്ഞു.ലട്വിയയിൽ കെജിബി-യുടെ കണ്ണിൽപ്പെടാതെ
പിടികൊടുക്കാതെ കഴിയാൻ ഒരു ചുരുങ്ങിയ കൂട്ടം സാക്ഷികൾക്കു സാധിച്ചു. ആലെക്സാണ്ട്രാ റെസെവ്സ്കിസ് എഴുതുന്നു. “എപ്പോഴും ഒരിടത്തുതന്നെ തങ്ങാതിരുന്നുകൊണ്ടും വിവിധ കൃഷിയിടങ്ങളിൽ പണിയെടുത്തുകൊണ്ടും കെജിബി-യുടെ കണ്ണിൽപ്പെടാതെ നോക്കിക്കൊണ്ടും ഞാൻ നാടുകടത്തൽ ഒഴിവാക്കി. ഇതിനിടയിൽ ഞാൻ കണ്ടുമുട്ടിയവരോടെല്ലാം പ്രസംഗിക്കുന്നതിൽ തുടർന്നു. ആളുകൾ ശ്രദ്ധിച്ചു, ചിലർ സത്യത്തിൽ വരുകയും ചെയ്തു.” ലട്വിയയിൽ
ബാക്കിയുണ്ടായിരുന്ന ഏതാനും സാക്ഷികളെ സോവിയറ്റ് വിരുദ്ധർ എന്നു കുറ്റപ്പെടുത്തിക്കൊണ്ട് പിടികൂടാൻ കെജിബി ഏജന്റുമാർ കിണഞ്ഞുശ്രമിച്ചു. സാക്ഷികളെ അമേരിക്കൻ ചാരന്മാരെന്നു വ്യാജമായി അപലപിച്ചുകൊണ്ട് ഗവൺമെന്റ് ഒരു ലഘുപത്രിക പ്രചരിപ്പിക്കുകപോലും ചെയ്തു. കമ്മ്യൂണിസ്റ്റ് ഒറ്റുകാർ അടുത്തു നിരീക്ഷിച്ചുകൊണ്ടിരുന്നതിനാൽ സഹോദരങ്ങൾക്ക് പ്രസംഗവേലയിൽ ജാഗ്രത പാലിക്കേണ്ടിയിരുന്നെന്നു മാത്രമല്ല, യോഗങ്ങൾ രഹസ്യമായും പല സ്ഥലങ്ങളിൽ മാറിമാറിയും നടത്തേണ്ടതായുംവന്നു.ആലെക്സാണ്ട്രയും കാർലിസ് റെസെവ്സ്കിസും വിവാഹിതരായശേഷം അവർ കാർലിസിന്റെ മാതാപിതാക്കളുടെ വകയായ ഒരു ചെറിയ വീട്ടിലേക്കു മാറിപ്പാർത്തു. റിഗയിൽനിന്ന് 68 കിലോമീറ്റർ ദൂരെയുള്ള റ്റുകുംസ് പട്ടണത്തിനടുത്തുള്ള ഒരു വനത്തിലെ ഏകാന്തതയിലായിരുന്നതിനാൽ
ഈ ചെറുഗൃഹം ശൈത്യകാലത്ത് യോഗങ്ങൾ നടത്താൻ അനുയോജ്യമായിരുന്നു. ഡിറ്റാ ഗ്രാസ്ബെർഗാ (അന്ന് പേര് ഡിറ്റാ ആൻഡ്രിഷാക്കാ എന്നായിരുന്നു) അനുസ്മരിക്കുന്നു: “ഞങ്ങളുടെ കുടുംബം റെസെവ്സ്കിസിന്റെ ഭവനത്തിൽ യോഗങ്ങൾക്കു സംബന്ധിച്ചിരുന്നപ്പോൾ ഞാൻ ഒരു കുട്ടിയായിരുന്നു. റ്റുകുംസിലേക്കുള്ള ബസ് യാത്രയും മഞ്ഞത്ത് കാട്ടിലൂടെയുള്ള നടപ്പും എന്നെ ആവേശംകൊള്ളിച്ചിരുന്നു. ഒടുവിൽ അവരുടെ വീട്ടിലെത്തുമ്പോഴോ, അടുപ്പത്തിരുന്ന് തിളയ്ക്കുന്ന രുചികരമായ സൂപ്പിന്റെ കൊതിപ്പിക്കുന്ന മണമായിരുന്നു മിക്കപ്പോഴും ഞങ്ങളെ സ്വാഗതം ചെയ്തത്.”കാർലിസ് കാട്ടിൽ സാഹിത്യം ഒളിച്ചുവെക്കുമായിരുന്നു. ഒരു സന്ദർഭത്തിൽ അദ്ദേഹം പുസ്തകങ്ങൾ നിറച്ച രണ്ടു ചാക്കുകൾ കുഴിച്ചിടുകയും ശ്രദ്ധാപൂർവം ആ സ്ഥാനങ്ങൾക്ക് അടയാളംവെക്കുകയും ചെയ്തു. എന്നാൽ അന്നു രാത്രിയുണ്ടായ ഒരു കൊടുങ്കാറ്റ് അടയാളം നശിപ്പിച്ചു. ചാക്കുകൾ കണ്ടുപിടിക്കാൻ കാർലിസ് ശ്രമിച്ചെങ്കിലും നടന്നില്ല. ആ കാട്ടിൽ എവിടെയോ അവ ഇപ്പോഴും മണ്ണിനടിയിൽ കിടപ്പുണ്ട്.
വേനൽക്കാലത്ത്, സഹോദരന്മാർ വനങ്ങളിലും തടാകക്കരയിലും അല്ലെങ്കിൽ കടലോരത്തും യോഗങ്ങൾ നടത്തുമായിരുന്നു. മറ്റു സോവിയറ്റ് ദേശങ്ങളിലെപ്പോലെ അവർ വിവാഹവേളകളും ശവസംസ്കാരങ്ങളും തിരുവെഴുത്തുപ്രസംഗങ്ങൾ നടത്താനായി പ്രയോജനപ്പെടുത്തി. 1960-കളിലും 1970-കളിലും എസ്തോണിയയിൽനിന്നുള്ള സഹോദരന്മാർ പ്രസംഗങ്ങൾ നടത്തുന്നതിനും സാഹിത്യം എത്തിക്കുന്നതിനും സ്നാപനമേറ്റ 25-ഓളം വരുന്ന പ്രസാധകരിൽനിന്ന് റിപ്പോർട്ടു വാങ്ങുന്നതിനും ക്രമമായി ലട്വിയ സന്ദർശിച്ചിരുന്നു. വില്യാർഡ് കാർനാ, സിൽവർ സിലിക്സാർ, ലെംബിറ്റ് റ്റോം എന്നിവരായിരുന്നു ഇവരിൽ ചിലർ. സ്ഥലത്തെ സഹോദരങ്ങൾ റഷ്യനിൽ വീക്ഷാഗോപുരം ലഭിച്ചതിൽ വിശേഷാൽ സന്തോഷമുള്ളവരായിരുന്നു. പൗൾസ് ബെർഗ്മാനിസും വാലിയാ ലാങ്ഗെയും അതു ലട്വിയനിലേക്കു വിവർത്തനം ചെയ്യുമായിരുന്നു. വിവർത്തനം ചെയ്യുന്ന വിവരങ്ങൾ അവർ സ്കൂൾ അഭ്യാസ ബുക്കുകളിൽ കൈകൊണ്ട് എഴുതുകയായിരുന്നു പതിവ്. പൗൾസും വാലിയായും പിന്നീട് വിവാഹിതരായി, അവർ ഒരുമിച്ച് അവരുടെ വിലപ്പെട്ട വേല തുടർന്നു.
“ഞങ്ങൾക്ക് എല്ലാവർക്കുംകൂടെ ഉണ്ടായിരുന്നത് ഒരു വീക്ഷാഗോപുരമാണ്”
എസ്തോണിയയിലുള്ള സഹോദരന്മാർ 1970-കളിലും 1980-കളിലും റഷ്യയിൽനിന്ന് മൈക്രോഫിലിമിലുള്ള വീക്ഷാഗോപുരം വാങ്ങി ലട്വിയയിലേക്ക് ഒളിച്ചു കടത്തുമായിരുന്നു. ഫോട്ടോഗ്രഫി ആ സമയത്ത് പ്രചാരത്തിലുള്ള ഒരു ഹോബി ആയിരുന്നതിനാൽ സഹോദരങ്ങളുടെ വീട്ടിൽവെച്ച് നെഗറ്റീവ് ഡിവലപ് ചെയ്യുന്നതിനും കോപ്പികൾ
ഉണ്ടാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സൗകര്യം ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് മറ്റു പ്രസിദ്ധീകരണങ്ങളും ഇതേ വിധത്തിൽ എത്തിക്കാറുണ്ടായിരുന്നു, ലിത്വാനിയയിൽനിന്നും യൂക്രെയിനിൽനിന്നും ആയിരുന്നു മുഖ്യമായും അവ വന്നിരുന്നത്.“ഞങ്ങൾക്ക് എല്ലാവർക്കുംകൂടെ ഉണ്ടായിരുന്നത് ഒരു വീക്ഷാഗോപുരമാണ്,” അന്ന് ഏതാണ്ട് പത്തു വയസ്സുണ്ടായിരുന്ന വീഡ സാകാലൗവ്സ്കീൻ അനുസ്മരിക്കുന്നു. “കുറെ കാലത്തേക്ക് ഓരോ കൂട്ടത്തിനും നെഗറ്റീവുകളിൽനിന്ന് ഡിവലപ് ചെയ്തെടുത്ത ഫോട്ടോഗ്രാഫിക് പേപ്പറിലുള്ള മാസിക ലഭിച്ചിരുന്നു. എല്ലാവർക്കും വായിക്കാനും കുറിപ്പുകൾ ഉണ്ടാക്കാനും കഴിയത്തക്കവണ്ണം അത് ഒരു കുടുംബത്തിൽനിന്ന് മറ്റൊരു കുടുംബത്തിലേക്ക് കൈമാറപ്പെടുമായിരുന്നു. ആർക്കും 24 മണിക്കൂറിൽ കൂടുതൽ മാസിക വെച്ചുകൊണ്ടിരിക്കാൻ കഴിയുമായിരുന്നില്ല. യോഗസമയത്ത് അധ്യയന നിർവാഹകൻ മാസിക ഉപയോഗിക്കും, ഞങ്ങൾ ഓർമയിൽനിന്നോ ഞങ്ങളുടെ കുറിപ്പുകളിൽനിന്നോ അധ്യയന ചോദ്യങ്ങൾക്ക് ഉത്തരം പറയും.” ഈ ആത്മീയ കരുതൽ, സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് സത്യത്തിനുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കാൻ വീഡയെ സഹായിച്ചു. തന്റെ ക്രിസ്തീയ നിഷ്പക്ഷതനിമിത്തം തടവിലായിരുന്നപ്പോൾ നിർമലത പാലിക്കാൻ അത് അവളുടെ സഹോദരനായ റോമുവാൽഡാസിനെയും സഹായിച്ചു.
എല്ലാത്തരം ആളുകളും സത്യം സ്വീകരിക്കുന്നു
വെരാ പെട്രോവാ 27 വർഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി ഉൾപ്പെട്ടിരുന്നു. അവർ പറയുന്നു, “പള്ളിയിൽ ചെന്ന്, എത്ര കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ അവിടെ എത്തിയിട്ടുണ്ടെന്നു കണ്ടുപിടിച്ച് വിവരം പ്രാദേശിക പാർട്ടി സെക്രട്ടറിയെ അറിയിക്കുന്നതായിരുന്നു എന്റെ ജോലികളിൽ ഒന്ന്. ഇതിനിടയിൽ എന്റെ രണ്ടു സഹോദരിമാരിൽ ഒരാൾ സത്യം സ്വീകരിക്കുകയും എന്നോടു സാക്ഷീകരിച്ചു തുടങ്ങുകയും ചെയ്തു. എന്റെ താത്പര്യം ഉണർന്നു, ഞാൻ ഒരു റഷ്യൻ ഓർത്തഡോക്സ് പുരോഹിതനോട് ഒരു ബൈബിൾ ചോദിച്ചു.
“‘നിങ്ങൾക്ക് എന്തിനാണ് ബൈബിൾ?’ അദ്ദേഹം ചോദിച്ചു.
“‘നിങ്ങൾ പഠിപ്പിക്കുന്നത് അതിനു ചേർച്ചയിലാണോയെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു,’ ഞാൻ മറുപടി പറഞ്ഞു. അദ്ദേഹം എനിക്കു ബൈബിൾ തന്നില്ല. തന്നിമിത്തം ഞാൻ മറ്റൊരിടത്തുനിന്ന് ഒരെണ്ണം വാങ്ങി വായിച്ചു തുടങ്ങി. സഭയുടെ ഉപദേശങ്ങൾ ബൈബിളധിഷ്ഠിതമല്ലെന്ന് പെട്ടെന്നുതന്നെ ഞാൻ കണ്ടെത്തി. ആത്മീയ പുരോഗതി നേടുന്നതിൽ തുടർന്ന ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടു. 1985-ൽ സ്നാപനമേൽക്കുകയും ചെയ്തു.”
രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ്, ഒരു നഴ്സായ റ്റെയോഫിലിയാ കാൽവിറ്റെ, ഡൗഗാവ്പിൽസിലെ മേയറെ വിവാഹം ചെയ്തു. സങ്കടകരമെന്നു പറയട്ടെ, യുദ്ധം തുടങ്ങി അധികം താമസിയാതെ അദ്ദേഹത്തെ
യുദ്ധത്തിൽ കാണാതായതായി പ്രഖ്യാപിക്കപ്പെട്ടു. റ്റെയോഫിലിയാതന്നെ അനേകം യാതനകൾ അനുഭവിക്കുകയും ധാരാളം കഷ്ടപ്പാടുകളും മരണവും കാണുകയും ചെയ്തു. യുദ്ധാനന്തരം അവർ ലട്വിയൻ റെഡ് ക്രോസ്സിന്റെ പ്രസിഡന്റ് ആയിത്തീരുകയും മെഡിക്കൽ രംഗത്തെ 61 വർഷത്തെ സേവനകാലത്ത് 20 സ്റ്റേറ്റ് അവാർഡുകളെങ്കിലും കരസ്ഥമാക്കുകയും ചെയ്തു. റ്റെയോഫിലിയായ്ക്ക് ഏതാണ്ട് 65 വയസ്സായപ്പോൾ അവർ പൗളിനെ സെറോവാ എന്ന സാക്ഷിയെ കണ്ടുമുട്ടി, ദൈവം ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ബൈബിളിൽനിന്ന് റ്റെയോഫിലിയായ്ക്ക് വിശദീകരിച്ചുകൊടുത്തു. റ്റെയോഫിലിയാ സത്യം സ്വീകരിക്കുകയും തുടർന്ന് ആത്മീയാരോഗ്യം നേടാൻ ആളുകളെ സഹായിക്കുന്ന ഏറെ മഹത്തായ പദവി ആസ്വദിക്കുകയും ചെയ്തു. അവസാനത്തോളം വിശ്വസ്തയായി തുടർന്ന അവർ 1982-ൽ മരണമടഞ്ഞു.“ഓ! അതൊരു നിഘണ്ടു ആണ്”
1981-ൽ 18 വയസ്സുള്ള യുരി കാപ്റ്റോലാ ക്രിസ്തീയ നിഷ്പക്ഷത പാലിച്ചതിന്റെ പേരിൽ മൂന്നു വർഷത്തേക്ക് തടവിലാക്കപ്പെട്ടു. യുരി പറയുന്നു: “എന്റെ ശിക്ഷാകാലത്തിൽ രണ്ടുവർഷം ഞാൻ സൈബീരിയയിൽ ചെലവഴിച്ചു, അവിടെ ഞങ്ങൾ കൂടാരങ്ങളിൽ പാർത്തുകൊണ്ട് വനങ്ങളിൽ പണിയെടുത്തു, താപനില മൈനസ് 30 ഡിഗ്രി സെൽഷ്യസായി താണപ്പോൾപോലും! a യഹോവ എന്നെ എല്ലായ്പോഴും ആത്മീയമായി പരിപാലിച്ചു. ദൃഷ്ടാന്തത്തിന്, ഒരു സന്ദർഭത്തിൽ എന്റെ അമ്മ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഒരു പ്രതി ഒരു ഭക്ഷണപ്പൊതിയിൽവെച്ച് അയച്ചുതന്നു. പാഴ്സൽ പരിശോധിക്കവേ ഗാർഡ് ആ ബൈബിൾ കണ്ടു.
“‘എന്താണിത്?’ അദ്ദേഹം ചോദിച്ചു.
“എനിക്കു മറുപടി പറയാൻ കഴിയുംമുമ്പെ അരികെനിന്ന
ഇൻസ്പെക്ടർ, ‘ഓ! അതൊരു നിഘണ്ടു ആണ്’ എന്നു പറഞ്ഞ് അതു വെച്ചുകൊള്ളാൻ എന്നെ അനുവദിച്ചു.“1984-ൽ ഞാൻ മോചിതനായി. എന്റെ സ്വദേശമായ യൂക്രെയിനിൽ താമസമാക്കുന്നതിനു പകരം ഞാൻ റിഗയിലേക്കു പോയി. അവിടെ രണ്ടു വർഷത്തോളം സാക്ഷികളുടെ ഒരു ചെറിയ കൂട്ടത്തോടൊപ്പം പ്രവർത്തിച്ചു. എന്നിരുന്നാലും, ലട്വിയ അപ്പോഴും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതിനാൽ, സൈന്യത്തിൽ സേവിക്കാൻ എന്നോടു വീണ്ടും ആവശ്യപ്പെട്ടു. ഫലമോ? 1986 ആഗസ്റ്റ് 26-ന് എനിക്കു വീണ്ടും തടവുശിക്ഷ വിധിച്ചു. ഇത്തവണ ലട്വിയയിൽ, നാലു വർഷത്തെ കഠിനതടവാണ് എനിക്കു വിധിച്ചത്. റിഗയിലെ ശിക്ഷാകാലം കഴിഞ്ഞ് എന്നെ വാൽമ്യെറാ നഗരത്തിനടുത്തുള്ള ഒരു ക്യാമ്പിലേക്ക് അയച്ചു. 1990-ന്റെ ആരംഭകാലത്ത് എന്റെ മോചനത്തിനായുള്ള ഒരു വിചാരണയിൽ ജഡ്ജി ഇങ്ങനെ പറഞ്ഞു: ‘യുരി, നാലുവർഷം മുമ്പ് താങ്കളെ തടവിലാക്കാനെടുത്ത തീരുമാനം വാസ്തവത്തിൽ നിയമവിരുദ്ധമായിരുന്നു. അവർ താങ്കളെ കുറ്റവാളിയായി പ്രഖ്യാപിച്ചതു ശരിയായില്ല.’ പെട്ടെന്നുതന്നെ ഞാൻ സ്വതന്ത്രനായി!”
1991-ൽ യുരി ലട്വിയയിലെ ഏക സഭയിലെ ഒരു അംഗമാകുകയും അവിടത്തെ രണ്ടു മൂപ്പന്മാരിൽ ഒരാളായി സേവിക്കുകയും ചെയ്തു. “കൊയ്ത്തിനായി വയൽ ശരിക്കും പാകമായിരുന്നു,” അദ്ദേഹം എഴുതുന്നു.
ആദ്യം ലട്വിയയിൽ എത്തിയ സമയത്ത് യുരി, ഒരു കല്ലറയ്ക്കു ചുറ്റുമുള്ള ഭാഗം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു സ്ത്രീയോട് സംസാരിക്കുകയുണ്ടായി. അദ്ദേഹം അനുസ്മരിക്കുന്നു: “ജീവിതം ഇത്ര ഹ്രസ്വമായിരിക്കുന്നത് എന്തുകൊണ്ടെന്നു ഞാൻ അവരോടു ചോദിച്ചപ്പോൾ, അവർ എന്റെ അടുത്തേക്കു കുറച്ചു മാറിനിന്നു. ഞങ്ങൾ സംഭാഷണത്തിലേർപ്പെട്ടു. മിനിട്ടുകൾക്കുശേഷം, ഒരു മരത്തിൽനിന്ന് ഒരു വലിയ ശിഖരം ഒടിഞ്ഞ് അവർ ജോലി ചെയ്തുകൊണ്ടിരുന്ന ഭാഗത്തുതന്നെ വീണു. അവർ അവിടെയുണ്ടായിരുന്നെങ്കിൽ ചതഞ്ഞരഞ്ഞുപോകുമായിരുന്നു. ആ സ്ത്രീ തന്റെ മേൽവിലാസം എനിക്കുതന്നു. അവരെ ഒരു സഹോദരി സന്ദർശിക്കാൻ ഞാൻ ഏർപ്പാടു ചെയ്തു. 1987-ൽ ആ സ്ത്രീയും മകനും മരുമകളും സ്നാപനമേറ്റു.”
അവർ ആളുകളെ സ്നേഹിക്കുന്നു, സുഖസൗകര്യങ്ങളെയല്ല
സോവിയറ്റ് യൂണിയന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മറ്റനേകം ചെറുപ്പക്കാരും വേലയിൽ സഹായിക്കാൻ ലട്വിയയിലേക്കു മാറിപ്പാർത്തു. അവരെ സംബന്ധിച്ചിടത്തോളം ജീവിതം അത്ര എളുപ്പമല്ലായിരുന്നു, എന്നാൽ അവർ ത്യാഗസന്നദ്ധരായിരുന്നു. ദൃഷ്ടാന്തമായി, ഇപ്പോൾ ഒരു പ്രത്യേക പയനിയറായി സേവിക്കുന്ന ആന്നാ ബാറ്റ്ന്യാ ഒരു തയ്യൽ ഫാക്ടറിയിൽ ജോലി കണ്ടെത്തുകയും ഒരു ഹോസ്റ്റലിൽ താമസിക്കുകയും ചെയ്തു. “സാഹചര്യങ്ങൾ ഒട്ടുംതന്നെ അനുയോജ്യമായിരുന്നില്ല,”
അവർ പറയുന്നു. “ഞങ്ങൾ തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും പാർക്കുകളിലും സെമിത്തേരികളിലും പള്ളികളുടെ സമീപത്തും അനൗപചാരികമായി സാക്ഷീകരിച്ചു.“എപ്പോഴും തിങ്ങിനിറഞ്ഞ തീവണ്ടികളിൽ ഞങ്ങൾ കംപാർട്ട്മെന്റ്തോറും ഈരണ്ടുപേരായി പ്രസംഗിക്കുമായിരുന്നു. ഞങ്ങളിൽ ഒരാൾ സാക്ഷീകരിക്കുമ്പോൾ മറ്റേയാൾ നിരീക്ഷിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും അടുത്തുള്ളവർ ചർച്ചയിൽ ഉൾപ്പെടും. തത്ഫലമായി ചിലപ്പോഴൊക്കെ എല്ലാ ദിശകളിൽനിന്നും ഞങ്ങളുടെ നേരേ ചോദ്യങ്ങൾ പറന്നുവന്നു. തീവണ്ടി നിൽക്കുമ്പോൾ ആവശ്യമെങ്കിൽ ഞങ്ങൾ മറ്റൊരു കംപാർട്ട്മെന്റിലേക്കു മാറും. യഹോവ ഞങ്ങളുടെ ശുശ്രൂഷയെ അനുഗ്രഹിക്കുന്നതു കാണുന്നത് ഞങ്ങൾക്ക് അങ്ങേയറ്റം സന്തോഷം പകർന്നുതന്നു.”
ആൻജെലിനാ റ്റ്സ്വെറ്റ്കോവാ ആദ്യം സത്യം കേൾക്കുന്നത് പള്ളിയിൽ പ്രാർഥന നടത്തിയിട്ടു പോരുമ്പോഴാണ്. അവർ പറയുന്നു: “1984-ൽ യഹോവയുടെ സാക്ഷികളിലൊരുവളായ ആൾഡ്വോണാ ഡ്രോണ്യുകാ എന്നെ സമീപിച്ച് ഞാൻ ബൈബിൾ വായിച്ചിട്ടുണ്ടോയെന്നു ചോദിച്ചു. ‘ചില ഭാഗങ്ങളൊക്കെ’ എന്നു ഞാൻ മറുപടി പറഞ്ഞു. ‘എന്നാൽ എനിക്ക് അതു മനസ്സിലാകുന്നില്ല, എനിക്കു പല ചോദ്യങ്ങളുമുണ്ട്,’ ഞാൻ കൂട്ടിച്ചേർത്തു. ഞങ്ങൾ മേൽവിലാസങ്ങൾ കൈമാറി. തുടർന്ന് ക്രമമായി ദൈവവചനം ചർച്ചചെയ്തു. ഏതാനും മാസം കഴിഞ്ഞ് ആൾഡ്വോണാ ലിത്വാനിയയിലെ ഒരു വിവാഹാഘോഷത്തിന് എന്നെ ക്ഷണിച്ചു, ഞാൻ ക്ഷണം സ്വീകരിച്ചു. 300 പേരോളം ഹാജരായിരുന്നു. സ്വീകരണവേളയിൽ ഞാൻ ഒന്നിനു പിറകേ ഒന്നായി പല ബൈബിൾ പ്രസംഗങ്ങൾ കേട്ടു, ഇത് എന്നെ കുറച്ചൊന്ന് അമ്പരപ്പിച്ചു.
“ഞാൻ യഹോവയുടെ സാക്ഷികളോടുകൂടെയാണു പഠിച്ചുകൊണ്ടിരിക്കുന്നതെന്നും വിവാഹാഘോഷം ഒരു സമ്മേളനംകൂടെയാണെന്നും
എനിക്കപ്പോഴാണു മനസ്സിലായത്! ഇക്കാര്യം മനസ്സിലായിട്ടും, എളിയവരായ ഈ ആളുകളുടെ സ്നേഹവും ഐക്യവും എന്റെ ഹൃദയത്തെ തൊട്ടുണർത്തി. 1985-ൽ ഞാൻ സ്നാപനമേറ്റു. 1994-ൽ ഞാൻ പയനിയറിങ് തുടങ്ങി. ഇപ്പോൾ എന്റെ ആറു മക്കളിൽ അഞ്ചു പേർ സ്നാപനമേറ്റവരാണ്. ഏറ്റവും ഇളയ കുട്ടി സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനാണ്.”വലുപ്പമേറിയ കൂട്ടങ്ങളിൽ ഹാജരാകാൻ സ്വാതന്ത്ര്യം
1980-കളുടെ മധ്യഭാഗത്ത് പല കമ്മ്യൂണിസ്റ്റ് ദേശങ്ങളിലും നിയന്ത്രണങ്ങൾക്ക് അയവുവന്നു. യഹോവയുടെ സാക്ഷികൾക്കു കൂടുതൽ
പരസ്യമായി കൂടിവരാൻ കഴിഞ്ഞു. 1989-ൽ ലട്വിയയിൽനിന്നുള്ള 50-ഓളം പ്രതിനിധികൾ പോളണ്ടിലെ “ദൈവിക ഭക്തി” ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരായി. “ആ സഹോദരീസഹോദരന്മാരോടൊപ്പം ആയിരിക്കാൻ കഴിഞ്ഞത് എന്റെ ആത്മീയ വളർച്ചയിലെ ഒരു വഴിത്തിരിവായിരുന്നു” എന്ന് മാരിയാ ആൻഡ്രിഷാക്കാ പറയുന്നു, അവർ ഇപ്പോൾ ഒരു പ്രത്യേക പയനിയറായി സേവിക്കുകയാണ്.1990-ൽ ലട്വിയയിൽനിന്നുള്ള 50-ൽപ്പരം പ്രതിനിധികൾ “നിർമല ഭാഷ” കൺവെൻഷനിൽ സംബന്ധിച്ചു. ഇത്തവണയും പോളണ്ടിൽവെച്ചായിരുന്നു കൺവെൻഷൻ. അതിൽ സംബന്ധിച്ചവരിലൊരാളായിരുന്ന ആന്നാ മാൻചിൻസ്കാ ഹാജരാകാൻ സകല ശ്രമവും നടത്തി.
അവർ അനുസ്മരിക്കുന്നു: “തീവണ്ടി സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ, അതിർത്തി കടക്കുന്നതിന് ആവശ്യമായ ചില രേഖകൾ എടുക്കാൻ മറന്നതായി ഞാൻ തിരിച്ചറിഞ്ഞു. ഒരു ടാക്സി പിടിച്ച് വീട്ടിലെത്തി അവ എടുത്തുകൊണ്ട് സ്റ്റേഷനിലെത്തിയപ്പോൾ തീവണ്ടി പോയിക്കഴിഞ്ഞിരുന്നു. ഞാൻ അടുത്ത സ്റ്റേഷനിലേക്കു കുതിച്ചു, എന്നാൽ അവിടെയെത്തിയപ്പോഴും താമസിച്ചുപോയി. അവസാനം ലിത്വാനിയയിലേക്ക് ഒരു ടാക്സി പിടിച്ച ഞാൻ റിഗയിൽനിന്ന് 250 കിലോമീറ്റർ ദൂരെ വെച്ച് ട്രെയിനിൽ കയറിപ്പറ്റി. ടാക്സി യാത്ര ചെലവേറിയതായിരുന്നു, എന്നാൽ അത് തക്ക മൂല്യമുള്ളതായിരുന്നു!” ഇപ്പോൾ ആന്നാ ലട്വിയ ബെഥേൽ കുടുംബത്തിലെ ഒരംഗമായി സേവിക്കുന്നു.ഒടുവിൽ 1991-ൽ, മുമ്പ് സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്ന സ്ഥലങ്ങളിൽ സഹോദരന്മാർക്കു പരസ്യമായി കൺവെൻഷനുകൾ നടത്താൻ കഴിഞ്ഞു. ലട്വിയയിൽനിന്നു പല ബസ്സുകൾ നിറച്ചു പ്രതിനിധികൾ “ദൈവികസ്വാതന്ത്ര്യ സ്നേഹികൾ” കൺവെൻഷനിൽ സംബന്ധിക്കാൻ എസ്തോണിയയിലെ റ്റാലിനിലേക്കു യാത്രചെയ്തു. ആ വിഷയം എത്ര സമുചിതമായിരുന്നു!
വൈനിവോഡെയിൽനിന്നുള്ള റുട്ടാ ബാരാകൗസ്ക, റ്റാലിനിലേക്കു തന്റെ കൂടെ വരാൻ സാക്ഷിയല്ലാത്ത ഭർത്താവ് ആഡോൾഫ്സിനെ പ്രേരിപ്പിച്ചു. ആഡോൾഫ്സ് പറയുന്നു: “കൺവെൻഷനു പോകാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ കാറിന് സ്പെയർ പാർട്സ് വാങ്ങുക
എന്നതായിരുന്നു എന്റെ പ്ലാൻ. എന്നാൽ ആദ്യത്തെ സെഷനിൽ സംബന്ധിച്ചു കഴിഞ്ഞപ്പോൾ, എനിക്ക് അവിടത്തെ പ്രസംഗങ്ങളിലും യഹോവയുടെ സാക്ഷികളുടെ സൗഹൃദമനോഭാവത്തിലും അവരുടെ ശുദ്ധമായ സംസാരത്തിലും അവർ അന്യോന്യം പ്രകടമാക്കിയ സ്നേഹത്തിലും വളരെ മതിപ്പു തോന്നി. അതുകൊണ്ട് ഞാൻ മുഴു കൺവെൻഷനിലും സംബന്ധിക്കാൻ തീരുമാനിച്ചു. വീട്ടിൽ മടങ്ങിയെത്തിയശേഷം ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങുകയും എന്റെ കോപം നിയന്ത്രിക്കാൻ കഠിനമായി ശ്രമിക്കുകയും ചെയ്തു. 1992-ൽ ഞാൻ യഹോവയുടെ സ്നാപനമേറ്റ ഒരു സാക്ഷിയായിത്തീർന്നു.”1990-കളുടെ ആദ്യഘട്ടത്തിൽ ലട്വിയയിൽ ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കു യോജിച്ച സ്ഥലങ്ങൾ വാടകയ്ക്കെടുക്കുക സാധ്യമല്ലായിരുന്നു. അതിനാൽ സഹോദരങ്ങൾ മുഖ്യമായും എസ്തോണിയയിലേക്കും ലിത്വാനിയയിലേക്കും ആണു പോയിരുന്നത്. ലട്വിയയിൽ ആദ്യം നടത്തിയ കൺവെൻഷൻ റിഗയിലെ ഒരു വലിയ സ്പോർട്സ് ഹാളിൽ നടന്ന 1998-ലെ “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷൻ ആയിരുന്നു. ഭാഷയുടെ അടിസ്ഥാനത്തിൽ ഓഡിറ്റോറിയം മൂന്നു ഭാഗങ്ങളായി തിരിച്ചു: ലട്വിയൻ, റഷ്യൻ, ലട്വിയൻ ആംഗ്യഭാഷ. സമാപന പ്രാർഥനയ്ക്കുശേഷം എല്ലാവരും കയ്യടിച്ചു. അനേകർ സന്തോഷാശ്രുക്കൾ പൊഴിച്ചു. ഈ സുപ്രധാന സംഭവത്തെപ്രതി എല്ലാവരും യഹോവയോടു നന്ദിയുള്ളവരായിരുന്നു.
സത്വര വളർച്ചയുടെ ഒരു കാലഘട്ടം
കമ്മ്യൂണിസ്റ്റ് യുഗത്തിനുശേഷം ലട്വിയയിലെ പ്രവർത്തനത്തിൽ വലിയ പുരോഗതിയുണ്ടായി. എന്നിരുന്നാലും 1995-നു മുമ്പ് നമ്മുടെ രാജ്യ ശുശ്രൂഷ ലട്വിയനിൽ ലഭ്യമല്ലായിരുന്നു. തന്നിമിത്തം വയലിലെ അവതരണങ്ങൾ പലപ്പോഴും അത്ര മെച്ചമായിരുന്നില്ല. എന്നാൽ സാക്ഷികൾ അവരുടെ തീക്ഷ്ണതകൊണ്ട് ഈ കുറവു നികത്തി. താൻ എങ്ങനെയാണ് ആദ്യമായി സത്യം കേട്ടതെന്ന് ഡാറ്റ്സെ ഷ്കിപ്സ്നാ വിവരിക്കുന്നു: “1991-ൽ ഒരു ദിവസം വഴിയരികിലെ പുസ്തകക്കടയിൽനിന്നു ഞാൻ നരകത്തെയും മരണാനന്തര ജീവിതത്തെയും സംബന്ധിച്ചുള്ള ഒരു പുസ്തകം വാങ്ങി. ഞാൻ അൽപ്പദൂരം നടന്നുനീങ്ങിയപ്പോഴേക്കും ‘നിങ്ങൾ വിഷമാണ് വാങ്ങിയത്!’ എന്ന് ആരോ പിന്നിൽനിന്നു പറയുന്നതു കേട്ടു.
“ആ വാക്കുകൾ കേട്ട് ഞാൻ സ്തംഭിച്ചു നിന്നു. യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു ദമ്പതികൾ തങ്ങളെത്തന്നെ എനിക്കു പരിചയപ്പെടുത്തി. ഞങ്ങൾ ബൈബിളിനെക്കുറിച്ചു സംസാരിച്ചു. വാസ്തവത്തിൽ, ഹേഡീസ്, ഗീഹെന്നാ, ക്രിസ്തുമസ്സ്, കുരിശ്, അന്ത്യനാളുകൾ
എന്നുവേണ്ട ഒട്ടുമിക്ക വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ അന്നു ചർച്ചചെയ്തു! ചില ആശയങ്ങൾ എനിക്ക് അത്ര വ്യക്തമായില്ല എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു; എന്നാൽ കേട്ട കാര്യങ്ങൾ എനിക്കിഷ്ടപ്പെട്ടു. ഞങ്ങൾ ഫോൺനമ്പരുകൾ കൈമാറി, തുടർന്നുവന്ന ആഴ്ചകളിൽ സാക്ഷികളായ ആ ദമ്പതികൾ എന്റെ അനേകം ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.”“പിന്മാറാഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്”
യാനിസ് ഫോൽക്ക്മാനിസ് യു.എസ്.എസ്.ആർ.-ലെ ഒരു ഭാരോദ്വഹന ചാമ്പ്യനായിരുന്നു. അദ്ദേഹം 1993 മാർച്ചിൽ നടന്ന തന്റെ അന്തിമ മത്സരങ്ങളിൽ ലട്വിയയിലെ ചാമ്പ്യനായി. യാനിസ് പറയുന്നു: “1992-ൽ എന്റെ കൂടെ ജോലിചെയ്യുന്ന യാനിസ് റ്റ്സിയെലാവ്സ് തന്റെ ബൈബിളധ്യയന സമയത്ത് തന്നോടൊപ്പം ഇരുന്നു കേൾക്കാൻ എന്നെ ക്ഷണിച്ചു. ആ അനുഭവം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. ലട്വിയയിലെ
ഭാരോദ്വഹന ചാമ്പ്യൻ ആയി മൂന്നു മാസത്തിനു ശേഷം ഞാൻ ഒരു രാജ്യപ്രസാധകനായിത്തീർന്നു. 1993 ആഗസ്റ്റിൽ ഞാൻ സ്നാപനമേറ്റു. ജിംനേഷ്യത്തിൽ ഞാൻ സാക്ഷീകരിച്ചപ്പോൾ എന്റെ പരിശീലകൻ അതൃപ്തി പ്രകടമാക്കി. എന്നാൽ പിന്മാറാഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. അത് എന്തുകൊണ്ടാണെന്ന് എന്റെ സുഹൃത്തുക്കളായ എഡുവാർഡ്സ് ഏഹെൻബാവുംസും എഡ്ഗാർസ് ബ്രാൻറ്സിസും വിശദീകരിക്കും.”എഡുവാർഡ്സ്: “യാനിസ് ഫോൽക്ക്മാനിസ് എനിക്ക് ഒരു സൗജന്യ ബൈബിളധ്യയനം വാഗ്ദാനം ചെയ്തു. ‘അതു യഥാർഥത്തിൽ സൗജന്യമാണെങ്കിൽ നമുക്ക് ഇപ്പോൾത്തന്നെ തുടങ്ങാം,’ ഞാൻ പറഞ്ഞു. ഞങ്ങൾ അത് തുടങ്ങി! പഠിച്ച കാര്യങ്ങൾ, വിശേഷാൽ പുനരുത്ഥാന പഠിപ്പിക്കൽ യുക്തിസഹമായി തോന്നി, അത് ആത്മാവിന്റെ അമർത്യതയെക്കാൾ ന്യായയുക്തമായിരുന്നു. എന്റെ ഭാര്യയും പഠിക്കാൻ തുടങ്ങി. 1995-ൽ ഞങ്ങൾ സ്നാപനമേറ്റു.”
എഡ്ഗാർസ്: “യാനിസ് ജിമ്മിൽ തീക്ഷ്ണതയോടെ സാക്ഷീകരിച്ചു. നാലു പ്രാവശ്യം അദ്ദേഹം എനിക്ക് ബൈബിളധ്യയനം വാഗ്ദാനം ചെയ്തു. ഓരോ തവണയും ഞാൻ അതു നിരസിച്ചു. എന്നാൽ വീക്ഷാഗോപുരം, ഉണരുക! മാസികകളും നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകവും ഞാൻ സ്വീകരിച്ചു. ഇതിനിടയിൽ ഞാൻ എന്നോടുതന്നെ ഇങ്ങനെ ചോദിച്ചുകൊണ്ടിരുന്നു: ‘ഇത്ര പ്രസിദ്ധനായ ഒരു കായികാഭ്യാസി ബൈബിളിൽ തത്പരനായിരിക്കുന്നത് എന്തുകൊണ്ടായിരിക്കും?’ ഒടുവിൽ ജിജ്ഞാസയ്ക്കു വഴങ്ങി ഞാൻ പഠിച്ചു തുടങ്ങി. ഫലമോ? 1995-ൽ ഞാൻ സ്നാപനമേറ്റു, ഇപ്പോൾ ഒരു പ്രത്യേക പയനിയറായി സേവിക്കുകയാണ്.”
ദൈവത്തെ പ്രസാദിപ്പിക്കാൻ ചിലർക്കു ദുശ്ശീലങ്ങളെ തരണംചെയ്യേണ്ടതുണ്ടായിരുന്നു. ദൃഷ്ടാന്തത്തിന് ഐവാർസ് യാറ്റ്സ്കെവിച്ച്സ് ഒരു മദ്യപാനിയായിരുന്നു. അദ്ദേഹം പറയുന്നു: “ഒരു വാരാന്ത മദ്യപാന പരിപാടി പ്രഭാതഭക്ഷണസമയത്തു കഴിക്കുന്ന ബിയറോടെ തുടങ്ങി ഒരു കുപ്പി വോഡ്കയിലേക്കു കടക്കും. 1992 ജനുവരിയിൽ ഒരു ദിവസം വൈകുന്നേരം നിരാശനായി ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചുകൊണ്ട് ഞാൻ വീട്ടിലിരിക്കുകയായിരുന്നു. എന്റെ കൈക്ക് പരിക്കുപറ്റിയിരുന്നതുകൊണ്ട് ബാൻഡേജിട്ടിരിക്കുകയായിരുന്നു. മദ്യപിച്ച് ലഹരിപിടിച്ചിരുന്നപ്പോൾ ആരോ എന്നെ കൊള്ളയടിച്ചിരുന്നു. അങ്ങനെയിരിക്കെ ഞാൻ വാതിൽക്കൽ ഒരു മുട്ടുകേട്ടു. അത് അയൽക്കാരനായിരുന്നു—പല തവണ ഞാനുമായി ബൈബിൾ ചർച്ചചെയ്തിട്ടുള്ള അതേ ആൾതന്നെ. ഞങ്ങൾ തമ്മിൽ സംസാരിച്ചു. അദ്ദേഹം എനിക്ക് ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്തു. ഞാൻ സ്വീകരിച്ചു.
“അധ്യയന ദിവസങ്ങളിൽ ഞാൻ മദ്യം കുടിക്കാതിരിക്കുമായിരുന്നു, അത് പുരോഗമിക്കാൻ എന്നെ സഹായിച്ചു. മരിച്ചവരുടെ യഥാർഥ അവസ്ഥയും ഞാൻ നരകാഗ്നിയിൽ ദണ്ഡിപ്പിക്കപ്പെടുകയില്ലെന്നും മനസ്സിലാക്കിയപ്പോൾ—എന്നെ എന്നും ഭയപ്പെടുത്തിയിരുന്ന ഒരു കാര്യമാണത്—ഞാൻ വാരത്തിൽ മൂന്നു പ്രാവശ്യം പഠിച്ചുതുടങ്ങി. നാലു മാസംപോലും ആയില്ല, ഞാൻ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനായിത്തീർന്നു. എന്നിരുന്നാലും ‘താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ’ എന്നു ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു. ഞാൻ ഒരു മണ്ടത്തരം കാണിച്ചു, മോശമായ കൂട്ടുകാരോടൊപ്പം ഞാൻ ഒരു വൈകുന്നേരം ചെലവഴിക്കുകയും അമിതമായി കുടിക്കുകയും ചെയ്തു, ഒരിക്കൽക്കൂടി ആത്മഹത്യാ ചിന്തകൾ എന്നെ പിടികൂടി. എന്നാൽ യഹോവ കരുണാനിധിയും ക്ഷമാശീലനുമാണ്, സ്നേഹമയികളായ സഹോദരന്മാർ എന്റെ സഹായത്തിനെത്തി. ആ അനുഭവം എന്തൊരു പാഠമായിരുന്നു! 1992-ൽ ഞാൻ സ്നാപനമേറ്റു. ഇന്നു ഞാൻ ലട്വിയ ബെഥേൽ കുടുംബത്തിലെ ഒരംഗമാണ്.”—1 കൊരി. 10:12; സങ്കീ. 130:3, 4.
ബെഥേലിൽ സേവിക്കുന്ന മറ്റൊരാളായ മാരിസ് ക്രൂമിനിഷിന് യഹോവയെ സേവിക്കാൻ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവന്നു. മാരിസ് വിശദീകരിക്കുന്നു: “പട്ടാളത്തിൽ സേവിച്ചശേഷം എനിക്ക് ജീവിതം മടത്തുതുടങ്ങി. പിന്നീട്, ക്ലാസ്സിൽ കയറാതിരുന്നതിനാൽ എന്നെ കോളെജിൽനിന്നു പുറത്താക്കി. ലക്ഷ്യബോധമില്ലാതെ അലഞ്ഞ ഞാൻ കുറ്റകൃത്യങ്ങളിലേർപ്പെട്ടു. ഒരു രാത്രി മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ തുടർന്ന് എന്നെ അറസ്റ്റുചെയ്തു. ജയിലറയിൽ ഇരിക്കവേ ഞാൻ ചെയ്ത നിയമ ലംഘനങ്ങളെക്കുറിച്ചു ഗൗരവമായി ചിന്തിച്ചു. അവയിൽ പലതും യഥാർഥത്തിൽ ദൈവനിയമങ്ങളിൽനിന്ന് ഉത്ഭവിച്ചവയാണെന്ന് ഞാൻ നിഗമനം ചെയ്തു. ജീവിതത്തിൽ ആദ്യമായി ഞാൻ ക്ഷമയ്ക്കായി ദൈവത്തോടു പ്രാർഥിക്കുകയും അവനെ അന്വേഷിക്കാമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു.
“ജയിൽ മോചിതനായശേഷം ഞാൻ വിവിധ പള്ളികളിൽ പോയി. എന്നാൽ ഓരോ പ്രാവശ്യവും എനിക്കു നിരാശയാണ് അനുഭവപ്പെട്ടത്. തന്നിമിത്തം ഞാൻ ബൈബിളും മതപരമായ മറ്റു പുസ്തകങ്ങളും വായിക്കാൻ തുടങ്ങി. 1990-ൽ ഞാൻ ഒരു മുൻസഹപാഠിയെ ട്രെയിനിൽവെച്ചു കണ്ടുമുട്ടി, അയാൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നും മനസ്സിലാക്കി. ആ ഹ്രസ്വയാത്രാവേളയിൽ എന്റെ പഴയ സുഹൃത്ത് മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവദ്ദേശ്യവും ലോകത്തിലെ കഷ്ടപ്പാടുകളുടെ കാരണവും വിശദീകരിക്കുന്നത് കേട്ടുകൊണ്ടിരിക്കെ യഹോവ എന്റെ ഹൃദയം തുറന്നു. ഞാൻ പഠിക്കാൻ തുടങ്ങുകയും 1991-ൽ ഒരു
പ്രസാധകനായിത്തീരുകയും ചെയ്തു. 1992-ൽ ഞാൻ സ്നാപനമേറ്റു. ഒരു വർഷം കഴിഞ്ഞ് ഞാൻ ലട്വിയ ബെഥേൽ കുടുംബത്തിലെ ഒരു അംഗമായി, 1995-ൽ ഒരു ഫിന്നിഷ് പയനിയറായ സിമോനായെ വിവാഹവും ചെയ്തു.”എഡ്ഗാർസ് എൻഡ്സെലിസ് ഒരു നിയമവിദ്യാർഥി ആയിരുന്നു. എഡ്ഗാർസ് പറയുന്നു: “1990-കളുടെ ആരംഭത്തിൽ രാഷ്
ട്രീയമാറ്റം സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എങ്ങും വ്യാപകമായിരുന്നു. ഞാൻ റിഗയിലെ നിയമ വിദ്യാലയത്തിൽ പഠിക്കുകയായിരുന്നു. പല വിദ്യാർഥികളും ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു ചർച്ച ചെയ്യുന്നുണ്ടായിരുന്നു. തത്ത്വചിന്തയും പൗരസ്ത്യ മതങ്ങളും സംബന്ധിച്ച പുസ്തകങ്ങൾ ഞാൻ വായിച്ചു. ഐക്കിഡോ എന്നു വിളിക്കപ്പെടുന്ന ഒരു ആയോധന കലാരൂപവും അഭ്യസിച്ചു. അങ്ങനെയിരിക്കെയാണ് ഞാനും ഭാര്യ എലീറ്റായും യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരുന്നത്.
“ഞങ്ങളുടെ ആദ്യയോഗത്തിൽത്തന്നെ, ലട്വിയൻ സംസാരിക്കുന്ന സഹോദരങ്ങളും റഷ്യൻ സംസാരിക്കുന്നവരും ഒരേപോലെ ഞങ്ങളെ ഊഷ്മളമായി സ്വാഗതംചെയ്തു. കറകളഞ്ഞ ഈ സ്നേഹം ഞങ്ങളെ ആഴത്തിൽ സ്വാധീനിച്ചു. ഏതാണ്ട് ഈ സമയത്താണ്, സെൻ ബുദ്ധിസം ആചരിക്കുന്നവർക്കു മാത്രമേ ഐക്കിഡോ വിദഗ്ധരാകാൻ കഴിയൂ എന്ന് എന്നെ ആയോധന കല അഭ്യസിപ്പിക്കുന്ന ഗുരു പറയുന്നത്! ഞാൻ അതോടെ ഐക്കിഡോ പഠനം നിറുത്തി! അധികം താമസിയാതെ ഞാൻ എന്റെ നീണ്ട മുടി വെട്ടിക്കളഞ്ഞു. 1993 മാർച്ചിൽ ഞാനും എലീറ്റായും സ്നാപനമേറ്റു. അന്നുമുതൽ എന്റെ നിയമ പരിജ്ഞാനം ലട്വിയയിൽ ‘സുവിശേഷത്തിന്റെ പ്രതിവാദത്തിലും [നിയമപരമായ] സ്ഥിരീകരണത്തിലും’ ഉപയോഗിക്കുന്നതിനുള്ള പദവി എനിക്കു ലഭിച്ചിട്ടുണ്ട്.”—ക്രിസ്തീയ വിശ്വാസം പരിശോധിക്കപ്പെടുന്നു
1993-ൽ യെൽഗാവായിലെ നാലു സംഗീത വിദ്യാർഥിനികളുടെ വിശ്വാസം പരിശോധിക്കപ്പെട്ടു, അവരുടെ ഗായകസംഘത്തെ സ്വാതന്ത്ര്യദിനാഘോഷ സമയത്ത് പാടാൻ നിയോഗിച്ചപ്പോഴായിരുന്നു അത്. സത്യത്തിൽ പുതിയവരായിരുന്നെങ്കിലും പെൺകുട്ടികൾ ദൈവത്തെ പ്രസാദിപ്പിക്കാൻ ഉറച്ച തീരുമാനമെടുത്തു. അതുകൊണ്ട് തങ്ങളുടെ ക്രിസ്തീയ മനസ്സാക്ഷി നിമിത്തം ആ ചടങ്ങിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗായകസംഘ ഡയറക്ടർക്ക് അവർ ആദരപൂർവം എഴുതി. ഡയറക്ടറുടെ പ്രതികരണം എന്തായിരുന്നു? അവർ പാടണം, അല്ലെങ്കിൽ സ്കൂളിൽനിന്നു പുറത്താക്കും എന്ന അന്ത്യശാസനം അദ്ദേഹം അവരുടെ മാതാപിതാക്കളെ എഴുതി അറിയിച്ചു. മൂന്ന് എബ്രായരെപ്പോലെ ആ പെൺകുട്ടികൾ യഹോവയെ അനുസരിച്ചു.—ദാനീ. 3:14, 15, 17; പ്രവൃ. 5:29.
പെൺകുട്ടികളിൽ ഒരാൾ ഡാറ്റ്സെ പുന്റ്സുലെ ആയിരുന്നു. അവൾ പ്രസ്താവിക്കുന്നു: “ദൈവത്തോടുള്ള പ്രാർഥനയും സഹോദരങ്ങളുടെ
പിന്തുണയും വിശ്വസ്തരായി നിലകൊള്ളാൻ ഞങ്ങളെ സഹായിച്ചു. സ്കൂളിൽനിന്നു ഞങ്ങളെ പുറത്താക്കി, എന്നാൽ സത്യത്തിനുവേണ്ടി ഒരു ഉറച്ച നിലപാടു സ്വീകരിച്ചതിൽ ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല. തീർച്ചയായും യഹോവ എന്നെ നന്നായി പരിപാലിച്ചിരിക്കുന്നു. ചുരുക്കം ചില മാസങ്ങൾക്കുശേഷം എനിക്ക് ഒരു നിയമ ഓഫീസിൽ ജോലി കിട്ടി. അവിടെ ലഭിച്ച തൊഴിൽപരിചയം പിന്നീട് ബെഥേലിൽ എന്നെ സഹായിച്ചു. 2001 മുതൽ ഞാൻ അവിടെ സേവിക്കുകയാണ്.”രക്തം സംബന്ധിച്ച പ്രശ്നവും ചിലരുടെ നിർമലതയെ പരിശോധിച്ചിരിക്കുന്നു. യെല്യെനാ ഗോഡ്ല്യെവ്സ്കായാ എന്ന 17 വയസ്സുള്ള പെൺകുട്ടിയെ 1996 സെപ്റ്റംബർ 6-ന് കാറിടിച്ചു. അവൾക്ക് ഇടുപ്പിന്റെ ഭാഗത്തായി പലയിടത്ത് പൊട്ടലുകൾ ഉണ്ടായി. ആത്മീയ പക്വതയുണ്ടായിരുന്ന യെല്യെനാ രക്തം വർജിക്കാൻ ഹൃദയത്തിൽ തീരുമാനമെടുത്തിരുന്നു. (പ്രവൃ. 15:28, 29) അന്ന് ലട്വിയയിലെ മിക്ക ഡോക്ടർമാർക്കും രക്തരഹിത ചികിത്സാവിദ്യകൾ പരിചിതമല്ലായിരുന്നു, തന്നിമിത്തം ശുശ്രൂഷിച്ച ഡോക്ടർമാർ ശസ്ത്രക്രിയ നടത്താൻ വിസമ്മതിച്ചു. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞ് രണ്ടു ഡോക്ടർമാർ ഒരു ദിവസം രാത്രി അവൾക്കു നിർബന്ധപൂർവം രക്തം കൊടുത്തു, ക്രൂരമായ ആ നടപടിയെ തുടർന്ന് അവൾ മരിക്കുകയും ചെയ്തു.
യെല്യെനായുടെ അമ്മയായ മാരിനാ അപ്പോൾ യഹോവയുടെ സാക്ഷി ആയിരുന്നില്ല. മാരിനാ പറയുന്നു: “യഹോവയിലും അവന്റെ വാഗ്ദാനങ്ങളിലുമുള്ള എന്റെ പുത്രിയുടെ ശക്തമായ വിശ്വാസം എന്നെ ആശ്ചര്യപ്പെടുത്തി. അവൾ വിട്ടുവീഴ്ച ചെയ്തില്ല.” മാരിനായും മറ്റു കുടുംബാംഗങ്ങളും പിന്നീട് സ്നാപനമേറ്റു. യെല്യെനാ പുനരുത്ഥാനത്തിൽ വരുമ്പോൾ അവളെ സ്വാഗതം ചെയ്യാൻ നോക്കിപ്പാർത്തിരിക്കുകയാണ് ഇപ്പോൾ അവർ.—പ്രവൃ. 24:15.
ആത്മീയ പക്വതയുള്ള പുരുഷന്മാർ ഒരു ജീവത്പ്രധാന ആവശ്യം നിറവേറ്റുന്നു
പ്രസാധകരുടെ എണ്ണത്തിലെ സത്വര വളർച്ച നേതൃത്വമെടുക്കാൻ ആത്മീയ പക്വതയുള്ള പുരുഷന്മാരെ ആവശ്യമാക്കിത്തീർത്തു. 1992-ൽ ലട്വിയയിൽ മിഷനറിമാരായി സേവിക്കാനുള്ള അവസരം ഐക്യനാടുകളിൽ വളർന്ന, ലട്വിയ സംസാരിക്കുന്ന മൂന്നു സഹോദരന്മാർക്കു നൽകപ്പെട്ടു. വാൾഡിസ് പുരിന്യിഷ്, ആൽഫ്രെഡ്സ് എൽക്സ്നിസ്, ആൽഫ്രെഡ്സിന്റെ സഹോദരൻ ഇവാർസ് എൽക്സ്നിസ് എന്നിവരായിരുന്നു അവർ. വാൾഡിസ് ഭാര്യ ലിൻഡയോടും ആൽഫ്രെഡ്സ് ഭാര്യ ഡോറിസിനോടും ഒപ്പമാണ് എത്തിയത്. അഞ്ചുപേരും 1992 ജൂലൈയിൽ റിഗയിൽ എത്തിച്ചേർന്നു. നാലു മുറികളുള്ള അവരുടെ ഫ്ളാറ്റ് ഒരു മിഷനറി ഭവനവും ഒരു സാഹിത്യ ഡിപ്പോയും ഒരു വിവർത്തന കേന്ദ്രവുമായി ഉപയോഗിച്ചു.
മറ്റൊരു ഭാഷ പഠിക്കുമ്പോൾ നല്ല നർമബോധം ഉണ്ടായിരിക്കുന്നത് സഹായകമാണ്. ഡോറിസ് എൽക്സ്നിസ് പറയുന്നു: “രണ്ടു ചെറുപ്പക്കാരികൾക്ക് അധ്യയനം നടത്തിക്കൊണ്ടിരുന്നപ്പോൾ സാത്താൻ ഹവ്വായോട് ഒരു പാമ്പിലൂടെ സംസാരിച്ചത് എങ്ങനെയെന്നു വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. എന്നാൽ ‘പാമ്പ്’ എന്നതിനുള്ള ലട്വിയൻ പദത്തോട് സമാനമായ മറ്റൊരു പദമാണ് ഞാൻ ഉപയോഗിച്ചത്. ഫലമോ? പിശാച് ഒരു പന്നിയിലൂടെ സംസാരിച്ചുവെന്നാണു ഞാൻ പറഞ്ഞത്!”
1994-ൽ പീറ്റർ ലുട്ടെർസും ജിൻ ലുട്ടെർസും ഓസ്ട്രേലിയയിൽനിന്നു വന്നു. 1954-ൽ സ്നാപനമേറ്റ പീറ്റർ ജനിച്ചത് ലട്വിയയിലും വളർന്നത് ഓസ്ട്രേലിയയിലുമായിരുന്നു. സങ്കടകരമെന്നു പറയട്ടെ, സ്നേഹവും ദയയും നിറഞ്ഞ പെരുമാറ്റത്തിലൂടെ പെട്ടെന്നുതന്നെ എല്ലാവരുടെയും പ്രിയങ്കരിയായിത്തീർന്ന ജിൻ 1999-ൽ മരണമടഞ്ഞു. പീറ്റർ ലട്വിയയിൽ തുടരാൻ തീരുമാനിച്ചു. ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റിയിൽ സേവിക്കുന്നു. പീറ്റർ പറയുന്നു: “ഞങ്ങൾ വന്നെത്തിയപ്പോൾ ലട്വിയൻ സഹോദരങ്ങൾ തീക്ഷ്ണതയുള്ള പ്രസംഗകരാണെന്നു ഞങ്ങൾ കണ്ടെത്തി. എന്നിരുന്നാലും സഭകൾക്ക് ഒരു പ്രത്യേക പ്രദേശം നിയമിച്ചുകൊടുത്തിരുന്നില്ല, റിഗയുടെ ചില ഭാഗങ്ങൾപോലും പ്രവർത്തിക്കുന്നില്ലായിരുന്നു. കൂടാതെ ചുരുക്കം ചില സഭകൾ മാത്രമേ ക്രമമായി പരസ്യപ്രസംഗങ്ങൾ പട്ടികപ്പെടുത്തിയിരുന്നുള്ളൂ. ഈ രണ്ടു കാര്യങ്ങളും പെട്ടെന്നു കൈകാര്യം ചെയ്തു.”
പ്രോത്സാഹനവുമായി ഗിലെയാദ് ബിരുദധാരികൾ
ആദ്യ ഗിലെയാദ് പരിശീലിത മിഷനറിമാർ എത്തുന്നത് 1993 ആരംഭത്തിലാണ്. സ്വീഡിഷ് ദമ്പതികളായ ആൻഡർസ് ബെറിലുണ്ടും ഭാര്യ ആഗ്ന്യെറ്റായും റ്റോറിനി ഫ്രിഡ്ലുണ്ടും ഭാര്യ ല്യെനായും 60,000-ത്തിൽപ്പരം ജനങ്ങളുള്ള യെൽഗാവാ നഗരത്തിൽ നിയമിക്കപ്പെട്ടു, അവിടെ പ്രസാധകരായി 28 പേരുണ്ടായിരുന്നു. ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റിയിലെ ഒരംഗമായ ആൻഡർസ് പറയുന്നു: “ഞങ്ങൾ വന്നെത്തിയ ഉടനെ സഹോദരങ്ങളോടൊത്തു വയൽസേവനത്തിനു പോയി. അവർ ഞങ്ങളെ തിരക്കുള്ളവരാക്കി നിറുത്തി! ചില ദിവസങ്ങളിൽ അവരോടൊത്തു പോകുമ്പോൾ ഒരു അധ്യയനത്തിൽനിന്നു മറ്റൊന്നിലേക്ക് ഓടുകയായിരുന്നു എന്നുവേണം പറയാൻ, ഭക്ഷണം കഴിക്കാൻപോലും നിൽക്കാതെ തുടർച്ചയായി ഏഴെട്ടു മണിക്കൂർ! അവരുടെ തീക്ഷ്ണത പ്രചോദനാത്മകമായിരുന്നു. ഈ അധ്യേതാക്കളിൽ പലരും ഇപ്പോൾ മുഴുസമയ സേവനത്തിലാണ്.”
റ്റോറിനി ഫ്രിഡ്ലുണ്ട് അനുസ്മരിക്കുന്നു: “മൂന്നു മാസത്തെ ഒരു ഭാഷാപഠന കോഴ്സിനുശേഷം സ്വന്തമായി സംഭാഷിക്കാൻ ഞങ്ങൾ സജ്ജരാണെന്നു ഞങ്ങൾക്കു തോന്നി. രണ്ടാം ലോകമഹായുദ്ധ കാലംമുതൽ പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശം ഞങ്ങൾ തിരഞ്ഞെടുത്തു. എന്നാൽ
ഏറെ പ്രതികരണമൊന്നും കിട്ടിയില്ല. ഞങ്ങളുടെ സമീപനം തെറ്റായിരുന്നോ? ഇതേക്കുറിച്ച് ചർച്ചചെയ്തശേഷം ഞങ്ങൾ മറ്റൊരു സമീപനം പരീക്ഷിച്ചു—ഓരോ വീട്ടുവാതിൽക്കലും ഒരു തിരുവെഴുത്തു വായിക്കുക. അതിനുശേഷം ഞങ്ങൾക്ക് പല അധ്യയനങ്ങൾ തുടങ്ങാൻ കഴിഞ്ഞു.”1995 ഏപ്രിലിൽ കൂടുതൽ ഗിലെയാദ് ബിരുദധാരികൾ വന്നെത്താൻ തുടങ്ങി. അവരിൽ ഫിൻലൻഡിൽനിന്നുള്ള ബാസ ബെറിമാനും ഭാര്യ ഹൈഡിയും ഉൾപ്പെട്ടിരുന്നു. ഇപ്പോൾ അവർ ഒരു റഷ്യൻ ഭാഷാ സർക്കിട്ടിൽ സഞ്ചാരവേലയിൽ ഏർപ്പെട്ടിരിക്കുകയാണ്. ബാസ പറയുന്നു: “ഞാൻ ശുശ്രൂഷയിൽ എന്തെങ്കിലും തെറ്റു പറഞ്ഞാൽ തിരുത്തണമെന്ന് സ്ഥലത്തെ സഹോദരന്മാരോടു ഞാൻ ആവശ്യപ്പെട്ടു. അവർ ഉത്സാഹപൂർവം പ്രതികരിച്ചു, വയലിൽ മാത്രമല്ല, യോഗസമയത്തും ഞാൻ എന്തെങ്കിലും തെറ്റു പറഞ്ഞാലുടനെ അവർ എന്നെ തിരുത്താൻ തുടങ്ങി! ഇപ്പോൾ സഹോദരന്മാർ ‘ബാസ നമ്മളിൽ ഒരാളായിത്തീർന്നിരിക്കുന്നു’ എന്നു പറയുന്നത് കേൾക്കുമ്പോൾ എനിക്കു വളരെ സന്തോഷം തോന്നാറുണ്ട്.”
ഡെന്മാർക്കിൽനിന്നുള്ള കാർസ്റ്റൻ ഐസ്ട്രുപ്പും ഭാര്യ യാനിയും ലട്വിയയിൽ ഒരുമിച്ചു സേവിച്ചുകൊണ്ടിരിക്കെ തന്റെ മുപ്പതുകളിലായിരുന്ന യാനി അർബുദം പിടിപെട്ടു മരിച്ചു. “എന്റെ മിഷനറി നിയമനത്തിൽ വിശ്വസ്തമായി തുടരുകയാണ് എനിക്കു യഹോവയെ ബഹുമാനിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം,” കാർസ്റ്റൻ പറയുന്നു. അത്തരം സഹോദരന്മാർ എത്ര നല്ല മാതൃകയാണ്!
ശുശ്രൂഷാ പരിശീലന സ്കൂൾ ബിരുദധാരികൾ വന്നെത്തുന്നു
1994 മുതൽ ജർമനി, പോളണ്ട്, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്ന് 20-ൽപ്പരം ശുശ്രൂഷാ പരിശീലന സ്കൂൾ ബിരുദധാരികൾ ലട്വിയയിൽ നിയമിക്കപ്പെട്ടു. ആദ്യം വന്നെത്തിയത് ഡെന്മാർക്കിൽനിന്നുള്ള മിക്കാൽ ഉത്സനും യെസ് ക്യെർ നിൽസനും ആയിരുന്നു. അവർ വ്യാവസായിക നഗരവും ലട്വിയയിലെ രണ്ടാമത്തെ വലിയ നഗരവുമായ ഡൗഗാവ്പിൽസിൽ നിയമിക്കപ്പെട്ടു.
യെസ് പറയുന്നു: “റിഗയിൽനിന്ന് ഏകദേശം 240 കിലോമീറ്റർ തെക്കുകിഴക്കായി കിടക്കുന്ന ഡൗഗാവ്പിൽസിലേക്ക് ഒരു ദിവസം ഉച്ചകഴിഞ്ഞ് ഞങ്ങൾ യാത്ര തിരിച്ചു. ജനുവരി മാസമായിരുന്നു അത്, നല്ല തണുപ്പുള്ള സമയം. വാസ്തവത്തിൽ, റിഗയിൽനിന്ന് ഞങ്ങൾ പുറപ്പെടുമ്പോൾ മഞ്ഞു പൊഴിയുകയായിരുന്നു. സാഹിത്യം നിറച്ച ഒരു പഴയ വാനിലായിരുന്നു യാത്ര. ഒരു സഹോദരനായിരുന്നു വണ്ടിയോടിച്ചത്. അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. ഞങ്ങൾക്കാണെങ്കിൽ ലട്വിയനോ റഷ്യനോ വശമില്ലായിരുന്നു. ഏകദേശം 50 കിലോമീറ്റർ യാത്ര ചെയ്തു കഴിയുമ്പോൾ അദ്ദേഹം വണ്ടി നിറുത്തിയിട്ട് എൻജിനിൽ എന്തോ ഒക്കെ ചെയ്യുമായിരുന്നു. ഏതായാലും ഒരു സംഗതി
തീർച്ചയാണ്, അദ്ദേഹം ഹീറ്റർ നന്നാക്കുകയല്ലായിരുന്നു. കാരണം അകത്തും പുറത്തും ഒരുപോലെ തണുപ്പായിരുന്നു. എങ്കിലും നടുവൊടിക്കുന്ന ആ യാത്രയെ ഞങ്ങൾ അതിജീവിച്ചു, പാതിരായാകാറായപ്പോഴേക്കും ഞങ്ങൾ ഡൗഗാവ്പിൽസിൽ എത്തി. അന്ന് ആ നഗരത്തിൽ 16 പ്രസാധകരാണ് ഉണ്ടായിരുന്നത്. പിറ്റേവർഷം അവസാനമായപ്പോഴേക്കും എണ്ണം ഏതാണ്ട് ഇരട്ടിയായി.”ലട്വിയനിലേക്ക് പരിഭാഷ നിർവഹിക്കപ്പെടുന്നു
1992-നുമുമ്പ്, മിക്ക ലട്വിയക്കാരും സംസാരിച്ചിരുന്ന റഷ്യനിലായിരുന്നു സാഹിത്യം മുഖ്യമായി ലഭ്യമായിരുന്നത്. എന്നാൽ അനേകർക്കും മാതൃഭാഷയായിരുന്നു കൂടുതലിഷ്ടം. ഒരു റിപ്പോർട്ടു പറയുന്നു: “ശ്രദ്ധേയമെന്നു പറയട്ടെ, ഏതാനും ശതങ്ങൾ വരുന്ന പുതിയ പ്രസാധകരുടെ ഇടയിൽ പരിഭാഷാ വൈദഗ്ധ്യമുള്ള ചിലർ ഉണ്ടായിരുന്നു. സന്നദ്ധമനോഭാവം പ്രകടമാക്കിയ ഈ യുവ സഹോദരീസഹോദരന്മാരുടെ വേലയെ ദൈവത്തിന്റെ പരിശുദ്ധാത്മാവു നയിക്കുന്നതു ഞങ്ങൾക്കു കാണാൻ കഴിഞ്ഞു.”
വിവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ലട്വിയനിൽ വീക്ഷാഗോപുരം 1995 ജനുവരിയിൽ പ്രതിമാസപ്പതിപ്പെന്ന നിലയിലും 1996 ജനുവരിയിൽ അർധമാസപ്പതിപ്പെന്ന നിലയിലും ലഭ്യമായിത്തീർന്നു. ലട്വിയനിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങളിൽ പല പുസ്തകങ്ങളും ലഘുപത്രികകളും ഉണരുക! മാസികയും ഉൾപ്പെടുന്നു.
1993-ന്റെ പ്രാരംഭത്തിൽ പരിഭാഷാ സംഘം റിഗയിലെ മിഷനറി ഭവനത്തിലെ ഇടുങ്ങിയ ചുറ്റുപാടിൽനിന്ന് ബ്രിവിബാസ് തെരുവിലെ ഒരു അപ്പാർട്ട്മെന്റിലേക്കു മാറി. പിന്നീട്, 1994 ആഗസ്റ്റിൽ, 40 മിയെറാ തെരുവിലുള്ള പുതുതായി നവീകരിച്ച ഓഫീസുകളിലേക്കു മാറി. സഹോദരന്മാർക്ക് പുതിയ വസ്തു കിട്ടിയത് എങ്ങനെയായിരുന്നു?
ഉദാരമായ ഒരു സമ്മാനം
ജോർജ് ഹാക്ക്മാനിസും ഭാര്യ സിഗ്രിഡും രണ്ടാം ലോകമഹായുദ്ധകാലത്ത് അഭയാർഥികളെന്ന നിലയിൽ ലട്വിയ വിട്ടുപോയതാണ്. ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ച് സത്യം പഠിച്ച ഈ ദമ്പതികൾ 1951-ൽ സ്നാപനമേറ്റു. അടുത്ത വർഷം അവർ ഐക്യനാടുകളിലേക്കു കുടിയേറി. 1992-ൽ അവർ അഞ്ചു വർഷത്തേക്ക് ലട്വിയയിലേക്കു മടങ്ങി.
1991-ൽ ലട്വിയ സോവിയറ്റ് യൂണിയനിൽനിന്നു പിന്മാറിയതിനെ തുടർന്ന്, ആളുകൾക്ക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്ന വസ്തുക്കളുടെ ഉടമസ്ഥത വീണ്ടും അവകാശപ്പെടാൻ കഴിയുമായിരുന്നു. സിഗ്രിഡും സാക്ഷിയായ അവരുടെ സഹോദരിയും തങ്ങളുടെ കുടുംബപ്രമാണങ്ങൾ 50-ൽപ്പരം വർഷമായി സൂക്ഷിച്ചുവെച്ചിരുന്നു. തന്നിമിത്തം അവർക്ക് 40 മിയെറാ തെരുവിലെ വസ്തു തിരികെകിട്ടി. അവർ ദയാപൂർവം അത്
യഹോവയുടെ സംഘടനയ്ക്കു സംഭാവന ചെയ്തു. തുടർന്ന് സഹോദരന്മാർ ആ കെട്ടിടം 20 പേർക്കു താമസിക്കാൻ സൗകര്യമുള്ള, അഞ്ചുനിലയുള്ള ഒരു വിവർത്തനകേന്ദ്രമാക്കി മാറ്റി.ഭരണസംഘത്തിലെ മിൽട്ടൺ ജി. ഹെൻഷൽ 1994 ആഗസ്റ്റ് 20-നു നടന്ന സമർപ്പണത്തിൽ സംബന്ധിച്ചു. അവിടെയായിരിക്കെ, അദ്ദേഹം തൊട്ടടുത്ത് 42 മിയെറാ തെരുവിലുള്ള, ആറുനില കെട്ടിടം ഉൾക്കൊള്ളുന്ന വസ്തു വാങ്ങുന്നതിനുള്ള നിർദേശംവെച്ചു. ഐക്യനാടുകളിൽ താമസിച്ചിരുന്ന ഉടമസ്ഥൻ അതു വിൽക്കാൻ സമ്മതിച്ചു. ഈ കെട്ടിടവും പൂർണമായി നവീകരിച്ചു, ബെഥേൽ കുടുംബം
35 പേരായി വർധിച്ചു. അതിനുശേഷം കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തി. ഇപ്പോൾ 55 ബെഥേലംഗങ്ങൾക്കുള്ള മുറികളും ഓഫീസുകളും ഉണ്ട്.നിയമപരമായ അംഗീകാരം
വേലയുടെ നിയമപരമായ രജിസ്ട്രേഷൻ ലട്വിയയിൽ ഒരു വെല്ലുവിളിയായി തുടരുകയാണ്. 1996-ൽ ഉദ്യോഗസ്ഥർ, യെല്യെനാ ഗോഡ്ല്യെവ്സ്കായായെ കുറിച്ചുള്ള പ്രതികൂല പത്രപ്രസ്താവനകളെ രജിസ്ട്രേഷൻ നിഷേധിക്കാനുള്ള കാരണമായി ഉപയോഗിച്ചു. ഒരു പാർലമെന്റംഗം നമ്മുടെ വേല നിരോധിക്കപ്പെടാനിടയുണ്ടെന്നുപോലും സൂചിപ്പിച്ചു! എന്നിട്ടും, സഹോദരന്മാർ ഉദ്യോഗസ്ഥന്മാരെ കാണുന്നതിലും നമ്മുടെ വേലയെക്കുറിച്ച് അവർക്കു വിശദീകരിച്ചു കൊടുക്കുന്നതിലും തുടർന്നു. ഒടുവിൽ, 1998 ഒക്ടോബർ 12-ന് ദേശീയ മനുഷ്യാവകാശ ഓഫീസിന്റെ ഡയറക്ടർ, റിഗ സെന്റർ, റിഗ റ്റുവോർണ്യാകാല്ൻസ് എന്നീ സഭകൾ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നതായി പ്രഖ്യാപിച്ചു—പരീക്ഷണാർഥം ഒരു വർഷത്തേക്കായിരുന്നു അത്. ഒരു മാസം കഴിഞ്ഞ് യെൽഗാവായിലെ സഭ സമാനമായി രജിസ്റ്റർ ചെയ്യപ്പെട്ടു.
പുതിയ സഭകൾ ഓരോ വർഷവും വീണ്ടും രജിസ്റ്റർ ചെയ്യണമെന്നു ലട്വിയൻ നിയമം ആവശ്യപ്പെടുന്നു. സ്ഥിരമായ രജിസ്ട്രേഷൻ കിട്ടുന്നതിന് കുറഞ്ഞതു പത്തു സഭകൾ പത്തു വർഷത്തേക്കു രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനിടയിൽ, രജിസ്ട്രേഷനു കാത്തിരിക്കുന്ന സഭകൾക്ക് ഗവൺമെന്റിന്റെ എതിർപ്പില്ലാതെ കൂടിവരാൻ കഴിയുന്നുണ്ട്.
കൂടിവരാൻ സ്ഥലങ്ങൾ കണ്ടെത്തുന്നു
1990-കളിലെ സത്വര വളർച്ച യോഗങ്ങൾ നടത്തുന്നതിന് വലുപ്പമേറിയ സ്ഥലങ്ങൾ ആവശ്യമാക്കിത്തീർത്തു. 1997-ൽ ഡൗഗാവ്പിൽസിൽ അനുയോജ്യമായ ഒരു വസ്തു പൊതുലേലത്തിനു വെച്ചു. സഹോദരന്മാർ മാത്രമേ ലേലത്തിൽ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ. 1998 ഡിസംബറിൽ അതു പുതുക്കിപ്പണിയാൻ തുടങ്ങി. എട്ടു മാസത്തിനുശേഷം സ്വന്തം രാജ്യഹാളിൽ കൂടിവന്നപ്പോൾ ആ നഗരത്തിലെ 140-ൽപ്പരം പ്രസാധകർക്കു സന്തോഷം അടക്കാനായില്ല.
അടിത്തറമുതൽ പണിതുയർത്തേണ്ടിവന്ന ആദ്യത്തെ പുതിയ രാജ്യഹാൾ 1997-ൽ യൂർമാലായിൽ പൂർത്തിയായി. പണിയുടെ നിലവാരത്തിൽ അങ്ങേയറ്റം മതിപ്പു തോന്നിയ സ്ഥലത്തെ ഒരു ബൈബിൾ വിദ്യാർഥി, തനിക്ക് ഒരു വീടു പണിതുതരാമോയെന്ന് സാക്ഷികളോടു ചോദിച്ചു! നമ്മുടെ വേലയുടെ ആത്മീയ സ്വഭാവം വിശദീകരിച്ചുകൊണ്ട് സഹോദരന്മാർ അതിനു വിസമ്മതിച്ചു. ഇതിനിടയിൽ, റിഗയിലെ റ്റുവോർണ്യാകാല്ൻസ് പ്രദേശത്തെ സഹോദരന്മാർ കത്തിപ്പോയ ഒരു സിനിമാശാല കുറഞ്ഞ വിലയ്ക്കു വാങ്ങി. 1998 ആഗസ്റ്റ്
ആയപ്പോഴേക്കും, കത്തിക്കരിഞ്ഞ ആ കെട്ടിടം മനോഹരമായ ഒരു ഇരട്ട രാജ്യഹാളായി രൂപാന്തരപ്പെട്ടിരുന്നു.ഫിൻലൻഡിൽനിന്ന് ഒരു സഹായഹസ്തം
ഫിൻലൻഡിലെ സഹോദരങ്ങൾ ലട്വിയയിലെ വേലയുടെ പുരോഗതിക്കായി വളരെയധികം യത്നിച്ചു, 1992 മുതൽ 2004 വരെ വേലയുടെ മേൽനോട്ടം വഹിച്ചുകൊണ്ടുപോലും. ലട്വിയയ്ക്കുവേണ്ടി മാസികകൾ മുഴുവൻ അച്ചടിക്കുന്നതും ഫിൻലൻഡാണ്, മാർഗനിർദേശങ്ങൾ നൽകുന്നതിന് വർഷങ്ങളിലുടനീളം പ്രാപ്തരായ സഹോദരന്മാരെ അങ്ങോട്ട് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ ഒരാളാണ് യുഹാ ഹുട്ടുനെൻ. ഭാര്യ റ്റൈനായോടൊപ്പം 1995-ലാണ് അദ്ദേഹം ലട്വിയയിലെത്തിയത്. യുഹാ ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റിയിൽ സേവിക്കുകയാണ്. രൂബൻ ലിൻഡും ഭാര്യ ഉല്ലായും വേലയ്ക്കു വലിയ മുതൽക്കൂട്ട് ആയിരുന്നു. അവർ ഇരുവരും കൂടി മുഴുസമയ സേവനത്തിൽ 80-ൽപ്പരം വർഷം ചെലവഴിച്ചിരിക്കുന്നു. ലിൻഡ് സഹോദരൻ ഫിൻലൻഡിലേക്കു മടങ്ങിപ്പോകുന്നതിനുമുമ്പ് നാലു വർഷം ലട്വിയ കൺട്രി കമ്മിറ്റിയിൽ സേവിച്ചു.
കൂടാതെ, ഫിൻലൻഡിൽനിന്നുള്ള 150-ൽപ്പരം സഹോദരന്മാർ വിവിധ നിർമാണ പദ്ധതികളിൽ സഹായിച്ചിട്ടുണ്ട്. അത്തരം എല്ലാ സ്നേഹപ്രവൃത്തികളും ഒപ്പം ലട്വിയയിലെ പ്രസാധകരുടെയും പയനിയർമാരുടെയും മിഷനറിമാരുടെയും ശുശ്രൂഷയിന്മേലുള്ള യഹോവയുടെ സമൃദ്ധമായ അനുഗ്രഹവും നിമിത്തം ആ രാജ്യം 2004 സെപ്റ്റംബർ 1-ന് ഒരു ബ്രാഞ്ച് ആയിത്തീർന്നു.
പ്രത്യേക പ്രസംഗ പ്രസ്ഥാനങ്ങൾ
ലട്വിയയിലെ മിക്ക പ്രസാധകരും പാർക്കുന്നതു നഗരങ്ങളിലും വലുപ്പമേറിയ പട്ടണങ്ങളിലും അവയുടെ പ്രാന്തപ്രദേശത്തുമാണ്. അവധിക്കാലത്തിന്റെ ഒരു ഭാഗം ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ഒരു പ്രത്യേക പ്രസംഗ പ്രസ്ഥാനത്തിൽ പങ്കെടുക്കാനായി ഉപയോഗിക്കാൻ പ്രസാധകരെ ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്ത് 2001 ആരംഭത്തിൽ സഭകൾക്കു കിട്ടി. സന്നദ്ധരായി മുന്നോട്ടു വന്ന 93 പ്രസാധകരെ ഒമ്പതു കൂട്ടങ്ങളായി തിരിച്ച് പല ഉൾനാടൻ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും നിയമിച്ചു.
വ്യാചെസ്ലാവ്സ് സൈറ്റ്സെവ്സ് ഒരു ബെഥേൽ കുടുംബാംഗമാണ് അദ്ദേഹം ഈ പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ കഴിയേണ്ടതിന് അവധിയെടുത്തു. അദ്ദേഹം പറയുന്നു: “മറ്റു സഹോദരീസഹോദരന്മാരെ മെച്ചമായി പരിചയപ്പെടാൻ അത് ഒരു വിശിഷ്ടാവസരമായിരുന്നു. സാക്ഷീകരണം കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം ആസ്വദിക്കുകയും അനുഭവങ്ങൾ പറയുകയും അടുത്ത ദിവസത്തെ വേല ആസൂത്രണം ചെയ്യുകയും ചെയ്തു. പിന്നെ ഞങ്ങൾ ഫുട്ബോൾ കളിക്കുകയും ഒരു തടാകത്തിൽ
മുങ്ങിക്കുളിക്കുകയും ചെയ്തു. അതു പറുദീസയുടെ ഒരു പൂർവാസ്വാദനം ആയിരുന്നു.”സഹോദരങ്ങൾ ശുശ്രൂഷയിൽ ശരാശരി 41-ൽപ്പരം മണിക്കൂർ വീതം മൊത്തം 4,200-ലേറെ മണിക്കൂർ ചെലവഴിക്കുകയും 9,800-ൽപ്പരം സാഹിത്യങ്ങൾ സമർപ്പിക്കുകയും ചെയ്തു. അവർ 1,625 മടക്കസന്ദർശനങ്ങളും 227 ബൈബിളധ്യയനങ്ങളും നടത്തി. അതിനുശേഷം ഓരോ വർഷവും സമാനമായ സാക്ഷീകരണ പരിപാടികൾ ക്രമീകരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.
അനേകർ യഥാർഥ സ്വാതന്ത്ര്യത്തിലേക്കുള്ള പാത കണ്ടെത്തുന്നു
നക്ഷത്രനിബിഡമായ ഒരു രാത്രിയിൽ കടലിൽവെച്ച് ദൈവത്തിങ്കൽ തന്റെ ഹൃദയം പകർന്ന ലട്വിയക്കാരനായ ആൻസ് ഇൻസ്ബെർഗിന്റെ അനുഭവം പറഞ്ഞുകൊണ്ടാണ് നാം നമ്മുടെ വിവരണം തുടങ്ങിയത്. ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്ന ജനത്തെ കണ്ടെത്താൻ ആൻസ് ആഗ്രഹിച്ചു. (യോഹ. 4:24) ആ ആത്മാർഥമായ അപേക്ഷ യഹോവ കേട്ടു. അന്നുമുതൽ, ലട്വിയയിൽ 2,400-ൽപ്പരം ആത്മാർഥഹൃദയർ ആത്മീയ സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തിച്ചേർന്നിരിക്കുന്നു, ഏതാണ്ട് അത്രത്തോളംതന്നെ പേർ ബൈബിൾ പഠിച്ചുകൊണ്ടുമിരിക്കുന്നു. ഉവ്വ്, ഇനിയും വളരെയധികം വേല ചെയ്യാനുണ്ട്!—മത്താ. 9:37, 38.
യഥാർഥ സ്വാതന്ത്ര്യത്തിനുവേണ്ടി കാംക്ഷിക്കുന്ന സകലരെയും സഹായിക്കാൻ ലട്വിയയിലെ യഹോവയുടെ സാക്ഷികൾ ആകാംക്ഷയുള്ളവരാണ്, ബ്രിവിബാസ് തെരുവിലെ സ്വാതന്ത്ര്യ സ്മാരകം പ്രതീകപ്പെടുത്തുന്ന സ്വാതന്ത്ര്യത്തിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ടല്ല, പിന്നെയോ ദൈവരാജ്യത്തിലേക്ക് അവരെ നയിച്ചുകൊണ്ട്. ആ രാജ്യത്തിനുവേണ്ടി കാംക്ഷിക്കുകയും യഹോവയെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുകയും ചെയ്യുന്നവർ പെട്ടെന്നുതന്നെ എല്ലാത്തരം വേദനയിൽനിന്നും കഷ്ടപ്പാടിൽനിന്നും സ്വതന്ത്രരാക്കപ്പെടും. അതേ, അവർ തികവുറ്റ സ്വാതന്ത്ര്യം—‘ദൈവമക്കളുടെ തേജസ്സാകുന്ന [“മഹത്തായ,” NW] സ്വാതന്ത്ര്യം’—ആസ്വദിക്കും.—റോമ. 8:20.
[അടിക്കുറിപ്പ്]
a യുരി കാപ്റ്റോലായുടെ ജീവിത കഥ 2005 സെപ്റ്റംബർ 1-ലെ വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
[190-ാം പേജിലെ ആകർഷക വാക്യം]
“ഞാൻ എന്റെ സ്നാപനം ഒരിക്കലും മറക്കുകയില്ല. ഐസ്പോലെ തണുത്ത ഒരു നദിയിൽ രാത്രി വൈകിയാണ് അതു നടന്നത്. തണുപ്പുകൊണ്ട് ഞാൻ ആകെ വിറയ്ക്കുകയായിരുന്നു. എന്നാൽ ഞാൻ വളരെ സന്തുഷ്ടയായിരുന്നു.”
[203-ാം പേജിലെ ആകർഷക വാക്യം]
“‘നിങ്ങൾ വിഷമാണ് വാങ്ങിയത്!’ എന്ന് ആരോ പിന്നിൽനിന്നു പറയുന്നതു ഞാൻ കേട്ടു.”
[184, 185 പേജുകളിലെ ചതുരം/ മാപ്പുകൾ]
ലട്വിയ ഒരു ആകമാന വീക്ഷണം
ഭൂപ്രകൃതി
ലട്വിയയ്ക്ക് കിഴക്കുപടിഞ്ഞാറായി ഏതാണ്ട് 450 കിലോമീറ്റർ നീളവും തെക്കുവടക്കായി 210 കിലോമീറ്റർ വീതിയുമുണ്ട്. ദേശത്തിന്റെ 45 ശതമാനത്തോളം വനങ്ങളാണ്. ബീവർ, മാൻ, മ്ലാവ്, ഓട്ടർ, നീർനായ്, കാട്ടുപന്നി, ചെന്നായ്, ലിൻക്സ് കാട്ടുപൂച്ച തുടങ്ങിയവയാണ് ഇവിടെ കണ്ടുവരുന്ന മൃഗങ്ങൾ. അനേകംവരുന്ന പക്ഷിയിനങ്ങളിൽ കരിങ്കൊക്ക്, ചാരക്കൊക്ക്, രാപ്പാടി, മരംകൊത്തി എന്നിവ ഉൾപ്പെടുന്നു.
ജനങ്ങൾ
23 ലക്ഷം വരുന്ന നിവാസികളിൽ മൂന്നിലൊന്നിലധികം വസിക്കുന്നത് തലസ്ഥാനമായ റിഗയിലാണ്. മുഖ്യ മതങ്ങൾ ലൂഥറൻ, റോമൻ കാത്തോലിക്ക, റഷ്യൻ ഓർത്തഡോക്സ് എന്നിവയാണ്. എന്നിരുന്നാലും, മിക്ക ലട്വിയക്കാരും തങ്ങളെത്തന്നെ മതവിശ്വാസമില്ലാത്തവരായി കണക്കാക്കുന്നു.
ഭാഷ
മുഖ്യഭാഷകൾ ജനങ്ങളിൽ 60 ശതമാനത്തോളം പേർ സംസാരിക്കുന്ന ലട്വിയനും 30 ശതമാനത്തിലേറെ പേർ സംസാരിക്കുന്ന റഷ്യനുമാണ്. അനേകരും ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നു.
ഉപജീവനമാർഗം
ജനസംഖ്യയുടെ ഏകദേശം 60 ശതമാനം പൊതുജന സേവനവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു. ബാക്കിയുള്ളവർ ഫാക്ടറികളിലും കാർഷികമേഖലയിലും പണിയെടുക്കുന്നു.
ആഹാരം
കാർഷികോത്പന്നങ്ങളിൽ ബാർലി, ഉരുളക്കിഴങ്ങ്, ഷുഗർ ബീറ്റ്, മറ്റു പലവിധ പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. മൃഗസമ്പത്തിൽ പ്രധാനമായും കന്നുകാലികൾ, കോലാടുകൾ, പന്നികൾ, ചെമ്മരിയാടുകൾ എന്നിവയാണുള്ളത്. മുട്ടയ്ക്കും ഇറച്ചിക്കുമായി വിവിധയിനം പക്ഷികളെയും വളർത്തുന്നുണ്ട്.
കാലാവസ്ഥ
ഈർപ്പം കൂടിയ അന്തരീക്ഷസ്ഥിതിയാണ് പൊതുവേ; സാധാരണമായി ആകാശം മേഘാവൃതമാണ്. വേനൽക്കാലത്ത് താരതമ്യേന തണുപ്പുണ്ട്. ശീതകാലം അങ്ങേയറ്റം ശീതവുമല്ല.
[മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
എസ്തോണിയ
റഷ്യ
ലട്വിയ
വാൽമ്യെറാ
റിഗ
യൂർമാലാ
സ്ലുവോക്കാ
റ്റുകുംസ്
വെന്റ്സ്പിൽസ്
കുൽഡിഗാ
ലിയെപയ
വൈനിവോഡെ
യെൽഗാവാ
ഡൗഗാവ്പിൽസ്
ലിത്വാനിയ
ബാൾട്ടിക് സമുദ്രം
റിഗ ഉൾക്കടൽ
[ചിത്രം]
റിഗ
[186-ാം പേജിലെ ചതുരം/ മാപ്പ്]
ലട്വിയയുടെ നാലു മേഖലകൾ
ലട്വിയയെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായി പൊതുവേ നാലു മേഖലകളായി തിരിച്ചിരിക്കുന്നു, ഓരോന്നിനും അതിന്റേതായ സവിശേഷതകളും ഭംഗിയുമുണ്ട്. റിഗ ഉൾക്കടലിനെ തൊട്ടുരുമ്മി കിടക്കുന്ന ഏറ്റവും വലിയ മേഖലയാണ് വിഡ്സെമെ. അതിലാണ് ചരിത്രപരമായി സമ്പന്നവും കോട്ടകെട്ടിയുറപ്പിച്ചതുമായ സിഗുൽഡാ, റ്റ്സെസിസ് എന്നീ പട്ടണങ്ങൾ. ലട്വിയയുടെ തലസ്ഥാനമായ റിഗയും അവിടെയാണ്. കിഴക്കുഭാഗത്താണു ലട്ഗെയ്ലിലെ നിമ്നപ്രദേശങ്ങളും നീലത്തടാകങ്ങളും രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ രണ്ടാമത്തേതായ ഡൗഗാവ്പിൽസും സ്ഥിതിചെയ്യുന്നത്. ലട്വിയയുടെ അപ്പക്കുട്ട എന്നു വിളിക്കപ്പെടുന്ന സെംഗാലെ മേഖല സ്ഥിതിചെയ്യുന്നത് ബിലറൂസിൽനിന്നു ലട്വിയ വഴി റിഗ ഉൾക്കടലിലേക്ക് ഒഴുകുന്ന പശ്ചിമ ഡൗഗാവാ നദിയുടെ തെക്കു ഭാഗത്താണ്. ഈ മേഖലയിൽ അലങ്കാര ബഹുലമായ രണ്ടു മഹനീയ കൊട്ടാരങ്ങൾ ഉണ്ട്. ഇറ്റലിക്കാരനായ രാസ്ട്രെല്ലി എന്ന വാസ്തുശിൽപ്പിയാണ് ഇതു രൂപകൽപ്പന ചെയ്തത്, റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലുള്ള വിന്റർ പാലസ് രൂപകൽപ്പന ചെയ്ത അതേ ആൾ. കൃഷിയിടങ്ങളും വനങ്ങളും കടലോരങ്ങളും ഒക്കെയുള്ള നാലാമത്തെ മേഖലയായ കുർസെമെയിൽ ബാൾട്ടിക് തീരപ്രദേശവും വെന്റ്സ്പിൽസ്, ലിയെപയ എന്നീ നഗരങ്ങളും അനേകം മത്സ്യബന്ധന ഗ്രാമങ്ങളും ഉൾപ്പെടുന്നു.
[മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
1 വിഡ്സെമെ
2 ലട്ഗെയ്ൽ
3 സെംഗാലെ
4 കുർസെമെ
[192, 193 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
ഒരു വൈദികനോടു സാക്ഷീകരിച്ചത് എന്റെയും അദ്ദേഹത്തിന്റെയും ജീവിതത്തെ മാറ്റിമറിച്ചു
ആന്നാ ബാറ്റ്ന്യാ
ജനനം 1958
സ്നാപനം 1977
സംക്ഷിപ്ത വിവരം യൂക്രെയിനിലെ ഒരു ക്രിസ്തീയ ഭവനത്തിൽ വളർന്നു. ഇപ്പോൾ ഒരു പ്രത്യേക പയനിയറായി സേവിക്കുന്നു, 30-തിലധികം പേരെ സ്നാപനത്തിന്റെ പടിയിലേക്കു പുരോഗമിക്കാൻ സഹായിച്ചിരിക്കുന്നു.
ലട്വിയയിൽ പ്രസാധകരുടെ ആവശ്യമുണ്ടെന്നു കേട്ടതുകൊണ്ട് 1986-ൽ ഞാൻ അവിടേക്കു മാറിപ്പാർത്തു. പരസ്യമായി പ്രസംഗിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല. തന്നിമിത്തം ഞാൻ എന്റെ ബൈബിൾ ഒരു പലചരക്കു സഞ്ചിയിൽ ഒളിച്ചുവെച്ച് പാർക്കുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ചെല്ലും, എന്നിട്ട് മെല്ലെ ആളുകളെ സമീപിച്ച് സംസാരിക്കുമായിരുന്നു. ഞങ്ങൾ രാജ്യപ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആരെങ്കിലും അനുകൂലമായി പ്രതികരിക്കുമ്പോൾ മാത്രം ബൈബിൾ ഉപയോഗിക്കുകയും ചെയ്തു. ബന്ധുക്കളെയോ അയൽക്കാരെയോ ഭയന്ന് ആളുകൾ അപൂർവമായേ അവരുടെ വീടുകളിലേക്കു ഞങ്ങളെ ക്ഷണിച്ചുള്ളൂ. അതുകൊണ്ട് താത്പര്യക്കാരെ കണ്ടുമുട്ടാനാകുന്ന ഏതൊരു സ്ഥലത്തുവെച്ചും ഞങ്ങൾ അവരോടൊത്തു ബൈബിൾ പഠിച്ചു.
സാഹിത്യം വളരെ അപൂർവമായേ കിട്ടാനുണ്ടായിരുന്നുള്ളൂ. വാസ്തവത്തിൽ ഏതാനും വർഷത്തേക്ക് ഞങ്ങളുടെ സഭയിൽ നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന ബൈബിൾ പഠന സഹായിയുടെ ഒരു റഷ്യൻ കോപ്പി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പുസ്തകം ഞങ്ങൾ വയലിൽ നന്നായി ഉപയോഗിച്ചു. എന്നാൽ അത് ഞങ്ങൾ ആർക്കും സമർപ്പിച്ചില്ല!
ഞാനും സഹപ്രവർത്തകയും കൂടെ ഒരു പള്ളിക്കു സമീപം സാക്ഷീകരിക്കവേ, പ്യോറ്റർ ബാറ്റ്ന്യാ എന്നു പേരുള്ള ഒരു വൈദികനെ കണ്ടുമുട്ടി. ഒരു സംഭാഷണം തുടങ്ങുന്നതിനുവേണ്ടി ‘എവിടെനിന്ന് ഞങ്ങൾക്കൊരു ബൈബിൾ വാങ്ങാൻ കഴിയും?’ എന്നു ഞങ്ങൾ അദ്ദേഹത്തോടു ചോദിച്ചു. “എനിക്കും ബൈബിളിൽ താത്പര്യമുണ്ട്,” അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹവുമായി രസകരമായ ഒരു ചർച്ചയിലേർപ്പെടുന്നതിനു സാധിച്ചു. അടുത്ത ദിവസം സമീപത്തുള്ള ഒരു പാർക്കിൽവെച്ച് പ്യോറ്ററിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഞങ്ങൾ സത്യം പുസ്തകത്തിന്റെ ഉള്ളടക്കപ്പട്ടിക കാണിക്കുകയും അതിൽ ഏതു വിഷയം ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നുവെന്നു ചോദിക്കുകയും ചെയ്തു. “ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ലോകാചാരങ്ങൾ” എന്ന വിഷയം അദ്ദേഹം തിരഞ്ഞെടുത്തു. അത് ഫലപ്രദമായ ഒരു ചർച്ചയിൽ കലാശിക്കുകയും ഒരു ക്രമമായ ബൈബിളധ്യയനത്തിലേക്കു നയിക്കുകയും ചെയ്തു. ഒരു സഹോദരനാണ് അതു നടത്തിയത്.
ബൈബിളിന്റെ സൂക്ഷ്മ പരിജ്ഞാനം ലഭിച്ചതോടെ പ്യോറ്റർ സഹവൈദികരോടു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. അടിസ്ഥാന ബൈബിളുപദേശങ്ങൾപോലും വിശദീകരിക്കാൻ അവർക്കു കഴിയുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി! താമസിയാതെ, പ്യോറ്റർ പള്ളിയിൽനിന്നു രാജിവെക്കുകയും തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും ചെയ്തു.
1991-ൽ പ്യോറ്റർ എന്നെ വിവാഹം കഴിക്കുകയും ഞങ്ങൾ ഒരുമിച്ചു പയനിയറിങ് തുടങ്ങുകയും ചെയ്തു. ദുഃഖകരമെന്നു പറയട്ടെ, ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു അപകടത്തിൽപ്പെട്ട് അദ്ദേഹം മരിച്ചു. ഈ അവസ്ഥയിൽ പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചിരിക്കുന്നത് എന്താണ്? ശുശ്രൂഷയിൽ പൂർണമായി മുഴുകുന്നതും “സർവ്വാശ്വാസവും നല്കുന്ന ദൈവ”ത്തെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതുമാണ് മുഖ്യമായും അതിന് എന്നെ പ്രാപ്തയാക്കിയിരിക്കുന്നത്. (2 കൊരി. 1:3, 4) 1997-ൽ എന്നെ ഒരു പ്രത്യേക പയനിയറായി നിയമിച്ചു.
[ചിത്രം]
പ്യോറ്റർ
[200, 201 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
നീതിനിഷ്ഠമായ ഒരു ഭരണകൂടത്തിനായി ഞാൻ വാഞ്ഛിച്ചു
ഇന്ദ്ര റെയ്റ്റുപെ
ജനനം 1966
സ്നാപനം 1989
സംക്ഷിപ്ത വിവരം മുമ്പ് കമ്മ്യൂണിസ്റ്റുകാരിയായിരുന്നു. 1990-ൽ പയനിയറിങ് തുടങ്ങി, 30-ലേറെ പേരെ സ്നാപനത്തിന്റെ പടിയിലേക്കു പുരോഗമിക്കാൻ സഹായിച്ചു.
വളർന്നുവരവേ എനിക്കു ദൈവത്തിലോ ബൈബിളിലോ വിശ്വാസമില്ലായിരുന്നു. എന്നിരുന്നാലും എപ്പോഴും ശരിയായ കാര്യങ്ങൾക്കുവേണ്ടി നിലകൊള്ളാൻ ഞാൻ ശ്രമിച്ചിരുന്നു. നീതിനിഷ്ഠമായ ഒരു നല്ല ഗവൺമെന്റ് സ്ഥാപിക്കുന്നതിൽ മനുഷ്യർ തുടർച്ചയായി പരാജയപ്പെട്ടിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ എനിക്ക് ഒരിക്കലും കഴിഞ്ഞില്ല.
ഞാൻ ആദ്യം യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയപ്പോൾ ബൈബിളിൽനിന്ന് അവർ കാണിച്ചുതന്ന കാര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. അവർ പറഞ്ഞ കാര്യങ്ങൾ ന്യായയുക്തമായിരുന്നു! യേശു എന്തിനെ ഉന്നമിപ്പിക്കാനാണോ പ്രവർത്തിച്ചത് ആ നീതിയെയും രാജ്യഗവൺമെന്റിനെയും കുറിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. 1989-ൽ ഞാൻ സ്നാപനമേറ്റു, ഒരു തടാകത്തിൽവെച്ച്. ആറുമാസം കഴിഞ്ഞ് ഞാൻ ഒരു സാധാരണ പയനിയറായി സേവിച്ചുതുടങ്ങി. ആ സമയത്ത് ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടായിരുന്നു. പിന്നീട് ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നു. എന്റെ ഭർത്താവായ ഇവാനും യഹോവയുടെ സാക്ഷികളിൽ ഒരാളാണ്, അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ സഹായത്തോടെ എനിക്ക് മുഴുസമയ സേവനത്തിൽ തുടരാൻ കഴിഞ്ഞിരിക്കുന്നു.
മക്കൾ ചെറുതായിരു ന്നപ്പോൾ മിക്കപ്പോഴും ഞാൻ തെരുവുകളിലും പാർക്കുകളിലും അനൗപചാരികമായി സാക്ഷീകരിക്കുമായിരുന്നു. ഇരട്ടകൾ ഒരു സഹായമായിരുന്നു, കാരണം അവരുടെ സാന്നിധ്യം ആളുകളുടെ ജിജ്ഞാസ ഉണർത്തുകയും പിരിമുറുക്കം കുറയ്ക്കുകയും എന്നോടു സംസാരിക്കാൻ അവരെ കൂടുതൽ ചായ്വുള്ളവരാക്കുകയും ചെയ്തു.
റിഗയിലെ ഒരു പാർക്കിൽ സാക്ഷീകരിക്കവേ, ആന്നാ എന്നു പേരുള്ള ഒരു സ്ത്രീയെ കണ്ടുമുട്ടി. ഒരു സംഗീതക്കച്ചേരിക്ക് എത്തിയതായിരുന്നു അവർ. ടിക്കറ്റും വാങ്ങി അതു തുടങ്ങുന്ന സമയത്തിനായി അവർ കാത്തിരിക്കുകയായിരുന്നു. എന്നിരുന്നാലും മനുഷ്യവർഗത്തിന്റെ ബൈബിൾ പ്രത്യാശയെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആകാംക്ഷയുണ്ടായിരുന്നതിനാൽ സംഗീതക്കച്ചേരിക്കു പോകുന്നതിനു പകരം അവർ എന്നോടൊപ്പം ബൈബിൾ ചർച്ച തുടർന്നു. ഞാൻ ബൈബിളിൽനിന്നു വാക്യങ്ങൾ കാണിച്ചുകൊടുക്കുകയും പാർക്കിൽവെച്ചു വീണ്ടും കണ്ടുമുട്ടാൻ ക്രമീകരിക്കുകയും ചെയ്തു. ആറുമാസം കഴിഞ്ഞ് ആന്നാ (വലതുവശത്ത്) നമ്മുടെ ഒരു സഹോദരിയായിത്തീർന്നു, ഇപ്പോൾ ബ്രാഞ്ചിൽ പരിഭാഷാ ടീമിൽ സേവിക്കുന്നു. അതേ, എന്റെ ശുശ്രൂഷയെ യഹോവ എങ്ങനെ അനുഗ്രഹിച്ചിരിക്കുന്നുവെന്നു കാണുമ്പോൾ ഹൃദയം സന്തോഷത്താൽ നിറഞ്ഞുകവിയുന്നു.
[ചിത്രം]
എന്റെ കുടുംബത്തോടൊപ്പം
[204, 205 പേജുകളിലെ ചതുരം/ ചിത്രം]
അവർ എന്റെ മനസ്സ് വായിച്ചെടുത്തിട്ടുണ്ടാകണം
ആൻഡ്രേ ഗെവ്ല്യാ
ജനനം 1963
സ്നാപനം 1990
സംക്ഷിപ്ത വിവരം ഒരു പയനിയറും പകര സർക്കിട്ട് മേൽവിചാരകനും നഗര മേൽവിചാരകനും ആയി സേവിക്കുന്നു. (ചിത്രത്തിൽ ഭാര്യ യെല്യെനായെയും കാണാം)
റിഗയിലേക്കുള്ള തീവണ്ടി യാത്രയിലായിരുന്നു ഞാൻ. 1990 ജനുവരിയിലായിരുന്നു അത്. ഞാൻ എന്നെങ്കിലും ബൈബിൾ വായിച്ചിട്ടുണ്ടോയെന്ന് രണ്ടു സ്ത്രീകൾ എന്നോടു ചോദിച്ചു. അവർ എന്റെ മനസ്സ് വായിച്ചെടുത്തിട്ടുണ്ടാകണം, കാരണം ബൈബിൾ വായിക്കണമെന്നുള്ളത് വളരെ നാളായുള്ള എന്റെ ആഗ്രഹമായിരുന്നു, പക്ഷേ സ്വന്തമായി ഒരെണ്ണം വാങ്ങാൻ സാധിച്ചിരുന്നില്ല. ആ സ്ത്രീകൾക്ക് ഞാൻ എന്റെ മേൽവിലാസവും ഫോൺ നമ്പരും കൊടുത്തു, അവരിൽ ഒരാൾ ഇന്ദ്ര റെയ്റ്റുപെ ആയിരുന്നു. (200-201 പേജിലെ ചതുരം കാണുക.) ഏതാനും ദിവസങ്ങൾ കഴിഞ്ഞ് അവർ എന്റെ വീട്ടിലെത്തി. ഞാൻ ആകാംക്ഷയോടെ അവർക്കായി കാത്തിരിക്കുകയായിരുന്നു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അവർ ബൈബിൾ വിദഗ്ധമായി ഉപയോഗിച്ചത് എന്നിൽ മതിപ്പുളവാക്കി. അതേത്തുടർന്ന് ഉടൻതന്നെ, പ്യോറ്റർ ബാറ്റ്ന്യാ എന്നു പേരുള്ള ഒരു മുഴുസമയ ശുശ്രൂഷകൻ—അദ്ദേഹം മുമ്പ് ഒരു വൈദികനായിരുന്നു—എന്നോടൊത്തു ബൈബിൾ പഠിച്ചു തുടങ്ങി.—192-193 പേജുകളിലെ ചതുരം കാണുക.
നാലു മാസത്തിനുശേഷം, ഞാൻ ആദ്യമായി ഒരു യോഗത്തിൽ സംബന്ധിച്ചു. വേനൽക്കാലത്ത് മാസത്തിലൊരിക്കൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം 6 മണി വരെ വനത്തിൽവെച്ചായിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടികയിൽനിന്നും സേവനയോഗ പട്ടികയിൽനിന്നും തിരഞ്ഞെടുത്ത ഭാഗങ്ങൾ സഹോദരന്മാർ അവതരിപ്പിച്ചിരുന്നു. സാധാരണമായി ആരെങ്കിലും സ്നാപനമേൽക്കാൻ ഉണ്ടാകുമായിരുന്നു. അതിന്റെയർഥം ഉച്ചയ്ക്കത്തെ ഇടവേളയ്ക്കു മുമ്പായി സ്നാപന പ്രസംഗവും നടത്തിയിരുന്നുവെന്നാണ്.
എനിക്കു പുതുതായി ലഭിച്ച അറിവും യോഗങ്ങളിൽ ഞാൻ അനുഭവിച്ചറിഞ്ഞ സഹോദരസ്നേഹവും എന്നെ ആഹ്ലാദഭരിതനാക്കി. എത്രയുംവേഗം സ്നാപനമേൽക്കാൻ ഞാൻ ആഗ്രഹിച്ചു. ആ വർഷം ആഗസ്റ്റ് അവസാനം അതിനുള്ള അവസരം വന്നെത്തി, ഞാൻ ഒരു തടാകത്തിൽ സ്നാപനമേറ്റു.
1990-കളുടെ ആരംഭത്തിൽ എന്റെ ആർട്ട് സ്റ്റുഡിയോയിലെ പലരുമായി ഞാൻ ബൈബിളധ്യയനം നടത്തുകയുണ്ടായി. അവരിൽ ചിലർ എന്റെ ആത്മീയ സഹോദരന്മാരായിത്തീർന്നു. 1992-ൽ യഹോവ എന്റെ സന്തോഷം ഇരട്ടിയായി വർധിപ്പിച്ചു. ആ വർഷം എന്റെ പ്രിയ ഭാര്യ യെല്യെനാ എന്റെ ആത്മീയ സഹോദരിയായിത്തീർന്നു.
[208, 209 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
50 വർഷത്തിനുശേഷം വീണ്ടും സ്വന്തം നാട്ടിൽ
ആരിയാ ബി. ലെയ്വെർസ്
ജനനം 1926
സ്നാപനം 1958
സംക്ഷിപ്ത വിവരം ലട്വിയ ദേശക്കാരി. ആവശ്യം വളരെയേറെ ഉണ്ടായിരുന്ന ലട്വിയയിൽ സേവിക്കാൻ മടങ്ങിവരുന്നതിനു മുമ്പ് പല രാജ്യങ്ങളിൽ പാർത്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് സാധനങ്ങളെല്ലാം പെറുക്കിക്കെട്ടി കുടുംബസമേതം ലട്വിയ വിടാൻ അപ്പൻ തീരുമാനിച്ചു. കാലക്രമത്തിൽ ഞാൻ വിവാഹിതയാകുകയും ഭർത്താവിനോടൊപ്പം വെനെസ്വേലയിൽ താമസമാക്കുകയും ചെയ്തു. അവിടെവെച്ച് ആദ്യമായി യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയ ഞാൻ ഒരു മിഷനറി സഹോദരിയോടൊപ്പം ബൈബിൾ പഠനം ആരംഭിച്ചു. ഞങ്ങൾ ജർമൻ ഭാഷയിലാണു പഠിച്ചത്. യോഗങ്ങൾക്കു ഹാജരായിത്തുടങ്ങിയപ്പോൾ ഞാൻ പക്ഷേ വെനെസ്വേലയിലെ ഔദ്യോഗിക ഭാഷയായ സ്പാനീഷ് പഠിച്ചു.
1958-ൽ ഞങ്ങളുടെ കുടുംബം ഐക്യനാടുകളിലേക്കു മാറിപ്പാർത്തു, രണ്ടു മാസം കഴിഞ്ഞ് ഞാൻ സ്നാപനമേറ്റു. ഭർത്താവിന്റെ മരണശേഷം ഞാനും മകളും സ്പെയിനിലേക്കു മാറി, അവിടെ ഞാൻ പയനിയറിങ് നടത്തി. ആ സമയത്ത് ഏകാധിപതിയായ ജനറൽ ഫ്രാങ്കോ ആയിരുന്നു ഭരണം നടത്തിയിരുന്നത്. താഴ്മയും ദൈവഭയവുമുള്ള ആളുകൾ സത്യത്തിനായി ദാഹിക്കുകയായിരുന്നു. സ്പെയിനിൽ ചെലവഴിച്ച 16 വർഷക്കാലത്ത് 30-ഓളം പേരെ സ്നാപനത്തിന്റെ പടിയിലേക്കു പുരോഗമിക്കുന്നതിനു സഹായിക്കാൻ എനിക്കു സാധിച്ചു.
1991-ൽ സോവിയറ്റ് കമ്മ്യൂണിസം തകർന്നതിനെ തുടർന്ന് ഞാൻ ലട്വിയ സന്ദർശിക്കുകയും രാജ്യഘോഷകരുടെ വലിയ ആവശ്യം അവിടെയുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോയി പയനിയറിങ് നടത്തുക എന്ന എന്റെ മോഹം 1994-ൽ, അതായത് ഞാൻ അവിടെനിന്നു പോയി കൃത്യം 50 വർഷത്തിനുശേഷം, പൂവണിഞ്ഞു.
ലട്വിയയിലെ വയൽ തീർച്ചയായും കൊയ്ത്തിനു പാകമായിരുന്നു. ഉദാഹരണത്തിന്, ഞാൻ ഒരു മനുഷ്യനോടു സാക്ഷീകരിച്ചപ്പോൾ അദ്ദേഹം നമ്മുടെ പുസ്തകങ്ങളിലൊന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മകൾക്ക് ആത്മീയ കാര്യങ്ങളിൽ താത്പര്യമുണ്ടെന്നും പുസ്തകം അവൾക്കു കൊടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞാൻ അവളുടെ മേൽവിലാസം വാങ്ങി, ഒരു ബൈബിളധ്യയനവും ആരംഭിച്ചു. ഒരു വർഷത്തിനകം അവൾ സ്നാപനമേറ്റ് യഹോവയുടെ സാക്ഷികളിൽ ഒരുവളായിത്തീർന്നു. ഇത്രയുംകാലം മറ്റു സ്ഥലങ്ങളിലായിരുന്നതിനുശേഷം എന്റെ സ്വദേശത്ത് പയനിയറിങ് നടത്താനുള്ള ശക്തിയും പദവിയും എനിക്കു നൽകിയതിനു ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.
[ചിത്രം]
എനിക്ക് 20 വയസ്സായിരുന്നപ്പോൾ
[216-ാം പേജിലെ ചാർട്ട്/ മാപ്പ്]
ലട്വിയ സുപ്രധാന സംഭവങ്ങൾ മൊത്തം പ്രസാധകർ മൊത്തം പയനിയർമാർ
1916 നാവികനായ ആൻസ് ഇൻസ്ബെർഗ് സ്നാപനമേൽക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അദ്ദേഹം ലട്വിയൻ വർത്തമാനപ്പത്രങ്ങളിൽ ദൈവരാജ്യത്തെ വിളംബരം ചെയ്യുന്ന അറിയിപ്പുകൾ കൊടുക്കുന്നു.
1920
1926 റിഗയിൽ ഒരു ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നു.
1928 ലട്വിയനിലുള്ള ആദ്യ പ്രസിദ്ധീകരണമായ ജനങ്ങൾക്കു സ്വാതന്ത്ര്യം എന്ന ചെറുപുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു. ജർമനിയിൽനിന്നു കോൽപോർട്ടർമാർ എത്തുന്നു.
1931 പേഴ്സി ഡനം ഓഫീസ് മാനേജരായി നിയമിക്കപ്പെടുന്നു.
1933 ‘അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടന’ രജിസ്റ്റർ ചെയ്യപ്പെടുന്നു.
1934 ഗവൺമെന്റ് ‘അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടന’യുടെ ഓഫീസ് അടച്ചുപൂട്ടുന്നു.
1939-1992 കാലഘട്ടത്തിൽ റിപ്പോർട്ടുകളൊന്നും ലഭിച്ചിരുന്നില്ല.
1940
1940 ലട്വിയ സോവിയറ്റ് യൂണിയന്റെ ഭാഗമായിത്തീരുന്നു; ഡനം ദമ്പതികൾക്ക് ലട്വിയ വിടേണ്ടിവരുന്നു.
1951 സാക്ഷികളെ സൈബീരിയയിലേക്കു നാടുകടത്തുന്നു.
1960
1980
1991 ലട്വിയ അതിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം വീണ്ടെടുക്കുന്നു.
1993 ആദ്യ ഗിലെയാദ് പരിശീലിത മിഷനറിമാർ വന്നെത്തുന്നു.
1995 വീക്ഷാഗോപുരം ലട്വിയനിൽ മാസംതോറും പ്രസിദ്ധീകരിച്ചു തുടങ്ങുന്നു.
1996 റിഗയിൽ ഒരു കൺട്രി കമ്മിറ്റി പ്രവർത്തനം ആരംഭിക്കുന്നു.
1997 ആദ്യമായി പുതിയ ഒരു രാജ്യഹാൾ യൂർമാലായിൽ പണിയുന്നു.
1998 റിഗയിൽ രണ്ടു സഭകൾ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെടുന്നു.
2000
2001 ആദ്യത്തെ പ്രത്യേക പ്രസംഗ പ്രസ്ഥാനം സംഘടിപ്പിക്കപ്പെടുന്നു.
2004 ലട്വിയ സെപ്റ്റംബർ 1-ന് ഒരു ബ്രാഞ്ച് ആയിത്തീരുന്നു.
2006 ബ്രാഞ്ച് വിപുലീകരണങ്ങൾ പൂർത്തിയാകുന്നു; ലട്വിയയിൽ 2,400-ലധികം പ്രസാധകർ സജീവമായി പ്രവർത്തിക്കുന്നു.
[ഗ്രാഫ്]
(പ്രസിദ്ധീകരണം കാണുക)
മൊത്തം പ്രസാധകർ
മൊത്തം പയനിയർമാർ
2,000
1,000
1920 1940 1960 1980 2000
[176-ാം പേജിലെ ചിത്രം]
[178-ാം പേജിലെ ചിത്രം]
ലട്വിയനിലുള്ള “ജനങ്ങൾക്കു സ്വാതന്ത്ര്യം” എന്ന ചെറുപുസ്തകം ഒരു സന്തോഷകരമായ സന്ദേശം എത്തിച്ചു, 1928
[178-ാം പേജിലെ ചിത്രം]
റിഗയിലെ ബൈബിൾ വിദ്യാർഥികളുടെ ആദ്യ ഓഫീസ് ഈ കെട്ടിടത്തിലായിരുന്നു, 1926
[178-ാം പേജിലെ ചിത്രം]
റിസ് ടെയ്ലർ
[180-ാം പേജിലെ ചിത്രം]
ഫെർഡിനാൻഡ് ഫ്രുക്ക്, 1927-ൽ സ്നാപനമേറ്റു
[180-ാം പേജിലെ ചിത്രം]
ഹൈൻറിഖ് റ്റ്സെഖും ഭാര്യ എൽസയും ലിയെപയയിലെ അവരുടെ കടയുടെ മുമ്പിൽ
[183-ാം പേജിലെ ചിത്രങ്ങൾ]
എഡ്വിൻ റിജ്വെലും (ഇടത്) ആൻഡ്രൂ ജാക്കും ലട്വിയയിലേക്കു രഹസ്യമായി സാഹിത്യം കൊണ്ടുപോയി
[183-ാം പേജിലെ ചിത്രം]
പേഴ്സി ഡനമും മാജും
[183-ാം പേജിലെ ചിത്രം]
ഓഫീസ് സ്റ്റാഫും മറ്റു സാക്ഷികളും, 1930-കൾ
[191-ാം പേജിലെ ചിത്രം]
1950-ൽ അറസ്റ്റുചെയ്ത സാക്ഷികളുടെ കെജിബി പട്ടിക. പലരെയും സൈബീരിയയിലേക്ക് അയച്ചു
[191-ാം പേജിലെ ചിത്രം]
സൈബീരിയ, 1950-കളുടെ പ്രാരംഭഘട്ടം
[194-ാം പേജിലെ ചിത്രം]
ഈ ശവസംസ്കാരംപോലെയുള്ള വലുപ്പമേറിയ കൂട്ടങ്ങളിൽ സഹോദരങ്ങൾ ആത്മീയ പ്രസംഗങ്ങൾ കേട്ടു
[194-ാം പേജിലെ ചിത്രം]
പൗൾസ് ബെർഗ്മാനിസും വാലിയാ ബെർഗ്മാനിസും സ്കൂൾ അഭ്യാസ ബുക്കുകളിൽ കൈകൊണ്ട് എഴുതിക്കൊണ്ട് “വീക്ഷാഗോപുരം” ലട്വിയനിലേക്കു വിവർത്തനം ചെയ്തു
[194-ാം പേജിലെ ചിത്രം]
മൈക്രോഫിലിം (യഥാർഥ വലുപ്പം കാണിച്ചിരിക്കുന്നു) ഉപയോഗിച്ച് സഹോദരന്മാർ “വീക്ഷാഗോപുരം” ഡിവലപ് ചെയ്യുകയും അതിന്റെ കോപ്പികൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്തു
[197-ാം പേജിലെ ചിത്രങ്ങൾ]
പൗളിനെ സെറോവാ ഒരു നഴ്സായ റ്റെയോഫിലിയാ കാൽവിറ്റെക്ക് സത്യം പരിചയപ്പെടുത്തി
[199-ാം പേജിലെ ചിത്രം]
യുരി കാപ്റ്റോലാ, 1981
[199-ാം പേജിലെ ചിത്രം]
ഇന്ന്, അദ്ദേഹത്തെ പാർപ്പിച്ചിരുന്ന ജയിലിനു മുമ്പിൽ
[202-ാം പേജിലെ ചിത്രങ്ങൾ]
1998-ലെ “ദൈവികമാർഗത്തിലുള്ള ജീവിതം” കൺവെൻഷൻ, ലട്
വിയയിൽ ആദ്യം നടത്തിയത്. ഒരു ആംഗ്യഭാഷാ സെക്ഷനും ഉൾപ്പെട്ടിരുന്നു
[207-ാം പേജിലെ ചിത്രങ്ങൾ]
യാനിസ് ഫോൽക്ക്മാനിസ് ലട്വിയയിലെ ഭാരോദ്വഹന ചാമ്പ്യനായി മൂന്നു മാസത്തിനുശേഷം അദ്ദേഹം ഒരു രാജ്യപ്രസാധകനായി
[207-ാം പേജിലെ ചിത്രങ്ങൾ]
മാരിസ് ക്രൂമിനിഷ് തടവിലായിരിക്കെ ആദ്യമായി ദൈവത്തോടു പ്രാർഥിച്ചു
[210-ാം പേജിലെ ചിത്രം]
ദേശഭക്തിഗാനങ്ങൾ പാടാൻ വിസമ്മതിച്ചതിനു ഡാറ്റ്സെ പുന്റ്സുലെ സ്കൂളിൽനിന്നു പുറത്താക്കപ്പെട്ടു
[210-ാം പേജിലെ ചിത്രം]
യെല്യെനാ ഗോഡ്ല്യെവ്സ്കായായ്ക്കു നിർബന്ധിച്ചു രക്തനിവേശനം നടത്തിയതിനെ തുടർന്ന് അവൾ മരിച്ചു
[210-ാം പേജിലെ ചിത്രം]
സഞ്ചാര മേൽവിചാരകന്മാരും അവരുടെ ഭാര്യമാരും സഭകളെ കെട്ടുപണി ചെയ്യുന്നു
[215-ാം പേജിലെ ചിത്രം]
ലട്വിയ ബെഥേൽ കുടുംബം
[215-ാം പേജിലെ ചിത്രങ്ങൾ]
ബ്രാഞ്ച് കമ്മിറ്റി, 2006
പീറ്റർ ലുട്ടെർസ്
ആൻഡർസ് ബെറിലുണ്ട്
ഹന്നു കാങ്കാൻപാ
യുഹാ ഹുട്ടുനെൻ
[215-ാം പേജിലെ ചിത്രം]
റിഗയിലെ, മിയെറാ തെരുവിലുള്ള മൂന്നു ബ്രാഞ്ച് കെട്ടിടങ്ങൾ
[218-ാം പേജിലെ ചിത്രങ്ങൾ]
ലട്വിയയിലെ യഹോവയുടെ ജനത്തിന് ഇപ്പോൾ പരസ്യമായി പ്രസംഗിക്കാം
[218-ാം പേജിലെ ചിത്രങ്ങൾ]
കത്തിപ്പോയ ഈ സിനിമാശാല (ഇടത് ) രണ്ടു രാജ്യഹാളുകളായി (താഴെ)