വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റഷ്യ

റഷ്യ

റഷ്യ

“സൂര്യന്റെ ഉദയം​മു​തൽ അസ്‌ത​മ​നം​വരെ എന്റെ നാമം ജാതി​ക​ളു​ടെ ഇടയിൽ വലുതാ​കു​ന്നു.” (മലാ. 1:11) 2,450 വർഷം മുമ്പ്‌ യഹോവ അരുളി​ച്ചെയ്‌ത രോമാ​ഞ്ച​ജ​ന​ക​മായ ആ പ്രവച​ന​ത്തി​ന്റെ സത്യത നമുക്കിന്ന്‌ റഷ്യ എന്ന മഹാരാ​ജ്യ​ത്തു കാണാ​നാ​കും. പടിഞ്ഞാ​റൻ നഗരമായ കാലി​നിൻഗ്രാ​ഡിൽ യഹോ​വ​യു​ടെ ദാസന്മാർ സൂര്യാ​സ്‌ത​മയം ദർശി​ക്കു​മ്പോൾ, കിഴക്ക്‌ 10 സമയ​മേ​ഖ​ല​കൾക്കു​മ​പ്പു​റ​മുള്ള ചുക്‌ചീ ഉപദ്വീ​പി​ലെ സാക്ഷി​കളെ ഉദയസൂ​ര്യൻ വിളി​ച്ചു​ണർത്തി​യി​രി​ക്കും. ചുക്‌ചീ​ക്കും അലാസ്‌ക​യ്‌ക്കു​മി​ട​യി​ലാണ്‌ ബറിങ്‌ കടലി​ടുക്ക്‌. അതേ, റഷ്യയി​ലെ രാജ്യ​ഘോ​ഷണ-ശിഷ്യ​രാ​ക്കൽ വേലയെ രാത്രി​യു​ടെ യാമങ്ങൾ തടസ്സ​പ്പെ​ടു​ത്തു​ന്നില്ല. സോവി​യറ്റ്‌ യുഗത്തിൽ ധൈര്യ​ശാ​ലി​ക​ളായ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ചെയ്‌ത കഠിനാ​ധ്വാ​നത്തെ യഹോവ അളവി​ല്ലാ​തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. നിഷ്‌ഠു​ര​മായ പീഡന​ത്തി​ലും അവർ പിടി​ച്ചു​നി​ന്നു. ഫലമോ? അവരുടെ സഹനം ഇന്ന്‌ റഷ്യയിൽ 1,50,000-ത്തിലധി​കം പ്രസാ​ധ​കർക്ക്‌ യഹോ​വയെ സേവി​ക്കാ​നുള്ള വഴിതു​റന്നു. അത്‌ എങ്ങനെ​യെന്നു നമുക്കു കാണാം.

“റഷ്യൻ ഫെഡ​റേഷൻ” എന്നാണ്‌ റഷ്യ ഔദ്യോ​ഗി​ക​മാ​യി അറിയ​പ്പെ​ടു​ന്നത്‌. ഇത്‌ ഒരൊറ്റ ജനതയോ വംശമോ അല്ല. പേരു സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ പല ജനതകൾ ചേർന്ന ഒരു ഫെഡ​റേ​ഷ​നാ​ണിത്‌; തനതായ സംസ്‌കാര പൈതൃ​ക​മുള്ള വ്യത്യസ്‌ത ഗോ​ത്രങ്ങൾ, ഭാഷകൾ, വംശങ്ങൾ എന്നിവ​യു​ടെ ഒരു സങ്കമം. കഥ തുടങ്ങു​ന്നത്‌ ഇന്നത്തെ ഡെമോ​ക്രാ​റ്റിക്‌ റഷ്യയി​ലല്ല, പല വംശീ​യ​ക്കൂ​ട്ട​ങ്ങ​ളും ഭാഷക​ളും മതഭേ​ദ​ങ്ങ​ളും സമ്മേളിച്ച അതിവി​ശാ​ല​മായ ആ പഴയ റഷ്യൻ സാമ്രാ​ജ്യ​ത്തി​ലാണ്‌, നൂറി​ലേറെ വർഷം മുമ്പ്‌ സാർ ചക്രവർത്തി​മാർ ഭരണം​ന​ട​ത്തിയ കാലത്ത്‌.

മോസ്‌കോ​യി​ലെ പുരോ​ഹി​ത​വർഗ​ത്തോട്‌ സുധീരം സാക്ഷീ​ക​രി​ക്കു​ന്നു

മതത്തോ​ടുള്ള താത്‌പ​ര്യം ഉണർന്നെ​ണീ​ക്കുന്ന കാലം. മതകാ​ര്യ​ങ്ങ​ളിൽ അതീവ​ത​ത്‌പ​ര​നും റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ സെമി​നാ​രി​യിൽനി​ന്നുള്ള ബിരു​ദ​ധാ​രി​യു​മായ സിമ്യോൻ കസ്ലിറ്റ്‌സ്‌കി എന്നയാൾ ബൈബിൾ വിദ്യാർഥി​ക​ളു​ടെ—യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌ അങ്ങനെ​യാണ്‌—വേലയ്‌ക്കു നേതൃ​ത്വം വഹിച്ചി​രുന്ന ചാൾസ്‌ റ്റെയ്‌സ്‌ റസ്സലിനെ കണ്ടുമു​ട്ടി. സിമ്യോ​ന്റെ കൊച്ചു​മകൾ നീന ലുപ്പ്‌ പറയുന്നു: “എന്റെ വല്യപ്പച്ചൻ 1891-ൽ ഐക്യ​നാ​ടു​ക​ളി​ലേക്കു പോയി റസ്സൽ സഹോ​ദ​രനെ കണ്ടു. അവർ രണ്ടു​പേ​രും​കൂ​ടി​യുള്ള ഒരു ഫോ​ട്ടോ​യും വല്യപ്പച്ചൻ സ്വന്തമാ​ക്കി. ‘എന്റെ സഹോ​ദരൻ, എന്റെ സഹോ​ദരൻ’ എന്നു പറഞ്ഞു​കൊണ്ട്‌ എപ്പോ​ഴും റസ്സൽ സഹോ​ദ​ര​നെ​പ്പറ്റി സംസാ​രി​ക്കാ​നേ അദ്ദേഹ​ത്തി​നു നേരമു​ണ്ടാ​യി​രു​ന്നു​ള്ളൂ.” 1800-കളുടെ ഒടുവിൽ റസ്സൽ സഹോ​ദ​ര​നും സഹകാ​രി​ക​ളും ആളുക​ളിൽ അത്യുഗ്ര പ്രഭാവം ചെലു​ത്തുന്ന ബൈബിൾസ​ത്യ​ങ്ങൾ പഠിപ്പി​ച്ചു​കൊണ്ട്‌ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നുള്ള വേലയ്‌ക്കു നേതൃ​ത്വ​മെ​ടു​ത്തു. ഇതിന്റെ ഭാഗമാ​യി അവർ ക്രൈ​സ്‌തവ സഭകളു​ടെ​യും പുരോ​ഹി​ത​വർഗ​ത്തി​ന്റെ​യും വ്യാ​ജോ​പ​ദേ​ശങ്ങൾ തുറന്നു​കാ​ട്ടി. ബൈബിൾസ​ത്യ​വും സത്യാ​രാ​ധ​ന​യോ​ടുള്ള റസ്സൽ സഹോ​ദ​ര​ന്റെ​യും സഹകാ​രി​ക​ളു​ടെ​യും തീക്ഷ്‌ണ​ത​യും, മോസ്‌കോ​യി​ലെ പുരോ​ഹി​ത​വർഗ​ത്തോ​ടു സധൈ​ര്യം പ്രസം​ഗി​ക്കാൻ സിമ്യോ​നെ പ്രചോ​ദി​പ്പി​ച്ചു. എന്തായി​രു​ന്നു ഫലം?

“വിചാ​ര​ണ​പോ​ലും കൂടാതെ അദ്ദേഹത്തെ ഉടനടി വിലങ്ങു​വെച്ച്‌ സൈബീ​രി​യ​യി​ലേക്കു നാടു​ക​ടത്തി. മോസ്‌കോ​യി​ലെ ആർച്ചു​ബി​ഷ​പ്പി​നെ അവഹേ​ളി​ച്ചു​വെ​ന്ന​താ​യി​രു​ന്നു ‘കുറ്റം.’ അങ്ങനെ​യാണ്‌ ബൈബിൾസ​ന്ദേശം 1891-ൽ സൈബീ​രി​യ​യിൽ എത്തിയത്‌,” നീന എഴുതി. കാലാ​ന്ത​ര​ത്തിൽ ഇന്നത്തെ കസാഖ്‌സ്ഥാ​ന്റെ പരിധി​യി​ലുള്ള, സൈബീ​രി​യ​യി​ലെ​തന്നെ മറ്റൊരു ഭാഗ​ത്തേക്ക്‌ സിമ്യോൻ കസ്ലിറ്റ്‌സ്‌കി മാറി​ത്താ​മ​സി​ച്ചു. അവിടെ അദ്ദേഹം ദൈവ​വ​ചനം തീക്ഷ്‌ണ​മാ​യി പ്രസം​ഗി​ച്ചു, 1935-ൽ മരിക്കു​ന്ന​തു​വരെ.

‘റഷ്യയിൽ സത്യത്തിന്‌ ഇടമു​ണ്ടെന്നു തോന്നു​ന്നില്ല’

സിമ്യോൻ കസ്ലിറ്റ്‌സ്‌കി നാടു​ക​ട​ത്ത​പ്പെട്ട വർഷമാണ്‌ റസ്സൽ സഹോ​ദരൻ ആദ്യമാ​യി റഷ്യ സന്ദർശി​ക്കു​ന്നത്‌. “റഷ്യയിൽ സത്യം വളരാ​നുള്ള അനുകൂ​ല​സ്ഥി​തി​യോ സാധ്യ​ത​യോ ഒന്നും ഞങ്ങൾ കാണു​ന്നില്ല” എന്ന്‌ സഹോ​ദരൻ അന്നു പറഞ്ഞി​രു​ന്നു. ആ വാക്കുകൾ പലപ്പോ​ഴും ഉദ്ധരി​ക്ക​പ്പെ​ട്ടി​ട്ടു​മുണ്ട്‌. അവി​ടെ​യു​ള്ള​വർക്കു സത്യം മനസ്സി​ലാ​ക്കാൻ താത്‌പ​ര്യ​മി​ല്ലെ​ന്നാ​ണോ സഹോ​ദരൻ അർഥമാ​ക്കി​യത്‌? അല്ല. അന്നത്തെ ഏകാധി​പത്യ ഭരണകൂ​ടം ആയിരു​ന്നു സത്യം ആളുക​ളി​ലെ​ത്തു​ന്ന​തി​നു വിലങ്ങു​ത​ടി​യാ​യി നിന്നത്‌.

ഈ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ റസ്സൽ സഹോ​ദരൻ 1892 മാർച്ച്‌ 1 ലക്കം സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​ത്തിൽ ഇപ്രകാ​രം എഴുതി: “റഷ്യൻ ഭരണകൂ​ടം സാമ്രാ​ജ്യ​ത്തി​ലെ ഓരോ വ്യക്തി​ക്കും കൂച്ചു​വി​ല​ങ്ങി​ട്ടി​രി​ക്കു​ക​യാണ്‌. അവി​ടെ​യെ​ത്തുന്ന അപരി​ചി​ത​നായ ഏതൊ​രാ​ളെ​യും അവർ സംശയി​ക്കു​ന്നു. ഹോട്ട​ലു​ക​ളി​ലും റെയിൽവേ സ്റ്റേഷനു​ക​ളി​ലും പാസ്‌പോർട്ട്‌ നിർബ​ന്ധ​മാ​യും കാണി​ച്ചി​രി​ക്കണം. ഹോട്ട​ലു​ടമ പാസ്‌പോർട്ട്‌ വാങ്ങി പോലീസ്‌ മേധാ​വി​ക്കു കൈമാ​റും. നിങ്ങൾ ആ സ്ഥലം വിട്ടു​പോ​കു​മ്പോ​ഴേ അതു മടക്കി​ക്കി​ട്ടൂ. അപരി​ചി​തർ എപ്പോൾ രാജ്യത്തു വന്നു, എപ്പോൾ പോയി എന്നെല്ലാം കൃത്യ​മാ​യി കണ്ടുപി​ടി​ക്കാ​നാ​യി​രു​ന്നു ഇതൊക്കെ. ഉദ്യോ​ഗ​സ്ഥ​ന്മാ​രും അധികാ​രി​ക​ളു​മെ​ല്ലാം ഒരു തണുപ്പൻമ​ട്ടിൽ നിങ്ങ​ളോട്‌ ഇടപെ​ടും. നിങ്ങൾ വന്നതിൽ വലിയ സന്തോ​ഷ​മൊ​ന്നു​മില്ല, പിന്നെ വന്നതല്ലേ എന്നു​വെച്ച്‌ സഹിക്കു​ന്നു എന്ന ഭാവം. കൈവ​ശ​മുള്ള പുസ്‌ത​ക​ങ്ങ​ളും കടലാ​സു​ക​ളു​മൊ​ക്കെ അരിച്ചു​പെ​റു​ക്കി പരി​ശോ​ധി​ക്കും, അവരുടെ ആദർശ​ങ്ങൾക്കു തുരങ്കം​വെ​ക്കുന്ന എന്തെങ്കി​ലു​മു​ണ്ടോ​യെന്നു കണ്ടുപി​ടി​ക്കാൻ.”

ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ പ്രസം​ഗ​വേ​ല​യു​ടെ ഭാവി ഇരുള​ട​ഞ്ഞ​താ​യി കാണ​പ്പെട്ടു. പക്ഷേ, സത്യത്തി​ന്റെ വിത്തുകൾ റഷ്യൻമ​ണ്ണി​ലും പൊട്ടി​മു​ളച്ചു, അതു തടയാൻ ആർക്കു​മാ​യില്ല.

‘അൽപ്പകാ​ര്യ​ങ്ങ​ളു​ടെ ദിവസം’ തുടങ്ങു​ന്നു

പല സ്ഥലങ്ങളി​ലേ​ക്കും, എന്തിന്‌ “റഷ്യയി​ലേ​ക്കു​പോ​ലും” സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഒറ്റപ്ര​തി​കൾ അയച്ചു​കൊ​ണ്ടി​രി​ക്കുന്ന കാര്യം 1887-ൽത്തന്നെ ആ മാസിക റിപ്പോർട്ടു ചെയ്‌തു. 1904-ൽ റഷ്യയി​ലെ ബൈബിൾ വിദ്യാർഥി​ക​ളു​ടെ ഒരു ചെറി​യ​കൂ​ട്ട​ത്തി​ന്റെ കത്തു വന്നു. തങ്ങൾക്ക്‌ ബൈബിൾ സാഹി​ത്യം ലഭി​ച്ചെ​ന്നും എന്നാൽ വളരെ ബുദ്ധി​മു​ട്ടി​യാണ്‌ അതു കിട്ടി​യ​തെ​ന്നും അതിലു​ണ്ടാ​യി​രു​ന്നു. “[ഗവൺമെന്റ്‌ ഉദ്യോ​ഗസ്ഥർ] സാഹി​ത്യ​ത്തിൽ നോട്ട​മി​ട്ടി​രു​ന്നു, അത്‌ കഷ്ടിച്ചു കടന്നു​പോ​ന്നു” എന്നും അതു കിട്ടി​യ​തിൽ തങ്ങൾ അങ്ങേയറ്റം നന്ദിയു​ള്ള​വ​രാണ്‌ എന്നും അവർ എഴുതി​യി​രു​ന്നു. “അത്‌ ഇവിടെ സ്വർണം പോ​ലെ​യാണ്‌, കിട്ടാൻ എന്തു ബുദ്ധി​മു​ട്ടാ​ണെ​ന്നോ,” അവർ എഴുതി. “കർത്താവ്‌ ഞങ്ങളെ അനു​ഗ്ര​ഹി​ക്കു​ക​യും ഈ സാഹി​ത്യം വിതരണം ചെയ്യാൻ അവസര​മൊ​രു​ക്കി​ത്ത​രി​ക​യും ചെയ്യട്ടെ” എന്നും എഴുതി​യ​പ്പോൾ ആ സാഹി​ത്യം അയച്ചു​കൊ​ടു​ത്ത​തി​ന്റെ ഉദ്ദേശ്യം അവർക്കു മനസ്സി​ലാ​യി​രു​ന്നു​വെന്നു വ്യക്തമാണ്‌.

അതേ, റഷ്യയിൽ സുവാർത്താ പ്രസംഗം തുടങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു; സത്യാ​രാ​ധ​ന​യ്‌ക്കാ​യി നിസ്സാ​ര​മെ​ങ്കി​ലും നിർണാ​യ​ക​മായ ഒരു കാൽവെപ്പ്‌. ഇതൊരു ചെറിയ തുടക്ക​മാ​യി​രു​ന്നു. എന്നാൽ സെഖര്യാ പ്രവാ​ചകൻ എഴുതി​യ​തു​പോ​ലെ “അല്‌പ​കാ​ര്യ​ങ്ങ​ളു​ടെ ദിവസത്തെ ആർ തുച്ഛീ​ക​രി​ക്കു​ന്നു?”—സെഖ. 4:10.

തുടർന്നു​വന്ന വർഷങ്ങ​ളിൽ ജർമനി​യിൽനി​ന്നുള്ള തീക്ഷ്‌ണ​രായ സഹോ​ദ​രങ്ങൾ റഷ്യയി​ലേക്കു സാഹി​ത്യ​ങ്ങൾ അയച്ചു. നല്ലൊരു പങ്കും ജർമൻ ഭാഷയി​ലു​ള്ള​താ​യി​രു​ന്നു. ജർമൻ സംസാ​രി​ക്കുന്ന പലരും സത്യം സ്വീക​രി​ച്ചു. 1907-ൽ സഹസ്രാ​ബ്ദ​വാ​ഴ്‌ച​യു​ടെ ഉദയം എന്ന പുസ്‌ത​ക​പ​ര​മ്പ​ര​യു​ടെ പ്രതികൾ റഷ്യയി​ലെ ജർമൻ ബാപ്‌റ്റിസ്റ്റ്‌ സഭാം​ഗ​ങ്ങൾക്കു തപാലിൽ ലഭിച്ചു. അവരിൽ 15 പേർ സത്യാ​രാ​ധ​ന​യു​ടെ പക്ഷത്തു​ചേർന്ന​പ്പോൾ സഭ അവരെ പുറത്താ​ക്കി. ഇവരെ എതിർത്ത ശുശ്രൂ​ഷ​കന്‌ പിന്നീട്‌ പ്രസ്‌തുത പുസ്‌ത​ക​ത്തി​ലെ സത്യം ബോധ്യ​മാ​യി.

1911-ൽ വേലയ്‌ക്ക്‌ ഒരു കുതി​പ്പു​ണ്ടാ​യി. കാരണ​മാ​യ​തോ, ഒരു മധുവി​ധു​യാ​ത്ര​യും! ജർമനി​യിൽനിന്ന്‌ ഹെർക്കെൻഡെൽ എന്ന നവദമ്പ​തി​കൾ റഷ്യയി​ലെ ജർമൻ സംസാ​രി​ക്കു​ന്ന​വരെ സഹായി​ക്കാ​നാ​യി അവി​ടേക്കു യാത്ര​തി​രി​ച്ചു. രാജ്യ​പ്ര​സാ​ധ​ക​രു​ടെ ഒറ്റപ്പെട്ട കൂട്ടങ്ങളെ അവിടെ കണ്ടുമു​ട്ടിയ അവർ സന്തോ​ഷ​പൂർവം അവരെ ആത്മീയ​മാ​യി സഹായി​ച്ചു.

മുമ്പൊ​രു വായന​ക്കാ​രൻ ഇങ്ങനെ എഴുതി​യി​രു​ന്നു: “ജർമനി​യിൽനി​ന്നുള്ള സാഹി​ത്യ​ങ്ങൾ എനിക്ക്‌ ഇസ്രാ​യേൽമ​ക്കൾക്കു കിട്ടിയ സ്വർഗീയ മന്നാ പോ​ലെ​യാണ്‌. . . . പക്ഷേ, റഷ്യൻ ഭാഷയിൽ സാഹി​ത്യ​ങ്ങൾ ഇല്ലാത്ത​തിൽ ഞങ്ങൾക്കൊ​ക്കെ സങ്കടമുണ്ട്‌! കിട്ടുന്ന പലതും ഞാൻ റഷ്യനി​ലേക്കു പരിഭാഷ ചെയ്യാൻ നോക്കാ​റുണ്ട്‌.” അങ്ങനെ, പരിഭാ​ഷ​യും തുടങ്ങി​ക്ക​ഴി​ഞ്ഞു. പരിഭാ​ഷാ​വേ​ല​യിൽ ഇനിയും ധാരാളം ചെയ്യാ​നു​ണ്ടാ​യി​രു​ന്നു.

“ദൈവത്തെ അറിയാൻ ആഗ്രഹി​ക്കുന്ന ഒരുപാട്‌ ആളുക​ളുണ്ട്‌”

1911-ൽ പോള​ണ്ടി​ലെ വാഴ്‌സോ​യി​ലുള്ള പോള​ണ്ടു​കാ​ര​നായ ആർ. എച്ച്‌. ഒലെഷിൻസ്‌കീ സഹോ​ദരൻ മരിച്ചവർ എവിടെ? എന്ന ലഘുലേഖ റഷ്യനിൽ അച്ചടി​ക്കാൻ ക്രമീ​ക​രണം ചെയ്‌തു. അന്ന്‌ പോള​ണ്ടി​ന്റെ ഒരു ഭാഗം റഷ്യൻസാ​മ്രാ​ജ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. റസ്സൽ സഹോ​ദ​ര​നുള്ള ഒരു കത്തിൽ അദ്ദേഹം​എ​ഴു​തി: “ഒരു കോപ്പി ഞാൻ ഇതോ​ടൊ​പ്പം അയയ്‌ക്കു​ന്നു. . . . പതിനാ​യി​രം കോപ്പി​കൾക്ക്‌ അവർ എഴുപ​ത്തി​മൂന്ന്‌ റൂബിൾ (റഷ്യൻ പണം) ഈടാക്കി. . . . ബുദ്ധി​മു​ട്ടു​കൾ പലതുണ്ട്‌, പക്ഷേ ദൈവത്തെ അറിയാൻ ആഗ്രഹി​ക്കുന്ന ഒരുപാട്‌ ആളുക​ളുണ്ട്‌.” ഈ ലഘു​ലേ​ഖ​യും മറ്റു സാഹി​ത്യ​ങ്ങ​ളും റഷ്യൻ സംസാ​രി​ക്കുന്ന ആളുകൾക്കു സമർപ്പി​ച്ചു. അവർ അത്‌ റഷ്യയി​ലേക്കു കൊണ്ടു​പോ​യി. അങ്ങനെ പിച്ച​വെ​ച്ചു​തു​ട​ങ്ങിയ ഈ ഭാഷാ​വ​യ​ലി​ന്റെ കാര്യ​ത്തിൽ ഇതൊരു നാഴി​ക​ക്ക​ല്ലാ​യി. താമസി​യാ​തെ ലഘു​ലേ​ഖകൾ, ലഘുപ​ത്രി​കകൾ, ചെറു​പു​സ്‌ത​കങ്ങൾ എന്നിവ​യെ​ല്ലാം അച്ചടി​ക്കാൻ തുടങ്ങി. കാലം കടന്നു​പോ​കവേ, പരിഭാ​ഷാ ശ്രമങ്ങൾക്ക്‌ ആഴവും പരപ്പും ഏറി.

1912-ൽ റസ്സൽ സഹോ​ദരൻ ഫിൻലൻഡ്‌ സന്ദർശി​ച്ചു, അപ്പോൾ അത്‌ റഷ്യാ​സാ​മ്രാ​ജ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. കാർലോ ഹാർട്ടേവാ സഹോ​ദ​രന്‌ ഫിൻലൻഡി​ലെ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​ക്കു​വേണ്ടി പ്രവർത്തി​ക്കാ​നുള്ള പവർ ഓഫ്‌ അറ്റോർണി അഥവാ മുക്ത്യാർ ലഭിച്ചു. 1913 സെപ്‌റ്റം​ബർ 25-ന്‌ സാർ ചക്രവർത്തി​യു​ടെ പ്രതി​നി​ധി​യാ​യി ന്യൂ​യോർക്കിൽ സേവി​ക്കുന്ന റഷ്യൻ ഇംപീ​രി​യൽ കോൺസെൽ ആ അധികാ​ര​പ​ത്ര​ത്തിൽ ഗവൺമെന്റ്‌ സ്റ്റാമ്പ്‌ പതിപ്പിച്ച്‌ ഒപ്പിട്ടു.

ഒരു ദ്വൈ​മാസ പ്രസം​ഗ​പ​ര്യ​ടനം നീണ്ടു​പോ​യ​പ്പോൾ

ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ടു​ന്ന​തി​നു കുറച്ചു​നാൾ മുമ്പ്‌ ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ വിവിധ രാജ്യങ്ങൾ സന്ദർശി​ക്കു​ക​യെന്ന ലക്ഷ്യത്തിൽ ബ്രുക്ലി​നിൽനി​ന്നു പുറ​പ്പെട്ടു. സംഘട​നയെ പ്രതി​നി​ധീ​ക​രി​ച്ചാ​യി​രു​ന്നു യാത്ര. യാത്ര​യ്‌ക്കി​ട​യിൽ അദ്ദേഹം പോള​ണ്ടി​ലെ ലോഡ്‌സ്‌ നഗരത്തിൽ ഡോയി​ച്‌മാൻ എന്നൊരു ബൈബിൾ വിദ്യാർഥി​യെ കണ്ടുമു​ട്ടി. താമസി​യാ​തെ ഡോയി​ച്‌മാൻ സഹോ​ദരൻ കുടും​ബ​സ​മേതം റഷ്യയി​ലെ​മ്പാ​ടു​മാ​യി രണ്ടുമാ​സത്തെ ഒരു പ്രസം​ഗ​പ​ര്യ​ട​ന​ത്തി​നു പുറ​പ്പെട്ടു. പക്ഷേ, യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ട​തോ​ടെ അവരുടെ യാത്ര​യും നീണ്ടു​പോ​യി.

ഏറെ കഷ്ടം സഹി​ക്കേ​ണ്ടി​വന്ന അവർ വോൾഗ നദീതീ​രത്തെ ഒരു കൊച്ചു​പ​ട്ട​ണ​ത്തിൽ താമസ​മാ​ക്കി. 1918 ആയപ്പോ​ഴേ​ക്കും പോള​ണ്ടി​ലേക്കു തിരി​ച്ചു​പോ​കാൻ അവർ തീരു​മാ​നി​ച്ചു. പക്ഷേ, വസൂരി​ബാധ പിന്നെ​യും അവരെ തടഞ്ഞു. അതുക​ഴി​ഞ്ഞ​പ്പോൾ ആഭ്യന്തര യുദ്ധം​മൂ​ലം അതിർത്തി​കൾ അടച്ചു. ആ വർഷങ്ങ​ളിൽ കുട്ടി​ക​ളിൽ മൂന്നു​പേർ മരിച്ചു. അതി​ലൊ​രാൾ വസൂരി പിടി​പെ​ട്ടും മറ്റൊ​രാൾ ന്യൂ​മോ​ണിയ ബാധി​ച്ചു​മാ​ണു മരിച്ചത്‌.

പോരാ​ത്ത​തിന്‌ എവി​ടെ​യും പട്ടിണി​യും പരി​ഭ്രാ​ന്തി​യും. പട്ടിണി​കൊണ്ട്‌ ആളുകൾ തെരു​വീ​ഥി​ക​ളിൽ മരിച്ചു​വീ​ണു. ഒപ്പം ഒട്ടേ​റെ​പ്പേരെ, വിശേ​ഷിച്ച്‌ അന്യനാ​ട്ടു​കാ​രെ “ശത്രു​വി​നോ​ടു” കൂട്ടു​പി​ടി​ക്കു​ന്നു​വെന്ന്‌ വ്യാജാ​രോ​പണം നടത്തി വിചാ​ര​ണ​കൂ​ടാ​തെ ഉടനടി വധിക്കാൻ തുടങ്ങി. ഒരു ദിവസം ഒരാൾ ഒരു പട്ടാള​ക്കാ​ര​നെ​യും കൂട്ടി ഡോയി​ച്‌മാ​ന്റെ വീട്ടി​ലേക്കു പാഞ്ഞു​ചെന്നു.

“ഇവൻ ശത്രു​വാണ്‌, പിടി​യി​വനെ” അയാൾ ആക്രോ​ശി​ച്ചു.

“എന്താണു കാരണം? അയാ​ളെന്തു ചെയ്‌തു?” പട്ടാള​ക്കാ​രൻ ചോദി​ച്ചു.

വാസ്‌ത​വ​ത്തിൽ സഹോ​ദരൻ അയാൾക്കു ചെയ്‌തു​കൊ​ടുത്ത മരപ്പണിക്ക്‌ കൂലി​കൊ​ടു​ക്കാ​തി​രി​ക്കാൻ അയാൾ അവതരി​പ്പിച്ച നാടക​മാ​യി​രു​ന്നു ഇത്‌. ഇരുക​ക്ഷി​ക​ളും പറഞ്ഞതു​കേട്ട പട്ടാള​ക്കാ​രൻ അയാളു​ടെ ദുരു​ദ്ദേ​ശ്യം മനസ്സി​ലാ​ക്കി അയാളെ ഓടിച്ചു. മുമ്പ്‌ ഒരു ബൈബിൾ വിഷയ​ത്തെ​ക്കു​റിച്ച്‌ സഹോ​ദ​ര​നു​മാ​യി നടത്തിയ രസകര​മായ ചർച്ച താൻ ഓർക്കു​ന്നു​ണ്ടെന്ന്‌ പട്ടാള​ക്കാ​രൻ പറഞ്ഞു. ആ ചർച്ചയാ​യി​രി​ക്കാം ഡോയി​ച്‌മാൻ സഹോ​ദ​ര​ന്റെ​യും കുടും​ബ​ത്തി​ന്റെ​യും ജീവൻ രക്ഷിച്ചത്‌. 1921-ൽ കമ്മ്യൂ​ണിസ്റ്റ്‌ ഗവൺമെന്റ്‌ വിപ്ലവ​കാ​രി​കളെ അടിച്ച​മർത്തി, അങ്ങനെ ആഭ്യന്തര യുദ്ധം അവസാ​നി​ച്ചു. ഡോയി​ച്‌മാ​നും കുടും​ബ​വും ഉടൻ പോള​ണ്ടി​ലേക്കു മടങ്ങി.

ബൈബിൾ വിദ്യാർഥി​ക​ളും ബോൾഷെ​വി​ക്കു​ക​ളും

ഒന്നാം ലോക​മ​ഹാ​യു​ദ്ധം കൊടു​മ്പി​രി​കൊ​ണ്ട​തോ​ടെ റഷ്യയി​ലും മറ്റിട​ങ്ങ​ളി​ലു​മുള്ള സഹോ​ദ​രങ്ങൾ തമ്മിൽ ആകെയു​ണ്ടാ​യി​രുന്ന ബന്ധവും അറ്റു​പോ​യി. ലോക​മെ​മ്പാ​ടു​മു​ണ്ടാ​യി​രുന്ന ക്രിസ്‌തു​ശി​ഷ്യ​രെ​പ്പോ​ലെ, ക്രിസ്‌തു രാജ്യാ​ധി​കാ​ര​മേൽക്കു​ന്ന​തി​ന്റെ ഒരു പൂർണ​ചി​ത്രം റഷ്യയി​ലു​ള്ള​വർക്കും വ്യക്തമാ​യി​രു​ന്നില്ല. തങ്ങളുടെ രാജ്യം 20-ാം നൂറ്റാ​ണ്ടി​ലെ അവിസ്‌മ​ര​ണീ​യ​മായ ചില സംഭവ​ങ്ങൾക്കു വേദി​യാ​കാൻ പോകു​ക​യാ​ണെ​ന്നും അത്‌ ബൈബിൾ പ്രവച​ന​ത്തി​ന്റെ ഭാഗമാ​ണെ​ന്നും അന്ന്‌ അവർക്ക​റി​യി​ല്ലാ​യി​രു​ന്നു.

1917-ന്റെ അവസാ​ന​ത്തോ​ടെ റഷ്യൻ വിപ്ലവം സാർ ചക്രവർത്തി​മാ​രു​ടെ 370 വർഷം നീണ്ട ഭരണത്തി​നു വിരാ​മ​മി​ട്ടു. കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തെ​ക്കു​റിച്ച്‌ അജ്ഞരായ റഷ്യയു​ടെ പുതിയ ഭരണസാ​ര​ഥി​കൾ, അതായത്‌ ബോൾഷെ​വി​ക്കു​കൾ പുതി​യൊ​രു മാനവ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ പണിപ്പു​ര​യി​ലാ​യി​രു​ന്നു. മറ്റെല്ലാ​റ്റിൽനി​ന്നും വേറിട്ട ഒരു ഭരണരീ​തി​യാ​യി​രു​ന്നു അവരുടെ മനസ്സിൽ. അങ്ങനെ ഏതാനും വർഷത്തി​നു​ള്ളിൽ യൂണിയൻ ഓഫ്‌ സോവി​യറ്റ്‌ സോഷ്യ​ലിസ്റ്റ്‌ റിപ്പബ്ലി​ക്‌സ്‌ അഥവാ യുഎസ്‌എ​സ്‌ആർ പിറവി​യെ​ടു​ത്തു. ഇത്‌ ഭൂമു​ഖ​ത്തി​ന്റെ ആറിൽ ഒന്നിന്റെ ആധിപ​ത്യം ഏറ്റെടു​ത്തു.

സോവി​യറ്റ്‌ യൂണി​യന്റെ പ്രഥമ നേതാവ്‌ വ്‌ളാ​ഡി​മിർ ലെനിൻ റഷ്യൻ വിപ്ലവ​ത്തിന്‌ ഏതാനും വർഷം മുമ്പ്‌ പറഞ്ഞ വാക്കുകൾ ഇത്തരു​ണ​ത്തിൽ ശ്രദ്ധേ​യ​മാണ്‌: “എല്ലാവർക്കും സമ്പൂർണ സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രി​ക്കണം, തനിക്കി​ഷ്ട​മുള്ള മതത്തിൽ വിശ്വ​സി​ക്കാൻ മാത്രമല്ല അതു പ്രചരി​പ്പി​ക്കാ​നും മതംമാ​റാ​നു​മുള്ള പരിപൂർണ സ്വാത​ന്ത്ര്യം. ഒരു ഉദ്യോ​ഗ​സ്ഥ​നും ആരോ​ടും അയാളു​ടെ മതമേ​താ​ണെന്നു ചോദി​ക്കു​ക​പോ​ലും അരുത്‌. അത്‌ ഓരോ​രു​ത്ത​രു​ടെ​യും മനസ്സാ​ക്ഷി​യു​ടെ കാര്യ​മാണ്‌, ആർക്കും അതിൽ ഇടപെ​ടാൻ യാതൊ​രു അവകാ​ശ​വു​മില്ല.”

രാജ്യ​ത്തി​ന്റെ ചില ഭാഗങ്ങ​ളിൽ ആത്മാർഥ​ഹൃ​ദ​യർക്ക്‌ മറ്റുള്ള​വ​രു​മാ​യി ബൈബിൾസ​ത്യ​ങ്ങൾ പങ്കു​വെ​ക്കാൻ സോഷ്യൽ ഡെമോ​ക്രാ​റ്റിക്‌ പാർട്ടി​യു​ടെ ഈ തത്ത്വങ്ങൾ കളമൊ​രു​ക്കി. എന്നാൽ വാസ്‌ത​വ​ത്തിൽ പുതിയ രാഷ്‌ട്രം തുടക്കം​മു​തൽത്തന്നെ നിരീ​ശ്വ​ര​വാ​ദത്തെ ഊട്ടി​യു​റ​പ്പി​ക്കു​ക​യും മതത്തോ​ടു വിദ്വേ​ഷം പുലർത്തു​ക​യും ചെയ്‌തു​പോ​ന്നു. മതം “മനുഷ്യ​നെ മയക്കുന്ന കറുപ്പാണ്‌” എന്നായി​രു​ന്നു അവരുടെ പക്ഷം. ബോൾഷെ​വി​ക്കു​ക​ളു​ടെ ആദ്യ നടപടി സഭയെ​യും രാഷ്‌ട്ര​ത്തെ​യും വേർപെ​ടു​ത്തുക എന്നതാ​യി​രു​ന്നു. മതപ്ര​ബോ​ധനം നിയമ​വി​രു​ദ്ധ​മാ​ക്കി, പള്ളിയു​ടെ വസ്‌തു​വ​ക​ക​ളെ​ല്ലാം ദേശസാൽക്ക​രി​ക്ക​പ്പെട്ടു.

ദൈവ​രാ​ജ്യ​ത്തി​നു കൂറു പ്രഖ്യാ​പിച്ച ബൈബിൾ വിദ്യാർഥി​ക​ളു​ടെ ഒറ്റപ്പെട്ട കൂട്ടങ്ങ​ളോ​ടുള്ള ഈ പുതിയ ഭരണകൂ​ട​ത്തി​ന്റെ സമീപനം എന്താകു​മാ​യി​രു​ന്നു? 1917-ലെ വിപ്ലവ​ത്തിന്‌ കുറെ നാളു​കൾക്കു​ശേഷം സൈബീ​രി​യ​യിൽനിന്ന്‌ ഒരു ബൈബിൾ വിദ്യാർഥി​യു​ടെ കത്തുകി​ട്ടി. അതിൽ അദ്ദേഹം വ്യസന​പൂർവം ഇങ്ങനെ പറഞ്ഞു: “ഇവിടെ റഷ്യയി​ലെ സ്ഥിതി​ഗ​തി​കൾ നിങ്ങൾ അറിയു​ന്നു​ണ്ടാ​കു​മ​ല്ലോ. കമ്മ്യൂ​ണിസ്റ്റ്‌ ആശയങ്ങ​ളി​ലൂ​ന്നിയ ഒരു ഗവൺമെ​ന്റാണ്‌ ഞങ്ങൾക്കു​ള്ളത്‌. സമത്വം കൊണ്ടു​വ​രുക എന്ന നല്ല ലക്ഷ്യ​മൊ​ക്കെ ഇതിനു​ണ്ടെ​ങ്കി​ലും ദൈവ​വു​മാ​യി ബന്ധപ്പെ​ട്ടുള്ള സകലത്തി​നും ഇവിടെ ഭ്രഷ്ടു​കൽപ്പി​ച്ചു​വ​രി​ക​യാണ്‌.”

1923-ഓടെ ബൈബിൾ വിദ്യാർഥി​ക​ളോ​ടുള്ള എതിർപ്പു രൂക്ഷമാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. അവിടത്തെ സഹോ​ദ​രങ്ങൾ എഴുതി: “റഷ്യയിൽ എന്താണു സംഭവി​ക്കു​ന്ന​തെന്ന്‌ നിങ്ങളെ അറിയി​ക്കാ​നാണ്‌ ഈ കത്തെഴു​തു​ന്നത്‌. . . . ഞങ്ങൾക്ക്‌ ആഹാര​വും വസ്‌ത്ര​വും തുടങ്ങി അത്യാ​വ​ശ്യം വേണ്ട​തൊ​ക്കെ​യുണ്ട്‌, . . . പക്ഷേ ഞങ്ങൾ ആത്മീയ​മാ​യി പട്ടിണി​യി​ലാണ്‌. ഞങ്ങൾക്ക്‌ അയച്ചുതന്ന പുസ്‌ത​കങ്ങൾ ഗവൺമെന്റ്‌ കണ്ടു​കെട്ടി. അതു​കൊണ്ട്‌ റഷ്യൻ ഭാഷയിൽ നിങ്ങളു​ടെ പക്കലുള്ള സാഹി​ത്യ​ങ്ങ​ളിൽനി​ന്നു തിര​ഞ്ഞെ​ടുത്ത ശകലങ്ങ​ളെ​ല്ലാം ഒരു കത്തുരൂ​പ​ത്തി​ലാ​ക്കി ഞങ്ങൾക്ക്‌ അയച്ചു​ത​രാ​മോ? . . . സത്യവ​ച​ന​ത്തി​നാ​യി വിശക്കുന്ന ഒട്ടേറെ പേർ ഇവി​ടെ​യുണ്ട്‌. കുറച്ചു​നാൾ മുമ്പ്‌ അഞ്ചുപേർ സമർപ്പി​ച്ചു സ്‌നാ​ന​മേറ്റു. ബാപ്‌റ്റി​സ്റ്റു​കാ​രായ പതിന​ഞ്ചു​പേർ ഇപ്പോൾ ഞങ്ങളോ​ടൊ​പ്പം പഠിക്കു​ന്നു​മുണ്ട്‌.”

1923 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “റഷ്യയി​ലേക്ക്‌ സാഹി​ത്യ​ങ്ങൾ എത്തിക്കാൻ സൊ​സൈറ്റി ശ്രമി​ക്കു​ക​യാണ്‌. കർത്താ​വി​ന്റെ കൃപയാൽ ഇനിയും അതു തുടരും.” 1925-ഓടെ വീക്ഷാ​ഗോ​പു​രം റഷ്യനിൽ ലഭ്യമാ​യി. റഷ്യയി​ലെ സാക്ഷ്യ​വേ​ല​യിൽ ഇതിന്റെ പ്രഭാവം പെട്ടെ​ന്നു​തന്നെ കാണാ​നാ​യി. ഉദാഹ​ര​ണ​ത്തിന്‌, ഇവാഞ്ച​ലി​ക്കൽ സഭയിലെ ഒരാൾക്ക്‌ അഗ്നിന​രകം എന്ന ഉപദേ​ശ​വും ദൈവം സ്‌നേ​ഹ​മാ​കു​ന്നു എന്നുള്ള ആശയവും എങ്ങനെ ഒത്തു​പോ​കു​മെന്നു മനസ്സി​ലാ​യില്ല. അദ്ദേഹം ഇതേക്കു​റിച്ച്‌ സഹവി​ശ്വാ​സി​ക​ളോ​ടു ചോദി​ച്ച​പ്പോൾ ഇത്തരം ചിന്തക​ളിൽനി​ന്നൊ​ക്കെ അദ്ദേഹത്തെ രക്ഷിക്ക​ണ​മേ​യെന്ന്‌ അവർ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. എന്നാൽ പിന്നീട്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ചില പ്രതികൾ ലഭിച്ച​പ്പോൾ അദ്ദേഹ​വും ഭാര്യ​യും പെട്ടെ​ന്നു​തന്നെ സത്യം മനസ്സി​ലാ​ക്കി. കൂടുതൽ സാഹി​ത്യ​ങ്ങൾക്കാ​യി അദ്ദേഹം ഇങ്ങനെ എഴുതി: “കടലി​ന​പ്പു​റ​ത്തു​നി​ന്നുള്ള മന്നായ്‌ക്കാ​യി ഞങ്ങൾ കാത്തി​രി​ക്കു​ന്നു.” റഷ്യയി​ലെ മറ്റു സഹോ​ദ​ര​ങ്ങ​ളും, “മന്നാ” കൈപ്പ​റ്റി​യെന്ന്‌ അറിയി​ച്ചു​കൊ​ണ്ടും ക്രിസ്‌തീയ സ്‌നേ​ഹ​ത്തി​നും വിശ്വാ​സത്തെ ബലപ്പെ​ടു​ത്തുന്ന സാഹി​ത്യ​ങ്ങൾക്കു​മാ​യി നന്ദിപ​റ​ഞ്ഞു​കൊ​ണ്ടും ഐക്യ​നാ​ടു​ക​ളി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ എഴുതു​മാ​യി​രു​ന്നു.

“എല്ലാറ്റിൽനി​ന്നും കുറേശ്ശെ എനിക്ക്‌ അയച്ചു​ത​രിക”

1925 സെപ്‌റ്റം​ബർ ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ സൈബീ​രി​യ​യിൽനി​ന്നുള്ള ഹൃദയ​സ്‌പർശി​യായ ഒരു കത്തുണ്ട്‌. ഒരു കർഷക കുടും​ബ​ത്തി​ലെ സ്‌കൂൾ അധ്യാ​പ​കന്റെ കത്ത്‌. അദ്ദേഹ​വും കുടും​ബ​വും 1909-ൽ തെക്കൻ റഷ്യയിൽനിന്ന്‌ സൈബീ​രി​യ​യി​ലേക്കു കുടി​യേറി. നിറഞ്ഞ സന്തോ​ഷ​ത്തോ​ടെ​യാണ്‌ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ച്ച​തെന്ന്‌ അദ്ദേഹം എഴുതി. “എനിക്കു കൂടുതൽ ശക്തി​യോ​ടെ​യും പ്രാപ്‌തി​യോ​ടെ​യും ഇരുളി​നോ​ടു പോരാ​ടണം. അതിന്‌ എനിക്കു ദൈവ​ത്തി​ന്റെ വിശു​ദ്ധ​സ​ത്യ​ങ്ങ​ളു​ടെ ആഴങ്ങളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലണം, അതാ​ണെന്റെ ഹൃദയാ​ഭി​ലാ​ഷം.” കൂടുതൽ സാഹി​ത്യ​ങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ അദ്ദേഹം ഒടുവിൽ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ദയവായി, എല്ലാറ്റിൽനി​ന്നും കുറേശ്ശെ എനിക്ക്‌ അയച്ചു​ത​രിക.”

എഡിറ്റ​റു​ടെ പ്രതി​ക​ര​ണ​വും അതേ ലക്കത്തിൽത്തന്നെ കൊടു​ത്തി​രു​ന്നു. “കുറെ നാളു​ക​ളാ​യി ഞങ്ങൾ റഷ്യയി​ലേക്ക്‌ സാഹി​ത്യ​ങ്ങൾ അയയ്‌ക്കാൻ ശ്രമി​ക്കു​ന്നു. പക്ഷേ ഞങ്ങളുടെ എല്ലാ ശ്രമവും റഷ്യൻ ഗവൺമെന്റ്‌ തകിടം​മ​റി​ക്കു​ക​യാണ്‌. ഇതും ഇതു​പോ​ലെ​യുള്ള മറ്റു കത്തുക​ളും ‘മക്കെ​ദോ​ന്യെ​ക്കു കടന്നു​വന്നു ഞങ്ങളെ സഹായിക്ക’ എന്ന അഭ്യർഥ​ന​പോ​ലെ​യാണ്‌. (പ്രവൃ. 16:9) അവസര​മു​ണ്ടാ​യാ​ലു​ടൻ കർത്താ​വി​ന്റെ ഹിത​മെ​ങ്കിൽ ഞങ്ങൾ വരും.”

റഷ്യൻ ഭാഷയിൽ സുവാർത്ത ഒരു “സാക്ഷ്യ​മാ​യി” പ്രസം​ഗി​ക്കാൻ എത്ര ശക്തമായ ഉപകര​ണ​ങ്ങ​ളാ​യി​ത്തീ​രു​മാ​യി​രു​ന്നു വീക്ഷാ​ഗോ​പു​ര​വും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും! (മത്താ. 24:14) 2006-ഓടെ റഷ്യൻ ഭാഷയിൽ യഹോ​വ​യു​ടെ സാക്ഷികൾ അതുവരെ പ്രസി​ദ്ധീ​ക​രിച്ച സാഹി​ത്യ​ങ്ങ​ളു​ടെ മൊത്തം എണ്ണം എത്ര​യെ​ന്നോ? 69,12,43,952! ഇംഗ്ലീഷ്‌, പോർച്ചു​ഗീസ്‌, സ്‌പാ​നിഷ്‌ എന്നീ ഭാഷക​ളൊ​ഴിച്ച്‌ മറ്റ്‌ ഏതൊരു ഭാഷയി​ലും ഉള്ളതി​ല​ധി​കം. രാജ്യ​ഘോ​ഷ​ണ​വേ​ല​യിൽ യഹോവ തന്റെ ജനത്തിന്റെ ശ്രമങ്ങളെ അളവി​ല്ലാ​തെ അനു​ഗ്ര​ഹി​ച്ചു.

മറുനാ​ടൻ റഷ്യക്കാ​രോ​ടു സാക്ഷീ​ക​രി​ക്കു​ന്നു

ബോൾഷെ​വി​ക്കു​കൾ അധികാ​ര​ത്തി​ലേ​റു​ക​യും ഒരു കമ്മ്യൂ​ണി​സ്റ്റു രാഷ്‌ട്ര​ത്തി​ന്റെ സൃഷ്ടി​ന​ട​ക്കു​ക​യും മറ്റും ചെയ്യുന്ന കാലയ​ള​വിൽ ഒട്ടേറെ റഷ്യക്കാർ മറ്റു രാജ്യ​ങ്ങ​ളി​ലേക്കു കുടി​യേറി. റഷ്യനി​ലുള്ള വീക്ഷാ​ഗോ​പു​ര​വും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും സോവി​യറ്റു യൂണി​യനു പുറത്താണ്‌ അച്ചടി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ മറ്റുരാ​ജ്യ​ങ്ങ​ളി​ലേക്ക്‌ നിർവി​ഘ്‌നം ആത്മീയാ​ഹാ​രം എത്തി​ക്കൊ​ണ്ടി​രു​ന്നു. അതിനു തടയി​ടാൻ സോവി​യറ്റു ഭരണകൂ​ട​ത്തിന്‌ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 1920-കളുടെ അന്ത്യപാ​ദ​ത്തിൽ റഷ്യൻ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഭൂലോ​ക​മെ​ങ്ങും എത്തി​ച്ചേർന്നു. ഓസ്‌​ട്രേ​ലിയ, ഫിൻലൻഡ്‌, ഫ്രാൻസ്‌, ലട്‌വിയ, പരാഗ്വേ, പോളണ്ട്‌, ഐക്യ​നാ​ടു​കൾ, ഉറുഗ്വേ തുടങ്ങിയ രാജ്യ​ങ്ങ​ളി​ലെ റഷ്യക്കാർ നന്ദിയ​റി​യി​ച്ചു​കൊണ്ട്‌ കത്തുകൾ അയച്ചു​കൊ​ണ്ടു​മി​രു​ന്നു.

ഇവയിൽ ചില പ്രദേ​ശ​ങ്ങ​ളിൽ സഹോ​ദ​രങ്ങൾ റഷ്യൻ ഭാഷയിൽ പ്രസം​ഗ​പ്ര​വർത്ത​ന​വും യോഗ​ങ്ങ​ളും സംഘടി​പ്പി​ച്ചു. ഐക്യ​നാ​ടു​ക​ളി​ലാ​കട്ടെ, റഷ്യനി​ലുള്ള ബൈബിൾ പ്രസം​ഗങ്ങൾ റേഡി​യോ​യിൽ ക്രമമാ​യി പ്രക്ഷേ​പ​ണം​ചെ​യ്‌തു. പെൻസിൽവേ​നി​യ​യി​ലെ ബ്രൗൺസ്‌വി​ല്ലി​യി​ലും മറ്റിട​ങ്ങ​ളി​ലും റഷ്യൻ ഭാഷാ സഭകൾ രൂപീ​ക​രി​ച്ചു, കൺ​വെൻ​ഷ​നു​കൾ സംഘടി​പ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, 1925 മേയിൽ പെൻസിൽവേ​നി​യ​യി​ലെ കാർനെ​ഗി​യിൽ നടത്തിയ ത്രിദിന റഷ്യൻ ഭാഷാ കൺ​വെൻ​ഷ​നിൽ 250 പേർ ഹാജരാ​യി, 29 പേർ സ്‌നാ​ന​മേറ്റു.

സാഹച​ര്യം മാറുന്നു

ലെനിന്റെ മരണ​ശേഷം മതത്തി​നെ​തി​രെ​യുള്ള ഗവൺമെ​ന്റി​ന്റെ ആക്രമണം കൂടുതൽ തീവ്ര​മാ​യി. 1926-ൽ നിരീ​ശ്വര തീവ്ര​വാ​ദി സംഘം രൂപീ​ക​രി​ക്ക​പ്പെട്ടു. ഇതിന്റെ ഉദ്ദിഷ്ട​ല​ക്ഷ്യം പേരിൽത്തന്നെ വ്യക്തമാണ്‌. മനുഷ്യ മനസ്സിൽനി​ന്നു ദൈവ​വി​ശ്വാ​സം പിഴു​തെ​റി​യുക എന്ന ലക്ഷ്യത്തിൽ നിരീ​ശ്വ​ര​വാ​ദം എങ്ങും പ്രചരി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. താമസം​വി​നാ ബൃഹത്തായ സോവി​യറ്റ്‌ യൂണി​യ​നി​ലു​ട​നീ​ളം നിരീ​ശ്വ​ര​വാ​ദം വേരു​പി​ടി​ച്ചു. “യുവജ​ന​ങ്ങൾക്ക്‌ ഒരു ഹരമായി മാറിയ ഈ പുതിയ വിശ്വാ​സം അവർ സത്യം പഠിക്കു​ന്ന​തി​നുള്ള ഒരു വലിയ വിലങ്ങു​ത​ടി​യാ​ണെ​ന്ന​തി​നു സംശയ​മില്ല,” റഷ്യയി​ലെ ഒരു ബൈബിൾ വിദ്യാർഥി ലോകാ​സ്ഥാ​ന​ത്തേക്ക്‌ എഴുതി.

നിരീ​ശ്വര തീവ്ര​വാ​ദി സംഘം തങ്ങളുടെ ആശയങ്ങളെ പ്രചരി​പ്പി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഇറക്കി. അതി​ലൊ​ന്നാ​യി​രു​ന്നു ആന്റീറി​ലി​ജ്യോ​സ്‌നിക്‌ എന്ന മാസിക. “വെറൊ​നിഷ്‌ ഒബ്ലാസ്റ്റ്‌ നിറയെ മതങ്ങളാണ്‌” എന്ന്‌ 1928-ൽ ഈ മാസിക പറയു​ക​യു​ണ്ടാ​യി. a “വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ വിദ്യാർഥി​കളി”ൽപ്പെട്ട 48 പേരെ​ക്കു​റി​ച്ചും അവരുടെ നേതാ​ക്ക​ന്മാ​രായ സിൻചെൻക, മിട്ര​ഫാൻ ബവിൻ എന്നിവ​രെ​ക്കു​റി​ച്ചും അതു പറഞ്ഞു. 1926 സെപ്‌റ്റം​ബ​റി​ലെ വീക്ഷാ​ഗോ​പു​ര​ത്തിൽ റഷ്യയി​ലെ ഒരു മിഖാ​യേൽ സിൻചെൻക​യു​ടെ കത്ത്‌ ഉണ്ടായി​രു​ന്നു എന്നതു ശ്രദ്ധേ​യ​മാണ്‌. അദ്ദേഹം എഴുതി: “ആത്മീയ ഭക്ഷണത്തി​നാ​യി ആളുകൾ കേഴു​ക​യാണ്‌. . . . പരിമി​ത​മായ സാഹി​ത്യ​ങ്ങളേ ഞങ്ങൾക്കു​ള്ളൂ. ട്രുമ്പി സഹോ​ദ​ര​നും കൂട്ടരും റഷ്യനി​ലേക്കു സാഹി​ത്യ​ങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തി പകർപ്പു​ക​ളു​ണ്ടാ​ക്കു​ന്നു. അങ്ങനെ​യാ​ണു ഞങ്ങൾ ആത്മീയ​മാ​യി പോഷി​പ്പി​ക്ക​പ്പെ​ടു​ന്ന​തും പരസ്‌പരം പിന്തു​ണ​യ്‌ക്കു​ന്ന​തും. റഷ്യക്കാ​രായ എല്ലാ സഹോ​ദ​ര​ങ്ങ​ളു​ടെ​യും സ്‌നേ​ഹാ​ശം​സകൾ.”

റഷ്യൻ ഭാഷയി​ലുള്ള സാഹി​ത്യ​ങ്ങൾ കൈപ്പ​റ്റാൻ അധികാ​രി​കൾ സഹോ​ദ​ര​ങ്ങളെ അനുവ​ദി​ച്ചേ​ക്കു​മെന്ന്‌ 1926 സെപ്‌റ്റം​ബ​റിൽ ട്രുമ്പി സഹോ​ദരൻ ബ്രുക്ലി​നി​ലേക്ക്‌ എഴുതി അറിയി​ച്ചു. അതു​കൊണ്ട്‌ ലഘു​ലേ​ഖകൾ, ചെറു​പു​സ്‌ത​കങ്ങൾ, പുസ്‌ത​കങ്ങൾ, വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ബയന്റിട്ട വാല്യങ്ങൾ എന്നിവ ജർമനി​യി​ലെ മാഗ്‌ഡെ​ബർഗ്‌ ബ്രാഞ്ചു​വഴി അയയ്‌ക്കാൻ അദ്ദേഹം അഭ്യർഥി​ച്ചു. അതേത്തു​ടർന്ന്‌, റഥർഫോർഡ്‌ സഹോ​ദരൻ ജോർജ്‌ യങിനെ മോസ്‌കോ​യി​ലേക്ക്‌ അയച്ചു. 1928 ആഗസ്റ്റ്‌ 28-ന്‌ അദ്ദേഹം അവി​ടെ​യെത്തി. ഒരു കത്തിൽ അദ്ദേഹം ഇപ്രകാ​രം പറഞ്ഞു: “രസകര​മായ ചില നല്ല അനുഭ​വങ്ങൾ എനിക്ക്‌ ഉണ്ടാ​യെ​ങ്കി​ലും എത്രകാ​ലം ഇവിടെ തുടരാൻ കഴിയു​മെന്ന്‌ അറിയില്ല.” മോസ്‌കോ​യി​ലെ ഒരു ഉന്നത ഉദ്യോ​ഗ​സ്ഥ​നു​മാ​യി കൂടി​ക്കാഴ്‌ച സാധ്യ​മാ​യെ​ങ്കി​ലും 1928 ഒക്ടോബർ 4 വരെ അവിടെ തുടരു​ന്ന​തി​നുള്ള വിസയെ അദ്ദേഹ​ത്തി​നു ലഭിച്ചു​ള്ളൂ.

പുതു​താ​യി രൂപീ​കൃ​ത​മായ സോവി​യറ്റ്‌ ഗവൺമെ​ന്റി​ന്റെ, മതങ്ങ​ളോ​ടുള്ള വീക്ഷണം അവ്യക്ത​മാ​യി​രു​ന്നു. സോവി​യറ്റ്‌ ലക്ഷ്യങ്ങൾ നേടു​ന്ന​തിന്‌ മതസമൂ​ഹ​ങ്ങളെ രാഷ്‌ട്രീ​യ​ത്തി​ലേക്ക്‌ ആവാഹി​ച്ചി​രു​ന്നെ​ങ്കിൽ എന്ന ആശയം പല ഗവൺമെന്റ്‌ ലേഖന​ങ്ങ​ളും മുന്നോ​ട്ടു​വെച്ചു. പിറ്റേ വർഷം ഇതൊരു പോളി​സി​യാ​യി. യഹോ​വ​യു​ടെ ജനത്തിന്റെ കഥകഴി​ക്കുക എന്നതാ​യി​രു​ന്നില്ല സോവി​യറ്റ്‌ യൂണി​യന്റെ ലക്ഷ്യം എന്നതു ശ്രദ്ധേ​യ​മാണ്‌. മനസ്സോ​ടെ​യോ ഗതി​കെ​ട്ടി​ട്ടോ രാഷ്‌ട്ര​ത്തോ​ടു​മാ​ത്രം കൂറു പുലർത്താൻ അവരെ പ്രേരി​പ്പി​ക്കുക—ഇതായി​രു​ന്നു ഗവൺമെ​ന്റി​ന്റെ ലക്ഷ്യം. ആരും ഒരു കാരണ​വ​ശാ​ലും യഹോ​വയെ ആരാധി​ക്കാൻ അവർ ആഗ്രഹി​ച്ചില്ല.

യങ്‌ സഹോ​ദരൻ തിരി​ച്ചു​പോ​ന്ന​ശേ​ഷ​വും റഷ്യയി​ലെ സഹോ​ദ​രങ്ങൾ രാജ്യ​സു​വാർത്ത സതീക്ഷ്‌ണം പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു. റഷ്യയിൽ പ്രസം​ഗ​വേ​ല​യ്‌ക്കു നേതൃ​ത്വം നൽകു​ന്ന​തിന്‌ പിന്നെ ഡാനി​യിൽ സ്റ്റാരു​ഹി​നെ നിയമി​ച്ചു. സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേലയ്‌ക്ക്‌ ആക്കംകൂ​ട്ടാ​നും സ്റ്റാരുഹ്‌ സഹോ​ദരൻ റഷ്യയി​ലെ​യും യൂ​ക്രെ​യി​നി​ലെ​യും പല നഗരങ്ങ​ളും സന്ദർശി​ച്ചു. മോസ്‌കോ, കുർസ്‌ക്‌, വെറൊ​നിഷ്‌ എന്നിവ അവയിൽ ചിലതാണ്‌. അദ്ദേഹ​വും മറ്റു സഹോ​ദ​ര​ങ്ങ​ളും ബാപ്‌റ്റിസ്റ്റ്‌ വിശ്വാ​സി​ക​ളോട്‌ അവരുടെ പ്രാർഥ​നാ​ല​യ​ത്തിൽചെന്ന്‌ യേശു​ക്രി​സ്‌തു​വി​നെ​യും ദൈവ​രാ​ജ്യ​ത്തെ​യും കുറി​ച്ചുള്ള ബൈബിൾസ​ത്യം പ്രസം​ഗി​ക്കു​മാ​യി​രു​ന്നു. പരസ്യ​മാ​യി യോഗങ്ങൾ നടത്തു​ന്ന​തിന്‌ പ്രതി​വർഷം 200 ഡോളർ കൊടുത്ത്‌ ഒരു പള്ളി​ക്കെ​ട്ടി​ടം 1929 ജനുവ​രി​യിൽ അവർ വാടക​യ്‌ക്കെ​ടു​ത്തു.

പിന്നീട്‌ ആ വർഷം, സോവി​യറ്റ്‌ യൂണി​യ​നി​ലേക്കു ബൈബിൾ സാഹി​ത്യ​ങ്ങൾ ഇറക്കു​മതി ചെയ്യു​ന്ന​തിന്‌ യുഎസ്‌എ​സ്‌ആർ-ന്റെ പീപ്പിൾസ്‌ കമ്മിസ​റി​യറ്റ്‌ ഓഫ്‌ ട്രെയ്‌ഡി​ന്റെ അനുമതി വാങ്ങി​യ​ശേഷം ബ്രുക്ലിൻ ബെഥേ​ലി​ലെ സഹോ​ദ​രങ്ങൾ കുറച്ചു പ്രസി​ദ്ധീ​ക​ര​ണങ്ങൾ അവി​ടേക്കു കയറ്റി അയച്ചു. അക്കൂട്ട​ത്തിൽ ദൈവ​ത്തി​ന്റെ കിന്നര​വും ഉദ്ധാര​ണ​വും 800 വീതവും 2,400 ചെറു​പു​സ്‌ത​ക​ങ്ങ​ളും ഉണ്ടായി​രു​ന്നു. എന്നാൽ രണ്ടു മാസത്തി​നു​ള്ളിൽ സാഹി​ത്യ​ങ്ങൾ അതേപടി തിരി​ച്ചു​വന്നു. “പ്രവേ​ശ​നാ​നു​മ​തി​യില്ല—സാഹിത്യ മന്ത്രാ​ലയം” എന്ന്‌ അതിൽ സ്റ്റാമ്പു​ചെ​യ്‌തി​രു​ന്നു. എങ്കിലും സഹോ​ദ​രങ്ങൾ നിരാ​ശ​രാ​യില്ല. പഴയ റഷ്യൻ ലിപി​യിൽ അച്ചടി​ച്ച​തി​നാ​ലാ​യി​രി​ക്കും അവ തിരി​ച്ചു​വി​ട്ട​തെന്ന്‌ ചിലർ വിചാ​രി​ച്ചു. അതു​കൊ​ണ്ടു​തന്നെ പിന്നീട്‌ എല്ലാ റഷ്യൻ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും, ഭാഷയി​ലെ പുതി​യ​പു​തിയ മാറ്റങ്ങൾ കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ കൃത്യ​ത​യോ​ടെ പരിഭാ​ഷ​പ്പെ​ടു​ത്തി അച്ചടി​ക്കു​ന്നു​വെന്ന്‌ സഹോ​ദ​രങ്ങൾ ഉറപ്പു​വ​രു​ത്തി.

നല്ല പരിഭാ​ഷ​യു​ടെ ആവശ്യം

റഷ്യനും ഇംഗ്ലീ​ഷും അറിയാ​വുന്ന യോഗ്യ​രായ പരിഭാ​ഷ​കരെ ആവശ്യ​മുണ്ട്‌ എന്ന അറിയിപ്പ്‌ 1929 മുതലുള്ള പല വീക്ഷാ​ഗോ​പുര ലക്കങ്ങളി​ലും പ്രത്യ​ക്ഷ​പ്പെട്ടു. ഉദാഹ​ര​ണ​ത്തിന്‌, 1930 മാർച്ച്‌ വീക്ഷാ​ഗോ​പു​ര​ത്തിൽ വന്ന അറിയി​പ്പാ​ണിത്‌: “ഇംഗ്ലീ​ഷിൽനി​ന്നു റഷ്യനി​ലേക്കു പരിഭാഷ നടത്താൻ യോഗ്യ​നായ ഒരു സമർപ്പിത സഹോ​ദ​രനെ ആവശ്യ​മുണ്ട്‌. ഇംഗ്ലീഷ്‌ അറിഞ്ഞി​രി​ക്കണം, റഷ്യനും നന്നായി കൈകാ​ര്യം ചെയ്യാ​നാ​കണം.”

യഹോ​വ​യു​ടെ സഹായ​ത്താൽ പല രാജ്യ​ങ്ങ​ളി​ലാ​യി പരിഭാ​ഷ​കരെ കണ്ടെത്തി. അലിക്‌സാ​ണ്ടർ ഫോർസ്റ്റ്‌മെൻ ആയിരു​ന്നു അവരിൽ ഒരാൾ. 1931-നു മുമ്പു​തന്നെ അദ്ദേഹം ലേഖനങ്ങൾ റഷ്യനി​ലേക്കു പരിഭാ​ഷ​ചെ​യ്‌തു കോ​പ്പെൻഹേ​ഗ​നി​ലെ ഡെന്മാർക്ക്‌ ബ്രാഞ്ചി​ലൂ​ടെ ലോകാ​സ്ഥാ​ന​ത്തേക്ക്‌ അയച്ചു​കൊ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ലട്‌വി​യ​യിൽ താമസി​ച്ചി​രുന്ന ഫോർസ്റ്റ്‌മെൻ സഹോ​ദരൻ നല്ല ഉത്സാഹി​യാ​യി​രു​ന്നു. ഇംഗ്ലീ​ഷും റഷ്യനും നന്നായി അറിയാ​മാ​യി​രുന്ന വിദ്യാ​സ​മ്പ​ന്ന​നായ അദ്ദേഹം മിന്നൽ വേഗത്തിൽ ബൈബിൾ സാഹി​ത്യ​ങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. അവിശ്വാ​സി​യായ ഭാര്യ​യെ​യും കുട്ടി​യെ​യും പോറ്റാൻ ജോലി​ചെ​യ്യേ​ണ്ടി​യി​രു​ന്ന​തി​നാൽ ആദ്യ​മൊ​ക്കെ ആഴ്‌ച​യിൽ ഏതാനും മണിക്കൂർ മാത്രമേ പരിഭാ​ഷ​യ്‌ക്കാ​യി ലഭിച്ചി​രു​ന്നു​ള്ളൂ. എന്നാൽ 1932 ഡിസം​ബ​റിൽ അദ്ദേഹം ഒരു മുഴു​സമയ പരിഭാ​ഷ​ക​നാ​യി. ലഘു​ലേ​ഖകൾ, ചെറു​പു​സ്‌ത​കങ്ങൾ, പുസ്‌ത​കങ്ങൾ എന്നിവ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 1942-ൽ നിര്യാ​ത​നാ​യി.

റഷ്യയിൽ താമസി​യാ​തെ രാജ്യ​വേ​ല​യ്‌ക്കു നിയമാം​ഗീ​കാ​രം ലഭിക്കു​മെന്നു കരുതി​യ​തി​നാൽ നല്ല ഗുണനി​ല​വാ​ര​മുള്ള റഷ്യൻ പരിഭാ​ഷ​യ്‌ക്കാ​യി സഹോ​ദ​രങ്ങൾ ശ്രമി​ച്ചി​രു​ന്നു. ഉത്തര യൂറോ​പ്യൻ ഓഫീ​സി​ന്റെ മേൽനോ​ട്ടം വഹിച്ചി​രുന്ന വില്യം ഡേയ്‌, റഥർഫോർഡ്‌ സഹോ​ദ​ര​നുള്ള ഒരു കത്തിൽ എഴുതി: “റഷ്യയിൽ നിയമാം​ഗീ​കാ​രം ലഭിക്കു​മ്പോൾ—അതിന്‌ അധികം താമസ​മില്ല—ഇവിടത്തെ 18 കോടി ആളുകൾക്കു കൊടു​ക്കാ​നാ​യി നല്ല റഷ്യൻ ഭാഷയി​ലുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കിൽ . . .”

റേഡി​യോ പ്രക്ഷേ​പ​ണം

വിസ്‌തൃ​ത​മായ റഷ്യയി​ലു​ട​നീ​ളം സുവാർത്ത എത്തിക്കാൻ റേഡി​യോ ഉപയു​ക്ത​മാ​യി. 1929 ഫെബ്രു​വരി ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ ഈ അറിയി​പ്പു​ണ്ടാ​യി​രു​ന്നു: “റഷ്യൻ ഭാഷയി​ലുള്ള പ്രസം​ഗങ്ങൾ സം​പ്രേ​ക്ഷണം ചെയ്യ​പ്പെ​ടും.” എസ്‌തോ​ണി​യ​യിൽനി​ന്നു സോവി​യറ്റ്‌ യൂണി​യ​നി​ലേക്ക്‌ രണ്ടാമ​ത്തെ​യും നാലാ​മ​ത്തെ​യും ഞായറാ​ഴ്‌ച​ക​ളിൽ പരിപാ​ടി​കൾ സം​പ്രേ​ക്ഷണം ചെയ്യ​പ്പെ​ട്ടി​രു​ന്നു.

എസ്‌തോ​ണി​യ ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യി​രുന്ന വാലസ്‌ ബാക്‌സ്‌റ്റർ സഹോ​ദരൻ പിന്നീടു പറയു​ക​യു​ണ്ടാ​യി: “എത്ര​നേരം പണി​പ്പെ​ട്ടി​ട്ടാ​ണെ​ന്നോ ഒരു വർഷ​ത്തേ​ക്കുള്ള ഒരു കോൺട്രാ​ക്‌റ്റ്‌ 1929-ൽ അവർ ഒപ്പു​വെ​ച്ചത്‌. ലെനിൻഗ്രാ​ഡി​ലു​ള്ളവർ നമ്മുടെ റഷ്യൻ ഭാഷാ സം​പ്രേ​ക്ഷണം ശ്രദ്ധി​ക്കു​ന്നു എന്ന വാർത്ത താമസി​യാ​തെ ഞങ്ങൾക്കു കിട്ടി. എസ്‌തോ​ണി​യൻ വൈദി​ക​രു​ടെ അതേ മനോ​ഭാ​വ​മാ​യി​രു​ന്നു സോവി​യറ്റ്‌ ഭരണകൂ​ട​ത്തി​ന്റെ​യും. ഇരുകൂ​ട്ട​രും രാജ്യ​ദൂത്‌ കേൾക്കു​ന്ന​തിൽനിന്ന്‌ ആളുകളെ വിലക്കി.” 1931-ൽ ഒരു കൺ​വെൻ​ഷൻ പരിപാ​ടി വൈകിട്ട്‌ 5:30 മുതൽ 6:30 വരെ മീഡിയം ഫ്രീക്വൻസി​യിൽ പ്രക്ഷേ​പ​ണം​ചെ​യ്‌തു. മൂന്നര വർഷങ്ങൾക്കു​ശേഷം 1934 ജൂണിൽ റേഡി​യോ പ്രക്ഷേ​പണം നിലച്ചു. ഇതിനു പിന്നിൽ പ്രവർത്തി​ച്ചത്‌ ആരാ​ണെ​ന്നതു സംബന്ധിച്ച്‌ എസ്‌തോ​ണിയ ബ്രാ​ഞ്ചോ​ഫീ​സിൽനി​ന്നു സഹോ​ദ​രങ്ങൾ അയച്ച കത്ത്‌ വിശദീ​ക​രി​ക്കു​ന്നു: “കമ്മ്യൂ​ണിസ്റ്റ്‌ ചായ്‌വു​ള്ള​തും അരാജ​ക​ത്വ​ത്തി​നു വളം​വെ​ക്കു​ന്ന​തു​മാണ്‌ നമ്മുടെ റേഡി​യോ പരിപാ​ടി​കൾ എന്നും അതു​കൊണ്ട്‌ അവ രാജ്യ​ത്തി​നു ദോഷ​മ​ല്ലാ​തെ ഗുണ​മൊ​ന്നും ചെയ്യി​ല്ലെ​ന്നും വൈദി​കർ [എസ്‌തോ​ണിയ] ഗവൺമെ​ന്റി​നോ​ടു പറഞ്ഞു.”

ഒരു മാറ്റം

ഒരു ബ്രാ​ഞ്ചോ​ഫീസ്‌ തുറക്കുക എന്ന ലക്ഷ്യത്തിൽ ബ്രുക്ലി​നി​ലെ സഹോ​ദ​രങ്ങൾ 1935-ൽ ആൻറ്റൻ കോയർബറെ സോവി​യറ്റ്‌ യൂണി​യ​നി​ലേക്ക്‌ അയച്ചു. ആയിടെ അഡോൾഫ്‌ ഹിറ്റ്‌ലർ അധികാ​ര​ത്തി​ലേ​റിയ ജർമനി​യിൽനിന്ന്‌ ഒരു അച്ചടി​യ​ന്ത്രം യുഎസ്‌എ​സ്‌ആർ-ലേക്ക്‌ അയയ്‌ക്കാൻ ഉദ്ദേശി​ച്ചി​രു​ന്നു. എന്നാൽ അതു നടന്നില്ല. എങ്കിലും കോയർബർ സഹോ​ദ​രനു റഷ്യയി​ലെ പല സഹോ​ദ​ര​ങ്ങ​ളെ​യും സന്ദർശി​ക്കാ​നാ​യി.

തുടർന്നു​ള്ള ഏതാനും വർഷങ്ങ​ളിൽ റഷ്യയിൽ പ്രസം​ഗ​വേല പുരോ​ഗതി കൈവ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. ലട്‌വിയ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ മേൽനോ​ട്ട​ത്തിൽ ബൈബിൾ സാഹി​ത്യ​ങ്ങൾ റഷ്യനി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി. എന്നാൽ അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണങ്ങൾ റഷ്യയി​ലേക്ക്‌ ഇറക്കു​മ​തി​ചെ​യ്യുക അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവയിൽ നല്ലൊരു ശതമാനം അവി​ടെ​ത്തന്നെ സൂക്ഷി​ച്ചു​വെ​ക്കേ​ണ്ടി​വന്നു.

1939-ൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ട​തു​വരെ അധികം സാക്ഷികൾ ഉണ്ടായി​രു​ന്നില്ല. അതു​കൊണ്ട്‌ സോവി​യറ്റ്‌ ഗവൺമെന്റ്‌ അവരെ കൂട്ടാ​ക്കി​യ​തേ​യില്ല. എന്നാൽ അവസ്ഥകൾ മാറാൻ പോകു​ക​യാ​യി​രു​ന്നു. 1939-ൽ നാസി ജർമനി പോളണ്ട്‌ ആക്രമിച്ച്‌ അധികം താമസി​യാ​തെ സോവി​യറ്റ്‌ യൂണിയൻ അതിന്റെ 15 റിപ്പബ്ലി​ക്കു​ക​ളിൽ അവസാ​നത്തെ നാലെ​ണ്ണ​മായ എസ്‌തോ​ണിയ, ലട്‌വിയ, ലിത്വാ​നിയ, മൊൾഡോവ എന്നിവ അതിന്റെ ഭാഗമാ​ക്കി. ആയിര​ക്ക​ണ​ക്കി​നു സാക്ഷികൾ പൊടു​ന്നനെ സോവി​യറ്റ്‌ യൂണി​യന്റെ അതിർത്തി​ക്കു​ള്ളി​ലാ​യി. ഈ രാജ്യ​മാ​കട്ടെ, സ്വന്തം നിലനിൽപ്പി​നാ​യി ഉടൻതന്നെ കിരാ​ത​മായ ഒരു യുദ്ധത്തി​ലേക്കു കൂപ്പു​കു​ത്താ​നി​രി​ക്ക​യാ​യി​രു​ന്നു. കഷ്ടപ്പാ​ടും ദുരി​ത​വും ദശലക്ഷ​ങ്ങൾക്കു കാഴ്‌ച​വെ​ക്കുന്ന ഒരു കാലഘട്ടം. യഹോ​വ​യു​ടെ സാക്ഷി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം, മൃഗീ​യ​മായ അടിച്ച​മർത്ത​ലി​ന്മ​ധ്യേ യഹോ​വ​യോ​ടുള്ള ദൃഢവി​ശ്വ​സ്‌തത തെളി​യി​ക്കു​ന്ന​തി​നുള്ള സമയം.

ഉറച്ചു​നിൽക്കാൻ ദൃഢചി​ത്തർ

1941 ജൂണിൽ ജർമനി സോവി​യറ്റ്‌ യൂണി​യനെ ആക്രമി​ച്ചു. സോവി​യറ്റ്‌ നേതാ​വായ ജോസഫ്‌ സ്റ്റാലിന്‌ കിട്ടിയ ഒരു ഇരുട്ടടി ആയിരു​ന്നു ഇത്‌. ആ വർഷത്തി​ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ജർമൻ സൈന്യം മോസ്‌കോ​യു​ടെ സമീപ​ത്തെത്തി, സോവി​യറ്റ്‌ യൂണി​യന്റെ പതനം ഏതാണ്ട്‌ ഉറപ്പാ​യി​രു​ന്നു.

പോം​വ​ഴി അറിയാത്ത സ്റ്റാലിൻ, ‘മഹാ രാജ്യ​സ്‌നേഹ യുദ്ധം’ എന്നു റഷ്യക്കാർ വിളി​ക്കുന്ന ഒരു ഏറ്റുമു​ട്ട​ലി​നാ​യി രാഷ്‌ട്രത്തെ തയ്യാറാ​ക്കാൻ ഒരുങ്ങി. അപ്പോ​ഴും ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ മതവി​ശ്വാ​സി​ക​ളാ​യി​രു​ന്ന​തി​നാൽ ക്രൈ​സ്‌തവ മതത്തിനു ചില ആനുകൂ​ല്യ​ങ്ങൾ അനുവ​ദി​ച്ചാ​ലേ യുദ്ധത്തിന്‌ അവരുടെ പിന്തുണ ലഭിക്കു​ക​യു​ള്ളു എന്നു സ്റ്റാലിനു മനസ്സി​ലാ​യി. 1943 സെപ്‌റ്റം​ബ​റിൽ റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ സഭയുടെ തലപ്പത്തു​ള്ള​വ​രു​ടെ മൂന്നു പ്രതി​നി​ധി​കളെ സ്റ്റാലിൻ ക്രെം​ലി​നിൽവെച്ച്‌ പരസ്യ​മാ​യി വരവേറ്റു. അങ്ങനെ രാഷ്‌ട്ര​വും മതവും തമ്മിൽ അനുര​ഞ്‌ജ​ന​ത്തി​ലാ​യി, വിശ്വാ​സി​കൾക്കാ​യി നൂറു​ക​ണ​ക്കി​നു പള്ളികൾ തുറന്നു​കൊ​ടു​ത്തു.

ജർമനി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​പ്പോ​ലെ​തന്നെ റഷ്യയി​ലെ സഹോ​ദ​ര​ങ്ങ​ളും യുദ്ധകാ​ലത്ത്‌ പരിപൂർണ നിഷ്‌പക്ഷത പാലിച്ചു. പരിണ​ത​ഫലം എന്തായാ​ലും കർത്താ​വി​ന്റെ കൽപ്പന അനുസ​രി​ക്കാൻ അവർ ദൃഢനി​ശ്ചയം ചെയ്‌തു. (മത്താ. 22:37-39) നിഷ്‌പക്ഷത പാലി​ച്ച​തി​ന്റെ ഫലമായി 1940-നും 1945-നും ഇടയ്‌ക്ക്‌ ബാൾട്ടിക്‌ റിപ്പബ്ലി​ക്കു​കൾ, മൊൾഡോവ, യൂ​ക്രെ​യിൻ എന്നിവി​ട​ങ്ങ​ളി​ലെ ആയിര​ത്തി​ല​ധി​കം സാക്ഷി​കളെ മധ്യ റഷ്യയി​ലെ തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലേക്ക്‌ അയച്ചു.

വാസീലി സവ്‌ചൂക്‌ ഓർമി​ക്കു​ന്നു: “1941-ൽ എനിക്കു 14 വയസ്സു​ള്ള​പ്പോൾ യൂ​ക്രെ​യി​നിൽവെച്ചു ഞാൻ സ്‌നാ​ന​മേറ്റു. സജീവ​രായ മിക്കവാ​റും എല്ലാ സഹോ​ദ​ര​ങ്ങ​ളെ​യും യുദ്ധകാ​ലത്ത്‌ മധ്യ റഷ്യയി​ലെ പാളയ​ങ്ങ​ളി​ലേക്ക്‌ അയച്ചു. എങ്കിലും യഹോ​വ​യു​ടെ ഉദ്ദിഷ്ട വേല നിന്നു​പോ​യില്ല. വിശ്വ​സ്‌ത​രായ സഹോ​ദ​രി​മാ​രും എന്നെ​പ്പോ​ലുള്ള കൗമാ​ര​ക്കാ​രും സഭയി​ലും ശുശ്രൂ​ഷ​യി​ലും ഉള്ള ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ത്തു. ഞങ്ങളുടെ ഗ്രാമ​ത്തി​ലുള്ള ഒരു സഹോ​ദ​രനു ചില ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടായി​രു​ന്ന​തി​നാൽ അദ്ദേഹത്തെ തൊഴിൽപ്പാ​ള​യ​ത്തി​ലേക്ക്‌ അയച്ചില്ല. ‘വാസീലി, ഞങ്ങൾക്കു നിന്റെ സഹായം വേണം,’ ഒരിക്കൽ അദ്ദേഹം പറഞ്ഞു. ‘ഒരു അതി​പ്ര​ധാന കാര്യം ചെയ്യാ​നുണ്ട്‌, പക്ഷേ അതിനുള്ള ആളുക​ളില്ല.’ അടിക്കടി അസുഖം ബാധി​ക്കുന്ന ആ സഹോ​ദ​രന്‌ യഹോ​വ​യു​ടെ വേലയി​ലുള്ള താത്‌പ​ര്യം കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു​പോ​യി. എന്തു വേണ​മെ​ങ്കി​ലും ചെയ്യാ​മെന്നു സന്തോ​ഷ​പൂർവം ഞാൻ പറഞ്ഞു. ബെയ്‌സ്‌മെ​ന്റിൽ താത്‌കാ​ലി​ക​മാ​യി ഉണ്ടാക്കി​യെ​ടുത്ത ചില ഓഫീ​സു​ക​ളിൽവെച്ച്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും മറ്റും പകർത്തി സഹോ​ദ​ര​ങ്ങൾക്കു വിതരണം ചെയ്യാൻ നൽകി, പ്രത്യേ​കി​ച്ചും തടവി​ലു​ള്ള​വർക്ക്‌.

സഹോ​ദ​രി​മാ​രും കൗമാ​ര​ക്കാ​രും അഹോ​രാ​ത്രം കഷ്ടപ്പെ​ട്ടി​ട്ടും ആവശ്യ​ത്തിന്‌ ആത്മീയാ​ഹാ​രം പ്രദാ​നം​ചെ​യ്യാ​നാ​യില്ല. റഷ്യയിൽനി​ന്നു കുടി​യേ​റി​വന്ന പോളിഷ്‌ സഹോ​ദ​രങ്ങൾ പോള​ണ്ടി​ലെ ബ്രാ​ഞ്ചോ​ഫീ​സി​നു വിവരങ്ങൾ കൈമാ​റി​യ​പ്പോൾ ഇതി​നൊ​രു പോം​വഴി നിർദേ​ശി​ച്ചു. അതനു​സ​രിച്ച്‌ റഷ്യയി​ലേക്കു പോകുന്ന യൂ​ക്രെ​യി​നി​യൻ, റഷ്യൻ സഹോ​ദ​രങ്ങൾ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങൾക്കാ​യി ആത്മീയാ​ഹാ​ര​വും സ്റ്റെൻസി​ലും മഷിയും മറ്റുപ​ക​ര​ണ​ങ്ങ​ളും കൂടെ​ക്കൊ​ണ്ടു​പോ​യി.

‘അവർ താന്താ​ങ്ങ​ളു​ടെ സ്ഥലത്തേക്കു പോകട്ടെ’

1946-ൽ പോള​ണ്ടി​ലെ ചില സഹോ​ദ​രങ്ങൾ സോവി​യറ്റ്‌ യൂ​ക്രെ​യി​നി​ലേക്കു താമസം മാറ്റാൻ നിർബ​ന്ധി​ത​രാ​യി. ഐവാൻ പാഷ്‌കോ​വ്‌സ്‌കി ഓർമി​ക്കു​ന്നു: “തങ്ങൾ ഇപ്പോൾ എന്തു​ചെ​യ്യ​ണ​മെന്നു സഹോ​ദ​രങ്ങൾ ലോഡ്‌സി​ലുള്ള ബ്രാ​ഞ്ചോ​ഫീ​സിൽ ചോദി​ച്ചു. മറുപ​ടി​യിൽ ന്യായാ​ധി​പ​ന്മാർ 7:7 പരാമർശി​ച്ചി​രു​ന്നു, അവർ ‘താന്താ​ങ്ങ​ളു​ടെ സ്ഥലത്തേക്കു പോകട്ടെ’ എന്നാണ്‌ അവിടെ പറയു​ന്നത്‌. ദുർഘടം പിടിച്ച ഈ പ്രദേ​ശ​ങ്ങ​ളിൽ ജ്ഞാനപൂർവം യഹോവ എങ്ങനെ​യാ​ണു പ്രസം​ഗ​വേ​ലയെ നയിച്ച​തെന്നു പല വർഷങ്ങൾക്കു​ശേഷം എനിക്കു കാണാ​നാ​യി. യഹോവ ഞങ്ങളെ അയച്ച ഇടമാ​യി​രു​ന്നു ഞങ്ങളുടെ ‘സ്ഥലം.’ അധികാ​രി​ക​ളു​ടെ ആജ്ഞകൾ അനുസ​രി​ക്കു​ന്നതു പ്രധാ​ന​മാ​ണെന്നു ഞങ്ങൾ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ നിരീ​ശ്വ​ര​വാ​ദം ഉയർത്തി​പ്പി​ടി​ക്കുന്ന ഒരു രാജ്യ​ത്തേക്കു മാറു​ന്ന​തി​നാ​യി ഞങ്ങൾ ഒരുക്ക​മാ​രം​ഭി​ച്ചു.

“ആദ്യമാ​യി, സ്‌നാ​ന​പ്പെ​ടാ​നി​രുന്ന 18 പേരെ ഒരു സഹോ​ദ​രന്റെ വീട്ടിൽ കൂട്ടി​വ​രു​ത്തി അതിനാ​യി അവരെ സജ്ജരാക്കി. റഷ്യനി​ലും ഉക്രേ​നി​യ​നി​ലു​മുള്ള സാഹി​ത്യ​ങ്ങൾ സംഘടി​പ്പിച്ച്‌, പരി​ശോ​ധി​ച്ചാൽപോ​ലും കണ്ടുപി​ടി​ക്കാത്ത വിധത്തിൽ പായ്‌ക്കു​ചെ​യ്‌തു. എത്രയും പെട്ടെന്നു പോകാൻ തയ്യാറാ​യി​ക്കൊ​ള്ളുക എന്ന ഉത്തരവു​മാ​യി പ്രഭാ​ത​മാ​യ​പ്പോ​ഴേ​ക്കും പോളിഷ്‌ സൈനി​കർ ഞങ്ങളുടെ ഗ്രാമം വളഞ്ഞു. ഒരുമാ​സ​ത്തേ​ക്കുള്ള ആഹാര​സാ​ധ​ന​ങ്ങ​ളും അത്യാ​വ​ശ്യ​മുള്ള വീട്ടു​സാ​മാ​ന​ങ്ങ​ളും കൂടെ​ക്കൊ​ണ്ടു​പോ​കാ​മാ​യി​രു​ന്നു. അവർ ഞങ്ങളെ റയിൽവേ സ്റ്റേഷനി​ലേക്കു കൊണ്ടു​പോ​യി. അങ്ങനെ​യാണ്‌ സോവി​യറ്റ്‌ യൂ​ക്രെ​യിൻ ഞങ്ങളുടെ ‘സ്ഥലമായി’ മാറി​യത്‌.

“ഞങ്ങൾ അവിടെ എത്തിയ​തും നാട്ടു​കാ​രും അവിടത്തെ അധികാ​രി​ക​ളും ഞങ്ങൾക്കു ചുറ്റും കൂടി. അപ്പോൾത്തന്നെ സാക്ഷ്യം നൽകാൻ ആഗ്രഹി​ച്ച​തി​നാൽ സധൈ​ര്യം ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന്‌ അവരോ​ടു പറഞ്ഞു. പിറ്റേന്ന്‌ അപ്രതീ​ക്ഷി​ത​മാ​യി അവിടത്തെ കാർഷിക കമ്മിറ്റി​യു​ടെ സെക്ര​ട്ടറി ഞങ്ങളെ സന്ദർശി​ക്കാ​നെത്തി. അമേരി​ക്ക​യി​ലേക്കു കുടി​യേ​റി​പ്പാർത്ത തന്റെ പിതാവ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ തനിക്ക്‌ അയച്ചു​ത​രാ​റു​ണ്ടെന്നു പറഞ്ഞു. ഞങ്ങൾക്കു​ണ്ടായ സന്തോഷം പറഞ്ഞറി​യി​ക്കാൻ പറ്റില്ല! ആ സാഹി​ത്യ​ങ്ങൾ തരാ​മെന്നു പറഞ്ഞ​പ്പോൾ വിശ്വ​സി​ക്കാ​നാ​യില്ല. കുടും​ബ​ത്തോ​ടൊ​പ്പം അദ്ദേഹം യോഗ​ങ്ങൾക്കു ഹാജരാ​യ​പ്പോൾ, യഹോ​വ​യു​ടെ ‘മനോ​ഹ​ര​വ​സ്‌തു’ക്കളായ അനേകർ ഈ രാജ്യ​ത്തു​ണ്ടെന്നു ഞങ്ങൾക്കു മനസ്സി​ലാ​യി. (ഹഗ്ഗാ. 2:7) ആ മുഴു കുടും​ബ​വും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി, വർഷങ്ങ​ളോ​ളം വിശ്വ​സ്‌ത​രാ​യി സേവിച്ചു.”

ഇനിയും ധാരാളം ചെയ്യാ​നു​ണ്ടാ​യി​രു​ന്നു

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ല​ത്തും അതിനു ശേഷവും ഏറ്റവും ദുർഘ​ട​മായ സാഹച​ര്യ​ങ്ങ​ളി​ലാണ്‌ റഷ്യയിൽ വേല നിർവ​ഹി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നത്‌. 1947 ഏപ്രിൽ 10-ാം തീയതി പോളണ്ട്‌ ബ്രാഞ്ച്‌ ലോകാ​സ്ഥാ​ന​ത്തേ​ക്കയച്ച കത്തു പറയുന്നു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലഘു​ലേ​ഖ​ക​ളോ വീക്ഷാ​ഗോ​പു​ര​മോ സ്വീക​രി​ച്ചാൽ പത്തു വർഷത്തെ നിർബ​ന്ധിത വേലയും നാടു​ക​ട​ത്ത​ലും നിങ്ങളെ കാത്തി​രി​ക്കു​ന്നു എന്നു മതനേ​താ​ക്ക​ന്മാർ അവരുടെ ആളുക​ളോ​ടു പറയുന്നു. ആത്മീയ വെളി​ച്ച​ത്തി​നാ​യി കേഴു​ന്ന​വ​രെ​ങ്കി​ലും ഈ ദേശത്തെ ആളുകൾ ഭയന്നു​വി​റ​ച്ചാ​ണി​രി​ക്കു​ന്നത്‌.”

വാർഷി​ക​പു​സ്‌തകം 1947 ഇങ്ങനെ റിപ്പോർട്ടു​ചെ​യ്‌തു: “അച്ചടി​ച്ച​തും ഭംഗി​യു​ള്ള​തു​മായ വീക്ഷാ​ഗോ​പു​ര​മോ മറ്റു ബൈബിൾ സാഹി​ത്യ​ങ്ങ​ളോ സാക്ഷി​കൾക്കില്ല. . . . പലപ്പോ​ഴും വളരെ കഷ്ടപ്പെട്ട്‌ കൈ​കൊ​ണ്ടു പകർത്തി കൈമാ​റു​ക​യാ​ണു ചെയ്യു​ന്നത്‌. . . . കൊണ്ടു​പോ​കുന്ന വഴിക്കു ചില​പ്പോൾ പിടി​യി​ലാ​കു​ക​യും വീക്ഷാ​ഗോ​പു​രം കണ്ടെത്തി​യാൽ ജയിലി​ല​ട​യ്‌ക്ക​പ്പെ​ടു​ക​യും ചെയ്യാ​റുണ്ട്‌.”

റെജീന ക്രിവ​കൂൽസ്‌കി പറയുന്നു: “രാജ്യാ​തിർത്തി​ക്കു ചുറ്റും ഇരുമ്പു​വേ​ലി​യാ​ണെ​ന്നും അതു​കൊണ്ട്‌ തടവി​ല​ല്ലെ​ങ്കിൽപ്പോ​ലും ഞങ്ങൾ തടവു​കാ​രാ​ണെ​ന്നും എനിക്കു തോന്നി. യഹോ​വയെ തീക്ഷ്‌ണ​ത​യോ​ടെ സേവി​ച്ചി​രുന്ന ഞങ്ങളുടെ ഭർത്താ​ക്ക​ന്മാർ അവരുടെ ജീവിതം മിക്കവാ​റും തടവി​ലും തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലും കഴിച്ചു​കൂ​ട്ടി. സ്‌ത്രീ​ക​ളായ ഞങ്ങൾ ഒരുപാ​ടു സഹിച്ചു. സോവി​യറ്റ്‌ രാഷ്‌ട്ര സുരക്ഷാ സമിതി​യാ​ലുള്ള (കെജിബി) സമ്മർദ​വും തൊഴിൽന​ഷ്ട​വും ഉറക്കി​ള​പ്പും മറ്റു പീഡന​ങ്ങ​ളും ഞങ്ങൾ ഓരോ​രു​ത്ത​രും നേരിട്ടു. സത്യത്തി​ന്റെ മാർഗ​ത്തിൽനി​ന്നു വ്യതി​ച​ലി​പ്പി​ക്കാൻ അധികാ​രി​കൾ പഠിച്ച​പ​ണി​യെ​ല്ലാം പയറ്റി​നോ​ക്കി. (യെശ. 30:21) ഈ സാഹച​ര്യ​ത്തെ ചൂഷണം ചെയ്‌തു​കൊണ്ട്‌ സാത്താൻ പ്രസം​ഗ​വേ​ല​യ്‌ക്കു തടയി​ടാൻ ശ്രമി​ക്കു​ക​യാ​ണെന്ന കാര്യ​ത്തിൽ ഞങ്ങൾക്കു യാതൊ​രു സംശയ​വു​മി​ല്ലാ​യി​രു​ന്നു. എന്നാൽ യഹോവ തന്റെ ജനത്തെ കൈവി​ട്ടില്ല. അവന്റെ പിന്തുണ പ്രകട​മാ​യി​രു​ന്നു.

“കടത്തി​ക്കൊ​ണ്ടു​വ​രുന്ന ബൈബിൾ സാഹി​ത്യ​ങ്ങൾ ഞങ്ങൾക്ക്‌ ‘അത്യന്ത​ശ​ക്തി​യും’ ജ്ഞാനപൂർവം സാഹച​ര്യ​ങ്ങളെ കൈകാ​ര്യം​ചെ​യ്യാ​നുള്ള പ്രാപ്‌തി​യും നൽകി. (2 കൊരി. 4:7) യഹോ​വ​യാണ്‌ തന്റെ ജനത്തെ നയിച്ചത്‌, ഗവൺമെ​ന്റി​ന്റെ ശക്തമായ എതിർപ്പി​ന്മ​ധ്യേ​യും പുതി​യവർ സംഘട​ന​യി​ലേക്കു വന്നു​കൊ​ണ്ടി​രു​ന്നു. അതിശ​യ​ക​ര​മെന്നു പറയട്ടെ, യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പം എതിർപ്പു​കൾ നേരി​ടാൻ അവർ തുടക്കം മുതലേ തയ്യാറാ​യി​രു​ന്നു. യഹോ​വ​യു​ടെ ആത്മാവാ​യി​രു​ന്നു ഇതിനു പിന്നി​ലെ​ന്ന​തി​നു സംശയ​മില്ല.”

പറക്കുന്ന കത്തുകൾ

റെജീ​ന​യു​ടെ ഭാവി​വ​ര​നായ പ്യോട്ടർ 1944-ൽ ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ ഗോർക്കി ഒബ്ലാസ്റ്റി​ലെ ഒരു പാളയ​ത്തിൽ തടവി​ലാ​യി. എന്നാൽ സുവി​ശേഷ ഘോഷ​ണ​ത്തി​ലെ അദ്ദേഹ​ത്തി​ന്റെ തീക്ഷ്‌ണ​ത​യ്‌ക്ക്‌ ഇതു ഭംഗം​വ​രു​ത്തി​യില്ല. ഓരോ ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചു​മുള്ള ഹ്രസ്വ വിവരണം അടങ്ങു​ന്ന​താ​യി​രു​ന്നു പ്യോട്ടർ എഴുതിയ കത്തുക​ളെ​ല്ലാം. കത്തെഴു​തി കവറി​ലാ​ക്കി ഒട്ടിച്ചിട്ട്‌ അതി​ലൊ​രു കല്ലു​കെട്ടി കമ്പി​വേ​ലി​ക്കു മുകളി​ലൂ​ടെ പുറ​ത്തേക്ക്‌ എറിയു​മാ​യി​രു​ന്നു. ആരെങ്കി​ലും അവ വായി​ക്കു​മെന്ന്‌ ആശിച്ചു, അതു സത്യവു​മാ​യി—ലിഡിയ ബൂലാറ്റവ എന്ന പെൺകു​ട്ടി​ക്കു കിട്ടി അതി​ലൊന്ന്‌. അവളെക്കണ്ട പ്യോട്ടർ അടുത്തു​വി​ളിച്ച്‌ ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മു​ണ്ടോ​യെന്നു ചോദി​ച്ചു. അവൾക്ക​തി​ഷ്ട​മാ​യി, വീണ്ടും കാണാ​നുള്ള ഏർപ്പാ​ടും ചെയ്‌തു. ആ വിലപ്പെട്ട കത്തുകൾ പെറു​ക്കാൻ ചെല്ലുക അവൾ പതിവാ​ക്കി.

തീക്ഷ്‌ണ​ത​യു​ള്ള സഹോ​ദ​രി​യും സുവി​ശേഷ ഘോഷ​ക​യും ആയിത്തീർന്നു ലിഡിയ. താമസി​യാ​തെ മരിയ സ്‌മിർനോ​വ​യും ഓൾഗ സവ്രൂ​ഗി​ന​യു​മൊത്ത്‌ അവൾ ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു. അവരും യഹോ​വയെ സേവി​ക്കാൻ തുടങ്ങി. സഹോ​ദ​രി​മാ​രു​ടെ ഈ ചെറിയ കൂട്ടത്തെ പരി​പോ​ഷി​പ്പി​ക്കാ​നാ​യി പാളയ​ത്തി​നു​ള്ളിൽനി​ന്നു സഹോ​ദ​ര​ന്മാർ അവർക്ക്‌ ആത്മീയാ​ഹാ​രം നൽകി. ഇതിനാ​യി പ്യോട്ടർ അടിയിൽ രണ്ടു പാളി​ക​ളുള്ള ഒരു സ്യൂട്ട്‌കേസ്‌ ഉണ്ടാക്കി, അവിടെ മാസി​കകൾ കൊള്ളി​ച്ചു. ഇതു പുറ​ത്തേക്കു കൊണ്ടു​പോ​കാ​നും തിരികെ കൊണ്ടു​വ​രാ​നും സാക്ഷി​ക​ളോ തടവു​കാ​രോ അല്ലാത്ത ചിലരെ ഉപയോ​ഗി​ച്ചു. അതിലെ മേൽവി​ലാ​സം നോക്കി ആ സഹോ​ദ​രി​മാ​രിൽ ഒരാളു​ടെ പക്കൽ അവർ അത്‌ എത്തിക്കു​മാ​യി​രു​ന്നു.

താമസി​യാ​തെ സഹോ​ദ​രി​മാർ ആ പ്രദേ​ശത്തു പ്രസം​ഗ​പ്ര​വർത്തനം ആരംഭി​ച്ചു. ഇതു പൊലീ​സി​ന്റെ ശ്രദ്ധയിൽപ്പെ​ട്ട​പ്പോൾ അക്കാലത്തെ പതിവ​നു​സ​രിച്ച്‌ ഒറ്റു​നോ​ക്കാ​നാ​യി ഒരു ഏജന്റിനെ അയച്ചു. താത്‌പ​ര്യം നടിച്ചു​ചെന്ന സ്‌കൂൾ അധ്യാ​പി​ക​യായ ആ ഏജന്റിനെ സഹോ​ദ​രി​മാർ വിശ്വ​സി​ച്ചു. ഇങ്ങനെ ഒരനു​ഭവം ഇതിനു​മുമ്പ്‌ അവർക്കു​ണ്ടാ​യി​ട്ടി​ല്ലാ​ഞ്ഞ​തി​നാൽ ഈ പുതിയ ‘സഹോ​ദ​രി​യോട്‌’ അവർ ബൈബിൾസ​ത്യം മാത്രമല്ല സാഹി​ത്യ​ങ്ങൾ എങ്ങനെ എത്തുന്നു​വെ​ന്നും പിന്നീടു പറഞ്ഞു. പിറ്റേ പ്രാവ​ശ്യം സ്യൂട്ട്‌കേസു വഴിക്കു​വെച്ചു പിടിച്ചു, പ്യോ​ട്ട​റി​നെ വീണ്ടും 25 വർഷത്തെ തടവിനു വിധിച്ചു. ആ മൂന്നു സഹോ​ദ​രി​മാർക്കും കിട്ടി 25 വർഷം വീതം.

‘അവരെ ബോധ​വ​ത്‌ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു’

യുദ്ധകാ​ല​ത്തും അതിനു​ശേ​ഷ​വും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങൾക്കെ​തി​രെ സോവി​യറ്റ്‌ ഗവൺമെന്റ്‌ ശക്തമായി പോരാ​ടി. 1947-ന്റെ മധ്യ​ത്തോ​ടെ ഒരൊറ്റ യഹോ​വ​യു​ടെ സാക്ഷി​പോ​ലും അവിടെ കാണു​ക​യി​ല്ലെന്ന്‌ സോവി​യറ്റ്‌ യൂണി​യന്റെ പശ്ചിമ​ഭാ​ഗത്തെ ഒരു ഉന്നത ഉദ്യോ​ഗസ്ഥൻ പ്രഖ്യാ​പി​ച്ച​താ​യി പോള​ണ്ടി​ലുള്ള സഹോ​ദ​രങ്ങൾ മാർച്ചിൽ റിപ്പോർട്ടു​ചെ​യ്‌തു. അവരുടെ കത്ത്‌ ഇപ്രകാ​ര​മാ​യി​രു​ന്നു: “ഒറ്റ ദിവസം 100 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ അറസ്റ്റു​ചെ​യ്‌തെന്ന്‌ ഈ കത്ത്‌ എഴുതി​ത്തു​ട​ങ്ങി​യ​ശേഷം ഞങ്ങൾക്കു വിവരം കിട്ടി.” തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലുള്ള സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചു മറ്റൊരു കത്തു പറഞ്ഞു: “അത്ഭുത​ക​ര​മാം​വി​ധം യഹോ​വ​യോട്‌ അവർ ദൃഢവി​ശ്വ​സ്‌തത കാക്കുന്നു. പലരും തങ്ങളുടെ ജീവൻനൽകി, തടങ്കൽപ്പാ​ള​യ​ത്തി​ലെ സഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​തന്നെ അവരും യഹോ​വ​യാ​ലുള്ള വിടു​ത​ലി​നാ​യി കാത്തി​രി​ക്കു​ന്നു.”

ഇതുകൂ​ടാ​തെ, സുവി​ശേഷ ഘോഷ​ണ​ത്തി​നും വോട്ടു​ചെ​യ്യാ​ത്ത​തി​നും സാക്ഷി​കളെ അറസ്റ്റു​ചെ​യ്‌തു. 1947-ൽ ഉത്തരവാ​ദി​ത്വ സ്ഥാനങ്ങ​ളി​ലുള്ള സഹോ​ദ​രങ്ങൾ എഴുതി: “ഇവിടത്തെ സഹോ​ദ​ര​ങ്ങ​ളു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ റഷ്യയി​ലെ ഉന്നതാ​ധി​കാ​രി​കൾക്ക്‌ ഒന്നും​തന്നെ അറിയി​ല്ലെ​ന്നാ​ണു തോന്നു​ന്നത്‌. ഒരു കാര്യം സത്യമാണ്‌, നമ്മെ നശിപ്പി​ക്കുക എന്നൊരു ലക്ഷ്യം അവർക്കില്ല. നമ്മുടെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും മറ്റും [അവരെ] ബോധ​വ​ത്‌ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.”

രജിസ്‌​ട്രേഷൻ നേടാ​നുള്ള ശ്രമം

പെട്ടെ​ന്നു​തന്നെ റഷ്യയി​ലെ രണ്ടു സഹോ​ദ​ര​ന്മാർ പരിച​യ​സ​മ്പ​ന്ന​നായ ഒരു വക്കീലി​ന്റെ സഹായ​ത്തോ​ടെ സോവി​യറ്റ്‌ യൂണി​യ​നി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം രജിസ്റ്റർ ചെയ്യാ​നാ​വ​ശ്യ​മായ രേഖകൾ തയ്യാറാ​ക്ക​ണ​മെന്ന്‌ പോളണ്ട്‌ ബ്രാഞ്ച്‌ നിർദേ​ശി​ച്ചു. പോള​ണ്ടിൽനി​ന്നു റഷ്യയി​ലെ സഹോ​ദ​ര​ങ്ങൾക്കയച്ച ഒരു കത്തിൽ ഇപ്രകാ​രം രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു: “ദൈവ​രാ​ജ്യ സുവാർത്ത റഷ്യ ഉൾപ്പെടെ എല്ലായി​ട​ത്തും പ്രസം​ഗി​ക്ക​പ്പെ​ടേ​ണ്ട​തുണ്ട്‌. (മർക്കൊ. 13:10)” ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ കത്ത്‌ ഉപസം​ഹ​രി​ച്ചു: “ക്ഷമയോ​ടി​രി​ക്കുക. നിങ്ങളു​ടെ കണ്ണുനീർ യഹോവ ആഹ്ലാദാ​ര​വ​മാ​ക്കി മാറ്റും.—സങ്കീ. 126:2-6.”

1949 ആഗസ്റ്റിൽ മിക്കൊ​ലാ പ്യാ​റ്റൊ​ക്കാ, മിഖാ​യി​ലൊ ചുമാക്ക്‌, ഈലീയ ബാബീ​ച്ചുക്ക്‌ എന്നീ സഹോ​ദ​ര​ന്മാർ ചേർന്ന്‌ രജിസ്‌​ട്രേ​ഷ​നുള്ള അപേക്ഷ സമർപ്പി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അംഗീ​കാ​രം നൽകാൻ ഗവൺമെ​ന്റി​നു സമ്മതമാ​യി​രു​ന്നു, പക്ഷേ, ചില വ്യവസ്ഥ​ക​ളു​ണ്ടാ​യി​രു​ന്നു. സോവി​യറ്റ്‌ യൂണി​യ​നി​ലുള്ള എല്ലാ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​യും പേര്‌ കൈമാ​റണം എന്നതാ​യി​രു​ന്നു അവയി​ലൊന്ന്‌. അത്‌ ആ സഹോ​ദ​ര​ങ്ങൾക്ക്‌ അംഗീ​ക​രി​ക്കാൻ പറ്റാത്ത കാര്യ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും വേല തുടരു​ക​തന്നെ ചെയ്‌തു, പ്രസാ​ധ​ക​രു​ടെ എണ്ണം അടിക്കടി കൂടി​വന്നു. അനേക​രും തടവി​ലു​മാ​യി.

‘നിന്റെ യഹോവ നിന്നെ ഇവി​ടെ​നി​ന്നു മോചി​പ്പി​ക്കില്ല’

1945-ലെ വേനൽക്കാ​ലത്തു നടന്ന കാര്യങ്ങൾ പ്യോട്ടർ ക്രിവ​കൂൽസ്‌കി അനുസ്‌മ​രി​ക്കു​ന്നു: “വിചാ​ര​ണ​യ്‌ക്കു​ശേഷം സഹോ​ദ​ര​ങ്ങളെ പല പാളയ​ങ്ങ​ളി​ലേ​ക്കാ​യി അയച്ചു. എന്നോ​ടൊ​പ്പം തടവി​ലു​ണ്ടാ​യി​രുന്ന പലരും സത്യ​ത്തോട്‌ ആത്മാർഥ​മായ താത്‌പ​ര്യം കാണിച്ചു. ഒരാൾ ഒരു പുരോ​ഹി​ത​നാ​യി​രു​ന്നു. താൻ കേട്ടതു സത്യമാ​ണെന്നു തിരി​ച്ച​റിഞ്ഞ അദ്ദേഹം സാക്ഷി​യാ​യി.

“എന്നാൽ സ്ഥിതി അൽപ്പം കഠിന​മാ​യി​രു​ന്നു. ഒരിക്കൽ, നേരെ നിൽക്കാൻപോ​ലും ഇടയി​ല്ലാത്ത ഒരു സെല്ലിൽ എന്നെ അടച്ചു. അതിനെ മൂട്ടക്കൂട്‌ എന്നാണു വിളി​ച്ചി​രു​ന്നത്‌. ഒരു മനുഷ്യ​ന്റെ മുഴുവൻ രക്തവും അകത്താ​ക്കാൻ പോന്ന​ത്ര​യും മൂട്ടകൾ അവിടെ ഉണ്ടായി​രു​ന്നു. ‘നിന്റെ യഹോവ നിന്നെ ഇവി​ടെ​നി​ന്നു മോചി​പ്പി​ക്കില്ല,’ ഒരിക്കൽ സെല്ലിനു പുറത്തു​നിന്ന്‌ കാവൽക്കാ​രൻ വിളി​ച്ചു​പ​റഞ്ഞു. ദിവസം 300 ഗ്രാം ബ്രഡും ഒരു കപ്പു വെള്ളവു​മാ​യി​രു​ന്നു ഭക്ഷണം. ശുദ്ധവാ​യു​വും ദുർല​ഭ​മാ​യി​രു​ന്നു. സെല്ലിന്റെ കൊച്ചു​വാ​തി​ലി​നോ​ടു ചേർന്നു​നിന്ന്‌, അതിന്റെ നേരിയ വിടവി​ലൂ​ടെ കിട്ടുന്ന വായു ഞാൻ ആർത്തി​യോ​ടെ ശ്വസി​ക്കു​മാ​യി​രു​ന്നു. മൂട്ടകൾ എന്റെ രക്തം ഊറ്റി​ക്കു​ടി​ച്ചു​കൊ​ണ്ടി​രു​ന്നു. മൂട്ടക്കൂ​ട്ടി​ലെ 10 ദിവസത്തെ ജീവി​ത​ത്തി​നി​ടെ, സഹിച്ചു​നിൽക്കാ​നുള്ള ശക്തിക്കാ​യി ഞാൻ പലവട്ടം യഹോ​വ​യോ​ടു പ്രാർഥി​ച്ചു. (യിരെ. 15:15) 10-ാം ദിവസ​മാ​യ​പ്പോ​ഴേ​ക്കും എന്റെ ബോധം മറഞ്ഞു, കണ്ണുതു​റ​ന്ന​പ്പോൾ മറ്റൊരു സെല്ലിൽ!

“അതിനു​ശേഷം തൊഴിൽപ്പാ​ള​യ​ത്തി​ലെ കോടതി എനിക്കു 10 വർഷം കഠിന തടവു വിധിച്ചു. ‘സോവി​യറ്റ്‌ ഭരണകൂ​ട​ത്തി​നെ​തി​രാ​യുള്ള വിപ്ലവ​വും കുപ്ര​ചാ​ര​ണ​വും’ ആയിരു​ന്നു എന്റെ പേരി​ലുള്ള കുറ്റം. കത്തെഴു​താ​നോ സ്വീക​രി​ക്കാ​നോ സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നില്ല. കൊല​പാ​തകം പോലുള്ള കൊടിയ കുറ്റങ്ങൾക്കു ശിക്ഷ വിധി​ക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു തടവു​കാ​രി​ലേ​റെ​യും. ഞാൻ എന്റെ വിശ്വാ​സം തള്ളിക്ക​ള​ഞ്ഞി​ല്ലെ​ങ്കിൽ അവരെ​ക്കൊണ്ട്‌ എന്നെ എന്തു​വേ​ണ​മെ​ങ്കി​ലും ചെയ്യി​പ്പി​ക്കും എന്നു ഭീഷണി​പ്പെ​ടു​ത്തി​യി​രു​ന്നു. വെറും 36 കിലോ ആയിരു​ന്നു എന്റെ ഭാരം, നടക്കാൻപോ​ലും പറ്റാത്ത സ്ഥിതി. എന്നിട്ടും സത്യ​ത്തോ​ടു താത്‌പ​ര്യ​മുള്ള ആത്മാർഥ​ഹൃ​ദ​യരെ അവി​ടെ​യും എനിക്കു കണ്ടെത്താ​നാ​യി.

“ഒരിക്കൽ കുറ്റി​ച്ചെ​ടി​കൾക്ക​രി​കെ കിടന്നു​കൊണ്ട്‌ ഞാൻ പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ പ്രായ​മായ ഒരു മനുഷ്യൻ അടുത്തു​വന്ന്‌ ചോദി​ച്ചു, ‘നീ എങ്ങനെ ഈ നരകത്തിൽ എത്തി​പ്പെട്ടു?’ ഞാൻ യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​ണെന്നു കേട്ടപാ​ടെ അദ്ദേഹം അരികി​ലി​രുന്ന്‌ എന്നെ കെട്ടി​പ്പി​ടിച്ച്‌ ഉമ്മവെച്ചു. എന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: ‘മോനേ, എനിക്കു ബൈബിൾ പഠിക്കാ​നുള്ള മോഹ​മു​ദി​ച്ചിട്ട്‌ എത്ര നാളാ​യെ​ന്നോ! നിന​ക്കെന്നെ പഠിപ്പി​ക്കാ​മോ?’ എന്റെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു. സുവി​ശേഷ ഭാഗങ്ങ​ളു​ടെ പഴയ തുണ്ടു​ക​ട​ലാ​സു​കൾ ഞാൻ എന്റെ കീറി​പ്പോയ വസ്‌ത്ര​ങ്ങ​ളിൽ തുന്നി​പ്പി​ടി​പ്പി​ച്ചി​രു​ന്നു. ഞാൻ പെട്ടെന്ന്‌ അവ പുറ​ത്തെ​ടു​ത്തു. അദ്ദേഹ​ത്തി​ന്റെ കണ്ണുകൾ ഈറന​ണി​ഞ്ഞു. ആ വൈകു​ന്നേരം ഏറെ​നേരം ഞങ്ങൾ സംസാ​രി​ച്ചി​രു​ന്നു. പാളയ​ത്തി​ലെ ഭക്ഷണശാ​ല​യി​ലാ​ണു ജോലി​യെ​ന്നും ഇനിമു​തൽ എനിക്കു വയറു​നി​റച്ചു ഭക്ഷണം തരാ​മെ​ന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളങ്ങനെ സുഹൃ​ത്തു​ക്ക​ളാ​യി. അദ്ദേഹം ആത്മീയ​മാ​യി വളർന്നു, ഞാനും ആരോ​ഗ്യം വീണ്ടെ​ടു​ത്തു. യഹോ​വ​യാണ്‌ ആ കരുത​ലി​നു പിന്നി​ലെന്ന്‌ എനിക്കു​റ​പ്പു​ണ്ടാ​യി​രു​ന്നു. ഏതാനും മാസങ്ങൾക്കു​ശേഷം അദ്ദേഹം മോചി​പ്പി​ക്ക​പ്പെട്ടു, എന്നെ ഗോർക്കി ഒബ്ലാസ്റ്റി​ലേക്കു മാറ്റി.

“ഏറെ മെച്ചമാ​യി​രു​ന്നു അവിടത്തെ സാഹച​ര്യം. എന്നാൽ നാലു തടവു​കാർക്കു ബൈബി​ള​ധ്യ​യനം നടത്താൻ കഴിഞ്ഞ​താണ്‌ എന്നെ ഏറ്റവും സന്തോ​ഷി​പ്പി​ച്ചത്‌. 1952-ൽ കാവൽക്കാർ ഞങ്ങളുടെ പക്കലുള്ള സാഹി​ത്യം കണ്ടുപി​ടി​ച്ചു. വിചാ​ര​ണ​യ്‌ക്കു മുമ്പുള്ള ചോദ്യം ചെയ്യലി​ന്റെ ഭാഗമാ​യി എന്നെ അൽപ്പം​പോ​ലും വായു കടക്കാത്ത ഒരു പെട്ടി​ക്കു​ള്ളിൽ അടച്ചു. ശ്വാസം​മു​ട്ടി മരിക്കു​മെ​ന്നാ​കു​മ്പോൾ അവർ പെട്ടി​തു​റ​ക്കും, അൽപ്പ​നേരം ശ്വസി​ക്കാൻ അനുവ​ദി​ക്കും, വീണ്ടും അടയ്‌ക്കും. ഞാൻ എന്റെ വിശ്വാ​സത്തെ തള്ളിപ്പ​റ​യണം, അതായി​രു​ന്നു അവർക്കു വേണ്ടി​യി​രു​ന്നത്‌. ഞങ്ങളെ​ല്ലാം കുറ്റക്കാ​രാ​ണെന്നു വിധിച്ചു. വിധി​ന്യാ​യം വായിച്ചു കേൾപ്പി​ച്ച​പ്പോൾ എന്റെ ബൈബിൾ വിദ്യാർഥി​ക​ളി​ലാ​രും പരി​ഭ്രാ​ന്ത​രാ​യില്ല. അതി​ലെ​നിക്ക്‌ അങ്ങേയറ്റം സന്തോഷം തോന്നി! നാലു​പേർക്കും 25 വർഷം തടവു വിധിച്ചു. എനിക്കു കിട്ടിയ ശിക്ഷ കടുത്ത​താ​യി​രു​ന്നു, പിന്നീട്‌ അതിലൽപ്പം ഇളവു​വ​രു​ത്തി. ഒരു 25 വർഷം കൂടി കനത്ത സുരക്ഷാ​വ​ല​യ​മുള്ള ഒരു ജയിലിൽ കഴിയണം, തുടർന്ന്‌ 10 വർഷ​ത്തേക്കു നാടു​ക​ട​ത്തും. മുറി വിടാൻനേരം തെല്ലൊ​ന്നു നിന്ന്‌ ഞങ്ങൾക്കു നൽകുന്ന പിന്തു​ണ​യെ​പ്രതി യഹോ​വ​യ്‌ക്കു നന്ദിപ​റഞ്ഞു. ഞങ്ങളുടെ സന്തോഷം കണ്ടിട്ട്‌ ഗാർഡു​കൾ അമ്പരന്നു​പോ​യി. ഞങ്ങളെ ഓരോ​രു​ത്ത​രെ​യും വ്യത്യസ്‌ത പാളയ​ങ്ങ​ളി​ലേക്കു മാറ്റി. വൊർക്കൂ​റ്റ​യി​ലെ കനത്ത സുരക്ഷാ​വ​ല​യ​മുള്ള ജയിലി​ലേ​ക്കാണ്‌ എന്നെ അയച്ചത്‌.”

ക്രിസ്‌തീയ നിഷ്‌പക്ഷത ജീവൻ രക്ഷിച്ചു

തൊഴിൽപ്പാ​ള​യ​ത്തി​ലെ ജീവിതം ദുസ്സഹ​മാ​യി​രു​ന്നു. സാക്ഷി​ക​ള​ല്ലാത്ത പല തടവു​കാ​രും ആത്മഹത്യ​യിൽ അഭയം​തേടി. ഇവാൻ ക്രി​ലോ​വി​ന്റെ വാക്കുകൾ ശ്രദ്ധി​ക്കുക: “കനത്ത സുരക്ഷാ​വ​ല​യ​മുള്ള തടവറ​യിൽനി​ന്നു മോചി​ത​നായ ഞാൻ, നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ നിർബ​ന്ധി​ത​വേല ചെയ്‌തി​രുന്ന നിരവധി കൽക്കരി ഖനികൾ സന്ദർശി​ച്ചു. പരസ്‌പരം ബന്ധപ്പെ​ടാ​നുള്ള മാർഗങ്ങൾ പറഞ്ഞൊ​ത്തു. നമ്മുടെ ചില മാസി​കകൾ കൈ​കൊണ്ട്‌ പകർത്തി​യെ​ഴു​താൻ കഴിഞ്ഞ​വ​രെ​ല്ലാം അവ മറ്റുള്ള​വർക്കു കൈമാ​റു​മാ​യി​രു​ന്നു. സാക്ഷികൾ പാളയ​ങ്ങ​ളി​ലെ​ല്ലാം പ്രസം​ഗി​ച്ചു, അനേകർ താത്‌പ​ര്യ​വും കാണിച്ചു. മോചി​ത​രാ​യ​ശേഷം അവരിൽ ചിലർ വൊർക്കൂറ്റ നദിയിൽ സ്‌നാ​ന​മേറ്റു.

“യഹോ​വ​യി​ലും ദൈവ​രാ​ജ്യ​ത്തി​ലു​മുള്ള വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ടാത്ത ഒരു സമയവും ഞങ്ങൾക്ക്‌ ഉണ്ടായി​ട്ടില്ല. ഒരിക്കൽ വൊർക്കൂറ്റ പാളയ​ത്തി​ലെ ചില തടവു​കാർ ഒരു കലാപ​ത്തി​നുള്ള പദ്ധതി​യൊ​രു​ക്കി. 1948-ലായി​രു​ന്നു അത്‌. രാജ്യ​ത്തി​ന്റെ​യോ മതത്തി​ന്റെ​യോ അടിസ്ഥാ​ന​ത്തിൽ ഓരോ കൂട്ടങ്ങ​ളാ​യി സംഘടി​ച്ചാൽ കലാപം വൻവി​ജ​യ​മാ​യി​രി​ക്കു​മെന്ന്‌ ഈ വിമതർ മറ്റു തടവു​കാ​രോ​ടു പറഞ്ഞി​രു​ന്നു. ആ സമയത്ത്‌ സാക്ഷി​ക​ളായ 15 പേരു​ണ്ടാ​യി​രു​ന്നു അവിടെ. യഹോ​വ​യു​ടെ സാക്ഷി​ക​ളായ തങ്ങൾ ക്രിസ്‌ത്യാ​നി​ക​ളാ​ണെ​ന്നും ഇത്തരം കാര്യ​ങ്ങ​ളിൽ പങ്കെടു​ക്കാ​നാ​വി​ല്ലെ​ന്നും ഞങ്ങൾ ആ വിമത​രോ​ടു പറഞ്ഞു. റോമാ​ക്കാർക്കെ​തി​രെ​യുള്ള കലാപ​ത്തിൽ ആദിമ​ക്രി​സ്‌ത്യാ​നി​കൾ പങ്കെടു​ത്തി​രു​ന്നി​ല്ലെന്ന്‌ ഞങ്ങൾ വ്യക്തമാ​ക്കി. പലർക്കും അതൊരു പുതിയ കാര്യ​മാ​യി തോന്നി​യെ​ങ്കി​ലും, ഞങ്ങൾ തീരു​മാ​ന​ത്തിൽ ഉറച്ചു​നി​ന്നു.”

ആ കലാപം വലി​യൊ​രു ദുരന്ത​ത്തി​ലാ​ണു കലാശി​ച്ചത്‌. ചെറു​ത്തു​നിൽപ്പി​നെ അടിച്ച​മർത്തിയ സായുധ സൈന്യം കലാപ​കാ​രി​കളെ വേറെ ബാരക്കു​ക​ളി​ലേക്കു മാറ്റി. തുടർന്ന്‌ പെ​ട്രോ​ളൊ​ഴിച്ച്‌ തീകൊ​ടു​ത്തു. ബാരക്കു​ക​ളി​ലു​ണ്ടാ​യി​രുന്ന എല്ലാവ​രും​തന്നെ വലി​യൊ​രു ആർത്തനാ​ദ​ത്തോ​ടെ എരിഞ്ഞ​മർന്നു. സൈന്യം സഹോ​ദ​ര​ങ്ങളെ ഒന്നും ചെയ്‌തില്ല.

ഇവാൻ തുടരു​ന്നു: “25 വർഷത്തെ തടവിനു വിധി​ക്ക​പ്പെട്ട 8 സഹോ​ദ​ര​ങ്ങളെ ഞാൻ ഒരു പാളയ​ത്തിൽവെച്ചു കണ്ടു, 1948 ഡിസം​ബ​റിൽ. കൊടും​ത​ണു​പ്പുള്ള സമയം, കൽക്കരി ഖനിക​ളി​ലെ തൊഴി​ലാ​കട്ടെ അതിക​ഠി​ന​വും. എന്നിട്ടും, ഉറച്ച പ്രത്യാ​ശ​യും ആത്മവി​ശ്വാ​സ​വും സ്‌ഫു​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു അവരുടെ കണ്ണുക​ളിൽ. അവരുടെ ആത്മവി​ശ്വാ​സം സാക്ഷി​ക​ള​ല്ലാത്ത തടവു​കാ​രെ​പ്പോ​ലും ശക്തി​പ്പെ​ടു​ത്തി.”

സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്തു​ന്നു

അധികാ​രി​ക​ളു​ടെ ക്രൂര​മായ എതിർപ്പു​ണ്ടാ​യി​രു​ന്നി​ട്ടും സാക്ഷികൾ യഹോ​വ​യു​ടെ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ സതീക്ഷ്‌ണം തുടർന്നു. ഇത്‌ മോസ്‌കോ​യി​ലുള്ള കേന്ദ്ര ഗവൺമെ​ന്റി​നെ പ്രകോ​പി​പ്പി​ച്ചു, പ്രത്യേ​കി​ച്ചും കെജിബി-യെ. ഈ ഏജൻസി 1951 ഫെബ്രു​വരി 19-ന്‌ സ്റ്റാലിന്‌ അയച്ച ഒരു കത്തിലെ വാചകം ഇങ്ങനെ: “അധോ​ലോക യഹോ​വ​ക്കാ​രു​ടെ സോവി​യറ്റ്‌ വിരു​ദ്ധ​മായ ഏതൊരു പ്രവർത്ത​ന​ങ്ങ​ളെ​യും അടിച്ച​മർത്താൻ, യഹോ​വ​ക്കാ​രെന്നു തിരി​ച്ച​റി​ഞ്ഞ​വ​രെ​യും അവരുടെ കുടും​ബ​ങ്ങ​ളെ​യും ഇർക്കൂ​റ്റ്‌സ്‌ക്‌, റ്റോം​സ്‌ക്‌ ഒബ്ലാസ്റ്റു​ക​ളി​ലേക്കു നാടു​ക​ട​ത്തേ​ണ്ടത്‌ അനിവാ​ര്യ​മാ​ണെന്നു യുഎസ്‌എ​സ്‌ആർ-ലെ എംജിബി [ആഭ്യന്തര സുരക്ഷാ മന്ത്രാ​ലയം, പിന്നീട്‌ കെജിബി എന്നറി​യ​പ്പെട്ടു] കണ്ടിരി​ക്കു​ന്നു.” സാക്ഷികൾ ആരൊ​ക്കെ​യാ​ണെന്ന്‌ അറിയാ​മാ​യി​രുന്ന കെജിബി, സോവി​യറ്റ്‌ യൂണി​യന്റെ ആറു റിപ്പബ്ലി​ക്കു​ക​ളിൽനി​ന്നാ​യി 8,576 പേരെ സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്തു​ന്ന​തിന്‌ സ്റ്റാലിന്റെ അനുമതി തേടി. അതിന്‌ അംഗീ​കാ​രം ലഭിച്ചു.

മഗ്‌ദ​ലി​ന ബെലഷി​റ്റ്‌സ്‌ക​യ​യു​ടെ വാക്കുകൾ ശ്രദ്ധി​ക്കുക: “1951 ഏപ്രിൽ 8 ഞായറാഴ്‌ച വെളു​പ്പിന്‌ 2 മണിക്ക്‌ വാതി​ലിൽ ആരോ ശക്തമായി മുട്ടു​ന്നതു കേട്ടാണ്‌ ഞങ്ങൾ ഉണർന്നത്‌. അമ്മ ഓടി​ച്ചെന്നു വാതിൽ തുറന്നു. ഒരു ഓഫീ​സ​റാ​ണു വന്നിരി​ക്കു​ന്നത്‌. ‘ദൈവ​ത്തിൽ വിശ്വ​സി​ക്കുന്ന നിങ്ങളെ സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്താൻ പോകു​ക​യാണ്‌. സാധന​ങ്ങ​ളൊ​ക്കെ കെട്ടി​പ്പെ​റു​ക്കാൻ രണ്ടു മണിക്കൂ​റുണ്ട്‌. മുറി​യി​ലുള്ള എന്തും നിങ്ങൾക്ക്‌ എടുക്കാം. പക്ഷേ ധാന്യം, ധാന്യ​പ്പൊ​ടി, സീരിയൽ എന്നിവ എടുക്കാൻ പാടില്ല. ഫർണിച്ചർ, തടിസാ​മാ​നങ്ങൾ, തയ്യൽമെ​ഷീൻ എന്നിവ​യും പാടില്ല. മുറ്റത്തു കിടക്കുന്ന ഒരു സാധന​ത്തി​ലും തൊ​ട്ടേ​ക്ക​രുത്‌. കിടക്ക​വി​രി​യും വസ്‌ത്ര​ങ്ങ​ളും ബാഗു​ക​ളും എടുത്ത്‌ പുറത്തി​റ​ങ്ങുക,’ ഔപചാ​രി​കത കലർന്ന സ്വരത്തിൽ അദ്ദേഹം പറഞ്ഞു.

“രാജ്യ​ത്തി​ന്റെ കിഴക്കു ഭാഗത്താ​യി ധാരാളം വേല ചെയ്യാ​നു​ണ്ടെന്ന്‌ ഞങ്ങൾ മുമ്പ്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വായി​ച്ചി​രു​ന്നു. ഇപ്പോൾ അതിനുള്ള സമയമാ​യെന്നു ഞങ്ങൾ മനസ്സി​ലാ​ക്കി.

“ഞങ്ങളാ​രും നെടു​വീർപ്പി​ടു​ക​യോ വിതു​മ്പു​ക​യോ ചെയ്‌തില്ല. ‘നിങ്ങളു​ടെ കണ്ണിൽനിന്ന്‌ ഒരുതു​ള്ളി കണ്ണീർപോ​ലും വീണി​ല്ല​ല്ലോ,’ അതിശ​യം​പൂണ്ട ഓഫീ​സ​റു​ടെ പ്രതി​ക​രണം. 1948 മുതൽ ഇതു പ്രതീ​ക്ഷി​ക്കു​ക​യാ​ണെന്ന്‌ ഞങ്ങൾ അദ്ദേഹ​ത്തോ​ടു പറഞ്ഞു. ഒരു കോഴി​യെ ജീവ​നോ​ടെ കൊണ്ടു​പൊ​യ്‌ക്കോ​ട്ടേ എന്നു ചോദി​ച്ചെ​ങ്കി​ലും അനുവ​ദി​ച്ചില്ല. അവയെ​യെ​ല്ലാം ഓഫീ​സർമാർ വീതി​ച്ചെ​ടു​ത്തു, ഞങ്ങളുടെ കൺമു​മ്പിൽവെ​ച്ചു​തന്നെ. ഒരാൾക്ക്‌ അഞ്ചും മറ്റൊ​രാൾക്ക്‌ ആറും വേറൊ​രാൾക്ക്‌ മൂന്നോ നാലോ വെച്ചും കിട്ടി. ബാക്കി രണ്ടു കോഴി​കളേ കൂട്ടിൽ ഉണ്ടായി​രു​ന്നു​ള്ളൂ. അവയെ കൊന്ന്‌ ഞങ്ങൾക്കു തരാൻ ഓഫീസർ ഉത്തരവി​ട്ടു.

“എട്ടു മാസം പ്രായ​മായ എന്റെ മകൾ തടി​കൊ​ണ്ടുള്ള തൊട്ടി​ലിൽ കിടക്കു​ക​യാ​യി​രു​ന്നു. തൊട്ടിൽ എടു​ത്തോ​ട്ടേ​യെന്നു ഞങ്ങൾ ചോദി​ച്ചു. പക്ഷേ, അതു പല ഭാഗങ്ങ​ളാ​യി വേർപെ​ടു​ത്താ​നാ​യി​രു​ന്നു ഉത്തരവ്‌. പിന്നെ, കുട്ടിയെ കിടത്തുന്ന ആ ഭാഗം മാത്രം ഞങ്ങൾക്കു​തന്നു.

“ഞങ്ങളെ നാടു​ക​ട​ത്തു​ക​യാ​ണെന്ന്‌ ഉടൻതന്നെ അയൽക്കാർക്കു മനസ്സി​ലാ​യി. വണ്ടിയിൽ കയറ്റി ഞങ്ങളെ കൊണ്ടു​പോ​കു​മ്പോൾ ആരോ ഒരു പായ്‌ക്കറ്റ്‌ റസ്‌ക്‌ എറിഞ്ഞു​തന്നു. ഞങ്ങൾക്കു കാവൽനി​ന്നി​രുന്ന ഗാർഡ്‌ അതെടുത്ത്‌ തിരി​ച്ചെ​റി​ഞ്ഞു. ഞാനും ഭർത്താ​വും അമ്മയും രണ്ട്‌ ആങ്ങളമാ​രും എട്ടു മാസമായ മകളും ഉൾപ്പെടെ ആറു​പേ​രു​ണ്ടാ​യി​രു​ന്നു ഞങ്ങൾ. ഗ്രാമ​ത്തിൽനി​ന്നു പുറത്തു​ക​ട​ന്ന​പ്പോൾ ഞങ്ങളെ​യെ​ല്ലാം ഒരു കാറിൽ കുത്തി​നി​റച്ച്‌ പ്രാ​ദേ​ശിക കേന്ദ്ര​ത്തി​ലേക്കു കൊണ്ടു​പോ​യി. അവി​ടെ​വെച്ച്‌ ഞങ്ങളെ​ക്കു​റി​ച്ചുള്ള ആവശ്യ​മായ വിവര​ങ്ങ​ളെ​ല്ലാം രേഖക​ളിൽ ചേർത്തു. പിന്നീട്‌ ഞങ്ങളെ ലോറി​യിൽക​യറ്റി റയിൽവേ സ്റ്റേഷനി​ലേക്കു കൊണ്ടു​പോ​യി.

“നല്ല തെളി​വുള്ള ഒരു ഞായറാ​ഴ്‌ച​യാ​യി​രു​ന്നു അത്‌. നാടു​ക​ട​ത്ത​പ്പെ​ടു​ന്ന​വ​രെ​യും അവരെ കാണാൻ വന്നവ​രെ​യും​കൊണ്ട്‌ സ്റ്റേഷനി​ലാ​കെ വൻ തിരക്ക്‌. ഞങ്ങളുടെ ലോറി റെയിൽവേ കമ്പാർട്ടു​മെ​ന്റിന്‌ അരികി​ലെത്തി. നിരവധി സഹോ​ദ​രങ്ങൾ ആ കമ്പാർട്ടു​മെ​ന്റിൽ ഉണ്ടായി​രു​ന്നു. ട്രെയിൻ നിറഞ്ഞു​ക​ഴി​ഞ്ഞ​പ്പോൾ സൈനി​കർ പേരു​വി​ളിച്ച്‌ എല്ലാവ​രും ഉണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തി. 52 പേരു​ണ്ടാ​യി​രു​ന്നു ഞങ്ങളുടെ കമ്പാർട്ടു​മെ​ന്റിൽ. യാത്ര പറയാ​നെ​ത്തി​യവർ കരയാ​നും ഏങ്ങലടി​ക്കാ​നും തുടങ്ങി. അവരിൽ ചിലർ ആരാ​ണെ​ന്നു​പോ​ലും അറിയാൻപാ​ടി​ല്ലാ​യി​രുന്ന ഞങ്ങളെ ആ കാഴ്‌ച അമ്പരപ്പി​ച്ചു. എന്നാൽ ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെ​ന്നും സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്ത​പ്പെ​ടു​ക​യാ​ണെ​ന്നും അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. ആവി​യെ​ഞ്ചിൻ ചൂളം​വി​ളി​ച്ചു. അപ്പോൾ സഹോ​ദ​രങ്ങൾ ഉക്രേ​നി​യ​നിൽ ഈ പാട്ട്‌ പാടാൻ തുടങ്ങി: ‘ക്രിസ്‌തു​വി​ന്റെ സ്‌നേഹം നിങ്ങ​ളോ​ടൊ​പ്പം ഉണ്ടായി​രി​ക്കട്ടെ, യേശു​ക്രി​സ്‌തു​വി​നു മഹത്ത്വ​മേ​റ്റി​ക്കൊണ്ട്‌ അവന്റെ രാജ്യ​ത്തിൽ നാം പുനഃ​സം​ഗ​മി​ക്കും.’ മിക്കവർക്കും, യഹോവ തങ്ങളെ ഉപേക്ഷി​ക്കു​ക​യി​ല്ലെന്ന ഉറച്ച വിശ്വാ​സ​വും പ്രത്യാ​ശ​യും ഉണ്ടായി​രു​ന്നു. ഞങ്ങൾ പല പാട്ടുകൾ പാടി. അവ വളരെ ഹൃദയ​സ്‌പർശി​യാ​യി​രു​ന്നു, അതുകേട്ട ചില സൈനി​കർപോ​ലും കരഞ്ഞു​പോ​യി. ട്രെയിൻ യാത്ര പുറ​പ്പെട്ടു.”

‘പ്രതീ​ക്ഷി​ച്ച​തി​നു നേർവി​പ​രീ​തം’

പീഡകർ നേടി​യത്‌ എന്താണ്‌ എന്നതു സംബന്ധിച്ച്‌ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ ഹെർസിൻ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ പ്രൊ​ഫ​സ​റായ ഡോ. എൻ. എസ്‌. ഗർഡി​യെൻക തന്റെ പുസ്‌ത​ക​ത്തിൽ വിവരി​ക്കു​ന്നുണ്ട്‌. അദ്ദേഹം എഴുതി: “പ്രതീ​ക്ഷി​ച്ച​തി​നു നേർവി​പ​രീ​ത​മാ​യി​രു​ന്നു ഫലം; യുഎസ്‌എ​സ്‌ആർ-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സംഘട​നയെ ദുർബ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ അതു സാക്ഷി​കളെ ശക്തി​പ്പെ​ടു​ത്തു​കയേ ചെയ്‌തു​ള്ളൂ. തങ്ങളുടെ മതത്തെ​ക്കു​റിച്ച്‌ ആരും കേട്ടി​ട്ടി​ല്ലാത്ത ഈ പുതിയ സ്ഥലത്ത്‌, അവരുടെ വിശ്വാ​സ​വും അതി​നോ​ടുള്ള കൂറും അവിട​ത്തു​കാ​രു​ടെ​മേൽ ശക്തമായ പ്രഭാവം ചെലുത്തി.”

സാക്ഷി​ക​ളാ​യ പലരും പുതിയ ചുറ്റു​പാ​ടു​ക​ളു​മാ​യി വേഗം ഇണങ്ങി. അവർ ചെറിയ സഭകൾ രൂപീ​ക​രി​ച്ചു, അവയ്‌ക്ക്‌ പ്രദേ​ശ​വും നിയമി​ച്ചു​കൊ​ടു​ത്തു. നിക്കൊ​ലൈ കാലി​ബാബ പറയുന്നു: “സൈബീ​രി​യ​യിൽ ഞങ്ങൾ വീടു​തോ​റും പ്രസം​ഗി​ച്ചി​രുന്ന ഒരു കാലമു​ണ്ടാ​യി​രു​ന്നു—കുറെ​ക്കൂ​ടെ വ്യക്തമാ​യി പറഞ്ഞാൽ, രണ്ടോ മൂന്നോ വീട്‌ ഇടവിട്ട്‌ ഞങ്ങൾ പ്രവർത്തി​ക്കു​മാ​യി​രു​ന്നു. പക്ഷേ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു അത്‌. എങ്കിലും എങ്ങനെ​യാണ്‌ അതു ചെയ്‌തത്‌? ആദ്യസ​ന്ദർശ​ന​ത്തെ​ത്തു​ടർന്ന്‌ ഏകദേശം ഒരു മാസത്തി​നു​ള്ളിൽ മടക്കസ​ന്ദർശനം നടത്താൻ ശ്രമി​ച്ചി​രു​ന്നു ഞങ്ങൾ. ‘കോഴി​യോ ആടോ പശുവോ വിൽക്കാ​നു​ണ്ടോ എന്നു ചോദി​ച്ചു​കൊ​ണ്ടാ​ണു തുടങ്ങുക. പിന്നെ സാവധാ​നം സംഭാ​ഷണം ദൈവ​രാ​ജ്യ​ത്തി​ലേക്കു കൊണ്ടു​വ​രും. കുറച്ചു​കാ​ലം കഴിഞ്ഞ​പ്പോൾ ഞങ്ങളുടെ ഈ സൂത്രം മനസ്സി​ലാ​ക്കിയ കെജിബി യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു സംസാ​രി​ക്ക​രു​തെന്ന്‌ പൊതു​ജ​ന​ങ്ങൾക്കു മുന്നറി​യി​പ്പു നൽകി​ക്കൊണ്ട്‌ പത്രത്തിൽ വാർത്ത പ്രസി​ദ്ധീ​ക​രി​ച്ചു. ആടി​നെ​യോ പശുവി​നെ​യോ കോഴി​യെ​യോ വിൽക്കാ​നു​ണ്ടോ എന്നു ചോദി​ച്ചു​കൊ​ണ്ടാണ്‌ സാക്ഷികൾ വീടു​തോ​റും വരുന്ന​തെന്ന്‌ ആ ലേഖനം പറഞ്ഞി​രു​ന്നു. പക്ഷേ ഞങ്ങൾക്കു വേണ്ടി​യി​രു​ന്നത്‌ ‘ആടുകൾ’ മാത്ര​മാ​യി​രു​ന്നു!”

ഗവ്രീൽ ലീവീ പറയുന്നു: “കെജിബി-യുടെ ചാരക്ക​ണ്ണു​കൾ ഉണ്ടായി​രു​ന്നി​ട്ടും പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടാൻ സഹോ​ദ​രങ്ങൾ ശ്രമിച്ചു. ആരെങ്കി​ലും മതപര​മായ വിഷയങ്ങൾ തങ്ങളോ​ടു സംസാ​രി​ക്കാൻ ശ്രമി​ക്കു​ന്ന​താ​യി സംശയം തോന്നി​യാൽ ഉടനെ പോലീ​സി​നെ വിവരം അറിയി​ക്കുക എന്നതാ​യി​രു​ന്നു സോവി​യ​റ്റു​കാ​രു​ടെ രീതി. എന്നിട്ടും ഞങ്ങൾ പ്രസം​ഗ​വേല തുടർന്നു. ആദ്യ​മൊ​ന്നും അതിനു കാര്യ​മായ ഫലമു​ണ്ടാ​യില്ല. എന്നാൽ കുറച്ചു​ക​ഴി​ഞ്ഞ​പ്പോൾ സത്യം അവിട​ത്തു​കാ​രായ ചിലരു​ടെ വ്യക്തി​ത്വ​ത്തി​നു മാറ്റം​വ​രു​ത്തി. മുഴു​ക്കു​ടി​യ​നായ ഒരു റഷ്യക്കാ​ര​നാ​യി​രു​ന്നു അതി​ലൊ​രാൾ. സത്യം പഠിച്ച അദ്ദേഹം ജീവി​ത​ത്തിൽ പാടേ മാറ്റങ്ങൾവ​രു​ത്തി തീക്ഷ്‌ണ​ത​യുള്ള ഒരു സാക്ഷി​യാ​യി​ത്തീർന്നു. പിന്നീട്‌ ഒരു കെജിബി ഓഫീസർ അദ്ദേഹത്തെ വിളി​പ്പി​ച്ചി​ട്ടു പറഞ്ഞു: ‘നിങ്ങൾ ആരോ​ടൊ​പ്പ​മാ​ണു സമയം​ചെ​ല​വി​ടു​ന്നത്‌? ആ സാക്ഷി​ക​ളെ​ല്ലാം യൂ​ക്രെ​യിൻകാ​രാ!’

“അപ്പോൾ സഹോ​ദരൻ: ‘കുടി​ച്ചു​പൂ​സാ​യി വഴിയിൽ കിടക്കു​മാ​യി​രുന്ന എന്നെ ഒന്നു തിരി​ഞ്ഞു​നോ​ക്കാൻപോ​ലും ആരുമി​ല്ലാ​യി​രു​ന്നു. ഞാൻ നിയമ​മ​നു​സ​രി​ക്കുന്ന ഒരു നല്ല വ്യക്തി​യാ​യി​ത്തീർന്ന​പ്പോൾ നിങ്ങൾക്ക്‌ അതൊട്ട്‌ ഇഷ്ടവുമല്ല. സാക്ഷി​ക​ളായ പല യൂ​ക്രെ​യിൻകാ​രും സൈബീ​രിയ വിട്ടു​പോ​കു​ക​യാണ്‌. പക്ഷേ, ദൈവിക നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാൻ ഒരുകൂ​ട്ടം സൈബീ​രി​യ​ക്കാ​രെ പഠിപ്പി​ച്ചി​ട്ടാ​യി​രി​ക്കും അവർ പോകുക.’”

ഏതാനും വർഷം കഴിഞ്ഞ​പ്പോൾ ഇർക്കൂ​റ്റ്‌സ്‌കി​ലുള്ള ഒരു ഉദ്യോ​ഗസ്ഥൻ മോസ്‌കോ​യി​ലേക്ക്‌ എഴുതി: “[യഹോ​വ​യു​ടെ സാക്ഷി​കളെ] ഒറ്റപ്പെ​ടു​ത്തു​ന്ന​തി​നും ബോധ​വ​ത്‌ക​ര​ണ​ത്തി​ലൂ​ടെ പുനരു​ദ്ധ​രി​ക്കു​ന്ന​തി​നു​മാ​യി അവരെ​യെ​ല്ലാം വടക്കു​ഭാ​ഗ​ത്തുള്ള എങ്ങോ​ട്ടെ​ങ്കി​ലും അയയ്‌ക്ക​ണ​മെന്ന്‌ നാട്ടു​കാ​രായ പലരും ആവശ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ക​യാണ്‌.” എന്തു ചെയ്‌താ​ലാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വായട​യ്‌ക്കാ​നാ​കുക എന്നറി​യാ​തെ സൈബീ​രി​യ​യി​ലും മോസ്‌കോ​യി​ലും ഉള്ള ഉദ്യോ​ഗസ്ഥർ കുഴങ്ങി.

“ഞങ്ങൾ നിങ്ങ​ളെ​യെ​ല്ലാം വെടി​വെച്ചു കൊ​ന്നേനെ”

യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ 1957-ൽ അധികാ​രി​കൾ വീണ്ടും സംഘടി​ച്ചു. അധികാ​രി​ക​ളു​ടെ സൂക്ഷ്‌മ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി സഹോ​ദ​രങ്ങൾ, അവരുടെ വീടു​ക​ളും അരിച്ചു​പെ​റു​ക്കി. വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ പറയുന്നു: “ഒരു ദിവസം വയൽസേ​വ​ന​ത്തി​നു പോയിട്ട്‌ വീട്ടിൽവ​ന്ന​പ്പോൾ, എല്ലാം വലിച്ചു​വാ​രി​യി​ട്ടി​രി​ക്കു​ന്ന​താ​ണു ഞാൻ കണ്ടത്‌. കെജിബി നമ്മുടെ സാഹി​ത്യ​ങ്ങൾക്കു​വേണ്ടി തിരഞ്ഞ​താ​ണ​ത്രേ. അവർ എന്നെ അറസ്റ്റു​ചെ​യ്‌തു രണ്ടു മാസം ചോദ്യം​ചെ​യ്‌തു. അന്ന്‌ ഞങ്ങളുടെ മൂത്ത മകൾക്ക്‌ 2 വയസ്സും ഇളയ മകൾ യൂലി​യ​യ്‌ക്ക്‌ 11 മാസവും പ്രായ​മാ​യി​രു​ന്നു.

“ചോദ്യം​ചെ​യ്യ​ലി​നി​ട​യ്‌ക്ക്‌ ‘നീ ജർമൻകാ​ര​നല്ലേ’ എന്ന്‌ ഇൻസ്‌പെക്ടർ ചോദി​ച്ചു. അക്കാലത്ത്‌ ‘ജർമൻ’ എന്നു കേട്ടാൽ പലരും ‘ഫാസിസ്റ്റ്‌’ എന്നാണു ധരിച്ചി​രു​ന്നത്‌. ജർമൻകാ​രെ അവർക്കു വെറു​പ്പാ​യി​രു​ന്നു.

“‘ഞാനൊ​രു ദേശീ​യ​വാ​ദി​യല്ല. നാസികൾ തടങ്കൽപ്പാ​ള​യ​ത്തി​ലടച്ച ജർമൻകാ​രെ​യാ​ണു താങ്കൾ ഉദ്ദേശി​ക്കു​ന്ന​തെ​ങ്കിൽ അവരെ​പ്രതി എനിക്ക്‌ അഭിമാ​ന​മേ​യു​ള്ളൂ! അന്ന്‌ ബിബെൽഫോർഷർ എന്നാണ്‌ അവർ അറിയ​പ്പെ​ട്ടി​രു​ന്നത്‌, ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ന്നും. സാക്ഷി​ക​ളി​ലാ​രും ഒരിക്കൽപ്പോ​ലും യന്ത്ര​ത്തോ​ക്കോ പീരങ്കി​യോ ഉപയോ​ഗി​ച്ചി​ട്ടില്ല എന്നതിൽ ഞാൻ അഭിമാ​നം​കൊ​ള്ളു​ന്നു,’ ഞാൻ പറഞ്ഞു.

“ഇൻസ്‌പെക്ടർ ഒന്നും മിണ്ടി​യില്ല. അതു​കൊണ്ട്‌ ഞാൻ തുടർന്നു: ‘യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ആരും യാതൊ​രു​വിധ ലഹളയി​ലോ കലാപ​ത്തി​ലോ ഉൾപ്പെ​ട്ടി​ട്ടി​ല്ലെന്ന്‌ എനിക്കു പൂർണ ബോധ്യ​മുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങൾക്കു നിരോ​ധ​ന​മു​ള്ള​പ്പോ​ഴും ദൈവത്തെ ആരാധി​ക്കു​ന്ന​തിൽ അവർ ഒരു മുടക്ക​വും വരുത്തി​യി​ട്ടില്ല. അതേസ​മയം, സ്രഷ്ടാ​വി​ന്റെ ഉന്നതമായ നിയമ​ങ്ങ​ളു​ടെ ലംഘനം ഉൾപ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​പ്പോ​ഴെ​ല്ലാം അവർ അധികാ​രി​കളെ അനുസ​രി​ക്കു​ക​യും ചെയ്യുന്നു.’

“പെട്ടെന്ന്‌ ഇൻസ്‌പെക്ടർ ഇടയ്‌ക്കു​ക​യറി പറഞ്ഞു: ‘സാക്ഷി​ക​ളെ​യും അവരുടെ പ്രവർത്ത​ന​ത്തെ​യു​മാണ്‌ ഞങ്ങൾ ഇത്ര അടുത്തു പഠിച്ചി​രി​ക്കു​ന്നത്‌. മറ്റാരു​ടെ​യും കാര്യ​ത്തിൽ അങ്ങനെ ചെയ്‌തി​ട്ടില്ല. നിങ്ങൾക്കെ​തി​രാ​യി എന്തെങ്കി​ലും, ഒരു തുള്ളി രക്തം ചിന്തി​യ​താ​യി​പ്പോ​ലും, ഞങ്ങളുടെ രേഖയിൽ ഉണ്ടായി​രു​ന്നെ​ങ്കിൽ നിങ്ങ​ളെ​യെ​ല്ലാം വെടി​വെച്ചു കൊ​ന്നേനെ.’

“അപ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ലോക​മെ​മ്പാ​ടും യഹോ​വയെ സേവി​ക്കാൻ ധൈര്യ​മു​ള്ള​വ​രാണ്‌ നമ്മുടെ സഹോ​ദ​രങ്ങൾ. അവരുടെ മാതൃ​ക​യാണ്‌ സോവി​യറ്റ്‌ യൂണി​യ​നിൽ ഞങ്ങളുടെ ജീവൻ രക്ഷിച്ചത്‌. സമാന​മാ​യി, ഞങ്ങൾ ഇവിടെ ദൈവത്തെ സേവി​ക്കു​ന്നത്‌ മറ്റു സ്ഥലങ്ങളി​ലെ നമ്മുടെ സഹോ​ദ​ര​ങ്ങളെ ഏതെങ്കി​ലും വിധത്തിൽ സഹായി​ച്ചേ​ക്കാം.’ യഹോ​വ​യു​ടെ വഴിക​ളോ​ടു പറ്റിനിൽക്കാ​നുള്ള കൂടു​ത​ലായ ശക്തി അതിലൂ​ടെ എനിക്കു ലഭിച്ചു.”

സാക്ഷികൾ 50-ലധികം തൊഴിൽപ്പാ​ള​യ​ങ്ങ​ളിൽ

സോവി​യറ്റ്‌ യൂണി​യ​നി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിഷ്‌പക്ഷ നിലപാ​ടും തീക്ഷ്‌ണ​മായ ശുശ്രൂ​ഷ​യും ഗവൺമെ​ന്റിന്‌ ഒരു തലവേ​ദ​ന​യാ​യി തുടർന്നു. (മർക്കൊ. 13:10; യോഹ. 17:16) ഇക്കാര്യ​ങ്ങ​ളി​ലെ നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ നിലപാട്‌, അന്യാ​യ​മായ നീണ്ട ജയിൽവാ​സ​ത്തിൽ കലാശി​ക്കു​ന്നത്‌ അപൂർവ​മ​ല്ലാ​യി​രു​ന്നു.

1956 ജൂൺ മുതൽ 1957 ഫെബ്രു​വരി വരെ ലോക​വ്യാ​പ​ക​മാ​യി നടന്ന 199 കൺ​വെൻ​ഷ​നു​ക​ളിൽ സന്നിഹി​ത​രായ 4,62,936 പേർ അംഗീ​ക​രിച്ച ഒരു പരാതി​യു​ടെ പകർപ്പു​കൾ മോസ്‌കോ​യി​ലെ സോവി​യറ്റ്‌ യൂണി​യന്റെ മന്ത്രി​സ​ഭ​യ്‌ക്ക്‌ അയച്ചു​കൊ​ടു​ത്തു. അതിലെ ചില വാചകങ്ങൾ ഇങ്ങനെ​യാണ്‌: “യൂറോ​പ്യൻ റഷ്യ മുതൽ സൈബീ​രി​യ​വ​രെ​യും വടക്ക്‌ ആർട്ടിക്‌ സമു​ദ്രം​വ​രെ​യും ഉള്ള സ്ഥലങ്ങളി​ലും ആർട്ടിക്‌ ദ്വീപായ നൊവയ സെംലി​യ​യി​ലു​മാ​യി 50-ലധികം തൊഴിൽപ്പാ​ള​യ​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളുണ്ട്‌. . . . അമേരി​ക്ക​യി​ലും മറ്റ്‌ പാശ്ചാ​ത്യ​നാ​ടു​ക​ളി​ലും യഹോ​വ​യു​ടെ സാക്ഷി​കളെ കമ്മ്യൂ​ണി​സ്റ്റു​കാർ എന്നും കമ്മ്യൂ​ണിസ്റ്റ്‌ രാജ്യ​ങ്ങ​ളിൽ അവരെ സാമ്രാ​ജ്യ​വാ​ദി​കൾ എന്നും വിളി​ച്ചി​ട്ടുണ്ട്‌. . . . കമ്മ്യൂ​ണിസ്റ്റ്‌ ഭരണകൂ​ടങ്ങൾ അവരെ ‘സാമ്രാ​ജ്യ​വാ​ദി​ക​ളു​ടെ ചാരന്മാർ’ ആണെന്ന കുറ്റം​ചു​മത്തി വിചാ​ര​ണ​ചെ​യ്‌ത്‌ 20 വർഷം​വരെ ജയിൽശി​ക്ഷ​യ്‌ക്കു വിധി​ച്ചി​ട്ടുണ്ട്‌. പക്ഷേ അവർ യാതൊ​രു​വിധ വിധ്വം​സക പ്രവർത്ത​ന​ങ്ങ​ളി​ലും ഏർപ്പെ​ട്ടി​ട്ടില്ല.” എങ്കിലും, ആ പരാതി സോവി​യറ്റ്‌ യൂണി​യ​നി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാഹച​ര്യ​ത്തി​നു മാറ്റം​വ​രു​ത്തി​യില്ല.

കുട്ടി​ക​ളെ വളർത്തി​ക്കൊ​ണ്ടു​വ​രിക എന്നത്‌ റഷ്യയി​ലെ സാക്ഷി കുടും​ബ​ങ്ങൾക്ക്‌ പ്രത്യേ​കി​ച്ചൊ​രു വെല്ലു​വി​ളി​യാ​യി​രു​ന്നു. അക്കാലത്ത്‌ മൂന്ന്‌ ആൺകു​ട്ടി​കളെ വളർത്തിയ മോസ്‌കോ​യിൽനി​ന്നുള്ള വ്‌ളാ​ഡി​മിർ സസ്‌നീൻ പറയുന്നു: “കുട്ടികൾ സോവി​യറ്റ്‌ സ്‌കൂ​ളിൽ പോക​ണ​മെന്ന്‌ നിയമം അനുശാ​സി​ച്ചി​രു​ന്നു. കമ്മ്യൂ​ണിസ്റ്റ്‌ പ്രത്യ​യ​ശാ​സ്‌ത്രം ഊട്ടി​വ​ളർത്താൻ ഉദ്ദേശി​ച്ചുള്ള സംഘട​ന​ക​ളിൽ ചേരാൻ അധ്യാ​പ​ക​രും മറ്റു കുട്ടി​ക​ളും ഞങ്ങളുടെ മക്കളെ നിർബ​ന്ധി​ക്കു​മാ​യി​രു​ന്നു. കുട്ടി​കൾക്ക്‌ അവശ്യം​വേണ്ട വിദ്യാ​ഭ്യാ​സം ലഭിക്ക​ണ​മെന്ന ആഗ്രഹ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ പഠനകാ​ര്യ​ങ്ങ​ളിൽ അവരെ ഞങ്ങൾ സഹായി​ച്ചു. കുട്ടി​ക​ളു​ടെ മനസ്സിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളർത്തി​ക്കൊ​ണ്ടു​വ​രാൻ മാതാ​പി​താ​ക്ക​ളായ ഞങ്ങൾ നന്നേ പാടു​പെട്ടു. സോഷ്യ​ലി​സ​വും കമ്മ്യൂ​ണി​സ​വും വളർത്തു​ന്ന​തി​നോ​ടു ബന്ധപ്പെട്ട ആശയങ്ങൾക്ക്‌ ഒരു പഞ്ഞവും ഇല്ലായി​രു​ന്നു സ്‌കൂ​ളിൽ. അസാധാ​ര​ണ​മായ ക്ഷമാശീ​ല​വും സഹനശ​ക്തി​യും മാതാ​പി​താ​ക്ക​ളായ ഞങ്ങളുടെ ഭാഗത്ത്‌ ആവശ്യ​മാ​യി​രു​ന്നു.”

മകളുടെ ചെവി കീറി​പ്പ​റി​ച്ചെന്ന ആരോ​പ​ണ​വു​മാ​യി

സിമ്യോൻ കോസ്റ്റി​ലേ​വും ഭാര്യ ഡാരി​യ​യും സൈബീ​രി​യ​യിൽ മൂന്നു മക്കളെ വളർത്തി. സിമ്യോൻ പറയുന്നു: “അക്കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷി​കളെ മതഭ്രാ​ന്ത​രാ​യാ​ണു കണ്ടിരു​ന്നത്‌. 1961-ൽ ഒരു സംഭവ​മു​ണ്ടാ​യി. ഞങ്ങളുടെ രണ്ടാമത്തെ മകൾ ആല്ല ഒന്നാം ക്ലാസ്സിൽ പോയി​ത്തു​ട​ങ്ങിയ സമയം. ഒരുദി​വസം, കളിക്കു​ന്ന​തി​നി​ട​യിൽ അവളുടെ ചെവിക്കു പരി​ക്കേറ്റു. കൂട്ടു​കാ​രി​യു​ടെ ഭാഗത്താ​യി​രു​ന്നു തെറ്റ്‌. എങ്കിലും, എന്താണു സംഭവി​ച്ച​തെന്ന്‌ പിറ്റേന്ന്‌ അധ്യാ​പിക ചോദി​ച്ച​പ്പോൾ, കൂട്ടു​കാ​രി​യെ പഴിചാ​രേ​ണ്ട​ല്ലോ എന്നുക​രു​തി അവൾ മിണ്ടാ​തി​രു​ന്നു. ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ ആണെന്ന്‌ അധ്യാ​പി​ക​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ബൈബി​ള​നു​സ​രിച്ച്‌ ജീവി​ക്കാ​നുള്ള സമ്മർദം​ചെ​ലു​ത്തു​ന്ന​തി​ന്റെ ഭാഗമാ​യി ഞങ്ങൾ കുട്ടിയെ അടിച്ചു പരി​ക്കേൽപ്പി​ച്ച​താ​ണെന്ന്‌ അവർ നിഗമനം ചെയ്‌തു. സ്‌കൂ​ള​ധി​കാ​രി​കൾ ഇക്കാര്യം നിയമ​കാ​ര്യാ​ല​യത്തെ അറിയി​ച്ചു. ഞാൻ ജോലി​നോ​ക്കി​യി​രുന്ന കമ്പനി​യും ഇക്കാര്യ​ത്തിൽ ഉൾപ്പെ​ടേ​ണ്ടി​വന്നു. ഒരു വർഷ​ത്തോ​ളം നീണ്ട അന്വേ​ഷ​ണ​ത്തി​നൊ​ടു​വിൽ എന്നോടു കോട​തി​യിൽ ഹാജരാ​കാൻ ആവശ്യ​പ്പെട്ടു. 1962 ഒക്ടോ​ബ​റി​ലാ​യി​രു​ന്നു അത്‌.

“എന്നെ വിചാരണ ചെയ്യു​ന്ന​തി​നു മുമ്പുള്ള രണ്ടാഴ്‌ച പിൻവ​രുന്ന വാചക​ങ്ങ​ളോ​ടെ ഒരു ബാനർ ‘പാലസ്‌ ഓഫ്‌ കൾച്ചർ’ എന്ന കെട്ടി​ട​ത്തിൽ സ്ഥാപി​ച്ചി​രു​ന്നു: ‘യഹോ​വ​ക്കാർ എന്ന അപകട​കാ​രി​ക​ളായ വിഭാ​ഗത്തെ ഉടൻ വിചാരണ ചെയ്യു​ന്ന​താ​യി​രി​ക്കും.’ ബൈബി​ള​നു​സ​രി​ച്ചു മക്കളെ വളർത്തി​യെ​ന്ന​താ​യി​രു​ന്നു എനിക്കും ഭാര്യ​യ്‌ക്കും എതി​രെ​യുള്ള ആരോ​പണം, കൂടാതെ കണ്ണിൽച്ചോ​ര​യി​ല്ലാ​തെ പ്രവർത്തി​ച്ചു​വെന്ന കുറ്റവും. പ്രാർഥി​ക്കാൻ ഞങ്ങൾ കുട്ടിയെ നിർബ​ന്ധി​ച്ചെ​ന്നും ഒരു തൊട്ടി​യു​ടെ വക്കു​കൊണ്ട്‌ അവളുടെ ചെവി കീറി​പ്പ​റി​ച്ചെ​ന്നും കോടതി ആരോ​പി​ച്ചു! നടന്നത്‌ എന്താ​ണെന്നു പറയാൻ കഴിയു​ന്നത്‌ ആല്ലയ്‌ക്കു മാത്ര​മാ​യി​രു​ന്നു. അവളാ​കട്ടെ, ഞങ്ങൾ താമസി​ച്ചി​രുന്ന ഇർക്കൂ​റ്റ്‌സ്‌ക്കിന്‌ 700 കിലോ​മീ​റ്റർ വടക്കുള്ള കിറൻസ്‌കി​ലെ ഒരു അനാഥാ​ല​യ​ത്തി​ലും.

“ലീഗ്‌ പ്രവർത്ത​ക​രായ ചെറു​പ്പ​ക്കാ​രെ​ക്കൊണ്ട്‌ ഹാളാകെ നിറഞ്ഞി​രു​ന്നു. കൂടി​യാ​ലോ​ച​ന​യ്‌ക്കാ​യി കോടതി പിരിഞ്ഞ സമയത്ത്‌ ജനം വലിയ ഒച്ചപ്പാ​ടു​ണ്ടാ​ക്കി. അവർ ഞങ്ങളെ വിരട്ടു​ക​യും ആക്ഷേപി​ക്കു​ക​യും ചെയ്‌തു. ‘സോവി​യറ്റ്‌’ വസ്‌ത്രം ഊരി​മാ​റ്റാൻ ഞങ്ങളോട്‌ ആരോ ആവശ്യ​പ്പെട്ടു. ‘അവരെ കൊല്ലണം’ എന്ന്‌ എല്ലാവ​രും മുറവി​ളി​കൂ​ട്ടി​ക്കൊ​ണ്ടി​രു​ന്നു, അവി​ടെ​വെ​ച്ചു​തന്നെ ഞങ്ങളെ വകവരു​ത്താ​നും ആരോ ശ്രമിച്ചു. ജനക്കൂട്ടം ഇളകി​മ​റി​ഞ്ഞു, ന്യായാ​ധി​പ​ന്മാർ ഒന്നെത്തി​നോ​ക്കു​ക​പോ​ലും ചെയ്‌തില്ല. അവരുടെ കൂടി​യാ​ലോ​ചന ഒരു മണിക്കൂർ നീണ്ടു​നി​ന്നു. ജനക്കൂട്ടം ഞങ്ങളു​ടെ​നേർക്ക്‌ അടുത്ത​പ്പോൾ സാക്ഷി​യായ ഒരു സഹോ​ദ​രി​യും അവിശ്വാ​സി​യായ ഭർത്താ​വും വന്ന്‌ ഞങ്ങൾക്കും ജനക്കൂ​ട്ട​ത്തി​നും മധ്യേ​നി​ന്നു​കൊണ്ട്‌ ഞങ്ങളെ ഉപദ്ര​വി​ക്ക​രു​തെന്ന്‌ അഭ്യർഥി​ച്ചു. ആരോ​പ​ണ​ങ്ങ​ളെ​ല്ലാം വ്യാജ​മാ​ണെന്നു വ്യക്തമാ​ക്കാൻ ശ്രമിച്ച ഈ ദമ്പതികൾ അക്ഷരാർഥ​ത്തിൽത്തന്നെ ഞങ്ങളെ ജനക്കൂ​ട്ട​ത്തി​ന്റെ കയ്യിൽനി​ന്നു തട്ടിപ്പ​റി​ച്ചെ​ടു​ത്തു.

“ഒടുവിൽ ഒരു ജഡ്‌ജി പീപ്പിൾസ്‌ കോർട്ടി​ലെ ഉപദേ​ഷ്ടാ​ക്ക​ളു​മാ​യി വന്നിട്ട്‌ ഞങ്ങൾക്കുള്ള ശിക്ഷ വായി​ച്ചു​കേൾപ്പി​ച്ചു: ‘മാതാ​പി​താ​ക്ക​ളാ​യി​രി​ക്കാ​നുള്ള അവകാ​ശ​മില്ല.’ എന്നെ അറസ്റ്റു​ചെ​യ്‌തു തൊഴിൽപ്പാ​ള​യ​ത്തി​ലാ​ക്കി, രണ്ടുവർഷ​ത്തേക്ക്‌. ‘നിന്റെ മാതാ​പി​താ​ക്കൾ അപകട​ക​ര​മായ ഒരു വിഭാ​ഗ​ത്തി​ലെ അംഗങ്ങ​ളാണ്‌, അവർ നിന്നെ വളർത്തി​യാൽ ശരിയാ​വില്ല’ എന്ന്‌ അവർ ഞങ്ങളുടെ മൂത്ത മകളോ​ടു പറഞ്ഞിട്ട്‌ അവളെ​യും ഒരു അനാഥാ​ല​യ​ത്തി​ലാ​ക്കി.

ഞങ്ങളുടെ മകന്‌ മൂന്നു വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ എന്നതി​നാൽ അവനെ ഡാരി​യ​യോ​ടൊ​പ്പം താമസി​ക്കാൻ അനുവ​ദി​ച്ചു. അവസാനം, രണ്ടു വർഷത്തെ ശിക്ഷക​ഴിഞ്ഞ്‌ ഞാൻ തിരിച്ചു വീട്ടി​ലെത്തി. മുമ്പ​ത്തെ​പ്പോ​ലെ അനൗപ​ചാ​രി​ക​മാ​യി മാത്രമേ ഞങ്ങൾക്കു സാക്ഷീ​ക​രി​ക്കാ​നാ​യു​ള്ളൂ.”

‘കുട്ടി​ക​ളെ​പ്രതി ഞങ്ങൾ അഭിമാ​നം​കൊ​ണ്ടു’

13 വയസ്സാ​യ​പ്പോൾ ആല്ലയെ അനാഥാ​ല​യ​ത്തിൽനി​ന്നു വിട്ടയച്ചു. പിന്നെ​യവൾ ഞങ്ങളോ​ടൊ​പ്പ​മാ​യി​രു​ന്നു. യഹോ​വ​യ്‌ക്ക്‌ തന്നെത്തന്നെ സമർപ്പിച്ച്‌ 1969-ൽ അവൾ സ്‌നാ​ന​മേ​റ്റ​പ്പോൾ ഞങ്ങളുടെ കുടും​ബ​ത്തിൽ സന്തോഷം അലതല്ലി. ഏതാണ്ട്‌ ഈ സമയത്ത്‌ മതത്തെ​ക്കു​റി​ച്ചുള്ള ഒരു പ്രസംഗ പരമ്പര ആ നഗരത്തി​ലെ ‘പാലസ്‌ ഓഫ്‌ കൾച്ചറിൽ’ നടത്ത​പ്പെട്ടു. ഇത്തവണ അവരെ​ന്താ​ണു പറയു​ന്ന​തെന്ന്‌ അറിയാൻ ഞങ്ങൾ അവിടെ പോയി. പതിവു​പോ​ലെ, യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു ചർച്ചയു​ടെ മുഖ്യ ഇനം. പ്രസം​ഗി​ച്ച​വ​രിൽ ഒരാൾ ഒരു വീക്ഷാ​ഗോ​പു​രം ഉയർത്തി​പ്പി​ടി​ച്ചു​കൊ​ണ്ടു പറഞ്ഞു: ‘നമ്മുടെ രാജ്യ​ത്തി​ന്റെ ഐക്യം തകർക്കുന്ന ഹാനി​ക​ര​വും അപകട​ക​ര​വു​മായ ഒരു മാസി​ക​യാ​ണിത്‌.’ പിന്നെ ഇങ്ങനെ​യൊ​രു ഉദാഹ​ര​ണ​വും: ‘ഈ കൂട്ടത്തിൽപ്പെ​ട്ടവർ ഇത്തരം മാസി​കകൾ വായി​ക്കാ​നും പ്രാർഥി​ക്കാ​നും സ്വന്തം കുട്ടി​കളെ നിർബ​ന്ധി​ക്കു​ന്നു. ഒരു കൊച്ചു​കു​ട്ടി ഈ മാസിക വായി​ക്കാൻ വിസമ്മ​തി​ച്ച​തി​ന്റെ പേരിൽ പിതാവ്‌ അവളുടെ ചെവി കീറി​പ്പ​റി​ച്ച​ത്രേ.’ ചെവിക്ക്‌ ഒരു കുഴപ്പ​വു​മി​ല്ലാ​തെ ഇതെല്ലാം കേട്ടു​കൊ​ണ്ടി​രുന്ന ആല്ലയ്‌ക്ക്‌ അതിശ​യം​തോ​ന്നി. മാതാ​പി​താ​ക്ക​ളിൽനിന്ന്‌ ഇനിയും അകന്നു കഴി​യേ​ണ്ടി​വ​രു​മ​ല്ലോ എന്നു വിചാ​രിച്ച്‌ അവൾ ഒന്നും മിണ്ടി​യില്ല.

“13 വയസ്സാ​യ​പ്പോൾ ഞങ്ങളുടെ മകൻ ബോറിസ്‌ യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​മേറ്റു. ആ സമയത്ത്‌ നമ്മുടെ വേല നിരോ​ധ​ന​ത്തി​ലാ​യി​രു​ന്നു. എങ്കിലും ഒരവസ​ര​ത്തിൽ, തരപ്പടി​ക്കാ​രായ ചില സാക്ഷി​ക​ളു​മൊത്ത്‌ തെരുവു സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു അവൻ. ബൈബി​ളോ സാഹി​ത്യ​ങ്ങ​ളോ ഒന്നും അവരുടെ കൈവശം ഇല്ലായി​രു​ന്നു. പെട്ടെന്ന്‌ ഒരു കാർ വന്ന്‌ അവരെ​യെ​ല്ലാം തൂക്കി​യെ​ടുത്ത്‌ പട്ടാള കേന്ദ്ര​ത്തി​ലേക്കു കൊണ്ടു​പോ​യി. ചോദ്യം​ചെ​യ്‌ത്‌ പരി​ശോ​ധന നടത്തിയ പട്ടാള​ക്കാർക്ക്‌ കടലാ​സിൽ എഴുതിയ ഏതാനും ബൈബിൾ വാക്യ​ങ്ങ​ള​ല്ലാ​തെ ഒന്നും കിട്ടി​യില്ല. അതു​കൊണ്ട്‌ അവരെ വിട്ടയച്ചു. വീട്ടിൽവന്ന ബോറിസ്‌, യഹോ​വ​യു​ടെ നാമത്തെ പ്രതി തനിക്കും കൂട്ടു​കാർക്കും എന്തെല്ലാം പ്രശ്‌നങ്ങൾ നേരി​ട്ടു​വെന്ന്‌ വളരെ അഭിമാ​ന​ത്തോ​ടെ വിവരി​ച്ചു. പരി​ശോ​ധ​നാ​കാ​ലത്ത്‌ കുട്ടി​കൾക്ക്‌ യഹോ​വ​യു​ടെ പിന്തുണ ഉണ്ടായി​രു​ന്ന​തി​നാൽ അവരെ​പ്രതി ഞങ്ങളും അഭിമാ​നം​കൊ​ണ്ടു. ഈ സംഭവ​ത്തി​നു​ശേഷം എന്നെയും ഡാരി​യ​യെ​യും കെജിബി പലതവണ വിളി​പ്പി​ച്ചി​ട്ടുണ്ട്‌. ‘ഈ കുട്ടി​കളെ ദുർഗുണ പാഠശാ​ല​യി​ലേക്ക്‌ അയയ്‌ക്കേ​ണ്ട​താണ്‌. പക്ഷേ അവർക്ക്‌ 14 വയസ്സ്‌ ആയിട്ടി​ല്ല​ല്ലോ,’ ഒരിക്കൽ ഒരു ഓഫീസർ പറഞ്ഞു. മകൻ സുവാർത്ത പ്രസം​ഗി​ച്ച​തിന്‌ പിഴ അടയ്‌ക്കേ​ണ്ടി​വന്നു ഞങ്ങൾക്ക്‌.

“ഇപ്പോൾ മകനോ​ടും കൊച്ചു​മ​ക്ക​ളോ​ടും ഒപ്പമാണു ഞാൻ. അവരും സത്യത്തി​ന്റെ പാതയി​ലാ​ണു നടക്കു​ന്നത്‌. എന്റെ മൂത്തമകൾ ഉസ്‌ബ​ക്കി​സ്ഥാ​നി​ലാണ്‌. യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും ഞങ്ങളോ​ടും ബൈബി​ളി​നോ​ടും വലിയ കാര്യ​മാണ്‌ അവൾക്ക്‌, ഞങ്ങളെ കാണാ​നും വരാറുണ്ട്‌. ഡാരിയ 2001-ൽ മരിച്ചു. അവസാ​ന​ത്തോ​ളം അവൾ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​യാ​യി​രു​ന്നു. സാധി​ക്കു​മ്പോ​ഴൊ​ക്കെ ഞാൻ സഭയോ​ടൊത്ത്‌ വിദൂ​ര​പ്ര​ദേ​ശ​ങ്ങ​ളിൽപ്പോ​യി, ‘നിത്യ​ജീ​വ​ന്നാ​യി നിയമി​ക്ക​പ്പെ​ട്ട​വരെ’ കണ്ടെത്തുന്ന വേലയിൽ ഏർപ്പെ​ടാ​റുണ്ട്‌. (പ്രവൃ. 13:48) യെശയ്യാ​വു 65:23-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​പോ​ലെ, യഹോവ ഉടൻതന്നെ നമ്മിൽ ഓരോ​രു​ത്ത​രു​ടെ​യും ആഗ്രഹം നിറ​വേ​റ്റു​മെന്ന ബോധ്യം എനിക്കുണ്ട്‌.”

മാതാ​പി​താ​ക്കൾ—ഉത്തമ മാതൃക

വ്‌ളാ​ഡി​സ്ലാവ്‌ അപാന്യുക്‌ ഇപ്പോൾ റഷ്യാ ബെഥേ​ലി​ലാണ്‌. കുട്ടി​ക്കാ​ലം മുതൽക്കേ തന്നിലും തന്റെ കൂടെ​പ്പി​റ​പ്പു​ക​ളി​ലും മാതാ​പി​താ​ക്കൾ ദൈവ​സ്‌നേഹം ഉൾനട്ടത്‌ എങ്ങനെ​യെ​ന്നതു സംബന്ധിച്ച അദ്ദേഹ​ത്തി​ന്റെ വാക്കുകൾ ശ്രദ്ധി​ക്കുക: “ഞങ്ങളുടെ മാതാ​പി​താ​ക്കളെ 1951-ൽ യൂ​ക്രെ​യി​നിൽനി​ന്നു സൈബീ​രി​യ​യി​ലേക്കു നാടു​ക​ടത്തി. യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്കാൻ അവർ ഞങ്ങളെ പഠിപ്പി​ച്ചു. കുട്ടി​ക​ളായ ഞങ്ങളുടെ മുമ്പിൽവെച്ച്‌ മാതാ​പി​താ​ക്കൾ അവരുടെ തെറ്റുകൾ യാതൊ​രു കൂസലു​മി​ല്ലാ​തെ പറയു​മാ​യി​രു​ന്നു. ഞാൻ വളരെ വിലമ​തി​ച്ചി​രുന്ന ഒരു കാര്യ​മാണ്‌ അത്‌. തെറ്റുകൾ അവർ ഒരിക്ക​ലും മറച്ചു​വെ​ച്ചി​ട്ടില്ല. യഹോ​വ​യോ​ടുള്ള അവരുടെ സ്‌നേ​ഹ​ത്തി​ന്റെ ആഴം വ്യക്തമാ​യി​രു​ന്നു. എപ്പോ​ഴും​തന്നെ സന്തോ​ഷ​വും സംതൃ​പ്‌തി​യും ദൃശ്യ​മാ​യി​രു​ന്നു അവരുടെ മുഖത്ത്‌, പ്രത്യേ​കിച്ച്‌ ആത്മീയ കാര്യങ്ങൾ ഞങ്ങളു​മാ​യി ചർച്ച ചെയ്യു​മ്പോൾ. യഹോ​വ​യെ​ക്കു​റിച്ച്‌ ധ്യാനി​ക്കാ​നും സംസാ​രി​ക്കാ​നു​മുള്ള മാതാ​പി​താ​ക്ക​ളു​ടെ ആത്മാർഥ​മായ ആഗ്രഹം ഞങ്ങൾ നേരിൽക്കണ്ടു. യഹോ​വ​യെ​ക്കു​റി​ച്ചു ധ്യാനി​ക്കാൻ ഞങ്ങളെ​യും അതു പ്രേരി​പ്പി​ച്ചു. എവി​ടെ​യും പുതു​മകൾ മാത്ര​മുള്ള, രോഗ​വും മരണവും ഇല്ലാത്ത പുതിയ ലോകം ഞങ്ങളുടെ മനോ​മു​കു​ര​ത്തിൽ തെളി​യു​മാ​യി​രു​ന്നു.

“ഞാൻ മൂന്നാം ഗ്രേഡി​ലെ​ത്തി​യ​പ്പോൾ, ക്ലാസ്സി​ലുള്ള എല്ലാ വിദ്യാർഥി​ക​ളും ‘പയനി​യേ​ഴ്‌സ്‌’ എന്നറി​യ​പ്പെട്ട സോവി​യറ്റ്‌ യുവജന സംഘട​ന​യിൽ ചേരണ​മെന്ന അറിയി​പ്പു​ണ്ടാ​യി. സോവി​യറ്റ്‌ യൂണി​യ​നി​ലെ മിക്ക കുട്ടി​ക​ളെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം, അതിലെ അംഗമാ​യി​രി​ക്കു​ന്നത്‌ വലി​യൊ​രു ബഹുമ​തി​യാ​യി​രു​ന്നു. ആ ദിവസ​ത്തി​നാ​യി കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു എന്റെ സഹപാ​ഠി​കൾ. കമ്മ്യൂ​ണി​സ​ത്തി​ന്റെ ഭാവി​വാ​ഗ്‌ദാ​ന​ങ്ങ​ളായ ‘സോവി​യറ്റ്‌ പയനി​യേ​ഴ്‌സി​ന്റെ’ അണിയിൽ ചേരാൻ തയ്യാറാ​ണെന്ന ഒരു ഔദ്യോ​ഗിക പ്രതിജ്ഞ എഴുത​ണ​മാ​യി​രു​ന്നു ഞങ്ങൾ ഓരോ​രു​ത്ത​രും. പക്ഷേ, ഞാൻ നിരസി​ച്ചു. ഇതിന്റെ പേരിൽ ശിക്ഷ​യെ​ന്നോ​ണം അധ്യാ​പിക എന്നെ ക്ലാസ്സ്‌മു​റി​യിൽ പൂട്ടി​യി​ട്ടു. ‘പ്രതിജ്ഞ എഴുതി​യാ​ലേ നിന്നെ പുറത്തു​വി​ടൂ,’ എന്നായി അധ്യാ​പിക. ഏതാനും മണിക്കൂർ കഴിഞ്ഞ​പ്പോൾ, സഹപാ​ഠി​ക​ളിൽ ചിലർ ജനലി​ന​ടു​ത്തു വന്നിട്ട്‌ കളിക്കാ​നാ​യി അവരോ​ടൊ​പ്പം ചെല്ലാൻ പറഞ്ഞു നിർബ​ന്ധി​ച്ചു. പക്ഷേ, ഒരക്ഷരം എങ്കിലും എഴുതി​യി​ട്ടു പുറത്തു​പോ​കുന്ന പ്രശ്‌ന​മില്ല എന്ന ഉറച്ച തീരു​മാ​ന​ത്തോ​ടെ ഞാൻ അവി​ടെ​ത്തന്നെ ഇരുന്നു. വൈകു​ന്നേരം ആകാറാ​യ​പ്പോൾ മറ്റൊരു അധ്യാ​പി​ക​യെത്തി. ഏകനായി ഇരിക്കു​ന്നതു കണ്ട അവർ എന്നെ ആശ്വസി​പ്പി​ച്ചിട്ട്‌ വിട്ടയച്ചു. അതായി​രു​ന്നു എന്റെ കന്നിവി​ജയം! യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുന്ന ഒരു കാര്യം ചെയ്യാ​നാ​യ​തി​ന്റെ നിർവൃ​തി​യാ​യി​രു​ന്നു എനിക്ക്‌. (സദൃ. 27:11) വീട്ടിൽച്ചെ​ന്ന​പ്പോൾ നടന്ന കാര്യ​ങ്ങ​ളെ​ല്ലാം മാതാ​പി​താ​ക്കളെ പറഞ്ഞു​കേൾപ്പി​ച്ചു. അവർക്കും സന്തോ​ഷ​മാ​യി, കൂടെ പപ്പയുടെ അഭിനന്ദന വാക്കു​ക​ളും, ‘കൊള്ളാം മോനേ!’”

സോവി​യറ്റ്‌ വിരുദ്ധ ഗ്രന്ഥം

ബൈബിൾ കൈവ​ശം​വെച്ചു എന്നതു​കൊ​ണ്ടു​മാ​ത്രം സഹോ​ദ​ര​ങ്ങളെ വിചാരണ ചെയ്‌ത സന്ദർഭ​ങ്ങ​ളും ഉണ്ടായി​ട്ടുണ്ട്‌. നഡി​യെഷ്‌ഡ വിഷ്‌ന്യാ​കി​ന്റെ വാക്കുകൾ: “ഞാനും ഭർത്താ​വും അപ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ അല്ലായി​രു​ന്നെ​ങ്കി​ലും, സത്യം ഞങ്ങളുടെ ഹൃദയ​ത്തിൽ ആഴ്‌ന്നി​റ​ങ്ങി​യി​രു​ന്നു. ഒരിക്കൽ പോലീസ്‌, ജോലി​സ്ഥ​ല​ത്തു​വന്ന്‌ എന്നെ അതേ വസ്‌ത്ര​ത്തോ​ടെ​തന്നെ പിടി​ച്ചു​കൊ​ണ്ടു​പോ​യി. എന്റെ ഭർത്താ​വായ പ്യോ​ട്ട​റി​നെ​യും അവർ ജോലി​സ്ഥ​ല​ത്തു​നി​ന്നു പിടി​കൂ​ടി. ഇതു നടക്കു​ന്ന​തി​നു​മുമ്പ്‌ അവർ ഞങ്ങളുടെ വീട്‌ അരിച്ചു​പെ​റു​ക്കി ഒരു ബൈബി​ളും അർമ​ഗെ​ദോ​നു​ശേഷം—ദൈവ​ത്തി​ന്റെ പുതിയ ലോകം (ഇംഗ്ലീഷ്‌) എന്നൊരു ചെറു​പു​സ്‌ത​ക​വും കണ്ടുപി​ടി​ച്ചി​രു​ന്നു. ഞാൻ ഏഴു മാസം ഗർഭിണി ആയിരു​ന്ന​തി​നാൽ എന്നെ അറസ്റ്റു ചെയ്യു​മെന്ന്‌ പ്യോട്ടർ തീരെ പ്രതീ​ക്ഷി​ച്ചി​രു​ന്നില്ല.

“സോവി​യറ്റ്‌ അധികാ​ര​ത്തി​നെ​തി​രെ പ്രവർത്തി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഞങ്ങൾക്കെ​തി​രെ​യുള്ള ആരോ​പണം. സോവി​യറ്റ്‌ അധികാ​ര​ത്തെ​ക്കാ​ളും ഉന്നതമായ, ബൈബി​ളാണ്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നത്‌ എന്നു ഞങ്ങൾ അവരോ​ടു പറഞ്ഞു.

“‘ബൈബിൾ ദൈവ​വ​ച​ന​മാ​യ​തി​നാ​ലാണ്‌ അതിലെ തത്ത്വങ്ങ​ള​നു​സ​രി​ച്ചു ജീവി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നത്‌,’ ഞാൻ പറഞ്ഞു.

“പ്രസവ​ത്തി​നു രണ്ടാഴ്‌ച മാത്രം ഉള്ളപ്പോ​ഴാ​യി​രു​ന്നു ഞങ്ങളുടെ വിചാരണ. വാദം കേൾക്കു​ന്ന​തി​നി​ടെ ജഡ്‌ജി ഇടവേ​ളകൾ അനുവ​ദി​ച്ചു, ഒരു സായുധ സൈനി​കന്റെ അകമ്പടി​യോ​ടെ ആ സമയത്ത്‌ എനിക്കു വെളി​യിൽ നടക്കാ​മാ​യി​രു​ന്നു. അത്തര​മൊ​രു സന്ദർഭ​ത്തിൽ, എന്താണു ഞാൻ ചെയ്‌ത കുറ്റം എന്ന്‌ സൈനി​കൻ എന്നോടു ചോദി​ച്ചു. അങ്ങനെ അദ്ദേഹ​ത്തോ​ടു സാക്ഷീ​ക​രി​ക്കാ​നുള്ള നല്ലൊരു അവസരം ലഭിച്ചു.

“കണ്ടു​കെ​ട്ടിയ ഞങ്ങളുടെ ബൈബി​ളും സാഹി​ത്യ​ങ്ങ​ളും ‘സോവി​യറ്റ്‌ വിരുദ്ധ’മാണെന്നു ജഡ്‌ജി പ്രഖ്യാ​പി​ച്ചു. എന്നെയും ഭർത്താ​വി​നെ​യും മാത്രമല്ല സാഹി​ത്യ​ങ്ങ​ളും ബൈബി​ളും​പോ​ലും ‘സോവി​യറ്റ്‌ വിരുദ്ധ’മായാണു കാണു​ന്നത്‌ എന്നറി​ഞ്ഞ​പ്പോൾ എനിക്കു സന്തോ​ഷം​തോ​ന്നി! യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി പരിച​യ​പ്പെ​ട്ടത്‌ എവി​ടെ​വെ​ച്ചാ​ണെന്ന്‌ അവർ ഞങ്ങളോ​ടു ചോദി​ച്ചു. വൊർക്കൂ​റ്റ​യി​ലെ തൊഴിൽപ്പാ​ള​യ​ത്തിൽവെ​ച്ചാ​ണെന്നു ഞങ്ങൾ പറഞ്ഞ​പ്പോൾ ‘നമ്മുടെ പാളയ​ങ്ങ​ളിൽ നടക്കു​ന്നത്‌ എന്താ​ണെന്നു കണ്ടോ!’ എന്ന്‌ ജഡ്‌ജി ദേഷ്യ​ത്തോ​ടെ പ്രതി​ക​രി​ച്ചു. ഒടുവിൽ ഞങ്ങളുടെ വിധി പ്രഖ്യാ​പി​ച്ചു—പത്തു വർഷം തൊഴിൽപ്പാ​ള​യ​ങ്ങ​ളിൽ കഴിയുക.

“പ്യോ​ട്ടറെ മധ്യ റഷ്യയി​ലെ മോർഡ്‌വി​നി​യ​യി​ലുള്ള ഒരു പാളയ​ത്തി​ലേക്കു കൊണ്ടു​പോ​യി, എന്നെ ഏകാന്ത​ത​ട​വി​ലു​മാ​ക്കി. 1958 മാർച്ചിൽ ഞാൻ ഒരു ആൺകു​ഞ്ഞി​നു ജന്മം നൽകി. പ്രശ്‌ന​പൂ​രി​ത​മായ ഈ കാല​ത്തെ​ല്ലാം യഹോ​വ​യാ​യി​രു​ന്നു എന്റെ താങ്ങും തണലും. കുഞ്ഞിനെ എന്റെ അമ്മ കൊണ്ടു​പോ​യി നോക്കി. എന്നെ സൈബീ​രി​യ​യി​ലെ കിമി​റോ​വോ​യി​ലേക്ക്‌ അയച്ചു, തൊഴിൽപ്പാ​ള​യ​മാ​കുന്ന തടങ്കലി​ലേക്ക്‌.

“എട്ടുവർഷം കഴിഞ്ഞ​പ്പോൾ, അതായത്‌ കാലാ​വധി തീരു​ന്ന​തി​നു​മുമ്പ്‌ ഞാൻ മോചി​ത​യാ​യി. ഞാൻ ‘സോവി​യറ്റ്‌ വിരു​ദ്ധ​മായ’ ഒന്നും പറഞ്ഞി​ട്ടി​ല്ലെ​ന്നും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ തികച്ചും മതപര​മാ​ണെ​ന്നും ഉള്ള കാര്യം, സ്‌ത്രീ​ക​ളു​ടെ ബാരക്കി​നു മേൽനോ​ട്ടം വഹിക്കുന്ന ഉദ്യോ​ഗസ്ഥ പരസ്യ​മാ​യി പറഞ്ഞത്‌ ഇപ്പോ​ഴും എന്റെ കാതു​ക​ളിൽ മുഴങ്ങു​ന്നുണ്ട്‌. 1966-ൽ ഞാൻ സ്‌നാ​ന​മേറ്റു.”

ജയിലു​ക​ളി​ലും പാളയ​ങ്ങ​ളി​ലും ബൈബി​ളും ബൈബിൾ സാഹി​ത്യ​ങ്ങ​ളും എത്ര വില​പ്പെ​ട്ട​താ​യി​രു​ന്നെന്നു പറയേ​ണ്ട​തി​ല്ല​ല്ലോ. 1958-ൽ മോർഡ്‌വി​നി​യ​യി​ലെ ഒരു പാളയ​ത്തിൽ സഹോ​ദ​രങ്ങൾ ക്രമമാ​യി യോഗങ്ങൾ നടത്തി​യി​രു​ന്നു. പാളയ​ത്തി​ന്റെ ചുമത​ല​യു​ള്ള​യാൾ അപ്രതീ​ക്ഷി​ത​മാ​യി കടന്നു​വ​രാ​തി​രി​ക്കാ​നാ​യി, വീക്ഷാ​ഗോ​പുര അധ്യയനം നടക്കു​മ്പോൾ വിളി​പ്പാ​ട​കലെ കുറെ സഹോ​ദ​ര​ന്മാർ കാവൽനിൽക്കും. ആ ഉദ്യോ​ഗ​സ്ഥനെ കണ്ടാൽ “വരുന്നുണ്ട്‌” എന്ന സന്ദേശം ഓരോ​രു​ത്ത​രും കൈമാ​റി യോഗ​സ്ഥ​ലത്ത്‌ എത്തിക്കു​ക​യാ​യി​രു​ന്നു പതിവ്‌. സന്ദേശം കിട്ടി​യാ​ലു​ടൻ എല്ലാവ​രും സ്ഥലം കാലി​യാ​ക്കും; മാസി​ക​ക​ളും ഒളിപ്പി​ക്കും. പക്ഷേ പലപ്പോ​ഴും അയാൾ അപ്രതീ​ക്ഷി​ത​മാ​യി അവിടെ എത്തുമാ​യി​രു​ന്നു.

ഒരിക്കൽ ആ ഉദ്യോ​ഗസ്ഥൻ സഹോ​ദ​ര​ങ്ങൾക്കു മുമ്പിൽ വന്നു​പെ​ട്ട​പ്പോൾ, ബറിസ്‌ ക്രിൽറ്റ്‌സോവ്‌ അയാളു​ടെ ശ്രദ്ധതി​രിച്ച്‌ മാസി​കകൾ ഒളിപ്പി​ക്കാ​നൊ​രു തന്ത്ര​മൊ​രു​ക്കി. കയ്യിൽ ഒരു പുസ്‌ത​ക​വു​മാ​യി ബാരക്കിൽനി​ന്നു പുറ​ത്തേക്ക്‌ ഓടി​യ​ത്രേ. പുറകെ ആ ഉദ്യോ​ഗ​സ്ഥ​നും വെച്ചു​പി​ടി​ച്ചു, കുറെ നേര​ത്തേക്ക്‌. ഒടുവിൽ പിടി​യി​ലായ ബറിസ്‌ സഹോ​ദ​രന്റെ കയ്യിൽനി​ന്നു കിട്ടി​യ​തോ, ലെനിന്റെ ഒരു പുസ്‌തകം. ശിക്ഷയാ​യി ഏഴു ദിവസത്തെ ഏകാന്ത​ത​ടവ്‌ അനുഭ​വി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും, മാസി​കകൾ സുരക്ഷി​ത​മാ​ക്കി​യ​തി​ലുള്ള സംതൃ​പ്‌തി​യി​ലാ​യി​രു​ന്നു അദ്ദേഹം.

മോസ്‌കോ​യിൽ സത്യത്തി​ന്റെ വിത്ത്‌ വിതയ്‌ക്കു​ന്നു

മോസ്‌കോ​യിൽ രാജ്യ​സു​വാർത്താ പ്രസം​ഗ​ത്തി​നു തുടക്കം​കു​റി​ച്ചത്‌ ചെറി​യൊ​രു കൂട്ടമാണ്‌. രാജ്യ​ത്തി​ന്റെ തലസ്ഥാ​നത്ത്‌ ആദ്യകാ​ലത്തു തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ച്ചി​രു​ന്ന​വ​രിൽ ഒരാളാണ്‌ ബറിസ്‌ ക്രിൽറ്റ്‌സോവ്‌. അദ്ദേഹ​ത്തി​ന്റെ വാക്കുകൾ: “നിർമാണ മേഖല​യി​ലെ സൂപ്പർ​വൈ​സ​റാ​യി​രു​ന്നു ഞാൻ. ഒരുകൂ​ട്ടം സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ഞാൻ അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ടാ​റു​ണ്ടാ​യി​രു​ന്നു. എന്നാൽ ഇതു മനസ്സി​ലാ​ക്കിയ കെജിബി 1957 ഏപ്രി​ലിൽ എന്റെ അപ്പാർട്ടു​മെന്റ്‌ അരിച്ചു​പെ​റു​ക്കി ബൈബിൾ സാഹി​ത്യ​ങ്ങൾ കണ്ടുപി​ടി​ച്ചു, തുടർന്ന്‌ ഉടൻതന്നെ ഞാൻ അറസ്റ്റി​ലാ​യി. രാജ്യത്തെ ഏറ്റവും അപകട​കാ​രി​ക​ളായ കൂട്ടമാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ എന്ന്‌ ചോദ്യം​ചെ​യ്യ​ലി​നി​ടെ ഇൻസ്‌പെക്ടർ എന്നോടു പറഞ്ഞു. ‘നിന്നെ വിട്ടയ​ച്ചാൽ, പല സോവി​യറ്റ്‌ പൗരന്മാ​രും നിന്നോ​ടു​കൂ​ടെ ചേരും. അതു​കൊ​ണ്ടാണ്‌ ഞങ്ങൾ നിന്നെ രാജ്യ​ത്തി​നൊ​രു ഭീഷണി​യാ​യി കാണു​ന്നത്‌.’

“ഞാൻ പറഞ്ഞു: ‘നിയമം അനുസ​രി​ക്കുന്ന പൗരന്മാ​രാ​യി​രി​ക്കാ​നാ​ണു ബൈബിൾ പഠിപ്പി​ക്കു​ന്നത്‌. മാത്രമല്ല, ഒന്നാമത്‌ രാജ്യ​വും ദൈവ​ത്തി​ന്റെ നീതി​യും അന്വേ​ഷി​ക്ക​ണ​മെ​ന്നും അതു പറയുന്നു. ലോക​ത്തൊ​രി​ട​ത്തും അധികാ​രം പിടി​ച്ചെ​ടു​ക്കാൻ സത്യ​ക്രി​സ്‌ത്യാ​നി​കൾ ശ്രമി​ച്ചി​ട്ടില്ല.’

“‘ഈ പുസ്‌ത​ക​ങ്ങ​ളൊ​ക്കെ തനിക്ക്‌ എവി​ടെ​നി​ന്നാ​ടോ കിട്ടി​യത്‌?’ ഇൻസ്‌പെക്ടർ ചോദി​ച്ചു.

“‘ഇവയ്‌ക്ക്‌ എന്താണു കുഴപ്പം? ബൈബിൾപ്ര​വ​ച​ന​ങ്ങ​ളാണ്‌ ഇതിൽ ചർച്ച ചെയ്‌തി​രി​ക്കു​ന്നത്‌, രാഷ്ട്രീയ വിവാ​ദ​ങ്ങളല്ല,’ ഞാൻ പറഞ്ഞു.

“‘ശരിയാണ്‌, പക്ഷേ ഇത്‌ വിദേ​ശത്ത്‌ അച്ചടി​ച്ച​താണ്‌,’ അദ്ദേഹം പറഞ്ഞു.

“ഞാൻ വ്‌ളഡി​മിർ നഗരത്തി​ലെ കനത്ത കാവലുള്ള ജയിലി​ലാ​യി. എന്നെ പൂർണ​മാ​യി പരി​ശോ​ധി​ച്ചെ​ങ്കി​ലും കനംകു​റഞ്ഞ കടലാ​സിൽ കൈ​കൊ​ണ്ടു പകർത്തിയ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ നാലു ലക്കങ്ങൾ പാളയ​ത്തി​നു​ള്ളി​ലേക്കു കൊണ്ടു​പോ​കാൻ എനിക്കു കഴിഞ്ഞു! യഹോവ എന്നെ സഹായി​ച്ചു എന്നത്‌ പകൽപോ​ലെ വ്യക്തം. സെല്ലിൽവെച്ച്‌ ഞാൻ ആ നാലു ലക്കങ്ങളു​ടെ​യും പകർപ്പു​ക​ളു​ണ്ടാ​ക്കി. എന്നെക്കൂ​ടാ​തെ മറ്റു സാക്ഷി​ക​ളും അവിടെ ഉണ്ടെന്നും ഏഴു വർഷമാ​യി അവർക്ക്‌ യാതൊ​രു ആത്മീയ ഭക്ഷണവു​മി​ല്ലെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. കോണി​പ്പ​ടി​കൾ തുടച്ചു​വൃ​ത്തി​യാ​ക്കുന്ന ജോലി​യു​ടെ മേൽനോ​ട്ട​മുള്ള ഒരു സഹോ​ദ​രി​വഴി ഞാൻ ഈ മാസി​കകൾ മറ്റുള്ള​വർക്കു കൈമാ​റി.

“സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ഒരു ഒറ്റുകാ​രൻ ഉണ്ടെന്ന വിവരം പിന്നീ​ടാണ്‌ അറിഞ്ഞത്‌. ആരോ ബൈബിൾ സാഹി​ത്യ​ങ്ങൾ കടത്തി​ക്കൊ​ണ്ടു​വ​രു​ന്നു​ണ്ടെന്ന്‌ അയാൾ ജയിൽ വാർഡൻമാർക്ക്‌ അറിവു​കൊ​ടു​ത്തു. അവർ മിന്നൽ പരി​ശോ​ധന നടത്തി സാഹി​ത്യ​ങ്ങ​ളെ​ല്ലാം പിടി​ച്ചെ​ടു​ത്തു. ഉടൻതന്നെ എന്റെയ​ടു​ത്തും​വന്നു പരി​ശോ​ധിച്ച അവർക്ക്‌ കിടക്ക​യു​ടെ ഉള്ളിൽനി​ന്നു സാഹി​ത്യ​ങ്ങൾ ലഭിച്ചു. 85 ദിവസത്തെ ഏകാന്ത​ത​ട​വാണ്‌ ശിക്ഷയാ​യി എനിക്കു ലഭിച്ചത്‌. എങ്കിലും, മുമ്പ​ത്തെ​പ്പോ​ലെ​തന്നെ യഹോവ ഞങ്ങൾക്കു​വേണ്ടി കരുതു​ന്നു​ണ്ടാ​യി​രു​ന്നു.”

സത്യം പഠിക്കാൻ പ്രഭാ​ഷ​ണങ്ങൾ ചിലരെ സഹായി​ച്ചു

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സ​ത്തി​നെ​തി​രെ പോരാ​ടു​ന്ന​തി​നുള്ള സോവി​യറ്റ്‌ യൂണി​യന്റെ ഒരു ഉപാധി​യാ​യി​രു​ന്നു പ്രഭാ​ഷ​ണങ്ങൾ. വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ പറയു​ന്ന​തി​ങ്ങനെ: “ഞങ്ങളുടെ പാളയ​ത്തിൽ പ്രസം​ഗകർ വന്ന്‌ നിരീ​ശ്വ​ര​വാ​ദത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന പ്രഭാ​ഷ​ണങ്ങൾ സ്ഥിരം നടത്തു​മാ​യി​രു​ന്നു. സഹോ​ദ​രങ്ങൾ എല്ലായ്‌പോ​ഴും ചോദ്യ​ങ്ങൾ ഉന്നയി​ച്ചി​രു​ന്നു. ഏറ്റവും ലളിത​മായ ചോദ്യ​ങ്ങൾക്കു​പോ​ലും ഉത്തരം നൽകാൻ ചില​പ്പോൾ പ്രസം​ഗ​കർക്കു കഴിഞ്ഞി​രു​ന്നില്ല. സാകൂതം ശ്രദ്ധി​ക്കുന്ന, നിറഞ്ഞ സദസ്സി​ലാണ്‌ മിക്ക​പ്പോ​ഴും ഇത്തരം പ്രഭാ​ഷ​ണങ്ങൾ നടന്നി​രു​ന്നത്‌. പ്രഭാ​ഷ​ണ​ങ്ങ​ളു​ടെ ഒടുവിൽ യഹോ​വ​യു​ടെ സാക്ഷികൾ പറയു​ന്നത്‌ എന്താ​ണെന്ന്‌ അറിയാ​നുള്ള ആകാം​ക്ഷ​കൊ​ണ്ടു മാത്രം പലരും എത്തുമാ​യി​രു​ന്നു.

“മുമ്പ്‌ റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ സഭയിലെ പുരോ​ഹി​ത​നാ​യി​രുന്ന ഒരു പ്രസം​ഗകൻ ഒരിക്കൽ ഞങ്ങളുടെ പാളയ​ത്തി​ലെത്തി. അദ്ദേഹം ഒരു പാളയ​ത്തിൽ കഴിഞ്ഞി​ട്ടു​ണ്ടെ​ന്നും ആ സമയത്ത്‌ വിശ്വാ​സം ത്യജിച്ച്‌ ഒരു നിരീ​ശ്വ​ര​വാ​ദി​യാ​യി​ത്തീർന്ന​താ​ണെ​ന്നും എല്ലാവർക്കും അറിയാ​മാ​യി​രു​ന്നു.

“‘ജയിലി​ലാ​കു​ന്ന​തി​നു​മുമ്പ്‌ താങ്കൾ ഒരു നിരീ​ശ്വ​ര​വാ​ദി​യാ​യി​രു​ന്നോ അതോ അതിനു​ശേഷം ആയിത്തീർന്ന​താ​ണോ?’ പ്രഭാ​ഷ​ണ​ത്തി​നൊ​ടു​വിൽ ഒരു സഹോ​ദരൻ ചോദി​ച്ചു.

“‘ഇതൊന്നു ചിന്തിക്കൂ, ഒരു മനുഷ്യൻ ബഹിരാ​കാ​ശത്തു പോ​യെ​ങ്കി​ലും അവി​ടെ​യൊ​ന്നും ദൈവത്തെ കണ്ടില്ല,’ അദ്ദേഹ​ത്തി​ന്റെ മറുപടി.

“‘ഭൂമി​യു​ടെ ഉപരി​ത​ല​ത്തിൽനിന്ന്‌ 200 കിലോ​മീ​റ്റിൽ അൽപ്പം​കൂ​ടെ ദൂരത്തു​നിന്ന്‌ ദൈവം മനുഷ്യ​രെ വീക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നാ​ണോ താങ്കൾ ഒരു പുരോ​ഹി​ത​നാ​യി​രു​ന്ന​പ്പോൾ വിചാ​രി​ച്ചി​രു​ന്നത്‌?’ സഹോ​ദരൻ ചോദി​ച്ചു. പ്രസം​ഗകൻ മറുപ​ടി​യൊ​ന്നും പറഞ്ഞില്ല. ഇത്തരം ചർച്ചകൾ തടവി​ലുള്ള അനേകർക്ക്‌ ചിന്തി​ക്കാൻ വക നൽകു​ക​യും അവരിൽ ചിലർ ബൈബിൾ പഠിക്കാൻ തുടങ്ങു​ക​യും ചെയ്‌തു.

“ഇത്തര​മൊ​രു പ്രഭാ​ഷണം നടന്നു​കൊ​ണ്ടി​രി​ക്കെ, ഒരു കാര്യ​മൊ​ന്നു പറഞ്ഞോ​ട്ടെ​യെന്ന്‌ നമ്മുടെ ഒരു സഹോ​ദരി ചോദി​ച്ചു. ‘ആയി​ക്കോ​ട്ടെ, നീയൊ​രു യഹോ​വാ​സാ​ക്ഷി ആയിരി​ക്കും,’ പ്രസം​ഗകൻ പറഞ്ഞു.

“അടു​ത്തെ​ങ്ങും ആരുമി​ല്ലാത്ത ഒരു വെളി​മ്പ്ര​ദേ​ശത്ത്‌ ഒറ്റയ്‌ക്കു നിന്നു​കൊണ്ട്‌ ‘ഞാൻ നിന്നെ കൊല്ലും!’ എന്ന്‌ ആക്രോ​ശി​ക്കുന്ന ഒരാളെ താങ്കൾ എന്തു വിളി​ക്കും?’ സഹോ​ദരി ചോദി​ച്ചു.

“‘തലയ്‌ക്കു നല്ല സുഖമി​ല്ലാ​യി​രി​ക്കും അയാൾക്ക്‌’ അദ്ദേഹം പറഞ്ഞു.

“‘ദൈവ​മി​ല്ലെ​ങ്കിൽ എന്തിനാണ്‌ അവനെ​തി​രെ പോരാ​ടു​ന്നത്‌? സ്ഥിതി​ചെ​യ്യാത്ത ഒരു ആളുമാ​യി എങ്ങനെ പോരാ​ടും?’ ഇതുകേട്ട സദസ്സ്‌ പൊട്ടി​ച്ചി​രി​ച്ചു.’”

അയാൾ പിന്നെ​യും വരും

സോവി​യറ്റ്‌ പ്രത്യ​യ​ശാ​സ്‌ത്ര ക്ലാസ്സുകൾ പാളയ​ങ്ങ​ളിൽ മാത്രമല്ല നടന്നി​രു​ന്നത്‌. വലിയ നഗരങ്ങ​ളിൽ പൊതു​ജ​ന​ത്തി​നു​വേ​ണ്ടി​യാണ്‌ മുഖ്യ​മാ​യും അവ സംഘടി​പ്പി​ച്ചി​രു​ന്നത്‌. പരിച​യ​സ​മ്പ​ന്ന​രായ പ്രസം​ഗകർ പട്ടണങ്ങ​ളും നഗരങ്ങ​ളും സന്ദർശി​ച്ചി​രു​ന്നു, പ്രത്യേ​കി​ച്ചും സാക്ഷി​ക​ളു​ടെ എണ്ണം കൂടു​ത​ലുള്ള വൊർക്കൂറ്റ, ഇന്റ, ഉക്‌റ്റ, സിക്‌റ്റി​ഫ്‌കർ എന്നിവി​ട​ങ്ങ​ളിൽ. ഗറ്റ്‌ഷ്‌മീറ്റ്‌ പറയുന്നു: “1957-ൽ ഇന്റയിലെ ഖനി​ത്തൊ​ഴി​ലാ​ളി​കൾക്കു​വേണ്ടി ‘പാലസ്‌ ഓഫ്‌ കൾച്ചറിൽ’ ഒരു പ്രസം​ഗകൻ വന്നു. 300 പേരാണ്‌ അവിടെ കൂടി​വ​ന്നത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സ​ത്തെ​യും അവർ പ്രസം​ഗി​ക്കുന്ന വിധ​ത്തെ​യും കുറിച്ച്‌ അയാൾ വിശദീ​ക​രി​ച്ചു. 15 തവണവരെ മടങ്ങി​ച്ചെ​ല്ലു​മ്പോൾ പറയു​ന്നത്‌ ഉൾപ്പെടെ നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​രീ​തി അതേപടി വിവരി​ച്ചിട്ട്‌ അയാൾ ഇങ്ങനെ തുടർന്നു: ‘എതിർപ്പി​ന്റേ​തായ യാതൊ​രു സൂചന​യും നിങ്ങൾ കാണി​ക്കു​ന്നി​ല്ലെ​ങ്കിൽ അയാൾ പിന്നെ​യും വരും. രണ്ടാമത്തെ സന്ദർശനം കഴിഞ്ഞി​ട്ടും നിങ്ങൾക്ക്‌ എതിർപ്പൊ​ന്നു​മി​ല്ലെ​ങ്കിൽ, മൂന്നാ​മ​തും വരും.’

“രണ്ടു മണിക്കൂ​റു​കൊണ്ട്‌ അദ്ദേഹം അവയിൽ ആറു സന്ദർശ​നങ്ങൾ അതേപടി അവതരി​പ്പി​ക്കു​ക​യും ഉപയോ​ഗിച്ച എല്ലാ തിരു​വെ​ഴു​ത്തു​ക​ളും ഒരു കുറി​പ്പിൽനോ​ക്കി വായി​ച്ചു​കേൾപ്പി​ക്കു​ക​യും ചെയ്‌തു. ഇക്കാര്യ​ങ്ങ​ളും ആ പ്രസംഗം കേട്ട സഹോ​ദ​രങ്ങൾ എത്ര അതിശ​യി​ച്ചു​പോ​യെ​ന്നും അപ്പോൾ ഒരു തൊഴിൽപ്പാ​ള​യ​ത്തി​ലാ​യി​രുന്ന എന്നെ ഭാര്യ പോളിന എഴുതി​യ​റി​യി​ച്ചു. ഈ പ്രഭാ​ഷ​ണ​ത്തി​നു​ശേഷം സാക്ഷി​ക​ളെ​ക്കു​റി​ച്ചു മോശ​മായ വാർത്തകൾ പത്രത്തിൽ വന്നു. എങ്കിലും, രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള നല്ലൊരു വിശദീ​ക​രണം അതിലു​ണ്ടാ​യി​രു​ന്നു. ഈ പ്രഭാ​ഷണം മുഴുവൻ റേഡി​യോ​വഴി പ്രക്ഷേ​പണം ചെയ്യു​ക​യു​മു​ണ്ടാ​യി. ആയിര​ക്ക​ണ​ക്കിന്‌ നഗരവാ​സി​കൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസം​ഗ​വേ​ല​യെ​യും അവരുടെ സന്ദേശ​ത്തെ​യും കുറിച്ച്‌ കേൾക്കാൻ അതു വഴിതു​റന്നു.

“1962-ൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഒരു പ്രഭാ​ഷണം നടത്താൻ മോസ്‌കോ​യിൽനിന്ന്‌ ഒരു പ്രസം​ഗ​ക​നെത്തി. അവരുടെ ആധുനിക ചരിത്രം വിവരി​ച്ച​ശേഷം അദ്ദേഹം പറഞ്ഞു: ‘പല ദേശങ്ങ​ളിൽ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​ന്റെ ഉന്നമന​ത്തി​നാ​യി ദശലക്ഷ​ക്ക​ണ​ക്കി​നു ഡോള​റാണ്‌ സ്വമേ​ധാ​സം​ഭാ​വ​ന​യാ​യി ഓരോ മാസവും ബ്രുക്ലി​നിൽ എത്തുന്നത്‌. പക്ഷേ നേതാ​ക്ക​ളിൽ ആർക്കും വസ്‌ത്രം സൂക്ഷി​ക്കാ​നുള്ള ഇടം​പോ​ലു​മില്ല. പ്രസി​ഡ​ന്റും മുറി വൃത്തി​യാ​ക്കു​ന്ന​വ​രു​മെ​ല്ലാം ഒരേ തീൻമു​റി​യിൽ ഒന്നിച്ചി​രു​ന്നാ​ണു ഭക്ഷണം കഴിക്കു​ന്നത്‌. അവർക്കി​ട​യിൽ വലിപ്പ​ച്ചെ​റു​പ്പ​മില്ല. എല്ലാവ​രും പരസ്‌പരം സഹോ​ദരൻ, സഹോ​ദരി എന്നാണു വിളി​ക്കു​ന്നത്‌, നമ്മൾ സഖാവേ എന്നു വിളി​ക്കു​ന്ന​തു​പോ​ലെ.’

“കുറെ​സ​മ​യ​ത്തേക്ക്‌ ഹാളാകെ നിശ്ശബ്ദ​മാ​യി. അദ്ദേഹം തുടർന്നു: ‘പക്ഷേ എത്ര നല്ലതെന്നു തോന്നി​യാ​ലും നമ്മൾ അവരുടെ ആശയം സ്വീക​രി​ക്കു​ക​യില്ല, കാരണം, ഇതെല്ലാം ദൈവ​ത്തെ​ക്കൂ​ടാ​തെ സ്വന്തം കൈ​കൊ​ണ്ടും ബുദ്ധി​കൊ​ണ്ടും സൃഷ്ടി​ക്കാ​നാണ്‌ നാം ആഗ്രഹി​ക്കു​ന്നത്‌.’

“യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള സത്യം ഇതാദ്യ​മാ​യി അധികാ​രി​ക​ളിൽനി​ന്നു കേട്ടതു​കൊണ്ട്‌ ഞങ്ങൾക്ക്‌ എന്തെന്നി​ല്ലാത്ത ധൈര്യ​വും പ്രോ​ത്സാ​ഹ​ന​വും തോന്നി. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള സത്യം അധികാ​രി​ക​ളിൽനി​ന്നു​തന്നെ കേൾക്കാ​നുള്ള അവസര​വും ഇത്തരം പ്രഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ മറ്റനേ​കർക്കു ലഭിച്ചു. എങ്കിലും ബൈബി​ളു​പ​ദേ​ശങ്ങൾ എങ്ങനെ​യാണ്‌ തങ്ങളുടെ ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്നത്‌ എന്ന്‌ ആളുകൾ നേരിൽ കാണേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.”

പലവട്ടം പാളിയ തന്ത്രം

ടെലി​ഫോൺ ചോർത്തു​ന്ന​തും കത്തുകൾ തടഞ്ഞു​വെച്ചു പരി​ശോ​ധി​ക്കു​ന്ന​തും മറ്റും വർഷങ്ങ​ളോ​ളം കെജിബി-യുടെ പതിവാ​യി​രു​ന്നു. സഭയിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​ര​ന്മാ​രു​ടെ വീടു​ക​ളിൽ സംഭാ​ഷണം പിടി​ച്ചെ​ടു​ക്കുന്ന ഉപകര​ണങ്ങൾ അവർ രഹസ്യ​മാ​യി ഘടിപ്പി​ക്കു​മാ​യി​രു​ന്നു. നിരോ​ധ​ന​കാ​ലത്ത്‌ 25 വർഷം ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാ​യി​രുന്ന ഗ്രി​ഗൊ​റി സിവുൽസ്‌കി, 1958-ൽ തന്റെ വീട്ടിൽ അത്തര​മൊ​രു ഉപകരണം കണ്ടെത്തി​യ​തി​നെ​ക്കു​റി​ച്ചു പറയുന്നു: “സൈബീ​രി​യ​യി​ലെ ടുലുൺ പ്രാന്ത​പ്ര​ദേ​ശ​ത്തുള്ള ഒരു രണ്ടുനില കെട്ടി​ട​ത്തി​ന്റെ മുകളി​ലത്തെ നിലയി​ലാ​ണു ഞങ്ങൾ താമസി​ച്ചി​രു​ന്നത്‌. ഒരു ദിവസം ഞാൻ വീട്ടി​ലെ​ത്തി​യ​പ്പോൾ, തട്ടിൻപു​റ​ത്തു​നി​ന്നു തുളയ്‌ക്കുന്ന ശബ്ദം​കേട്ടു. ഞങ്ങളുടെ സംഭാ​ഷണം പിടി​ച്ചെ​ടു​ക്കാ​നാ​യി കെജിബി ഉപകരണം ഘടിപ്പി​ക്കു​ക​യാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. അവരുടെ ഒരു സ്ഥിരം പരിപാ​ടി​യാ​യി​രു​ന്നു അത്‌. സാഹി​ത്യ​ങ്ങൾ മിക്കതും തട്ടിൻപു​റ​ത്തും മേൽക്കൂ​ര​യു​ടെ ഇറമ്പി​ലു​മാ​ണു സൂക്ഷി​ച്ചി​രു​ന്നത്‌.

“വൈകു​ന്നേരം കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ഒന്നിച്ചു​കൂ​ടി​യ​പ്പോൾ ഞാൻ ഇക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെ​ടു​ത്തി. കുറെ നാള​ത്തേ​ക്കി​നി വീട്ടിൽവെച്ച്‌ സഭാകാ​ര്യ​ങ്ങ​ളൊ​ന്നും സംസാ​രി​ക്കേ​ണ്ടെന്നു ഞങ്ങൾ പറഞ്ഞൊ​ത്തു. എന്നിട്ട്‌ ഒരാഴ്‌ച​ത്തേക്ക്‌ ഉച്ചത്തിൽ റേഡി​യോ വെച്ചു. ഒരാഴ്‌ച​ക​ഴിഞ്ഞ്‌ ഞാനും വേറൊ​രു സഹോ​ദ​ര​നും ഇഴഞ്ഞു മുകളിൽ കയറി​നോ​ക്കി​യ​പ്പോൾ, ശബ്ദംപി​ടി​ച്ചെ​ടു​ക്കുന്ന ഉപകര​ണ​വു​മാ​യി ഘടിപ്പി​ച്ചി​രി​ക്കുന്ന ഒരു വയർ കണ്ടു. ഇറമ്പിനു ചുറ്റു​മുള്ള രണ്ടു പലകകൾക്കി​ട​യി​ലൂ​ടെ ഇട്ടിരുന്ന അത്‌ നഗരത്തി​ലുള്ള കെജിബി-യുടെ ഓഫീ​സു​ക​ളി​ലേ​ക്കാ​ണു പോയി​രു​ന്നത്‌. അവർ സകലതും പിടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പക്ഷേ കിട്ടി​യ​തോ, റേഡി​യോ പരിപാ​ടി​കൾ!

കെജിബി-യുടെ നുഴഞ്ഞു​ക​യ​റ്റം

സാക്ഷി​ക​ളു​ടെ തീക്ഷ്‌ണ​ത​യ്‌ക്കു മുമ്പിൽ, നേരി​ട്ടുള്ള പീഡനങ്ങൾ വില​പ്പോ​വി​ല്ലെന്നു കെജിബി-ക്കു മനസ്സി​ലാ​യി. അതിനാൽ, മേൽനോ​ട്ടം വഹിക്കുന്ന സഹോ​ദ​ര​ന്മാ​രെ​യും മൊത്ത​ത്തിൽ സംഘട​ന​യെ​യും സഹോ​ദ​രങ്ങൾ സംശയി​ച്ചു​തു​ട​ങ്ങാൻ തക്കവിധം അവർ കൗശല​വും വഞ്ചനയും പ്രയോ​ഗി​ച്ചു. അനുഭ​വ​സ​മ്പ​ന്ന​രായ ചാരന്മാ​രെ സഭകളി​ലേക്കു കടത്തി​വി​ടുക എന്നതാ​യി​രു​ന്നു അതി​ലൊന്ന്‌.

അത്തരം പല ചാരന്മാ​രും സംഘട​ന​യിൽ മേൽവി​ചാ​രക സ്ഥാന​ത്തോ​ളം എത്തി. നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​ര​ന്മാ​രെ സംശയി​ച്ചു​തു​ട​ങ്ങാ​നാ​വും വിധം ഭയത്തി​ന്റെ​യും അനിശ്ചി​ത​ത്വ​ത്തി​ന്റെ​യും ഒരു അന്തരീക്ഷം സൃഷ്ടി​ച്ചു​കൊണ്ട്‌ പ്രസം​ഗ​വേ​ലയെ മന്ദീഭ​വി​പ്പി​ക്കാ​നുള്ള സകല ശ്രമവും ചെയ്‌തു ഈ കള്ളസ​ഹോ​ദ​ര​ന്മാർ. കൂടാതെ സാഹി​ത്യ​ങ്ങൾ പിടി​ച്ചു​വെച്ച്‌ കെജിബി-ക്കു കൈമാ​റു​ക​യും ചെയ്‌തി​രു​ന്നു. ഒരു റിപ്പോർട്ട​നു​സ​രിച്ച്‌, 1957 മുതൽ 1959 വരെയുള്ള സമയത്തു പ്രവർത്തിച്ച രണ്ടു ചാരന്മാ​രി​ലൂ​ടെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 500-ലധികം പ്രതി​ക​ളും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും കെജിബി-യുടെ കൈക​ളി​ലെ​ത്തു​ക​യു​ണ്ടാ​യി.

1950-കളുടെ മധ്യ​ത്തോ​ടെ ചില സഹോ​ദ​ര​ന്മാർക്ക്‌ കൺട്രി കമ്മിറ്റി​യി​ലുള്ള വിശ്വാ​സം നഷ്ടപ്പെട്ടു തുടങ്ങി. കൺട്രി കമ്മിറ്റി​യി​ലെ ചില സഹോ​ദ​ര​ന്മാർ കെജിബി-യുടെ വല​ങ്കൈ​യാ​ണെ​ന്നും സാഹി​ത്യ​ങ്ങ​ളു​ടെ പകർപ്പു​ണ്ടാ​ക്കു​ന്നവർ ഉൾപ്പെ​ടെ​യുള്ള വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങളെ അവർ ഒറ്റി​ക്കൊ​ടു​ക്കു​ക​യാ​ണെ​ന്നും ഉള്ള കിംവ​ദ​ന്തി​ക​ളും പരന്നു. ഐവാൻ പാഷ്‌കോ​വ്‌സ്‌കി​യു​ടെ വാക്കുകൾ: “1959-ൽ രൂപം​കൊണ്ട ഒരു പുതിയ കൺട്രി കമ്മിറ്റി​യി​ലെ അംഗമാ​യി​രു​ന്നു ഞാൻ. സഹോ​ദ​ര​വർഗത്തെ ശിഥി​ല​മാ​ക്കാ​നുള്ള പിശാ​ചി​ന്റെ ഏതൊരു ശ്രമ​ത്തെ​യും തോൽപ്പിച്ച്‌ സത്യത്തി​നു​വേണ്ടി നില​കൊ​ള്ളാൻ ദൃഢചി​ത്ത​രാ​യി​രു​ന്നു ഞങ്ങൾ. യുഎസ്‌എ​സ്‌ആർ-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചരി​ത്ര​ത്തി​ലെ കറുത്ത അധ്യായം ആരംഭി​ച്ചി​രു​ന്നു.”

സംശയങ്ങൾ കനത്ത​പ്പോൾ, ചില സഹോ​ദ​ര​ന്മാർ കൺട്രി കമ്മിറ്റിക്ക്‌ സഭാറി​പ്പോർട്ടു​കൾ അയയ്‌ക്കാ​താ​യി. സഭകളി​ലെ പ്രസാ​ധകർ ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണ​മാ​യി ഏർപ്പെ​ടു​ക​യും ക്രമമാ​യി റിപ്പോർട്ടു​കൾ നൽകു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നെ​ങ്കി​ലും അതൊ​ന്നും കൺട്രി കമ്മിറ്റി​ക്കു ലഭിക്കു​ന്നി​ല്ലെന്ന വിവരം അവരിൽ പലർക്കും അറിയി​ല്ലാ​യി​രു​ന്നു. 1958-ഓടെ ആയിര​ക്ക​ണ​ക്കി​നു സഹോ​ദ​രങ്ങൾ കൺട്രി കമ്മിറ്റി വിട്ട്‌ പലകൂ​ട്ട​ങ്ങ​ളാ​യി പിരി​ഞ്ഞു​പോ​യി. സംഘടന വിട്ടു​പോയ ഈ കൂട്ടങ്ങൾ ഇർക്കൂ​റ്റ്‌സ്‌ക്‌, റ്റോം​സ്‌ക്‌ എന്നിവി​ട​ങ്ങ​ളി​ലും പിന്നീട്‌ മറ്റ്‌ റഷ്യൻ നഗരങ്ങ​ളി​ലും വളർന്നു​കൊ​ണ്ടി​രു​ന്നു. 1958 മാർച്ചിൽ ഇവർ സ്വന്തം “കൺട്രി കമ്മിറ്റി”ക്കു രൂപം​നൽകി, മറ്റു സഭകളു​ടെ​യെ​ല്ലാം അംഗീ​കാ​രം ലഭിക്കു​മെന്ന പ്രതീ​ക്ഷ​യോ​ടെ.

യഹോ​വ​യെ ആരാധി​ക്കു​ന്ന​തിൽ ഐക്യം കൈവ​രി​ക്കാൻ സോവി​യറ്റ്‌ യൂണി​യ​നി​ലെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നാ​യി ഭരണസം​ഘം സാധ്യ​മാ​യ​തെ​ല്ലാം ചെയ്‌തു. അക്കാലത്ത്‌ സോവി​യറ്റ്‌ യൂണി​യ​നി​ലെ വേലയ്‌ക്കു മേൽനോ​ട്ടം വഹിച്ചി​രുന്ന ഉത്തര യൂറോ​പ്യൻ ഓഫീ​സി​ന്റെ ബ്രാഞ്ച്‌ മാനേജർ സ്വിറ്റ്‌സർലൻഡി​ലാ​യി​രുന്ന ആൽഫ്രറ്റ്‌ റൂടി​മാൻ ആയിരു​ന്നു. ഐക്യം നിലനി​റു​ത്തു​ക​യും രാജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കു​ക​യും ചെയ്യു​ന്ന​വരെ മാത്രമേ യഹോവ അനു​ഗ്ര​ഹി​ക്കു​ക​യു​ള്ളു എന്നു വ്യക്തമാ​ക്കി​ക്കൊണ്ട്‌ 1959-ൽ അദ്ദേഹം റഷ്യയി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു കത്തയച്ചു. പിരി​ഞ്ഞു​പോയ ചിലർ അതിലെ നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ കൺട്രി കമ്മിറ്റി​യി​ലുള്ള വിശ്വാ​സം വീണ്ടെ​ടു​ക്കാൻ ശ്രമം ആരംഭി​ച്ചു. എങ്കിലും അതു പൂർണ​മാ​യും കൈവ​രി​ക്കാൻ വർഷങ്ങൾത​ന്നെ​യെ​ടു​ത്തു. ഈ സമയ​മെ​ല്ലാം രാജ്യ​മെ​മ്പാ​ടും ബൈബിൾ സാഹി​ത്യ​ങ്ങൾ കൊരി​യർവഴി വിതരണം ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു കൺട്രി കമ്മിറ്റി. പിരി​ഞ്ഞു​പോ​യവർ സാഹി​ത്യ​ങ്ങൾ വായി​ച്ചു​പ​ഠി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കൺട്രി കമ്മിറ്റിക്ക്‌ വയൽസേവന റിപ്പോർട്ടു​കൾ അയച്ചു​കൊ​ടു​ക്കാൻ കൂട്ടാ​ക്കി​യില്ല.

കെജിബി, സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിൽ അവിശ്വാ​സ​ത്തി​ന്റെ വിത്തുകൾ വിതച്ചു​കൊ​ണ്ടി​രു​ന്നു. ചിലരെ സ്വത​ന്ത്ര​രാ​യി ജീവി​ക്കാൻ മനപ്പൂർവം അനുവ​ദി​ക്കു​ക​യും മറ്റുള്ള​വരെ തടവി​ലാ​ക്കു​ക​യും ചെയ്‌തു. അതിനാൽ, സ്വത​ന്ത്ര​ജീ​വി​തം നയിക്കു​ന്നവർ കെജിബി-യുമായി സഹകരി​ക്കു​ന്ന​വ​രാ​ണെന്ന ധാരണ​യാ​ണു പൊതു​വി​ലുള്ള സഹോ​ദ​ര​ങ്ങൾക്കു ലഭിച്ചത്‌. ഉത്തരവാ​ദി​ത്വം വഹിക്കുന്ന സഹോ​ദ​ര​ന്മാർക്കു​നേരെ അങ്ങനെ സംശയ​ത്തി​ന്റെ​യും വിമർശ​ന​ത്തി​ന്റെ​യും വിരലു​കൾ നീണ്ടു.

വിചാ​ര​ണ​യ്‌ക്കും പരസ്യം!

“[ഇർക്കൂ​റ്റ്‌സ്‌ക്കി​ലെ യഹോ​വ​യു​ടെ സാക്ഷികൾ] അതിവി​പു​ല​മായ അധോ​ലോ​ക​പ്ര​വർത്തനം നടത്തി​വ​രു​ക​യാണ്‌. 1959-ന്റെ രണ്ടാം പാദത്തിൽ കെജിബി ഏജൻസി​കൾ അവരുടെ അഞ്ച്‌ രഹസ്യ അച്ചടി​കേ​ന്ദ്രങ്ങൾ കണ്ടെത്തി,” ഇർക്കൂ​റ്റ്‌സ്‌ക്കിൽനി​ന്നു മോസ്‌കോ​യി​ലേക്ക്‌ അയച്ച റിപ്പോർട്ടിൽ ഒരു ഗവൺമെന്റ്‌ അധികാ​രി പറഞ്ഞതാ​ണിത്‌. സിമാ, ടുലുൺ എന്നീ സൈബീ​രി​യൻ പട്ടണങ്ങ​ളും കിറ്റോ​യി, അക്‌റ്റ്യാ​ബർസ്‌ക്കി, സലറി എന്നീ ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി​രു​ന്നു അച്ചടി​കേ​ന്ദ്രങ്ങൾ. ആ കണ്ടെത്ത​ലി​നെ​ത്തു​ടർന്ന്‌ അതിലുൾപ്പെ​ട്ട​വ​രെ​ല്ലാം അറസ്റ്റി​ലാ​യി.

ആദ്യം അറസ്റ്റു​ചെ​യ്യ​പ്പെട്ട നാലു സഹോ​ദ​ര​ന്മാർ രഹസ്യ അച്ചടി സംബന്ധിച്ച്‌ ഒരു റിപ്പോർട്ട്‌ എഴുതി​ക്കൊ​ടു​ത്തു. അപ്രകാ​രം ചെയ്യാൻ കെജിബി ഉദ്യോ​ഗസ്ഥർ അവരെ തന്ത്രപൂർവം നിർബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്‌ അവർ അതിലെ പ്രസ്‌താ​വ​നകൾ വളച്ചൊ​ടിച്ച്‌ പ്രാ​ദേ​ശിക പത്രങ്ങ​ളിൽ പ്രസി​ദ്ധീ​ക​രി​ച്ചു. ആ നാലു പേരെ വിട്ടയ​ച്ച​ശേഷം വേറെ എട്ടു സഹോ​ദ​ര​ന്മാ​രെ വിലങ്ങു​വെ​ക്കു​ക​യു​ണ്ടാ​യി. 1960 ഏപ്രി​ലിൽ, ടുലു​ണി​ലാണ്‌ അവരെ വിചാരണ നടത്താ​നി​രു​ന്നത്‌. കോടതി നടപടി​കൾക്കു വമ്പിച്ച പരസ്യം ലഭിക്കാൻ കെജിബി എല്ലാ തയ്യാ​റെ​ടു​പ്പും നടത്തി. തങ്ങൾ വിട്ടയച്ച നാലു സഹോ​ദ​ര​ന്മാ​രെ​ക്കൊണ്ട്‌ വിസ്‌താ​ര​വേ​ള​യിൽ സാക്ഷി​പ​റ​യി​പ്പി​ക്കാ​നാ​യി​രു​ന്നു അവരുടെ പദ്ധതി. ആ നാലു പേരും കെജിബി-യുടെ പക്ഷത്തേക്കു കൂറു​മാ​റി​യ​താ​യി സഭയിൽ അനേക​രും ചിന്തി​ക്കാൻ തുടങ്ങി.

സന്നിഹി​ത​രാ​കു​ന്ന സാക്ഷി​ക​ളു​ടെ വിശ്വാ​സം തകർക്കാ​നും ജനക്കൂ​ട്ടത്തെ അവർക്കെ​തി​രെ തിരി​ക്കാ​നു​മാ​യി​രു​ന്നു ഈ പരസ്യ​വി​ചാ​ര​ണ​യി​ലൂ​ടെ കെജിബി ലക്ഷ്യമി​ട്ടത്‌. അതിനാ​യി അവർ, സഹോ​ദ​ര​ന്മാർ വർഷങ്ങ​ളാ​യി ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രുന്ന ഒരു രഹസ്യ താവളം സന്ദർശി​ക്കാൻ വിചാ​ര​ണ​യ്‌ക്കു​മുമ്പ്‌ പൊതു​ജ​ന​ത്തിന്‌ അവസര​മൊ​രു​ക്കി. പെട്ടെ​ന്നു​തന്നെ ഒരു ‘അധോ​ലോക വർഗത്തി​ന്റെ’ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ആ പട്ടണവാ​സി​ക​ളെ​ല്ലാം സംസാ​രി​ക്കാൻ തുടങ്ങി. വിചാ​ര​ണ​ദി​വസം കോട​തി​മു​റി​യിൽ 300-ലേറെ​പ്പേർ തിങ്ങി​നി​റഞ്ഞു. മോസ്‌കോ​യിൽനി​ന്നു​പോ​ലു​മുള്ള മാധ്യ​മ​പ്ര​വർത്തകർ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. അനേകം യഹോ​വ​യു​ടെ സാക്ഷി​ക​ളും എത്തിയി​രു​ന്നു.

കോട​തി​യു​ടെ അങ്കലാപ്പ്‌

എന്നാൽ അപ്രതീ​ക്ഷി​ത​മാ​യി കെജിബി-യുടെ പദ്ധതികൾ തകിടം​മ​റി​ഞ്ഞു. മുമ്പു റിപ്പോർട്ടു നൽകിയ നാലു സഹോ​ദ​ര​ന്മാർ തങ്ങൾക്കു തെറ്റു​പ​റ്റി​യെന്നു തിരി​ച്ച​റി​ഞ്ഞു. യഹോ​വ​യ്‌ക്കു മഹത്ത്വം നൽകാൻ ആവുന്ന​തെ​ല്ലാം ചെയ്യു​മെന്ന്‌ വിചാ​ര​ണ​യു​ടെ തലേനാൾ അവർ ദൃഢനി​ശ്ചയം ചെയ്‌തു. കെജിബി തങ്ങളെ വഞ്ചിക്കു​ക​യാ​യി​രു​ന്നെ​ന്നും തങ്ങൾ നൽകിയ മൊഴി അവർ വളച്ചൊ​ടി​ച്ചെ​ന്നും വിചാ​ര​ണ​വേ​ള​യിൽ അവർ തുറന്ന​ടി​ച്ചു. തുടർന്ന്‌, “കുറ്റം ആരോ​പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഞങ്ങളുടെ സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം നിൽക്കാൻ ഞങ്ങൾ തയ്യാറാണ്‌” എന്ന്‌ അവർ പ്രഖ്യാ​പി​ച്ചു. കോടതി ആകപ്പാടെ അങ്കലാ​പ്പി​ലാ​യി.

തന്നെയല്ല, മറ്റു സഹോ​ദ​ര​ന്മാർക്കു യാതൊ​രു പ്രശ്‌ന​വും സൃഷ്ടി​ക്കാത്ത വിധത്തിൽ ഉത്തരം പറയാൻ ക്രോസ്‌-വിസ്‌താ​ര​ത്തി​നു വിധേ​യ​രാ​യ​വർക്കു കഴിഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, തന്റെ വീട്ടിൽ അച്ചടി​യ​ന്ത്രം സ്ഥാപി​ച്ചത്‌ ആരാ​ണെന്ന്‌ ജഡ്‌ജി ചോദി​ച്ച​പ്പോൾ, ഗ്രിഗറി റ്റിംചൂക്‌ സഹോ​ദ​രന്റെ മറുപടി “ഞാൻ” എന്നായി​രു​ന്നു. “ആരാണ്‌ അച്ചടി നിർവ​ഹി​ച്ചത്‌?” . . . “ഞാൻ.” “പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്‌തത്‌ ആരാണ്‌?” . . . “അതും ഞാൻ തന്നെ.” “കടലാസ്‌ വാങ്ങി​യ​തും എത്തിച്ചു​ത​ന്ന​തു​മോ?” . . . “അതും ഞാനാണ്‌.” ഉടനെ പ്രോ​സി​ക്യൂ​ട്ടർ: “അപ്പോൾ താനാ​രാണ്‌? താൻ തന്നെയാ​ണോ മുതലാ​ളി​യും ഇടനി​ല​ക്കാ​ര​നും തൊഴി​ലാ​ളി​യും എല്ലാം?”

“ആ കത്ത്‌ ഞങ്ങളുടെ ഹൃദയത്തെ ഊഷ്‌മ​ള​മാ​ക്കി!”

വിസ്‌താ​രം നടത്താൻ സാക്ഷി​ക​ളി​ല്ലെന്നു കണ്ടപ്പോൾ, സഹോ​ദ​ര​ന്മാർ വിദേ​ശി​ക​ളു​മാ​യി രാജ്യ​ത്തി​നെ​തി​രെ ഗൂഢാ​ലോ​ചന നടത്തു​ന്ന​താ​യി പ്രോ​സി​ക്യൂ​ട്ടർ ആരോ​പി​ച്ചു. ബ്രുക്ലിൻ ബെഥേ​ലി​ലെ നേഥൻ എച്ച്‌. നോറി​ന്റെ ഒരു കത്ത്‌ അതിനുള്ള തെളി​വാ​യി ഹാജരാ​ക്കി. വിചാരണ കേട്ട സഹോ​ദ​ര​ന്മാ​രിൽ ഒരാളായ മിഖാ​യേൽ സവിറ്റ്‌സ്‌ക്കി പറയുന്നു: “സോവി​യറ്റ്‌ യൂണി​യ​നി​ലുള്ള സഹോ​ദ​ര​ങ്ങൾക്കു നോർ സഹോ​ദരൻ അയച്ച ഒരു കത്ത്‌ കെജിബി പിടി​ച്ചെ​ടു​ത്തി​രു​ന്നു. പ്രോ​സി​ക്യൂ​ട്ടർ അത്‌ ഉച്ചത്തിൽ വായി​ക്കാൻ തുടങ്ങി. സന്നിഹി​ത​രാ​യി​രു​ന്ന​വ​രിൽ സാക്ഷി​ക​ളായ ഞങ്ങളെ​ല്ലാ​വ​രും അതിനെ യഹോ​വ​യിൽനി​ന്നുള്ള ഒരു പാരി​തോ​ഷി​ക​മാ​യി​ട്ടാ​ണു കണ്ടത്‌. ആ കത്ത്‌ ഞങ്ങളുടെ ഹൃദയത്തെ ഊഷ്‌മ​ള​മാ​ക്കി! സഹവി​ശ്വാ​സി​കളെ സസ്‌നേഹം സേവി​ക്കാ​നും പരി​ശോ​ധ​ന​യി​ന്മ​ധ്യേ വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളാ​നു​മുള്ള തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​വും ജ്ഞാനപൂർണ​വു​മായ ബുദ്ധി​യു​പ​ദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും അതിലൂ​ടെ ഞങ്ങൾക്കു ലഭിച്ചു. കൂടാതെ എല്ലാ കാര്യ​ങ്ങ​ളി​ലും ദൈവ​ത്തിൽ ആശ്രയി​ക്കാ​നും ജ്ഞാനത്തി​നും വഴിന​ട​ത്തി​പ്പി​നു​മാ​യി അവനോട്‌ അപേക്ഷി​ക്കാ​നും നിയമിത സഹോ​ദ​ര​ന്മാ​രോ​ടു പറ്റിനിൽക്കാ​നും നോർ സഹോ​ദരൻ യഹോ​വ​യു​ടെ സാക്ഷി​കളെ ഉദ്‌ബോ​ധി​പ്പി​ച്ചു. ഒരക്ഷരം​പോ​ലും വിടാതെ പ്രോ​സി​ക്യൂ​ട്ടർ ആ കത്തു വായിച്ചു. അതീവ​ശ്ര​ദ്ധ​യോ​ടെ ഞങ്ങളതു കേട്ടു​നി​ന്നു. ഒരു കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കുന്ന പ്രതീ​തി​യാ​യി​രു​ന്നു ഞങ്ങൾക്ക്‌!” കോടതി വ്യത്യസ്‌ത കാലഘ​ട്ട​ങ്ങ​ളി​ലേക്ക്‌ സഹോ​ദ​ര​ങ്ങൾക്കു തടവു​ശിക്ഷ വിധി​ച്ചെ​ങ്കി​ലും സന്നിഹി​ത​രായ സാക്ഷി​ക​ളെ​ല്ലാം യഹോ​വയെ സേവി​ക്കാ​നുള്ള ദൃഢനി​ശ്ച​യ​ത്തിൽ ഉറച്ചു​നി​ന്നു.

ആരാധ​ന​യി​ലെ സന്തുഷ്ട​മായ പുന​രേ​കീ​ക​ര​ണം

സോവി​യറ്റ്‌ യൂണി​യ​നി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങൾക്കു കൂച്ചു​വി​ല​ങ്ങി​ടു​ന്ന​തിൽ തങ്ങൾ വിജയി​ച്ച​താ​യി കെജിബി-ക്കു തോന്നി. അതിനാൽ അന്തിമ ആക്രമ​ണ​ത്തി​നാ​യി അവർ വട്ടംകൂ​ട്ടി. 1960-ൽ 450-ലേറെ സഹോ​ദ​ര​ന്മാ​രെ അപ്രതീ​ക്ഷി​ത​മാ​യി അറസ്റ്റു​ചെ​യ്‌ത്‌ മോർഡ്‌വി​നി​യ​യി​ലെ തൊഴിൽപ്പാ​ള​യ​ത്തി​ല​ടച്ചു. അത്‌ സംഘട​ന​യു​ടെ അന്തിമ ശിഥി​ലീ​ക​ര​ണ​ത്തി​നി​ട​യാ​ക്കു​മെന്ന്‌ കെജിബി വ്യാ​മോ​ഹി​ച്ചു. കാരണം, സംഘട​ന​യിൽനി​ന്നു വേർപി​രി​ഞ്ഞ​വ​രും അല്ലാത്ത​വ​രു​മായ സഹോ​ദ​ങ്ങൾക്കു നേതൃ​ത്വം നൽകി​യി​രു​ന്നവർ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആര്‌ ആരോട്‌ ഏറ്റുമു​ട്ടു​മെന്നു കാണി​ച്ചു​കൊണ്ട്‌ ആക്ഷേപാർഹ​മായ ഒരു ലേഖനം പാളയ​ത്തി​ലെ ദിനപ്പ​ത്ര​ത്തിൽ അവർ പ്രസി​ദ്ധീ​ക​രി​ച്ചു. എന്നാൽ തങ്ങൾ തുല്യ​ദുഃ​ഖി​ത​രാ​ണെന്നു മനസ്സി​ലാ​ക്കിയ സഹോ​ദ​ര​ന്മാർ വൈരം മറന്ന്‌ ഒറ്റക്കെ​ട്ടാ​യി നിൽക്കാൻ തീരു​മാ​നി​ച്ചു.

അയൻ അൻ​ഡ്രോ​നിക്‌ അനുസ്‌മ​രി​ക്കു​ന്നു: “വേർപി​രി​ഞ്ഞി​രു​ന്നവർ ഉൾപ്പെ​ടെ​യുള്ള എല്ലാ സഹോ​ദ​ര​ന്മാ​രോ​ടും ഒന്നിച്ചു​നിൽക്കാൻ, ഉത്തരവാ​ദ​പ്പെട്ട സഹോ​ദ​ര​ന്മാർ അഭ്യർഥി​ച്ചു. 1961 സെപ്‌റ്റം​ബർ 1 ലക്കം റഷ്യൻ വീക്ഷാ​ഗോ​പു​ര​ത്തി​ലെ ‘സന്മനസ്സു​ള്ള​വ​രു​ടെ ഐക്യം സുനി​ശ്ചി​തം’ എന്ന ലേഖന​ത്തി​ലേക്ക്‌ അവർ ശ്രദ്ധക്ഷ​ണി​ച്ചു. പുരാ​ത​ന​കാ​ലത്ത്‌ യഹോവ തന്റെ ജനത്തെ വഴിന​ട​ത്തി​യ​തി​ന്റെ ദൃഷ്ടാ​ന്ത​ങ്ങ​ളും ബന്ധപ്പെട്ട തത്ത്വങ്ങ​ളും ആ ലേഖന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക്രിസ്‌തീയ സഭയി​ലു​ള്ളവർ സമാധാ​ന​ത്തി​നും ഐക്യ​ത്തി​നു​മാ​യി പോരാ​ടേ​ണ്ട​തി​ന്റെ ആവശ്യം അതിൽ ചർച്ച​ചെ​യ്‌തി​രു​ന്നു. ലേഖനം ശ്രദ്ധാ​പൂർവം പഠിച്ച​പ്പോൾ അനേക​രും ദിവ്യാ​ധി​പത്യ ഐക്യ​ത്തി​ന്റെ മൂല്യം തിരി​ച്ച​റി​യു​ക​യും ജീവി​ത​ത്തിൽ മാറ്റം​വ​രു​ത്തു​ക​യും ചെയ്‌തു.”

സഹോ​ദ​ര​ങ്ങൾക്ക്‌ ആത്മീയ​സൗ​ഖ്യം പകർന്ന ആഹാരം

ഐക്യം വീണ്ടെ​ടു​ക്കാൻ വീക്ഷാ​ഗോ​പുര ലേഖനങ്ങൾ ജയിലി​നു പുറത്തുള്ള സാക്ഷി​ക​ളെ​യും സഹായി​ച്ചു. അക്കാലത്ത്‌ “യഹോ​വ​യു​ടെ സംഘട​നയെ ആദരി​ക്കുക” എന്ന തലക്കെ​ട്ടി​ലുള്ള ലേഖന​മ​ട​ങ്ങിയ ഒരു വീക്ഷാ​ഗോ​പുര പതിപ്പ്‌ സൈബീ​രി​യ​യി​ലെ സഹോ​ദ​ര​ങ്ങൾക്കു ലഭിക്കു​ക​യു​ണ്ടാ​യി. നേതൃ​നി​ര​യിൽ പ്രവർത്തി​ച്ചി​രുന്ന സഹോ​ദ​ര​ന്മാർ കൂടി​വ​രു​ക​യും പ്രാർഥി​ച്ച​ശേഷം അത്‌ ഒന്നിച്ചു വായി​ക്കു​ക​യും ചെയ്‌തു. റഥർഫോർഡ്‌ സഹോ​ദ​രന്‌ അസുഖ​മാ​ണെ​ന്നും 1941 ആഗസ്റ്റിൽ നടന്ന ഒരു കൺ​വെൻ​ഷ​നിൽ അദ്ദേഹം തന്റെ അന്തിമ പ്രസംഗം നൽകി​യ​താ​യും ലേഖനം വിശദീ​ക​രി​ച്ചു. യഹോ​വ​യു​ടെ സംഘട​ന​യോ​ടു പറ്റിനിൽക്കാ​നും മനുഷ്യ​നേ​താ​ക്കളെ പിൻപ​റ്റാ​തി​രി​ക്കാ​നും സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞി​രു​ന്നു: ‘ഏതൊരു പ്രസ്ഥാ​ന​വും പൊട്ടി​മു​ള​യ്‌ക്കു​ക​യും വളർച്ച​പ്രാ​പി​ക്കു​ക​യും ചെയ്യു​മ്പോൾ, പ്രഗത്ഭ​നായ ഒരു നേതാവ്‌ അതിനു പിന്നി​ലു​ണ്ടെന്ന്‌ ജനം പറയും. ഞാൻ കർത്താ​വി​ന്റെ ദാസന്മാ​രിൽ ഒരുവൻ മാത്ര​മാ​ണെ​ന്നും ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും സേവി​ച്ചു​കൊണ്ട്‌ നാമെ​ല്ലാ​വ​രും ഐക്യ​ത്തിൽ ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കു​ക​യാ​ണെ​ന്നും ഇവിടെ കൂടി​വ​ന്നി​രി​ക്കുന്ന നിങ്ങൾ വിശ്വ​സി​ക്കു​ന്നെ​ങ്കിൽ “ഉവ്വ്‌” എന്നു പറയുക.’ എല്ലാവ​രും ഏകസ്വ​ര​ത്തിൽ “ഉവ്വ്‌!” എന്ന്‌ ഉച്ചൈ​സ്‌തരം വിളി​ച്ചു​പ​റഞ്ഞു.

മിഖാ​യേൽ സവിറ്റ്‌സ്‌ക്കി അനുസ്‌മ​രി​ക്കു​ന്നു: “അന്നാളിൽ സോവി​യറ്റ്‌ യൂണി​യ​നി​ലെ സാക്ഷികൾ ഒന്നി​ക്കേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാ​യി​രു​ന്നു. സ്‌നേ​ഹ​ത്തോ​ടും ക്ഷമയോ​ടും കൂടെ, ആവശ്യ​മായ ആത്മീയ​ബലം നൽകി​യ​തിൽ ഞങ്ങൾ യഹോ​വ​യോട്‌ എത്രയും നന്ദിയു​ള്ള​വ​രാ​യി​രു​ന്നു. സംഘട​ന​യിൽനി​ന്നു വേർപി​രി​ഞ്ഞു​പോയ ഒരു സഹോ​ദരൻ പെട്ടെ​ന്നു​തന്നെ എന്നോട്‌ ആ മാസിക ചോദി​ച്ചു. ‘ബ്രാറ്റ്‌സ്‌ക്കി​ലും മറ്റിട​ങ്ങ​ളി​ലു​മുള്ള സഹോ​ദ​ര​ങ്ങളെ നമുക്കതു വായി​ച്ചു​കേൾപ്പി​ക്കാ​മ​ല്ലോ,’ അദ്ദേഹം പറഞ്ഞു. ഒരു മാസിക മാത്രമേ കൈവ​ശ​മു​ള്ളു​വെന്നു പറഞ്ഞ​പ്പോൾ ഒരാഴ്‌ച​യ്‌ക്കു​ശേഷം മടക്കി​ത്ത​രാ​മെ​ന്നാ​യി​രു​ന്നു മറുപടി. പറഞ്ഞതു​പോ​ലെ അദ്ദേഹം മാസിക മടക്കി​ത്തന്നു. ഒപ്പം, അനേകം സഭകളു​ടെ ഏറെക്കാ​ലത്തെ വയൽസേവന റിപ്പോർട്ടും. നൂറു​ക​ണ​ക്കി​നു സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ഏകീകൃ​ത​കു​ടും​ബ​ത്തി​ലേക്കു മടങ്ങി​യെത്തി.”

30 വർഷത്തി​ലേ​റെ​യാ​യി കൺട്രി കമ്മിറ്റി​യം​ഗ​മാ​യി സേവിച്ച ഐവാൻ പാഷ്‌കോ​വ്‌സ്‌കി ഓർക്കു​ന്നു: “ഒരുമ​ന​പ്പെ​ടാ​നും ദിവ്യാ​ധി​പ​ത്യ​ക്ര​മീ​ക​ര​ണ​ത്തി​നു കീഴ്‌പെ​ടാ​നും ഞങ്ങളുടെ രാജ്യ​ത്തുള്ള എല്ലാ സഹോ​ദ​ര​ന്മാ​രോ​ടും അഭ്യർഥി​ക്കാൻ, വിദേ​ശ​ത്തു​നി​ന്നെ​ത്തിയ ഒരു സഹോ​ദ​ര​നി​ലൂ​ടെ ഞങ്ങൾ നോർ സഹോ​ദ​ര​നോട്‌ ആവശ്യ​പ്പെട്ടു. അദ്ദേഹം അങ്ങനെ ചെയ്‌തു. 1962-ൽ, ഇംഗ്ലീ​ഷി​ലും റഷ്യനി​ലു​മാ​യി അദ്ദേഹ​ത്തി​ന്റെ കത്തിന്റെ 25 കോപ്പി​കൾ ഞങ്ങൾക്കു ലഭിച്ചു. സംഘട​ന​യോ​ടു പറ്റിനിൽക്കേ​ണ്ട​തി​ന്റെ ആവശ്യം കാണാൻ ആ കത്ത്‌ അനേകരെ സഹായി​ച്ചു.”

ആടുകൾ ഇടയന്റെ ശബ്ദം കേൾക്കു​ന്നു

സഹോ​ദ​ര​ങ്ങളെ ഏകീക​രി​ക്കാൻ കൺട്രി കമ്മിറ്റി അഹോ​രാ​ത്രം അധ്വാ​നി​ച്ചു. അന്നത്തെ സാഹച​ര്യ​ത്തിൽ അതത്ര എളുപ്പ​മാ​യി​രു​ന്നില്ല. 1962-ലെ വേനലാ​യ​പ്പോ​ഴേ​ക്കും ഒരു ഡിസ്‌ട്രി​ക്‌റ്റി​ലു​ള്ള​വ​രെ​ല്ലാം സംഘട​യി​ലേക്കു മടങ്ങി​വ​ന്നി​രു​ന്നു. ആത്മീയ പക്വത​യുള്ള സഹോ​ദ​ര​ങ്ങ​ള​ട​ങ്ങിയ ഒരു പ്രത്യേക കമ്മിറ്റി​തന്നെ അതിനാ​യി രൂപീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ‘ഉയരത്തിൽനി​ന്നുള്ള ജ്ഞാനം’ നൽകി​ക്കൊണ്ട്‌ യഹോവ ആ സഹോ​ദ​ര​ന്മാ​രെ അനു​ഗ്ര​ഹി​ച്ചു. (യാക്കോ. 3:17) 1986-1995 കാലഘ​ട്ട​ത്തിൽ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി​രുന്ന അലിക്‌സെ ഗബുര്യാക്‌ പറയുന്നു: “1965-ൽ ഞങ്ങൾ ഉസോലി-സിബിർസ്‌കൊ​യി​യി​ലുള്ള കൺട്രി കമ്മിറ്റി​യു​മാ​യി കണ്ടുമു​ട്ടി. നാടു​ക​ട​ത്ത​ലും തടവും ചേരി​തി​രി​വും നിമിത്തം പലവഴി​ക്കായ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ കണ്ടെത്താ​നും അവരെ പുന​രേ​കീ​ക​രി​ക്കാ​നും കമ്മിറ്റി ഞങ്ങളോ​ടാ​വ​ശ്യ​പ്പെട്ടു. തുടക്ക​മെന്ന നിലയിൽ ചിലരു​ടെ മേൽവി​ലാ​സ​വും നൽകി. റ്റോം​സ്‌ക്‌, കിമി​റോ​വോ ഒബ്ലാസ്റ്റു​ക​ളി​ലും നൊവ​കൂ​സ്‌നെ​റ്റ്‌സ്‌ക്‌, നൊവ​സൈ​ബിർസ്‌ക്‌ നഗരങ്ങ​ളി​ലു​മാ​യി​രു​ന്നു എന്റെ നിയമനം. മറ്റു സഹോ​ദ​ര​ന്മാർക്കു വേറെ പ്രദേ​ശ​ങ്ങ​ളും കിട്ടി. സഭകളും കൂട്ടങ്ങ​ളും സംഘടി​പ്പി​ക്കു​ക​യും സഭകളിൽ മേൽവി​ചാ​ര​ക​ന്മാ​രെ നിയമി​ച്ചു പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്യു​ക​യെ​ന്ന​താ​യി​രു​ന്നു ഞങ്ങളുടെ ഉത്തരവാ​ദി​ത്വം. കൂടാതെ നിരോ​ധ​ന​ത്തിൻകീ​ഴി​ലെ പ്രത്യേക സാഹച​ര്യ​ത്തിൽ സാഹി​ത്യ​ങ്ങൾ എത്തിച്ചു​കൊ​ടു​ക്കാ​നുള്ള മാർഗം കണ്ടെത്തു​ക​യും സഭാ​യോ​ഗങ്ങൾ ക്രമീ​ക​രി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. അൽപ്പകാ​ല​ത്തി​നു​ള്ളിൽ, സംഘട​ന​യു​മാ​യുള്ള ബന്ധം നഷ്ടപ്പെ​ട്ടി​രുന്ന 84 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ ഞങ്ങൾ സന്ദർശി​ച്ചു. യഹോ​വ​യു​ടെ ആടുകൾ നല്ല ഇടയന്റെ ശബ്ദത്തിനു ചെവി​കൊ​ടു​ത്തു​കൊണ്ട്‌ ദൈവ​ജ​ന​ത്തോ​ടൊ​പ്പം വീണ്ടും അവനെ സേവി​ക്കാ​നി​ട​യാ​യ​പ്പോൾ ഞങ്ങൾക്ക്‌ എന്തു സന്തോഷം തോന്നി​യെ​ന്നോ!—യോഹ. 10:16.

പെട്ടെ​ന്നു​ത​ന്നെ, വേർപി​രി​ഞ്ഞു​പോ​യ​വ​രിൽ അധിക​വും കൺട്രി കമ്മിറ്റി​യു​മാ​യി സഹകരി​ച്ചു​കൊണ്ട്‌ വയൽസേവന റിപ്പോർട്ടു​കൾ അയച്ചു​കൊ​ടു​ക്കാൻ തുടങ്ങി. 1971 ആയപ്പോ​ഴേ​ക്കും 4,500-ലധികം പ്രസാ​ധകർ യഹോ​വ​യു​ടെ സംഘട​ന​യി​ലേക്കു തിരി​ച്ചു​വന്നു. നിരോ​ധ​ന​ത്തിൽ മാറ്റമി​ല്ലാ​തി​രു​ന്നി​ട്ടും 80-കളുടെ മധ്യമാ​യ​പ്പോ​ഴും പ്രസം​ഗ​പ്ര​വർത്തനം തുടർന്നു​കൊ​ണ്ടി​രു​ന്നു, പുതി​യവർ സഭകളിൽ വന്നു​കൊ​ണ്ടു​മി​രു​ന്നു.

അമൂല്യ​മായ ഫിലിം​തു​ണ്ടു​കൾ

ആത്മീയ വിവരങ്ങൾ പുനരു​ത്‌പാ​ദി​പ്പി​ക്കാൻ സോവി​യറ്റ്‌ യൂണി​യ​നി​ലെ ജാഗരൂ​ക​രും ധീരരു​മായ സഹോ​ദ​ര​ന്മാർ കഠിനാ​ധ്വാ​നം ചെയ്‌തു. എന്നാൽ അവർക്കെ​ങ്ങ​നെ​യാണ്‌ അത്തരം വിവരങ്ങൾ ലഭിച്ചത്‌?

മൈ​ക്രോ​ഫി​ലി​മി​ന്റെ ഉപയോ​ഗ​മാ​യി​രു​ന്നു സർവസാ​ധാ​ര​ണ​മായ ഒരു മാർഗം. അയൽരാ​ജ്യ​ത്തു കേന്ദ്രീ​ക​രി​ച്ചു​കൊണ്ട്‌ സഹോ​ദ​ര​ന്മാർ, മുഖ്യ​മാ​യും റഷ്യനി​ലും ഉക്രേ​നി​യ​നി​ലും കൂടാതെ മറ്റു ചില ഭാഷക​ളി​ലും പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട മാസി​ക​ക​ളും പുസ്‌ത​ക​ങ്ങ​ളും ലഘുപ​ത്രി​ക​ക​ളും ഒരു പേജു​പോ​ലും വിടാതെ ക്യാമ​റ​യിൽ പകർത്തി. 30 മീറ്റർ ദൈർഘ്യ​മുള്ള ഫിലിം​റോൾ നിറയ്‌ക്കാ​വുന്ന മൈ​ക്രോ​ഫി​ലിം ക്യാമറ ഉപയോ​ഗി​ച്ചാണ്‌ അവരതു ചെയ്‌തത്‌. എളുപ്പം വിതര​ണം​ചെ​യ്യാ​നാ​യി എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും ധാരാളം ഫിലിം​കോ​പ്പി​കൾ ആ വിധത്തിൽ നിർമി​ച്ചു. വർഷങ്ങ​ളോ​ള​മുള്ള അത്തരം ഫിലിം​കോ​പ്പി​കൾ ചേർത്തു​വെ​ച്ചാൽ അതിന്റെ നീളം അനേകം കിലോ​മീ​റ്റ​റു​കൾ വരുമാ​യി​രു​ന്നു. കൈകാ​ര്യം​ചെ​യ്യാ​നുള്ള എളുപ്പ​ത്തി​നാ​യി സഹോ​ദ​ര​ന്മാർ അത്‌ 20 സെ.മീ. നീളം​വെച്ച്‌ മുറി​ക്കു​ക​യും കൊരി​യർ വഴി സോവി​യറ്റ്‌ യൂണി​യ​നി​ലേക്ക്‌ അയച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു.

സൈബീ​രി​യ​യി​ലെ രഹസ്യ അച്ചടി​കേ​ന്ദ്ര​ങ്ങൾ

പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പകർപ്പെ​ടുപ്പ്‌ ദുഷ്‌ക​ര​മാ​യി​രു​ന്നെ​ങ്കി​ലും യഹോവ ആ വേലയെ അനു​ഗ്ര​ഹി​ച്ചു. 1949-നും 1950-നും ഇടയി​ലാ​യി വ്യത്യസ്‌ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ 47,165 പകർപ്പു​കൾ നിർമിച്ച്‌ സഭകൾക്ക്‌ അയച്ചു​കൊ​ടു​ത്തു. കഠിന​മായ എതിർപ്പി​ന്മ​ധ്യേ​യും ആ കാലയ​ള​വിൽ രാജ്യ​ത്തു​ട​നീ​ളം 31,488 യോഗങ്ങൾ നടന്നതാ​യും കൺട്രി കമ്മിറ്റി റിപ്പോർട്ടു​ചെ​യ്‌തു.

പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ആവശ്യം കുതി​ച്ചു​യ​രു​ക​യാ​യി​രു​ന്നു, അതു​കൊ​ണ്ടു​തന്നെ പുതിയ അച്ചടി​സൗ​ക​ര്യ​ങ്ങൾ അനിവാ​ര്യ​മാ​യി​ത്തീർന്നു. സ്റ്റാക്ക്‌ സാവി​റ്റ്‌സ്‌കി പറയുന്നു: “1955-ൽ ഞങ്ങളുടെ വീട്ടിൽ ഒരു അച്ചടി​യ​ന്ത്രം രഹസ്യ​മാ​യി സ്ഥാപിച്ചു. ഡാഡി യഹോ​വ​യു​ടെ സാക്ഷി​യ​ല്ലാ​തി​രു​ന്ന​തി​നാൽ അതിനാ​യി അദ്ദേഹ​ത്തി​ന്റെ അനുവാ​ദം വാങ്ങേ​ണ്ടി​യി​രു​ന്നു. രണ്ടുമാ​സം​കൊണ്ട്‌ ഞങ്ങൾ വീടിന്റെ പോർച്ചി​ന​ടി​യി​ലാ​യി ഒരു മുറി കുഴി​ച്ചു​ണ്ടാ​ക്കി. 4 മീറ്റർ നീളവും 2 മീറ്റർ വീതി​യു​മുള്ള ആ അറ നിർമി​ക്കാൻ 30 ഘനമീറ്റർ മണ്ണു നീക്കേ​ണ്ടി​വന്നു. ആരും കാണാത്ത വിധത്തിൽ വേണമാ​യി​രു​ന്നു മണ്ണു ചുമന്നു​നീ​ക്കാൻ. ഒന്നര മീറ്റർ കുഴി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ പിന്നെ​യു​ണ്ടാ​യി​രു​ന്നത്‌ തണുത്തു​റഞ്ഞ്‌ കല്ലു​പോ​ലെ കിടക്കുന്ന മണ്ണായി​രു​ന്നു. അതു​കൊണ്ട്‌ ഞങ്ങൾ ജോലി​ക്കു പോകുന്ന സമയത്ത്‌ ആരു​ടെ​യും ശ്രദ്ധയാ​കർഷി​ക്കാ​ത്ത​വി​ധം മമ്മി ആ കുഴി​ക്കു​ള്ളിൽ തീകത്തിച്ച്‌ മണ്ണു മയമു​ള്ള​താ​ക്കു​മാ​യി​രു​ന്നു. അടുത്ത പടിയാ​യി ഞങ്ങൾ മുറി​യു​ടെ തറയും മേൽക്കൂ​ര​യും ഭംഗി​യാ​ക്കി. എല്ലാം ഒരുങ്ങി​ക്ക​ഴി​ഞ്ഞ​പ്പോൾ ഒരു ദമ്പതി​കളെ അതിനു​ള്ളി​ലാ​ക്കി! അവിടെ താമസി​ച്ചു​കൊണ്ട്‌ അവർ അച്ചടി നടത്തി. അവർക്കു​വേണ്ടി ഭക്ഷണമു​ണ്ടാ​ക്കു​ന്ന​തും അവരുടെ തുണി കഴുകു​ന്ന​തു​മെ​ല്ലാം മമ്മിയാ​യി​രു​ന്നു. 1959 വരെ പ്രവർത്ത​ന​ത്തി​ലി​രു​ന്നു ആ അച്ചടി​കേ​ന്ദ്രം.

“1957-ൽ, പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പകർപ്പെ​ടു​പ്പു​വേ​ല​യ്‌ക്കു മേൽനോ​ട്ടം​വ​ഹി​ക്കുന്ന സഹോ​ദരൻ എന്നോടു ചോദി​ച്ചു: ‘അച്ചടി​വേല ഏറ്റെടു​ക്കാ​നാ​കു​മോ? പ്രതി​മാ​സം കുറഞ്ഞത്‌ 200 മാസി​ക​യെ​ങ്കി​ലും നമുക്കു വേണം.’ ഞാൻ സമ്മതിച്ചു. താമസി​യാ​തെ ഉത്‌പാ​ദനം 200-ൽനിന്ന്‌ 500 ആയി. അപ്പോ​ഴും ആവശ്യം കൂടി​ക്കൊ​ണ്ടേ​യി​രു​ന്നു. എന്നാൽ രാത്രി​യിൽവേ​ണ​മാ​യി​രു​ന്നു ഇതു​ചെ​യ്യാൻ. കാരണം, ഞങ്ങൾ പ്രവാ​സി​ക​ളാ​യ​തി​നാൽ തൊഴിൽസ്ഥ​ലത്ത്‌ മേൽനോ​ട്ടം​വ​ഹി​ക്കാൻ ആളുണ്ടാ​യി​രു​ന്നു, ഓരോ ദിവസ​ത്തെ​യും ഉത്‌പാ​ദ​ന​ത്തി​ന്റെ കാര്യ​ത്തി​ലും നിബന്ധ​ന​യു​ണ്ടാ​യി​രു​ന്നു. ആഴ്‌ച​യിൽ ആകെയു​ള്ളത്‌ ഒരൊ​ഴി​വും.

“തൊഴിൽസ്ഥ​ല​ത്തു​നി​ന്നു വന്നശേഷം ഞാൻ നേരെ അച്ചടി​മു​റി​യി​ലേ​ക്കി​റ​ങ്ങു​മാ​യി​രു​ന്നു. അച്ചടി തുടങ്ങി​ക്ക​ഴി​ഞ്ഞാൽപ്പി​ന്നെ അതു തീരു​ന്ന​തു​വരെ പണി തുട​രേ​ണ്ടി​യി​രു​ന്ന​തി​നാൽ ഒട്ടും​തന്നെ ഉറങ്ങാൻ കഴിഞ്ഞി​രു​ന്നില്ല. ഇടയ്‌ക്കു​വെച്ച്‌ പണി നിറു​ത്തി​യാൽ മഷി ഉണങ്ങി​പ്പോ​കും. ചില​പ്പോ​ഴൊ​ക്കെ 500 പേജുകൾ അച്ചടി​ച്ച​ശേഷം അക്ഷരങ്ങ​ളു​ടെ വ്യക്തത​യ്‌ക്കാ​യി സൂചി​യു​പ​യോ​ഗിച്ച്‌ അവയോ​രോ​ന്നി​ലും ചില തിരു​ത്ത​ലു​ക​ളും വരുത്തി​യി​രു​ന്നു. വായു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത​തി​നാൽ അച്ചടിച്ച താളുകൾ ഉണങ്ങാൻ പ്രയാ​സ​മാ​യി​രു​ന്നു.

“അച്ചടി പൂർത്തി​യായ മാസി​കകൾ രാത്രി​യിൽത്തന്നെ 20 കിലോ​മീ​റ്റർ അകലെ​യുള്ള ടുലുൺ പട്ടണത്തി​ലെ​ത്തി​ക്കും. അവി​ടെ​നിന്ന്‌ അതു പിന്നെ എവി​ടേ​ക്കാ​ണു പോകു​ന്ന​തെന്ന്‌ കൃത്യ​മാ​യി എനിക്ക​റി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ക്രാസ്‌ന​യാർസ്‌ക്‌, ബ്രാറ്റ്‌സ്‌ക്‌, ഉസോലി-സിബിർസ്‌കൊ​യി എന്നിവി​ട​ങ്ങ​ളി​ലും മറ്റു നഗരങ്ങ​ളി​ലും പട്ടണങ്ങ​ളി​ലു​മുള്ള സാക്ഷികൾ അവ ഉപയോ​ഗി​ച്ചി​രു​ന്നു.

“വേലയ്‌ക്കു മേൽനോ​ട്ടം​വ​ഹിച്ച സഹോ​ദ​ര​ന്മാർ 1959-ൽ, ടുലു​ണി​ലെ റെയിൽവേ​സ്റ്റേ​ഷനു സമീപം ഒരു പുതിയ അച്ചടി​കേ​ന്ദ്രം നിർമി​ക്കാൻ എന്റെ സഹായം​തേടി. ആദ്യ​കേ​ന്ദ്ര​ത്തി​നാ​യി ചെയ്‌ത​തു​പോ​ലെ ഞാൻ സമർഥ​മാ​യി മണ്ണു നീക്കം​ചെ​യ്യു​ക​യും വെളി​ച്ച​ത്തി​നുള്ള സംവി​ധാ​നം ഏർപ്പെ​ടു​ത്തു​ക​യും ചെയ്‌തു. ആവശ്യ​മായ ജ്ഞാനം യഹോവ നൽകി. ഒരു കുടും​ബം അതിൽ താമസ​മാ​ക്കു​ക​യും ഒരു വർഷ​ത്തോ​ളം അച്ചടി നടത്തു​ക​യും ചെയ്‌തു. ഒടുവിൽ അച്ചടി​കേ​ന്ദ്രം കെജിബി-യുടെ കണ്ണിൽപ്പെട്ടു. ‘വിദഗ്‌ധ​രായ ഇലക്‌ട്രീ​ഷ്യ​ന്മാർക്കു​പോ​ലും കണ്ടുപി​ടി​ക്കാ​നാ​കാത്ത വിധത്തി​ലാ​യി​രു​ന്നു വയറിങ്‌ നിർവ​ഹി​ച്ചി​രു​ന്നത്‌’ എന്ന്‌ പ്രാ​ദേ​ശിക പത്രങ്ങൾ റിപ്പോർട്ടു​ചെ​യ്‌തു.

“എന്റെ കുടും​ബ​ത്തി​നു​വെ​ളി​യിൽ ഏതാനും സഹോ​ദ​ര​ന്മാർക്കു മാത്രമേ ഞാൻ അച്ചടി നടത്തുന്ന കാര്യം അറിയാ​മാ​യി​രു​ന്നു​ള്ളൂ. യോഗ​ങ്ങൾക്ക്‌ ഒരിക്ക​ലും എന്നെ കാണാ​താ​യ​പ്പോൾ ഞാൻ ആത്മീയ​മാ​യി തണുത്തു​പോ​യോ​യെന്ന്‌ സഹോ​ദ​രങ്ങൾ ഉത്‌ക​ണ്‌ഠ​പ്പെട്ടു. എന്നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി അവർ വീട്ടിൽ വരുമാ​യി​രു​ന്നെ​ങ്കി​ലും ഞാൻ അവിടെ ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നില്ല. ശക്തമായ പോലീസ്‌ നിരീ​ക്ഷ​ണ​ത്തി​ന്റെ അക്കാലത്ത്‌ പരമര​ഹ​സ്യ​മാ​യി​ട്ടേ അച്ചടി നടത്താ​നാ​കു​മാ​യി​രു​ന്നു​ള്ളൂ.”

മോസ്‌കോ​യിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പകർപ്പു​ണ്ടാ​ക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ബൈബി​ളും ബൈബിൾ സാഹി​ത്യ​ങ്ങ​ളും അടിയ​ന്തി​ര​മാ​യി ആവശ്യ​മു​ണ്ടെന്ന്‌ അധികാ​രി​കൾക്ക്‌ നന്നായി അറിയാ​മാ​യി​രു​ന്നു. ബൈബിൾ സാഹി​ത്യ​ങ്ങൾ അച്ചടി​ക്കാ​നോ ഇറക്കു​മതി ചെയ്യാ​നോ വേണ്ടി ഭരണസം​ഘം പലവട്ടം അനുമതി ചോദി​ച്ചി​രു​ന്നു. എന്നാൽ അതെല്ലാം നിഷേ​ധി​ക്ക​പ്പെട്ടു. സാഹി​ത്യ​ങ്ങ​ളു​ടെ ദൗർല​ഭ്യം സഹോ​ദ​ര​ങ്ങളെ വലച്ചു. അതു​കൊണ്ട്‌ സഭകൾക്കും കൂട്ടങ്ങൾക്കും ആത്മീയ ആഹാരം പ്രദാ​നം​ചെ​യ്യേ​ണ്ട​തിന്‌, മോസ്‌കോ ഉൾപ്പെടെ രാജ്യ​ത്തി​ന്റെ പലഭാ​ഗ​ത്തും സാഹി​ത്യ​ങ്ങ​ളു​ടെ പകർപ്പെ​ടു​ക്കു​ന്ന​തി​നുള്ള സാധ്യ​തകൾ അവർ നിരന്തരം ആരാഞ്ഞു​കൊ​ണ്ടി​രു​ന്നു.

വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഒരു ലക്കം കൈവശം വെച്ചതിന്‌ 1957-ൽ സ്റ്റെപാൻ ലവിറ്റ്‌സ്‌കി​യെ 10 വർഷത്തെ തടവിനു ശിക്ഷിച്ചു. ഊണു​മേ​ശ​യു​ടെ വിരി​പ്പി​ന​ടി​യിൽ നിന്നാണ്‌ അധികാ​രി​കൾ അത്‌ കണ്ടെത്തി​യത്‌. അദ്ദേഹം പറയുന്നു: “മൂന്നര വർഷത്തി​നു​ശേഷം സുപ്രീം കോടതി ശിക്ഷ റദ്ദാക്കി. ഞാൻ മോസ്‌കോ​യ്‌ക്ക്‌ അടുത്തുള്ള ഏതെങ്കി​ലും സ്ഥലത്തു താമസിച്ച്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലും മറ്റ്‌ ആത്മീയ പ്രവർത്ത​ന​ങ്ങ​ളി​ലും ഏർപ്പെ​ട​ണ​മെന്ന്‌ തടവിൽനി​ന്നു വിടു​ന്ന​തി​നു​മു​മ്പു​തന്നെ സഹോ​ദ​ര​ന്മാർ എന്നെ ഉപദേ​ശി​ച്ചു. മോസ്‌കോ​യിൽനി​ന്നു രണ്ടു മണിക്കൂർ അകലെ​യുള്ള ഒരു സ്ഥലത്തു താമസി​ച്ചു​കൊണ്ട്‌ തലസ്ഥാ​ന​ന​ഗ​രി​യു​ടെ പല ഭാഗങ്ങ​ളി​ലും ഞാൻ പ്രസം​ഗി​ക്കാൻ തുടങ്ങി. എന്റെ പ്രവർത്ത​ന​ങ്ങ​ളെ​യെ​ല്ലാം യഹോവ അനു​ഗ്ര​ഹി​ച്ചു, ഏതാനും വർഷങ്ങൾക്കു​ശേഷം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ ഒരു കൂട്ടത്തെ മോസ്‌കോ​യിൽ സംഘടി​പ്പി​ക്കാ​നാ​യി. 1970-ൽ എന്നെ മോസ്‌കോ, ലെനിൻഗ്രാഡ്‌, ഗോർക്കി, ഒറെൽ, റ്റൂള എന്നിവ​യുൾപ്പെ​ടുന്ന ഒരു സർക്കി​ട്ടിൽ നിയമി​ച്ചു. സഭകൾക്കു സാഹി​ത്യം എത്തിച്ചു​കൊ​ടു​ക്കുക എന്നതാ​യി​രു​ന്നു എന്റെ ചുമതല.

മോസ്‌കോ​യി​ലും റഷ്യയു​ടെ മറ്റു ഭാഗങ്ങ​ളി​ലും പര്യാ​പ്‌ത​മായ അളവിൽ ബൈബിൾ സാഹി​ത്യ​ങ്ങൾ എത്തിക്കു​ന്നത്‌ യഹോ​വ​യു​ടെ ഇഷ്ടമാ​ണെന്ന കാര്യം എനിക്കു​റ​പ്പു​ണ്ടാ​യി​രു​ന്നു. ഇക്കാര്യ​ത്തിൽ കൂടുതൽ എന്തെങ്കി​ലും ചെയ്യാ​നുള്ള എന്റെ താത്‌പ​ര്യം പ്രാർഥ​ന​യിൽ ഞാൻ യഹോ​വ​യോ​ടു പറഞ്ഞു. താമസി​യാ​തെ മോസ്‌കോ​യി​ലെ പല അച്ചടി​ശാ​ല​ക​ളു​മാ​യി ബന്ധമുള്ള ഒരു അച്ചടി​വി​ദ​ഗ്‌ധനെ പരിച​യ​പ്പെ​ടാ​നി​ട​യാ​യി. സംശയ​മു​ണർത്താത്ത വിധത്തിൽ ഒരിക്കൽ ഞാൻ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു: “മോസ്‌കോ​യി​ലെ ഏതെങ്കി​ലും ഒരു പ്രസ്സിൽ ഒരു പുസ്‌ത​ക​ത്തി​ന്റെ കുറച്ചു പ്രതികൾ അച്ചടി​ക്കാൻ സാധി​ക്കു​മോ?”

“‘ഏതു പുസ്‌തകം?’ അദ്ദേഹം ചോദി​ച്ചു.

നഷ്ടപ്പെട്ട പറുദീ​സ​യിൽനി​ന്നു തിരി​ച്ചു​കി​ട്ടിയ പറുദീ​സ​യി​ലേക്ക്‌,” പരി​ഭ്ര​മ​ത്തോ​ടെ ഞാൻ.

“അദ്ദേഹ​ത്തി​ന്റെ ഒരു അടുത്ത സുഹൃ​ത്തി​നു പ്രസ്സി​ലാ​യി​രു​ന്നു ജോലി. കമ്യൂ​ണി​സ്റ്റു​കാ​ര​നും പാർട്ടി​യു​ടെ പോഷക സംഘടനാ നേതാ​വു​മാ​യി​രുന്ന അയാൾ, പണം കൊടു​ത്താൽ പുസ്‌ത​ക​ത്തി​ന്റെ കുറെ പതിപ്പു​കൾ അടിക്കാ​മെ​ന്നേറ്റു. ഈ ബൈബിൾ പഠന സഹായി സഹോ​ദ​ര​ങ്ങൾക്ക്‌ എത്രവ​ലിയ അനു​ഗ്ര​ഹ​മാ​യെ​ന്നോ!

“നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഇവ്വിധം അച്ചടി​ക്കു​ന്നത്‌ എനിക്കും അവ അച്ചടി​ക്കുന്ന വ്യക്തി​ക്കും അപകട​ക​ര​മാ​യി​രു​ന്നു. ഒരോ പ്രാവ​ശ്യ​വും അച്ചടി കഴിഞ്ഞ പുസ്‌ത​കങ്ങൾ ആരും കാണാതെ രാത്രി​യിൽ വേണമാ​യി​രു​ന്നു പ്രസ്സിൽനി​ന്നും പുറത്തു​കൊ​ണ്ടു​വ​രാൻ. ഈ ക്രമീ​ക​ര​ണ​ത്തി​ന്മേൽ യഹോ​വ​യു​ടെ അനു​ഗ്രഹം ഉണ്ടായി​രു​ന്നു, ഏറെ ബൈബിൾ സാഹി​ത്യ​ങ്ങൾ ഇവിടെ അച്ചടി​ക്കു​ക​യും ചെയ്‌തു. “സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കും,” “നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം,” എന്തിന്‌, പാട്ടു പുസ്‌ത​കം​പോ​ലും അവിടെ അച്ചടി​ക്കു​ക​യു​ണ്ടാ​യി. തീർച്ച​യാ​യും ഇതു ഞങ്ങൾക്കു തക്ക സമയത്തെ ഭക്ഷണമാ​യി​രു​ന്നു. (മത്താ. 24:45) ഒമ്പതു വർഷം ഈ പ്രസ്സിൽ അച്ചടി നടത്തി.

“എന്നാൽ ഒരു ദിവസം പ്രസ്സിന്റെ സൂപ്പർ​വൈസർ അപ്രതീ​ക്ഷി​ത​മാ​യി പരി​ശോ​ധ​ന​യ്‌ക്കെത്തി, അപ്പോൾ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌ അച്ചടി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. ഓപ്പ​റേറ്റർ പെട്ടെന്ന്‌ ഒരു ആരോ​ഗ്യ​മാ​സിക അച്ചടി​ക്കു​ന്ന​തി​നാ​യി പ്രസ്സ്‌ ക്രമീ​ക​രി​ച്ചു. എന്നാൽ തിടു​ക്ക​ത്തിൽ അതു ചെയ്‌ത​തി​നാൽ അബദ്ധത്തിൽ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ആറു പേജുകൾ അതിൽപ്പെട്ടു. ആ ആരോ​ഗ്യ​മാ​സി​ക​യു​ടെ ഒരു കോപ്പി സൂപ്പർ​വൈസർ ഓഫീ​സി​ലേക്കു കൊണ്ടു​പോ​യി. മാസിക വായി​ച്ച​പ്പോൾ, അതിന്റെ വിഷയ​വു​മാ​യി യാതൊ​രു ബന്ധവു​മി​ല്ലാത്ത വിവരങ്ങൾ കണ്ട്‌ സൂപ്പർ​വൈസർ അത്ഭുത​പ്പെട്ടു. ഓപ്പ​റേ​റ്ററെ വിളിച്ച്‌ ഇതെങ്ങനെ സംഭവി​ച്ചു​വെ​ന്ന​തി​നു വിശദീ​ക​രണം ആവശ്യ​പ്പെട്ടു. പിന്നീട്‌ ഈ കേസ്‌ കെജിബി-ക്കു വിട്ടു. നീണ്ട തടവു​ശിക്ഷ പേടിച്ച്‌ ഓപ്പ​റേറ്റർ തനിക്ക​റി​യാ​വു​ന്ന​തെ​ല്ലാം അവരോ​ടു പറഞ്ഞു. കെജിബി എന്നെ​ത്തേ​ടി​യെത്തി, യഹോ​വ​യു​ടെ സാക്ഷി​യാ​യി ഞാൻ മാത്രമേ മോസ്‌കോ​യി​ലു​ള്ളു​വെന്ന്‌ അവർക്കു നന്നായി അറിയാ​മാ​യി​രു​ന്നു. അഞ്ചര വർഷത്തെ തടവു​ശി​ക്ഷ​യ്‌ക്ക്‌ എന്നെ വിധിച്ചു.” ഓപ്പ​റേ​റ്റർക്കു മൂന്നു വർഷവും.

“അർമ​ഗെ​ദോൻ വരുമാ​റാ​കട്ടെ!”

അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും ദീർഘ​കാ​ലം ജയിൽവാ​സ​മ​നു​ഭ​വി​ച്ചു. 15 വർഷം തടവിൽക്ക​ഴിഞ്ഞ ഗ്രിഗറി ഗറ്റിലഫ്‌ ഓർക്കു​ന്നു: “ഞാൻ അവസാനം കിടന്ന ജയിലി​നു പ്രിയ​ങ്ക​ര​മായ ഒരു പേരാ​ണു​ണ്ടാ​യി​രു​ന്നത്‌: വെള്ളര​യന്നം. കൗക്കാ​സ​സി​ലെ പ്രകൃ​തി​ര​മ​ണീ​യ​മായ ഒരു സ്ഥലത്താ​യി​രു​ന്നു അത്‌, തലയു​യർത്തി​നിൽക്കുന്ന അഞ്ചു മലകളി​ലൊ​ന്നി​ന്റെ തുഞ്ചത്ത്‌. ആ മലനി​രകൾ മടിയി​ലി​രു​ത്തി താലോ​ലി​ക്കുന്ന പിറ്റി​ഗോർസ്‌ക്‌ ടൂറിസ്റ്റു പട്ടണം താഴെ. ഒരു വർഷക്കാ​ലം പലരു​മാ​യി സത്യം പങ്കു​വെ​ക്കാ​നുള്ള അവസരം ആ ജയിലിൽ എനിക്കു ലഭിച്ചു. എന്റെ ജയിലറ ഒന്നാന്ത​ര​മൊ​രു ‘പ്രവർത്തന പ്രദേ​ശ​മാ​യി​രു​ന്നു.’ വേറൊ​രി​ട​ത്തും എനിക്കു പോ​കേ​ണ്ടി​വ​ന്നില്ല. വാർഡ​ന്മാർ പുതി​യ​വരെ എന്റെ സെല്ലിൽ കൊണ്ടു​വ​രു​ക​യും ഏതാനും ദിവസ​ങ്ങൾക്കു​ശേഷം അവരെ അവി​ടെ​നി​ന്നു മാറ്റു​ക​യും ചെയ്‌തെ​ങ്കി​ലും ഞാൻ എന്നും അവി​ടെ​ത്ത​ന്നെ​യാ​യി​രു​ന്നു. അപൂർവ​മാ​യി​മാ​ത്രമേ എനിക്കു മാറ്റം​കി​ട്ടി​യി​രു​ന്നു​ള്ളൂ. യഹോ​വ​യു​ടെ രാജ്യ​ത്തെ​ക്കു​റി​ച്ചു സകലർക്കും ഒരു സമഗ്ര​സാ​ക്ഷ്യം നൽകാൻ ഞാൻ ശ്രമിച്ചു. പലരും അർമ​ഗെ​ദോ​നെ​പ്പറ്റി കൂടു​ത​ലാ​യി ചോദി​ച്ചു. വിശ്വാ​സ​ത്തി​ന്റെ പേരിൽ ഇത്ര ദീർഘ​കാ​ലം തടവിൽക്ക​ഴി​യാൻ ഞാൻ തയ്യാറാ​യ​തിൽ ചില തടവു​കാർ അത്ഭുത​പ്പെ​ട്ടു​പോ​യി. ‘വിശ്വാ​സം തള്ളിക്ക​ള​ഞ്ഞി​ട്ടു വീട്ടിൽപ്പൊ​യ്‌ക്കൂ​ടേ?’ അവരും വാർഡ​ന്മാ​രും ചില​പ്പോ​ഴൊ​ക്കെ ചോദി​ക്കും. അവരി​ലാ​രെ​ങ്കി​ലും സത്യ​ത്തോട്‌ ആത്മാർഥ താത്‌പ​ര്യം കാട്ടു​മ്പോൾ എനിക്കു സന്തോ​ഷ​മാ​യി​രു​ന്നു. ഒരിക്കൽ, ജയില​റ​യു​ടെ ഭിത്തി​യിൽ ആരോ ‘അർമ​ഗെ​ദോൻ വരുമാ​റാ​കട്ടെ!’ എന്നു കോറി​യി​ട്ടി​രി​ക്കു​ന്നതു ഞാൻ കണ്ടു. ജയിൽവാ​സം സന്തോ​ഷ​ക​ര​മായ ഒരനു​ഭ​വ​മ​ല്ലെ​ങ്കി​ലും സത്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​നാ​യ​തിൽ ഞാൻ സന്തുഷ്ട​നാ​യി​രു​ന്നു.”

“ഇക്കൂട്ട​ത്തിൽ യോനാ​ദാ​ബു​കൾ ആരെങ്കി​ലു​മു​ണ്ടോ?”

തീക്ഷ്‌ണ​മാ​യി ദൈവ​സേ​വ​ന​ത്തി​ലേർപ്പെട്ട പല സഹോ​ദ​രി​മാ​രും തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലെത്തി. (സങ്കീ. 68:11) സഹോ​ദ​രി​മാർ അന്യോ​ന്യ​വും സാക്ഷി​ക​ള​ല്ലാത്ത തടവു​കാ​രോ​ടും സ്‌നേഹം പ്രകട​മാ​ക്കി​യ​തി​നെ​ക്കു​റിച്ച്‌ സിനിഡ കോസി​രിവ പറയുന്നു: “എന്റെ സ്‌നാ​ന​ത്തി​നു​ശേഷം ഒരു വർഷം തികയു​ന്ന​തി​നു​മുമ്പ്‌ 1959-ൽ, എന്നോ​ടൊ​പ്പം വേര മിഖാ​യി​ലവ, ല്യൂഡ്‌മില യിഫ്‌സ്റ്റാ​ഫ്യെവ എന്നിവരെ സൈബീ​രി​യ​യി​ലുള്ള കിമി​റോ​വോ തൊഴിൽപ്പാ​ള​യ​ത്തി​ലാ​ക്കി. അവിടെ മൊത്തം 550 തടവു​കാ​രു​ണ്ടാ​യി​രു​ന്നു. ഞങ്ങളെ​ത്തി​യ​പ്പോൾ സ്‌ത്രീ​ക​ളിൽ പലരും വാതിൽക്കൽ നിൽപ്പു​ണ്ടാ​യി​രു​ന്നു.

“‘ഇക്കൂട്ട​ത്തിൽ യോനാ​ദാ​ബു​കൾ ആരെങ്കി​ലു​മു​ണ്ടോ?’ അവർ ചോദി​ച്ചു.

“അവർ നമ്മുടെ പ്രിയ സഹോ​ദ​രി​മാ​രാ​ണെന്നു പെട്ടെന്നു ഞങ്ങൾക്കു മനസ്സി​ലാ​യി. പിന്നെ താമസി​ച്ചില്ല. ഭക്ഷണവും ചോദ്യ​ങ്ങ​ളു​മാ​യി അവർ ഞങ്ങളെ പൊതി​ഞ്ഞു. കുടും​ബ​ത്തിൽപ്പോ​ലും അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത സ്‌നേ​ഹ​പ​രി​ലാ​ളനം! ഞങ്ങൾ നവാഗ​ത​രാ​യി​രു​ന്ന​തി​നാൽ എല്ലാക്കാ​ര്യ​ത്തി​ലും അവർ ഞങ്ങളുടെ സഹായ​ത്തി​നെത്തി. (മത്താ. 28:20) ആത്മീയ പോഷ​ണ​ത്തി​നാ​യുള്ള അവിടത്തെ ക്രമീ​ക​ര​ണങ്ങൾ സുസം​ഘ​ടി​ത​മാ​ണെന്ന്‌ പെട്ടെ​ന്നു​തന്നെ ഞങ്ങൾക്കു ബോധ്യ​മാ​യി.

“സ്വന്തം കുടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ​യാ​യി​രു​ന്നു ഞങ്ങൾ. നെൽപ്പാ​ടം കൊയ്യുന്ന വേനൽക്കാ​ലത്തു നല്ല രസമാ​യി​രു​ന്നു. ഞങ്ങൾ ഓടി​പ്പോ​കു​മെ​ന്നോ നിയമം ലംഘി​ക്കു​മെ​ന്നോ ഒന്നും അധികാ​രി​കൾ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടി​രു​ന്നില്ല. 20-ഓ 25-ഓ സഹോ​ദ​രി​മാർക്കാ​യി ഒരു പട്ടാള​ക്കാ​രൻ കാവൽനിൽക്കു​മാ​യി​രു​ന്നെ​ങ്കി​ലും യഥാർഥ​ത്തിൽ ഞങ്ങളാണ്‌ അദ്ദേഹ​ത്തി​നു കാവൽനി​ന്നി​രു​ന്നത്‌! ആരെങ്കി​ലും വരുന്നതു കാണു​മ്പോൾ വേഗം അദ്ദേഹത്തെ വിളി​ച്ചെ​ഴു​ന്നേൽപ്പി​ക്കും, അല്ലെങ്കിൽ ജോലി​സ​മ​യത്ത്‌ ഉറങ്ങി​യ​തി​ന്റെ പേരിൽ ആളുടെ പണി പോയ​തു​തന്നെ. കാവൽക്കാ​രൻ ഉറങ്ങി​ക്കി​ട​ക്കു​മ്പോൾ, വിശ്ര​മ​വേ​ള​ക​ളിൽ ഞങ്ങൾ ആത്മീയ​വി​വ​രങ്ങൾ ചർച്ച​ചെ​യ്യും. അദ്ദേഹ​ത്തി​നും ഞങ്ങൾക്കും ഒരു​പോ​ലെ സഹായ​ക​മാ​യി​രു​ന്നു ഈ സംവി​ധാ​നം.

“1959 കഴിയാ​റാ​യ​പ്പോൾ ചില സഹോ​ദ​രി​മാ​രെ​യും എന്നെയും കനത്ത സുരക്ഷാ​സം​വി​ധാ​ന​ങ്ങ​ളുള്ള ഒരു ജയിലി​ലേക്കു മാറ്റി. ചില്ലി​ല്ലാത്ത ജനലോ​ടു​കൂ​ടിയ, തണുത്തു​മരച്ച ഒരു സെല്ലി​ലാ​യി​രു​ന്നു ഞങ്ങളുടെ താമസം. രാത്രി​യിൽ പലകയിൽ കിടന്നാ​യി​രു​ന്നു ഉറക്കം. പച്ചക്കറി​കൾ ഇനംതി​രി​ക്കാ​നുള്ള പണി നൽകി​യ​ശേഷം അധികാ​രി​കൾ ഞങ്ങളുടെ പെരു​മാ​റ്റം നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. മറ്റു തടവു​കാ​രെ​പ്പോ​ലെ മോഷ്ടി​ക്കുന്ന സ്വഭാ​വ​ക്കാ​രല്ല ഞങ്ങളെന്ന്‌ പെട്ടെ​ന്നു​തന്നെ ബോധ്യ​പ്പെട്ട അവർ കിടന്നു​റ​ങ്ങാൻ ഞങ്ങൾക്കു വൈ​ക്കോൽ കൊണ്ടു​വ​ന്നു​ത​രു​ക​യും ജനലിനു ചില്ലു പിടി​പ്പി​ക്കു​ക​യും ചെയ്‌തു. ഒരു വർഷം അങ്ങനെ നീങ്ങി. തുടർന്ന്‌ എല്ലാ സഹോ​ദ​രി​മാ​രെ​യും ഇർക്കൂ​റ്റ്‌സ്‌ക്കി​ലുള്ള ഒരു സാധാരണ പാളയ​ത്തി​ലേക്കു കൊണ്ടു​പോ​യി.

“120-ഓളം സഹോ​ദ​രി​മാ​രു​ണ്ടാ​യി​രു​ന്നു അവിടെ. 15 മാസം അവിടെ ചെലവ​ഴി​ച്ചു. ആദ്യ ശിശിരം അത്യന്തം തണുപ്പു​ള്ള​താ​യി​രു​ന്നു, എങ്ങും കനത്ത മഞ്ഞുവീഴ്‌ച. തടിമി​ല്ലി​ലാ​യി​രു​ന്നു ഞങ്ങൾക്കു ജോലി. ശരിക്കും കഷ്ടപ്പെട്ടു. പ്രസി​ദ്ധീ​ക​ര​ണങ്ങൾ കണ്ടെടു​ക്കാൻ സൂപ്പർ​വൈ​സർമാർ മിക്ക​പ്പോ​ഴും ഞങ്ങളെ പരി​ശോ​ധി​ച്ചി​രു​ന്നു—നേര​മ്പോ​ക്കിന്‌ അവർക്കു മറ്റൊരു മാർഗ​വും ഇല്ലെന്ന​പോ​ലെ! പക്ഷേ എന്തു പ്രയോ​ജനം? പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ല്ലാം അതിവി​ദ​ഗ്‌ധ​മാ​യി ഒളിപ്പി​ക്കാൻ ഞങ്ങൾ പഠിച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ഒരിക്കൽ ഞാനും വേരയും ഏതാനും കടലാ​സു​ക​ളും ദിനവാ​ക്യ​വും നന്നായി പൊതിഞ്ഞ്‌ ജോലി​സ​മ​യത്തു ധരിക്കാ​റുള്ള ജാക്കറ്റി​നു​ള്ളിൽ വെച്ചു. ഞങ്ങൾക്കു​പോ​ലും അതു കണ്ടുപി​ടി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല! പക്ഷേ സൂപ്പർ​വൈസർ അതു കണ്ടുപി​ടി​ക്കു​ക​യും ഞങ്ങളെ അഞ്ചുദി​വസം ഏകാന്ത​ത​ട​വി​ലേക്കു മാറ്റു​ക​യും ചെയ്‌തു. അവിടെ അതി​ശൈ​ത്യ​മാ​യി​രു​ന്നു, താപനില പൂജ്യ​ത്തി​ലും 40 ഡിഗ്രി താഴെ. ചൂടു​പി​ടി​പ്പി​ക്കാ​നുള്ള ക്രമീ​ക​ര​ണ​മൊ​ന്നു​മി​ല്ലാഞ്ഞ ആ സെല്ലിന്റെ ചുവരാ​കെ തണുത്തു​റഞ്ഞു കിടന്നു.

“കഷ്ടിച്ച്‌ ഇരിക്കാൻമാ​ത്രം വലുപ്പ​മുള്ള ചെറിയ കോൺക്രീറ്റ്‌ ഷെൽഫു​കൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. അസഹ്യ​മായ തണുപ്പു​തോ​ന്നു​മ്പോൾ ഞങ്ങൾ കാലുകൾ ഭിത്തി​ക്കു​നേരെ വെച്ച്‌ പരസ്‌പരം ചാരി​യി​രുന്ന്‌ ഉറങ്ങു​മാ​യി​രു​ന്നു. ഉറക്കത്തിൽ തണുത്തു വിറങ്ങ​ലി​ച്ചു മരിച്ചു​പോ​കു​മോ​യെന്നു പേടിച്ച്‌ ചാടി​യെ​ഴു​ന്നേ​റ്റി​ട്ടുണ്ട്‌. ഒരു ഗ്ലാസ്‌ ചൂടു വെള്ളവും 300 ഗ്രാം കറുത്ത ബ്രഡു​മാ​യി​രു​ന്നു ഒരു ദിവസത്തെ ഭക്ഷണം. എന്നിട്ടും യഹോവ പകർന്നു​നൽകിയ ‘അത്യന്ത​ശക്തി’ മൂലം ഞങ്ങൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രു​ന്നു. (2 കൊരി. 4:7) സഹോ​ദ​രി​മാർ ദയയു​ള്ള​വ​രാ​യി​രു​ന്നു. ബാരക്കു​ക​ളി​ലേക്കു മടങ്ങി​ച്ചെന്ന ഞങ്ങൾക്കാ​യി അവർ ആവിപ​റ​ക്കുന്ന ഭക്ഷണവും കുളി​ക്കാൻ ചൂടു​വെ​ള്ള​വും ഒരുക്കി​വെ​ച്ചി​രു​ന്നു.”

‘മറ്റുള്ള​വ​രു​മാ​യി ഇണങ്ങി​പ്പോ​കു​ന്നവൾ’

സിനിഡ തുടരു​ന്നു: “ആ പാളയ​ത്തിൽ പ്രസം​ഗി​ക്കുക അൽപ്പം ബുദ്ധി​മു​ട്ടാ​യി​രു​ന്നു. കാരണം അവിടെ ഏതാനും തടവു​കാർ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ, ഉള്ളവർക്കെ​ല്ലാം സാക്ഷി​കളെ അറിയു​ക​യും ചെയ്യാം. 1 പത്രൊസ്‌ 3:1-ലെ തത്ത്വമാണ്‌ അവിടെ ബാധക​മാ​ക്കാൻ കഴിഞ്ഞത്‌. വാക്കു​ക​ളി​ല്ലാ​തെ​യുള്ള പ്രസംഗം, അങ്ങനെ​യാണ്‌ ഞങ്ങൾ അതിനെ വിളി​ച്ചി​രു​ന്നത്‌. ഞങ്ങൾ ആ ബാരക്കു​കൾ വൃത്തി​യും വെടി​പ്പു​മു​ള്ള​താ​യി സൂക്ഷിച്ചു, പരസ്‌പരം ഉറ്റ സൗഹൃദം നിലനി​റു​ത്തു​ക​യും ചെയ്‌തി​രു​ന്നു. (യോഹ. 13:34, 35) തന്നെയു​മല്ല സാക്ഷി​ക​ള​ല്ലാ​ത്ത​വ​രോ​ടും ഞങ്ങൾ നല്ല ബന്ധത്തി​ലാ​യി​രു​ന്നു. ദൈവ​വ​ച​ന​ത്തി​നു ചേർച്ച​യിൽ മറ്റുള്ള​വ​രോ​ടു പെരു​മാ​റാ​നും അവരുടെ ആവശ്യ​ങ്ങ​ളിൽ സഹായി​ക്കാ​നും ഞങ്ങൾ ശ്രദ്ധി​ച്ചി​രു​ന്നു. സാക്ഷി​ക​ള​ല്ലാ​ത്ത​വരെ ഞങ്ങൾ പലവി​ധ​ങ്ങ​ളിൽ സഹായി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, തന്റെ സഹതട​വു​കാർക്കു കണക്കുകൾ കൈകാ​ര്യം ചെയ്യേ​ണ്ടി​വ​രു​മ്പോൾ ഒരു സഹോ​ദരി മനസ്സോ​ടെ അവരെ സഹായി​ക്കു​മാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ മറ്റു വിശ്വാ​സ​ത്തി​ലു​ള്ള​വ​രിൽനി​ന്നു വ്യത്യ​സ്‌ത​രാ​ണെന്ന്‌ അനേക​രും തിരി​ച്ച​റി​ഞ്ഞു.

“1962-ൽ ഇർക്കൂ​റ്റ്‌സ്‌ക്കിൽനി​ന്നും ഞങ്ങളെ മൊർഡ്‌വി​നി​യ​യി​ലുള്ള ഒരു പാളയ​ത്തി​ലേക്കു മാറ്റി. അവി​ടെ​യും വ്യക്തി ശുചി​ത്വ​ത്തി​നു പ്രാധാ​ന്യം കൽപ്പി​ച്ചി​രുന്ന ഞങ്ങൾ വൃത്തി​യും വെടി​പ്പു​മു​ള്ള​വ​രാ​യി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധിച്ചു. ഞങ്ങളുടെ കിടക്കകൾ വൃത്തി​യാ​യി വിരി​ച്ചി​ട്ടി​രി​ക്കും. ഏതാണ്ട്‌ 50 തടവു​കാർ ഞങ്ങളുടെ ബാരക്കു​ക​ളിൽ ഉണ്ടായി​രു​ന്നു, നമ്മുടെ സഹോ​ദ​രി​മാ​രാ​യി​രു​ന്നു അധിക​വും. അവരാ​യി​രു​ന്നു അവിട​മാ​കെ വൃത്തി​യാ​ക്കി​യി​രു​ന്നത്‌, മറ്റുള്ള​വർക്ക്‌ അതി​ലൊ​ന്നും താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നില്ല. സഹോ​ദ​രി​മാർ ബാരക്കു​ക​ളു​ടെ തറ കൂടെ​ക്കൂ​ടെ കഴുകു​ക​യും മണൽകൊണ്ട്‌ ഉരച്ചു മിനു​ക്കു​ക​യും ചെയ്‌തി​രു​ന്നു. അതിനാ​വ​ശ്യ​മാ​യ​തൊ​ക്കെ അധികാ​രി​കൾ നൽകു​മാ​യി​രു​ന്നു. ഞങ്ങളോ​ടൊ​പ്പം അവി​ടെ​യു​ണ്ടാ​യി​രുന്ന കന്യാ​സ്‌ത്രീ​ക​ളും ബുദ്ധി​ജീ​വി​ക​ളും ശുചീ​ക​ര​ണ​ത്തിൽ ചേരാൻ കൂട്ടാ​ക്കി​യി​രു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ ബാരക്കു​ക​ളി​ലെ ശുചി​ത്വം ഞങ്ങളുടെ കയ്യിലാ​യി​രു​ന്നെന്നു പറയാം. ‘വഴക്കമു​ള്ള​വ​ളും മറ്റുള്ള​വ​രു​മാ​യി ഇണങ്ങി​പ്പോ​കു​ന്ന​വ​ളും’ എന്ന്‌ മോചി​ത​രാ​കുന്ന സഹോ​ദ​രി​മാ​രു​ടെ സ്വഭാവ സർട്ടി​ഫി​ക്ക​റ്റിൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു.”

മറതീർത്ത നീളൻ പൂക്കൾ

സിനിഡ പറയുന്നു: “വലിയ പൂക്കൾ ഉണ്ടാകുന്ന ചെടി​ക​ളു​ടെ വിത്തുകൾ അയച്ചു​ത​രാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ഒരിക്കൽ കുറെ സഹോ​ദ​രി​മാർ, അവരവ​രു​ടെ വീടു​ക​ളി​ലേക്കു കത്തുക​ളെ​ഴു​തി. എന്നിട്ട്‌, തങ്ങൾക്കു കുറച്ചു പൂച്ചെ​ടി​കൾ നട്ടാൽ കൊള്ളാ​മെ​ന്നു​ണ്ടെ​ന്നും അതിനാ​യി വളക്കൂ​റുള്ള കുറച്ചു കറുത്ത മണ്ണെത്തി​ക്കാ​മോ എന്നും ഞങ്ങൾ അധികാ​രി​ക​ളോ​ടു ചോദി​ച്ചു. അവർ സമ്മതം​മൂ​ളി​യ​പ്പോൾ ഞങ്ങൾ അതിശ​യി​ച്ചു​പോ​യി. ബാരക്കി​ന്റെ ഒരറ്റം​മു​തൽ മറ്റേയ​റ്റം​വരെ ഞങ്ങൾ പൂന്തോ​ട്ട​മു​ണ്ടാ​ക്കി, പൂക്കൾ അതി​രൊ​രു​ക്കിയ വഴിത്താ​ര​ക​ളും. താമസി​യാ​തെ നീളൻ തണ്ടുക​ളുള്ള റോസാ​പ്പൂ​ക്കൾ കൂട്ട​ത്തോ​ടെ വിരി​യാൻ തുടങ്ങി. സ്വീറ്റ്‌ വില്യംസ്‌ അടക്കമുള്ള പൂക്കൾ മനോ​ഹ​ര​വും അതിലും പ്രധാ​ന​മാ​യി നീളമു​ള്ള​തു​മാ​യി​രു​ന്നു. മധ്യഭാ​ഗ​ത്താ​യുള്ള പൂന്തോ​ട്ട​ത്തിൽ വലിയ ഡാലിയാ പൂക്കളും പല നിറങ്ങ​ളി​ലുള്ള നീളൻ ഡെയ്‌സി പുഷ്‌പ​ങ്ങ​ളും കൂട്ടമാ​യി വിരി​ഞ്ഞു​നി​ന്നു. ഞങ്ങൾ അവയ്‌ക്കി​ട​യി​ലൂ​ടെ നടക്കും, പൂക്കൾക്കു പിന്നി​ലി​രുന്ന്‌ ബൈബിൾ പഠിക്കും, റോസാ​ച്ചെ​ടി​കൾക്കി​ട​യിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഒളിപ്പി​ച്ചു​വെ​ക്കും.

“നടക്കു​ന്ന​തി​നി​ട​യിൽ യോഗ​ങ്ങ​ളും നടത്തി​യി​രു​ന്നു. ഞങ്ങൾ അഞ്ചുപേർ വീതമുള്ള കൂട്ടങ്ങ​ളാ​യി തിരി​യും. സഹോ​ദ​രി​മാർ ഓരോ​രു​ത്ത​രും ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ അഞ്ചു ഖണ്ഡിക വീതം മനപ്പാ​ഠ​മാ​ക്കി​വ​രും. പ്രാരംഭ പ്രാർഥ​ന​യ്‌ക്കു ശേഷം, മനപ്പാ​ഠ​മാ​ക്കി​യി​രി​ക്കുന്ന ഖണ്ഡികകൾ ഓരോ​രു​ത്ത​രാ​യി ഉരുവി​ടും, അതു ചർച്ച​ചെ​യ്യു​ക​യും ചെയ്യും. സമാപന പ്രാർഥ​ന​യ്‌ക്കു​ശേഷം ഞങ്ങൾ നടപ്പു തുടരും. ചെറു​പു​സ്‌ത​ക​ത്തി​ന്റെ രൂപത്തി​ലാ​യി​രു​ന്നു വീക്ഷാ​ഗോ​പു​രം മാസിക. [161-ാം പേജിലെ ചിത്രം കാണുക.] ദിവസ​വും ഞങ്ങൾ എന്തെങ്കി​ലു​മൊ​ക്കെ പഠിച്ചി​രി​ക്കും. വിശേ​ഷിച്ച്‌ ദിനവാ​ക്യ​വും ആഴ്‌ച​യിൽ മൂന്നു ദിവസം നടക്കുന്ന യോഗ​ത്തി​നാ​യി മനപ്പാ​ഠ​മാ​ക്കേണ്ട ഖണ്ഡിക​ക​ളും. അതു മാത്രമല്ല, ബൈബിൾ ഹൃദി​സ്ഥ​മാ​ക്കാ​നും പരസ്‌പരം ബലപ്പെ​ടു​ത്തു​ന്ന​തി​നാ​യി അവ ഉരുവി​ടാ​നും ഞങ്ങൾ ശ്രമി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ അധികാ​രി​കൾ അന്വേ​ഷണം നടത്തി സാഹി​ത്യം പിടി​ച്ചെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ഞങ്ങൾ ആകുല​രാ​യി​രു​ന്നില്ല.

“പാളയ​ത്തി​ലെ ഞങ്ങളുടെ പ്രവർത്ത​നങ്ങൾ എങ്ങനെ​യാ​ണു നടക്കു​ന്ന​തെ​ന്ന​റി​യാൻ അധികാ​രി​കൾ മറ്റു തടവു​കാ​രി​ലൂ​ടെ ശ്രമം​ന​ട​ത്തി​യി​ട്ടുണ്ട്‌. സാഹി​ത്യ​ത്തി​നുള്ള നൊബേൽ സമ്മാന ജേതാ​വും പ്രശസ്‌ത കവിയും എഴുത്തു​കാ​ര​നു​മായ ബോറിസ്‌ പസ്റ്റർനാ​ക്കി​ന്റെ സഹകാ​രി​യായ ഓൾഗ ഇവിൻസ്‌കയ ഞങ്ങളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒരു എഴുത്തു​കാ​രി​യാ​യി​രുന്ന അവർക്കു ഞങ്ങളെ വലിയ ഇഷ്ടമാ​യി​രു​ന്നു, സാക്ഷി​കൾക്കി​ട​യി​ലെ സംഘാ​ടനം കണ്ട്‌ അവർ അത്ഭുതം​കൂ​റി. യഹോവ നൽകിയ ജ്ഞാനം നിമിത്തം ഞങ്ങൾക്ക്‌ ആത്മീയ ഭക്ഷണം മുടങ്ങാ​തെ ലഭിച്ചു​കൊ​ണ്ടി​രു​ന്നു.”—യാക്കോ. 3:17.

“മതി, ഒന്നു നിറു​ത്തു​ന്നു​ണ്ടോ?”

സിനിഡ തുടരു​ന്നു: “സാഹി​ത്യം പല മാർഗ​ങ്ങ​ളി​ലാണ്‌ ഞങ്ങളുടെ കൈക​ളി​ലെ​ത്തി​യത്‌. ‘ഞാൻ നിന്നെ ഒരുനാ​ളും കൈ വിടു​ക​യില്ല, ഉപേക്ഷി​ക്ക​യു​മില്ല’ എന്ന തന്റെ വാഗ്‌ദാ​ന​ത്തി​നു ചേർച്ച​യിൽ യഹോ​വ​ത​ന്നെ​യാണ്‌ അതിനു മേൽനോ​ട്ടം​വ​ഹി​ച്ച​തെന്നു വ്യക്തമാ​യി​രു​ന്നു. (എബ്രാ. 13:5) ചില സന്ദർഭ​ങ്ങ​ളിൽ അവൻ കാവൽക്കാ​രെ അന്ധരാ​ക്കി​യെ​ന്നു​തന്നെ പറയാം. ഒരിക്കൽ ജോലി കഴിഞ്ഞു മടങ്ങി​വ​രു​ക​യാ​യി​രു​ന്നു ഞങ്ങൾ ഒരു കൂട്ടം തടവു​കാർ. പതിവു​പോ​ലെ ഗേറ്റി​ന​ക​ത്തേക്കു കടത്തി​വി​ടു​ന്ന​തി​നുള്ള പരി​ശോ​ധന നടക്കുന്നു. അതിനാ​യി വസ്‌ത്രങ്ങൾ മുഴു​വ​നും അഴിച്ചു മാറ്റണം. ഏറ്റവും പുറകി​ലാ​ണു ഞാൻ, രണ്ടു ട്രൗസ​റി​നു​ള്ളി​ലാ​യി ഏറ്റവും പുതിയ സാഹി​ത്യം ഒളിപ്പി​ച്ചി​രി​ക്കു​ന്നു.—മത്താ. 24:45-47.

“തണുപ്പാ​യ​തി​നാൽ ഉള്ളിയു​ടെ അടുക്കു​കൾ പോലെ ഒന്നിനു​മേൽ ഒന്നായി പല വസ്‌ത്രങ്ങൾ അന്നു ഞാൻ ധരിച്ചി​രു​ന്നു. ആദ്യം കാവൽക്കാ​രി എന്റെ കോട്ടു പരി​ശോ​ധി​ച്ചു, പിന്നെ അതിന​ടി​യി​ലി​ട്ടി​രുന്ന കയ്യില്ലാത്ത, കട്ടിയുള്ള ജാക്കറ്റും. അവർ മടുത്ത്‌ ഇട്ടിട്ടു​പോ​കട്ടെ എന്നു കരുതി തിരച്ചിൽ എങ്ങനെ​യെ​ങ്കി​ലും നീട്ടി​ക്കൊ​ണ്ടു​പോ​കാൻ ഞാൻ തീരു​മാ​നി​ച്ചു. ഞാൻ സാവധാ​നം കമ്പിളി​യു​ടു​പ്പു​കൾ ഒന്നൊ​ന്നാ​യി അഴിച്ചു​നീ​ക്കി. അവർ അവ പരി​ശോ​ധി​ക്കു​ന്ന​തി​നി​ട​യിൽ കുറെ സ്‌കാർഫും ഒരു ഉടുപ്പും പിന്നെ ഒന്നിനു പുറകെ ഒന്നായി രണ്ടു ഷർട്ടു​ക​ളും ഞാൻ ഊരി​ക്കൊ​ടു​ത്തു. അവശേ​ഷി​ക്കു​ന്നത്‌ രണ്ടു ട്രൗസ​റും ബൂട്‌സും മാത്രം. തുടർന്ന്‌ ‘സ്ലോ​മോ​ഷൻ’ സീനു​ക​ളി​ലെ​ന്ന​പോ​ലെ ആദ്യം ഒരു ബൂട്ട്‌സും പിന്നീട്‌ രണ്ടാമ​ത്തേ​തും അഴിച്ചു. രണ്ടു ട്രൗസ​റു​ക​ളി​ലൊന്ന്‌ അഴിക്കാ​നാ​യി എന്റെ അടുത്ത ശ്രമം. ‘ഇനി എന്തു ചെയ്യും? അടുത്ത​തും കൂടെ ഊരാൻ പറഞ്ഞാൽ! ഓടി​ച്ചെന്ന്‌ എങ്ങനെ​യും സാഹി​ത്യം സഹോ​ദ​രി​മാ​രെ ഏൽപ്പി​ക്കണം’ ഞാൻ മനസ്സിൽക്ക​രു​തി. ആദ്യ​ത്തേത്‌ അഴിച്ച​തും കാവൽക്കാ​രി അലറി: ‘മതി, ഒന്നു നിറു​ത്തു​ന്നു​ണ്ടോ? കടന്നു​പോ​കൂ എന്റെ മുന്നിൽനിന്ന്‌!’ പെട്ടെന്ന്‌ വസ്‌ത്ര​ങ്ങ​ളെ​ല്ലാം ധരിച്ച്‌ ഞാൻ പാളയ​ത്തി​ലേ​ക്കോ​ടി.

“ഞങ്ങൾക്ക്‌ എവിടെ നിന്നാണു സാഹി​ത്യം കിട്ടി​യി​രു​ന്ന​തെ​ന്നോ? മുൻകൂ​ട്ടി നിശ്ചയി​ക്കുന്ന ഒരു സ്ഥലത്ത്‌ സഹോ​ദ​ര​ന്മാർ അവ എത്തിക്കും, ഞങ്ങൾ ഓരോ​രു​ത്ത​രും മാറി​മാ​റി അതു പാളയ​ത്തി​ലെ​ത്തി​ക്കും. അവിടെ എത്തിക്ക​ഴി​ഞ്ഞാൽ സുരക്ഷി​ത​മായ ഒരു സ്ഥലത്ത്‌ ഒളിപ്പി​ക്കും. ആ സ്ഥലവും ഇടയ്‌ക്കൊ​ക്കെ മാറ്റി​ക്കൊ​ണ്ടി​രി​ക്കും. പ്രസി​ദ്ധീ​ക​ര​ണങ്ങൾ കിട്ടുന്ന മുറയ്‌ക്ക്‌ അവയുടെ കയ്യെഴു​ത്തു പ്രതികൾ ഉണ്ടാക്കി​യും ഒളിപ്പി​ച്ചു​വെ​ക്കു​മാ​യി​രു​ന്നു. ജനലി​ലൂ​ടെ അരിച്ചി​റ​ങ്ങുന്ന വഴിവി​ള​ക്കി​ന്റെ പ്രകാ​ശ​ത്തിൽ പുതപ്പി​നു​ള്ളിൽ കിടന്നു​കൊ​ണ്ടാണ്‌ ഞങ്ങൾ പകർപ്പെ​ഴു​ത്തു നടത്തി​യി​രു​ന്നത്‌. ഒരു നിമി​ഷം​പോ​ലും പാഴാ​ക്കി​യി​രു​ന്നില്ല. ഭക്ഷണത്തി​നാ​യി ഒത്തു​ചേ​രു​മ്പോ​ഴും തിരു​വെ​ഴുത്ത്‌ എഴുതിയ തുണ്ടു​ക​ട​ലാസ്‌ ഓരോ​രു​ത്ത​രു​ടെ​യും കയ്യിലു​ണ്ടാ​കും.”

“നിന്റെ ആഗ്രഹം സഫലമാ​യി​രി​ക്കു​ന്നു”

1949-1951 കാലഘ​ട്ട​ത്തിൽ സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്ത​പ്പെട്ട യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യെ​ല്ലാം മോചി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി 1965-ൽ സോവി​യറ്റ്‌ ഗവൺമെന്റ്‌ അപ്രതീ​ക്ഷി​ത​മാ​യി ഒരു ഉത്തരവി​റക്കി. എന്നാൽ സ്വന്തം പ്രദേ​ശ​ങ്ങ​ളി​ലേക്കു മടങ്ങാൻ മിക്ക സഹോ​ദ​ര​ങ്ങ​ളെ​യും അനുവ​ദി​ച്ചില്ല. സൈബീ​രി​യ​യിൽ തുടരാൻ താത്‌പ​ര്യ​പ്പെ​ടാ​ഞ്ഞവർ കൂടുതൽ ശുശ്രൂ​ഷ​കരെ ആവശ്യ​മുള്ള സ്ഥലങ്ങളി​ലേക്കു പോയി.

മഗ്‌ദ​ലീ​ന ബെലോ​ഷി​റ്റ്‌സ്‌കായ പറയുന്നു: “നാടു​ക​ട​ത്ത​പ്പെട്ട ഞങ്ങൾ 15 വർഷ​ത്തോ​ളം സൈബീ​രി​യ​യിൽ പ്രവാ​സി​ക​ളാ​യി കഴിഞ്ഞു. ശീതകാ​ലത്ത്‌ താപനില പൂജ്യ​ത്തി​ലും 60 ഡിഗ്രി സെൽഷ്യസ്‌ താഴെ​യാ​യി​രു​ന്നെ​ങ്കിൽ വേനൽക്കാ​ലത്ത്‌, കണ്ണിൽപ്പോ​ലും കുത്തുന്ന നായീ​ച്ച​ക​ളു​ടെ​യും കൊതു​കി​ന്റെ​യും വിളയാ​ട്ട​മാ​യി​രു​ന്നു. യഹോ​വ​യു​ടെ സഹായ​ത്താൽ എല്ലാം ഞങ്ങൾ അതിജീ​വി​ച്ചു. കുളി​രാർന്ന ആ സൈബീ​രി​യൻ പ്രദേ​ശത്ത്‌ സത്യത്തി​ന്റെ വിത്തു പാകാ​നാ​യത്‌ മഹത്തായ ഒരനു​ഭ​വ​മാ​യി​രു​ന്നു! ആ 15 വർഷക്കാ​ലം, ഓരോ മാസവും സൂപ്പർ​വൈ​സ​റു​ടെ ഓഫീ​സിൽച്ചെന്ന്‌ അവിടം​വിട്ട്‌ ഓടി​പ്പോ​കി​ല്ലെന്ന പ്രസ്‌താ​വ​ന​യിൽ ഒപ്പിട്ടു​കൊ​ടു​ക്ക​ണ​മാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ അദ്ദേഹം രാത്രി​യിൽ ഞങ്ങളുടെ വീട്ടിൽവന്ന്‌ ബൈബി​ളി​നെ​ക്കു​റി​ച്ചും അതിന്റെ പഠിപ്പി​ക്ക​ലു​കൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ എങ്ങനെ കഴിയു​മെ​ന്ന​തി​നെ​ക്കു​റി​ച്ചും നിരവധി ചോദ്യ​ങ്ങൾ ചോദി​ക്കു​മാ​യി​രു​ന്നു. അത്തരം സന്ദർഭ​ങ്ങ​ളിൽ കൂടുതൽ ദയയോ​ടെ​യാണ്‌ അദ്ദേഹം ഞങ്ങളോട്‌ ഇടപെ​ട്ടി​രു​ന്നത്‌. പീഡനം നേരി​ടേ​ണ്ടി​വ​രു​മെന്ന്‌ അറിഞ്ഞി​ട്ടും ഇങ്ങനെ​യൊ​രു ജീവിതം സ്വീക​രി​ക്കാൻ തയ്യാറാ​യത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അദ്ദേഹം ചോദി​ക്കു​മാ​യി​രു​ന്നു. അവി​ടെ​നിന്ന്‌ എന്നെങ്കി​ലും ഒരു മോച​ന​മു​ണ്ടാ​കു​മോ എന്ന്‌ ഒരിക്കൽ ഞങ്ങൾ ആരാഞ്ഞു. ഉള്ളംകൈ കാട്ടി​ക്കൊണ്ട്‌ അദ്ദേഹം ചോദി​ച്ചു: ‘ഇവിടെ രോമം വളരു​മെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?’

“‘ഇല്ല,’ ഞാൻ പറഞ്ഞു.

“‘നിങ്ങളു​ടെ കാര്യ​വും അതു​പോ​ലെ​യാണ്‌.’ എന്തോ ആലോ​ചി​ച്ച​ശേഷം അദ്ദേഹം തുടർന്നു: ‘അല്ലെങ്കിൽപ്പി​ന്നെ നിങ്ങളു​ടെ ദൈവം ഇടപെട്ട്‌ എന്തെങ്കി​ലും അത്ഭുതം പ്രവർത്തി​ക്കണം.’

“1965-ലെ വേനൽക്കാ​ലം. ഒരു കത്തു പോസ്റ്റു​ചെ​യ്യാൻ ഞാൻ റെയിൽവേ സ്റ്റേഷനിൽ ചെന്നു. ദൂരെ​നി​ന്നു​തന്നെ എന്നെക്കണ്ട സൂപ്പർ​വൈസർ വിളിച്ചു ചോദി​ച്ചു: ‘ആരുമി​ല്ലാത്ത നേരത്തു കടന്നു​ക​ള​യാ​നാ​ണോ പ്ലാൻ?’

“‘ഞാൻ ഓടി​പ്പോ​കു​ക​യൊ​ന്നു​മല്ല, ഒരു കത്തു പോസ്റ്റു​ചെ​യ്യാൻ വന്നതാണ്‌.’ ഉടനെ അടുത്തു​വന്ന്‌ അദ്ദേഹം പറഞ്ഞു: ‘നിന്റെ ആഗ്രഹം സഫലമാ​യി​രി​ക്കു​ന്നു. ഇന്നു നിങ്ങൾ സ്വത​ന്ത്ര​രാ​കും.’ തുടർന്ന്‌ അദ്ദേഹം അർഥഗർഭ​മാ​യി എന്നെ​യൊ​ന്നു നോക്കി, ‘ദൈവ​മാ​ണു നിങ്ങളെ മോചി​പ്പി​ച്ചത്‌’ എന്നു പറയും​പോ​ലെ. എനിക്കു വിശ്വ​സി​ക്കാ​നാ​യില്ല!

“സോവി​യറ്റ്‌ യൂണി​യ​നിൽ എവി​ടേ​ക്കും ഞങ്ങൾക്കു പോകാ​മാ​യി​രു​ന്നു, ജനിച്ചു​വ​ളർന്ന സ്ഥലമൊ​ഴി​കെ. ‘ചിതറി​പ്പോ​യി എങ്ങും പ്രസം​ഗി​ക്കുക. ഇന്ന്‌ ഇതാണാ​വ​ശ്യം, വൈകി​ക്കൂ​ടാ’ എന്ന്‌ യഹോവ നിർദേ​ശി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ ഞങ്ങൾക്കു തോന്നി​യത്‌. വീട്ടി​ലേക്കു മടങ്ങാൻ അനുവാ​ദം ലഭിച്ചി​രു​ന്നെ​ങ്കിൽ ഞങ്ങളിൽ പലരും അങ്ങനെ ചെയ്യു​മാ​യി​രു​ന്നു. അതിനു കഴിയാ​തെ വന്നതി​നാൽ എല്ലാവ​രും പുതിയ സ്ഥലങ്ങളിൽ താമസ​മാ​ക്കി. ഞങ്ങളുടെ കുടും​ബം കൗക്കാ​സ​സിൽ താമസ​മാ​ക്കാൻ തീരു​മാ​നി​ച്ചു.”

അങ്ങനെ സോവി​യറ്റ്‌ യൂണി​യന്റെ എല്ലാ ഭാഗങ്ങ​ളി​ലേ​ക്കു​മാ​യി ആയിര​ക്ക​ണ​ക്കി​നു സാക്ഷികൾ ചിതറി​പ്പോ​യി. ആ വർഷം നടന്ന ഒരു ഉന്നതതല യോഗ​ത്തിൽ ഒരു ഉദ്യോ​ഗസ്ഥൻ ആശ്ചര്യ​ത്തോ​ടെ ചോദി​ച്ചു: “നമ്മുടെ ചുണക്കു​ട്ട​ന്മാർ പണിക​ഴി​പ്പിച്ച ഈ പുതിയ നഗരത്തിൽ യഹോ​വാ​സാ​ക്ഷി​കൾ എത്തിയത്‌ എങ്ങനെ​യെന്ന്‌ ആർക്കെ​ങ്കി​ലും അറിയാ​മോ? ഒരു പ്രശ്‌ന​വു​മി​ല്ലാത്ത പ്രശാ​ന്ത​മായ നഗരമാ​യി​രു​ന്നു! എത്ര പെട്ടെ​ന്നാണ്‌ ഇക്കൂട്ടർ ഇവിടെ പൊട്ടി​മു​ള​ച്ചത്‌!” യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കൊണ്ട്‌ എന്തു​ചെ​യ്യ​ണ​മെന്ന്‌ അധികാ​രി​കൾക്ക്‌ ഒരു രൂപവു​മി​ല്ലാ​യി​രു​ന്നു. “യഹോ​വ​യു​ടെ പരിജ്ഞാ​നം​കൊ​ണ്ടു” ഭൂമി നിറയു​മെന്ന ദിവ്യ​വാ​ഗ്‌ദാ​ന​ത്തി​ന്റെ നിവൃ​ത്തി​ക്കു തടയി​ടാൻ ഒരുത്തർക്കു​മാ​വില്ല.—യെശ. 11:9.

“നിങ്ങളു​ടെ പക്കൽ ‘തീർഥ​ജലം’ ഉണ്ടെന്നു കേട്ടല്ലോ”

പ്രസം​ഗ​പ്ര​വർത്തനം നിമിത്തം സാക്ഷി​കളെ തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലാ​ക്കി. അനേക​വർഷം അത്തരം പാളയ​ങ്ങ​ളിൽ കഴിഞ്ഞ നിക്കൊ​ലൈ കാലി​ബാബ അനുസ്‌മ​രി​ക്കു​ന്നു: “ഇർക്കൂ​റ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റി​ലെ വീക്ക​റെവ്‌ക ഗ്രാമ​ത്തി​ലുള്ള തൊഴിൽപ്പാ​ള​യ​ത്തി​ലേക്ക്‌ ഞങ്ങളെ നാലു​പേരെ അയച്ചു. അവിടെ 70-ഓളം സഹോ​ദ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കുടി​വെള്ളം ലഭ്യമാ​യി​രു​ന്നില്ല, ആകെയുള്ള പൈപ്പ്‌ മലിനജല നിർഗമന സംവി​ധാ​ന​വു​മാ​യി ബന്ധിപ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​തി​നാൽ ആ വെള്ളം സുരക്ഷി​ത​മ​ല്ലാ​യി​രു​ന്നു. ഭക്ഷണവും ഭക്ഷ്യ​യോ​ഗ്യ​മാ​യി​രു​ന്നില്ല, എന്നാൽ യഹോവ ഞങ്ങളെ പിന്തു​ണച്ചു. സാക്ഷി​കൾക്ക​ല്ലാ​തെ മറ്റാർക്കും ജോലി​ചെ​യ്യാൻ മനസ്സി​ല്ലാ​യി​രു​ന്നു. ഞങ്ങൾ നന്നായി ജോലി​ചെ​യ്യു​ന്ന​വ​രാ​ണെന്ന്‌ പെട്ടെ​ന്നു​തന്നെ അധികാ​രി​കൾ കണ്ടെത്തി. അവർ ഞങ്ങളുടെ ജോലി മറ്റു പാളയ​ങ്ങ​ളി​ലേക്കു മാറ്റി. ജോലി കഴിഞ്ഞു മടങ്ങു​മ്പോൾ ഞങ്ങൾ ബക്കറ്റു​ക​ളിൽ കുടി​വെള്ളം കൊണ്ടു​വ​രു​മാ​യി​രു​ന്നു. അപ്പോൾ തടവു​കാ​രിൽ പലരും ഞങ്ങളെ സമീപിച്ച്‌ ‘നിങ്ങളു​ടെ പക്കൽ “തീർഥ​ജലം” ഉണ്ടെന്നു കേട്ടല്ലോ. അതിൽ അര ഗ്ലാസെ​ങ്കി​ലും ഞങ്ങൾക്കു തരൂ,’ എന്നു പറയും. ഒരു മടിയും കൂടാതെ ഞങ്ങൾ അവർക്കും കൊടു​ത്തു.

“തടവു​കാ​രിൽ നല്ല മനുഷ്യ​രും ഉണ്ടായി​രു​ന്നു. അവരിൽ ചിലർ മുമ്പു കള്ളന്മാ​രും അക്രമി​ക​ളു​മൊ​ക്കെ ആയിരു​ന്നു. സത്യം പഠിച്ച്‌ അവർ സാക്ഷി​ക​ളാ​യി. മറ്റു ചിലരാ​കട്ടെ ഞങ്ങളെ പരസ്യ​മാ​യി എതിർത്തു. അവർക്കു സത്യ​ത്തോട്‌ ഒട്ടും താത്‌പ​ര്യ​മി​ല്ലെ​ന്നു​തന്നെ ഞങ്ങൾ കരുതി. എന്നാൽ ഒരിക്കൽ ഒരു പ്രസം​ഗകൻ പാളയ​ത്തി​ലെത്തി യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രാ​യി സംസാ​രി​ച്ച​പ്പോൾ, അതെല്ലാം പച്ചക്കള്ള​മാ​ണെന്നു പറഞ്ഞു​കൊണ്ട്‌ അവർ ഞങ്ങൾക്കാ​യി വാദിച്ചു.”

“ഞങ്ങൾ . . . നിങ്ങളു​ടെ അടുക്കൽ വരാം”

ജ്ഞാനത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ച്ചു​കൊണ്ട്‌, രാജ്യ​താ​ത്‌പ​ര്യ​ങ്ങ​ളു​ടെ ഉന്നമന​ത്തി​നാ​യി തങ്ങളുടെ സാഹച​ര്യം എങ്ങനെ ഉപയോ​ഗി​ക്കാ​മെന്ന ചിന്തയി​ലാ​യി​രു​ന്നു സഹോ​ദ​രങ്ങൾ എപ്പോ​ഴും. നിക്കൊ​ലൈ തുടരു​ന്നു: “മോസ്‌കോ​യിൽനി​ന്നു ദൂരെ​യ​ല്ലാത്ത മോർഡ്‌വി​നി​യ​യി​ലേക്കു ഞങ്ങളെ ഉടൻ മാറ്റു​മെന്നു വിവരം ലഭിച്ചു. എന്നാൽ അവി​ടേക്കു പോകു​ന്ന​തി​നു മുമ്പായി രസകര​മായ ഒരു സംഭവ​മു​ണ്ടാ​യി. വർഷങ്ങ​ളോ​ളം യഹോ​വ​യു​ടെ സാക്ഷി​കൾക്കു കാവൽനിന്ന ചില ഓഫീ​സർമാ​രും വാർഡ​ന്മാ​രും ഞങ്ങളുടെ അടുത്തു​വന്ന്‌ പറഞ്ഞു: ‘നിങ്ങളു​ടെ പാട്ടുകൾ ഒരിക്കൽക്കൂ​ടി കേൾക്കാ​നും നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു കൂടുതൽ അറിയാ​നും ഞങ്ങൾക്ക്‌ ആഗ്രഹ​മുണ്ട്‌. ഞങ്ങൾ 10-ഓ 20-ഓ പേർ വീതം നിങ്ങളു​ടെ അടുക്കൽ വരാം, ചില​പ്പോൾ സംഖ്യ അതിലും കൂടി​യെന്നു വരും.’

“ഇരുകൂ​ട്ട​രു​ടെ​യും സുരക്ഷ​യെ​പ്രതി, കൂടി​വ​രേണ്ട സ്ഥലത്ത്‌ കാവൽക്കാ​രെ ഏർപ്പെ​ടു​ത്താ​മെന്ന്‌ അവർ പറഞ്ഞു. ഇക്കാര്യ​ത്തിൽ കൂടുതൽ അനുഭ​വ​ജ്ഞാ​ന​മു​ള്ള​തി​നാൽ ഞങ്ങളും കാവൽക്കാ​രെ നിറു​ത്താ​മെന്ന്‌ ഏറ്റു. ഓഫീസ്‌ കെട്ടി​ട​ത്തി​നും യോഗ​സ്ഥ​ല​ത്തി​നും ഇടയിൽ പല സ്ഥാനങ്ങ​ളി​ലാ​യി നിലയു​റ​പ്പി​ച്ചു​കൊണ്ട്‌ അവരുടെ പട്ടാള​ക്കാർ നമ്മുടെ കാവൽക്കാ​രെ​പ്പോ​ലെ​തന്നെ പ്രവർത്തി​ച്ചു. ഒരു കൂട്ടം സാക്ഷികൾ ഒരു സംഘം ഓഫീ​സർമാർക്കും വാർഡ​ന്മാർക്കും മുമ്പാകെ ഗീതങ്ങൾ ആലപി​ക്കു​ന്നു, അതിനു​ശേഷം ഒരു സഹോ​ദരൻ ഹ്രസ്വ​മായ ബൈബിൾ പ്രസംഗം നടത്തുന്നു! ആ രംഗം ഭാവന​യിൽ കാണാൻ നിങ്ങൾക്കാ​കു​ന്നു​ണ്ടോ? രാജ്യ​ഹാ​ളി​ലാ​ണു ഞങ്ങളെന്നു തോന്നി​പ്പോ​യി! ആ വിധത്തിൽ താത്‌പ​ര്യ​ക്കാ​രു​മൊത്ത്‌ ഞങ്ങൾ പല യോഗങ്ങൾ നടത്തി. ഞങ്ങൾക്കാ​യും ആത്മാർഥ​ഹൃ​ദ​യ​രായ ആ മനുഷ്യർക്കാ​യു​മുള്ള യഹോ​വ​യു​ടെ കരുതൽ ഞങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞു.

“ഇവി​ടെ​നിന്ന്‌ മോർഡ്‌വി​നി​യ​യി​ലെ പാളയ​ത്തി​ലേക്ക്‌ ഞങ്ങൾ ധാരാളം മാസി​കകൾ കൊണ്ടു​പോ​യി. അവിടെ നിരവധി സാക്ഷി​ക​ളു​ണ്ടാ​യി​രു​ന്നു. പ്രസി​ദ്ധീ​ക​ര​ണങ്ങൾ വെക്കാൻ കഴിയുന്ന രണ്ടു തട്ടുക​ളുള്ള ഒരു സ്യൂട്ട്‌കേസ്‌ സഹോ​ദ​ര​ന്മാർ എനിക്കു തന്നു. വാർഡ​ന്മാർക്കു സംശയം തോന്നാ​തി​രി​ക്കാൻ ഞങ്ങൾ കഴിയു​ന്ന​തെ​ല്ലാം ചെയ്‌തി​രു​ന്നു. മോർഡ്‌വി​നി​യ​യി​ലെ പാളയ​ത്തിൽവെച്ച്‌ ഞങ്ങളെ അടിമു​ടി പരി​ശോ​ധി​ച്ചു. എന്റെ സ്യൂട്ട്‌കേസ്‌ പൊക്കി​നോ​ക്കിയ ഒരു വാർഡൻ അതിശ​യ​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: ‘എന്തൊരു കനം, വല്ല നിധി​യോ മറ്റോ ആണോ?’ അപ്രതീ​ക്ഷി​ത​മാ​യി അദ്ദേഹം എന്റെ സ്യൂട്ട്‌കേ​സും മറ്റു സാധന​ങ്ങ​ളും ഒരു വശത്തേക്കു നീക്കി​വെ​ച്ചിട്ട്‌ മറ്റുള്ള​വ​രു​ടെ സാധനങ്ങൾ പരി​ശോ​ധി​ക്കാൻ തുടങ്ങി. അതു കഴിഞ്ഞ​പ്പോൾ ‘തന്റെ സാധനങ്ങൾ എടുത്തു​കൊ​ണ്ടു പൊയ്‌ക്കൊ​ള്ളൂ’ എന്ന്‌ മറ്റൊരു വാർഡൻ പറഞ്ഞു. അങ്ങനെ വില​യേ​റിയ ആത്മീയ ആഹാര​വു​മാ​യി എനിക്കു പാളയ​ത്തി​നു​ള്ളിൽ കടക്കാ​നാ​യി.

“അതു മാത്രമല്ല, പകർത്തി​യെ​ഴു​തിയ ലഘു​ലേ​ഖകൾ ഒന്നില​ധി​കം പ്രാവ​ശ്യം ഞാൻ ബൂട്‌സി​നു​ള്ളിൽവെച്ചു കൊണ്ടു​പോ​യി​ട്ടുണ്ട്‌. പാദങ്ങൾക്കു നല്ല വലുപ്പ​മു​ള്ള​തി​നാൽ ബൂട്‌സി​നു​ള്ളിൽ എനിക്കു കുറെ​യേറെ കടലാ​സു​കൾ വെക്കാൻ കഴിഞ്ഞി​രു​ന്നു. ബൂട്‌സി​ന്റെ അകത്തെ സോളി​ന​ടി​യി​ലാ​യാണ്‌ ഞാൻ അവ പൊതി​ഞ്ഞു​വെ​ച്ചി​രു​ന്നത്‌, എന്നിട്ട്‌ ബൂട്‌സിൽ നന്നായി ഗ്രീസും പുരട്ടും. അതിനാ​ണെ​ങ്കിൽ വഴുവ​ഴു​പ്പും വല്ലാത്ത നാറ്റവു​മാ​യി​രു​ന്നു. അതിനാൽ വാർഡ​ന്മാർ എന്നിൽനിന്ന്‌ എപ്പോ​ഴും ഒരടി അകലം സൂക്ഷി​ച്ചി​രു​ന്നു.”

ഞങ്ങളെ നോക്കാൻ കാവൽക്കാ​രും കാവൽക്കാ​രെ നോക്കാൻ ഞാനും

നിക്കൊ​ലൈ തുടരു​ന്നു: “മോർഡ്‌വി​നി​യ​യി​ലെ പാളയ​ത്തിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പകർപ്പെ​ടു​പ്പി​നു മേൽനോ​ട്ടം വഹിക്കാൻ സഹോ​ദ​രങ്ങൾ എന്നെയാ​ണു നിയമി​ച്ചത്‌. കാവൽക്കാ​രു​ടെ നീക്കങ്ങൾ നിരീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു എന്റെ ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽ ഒന്ന്‌. അങ്ങനെ​യാ​കു​മ്പോൾ പകർപ്പെ​ഴു​തുന്ന സഹോ​ദ​ര​ങ്ങൾക്ക്‌ അവ ഒളിപ്പി​ക്കാൻ ആവശ്യ​ത്തി​നു സമയം കിട്ടു​മാ​യി​രു​ന്നു. ഞങ്ങളെ നോക്കാൻ കാവൽക്കാ​രും കാവൽക്കാ​രെ നോക്കാൻ ഞാനും. ഞങ്ങളെ കയ്യോടെ പിടി​കൂ​ടാൻ കച്ചകെ​ട്ടി​യി​റ​ങ്ങി​യി​രുന്ന ചില കാവൽക്കാ​രുണ്ട്‌. ഓർക്കാ​പ്പു​റ​ത്തെ​ന്ന​പോ​ലെ കൂടെ​ക്കൂ​ടെ അവർ ബാരക്കി​ലേക്കു വരും. അവരെ നിരീ​ക്ഷി​ക്കുന്ന പണി വല്ലാത്ത പാടു​ത​ന്നെ​യാ​യി​രു​ന്നു. മറ്റുള്ള കാവൽക്കാർ ദിവസം ഒരു തവണ മാത്രമേ അവി​ടേക്കു വന്നിരു​ന്നു​ള്ളൂ. അതത്ര കുഴപ്പ​മുള്ള കാര്യ​മാ​യി​രു​ന്നില്ല.

പകർപ്പെ​ഴു​ത്തിന്‌ ഉപയോ​ഗി​ച്ചി​രുന്ന സാഹി​ത്യം സുരക്ഷി​ത​മായ ഇടങ്ങളിൽ ഒളിപ്പി​ച്ചി​രു​ന്നു. പലതും സ്റ്റൗവി​നു​ള്ളി​ലാണ്‌ ഒളിപ്പി​ച്ചി​രു​ന്നത്‌, അഡ്‌മി​നി​സ്‌​ട്രേ​റ്റ​റു​ടെ ഓഫീ​സി​ലുള്ള സ്റ്റൗവിൽപ്പോ​ലും! മുറി ചൂടു​പി​ടി​പ്പി​ക്കു​ന്ന​തി​നുള്ള ഈ സ്റ്റൗ വൃത്തി​യാ​ക്കിയ സഹോ​ദ​രങ്ങൾ അതിൽ ഒരു പ്രത്യേക അറ നിർമി​ച്ചി​രു​ന്നു. അമൂല്യ​മായ നമ്മുടെ വീക്ഷാ​ഗോ​പു​രം മാസി​കകൾ ഞങ്ങൾ അതിൽ സൂക്ഷിച്ചു. കാവൽക്കാർ എത്ര കാര്യ​മാ​യി തിരച്ചിൽ നടത്തി​യാ​ലും അതു കണ്ടെത്താ​നാ​കു​മാ​യി​രു​ന്നില്ല, അവ അഡ്‌മി​നി​സ്‌​ട്രേ​റ്റ​റു​ടെ മുറി​യിൽ സുരക്ഷി​ത​മാ​യി​രു​ന്നു.”

സാഹി​ത്യം ഒളിപ്പി​ക്കു​ന്ന​തിൽ സഹോ​ദ​രങ്ങൾ സമർഥ​രാ​യി​ത്തീർന്നു. ജനാല​പ്പ​ടി​യാ​യി​രു​ന്നു ഏറ്റവും പറ്റിയ സ്ഥലം. ടൂത്ത്‌പേ​സ്റ്റി​ന്റെ ട്യൂബി​നു​ള്ളിൽപ്പോ​ലും സാഹി​ത്യം ഒളിപ്പി​ക്കാൻ സഹോ​ദ​രങ്ങൾ പഠിച്ചു. അസ്സൽ കോപ്പി​കൾ എവി​ടെ​യാ​ണു വെക്കു​ന്ന​തെന്ന്‌ ഒന്നോ രണ്ടോ സഹോ​ദ​ര​ങ്ങൾക്കു മാത്രമേ അറിയാ​മാ​യി​രു​ന്നു​ള്ളൂ. ആവശ്യ​മ​നു​സ​രിച്ച്‌ അവരി​ലൊ​രാൾ അതെടുത്ത്‌ പകർപ്പു​ണ്ടാ​ക്കി​യിട്ട്‌ തിരികെ വെക്കും. അതു​കൊണ്ട്‌ അസ്സൽ മാസി​കകൾ എപ്പോ​ഴും സുരക്ഷി​ത​മാ​യി​രു​ന്നു. 15 ദിവസം ഏകാന്ത​ത​ടവു ലഭിക്കാ​നുള്ള സാധ്യ​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും പകർപ്പെ​ടു​ക്കുക എന്നത്‌ ഒരു പദവി​യാ​യി​ട്ടാണ്‌ സഹോ​ദ​ര​ങ്ങ​ളിൽ അധിക​വും കണ്ടിരു​ന്നത്‌. വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ അനുസ്‌മ​രി​ക്കു​ന്നു: “പത്തു വർഷത്തെ ജയിൽജീ​വി​ത​ത്തിൽ മൂന്നു വർഷ​ത്തോ​ളം ഞാൻ ഏകാന്ത​ത​ടവ്‌ അനുഭ​വി​ച്ചി​ട്ടുണ്ട്‌.”

എട്ടുകാ​ലി​വ​ല​പോ​ലുള്ള വീക്ഷാ​ഗോ​പു​രങ്ങൾ

സാക്ഷി​ക​ളു​ടെ സാഹി​ത്യം പിടി​ച്ചെ​ടു​ക്കാൻ അധികാ​രി​കൾ ഒരു പ്രത്യേക സംവി​ധാ​നം വികസി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി സഹോ​ദ​ര​ങ്ങൾക്കു തോന്നി. ചില ഉദ്ദ്യോ​ഗ​സ്ഥ​ന്മാർ ഇക്കാര്യ​ത്തിൽ സമർഥ​രാ​യി​രു​ന്നു. ഐവാൻ ക്ലിംകോ പറയുന്നു: “മോർഡ്‌വി​നി​യ​യി​ലെ 19-ാം നമ്പർ പാളയ​ത്തിൽ ഒരിക്കൽ നായ്‌ക്ക​ളു​മാ​യെ​ത്തിയ പട്ടാള​ക്കാർ സഹോ​ദ​ര​ങ്ങ​ളെ​യെ​ല്ലാം അവി​ടെ​നി​ന്നു മാറ്റി​ക്കൊ​ണ്ടു​പോ​യി സൂക്ഷ്‌മ പരി​ശോ​ധന നടത്തി. സാക്ഷി​ക​ളിൽ ഓരോ​രു​ത്ത​രു​ടെ​യും വസ്‌ത്ര​മെ​ല്ലാം, കാലി​ലി​ട്ടി​രുന്ന പരുപ​രുത്ത തുണി​വരെ, അഴിച്ച്‌ പരി​ശോ​ധി​ച്ചു. എന്നാൽ പകർത്തി​യെ​ഴു​തിയ ചില കടലാ​സു​കൾ ബൂട്ട്‌സി​ന്റെ സോളി​നു​ള്ളിൽ ഒട്ടിച്ചു​വെ​ച്ചി​രു​ന്നത്‌ അവരുടെ കണ്ണിൽപ്പെ​ട്ടില്ല. കൈവി​ര​ലു​കൾക്കി​ട​യിൽ ഒളിപ്പി​ക്കാൻ പാകത്തിന്‌ തീരെ​ച്ചെ​റിയ പുസ്‌ത​ക​ങ്ങ​ളും അവർ ഉണ്ടാക്കി​യി​രു​ന്നു. എല്ലാവ​രും കൈക​ളു​യർത്താൻ ആവശ്യ​പ്പെ​ട്ട​പ്പോൾ ആ ചെറു​പു​സ്‌ത​കങ്ങൾ വിരലു​കൾക്കി​ട​യിൽ സുരക്ഷി​ത​മാ​യി​രു​ന്നു.”

ആത്മീയാ​ഹാ​രം സൂക്ഷി​ക്കാൻ വേറെ​യും മാർഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അലിക്‌സെ നെപ്പോ​ച്ചാ​ട്ടോ പറയുന്നു: “എട്ടുകാ​ലി​വ​ല​പോ​ലെ നേർത്ത അക്ഷരത്തിൽ എഴുതാൻ ചില സഹോ​ദ​ര​ങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നു. അതിനാ​യി പേനയു​ടെ നിബ്ബ്‌ അതി​ലോ​ല​മാ​യി കൂർപ്പി​ച്ചെ​ടു​ക്കും. ഗ്രാഫ്‌ പേപ്പറി​ലെ​പോ​ലെ വരകളുള്ള ബുക്കി​ലാ​യി​രു​ന്നു എഴുത്ത്‌. അതിന്റെ ഓരോ ചതുര​ത്തി​ലും മൂന്നോ നാലോ വരികൾ എഴുതാം. ഇപ്രകാ​രം നേർത്ത​താ​യി എഴുതിയ അഞ്ചോ ആറോ വീക്ഷാ​ഗോ​പു​രങ്ങൾ ഒരു തീപ്പെ​ട്ടി​ക്കു​ള്ളിൽ ഒതുക്കാ​നാ​കു​മാ​യി​രു​ന്നു. അത്രയും നേർത്ത അക്ഷരത്തിൽ എഴുതാൻ നല്ല ശ്രമവും കാഴ്‌ച​ശ​ക്തി​യും വേണം. വിളക്കു​ക​ളെ​ല്ലാം അണഞ്ഞ്‌, മറ്റെല്ലാ​വ​രും ഉറക്കം​പി​ടി​ച്ചു കഴിഞ്ഞു​വേണം പുതപ്പി​നു​ള്ളി​ലി​രുന്ന്‌ സഹോ​ദ​ര​ങ്ങൾക്ക്‌ അവ എഴുതാൻ. ബാരക്കി​ന്റെ കവാട​ത്തി​ലുള്ള ബൾബാ​യി​രു​ന്നു ഏക ആശ്രയം, അതാ​ണെ​ങ്കിൽ കത്തിയാ​ലാ​യി. ഏതാനും മാസങ്ങൾ ഈ പണി തുടർന്നാൽ കാഴ്‌ച​പോ​യ​തു​തന്നെ. ‘എഴുത്തു​തന്നെ എഴുത്ത്‌—എപ്പോഴാ ഉറക്കം?’ ഞങ്ങളെ വലിയ കാര്യ​മാ​യി​രുന്ന ഒരു ഗാർഡ്‌ ചോദി​ക്കു​മാ​യി​രു​ന്നു.”

ക്ലിംകോ സഹോ​ദരൻ ഓർമി​ക്കു​ന്നു: “ഒരിക്കൽ ഞങ്ങളുടെ കുറെ​യേറെ സാഹി​ത്യ​വും ബൈബി​ളും നഷ്ടപ്പെട്ടു. എങ്ങനെ​യെ​ന്നോ? അവയെ​ല്ലാം ഒരു സഹോ​ദ​രന്റെ കൃത്രി​മ​ക്കാ​ലി​നു​ള്ളിൽ ഒളിപ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അതു നിർബ​ന്ധിച്ച്‌ ഊരി​വാ​ങ്ങി​യ​ശേഷം ഗാർഡു​കൾ അതു തല്ലി​പ്പൊ​ളി​ച്ചു. ചിതറി​വീണ താളുകൾ ക്യാമ​റ​യിൽ പകർത്തി പാളയ​ത്തി​ലെ പത്രത്തിൽ പരസ്യ​പ്പെ​ടു​ത്തി. അതു ഗുണം​ചെ​യ്‌തു; യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം തികച്ചും മതപര​മാ​ണെന്ന കാര്യം ഒരിക്കൽക്കൂ​ടി മനസ്സി​ലാ​ക്കാൻ സകല​രെ​യും അതു സഹായി​ച്ചു. ഏതായാ​ലും പാളയ​ത്തി​ന്റെ മേധാവി ‘വിജയ​ശ്രീ​ലാ​ളി​ത​നാ​യി’ സഹോ​ദ​ര​ങ്ങ​ളോ​ടു പറഞ്ഞു: ‘ഇന്നു നിങ്ങളു​ടെ അർമ​ഗെ​ദോ​നാണ്‌!’ എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ കൂടി​വന്നു പാട്ടു പാടു​ക​യും പതിവു​പോ​ലെ വായി​ക്കു​ക​യും പഠിക്കു​ക​യും ഒക്കെയാ​ണെന്നു പിറ്റെ ദിവസം അദ്ദേഹ​ത്തിന്‌ അറിവു​കി​ട്ടി.”

പ്രോ​സി​ക്യൂ​ട്ടർ ജനറലു​മാ​യുള്ള സംഭാ​ഷ​ണം

1961-ന്റെ അവസാ​ന​ത്തോ​ടെ, മുഖ്യ പ്രോ​സി​ക്യൂ​ട്ടർ ജനറൽ മോർഡ്‌വി​നി​യ​യി​ലെ പാളയ​ത്തിൽ പരി​ശോ​ധ​ന​യ്‌ക്കെത്തി. നടന്നു നടന്ന്‌ സാക്ഷി​ക​ളു​ടെ ബാരക്കു​ക​ളി​ലെ​ത്തിയ അദ്ദേഹം, ഏതാനും ചോദ്യ​ങ്ങൾ ചോദി​ക്കാൻ സഹോ​ദ​ര​ന്മാ​രെ അനുവ​ദി​ച്ചു. വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ അനുസ്‌മ​രി​ക്കു​ന്നു: “‘യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതം സോവി​യറ്റ്‌ സമൂഹ​ത്തി​നു ഭീഷണി​യാ​ണെന്നു സാർ കരുതു​ന്നു​ണ്ടോ?’ ഞാൻ ചോദി​ച്ചു.

“‘ഇല്ല, എനിക്ക​ങ്ങനെ തോന്നു​ന്നില്ല,’ പ്രോ​സി​ക്യൂ​ട്ടർ പ്രതി​വ​ചി​ച്ചു. എന്നാൽ സംഭാ​ഷ​ണ​ത്തി​നി​ടെ അറിയാ​തെ അദ്ദേഹം പറഞ്ഞു: ‘യഹോ​വ​യു​ടെ സാക്ഷി​ക​ളെ​പ്രതി 1959-ൽ മാത്രം ഇർക്കൂ​റ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റിന്‌ 50 ലക്ഷം റൂബിൾ അനുവ​ദി​ക്കു​ക​യു​ണ്ടാ​യി.’

“യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചു പഠിക്കാൻ ഗവൺമെന്റ്‌ ഖജനാ​വിൽനിന്ന്‌ 50 ലക്ഷം റൂബിൾ ചെലവ​ഴിച്ച സ്ഥിതിക്ക്‌, നമ്മൾ ആരാ​ണെന്ന്‌ അധികാ​രി​കൾക്കു നല്ലവണ്ണം അറിയാ​മെ​ന്നാണ്‌ അതിലൂ​ടെ അദ്ദേഹം അർഥമാ​ക്കി​യത്‌. അന്ന്‌ അത്രയും കാശു​കൊണ്ട്‌ നല്ലൊരു കാറോ വീടോ വാങ്ങാൻ കഴിയു​മാ​യി​രു​ന്നു എന്നോർക്കണം. യഹോ​വ​യു​ടെ സാക്ഷികൾ അപകട​കാ​രി​ക​ള​ല്ലെന്ന്‌ മോസ്‌കോ​യി​ലെ അധികാ​രി​കൾക്ക്‌ ഇപ്പോൾ നിശ്ചയ​മാ​യും അറിയാ​മാ​യി​രി​ക്കണം.

“‘സാക്ഷി​കളെ എന്തു​വേ​ണ​മെ​ങ്കി​ലും ചെയ്‌തു​കൊ​ള്ളൂ എന്ന്‌ സോവി​യറ്റ്‌ ജനത​യോ​ടു ഞങ്ങൾ പറഞ്ഞാൽ ആ നിമിഷം അവർ നിങ്ങളെ നാമാ​വ​ശേ​ഷ​മാ​ക്കും,’ അദ്ദേഹം തുടർന്നു. സാക്ഷി​കളെ അവർക്ക്‌ അത്രമേൽ അനിഷ്ട​മാ​ണു​പോ​ലും! ദൈവ​വി​രുദ്ധ പ്രത്യ​യ​ശാ​സ്‌ത്രങ്ങൾ ആളുകളെ ശക്തമായി സ്വാധീ​നി​ച്ചി​രു​ന്നു​വെ​ന്ന​തി​ന്റെ തെളി​വാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ വാക്കുകൾ.

“‘മോസ്‌കോ മുതൽ വ്‌ളാ​ഡി​വ​സ്റ്റോക്ക്‌ വരെ റഷ്യയി​ലു​ട​നീ​ളം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷ​നു​കൾ നടക്കു​ന്നതു കാണു​മ്പോൾ യഥാർഥ ചിത്രം മനസ്സി​ലാ​ക്കാൻ സാറിനു കഴിയും’ എന്നായി​രു​ന്നു ഞങ്ങളുടെ മറുപടി.

“‘5 ലക്ഷം പേർ നിങ്ങളു​ടെ കൂടെ കൂടി​യേ​ക്കാം. എന്നാലും ബാക്കി​യു​ള്ളവർ ഞങ്ങളോ​ടൊ​പ്പ​മു​ണ്ടാ​കും,’ അദ്ദേഹം പറഞ്ഞു.

“ആ സംഭാ​ഷണം അവിടം​കൊണ്ട്‌ അവസാ​നി​ച്ചു. അദ്ദേഹം പറഞ്ഞത്‌ ഏറെക്കു​റെ ശരിയാ​യി​രു​ന്നു. ഇന്ന്‌ മുൻ സോവി​യറ്റ്‌ യൂണി​യന്റെ രാജ്യ​ങ്ങ​ളി​ലു​ട​നീ​ള​മാ​യി 7 ലക്ഷത്തി​ല​ധി​കം പേർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്നു. അവിടെ അവർ കേൾക്കു​ന്നത്‌ ബൈബിൾസ​ത്യ​ത്തി​ന്റെ നിർമ​ല​വ​ച​സ്സു​ക​ളാണ്‌, പ്രത്യ​യ​ശാ​സ്‌ത്രമല്ല.”

“സാക്ഷി​കൾക്ക്‌ നിങ്ങൾ ഒരു സുഖവാ​സ​കേ​ന്ദ്രം ഒരുക്കി​ക്കൊ​ടു​ത്തി​രി​ക്കു​ക​യാണ്‌”

വിക്ടർ തുടരു​ന്നു: “സാക്ഷികൾ നട്ടുവ​ളർത്തിയ പൂച്ചെ​ടി​ക​ളും മരങ്ങളും പാളയ​ത്തി​ന്റെ അഡ്‌മി​നി​സ്‌​ട്രേറ്റർ, പ്രോ​സി​ക്യൂ​ട്ടർ ജനറലി​നു കാണി​ച്ചു​കൊ​ടു​ത്തു. ആരെങ്കി​ലും മോഷ്ടി​ക്കു​മെന്ന ഭയമൊ​ന്നും കൂടാതെ, പാർസ​ലിൽ ലഭിച്ച പല സാധന​ങ്ങ​ളും അവർ ബാരക്കു​ക​ളിൽ സൂക്ഷി​ച്ചി​രു​ന്ന​തും അദ്ദേഹം കണ്ടു. അതെല്ലാം അദ്ദേഹ​ത്തി​നൊ​രു വിസ്‌മ​യ​ക്കാ​ഴ്‌ച​യാ​യി​രു​ന്നു! എന്നാൽ എല്ലാ പൂച്ചെ​ടി​ക​ളും മരങ്ങളും നശിപ്പി​ച്ചു​ക​ള​യാൻ അദ്ദേഹം ഓർഡർ കൊടു​ത്ത​താ​യി പിന്നീടു ഞങ്ങളറി​ഞ്ഞു. ‘തൊഴിൽപ്പാ​ള​യ​ത്തി​നു പകരം സാക്ഷി​കൾക്ക്‌ നിങ്ങൾ ഒരു സുഖവാ​സ​കേ​ന്ദ്രം ഒരുക്കി​ക്കൊ​ടു​ത്തി​രി​ക്കു​ക​യാണ്‌’ എന്നായി​രു​ന്നു ജനറൽ അദ്ദേഹ​ത്തോ​ടു പറഞ്ഞത്‌. ലഭിക്കുന്ന പാർസ​ലു​ക​ളൊ​ന്നും സാക്ഷി​കൾക്കു കൊടു​ക്ക​രു​തെ​ന്നും അദ്ദേഹം കൽപ്പിച്ചു. അവർ കൂടുതൽ ഭക്ഷണം വാങ്ങുന്ന തട്ടുക​ട​യും അദ്ദേഹം പൂട്ടിച്ചു.

“സന്തോ​ഷ​ക​ര​മെന്നു പറയട്ടെ അധികാ​രി അതപ്പാടെ നടപ്പിൽവ​രു​ത്തി​യില്ല. ഉദാഹ​ര​ണ​ത്തിന്‌, പൂച്ചെ​ടി​കൾ നട്ടുവ​ളർത്താൻ സഹോ​ദ​രി​മാ​രെ തുടർന്നും അനുവ​ദി​ച്ചു. ശരത്‌കാ​ലത്ത്‌ അവർ വലിയ പൂച്ചെ​ണ്ടു​ക​ളു​ണ്ടാ​ക്കി ഉദ്യോ​ഗ​സ്ഥർക്കും അവരുടെ മക്കൾക്കും നൽകു​മാ​യി​രു​ന്നു. കുട്ടികൾ ഗേറ്റി​ന​ടു​ത്തു വന്ന്‌ അച്ഛന്മാ​രു​ടെ കയ്യിൽനി​ന്നു പൂച്ചെ​ണ്ടു​കൾ വാങ്ങി പ്രസന്ന​വ​ദ​ന​രാ​യി സ്‌കൂ​ളി​ലേക്ക്‌ ഓടി​പ്പോ​കുന്ന കാഴ്‌ച പ്രത്യേ​കി​ച്ചും ഹൃദയ​ഹാ​രി​യാ​യി​രു​ന്നു. ആ കുരു​ന്നു​കൾക്ക്‌ സാക്ഷി​കളെ വലിയ ഇഷ്ടമാ​യി​രു​ന്നു.”

വിക്ടർ ഓർക്കു​ന്നു: “യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രാ​യി വലിയ ഒരു ദേശീ​യ​നീ​ക്കം സംഘടി​പ്പി​ക്ക​പ്പെ​ട്ടു​വ​രി​ക​യാ​ണെന്ന്‌ 1964-ന്റെ പ്രാരം​ഭ​കാ​ലത്ത്‌ ഒരു കെജിബി ഉദ്യോ​ഗ​സ്ഥന്റെ സഹോ​ദ​ര​നായ ഒരു വാർഡൻ ഞങ്ങളെ അറിയി​ച്ചു. എന്നാൽ ആ വർഷം പാതി​ക​ഴി​ഞ്ഞ​പ്പോൾ നികിയ ക്രൂഷ്‌ചോ​ഫിന്‌ പ്രസി​ഡന്റ്‌ സ്ഥാനം നഷ്ടമായി. അങ്ങനെ ആ പീഡന​ത​രം​ഗ​ത്തി​നു വഴിമു​ട്ടി.”

കനത്ത സുരക്ഷാ​വ​ല​യ​മുള്ള പാളയ​ത്തിൽ രാജ്യ​ഗീ​ത​ങ്ങൾ

1960-ൽ, മോർഡ്‌വി​നി​യ​യി​ലെ കനത്ത സുരക്ഷാ​വ​ല​യ​മുള്ള ഒരു പാളയം വർഷത്തി​ലൊ​രി​ക്കൽമാ​ത്രം പാർസ​ലു​കൾ സ്വീക​രി​ക്കാൻ തടവു​കാർക്ക്‌ അനുവാ​ദം നൽകി. അതും പക്ഷേ, ‘മാതൃ​കാ​യോ​ഗ്യ​രാ​യ​വർക്കു’ മാത്രം. പരി​ശോ​ധന നിർബാ​ധം തുടർന്നു. ബൈബിൾവാ​ക്യ​മെ​ഴു​തിയ ഒരു തുണ്ടു​ക​ട​ലാസ്‌ ഒരു സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ കയ്യിൽനി​ന്നു പിടി​ച്ചെ​ടു​ത്താൽ പത്തു ദിവസത്തെ ഏകാന്ത​ത​ട​വാ​യി​രു​ന്നു ശിക്ഷ. മറ്റു ജയിലു​കളെ അപേക്ഷിച്ച്‌ ഇവി​ടെ​യു​ള്ള​വർക്കു കുറച്ചു ഭക്ഷണമേ നൽകി​യി​രു​ന്നു​ള്ളൂ, ജോലി​യോ ഭാരി​ച്ച​തും. കൂറ്റൻ വൃക്ഷങ്ങ​ളു​ടെ കുറ്റികൾ കുഴി​ച്ചെ​ടു​ക്കു​ന്ന​തും അതിൽപ്പെ​ട്ടി​രു​ന്നു. അലിക്‌സെ നെപ്പോ​ച്ചാ​ട്ടോ പറയുന്നു: “ചില​പ്പോ​ഴൊ​ക്കെ ഞങ്ങൾ ശാരീ​രി​ക​മാ​യി തളർന്നു​പോ​കു​മാ​യി​രു​ന്നു. പക്ഷേ പിടി​ച്ചു​നി​ന്നു. രാജ്യ​ഗീ​ത​ങ്ങ​ളാ​യി​രു​ന്നു ഞങ്ങളെ അതിനു സഹായിച്ച ഒരു സംഗതി. സ്വര​ഭേ​ദ​മുള്ള സഹോ​ദ​ര​ന്മാ​രെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ ഞങ്ങൾ ഒരു കോറ​സ്സി​നു രൂപം​നൽകി. സ്‌ത്രീ​ശ​ബ്ദ​മി​ല്ലാ​തി​രു​ന്നി​ട്ടും അവർണ​നീ​യ​മാം​വി​ധം ശ്രുതി​മ​ധു​ര​മാ​യി​രു​ന്നു ആ ഗീതങ്ങൾ! സാക്ഷി​കൾക്കു മാത്രമല്ല, ഉദ്യോ​ഗ​സ്ഥർക്കും അത്‌ ഉത്സാഹം പകർന്നു. ജോലി​സ​മ​യത്തു പാട്ടു​പാ​ടാൻ അവർ ഞങ്ങളോ​ടു പറയു​മാ​യി​രു​ന്നു. ഒരിക്കൽ മരം മുറി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ പട്ടാള​മേ​ധാ​വി ഞങ്ങളുടെ അടുക്കൽ വന്നു പറഞ്ഞു: ‘നിങ്ങളു​ടെ പാട്ടുകൾ ഒന്നു കേൾക്കട്ടെ, ഡിവി​ഷണൽ ഓഫീസർ തന്നെയാണ്‌ ഈ ആവശ്യം ഉന്നയി​ച്ചി​രി​ക്കു​ന്നത്‌.’

“സഹോ​ദ​ര​ന്മാർ ഗീതമാ​ല​പി​ക്കു​ന്നത്‌ ആ ഓഫീസർ പലപ്പോ​ഴും കേട്ടി​ട്ടു​ള്ള​താണ്‌. ഏതായാ​ലും തക്കസമ​യ​ത്തു​ത​ന്നെ​യാ​യി​രു​ന്നു ഈ അഭ്യർഥന—തളർന്നു​വീ​ഴു​മെന്ന നിലയി​ലാ​യി​രു​ന്നു ഞങ്ങള​പ്പോൾ! യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താൻ സന്തോ​ഷ​പൂർവം ഞങ്ങൾ ശബ്ദമു​യർത്തി. ഞങ്ങൾ പാട്ടു പാടു​മ്പോ​ഴെ​ല്ലാം സമീപ​ത്തുള്ള തങ്ങളുടെ വീട്ടിൽനിന്ന്‌ ഉദ്യോ​ഗ​സ്ഥ​രു​ടെ ഭാര്യ​മാർ വരാന്ത​യി​ലേ​ക്കി​റ​ങ്ങി​വന്ന്‌ ഏറെ നേരം പാട്ടു കേട്ടു നിൽക്കു​മാ​യി​രു​ന്നു. പഴയ ഒരു പാട്ടു​പു​സ്‌ത​ക​ത്തി​ലെ ‘ഭൂമി ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തട്ടെ’ എന്ന ആറാമത്തെ ഗീതത്തി​ന്റെ വരികൾ അവർക്ക്‌ എത്രയും പ്രിയ​മാ​യി​രു​ന്നു. അതിന്റെ വാക്കുകൾ മാത്രമല്ല ഈണവും അതിമ​നോ​ഹ​ര​മാ​യി​രു​ന്നു.”

ഇത്‌ “മറ്റൊരു ലോകം”

അത്യപൂർവ​മെന്നു വിശേ​ഷി​പ്പി​ക്കാ​വുന്ന സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും യഹോ​വ​യു​ടെ സാക്ഷികൾ തങ്ങൾ എങ്ങനെ​യു​ള്ള​വ​രെന്നു തെളി​യി​ച്ചി​ട്ടുണ്ട്‌. വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ പറയുന്നു: “അതൊരു വാരാ​ന്ത​മാ​യി​രു​ന്നു, ഞങ്ങളെ​ല്ലാം പൂന്തോ​ട്ട​ത്തിൽ സൊറ പറഞ്ഞി​രി​ക്കുന്ന സമയം. ഞങ്ങളുടെ പാളയ​ത്തി​ലേക്കു വിലപി​ടി​പ്പുള്ള കുറെ വൈദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒരു ട്രക്ക്‌ വന്നു. വണ്ടി ഓടി​ച്ചി​രു​ന്നത്‌ ഞങ്ങളുടെ പാളയ​ത്തിൽനി​ന്നു​ത​ന്നെ​യുള്ള ഒരു തടവു​പു​ള്ളി​യാണ്‌, സാക്ഷിയല്ല. കൂടെ​യു​ണ്ടാ​യി​രുന്ന, സാധനങ്ങൾ വാങ്ങു​ന്ന​തി​നു ചുമത​ല​പ്പെട്ട പർച്ചേ​സിങ്‌ മാനേ​ജ​രാ​കട്ടെ മറ്റൊരു പാളയ​ത്തിൽനി​ന്നുള്ള ആളും. സ്റ്റോർ റൂം അടവാ​യി​രു​ന്നു, അതിന്റെ ചുമത​ല​ക്കാ​രൻ അവധി​യി​ലും. അതു​കൊണ്ട്‌ സാധനങ്ങൾ കൈപ്പറ്റി അവ ഇറക്കി സൂക്ഷി​ക്കാൻ സാക്ഷി​ക​ളോട്‌ ആവശ്യ​പ്പെട്ടു.

“ഞങ്ങൾ സാധന​ങ്ങ​ളെ​ല്ലാം ഇറക്കി, സഹോ​ദ​രങ്ങൾ താമസി​ച്ചി​രു​ന്നി​ട​ത്തു​നിന്ന്‌ അത്ര അകലെ​യ​ല്ലാ​തെ സ്റ്റോർ റൂമി​നോ​ടു ചേർന്ന്‌ എല്ലാം അടുക്കി​വെച്ചു. സ്റ്റോറി​ന്റെ മാനേ​ജ​രിൽനിന്ന്‌ രസീത്‌ ഒപ്പിട്ടു വാങ്ങാതെ സാധനങ്ങൾ ഇറക്കി​യി​ട്ടു പോകാൻ പർച്ചേ​സിങ്‌ മാനേ​ജർക്കു ഭയമാ​യി​രു​ന്നു. എന്നാൽ ഡ്രൈവർ അദ്ദേഹ​ത്തോ​ടു പറഞ്ഞു: ‘ഒന്നും പേടി​ക്കേണ്ട. ഇവിടെ ആരും ഇതി​ലൊ​ന്നു തൊടു​ക​പോ​ലു​മില്ല. വാസ്‌ത​വ​ത്തിൽ ഇത്‌ “മറ്റൊരു ലോകം” ആണ്‌. പാളയ​ത്തി​നു പുറത്ത്‌ എന്തു നടക്കുന്നു എന്നതു മറന്നുകള. ഇവിടെ പക്ഷേ അങ്ങനെയല്ല; നിങ്ങളു​ടെ കയ്യിൽക്കി​ട​ക്കുന്ന ആ വാച്ച്‌ അഴിച്ച്‌ എവിടെ വേണ​മെ​ങ്കി​ലും വെച്ചിട്ടു പൊയ്‌ക്കൊ​ള്ളൂ; നാളെ വരു​മ്പോൾ അത്‌ അവി​ടെ​ത്തന്നെ ഉണ്ടാകും.’ ആ സാധന​ങ്ങ​ളെ​ല്ലാം കൂടി 5,00,000 റൂബിൾ വില വരുന്ന​താ​യ​തു​കൊണ്ട്‌ രസീത്‌ ഒപ്പിട്ടു​കി​ട്ടാ​തെ തനിക്കു പോകാ​നാ​വില്ല എന്നായി മാനേജർ.

“അപ്പോൾ പാളയ​ത്തി​ലെ മേലു​ദ്യോ​ഗസ്ഥർ രംഗ​ത്തെത്തി, ട്രക്ക്‌ എത്രയും വേഗം അവിടം വിട്ടു​പോ​ക​ണ​മെന്ന്‌ ആവശ്യ​പ്പെട്ടു. ഇറക്കിയ സാധന​ങ്ങ​ളു​ടെ ലിസ്റ്റ്‌ ഏൽപ്പി​ച്ചി​ട്ടു പോകാ​നും ഒപ്പിട്ട രേഖകൾ പിറ്റേന്നു വന്നു വാങ്ങി​ക്കൊ​ള്ളാ​നും അവരിൽ ഒരാൾ പർച്ചേ​സിങ്‌ മാനേ​ജ​രോ​ടു പറഞ്ഞു. മനസ്സി​ല്ലാ​മ​ന​സ്സോ​ടെ അദ്ദേഹം സ്ഥലംവി​ട്ടു. പിറ്റേന്നു രാവി​ലെ​തന്നെ അദ്ദേഹം എത്തി, എന്നാൽ അതി​നോ​ടകം രേഖക​ളെ​ല്ലാം ഒപ്പിട്ട്‌ ഗാർഡി​നെ ഏൽപ്പി​ച്ചി​രു​ന്ന​തി​നാൽ മാനേ​ജർക്ക്‌ അകത്തേക്കു വരേണ്ട​താ​യി​പ്പോ​ലും വന്നില്ല.

“പർച്ചേ​സിങ്‌ മാനേജർ കുറെ​സ​മയം അവിടെ ചുറ്റി​പ്പറ്റി നിന്നി​ട്ടാ​ണു പോയ​തെന്ന്‌ ഗാർഡ്‌ പിന്നീടു ഞങ്ങളോ​ടു പറഞ്ഞു. അരമണി​ക്കൂ​റോ​ളം അദ്ദേഹം ഗേറ്റി​ലേ​ക്കും രേഖക​ളി​ലേ​ക്കും മിഴി​ച്ചു​നോ​ക്കി അവി​ടെ​ത്തന്നെ നിന്നു​പോ​ലും. എന്നിട്ട്‌ പോകാ​നാ​യി തിരി​ഞ്ഞെ​ങ്കി​ലും വീണ്ടും തിരിഞ്ഞ്‌ ഗേറ്റി​ലേക്കു നോക്കി നിന്നു​വ​ത്രേ. ഒരുപക്ഷേ ജീവി​ത​ത്തിൽ ആദ്യമാ​യി​ട്ടാ​യി​രി​ക്കും അദ്ദേഹ​ത്തിന്‌ ഇങ്ങനെ​യൊ​രു അനുഭവം ഉണ്ടാകു​ന്നത്‌. ഇത്ര വിലപി​ടി​പ്പുള്ള സാധനങ്ങൾ, യാതൊ​രു രേഖയും വാങ്ങാതെ ഇറക്കി​യി​ട്ടു പോകുക, പിറ്റേന്നു വരു​മ്പോൾ എല്ലാ രേഖക​ളും സത്യസ​ന്ധ​മാ​യി ഒപ്പിട്ടു തിരികെ നൽകുക! ഇതൊക്കെ നടക്കു​ന്ന​തോ, ‘ഏറ്റവും അപകട​കാ​രി​ക​ളായ കുറ്റവാ​ളി​കൾ’ എന്നു മുദ്ര​കു​ത്തി​യി​ട്ടുള്ള തടവു​കാ​രെ പാർപ്പി​ച്ചി​രുന്ന കനത്ത സുരക്ഷാ​സ​ന്നാ​ഹ​ങ്ങ​ളുള്ള തൊഴിൽപ്പാ​ള​യ​ത്തി​ലും. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ എന്തൊക്കെ ദുഷ്‌പ്ര​ചാ​ര​ണങ്ങൾ ഉണ്ടായി​ട്ടും, അവർ വാസ്‌ത​വ​ത്തിൽ എങ്ങനെ​യു​ള്ള​വ​രാ​ണെന്നു മനസ്സി​ലാ​ക്കാൻ ഇത്തരത്തി​ലുള്ള പല സംഭവ​ങ്ങ​ളും ആളുകളെ സഹായി​ച്ചി​ട്ടുണ്ട്‌.”

“അവർ വീണ്ടും പ്രസം​ഗ​പ്ര​വർത്തനം തുടങ്ങി​യി​രി​ക്കു​ന്നു”

വർഷം 1960. സാക്ഷി​ക​ളായ എല്ലാവ​രെ​യും ഒരുമിച്ച്‌ മോർഡ്‌വി​നി​യ​യി​ലെ പാളയ​ത്തി​ലാ​യി​രു​ന്നു ആദ്യം പാർപ്പി​ച്ചി​രു​ന്നത്‌. എന്നാൽ ഏതാനും ദിവസം കഴിഞ്ഞ​പ്പോൾ അവരിൽനി​ന്നു നൂറി​ല​ധി​കം പേരെ 10-ാം നമ്പർ പാളയ​ത്തി​ലേക്കു മാറ്റി​പ്പാർപ്പി​ച്ചു. അത്‌ തൊട്ട​ടു​ത്തുള്ള യുഡർനി ഗ്രാമ​ത്തി​ലെ ഒരു പ്രത്യേക ജയിലാ​യി​രു​ന്നു. സാക്ഷി​കളെ ‘മെരു​ക്കി​യെ​ടു​ക്കാ​നാ​യി’ പരീക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലുള്ള ഒരു ശ്രമമാ​യി​രു​ന്നു അവിടെ നടന്നി​രു​ന്നത്‌. നാസി തടവു​കാർക്ക്‌ ഉണ്ടായി​രു​ന്ന​തു​പോ​ലുള്ള വരയൻ യൂണി​ഫോം ആയിരു​ന്നു അവർക്കും. മറ്റു ജോലി​ക​ളോ​ടൊ​പ്പം സാക്ഷി​കൾക്ക്‌ ഒരു പ്രത്യേക നിയമ​ന​വും ഉണ്ടായി​രു​ന്നു: കാട്ടിൽ നിന്നി​രുന്ന വലിയ മരക്കു​റ്റി​കൾ വേരോ​ടെ കിളച്ചു​മാ​റ്റുക. ഓരോ​രു​ത്ത​രും ദിവസ​വും 11-ഓ 12-ഓ മരക്കു​റ്റി​ക​ളെ​ങ്കി​ലും ഇങ്ങനെ പറി​ക്കേ​ണ്ടി​യി​രു​ന്നു. കൂറ്റൻ ഓക്കു മരങ്ങളു​ടേ​താ​ണെ​ങ്കിൽ, പലപ്പോ​ഴും അവർ കൂട്ട​ത്തോ​ടെ ദിവസം മുഴുവൻ പണി​യെ​ടു​ത്താ​ലാ​കും ഒരെണ്ണ​മെ​ങ്കി​ലും പറിച്ചു മാറ്റാ​നാ​കുക. പരസ്‌പരം ഉന്മേഷം പകരാ​നാ​യി ജോലി​ക്കി​ട​യിൽ അവർ രാജ്യ​ഗീ​തങ്ങൾ പാടി​യി​രു​ന്നു. അവരുടെ പാട്ട്‌ പാളയ​ത്തി​ലെ മേലധി​കാ​രി​യെ പലപ്പോ​ഴും ദേഷ്യം​പി​ടി​പ്പി​ച്ചി​രു​ന്നു. ‘നിങ്ങൾക്ക്‌ ഇന്ന്‌ അത്താഴം തരുന്ന പ്രശ്‌ന​മില്ല; നിങ്ങളു​ടെ പാട്ടു നിറു​ത്തി​ക്കാൻ ഇതൊ​രൊറ്റ വഴിയേ ഉള്ളൂ. നിങ്ങ​ളെ​ക്കൊ​ണ്ടു പണി​യെ​ടു​പ്പി​ക്കാ​മോ എന്നു ഞാനൊ​ന്നു നോക്കട്ടെ,’ അയാൾ ചില​പ്പോ​ഴൊ​ക്കെ ആക്രോ​ശി​ക്കും. ആ പാളയ​ത്തി​ലു​ണ്ടാ​യി​രുന്ന ഒരു സഹോ​ദരൻ പറയുന്നു: “എന്നാൽ യഹോവ ഞങ്ങളോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. ക്ലേശങ്ങ​ളു​ടെ നടുവി​ലും ആത്മീയ​മാ​യി ഞങ്ങൾ ഉണർവു​ള്ള​വ​രാ​യി​രു​ന്നു. അഖിലാണ്ഡ പരമാ​ധി​കാ​ര​ത്തി​ന്റെ വിവാ​ദ​വി​ഷ​യ​ത്തിൽ ഞങ്ങൾ യഹോ​വ​യു​ടെ പക്ഷത്താ​ണ​ല്ലോ എന്ന ചിന്ത ഞങ്ങൾക്ക്‌ എപ്പോ​ഴും സന്തോഷം നൽകി.”—സദൃ. 27:11.

പാളയ​ത്തി​ലെ മൊത്ത​ത്തി​ലുള്ള ‘അധ്യാപന പരിപാ​ടി​ക്കു’ മേൽനോ​ട്ടം വഹിച്ചി​രുന്ന ഏതാനും പേരെ കൂടാതെ ഓരോ സെല്ലി​നും പ്രത്യേ​കം ‘അധ്യാ​പകർ’ ഉണ്ടായി​രു​ന്നു. ഈ ചുമതല വഹിച്ചി​രു​ന്ന​താ​കട്ടെ, ക്യാപ്‌റ്റന്റെ തസ്‌തി​ക​യി​ലോ അതിലും ഉയർന്ന പദവി​യി​ലോ ഉള്ള ഒരു സൈനിക ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. സാക്ഷി​കളെ അവരുടെ മതവി​ശ്വാ​സ​ത്തിൽനി​ന്നു പിന്തി​രി​പ്പി​ക്കുക, ഇതായി​രു​ന്നു അവരുടെ ഏകലക്ഷ്യം. വിശ്വാ​സം ത്യജി​ക്കാൻ തയ്യാറാ​കു​ന്ന​വർക്കുള്ള പ്രതി​ഫ​ല​മോ, തടവിൽനി​ന്നുള്ള മോച​ന​വും. ഓരോ മാസവും ഈ അധ്യാ​പകർ സാക്ഷി​ക​ളിൽ ഓരോ​രു​ത്ത​രു​ടെ​യും സ്വഭാ​വ​സർട്ടി​ഫി​ക്കറ്റ്‌ തയ്യാറാ​ക്കി, നിരവധി ജയിൽ ജീവന​ക്കാ​രെ​ക്കൊണ്ട്‌ അതിൽ ഒപ്പു​വെ​പ്പി​ക്കും. “അധ്യാ​പ​ന​ത്തോ​ടു വേണ്ടവി​ധം പ്രതി​ക​രി​ക്കു​ന്നില്ല; സ്വന്തം വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കു​ന്നു” എന്നായി​രു​ന്നു അവർ എപ്പോ​ഴും എഴുതി​യി​രു​ന്നത്‌. ഐവാൻ ക്ലിംകോ പറയുന്നു: “പത്തു വർഷത്തെ ജയിൽവാ​സ​ത്തിൽ ആറു വർഷവും ഞാൻ ഇവി​ടെ​യാ​യി​രു​ന്നു. മറ്റു സഹോ​ദ​ര​ന്മാ​രെ​പ്പോ​ലെ​തന്നെ എന്നെയും ‘ഏറ്റവും അപകട​കാ​രി​ക​ളും കടും​പി​ടു​ത്ത​ക്കാ​രു​മായ കുറ്റവാ​ളി​ക​ളു​ടെ’ ഗണത്തി​ലാ​ണു പെടു​ത്തി​യി​രു​ന്നത്‌. ഉദ്യോ​ഗസ്ഥർ പറഞ്ഞി​രു​ന്ന​ത​നു​സ​രിച്ച്‌ മേലധി​കാ​രി​കൾ മനപ്പൂർവം സാക്ഷി​കളെ ബുദ്ധി​മു​ട്ടി​ക്കു​ക​യാ​യി​രു​ന്നു, അങ്ങേയറ്റം ദുഷ്‌ക​ര​മായ അത്തരം സാഹച​ര്യ​ങ്ങ​ളിൽ ഞങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കു​മെന്നു കാണാൻ.”

അഞ്ചു വർഷം ഈ ജയിലിൽ കഴിഞ്ഞ യോവ്‌ അൻ​ഡ്രോ​നിക്‌ ഒരിക്കൽ അവിടത്തെ കമാൻഡ​റോട്‌ “ഇനി എത്രകാ​ലം ഇവിടെ കഴി​യേ​ണ്ടി​വ​രും” എന്നു ചോദി​ച്ചു. കാട്ടി​ലേക്കു ചൂണ്ടി​ക്കൊണ്ട്‌ അയാൾ പറഞ്ഞു, “നിങ്ങളെ എല്ലാറ്റി​നെ​യും ദാ, അങ്ങോട്ട്‌ എടുക്കു​ന്ന​തു​വരെ.” യോവ്‌ വിവരി​ക്കു​ന്നു: “ഞങ്ങൾ പ്രസം​ഗ​പ്ര​വർത്തനം നടത്താ​തി​രി​ക്കാൻ ഓരോ​രു​ത്ത​രെ​യും ഒറ്റയ്‌ക്കാ​ണു പാർപ്പി​ച്ചത്‌. ഞങ്ങൾ അവരുടെ സൂക്ഷ്‌മ നിരീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പാളയ​ത്തിൽ എവി​ടെ​പ്പോ​യാ​ലും അകമ്പടി​യാ​യി ഒരാൾ കൂടെ ഉണ്ടായി​രി​ക്കും. ഏതാനും വർഷങ്ങൾക്കു​ശേഷം സുരക്ഷാ​സ​ന്നാ​ഹങ്ങൾ കുറവാ​യി​രുന്ന ഒരു പാളയ​ത്തി​ലേക്കു ഞങ്ങളെ മാറ്റി. അപ്പോൾ സാക്ഷി​ക​ള​ല്ലാത്ത തടവു​കാർ മേലധി​കാ​രി​ക​ളോട്‌, ‘നിങ്ങൾ സാക്ഷി​കളെ തനിച്ചു പാർപ്പി​ച്ചി​ട്ടും ജയിച്ചത്‌ അവർതന്നെ. അവർ വീണ്ടും പ്രസം​ഗ​പ്ര​വർത്തനം തുടങ്ങി​യി​രി​ക്കു​ന്നു’ എന്നു പറഞ്ഞു.”

ബൈബിൾ എത്തിച്ചു​കൊ​ടു​ത്തത്‌ ഓഫീസർ!

പത്താം നമ്പർ പാളയ​ത്തി​ലേക്കു സാഹി​ത്യ​ങ്ങൾ കടത്തി​ക്കൊ​ണ്ടു വരുന്നത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല; ബൈബി​ളി​ന്റെ കാര്യ​മൊ​ട്ടു പറയു​ക​യും വേണ്ട; അത്‌ ഏതാണ്ട്‌ അസാധ്യം എന്നുതന്നെ സഹോ​ദ​രങ്ങൾ കരുതി. കുറെ വർഷം ഈ പാളയ​ത്തിൽ കഴി​യേ​ണ്ടി​വന്ന ഒരു സഹോ​ദരൻ പറയുന്നു, “ദൈവ​ത്തി​ന്നു സകലവും സാദ്ധ്യം.” ദൈവം ഞങ്ങളുടെ പ്രാർഥന കേട്ടു. പാളയ​ത്തിൽ കഴിയുന്ന നൂറു സാക്ഷി​കൾക്ക്‌ ഒരു ബൈബിൾ, അതു മാത്രമേ ഞങ്ങൾ ആഗ്രഹി​ച്ചു​ള്ളൂ. എന്നാൽ കിട്ടി​യ​തോ, രണ്ടെണ്ണം! (മത്താ. 19:26) എങ്ങനെ​യെ​ന്നോ?

പാളയ​ത്തി​ലെ അധ്യാ​പ​ന​വൃ​ത്തി​ക്കാ​യി ഒരു കേണൽ നിയമി​ത​നാ​യി. എന്നാൽ ബൈബി​ളി​നെ​ക്കു​റിച്ച്‌ ഒരറി​വു​മി​ല്ലാത്ത ആൾ സാക്ഷി​കൾക്ക്‌ ‘അധ്യാ​പകൻ’ ആകുന്ന​തെ​ങ്ങനെ? ഏതായാ​ലും ഒരു ബൈബിൾ സംഘടി​പ്പി​ക്കാൻതന്നെ പുതിയ അധ്യാ​പകൻ തീരു​മാ​നി​ച്ചു. അവസാനം ഒരെണ്ണം കിട്ടി, കുത്തു​വി​ട്ടു തുടങ്ങിയ ഒരു ബൈബിൾ! അവധിക്കു പോകു​ന്ന​തി​നു മുമ്പായി, ആ ബൈബിൾ ബയൻഡു ചെയ്യാൻ അദ്ദേഹം ബാപ്‌റ്റി​സ്റ്റു മതവി​ശ്വാ​സി​യായ ഒരു വൃദ്ധത​ട​വു​പു​ള്ളി​യെ ഏൽപ്പിച്ചു, ഒപ്പം അത്‌ ആരും അപഹരി​ക്കാ​തെ സൂക്ഷി​ച്ചു​കൊ​ള്ളണം എന്നൊരു മുന്നറി​യി​പ്പും. എന്നാൽ അയാൾ സാക്ഷി​ക​ളു​ടെ അടുത്തു​ചെന്ന്‌ തനിക്ക്‌ ഒരു ബൈബിൾ കിട്ടി​യി​ട്ടു​ണ്ടെന്നു വീമ്പടി​ച്ചു. എപ്പോൾ വേണ​മെ​ങ്കി​ലും അവർക്കതു വാങ്ങി​നോ​ക്കാ​മെന്നു പറയു​ക​യും ചെയ്‌തു. ആ അമൂല്യ നിധി കൈയിൽ കിട്ടേണ്ട താമസം സഹോ​ദ​രങ്ങൾ അതിന്റെ കുത്തി​ക്കെട്ടു വിടു​വിച്ച്‌ അതു പകർത്തി​യെ​ഴു​തു​ന്ന​തി​നാ​യി പേജുകൾ സാക്ഷി​ക​ളായ തടവു​കാർക്കെ​ല്ലാം വീതിച്ചു കൊടു​ത്തു. അടുത്ത ഏതാനും ദിവസ​ത്തേക്ക്‌ ആ തടവറ ഒരു പകർപ്പെ​ഴു​ത്തു കേന്ദ്ര​മാ​യി മാറി. ഓരോ പേജി​ന്റെ​യും രണ്ടു പകർപ്പു​കൾ വീതം അവർ എഴുതി​യു​ണ്ടാ​ക്കി. സഹോ​ദ​ര​ന്മാ​രിൽ ഒരാൾ പറയുന്നു, “പേജു​ക​ളെ​ല്ലാം കൂടി ഒന്നിച്ചു ചേർത്ത​പ്പോ​ഴോ, മൂന്നു ബൈബി​ളു​കൾ! കേണലിന്‌ തന്റെ ബൈബിൾ ബയൻഡു ചെയ്‌തു കിട്ടി, ഞങ്ങൾക്ക്‌ രണ്ടു ബൈബി​ളു​ക​ളും. ഒരെണ്ണം ഞങ്ങൾ വായി​ക്കാൻ ഉപയോ​ഗി​ച്ചു. മറ്റേത്‌ ‘സേഫിൽ’ സൂക്ഷിച്ചു, ഉയർന്ന വോൾട്ടേ​ജുള്ള കേബിൾ കടന്നു​പോ​കുന്ന പൈപ്പു​കൾക്കി​ട​യിൽ അതിനാ​യി ഞങ്ങളൊ​രു സ്ഥലം ഒരുക്കി. അതിന​ടു​ത്തേക്കു പോകാൻതന്നെ ആളുകൾക്കു ഭയമാ​യി​രു​ന്ന​തി​നാൽ ഉദ്യോ​ഗ​സ്ഥ​രു​ടെ കണ്ണിൽപ്പെ​ടാ​തെ അതവിടെ സുരക്ഷി​ത​മാ​യി​രു​ന്നു. ഞങ്ങളുടെ ബൈബി​ളി​നു കാവൽക്കാ​ര​നാ​യത്‌ ഹൈ വോൾട്ടേജ്‌!”

എന്നാൽ ഒരു ദിവസം, കൈ​കൊണ്ട്‌ എഴുതി​യു​ണ്ടാ​ക്കിയ ബൈബി​ളി​ന്റെ ഒരു പേജ്‌ കേണൽ കണ്ടുപി​ടി​ച്ചു. എന്താണു​ണ്ടാ​യ​തെന്ന്‌ അറിഞ്ഞ​പ്പോൾ സ്വയം ശപിച്ചു, “ഛെ, ഞാൻതന്നെ ഇവിടെ എത്തിച്ച ബൈബി​ളി​ന്റെ ഭാഗമാ​ണ​ല്ലോ ഇത്‌!”

സ്‌മാ​ര​കാ​ച​ര​ണം

വർഷം​തോ​റും പാളയ​ത്തിൽ സ്‌മാ​ര​കാ​ച​രണം നടത്താൻ സഹോ​ദ​രങ്ങൾ ശ്രമം ചെയ്‌തി​രു​ന്നു. മോർഡ്‌വി​നി​യ​യി​ലെ പാളയ​ത്തിൽ കഴിഞ്ഞ അത്രയും വർഷക്കാ​ലം സഹോ​ദ​ര​ന്മാ​രിൽ ഒരാൾക്കു​പോ​ലും ഹാജരാ​കാൻ കഴിയാ​തെ വന്നിട്ടില്ല. എങ്ങനെ​യും സ്‌മാ​ര​കാ​ച​രണം തടയാൻ പാളയ​ത്തി​ലെ മേലധി​കാ​രി​കൾ ശ്രമി​ച്ചി​രു​ന്നു. സ്‌മാ​ര​ക​ത്തീ​യതി അവർക്ക​റി​യാ​മാ​യി​രു​ന്നു, സാധാ​ര​ണ​ഗ​തി​യിൽ അന്നേദി​വസം ഗാർഡു​കൾക്കു പ്രത്യേക നിർദേ​ശങ്ങൾ നൽകി അവരെ സജ്ജരാക്കി നിറു​ത്തി​യി​രി​ക്കും. ഇങ്ങനെ സഹോ​ദ​ര​ങ്ങ​ളു​ടെ നീക്കങ്ങൾ നിരീ​ക്ഷിച്ച്‌ സന്ധ്യയാ​കു​മ്പോ​ഴേ​ക്കും മിക്ക ഗാർഡു​ക​ളും തളർന്നി​ട്ടു​ണ്ടാ​വും; സ്‌മാ​ര​കാ​ച​രണം എവിടെ, എപ്പോ​ഴാ​ണു നടക്കു​ന്ന​തെന്ന്‌ അവർക്ക​റി​യി​ല്ല​ല്ലോ.

വീഞ്ഞും പുളി​പ്പി​ല്ലാത്ത അപ്പവും സംഘടി​പ്പി​ക്കാൻ സഹോ​ദ​രങ്ങൾ എപ്പോ​ഴും ശ്രമി​ച്ചി​രു​ന്നു. ഒരു തവണ സ്‌മാ​ര​ക​ദി​വസം സഹോ​ദ​ര​ങ്ങളെ നിരീ​ക്ഷി​ക്കാൻ നിയമി​ച്ചി​രുന്ന ഗാർഡു​കൾ അവർ ഒരു മേശവ​ലി​പ്പിൽ സൂക്ഷി​ച്ചി​രുന്ന അപ്പവും വീഞ്ഞും കണ്ടുപി​ടിച്ച്‌ എടുത്തു​കൊ​ണ്ടു പോയി. കുറെ​ക്ക​ഴിഞ്ഞ്‌ വേറൊ​രു കൂട്ടം ഗാർഡു​കൾ ഡ്യൂട്ടി​ക്കെത്തി. ആ സമയത്താണ്‌ കമാൻഡ​റു​ടെ ഓഫീസ്‌ ശുചി​യാ​ക്കാൻ ഒരു സഹോ​ദരൻ പോയത്‌. ആദ്യത്തെ ഗാർഡു​കൾ കൊണ്ടു​പോയ അപ്പവും വീഞ്ഞും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. അദ്ദേഹം അത്‌ ആരും കാണാതെ സഹോ​ദ​ര​ങ്ങ​ളു​ടെ അടു​ത്തെ​ത്തി​ച്ചു. അന്നേദി​വസം സന്ധ്യക്ക്‌ മൂന്നാ​മ​തൊ​രു കൂട്ടം ഗാർഡു​കൾ ഡ്യൂട്ടി​യി​ലാ​യി​രി​ക്കെ സഹോ​ദ​രങ്ങൾ സ്‌മാ​ര​കാ​ച​രണം നടത്തി. സഹോ​ദ​ര​ങ്ങ​ളിൽ ഒരാൾ അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റുന്ന ആളായി​രു​ന്ന​തി​നാൽ അവ ഉണ്ടായി​രി​ക്കേ​ണ്ടതു വളരെ ആവശ്യ​മാ​യി​രു​ന്നു​താ​നും.

സ്‌ത്രീ​ക​ളു​ടെ പാളയ​ത്തിൽ സ്‌മാ​ര​കാ​ച​ര​ണം

മറ്റു പാളയ​ങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്നു ഇതു​പോ​ലുള്ള പ്രശ്‌നങ്ങൾ. കിമി​റോ​വോ​യി​ലെ സ്‌ത്രീ​ക​ളു​ടെ പാളയ​ത്തിൽ സ്‌മാ​ര​കാ​ച​രണം നടത്തു​ന്നത്‌ എത്ര ബുദ്ധി​മു​ട്ടാ​യി​രു​ന്നു​വെന്ന്‌ വലന്റിനാ ഗാർനോ​ഫ്‌സ്‌കയ ഓർക്കു​ന്നു. അവർ പറയുന്നു: “180-ഓളം സഹോ​ദ​രി​മാ​രാണ്‌ ഇവി​ടെ​യു​ണ്ടാ​യി​രു​ന്നത്‌. ഞങ്ങൾക്ക്‌ ഒരുമി​ച്ചു കൂടാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നില്ല. പത്തു വർഷത്തിൽ രണ്ടു പ്രാവ​ശ്യം മാത്ര​മാണ്‌ ഞങ്ങൾക്കു സ്‌മാ​രകം ആചരി​ക്കാൻ കഴിഞ്ഞത്‌. ഒരിക്കൽ ഞങ്ങൾ ഒരു ഓഫീ​സിൽവെച്ച്‌ സ്‌മാ​രകം ആചരി​ക്കാൻ തീരു​മാ​നി​ച്ചു, അവിടത്തെ ശുചീ​ക​ര​ണ​ച്ചു​മതല എനിക്കാ​യി​രു​ന്നു. 80-ഓളം സഹോ​ദ​രി​മാർ രഹസ്യ​മാ​യി അവിടെ ഒത്തുകൂ​ടി. എല്ലാവ​രും എത്തി​ച്ചേ​രാൻ മണിക്കൂ​റു​കൾ വേണ്ടി​വന്നു, കാരണം ആരു​ടെ​യും കണ്ണിൽപ്പെ​ടാ​തെ ഒറ്റയ്‌ക്കൊ​റ്റ​യ്‌ക്കു വേണമാ​യി​രു​ന്നു വരാൻ. പുളി​പ്പി​ല്ലാത്ത അപ്പവും ചുവന്ന വീഞ്ഞും ഞങ്ങൾ മേശപ്പു​റത്ത്‌ ഒരുക്കി​വെച്ചു.

“ഗീതം ആലപി​ക്കാ​തെ പരിപാ​ടി​കൾ തുടങ്ങാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. ഒരു സഹോ​ദരി പ്രാർഥി​ച്ചു, എല്ലാം വിചാ​രി​ച്ച​തു​പോ​ലെ ഭംഗി​യാ​യി മുന്നോ​ട്ടു​പോ​യി. പെട്ടെന്ന്‌ എന്തൊ​ക്കെ​യോ ഒച്ചയും ബഹളവും കേട്ടു. ഓഫീ​സർമാർ ഞങ്ങളെ അന്വേ​ഷി​ക്കു​ക​യാ​ണെന്നു മനസ്സി​ലാ​യി. പെട്ടെന്നു തലയു​യർത്തി നോക്കി​യ​പ്പോൾ കമാൻഡർ ജനാല​യി​ലൂ​ടെ ഞങ്ങളെ തുറി​ച്ചു​നോ​ക്കു​ന്ന​താ​ണു കണ്ടത്‌. ഒപ്പം, വാതിൽ തുറക്കാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ആരോ ശക്തിയാ​യി ഇടിക്കു​ന്ന​തും കേട്ടു. വാതിൽ തുറന്ന​പ്പോൾ ഓഫീ​സർമാർ അകത്തേക്കു പാഞ്ഞു​വന്ന്‌ പ്രസംഗം നടത്തി​ക്കൊ​ണ്ടി​രുന്ന സഹോ​ദ​രി​യെ പിടി​ച്ചു​കൊ​ണ്ടു​പോ​യി. സഹോ​ദ​രി​യെ അവർ ഏകാന്ത​ത​ട​വി​ലാ​ക്കി. പ്രസംഗം നടത്താൻ മറ്റൊരു സഹോ​ദരി ധൈര്യ​ത്തോ​ടെ മുന്നോ​ട്ടു വന്നെങ്കി​ലും അവർ ആ സഹോ​ദ​രി​യെ​യും പിടി​ച്ചു​കൊ​ണ്ടു​പോ​യി. പ്രസംഗം തുടരാൻ മൂന്നാ​മ​തൊ​രാൾ കൂടി മുന്നോ​ട്ടു വന്നതോ​ടെ അവർ ഞങ്ങളെ കൂട്ട​ത്തോ​ടെ പിടി​ച്ചു​കൊ​ണ്ടു​പോ​യി മറ്റൊരു മുറി​യി​ലാ​ക്കി. എല്ലാവ​രെ​യും ഏകാന്ത​ത​ട​വി​ലാ​ക്കു​മെന്ന്‌ ഭീഷണി​പ്പെ​ടു​ത്തി. അവിടെ ഞങ്ങൾ ഗീതം പാടി പ്രാർഥ​ന​യോ​ടെ സ്‌മാ​ര​കാ​ച​രണം പൂർത്തി​യാ​ക്കി.

“തിരിച്ചു ബാരക്കു​ക​ളി​ലേക്കു ചെന്ന​പ്പോൾ മറ്റു തടവു​കാർ സന്തോ​ഷ​ത്തോ​ടെ ഞങ്ങളെ വരവേറ്റു. അവർ പറഞ്ഞു, ‘നിങ്ങ​ളെ​ല്ലാം കൂട്ട​ത്തോ​ടെ അപ്രത്യ​ക്ഷ​മാ​യ​പ്പോൾ ഞങ്ങൾ കരുതി​യത്‌, അർമ​ഗെ​ദ്ദോൻ വന്നിട്ടു​ണ്ടാ​വും എന്നാണ്‌. ഞങ്ങളെ​യെ​ല്ലാം നശിക്കാൻ ഇവിടെ വിട്ടിട്ട്‌ നിങ്ങ​ളെ​യെ​ല്ലാ​വ​രെ​യും ദൈവം സ്വർഗ​ത്തി​ലേക്കു കൊണ്ടു​പോ​യി​രി​ക്കും എന്നും.’ ഇവർ കുറെ വർഷങ്ങ​ളാ​യി ഞങ്ങളോ​ടൊ​പ്പം കഴിയു​ന്ന​വ​രാ​യി​രു​ന്നെ​ങ്കി​ലും സത്യം സ്വീക​രി​ച്ചി​രു​ന്നില്ല. എന്നാൽ ഈ സംഭവ​ത്തി​നു​ശേഷം പലരും ഞങ്ങൾ പറയു​ന്നതു ശ്രദ്ധി​ക്കാൻ തുടങ്ങി.”

“ഞങ്ങളെ​ല്ലാ​വ​രും​കൂ​ടെ പറ്റി​ച്ചേർന്നു നിന്നു”

വൊർക്കൂ​റ്റ​യി​ലെ ഒരു പാളയ​ത്തിൽ യൂ​ക്രെ​യിൻ, മൊൾഡോവ, ബാൾട്ടി​ക്കു​കൾ തുടങ്ങി സോവി​യറ്റ്‌ യൂണി​യ​നി​ലെ പല റിപ്പബ്ലി​ക്കു​ക​ളിൽനി​ന്നു​മുള്ള ഒട്ടനവധി സാക്ഷി​കളെ പാർപ്പി​ച്ചി​രു​ന്നു. ഐവാൻ ക്ലിംകോ പറയുന്നു: “1948-ലെ ശൈത്യ​കാ​ല​മാ​യി​രു​ന്നു അത്‌. ബൈബിൾ സാഹി​ത്യ​ങ്ങ​ളൊ​ന്നും ഞങ്ങളുടെ പക്കൽ ഉണ്ടായി​രു​ന്നില്ല. അതു​കൊണ്ട്‌ ഞങ്ങൾ പണ്ട്‌ മാസി​ക​ക​ളിൽ വായി​ച്ചി​ട്ടുള്ള വിവരങ്ങൾ ഓർമ​യി​ലു​ള്ളത്‌ തുണ്ടു​ക​ട​ലാ​സു​ക​ളിൽ എഴുതി ഓഫീ​സർമാർ കാണാതെ സൂക്ഷിച്ചു. എന്നാൽ അവർക്ക്‌ ഈ വിവരം അറിയാ​മാ​യി​രു​ന്നു. വിശദ​മായ അന്വേ​ഷണം ഉണ്ടാകു​മെന്ന്‌ ഉറപ്പായി. ആ കൊടും​ത​ണു​പ്പത്ത്‌ അവർ ഞങ്ങളെ കൂട്ട​ത്തോ​ടെ പുറത്തു​കൊ​ണ്ടു​പോ​യി നിറു​ത്തും, ഓരോ നിരയി​ലും അഞ്ചുപേർ വീതം. ഇത്തരം സന്ദർഭ​ങ്ങ​ളിൽ അവർ വീണ്ടും​വീ​ണ്ടും ഞങ്ങളുടെ എണ്ണമെ​ടു​ക്കും. പുറത്തു തണുത്തു​മ​ര​വി​ച്ചു നിൽക്കു​ന്ന​തി​നെ​ക്കാൾ ഭേദം ആ കടലാ​സു​തു​ണ്ടു​കൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണെന്നു ഞങ്ങൾ ചിന്തി​ക്കു​മെന്ന്‌ അവർ പ്രതീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കണം. ഇങ്ങനെ എണ്ണമെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോൾ ഞങ്ങളെ​ല്ലാ​വ​രും​കൂ​ടെ പറ്റി​ച്ചേർന്നു നിന്ന്‌ ഏതെങ്കി​ലു​മൊ​രു ബൈബിൾ വിഷയം ചർച്ച​ചെ​യ്യും. ആത്മീയ​വി​ഷ​യ​ങ്ങ​ളാൽ മനസ്സു നിറയ്‌ക്കാൻ ഞങ്ങൾ സദാ ശ്രദ്ധി​ച്ചി​രു​ന്നു. യഹോ​വ​യോ​ടുള്ള നിർമലത കാക്കാൻ അവൻ ഞങ്ങളെ സഹായി​ച്ചു. കുറച്ചു​ക​ഴി​ഞ്ഞ​പ്പോൾ പാളയ​ത്തി​ലേക്ക്‌ ഒരു ബൈബിൾ കടത്തി​ക്കൊ​ണ്ടു​വ​രാൻപോ​ലും സഹോ​ദ​ര​ന്മാർക്കു കഴിഞ്ഞു. ഞങ്ങൾ അതു പല ഭാഗങ്ങ​ളാ​യി വേർപെ​ടു​ത്തി സൂക്ഷിച്ചു, ഒരന്വേ​ഷണം ഉണ്ടാകു​മ്പോൾ മുഴു ബൈബി​ളും നഷ്ടപ്പെ​ട​രു​ത​ല്ലോ.

“യഹോ​വ​യു​ടെ സാക്ഷികൾ തൊഴിൽപ്പാ​ള​യ​ങ്ങ​ളിൽ എത്തി​പ്പെ​ടേ​ണ്ട​വ​ര​ല്ലെന്ന്‌ ഗാർഡു​ക​ളിൽ ചില​രെ​ങ്കി​ലും കരുതി​യി​രു​ന്നു. ഈ നല്ല മനുഷ്യർ അവരാൽ ആകുന്ന വിധത്തിൽ ഞങ്ങളെ സഹായി​ച്ചി​ട്ടുണ്ട്‌. ഞങ്ങൾക്ക്‌ എന്തെങ്കി​ലും പാഴ്‌സൽ ലഭിക്കു​മ്പോൾ ചില ഗാർഡു​കൾ അതു കണ്ടി​ല്ലെന്നു നടിക്കും. പലപ്പോ​ഴും ഈ പാഴ്‌സ​ലു​ക​ളിൽ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഒന്നോ രണ്ടോ പേജുകൾ ഒളിപ്പി​ച്ചി​ട്ടു​ണ്ടാ​കും. കിലോ​ക്ക​ണ​ക്കി​നു​വ​രുന്ന ആഹാര​സാ​ധ​ന​ങ്ങ​ളെ​ക്കാൾ വില​പ്പെ​ട്ട​താ​യി​രു​ന്നു ഏതാനും ഗ്രാം മാത്രം തൂക്കം​വ​രുന്ന ഈ താളുകൾ! ഭൗതി​ക​മാ​യി ഞങ്ങൾക്കു മുട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആത്മീയ​മാ​യി സുഭി​ക്ഷ​രാ​യി​രു​ന്നു.”—യെശ. 65:13, 14.

“അയാളത്‌ 50 കഷണമാ​ക്കി പങ്കു​വെ​ക്കും!”

സത്യത്തിൽ താത്‌പ​ര്യം കാണി​ച്ച​വ​രു​മൊത്ത്‌ സഹോ​ദ​രങ്ങൾ വാരം​തോ​റും ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി. 7 മണിക്കു​ശേഷം ബാരക്കു​ക​ളിൽ ബൈബി​ള​ധ്യ​യനം നടക്കുന്ന വിവരം പല തടവു​കാർക്കും അറിയാ​മാ​യി​രു​ന്നു. ഇവരിൽ ബൈബി​ളിൽ താത്‌പ​ര്യം ഇല്ലാത്ത​വർപോ​ലും ആ സമയത്ത്‌ നിശ്ശബ്ദ​ത​പാ​ലി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ച്ചി​രു​ന്നു. യോവ്‌ അൻ​ഡ്രോ​നിക്‌ പറയുന്നു: “യഹോവ ഞങ്ങൾക്കാ​യി കരുതു​ന്നു​ണ്ടെ​ന്നും തന്റെ വേലയു​ടെ പുരോ​ഗ​തി​ക്കാ​യി ഞങ്ങളെ സഹായി​ക്കു​ന്നു​ണ്ടെ​ന്നും വളരെ വ്യക്തമാ​യി​രു​ന്നു. ബൈബിൾത​ത്ത്വ​ങ്ങൾ പിൻപ​റ്റി​ക്കൊണ്ട്‌ പരസ്‌പരം ക്രിസ്‌തീയ സ്‌നേഹം കാണി​ക്കാ​നും ഞങ്ങൾ ശ്രമി​ച്ചി​രു​ന്നു. അതിനു നല്ലൊരു ഉദാഹ​ര​ണ​മാണ്‌, ഞങ്ങൾക്കു പാഴ്‌സ​ലാ​യി കിട്ടുന്ന ആഹാര​സാ​ധ​നങ്ങൾ അന്യോ​ന്യം പങ്കു​വെ​ച്ചി​രു​ന്നത്‌; അവിടെ മറ്റാരും ചെയ്യാത്ത ഒരു കാര്യ​മാ​യി​രു​ന്നു അത്‌.

“ഒരു പാളയ​ത്തിൽ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ ആഹാരം വിതരണം ചെയ്യാ​നുള്ള ഉത്തരവാ​ദി​ത്വം മിക്കൊ​ലാ പ്യാ​റ്റൊ​ക്കാ​യ്‌ക്ക്‌ ആയിരു​ന്നു. ഒരിക്കൽ ഒരു കെജിബി ഓഫീസർ പറഞ്ഞു, ‘മിക്കൊ​ലാ​യ്‌ക്ക്‌ ഒരു മിഠായി കൊടു​ത്തു നോക്കൂ, അയാളത്‌ 50 കഷണമാ​ക്കി പങ്കു​വെ​ക്കും!’ അങ്ങനെ​യാ​യി​രു​ന്നു സഹോ​ദ​രങ്ങൾ. കിട്ടു​ന്ന​തെ​ന്തും, ഭൗതിക ആഹാര​മാ​യാ​ലും ആത്മീയ ആഹാര​മാ​യാ​ലും ശരി, ഞങ്ങൾ അതു പങ്കു​വെ​ക്കു​മാ​യി​രു​ന്നു. അത്‌ ഞങ്ങൾക്കു പ്രയോ​ജ​ന​ക​ര​മാ​യി​രു​ന്നു, മാത്രമല്ല നല്ലൊരു സാക്ഷ്യ​വും. ആത്മാർഥ​ഹൃ​ദ​യ​മുള്ള പലരും സത്യം സ്വീക​രി​ക്കാൻ അത്‌ ഇടയാക്കി.”—മത്താ. 28:19 20; യോഹ. 13:34, 35.

സത്‌സ്വ​ഭാ​വ​ത്തിന്‌ കൂടുതൽ വേതനം

ഒരു പാളയ​ത്തിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി നേരിട്ട്‌ ഇടപാ​ടു​കൾ ഉണ്ടായി​രുന്ന ജോലി​ക്കാർക്ക്‌ ശമ്പളത്തി​ന്റെ 30 ശതമാനം ബോണസ്‌ ആയി ലഭിച്ചി​രു​ന്നു. എന്തായി​രു​ന്നു കാരണം? വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ വിവരി​ക്കു​ന്നു: “കൂടുതൽ സാക്ഷി​കളെ പാർപ്പി​ച്ചി​രുന്ന പാളയ​ങ്ങ​ളിൽ ജോലി നോക്കു​ന്ന​വർക്ക്‌ ഒരു പ്രത്യേക നിർദേശം നൽകി​യി​രു​ന്നു​വ​ത്രേ, അവർ ദേഷ്യ​പ്പെ​ടു​ക​യോ ചീത്ത വിളി​ക്കു​ക​യോ ചെയ്യാൻ പാടി​ല്ലാ​യി​രു​ന്നു. പകരം എപ്പോ​ഴും നയവും മര്യാ​ദ​യും ഉള്ളവരാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. പാളയ​ത്തി​ലെ പണം കൈകാ​ര്യം ചെയ്‌തി​രുന്ന ഒരു സ്‌ത്രീ​യാണ്‌ എന്നോ​ടി​തു പറഞ്ഞത്‌. ഇങ്ങനെ നല്ല പെരു​മാ​റ്റം കാഴ്‌ച​വെ​ക്കു​ന്ന​വർക്കു കൂടുതൽ വേതനം ലഭിച്ചി​രു​ന്നു​പോ​ലും. യഹോ​വ​യു​ടെ സാക്ഷികൾ മാത്രമല്ല മാതൃ​കാ​പ​ര​മായ ജീവിതം നയിക്കു​ന്നത്‌, അവരും മറ്റുള്ള​വ​രും തമ്മിൽ യാതൊ​രു വ്യത്യാ​സ​വു​മില്ല എന്നൊക്കെ കാണി​ക്കു​ന്ന​തി​നാ​യി​രു​ന്നു അത്‌. ഈ നല്ല പെരു​മാ​റ്റ​ത്തിന്‌ അവർക്കു കൂലി ലഭിച്ചി​രു​ന്നു. ഡോക്ടർമാർ, അക്കൗണ്ടന്റ്‌, മറ്റു തൊഴിൽ ചെയ്യു​ന്നവർ തുടങ്ങി പല വകുപ്പു​ക​ളി​ലാ​യി നൂറോ​ളം പേർ ഇങ്ങനെ പാളയ​ത്തിൽ ജോലിക്ക്‌ എത്തിയി​രു​ന്നു. കൂടു​ത​ലാ​യി കിട്ടുന്ന പണം നഷ്ടപ്പെ​ടു​ത്താൻ ആരും ആഗ്രഹി​ച്ചില്ല.

“ഒരിക്കൽ ഒരു സഹോ​ദരൻ പാളയ​ത്തി​നു പുറത്തു ജോലി​ചെ​യ്യു​മ്പോൾ, ഒരു ഓഫീസർ ഉച്ചത്തിൽ ചീത്ത വിളി​ക്കു​ന്നതു കേൾക്കാൻ ഇടയായി. അടുത്ത​ദി​വസം സഹോ​ദരൻ അദ്ദേഹത്തെ പാളയ​ത്തിൽവെച്ചു കണ്ടുമു​ട്ടി​യ​പ്പോൾ പറഞ്ഞു: ‘ഗാർഡു​ക​ളിൽ ആരെങ്കി​ലും താങ്കളെ വല്ലാതെ ദേഷ്യം​പി​ടി​പ്പി​ച്ചി​രി​ക്കണം. താങ്കൾ വളരെ ഉറക്കെ​യാ​ണു സംസാ​രി​ച്ചി​രു​ന്നത്‌!’ ‘ഏയ്‌, അങ്ങനെ​യൊ​ന്നു​മു​ണ്ടാ​യില്ല. ദിവസം മുഴുവൻ ദേഷ്യ​മെ​ല്ലാം ഉള്ളിൽ അടക്കി​വെ​ച്ചിട്ട്‌ സഹിക്ക​വ​യ്യാ​താ​യി. അതെല്ലാം പുറത്തു ചാടി​ക്കാ​നാ​യി അപ്പോൾ പാളയ​ത്തി​നു വെളി​യിൽ പോയി,’ അദ്ദേഹം പറഞ്ഞു. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​പ്പോ​ലെ ആയിരി​ക്കാ​നുള്ള മറ്റുള്ള​വ​രു​ടെ ശ്രമം ശരിക്കും അവർക്കൊ​രു ഭാരം​തന്നെ ആയിരു​ന്നു.”

സുവി​ശേ​ഷി​ക്കൽ—ഗ്ലാസിന്റെ മറവിൽ

സാക്ഷീ​ക​രി​ക്കാ​നുള്ള അവസര​ങ്ങ​ളൊ​ന്നും സഹോ​ദ​രങ്ങൾ പാഴാ​ക്കി​യില്ല, അതിന്‌ തക്ക ഫലവും ഉണ്ടായി. നിക്കലൈ ഗുറ്റ്‌സ​ല്യാക്‌ ഓർമി​ക്കു​ന്നു: “പാളയ​ത്തിൽ ആഹാര​സാ​ധ​നങ്ങൾ സൂക്ഷി​ച്ചി​രു​ന്നി​ട​ത്തു​നിന്ന്‌ ആഹാരം കൊണ്ടു​വ​രാൻ ഞങ്ങൾ മിക്ക​പ്പോ​ഴും അവിടെ പോകു​മാ​യി​രു​ന്നു. അതിനുള്ള ഊഴം വരു​മ്പോ​ഴൊ​ക്കെ ബൈബി​ളിൽനിന്ന്‌ എന്തെങ്കി​ലും സംസാ​രി​ക്കാൻ ഞാൻ ശ്രമി​ച്ചി​രു​ന്നു. സാധനങ്ങൾ എടുത്തു​ത​രുന്ന സ്‌ത്രീ ഞാൻ പറയു​ന്ന​തൊ​ക്കെ നന്നായി കേട്ടി​രു​ന്നു. ഒരിക്കൽ അവർ എന്നോട്‌ എന്തെങ്കി​ലും വായിച്ചു കേൾപ്പി​ക്കാൻ പറഞ്ഞു. മൂന്നു ദിവസ​ത്തി​നു​ശേഷം ഒരു ഓഫീസർ എന്നെ ഗേറ്റി​ങ്ക​ലേക്കു വിളി​പ്പി​ച്ചു. കമാൻഡ​റു​ടെ വീട്ടിൽ ജനാല​യു​ടെ ഒരു ഗ്ലാസ്‌ പിടി​പ്പി​ക്കാൻ അദ്ദേഹം എന്നോ​ടും മറ്റൊരു സാക്ഷി​യോ​ടും ആവശ്യ​പ്പെട്ടു.

“പട്ടാള​ക്കാ​രു​ടെ അകമ്പടി​യോ​ടെ ഞാനും സഹോ​ദ​ര​നും പട്ടണത്തിൽ കമാൻഡ​റു​ടെ വീട്ടി​ലെത്തി. കതകു തുറന്നത്‌ ആഹാര​സാ​ധ​നങ്ങൾ എടുത്തു​ത​ന്നി​രുന്ന ആ സ്‌ത്രീ ആയിരു​ന്നു. കമാൻഡ​റു​ടെ ഭാര്യ​യാ​യി​രു​ന്നു അവർ! ഒരു പട്ടാള​ക്കാ​രൻ അകത്തും മറ്റു രണ്ടു പേർ തെരു​വിൽ ജനാല​യു​ടെ അടുത്താ​യും നിലയു​റ​പ്പി​ച്ചു. ഞങ്ങൾക്ക്‌ ചായയും മറ്റും തരുന്ന സമയത്ത്‌ ബൈബി​ളി​നെ​ക്കു​റി​ച്ചു പറയാൻ ആ സ്‌ത്രീ ആവശ്യ​പ്പെട്ടു. അന്നു ഞങ്ങൾ അവരുടെ ജനാല​യ്‌ക്കു ഗ്ലാസ്‌ പിടി​പ്പി​ച്ചു, ഒപ്പം അവർക്ക്‌ ഒരു സമഗ്ര സാക്ഷ്യ​വും നൽകി. സംഭാ​ഷ​ണ​ത്തി​നൊ​ടു​വിൽ അവർ പറഞ്ഞു: ‘ഒന്നും പേടി​ക്കേണ്ട, എന്റെ മാതാ​പി​താ​ക്ക​ളും നിങ്ങ​ളെ​പ്പോ​ലെ ദൈവ​ഭ​യ​മുള്ള ആളുക​ളാ​യി​രു​ന്നു.’ ആ സ്‌ത്രീ ഭർത്താവ്‌ അറിയാ​തെ രഹസ്യ​മാ​യി നമ്മുടെ സാഹി​ത്യ​ങ്ങൾ വായി​ച്ചി​രു​ന്നു. ഭർത്താ​വിന്‌ സാക്ഷി​കളെ അങ്ങേയറ്റം വെറു​പ്പാ​യി​രു​ന്നു.”

“തിരികെ ജോലി​യിൽ പ്രവേ​ശി​ക്കുക”

സാക്ഷി​ക​ളോട്‌ അനുകൂല മനോ​ഭാ​വം പുലർത്തി​യി​രുന്ന, അവർക്കു​വേണ്ടി സംസാ​രി​ച്ചി​രുന്ന അധികാ​രി​ക​ളും ഉണ്ടായി​രു​ന്നു. 1970-ൽ, ഇർക്കൂ​റ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റി​ലെ ബ്രാറ്റ്‌സ്‌ക്കി​ലുള്ള ഒരു തടി ഫാക്ടറി​യി​ലെ കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി ഓഫീസ്‌ ഒരു തീരു​മാ​നം എടുത്തു, യഹോ​വ​യു​ടെ സാക്ഷി​ക​ളായ എല്ലാ ജോലി​ക്കാ​രെ​യും പിരി​ച്ചു​വി​ടുക. “നിങ്ങൾ സോവി​യറ്റ്‌ ഭരണത്തെ പിന്തു​ണ​യ്‌ക്കാ​ത്ത​തി​നാൽ അത്‌ നിങ്ങളു​ടെ കാര്യ​വും നോക്കില്ല. നിങ്ങൾക്ക്‌ ഇഷ്ടം നിങ്ങളു​ടെ യഹോ​വയെ അല്ലേ, അവൻ നോക്കട്ടെ നിങ്ങളു​ടെ കാര്യം” എന്ന്‌ സഹോ​ദ​ര​ങ്ങ​ളോ​ടു പറഞ്ഞു. ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കാര്യം പരസ്യ​മാ​യി പ്രസം​ഗി​ക്കുക എന്നതാ​ണെന്ന്‌ പിരി​ച്ചു​വി​ട​പ്പെ​ട്ടവർ തീരു​മാ​നി​ച്ചു. അങ്ങനെ അവർ വീടു​തോ​റും പോകാൻ തുടങ്ങി. ഒരിടത്ത്‌ ഒരു സ്‌ത്രീ വന്ന്‌ വാതിൽ തുറന്നു. സഹോ​ദ​ര​ന്മാർ തങ്ങൾ ആരാ​ണെ​ന്നും എന്തിനു ചെന്നു​വെ​ന്നും ചുരു​ക്ക​മാ​യി വിശദീ​ക​രി​ച്ചു. പെട്ടെന്ന്‌ അടുക്ക​ള​യിൽനിന്ന്‌ ഒരു പുരു​ഷ​ശബ്ദം: “ആരോ​ടാ​ണ​വി​ടെ സംസാ​രി​ക്കു​ന്നത്‌? അവരെ അകത്തേക്കു വിളിക്ക്‌.” സഹോ​ദ​ര​ന്മാർ അകത്തു ചെന്ന​പ്പോൾ, “ഇന്നൊരു പ്രവൃ​ത്തി​ദി​വ​സ​മാ​യിട്ട്‌ നിങ്ങ​ളെന്താ ജോലി​ക്കു പോകാ​ത്തത്‌” എന്ന്‌ അദ്ദേഹം ആരാഞ്ഞു. തങ്ങൾക്കു ജോലി നഷ്ടപ്പെ​ടാ​നി​ട​യാ​യ​തി​നെ​ക്കു​റിച്ച്‌ സഹോ​ദ​ര​ന്മാർ പറഞ്ഞു.

അദ്ദേഹം ഒരു പബ്ലിക്‌ പ്രോ​സി​ക്യൂ​ട്ടർ ആയിരു​ന്നു. ഉച്ചയ്‌ക്ക്‌ ഊണു കഴിക്കാൻ വീട്ടിൽ വന്നതാണ്‌. വിവരം അറിഞ്ഞ്‌ അദ്ദേഹ​ത്തി​നു വല്ലാതെ ദേഷ്യം വന്നു. നേരെ തടി ഫാക്ടറി​യു​ടെ ഓഫീ​സി​ലേക്കു വിളിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യെ​ല്ലാം പിരി​ച്ചു​വി​ട്ടു എന്നതു നേരാ​ണോ എന്ന്‌ അദ്ദേഹം അന്വേ​ഷി​ച്ചു. സംഗതി നേരാ​ണെന്ന്‌ അറിഞ്ഞ​പ്പോൾ പ്രോ​സി​ക്യൂ​ട്ടർ പറഞ്ഞു: “എന്തടി​സ്ഥാ​ന​ത്തി​ലാണ്‌ നിങ്ങളി​തു ചെയ്‌തത്‌? ഇതു നിയമ​ലം​ഘ​ന​മാ​ണെന്നു നിങ്ങൾക്ക​റി​യി​ല്ലേ? നിങ്ങൾക്കി​തി​നു യാതൊ​രു അവകാ​ശ​വു​മില്ല! സാക്ഷി​ക​ളെ​യെ​ല്ലാം തിരികെ ജോലി​യിൽ നിയമി​ക്കാ​നും നിങ്ങളു​ടെ തീരു​മാ​ന​ത്തി​ന്റെ പേരിൽ മൂന്നു​മാ​സം ജോലി ചെയ്യാൻ കഴിയാ​തെ വന്നതി​നുള്ള നഷ്ടപരി​ഹാ​രം നൽകാ​നും ഞാൻ പറയുന്നു.” പ്രോ​സി​ക്യൂ​ട്ടർ ഫോൺ വെച്ചു, എന്നിട്ട്‌ സഹോ​ദ​ര​ന്മാ​രോ​ടു പറഞ്ഞു: “നാളെ​ത്തന്നെ പോയി തിരികെ ജോലി​യിൽ പ്രവേ​ശി​ക്കുക, അവി​ടെ​ത്തന്നെ തുടരു​ക​യും വേണം.”

“ഞാൻ 1947 മുതൽ സാഹി​ത്യ​ങ്ങൾ ഒളിപ്പി​ച്ചു വെക്കു​ന്ന​താണ്‌”

1970-കൾ ആയപ്പോ​ഴേ​ക്കും സാഹി​ത്യ​ങ്ങ​ളു​ടെ ഉത്‌പാ​ദനം, വിതരണം, അവ രഹസ്യ​മാ​യി സൂക്ഷിക്കൽ എന്നിവ​യി​ലെ​ല്ലാം സഹോ​ദ​രങ്ങൾ വൈദ​ഗ്‌ധ്യം നേടി​യി​രു​ന്നു. എന്നിരു​ന്നാ​ലും പെട്ടെന്നു തീരു​മാ​ന​മെ​ടു​ക്കേണ്ട സാഹച​ര്യ​ങ്ങൾ ചില​പ്പോ​ഴൊ​ക്കെ സംജാ​ത​മാ​യി​രു​ന്നു. അതേക്കു​റിച്ച്‌ ഗ്രി​ഗൊ​റി സിവുൽസ്‌കി പറയുന്നു: “1976-ലാണ്‌ അത്‌. ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ പരി​ശോ​ധന നടക്കു​ക​യാണ്‌. തലേ വൈകു​ന്നേ​ര​മാണ്‌ സഹോ​ദ​ര​ന്മാ​രു​ടെ വയൽസേവന റിപ്പോർട്ടും മേൽവി​ലാ​സ​വും മറ്റും എഴുതിയ കുറെ കടലാ​സു​കൾ ഞാൻ ഒരു തടി​പ്പെ​ട്ടി​യു​ടെ അടിയി​ലേക്ക്‌ വെറുതെ ഇട്ടത്‌. പരി​ശോ​ധ​ന​യ്‌ക്കി​ട​യിൽ കെജിബി-യുടെ മട്ടും ഭാവവും കണ്ടാൽ എവിടെ, എന്ത്‌ അന്വേ​ഷി​ക്കണം എന്ന്‌ നല്ല നിശ്ചയ​മു​ള്ള​തു​പോ​ലെ ആയിരു​ന്നു. കെജിബി ഏജന്റു​മാ​രിൽ ഒരാൾ എന്നോട്‌, ‘കൊടി​ലും സ്‌ക്രൂ​ഡ്രൈ​വ​റും മറ്റും കൊണ്ടു​വരൂ, ഈ സോഫ ഒന്നഴിച്ചു നോക്കട്ടെ’ എന്നു പറഞ്ഞു. ഒന്നു പ്രാർഥി​ച്ചിട്ട്‌ ശാന്തനാ​യി ഞാൻ പറഞ്ഞു:

“‘മറ്റു സാക്ഷി​ക​ളു​ടെ വീടു​ക​ളിൽ നടത്തി​യ​തു​പോ​ലെ മിന്നൽ പരി​ശോ​ധന നടത്തി​യി​രു​ന്നെ​ങ്കിൽ ഇവി​ടെ​നി​ന്നു നിങ്ങൾക്ക്‌ എന്തെങ്കി​ലും കിട്ടു​മാ​യി​രു​ന്നു. പക്ഷേ അൽപ്പം വൈകി​പ്പോ​യി. ഇനി ഏതായാ​ലും നിങ്ങൾക്ക്‌ ഒന്നും കിട്ടാൻ പോകു​ന്നില്ല.’

“‘ഞങ്ങൾക്ക്‌ എന്തു കിട്ടു​മാ​യി​രു​ന്നു?’ ഏജന്റ്‌ ചോദി​ച്ചു.

‘വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും. പക്ഷേ ഇന്നിനി ഒന്നും കിട്ടില്ല.’

“സോഫ അഴിക്കാ​നുള്ള ഉപകര​ണങ്ങൾ അവരെ ഏൽപ്പി​ച്ചി​ട്ടു ഞാൻ പറഞ്ഞു, ‘അന്വേ​ഷ​ണ​മൊ​ക്കെ കഴിയു​മ്പോൾ സോഫ ഇതു​പോ​ലെ​തന്നെ ആക്കിത്ത​ന്നി​ട്ടു വേണം പോകാൻ.’

“ഒരു നിമി​ഷ​ത്തേക്ക്‌ എന്തു ചെയ്യണ​മെ​ന്ന​റി​യാ​തെ അവർ നിന്നു. അവരുടെ വിഷമ​സ്ഥി​തി മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ ഞാൻ അവരിൽ ചെറു​പ്പ​ക്കാ​ര​നായ ഒരാളു​ടെ നേരേ തിരി​ഞ്ഞി​ട്ടു പറഞ്ഞു: ‘നിങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാഹി​ത്യ​ത്തി​നു വേണ്ടി​യുള്ള അന്വേ​ഷണം തുടങ്ങി​യിട്ട്‌ കൂടി​വ​ന്നാൽ മൂന്നു വർഷം ആയിട്ടു​ണ്ടാ​കും. എന്നാൽ ഞാൻ 1947 മുതൽ സാഹി​ത്യ​ങ്ങൾ ഒളിപ്പി​ച്ചു വെക്കു​ന്ന​താണ്‌. എന്തിനാ വെറുതെ സമയം​ക​ള​യു​ന്നത്‌? സാഹി​ത്യ​ങ്ങ​ളൊ​ക്കെ ഏറ്റവും സുരക്ഷി​ത​മായ സ്ഥലത്തു​ത​ന്നെ​യുണ്ട്‌.’

“അതിശ​യ​ക​ര​മെന്നു പറയട്ടെ, അവർ അന്വേ​ഷണം മതിയാ​ക്കി പോയി. റിപ്പോർട്ടും സഹോ​ദ​ര​ന്മാ​രു​ടെ മേൽവി​ലാ​സ​വും ആർക്കും കണ്ടുപി​ടി​ക്കാ​വു​ന്ന​തു​പോ​ലെ​യാ​ണു കിടന്നി​രു​ന്നത്‌.”

പെരി​സ്‌​ത്രോ​യിക്ക—മാറ്റത്തി​ന്റെ കാലം

1985-ൽ പ്രഖ്യാ​പിച്ച പെരി​സ്‌​ത്രോ​യിക്ക, ഉടനെ​യൊ​ന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ചിലയി​ട​ങ്ങ​ളിൽ സാക്ഷി​കളെ അപ്പോ​ഴും കുറ്റവാ​ളി​ക​ളെന്നു മുദ്ര​കു​ത്തി ജയിലിൽ അടച്ചി​രു​ന്നു. എന്നിരു​ന്നാ​ലും 1988-ൽ ജർമനി ബ്രാ​ഞ്ചോ​ഫീസ്‌ ലോകാ​സ്ഥാ​ന​ത്തേക്ക്‌ എഴുതി: “സേവന​വർഷ​ത്തി​ന്റെ ആരംഭ​ത്തിൽ അധികാ​രി​ക​ളു​ടെ മനോ​ഭാ​വ​ത്തിൽ അൽപ്പം അയവു വരുന്നതു വ്യക്തമാ​യി​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യി രജിസ്റ്റർ ചെയ്യു​ന്ന​പക്ഷം [യുഎസ്‌എ​സ്‌ആർ-ലെ സഹോ​ദ​ര​ങ്ങൾക്ക്‌] യോഗ​ങ്ങ​ളോ​ടും സാഹി​ത്യ​ങ്ങ​ളോ​ടു​മുള്ള ബന്ധത്തിൽ അൽപ്പം​കൂ​ടെ സ്വാത​ന്ത്ര്യം അനുവ​ദി​ക്കാൻ അധികാ​രി​കൾ സന്നദ്ധത കാണിച്ചു. യാതൊ​രു തടസ്സവും കൂടാതെ മിക്കയി​ട​ങ്ങ​ളി​ലും സ്‌മാ​രകം ആചരി​ക്കാൻ കഴിഞ്ഞു. തങ്ങളോ​ടുള്ള അധികാ​രി​ക​ളു​ടെ മനോ​ഭാ​വ​ത്തിൽ വലിയ മാറ്റം​തന്നെ ഉണ്ടായി​ട്ടു​ള്ള​താ​യി അവിടത്തെ സഹോ​ദ​ര​ങ്ങൾക്കു തോന്നു​ന്നു.”

ക്രമേണ, ആത്മീയാ​ഹാ​ര​ത്തി​ന്റെ പാഴ്‌സൽ കൈപ്പ​റ്റാൻ മനസ്സൊ​രു​ക്ക​മുള്ള ആളുക​ളു​ടെ മേൽവി​ലാ​സം നിയമിത സഹോ​ദ​ര​ന്മാർ ജർമനി ബ്രാഞ്ചി​ലേക്ക്‌ അയച്ചു​കൊ​ടു​ത്തു. ലഭിക്കുന്ന പാഴ്‌സൽ അവർ മൂപ്പന്മാ​രെ ഏൽപ്പി​ക്കും. അവർ അത്‌ എല്ലാവർക്കും എത്തിച്ചു​കൊ​ടു​ത്തു​കൊണ്ട്‌ സകലർക്കും ആത്മീയ പ്രയോ​ജനം ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തി​യി​രു​ന്നു. 1990 ഫെബ്രു​വ​രി​യോ​ടെ അത്തരം 1,600 മേൽവി​ലാ​സങ്ങൾ ലഭിച്ചു. മാസത്തിൽ ഒരിക്കൽ അവരുടെ വിലാ​സ​ത്തിൽ ആത്മീയാ​ഹാ​രം അയച്ചു​കൊ​ടു​ക്കു​മാ​യി​രു​ന്നു.

1989-ൽ സോവി​യറ്റ്‌ യൂണി​യ​നിൽനി​ന്നുള്ള ആയിര​ക്ക​ണ​ക്കി​നു സഹോ​ദ​ര​ങ്ങൾക്ക്‌ പോള​ണ്ടി​ലെ പ്രത്യേക കൺ​വെൻ​ഷനു ഹാജരാ​കാ​നാ​യി. നബരി​ഷ്‌നി​ഖെൽനി നഗരത്തിൽനി​ന്നുള്ള യെഫ്‌ഡ​ക്കിയ എന്ന സാക്ഷി സ്‌മരി​ക്കു​ന്നു: “ആദ്യമാ​യി ഞങ്ങൾ ശരിക്കുള്ള ഒരു കൺ​വെൻ​ഷനു ഹാജരാ​കാൻ പോകു​ക​യാണ്‌, ഞങ്ങളെ സഹായി​ക്ക​ണമേ എന്നു ഞങ്ങൾ യഹോ​വ​യോ​ടു മുട്ടി​പ്പാ​യി പ്രാർഥി​ച്ചു. ഞാൻ വിദേ​ശ​ത്തേക്കു പോകു​ന്നു​വെന്ന്‌ അറിഞ്ഞ എന്റെ ഡയറക്ടർ അത്ഭുതം​കൂ​റി. അദ്ദേഹം ചോദി​ച്ചു: ‘എന്താണീ പറയു​ന്നത്‌! നിങ്ങൾ ടെലി​വി​ഷ​നൊ​ന്നും കാണു​ന്നി​ല്ലേ? അതിർത്തി അടച്ചി​രി​ക്കു​ക​യാണ്‌, ആരെയും കടത്തി​വി​ടു​ന്നില്ല!’

“ഉറച്ച ആത്മവി​ശ്വാ​സ​ത്തോ​ടെ ഞാൻ പറഞ്ഞു, ‘അതിർത്തി തുറന്നു​കി​ട്ടും.’ സംഭവി​ച്ച​തും അതുത​ന്നെ​യാണ്‌. ബ്രെസ്റ്റി​ലെ കസ്റ്റംസ്‌ പരി​ശോ​ധ​നാ​കേ​ന്ദ്രം യഹോ​വ​യു​ടെ സാക്ഷി​കൾക്കു മാത്രമേ പോകാ​നുള്ള അനുവാ​ദം നൽകി​യു​ള്ളൂ. ഞങ്ങളെ ആരും പരി​ശോ​ധി​ച്ച​തു​പോ​ലു​മില്ല. വളരെ മാന്യ​ത​യോ​ടെ​യാണ്‌ ഞങ്ങളോട്‌ ഇടപെ​ട്ടത്‌. സാക്ഷി​യ​ല്ലാത്ത ഒരാൾ കൺ​വെൻ​ഷനു പോകുന്ന ആളാണെന്ന ഭാവേന ഞങ്ങളുടെ കൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ചു. എന്നാൽ കസ്റ്റംസു​കാർ അയാളെ കയ്യോടെ പിടി​കൂ​ടി. എങ്ങനെ​യാണ്‌ അവർ അതു കണ്ടുപി​ടി​ച്ചത്‌? കൺ​വെൻ​ഷനു പോകു​ന്ന​വ​രു​ടെ കൈവശം കൊച്ചു​കൊ​ച്ചു ബാഗുകൾ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ, കൂടാതെ അവരുടെ നിറചി​രി​യും അവരെ വ്യത്യ​സ്‌ത​രാ​ക്കി.”

മോസ്‌കോ​യിൽ ഉജ്ജ്വല വരവേൽപ്പ്‌

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു നിയമ​സാ​ധുത ലഭി​ക്കേ​ണ്ട​തിന്‌ 1949-ൽ മോസ്‌കോ​യിൽ രജിസ്‌​ട്രേ​ഷ​നുള്ള അപേക്ഷ സമർപ്പി​ച്ചി​രു​ന്നു. അന്നു നിലവി​ലി​രുന്ന സ്റ്റാലിൻ സർക്കാ​രി​ന്റെ വ്യവസ്ഥകൾ മനസ്സാ​ക്ഷി​പൂർവം പാലി​ക്കാൻ സഹോ​ദ​ര​ങ്ങൾക്കു കഴിയു​മാ​യി​രു​ന്നില്ല. അപേക്ഷ സമർപ്പിച്ച്‌ 40 വർഷത്തി​നു​ശേഷം, 1990 ഫെബ്രു​വരി 26-ന്‌ മോസ്‌കോ​യി​ലെ മതകാര്യ കമ്മിറ്റി​യു​ടെ ചെയർമാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ഒരു കൂടി​ക്കാ​ഴ്‌ച​യ്‌ക്ക്‌ ഏർപ്പാടു ചെയ്‌തു. രണ്ടു വൈസ്‌ ചെയർമാ​ന്മാ​രും അവരുടെ മൂന്നു സഹപ്ര​വർത്ത​ക​രും യോഗ​ത്തിന്‌ എത്തിയി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രതി​നി​ധി​ക​ളാ​യി 14 പേരാണ്‌ ഉണ്ടായി​രു​ന്നത്‌: റഷ്യയിൽനി​ന്നും സോവി​യറ്റ്‌ യൂണി​യന്റെ മറ്റു റിപ്പബ്ലി​ക്കു​ക​ളിൽനി​ന്നു​മാ​യി 11 പേർ; ബ്രുക്ലി​നിൽനിന്ന്‌ മിൽട്ടൺ ഹെൻഷ​ലും തിയോ​ഡർ ജാരറ്റ്‌സും; ജർമനി ബ്രാഞ്ചിൽനിന്ന്‌ വില്ലി പോളും നികീറ്റ കാൾസ്‌​ട്രോ​മും.

ചെയർമാൻ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ യോഗം ആരംഭി​ച്ചു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ഇങ്ങനെ​യൊ​രു കൂടി​ക്കാ​ഴ്‌ച​യ്‌ക്ക്‌ അവസരം ലഭിച്ച​തിൽ സന്തോ​ഷ​മുണ്ട്‌. നിങ്ങ​ളെ​ക്കു​റി​ച്ചു ധാരാളം കേട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇതാദ്യ​മാ​യാ​ണു നേരിൽ കാണു​ന്നത്‌. തുറന്ന മനസ്സോ​ടെ​യുള്ള ഒരു ചർച്ചയാ​ണു ഞങ്ങൾ ആഗ്രഹി​ക്കു​ന്നത്‌.” സോവി​യറ്റ്‌ യൂണി​യ​നിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം രജിസ്റ്റർ ചെയ്യാ​നുള്ള ആഗ്രഹം സഹോ​ദ​ര​ന്മാർ പ്രകടി​പ്പി​ച്ചു. ചെയർമാൻ തുടർന്നു: “അതറി​യാൻ കഴിഞ്ഞ​തിൽ സന്തോഷം; സമയം അനുകൂ​ല​മാ​ണു​താ​നും. വസന്തം വരവായി, വിത്തു വിതയ്‌ക്കാ​നുള്ള സമയം. അതു​കൊണ്ട്‌ നല്ല ഫലങ്ങളും നല്ല വിളവും നമുക്കു പ്രതീ​ക്ഷി​ക്കാം.”

കൂടി​വ​ന്നി​രു​ന്ന സാക്ഷി​ക​ളോട്‌ തങ്ങളെ​ത്തന്നെ പരിച​യ​പ്പെ​ടു​ത്താൻ ചെയർമാൻ ആവശ്യ​പ്പെട്ടു. കാലി​നിൻഗ്രാഡ്‌ മുതൽ ഏറ്റവും കിഴക്കേ അറ്റംവരെ രാജ്യ​ത്തി​ന്റെ സകല മുക്കി​ലും മൂലയി​ലും സാക്ഷികൾ ഉണ്ടെന്നു​ള്ളതു വ്യക്തമാ​യി​രു​ന്നു. ഒരു സർക്കിട്ടു മേൽവി​ചാ​രകൻ പറഞ്ഞു: “ഇർക്കൂ​റ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റി​ലെ നാലു സഭക​ളെ​യാ​ണു ഞാൻ പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌. എന്നാൽ ഖബറഫ്‌സ്‌ക്‌, ക്രാസ്‌ന​യാർസ്‌ക്‌ എന്നീ പ്രദേ​ശ​ങ്ങ​ളും നൊവ​സൈ​ബിർസ്‌ക്‌, ഓംസ്‌ക്‌ ഒബ്ലാസ്റ്റു​ക​ളും അടങ്ങുന്ന വിദൂ​ര​പൂർവ​ഭാ​ഗ​ങ്ങ​ളും എന്റെ പ്രവർത്ത​ന​പ​രി​ധി​യിൽ വരുന്നുണ്ട്‌. അതു​കേട്ട്‌ ചെയർമാൻ പ്രതി​വ​ചി​ച്ചു: “എത്ര വലി​യൊ​രു പ്രദേ​ശ​മാണ്‌ നിങ്ങൾക്കു​ള്ളത്‌, പല രാഷ്‌ട്ര​ങ്ങൾക്കും ഉള്ളതി​നെ​ക്കാൾ വിസ്‌തൃ​ത​മായ ഒന്ന്‌!”

വൈസ്‌ ചെയർമാ​ന്മാ​രിൽ ഒരാൾ പറഞ്ഞു: “നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു ഞങ്ങൾ കൂടുതൽ പഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു, ചില​തൊ​ന്നും ഞങ്ങൾക്കു മനസ്സി​ലാ​കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ദൈവം ഭൂമിയെ ശുദ്ധീ​ക​രിച്ച്‌ നിലവി​ലുള്ള ഗവൺമെ​ന്റു​കളെ നീക്കം​ചെ​യ്യു​മെന്നു നിങ്ങളു​ടെ ഒരു പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കു​ന്നു. ഞങ്ങൾക്കതു മനസ്സി​ലാ​കു​ന്നില്ല.” അപ്പോൾ പോൾ സഹോ​ദരൻ ഇങ്ങനെ മറുപടി പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷികൾ യാതൊ​രു​വിധ അക്രമ​പ്ര​വർത്ത​ന​ങ്ങ​ളി​ലും പങ്കെടു​ക്കു​ന്നില്ല. ഏതെങ്കി​ലും പുസ്‌ത​ക​ത്തിൽ അങ്ങനെ പറഞ്ഞി​ട്ടു​ണ്ടെ​ങ്കിൽ, അതു ചില ബൈബിൾ പ്രവച​ന​ങ്ങളെ പരാമർശി​ച്ചി​രി​ക്കു​ന്ന​താണ്‌. യഹോ​വ​യു​ടെ സാക്ഷികൾ പ്രസം​ഗി​ക്കു​ന്നത്‌ ദൈവ​രാ​ജ്യ​ത്തെ​യും പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വ​നെ​യും കുറി​ച്ചാണ്‌.”

“അതിൽ യാതൊ​രു തെറ്റു​മില്ല,” വൈസ്‌ ചെയർമാൻ പ്രതി​വ​ചി​ച്ചു.

ചർച്ചയു​ടെ അവസാനം ചെയർമാൻ പറഞ്ഞു: “നിങ്ങളു​മാ​യി ഇങ്ങനെ​യൊ​രു കൂടി​ക്കാ​ഴ്‌ച​യ്‌ക്ക്‌ അവസരം ലഭിച്ച​തിൽ അതിയായ സന്തോ​ഷ​മുണ്ട്‌. എത്രയും പെട്ടെന്ന്‌ നിങ്ങൾക്കു നിയമാം​ഗീ​കാ​രം ലഭിക്കട്ടെ.”

1991 മാർച്ച്‌ മാസത്തിൽ റഷ്യയിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കു നിയമാം​ഗീ​കാ​രം ലഭിച്ചു. അന്ന്‌ റഷ്യയി​ലെ ജനസംഖ്യ 15 കോടി​യി​ലേറെ ആയിരു​ന്നു. രാജ്യ​ഘോ​ഷ​ക​രു​ടെ എണ്ണം 15,987-ഉം. ഈ മാറിയ സാഹച​ര്യ​ത്തിൽ റഷ്യയി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ യഹോ​വ​യിൽനി​ന്നുള്ള കൂടു​ത​ലായ മാർഗ​നിർദേ​ശങ്ങൾ ആവശ്യ​മാ​യി​രു​ന്നു.—മത്താ. 24:45; 28:19, 20.

“എത്ര സന്തോഷം, എന്തോരു സ്വാത​ന്ത്ര്യം!”

1992 ജൂൺ 26 മുതൽ 28 വരെ റഷ്യയി​ലെ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ നടത്താൻ തീരു​മാ​ന​മാ​യി. ഫിൻലൻഡ്‌ റഷ്യയു​ടെ അയൽരാ​ജ്യ​മാ​യ​തി​നാൽ കൺ​വെൻ​ഷന്റെ ക്രമീ​ക​ര​ണ​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട്‌ ആവശ്യ​മായ സഹായങ്ങൾ ചെയ്‌തു​കൊ​ടു​ക്കാൻ ഭരണസം​ഘം ഫിൻലൻഡ്‌ ബ്രാഞ്ചി​നെ ചുമത​ല​പ്പെ​ടു​ത്തി. 50 വർഷത്തി​ലേറെ നിരോ​ധ​ന​ത്തിൽ കഴിഞ്ഞിട്ട്‌ സ്വത​ന്ത്ര​മാ​യി കൂടി​വ​ന്ന​പ്പോൾ സഹോ​ദ​ര​ങ്ങ​ളു​ടെ വികാരം എന്തായി​രു​ന്നു? ഒരു സഹോ​ദരൻ പറയുന്നു: “ആയിരങ്ങൾ സ്റ്റേഡി​യ​ത്തിൽ ഒത്തുകൂ​ടി. ആനന്ദാ​ശ്രു​ക്കൾ അണപൊ​ട്ടി​യൊ​ഴു​കി. എത്ര സന്തോഷം, എന്തോരു സ്വാത​ന്ത്ര്യം! ഈ വ്യവസ്ഥി​തി​യിൽ ഇങ്ങനെ​യൊ​രു സ്വാത​ന്ത്ര്യം ഞങ്ങൾ സ്വപ്‌ന​ത്തിൽപ്പോ​ലും വിചാ​രി​ച്ചതല്ല. എന്നാൽ യഹോവ അതു സാധ്യ​മാ​ക്കി. ഉയർന്ന വേലി​ക്കെ​ട്ടു​ക​ളുള്ള പാളയ​ത്തി​ലെ ഏകാന്ത തടവറ​യിൽ ഞങ്ങൾ അഞ്ചുപേർ കഴിഞ്ഞ​തും തണുത്തു മരവി​ച്ചു​പോ​കാ​തെ ഒരാളെ ചൂടാക്കി നിറു​ത്താൻ ബാക്കി നാലു​പേ​രും​കൂ​ടി മാറി​മാ​റി ശ്രമി​ക്കു​ന്ന​തു​മൊ​ക്കെ ഞങ്ങൾ ഓർത്തു​പോ​യി. സ്റ്റേഡി​യ​ത്തി​നു​മു​ണ്ടാ​യി​രു​ന്നു ഉയരമുള്ള ചുറ്റു​മ​തിൽ. എന്നാൽ കഴിയു​ന്നത്ര സമയം ഇവിടെ, ഈ മതിൽക്കെ​ട്ടി​നു​ള്ളിൽ ആയിരി​ക്കാൻ ഞങ്ങൾ ആഗ്രഹി​ച്ചു. അതൊ​ന്നും വാക്കു​ക​ളിൽ വിവരി​ക്കാ​നാ​വില്ല.

“കൺ​വെൻ​ഷൻ സമയത്ത്‌ ഉടനീളം ഞങ്ങളുടെ കണ്ണുകൾ ഈറന​ണി​ഞ്ഞി​രു​ന്നു. ഇങ്ങനെ​യൊ​രു അത്ഭുതം നേരിൽക്കണ്ട്‌ സന്തോ​ഷ​ത്താൽ ഞങ്ങൾ കരഞ്ഞു​പോ​യി. പ്രായം 70 കടന്നി​രു​ന്നെ​ങ്കി​ലും ചിറകു മുളച്ച​തു​പോ​ലെ ഞങ്ങൾ സ്റ്റേഡി​യ​ത്തി​ലെ​ങ്ങും പാറി​ന​ടന്നു. ഈ സ്വാത​ന്ത്ര്യ​ത്തി​നാ​യി ഞങ്ങൾ കാത്തി​രു​ന്നത്‌ 50 വർഷമാണ്‌. ആദ്യം സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്ത​പ്പെ​ടാൻ യഹോവ അനുവ​ദി​ച്ചു. പിന്നെ ജയിലു​ക​ളി​ലും തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലും എത്തി​പ്പെട്ടു. എന്നാൽ ഇപ്പോ​ഴോ, സ്റ്റേഡി​യ​ത്തിൽ! മറ്റാ​രെ​ക്കാ​ളും ശക്തനാണു യഹോവ. ഞങ്ങൾ പരസ്‌പരം നോക്കി​നി​ന്നു വിതുമ്പി. ഇതൊക്കെ യാഥാർഥ്യ​മാ​ണെന്നു വിശ്വ​സി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. ചില യുവസ​ഹോ​ദ​ര​ന്മാർ ഞങ്ങളെ സമീപിച്ച്‌, ‘എന്തുപറ്റി? സുഖമി​ല്ലേ? അതോ ആരെങ്കി​ലും എന്തെങ്കി​ലും ചെയ്‌തോ?’ എന്നൊക്കെ അന്വേ​ഷി​ച്ചു. എന്നാൽ വിതു​മ്പ​ലി​നി​ട​യിൽ ഞങ്ങൾക്കു സംസാ​രി​ക്കാ​നാ​യില്ല. അവസാനം കരച്ചി​ലി​നി​ട​യിൽ ഒരാൾ പറഞ്ഞു, ‘സന്തോ​ഷം​കൊ​ണ്ടാ​ണു ഞങ്ങൾ കരയു​ന്നത്‌!’ നിരോ​ധ​ന​ത്തിൻകീ​ഴിൽ അനേക​വർഷം യഹോ​വയെ സേവി​ച്ചത്‌ എങ്ങനെ​യെന്ന്‌ ഞങ്ങൾ അവരോ​ടു വിവരി​ച്ചു. എന്നാൽ ഇത്ര​പെ​ട്ടെന്ന്‌ യഹോവ എല്ലാം മാറ്റി​മ​റി​ച്ചതു ഞങ്ങൾക്കു വിശ്വ​സി​ക്കാ​നാ​യില്ല.”

അവിസ്‌മ​ര​ണീ​യ​മായ ആ കൺ​വെൻ​ഷനെ തുടർന്ന്‌ റഷ്യയി​ലേക്കു 15 പ്രത്യേക പയനി​യർമാ​രെ അയയ്‌ക്കാൻ ഫിൻലൻഡ്‌ ബ്രാഞ്ചി​നോട്‌ ആവശ്യ​പ്പെട്ടു. 1992 ജൂലൈ 1-ന്‌ ഹാനു റ്റാനി​നെ​നും ഭാര്യ ഏയയും സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ തങ്ങളുടെ നിയമിത സ്ഥലത്ത്‌ എത്തി​ച്ചേർന്നു. ഫിൻലൻഡിൽനി​ന്നുള്ള തീക്ഷ്‌ണ​രായ പയനി​യർമാ​രാ​യി​രു​ന്നു അവർ. ആദ്യം​തന്നെ, ഭാഷ പഠിക്കുക എന്നതാ​യി​രു​ന്നു അവരുടെ ഏറ്റവും വലിയ വെല്ലു​വി​ളി. ആദ്യത്തെ ഭാഷാ​പഠന ക്ലാസ്സി​നു​ശേഷം അവർ വയൽസേ​വ​ന​ത്തി​നു പോയി, ബൈബി​ള​ധ്യ​യന പരിപാ​ടി​യെ​ക്കു​റി​ച്ചു സംസാ​രി​ച്ചു. ഹാനു പറയുന്നു: “1990-കളുടെ ആരംഭ​ത്തിൽ നഗരത്തിൽ മിക്കവാ​റും എല്ലാവ​രും​തന്നെ ബൈബിൾ പഠനത്തി​നു താത്‌പ​ര്യ​മു​ള്ള​വ​രാ​യി​രു​ന്നു. തെരുവു സാക്ഷീ​കരണ സമയത്ത്‌ ഒരു മടിയും കൂടാ​തെ​യാണ്‌ ആളുകൾ മേൽവി​ലാ​സങ്ങൾ തന്നിരു​ന്നത്‌. എല്ലാവർക്കും സാഹി​ത്യ​വും വേണമാ​യി​രു​ന്നു. തെരു​വിൽ ഒരാൾക്ക്‌ ഒരു മാസി​ക​യോ ലഘു​ലേ​ഖ​യോ കൊടു​ത്താൽ മതി, വേറെ പത്തുപേർ സാഹി​ത്യ​വും ആവശ്യ​പ്പെട്ട്‌ വരുക​യാ​യി. സാഹി​ത്യം വാങ്ങുക മാത്രമല്ല ഉടനടി, അവിടെ നിന്നു​കൊ​ണ്ടു​ത​ന്നെ​യോ ട്രെയിൻ യാത്ര​യ്‌ക്കി​ട​യി​ലോ അതു വായി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.”

1992 ഒക്ടോ​ബ​റോ​ടെ പോള​ണ്ടിൽനി​ന്നും ധാരാളം പ്രത്യേക പയനി​യർമാർ വന്നുതു​ടങ്ങി. ആദ്യം വന്നവരിൽ ഒറ്റക്കാ​രായ കുറെ സഹോ​ദ​രി​മാ​രും ഉണ്ടായി​രു​ന്നു. പോള​ണ്ടിൽനി​ന്നു വന്ന അടുത്ത കൂട്ടത്തെ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലേക്ക്‌ അയച്ചു, ഒരു വർഷത്തി​നു​ശേഷം കുറെ പയനി​യർമാ​രെ മോസ്‌കോ​യി​ലേ​ക്കും. പിന്നീ​ടുള്ള വർഷങ്ങ​ളിൽ പോള​ണ്ടിൽനി​ന്നുള്ള 170-ലേറെ സ്വമേ​ധാ​സേ​വ​കരെ റഷ്യയിൽ നിയമി​ച്ചു, മിക്കവ​രും ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ (എംടി​എസ്‌) ബിരു​ദ​ധാ​രി​ക​ളാ​യി​രു​ന്നു.

വർധിച്ച പ്രവർത്ത​ന​ത്തി​ലേ​ക്കുള്ള വലിയ വാതിൽ

അവസാനം റഷ്യയിൽ ഒരു ബെഥേൽ നിർമാ​ണ​ത്തി​നുള്ള സമയം വന്നെത്തി. അതിനാ​യി, സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷനെ തുടർന്ന്‌ സ്ഥലം വാങ്ങാ​നുള്ള അനുവാ​ദം ഭരണസം​ഘം സഹോ​ദ​ര​ങ്ങൾക്കു നൽകി. നഗരത്തിൽനിന്ന്‌ അത്ര അകലെ​യ​ല്ലാ​തെ സോൽനി​ക്‌നയ എന്ന ഗ്രാമ​ത്തിൽ കുറെ പഴയ കെട്ടി​ടങ്ങൾ സഹിത​മുള്ള 17 ഏക്കർ സ്ഥലം. നിർമാ​ണ​വേ​ല​യിൽ സഹായി​ക്കാൻ ഫിൻലൻഡ്‌ ബ്രാഞ്ചി​നോട്‌ ആവശ്യ​പ്പെട്ടു. 1992 സെപ്‌റ്റം​ബ​റിൽ ഫിൻലൻഡിൽനി​ന്നുള്ള സ്വമേ​ധാ​സേ​വ​ക​രു​ടെ ആദ്യ കൂട്ടം സോൽനി​ക്‌ന​യ​യിൽ എത്തി. ആ കൂട്ടത്തിൽ ഉണ്ടായി​രുന്ന, പിന്നീട്‌ ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യി​ത്തീർന്ന ഔലിസ്‌ ബെർഗ്‌ഡാൽ പറയുന്നു: “റഷ്യയി​ലെ ബെഥേൽ നിർമാ​ണ​ത്തിൽ സഹായി​ക്കാ​നുള്ള ക്ഷണം ഞാനും ഭാര്യ ഇവാലീ​സ​യും സസന്തോ​ഷം സ്വീക​രി​ച്ചു. യഹോ​വ​യാ​ണു വേലയെ നയിക്കു​ന്നത്‌ എന്നു വളരെ വ്യക്തമാ​യി​രു​ന്നു. ലോക​മെ​മ്പാ​ടു​മുള്ള സഹോ​ദ​രങ്ങൾ ആ വേലയെ പിന്തു​ണ​ച്ചി​രു​ന്നു.”

നിർമാ​ണ​വേ​ല​യ്‌ക്കു നേതൃ​ത്വം വഹിച്ചി​രുന്ന ഫിൻലൻഡിൽനി​ന്നുള്ള അൽഫ്‌ സാഡെർലോ​ഫും ഭാര്യ മാര്യ-ലാനാ​യും വേലയിൽ പങ്കെടു​ത്തി​രു​ന്ന​വർക്കു നല്ലൊരു പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു. അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു ഫിൻലൻഡി​ലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങ​ളും. നിർമാ​ണ​വേ​ല​യു​ടെ സമയത്ത്‌ ബ്രുക്ലി​നി​ലെ ലോകാ​സ്ഥാ​ന​ത്തു​നി​ന്നു സഹോ​ദ​ര​ന്മാർ സോൽനി​ക്‌നയ സന്ദർശി​ച്ചി​രു​ന്നു. ഔലിസ്‌ പറയുന്നു: “1993-ൽ മോസ്‌കോ​യി​ലെ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ശേഷം മിൽട്ടൺ ഹെൻഷൻ അവിടെ വന്നു. നിർമാ​ണ​വേ​ല​യിൽ ഏർപ്പെ​ട്ടി​രു​ന്ന​വർക്കാ​യി നടത്തിയ പ്രസം​ഗ​വും അവരോട്‌ അദ്ദേഹം നടത്തിയ വ്യക്തി​പ​ര​മായ സംഭാ​ഷ​ണ​വു​മെ​ല്ലാം അത്യന്തം പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യി​രു​ന്നു.”

സ്‌കാൻഡി​നേ​വിയ, യൂറോപ്പ്‌, അമേരിക്ക, ഓസ്‌​ട്രേ​ലിയ, റഷ്യ, മുൻ സോവി​യറ്റ്‌ റിപ്പബ്ലി​ക്കി​ലെ മറ്റു സ്ഥലങ്ങൾ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള 700-ലേറെ സന്നദ്ധ​സേ​വ​ക​രാണ്‌ ബെഥേൽ നിർമാ​ണ​വേ​ല​യിൽ പങ്കെടു​ത്തത്‌. വിവിധ സംസ്‌കാ​ര​ത്തിൽനി​ന്നും പശ്ചാത്ത​ല​ത്തിൽനി​ന്നും ഉള്ള ആളുകൾ. അവർ ജോലി​ചെ​യ്യുന്ന വിധവും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. എന്നിട്ടും വേല പൂർത്തി​യാ​യി; സെഖര്യാ​വു 4:6 പറയു​ന്ന​തു​പോ​ലെ, “‘സൈന്യ​ത്താ​ലല്ല ശക്തിയാ​ലു​മല്ല, എന്റെ ആത്മാവി​നാ​ല​ത്രേ’ എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു.” ഈ “വീടു” പണിതത്‌ യഹോ​വ​യാ​യി​രു​ന്നു. (സങ്കീ. 127:1) റഷ്യയിൽനി​ന്നുള്ള സഹോ​ദ​രങ്ങൾ രാജ്യ​വേ​ല​യ്‌ക്കാ​യി മനസ്സോ​ടെ തങ്ങളെ​ത്തന്നെ അർപ്പിച്ചു. മിക്കവ​രും സത്യത്തിൽ പുതി​യ​വ​രും ചെറു​പ്പ​ക്കാ​രും ആയിരു​ന്നു. എന്നാൽ അവരി​ല​നേ​ക​രും പയനി​യർമാ​രാ​യി​രു​ന്നു. ഉയർന്ന നിലവാ​രം പുലർത്തുന്ന നിർമാ​ണം എങ്ങനെ വേഗത്തിൽ ചെയ്യാ​മെ​ന്നും ദിവ്യാ​ധി​പ​ത്യ​പ​ര​മാ​യി കാര്യങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യാ​മെ​ന്നും പഠിക്കാൻ അവർ ഉത്സുക​രാ​യി​രു​ന്നു.

വേലയു​ടെ സംഘാ​ട​നം

1993-ന്റെ അവസാ​ന​ത്തോ​ടെ റഷ്യയി​ലെ കൺട്രി കമ്മിറ്റി അംഗങ്ങൾ സോൽനി​ക്‌ന​യ​യിൽ എത്തി. ഐവാൻ പാഷ്‌കോ​വ്‌സ്‌കി, ഡിമീ​ട്രീ ലീവീ, വാസിലി കലിൻ, അലിക്‌സെ വെർഷ്‌ബി​റ്റ്‌സ്‌കി, അനറ്റോ​ളി പ്രീബി​റ്റ്‌കോവ്‌, ഡിമീ​ട്രീ ഫെഡനീ​ഷിൻ എന്നിവ​രാ​യി​രു​ന്നു അവർ. ഏതാണ്ട്‌ ഒരു വർഷത്തി​നു​ശേഷം മിഖാ​യേൽ സവിറ്റ്‌സ്‌ക്കി​യും വന്നു.”

വേലയു​ടെ സംഘാ​ട​ന​ത്തിൽ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തിന്‌ ജർമനി ബ്രാഞ്ചിൽനി​ന്നുള്ള ഹോസ്റ്റ്‌ ഹെൻഷ​ലി​നെ ഭരണസം​ഘം നിയമി​ച്ചു.

സഞ്ചാര​വേല സംഘടി​പ്പി​ക്കു​ക​യാ​യി​രു​ന്നു പ്രഥമ​മാ​യി ചെയ്യേ​ണ്ടി​യി​രു​ന്നത്‌. തുടക്ക​ത്തിൽ, രാജ്യത്തെ അഞ്ചു സർക്കി​ട്ടു​ക​ളാ​യി തിരി​ച്ചി​രു​ന്നു, സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ രണ്ടും, മോസ്‌കോ​യും ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളും ചേർന്ന്‌ മൂന്നും. മോസ്‌കോ​യിൽ സേവി​ച്ചി​രുന്ന ആർതർ ബവുർ, പവിൽ ബഗൈ​സ്‌കി, റോയ്‌ ഓസ്റ്റർ എന്നിവ​രും സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ സേവി​ച്ചി​രുന്ന ക്ഷിഷ്‌റ്റോവ്‌ പൊപ്ലാ​വ്‌സ്‌കി, ഹാനു റ്റാനി​നെൻ എന്നിവ​രും ആയിരു​ന്നു ആദ്യത്തെ അഞ്ച്‌ മുഴു​സമയ സർക്കിട്ടു മേൽവി​ചാ​ര​ക​ന്മാർ. പിന്നീട്‌ റോമൻ സ്‌കീ​ബ​യെ​യും സർക്കിട്ടു മേൽവി​ചാ​ര​ക​നാ​യി നിയമി​ച്ചു. 1992-ൽ ഐക്യ​നാ​ടു​ക​ളിൽനിന്ന്‌ എംടി​എസ്‌ ബിരുദം നേടിയ മാത്യു കെലി അംശകാല ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാ​യും നിയമി​ത​നാ​യി​രു​ന്നു.

1990-കളുടെ പ്രാരം​ഭ​ത്തി​ലെ ആദ്യകാല സർക്കിട്ട്‌ സന്ദർശ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഹാനു റ്റാനി​നെൻ പറയുന്നു: “കരീലി​യ​യി​ലെ പിറ്റ്ര​സ​വോ​റ്റ്‌സ്‌കി​ലുള്ള ഒരു സഭയ്‌ക്ക്‌ സർക്കിട്ട്‌ സന്ദർശ​ന​ത്തെ​ക്കു​റിച്ച്‌ അറിയി​ക്കാ​നാ​യി ഞാനൊ​രു കത്തയച്ചു. ആ വാരത്തിൽ എങ്ങനെ​യാ​ണു യോഗങ്ങൾ ക്രമീ​ക​രി​ക്കേ​ണ്ടത്‌ എന്ന്‌ കത്തിൽ വിവരി​ച്ചി​രു​ന്നു. ഞാനും ഭാര്യ​യും അവിടെ എത്തിയ​പ്പോൾ ഞങ്ങളെ സ്വീക​രി​ക്കാൻ ഒരു മൂപ്പൻ റെയിൽവേ സ്റ്റേഷനിൽ എത്തിയി​രു​ന്നു, അദ്ദേഹം ഞങ്ങളെ നേരെ അദ്ദേഹ​ത്തി​ന്റെ വീട്ടി​ലേക്കു കൊണ്ടു​പോ​യി. ഞാൻ അയച്ച കത്തു കാണി​ച്ചിട്ട്‌ അദ്ദേഹം പറഞ്ഞു, ‘ഈ കത്തു കിട്ടി, പക്ഷേ ഇതിൽ പറഞ്ഞി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നൊ​ന്നും ഒരു പിടി​യും കിട്ടി​യില്ല. അതു​കൊണ്ട്‌ സഹോ​ദരൻ വന്ന്‌ കാര്യങ്ങൾ വിശദീ​ക​രി​ച്ചു തന്നിട്ട്‌ എന്തെങ്കി​ലും ചെയ്യാ​മെന്നു ഞങ്ങൾ തീരു​മാ​നി​ച്ചു.’

“മുർമാൻസ്‌കി​ലെ ആദ്യ സർക്കിട്ട്‌ സന്ദർശ​ന​ത്തി​ന്റെ സമയത്ത്‌ അവിടെ 385 പ്രസാ​ധകർ 1,000-ത്തിലേറെ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്നു​ണ്ടാ​യി​രു​ന്നു. എന്നിരു​ന്നാ​ലും ബൈബിൾ പഠിക്കു​ന്ന​വ​രു​ടെ എണ്ണം നോക്കി​യാൽ അത്‌ അതി​ലൊ​ക്കെ വളരെ കൂടു​ത​ലാ​യി​രു​ന്നു, കാരണം പല അധ്യയ​ന​ങ്ങ​ളും നടത്തി​യി​രു​ന്നത്‌ താത്‌പ​ര്യ​ക്കാ​രു​ടെ ഒരു കൂട്ടത്തി​നാണ്‌. ഒരു പയനിയർ സഹോ​ദരി 13 ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി​യി​രു​ന്നു, 50-ലേറെ ആളുക​ളാണ്‌ അവരോ​ടൊ​ത്തു ബൈബിൾ പഠിച്ചി​രു​ന്നത്‌!

“വോൾഗൊ​ഗ്രാ​ഡി​ലും റൊ​സ്റ്റോവ്‌ ഒബ്ലാസ്റ്റി​ലും ആയിരു​ന്നു ഞങ്ങളുടെ രണ്ടാമത്തെ നിയമനം. 10 ലക്ഷത്തി​ലേറെ ജനസം​ഖ്യ​യുള്ള വോൾഗൊ​ഗ്രാ​ഡിൽ നാലു സഭകളേ ഉണ്ടായി​രു​ന്നു​ള്ളൂ. എങ്ങനെ യോഗ​ങ്ങ​ളും ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും നടത്തണം, എങ്ങനെ വീടു​തോ​റും പ്രസം​ഗി​ക്കണം എന്നെല്ലാം പഠിക്കാൻ സഹോ​ദ​രങ്ങൾ അത്യന്തം ഉത്സുക​രാ​യി​രു​ന്നു. ഓരോ സന്ദർശന സമയത്തും ഒരു പുതിയ സഭ വീതം രൂപീ​ക​രി​ച്ചി​രു​ന്നു. സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ റിപ്പോർട്ടിൽ മുൻ സന്ദർശ​ന​ത്തി​നു​ശേഷം പുതു​താ​യി എത്രപേർ സ്‌നാ​ന​മേറ്റു എന്നു കാണി​ക്ക​ണ​മാ​യി​രു​ന്നു. മിക്ക സഭകളി​ലും അത്‌ 50-ഓ, 60-ഓ, 80-ഓ ഒക്കെയാ​യി​രു​ന്നു. ഒരു സഭയി​ലാ​ണെ​ങ്കിൽ 100-ലധിക​വും! തത്‌ഫ​ല​മാ​യി വെറും മൂന്നു വർഷം​കൊണ്ട്‌ നഗരത്തിൽ 16 പുതിയ സഭകൾ രൂപീ​ക​രി​ച്ചു.”

1996 ജനുവ​രി​യിൽ റഷ്യയിൽ ഒരു ബ്രാഞ്ച്‌ കമ്മിറ്റി​യെ നിയമി​ച്ചു, കൂടാതെ ആദ്യമാ​യി മുഴു​സമയ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാ​രെ​യും. അവരിൽ ചിലരാ​യി​രു​ന്നു റോമൻ സ്‌കീബ [സൈബീ​രിയ, വിദൂ​ര​പൂർവ​ഭാ​ഗങ്ങൾ], റോയ്‌ ഓസ്റ്റർ [ബിലേ​റസ്‌, മോസ്‌കോ, സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗ്‌ (യുറൽ മലകൾവരെ)], ഹാനു റ്റാനി​നെൻ [കൊകേഷ (വോൾഗ നദിവരെ)], ആർതർ ബവുർ [കസാഖ്‌സ്ഥാൻ, മധ്യേഷ്യ]. അക്കാലത്ത്‌ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാർക്കെ​ല്ലാം തങ്ങളുടെ ഡിസ്‌ട്രി​ക്‌റ്റി​നു പുറമേ ഒരു ചെറിയ സർക്കി​ട്ടി​ലും​കൂ​ടെ സേവി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

ദീർഘ​മായ യാത്രകൾ

1993-ന്റെ പ്രാരം​ഭ​ത്തിൽ പോള​ണ്ടിൽനി​ന്നു റഷ്യയിൽ എത്തി​ച്ചേർന്ന ആദ്യകാല പ്രത്യേക പയനി​യർമാ​രിൽ ഒരാളാ​യി​രു​ന്നു റോമൻ സ്‌കീബ. അദ്ദേഹം സ്‌മരി​ക്കു​ന്നു: “1993 ഒക്ടോ​ബ​റിൽ സർക്കിട്ടു വേലയ്‌ക്കുള്ള നിയമനം എനിക്കു ലഭിച്ചു. എന്റെ ആദ്യ സർക്കി​ട്ടിൽ തെക്കൻ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ​യും പസ്‌കൊഫ്‌ ഒബ്ലാസ്റ്റി​ലെ​യും സഭകളും ബിലേ​റ​സി​ലെ മൊത്തം സഭകളും ഉണ്ടായി​രു​ന്നു. അപ്പോൾപ്പോ​ലും റഷ്യയി​ലെ ഏറ്റവും വലിയ സർക്കിട്ട്‌ ആയിരു​ന്നില്ല അത്‌. എന്തായാ​ലും താമസി​യാ​തെ​തന്നെ ഞാൻ ദീർഘ​ദൂര യാത്ര​ക​ളു​മാ​യി പരിചി​ത​നാ​യി. 1995 നവംബ​റിൽ യുറൽ പർവത​പ്ര​ദേ​ശത്തെ ഒരു സർക്കി​ട്ടിൽ എന്നെ നിയമി​ച്ചു, ഒപ്പം പകര ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാ​യുള്ള നിയമ​ന​വും ലഭിച്ചു. യുറലും മുഴു സൈബീ​രി​യ​യും വിദൂ​ര​പൂർവ​ഭാ​ഗ​ങ്ങ​ളും ചേർന്ന​താ​യി​രു​ന്നു എന്റെ പ്രവർത്തന പ്രദേശം. പോള​ണ്ടി​ന്റെ വലിപ്പ​മുള്ള 38 രാജ്യങ്ങൾ ചേരു​ന്നത്ര വിസ്‌താ​ര​മു​ള്ള​താണ്‌ ഈ ഡിസ്‌ട്രി​ക്‌റ്റ്‌ എന്ന്‌ ഒരു സഹോ​ദരൻ കണക്കു​കൂ​ട്ടി പറഞ്ഞു! ഈ പ്രദേ​ശ​ത്തെ​ല്ലാം​കൂ​ടെ എട്ടു സമയ​മേ​ഖ​ലകൾ ഉണ്ടായി​രു​ന്നു. ഏതാണ്ട്‌ രണ്ടു വർഷം കഴിഞ്ഞ​പ്പോൾ മംഗോ​ളി​യ​യു​ടെ തലസ്ഥാ​ന​മായ യൂലാൻബാ​റ്റൊ​റി​ലെ ഒരു കൂട്ടത്തെ സന്ദർശി​ക്കാൻ ബ്രാഞ്ച്‌ എന്നോട്‌ ആവശ്യ​പ്പെട്ടു.”

സ്‌കീബ സഹോ​ദരൻ തുടരു​ന്നു: “ഒരിക്കൽ ഉത്തര​ധ്രു​വ​രേ​ഖ​യ്‌ക്കു വടക്കുള്ള നോറിൽസ്‌ക്കിൽനിന്ന്‌ യികാ​റ്റി​റീം​ബുർക്കിൽ എത്താൻ എനിക്ക്‌ രണ്ടു വിമാ​ന​ങ്ങ​ളിൽ കയറേണ്ടി വന്നു, ആദ്യം നോറിൽസ്‌ക്കിൽനിന്ന്‌ നൊവ​സൈ​ബിർസ്‌ക്‌ വരെയും തുടർന്ന്‌ അവി​ടെ​നിന്ന്‌ യികാ​റ്റി​റീം​ബുർക്കി​ലേ​ക്കും. ആ യാത്ര ഞാൻ ഒരിക്ക​ലും മറക്കില്ല, അനന്തമായ യാത്ര​പോ​ലെ അനുഭ​വ​പ്പെട്ടു അത്‌. നോറിൽസ്‌ക്കിൽനി​ന്നുള്ള വിമാനം 12 മണിക്കൂർ വൈകി​യാ​ണു പുറ​പ്പെ​ട്ടത്‌. എനിക്കും ഭാര്യ​ക്കും ഒരു ദിവസം മുഴുവൻ വിമാ​ന​ത്താ​വ​ള​ത്തിൽ ചെലവ​ഴി​ക്കേ​ണ്ടി​വന്നു. എന്നാൽ ഇത്തരം ദീർഘ​യാ​ത്ര​യ്‌ക്കി​ട​യിൽ വ്യക്തി​പ​ര​മായ പഠനം നടത്താൻ ഞങ്ങൾ പഠിച്ചു എന്നതാണ്‌ ഒരു വലിയ നേട്ടം.

“ചില​പ്പോൾ എത്ര ശ്രമം ചെയ്‌താ​ലും സഭാസ​ന്ദർശ​ന​ത്തി​നു സമയത്ത്‌ എത്തി​ച്ചേ​രാൻ ഞങ്ങൾക്കു സാധി​ച്ചി​രു​ന്നില്ല. ഒരിക്കൽ അൽറ്റാ​യി​യി​ലെ പർവത​ഗ്രാ​മ​മായ യുസ്റ്റ്‌കാ​നി​ലുള്ള സഭയിൽ എത്താൻ കുണ്ടും​കു​ഴി​യു​മാ​യി കിടക്കുന്ന മലമ്പാ​ത​യി​ലൂ​ടെ ഞങ്ങൾക്ക്‌ കാറോ​ടി​ച്ചു പോക​ണ​മാ​യി​രു​ന്നു. വഴിക്ക്‌ കാർ കേടായി. സഭാ രേഖകൾ പരി​ശോ​ധി​ക്കാ​നുള്ള സമയം പോയിട്ട്‌ യോഗ​ത്തി​നു​പോ​ലും സമയത്ത്‌ എത്താനാ​യില്ല. രണ്ടു മണിക്കൂർ വൈകി. ഞങ്ങൾക്ക്‌ ആകപ്പാടെ നിരാശ തോന്നി. എല്ലാവ​രും പോയി​ക്കാ​ണും എന്നുതന്നെ ഞങ്ങൾ വിചാ​രി​ച്ചു. എന്നാൽ വാടക​യ്‌ക്ക്‌ എടുത്ത ഒരു ഹാളിൽ 175 പേർ കാത്തി​രി​ക്കു​ന്നതു കണ്ട്‌ ഞങ്ങൾ അതിശ​യി​ച്ചു​പോ​യി, അവിടത്തെ പ്രസാ​ധ​ക​രു​ടെ എണ്ണം 40-ൽ താഴെ​യാ​ണെന്ന്‌ ഓർക്കണം! ഞങ്ങൾ എത്താൻ വൈകി​യ​തു​കൊണ്ട്‌ മറ്റ്‌ പർവത​ഗ്രാ​മ​ങ്ങ​ളി​ലുള്ള താത്‌പ​ര്യ​ക്കാർക്കും​കൂ​ടെ യോഗ​ത്തി​നു വന്നു​ചേ​രാ​നാ​യ​ത്രേ.” b

അവിസ്‌മ​ര​ണീയ കൺ​വെൻ​ഷ​നു​കൾ

ചില വൻനഗ​ര​ങ്ങ​ളിൽ ആദ്യമാ​യി ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ നടത്താൻ തീരു​മാ​നി​ച്ച​പ്പോൾ കാര്യങ്ങൾ എങ്ങനെ​യൊ​ക്കെ ചെയ്യണം എന്നതു സംബന്ധിച്ച്‌ അവിടത്തെ സഹോ​ദ​ര​ങ്ങൾക്കു യാതൊ​രു രൂപവു​മി​ല്ലാ​യി​രു​ന്നു. 1996-ൽ യികാ​റ്റി​റീം​ബുർക്കി​ലെ ഒരു സ്റ്റേഡി​യ​ത്തിൽവെച്ച്‌ കൺ​വെൻ​ഷൻ നടത്താൻ സഹോ​ദ​രങ്ങൾ തീരു​മാ​നി​ച്ചു. റോമൻ സ്‌കീബ പറയുന്നു: “ഇരിപ്പി​ട​ങ്ങ​ളിൽ മുഴുവൻ പുല്ലു വളർന്നി​രു​ന്നു, സ്റ്റേഡി​യ​ത്തിന്‌ അകത്താ​ണെ​ങ്കിൽ ഏഴ്‌ അടി ഉയരത്തിൽ ബിർച്ച്‌ മരങ്ങളും. കൺ​വെൻ​ഷന്‌ വെറും മൂന്നാഴ്‌ച കൂടി. നഗരത്തി​ലും പ്രാന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി മൂന്നു സഭകൾ മാത്രം. എന്തായാ​ലും സ്റ്റേഡി​യ​ത്തി​ന്റെ ഡയറക്ടർ സഹകരി​ക്കാൻ തയ്യാറാ​യി​രു​ന്നു, പക്ഷേ ആ അവസ്ഥയിൽ അവി​ടെ​വെച്ച്‌ എങ്ങനെ കൺ​വെൻ​ഷൻ നടത്തു​മെന്ന്‌ അദ്ദേഹ​ത്തി​നു യാതൊ​രു നിശ്ചയ​വു​മി​ല്ലാ​യി​രു​ന്നു. സഹോ​ദ​രങ്ങൾ പണി തുടങ്ങി, കൺ​വെൻ​ഷന്റെ ദിവസ​മാ​യ​പ്പോൾ അവിടം വെട്ടി​ത്തി​ള​ങ്ങു​ക​യാ​യി​രു​ന്നു. ഡയറക്ടർക്ക്‌ തന്റെ കണ്ണുകളെ വിശ്വ​സി​ക്കാ​നാ​യില്ല!” നന്ദിസൂ​ച​ക​മാ​യി, സ്റ്റേഡി​യ​ത്തി​ലെ ഒരു കെട്ടി​ട​ത്തിൽവെച്ച്‌ പയനിയർ സ്‌കൂൾ നടത്താ​നുള്ള അനുവാ​ദം അദ്ദേഹം നൽകി. “കൺ​വെൻ​ഷനെ തുടർന്ന്‌ ആ സ്റ്റേഡിയം വീണ്ടും സ്‌പോർട്‌സ്‌ പരിപാ​ടി​കൾക്ക്‌ ഉപയോ​ഗി​ക്കാൻ തുടങ്ങി. നഗരത്തി​നു നല്ലൊരു വരുമാന മാർഗ​മാ​യി​രു​ന്നു അത്തരം പരിപാ​ടി​കൾ,” ഒരു സഹോ​ദരൻ പറയുന്നു.

ചില​പ്പോ​ഴൊ​ക്കെ സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും നടത്തു​ന്ന​തിന്‌ നല്ല വഴക്കവും സഹിഷ്‌ണു​ത​യും ആവശ്യ​മാ​യി​രു​ന്നു. 1999-ൽ വ്‌ളാ​ഡി​ക​ഫ്‌കാ​സിൽ സർക്കിട്ട്‌ സമ്മേള​ന​ത്തി​നാ​യി ഒരു സ്റ്റേഡിയം വാടക​യ്‌ക്ക്‌ എടുക്കാൻ സഹോ​ദ​ര​ങ്ങൾക്കു കഴിഞ്ഞില്ല. 5,000-ത്തോളം പേരെ ആ സമ്മേള​ന​ത്തി​നു പ്രതീ​ക്ഷി​ച്ചി​രു​ന്നു. സഹോ​ദ​ര​ന്മാർ പെട്ടെ​ന്നു​തന്നെ ഒരു പകരം ക്രമീ​ക​രണം ചെയ്‌തു. വ്‌ളാ​ഡി​ക​ഫ്‌കാ​സി​ലെ ഒരു സിനിമാ തീയേ​റ്റ​റിൽവെച്ച്‌ ഒരു ദിവസം മാത്ര​മുള്ള ഹ്രസ്വ സമ്മേള​ന​പ​രി​പാ​ടി അഞ്ചു പ്രാവ​ശ്യം നടത്തി. അതിനു​ശേഷം വാരാ​ന്ത​ത്തിൽ നൽചിക്‌ നഗരത്തിൽ ഏതാണ്ട്‌ രണ്ടു കിലോ​മീ​റ്റ​റി​ന്റെ ദൂരവ്യ​ത്യാ​സ​ത്തി​ലുള്ള രണ്ടു സ്ഥലത്തു​വെച്ച്‌ രണ്ടു ദിവസത്തെ മുഴു സർക്കിട്ട്‌ സമ്മേള​ന​പ​രി​പാ​ടി​യും നടത്തി. ഒരു ഹാളിൽ പരിപാ​ടി തുടങ്ങി രണ്ടു മണിക്കൂ​റി​നു​ശേ​ഷ​മാണ്‌ അടുത്ത സ്ഥലത്ത്‌ തുടങ്ങി​യത്‌. പ്രസം​ഗ​കർക്ക്‌ ഒരു സ്ഥലത്തു​നി​ന്നു മറ്റേ സ്ഥലത്ത്‌ എത്തി​ച്ചേ​രു​ന്ന​തി​നാ​യി​രു​ന്നു അത്‌. ചില സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്ക്‌ സമ്മേളനം തീരു​ന്ന​തി​നു​മു​മ്പു​തന്നെ ശബ്ദമൊ​ക്കെ പോയി. ആ വാരത്തിൽ താൻ 35 പ്രസം​ഗങ്ങൾ നടത്തി​യെന്ന്‌ ഒരു സഹോ​ദരൻ പറയു​ക​യു​ണ്ടാ​യി! എല്ലാം ഭംഗി​യാ​യി പോകു​ക​യാ​യി​രു​ന്നു. എന്നാൽ ശനിയാഴ്‌ച ഉച്ചയോ​ട​ടുത്ത്‌ ഒരു ഹാളിലെ പരിപാ​ടിക്ക്‌ അൽപ്പം തടസ്സം നേരിട്ടു. യൂണി​ഫോം ധാരി​ക​ളായ ചിലർ ഒരു നായ​യെ​യും​കൊണ്ട്‌ ഹാളിൽവന്ന്‌ ചില സാങ്കേ​തിക കാരണ​ങ്ങ​ളാൽ എല്ലാവ​രും ഹാൾ വിട്ടു പോക​ണ​മെന്ന്‌ ആവശ്യ​പ്പെട്ടു. സഹോ​ദ​രങ്ങൾ സാധാ​ര​ണ​പോ​ലെ ശാന്തരാ​യി പുറത്തു​പോ​യി ഭക്ഷണം കഴിക്കു​ക​യും സൗഹൃദം പങ്കിടു​ക​യും ചെയ്‌തു. ഒരു മതതീ​വ്ര​വാ​ദി അധികാ​രി​കൾക്കു ഫോൺചെ​യ്‌ത്‌ കെട്ടി​ട​ത്തിൽ ബോം​ബു​വെ​ച്ചി​ട്ടു​ണ്ടെന്ന്‌ അറിയി​ച്ച​ത്രേ. കെട്ടിടം മുഴുവൻ അരിച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ഒന്നും കണ്ടെത്താ​നാ​യില്ല. അതു​കൊണ്ട്‌ സമ്മേള​ന​പ​രി​പാ​ടി തുടരാൻ അവർ അനുവ​ദി​ച്ചു. പരിപാ​ടി​യിൽ അല്ലറചി​ല്ലറ മാറ്റങ്ങൾ വരുത്തി​യ​തൊ​ഴി​ച്ചാൽ സമ്മേളനം വിജയ​ക​ര​മാ​യി പര്യവ​സാ​നി​ച്ചു. എല്ലാവർക്കും പരിപാ​ടി​യിൽനി​ന്നു പ്രയോ​ജനം ആസ്വദി​ക്കാ​നും അവസരം ലഭിച്ചു.

കല്ലുകൾ, പരിചകൾ, വാളുകൾ

സത്യത്തി​ന്റെ വിത്തുകൾ പെട്ടെ​ന്നു​തന്നെ രാജ്യ​മെ​മ്പാ​ടും വിതയ്‌ക്ക​പ്പെട്ടു. ഏയ റ്റാനി​നെൻ പറയുന്നു: “1998-ൽ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽനിന്ന്‌ അടുത്ത​തി​ലേക്കു ഞങ്ങൾ 15 മണിക്കൂർ ദീർഘി​ക്കുന്ന ട്രെയിൻ യാത്ര​യ്‌ക്കുള്ള ഒരുക്ക​ത്തി​ലാ​യി​രു​ന്നു. കൺ​വെൻ​ഷൻ ഡ്രാമ​യ്‌ക്ക്‌ ആവശ്യ​മായ കുറെ​യ​ധി​കം സാധന​ങ്ങ​ളും​കൂ​ടെ കൊണ്ടു​പോ​കാ​മോ എന്നു സഹോ​ദ​രങ്ങൾ ചോദി​ച്ചു. അതത്ര എളുപ്പ​മാ​യി​രു​ന്നില്ല, കാരണം വളരെ​യേറെ സാധന​ങ്ങ​ളു​മാ​യി എത്തുന്ന​വ​രോട്‌ ടിടിഇ സാധാ​ര​ണ​ഗ​തി​യിൽ അത്ര മമത കാണി​ക്കാ​റില്ല. ഏതായാ​ലും സഹോ​ദ​ര​ന്മാ​രു​ടെ സഹായ​ത്താൽ ഞങ്ങൾ ധൈര്യം സംഭരിച്ച്‌ കല്ലുക​ളും പരിച​ക​ളും വാളു​ക​ളും വേഷഭൂ​ഷാ​ദി​ക​ളു​മെ​ല്ലാം നാലു യാത്ര​ക്കാർക്കുള്ള ഞങ്ങളുടെ കമ്പാർട്ടു​മെ​ന്റിൽ എത്തിച്ചു. ആ കമ്പാർട്ടു​മെ​ന്റിൽ മറ്റ്‌ രണ്ടു യാത്ര​ക്കാർകൂ​ടെ ഉണ്ടായി​രു​ന്നു.

“ടിടിഇ ടിക്കറ്റ്‌ പരി​ശോ​ധി​ക്കാൻ വന്നപ്പോൾ എന്താണ്‌ ഇത്രമാ​ത്രം ലഗേജ്‌ എന്ന്‌ ആരാഞ്ഞു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നി​ലെ ഡ്രാമ​യ്‌ക്കുള്ള സാമ​ഗ്രി​ക​ളാ​ണിവ എന്നു ഞങ്ങൾ പറഞ്ഞു. ആ സ്‌ത്രീ വളരെ ദയയു​ള്ള​വ​ളാ​യി​രു​ന്നു. അവരുടെ നാട്ടിലെ സഭ സന്ദർശി​ക്കവേ എന്റെ ഭർത്താവു നടത്തിയ ഒരു പരസ്യ​പ്ര​സം​ഗ​ത്തിന്‌ അവർ ഹാജരാ​യി​രു​ന്ന​ത്രേ. യഹോവ ഞങ്ങളെ തുണച്ചത്‌ ഞങ്ങൾക്കു തിരി​ച്ച​റി​യാ​നാ​യി.”

അധ്യയന നിരീ​ക്ഷ​കർ

സഹോ​ദ​രി​മാർക്ക്‌ പരസ്‌പര സഹായ​ത്താൽ പലതും പഠിക്കാ​നാ​യി. ഏയ പറയുന്നു: “റഷ്യയിൽ ഞങ്ങൾ ശുശ്രൂഷ ആരംഭി​ച്ച​പ്പോൾ നമ്മുടെ സഹോ​ദ​രി​മാർ എത്രമാ​ത്രം ക്ഷമയും താഴ്‌മ​യും പ്രകട​മാ​ക്കി​യെ​ന്നോ! കാരണം എനിക്കു നേരാം​വണ്ണം അവരുടെ ഭാഷ സംസാ​രി​ക്കാൻ അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തേ​ണ്ടത്‌ എങ്ങനെ​യെന്നു പഠിക്കാ​നുള്ള സഹോ​ദ​രി​മാ​രു​ടെ ഉത്സാഹം എന്റെ ഹൃദയത്തെ സ്‌പർശി​ച്ചു. പലരും പുതു​താ​യി സത്യം സ്വീക​രി​ച്ച​വ​രാണ്‌. ചിലരാ​കട്ടെ നിരോ​ധ​ന​ത്തിൻകീ​ഴിൽ പ്രവർത്തി​ച്ചി​രു​ന്ന​വ​രും. അക്കാലത്ത്‌ യഹോ​വ​യു​ടെ സംഘട​ന​യി​ലൂ​ടെ വരുന്ന നിർദേ​ശ​ങ്ങ​ളൊ​ന്നും എപ്പോ​ഴും അവർക്കു ലഭിച്ചി​രു​ന്നില്ല.

“1995 മുതൽ 1996 വരെ ഞങ്ങൾ വോൾഷ്‌കീ പട്ടണത്തി​ലാ​ണു പ്രവർത്തി​ച്ചി​രു​ന്നത്‌. മിക്ക​പ്പോ​ഴും സഹോ​ദ​രി​മാ​രിൽ ആരെങ്കി​ലും ബൈബി​ള​ധ്യ​യ​ന​ത്തി​നു കൂടെ ചെല്ലാൻ എന്നെ ക്ഷണിക്കു​മ്പോൾ വേറെ കുറെ സഹോ​ദ​രി​മാർ തങ്ങളും വരട്ടേ എന്നു ചോദി​ക്കു​മാ​യി​രു​ന്നു. ആദ്യ​മൊ​ക്കെ എനിക്കതു വിചി​ത്ര​മാ​യി തോന്നി. എന്നാൽ ബൈബി​ള​ധ്യ​യനം നടത്തുന്ന വിധം കണ്ടുപ​ഠി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തി​നാ​ലാ​ണത്‌ എന്ന്‌ അവർ വിശദീ​ക​രി​ച്ചു. ബൈബിൾ പഠിക്കു​ന്ന​വർക്കു വിരോ​ധ​മി​ല്ലെ​ങ്കിൽ, എല്ലാവ​രെ​യും​കൂ​ടെ കാണു​മ്പോൾ പരി​ഭ്രമം തോന്നില്ല എന്നു​ണ്ടെ​ങ്കിൽ പോരാൻ ഞാൻ അവരോ​ടു പറഞ്ഞു. സാധാ​ര​ണ​ഗ​തി​യിൽ ആറുമു​തൽ പത്തുവരെ പേർ കൂടെ പോരു​മാ​യി​രു​ന്നു, വിദ്യാർഥി​ക്കു ശല്യമാ​കില്ല എന്ന വിശ്വാ​സ​ത്തോ​ടെ. അതു ശരിയാ​യി​രു​ന്നു​താ​നും. ഏതാനും മാസം കഴിഞ്ഞ​പ്പോൾ ബൈബിൾ വിദ്യാർഥി​ക​ളിൽത്തന്നെ പലരും സ്വന്തമാ​യി ബൈബി​ള​ധ്യ​യ​നങ്ങൾ നടത്താൻ തുടങ്ങി. അന്ന്‌ വോൾഷ്‌കീ​യിൽ രണ്ടു സഭകളെ ഉണ്ടായി​രു​ന്നു​ള്ളൂ. പത്തു വർഷത്തി​നു​ശേഷം അവിടെ 11 സഭകൾ രൂപീ​ക​രി​ക്ക​പ്പെട്ടു.”

പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം ലഭിച്ചു

ദിവ്യാ​ധി​പത്യ നിർദേ​ശങ്ങൾ സത്യത്തിൽ പുതി​യ​വർക്കു മാത്രമല്ല നിരോ​ധ​ന​ത്തിൻകീ​ഴിൽ വർഷങ്ങ​ളോ​ളം യഹോ​വയെ സേവി​ച്ചി​രുന്ന സഹോ​ദ​ര​ങ്ങൾക്കും പ്രയോ​ജനം ചെയ്‌തു. ഹാനു റ്റാനി​നെൻ സ്‌മരി​ക്കു​ന്നു: “ദൂതന്മാ​രു​ടെ വഴിന​ട​ത്തിപ്പ്‌ അനുഭ​വ​പ്പെട്ട വ്യത്യസ്‌ത സാഹച​ര്യ​ങ്ങൾ ഞങ്ങൾക്കു​ണ്ടാ​യി​ട്ടുണ്ട്‌; മനസ്സിൽ മായാത്ത മുദ്ര​പ​തി​പ്പിച്ച പല സംഭവ​ങ്ങൾക്കും ഞങ്ങൾ ദൃക്‌സാ​ക്ഷി​ക​ളു​മാ​യി. 1994-ൽ നവ്‌ഗ​ര​ഡി​ലെ ഒരു പുതിയ സഭയിൽ ഞങ്ങൾ എത്തി. വിലീക്കീ നവ്‌ഗ​രഡ്‌ എന്നും അതിനെ ഇപ്പോൾ വിളി​ക്കാ​റുണ്ട്‌. ആ ആഴ്‌ച ഞങ്ങൾ താമസി​ക്കുന്ന അപ്പാർട്ടു​മെ​ന്റി​ലേക്ക്‌ സഹോ​ദ​ര​ന്മാർ ഞങ്ങളെ കൊണ്ടു​പോ​യി. ആ അപ്പാർട്ടു​മെ​ന്റിൽ സന്ദർശ​ക​യാ​യി എത്തിയ മരിയ എന്ന പ്രായ​മുള്ള ഒരു സഹോ​ദരി ഉണ്ടായി​രു​ന്നു. സന്ദർശ​ന​വാ​രം പ്രമാ​ണിച്ച്‌ 50 കിലോ​മീ​റ്റർ യാത്ര​ചെ​യ്‌ത്‌ എത്തിയ​താ​യി​രു​ന്നു അവർ. 50 വർഷമാ​യി അവർ സത്യത്തിൽ വന്നിട്ട്‌. നിരോ​ധ​ന​ത്തി​നു​ശേഷം വന്ന ആദ്യകാല സർക്കിട്ടു മേൽവി​ചാ​ര​ക​ന്മാ​രിൽ ഒരാളെ നേരിൽ കാണാ​നുള്ള ആഗ്രഹം നിമി​ത്ത​മാണ്‌ അവർ ഇത്ര ദൂരെ​നി​ന്നു വന്നത്‌. എങ്ങനെ​യാ​ണു സത്യം പഠിച്ച​തെന്ന്‌ ഞങ്ങൾ അവരോ​ടു ചോദി​ച്ചു. 17-ാം വയസ്സിൽ ജർമനി​യി​ലെ ഒരു തടങ്കൽപ്പാ​ള​യ​ത്തിൽ എത്തി​പ്പെ​ട്ടു​വെ​ന്നും അവി​ടെ​വെ​ച്ചാണ്‌ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടു​ന്ന​തെ​ന്നും അവർ പറഞ്ഞു. പാളയ​ത്തിൽവെച്ച്‌ സത്യം സ്വീക​രിച്ച അവരെ അഭിഷി​ക്ത​യായ ഒരു സഹോ​ദ​രി​യാണ്‌ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌. പിന്നീട്‌ മരിയ മോചി​ത​യാ​യി. രാജ്യ​സു​വാർത്ത പ്രസം​ഗി​ക്കാ​നാ​യി റഷ്യയി​ലേക്കു തിരികെ വന്നു. കുറെ നാളു​കൾക്കു​ശേഷം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ പേരിൽ അവരെ അറസ്റ്റു​ചെ​യ്‌ത്‌ ജയിലി​ലാ​ക്കി. അനേക വർഷം അവർ സോവി​യറ്റ്‌ തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലാ​യി​രു​ന്നു.

“തന്റെ കഥ മുഴുവൻ വിവരി​ച്ച​ശേഷം ആ സഹോ​ദരി താഴ്‌മ​യോ​ടെ പറഞ്ഞ ഒരു കാര്യം ഞങ്ങളു​ടെ​യെ​ല്ലാം ഹൃദയത്തെ അതിയാ​യി സ്‌പർശി​ച്ചു. യഹോ​വ​യ്‌ക്കുള്ള തന്റെ ആരാധ​ന​യിൽ എന്തെങ്കി​ലും പോരാ​യ്‌മ​യു​ണ്ടോ എന്നു കാണി​ച്ചു​ത​രാൻ ഏതാനും ആഴ്‌ച​യാ​യി അവർ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു​പോ​ലും. അന്നു വൈകു​ന്നേരം, വളരെ​ക്കാ​ലം മുമ്പ്‌ വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” എന്ന പംക്തി​യിൽ വന്ന ഒരു ലേഖന​ത്തെ​ക്കു​റിച്ച്‌ ഞാൻ ആ സഹോ​ദ​രി​യോ​ടു പറഞ്ഞു. സ്‌നാ​ന​ത്തി​നു സാധു​ത​യു​ണ്ടാ​കാൻ അത്‌ ഒരു ക്രിസ്‌തീയ സഹോ​ദരൻ നിർവ​ഹി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ അതിൽ പ്രസ്‌താ​വി​ച്ചി​രു​ന്നു. അതു കേട്ട​പ്പോൾ മരിയക്കു വലിയ സന്തോ​ഷ​മാ​യി, തന്റെ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരം കിട്ടി​യ​താ​യി അവർക്കു തോന്നി. സന്തോ​ഷ​ത്തോ​ടെ അവർ ഒരു കുളി​ത്തൊ​ട്ടി​യിൽ സ്‌നാ​ന​മേറ്റു. 1944-ൽ തന്നെത്തന്നെ സമർപ്പി​ച്ചിട്ട്‌ അപ്പോൾ 50 വർഷം പിന്നി​ട്ടി​രു​ന്നു.”

11 സമയ​മേ​ഖ​ലകൾ കടന്ന്‌ ആത്മീയാ​ഹാ​രം

1991-ന്റെ ആരംഭം​മു​തൽ ജർമനി​യിൽനി​ന്നോ ഫിൻലൻഡിൽനി​ന്നോ ചെറിയ പായ്‌ക്ക​റ്റു​ക​ളി​ലാ​ക്കി സാഹി​ത്യം അയച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു പതിവ്‌. എന്നാൽ 1993 ജൂ​ലൈ​യിൽ 20 ടൺ സാഹി​ത്യ​വു​മാ​യി ജർമനി​യിൽനിന്ന്‌ ആദ്യമാ​യി ഒരു ട്രക്ക്‌ സോൽനി​ക്‌ന​യ​യിൽ എത്തി. റഷ്യാ ബ്രാഞ്ചിൽനി​ന്നുള്ള ട്രക്കുകൾ അവ മോസ്‌കോ​യി​ലും ബിലേ​റ​സി​ലും കസാഖ്‌സ്ഥാ​നി​ലും വിതരണം ചെയ്‌തു. അത്‌ അത്ര നിസ്സാര കാര്യ​മാ​യി​രു​ന്നില്ല. കസാഖ്‌സ്ഥാ​നിൽ സാഹി​ത്യം എത്തിക്കു​ന്ന​തിന്‌ സഹോ​ദ​ര​ന്മാർക്ക്‌ ഒരു വശത്തേക്കു മാത്രം 5,000 കിലോ​മീ​റ്റർ വണ്ടി ഓടി​ക്ക​ണ​മാ​യി​രു​ന്നു. അതിർത്തി​യിൽ പലപ്പോ​ഴും കുറെ​നേരം കാത്തു​നിൽക്ക​ണ​മാ​യി​രു​ന്നു. ശൈത്യ​കാ​ലത്ത്‌ മഞ്ഞുവീ​ഴ്‌ച​യും യാത്ര​യ്‌ക്കു തടസ്സം സൃഷ്ടി​ച്ചി​രു​ന്നു.

ഇപ്പോൾ 200 ടൺ സാഹി​ത്യ​മാണ്‌ മാസം​തോ​റും സോൽനി​ക്‌ന​യ​യിൽ എത്തുന്നത്‌. അതിർത്തി​യി​ലെ ഗാർഡി​നോ​ടും കസ്റ്റംസ്‌ ഓഫീ​സി​ലെ ഉദ്യോ​ഗ​സ്ഥ​ന്മാ​രോ​ടും സാക്ഷീ​ക​രി​ക്കാൻ കിട്ടുന്ന ഒരവസ​ര​വും ബെഥേ​ലിൽനി​ന്നുള്ള ഡ്രൈ​വർമാർ പാഴാ​ക്കാ​റില്ല. ഇങ്ങനെ കണ്ടുമു​ട്ടി​യ​വ​രിൽ ചിലർ ബൈബിൾ സാഹി​ത്യ​ങ്ങൾ വായി​ക്കാൻ ഇഷ്ടപ്പെ​ടു​ന്ന​വ​രാണ്‌. ഒരിക്കൽ ഇങ്ങനെ പരി​ശോ​ധി​ക്കു​ന്ന​തി​നി​ട​യിൽ പ്രസ്‌തുത ട്രക്ക്‌ ഒരു മതസം​ഘ​ട​ന​യു​ടേ​താ​ണെന്ന്‌ ഒരു പോലീ​സു​കാ​രൻ അറിയാ​നി​ട​യാ​യി. അദ്ദേഹം മതങ്ങളെ ഒന്നടങ്കം വിമർശി​ക്കാൻ തുടങ്ങി. ഗതാഗ​ത​നി​യമം തെറ്റിച്ച ഒരു പുരോ​ഹി​തനെ തടഞ്ഞു നിറു​ത്തി​യ​പ്പോൾ അയാൾ തന്നെ ചീത്തവി​ളി​ച്ച​തും മറ്റും അദ്ദേഹം വിവരി​ച്ചു. സഹോ​ദ​ര​ന്മാർ അപ്പോൾ അദ്ദേഹ​ത്തോട്‌, ദൈവം എങ്ങനെ​യാണ്‌ ആളുക​ളോട്‌ ഇടപെ​ടു​ന്നത്‌, ഭൂമി​യെ​യും മനുഷ്യ​നെ​യും സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌ എന്നെല്ലാം വിശദീ​ക​രി​ച്ചു. പെട്ടെ​ന്നു​തന്നെ പോലീ​സു​കാ​രന്റെ ദേഷ്യ​മ​ടങ്ങി, സൗഹൃ​ദ​ഭാ​വം കൈവന്നു. അദ്ദേഹം ചില ചോദ്യ​ങ്ങൾ ചോദി​ക്കാൻപോ​ലും തുടങ്ങി. സഹോ​ദ​ര​ന്മാർ ബൈബി​ളിൽനിന്ന്‌ ഉത്തരം നൽകി, നല്ലൊരു ചർച്ചതന്നെ അവർക്ക്‌ ആസ്വദി​ക്കാ​നാ​യി. അത്‌ പോലീ​സു​കാ​രന്റെ ചിന്താ​ഗ​തി​യെ അപ്പാടെ മാറ്റി​മ​റി​ച്ചു. അദ്ദേഹം പറഞ്ഞു, “എനിക്ക്‌ ചർച്ച തുടരണം, ഞാൻ എങ്ങനെ​യെ​ങ്കി​ലും സാക്ഷി​കളെ കണ്ടുപി​ടി​ക്കും.”

വിദൂ​ര​പൂർവ​ഭാ​ഗ​ങ്ങ​ളി​ലെ വ്‌ളാ​ഡി​വ​സ്റ്റോ​ക്കി​ലുള്ള സഭകളിൽ 1995-നും 2001-നും ഇടയിൽ സാഹി​ത്യ​ങ്ങൾ എത്തിച്ചു​കൊ​ടു​ത്തി​രു​ന്നത്‌ ജപ്പാൻ ബ്രാഞ്ച്‌ ആണ്‌. അവി​ടെ​നി​ന്നു കടൽമാർഗം കംചട്‌ക​യി​ലുള്ള സഭകളി​ലേ​ക്കും സാഹി​ത്യം എത്തിച്ചി​രു​ന്നു. കംചട്‌ക​യി​ലേ​ക്കുള്ള കപ്പലു​ക​ളു​ടെ കപ്പിത്താ​ന്മാ​രു​മാ​യി വ്‌ളാ​ഡി​വ​സ്റ്റോ​ക്കി​ലുള്ള സഹോ​ദ​ര​ന്മാർ പരിച​യ​ത്തി​ലാ​യി. അവരിൽ ഒരാൾ യാതൊ​രു കൂലി​യും ഈടാ​ക്കാ​തെ തന്റെ ക്യാബി​നിൽ നമ്മുടെ സാഹി​ത്യം കൊണ്ടു​പോ​കാ​മെന്നു സമ്മതിച്ചു. സാഹി​ത്യം കപ്പലിൽ കയറ്റാൻപോ​ലും അദ്ദേഹം സഹായി​ച്ചു. “ഞാൻ ഒരു വിശ്വാ​സി​യല്ല. പക്ഷേ എന്തെങ്കി​ലും നല്ലകാ​ര്യം ചെയ്യാൻ ഞാൻ ആഗ്രഹി​ക്കു​ന്നു,” അദ്ദേഹം സഹോ​ദ​ര​ന്മാ​രോ​ടു പറഞ്ഞു. “എനിക്കു നിങ്ങളെ ഇഷ്ടമാണ്‌. അതു​പോ​ലെ നിങ്ങളു​ടെ സംഘാ​ട​ന​ത്തെ​യും. കപ്പൽ അവിടെ എത്തു​മ്പോൾ സാഹി​ത്യം ഇറക്കാ​നാ​യി എനിക്ക്‌ ഒട്ടും കാത്തു​നിൽക്കേണ്ടി വരുന്നില്ല. പക്ഷിക​ളെ​പ്പോ​ലെ​യാണ്‌ നിങ്ങളു​ടെ ആളുകൾ; നിമി​ഷ​നേ​രം​കൊ​ണ്ടാണ്‌ അവർ ഇതെല്ലാം തൂക്കി​യെ​ടു​ത്തു​കൊ​ണ്ടു പോകു​ന്നത്‌.”

വളർച്ച​യ്‌ക്ക്‌ അനുസൃ​ത​മാ​യി മാറ്റങ്ങ​ളും

അനേക​വർഷം റഷ്യൻ ഭാഷയി​ലുള്ള വീക്ഷാ​ഗോ​പു​രം ഇപ്പോ​ഴത്തെ മാസി​ക​യെ​ക്കാൾ അൽപ്പം​കൂ​ടെ വലിയ കടലാ​സിൽ അച്ചടിച്ച 16 പേജുള്ള പ്രതി​മാ​സ​പ​തിപ്പ്‌ ആയിരു​ന്നു. എല്ലാ അധ്യയന ലേഖന​ങ്ങ​ളും റഷ്യൻ ഭാഷയി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി സോവി​യറ്റ്‌ യൂണി​യ​നി​ലുള്ള സഹോ​ദ​ര​ങ്ങൾക്കു ലഭ്യമാ​ക്കി​യി​രു​ന്നു. എന്നാൽ ഇംഗ്ലീ​ഷിൽ അവ പുറത്തി​റങ്ങി ഏറെക്കാ​ല​ത്തി​നു ശേഷമാണ്‌ റഷ്യനിൽ പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്ന​തെ​ന്നു​മാ​ത്രം. അധ്യയന ലേഖന​ങ്ങൾക്ക്‌ ആറു മാസം​മു​തൽ രണ്ടു വർഷം​വരെ കാലതാ​മസം നേരി​ട്ടി​രു​ന്നു, മറ്റു ലേഖന​ങ്ങൾക്കാ​കട്ടെ അതിൽക്കൂ​ടു​ത​ലും. 1981-ന്റെ ആരംഭ​ത്തിൽ റഷ്യനി​ലുള്ള വീക്ഷാ​ഗോ​പു​രം 24 പേജുള്ള പ്രതി​മാ​സ​പ്പ​തിപ്പ്‌ ആയി പ്രസി​ദ്ധീ​ക​രി​ക്കാൻ തുടങ്ങി. 1985 മുതൽ അർധമാ​സ​പ്പ​തി​പ്പാ​യും. 1990 ജൂൺ 1-നാണ്‌ ആദ്യമാ​യി 32 പേജുള്ള ചതുർവർണ പതിപ്പ്‌ ഇംഗ്ലീ​ഷി​നൊ​പ്പം ഏകകാ​ലി​ക​മാ​യി അച്ചടി​ച്ചത്‌.

പരിഭാ​ഷ​ക​രിൽ ഒരാളായ റ്റാന്യ പറയുന്നു: “പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ, ഞങ്ങൾ അന്നു പരിഭാ​ഷ​പ്പെ​ടു​ത്തി അച്ചടി​ച്ച​വ​യൊ​ന്നും ലളിത​മോ തനിമ​യാർന്ന ഭാഷയി​ലു​ള്ള​തോ ആയിരു​ന്നില്ല. എന്നാൽ അന്നത്തെ സാഹച​ര്യ​ത്തിൽ ഏറ്റവും നല്ലതാ​യി​രു​ന്നു എന്നുമാ​ത്രം. ആത്മീയ​മാ​യി വിശന്നു വലയു​ന്ന​വർക്കുള്ള ഭക്ഷണമാ​യി​രു​ന്നു അത്‌.”

മുൻ സോവി​യറ്റ്‌ യൂണി​യന്റെ പ്രദേ​ശ​ങ്ങ​ളിൽ സ്വത​ന്ത്ര​മാ​യി പ്രവർത്തി​ക്കാൻ കഴിയു​ന്ന​തോ​ടെ സാഹി​ത്യ​ങ്ങൾ ധാരാ​ള​മാ​യി വിതരണം ചെയ്യ​പ്പെ​ടു​മാ​യി​രു​ന്നു. ജർമനി​യി​ലെ റഷ്യൻ പരിഭാ​ഷകർ സഹായം സ്വീക​രി​ക്കാൻ സന്നദ്ധരാ​യി​രു​ന്നു. പരിഭാ​ഷ​യു​ടെ ഗുണനി​ല​വാ​രം മെച്ച​പ്പെ​ടു​ത്താൻ രണ്ടു കാര്യങ്ങൾ സഹായി​ച്ചു. ഒന്നാമത്‌, റഷ്യയിൽനി​ന്നും യൂ​ക്രെ​യി​നിൽനി​ന്നും ഉള്ള അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ ജർമനി ബ്രാഞ്ചിൽ പോയി പരിഭാ​ഷാ പരിശീ​ലനം നേടു​ന്ന​തി​നു കഴിഞ്ഞു. 1991 സെപ്‌റ്റം​ബർ 27-ന്‌ അഞ്ചുപേർ എത്തി, പിന്നീട്‌ മറ്റുചി​ല​രും. അങ്ങനെ റഷ്യൻ പരിഭാ​ഷാ സംഘത്തിൽ അഴിച്ചു​പ​ണി​കൾ തുടങ്ങി. അതത്ര എളുപ്പ​മാ​യി​രു​ന്നില്ല. അവരുടെ ‘മരവും കല്ലും’ അത്ര പെട്ടെ​ന്നൊ​ന്നും “സ്വർണം” ആയി മാറി​യില്ല, യെശയ്യാ​വു 60:17-ൽ പറഞ്ഞി​രി​ക്കുന്ന എല്ലാ ഘട്ടങ്ങളി​ലൂ​ടെ​യും അതു കടന്നു​പോ​യി.

രണ്ടാമ​താ​യി, ഏതാണ്ട്‌ ആ സമയത്ത്‌ നിലവിൽവന്ന ‘പരിഭാ​ഷാ സേവന വിഭാഗ’ത്തിന്റെ സഹായ​വും റഷ്യൻ പരിഭാ​ഷ​കർക്കു ലഭ്യമാ​യി. റഷ്യയിൽനി​ന്നുള്ള ആദ്യത്തെ പരിഭാ​ഷാ സംഘം ജർമനി​യി​ലെ സെൽറ്റേ​ഴ്‌സിൽ എത്തിയ സമയത്ത്‌ പരിഭാ​ഷ​കർക്കാ​യി ജർമനി ബ്രാഞ്ചിൽ ഒരു സെമി​നാ​റും നടത്തു​ക​യു​ണ്ടാ​യി.

ഓരോ ഭാഷയി​ലേ​ക്കു​മുള്ള പരിഭാഷ അതാതു ഭാഷക്കാർ വസിക്കുന്ന സ്ഥലത്തു​വെച്ചു നടത്തു​ന്ന​താണ്‌ അഭികാ​മ്യം. അതു​കൊണ്ട്‌ 1994 ജനുവ​രി​യിൽ റഷ്യൻ പരിഭാ​ഷാ സംഘം ജർമനി ബ്രാഞ്ചി​നോ​ടു വിടവാ​ങ്ങി; അന്ന്‌ നിർമാ​ണം നടന്നു​കൊ​ണ്ടി​രുന്ന സോൽനി​ക്‌ന​യ​യി​ലെ ബെഥേ​ലിൽ താമസിച്ച്‌ ജോലി ചെയ്യു​ന്ന​തി​നാ​യി​രു​ന്നു അത്‌.

‘ഇരുമ്പു​മ​റ​യ്‌ക്കു’ പിന്നിൽ ദശകങ്ങ​ളോ​ളം രഹസ്യ​മാ​യി പരിഭാഷ ചെയ്‌തി​രുന്ന സഹോ​ദ​ര​ങ്ങളെ വിട്ടു​പി​രി​യുക അത്യന്തം ദുഃഖ​ക​ര​മാ​യി​രു​ന്നു; അവരിൽ പലർക്കും റഷ്യൻ പരിഭാ​ഷ​ക​രോ​ടൊ​പ്പം പോകാൻ കഴിയു​മാ​യി​രു​ന്നില്ല. 1994 ജനുവരി 23 ഞായറാഴ്‌ച അത്യധി​കം ഹൃദയ​വേ​ദ​ന​യോ​ടും കണ്ണീ​രോ​ടും​കൂ​ടെ അവർ വിടവാ​ങ്ങി. പ്രത്യേക പയനി​യർമാ​രാ​യി നിയമി​ക്ക​പ്പെട്ട രണ്ടു സഹോ​ദ​ര​ന്മാ​രും മറ്റു 17 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാണ്‌ ആ സംഘത്തിൽ ഉണ്ടായി​രു​ന്നത്‌.

“രോഗി​ക്കു ദൈവം ഞാനാണ്‌”

റഷ്യയിൽ ദശകങ്ങ​ളോ​ളം ഡോക്ടർമാ​രും വൈദ്യ​ശാ​സ്‌ത്ര​രം​ഗത്തു പ്രവർത്തി​ക്കുന്ന മറ്റുള്ള​വ​രും രോഗി​ക​ളു​ടെ മതവി​ശ്വാ​സ​ങ്ങൾക്കു വലിയ മൂല്യം കൽപ്പി​ച്ചി​രു​ന്നില്ല. നിരീ​ശ്വര ചിന്താ​ഗ​തി​യും സോവി​യറ്റ്‌ ചികി​ത്സാ​രീ​തി​യിൽ വ്യാപ​ക​മാ​യി​രുന്ന രക്തത്തിന്റെ ഉപയോ​ഗ​വും അവരുടെ മനോ​ഭാ​വത്തെ സ്വാധീ​നി​ച്ചി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ സാക്ഷികൾ രക്തരഹിത ചികിത്സ ആവശ്യ​പ്പെ​ടു​മ്പോൾ ഡോക്ടർമാർക്ക്‌ അത്‌ ഉൾക്കൊ​ള്ളാ​നാ​യില്ല, പലപ്പോ​ഴും അവർ പരുഷ​മാ​യി പ്രതി​ക​രി​ക്കു​ക​യും ചെയ്‌തി​രു​ന്നു.

“രോഗി​ക്കു ദൈവം ഞാനാണ്‌” എന്നു​പോ​ലും ഡോക്ടർമാർ മിക്ക​പ്പോ​ഴും പറഞ്ഞി​രു​ന്നു. ഡോക്ടർമാർ പറയു​ന്നത്‌ അംഗീ​ക​രി​ക്കാത്ത രോഗി​കളെ അപ്പോൾത്തന്നെ ആശുപ​ത്രി​യിൽനി​ന്നു ഡിസ്‌ചാർജ്‌ ചെയ്യു​മാ​യി​രു​ന്നു. കൂടാതെ, രക്തപ്പകർച്ച സംബന്ധിച്ച സാക്ഷി​ക​ളു​ടെ ബൈബി​ള​ധി​ഷ്‌ഠിത നിലപാട്‌ റഷ്യയിൽ സാക്ഷി​ക​ളു​ടെ പ്രവർത്തനം നിരോ​ധി​ക്കു​ന്ന​തിന്‌ എതിരാ​ളി​കൾ കരുവാ​ക്കി​യി​രു​ന്നു.

1995-ൽ റഷ്യാ ബ്രാഞ്ചിൽ ഹോസ്‌പി​റ്റൽ ഇൻഫർമേഷൻ ഡസ്‌ക്‌ പ്രവർത്തനം ആരംഭി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചികിത്സാ സംബന്ധ​മായ നിലപാ​ടി​നെ​ക്കു​റിച്ച്‌ വൈദ്യ​ശാ​സ്‌ത്ര​രം​ഗത്തു പ്രവർത്തി​ക്കു​ന്ന​വർക്കു കൃത്യ​മായ വിവരങ്ങൾ പ്രദാ​നം​ചെ​യ്യുക എന്നതാണ്‌ അവരുടെ ജോലി​യിൽ മുഖ്യ​മാ​യും ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. പല സെമി​നാ​റു​കൾ സംഘടി​പ്പി​ച്ചു, അവയിൽ ‘ആശുപ​ത്രി ഏകോപന സമിതി’കളിൽനി​ന്നുള്ള 60 മൂപ്പന്മാർ പങ്കെടു​ക്കു​ക​യു​ണ്ടാ​യി. ഡോക്ടർമാർക്കും വൈദ്യ​ശാ​സ്‌ത്ര വിദഗ്‌ധർക്കും ആവശ്യ​മായ വിവരങ്ങൾ എങ്ങനെ എത്തിച്ചു​കൊ​ടു​ക്കാം, സാക്ഷി​ക​ളായ രോഗി​കൾക്ക്‌ രക്തരഹിത ചികിത്സ നൽകാൻ തയ്യാറുള്ള ഡോക്ടർമാ​രെ എങ്ങനെ കണ്ടുപി​ടി​ക്കാം എന്നീ വിഷയ​ങ്ങ​ളിൽ അവർക്കു പരിശീ​ലനം ലഭിച്ചു.

റഷ്യൻ ഡോക്ടർമാ​രും അവരുടെ വിദേശ സഹപ്ര​വർത്ത​ക​രും ചേർന്ന്‌ 1998-ൽ മോസ്‌കോ​യിൽവെച്ച്‌ ഒരു അന്താരാ​ഷ്‌ട്ര കോൺഫ​റൻസ്‌ നടത്തു​ക​യു​ണ്ടാ​യി. “ശസ്‌ത്ര​ക്രി​യ​യിൽ രക്തപ്പകർച്ചാ പകര സംവി​ധാ​നങ്ങൾ” എന്നതാ​യി​രു​ന്നു അതിന്റെ വിഷയം. റഷ്യയിൽ ആദ്യമാ​യി​ട്ടാണ്‌ ഇങ്ങനെ​യൊ​ന്നു നടക്കു​ന്നത്‌. റഷ്യയു​ടെ പല ഭാഗങ്ങ​ളിൽനി​ന്നുള്ള 500-ലേറെ ഡോക്ടർമാർ അതിൽ പങ്കെടു​ത്തു. 1998-നും 2002-നും ഇടയ്‌ക്ക്‌ റഷ്യയി​ലെ നിരവധി പ്രമുഖ നഗരങ്ങ​ളിൽ ഇത്തരം പല കോൺഫ​റൻസു​കൾ നടത്താൻ റഷ്യൻ ഡോക്ടർമാർക്കു കഴിഞ്ഞു. അവയ്‌ക്കു നല്ല ഫലമു​ണ്ടാ​യി.

സാക്ഷി​ക​ളാ​യ രോഗി​ക​ളു​ടെ അവകാ​ശ​ങ്ങൾക്കാ​യി വാദി​ച്ചി​രുന്ന അഭിഭാ​ഷ​കർക്കുള്ള ഒരു ഔദ്യോ​ഗിക കത്തിൽ പ്രമുഖ രക്തശാ​സ്‌ത്ര വിദഗ്‌ധ​നും റഷ്യൻ ഫെഡ​റേ​ഷന്റെ ആരോ​ഗ്യ​മ​ന്ത്രി​യു​മാ​യി​രുന്ന ഡോ. എ. ഐ. വരബി​യോഫ്‌ ഒരു കാര്യം വ്യക്തമാ​ക്കു​ക​യു​ണ്ടാ​യി. അദ്ദേഹം പറഞ്ഞത്‌, ഡോക്ടർമാർ രക്തപ്പകർച്ച സംബന്ധിച്ച തങ്ങളുടെ നിലപാട്‌ പുനഃ​പ​രി​ശോ​ധി​ച്ച​തി​ന്റെ ഫലമായി “പ്രസവ​ത്തോട്‌ അനുബ​ന്ധി​ച്ചുള്ള അമ്മമാ​രു​ടെ മരണനി​ര​ക്കിന്‌ നമ്മുടെ രാജ്യത്ത്‌ 34 ശതമാ​നം​കണ്ട്‌ കുറവു വന്നിരി​ക്കു​ന്നു” എന്നാണ്‌. ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “യൂറോ​പ്പി​ലു​ള്ള​വ​രു​ടേ​തി​നോ​ടുള്ള താരത​മ്യ​ത്തിൽ, കുഞ്ഞു​ങ്ങൾക്കു ജന്മമേ​കുന്ന അമ്മമാ​രു​ടെ മരണനി​രക്ക്‌ മുമ്പ്‌ ഇവിടെ എട്ടു മടങ്ങാ​യി​രു​ന്നു. കാരണം മിഡ്‌​വൈ​ഫു​കൾ അമ്മമാർക്ക്‌ ആവശ്യ​മി​ല്ലാ​തെ രക്തം കുത്തി​വെ​ച്ചി​രു​ന്നു.”

2001-ൽ റഷ്യൻ ഫെഡ​റേ​ഷന്റെ ആരോഗ്യ വകുപ്പ്‌ രാജ്യ​മെ​മ്പാ​ടു​മുള്ള ‘ആരോ​ഗ്യ​കാ​ര്യാ​ലയ’ങ്ങൾക്ക്‌ നിർദേ​ശ​ങ്ങ​ളു​ടെ ഒരു പട്ടിക അയച്ചു​കൊ​ടു​ക്കു​ക​യു​ണ്ടാ​യി. മതകാ​ര​ണ​ങ്ങ​ളാൽ ഒരു രോഗി രക്തം സ്വീക​രി​ക്കാൻ വിസമ്മ​തി​ച്ചാൽ ഡോക്ടർമാർ അതു മാനി​ക്കണം എന്ന്‌ അതിൽ പ്രസ്‌താ​വി​ച്ചി​രു​ന്നു. 2002-ൽ റഷ്യൻ ‘ആരോഗ്യ മന്ത്രാ​ലയം’ രക്തഘട​ക​ങ്ങ​ളു​ടെ ഉപയോ​ഗം സംബന്ധിച്ച നിർദേ​ശങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. രോഗി രേഖാ​മൂ​ലം സമ്മതം നൽകി​യാൽ മാത്രമേ രക്തനി​വേ​ശനം നടത്താവൂ എന്ന്‌ അതിൽ വ്യക്തമാ​യി നിർദേ​ശി​ച്ചി​രു​ന്നു. മതകാ​ര​ണ​ങ്ങ​ളാൽ രക്തഘട​ക​ങ്ങ​ളു​ടെ നിവേ​ശ​ന​ത്തി​നു രോഗി വിസമ്മ​തി​ച്ചാൽ ‘പകരചി​കിത്സ’ നൽകണ​മെ​ന്നും അതിൽ സൂചി​പ്പി​ച്ചി​രു​ന്നു.

ഹോസ്‌പി​റ്റൽ ഇൻഫർമേഷൻ ഡസ്‌ക്കി​ലെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പ്രവർത്തി​ച്ച​തി​നെ തുടർന്ന്‌ അനേകം ഡോക്ടർമാർ രക്തത്തിന്റെ ഉപയോ​ഗം സംബന്ധിച്ച തങ്ങളുടെ ചിന്താ​ഗ​തി​യിൽ മാറ്റം​വ​രു​ത്തി​യി​രി​ക്കു​ന്നു. ഒരു സർജൻ പറഞ്ഞത്‌, “രക്തനി​വേ​ശ​ന​ത്തി​നുള്ള നിങ്ങളു​ടെ വിസമ്മതം വെറും തോന്ന​ലി​ന്റെ പേരി​ലു​ള്ളതല്ല, മറിച്ച്‌ ബൈബിൾ കൽപ്പന​യിൽ അധിഷ്‌ഠി​ത​മാ​ണെന്ന്‌ സാക്ഷി​ക​ളായ രോഗി​ക​ളും നിങ്ങളും എന്നോടു പറഞ്ഞു. അതു ശരിയാ​ണോ എന്ന്‌ പരി​ശോ​ധി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. നിങ്ങൾ തന്ന രേഖക​ളിൽ പരാമർശി​ച്ചി​രുന്ന എല്ലാ തിരു​വെ​ഴു​ത്തു​ക​ളും ഞാൻ വായി​ച്ചു​നോ​ക്കി. അവയെ​ക്കു​റിച്ച്‌ ആലോ​ചി​ച്ച​പ്പോൾ, നിങ്ങളു​ടെ നിലപാട്‌ തികച്ചും തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. പക്ഷേ, ഞങ്ങളുടെ പുരോ​ഹി​ത​ന്മാർ ഇക്കാര്യ​ത്തിൽ നിശ്ശബ്ദ​ത​പാ​ലി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഇപ്പോൾ, രക്തത്തോ​ടു ബന്ധപ്പെട്ട എന്തെങ്കി​ലും ഉണ്ടാകു​മ്പോൾ ഞാൻ മറ്റു ഡോക്ടർമാ​രോ​ടു പറയാ​റുണ്ട്‌, ബൈബിൾ അനുസ​രി​ക്കു​ന്നവർ വാസ്‌ത​വ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന്‌.” ഇന്നി​പ്പോൾ റഷ്യയിൽ 2,000-ത്തിലധി​കം ഡോക്ടർമാർ സാക്ഷി​ക​ളായ രോഗി​കൾക്ക്‌ രക്തരഹിത ചികിത്സ നൽകാൻ സന്നദ്ധരാ​യി ഉണ്ട്‌.

നിയമ​ന​ങ്ങ​ളിൽ സന്തോ​ഷ​ചി​ത്ത​രാ​യി സേവി​ക്കു​ന്നു

ജർമനി​യിൽ നടന്ന ഗിലെ​യാദ്‌ എക്‌സ്റ്റൻഷൻ സ്‌കൂ​ളിൽനി​ന്നുള്ള ബിരു​ദ​ധാ​രി​ക​ളാണ്‌ ആർനോ റ്റ്വിങ്കി​ളും ഭാര്യ സോണി​യ​യും. 1993 ഒക്ടോബർ മുതൽ റഷ്യയി​ലെ പല നഗരങ്ങ​ളി​ലാ​യി സേവന​മ​നു​ഷ്‌ഠി​ക്കു​ന്നു. അവരുടെ പ്രവർത്തന പ്രദേ​ശ​ങ്ങ​ളിൽ യഹോ​വ​യു​ടെ വേലയ്‌ക്ക്‌ ഉണ്ടായി​ക്കൊ​ണ്ടി​രി​ക്കുന്ന പുരോ​ഗ​തി​യെ​ക്കു​റിച്ച്‌ എന്തു പറയാ​നാ​കും? അവർ തങ്ങളുടെ അനുഭവം പങ്കിടു​ന്നതു ശ്രദ്ധിക്കൂ.

ആർനോ: “മോസ്‌കോ​യി​ലാ​യി​രു​ന്നു ആദ്യ നിയമനം. അവി​ടെ​യെത്തി ഏതാനും ആഴ്‌ച​കൾക്കു​ള്ളിൽത്തന്നെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ ഞങ്ങൾ പ്രസം​ഗങ്ങൾ നടത്തി. റഷ്യയി​ലെത്തി ആറാമത്തെ ആഴ്‌ച ആദ്യമാ​യി സമ്മേളന പ്രസം​ഗ​വും. സ്‌നാ​ന​മേറ്റ 140 പ്രസാ​ധ​ക​രുള്ള ഒരു സഭയോ​ടൊ​ത്താ​യി​രു​ന്നു ഞങ്ങളുടെ നിയമനം. സഭാ​പ്ര​ദേ​ശ​മാ​ണെ​ങ്കിൽ ജർമനി​യി​ലെ ഒരു സർക്കി​ട്ടി​ന്റെ അത്രയും വലുതും! ഞങ്ങളുടെ പയനിയർ ഹോമി​ന്റെ അടുത്തു​ത​ന്നെ​യാ​യി​രു​ന്നു ആദ്യം ഞങ്ങൾ പ്രവർത്തി​ച്ചത്‌. ആ പ്രദേ​ശത്ത്‌ വീടു​തോ​റും പ്രസം​ഗി​ക്കുന്ന പ്രഥമ സാക്ഷികൾ എന്ന ചിന്തതന്നെ ഞങ്ങളെ അത്യധി​കം ഉത്സാഹ​ഭ​രി​ത​രാ​ക്കി.”

സോണിയ: “റഷ്യൻ ഒട്ടും​തന്നെ സംസാ​രി​ക്കാൻ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ആളുക​ളോ​ടു സംസാ​രിച്ച്‌ അവർക്കു ലഘു​ലേ​ഖ​യും സാഹി​ത്യ​ങ്ങ​ളും കൊടു​ത്തു​കൊണ്ട്‌ ഇടയ്‌ക്കൊ​ക്കെ ഞങ്ങൾ തനിയെ തെരു​വു​സാ​ക്ഷീ​ക​രണം നടത്തു​മാ​യി​രു​ന്നു. പ്രാ​ദേ​ശിക സഹോ​ദ​രങ്ങൾ ഞങ്ങളെ വളരെ​യേറെ പിന്തു​ണച്ചു. വയൽശു​ശ്രൂ​ഷ​യ്‌ക്ക്‌ ഒരുമി​ച്ചു പോകാൻ എപ്പോൾ വിളി​ച്ചാ​ലും വരാൻ അവർ സന്നദ്ധരാ​യി​രു​ന്നു. നല്ല ദയയും ക്ഷമയും ഉള്ളവർ, തെറ്റു വരുത്തി​യി​രു​ന്നെ​ങ്കിൽപ്പോ​ലും അറിയാ​വുന്ന റഷ്യൻ സംസാ​രി​ക്കാൻ അവർ ഞങ്ങളെ അനുവ​ദി​ച്ചി​രു​ന്നു. വീട്ടു​കാ​രും ക്ഷമയു​ള്ള​വ​രാ​യി​രു​ന്നു. സോവി​യറ്റ്‌ യൂണി​യന്റെ പതന​ത്തോ​ടെ ആളുകൾ മതകാ​ര്യ​ങ്ങ​ളിൽ അതീവ താത്‌പ​ര്യം കാണി​ക്കാൻ തുടങ്ങി.”

ആർനോ: “വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തും ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്ന​തും ഭാഷ പഠിക്കു​ന്ന​തിൽ വലിയ സഹായ​മാ​യി​രു​ന്നു. റഷ്യയി​ലെത്തി ഏകദേശം നാലു മാസം ആയപ്പോ​ഴേ​ക്കും, അതായത്‌ 1994 ജനുവ​രി​യോ​ടെ ഞങ്ങൾ 22 ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്നു​ണ്ടാ​യി​രു​ന്നു. ആളുകൾ സാധാരണ സംസാ​രി​ക്കുന്ന ഭാഷ കേൾക്കാ​നും സംസാ​രി​ക്കാ​നു​മുള്ള ധാരാളം അവസരങ്ങൾ അതിലൂ​ടെ ഞങ്ങൾക്കു ലഭിച്ചു.

“അന്നൊക്കെ സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും ധാരാളം ആളുകൾ സ്‌നാ​ന​മേൽക്കാൻ ഉണ്ടായി​രു​ന്നു; മൊത്തം ഹാജരി​ന്റെ 10 ശതമാ​ന​മോ അതിൽ കൂടു​ത​ലോ​പോ​ലും. മൂപ്പന്മാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ​യും ഉത്തരവാ​ദി​ത്വം വഹിക്കാൻ യോഗ്യ​രായ ആളുകൾ ആവശ്യ​ത്തിന്‌ ഇല്ലായി​രു​ന്നു. ഒരു മൂപ്പനാ​ണെ​ങ്കിൽ അഞ്ചു സഭകളു​ടെ അധ്യക്ഷ​മേൽവി​ചാ​രകൻ ആയിരു​ന്നു! ആ സഭകളി​ലൊ​ന്നിൽ സ്‌മാ​ര​ക​പ്ര​സം​ഗം നടത്താൻ അദ്ദേഹം എന്നോട്‌ ആവശ്യ​പ്പെട്ടു. സ്‌മാ​ര​ക​ഹാ​ജർ 804. പരിപാ​ടി​ക്കു​ശേഷം എല്ലാവ​രും ഉടനെ സ്ഥലംവി​ട​ണ​മാ​യി​രു​ന്നു, കാരണം തൊട്ടു​പു​റകെ മറ്റൊരു സഭയ്‌ക്ക്‌ ആ ഹാൾ വേണമാ​യി​രു​ന്നു. എന്നാൽ അടുത്ത​താ​യി പ്രസംഗം നടത്താൻ എത്തേണ്ടി​യി​രുന്ന സഹോ​ദരൻ വരുന്ന​വ​ഴിക്ക്‌ ഒരു കാറപ​ക​ട​ത്തിൽപ്പെട്ടു, സമയത്ത്‌ എത്താനാ​യില്ല. അതു​കൊണ്ട്‌ ഞാൻതന്നെ രണ്ടാമ​തും പ്രസംഗം നടത്തേണ്ടി വന്നു. അപ്പോ​ഴത്തെ ഹാജർ 796! അങ്ങനെ രണ്ടു സഭയി​ലെ​യും​കൂ​ടി സ്‌മാ​ര​ക​ഹാ​ജർ 1,600! അക്കാലത്ത്‌ സത്യ​ത്തോ​ടുള്ള ആളുക​ളു​ടെ താത്‌പ​ര്യം എത്രമാ​ത്രം ആയിരു​ന്നു​വെ​ന്നാണ്‌ അതു കാണി​ക്കു​ന്നത്‌.”

യഹോവ കൊയ്‌ത്തു​വേല ‘ത്വരി​ത​പ്പെ​ടു​ത്തു’ന്നു

‘അഭികാ​മ്യ വസ്‌തു​ക്ക​ളു​ടെ’ കൂട്ടി​ച്ചേർപ്പു ‘ത്വരി​ത​പ്പെ​ടു​ത്തു’മെന്ന്‌ യഹോവ തന്റെ വചനത്തിൽ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. (യെശയ്യാ​വു 60:22; ഹഗ്ഗായി 2:7; NW) 1980-ൽ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ പ്രസാ​ധ​ക​രു​ടെ എണ്ണം 65 ആയിരു​ന്നു. കെജിബി-യുടെ സൂക്ഷ്‌മ​നി​രീ​ക്ഷ​ണ​ത്തിൻകീ​ഴിൽ ആയിരു​ന്നെ​ങ്കി​ലും നഗരവാ​സി​ക​ളു​മാ​യി ബൈബിൾ വിഷയങ്ങൾ സംസാ​രി​ക്കാൻ അവർ ശ്രമി​ച്ചി​രു​ന്നു. 1990 ആയപ്പോ​ഴേ​ക്കും 170 സാക്ഷികൾ നഗരത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽ അനൗപ​ചാ​രിക തെരുവു സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ട്ടി​രു​ന്നു. 1991 മാർച്ചിൽ, റഷ്യയിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം രജിസ്റ്റർ ചെയ്യ​പ്പെട്ടു. താമസി​യാ​തെ നഗരത്തിൽ അഞ്ച്‌ സഭകൾ സജീവ​മാ​യി പ്രവർത്തി​ച്ചു​തു​ടങ്ങി. 1992-ൽ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നും മറ്റു ദിവ്യാ​ധി​പത്യ സംഭവ​ങ്ങ​ളും പുരോ​ഗ​തിക്ക്‌ ആക്കംകൂ​ട്ടി. 2006-ൽ സജീവ​മാ​യി പ്രവർത്തി​ക്കുന്ന 70-ലേറെ സഭകൾ ഉണ്ടായി​രു​ന്നു സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ.

1995-ൽ കസാഖ്‌സ്ഥാൻ അതിർത്തി​യോ​ടു ചേർന്നുള്ള അസ്‌ട്ര​ക്ക​നിൽ ഒരു സഭയേ ഉണ്ടായി​രു​ന്നു​ള്ളൂ. മൂപ്പന്മാ​രോ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രോ അവിടെ ഉണ്ടായി​രു​ന്നില്ല. എന്നിരു​ന്നാ​ലും സഹോ​ദ​രങ്ങൾ പ്രത്യേക സമ്മേളന ദിനവും സർക്കിട്ട്‌ സമ്മേള​ന​വും നടത്തു​ക​യു​ണ്ടാ​യി. സമ്മേളന പ്രസം​ഗങ്ങൾ നടത്തു​ന്ന​തിന്‌ കാബർഡി​നോ-ബോൾക്കാ​രി​യ​യിൽനിന്ന്‌ മൂപ്പന്മാർ 700 കിലോ​മീ​റ്റ​റി​ലേറെ യാത്ര ചെയ്‌താണ്‌ അവി​ടെ​യെ​ത്തി​യത്‌. സമ്മേള​ന​ത്തിൽ സ്‌നാ​നാർഥി​ക​ളാ​യി എത്രപേർ കാണു​മെന്ന്‌ ഈ സഹോ​ദ​ര​ന്മാർക്ക്‌ ഒരു ഊഹവു​മി​ല്ലാ​യി​രു​ന്നു. റോമൻ സ്‌കീബ പറയുന്നു: “ഒരു സമ്മേള​ന​ത്തി​നു രണ്ടാഴ്‌ച​മുമ്പ്‌ ഞാനും മറ്റൊരു മൂപ്പനും​കൂ​ടെ അവി​ടെ​യെത്തി. അവിടത്തെ സഭയോ​ടൊ​ത്തു വയൽസേ​വ​ന​ത്തിൽ ഏർപ്പെ​ടുക, സ്‌നാ​നാർഥി​ക​ളോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കുക, ഇതായി​രു​ന്നു ഉദ്ദേശ്യം. പക്ഷേ വയൽസേ​വ​ന​ത്തിൽ ഏർപ്പെ​ടാൻ ഞങ്ങൾക്കു സമയം കിട്ടി​യ​തേ​യില്ല. 20 സ്‌നാ​നാർഥി​ക​ളോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കാ​നുള്ള സമയമേ ഞങ്ങൾക്കു ലഭിച്ചു​ള്ളൂ!”

1999-ൽ യികാ​റ്റി​റീം​ബുർക്കി​ലെ ചന്തയിലെ പല കച്ചവട​ക്കാ​രെ​യും സഹോ​ദ​രങ്ങൾ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു ക്ഷണിച്ചു. തങ്ങളുടെ സുഹൃ​ത്തു​ക്ക​ളെ​ക്കൂ​ടി ക്ഷണിക്കു​ന്ന​തി​നു വിരോ​ധ​മു​ണ്ടോ എന്ന്‌ അവർ ചോദി​ച്ചു. അവരിൽപ്പെട്ട നൂറോ​ളം പേരാണു സ്‌മാ​ര​ക​ത്തിന്‌ എത്തിയത്‌! വാടക​യ്‌ക്ക്‌ എടുത്ത ഹാൾ വലുതാ​യി​രു​ന്നെ​ങ്കി​ലും പലർക്കും ഇരിപ്പി​ടം കിട്ടി​യില്ല.

ഒരു അധ്യയനം 50 പേർക്ക്‌

മോസ്‌കോ​യിൽനി​ന്നു വലിയ ദൂരമില്ല ഇവാനവ ഒബ്ലാസ്റ്റി​ലേക്ക്‌. 1991-ന്റെ അവസാ​ന​ത്തോ​ടെ പവിൽ ഡീമോ​വും ഭാര്യ അനസ്റ്റസീ​യ​യും എത്തിയ​തോ​ടെ​യാണ്‌ അവിടെ പ്രസം​ഗ​പ്ര​വർത്തനം ആരംഭി​ച്ചത്‌. പത്തു ലക്ഷത്തി​ല​ധി​കം ആളുകൾ താമസി​ക്കുന്ന പ്രദേ​ശത്ത്‌ പ്രസം​ഗ​വേല ചെയ്യുക എന്ന ദുഷ്‌ക​ര​മായ വേലയാണ്‌ അവർക്കു​ണ്ടാ​യി​രു​ന്നത്‌. എങ്ങനെ, എവിടെ തുടങ്ങു​മാ​യി​രു​ന്നു? ലളിത​മെ​ങ്കി​ലും ഫലപ്ര​ദ​മായ ഒരു പദ്ധതി അവർ ആലോ​ചി​ച്ചു. ഒരു പുസ്‌തക സ്റ്റാൾ! നഗരത്തി​ലെ മുഖ്യ​ച​ത്വ​ര​ത്തിൽ അവർ ഒരു പുസ്‌ത​ക​പ്ര​ദർശനം നടത്തി—ലഘുപ​ത്രി​കകൾ, മാസി​കകൾ, പുസ്‌ത​കങ്ങൾ എല്ലാം ഉണ്ടായി​രു​ന്നു. വഴി​പോ​ക്കർ അത്‌ എന്താ​ണെന്ന്‌ അറിയാൻ നിൽക്കും, പലരും ആത്മാർഥ​മായ താത്‌പ​ര്യം കാണിച്ചു. താത്‌പ​ര്യം കാണി​ച്ച​വ​രെ​യെ​ല്ലാം ഒരു ബൈബി​ള​ധ്യ​യന യോഗ​ത്തി​നു ക്ഷണിച്ചു. ഭവന ബൈബി​ള​ധ്യ​യനം എന്നൊ​ന്നും അതിനെ വിളി​ക്കാൻ കഴിയില്ല, കാരണം വാടക​യ്‌ക്ക്‌ എടുത്ത ഹാളി​ലാണ്‌ അതു നടത്തി​യി​രു​ന്നത്‌. ഹാജരാ​കട്ടെ, മിക്ക​പ്പോ​ഴും അമ്പതോ​ള​വും. യോഗ​ങ്ങൾക്കു സമാന​മായ വിധത്തിൽ രണ്ടു ഭാഗങ്ങ​ളാ​യി​ട്ടാണ്‌ ഇത്തരം അധ്യയ​നങ്ങൾ നടത്തി​യി​രു​ന്നത്‌. ആദ്യം, നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌ത​ക​ത്തിൽനി​ന്നുള്ള പഠനം; അതിനു​ശേഷം ഒരു വീക്ഷാ​ഗോ​പുര ലേഖന​ത്തി​ന്റെ​യും. ആഴ്‌ച​യിൽ മൂന്നു തവണ ഇത്തരം അധ്യയ​നങ്ങൾ നടത്തി​യി​രു​ന്നു, മൂന്നു മണിക്കൂർ വീതം. നഗരത്തി​ന്റെ പല ഭാഗങ്ങ​ളി​ലാ​യി മൂന്ന്‌ അധ്യയ​ന​യോ​ഗ​ങ്ങ​ളാണ്‌ ഉണ്ടായി​രു​ന്നത്‌. മൂന്നു ബൈബി​ള​ധ്യ​യ​നങ്ങൾ മാത്രമേ പവിൽ റിപ്പോർട്ടു​ചെ​യ്‌തി​രു​ന്നു​ള്ളൂ. മിക്ക പ്രസാ​ധ​ക​രും 10 മുതൽ 20 വരെ അധ്യയ​നങ്ങൾ നടത്തു​മ്പോൾ അദ്ദേഹം ഇത്ര കുറച്ചു മാത്രം അധ്യയ​നങ്ങൾ നടത്തു​ന്ന​തി​ന്റെ കാരണം ആരാഞ്ഞ​പ്പോ​ഴല്ലേ സത്യം മനസ്സി​ലാ​യത്‌, ഏതാണ്ട്‌ 50 താത്‌പ​ര്യ​ക്കാർ വീതം ഹാജരാ​കുന്ന അധ്യയ​ന​മാണ്‌ ഓരോ​ന്നും! ആ ക്രമീ​ക​ര​ണത്തെ യഹോവ അനു​ഗ്ര​ഹി​ച്ചു എന്നു വ്യക്തമാ​യി​രു​ന്നു; കാരണം പെട്ടെ​ന്നു​തന്നെ അവരിൽ പലരും പ്രസം​ഗ​വേ​ല​യിൽ പങ്കെടു​ക്കാ​നുള്ള ആഗ്രഹം പ്രകടി​പ്പി​ച്ചു. ഒരു അധ്യയ​നത്തെ തുടർന്ന്‌, പ്രസാ​ധ​ക​രാ​കാൻ താത്‌പ​ര്യ​മു​ള്ളവർ മാത്രം നിന്നിട്ട്‌ ബാക്കി​യു​ള്ള​വർക്കു പോകാം എന്ന്‌ പവിൽ പറഞ്ഞു. ആരും പോയില്ല, എല്ലാവ​രും പ്രസാ​ധ​ക​രാ​യി. നഗരത്തി​ലെ പുസ്‌തക സ്റ്റാളു​ക​ളു​ടെ എണ്ണം കൂടി. നഗര ചത്വര​ങ്ങ​ളി​ലും പാർക്കു​ക​ളി​ലും പ്രത്യ​ക്ഷ​പ്പെട്ട സ്റ്റാളുകൾ പുസ്‌ത​ക​ങ്ങൾകൊ​ണ്ടു നിറഞ്ഞു.

വീടു​തോ​റു​മുള്ള ശുശ്രൂഷ ആരംഭി​ക്കാ​നുള്ള സമയമാ​യി. പക്ഷേ അത്‌ എങ്ങനെ തുടങ്ങും, കാരണം പ്രസാ​ധ​കർക്ക്‌ അതേക്കു​റി​ച്ചു യാതൊ​രു നിശ്ചയ​വു​മി​ല്ലാ​യി​രു​ന്നു. വീടു​തോ​റും പ്രസം​ഗി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പഠിക്കാൻ ആഗ്രഹി​ച്ചവർ പവിലി​നോ​ടൊ​പ്പം വയൽസേ​വ​ന​ത്തി​നു പോയി. മിക്ക​പ്പോ​ഴും അങ്ങനെ പഠിക്കാൻ ആഗ്രഹ​മുള്ള നിരവധി പ്രസാ​ധകർ ഉണ്ടായി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ പവിൽ ഒരു വീട്ടിൽ ചെല്ലു​ന്നത്‌ പത്തു പ്രസാ​ധ​ക​രോ​ടൊ​പ്പ​മാ​യി​രു​ന്നു! എന്നാൽ വീട്ടു​കാർക്ക്‌ അതൊ​ന്നും ഒരു പ്രശ്‌ന​മാ​യി​രു​ന്നില്ല, അത്രയും പേരോ​ടു സംസാ​രി​ക്കാൻ അവർക്കു സന്തോ​ഷമേ ഉണ്ടായി​രു​ന്നു​ള്ളൂ. ചിലർ എല്ലാവ​രെ​യും​കൂ​ടെ അകത്തേക്കു ക്ഷണിക്കു​ക​പോ​ലും ചെയ്‌തു.

താമസി​യാ​തെ, ഇവാന​വ​ന​ഗരം വിട്ട്‌ മറ്റു സ്ഥലങ്ങളിൽ പോയി പ്രസം​ഗി​ക്കാ​നും പുതിയ പ്രസാ​ധകർ താത്‌പ​ര്യം കാണിച്ചു. അതു​കൊണ്ട്‌ ഇവാനവ ഒബ്ലാസ്റ്റി​ലെ മറ്റു നഗരങ്ങ​ളി​ലേ​ക്കും പോകാൻ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. 50 പേരുള്ള കൂട്ടങ്ങ​ളാ​യി ട്രെയി​നിൽ കയറും. അവി​ടെ​വെ​ച്ചു​തന്നെ സാക്ഷീ​ക​രണം തുടങ്ങും. എന്നിട്ട്‌ സ്ഥലത്ത്‌ എത്തിക്ക​ഴി​യു​മ്പോൾ ഈരണ്ടു പേരായി പിരി​യും. വീടു​തോ​റും പോകു​മ്പോൾ അവർ ആളുകളെ അന്നു വൈകു​ന്നേരം നടക്കുന്ന ഒരു യോഗ​ത്തി​നു ക്ഷണിച്ചി​രു​ന്നു. യോഗ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ നിർമിച്ച വീഡി​യോ​യു​ടെ പ്രദർശ​ന​വും ഒരു പ്രസം​ഗ​വും ഉണ്ടായി​രു​ന്നു. യോഗ​ത്തി​ന്റെ അവസാനം ഹാജരാ​യ​വ​രോട്‌ ഭവന ബൈബി​ള​ധ്യ​യന ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു പറഞ്ഞി​രു​ന്നു. പഠിക്കാൻ താത്‌പ​ര്യ​മു​ള്ളവർ തങ്ങളുടെ മേൽവി​ലാ​സം സഹോ​ദ​ര​ങ്ങളെ ഏൽപ്പി​ക്കും. ഇത്തരം പ്രവർത്ത​ന​ങ്ങ​ളു​ടെ ഫലമായി ഇവാനവ ഒബ്ലാസ്റ്റി​ലെ പല നഗരങ്ങ​ളി​ലും അഞ്ചു സഭകൾവരെ സ്ഥാപി​ത​മാ​യി.

1994-ൽ ഇവാന​വ​യിൽ മാത്രം 125 പ്രസാ​ധ​ക​രു​ണ്ടാ​യി​രു​ന്നു, സ്‌മാരക ഹാജരാ​കട്ടെ 1,008-ഉം. അതേ വർഷം​തന്നെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷന്‌ ഇവാന​വ​യിൽനി​ന്നുള്ള 62 പേർ സ്‌നാ​ന​മേറ്റു. ഒറ്റ ദിവസം​കൊണ്ട്‌ ഒരു പുതിയ സഭ! ഇപ്പോൾ ഇവാനവ ഒബ്ലാസ്റ്റിൽ കർത്താ​വി​ന്റെ വേലയിൽ സജീവ​മാ​യി പങ്കെടു​ക്കുന്ന 1,800 രാജ്യ​ഘോ​ഷ​ക​രുണ്ട്‌.

എതിർപ്പിൻ മധ്യേ​യും കൂടി​വ​രു​ന്നു

പല നഗരങ്ങ​ളി​ലും കൺ​വെൻ​ഷൻ നടത്താ​നാ​യി സ്റ്റേഡി​യങ്ങൾ കിട്ടുക എളുപ്പ​മാ​യി​രു​ന്നില്ല. അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌ നൊവ​സൈ​ബിർസ്‌ക്കി​ലു​ണ്ടായ ഒരു സംഭവം. അവിടെ കൺ​വെൻ​ഷൻ നടക്കുന്ന സ്റ്റേഡി​യ​ത്തി​ന്റെ പ്രവേശന കവാട​ത്തി​ങ്കൽത്തന്നെ പുരോ​ഹി​ത​ന്മാർ ഇളക്കി​വിട്ട ഒരുകൂ​ട്ടം ആളുകൾ സംഘടിച്ച്‌ ആരെയും അകത്തേക്കു പോകാൻ സമ്മതി​ച്ചില്ല. “യഹോ​വ​യു​ടെ സാക്ഷി​കളെ സൂക്ഷി​ക്കുക” എന്നതാ​യി​രു​ന്നു ആ എതിരാ​ളി​കൾ എഴുതി​വെ​ച്ചി​രുന്ന ഒരു ബോർഡ്‌. എന്നാൽ റഷ്യനിൽ എഴുതിയ ആ ബോർഡി​ലെ അവസാ​നത്തെ രണ്ട്‌ അക്ഷരങ്ങൾ ശരിക്കു തെളി​ഞ്ഞി​രു​ന്നില്ല. അതു​കൊണ്ട്‌ അതിന്റെ അർഥം“യഹോ​വ​യു​ടെ സാക്ഷി​കളെ പരിപാ​ലി​ക്കുക” എന്നായി.

1998-ൽ ഓംസ്‌ക്കിൽ ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തി​നുള്ള ഒരുക്കങ്ങൾ നടക്കവേ പ്രശ്‌നം തലപൊ​ക്കി. ഹാൾ സാക്ഷി​കൾക്കു വാടക​യ്‌ക്കു നൽകാൻ ചെയ്‌ത കരാർ റദ്ദു ചെയ്യാൻ അവസാന നിമിഷം പ്രാ​ദേ​ശിക അധികാ​രി​കൾ ഡയറക്ട​റോട്‌ ആവശ്യ​പ്പെട്ടു. എതിരാ​ളി​ക​ളു​ടെ സമ്മർദ​മാ​യി​രു​ന്നു അതിനു പിന്നിൽ. സമ്മേള​ന​ത്തി​നു വന്ന നൂറു​ക​ണ​ക്കിന്‌ ആളുകൾ ഹാളി​നോ​ടു ചേർന്ന്‌ ഒന്നിച്ചു കൂടി. തന്റെയും ഹാളി​ന്റെ​യും സുരക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ചു ഡയറക്ടർക്കു ഭയമായി. കൂടി​വ​ന്നി​രി​ക്കു​ന്ന​വ​രോട്‌ അക്രമം ഒന്നും കാട്ടരു​തെന്നു പറയാൻ അദ്ദേഹം സഹോ​ദ​ര​ന്മാ​രോ​ടു കേണ​പേ​ക്ഷി​ച്ചു. വന്നിരി​ക്കു​ന്ന​വ​രാ​രും അത്തരക്കാ​ര​ല്ലെന്നു പറഞ്ഞ്‌ സഹോ​ദ​ര​ന്മാർ അദ്ദേഹത്തെ ആശ്വസി​പ്പി​ച്ചു. ആ സംഭവ​ത്തി​ന്റെ ഓർമ​യ്‌ക്കാ​യി ഫോ​ട്ടോ​കൾ എടുത്തിട്ട്‌ എല്ലാവ​രും പിരി​ഞ്ഞു​പോ​യി. യഹോ​വ​യു​ടെ സാക്ഷികൾ സമാധാ​ന​പ്രി​യ​രാ​ണെന്ന്‌ ഡയറക്ടർക്കു ബോധ്യ​മാ​യി. രണ്ടാഴ്‌ച കഴിഞ്ഞ്‌ മറ്റൊരു ഹാളിൽവെച്ച്‌ സമ്മേളനം നടന്നു. എതിരാ​ളി​കൾ സമ്മേള​ന​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞത്‌ ഏറെ വൈകി​യാണ്‌. അവർ എത്തിയ​പ്പോ​ഴേ​ക്കും പരിപാ​ടി ഏതാണ്ടു തീരാ​റാ​യി​രു​ന്നു.

“താര​ശോ​ഭ​യിൽ” ഒരു കൺ​വെൻ​ഷൻ

2003 ആഗസ്റ്റ്‌ 22-24 തീയതി​ക​ളിൽ കൗക്കാ​സ​സി​ലെ സ്റ്റാവ്‌റോ​പ്പൽ നഗരത്തിൽ ആംഗ്യ​ഭാ​ഷാ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ ഒന്നു നടക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. റഷ്യയി​ലെ 70 നഗരങ്ങ​ളിൽനി​ന്നുള്ള ആളുകൾ അവിടെ കൂടി​വ​ന്നി​രു​ന്നു. നഗരാ​ധി​കാ​രി​ക​ളു​ടെ കടുത്ത എതിർപ്പു​മൂ​ലം കൺ​വെൻ​ഷൻ ഏതു നിമി​ഷ​വും റദ്ദു ചെയ്യ​പ്പെ​ടാ​നുള്ള സാധ്യത ഉണ്ടായി​രു​ന്നു. കൺ​വെൻ​ഷന്റെ തലേന്ന്‌ ഹാളിന്റെ ഡയറക്ടർ ഹാൾ നൽകില്ല എന്നു പറഞ്ഞു. എന്നാൽ ആഗസ്റ്റ്‌ 22 വെള്ളി​യാഴ്‌ച സഹോ​ദ​ര​ന്മാർ ഒരു സർക്കസ്‌ കമ്പനി​യു​ടെ അധികാ​രി​കളെ സമീപിച്ച്‌ അവരുടെ കെട്ടിടം കൺ​വെൻ​ഷ​നു​വേണ്ടി വാടക​യ്‌ക്ക്‌ എടുത്തു.

ഉച്ചകഴിഞ്ഞ്‌ 3 മണി​യോ​ടെ പരിപാ​ടി​കൾ ആരംഭി​ച്ചു. എന്നാൽ ഇടവേ​ള​യ്‌ക്കു​ശേഷം താമസി​യാ​തെ അപ്രതീ​ക്ഷി​ത​മാ​യി ആ കെട്ടി​ട​ത്തി​ലെ കറന്റു പോയി. കൂടി​വ​ന്ന​വ​രാ​രും ഇരിപ്പി​ട​ങ്ങ​ളിൽനിന്ന്‌ അനങ്ങി​യ​തേ​യില്ല. ഒരു മണിക്കൂ​റി​നു​ശേഷം കറന്റു വന്നപ്പോൾ പരിപാ​ടി തുടർന്നു. പരിപാ​ടി തീർന്ന​പ്പോൾ രാത്രി ഒമ്പതര.

രണ്ടാം ദിവസം രാവിലെ ഒമ്പതര​യ്‌ക്കു​തന്നെ കറന്റു പോയി. തുടർന്ന്‌ വെള്ളവും ഇല്ലായി​രു​ന്നു. വെള്ളവും വെളി​ച്ച​വും ഇല്ലാതെ എങ്ങനെ പരിപാ​ടി നടത്തും? 10:50 ആയപ്പോ​ഴേ​ക്കും കെട്ടി​ട​ത്തി​ന്റെ വാതി​ലു​ക​ളെ​ല്ലാം തുറന്നി​ടാൻ കൺ​വെൻ​ഷൻ കമ്മിറ്റി തീരു​മാ​നി​ച്ചു. നല്ല വെയി​ലുള്ള ഒരു ദിവസ​മാ​യി​രു​ന്നു അത്‌. അതു​കൊണ്ട്‌ സഹോ​ദ​ര​ന്മാർ പുതി​യൊ​രു മാർഗം പരീക്ഷി​ച്ചു, പുറത്ത്‌ വഴിയിൽ വലിയ കണ്ണാടി​കൾ സ്ഥാപിച്ച്‌ ഹാളി​ലേ​ക്കും പ്രസം​ഗ​കന്റെ ദേഹ​ത്തേ​ക്കും പ്രകാശം പ്രതി​ഫ​ലി​പ്പി​ക്കുക. സദസ്സിനു പ്രസം​ഗ​കനെ കാണാൻ കഴി​ഞ്ഞെ​ങ്കി​ലും ആ ഉജ്ജ്വല പ്രകാ​ശ​ത്തിൽ പ്രസം​ഗ​കനു തന്റെ നോട്ട്‌ വായി​ക്കാൻ കഴിയു​ന്നി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ സഹോ​ദ​ര​ന്മാർ മറ്റു കണ്ണാടി​കൾ ഉപയോ​ഗിച്ച്‌ ഹാളിന്റെ അർധ​ഗോ​ളാ​കൃ​തി​യി​ലുള്ള മേൽക്കൂ​ര​യിൽനിന്ന്‌ തൂങ്ങി​ക്കി​ട​ന്നി​രുന്ന ഒരു ഗോള​ത്തി​ലേക്കു സൂര്യ​പ്ര​കാ​ശം പതിപ്പി​ച്ചു. ആ ഗോള​ത്തിൽ നിരവധി ചെറിയ കണ്ണാടി​കൾ ഉണ്ടായി​രു​ന്നു. അതോടെ ഹാളി​നു​ള്ളിൽ മിന്നി​മി​ന്നി പ്രകാ​ശി​ക്കുന്ന ധാരാളം ലൈറ്റു​കൾ. പ്രസം​ഗ​ക​നും സദസ്സി​നും പരിപാ​ടി​യിൽ ശ്രദ്ധയൂ​ന്നാൻപറ്റി. ആ ഇരുണ്ട ഹാളിൽ പലസ്ഥല​ത്താ​യി മിന്നുന്ന ലൈറ്റു​കൾ ഉണ്ടായി​രു​ന്ന​തി​നാൽ “താര​ശോ​ഭ​യിൽ” നടന്ന അനുപമ കൺ​വെൻ​ഷൻ എന്നാണ്‌ ഹാജരാ​യവർ അതിനെ വിശേ​ഷി​പ്പി​ച്ചത്‌.

താമസി​യാ​തെ മേയറും കുറെ ഓഫീ​സർമാ​രും അവിടെ പാഞ്ഞെത്തി. സാക്ഷികൾ കൺ​വെൻ​ഷൻ പരിപാ​ടി​ക​ളു​മാ​യി മുന്നോ​ട്ടു പോകു​ന്ന​തു​കണ്ട്‌ അവർ അത്ഭുതം​കൂ​റി. കൂടി​വ​ന്നി​രി​ക്കു​ന്ന​വ​രു​ടെ പെരു​മാ​റ്റ​മാണ്‌ അവരെ ഏറെ അതിശ​യി​പ്പി​ച്ചത്‌. യാതൊ​രു എതിർപ്പോ പരാതി​യോ കൂടാതെ എല്ലാവ​രും ശാന്തരാ​യി​രുന്ന്‌ പരിപാ​ടി ശ്രദ്ധി​ക്കു​ന്നു. മുമ്പ്‌ സാക്ഷി​ക​ളോ​ടു വലിയ ദേഷ്യ​മു​ണ്ടാ​യി​രുന്ന മുഖ്യ പൊലീസ്‌ ഓഫീസർ എല്ലാം കണ്ടിട്ട്‌ ഇങ്ങനെ പറയാൻ പ്രേരി​ത​നാ​യി: “ഉള്ളി​ന്റെ​യു​ള്ളിൽ ഞാനും നിങ്ങളു​ടെ കൂടെ​യാണ്‌. പക്ഷേ എന്തു ചെയ്യാം, ഈ ലോക​ത്തി​നു നിങ്ങളെ ഇഷ്ടമില്ല.”

ഓഫീ​സർമാർ പോയി താമസി​യാ​തെ കറന്റ്‌ വന്നു. ആദ്യ രണ്ടു ദിവസ​ങ്ങ​ളി​ലും വൈകി​യാ​ണു പരിപാ​ടി അവസാ​നി​ച്ച​തെ​ങ്കി​ലും സമാപന പ്രാർഥ​ന​വരെ എല്ലാവ​രും തങ്ങളുടെ ഇരിപ്പി​ട​ങ്ങ​ളിൽ ഉണ്ടായി​രു​ന്നു. എതിർപ്പു​ക​ളിൻ മധ്യേ​പോ​ലും ഓരോ ദിവസ​വും ഹാജർ കൂടി​ക്കൂ​ടി വന്നു. വെള്ളി​യാഴ്‌ച 494 ആയിരു​ന്നത്‌ ശനിയാഴ്‌ച 535-ഉം ഞായറാഴ്‌ച 611-ഉം ആയി! സമാപന പ്രാർഥ​ന​യിൽ, ഇങ്ങനെ​യൊ​രു കൺ​വെൻ​ഷൻ നടത്താൻ സഹായി​ച്ച​തിന്‌ യഹോ​വ​യ്‌ക്കു നന്ദി പറഞ്ഞു. തങ്ങളുടെ സ്വർഗീയ പിതാ​വി​ന്റെ നാമത്തി​നു സ്‌തുതി കരേറ്റി​ക്കൊണ്ട്‌ അവനെ സേവി​ക്കാൻ ദൃഢചി​ത്ത​രാ​യി അത്യധി​കം സന്തോ​ഷ​ത്തോ​ടെ എല്ലാവ​രും പിരി​ഞ്ഞു​പോ​യി.

ബധിരർ യഹോ​വയെ സ്‌തു​തി​ക്കു​ന്നു

1990-ൽ പോള​ണ്ടിൽ നടന്ന പ്രത്യേക കൺ​വെൻ​ഷ​നു​വേണ്ടി സോവി​യറ്റു യൂണി​യ​നിൽനി​ന്നു വന്നവരിൽ അനേകം ബധിര​രും ഉണ്ടായി​രു​ന്നു. കൺ​വെൻ​ഷ​നിൽ ലഭിച്ച ആത്മീയ പ്രോ​ത്സാ​ഹനം നിമിത്തം ഈ ആദ്യ “വിതക്കാർ” കൂടുതൽ ഉത്സാഹ​ത്തോ​ടെ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടാൻ തുടങ്ങി. വയലിന്റെ ഈ ഭാഗവും കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്ന​താ​യും വലിയ കൊയ്‌ത്തു നടക്കു​മെ​ന്നു​ള്ള​തും 1992-ൽത്തന്നെ വ്യക്തമാ​യി​രു​ന്നു. (മത്താ. 9:37) 1997-ൽ ആദ്യത്തെ ആംഗ്യ​ഭാ​ഷാ സഭ സ്ഥാപി​ത​മാ​യി. കൂടാതെ രാജ്യ​മെ​മ്പാ​ടു​മാ​യി നിരവധി ആംഗ്യ​ഭാ​ഷാ കൂട്ടങ്ങ​ളും ഉണ്ടായി​രു​ന്നു. 2002-ൽ ആംഗ്യ​ഭാ​ഷാ സർക്കിട്ട്‌ രൂപീ​ക​രി​ച്ചു. വിസ്‌തൃ​തി​വെച്ചു നോക്കു​മ്പോൾ ലോക​ത്തി​ലെ ഏറ്റവും വലിയ സർക്കിട്ട്‌. 2006-ൽ രാജ്യത്തെ ബധിര​രു​ടെ ഇടയിലെ പ്രസാധക നിരക്ക്‌ 300-ന്‌ 1 ആയിരു​ന്നു. അല്ലാത്ത​വ​രു​ടേ​താ​കട്ടെ 1,000-ത്തിന്‌ 1-ഉം.

ഗുണനി​ല​വാ​ര​മുള്ള ആംഗ്യ​ഭാ​ഷാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ആവശ്യം വർധിച്ചു. 1997-ൽ റഷ്യാ ബ്രാഞ്ചിൽ ആംഗ്യ​ഭാ​ഷ​യി​ലേ​ക്കുള്ള പരിഭാഷ തുടങ്ങി. ആംഗ്യ​ഭാ​ഷാ പരിഭാ​ഷാ സംഘത്തി​ലെ യെഫ്‌ഡ​ക്കിയ എന്ന ബധിര സഹോ​ദരി പറയുന്നു: “എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ബെഥേ​ലിൽ സേവി​ക്കു​ന്ന​തും നമ്മുടെ സാഹി​ത്യ​ങ്ങൾ ആംഗ്യ​ഭാ​ഷ​യി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കു​ന്ന​തും വലി​യൊ​രു പദവി​ത​ന്നെ​യാണ്‌. പുറത്ത്‌, ബധിരരെ ആരും ആശ്രയ​യോ​ഗ്യ​രാ​യി കണക്കാ​ക്കു​ന്നില്ല, അവർ പൊതു​വെ ഒരു തരംതാഴ്‌ന്ന ഗണമാണ്‌. എന്നാൽ ദൈവ​ത്തി​ന്റെ സംഘട​ന​യിൽ കാര്യങ്ങൾ എത്ര വ്യത്യ​സ്‌ത​മാണ്‌! ആദ്യം​തന്നെ, യഹോവ ബധിര​രായ ഞങ്ങളെ ആശ്രയ​യോ​ഗ്യ​രാ​യി വീക്ഷി​ക്കു​ന്നുണ്ട്‌, അതു​കൊ​ണ്ടല്ലേ ഞങ്ങളുടെ ഭാഷയിൽ സത്യം കൈമാ​റാൻ അവൻ ഞങ്ങളെ ഉപയോ​ഗി​ക്കു​ന്നത്‌. രണ്ടാമത്‌, യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പം ആയിരി​ക്കു​ന്നത്‌ ഞങ്ങൾക്ക്‌ ആത്മവി​ശ്വാ​സം പകരുന്നു; ഈ വലിയ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്ന​തിൽ ഞങ്ങൾ എത്ര സന്തുഷ്ട​രാ​ണെ​ന്നോ!”

സുവാർത്ത, സകല ഭാഷയി​ലും

സോവി​യറ്റ്‌ യൂണി​യ​നിൽ വാണിജ്യ, വിദ്യാ​ഭ്യാ​സ മേഖല​ക​ളി​ലെ മുഖ്യ ഭാഷ റഷ്യൻ ആയിരു​ന്നെ​ങ്കി​ലും വേറെ 150-ഓളം ഭാഷ അവിടത്തെ ആളുകൾ സംസാ​രി​ച്ചി​രു​ന്നു. 1991-ൽ സോവി​യറ്റ്‌ യൂണിയൻ 15 രാജ്യ​ങ്ങ​ളാ​യി വിഭജി​ത​മാ​യ​ശേഷം അത്തരം ഭാഷക്കാ​രു​ടെ ഇടയിൽ സത്യ​ത്തോ​ടുള്ള താത്‌പ​ര്യം വർധിച്ചു, പ്രത്യേ​കിച്ച്‌ പുതു​താ​യി സ്വാത​ന്ത്ര്യം കിട്ടിയ രാജ്യ​ങ്ങ​ളിൽ. വെളി​പ്പാ​ടു 14:6-നു ചേർച്ച​യിൽ ഈ വിസ്‌തൃത പ്രദേ​ശ​ത്തുള്ള “സകലജാ​തി​യും ഗോ​ത്ര​വും ഭാഷയും വംശവും” ആയവരു​ടെ ഇടയിൽ എത്തി​പ്പെ​ടാൻ പ്രത്യേക ശ്രമം നടന്നു. അതോടെ പതിനാ​യി​ര​ക്ക​ണ​ക്കി​നു പുതു​ശി​ഷ്യർക്ക്‌ ആത്മീയാ​ഹാ​രം പ്രദാ​നം​ചെ​യ്യു​ന്ന​തിന്‌ റഷ്യാ ബ്രാഞ്ചി​നു കീഴി​ലുള്ള പ്രദേ​ശത്ത്‌ 14 പുതിയ ഭാഷക​ളിൽ വീക്ഷാ​ഗോ​പു​രം എത്തി​ക്കേ​ണ്ട​താ​യി വന്നു. സുവാർത്ത​യു​ടെ വ്യാപ​നത്തെ ത്വരി​ത​പ്പെ​ടു​ത്താൻ ഇപ്പോൾ റഷ്യാ ബ്രാഞ്ച്‌ 40-ലധികം ഭാഷക​ളി​ലേ​ക്കുള്ള പരിഭാ​ഷ​യു​ടെ മേൽനോ​ട്ടം വഹിക്കു​ന്നു. ബൈബിൾ സത്യം കൂടുതൽ വേഗത്തി​ലും ആഴത്തി​ലും ആളുക​ളു​ടെ ഹൃദയത്തെ സ്‌പർശി​ക്കാൻ അതിട​യാ​ക്കു​ന്നു.

ഇവയിൽ മിക്കവ​യും റഷ്യൻ ഫെഡ​റേ​ഷ​നിൽത്ത​ന്നെ​യുള്ള ഭാഷക​ളാണ്‌. ബിസ്‌ലാ​നി​ലും വ്‌ളാ​ഡി​ക​ഫ്‌കാ​സി​ലും ഒസിഷ്യൻ സംസാ​രി​ക്കു​ന്ന​വ​രെ​യും ബൈക്കാൽ തടാക​ത്തി​നു ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളിൽ മംഗോ​ളി​യ​നോ​ടു സാമ്യ​മുള്ള ബുറി​യാറ്റ്‌ സംസാ​രി​ക്കു​ന്ന​വ​രെ​യും കാണാ​നാ​കും; റയിൻഡി​യ​റി​നെ വളർത്തു​ന്ന​വ​രും വിദൂ​ര​പൗ​ര​സ്‌ത്യ നിവാ​സി​ക​ളും ആൽറ്റൈ-ടർക്കി ഭാഷയായ യകൂറ്റ്‌സ്‌ സംസാ​രി​ക്കു​ന്നു. മറ്റു മുപ്പ​തോ​ളം ഭാഷകൾ കൊ​കേ​ഷ​യി​ലാണ്‌. റഷ്യൻ കഴിഞ്ഞാൽ ഏറ്റവു​മ​ധി​കം ആളുകൾ ഉപയോ​ഗി​ക്കുന്ന ഭാഷ ടാറ്റർ ആണ്‌; 50 ലക്ഷത്തി​ലേറെ പേർ അതു സംസാ​രി​ക്കു​ന്നുണ്ട്‌, പ്രത്യേ​കിച്ച്‌ ടാറ്റർസ്ഥാൻ എന്നറി​യ​പ്പെ​ടുന്ന പ്രദേ​ശത്ത്‌.

ടാറ്റർ ഭാഷക്കാർ പൊതു​വെ സ്വന്തം ഭാഷയി​ലുള്ള സാഹി​ത്യം വായി​ക്കാൻ ഇഷ്ടപ്പെ​ടു​ന്ന​വ​രാണ്‌, ചിലർ റഷ്യൻ സാഹി​ത്യ​ങ്ങൾ സ്വീക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും. രാജ്യ​വാർത്ത നമ്പർ 35-ന്റെ വിതര​ണ​കാ​ലത്ത്‌ ഉൾപ്ര​ദേ​ശത്തു താമസി​ക്കുന്ന ഒരു സ്‌ത്രീക്ക്‌ ഒരു ലഘുലേഖ കിട്ടി. അവർ ടാറ്ററി​ലുള്ള ആവശ്യം ലഘുപ​ത്രിക ചോദി​ച്ചു​കൊണ്ട്‌ കത്തെഴു​തി. ഒരു സഹോ​ദരി ലഘുപ​ത്രി​ക​യും ഒരു കത്തും അയച്ചു, മറുപ​ടി​യാ​യി ആവേശം തുളു​മ്പുന്ന, എട്ടു പേജുള്ള ഒരു കത്താണു വന്നത്‌. പെട്ടെ​ന്നു​തന്നെ ടാറ്റർ ഭാഷയി​ലുള്ള സാഹി​ത്യ​ങ്ങൾ ഉപയോ​ഗിച്ച്‌ ആ സ്‌ത്രീ ബൈബിൾ പഠിക്കാൻ തുടങ്ങി. ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ? എന്ന ടാറ്ററി​ലുള്ള ലഘുപ​ത്രിക ലഭിച്ച ഒരു മനുഷ്യൻ പറഞ്ഞത്‌, ലോകാ​വ​സ്ഥ​കളെ വ്യത്യ​സ്‌ത​മാ​യി കാണാൻ അതു തന്നെ സഹായി​ച്ചു എന്നാണ്‌. ടാറ്ററിൽ സാഹി​ത്യ​ങ്ങൾ ലഭ്യമാ​യ​തു​കൊ​ണ്ടു മാത്ര​മാണ്‌ ഈ നല്ല ഫലങ്ങളു​ണ്ടാ​യത്‌.

മാരി ഭാഷക്കാ​രി​യായ ഒരു സ്‌ത്രീക്ക്‌ രാജ്യ​വാർത്ത നമ്പർ 35-ന്റെ ഒരു പ്രതി കിട്ടി. അതു വായി​ച്ച​ശേഷം കൂടുതൽ അറിയ​ണ​മെ​ന്നാ​യി. പക്ഷേ, അവർ താമസി​ക്കുന്ന കുഗ്രാ​മ​ത്തിൽ സാക്ഷികൾ ആരും ഉണ്ടായി​രു​ന്നില്ല. ഒരിക്കൽ നഗരത്തി​ലേക്കു പോകവേ വഴിക്കു​വെച്ച്‌ അവർ സാക്ഷി​ക​ളിൽ ഒരാളെ കണ്ടുമു​ട്ടി. അവരുടെ പക്കൽനിന്ന്‌ റഷ്യൻ ഭാഷയി​ലുള്ള പരിജ്ഞാ​നം പുസ്‌ത​ക​വും മറ്റു സാഹി​ത്യ​ങ്ങ​ളും വാങ്ങി. സ്വന്തമാ​യി അതു പഠിച്ച അവർ തുടർന്ന്‌ തന്റെ പ്രദേ​ശത്തു പ്രസം​ഗി​ക്കാൻ തുടങ്ങി. താമസി​യാ​തെ താത്‌പ​ര്യ​ക്കാ​രു​ടെ ഒരു കൂട്ട​ത്തോ​ടൊ​പ്പം അവർ പഠനം ആരംഭി​ച്ചു. പിന്നീട്‌, ഈഴെ​ഫ്‌സ്‌കിൽ ഒരു പ്രത്യേക സമ്മേളന ദിനം ഉണ്ടെന്ന​റിഞ്ഞ്‌ അവർ അവി​ടെ​യെത്തി, സ്‌നാ​ന​മേൽക്കണം എന്ന ഉദ്ദേശ്യ​ത്തോ​ടെ​യാ​ണു പോയത്‌. അവിടെ ചെന്ന​പ്പോ​ഴാ​ണു മനസ്സി​ലാ​യത്‌ സ്‌നാ​ന​മേൽക്കു​ന്ന​തി​നു​മുമ്പ്‌ ശരിയാം​വണ്ണം ബൈബിൾ പഠി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന്‌. സഹോ​ദ​ര​ന്മാർ ബൈബി​ള​ധ്യ​യ​ന​ത്തി​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു​കൊ​ടു​ത്തു. മാതൃ​ഭാ​ഷ​യി​ലുള്ള ആ രാജ്യ​വാർത്ത വായി​ച്ച​തി​ന്റെ ഫലമാ​യി​രു​ന്നു ഇതത്ര​യും.

വ്‌ളാ​ഡി​ക​ഫ്‌കാ​സിൽ ഒസിഷ്യൻ ഭാഷയി​ലുള്ള ഒരു സഭയേ ഉണ്ടായി​രു​ന്നു​ള്ളൂ. സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളി​ലും ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളി​ലും പ്രസം​ഗ​ങ്ങ​ളൊ​ന്നും ഒസിഷ്യ​നി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രു​ന്നില്ല. എന്നാൽ 2002-ൽ ആദ്യമാ​യി പ്രസം​ഗങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തി. ഒസിഷ്യൻ ഭാഷക്കാ​രു​ടെ സന്തോഷം ഒന്നു കാണേ​ണ്ട​തു​തന്നെ ആയിരു​ന്നു! റഷ്യൻ അറിയാ​വു​ന്ന​വർപോ​ലും പറഞ്ഞത്‌ മാതൃ​ഭാ​ഷ​യിൽ ബൈബിൾ സന്ദേശം കേട്ടത്‌ അവരുടെ ഹൃദയത്തെ സ്‌പർശി​ച്ചു എന്നാണ്‌. ഇത്‌ ആത്മീയ​മാ​യി വളരാൻ സഭയെ സഹായി​ച്ചു; കൂടുതൽ പേർ സത്യം സ്വീക​രി​ക്കാ​നും ഇടയായി. 2006-ൽ ഒസിഷ്യൻ ഭാഷാ സർക്കിട്ട്‌ രൂപീ​കൃ​ത​മാ​യി. ആദ്യമാ​യി ഒസിഷ്യ​നി​ലുള്ള സർക്കിട്ട്‌ സമ്മേള​നങ്ങൾ നടന്നു.

ഒരിക്കൽ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ അൽറ്റാ​യി​യി​ലുള്ള അക്‌റ്റാഷ്‌ ഗ്രാമ​ത്തി​ലെ ഒരു കൂട്ടത്തെ സന്ദർശി​ക്കു​ക​യാ​യി​രു​ന്നു. 30-ഓളം പേർ ഒരു അപ്പാർട്ടു​മെ​ന്റിൽ കൂടി​വന്നു. അവരിൽ പ്രസാ​ധകർ വിരലിൽ എണ്ണാൻ മാത്രം. എല്ലാവ​രും പരസ്യ​പ്ര​സം​ഗം മുഴുവൻ കേട്ടു. എന്നാൽ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​രകൻ സേവന​പ്ര​സം​ഗം തുടങ്ങി​യ​പ്പോൾ പകുതി​യോ​ളം പേർ എഴു​ന്നേറ്റു പോയി. യോഗ​ത്തി​നു​ശേഷം, ഇത്ര​യേ​റെ​പേർ ഇറങ്ങി​പ്പോ​കാ​നുള്ള കാരണ​മെ​ന്താ​ണെന്ന്‌ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​രകൻ സഹോ​ദ​ര​ന്മാ​രോ​ടു ചോദി​ച്ചു. വയസ്സായ ഒരു ആൽ​റ്റൈ​ക്കു​കാ​രി തനിക്ക​റി​യാ​വുന്ന ‘മുറി’റഷ്യനിൽ പറഞ്ഞു, “കാര്യം നിങ്ങളു ചെയ്യുന്ന വേല​യൊ​ക്കെ വളരെ പ്രധാ​ന​പ്പെ​ട്ട​താണ്‌. പക്ഷേ പറഞ്ഞ​തൊ​ന്നും എനിക്കു മനസ്സി​ലാ​യി​ല്ലെന്നു മാത്രം!” അടുത്ത തവണ സർക്കിട്ട്‌ മേൽവി​ചാ​രകൻ വന്നപ്പോൾ അദ്ദേഹ​ത്തി​ന്റെ പ്രസം​ഗങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തി, എല്ലാവർക്കും മുഴു പരിപാ​ടി​യും ആസ്വദി​ക്കാ​നു​മാ​യി.

വെറൊ​നിഷ്‌ നഗരത്തിൽ പഠനത്തി​നാ​യി വിദേ​ശ​ത്തു​നി​ന്നു വന്നിരി​ക്കുന്ന ധാരാളം പേരുണ്ട്‌. 2002-ൽ, ചൈനീസ്‌ ഭാഷക്കാ​ര​നായ ഒരു ശുശ്രൂ​ഷാ​ദാ​സൻ വെറുതെ ചൈനീസ്‌ ഭാഷാ​പഠന പരിപാ​ടി​കൾ സംഘടി​പ്പി​ച്ചു. പല സാക്ഷി​ക​ളും ഭാഷ പഠിക്കാൻ തയ്യാറാ​യി മുന്നോ​ട്ടു വന്നു, ചൈനീസ്‌ വിദ്യാർഥി​ക​ളു​ടെ ഇടയിൽ പ്രസം​ഗി​ക്കാൻ തുടങ്ങി. പഠിക്കാൻ വളരെ ബുദ്ധി​മു​ട്ടുള്ള ഭാഷയാണ്‌ ചൈനീസ്‌. എന്നാൽ അതൊ​ന്നും സഹോ​ദ​ര​ന്മാ​രെ പിന്തി​രി​പ്പി​ച്ചില്ല. 2004 ഫെബ്രു​വ​രി​യിൽ നഗരത്തിൽ ആദ്യത്തെ ചൈനീസ്‌ പുസ്‌ത​കാ​ധ്യ​യ​ന​ക്കൂ​ട്ടം രൂപീ​കൃ​ത​മാ​യി. ആ ഏപ്രി​ലിൽ ആദ്യത്തെ ചൈനീസ്‌ ബൈബിൾ വിദ്യാർഥി സ്‌നാ​ന​മേറ്റു, രണ്ടു മാസത്തി​നു​ശേഷം മറ്റൊ​രാ​ളും. ഇപ്പോൾ താത്‌പ​ര്യ​ക്കാ​രു​ടെ കൂട്ടങ്ങൾതന്നെ ക്രമമാ​യി പുസ്‌ത​കാ​ധ്യ​യ​ന​ത്തി​നു ഹാജരാ​കു​ന്നുണ്ട്‌. ചൈനീസ്‌ ഭാഷയി​ലുള്ള 15 ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും നടക്കുന്നു. ഈ വിസ്‌തൃത വയലിന്റെ മുക്കി​ലും മൂലയി​ലും സുവാർത്ത എത്തി​ച്ചേ​രവേ, ഇനിയും കൂടുതൽ ഭാഷക​ളിൽ കൂടുതൽ സാഹി​ത്യ​ങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടുള്ള അപേക്ഷകൾ റഷ്യാ ബ്രാഞ്ചിൽ ലഭിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അവർ അതു സംബന്ധിച്ച്‌ വേണ്ടതു ചെയ്യു​ന്നു​മുണ്ട്‌.

പയനി​യർമാർക്കു പരിശീ​ല​നം

വർഷങ്ങ​ളാ​യി റഷ്യയിൽ പയനിയർ സേവന സ്‌കൂൾ നടക്കു​ന്നുണ്ട്‌. ഓരോ ക്ലാസ്സി​ലും 20 മുതൽ 30 വരെ പയനി​യർമാ​രുണ്ട്‌. ഏറെയും പ്രാ​ദേ​ശിക പയനി​യർമാർ. സ്‌കൂ​ളിൽ സംബന്ധി​ക്കു​ന്ന​തി​നാ​യി അവർക്ക്‌ ഏറെ ദൂരം യാത്ര ചെയ്യേ​ണ്ട​തില്ല. റഷ്യയിൽ ആദ്യത്തെ സ്‌കൂൾ നടന്ന​പ്പോൾ, പക്ഷേ സ്ഥിതി ഇതായി​രു​ന്നില്ല. റോമൻ സ്‌കീബ പറയുന്നു: “1996-ൽ യികാ​റ്റി​റീം​ബുർക്കിൽ നടന്ന പയനിയർ സ്‌കൂൾ ഞാൻ ഒരിക്ക​ലും മറക്കില്ല. 40-ലേറെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ആ സ്‌കൂ​ളിൽ സംബന്ധി​ച്ചു. അതിനാ​യി അനേകർക്കും വളരെ ദൂരം യാത്ര ചെയ്യേ​ണ്ടി​വന്നു, ചിലർക്ക്‌ ഏതാണ്ട്‌ 1,000 കിലോ​മീ​റ്റർവരെ.”

സ്വിറ്റ്‌ലാ​ന 1997 മുതൽ ആംഗ്യ​ഭാ​ഷാ വയലിൽ ഒരു സാധാരണ പയനി​യ​റാ​യി സേവി​ക്കു​ക​യാണ്‌. 2000 ജനുവ​രി​യിൽ അവർ ആംഗ്യ​ഭാ​ഷാ പയനിയർ സ്‌കൂ​ളിൽ പങ്കെടു​ത്തു. ശുശ്രൂ​ഷ​യി​ലെ തന്റെ ഗുണനി​ല​വാ​രം മെച്ച​പ്പെ​ടു​ത്താ​നും കുടും​ബ​ത്തി​ലും സഭയി​ലും ഒരു യഥാർഥ ക്രിസ്‌ത്യാ​നി ആയിരി​ക്കുക എന്നാൽ എന്താ​ണെന്നു മനസ്സി​ലാ​ക്കാ​നും സ്‌കൂൾ തന്നെ സഹായി​ച്ചത്‌ എങ്ങനെ​യെന്ന്‌ സ്വിറ്റ്‌ലാന പറയു​ക​യു​ണ്ടാ​യി. അവർ പറയുന്നു: “മറ്റുള്ള​വ​രോ​ടുള്ള എന്റെ സ്‌നേഹം വർധിച്ചു. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോട്‌ ഒത്തു​പോ​കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എനിക്കു മനസ്സി​ലാ​യി. ഇപ്പോൾ, ലഭിക്കുന്ന ബുദ്ധി​യു​പ​ദേശം യാതൊ​രു മടിയും കൂടാതെ ഞാൻ സ്വീക​രി​ക്കു​ന്നു. എന്റെ ബൈബി​ള​ധ്യ​യ​ന​ങ്ങ​ളു​ടെ ഗുണനി​ല​വാ​ര​വും ശ്രദ്ധേ​യ​മാം​വി​ധം മെച്ച​പ്പെ​ട്ടി​രി​ക്കു​ന്നു, കാരണം ഇപ്പോൾ അധ്യയ​ന​ത്തിൽ ഞാൻ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കാ​റുണ്ട്‌.”

ഖബറഫ്‌സ്‌ക്കി​ലെ ഒരു പയനി​യ​റാണ്‌ അല്യോന. വിദൂ​ര​പൗ​ര​സ്‌ത്യ ദേശത്തെ ആ നഗരത്തിൽ ബധിരരെ സത്യം പഠിപ്പി​ക്കു​ന്ന​തി​ലാണ്‌ അവർ മുഴു​കി​യി​രി​ക്കു​ന്നത്‌. കൂടുതൽ ഫലകര​മാ​യി ഇതു ചെയ്യു​ന്ന​തിന്‌ ആംഗ്യ​ഭാ​ഷ​യി​ലുള്ള പയനിയർ സ്‌കൂ​ളിൽ പങ്കെടു​ക്കാൻ അവർ ആഗ്രഹി​ച്ചു. അതിനാ​യി എന്തെല്ലാം പ്രശ്‌ന​ങ്ങളെ തരണം ചെയ്യണ​മാ​യി​രു​ന്നു? അല്യോന പറയുന്നു, “ഏറ്റവും അടുത്തുള്ള ആംഗ്യ​ഭാ​ഷാ പയനിയർ സ്‌കൂൾ നടക്കു​ന്നത്‌ മോസ്‌കോ​യി​ലാ​യി​രു​ന്നു, ഖബറഫ്‌സ്‌ക്കിൽനിന്ന്‌ 9,000 കിലോ​മീ​റ്റർ അകലെ. അതിൽ സംബന്ധി​ക്കു​ന്ന​തിന്‌ ട്രെയി​നിൽ അങ്ങോ​ട്ടും ഇങ്ങോ​ട്ടും​കൂ​ടെ 16 ദിവസത്തെ യാത്ര.” പക്ഷേ അതു സംബന്ധിച്ച്‌ അവർക്ക്‌ അശേഷം വിഷമ​മില്ല!

ആംഗ്യ​ഭാ​ഷാ വയലി​ലു​ള്ള​വരെ സഹായി​ക്കാൻ ഉദ്ദേശി​ച്ചുള്ള സ്‌കൂ​ളു​കൾക്കു പുറമേ 1996 മുതൽ 2006 വരെ റഷ്യയിൽ നൂറു​ക​ണ​ക്കി​നു പയനിയർ സേവന സ്‌കൂ​ളു​കൾ നടക്കു​ക​യു​ണ്ടാ​യി. പ്രസം​ഗ​വേ​ല​യി​ലെ പുരോ​ഗ​തി​ക്കും സഭകളു​ടെ എണ്ണത്തിൽ ഉണ്ടായി​ട്ടുള്ള വർധന​യ്‌ക്കും ഈ പരിശീ​ലനം വളരെ​യേറെ സംഭാവന ചെയ്‌തി​രി​ക്കു​ന്നു. ഇപ്പോൾ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കുന്ന മാർച്ചിൻ പറയുന്നു: “1995-ൽ ഞാൻ മോസ്‌കോ​യി​ലെ കുണ്ട്‌സവ സഭയിൽ ഒരു പ്രത്യേക പയനി​യ​റാ​യി നിയമി​ത​നാ​യി. പരസ്യ​പ്ര​സം​ഗ​ത്തി​നും വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തി​നും ഞാൻ ഹാജരാ​യി, ഒരു സമ്മേള​നം​പോ​ലെ ഉണ്ടായി​രു​ന്നു അത്‌! ആ ഹാളിൽ ഏതാണ്ട്‌ 400 പേർ കൂടി​വ​ന്നി​രു​ന്നു. സഭയിലെ പ്രസാ​ധ​ക​രു​ടെ എണ്ണമാ​ണെ​ങ്കിൽ 300-ഉം. പത്തു വർഷം​പോ​ലും ആയില്ല, അതിനു​ള്ളിൽ ആ ഒരു സഭയിൽനി​ന്നു പത്തു പുതിയ സഭകളാ​ണു രൂപം​കൊ​ണ്ടത്‌!

“1996-97 കാലഘ​ട്ട​ത്തിൽ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കവേ, സർക്കി​ട്ടിൽ ഉണ്ടായ അമ്പരപ്പി​ക്കുന്ന വളർച്ച എനിക്കു നേരിൽ കാണാ​നാ​യി. വോൾഗൊ​ഗ്രാഡ്‌ ഒബ്ലാസ്റ്റി​ലെ വോൾഷ്‌കീ​യി​ലുള്ള ഒരു സഭ സന്ദർശിച്ച്‌ ആറു മാസത്തി​നു​ശേഷം വീണ്ടും അവിടെ ചെന്നു. അതിനു​ള്ളിൽ ആ സഭയിൽ 75 പുതിയ പ്രസാ​ധകർ. ഒരു പുതിയ സഭയ്‌ക്കു തുല്യം! ഉത്സാഹി​ക​ളായ ആ പുതിയ പ്രസാ​ധ​ക​രു​ടെ തീക്ഷ്‌ണത വാക്കു​ക​ളിൽ വർണി​ക്കാ​നാ​വില്ല. ഒരു ബഹുനില കെട്ടി​ട​ത്തി​ലെ അപ്പാർട്ടു​മെ​ന്റിൽവെച്ചു നടത്തി​യി​രുന്ന വയൽസേവന യോഗ​ങ്ങ​ളിൽ എന്നും 80-ഓളം പേർ ഹാജരാ​കു​മാ​യി​രു​ന്നു. മുറി​ക്കു​ള്ളിൽ ഇടം ഇല്ലാതി​രു​ന്ന​തി​നാൽ പലർക്കും നടയി​ലും താഴെ​യും ഒക്കെയാ​യി നിൽക്കേണ്ടി വന്നു.”

യഹോ​വ​യ്‌ക്കു മഹത്ത്വം​ക​രേ​റ്റുന്ന ചെറു​പ്പ​ക്കാർ

മാതാ​പി​താ​ക്ക​ളു​ടെ എതിർപ്പു​കൾ വകവെ​ക്കാ​തെ അനേകം ചെറു​പ്പ​ക്കാർ രാജ്യ​സ​ന്ദേ​ശ​ത്തിൽ താത്‌പ​ര്യം കാണി​ക്കു​ന്നുണ്ട്‌. 20 വയസ്സുള്ള ഒരു സഹോ​ദരി പറയുന്നു: “1995-ൽ എനിക്ക്‌ ഒമ്പതു വയസ്സു​ള്ള​പ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ എന്റെ മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ച്ചെ​ങ്കി​ലും അവർ സത്യം സ്വീക​രി​ച്ചില്ല. എന്നാൽ ദൈവ​ത്തെ​ക്കു​റി​ച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹി​ച്ചു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, എന്റെ കൂട്ടു​കാ​രി—അവൾ എന്റെ സഹപാ​ഠി​യു​മാ​യി​രു​ന്നു—ബൈബിൾ പഠനം ആരംഭി​ച്ചു. ഞാനും അവളു​ടെ​കൂ​ടെ അധ്യയ​ന​ത്തി​നു പോകാൻ തുടങ്ങി. എന്റെ മാതാ​പി​താ​ക്കൾ ഇതറി​ഞ്ഞ​പ്പോൾ സാക്ഷി​ക​ളു​മാ​യി യാതൊ​രു ഇടപാ​ടും പാടില്ല എന്നു വിലക്കി. അധ്യയ​ന​ത്തി​നു പോകാ​തി​രി​ക്കാ​നാ​യി അവർ ചില​പ്പോൾ എന്നെ വീട്ടിൽ ഒറ്റയ്‌ക്കു പൂട്ടി​യി​ടു​മാ​യി​രു​ന്നു. എനിക്കു പ്രായ​പൂർത്തി​യാ​കു​ന്ന​തു​വരെ ഇതു തുടർന്നു. മറ്റൊരു പട്ടണത്തി​ലെ സ്‌കൂ​ളിൽ പഠിക്കു​ന്ന​തി​നാ​യി ഞാൻ വീട്ടിൽനി​ന്നു മാറി​ത്താ​മ​സി​ച്ചു. അവി​ടെ​വെച്ച്‌ സാക്ഷി​കളെ കണ്ടുമു​ട്ടി. വീണ്ടും ബൈബി​ള​ധ്യ​യനം തുടങ്ങാൻ കഴിഞ്ഞ​തിൽ എനിക്ക്‌ എത്ര സന്തോഷം തോന്നി​യെ​ന്നോ! ഞാൻ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കാൻ തുടങ്ങി. 2005-ലെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ സ്‌നാ​ന​മേറ്റു. പെട്ടെ​ന്നു​തന്നെ ഞാൻ സഹായ പയനി​യ​റിങ്‌ ആരംഭി​ച്ചു. ചെറു​പ്പം​മു​തൽ മൂല്യ​വ​ത്താ​യി ഞാൻ കണക്കാ​ക്കിയ ഈ സത്യ​ത്തോട്‌ എന്റെ മാതാ​പി​താ​ക്ക​ളും ഇപ്പോൾ അനുകൂല മനോ​ഭാ​വം കാണി​ക്കു​ന്നുണ്ട്‌.”

മറ്റൊരു സഹോ​ദരി പറയുന്നു: “1997-ൽ എനിക്കു 15 വയസ്സു​ള്ള​പ്പോൾ സാക്ഷികൾ എനിക്ക്‌ ഒരു ഉണരുക! മാസിക തന്നു. മാസി​ക​യു​ടെ പേരും അതിലെ ലേഖന​ങ്ങ​ളും എനിക്കി​ഷ്ട​മാ​യി. ക്രമമാ​യി അതു കിട്ടാൻ ഞാൻ ആഗ്രഹി​ച്ചു. ഞാൻ ഈ മാസിക വായി​ക്കു​ന്നു​ണ്ടെന്ന്‌ അറിഞ്ഞ പിതാവ്‌ സാക്ഷികൾ വീട്ടിൽ വരുന്നതു വിലക്കി. കുറെ​നാൾ കഴിഞ്ഞ്‌ എന്റെ ഒരു ബന്ധു യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. 2002-ന്റെ ആരംഭ​ത്തി​ലാ​യി​രു​ന്നു അത്‌. ഞാനും അവളു​ടെ​കൂ​ടെ രാജ്യ​ഹാ​ളിൽ പോകാൻ തുടങ്ങി. അവി​ടെ​വെച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ മിഷന​റി​മാ​രാ​യി സേവി​ക്കു​ന്ന​തി​നെ​പ്പറ്റി ഞാൻ കേട്ടു. ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കാൻ മറ്റുള്ള​വരെ സഹായി​ക്കാ​നുള്ള ശക്തമായ ആഗ്രഹം ഞാനും വളർത്തി​യെ​ടു​ത്തു. എന്നാൽ അതിനു​മുമ്പ്‌ ഞാൻ പുകവലി ഉപേക്ഷി​ക്കു​ക​യും ജീവിതം ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യി​ലാ​ക്കു​ക​യും ദൈവ​ത്തി​ന്റെ ഒരു ദാസി​യാ​യി​ത്തീ​രു​ക​യും മറ്റും ചെയ്യേ​ണ്ട​തു​ണ്ടെന്ന്‌ അവൾ എനിക്കു വിശദീ​ക​രി​ച്ചു​തന്നു. ആ ഉപദേശം ഞാൻ കൈ​ക്കൊ​ണ്ടു. ആറു മാസത്തി​നു​ശേഷം ഞാൻ സ്‌നാ​ന​മേറ്റു, പെട്ടെ​ന്നു​തന്നെ സഹായ പയനി​യ​റി​ങ്ങും തുടങ്ങി. എന്റെ ജീവി​ത​ത്തിന്‌ യഥാർഥ ഉദ്ദേശ്യം കൈവ​ന്ന​തിൽ എനിക്ക്‌ അതിയായ സന്തോ​ഷ​മുണ്ട്‌.”

“അഭികാ​മ്യ വസ്‌തു​ക്കൾ” തേടി സാകയിൽ

ആമുർ ഒബ്ലാസ്റ്റും സാക മുഴു​വ​നും ഉൾപ്പെ​ടു​ന്ന​താണ്‌ ഒരു സർക്കിട്ട്‌. സേവന​വർഷം 2005-ൽ സാകയു​ടെ തലസ്ഥാ​ന​മായ യകൂറ്റ്‌സ്‌ക്കിൽവെച്ച്‌ ആദ്യമാ​യി പ്രത്യേക സമ്മേളന ദിനവും സർക്കിട്ട്‌ സമ്മേള​ന​വും നടന്നു. തദ്ദേശീ​യ​രായ ആളുകൾ ഈ സമ്മേള​ന​ങ്ങൾക്കു ഹാജരാ​കു​ന്നതു കാണു​ന്നതു വിശേ​ഷാൽ സന്തോ​ഷ​ക​ര​മാ​യി​രു​ന്നു.

സഹോ​ദ​ര​ങ്ങ​ളു​ടെ സൗകര്യാർഥം സർക്കി​ട്ടി​നെ അഞ്ചായി തിരിച്ച്‌ വെവ്വേറെ സമ്മേള​നങ്ങൾ നടത്തി. ഒരു സമ്മേള​ന​സ്ഥ​ല​ത്തു​നിന്ന്‌ അടുത്ത സ്ഥലത്ത്‌ എത്താൻ 24 മണിക്കൂർ ട്രെയി​നി​ലും പിന്നെ 15 മണിക്കൂർ കാറി​ലും അതിനു​ശേഷം 3 മണിക്കൂർ വിമാ​ന​ത്തി​ലും ആയി യാത്ര ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

ഈ പ്രദേ​ശത്ത്‌ ശൈത്യ​കാ​ലം അതിക​ഠി​ന​മാണ്‌. താപനില പൂജ്യ​ത്തി​ലും താഴെ 50 ഡിഗ്രി സെൽഷ്യ​സോ അതിലും കുറവോ ആകുമാ​യി​രു​ന്നു. ഈ അവസ്ഥയി​ലും പ്രസാ​ധകർ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ട്ടി​രു​ന്നു, ബഹുനില കെട്ടി​ട​ങ്ങ​ളി​ലെ അപ്പാർട്ടു​മെ​ന്റു​ക​ളിൽ മാത്രമല്ല, വീടു​വീ​ടാ​ന്ത​ര​വും.

2005-ന്റെ ആരംഭ​ത്തിൽ പ്രസാ​ധ​ക​രു​ടെ രണ്ടു കൂട്ടത്തെ സംഘടി​പ്പി​ച്ചു. ഉത്തര​ധ്രു​വ​രേ​ഖ​യ്‌ക്കു മുകളി​ലുള്ള ലാപ്‌ടെഫ്‌ കടലിന്റെ തീരത്തു​നിന്ന്‌ 80 കിലോ​മീ​റ്റർ ഉള്ളിലുള്ള ഖൈയിർ ഗ്രാമ​ത്തി​ലാ​യി​രു​ന്നു ഒരു കൂട്ടം. 500 പേരാണ്‌ ആ ഗ്രാമ​ത്തി​ലു​ള്ളത്‌, അവരിൽ 4 പേർ സാക്ഷി​ക​ളും. 2004-ൽ അവിടെ നടത്തിയ സ്‌മാ​ര​കാ​ച​ര​ണ​ത്തിന്‌ 76 പേർ ഹാജരാ​യി​രു​ന്നു. അവി​ടെ​യുള്ള ഈ കൂട്ടത്തെ സന്ദർശി​ക്കു​ന്ന​തിന്‌ സർക്കിട്ട്‌ മേൽവി​ചാ​ര​കന്‌ ആദ്യം 900 കിലോ​മീ​റ്റർ വിമാ​ന​ത്തി​ലും അതിനു​ശേഷം മഞ്ഞു മൂടി​ക്കി​ട​ക്കുന്ന റോഡി​ലൂ​ടെ 450 കിലോ​മീ​റ്റർ കാറി​ലും യാത്ര ചെയ്യണ​മാ​യി​രു​ന്നു.

മറ്റൊരു കൂട്ടം ഐമി​കോൻ ഗ്രാമ​ത്തിൽനി​ന്നു 100 കിലോ​മീ​റ്റർ ഉള്ളിലുള്ള യൂസ്‌നെറ ഗ്രാമ​ത്തി​ലാ​യി​രു​ന്നു. ശൈത്യ​കാ​ലത്ത്‌ ഇവിടത്തെ താപനില ചില​പ്പോൾ പൂജ്യ​ത്തി​ലും താഴെ 60 ഡിഗ്രി സെൽഷ്യ​സ്‌വരെ എത്തും. കഴിഞ്ഞ​വർഷം സർക്കിട്ട്‌ സമ്മേള​ന​ത്തി​നു ഹാജരാ​കു​ന്ന​തിന്‌ ഈ കൂട്ടത്തി​ലെ പ്രസാ​ധകർ രണ്ടു വാഹന​ങ്ങ​ളി​ലാ​യി യാത്ര പുറ​പ്പെട്ടു. അങ്ങോ​ട്ടും ഇങ്ങോ​ട്ടും​കൂ​ടെ അവർക്ക്‌ ഏതാണ്ട്‌ 4,000 കിലോ​മീ​റ്റർ യാത്ര ചെയ്യണ​മാ​യി​രു​ന്നു. ഏറെയും ആൾവാ​സ​മൊ​ന്നും ഇല്ലാത്ത ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ. താപനി​ല​യാ​ണെ​ങ്കിൽ പൂജ്യ​ത്തി​ലും താഴെ 50 ഡിഗ്രി സെൽഷ്യ​സും.

സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 13,000 അടി ഉയരത്തിൽവെച്ച്‌ ഉണ്ടായ രസകര​മായ ഒരു സംഭവം ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ വിവരി​ക്കു​ന്നു. “ജാഗരൂ​കർ ലഘുപ​ത്രി​ക​യു​ടെ വിതര​ണ​കാ​ലത്ത്‌ ഞങ്ങളുടെ സർക്കി​ട്ടിൽ പല സമ്മേള​നങ്ങൾ ഉണ്ടായി​രു​ന്നു. ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നും ഞാനും​കൂ​ടെ അടുത്ത സമ്മേള​ന​സ്ഥ​ല​ത്തേ​ക്കുള്ള യാത്ര​യി​ലാണ്‌. ഞങ്ങളുടെ കൈവശം ഉണ്ടായി​രുന്ന ജാഗരൂ​കർ ലഘുപ​ത്രിക തീർന്നു​പോ​യി. അതു​കൊണ്ട്‌ വിമാ​ന​ത്തി​ലെ എയർഹോ​സ്റ്റ​സിന്‌ ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രിക നൽകി. ചില ബൈബിൾ സാഹി​ത്യ​ങ്ങൾ തനിക്കു ലഭിച്ച​താ​യി അവര​പ്പോൾ പറഞ്ഞു. എന്നിട്ടു കാണി​ച്ച​തോ? ജാഗരൂ​കർ ലഘുപ​ത്രിക. സഹോ​ദ​രങ്ങൾ പ്രസം​ഗ​വേ​ല​യിൽ സജീവ​മാ​യി പങ്കുപ​റ്റു​ന്ന​തിൽ ഞങ്ങൾക്ക്‌ എത്ര സന്തോഷം തോന്നി​യെ​ന്നോ! ഞങ്ങൾ സംസാ​രി​ക്കു​ന്ന​തി​നി​ട​യിൽ സഹ​പൈ​ലറ്റ്‌ അതുവഴി വന്നു. അദ്ദേഹ​വും ചേർന്നു സംഭാ​ഷ​ണ​ത്തിൽ. അങ്ങനെ ഏതാണ്ട്‌ ലക്ഷ്യസ്ഥാ​നത്ത്‌ എത്തുന്ന​തു​വരെ ഞങ്ങൾ സംഭാ​ഷണം തുടർന്നു. കേട്ട കാര്യ​ങ്ങ​ളിൽ താത്‌പ​ര്യം തോന്നിയ അദ്ദേഹം സഹജോ​ലി​ക്കാർക്കു​കൂ​ടെ നൽകാ​നാ​യി കുറെ മാസി​കകൾ സ്വീക​രി​ക്കു​ക​യും ചെയ്‌തു.”

സാകലീ​നിൽ സുവാർത്ത എത്തുന്നു

ജപ്പാന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ദ്വീപായ ഹൊ​ക്കൈ​ഡോ​യ്‌ക്കു മുകൾഭാ​ഗ​ത്താ​യി സ്ഥിതി​ചെ​യ്യുന്ന ഒരു ദ്വീപാണ്‌ സാകലീൻ. ഇവിടെ ആദ്യമാ​യി സാക്ഷികൾ എത്തിയത്‌ 1970-കളുടെ അവസാ​ന​ത്തോ​ടെ​യാണ്‌. വ്‌ളാ​ഡി​വ​സ്റ്റോ​ക്കിൽനിന്ന്‌ ഇവിടത്തെ പ്രസം​ഗ​വേ​ല​യു​ടെ മേൽനോ​ട്ടം വഹിച്ചി​രുന്ന സഹോ​ദ​ര​ന്മാർ, ശുശ്രൂഷ വികസി​പ്പി​ക്കാ​നും ദ്വീപു​വാ​സി​ക​ളോ​ടു പ്രസം​ഗി​ക്കാ​നു​മാ​യി അങ്ങോട്ടു മാറാ​നും സെർഗെയ്‌ സാജിനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. തുറമു​ഖത്ത്‌ ഒരു ജോലി തരപ്പെ​ടു​ത്തിയ അദ്ദേഹം സഹജോ​ലി​ക്കാ​രോ​ടു ബൈബിൾ വിഷയങ്ങൾ സംസാ​രി​ക്കാൻ ശ്രമിച്ചു. പെട്ടെ​ന്നു​തന്നെ അദ്ദേഹം പല ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ച്ചു. പിന്നീട്‌ സെർഗെ​യ്‌ക്ക്‌ ദ്വീപ്‌ വിട്ടു പോ​കേ​ണ്ടി​വ​ന്നെ​ങ്കി​ലും സത്യത്തി​ന്റെ വിത്ത്‌ കാലാ​ന്ത​ര​ത്തിൽ ഫലം കായ്‌ക്കു​ക​തന്നെ ചെയ്‌തു.

1989-ലും 90-ലും പോള​ണ്ടിൽ നടന്ന കൺ​വെൻ​ഷ​നു​കൾ, ശുശ്രൂഷ വികസി​പ്പി​ക്കു​ന്ന​തി​നും ആവശ്യം അധിക​മു​ള്ളി​ട​ത്തേക്കു മാറി​ത്താ​മ​സി​ക്കു​ന്ന​തി​നും റഷ്യക്കാ​രായ പല സാക്ഷി​കൾക്കും പ്രേര​ണ​യേകി. 1990-ൽ സെർഗെയ്‌ അവെറി​നും ഭാര്യ ഗലീന​യും ഖബറഫ്‌സ്‌ക്കിൽനി​ന്നു സാകലീ​നി​ലെ കൊർസ​ക്ക​ഫി​ലേക്കു മാറി. ഏതാനും മാസത്തി​നു​ശേഷം രണ്ടു പയനി​യർമാ​രും കുറെ പ്രസാ​ധ​ക​രും ഒരു സാക്ഷി മാത്രം ഉള്ള യൂഷ്‌ന-സഖലിൻസ്‌ക്കി​ലേക്കു താമസം മാറി.

മുമ്പു പരാമർശിച്ച പവിൽ സിവുൽസ്‌കി​യു​ടെ മകനായ പവിൽ സിവുൽസ്‌കി​യും ആ രണ്ടു പയനി​യർമാ​രിൽ ഒരാളും ഇപ്പോൾ ബെഥേ​ലിൽ സേവി​ക്കു​ന്നു. അദ്ദേഹം പറയുന്നു: “യൂഷ്‌ന-സഖലിൻസ്‌ക്കിൽ എത്തിയ​ശേഷം ഞാനും മറ്റൊരു സഹോ​ദ​ര​നും​കൂ​ടെ ആദ്യം ഒരു ഹോട്ട​ലിൽ താമസി​ച്ചു. കാരണം പെട്ടെ​ന്നൊ​ന്നും ഒരു താമസ​സൗ​ക​ര്യം കണ്ടെത്താ​നാ​യില്ല. ഹോട്ട​ലി​ന്റെ തൊട്ട​ടു​ത്തുള്ള വീടു​മു​തൽത്തന്നെ ഞങ്ങൾ പ്രസം​ഗ​വേല ആരംഭി​ച്ചു. സംഭാ​ഷ​ണ​ത്തി​നി​ട​യ്‌ക്ക്‌ വാടക​യ്‌ക്കു വീടു​ണ്ടോ എന്ന്‌ അന്വേ​ഷി​ക്കാ​നും മറന്നില്ല. ബൈബിൾ ചർച്ചകൾ എവി​ടെ​വെച്ചു തുടരാ​നാ​കു​മെന്ന്‌ ചിലർ ഞങ്ങളോ​ടു ചോദി​ച്ചു. തത്‌കാ​ലം ഒരു ഹോട്ട​ലി​ലാ​ണു താമസ​മെ​ന്നും ഒരു വീടു ശരിയാ​യാൽ അവർക്ക്‌ അവിടെ വരാ​മെ​ന്നും ഞങ്ങൾ പറഞ്ഞു. ഒരു വീടും ജോലി​യും കണ്ടെത്താൻ സഹായി​ക്ക​ണമേ എന്നു ഞങ്ങൾ യഹോ​വ​യോ​ടു മുട്ടി​പ്പാ​യി പ്രാർഥി​ച്ചു. യഹോവ ഞങ്ങളുടെ പ്രാർഥന കേട്ടു. താമസി​യാ​തെ​തന്നെ ഒരു അപ്പാർട്ടു​മെ​ന്റും ജോലി​യും ശരിയാ​യി. ഒരു വീട്ടു​കാ​രി തന്റെ അപ്പാർട്ടു​മെ​ന്റിൽ താമസി​ച്ചു​കൊ​ള്ളാൻ ഞങ്ങളോ​ടു പറഞ്ഞു. വാടക​യൊ​ന്നും വാങ്ങി​യ​തു​മില്ല. മാത്രമല്ല, ഞങ്ങൾക്ക്‌ ആഹാര​വും ഉണ്ടാക്കി​ത്തന്നു. അതു​കൊണ്ട്‌ ഞങ്ങൾക്കു കൂടുതൽ സമയം ശുശ്രൂ​ഷ​യിൽ ചെലവ​ഴി​ക്കാ​നാ​യി. യഹോവ ഞങ്ങളോ​ടു​കൂ​ടെ ഉണ്ടെന്ന്‌ അവൻ ഞങ്ങൾക്കു കാണി​ച്ചു​തന്നു. പെട്ടെ​ന്നു​തന്നെ ഞങ്ങൾ ധാരാളം ബൈബി​ള​ധ്യ​യ​നങ്ങൾ നടത്താൻ തുടങ്ങി. പുസ്‌ത​കാ​ധ്യ​യന കൂട്ടങ്ങ​ളും രൂപീ​ക​രി​ച്ചു. രണ്ടു മാസത്തി​നു​ശേഷം ഒരു വീടു വാടക​യ്‌ക്കെ​ടു​ത്തു യോഗങ്ങൾ നടത്താൻ തുടങ്ങി.”

സഭ വളർന്ന​തോ​ടെ പുതിയ പ്രസാ​ധ​ക​രിൽ പലരും പയനി​യ​റിങ്‌ തുടങ്ങി. തീക്ഷ്‌ണ​രായ ശുശ്രൂ​ഷ​ക​രാ​യി​രു​ന്നു അവർ. പലരും ദ്വീപി​ന്റെ മറ്റു ഭാഗങ്ങ​ളി​ലേ​ക്കു​കൂ​ടെ സത്യം എത്തിക്കു​ന്ന​തി​നാ​യി അങ്ങോട്ടു മാറി​ത്താ​മ​സി​ച്ചു. ധ്രുത​ഗ​തി​യിൽ വളരുന്ന ഈ സഭയുടെ തീക്ഷ്‌ണ​മായ ശുശ്രൂ​ഷയെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു. മൂന്നു വർഷത്തി​നു​ശേഷം, 1993 ആയപ്പോ​ഴേ​ക്കും ആദ്യത്തെ ഒരു സഭയിൽനിന്ന്‌ എട്ടു പുതിയ സഭകൾ രൂപം​കൊ​ണ്ടി​രു​ന്നു!

കാലാ​ന്ത​ര​ത്തിൽ പല പ്രസാ​ധ​ക​രും ദ്വീപു വിട്ടു​പോ​യി, സാമ്പത്തിക ബുദ്ധി​മു​ട്ടു മൂലവും ശുശ്രൂഷ വികസി​പ്പി​ക്കുക എന്ന ഉദ്ദേശ്യ​ത്തി​ലും ആയിരു​ന്നു അത്‌. മുമ്പ​ത്തെ​പ്പോ​ലെ​തന്നെ അതെല്ലാം കൂടുതൽ വളർച്ച​യ്‌ക്ക്‌ ഇടയാക്കി. ഇപ്പോൾ യൂഷ്‌ന-സഖലിൻസ്‌ക്‌ പട്ടണത്തി​ന്റെ നടുവിൽത്തന്നെ മനോ​ഹ​ര​മായ ഒരു രാജ്യ​ഹാ​ളുണ്ട്‌. ദ്വീപിൽ ആകെയുള്ള ഒമ്പതു സഭകളും നാലു കൂട്ടങ്ങ​ളും കൂടെ ചേർന്ന്‌ ഒരു സർക്കി​ട്ടാ​കു​ക​യും ചെയ്‌തു.

ശക്തമായ എതിർപ്പിൻ മധ്യേ​യും വാതി​ലു​കൾ തുറക്ക​പ്പെ​ടു​ന്നു

ഒന്നാം നൂറ്റാ​ണ്ടിൽ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പറഞ്ഞു: “എനിക്കു വലിയ​തും സഫലവു​മാ​യോ​രു വാതിൽ തുറന്നി​രി​ക്കു​ന്നു; എതിരാ​ളി​ക​ളും പലർ ഉണ്ട്‌.” (1 കൊരി. 16:9) രണ്ടായി​രം വർഷത്തി​നു​ശേ​ഷ​വും എതിരാ​ളി​ക​ളു​ടെ എണ്ണം കുറഞ്ഞി​ട്ടില്ല. 1995-നും 1998-നും ഇടയ്‌ക്ക്‌ മോസ്‌കോ​യി​ലെ പ്രോ​സി​ക്യൂ​ട്ട​റു​ടെ കാര്യാ​ലയം നാലു പ്രാവ​ശ്യം സാക്ഷി​കൾക്കെ​തി​രെ കുറ്റാ​രോ​പ​ണങ്ങൾ ഉന്നയി​ക്കു​ക​യു​ണ്ടാ​യി. ആളുകളെ മതസഹി​ഷ്‌ണുത ഇല്ലാത്ത​വ​രാ​ക്കു​ന്നു, കുടും​ബ​ങ്ങളെ തകർക്കു​ന്നു, രാഷ്‌ട്ര​വി​രുദ്ധ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നു, മറ്റു പൗരന്മാ​രു​ടെ അവകാ​ശ​ങ്ങ​ളിൽ കൈക​ട​ത്തു​ന്നു എന്നിവ​യാ​യി​രു​ന്നു യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ ഉന്നയി​ക്ക​പ്പെട്ട ആരോ​പ​ണങ്ങൾ. ഈ ആരോ​പ​ണ​ങ്ങ​ളൊ​ന്നും തെളി​യി​ക്കാൻ കഴിഞ്ഞില്ല. അപ്പോൾ 1998-ൽ അതേ അടിസ്ഥാ​ന​ര​ഹിത ആരോ​പ​ണ​ങ്ങ​ളു​ടെ പേരിൽ സാക്ഷി​കൾക്കെ​തി​രെ ഒരു സിവിൽ കേസ്‌ കൊണ്ടു​വന്നു.

ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞ​പ്പോൾ നീതി​ന്യാ​യ മന്ത്രാ​ലയം, റഷ്യയി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണ​കേ​ന്ദ്ര​ത്തിന്‌ വീണ്ടും രജിസ്‌​ട്രേഷൻ നൽകി. യഹോ​വ​യു​ടെ സാക്ഷികൾ ആളുക​ളിൽ മതവി​ദ്വേ​ഷം ജനിപ്പി​ക്കു​ന്ന​വ​രോ കുടും​ബ​ങ്ങളെ തകർക്കു​ന്ന​വ​രോ മനുഷ്യാ​വ​കാ​ശ​ങ്ങ​ളിൽ കൈക​ട​ത്തു​ന്ന​വ​രോ അല്ല എന്നു മനസ്സി​ലാ​ക്കി​യ​തി​ന്റെ വെളി​ച്ച​ത്തി​ലാ​യി​രു​ന്നു അത്‌. സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഇത്തരത്തി​ലു​ള്ളവ അല്ലെന്ന്‌ അവർക്കു മനസ്സി​ലാ​യി. എന്നിരു​ന്നാ​ലും പ്രോ​സി​ക്യൂ​ട്ട​റു​ടെ കാര്യാ​ലയം വീണ്ടും അതേ ആരോ​പ​ണ​ങ്ങൾത്തന്നെ ഉന്നയിച്ചു!

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സം പൂർണ​മാ​യി ബൈബി​ള​ധി​ഷ്‌ഠി​ത​മാ​ണെന്ന്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ മതപഠന വിഭാ​ഗ​ത്തി​ലെ ചില പ്രൊ​ഫ​സർമാർക്ക്‌ അറിയാം. സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലുള്ള ഹെർസിൻ റഷ്യൻ സ്റ്റേറ്റ്‌ പെഡ​ഗോ​ജി​ക്കൽ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ മതപഠ​ന​വി​ഭാഗ പ്രൊ​ഫ​സ​റായ ഡോ. എൻ. എസ്‌. ഗോർഡീൻകോ പറയുന്നു: “മതപഠി​പ്പി​ക്ക​ലി​ന്റെ പേരിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ ആരോ​പണം ഉന്നയി​ക്കുന്ന വിദഗ്‌ധ​ന്മാർ വാസ്‌ത​വ​ത്തിൽ ബൈബി​ളിന്‌ എതി​രെ​യാണ്‌ ആരോ​പണം ഉന്നയി​ക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കു​ന്നില്ല.”

എന്നിരു​ന്നാ​ലും മോസ്‌കോ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കുള്ള നിയമാം​ഗീ​കാ​രം റദ്ദാക്കാൻ മോസ്‌കോ സിറ്റി കോടതി വിധിച്ചു. എന്നാൽ മറ്റുള്ള​വ​രു​മാ​യി സുവാർത്ത പങ്കു​വെ​ക്കുക എന്ന ബൈബിൾ കൽപ്പന നിവർത്തി​ക്കു​ന്ന​തിൽനിന്ന്‌ ഇതൊ​ന്നും സഹോ​ദ​ര​ങ്ങളെ തടയു​ന്നില്ല. മതവി​ശ്വാ​സ​ത്തി​ന്റെ കാര്യ​ത്തിൽ മോസ്‌കോ​യി​ലുള്ള ആളുകൾ സ്വന്തമാ​യി തീരു​മാ​നം എടുക്ക​ണ​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ ഉറച്ചു വിശ്വ​സി​ക്കു​ന്നു. അതിന്‌ അവരെ അനുവ​ദി​ക്കാ​ത്തത്‌ വാസ്‌ത​വ​ത്തിൽ അവരുടെ അവകാ​ശ​ത്തി​ന്മേ​ലുള്ള കൈക​ട​ത്ത​ലാണ്‌. അതു​കൊണ്ട്‌ മോസ്‌കോ​യി​ലുള്ള സാക്ഷികൾ പ്രസം​ഗി​ക്കാ​നും ശിഷ്യ​രാ​ക്കാ​നു​മുള്ള യേശു​വി​ന്റെ കൽപ്പന തുടർന്നും അനുസ​രി​ക്കും. (മത്താ. 28:19, 20) മോസ്‌കോ സിറ്റി കോട​തി​യു​ടെ തീരു​മാ​നത്തെ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി ഇപ്പോൾ വിലയി​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

1998 സെപ്‌റ്റം​ബ​റിൽ, മോസ്‌കോ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം നിരോ​ധി​ക്കാ​നുള്ള നീക്കങ്ങൾ തുടങ്ങി​യ​പ്പോൾ അവിടെ 43 സഭകളാണ്‌ ഉണ്ടായി​രു​ന്നത്‌. എട്ടു വർഷത്തി​നു​ശേഷം അത്‌ 93 ആയി! “നിനക്കു വിരോ​ധ​മാ​യി ഉണ്ടാക്കുന്ന യാതൊ​രു ആയുധ​വും ഫലിക്ക​യില്ല” എന്ന്‌ തന്റെ ജനത്തോ​ടു യഹോവ വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. (യെശ. 54:17) മുമ്പ്‌ ഒളിമ്പി​ക്‌സ്‌ നടന്നി​ട്ടുള്ള മോസ്‌കോ​യി​ലെ ലൂഷ്‌നി​ക്കീ സ്റ്റേഡി​യ​ത്തിൽവെച്ച്‌ 2007-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ നടന്നു. 29,040 പേർ അവിടെ ഹാജരാ​യി. 655 സ്‌നാ​ന​വും.

റഷ്യയിൽ ദൈവ​നാ​മം വലിയത്‌

മലാഖി 1:11-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, യഹോ​വ​യാം ദൈവ​ത്തി​ന്റെ വാക്കുകൾ ശ്രദ്ധി​ക്കുക: “സൂര്യന്റെ ഉദയം​മു​തൽ അസ്‌ത​മ​നം​വരെ എന്റെ നാമം ജാതി​ക​ളു​ടെ ഇടയിൽ വലുതാ​കു​ന്നു.” ഓരോ സൂര്യോ​ദ​യ​വും, ഈ വിസ്‌തൃത രാജ്യത്ത്‌ ചെമ്മരി​യാ​ടു തുല്യ​നായ പുതി​യൊ​രാ​ളെ കണ്ടെത്താ​നുള്ള അവസര​മൊ​രു​ക്കു​ന്നു. കഴിഞ്ഞ ഒരു സേവന​വർഷ​ത്തിൽ മാത്രം, റഷ്യയിൽ 7,000-ത്തിലധി​കം പേർ സ്‌നാ​ന​മേറ്റു. ഈ വേലയു​ടെ നിർവ​ഹ​ണ​ത്തിൽ “ചക്രവർത്തി​മാ​രു​ടെ ചക്രവർത്തി” ആയ യേശു​ക്രി​സ്‌തു—റഷ്യൻ ബൈബി​ളിൽ അവനെ അങ്ങനെ​യാ​ണു വിളി​ച്ചി​രി​ക്കു​ന്നത്‌—തന്റെ പ്രജക​ളോ​ടൊ​പ്പം ഉണ്ട്‌ എന്നതിന്റെ അനി​ഷേ​ധ്യ​മായ തെളി​വാ​ണിത്‌.—മത്താ. 24:14; വെളി. 19:16.

“കർത്താ​വി​ന്റെ ദിവസ​മോ കള്ളനെ​പ്പോ​ലെ വരും” എന്ന്‌ അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ പറഞ്ഞു. (2 പത്രൊ. 3:10) അതു​കൊണ്ട്‌ സകല രാഷ്‌ട്ര​ങ്ങ​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും ജനതക​ളി​ലും നിന്നുള്ള ശരിയായ ഹൃദയ​നി​ല​യു​ള്ള​വരെ അന്വേ​ഷി​ച്ചു കണ്ടെത്തു​ന്ന​തിന്‌ ശേഷി​ക്കുന്ന സമയം ഉപയോ​ഗ​പ്പെ​ടു​ത്താൻ റഷ്യയി​ലെ യഹോ​വ​യു​ടെ സാക്ഷികൾ ദൃഢചി​ത്ത​രാണ്‌.

[അടിക്കു​റി​പ്പു​കൾ]

a ഒരു ഉപഭര​ണ​പ്ര​ദേ​ശ​മാണ്‌ ഒബ്ലാസ്റ്റ്‌.

b 1999 ജൂൺ 22 ലക്കം ഉണരുക!-യിലെ “ആൽ​റ്റൈ​ക്കു​കാർ—ഞങ്ങൾ സ്‌നേ​ഹി​ക്കാ​നി​ട​യായ ഒരു കൂട്ടം ആളുകൾ” എന്ന ലേഖനം കാണുക.

[110-ാം പേജിലെ ആകർഷക വാക്യം]

“നിങ്ങൾക്കെ​തി​രാ​യി എന്തെങ്കി​ലും, ഒരു തുള്ളി രക്തം ചിന്തി​യ​താ​യി​പ്പോ​ലും, ഞങ്ങളുടെ രേഖയിൽ ഉണ്ടായി​രു​ന്നെ​ങ്കിൽ നിങ്ങ​ളെ​യെ​ല്ലാം വെടി​വെച്ചു കൊ​ന്നേനെ”

[128-ാം പേജിലെ ആകർഷക വാക്യം]

“നിന്നെ വിട്ടയ​ച്ചാൽ, പല സോവി​യറ്റ്‌ പൗരന്മാ​രും നിന്നോ​ടു​കൂ​ടെ ചേരും. അതു​കൊ​ണ്ടാണ്‌ ഞങ്ങൾ നിന്നെ രാജ്യ​ത്തി​നൊ​രു ഭീഷണി​യാ​യി കാണു​ന്നത്‌”

[219-ാം പേജിലെ ആകർഷക വാക്യം]

“പക്ഷിക​ളെ​പ്പോ​ലെ​യാണ്‌ നിങ്ങളു​ടെ ആളുകൾ; നിമി​ഷ​നേ​രം​കൊ​ണ്ടാണ്‌ അവർ ഇതെല്ലാം തൂക്കി​യെ​ടു​ത്തു​കൊ​ണ്ടു പോകു​ന്നത്‌”

[69-ാം പേജിലെ ചതുരം/ ചിത്രം]

സൈബീരിയ

സൈബീ​രിയ എന്നു കേൾക്കു​മ്പോൾ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ന്നത്‌ എന്താണ്‌? കൃഷി​യോ​ഗ്യ​മ​ല്ലാത്ത, ശൈത്യ​മാ​യാൽ മഞ്ഞുമൂ​ടി​ക്കി​ട​ക്കുന്ന, ഒരു നിർജ്ജ​ന​പ്ര​ദേ​ശ​മോ? അതോ, അനഭി​മ​തരെ നാടു​ക​ട​ത്താൻ സോവി​യറ്റ്‌ ഭരണകൂ​ടം തിര​ഞ്ഞെ​ടുത്ത കൊടും​ശൈ​ത്യ​ഭൂ​മി​യോ? ഇത്‌ പക്ഷേ, ചിത്ര​ത്തി​ന്റെ ഒരു വശം മാത്രം!

വലുപ്പ​ത്തിൽ ലോകത്ത്‌ രണ്ടാം സ്ഥാനത്തുള്ള കാനഡ​യെ​ക്കാൾ ഭൂവി​സ്‌തൃ​തി​യുണ്ട്‌ സൈബീ​രി​യ​യ്‌ക്ക്‌. ഇത്‌ യുറൽ മലനി​ര​ക​ളിൽനിന്ന്‌ കിഴ​ക്കോട്ട്‌ പസിഫിക്‌ സമു​ദ്രം​വ​രെ​യും മംഗോ​ളി​യ​യിൽനി​ന്നും ചൈന​യിൽനി​ന്നും വടക്കോട്ട്‌ ആർട്ടിക്‌ സമു​ദ്രം​വ​രെ​യും 1 കോടി 30 ലക്ഷം ചതുരശ്ര കിലോ​മീ​റ്റ​റി​ല​ധി​കം വ്യാപി​ച്ചു​കി​ട​ക്കു​ന്നു. പ്രകൃ​തി​വാ​തകം, എണ്ണ, തടി തുടങ്ങിയ പ്രകൃതി വിഭവ​ങ്ങ​ളാൽ സമ്പന്നവും പർവത​നി​രകൾ, താഴ്‌വ​രകൾ, ചതുപ്പു​നി​ലങ്ങൾ, തടാകങ്ങൾ, വൻനദി​കൾ എന്നിവ​യാൽ സമൃദ്ധ​വു​മാണ്‌ ഇവിടം.

ഏതാണ്ട്‌ ഒന്നരനൂ​റ്റാ​ണ്ടു കാലത്ത്‌, നാടു​ക​ട​ത്ത​ലി​ന്റെ​യും നിർബ​ന്ധിത വേലയു​ടെ​യും ഇരുമ്പ​ഴി​ക​ളു​ടെ​യും നാടാ​യി​രു​ന്നു സൈബീ​രിയ. ജോസഫ്‌ സ്റ്റാലിൻ 1930-കളിലും 40-കളിലും അടിമ​പ്പണി ചെയ്യി​ക്കു​ന്ന​തി​നാ​യി ദശലക്ഷ​ങ്ങളെ ഇവിടത്തെ പാളയ​ങ്ങ​ളി​ലേക്ക്‌ അയച്ചു. 1949-ലും 1951-ലും മൊൾഡോവ, ബാൾട്ടിക്‌ റിപ്പബ്ലി​ക്കു​കൾ, യൂ​ക്രെ​യിൻ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള 9,000-ത്തോളം യഹോ​വ​യു​ടെ സാക്ഷികൾ സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്ത​പ്പെട്ടു.

[72-ാം പേജിലെ ചതുരം/ ചിത്രങ്ങൾ]

ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി

ഭൂവി​സ്‌തൃ​തി​യിൽ ലോക​ത്തി​ലെ ഏറ്റവും വലിയ രാജ്യ​മായ റഷ്യ കിഴക്കു​നിന്ന്‌ പടിഞ്ഞാ​റു​വരെ 7,700 കിലോ​മീ​റ്റർ നീളത്തി​ലും വടക്കു​നിന്ന്‌ തെക്കു​വരെ 3,000 കിലോ​മീ​റ്റർ വീതി​യി​ലു​മാ​യി മൊത്തം 1,70,75,400 ചതുരശ്ര കിലോ​മീ​റ്റർ വ്യാപി​ച്ചു​കി​ട​ക്കു​ന്നു. 11 സമയ​മേ​ഖ​ലകൾ ഉൾക്കൊ​ള്ളുന്ന ഈ രാജ്യം ഉത്തരാർധ​ഗോ​ള​ത്തി​ന്റെ ഏതാണ്ട്‌ പകുതി​യോ​ളം​വ​രും. ലോക​ത്തി​ലെ ഏറ്റവും ആഴമേ​റിയ തടാക​വും യൂറോ​പ്പി​ലെ ഏറ്റവും ഉയരമുള്ള കൊടു​മു​ടി​യും ഏറ്റവും നീളമുള്ള നദിയും ഇവി​ടെ​യാണ്‌.

ജനങ്ങൾ

ജനസം​ഖ്യ​യു​ടെ 80 ശതമാ​ന​വും റഷ്യക്കാ​രാണ്‌. 70-ലേറെ ഇതര ഗോ​ത്ര​ങ്ങ​ളും റഷ്യയിൽ കുടി​പാർക്കു​ന്നു. ചില ഗോ​ത്ര​ങ്ങ​ളു​ടെ അംഗബലം ഏതാനും ആയിരങ്ങൾ മാത്ര​മാ​ണെ​ങ്കിൽ മറ്റുചി​ല​തി​ന്റേത്‌ ദശലക്ഷം കവിയും.

ഭാഷ

ഏതാണ്ട്‌ എല്ലാവർക്കും​തന്നെ ഔദ്യോ​ഗിക ഭാഷയായ റഷ്യൻ അറിയാം. കൂടാതെ, 100-ലധികം ഇതര ഭാഷക​ളും ഉപയോ​ഗ​ത്തി​ലുണ്ട്‌, പത്തുല​ക്ഷ​ത്തോ​ളം വീതം ജനസം​ഖ്യ​യുള്ള ഏതാനും ഗോ​ത്ര​ങ്ങ​ളു​ടെ മാതൃ​ഭാ​ഷ​ക​ളും അവയിൽപ്പെ​ടു​ന്നു.

സമ്പദ്‌ഘടന

എണ്ണയും പ്രകൃ​തി​വാ​ത​ക​വും ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തിൽ മുൻപ​ന്തി​യിൽനിൽക്കുന്ന രാജ്യ​ങ്ങ​ളി​ലൊ​ന്നാണ്‌ റഷ്യ. തടിവ്യ​വ​സാ​യം, ഖനനം, പലതരം ഉത്‌പ​ന്നങ്ങൾ എന്നിവ​യ്‌ക്കും പ്രസി​ദ്ധ​മാണ്‌ ഇവിടം.

ഭക്ഷണം

തൈര്‌ ചേർത്തു​ണ്ടാ​ക്കുന്ന പോഷ​ക​സ​മൃ​ദ്ധ​മായ വിഭവങ്ങൾ, മാംസം, മത്സ്യം, കാബേജ്‌ എന്നിവ ഉരുള​ക്കി​ഴങ്ങ്‌, റൈ (വരക്‌) ബ്രഡ്‌, ബക്ക്‌വീറ്റ്‌ (ഒരു തരം ഗോതമ്പ്‌) ബ്രഡ്‌ എന്നിവ​യോ​ടൊ​പ്പം കഴിക്കു​ന്നു. കൊഴു​പ്പും കാർബോ​ഹൈ​ഡ്രേ​റ്റും സമൃദ്ധ​മാ​യുള്ള റഷ്യൻ ഭക്ഷണം സുദീർഘ​മായ ശൈത്യ​കാ​ലത്തെ നേരി​ടാൻ ആവശ്യ​മായ ഊർജം പ്രദാ​നം​ചെ​യ്യു​ന്നു. പുളി​പ്പിച്ച ക്രീം പുരട്ടി​യ​തോ സൂപ്പി​ലി​ട്ട​തോ ആയ പെൽമെ​നി​യും (ധാന്യ​മാ​വു​കൊ​ണ്ടുള്ള ഒരു വിഭവം) കാബേജ്‌, മാംസം, ചീസ്‌, ഉരുള​ക്കി​ഴങ്ങ്‌ എന്നിവ​യി​ലേ​തെ​ങ്കി​ലും ബണ്ണിന​ക​ത്തു​വെ​ച്ചു​ണ്ടാ​ക്കുന്ന പിറോ​ഷ്‌കി​യും തനത്‌ വിഭവ​ങ്ങ​ളാണ്‌. ബോർഷും (ബീറ്റ്‌റൂട്ട്‌ സൂപ്പ്‌) ഷീയു​മാണ്‌ (കാബേജു സൂപ്പ്‌) ജനപ്രിയ സൂപ്പുകൾ.

കാലാവസ്ഥ

വേനൽക്കാ​ലത്ത്‌ താപനില ഉയരും. ശൈത്യ​കാ​ലം തണു​പ്പേ​റി​യ​തും ഇരുണ്ട​തു​മാണ്‌. വസന്തവും ശരത്തും മറ്റു രണ്ട്‌ ഋതുക്കൾക്കായി വേഗം രംഗ​മൊ​ഴി​ഞ്ഞു​കൊ​ടു​ക്കു​ന്നു.

(റഷ്യയു​ടെ ഭൂപടങ്ങൾ; 116, 167 പേജു​ക​ളിൽ)

[ചിത്രങ്ങൾ]

ക്രെംലിൻ

എൽബ്രൂസ്‌ പർവതം, കാബർഡി​നോ-ബോൾക്കാ​രി​യ

ചെങ്കരടി, കംചട്‌ക ഉപദ്വീപ്‌

[92, 93 പേജു​ക​ളി​ലെ ചതുരം]

മനസ്സും ഹൃദയ​വും വെട്ടി​പ്പി​ടി​ക്കാൻ

സാക്ഷി​കളെ നിർമൂ​ല​മാ​ക്കു​കയല്ല, പിന്നെ​യോ വശീക​ര​ണ​ത്തി​ലൂ​ടെ​യോ ബലപ്ര​യോ​ഗ​ത്തി​ലൂ​ടെ​യോ സോവി​യറ്റ്‌ പ്രത്യ​യ​ശാ​സ്‌ത്ര​മെന്ന മൂശയി​ലേക്ക്‌ അവരെ തള്ളിക്ക​യ​റ്റുക എന്നതാ​യി​രു​ന്നു സോവി​യറ്റ്‌ ഗവൺമെ​ന്റി​ന്റെ പ്രഖ്യാ​പി​ത​ല​ക്ഷ്യം. ആ ലക്ഷ്യം സാധി​ക്കു​ന്ന​തി​നാ​യി അവർ ഉപയോ​ഗി​ച്ച​തോ രാഷ്‌ട്ര സുരക്ഷാ സമിതി​യായ കെജിബി-യെയും. കെജിബി പയറ്റിയ വ്യത്യസ്‌ത അടവു​ക​ളാ​ണു ചുവടെ.

തിരച്ചിൽ: രാത്രി​യിൽപ്പോ​ലും സാക്ഷി​ക​ളു​ടെ ഭവനങ്ങ​ളിൽ തിരച്ചിൽ നടന്നു. കൂടെ​ക്കൂ​ടെ​യുള്ള തിരച്ചി​ലു​കൾ കാരണം ചില കുടും​ബ​ങ്ങൾക്ക്‌ മാറി​ത്താ​മ​സി​ക്കേ​ണ്ടി​വന്നു.

രഹസ്യ നിരീ​ക്ഷണം: ടെലി​ഫോൺ സംഭാ​ഷ​ണങ്ങൾ ചോർത്തു​ന്ന​തും കത്തുകൾ പൊട്ടി​ച്ചു​വാ​യി​ക്കു​ന്ന​തും ശബ്ദം പിടി​ച്ചെ​ടു​ക്കുന്ന ഉപകര​ണങ്ങൾ വീടു​ക​ളിൽ സ്ഥാപി​ക്കു​ന്ന​തു​മെ​ല്ലാം അതിൽ ഉൾപ്പെ​ട്ടി​രു​ന്നു.

പിഴയും സഭാ​യോ​ഗങ്ങൾ തടസ്സ​പ്പെ​ടു​ത്ത​ലും: യോഗ​സ്ഥ​ലങ്ങൾ ഉദ്യോ​ഗ​സ്ഥ​രു​ടെ കർശന നിരീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സന്നിഹി​ത​രാ​കുന്ന എല്ലാവ​രിൽനി​ന്നും പിഴ ഈടാക്കി. പലപ്പോ​ഴും ആ തുക ശരാശരി മാസശ​മ്പ​ള​ത്തി​ന്റെ പകുതി​യോ അതി​ലേ​റെ​യോ ആയിരു​ന്നു.

മോഹനവാഗ്‌ദാനങ്ങളും ഭീഷണി​ക​ളും: സഹകരി​ച്ചാൽ പ്രതി​ഫ​ല​മെ​ന്ന​നി​ല​യിൽ കാറും മോസ്‌കോ നഗരഹൃ​ദ​യ​ത്തിൽത്തന്നെ അപ്പാർട്ടു​മെ​ന്റും നൽകാ​മെന്ന്‌ കെജിബി ചില സഹോ​ദ​ര​ങ്ങ​ളോ​ടു വാഗ്‌ദാ​നം​ചെ​യ്‌തു. നിസ്സഹ​ക​രി​ച്ചാൽ തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലെ നിരവധി വർഷത്തെ കഠിന​യാ​ത​ന​യാ​യി​രി​ക്കും ഫലമെ​ന്നും ഭീഷണി മുഴക്കി.

കുപ്രചാരണം: സിനി​മ​ക​ളും ടെലി​വി​ഷൻ പരിപാ​ടി​ക​ളും പത്രങ്ങ​ളും സാക്ഷികൾ സമൂഹ​ത്തി​നൊ​രു ഭീഷണി​യാ​ണെന്ന സന്ദേശം പ്രചരി​പ്പി​ച്ചു. ജയിലു​ക​ളി​ലും തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലും നടത്തിയ പ്രഭാ​ഷ​ണ​ങ്ങ​ളിൽ, സാക്ഷികൾ രാഷ്‌ട്രീയ പ്രചാ​ര​ണ​ത്തി​നുള്ള മറയായി ബൈബിൾ ഉപയോ​ഗി​ക്കു​ന്നു എന്നതു​പോ​ലുള്ള ആരോ​പ​ണങ്ങൾ ഉയർന്നു​കേട്ടു. ഇത്തരം കുപ്ര​ചാ​ര​ണങ്ങൾ വിവേ​ച​ന​യ്‌ക്കു വളം​വെച്ചു; അധ്യാ​പകർ സാക്ഷി​ക​ളു​ടെ മക്കൾക്ക്‌ കുറഞ്ഞ ഗ്രേഡു​കൾ നൽകി, തൊഴി​ലു​ട​മകൾ സഹോ​ദ​ര​ങ്ങൾക്ക്‌ ന്യായ​മാ​യും അവകാ​ശ​പ്പെട്ട ആനുകൂ​ല്യ​ങ്ങ​ളും ഒഴിവു​ക​ളും നിഷേ​ധി​ച്ചു.

നുഴഞ്ഞുകയറ്റം: രാജ്യ​സ​ന്ദേ​ശ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെന്നു നടിച്ച കെജിബി ഏജന്റു​മാർ ബൈബിൾ പഠിക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു. ചിലർ സംഘട​ന​യി​ലെ ഉത്തരവാ​ദി​ത്വ സ്ഥാനങ്ങ​ളിൽപോ​ലും എത്തി​പ്പെട്ടു. സംശയ​ത്തി​ന്റെ വിത്തുകൾ പാകി​ക്കൊണ്ട്‌ സാക്ഷി​കൾക്കി​ട​യിൽ ഭിന്നി​പ്പു​ണ്ടാ​ക്കു​ക​യും അങ്ങനെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു തടയി​ടു​ക​യും ചെയ്യുക എന്നതാ​യി​രു​ന്നു അവരുടെ ലക്ഷ്യം.

നാടുകടത്തൽ: സാക്ഷി​കളെ ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളി​ലേക്കു നാടു​ക​ടത്തി. അവിടെ, ദിവസ​വും 12 മണിക്കൂർ എല്ലുമു​റി​യെ പണി​യെ​ടു​ത്താണ്‌ സഹോ​ദ​രങ്ങൾ അഷ്ടിക്കു വക കണ്ടെത്തി​യി​രു​ന്നത്‌. ശൈത്യ​കാ​ലത്ത്‌ കൊടും​ത​ണു​പ്പും വേനൽക്കാ​ലത്ത്‌ കൊതു​കു​ക​ളു​ടെ​യും കുതി​ര​യീ​ച്ച​ക​ളു​ടെ​യും ശല്യവും അവർക്കു സഹി​ക്കേ​ണ്ടി​വന്നു.

കണ്ടുകെട്ടലും വേർപെ​ടു​ത്ത​ലും: വസ്‌തു​വ​കകൾ, ഭവനങ്ങൾ, സാധന​സാ​മ​ഗ്രി​കൾ എന്നിവ​യെ​ല്ലാം കണ്ടു​കെട്ടി. ചില​പ്പോൾ കുട്ടി​കളെ മാതാ​പി​താ​ക്ക​ളിൽനി​ന്നു നിഷ്‌ക​രു​ണം പറിച്ചു​മാ​റ്റു​ക​പോ​ലു​മു​ണ്ടാ​യി.

പരിഹാസവും മർദന​വും: സ്‌ത്രീ​കൾ ഉൾപ്പെടെ പല സാക്ഷി​ക​ളും അപമാ​നി​ക്ക​പ്പെട്ടു. ചിലർ മൃഗീ​യ​മായ മർദന​ത്തിന്‌ ഇരയായി.

തടവുശിക്ഷ: വിശ്വാ​സം ത്യജി​ക്കാൻ സാക്ഷി​കളെ പ്രേരി​പ്പി​ക്കുക, സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ അവരെ ഒറ്റപ്പെ​ടു​ത്തുക തുടങ്ങിയ ലക്ഷ്യങ്ങ​ളാ​യി​രു​ന്നു അതിന്റെ പിന്നിൽ.

തൊഴിൽപ്പാളയങ്ങൾ: ഇത്തരം പാളയ​ങ്ങ​ളി​ലെ കഠിനാ​ധ്വാ​നം സാക്ഷി​ക​ളു​ടെ ഊർജം​മു​ഴു​വൻ ഊറ്റി​യെ​ടു​ത്തു. പലപ്പോ​ഴും ഭീമൻ മരങ്ങളു​ടെ കുറ്റി​കൾപോ​ലും കുഴി​ച്ചെ​ടു​ക്ക​ണ​മാ​യി​രു​ന്നു. കൽക്കരി ഖനിക​ളി​ലും റയിൽവേ പാളങ്ങ​ളു​ടെ​യും റോഡു​ക​ളു​ടെ​യും നിർമാ​ണ​ത്തി​ലും അവർ വിയർപ്പൊ​ഴു​ക്കി. സ്വന്തം കുടും​ബ​ങ്ങ​ളിൽനി​ന്നു പറിച്ചു​മാ​റ്റ​പ്പെട്ട അവരുടെ താമസം ബാരക്കു​ക​ളി​ലാ​യി​രു​ന്നു.

[96, 97 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

രണ്ടു പ്രാവ​ശ്യം വധശിക്ഷ!

പ്യോട്ടർ ക്രിവ​കൂൽസ്‌കി

ജനനം 1922

സ്‌നാനം 1956

സംക്ഷിപ്‌ത വിവരം സത്യം പഠിക്കു​ന്ന​തി​നു​മുമ്പ്‌ ഒരു സെമി​നാ​രി​യിൽ പഠിച്ചി​രു​ന്നു. ജയിലു​ക​ളി​ലും തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലും 22 വർഷം ചെലവ​ഴി​ച്ചു. 1988-ൽ മരിച്ചു.

പോള​ണ്ടു​കാ​രായ സാക്ഷികൾ യൂ​ക്രെ​യി​നിൽ ഞാൻ താമസി​ച്ചി​രുന്ന സ്ഥലത്ത്‌ 1940-ൽ സുവാർത്ത പ്രസം​ഗി​ക്കാൻ ആരംഭി​ച്ചു. കർന്യ എന്ന ഒരു അഭിഷിക്ത സഹോ​ദരൻ എന്നെ സന്ദർശി​ച്ചു. രാത്രി​മു​ഴു​വ​നും ഞങ്ങൾ സംസാ​രി​ച്ചു. അദ്ദേഹം എന്നോടു പറഞ്ഞതാണ്‌ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം എന്ന്‌ എനിക്കു ബോധ്യ​മാ​യി.

1942-ൽ ജർമൻ സൈന്യ​ത്തി​ന്റെ മുന്നേ​റ്റ​ത്തെ​ത്തു​ടർന്ന്‌ സോവി​യറ്റ്‌ സൈന്യം പോള​ണ്ടിൽനി​ന്നു പിൻവാ​ങ്ങി. അരാജ​ക​ത്വ​ത്തി​ന്റെ ഒരു കാലമാ​യി​രു​ന്നു അത്‌. ജർമനി​ക്കും സോവി​യറ്റ്‌ യൂണി​യ​നും എതി​രെ​യുള്ള പോരാ​ട്ട​ത്തിൽ അവരോ​ടൊ​പ്പം ചേരണ​മെന്ന്‌ യൂ​ക്രെ​യിൻ ദേശീ​യ​വാ​ദി​കൾ എന്നെ നിർബ​ന്ധി​ച്ചു. ഞാൻ വിസമ്മ​തി​ച്ച​പ്പോൾ, ബോധം നഷ്ടപ്പെ​ടു​ന്ന​തു​വരെ അവരെന്നെ അടിച്ചു, തുടർന്ന്‌ തെരു​വി​ലേക്കു വലി​ച്ചെ​റി​ഞ്ഞു. ആ രാത്രി​യിൽത്തന്നെ അവരെന്നെ വധശിക്ഷ നടപ്പാ​ക്കു​ന്നി​ട​ത്തേക്ക്‌ എടുത്തു​കൊ​ണ്ടു​പോ​യി. യൂ​ക്രെ​നി​യൻ ജനതയെ സേവി​ക്കാൻ തയ്യാറാ​ണോ​യെന്ന്‌ അവി​ടെ​വെച്ച്‌ വീണ്ടും എന്നോടു ചോദി​ച്ചു. ഉച്ചത്തിൽ വ്യക്തമാ​യി ഞാൻ മറുപടി പറഞ്ഞു: “ഞാൻ യഹോ​വയെ മാത്രമേ സേവിക്കൂ!” അവർ എന്നെ വധശി​ക്ഷ​യ്‌ക്കു വിധിച്ചു. എന്നെ വെടി​വെ​ക്കാൻ പടയാ​ളി​ക​ളി​ലൊ​രാൾ ഉത്തരവി​ട്ട​പ്പോൾ, മറ്റൊ​രു​വൻ തോക്കു തട്ടിപ്പ​റി​ച്ചിട്ട്‌ “വെടി​വെ​ക്ക​രുത്‌, അവനെ​ക്കൊണ്ട്‌ നമുക്ക്‌ ഉപയോ​ഗ​മുണ്ട്‌” എന്നലറി. അരിശം​മൂത്ത്‌ മറ്റൊ​രു​വൻ എന്നെ പൊതി​രെ​ത്തല്ലി; ഒരാഴ്‌ച​യ്‌ക്കു​ള്ളിൽ ഞാൻതന്നെ നിന്നെ വെടി​വെ​ക്കും എന്ന്‌ അയാൾ വീമ്പു​മു​ഴക്കി. എന്നാൽ സംഭവി​ച്ച​തോ, ഏതാനും ദിവസ​ങ്ങൾക്കു​ള്ളിൽ അയാൾ കൊല്ല​പ്പെട്ടു.

1944 മാർച്ചിൽ സോവി​യറ്റ്‌ സൈന്യം ഞങ്ങളുടെ പ്രദേ​ശത്ത്‌ തിരി​ച്ചെത്തി, ഞാൻ ഉൾപ്പെടെ എല്ലാ പുരു​ഷ​ന്മാ​രെ​യും പിടി​ച്ചു​കൊ​ണ്ടു​പോ​യി. ഇത്തവണ അവർക്കാ​യി​രു​ന്നു പടയാ​ളി​ക​ളു​ടെ ആവശ്യ​മു​ണ്ടാ​യി​രു​ന്നത്‌. അവർ ഞങ്ങളെ​യെ​ല്ലാം ഒരു സ്ഥലത്തു കൂട്ടി​വ​രു​ത്തി. അവി​ടെ​വെച്ച്‌, എനിക്കു സത്യം കാണി​ച്ചു​തന്ന കർന്യയെ കണ്ടു. മറ്റ്‌ 70 സാക്ഷി​ക​ളും അവിടെ ഉണ്ടായി​രു​ന്നു. ഞങ്ങൾ ഒരു കൂട്ടമാ​യി മാറി​നിന്ന്‌ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇതുകണ്ട ഒരു ഓഫീസർ അടുത്തു​വന്ന്‌ ഞങ്ങൾ എന്തു​കൊ​ണ്ടാ​ണു മാറി​നിൽക്കു​ന്ന​തെന്നു ചോദി​ച്ചു. ഞങ്ങൾ ക്രിസ്‌ത്യാ​നി​ക​ളാ​ണെ​ന്നും അവരോ​ടൊ​പ്പം ചേർന്ന്‌ യുദ്ധം ചെയ്യാ​നാ​വി​ല്ലെ​ന്നും കർന്യ വിശദീ​ക​രി​ച്ചു. ഉടൻതന്നെ പടയാ​ളി​കൾ അദ്ദേഹത്തെ പിടി​ച്ചു​കൊ​ണ്ടു​പോ​യി. അദ്ദേഹത്തെ വെടി​വെ​ക്കും എന്ന്‌ അവർ ഞങ്ങളോ​ടു പറഞ്ഞു. പിന്നീ​ടൊ​രി​ക്ക​ലും ഞങ്ങൾ അദ്ദേഹത്തെ കണ്ടിട്ടില്ല. കർന്യയെ കൊന്ന​തു​പോ​ലെ ഞങ്ങളെ​യും വെടി​വെച്ചു കൊല്ലു​മെന്നു പറഞ്ഞ്‌ അവർ ഭീഷണി​പ്പെ​ടു​ത്താൻ തുടങ്ങി. സൈന്യ​ത്തിൽ ചേരാൻ തയ്യാറാ​ണോ​യെന്ന്‌ ഓരോ​രു​ത്ത​രോ​ടാ​യി ചോദി​ച്ചു. ഞാൻ വിസമ്മ​തി​ച്ച​പ്പോൾ ഒരു ഓഫീ​സ​റും മൂന്നു പട്ടാള​ക്കാ​രും ചേർന്ന്‌ എന്നെ കാട്ടി​ലേക്കു കൊണ്ടു​പോ​യി. മിലി​ട്ടറി കോട​തി​യിൽനി​ന്നുള്ള ഉത്തരവ്‌ കമാൻഡർ വായിച്ചു: “സൈന്യ​ത്തിൽ ചേരാ​നും യുദ്ധം ചെയ്യാ​നും വിസമ്മ​തി​ച്ച​തി​നാൽ വെടി​വെച്ചു കൊല്ലാൻ ഉത്തരവി​ട്ടി​രി​ക്കു​ന്നു.” ഞാൻ യഹോ​വ​യോ​ടു മുട്ടി​പ്പാ​യി പ്രാർഥി​ച്ചു. സ്‌നാ​ന​മേൽക്കാ​നുള്ള അവസരം ലഭിക്കാ​തി​രു​ന്ന​തി​നാൽ എന്റെ സേവനം യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മാ​യി​രി​ക്കു​മോ എന്ന ഭയം എനിക്കു​ണ്ടാ​യി​രു​ന്നു. ഉടൻതന്നെ, “ശത്രു​വി​നെ വെടി​വെ​ക്കുക” എന്ന ഉത്തരവ്‌ ഞാൻ കേട്ടു. എന്നാൽ സൈനി​കർ വെടി​വെ​ച്ചത്‌ ആകാശ​ത്തേ​ക്കാണ്‌. അപ്പോൾ ഓഫീസർ എന്നെ അടിക്കാൻ തുടങ്ങി. 10 വർഷത്തെ ജയിൽശി​ക്ഷ​യ്‌ക്ക്‌ എന്നെ വിധിച്ചു, അങ്ങനെ ഞാൻ മധ്യ റഷ്യയി​ലെ ഗോർക്കി ഒബ്ലാസ്റ്റി​ലുള്ള തൊഴിൽപ്പാ​ള​യ​ത്തി​ലെത്തി.

1956-ൽ എന്നെ വിട്ടയച്ചു, പിന്നീട്‌, ഒരു വിശ്വസ്‌ത സാക്ഷി​യായ റെജീ​നയെ ഞാൻ വിവാഹം കഴിച്ചു. എന്നാൽ ആറു മാസം കഴിഞ്ഞ​പ്പോൾ അപ്രതീ​ക്ഷി​ത​മാ​യി എന്നെ അറസ്റ്റു​ചെ​യ്‌ത്‌ 10 വർഷത്തെ തടവിനു വിധിച്ചു.

ഒടുവിൽ ഞാൻ സ്വത​ന്ത്ര​നാ​യ​പ്പോൾ ഒരു ഓഫീസർ എന്നോടു പറഞ്ഞു: “സോവി​യറ്റ്‌ യൂണി​യ​നിൽ നിനക്കു യാതൊ​രു സ്ഥാനവു​മില്ല.” അയാൾക്കു തെറ്റി​പ്പോ​യി! ഭൂമി യഹോ​വ​യു​ടേ​താ​ണെ​ന്നും അവിടെ ശാശ്വ​ത​മാ​യി വസി​ക്കേ​ണ്ടത്‌ ആരാ​ണെന്നു തീരു​മാ​നി​ക്കു​ന്നത്‌ അവനാ​ണെ​ന്നും അറിയു​ന്നത്‌ എത്ര വലിയ സന്തോ​ഷ​മാണ്‌!—സങ്കീ. 37:18.

[104, 105 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

“ഇക്കൂട്ട​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ ആരെങ്കി​ലു​മു​ണ്ടോ?”

യിഫ്‌ജെനിയ റൈബാക്‌

ജനനം 1928

സ്‌നാനം 1946

സംക്ഷിപ്‌ത വിവരം യൂ​ക്രെ​യി​നിൽ ജനനം; ജർമനി​യി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​യി, അവി​ടെ​വെച്ചു സത്യം പഠിച്ചു. ഇന്നി​പ്പോൾ റഷ്യയിൽ വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വയെ സേവി​ക്കു​ന്നു.

അന്നൊരു ഞായറാ​ഴ്‌ച​യാ​യി​രു​ന്നു. ജനലി​ലൂ​ടെ ഒഴുകി​യെ​ത്തിയ ശ്രുതി​മ​ധു​ര​മായ സംഗീതം ശ്രദ്ധി​ക്കാ​തി​രി​ക്കാൻ എനിക്കാ​യില്ല. യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു ആ സ്വരത്തി​ന്റെ ഉടമകൾ. പിന്നെ വൈകി​യില്ല, ഞാൻ അവരുടെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ തുടങ്ങി. വിശ്വാ​സ​ത്തെ​പ്രതി ജർമൻകാർ ജർമൻകാ​രെ ഉപദ്ര​വി​ക്കു​ന്ന​തി​ന്റെ കാരണം എനിക്കു പിടി​കി​ട്ടി​യില്ല. ജർമനി​യി​ലേക്കു കൊണ്ടു​പോ​യ​പ്പോൾ എന്നോ​ടൊ​പ്പം ഉണ്ടായി​രുന്ന എന്റെ യൂ​ക്രെ​യി​നി​യൻ കൂട്ടു​കാർക്ക്‌ ഞാൻ ജർമൻകാ​രു​മാ​യി ഇടപഴ​കു​ന്നത്‌ ഇഷ്ടപ്പെ​ട്ടില്ല. ഒരു ദിവസം അവരി​ലൊ​രു​വൾ അലറി​ക്കൊണ്ട്‌ മുഖമ​ടച്ച്‌ എനിക്കി​ട്ടൊ​ന്നു തന്നു. എന്റെ പഴയ കൂട്ടു​കാ​രി​കൾ എന്നെ കളിയാ​ക്കി.

1945-ൽ സ്വത​ന്ത്ര​യാ​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ടർന്ന്‌ ഞാൻ യൂ​ക്രെ​യി​നി​ലേക്കു മടങ്ങി. “നിന്റെ മമ്മയ്‌ക്കു സ്ഥിരത നഷ്ടപ്പെട്ടു. അവൾ വിഗ്ര​ഹ​ങ്ങ​ളൊ​ക്കെ വലി​ച്ചെ​റി​ഞ്ഞു, ഇപ്പോ പുതിയ ഏതോ ദൈവ​ത്തെ​യാണ്‌ ആരാധി​ക്കു​ന്നത്‌.” മുത്തച്ഛന്റെ വാക്കു​ക​ളാ​യി​രു​ന്നു അത്‌. ഞങ്ങൾ തനിച്ചാ​യ​പ്പോൾ മമ്മ ഒരു ബൈബി​ളെ​ടുത്ത്‌ ദൈവ​ത്തി​നു വിഗ്ര​ഹാ​രാ​ധന ഇഷ്ടമ​ല്ലെന്ന്‌ എന്നെ വായിച്ചു കേൾപ്പി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്നു​ണ്ടെന്ന കാര്യം മമ്മ എന്നോടു പറഞ്ഞു. മമ്മയെ കെട്ടി​പ്പു​ണർന്നിട്ട്‌ നിറക​ണ്ണു​ക​ളോ​ടെ ഞാൻ പതി​യെ​പ്പ​റഞ്ഞു, “ഞാനും ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​യാണ്‌!” സന്തോഷം കണ്ണുനീ​രാ​യി ഞങ്ങളുടെ കവിൾത്ത​ട​ങ്ങ​ളി​ലൂ​ടെ ഒഴുകി​യി​റങ്ങി.

ശുശ്രൂ​ഷ​യിൽ നല്ല തീക്ഷ്‌ണ​ത​യു​ണ്ടാ​യി​രു​ന്നു മമ്മയ്‌ക്ക്‌. സഹോ​ദ​ര​ന്മാർ എല്ലാവ​രും​തന്നെ തൊഴിൽപ്പാ​ള​യ​ങ്ങ​ളിൽ തടവി​ലാ​യി​രു​ന്ന​തി​നാൽ മമ്മയെ ഗ്രൂപ്പ്‌ സേവക​യാ​യി (ഇന്നത്തെ പുസ്‌ത​കാ​ധ്യ​യന മേൽവി​ചാ​രകൻ) നിയമി​ച്ചു. മമ്മയുടെ തീക്ഷ്‌ണത എന്നി​ലേ​ക്കും പകർന്നു.

1950-ൽ മതപര​മായ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ട്ടു​വെന്ന കുറ്റത്തിന്‌ എന്നെ അറസ്റ്റു​ചെ​യ്‌തു. കോടതി എനിക്ക്‌ പാളയ​ത്തിൽ പത്തു വർഷത്തെ തടവു വിധിച്ചു. ഞാനുൾപ്പെടെ അഞ്ചു സഹോ​ദ​രി​മാ​രെ സൈബീ​രി​യ​യി​ലെ ഉസോലി-സിബിർസ്‌കൊ​യി പട്ടണത്തി​ലേക്കു കൊണ്ടു​പോ​യി. 1951 ഏപ്രിൽ മുതൽ ഞങ്ങൾ റെയിൽപ്പാ​ത​യു​ടെ പണിയിൽ ഏർപ്പെട്ടു. റെയിൽപ്പാ​ത​യ്‌ക്കു കുറുകെ വെക്കുന്ന തടി ചുമന്നു കൊണ്ടു​പോ​ക​ണ​മാ​യി​രു​ന്നു ഞങ്ങൾ. ഈരണ്ടു​പേർ ചേർന്ന്‌ നല്ല കനമുള്ള തടി ചുമക്ക​ണ​മാ​യി​രു​ന്നു. ലോഹം​കൊ​ണ്ടുള്ള ട്രാക്കു​ക​ളും കൈ​കൊണ്ട്‌ നീക്കു​ക​യും ഉറപ്പി​ക്കു​ക​യും ചെയ്യണം. 10 മീറ്റർ നീളമു​ണ്ടാ​യി​രുന്ന ഓരോ​ന്നി​നും 320 കിലോ തൂക്കം വരുമാ​യി​രു​ന്നു. ഇതു ഞങ്ങളെ എത്ര ക്ഷീണി​പ്പി​ച്ചി​രു​ന്നു എന്നു പറയേ​ണ്ട​തി​ല്ല​ല്ലോ. ഒരിക്കൽ ജോലി കഴിഞ്ഞ്‌ വീട്ടി​ലേക്കു പോകു​ക​യാ​യി​രു​ന്നു ഞങ്ങൾ. തടവു​കാ​രെ​യും കയറ്റിവന്ന ഒരു ട്രെയിൻ ഞങ്ങളുടെ അടുത്താ​യി നിറുത്തി. ജനലി​ലൂ​ടെ ഒരു മനുഷ്യൻ വിളിച്ചു ചോദി​ച്ചു, “ഇക്കൂട്ട​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ ആരെങ്കി​ലു​മു​ണ്ടോ?” ഞങ്ങളുടെ ക്ഷീണം പമ്പകടന്നു. “ഞങ്ങൾ അഞ്ചു സഹോ​ദ​രി​മാ​രുണ്ട്‌!” ഞങ്ങൾ വിളിച്ചു പറഞ്ഞു. യൂ​ക്രെ​യി​നിൽനി​ന്നു നാടു​ക​ട​ത്തിയ ഞങ്ങളുടെ പ്രിയ​സ​ഹോ​ദ​ര​ങ്ങ​ളാ​യി​രു​ന്നു ആ തടവു​കാർ. എന്താണു സംഭവി​ച്ച​തെ​ന്നും അവർ നാടു​ക​ട​ത്ത​പ്പെ​ട്ടത്‌ എങ്ങനെ​യാ​ണെ​ന്നും ഞങ്ങളോ​ടു വിവരി​ക്കു​മ്പോൾ അവരുടെ ആവേശം ഒന്നു കാണേ​ണ്ട​താ​യി​രു​ന്നു. കുട്ടികൾ ഞങ്ങളെ പാട്ടു​പാ​ടി കേൾപ്പി​ച്ചു; സഹോ​ദ​രങ്ങൾ തന്നെ എഴുതി​യ​താ​യി​രു​ന്നു അവ. ഞങ്ങൾക്കു പരസ്‌പരം സംസാ​രി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി; പട്ടാള​ക്കാർപോ​ലും ഞങ്ങൾക്കു തടസ്സം സൃഷ്ടി​ച്ചില്ല.

ഉസോലി-സിബിർസ്‌കൊ​യി​യിൽനിന്ന്‌ ഞങ്ങളെ അങ്കാർസ്‌കി​ന​ടു​ത്തുള്ള വലി​യൊ​രു പാളയ​ത്തി​ലേക്കു മാറ്റി. അവിടെ 22 സഹോ​ദ​രി​മാ​രു​ണ്ടാ​യി​രു​ന്നു. പ്രസം​ഗ​പ്ര​ദേശം ഉൾപ്പെടെ എല്ലാം അവർ സംഘടി​പ്പി​ച്ചി​രു​ന്നു. ആത്മീയ​മാ​യി ഉറച്ചു​നിൽക്കാൻ ഇതു ഞങ്ങൾക്കു സഹായ​മാ​യി.

[108-ാം പേജിലെ ചതുരം/ ചിത്രം]

ഒന്നല്ല, പലതവണ എന്നെ “അഞ്ചാം മൂല”യിലേക്ക്‌ അയച്ചി​ട്ടുണ്ട്‌

നിക്കൊലൈ കാലി​ബാ​ബ

ജനനം 1935

സ്‌നാനം 1957

സംക്ഷിപ്‌ത വിവരം 1949-ൽ അദ്ദേഹത്തെ സൈബീ​രി​യ​യി​ലെ കുർഗൻ ഒബ്ലാസ്റ്റി​ലേക്കു നാടു​ക​ടത്തി.

സോവി​യറ്റ്‌ യൂണി​യ​നി​ലെ ഓരോ സാക്ഷി​യും നിരീക്ഷണ വലയത്തി​ലാ​യി​രുന്ന കാലം. ജീവിതം അത്ര സുഗമ​മാ​യി​രു​ന്നില്ല; പക്ഷേ യഹോവ ഞങ്ങൾക്ക്‌ ആവശ്യ​ത്തി​നു വിവേകം തന്നു. മതപര​മായ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെട്ടു എന്നതിന്റെ പേരിൽ 1959 ഏപ്രി​ലിൽ ഞാൻ അറസ്റ്റി​ലാ​യി. എന്റെ സഹോ​ദ​ര​ങ്ങളെ ഒറ്റി​ക്കൊ​ടു​ക്കാൻ ആഗ്രഹ​മി​ല്ലാ​യി​രു​ന്ന​തി​നാൽ ഒന്നും അറിയി​ല്ലെന്നു പറയാൻ ഞാൻ മനസ്സി​ലു​റച്ചു. സഹോ​ദ​ര​ന്മാ​രു​ടെ ഫോട്ടോ കാണി​ച്ചിട്ട്‌ അവരുടെ പേരു പറയാൻ അന്വേഷണ ഉദ്യോ​ഗസ്ഥൻ എന്നോടു പറഞ്ഞു. ആരെയും തിരി​ച്ച​റി​യാ​നാ​കു​ന്നില്ല എന്നായി​രു​ന്നു എന്റെ മറുപടി. അപ്പോൾ അദ്ദേഹം എന്റെ അനുജന്റെ ഫോട്ടോ കാണി​ച്ചിട്ട്‌ “ഇത്‌ തന്റെ സഹോ​ദ​ര​നാ​ണോ?” എന്നു ചോദി​ച്ചു. “ഇതെന്റെ സഹോ​ദ​ര​നാ​ണോ അല്ലയോ എന്നു പറയാൻ എനിക്കാ​വില്ല; കാരണം, എനിക്ക​റി​യില്ല,” ഞാൻ പറഞ്ഞു. ഉദ്യോ​ഗ​സ്ഥ​നു​ണ്ടോ വിടുന്നു. പെട്ടെന്ന്‌ എന്റെ ഒരു ഫോട്ടോ കാണി​ച്ചിട്ട്‌ “ഇതു താനാ​ണോ?” എന്നായി അടുത്ത ചോദ്യം. എന്റെ ഉത്തരവും പെട്ടെ​ന്നാ​യി​രു​ന്നു. “കണ്ടിട്ട്‌ എന്നെ​പ്പോ​ലി​രി​ക്കു​ന്നു. പക്ഷേ ഞാനാ​ണോ എന്നറി​യില്ല.”

എന്നെ സെല്ലി​ല​ടച്ചു; രണ്ടു മാസത്തി​ല​ധി​കം സമയം. ദിവസ​വും രാവിലെ ഉറക്കമു​ണ​രു​മ്പോൾ ഞാൻ യഹോ​വ​യു​ടെ മഹാദ​യ​യെ​പ്രതി അവനു നന്ദി പറയു​മാ​യി​രു​ന്നു. അതിനു​ശേഷം ബൈബി​ളിൽനിന്ന്‌ ഒരു തിരു​വെ​ഴുത്ത്‌ ഓർക്കും. എന്നിട്ട്‌ ഞാൻതന്നെ അതി​നെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യും. തുടർന്ന്‌ രാജ്യ​ഗീ​തം. പതു​ക്കെ​യാ​ണു കേട്ടോ, കാരണം ജയിലിൽ പാട്ടു​പാ​ടു​ന്നതു നിരോ​ധി​ച്ചി​രു​ന്നു. അതുക​ഴിഞ്ഞ്‌ ഒരു ബൈബിൾ വിഷയ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കും.

എന്നെ വിട്ട പാളയ​ത്തിൽ ചെന്ന​പ്പോൾ അവിടെ ധാരാളം സാക്ഷി​ക​ളു​ണ്ടാ​യി​രു​ന്നു. തടവറ​യി​ലെ അവസ്ഥ പരിതാ​പ​ക​ര​മാ​യി​രു​ന്നു. സംസാ​രി​ക്കാൻ ഞങ്ങൾക്ക്‌ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. സഹോ​ദ​ര​ന്മാ​രെ ഏകാന്ത​വാർഡി​ലേക്ക്‌ അയയ്‌ക്കു​ന്നതു പതിവാ​യി​രു​ന്നു. അഞ്ചാമത്തെ മൂല എന്നാണ്‌ അവർ അതിനെ വിളി​ച്ചി​രു​ന്നത്‌. പല തവണ എന്നെ “അഞ്ചാം മൂല”യിലേക്ക്‌ അയച്ചി​ട്ടുണ്ട്‌. അവിടെ തടവു​കാ​രു​ടെ ഒരു ദിവസത്തെ ആഹാരം എന്നുപ​റ​യു​ന്നത്‌ വെറും 200 ഗ്രാം ബ്രഡ്‌. ഇരുമ്പു പൊതിഞ്ഞ ഒരു മരത്തടി​യി​ലാണ്‌ ഞാൻ ഉറങ്ങി​യി​രു​ന്നത്‌. ജനൽപ്പാ​ളി​കൾ പൊട്ടി​യി​രു​ന്ന​തി​നാൽ കൊതു​കു​ക​ളു​ടെ ബഹളമാ​യി​രു​ന്നു സെല്ലി​ലാ​കെ. എന്റെ ബൂട്ടുകൾ എനിക്കു തലയി​ണ​യാ​യി.

പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഒളിപ്പി​ക്കാ​നുള്ള സ്ഥലം ഓരോ​രു​ത്ത​രും കണ്ടുപി​ടി​ക്ക​ണ​മാ​യി​രു​ന്നു. ഞാനെ​ന്താ​യാ​ലും ചൂലി​ന്റെ​യു​ള്ളിൽ ഒളിച്ചു​വെ​ക്കാൻ തീരു​മാ​നി​ച്ചു. അന്വേ​ഷ​ണ​ത്തി​നു വരുന്ന ഉദ്യോ​ഗസ്ഥൻ എല്ലാം അരിച്ചു​പെ​റു​ക്കി പരി​ശോ​ധി​ക്കു​മാ​യി​രു​ന്നു; പക്ഷേ ചൂലി​നു​ള്ളിൽ പ്രസി​ദ്ധീ​ക​രണം ഉണ്ടായി​രി​ക്കു​മെന്ന്‌ അദ്ദേഹം സ്വപ്‌ന​ത്തിൽപ്പോ​ലും കരുതി​യില്ല. ഭിത്തി​ക്കു​ള്ളി​ലും ഞങ്ങൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഒളിപ്പി​ക്കു​മാ​യി​രു​ന്നു. യഹോ​വ​യു​ടെ സംഘട​ന​യി​ലുള്ള എന്റെ വിശ്വാ​സം ഒന്നി​നൊ​ന്നു ശക്തി​പ്പെട്ടു. എല്ലാം കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന യഹോവ തന്റെ ഓരോ ദാസന്മാ​രെ​യും താങ്ങി​ക്കൊണ്ട്‌ അവരുടെ കൂടെ​ത്ത​ന്നെ​യുണ്ട്‌. എന്നും അവനെന്നെ സഹായി​ച്ചി​ട്ടേ​യു​ള്ളൂ.

1949-ലാണ്‌ ഞങ്ങളുടെ കുടും​ബത്തെ നാടു​ക​ട​ത്തി​യത്‌. എന്നാൽ അങ്ങകലെ സൈബീ​രി​യ​യി​ലു​ള്ള​വ​രു​ടെ അടുത്തു സത്യം എത്താൻ തക്കവണ്ണം കാര്യ​ങ്ങ​ളു​ടെ ഗതിതി​രി​ച്ചു​വി​ടാൻ യഹോ​വ​യ്‌ക്കു സാധി​ക്കു​മെന്ന്‌ അതിനു​മു​മ്പേ ഡാഡി പറഞ്ഞി​ട്ടുണ്ട്‌. ‘പക്ഷേ അതെങ്ങനെ?’ ഞങ്ങൾ ചിന്തിച്ചു. എന്നിട്ടോ, സൈബീ​രി​യ​യി​ലെ ആത്മാർഥ​ഹൃ​ദ​യ​രായ ആയിരങ്ങൾ സത്യമ​റി​യാൻ അധികാ​രി​കൾതന്നെ നിമി​ത്ത​മാ​യി​ല്ലേ?

രാജ്യത്തെ സ്ഥിതി​ഗ​തി​കൾ കീഴ്‌മേൽ മറിഞ്ഞ​തോ​ടെ, 1989-ലെ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാ​നാ​യി സഹോ​ദ​രങ്ങൾ പോള​ണ്ടി​ലേക്കു പോയി. അവിസ്‌മ​ര​ണീ​യ​മാ​യി​രു​ന്നു ആ ദിനങ്ങൾ. ഉപസം​ഹാര പ്രാർഥന കഴിഞ്ഞി​ട്ടും ഞങ്ങളാ​രും ഇരുന്നില്ല. കരഘോ​ഷം നിലയ്‌ക്കാൻ സമയം ഒരുപാ​ടെ​ടു​ത്തു. അപ്പോ​ഴത്തെ ഞങ്ങളുടെ വികാ​രങ്ങൾ വർണി​ക്കാൻ വാക്കു​ക​ളില്ല! ഞാൻ അനുഭ​വി​ക്കാത്ത കഷ്ടതക​ളില്ല, ക്ലേശങ്ങ​ളില്ല. പക്ഷേ കരയേ​ണ്ടി​വ​ന്നി​ട്ടുള്ള സാഹച​ര്യ​ങ്ങൾ വളരെ വിരളം. എന്നാൽ പോള​ണ്ടി​ലെ ഞങ്ങളുടെ പ്രിയ​സ​ഹോ​ദ​ര​ങ്ങളെ പിരി​യേ​ണ്ടി​വ​ന്ന​പ്പോൾ കണ്ണുനീ​രി​ന്റെ ഒരു പ്രവാ​ഹ​മാ​യി​രു​ന്നു. അതു പിടിച്ചു നിറു​ത്താൻ ആർക്കു​മാ​യില്ല; അതോ, ആരും അതിനു ശ്രമി​ച്ചില്ല എന്നു പറയു​ന്ന​താ​കു​മോ കൂടുതൽ ശരി?

[112, 113 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

എല്ലാം സുവാർത്ത​യ്‌ക്കു​വേണ്ടി

പ്യോട്ടർ പാർറ്റ്‌സേ

ജനനം 1926

സ്‌നാനം 1946

സംക്ഷിപ്‌ത വിവരം 1943-ൽ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി. രണ്ടു നാസി തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലും റഷ്യയി​ലെ ഒരു തൊഴിൽപ്പാ​ള​യ​ത്തി​ലും കഴിഞ്ഞി​ട്ടുണ്ട്‌. പിന്നീട്‌ നിരോ​ധ​ന​കാ​ലത്ത്‌ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവിച്ചു.

നാസി ജർമനി​യിൽവെച്ച്‌ ബൈബി​ളി​ന്റെ അടിസ്ഥാന ഉപദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു പഠിച്ച ഉടനെ​തന്നെ ഞാനതു പരിച​യ​ക്കാ​രു​മാ​യി പങ്കു​വെ​ക്കാൻ തുടങ്ങി. പലരും സത്യാ​രാ​ധ​ന​യിൽ എന്നോടു ചേർന്നു. 1943-ൽ ഒരു പുരോ​ഹി​തൻ എന്നെ ഗസ്റ്റപ്പോ​യ്‌ക്ക്‌ ഒറ്റി​ക്കൊ​ടു​ത്ത​തി​നെ തുടർന്ന്‌ ഞാൻ അറസ്റ്റി​ലാ​യി. യുവാ​ക്കളെ ഗവൺമെ​ന്റി​നെ​തി​രെ തിരി​ക്കു​ന്നു എന്നതാ​യി​രു​ന്നു ആരോ​പണം. അധികം കഴിഞ്ഞില്ല, ഞാൻ പോള​ണ്ടി​ലെ മൈഡാ​നെക്‌ വംശവി​ച്ഛേദ പാളയ​ത്തി​ലെത്തി. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​യുള്ള സഹവാസം വളരെ വില​പ്പെ​ട്ട​താ​യി​രു​ന്നു. അവി​ടെ​യാ​യി​രി​ക്കെ, സുവാർത്ത പ്രസം​ഗി​ക്കാ​നുള്ള ഞങ്ങളുടെ ദൃഢനി​ശ്ചയം ഒന്നുകൂ​ടെ ശക്തി​പ്പെട്ടു. പലരും സത്യ​ത്തോ​ടു താത്‌പ​ര്യം കാണിച്ചു; യഹോ​വ​യു​ടെ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സാക്ഷ്യം നൽകാൻ ഞങ്ങൾ അവസരങ്ങൾ തേടി. ഒരിക്കൽ ഒരു ഇരട്ട ചാട്ട​കൊണ്ട്‌ എനിക്ക്‌ 25 അടി കിട്ടി. ഉടനെ എഴു​ന്നേ​റ്റു​നി​ന്നിട്ട്‌ ജർമൻ ഭാഷയിൽ ഞാൻ ഉറക്കെ പറഞ്ഞു, “ഡാങ്ക ഷോൻ!” (“നന്ദി!”) “പയ്യന്റെ ചങ്കൂറ്റം കണ്ടോ! നമ്മുടെ അടി​കൊ​ണ്ടിട്ട്‌ അവൻ നമ്മളോ​ടു നന്ദിപ​റ​യു​ന്നു!” ഒരു ജർമൻകാ​രൻ അത്ഭുതം​കൂ​റി. ചാട്ടയടി എന്റെ പുറം​പൊ​ളി​ച്ചു.

ജോലി​യാ​ണെ​ങ്കിൽ കഠിന​മാ​യി​രു​ന്നു. ഞങ്ങൾ തളർന്ന്‌ അവശരാ​യി. മരിച്ച​വരെ, രാവും പകലും പ്രവർത്തി​ച്ചു​കൊ​ണ്ടി​രുന്ന ശ്‌മശാ​ന​ത്തിൽ ദഹിപ്പി​ച്ചു. അധികം താമസി​യാ​തെ ഞാനും ശ്‌മശാ​ന​ത്തി​ലെ ചൂളയിൽ എരിഞ്ഞ​ട​ങ്ങു​മെ​ന്നു​തന്നെ ഞാൻ കരുതി. പാളയ​ത്തിൽനി​ന്നു ജീവ​നോ​ടെ പുറത്തു കടക്കാ​നാ​വി​ല്ലെന്ന്‌ എനിക്ക്‌ ഏതാണ്ട്‌ ഉറപ്പാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ എനിക്ക്‌ ചെറി​യൊ​രു അപകടം പറ്റിയതു രക്ഷയായി. കുറ​ച്ചൊ​ക്കെ ആരോ​ഗ്യ​മു​ണ്ടാ​യി​രുന്ന എല്ലാവ​രെ​ക്കൊ​ണ്ടും നിർബ​ന്ധി​ച്ചു ജോലി​ചെ​യ്യി​ച്ചു. ബാക്കി​യു​ള്ള​വരെ മറ്റു പാളയ​ങ്ങ​ളി​ലേക്ക്‌ അയച്ചു. രണ്ടാഴ്‌ച കഴിഞ്ഞ്‌ എന്നെ റാവൻസ്‌ബ്രൂക്‌ തടങ്കൽപ്പാ​ള​യ​ത്തി​ലേക്കു മാറ്റി.

യുദ്ധം അവസാ​നി​ക്കാ​റാ​യ​പ്പോൾ, ജർമൻകാർ ഞങ്ങളെ​യെ​ല്ലാം വെടി​വെച്ചു കൊല്ലു​മെന്ന ശ്രുതി​പ​രന്നു. അപ്പോ​ഴാ​ണു കാവൽക്കാർ സ്ഥലംവി​ട്ടെന്ന കാര്യം ഞങ്ങൾ മനസ്സി​ലാ​ക്കി​യത്‌. ഇതറിഞ്ഞ തടവു​കാർ തങ്ങളുടെ വഴിക്കു​പോ​യി. ഞാൻ ഓസ്‌ട്രി​യ​യി​ലാണ്‌ എത്തി​പ്പെ​ട്ടത്‌, അവിടെ സൈന്യ​ത്തിൽ ചേരാൻ എന്നോട്‌ ആവശ്യ​പ്പെട്ടു. മതവി​ശ്വാ​സ​ങ്ങ​ളെ​പ്രതി ഞാൻ തടങ്കൽപ്പാ​ള​യ​ത്തിൽ കിടന്ന​താ​ണെന്നു പറഞ്ഞ്‌ സൈന്യ​ത്തിൽ ചേരാൻ ഞാൻ വിസമ്മ​തി​ച്ചു. അങ്ങനെ യൂ​ക്രെ​യി​നി​ലെ വീട്ടി​ലേക്കു മടങ്ങി​പ്പോ​കാൻ എന്നെ അനുവ​ദി​ച്ചു. അപ്പോ​ഴേ​ക്കും സോവി​യറ്റ്‌ യൂണി​യന്റെ ഭാഗമാ​യി മാറി​യി​രു​ന്നു യൂ​ക്രെ​യിൻ. 1949-ൽ യിക​റ്റെ​റീന എന്റെ ജീവി​ത​സ​ഖി​യാ​യി, പിന്നീ​ട​ങ്ങോട്ട്‌ നിഴൽപോ​ലെ എന്നും കൂടെ​യു​ണ്ടാ​യി​രു​ന്നു അവൾ. 1958-ൽ എന്നെ അറസ്റ്റു​ചെ​യ്‌ത്‌ മോർഡ്‌വി​നി​യൻ തൊഴിൽപ്പാ​ള​യ​ത്തി​ലേക്ക്‌ അയച്ചു.

വിട്ടയ​ച്ച​ശേഷം ഞാൻ ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ അച്ചടി​യിൽ സഹായി​ച്ചു. ഒരു രാത്രി ഉറക്കമി​ള​ച്ചി​രുന്ന്‌ ഞങ്ങൾ 1,200 പേജുകൾ പ്രിന്റു​ചെ​യ്‌തു, 1986-ൽ ആയിരു​ന്നു അത്‌. തറയി​ലും കിടക്ക​ക​ളി​ലും എന്നുവേണ്ട പറ്റുന്നി​ട​ത്തൊ​ക്കെ ഞങ്ങളത്‌ അടുക്കി​വെച്ചു. അപ്പോ​ഴാണ്‌ നിനച്ചി​രി​ക്കാ​തെ ഒരു കെജിബി ഏജന്റ്‌ കയറി​വ​ന്നത്‌. “വെറു​തെ​യൊ​ന്നു സംസാ​രി​ക്കാൻ” ആയിരു​ന്ന​ത്രേ. എവി​ടെ​യി​രു​ന്നു സംസാ​രി​ക്ക​ണ​മെന്ന്‌ യിക​റ്റെ​റീന ചോദി​ച്ചു. അകത്തി​രു​ന്നു സംസാ​രി​ക്കാ​മെന്ന്‌ അദ്ദേഹം പറയു​മോ എന്നൊ​ന്നും അപ്പോൾ ചിന്തി​ച്ചില്ല. ഭാഗ്യ​വ​ശാൽ വീടിനു പുറത്തുള്ള അടുക്ക​ള​യിൽവെച്ചു സംസാ​രി​ക്കാ​മെന്ന്‌ അദ്ദേഹം പറഞ്ഞു. വീടി​ന​ക​ത്തേക്കു വന്നിരു​ന്നെ​ങ്കിൽ ഞങ്ങൾ അറസ്റ്റി​ലാ​കു​മാ​യി​രു​ന്നു.

സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാ​നും എല്ലാം സുവാർത്ത​യ്‌ക്കു​വേണ്ടി ചെയ്യാ​നും ഇന്നോളം ഞങ്ങൾ ശ്രമി​ച്ചി​രി​ക്കു​ന്നു. ഞങ്ങളുടെ 6 മക്കളും 23 പേരക്കു​ട്ടി​ക​ളും ഒരു പേരക്കു​ട്ടി​യു​ടെ രണ്ടു മക്കളും വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വയെ സേവി​ക്കു​ന്നു. ഞങ്ങളുടെ കുട്ടികൾ സത്യത്തിൽ നടക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യോ​ടുള്ള കൃതജ്ഞ​ത​യാൽ നിറഞ്ഞു​തു​ളു​മ്പു​ക​യാണ്‌ ഞങ്ങളുടെ ഹൃദയം.

[122-ാം പേജിലെ ചതുരം]

ഏകാന്തതടവ്‌

സോവി​യറ്റ്‌ ശിക്ഷാ​നി​യ​മ​പ്ര​കാ​രം മതപര​മായ സാഹി​ത്യ​ങ്ങൾ മനസ്സോ​ടെ അധികാ​രി​കൾക്കു കൈമാ​റാൻ വിസമ്മ​തി​ക്കു​ന്ന​തു​പോ​ലുള്ള കുറ്റങ്ങൾക്കു സാധാരണ നൽകുന്ന ശിക്ഷയാ​യി​രു​ന്നു ഏകാന്ത​ത​ടവ്‌. സെല്ലി​ല​ട​ച്ചി​രുന്ന ഇത്തരം തടവു​കാർക്ക്‌ കൊടും​ത​ണു​പ്പു​ള്ള​പ്പോ​ഴും ധരിക്കാ​നു​ണ്ടാ​യി​രു​ന്നത്‌ കീറി​പ്പ​റിഞ്ഞ കോട്ടൺ വസ്‌ത്ര​ങ്ങ​ളാണ്‌.

ഒരു സെൽ എങ്ങനെ​യി​രി​ക്കു​മെന്ന്‌ ഒന്നു സങ്കൽപ്പി​ക്കാ​മോ? ഏകദേശം 10 അടി നീളവും 10 അടി വീതി​യും. ഇരുട്ടും ഈർപ്പ​വും അഴുക്കും കെട്ടു​പി​ണ​ഞ്ഞു​കി​ട​ക്കുന്ന അന്തരീക്ഷം. പോരാ​ഞ്ഞിട്ട്‌ കൊടും​ത​ണു​പ്പും, ശൈത്യ​കാ​ല​മാ​ണെ​ങ്കിൽ പറയു​കയേ വേണ്ട. പരുപ​രുത്ത കോൺക്രീറ്റ്‌ ഭിത്തികൾ. ഒരു മീറ്റർ കനമുള്ള ഭിത്തി​യു​ടെ ഉള്ളിലാ​യി വെച്ചി​രി​ക്കുന്ന ഒരു കൊച്ചു​ജ​നാല. ഗ്ലാസ്‌പാ​ളി​ക​ളിൽ ചിലത്‌ പൊട്ടി​യി​ട്ടുണ്ട്‌. ഒരു ഇലക്‌ട്രിക്‌ ബൾബ്‌ കനിഞ്ഞു​നൽകുന്ന ഒരൽപ്പം വെളിച്ചം. ചെറിയ സുഷി​ര​ങ്ങ​ളുള്ള ഒരു ഇരുമ്പു തകിടു​കൊ​ണ്ടു പൊതിഞ്ഞ ഈ വിളക്ക്‌ ഭിത്തി​യോ​ടു ചേർന്നുള്ള ഒരു പഴുതി​ലാ​യി വെച്ചി​രി​ക്കു​ന്നു. കോൺക്രീറ്റ്‌ തറ കൂടാതെ ഇരിക്കാൻ ആകെയു​ള്ളത്‌ ചുവരി​നോ​ടു​ചേർന്ന്‌ അതിന്റെ ഭാഗമാ​യി​ത്തന്നെ ഉണ്ടാക്കി​യി​രി​ക്കുന്ന ബെഞ്ചു​പോ​ലുള്ള ഒന്നാണ്‌. അതിൽ അധിക​സ​മയം ഇരിക്കാൻ പറ്റില്ല. കാലും പുറത്തെ പേശി​ക​ളും വലിഞ്ഞു വേദനി​ക്കും. പരുപ​രുത്ത ഭിത്തി​യാ​ണെ​ങ്കിൽ നടുവ്‌ കുത്തി​ത്തു​ള​യ്‌ക്കും.

രാത്രി​യാ​കു​മ്പോൾ കാവൽക്കാർ ഒരു മരപ്പെട്ടി അകത്തേ​ക്കു​ത​ള്ളും. ലോഹ​പ്പാ​ളി​കൾകൊണ്ട്‌ ഉറപ്പിച്ച ആ പെട്ടി​യു​ടെ മുകളി​ലാ​ണു കിടന്നു​റ​ങ്ങേ​ണ്ടത്‌. അതിന്റെ പുറത്തു കിടക്കു​ന്ന​തിൽ കുഴപ്പ​മൊ​ന്നു​മില്ല; പക്ഷേ തണുപ്പ്‌ മനുഷ്യ​നെ ഉറങ്ങാൻ സമ്മതി​ക്കി​ല്ലെന്നു മാത്രം. കമ്പിളി പേരി​നു​പോ​ലു​മി​ല്ലാ​യി​രു​ന്നു. ദിവസം 300 ഗ്രാം ബ്രഡ്‌; മൂന്നു​ദി​വസം കൂടു​മ്പോൾ സൂപ്പെ​ന്ന​പേ​രിൽ കുറച്ചു വെള്ളം.

തറയിൽ ഒരു കുഴലി​നോ​ളം​മാ​ത്രം വലുപ്പ​മുള്ള ടോയ്‌ലറ്റ്‌. അതിൽനി​ന്നു വമിക്കുന്ന ദുർഗന്ധം തലപെ​രു​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ചില സെല്ലു​ക​ളിൽ ഫാൻ ഘടിപ്പി​ച്ചി​രു​ന്നു. എന്തി​നെ​ന്നോ? ഈ അഴുക്കു​കു​ഴ​ലി​ലെ ദുർഗ​ന്ധം​കൊണ്ട്‌ സെല്ലു നിറയ്‌ക്കാൻ. തടവു​കാ​രു​ടെ ചുമത​ല​യു​ണ്ടാ​യി​രു​ന്നവർ ചില​പ്പോ​ഴൊ​ക്കെ ശിക്ഷയ്‌ക്ക്‌ ആക്കംകൂ​ട്ടു​ന്ന​തി​നാ​യി ഫാൻ ഓൺചെ​യ്‌ത്‌ അതിലെ തടവു​കാ​രനെ ‘കൊല്ലാ​തെ​കൊ​ല്ലു​മാ​യി​രു​ന്നു.’

[124, 125 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

മോർഡ്‌വിനിയൻ പാളയം #1

1959-നും 1966-നും ഇടയ്‌ക്ക്‌ 450 സഹോ​ദ​രങ്ങൾ ഈ പാളയ​ത്തിൽ കിടന്നി​ട്ടുണ്ട്‌. ഒരു സമയത്ത്‌ മൊത്തം 600 പേരെ ഇവിടെ പാർപ്പി​ക്കാ​നാ​കും. മോർഡ്‌വി​നി​യൻ ഭാഗത്ത്‌, തടവു​കാ​രെ നിർബ​ന്ധി​ച്ചു പണി​യെ​ടു​പ്പി​ക്കുന്ന 19 തൊഴിൽപ്പാ​ള​യ​ങ്ങ​ളിൽ ഒന്നായ ഇതിനു​ചു​റ്റു​മാ​യി 10 അടി ഉയരത്തിൽ വൈദ്യു​ത​ക​മ്പി​കൊണ്ട്‌ വേലി​കെ​ട്ടി​യി​ട്ടുണ്ട്‌. ഇതിനു​പു​റമേ, ചുറ്റും 13 കമ്പി​വേ​ലി​കൾ കൂടി​യുണ്ട്‌. പാളയ​ത്തി​നു ചുറ്റു​മുള്ള സ്ഥലം എപ്പോ​ഴും ഉഴുതു​മ​റി​ച്ചി​ടും; ചാടി​പ്പോ​കു​ന്ന​വ​രു​ടെ കാലട​യാ​ളം മണ്ണിൽ പതിയാ​നാ​ണിത്‌.

സാക്ഷി​കളെ പുറം​ലോ​ക​ത്തു​നി​ന്നു പറി​ച്ചെ​ടു​ത്തു​കൊണ്ട്‌ അധികാ​രി​കൾ ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും അവരെ അടിച്ച​മർത്താൻ നോക്കി. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും പാളയ​ത്തി​നു​ള്ളിൽ ദിവ്യാ​ധി​പത്യ പ്രവർത്ത​നങ്ങൾ സംഘടി​പ്പി​ക്കു​ന്ന​തി​നു സഹോ​ദ​ര​ങ്ങൾക്കു കഴിഞ്ഞു.

പാളയം​തന്നെ ഒരു സർക്കി​ട്ടാ​യി; ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും ഉണ്ടായി​രു​ന്നു. 28 പുസ്‌ത​കാ​ധ്യ​യന ഗ്രൂപ്പു​ക​ളുള്ള 4 സഭകൾ ചേർന്ന​താ​യി​രു​ന്നു സർക്കിട്ട്‌. ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​യി നില​കൊ​ള്ളാൻ ഏവരെ​യും സഹായി​ക്കു​ന്ന​തി​നു​വേണ്ടി ആഴ്‌ച​യിൽ ഏഴു യോഗങ്ങൾ നടത്താൻ സഹോ​ദ​രങ്ങൾ തീരു​മാ​നി​ച്ചു. തുടക്ക​ത്തിൽ ഒരു ബൈബിൾ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ഒന്നിനു പുറകേ ഒന്നായി എല്ലാ സഭകൾക്കും ബൈബിൾ വായി​ക്കാ​നാ​കും​വി​ധം ഒരു പട്ടിക തയ്യാറാ​ക്കി. ബൈബിൾ പകർത്തി​യെ​ഴു​താൻ തക്കംപാർത്തി​രുന്ന അവർ കിട്ടിയ ആദ്യ അവസരം​തന്നെ പ്രയോ​ജ​ന​പ്പെ​ടു​ത്തി. ഓരോ ബൈബിൾപു​സ്‌ത​ക​ത്തി​നും ഒരു നോട്ടു​ബുക്ക്‌. അസ്സൽകോ​പ്പി ആരു​ടെ​യും കണ്ണിൽപ്പെ​ടാ​തെ സുരക്ഷി​ത​മായ ഒരിടത്ത്‌ ഒളിച്ചു​വെച്ചു. അങ്ങനെ ആ ബൈബിൾവാ​യ​നാ​പ്പ​ട്ടിക പിൻപ​റ്റാൻ സഹോ​ദ​ര​ങ്ങൾക്കാ​യി. വീക്ഷാ​ഗോ​പുര അധ്യയ​ന​വും ഉണ്ടായി​രു​ന്നു. ഭർത്താ​ക്ക​ന്മാ​രെ കാണാൻ വന്ന സഹോ​ദ​രി​മാർ മാസി​ക​ക​ളു​ടെ കൊച്ചു​പ​തി​പ്പു​ക​ളും കൂടെ​ക്കൊ​ണ്ടു​വന്നു. വായി​ലി​ട്ടോ ഷൂസിന്റെ ഹീലി​നു​ള്ളിൽവെ​ച്ചോ നേരിയ ഷീറ്റു​ക​ളാ​ക്കി മുടി​യി​ഴ​യോ​ടു ചേർത്തു പിന്നി​യോ ഒക്കെയാണ്‌ മാസി​കകൾ അകത്തു​ക​ട​ത്തി​യി​രു​ന്നത്‌. പ്രസി​ദ്ധീ​ക​ര​ണങ്ങൾ പകർത്തി​യെ​ഴു​തി​യ​തി​ന്റെ പേരിൽ പല സഹോ​ദ​ര​ന്മാർക്കും പതിന​ഞ്ചു​ദി​വ​സം​വരെ ഏകാന്ത​ത​ട​വിൽ കഴി​യേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌.

മറ്റു ജയിൽപ്പു​ള്ളി​കളെ ഇട്ടിരു​ന്നി​ട​ത്തു​നിന്ന്‌ അകലെ​യാ​യി​രു​ന്നു ഈ പാളയം. അവി​ടെ​യുള്ള സാക്ഷികൾ ഒന്നും​തന്നെ വായി​ക്കു​ന്നി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്താ​നാ​യി ചുമത​ല​പ്പെ​ട്ടവർ തങ്ങളുടെ ‘രണ്ടുക​ണ്ണും സംഭാവന ചെയ്‌തി​രു​ന്നു.’ പക്ഷേ അപ്പോ​ഴും അവർക്ക്‌ ആത്മീയ ഭക്ഷണ​മെ​ത്തി​ക്കാൻ വഴികൾ തേടി​ക്കൊ​ണ്ടി​രു​ന്നു മറ്റു സഹോ​ദ​രങ്ങൾ. ഒരു സഹോ​ദരൻ ഒരു കെട്ടി​ട​ത്തി​ന്റെ മേൽക്കൂ​ര​യിൽ കയറും; അവി​ടെ​നി​ന്നു നോക്കി​യാൽ ഏകാന്ത​ത​ട​വു​കാ​രെ പതിവാ​യി നടക്കാൻ കൊണ്ടു​പോ​കുന്ന സ്ഥലം വ്യക്തമാ​യി കാണാം. തിരു​വെ​ഴു​ത്തു​കൾ കൊച്ചു​കൊ​ച്ചു കടലാ​സിൽ എഴുതി ഒരു സെന്റി​മീ​റ്റർ വ്യാസ​ത്തിൽ ഉരുട്ടി ഉണ്ടകളാ​ക്കും. ഈ ഉണ്ട കുഴലി​ന്റെ അറ്റത്തു​വെ​ച്ചിട്ട്‌ താഴെ സാക്ഷികൾ നടക്കുന്ന ദിശ ലക്ഷ്യമാ​ക്കി ഊതും. നടക്കു​ന്ന​തി​നി​ട​യിൽ ഷൂസിന്റെ വള്ളി കെട്ടാ​നെ​ന്ന​പോ​ലെ കുനി​ഞ്ഞിട്ട്‌ ആരും കാണാതെ ആ ആത്മീയ ഭക്ഷണം അവർ കൈക്ക​ലാ​ക്കും.

പരുത്തി​ക്കു​രു​വി​ന്റെ എണ്ണ ചേർത്ത ധാന്യ​ക്കു​റുക്ക്‌—അതായി​രു​ന്നു പ്രാത​ലും അത്താഴ​വും. ഉച്ചഭക്ഷ​ണ​മാ​ണെ​ങ്കി​ലോ വെള്ളം​പോ​ലി​രി​ക്കുന്ന ബീറ്റ്‌റൂട്ട്‌ സൂപ്പ്‌, അല്ലെങ്കിൽ മറ്റെ​ന്തെ​ങ്കി​ലും സൂപ്പ്‌. പ്രധാന വിഭവ​മെന്നു പറയു​ന്നത്‌ ലഘുവായ എന്തെങ്കി​ലും ആയിരി​ക്കും. തടവു​കാ​രു​ടെ ബ്രഡ്‌ കാഴ്‌ച​യ്‌ക്ക്‌ ബൂട്ട്‌സ്‌ ഉണ്ടാക്കാൻ ഉപയോ​ഗി​ക്കുന്ന തുണി​പോ​ലി​രു​ന്നു! “പാളയ​ത്തിൽ ഞാൻ ഏഴുവർഷം ഉണ്ടായി​രു​ന്നു; കടുത്ത വയറു​വേദന ഞങ്ങളുടെ കൂടപ്പി​റ​പ്പാ​യി​രു​ന്നു,” ഓർമകൾ അയവി​റ​ക്കു​ക​യാണ്‌ ഐവാൻ മിക്കി​റ്റോവ്‌.

സഹോ​ദ​രങ്ങൾ വിശ്വാ​സ​ത്തിൽ പതറാതെ ഉറച്ചു​തന്നെ നിന്നു. ഏകാന്ത​വാ​സം ദൈവ​ത്തി​ന്റെ വിശ്വസ്‌ത ദാസന്മാ​രു​ടെ ആത്മീയ​ത​യ്‌ക്കു തെല്ലും മങ്ങലേൽപ്പി​ച്ചില്ല. ദൈവ​ത്തെ​യും അയൽക്കാ​രെ​യും സ്‌നേ​ഹി​ക്കു​ന്ന​തിൽ തുടരു​ക​തന്നെ ചെയ്‌തു അവർ.—മത്താ. 22:37-39.

[131, 132 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

“എന്തിനാ കരയു​ന്നത്‌?” അവൾ ചോദി​ച്ചു

പോളിന ഗറ്റ്‌ഷ്‌മീറ്റ്‌

ജനനം 1922

സ്‌നാനം 1962

സംക്ഷിപ്‌ത വിവരം വിക്ടർ ഗറ്റ്‌ഷ്‌മീ​റ്റി​ന്റെ ഭാര്യ​യാ​യി. ജയിലിൽവെച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ദയാപൂർവ​ക​മായ പെരു​മാ​റ്റം ശ്രദ്ധി​ക്കാ​തി​രി​ക്കാൻ അവർക്കാ​യില്ല.

കമ്മ്യൂ​ണിസ്റ്റ്‌ ആദർശ​ങ്ങ​ളിൽ അടിയു​റച്ചു വിശ്വ​സിച്ച്‌ അതിനാ​യി നില​കൊണ്ട വ്യക്തി​യാ​യി​രു​ന്നു ഞാൻ. എന്നിട്ടും 1944 മേയിൽ കമ്മ്യൂ​ണി​സ്റ്റു​കാർ അറസ്റ്റു​ചെ​യ്‌ത്‌ എന്നെ വൊർക്കൂറ്റ തൊഴിൽപ്പാ​ള​യ​ത്തി​ലേക്ക്‌ അയച്ചു. അറസ്റ്റിന്റെ കാരണ​മെ​ന്താ​ണെന്ന്‌ മൂന്നു വർഷ​ത്തേക്ക്‌ എന്നോടു പറഞ്ഞില്ല. ആദ്യ​മൊ​ക്കെ അവർക്ക്‌ എന്തെങ്കി​ലും പിശകു​പ​റ്റി​യ​താ​ണെ​ന്നാ​ണു ഞാൻ കരുതി​യത്‌; മോചി​പ്പി​ക്ക​പ്പെ​ടുന്ന ദിവസ​ത്തി​നാ​യി ഞാൻ കാത്തി​രു​ന്നു. എന്നാൽ അതു സംഭവി​ച്ചി​ല്ലെന്നു മാത്രമല്ല, സോവി​യറ്റ്‌ യൂണി​യ​നെ​തി​രെ ശബ്ദമു​യർത്തി​യെന്ന്‌ ആരോ​പിച്ച്‌ എന്നെ പാളയ​ത്തിൽ പത്തുവർഷത്തെ തടവിനു വിധി​ക്കു​ക​യും ചെയ്‌തു.

മെഡി​ക്കൽരം​ഗത്ത്‌ അനുഭ​വ​പ​രി​ചയം ഉണ്ടായി​രു​ന്ന​തി​നാൽ ആദ്യത്തെ ഏതാനും വർഷം ഞാൻ പാളയ​ത്തി​ലെ ആശുപ​ത്രി​യിൽ ജോലി​നോ​ക്കി. 1949-ൽ ഇന്റയിലെ രാഷ്‌ട്രീയ തടവു​കാർക്കാ​യുള്ള ഒരു പാളയ​ത്തി​ലേക്ക്‌ എന്നെ മാറ്റി. അവിടത്തെ ചിട്ടക​ളൊ​ക്കെ അങ്ങേയറ്റം കണിശ​മാ​യി​രു​ന്നു. തടവു​കാർക്കി​ട​യിൽ നീരസ​വും വിദ്വേ​ഷ​വും പരുക്കൻമ​ട്ടി​ലുള്ള പെരു​മാ​റ്റ​വും അധാർമി​ക​ത​യും കൊടി​കു​ത്തി​വാ​ണു. പാളയ​ത്തി​ലു​ള്ള​വ​രെ​യൊ​ക്കെ വെടി​വെ​ക്കു​ക​യോ ജീവപ​ര്യ​ന്തം തടവിനു വിധി​ക്കു​ക​യോ ചെയ്യാൻ പോകു​ന്നു​വെന്ന കിംവ​ദന്തി പരന്ന​തോ​ടെ പ്രക്ഷു​ബ്ധ​മാ​യി​രുന്ന അന്തരീക്ഷം ഒന്നുകൂ​ടെ മോശ​മാ​യി. പിരി​മു​റു​ക്കം ഏറിയ​പ്പോൾ പലർക്കും മനസ്സിന്റെ സമനില നഷ്ടപ്പെട്ടു. പാളയ​ത്തി​ലു​ണ്ടാ​യി​രുന്ന ചാരന്മാ​രെ​പ്രതി തടവു​കാർ പരസ്‌പരം അവിശ്വ​സി​ക്കാ​നും വെറു​ക്കാ​നും തുടങ്ങി. എല്ലാവ​രും തങ്ങളി​ലേ​ക്കു​തന്നെ ഒതുങ്ങി​ക്കൂ​ടാൻ ശ്രമിച്ചു. സ്വാർഥ​ത​യും അത്യാ​ഗ്ര​ഹ​വും പ്രകട​മാ​യി​രു​ന്നു എവി​ടെ​യും.

എന്നാൽ 40 തടവു​കാ​രി​കൾ എല്ലാവ​രിൽനി​ന്നും വ്യത്യ​സ്‌ത​രാ​യി നില​കൊ​ണ്ടു. അവർ എപ്പോ​ഴും ഒരുമി​ച്ചാ​യി​രു​ന്നു. വൃത്തി​യും ദയയും ഉണ്ടായി​രുന്ന സൗഹൃ​ദ​മ​ന​സ്‌ക​രായ അവർ കാഴ്‌ച​യ്‌ക്കും സുന്ദരി​ക​ളാ​യി​രു​ന്നു, മിക്കവ​രും യുവതി​കൾ. ഏതാനും പെൺകു​ട്ടി​ക​ളും ഉണ്ടായി​രു​ന്നു അക്കൂട്ട​ത്തിൽ. അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന കാര്യം എനിക്കു മനസ്സി​ലാ​യി. അവരോ​ടുള്ള തടവു​കാ​രു​ടെ പെരു​മാ​റ്റം പല വിധത്തി​ലാ​യി​രു​ന്നു. ചിലർക്ക്‌ വിദ്വേ​ഷ​മാ​യി​രു​ന്നു. മറ്റുചി​ലർക്ക്‌ അവരുടെ പെരു​മാ​റ്റ​വും പ്രത്യേ​കിച്ച്‌ അവർക്കി​ട​യി​ലെ സ്‌നേ​ഹ​വും നന്നേ ബോധി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, അവരിൽ ഒരാൾക്ക്‌ അസുഖം വന്നാൽ മറ്റുള്ളവർ മാറി​മാ​റി അവരുടെ കിടക്ക​യ്‌ക്ക്‌ അരികി​ലി​രുന്ന്‌ അവരെ ശുശ്രൂ​ഷി​ക്കു​മാ​യി​രു​ന്നു. പാളയ​ത്തിൽ ഇത്തര​മൊ​രു സംഗതി തികച്ചും അസാധാ​ര​ണ​മാ​യി​രു​ന്നു.

ദേശീയ അതിർത്തി​കൾ അതിലം​ഘി​ച്ചു​കൊ​ണ്ടുള്ള അവരുടെ സൗഹൃദം എന്നെ ആശ്ചര്യ​പ്പെ​ടു​ത്തി. ജീവി​ക്കാ​നുള്ള ആശപോ​ലും നഷ്ടപ്പെട്ട അവസ്ഥയി​ലാ​യി​രു​ന്നു ഞാന​പ്പോൾ. ഒരിക്കൽ, സങ്കടം ഉറഞ്ഞു​കൂ​ടി മനസ്സിനു കനം​വെ​ച്ച​പ്പോൾ കണ്ണുനീർ പിടി​ച്ചു​നി​റു​ത്താൻ എനിക്കാ​യില്ല. അതുകണ്ട ഒരു പെൺകു​ട്ടി എന്റെ അടുത്തു​വ​ന്നി​ട്ടു ചോദി​ച്ചു: “പോളിന, എന്തിനാ കരയു​ന്നത്‌?”

“എനിക്കു ജീവിക്കണ്ട,” ഞാൻ പറഞ്ഞു.

ലീഡിയ നിക്കൂ​ലിന ആയിരു​ന്നു ആ പെൺകു​ട്ടി. അവളെന്നെ ആശ്വസി​പ്പി​ക്കാൻ ശ്രമിച്ചു. ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം, ദൈവം മാനവ​രാ​ശി​യു​ടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കുന്ന വിധം തുടങ്ങി ഒത്തിരി കാര്യങ്ങൾ അവളെ​ന്നോ​ടു പറഞ്ഞു. 1954 ജൂ​ലൈ​യിൽ ഞാൻ മോചി​ത​യാ​യി. അപ്പോ​ഴേ​ക്കും ഞാൻ സാക്ഷി​ക​ളിൽനിന്ന്‌ ഏറെ പഠിച്ചു കഴിഞ്ഞി​രു​ന്നു; അവരിൽ ഒരാളാ​യി​ത്തീ​രാൻ എനിക്കു സന്തോ​ഷമേ ഉണ്ടായി​രു​ന്നു​ള്ളൂ.

[140, 141 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

സൈനിക എഞ്ചിനീ​യർ സുവാർത്താ ഘോഷ​ക​നാ​കു​ന്നു

വ്‌ളാഡിമിർ നിക്കലാ​യെ​ഫ്‌സ്‌കി

ജനനം 1907

സ്‌നാനം 1955

സംക്ഷിപ്‌ത വിവരം വിവിധ തൊഴിൽ പ്പാളയ​ങ്ങ​ളി​ലേ​ക്കും തടവറ​ക​ളി​ലേ​ക്കു​മാ​യി 256 പ്രാവ​ശ്യം സ്ഥലംമാ​റ്റം. 1999-ൽ മരണമ​ടഞ്ഞു.

മോസ്‌കോ എഞ്ചിനീ​യ​റിങ്‌ കമ്മ്യൂ​ണി​ക്കേഷൻ ഇൻസ്റ്റി​റ്റ്യൂ​ട്ടിൽനിന്ന്‌ 1932-ൽ ഞാൻ ബിരുദം നേടി. 1941 വരെ മോസ്‌കോ​യി​ലെ ഒരു വിദ്യാ​ഭ്യാ​സ സ്ഥാപന​ത്തിൽ എഞ്ചിനീ​യ​റാ​യും പ്രധാന ആർക്കി​ടെ​ക്‌റ്റാ​യും ജോലി ചെയ്‌തു. യുദ്ധക്ക​പ്പ​ലു​കൾക്കാ​യി പല ഉപകര​ണ​ങ്ങ​ളും ഞാൻ സ്വന്തമാ​യി രൂപകൽപ്പന ചെയ്യു​മാ​യി​രു​ന്നു. യുദ്ധകാ​ലത്ത്‌ കസ്റ്റഡി​യി​ലെ​ടുത്ത എന്നെ ഒടുവിൽ മധ്യ കസാഖ്‌സ്ഥാ​നി​ലെ കെഞ്ചിർ ഗ്രാമ​ത്തി​ലുള്ള ഒരു പാളയ​ത്തി​ലേ​ക്ക​യച്ചു.

അവി​ടെ​യു​ണ്ടാ​യി​രുന്ന ഒരുകൂ​ട്ടം യഹോ​വ​യു​ടെ സാക്ഷികൾ എന്റെ ശ്രദ്ധയാ​കർഷി​ച്ചു. മറ്റു തടവു​കാ​രിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി​രു​ന്നു അവർ. മൂന്നു വാർഡു​ക​ളി​ലാ​യുള്ള 15,000 ജയിൽപ്പു​ള്ളി​ക​ളിൽ ഉദ്ദേശം 80 സാക്ഷി​ക​ളു​ണ്ടാ​യി​രു​ന്നു. 1954-ൽ കെഞ്ചിർ ഗ്രാമ​ത്തിൽ വിപ്ലവം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ അവർക്കും മറ്റു തടവു​പു​ള്ളി​കൾക്കു​മി​ട​യി​ലെ അന്തരം കൂടുതൽ വ്യക്തമാ​യി. യഹോ​വ​യു​ടെ സാക്ഷികൾ അതിൽനി​ന്നു വിട്ടു​നിൽക്കു​ക​യും അതിനാ​യി തയ്യാ​റെ​ടു​ക്കാൻപോ​ലും വിസമ്മ​തി​ക്കു​ക​യും ചെയ്‌തു. അവർക്കി​ട​യി​ലെ പ്രശാന്തത വിസ്‌മ​യാ​വ​ഹ​മാ​യി​രു​ന്നു, തങ്ങളുടെ നിലപാ​ടു മറ്റു തടവു​കാർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ അവർ ശ്രമി​ക്കു​ക​യും ചെയ്‌തു. സ്‌തു​ത്യർഹ​മായ അവരുടെ പെരു​മാ​റ്റം​കണ്ട്‌ അവരുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു ഞാൻ ചോദി​ച്ചു. അൽപ്പകാ​ല​ത്തി​നു​ശേഷം ഞാനെന്റെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു. പാളയ​ത്തി​ലാ​യി​രി​ക്കെ—പ്രത്യേ​കിച്ച്‌ ടാങ്കു​ക​ളു​മാ​യെ​ത്തിയ സായു​ധ​സേന വിപ്ലവം അടിച്ച​മർത്തിയ സന്ദർഭ​ത്തിൽ—സാക്ഷി​ക​ളു​ടെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെട്ടു.

എന്നെ സന്ദർശി​ക്കു​ക​യെന്ന പ്രത്യേക ലക്ഷ്യത്തിൽ മോസ്‌കോ​യിൽനി​ന്നു രണ്ടു ജനറൽമാർ വന്നിരി​ക്കു​ന്ന​താ​യി ഒരിക്കൽ ഞാനറി​ഞ്ഞു. അവരി​ലൊ​രാൾ എന്നോട്‌: “വ്‌ളാ​ഡി​മിർ, ഇതിവി​ടം​കൊ​ണ്ട​വ​സാ​നി​പ്പി​ച്ചോ​ളൂ. താനൊ​രു സൈനിക എഞ്ചിനീ​യ​റും ആർക്കി​ടെ​ക്‌റ്റു​മാണ്‌. മാതൃ​രാ​ജ്യ​ത്തി​നു തന്നെ ആവശ്യ​മുണ്ട്‌. ചെയ്‌തു​കൊ​ണ്ടി​രുന്ന തൊഴിൽ താൻ ഏറ്റെടു​ക്കണം. വിദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത​വ​രു​മാ​യുള്ള ഈ സഹവാ​സം​കൊണ്ട്‌ തനി​ക്കെന്തു പ്രയോ​ജനം കിട്ടാനാ?”

എന്റെ മറുപടി: “ഇക്കാര്യ​ത്തിൽ എനി​ക്കൊ​ന്നും പറയാ​നില്ല. മനുഷ്യ​നുള്ള സകല പ്രാപ്‌തി​യും ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌. അവനെ അനുസ​രി​ക്കു​ന്നവർ, ക്രിസ്‌തു​വി​ന്റെ ആയിര​വർഷ വാഴ്‌ച​ക്കാ​ലത്ത്‌ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കും. അന്നു മനുഷ്യ​വർഗം പൂർണ​രും വിദ്യാ​സ​മ്പ​ന്ന​രു​മാ​യി​ത്തീ​രും.”

സത്യ​ത്തെ​ക്കു​റിച്ച്‌ ആ ജനറൽമാ​രോ​ടു സംസാ​രി​ക്കാ​നാ​യ​തിൽ എന്തെന്നി​ല്ലാത്ത ചാരി​താർഥ്യം തോന്നി. പഴയ ജോലി​യിൽ പ്രവേ​ശി​ക്കാൻ പലപ്പോ​ഴും അവർ എന്നോട്‌ അഭ്യർഥി​ച്ചു​കൊ​ണ്ടി​രു​ന്നു. എന്നാൽ ഇനിയു​മെന്നെ ശല്യ​പ്പെ​ടു​ത്ത​രു​തെ​ന്നും, ഞാൻ അതിയാ​യി സ്‌നേ​ഹി​ക്കുന്ന ആത്മീയ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പാളയ​ത്തിൽക്ക​ഴി​യാൻ എന്നെ അനുവ​ദി​ക്ക​ണ​മെ​ന്നും ഞാനവ​രോ​ടു പറഞ്ഞു.

1955-ൽ ഞാൻ സ്വത​ന്ത്ര​നാ​യി. സൈന്യ​വു​മാ​യി ബന്ധമി​ല്ലാത്ത ഒരു കമ്പനി​യിൽ ജോലി​യു​മാ​രം​ഭി​ച്ചു. സമൃദ്ധ​മാ​യി സത്യത്തി​ന്റെ വിത്തു വിതയ്‌ക്കാ​നുള്ള പരി​ശ്ര​മ​ത്തി​ന്റെ ഫലമായി ഒരു എഞ്ചിനീ​യ​റി​ന്റെ കുടും​ബ​വു​മാ​യി ഞാൻ ബൈബിൾപ​ഠനം ആരംഭി​ച്ചു. താമസി​യാ​തെ അദ്ദേഹ​വും കുടും​ബ​വും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രു​ക​യും സതീക്ഷ്‌ണം സുവാർത്ത ഘോഷി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു. എന്നാൽ കെജിബി-യുടെ ചാരക്ക​ണ്ണു​കൾ എന്റെ പിന്നാ​ലെ​യു​ണ്ടാ​യി​രു​ന്നു. എന്റെ താമസ​സ്ഥ​ലത്ത്‌ അന്വേ​ഷണം നടത്തിയ അവർ കുറെ ബൈബിൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കണ്ടെടു​ത്തു. കോടതി എന്നെ 25 വർഷത്തെ തടവിനു വിധിച്ചു, അങ്ങനെ സൈബീ​രി​യ​യി​ലെ ക്രാസ്‌ന​യാർസ്‌ക്‌ നഗരത്തി​ലുള്ള തൊഴിൽപ്പാ​ള​യ​ത്തിൽ എത്തി​പ്പെട്ടു. പലപല തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലേ​ക്കും തടവറ​ക​ളി​ലേ​ക്കും എന്നെ മാറ്റി​ക്കൊ​ണ്ടി​രു​ന്നു. അത്തരം 256 സ്ഥലംമാ​റ്റങ്ങൾ എനിക്കു കിട്ടി​യ​താ​യി ഒരിക്കൽ ഞാൻ കണക്കു​കൂ​ട്ടി.

[147, 148 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

സാഹിത്യം സ്യൂട്ട്‌കേ​സിൽ . . .

നഡിയെഷ്‌ഡ യാരഷ്‌

ജനനം 1926

സ്‌നാനം 1957

സംക്ഷിപ്‌ത വിവരം റാവെൻസ്‌ബ്രൂക്ക്‌ തടങ്കൽപ്പാ​ള​യ​ത്തിൽവെ​ച്ചാണ്‌ നഡി​യെഷ്‌ഡ സത്യം പഠിക്കു​ന്നത്‌. സോവി​യറ്റ്‌ യൂണി​യ​നിൽ തിരി​ച്ചെ​ത്തി​യ​ശേഷം അവർ വർഷങ്ങ​ളോ​ളം, സഹോ​ദ​ര​ങ്ങൾക്കു പ്രസി​ദ്ധീ​ക​ര​ണങ്ങൾ എത്തിച്ചു​കൊ​ടു​ക്കുന്ന വേലയി​ലേർപ്പെട്ടു. ഇപ്പോൾ കൊ​കേ​ഷ​യിൽ താമസി​ക്കു​ന്നു.

തടങ്കൽപ്പാ​ള​യ​ത്തിൽ എത്തിയ​തോ​ടെ ജീവിതം എനിക്ക്‌ അരോ​ച​ക​മാ​യി​ത്തീർന്നു. 1943-ലായി​രു​ന്നു അത്‌. യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടു​ന്ന​തു​വരെ ആ അവസ്ഥ തുടർന്നു. ഒരു പറുദീ​സാ​ഭൂ​മി​യിൽ നിത്യം ജീവി​ക്കാൻ കഴിയു​മെന്ന അടിയു​റച്ച പ്രത്യാ​ശ​യോ​ടെ ഒടുവിൽ യൂ​ക്രെ​യി​നി​ലെ വസതി​യി​ലേക്കു മടങ്ങു​മ്പോൾ മനസ്സു​നി​റയെ സന്തോ​ഷ​മാ​യി​രു​ന്നു! ആ സന്തോ​ഷ​വും പ്രത്യാ​ശ​യും കൈവി​ട്ടു​പോ​കാ​തി​രി​ക്കാൻ അവി​ടെ​യുള്ള നമ്മുടെ സഹോ​ദ​രി​മാ​രു​മാ​യി ഞാൻ കത്തിലൂ​ടെ ബന്ധപ്പെ​ടാൻ തുടങ്ങി. എന്നാൽ കെജിബി ആ കത്തുകൾ പിടി​ച്ചെ​ടു​ത്തു, വൈകാ​തെ എന്നെ 15 വർഷത്തെ തടവി​നും വിധിച്ചു.

1947 നവംബ​റിൽ എന്നെ കാലമാ​യി​ലുള്ള ഒരു പാളയ​ത്തി​ലേ​ക്ക​യച്ചു. ശിക്ഷാ​കാ​ല​മ​ത്ര​യും ഒരൊറ്റ സാക്ഷി​യെ​പ്പോ​ലും കാണാ​നാ​യില്ല. പക്ഷേ, സാക്ഷ്യം​നൽകാൻ യഹോവ എന്നെ ശക്തി​പ്പെ​ടു​ത്തി. തടവിൽക്ക​ഴി​ഞ്ഞി​രുന്ന യെഫ്‌ഡ​ക്കിയ എന്ന സ്‌ത്രീ ബൈബിൾ പഠിക്കാൻ ആരംഭി​ച്ചു. സുഹൃ​ത്തു​ക്ക​ളാ​യി​ത്തീർന്ന ഞങ്ങൾ ആത്മീയ​മാ​യും വൈകാ​രി​ക​മാ​യും അന്യോ​ന്യം പിന്തു​ണച്ചു. എന്റെ ബൈബിൾപ​രി​ജ്ഞാ​നം വളരെ പരിമി​ത​മാ​യി​രു​ന്നെ​ങ്കി​ലും യഹോ​വ​യോ​ടു വിശ്വ​സ്‌ത​മാ​യി പറ്റിനിൽക്കാൻ അതെന്നെ പ്രാപ്‌ത​യാ​ക്കി.

മോചി​പ്പി​ക്ക​പ്പെട്ട്‌ ഒരു വർഷത്തി​നു​ശേഷം, 1957-ൽ ഞാൻ ഇർക്കൂ​റ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റി​ലുള്ള സൂയെ​റ്റി​ഖ​യി​ലേക്കു പോയി. സഹോ​ദ​രങ്ങൾ എന്നെ ഊഷ്‌മ​ള​മാ​യി വരവേറ്റു; ജോലി​യും താമസ​സൗ​ക​ര്യ​വും കണ്ടെത്താൻ സഹായി​ച്ചു. ഞാൻ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ദിവ്യാ​ധി​പത്യ പ്രവർത്ത​ന​ങ്ങ​ളിൽ പങ്കു​ചേ​രാൻ അവരെന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ച​താണ്‌ എന്നെ ഏറ്റവും സന്തോ​ഷി​പ്പി​ച്ചത്‌. തുടർന്ന്‌ ഞാൻ സ്‌നാ​ന​മേറ്റു, ഒരു വലിയ ചെരു​വ​ത്തിൽ! അങ്ങനെ യഹോ​വ​യു​ടെ സംഘട​ന​യിൽ ചില ഉത്തരവാ​ദി​ത്വ​ങ്ങൾ കയ്യേൽക്കാൻ ഞാൻ തയ്യാറാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. കത്തുക​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും എത്തിച്ചു​കൊ​ടു​ക്കു​ന്നത്‌ അതിൽ ഉൾപ്പെ​ട്ടി​രു​ന്നു.

സൈബീ​രി​യ​യു​ടെ എല്ലാ ഭാഗങ്ങ​ളി​ലേ​ക്കും മധ്യ റഷ്യയി​ലേ​ക്കും പശ്ചിമ യൂ​ക്രെ​യി​നി​ലേ​ക്കും പ്രസി​ദ്ധീ​ക​ര​ണങ്ങൾ എത്തി​ക്കേ​ണ്ടി​യി​രു​ന്നു. എല്ലാം സുസൂ​ക്ഷ്‌മം മുൻകൂ​ട്ടി ആസൂ​ത്രണം ചെയ്യണ​മാ​യി​രു​ന്നു. വലിയ സ്യൂട്ട്‌കേ​സു​ക​ളി​ലാണ്‌ പശ്ചിമ യൂ​ക്രെ​യി​നി​ലേക്കു സാഹി​ത്യം അയച്ചി​രു​ന്നത്‌. ഒരിക്കൽ മോസ്‌കോ​യി​ലെ യാരസ്ലാവ്‌ സ്റ്റേഷനിൽവെച്ച്‌ ഒരു സ്യൂട്ട്‌കേ​സി​ന്റെ പൂട്ടു​തു​റന്ന്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ചിതറി​വീ​ണു. യാതൊ​രു പരി​ഭ്ര​മ​വും കൂടാതെ, എന്നാൽ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊണ്ട്‌ അതെല്ലാം ഒരുവി​ധ​ത്തിൽ പെട്ടി​ക്കു​ള്ളി​ലാ​ക്കി പെട്ടെ​ന്നു​തന്നെ ഞാൻ സ്ഥലംവി​ട്ടു. ഭാഗ്യ​ത്തിന്‌ ആരും എന്നെ ശ്രദ്ധി​ച്ചില്ല.

മറ്റൊ​ര​വ​സ​ര​ത്തിൽ, പ്രസി​ദ്ധീ​ക​ര​ണങ്ങൾ നിറച്ച രണ്ടു സ്യൂട്ട്‌കേ​സു​ക​ളു​മാ​യി യൂ​ക്രെ​യി​നിൽനി​ന്നു ഞാൻ ട്രെയിൻ കയറി. മോസ്‌കോ വഴി സൈബീ​രി​യ​യി​ലേക്കു പോകാ​നാ​യി​രു​ന്നു പരിപാ​ടി. ഒരു പെട്ടി സീറ്റി​ന​ടി​യിൽ വെച്ച​പ്പോ​ഴേ​ക്കും കെജിബി ഉദ്യോ​ഗ​സ്ഥ​ന്മാ​രായ രണ്ടു യാത്ര​ക്കാർ ആ കമ്പാർട്ടു​മെ​ന്റി​ലേക്കു വന്നു. മറ്റു കാര്യ​ങ്ങൾക്കൊ​പ്പം സാക്ഷി​ക​ളെ​ക്കു​റി​ച്ചും അവർ സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. സാക്ഷികൾ “പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതര​ണം​ചെ​യ്യു​ന്ന​താ​യും ജനങ്ങളെ സോവി​യറ്റ്‌ ഭരണകൂ​ട​ത്തി​നെ​തി​രെ തിരി​ക്കു​ന്ന​താ​യും” അവർ പറഞ്ഞു. ഞാനാ​കട്ടെ ഒരു കൂസലു​മി​ല്ലാ​തെ ഇരുന്നു, അല്ലെങ്കിൽ അവർക്കു സംശയം തോന്നി​യാ​ലോ. അവർ ഇരിക്കു​ന്ന​തി​ന്റെ നേരെ അടിയി​ലാണ്‌ സ്യൂട്ട്‌കേസ്‌ എന്നും ഓർക്കണം!

ഏതുസ​മ​യ​ത്തും പിടി​ക്ക​പ്പെ​ടാ​മെന്ന അറി​വോ​ടെ​യാണ്‌ ഞാൻ സാഹി​ത്യം എത്തിച്ചു​കൊ​ടു​ക്കു​ക​യും മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റു​ക​യും ചെയ്‌തി​രു​ന്നത്‌. ഏതു കാര്യ​ത്തി​ലും യഹോ​വ​യിൽ ആശ്രയി​ക്കാൻ എന്നെ പഠിപ്പിച്ച നിരവധി സന്ദർഭ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടുണ്ട്‌.

[158, 159 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

“നിന്റെ സഹചാ​രി​കൾ . . . തികച്ചും വ്യത്യ​സ്‌ത​രാണ്‌”

സിനിഡ കോസി​രി​വ

ജനനം 1919

സ്‌നാനം 1958

സംക്ഷിപ്‌ത വിവരം വർഷങ്ങ​ളോ​ളം വിവിധ തൊഴിൽപ്പാ​ള​യ​ങ്ങ​ളിൽ ശിക്ഷ അനുഭ​വി​ച്ചു. 2002-ൽ മരണം.

യഹോ​വയെ സേവി​ക്കു​ക​യെ​ന്നത്‌ ചെറു​പ്പം​മു​തലേ എന്റെ ആഗ്രഹ​മാ​യി​രു​ന്നു. എന്നോട്‌ ആത്മാർഥ സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന, റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ വിശ്വാ​സി​യായ എന്റെ സ്‌നേ​ഹിത 1942-ൽ എന്നെ അവളുടെ പള്ളിയിൽ കൂട്ടി​ക്കൊ​ണ്ടു​പോ​യി. അല്ലെങ്കിൽ ഞാൻ ‘നരകത്തിൽപ്പോ​കും’ എന്ന പേടി​യാ​യി​രു​ന്നു അവൾക്ക്‌. ഞാനൊ​രു ഓസി​ഷ്യൻ വംശജ​യാ​ണെന്നു മനസ്സി​ലാ​ക്കിയ പുരോ​ഹി​തൻ എന്നെ സ്‌നാ​ന​പ്പെ​ടു​ത്താൻ വിസമ്മ​തി​ച്ചു. എന്നാൽ സ്‌നേ​ഹിത കുറച്ചു കാശു കൊടു​ത്ത​പ്പോൾ അദ്ദേഹം സമ്മതിച്ചു. സത്യം കണ്ടെത്താ​നാ​യി അഡ്‌വെ​ന്റിസ്റ്റ്‌, പെന്തെ​ക്കൊ​സ്‌ത്‌, ബാപ്‌റ്റിസ്റ്റ്‌ എന്നീ സഭകളു​മാ​യി ഞാൻ അടുത്തി​ട​പ​ഴകി. തത്‌ഫ​ല​മാ​യി അധികാ​രി​കൾ എന്നെ നിർബ​ന്ധി​ത​വേ​ല​യ്‌ക്കു വിധിച്ചു. തൊഴിൽപ്പാ​ള​യ​ത്തിൽ സാക്ഷി​കളെ കണ്ടുമു​ട്ടി​യ​പ്പോൾ എന്റെ സത്യാ​ന്വേ​ഷണം വിജയം​കണ്ടു. 1952-ൽ സ്വത​ന്ത്ര​യാ​യ​ശേഷം വീട്ടിൽ മടങ്ങി​ച്ചെന്ന്‌ സുവാർത്താ​ഘോ​ഷണം ആരംഭി​ച്ചു.

1958 ഡിസം​ബ​റി​ലെ ഒരു പ്രഭാതം. ആരോ വാതി​ലിൽ ശക്തമായി മുട്ടുന്നു. പെട്ടെന്ന്‌ പട്ടാള​ക്കാർ വീട്ടി​ലേക്ക്‌ ഇരച്ചു​ക​യറി എല്ലാട​വും പരി​ശോ​ധി​ക്കാൻ തുടങ്ങി. രണ്ടുപേർ എന്നെ ഒരു മൂലയിൽ പിടി​ച്ചു​നി​റു​ത്തി​യി​രു​ന്നു. ഞെട്ടി​യു​ണർന്ന ഡാഡി കുടും​ബ​ത്തി​ന്റെ—പ്രത്യേ​കിച്ച്‌ ആൺമക്ക​ളു​ടെ—ഭാവി​യോർത്ത്‌ വല്ലാതെ ഭയപ്പെ​ട്ടു​പോ​യി. അഞ്ച്‌ ആൺമക്ക​ളാ​യി​രു​ന്നു ഡാഡിക്ക്‌, ഞാൻ ഒരേ​യൊ​രു മകളും. എല്ലാ മുറി​ക​ളി​ലും മാളി​ക​യി​ലും പട്ടാള​ക്കാർ ഓടി​ന​ടന്നു തിരച്ചിൽ നടത്തു​ന്നതു കണ്ടപ്പോൾ, എന്റെ വിശ്വാ​സ​വു​മാ​യി ബന്ധപ്പെട്ട എന്തോ പ്രശ്‌ന​മാ​ണെന്ന്‌ ഡാഡിക്കു മനസ്സി​ലാ​യി. എന്റെ നേരെ തോക്കു ചൂണ്ടി​ക്കൊണ്ട്‌ ഡാഡി അലറി: “അമേരി​ക്ക​യു​ടെ ചാര​പ്ര​വർത്തക!” എന്നെ വെടി​വെ​ക്കാൻ തുനി​ഞ്ഞെ​ങ്കി​ലും പട്ടാള​ക്കാർ തോക്കു പിടി​ച്ചു​വാ​ങ്ങി. ഡാഡി എന്നെ വെടി​വെ​ക്കാൻ ശ്രമി​ച്ചു​വെ​ന്നത്‌ എനിക്കു വിശ്വ​സി​ക്കാ​നാ​യില്ല. പരി​ശോ​ധ​ന​യ്‌ക്കൊ​ടു​വിൽ പട്ടാള​ക്കാർ എന്നെ​യൊ​രു ട്രക്കിൽ കയറ്റി​ക്കൊ​ണ്ടു​പോ​യെ​ങ്കി​ലും മരണത്തിൽനി​ന്നു രക്ഷപ്പെ​ട്ട​തിൽ ഞാൻ ആശ്വസി​ച്ചു. മതപ്ര​വർത്ത​ന​ത്തി​ന്റെ പേരിൽ പത്തുവർഷം എന്നെ തടവിനു വിധിച്ചു.

കാലാ​വധി പൂർത്തി​യാ​കു​ന്ന​തി​നു​മുമ്പ്‌, 1965 ഡിസം​ബ​റിൽ എന്നെ വിട്ടയച്ചു. മാതാ​പി​താ​ക്കൾക്കു സന്തോ​ഷ​മാ​യെ​ങ്കി​ലും ഞാൻ വീട്ടിൽ താമസി​ക്കേണ്ട എന്നായി​രു​ന്നു ഡാഡി​യു​ടെ തീരു​മാ​നം. എന്നാൽ അത്ഭുത​മെന്നു പറയട്ടെ, കെജിബി എന്റെ സഹായ​ത്തി​നെത്തി. ഞാൻ ഡാഡി​യോ​ടൊ​പ്പം താമസി​ക്കു​ന്നു​വെന്ന്‌ രേഖാ​മൂ​ലം ഉറപ്പു​വ​രു​ത്താ​നും ഒരു ജോലി കണ്ടെത്താ​നും​പോ​ലും അവരെ​നി​ക്കു തുണനി​ന്നു. ഡാഡി​യു​ടെ ശത്രുത തുടർന്നെ​ങ്കി​ലും പിന്നീടു മനോ​ഭാ​വ​ത്തി​നു മാറ്റം​വന്നു. എന്നെക്കാ​ണാൻ വന്ന സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​യി ഡാഡി ഇടപഴകി. എന്റെ ആങ്ങളമാർ അലസന്മാ​രും മദ്യപാ​നി​ക​ളും വഴക്കാ​ളി​ക​ളു​മാ​യി​രു​ന്നു. ഒരിക്കൽ ഡാഡി​പ​റഞ്ഞു: “ഞാൻ വിചാ​രി​ച്ച​തു​പോ​ലെയല്ല നിന്റെ സഹചാ​രി​കൾ. അവർ തികച്ചും വ്യത്യ​സ്‌ത​രാണ്‌. നിങ്ങൾക്കു യോഗം നടത്താൻ ഞാനൊ​രു മുറി വിട്ടു​ത​രാം.” എനിക്കതു വിശ്വ​സി​ക്കാ​നാ​യില്ല! വലി​യൊ​രു മുറി അനുവ​ദി​ച്ചു​കൊണ്ട്‌ ഡാഡി​പ​റഞ്ഞു: “പേടി​ക്കേണ്ട. നിങ്ങൾ യോഗം നടത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ ആരും കയറി​വ​രാ​തെ ഞാൻ കാവൽനി​ന്നോ​ളാം.” അതേതാ​യാ​ലും നന്നായി; ഡാഡി​യു​ടെ തനിസ്വ​ഭാ​വം അറിയാ​മാ​യി​രു​ന്ന​തി​നാൽ ഒരു കുഞ്ഞു​പോ​ലും അവി​ടേക്ക്‌ എത്തി​നോ​ക്കി​യില്ല!

അങ്ങനെ സ്വന്തം വീട്ടിൽ, യഹോ​വ​യു​ടെ​യും ഡാഡി​യു​ടെ​യും സംരക്ഷ​ണ​ത്തിൽ ഞങ്ങൾ യോഗങ്ങൾ നടത്തി. 30-ഓളം പേർ ഹാജരാ​കു​മാ​യി​രു​ന്നു. അന്ന്‌ അത്രയും സാക്ഷി​കളേ ഓസി​ഷ്യ​യിൽ ഉണ്ടായി​രു​ന്നു​ള്ളൂ. ജനാല​യി​ലൂ​ടെ പുറ​ത്തേക്കു നോക്കു​മ്പോൾ, ഡാഡി​യും മമ്മിയും ഞങ്ങൾക്കാ​യി വഴിയിൽ കാവലി​രി​ക്കുന്ന കാഴ്‌ച​യാ​ണു കാണു​ന്നത്‌. അത്‌ എനി​ക്കെന്ത്‌ ഉത്സാഹം പകർന്നെ​ന്നോ! ഇന്ന്‌ ഓസി​ഷ്യ​യിൽ തീക്ഷ്‌ണ​രായ 3,000-ത്തിലേറെ പ്രസാ​ധകർ യഹോ​വ​യു​ടെ രാജ്യ​ത്തെ​ക്കു​റി​ച്ചു ഘോഷി​ക്കു​ന്നു.—യെശ. 60:22.

[162, 163 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

പാളയത്തിൽ ശേഷിച്ച ഒരേ​യൊ​രു സാക്ഷി​യാ​യി​രു​ന്നു ഞാൻ

കോൺസ്റ്റാന്റിൻ സ്‌ക്രി​പ്‌ചൂക്‌

ജനനം 1922

സ്‌നാനം 1956

സംക്ഷിപ്‌ത വിവരം തടങ്കൽപ്പാ​ള​യ​ത്തി​ലാ​യി​രി​ക്കെ 1953-ൽ സത്യം പഠിക്കു​ക​യും 1956-ൽ അവി​ടെ​വെ​ച്ചു​തന്നെ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു. 25 വർഷം തുടർച്ച​യാ​യി തടവിൽക്ക​ഴി​ഞ്ഞു, 2003-ൽ മരണമ​ടഞ്ഞു.

ജയിലിൽവെച്ച്‌ ഞാൻ വാസിലി എന്ന സഹോ​ദ​രനെ കണ്ടുമു​ട്ടി​യത്‌ 1953-ലായി​രു​ന്നു. ദൈവ​വി​ശ്വാ​സ​ത്തി​ന്റെ പേരി​ലാ​ണു താൻ തടവി​ലാ​ക്ക​പ്പെ​ട്ട​തെന്ന്‌ അദ്ദേഹം പറഞ്ഞ​പ്പോൾ എനിക്കത്‌ ഉൾക്കൊ​ള്ളാ​നാ​യില്ല. വിശ്വാ​സ​ത്തി​ന്റെ പേരിൽ ഒരാളെ തടവി​ലാ​ക്കു​ക​യോ! അന്നു രാത്രി ഞാൻ ഉറങ്ങി​യില്ല. പിറ്റേന്ന്‌ അദ്ദേഹം കാര്യങ്ങൾ വിശദീ​ക​രി​ച്ചു. ക്രമേണ, ബൈബിൾ ദൈവ​ത്തിൽനി​ന്നുള്ള ഒരു പുസ്‌ത​ക​മാ​ണെന്ന്‌ എനിക്കു ബോധ്യ​മാ​യി.

1956-ലായി​രു​ന്നു എന്റെ സ്‌നാനം. ആ വർഷാ​വ​സാ​നം, വാർഡ​ന്മാർ ഒരു തിരച്ചിൽ നടത്തു​ക​യും ഞങ്ങളുടെ പക്കൽ ധാരാളം ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ണ്ടെന്നു കണ്ടെത്തു​ക​യും ചെയ്‌തു. ഒരു വർഷ​ത്തോ​ളം നീണ്ട അന്വേ​ഷ​ണ​ത്തി​നൊ​ടു​വിൽ, 1958-ൽ മതപ്ര​വർത്ത​ന​ത്തി​ന്റെ പേരിൽ എനിക്ക്‌ 23 വർഷത്തെ ശിക്ഷവി​ധി​ച്ചു. അപ്പോ​ഴേ​ക്കും തടവിൽ അഞ്ചര വർഷം ചെലവ​ഴി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. അതുൾപ്പെ​ടെ​യുള്ള 28.5 വർഷവും സ്വാത​ന്ത്ര്യം എനിക്ക്‌ അന്യമാ​യി​രു​ന്നു.

1962 ഏപ്രി​ലിൽ “അങ്ങേയറ്റം അപകട​കാ​രി​യായ കുറ്റപ്പു​ള്ളി” എന്നു മുദ്ര​കു​ത്തി, കനത്ത കാവലുള്ള ഒരു പാളയ​ത്തി​ലേക്ക്‌ എന്നെ മാറ്റി; 11 വർഷം ഞാൻ അവി​ടെ​ക്ക​ഴി​ഞ്ഞു. അത്തരം പാളയങ്ങൾ പലതു​കൊ​ണ്ടും “വിശേ​ഷ​പ്പെട്ടവ” ആയിരു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 11 കോ​പ്പെക്ക്‌ (റഷ്യൻ പണം) ആയിരു​ന്നു ഓരോ​രു​ത്തർക്കു​മുള്ള പ്രതി​ദിന ഭക്ഷണബത്ത. ഒരു റൊട്ടി വാങ്ങാൻപോ​ലും തികയു​മാ​യി​രു​ന്നില്ല അന്നത്‌. 192 സെ.മീ. ഉയരമുള്ള എന്റെ തൂക്കം വെറും 59 കിലോ ആയിത്തീർന്നു. ചുക്കി​ച്ചു​ളു​ങ്ങിയ ത്വക്കിൽനി​ന്നു ശൽക്കങ്ങൾ അടർന്നു​വീ​ഴാൻ തുടങ്ങി!

നല്ലൊരു മേസ്‌തി​രി​യാ​യി​രുന്ന എന്നെ മിക്ക​പ്പോ​ഴും ഓഫീ​സർമാ​രു​ടെ അപ്പാർട്ടു​മെ​ന്റു​ക​ളു​ടെ അറ്റകുറ്റം തീർക്കാൻ വിടു​മാ​യി​രു​ന്നു. അവി​ടെ​യുള്ള ആർക്കും പക്ഷേ ഒരു ഭയവും തോന്നി​യില്ല. എന്തെങ്കി​ലു​മൊ​ക്കെ ഞാൻ അടിച്ചു​മാ​റ്റി​യെ​ങ്കി​ലോ​യെന്നു വിചാ​രിച്ച്‌ ഒരു സാധന​വും അവർ ഒളിപ്പി​ച്ചു​വെ​ച്ച​തു​മില്ല. ഒരിക്കൽ, ഒരു ഓഫീ​സ​റു​ടെ വീടിന്റെ ചില പണികൾക്കാ​യി ഞാൻ ചെല്ലു​മെ​ന്ന​റിഞ്ഞ അദ്ദേഹ​ത്തി​ന്റെ ഭാര്യ ആറുവ​യ​സ്സുള്ള അവരുടെ മകനെ അന്നു നഴ്‌സ​റി​യിൽ വിട്ടില്ല. ഒന്നോർത്തു​നോ​ക്കൂ: “അങ്ങേയറ്റം അപകട​കാ​രി​യായ [ഒരു] കുറ്റപ്പു​ള്ളി” ആറുവ​യ​സ്സുള്ള ഒരു കുഞ്ഞി​നൊ​പ്പം മറ്റാരു​മി​ല്ലാത്ത ഒരു അപ്പാർട്ടു​മെ​ന്റിൽ ഒരു ദിവസം മുഴുവൻ ചെലവ​ഴി​ക്കുക! വ്യക്തമാ​യും, ആരും എന്നെ “അങ്ങേയറ്റം അപകട​കാ​രി”യായി എന്തിന്‌, ഒരു കുറ്റപ്പു​ള്ളി​യാ​യി​പ്പോ​ലും വീക്ഷി​ച്ചി​രു​ന്നില്ല.

കാല​ക്ര​മ​ത്തിൽ ഞങ്ങളുടെ പാളയ​ത്തി​ലുള്ള എല്ലാ സഹോ​ദ​ര​ന്മാ​രും ജയിൽമോ​ചി​ത​രാ​യി. 1974-ൽ ബാക്കി​യു​ണ്ടാ​യി​രുന്ന ഒരേ​യൊ​രു സാക്ഷി ഞാനാ​യി​രു​ന്നു. 1981 ആഗസ്റ്റിൽ മോചി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​വരെ ഏഴു വർഷം​കൂ​ടി ഞാനവി​ടെ കഴിഞ്ഞു. അക്കാല​മ​ത്ര​യും യഹോവ എന്നെ പിന്തു​ണച്ചു. എങ്ങനെ? ആ ഏഴു വർഷവും കത്തുക​ളു​ടെ രൂപത്തിൽ വീക്ഷാ​ഗോ​പു​രം കിട്ടി​ക്കൊ​ണ്ടി​രു​ന്നു. ഒരു സഹോ​ദരൻ പുതിയ ലക്കത്തിൽനി​ന്നുള്ള ലേഖനങ്ങൾ ഭംഗി​യാ​യി പകർത്തി​യെ​ഴു​തി സ്ഥിരം എനിക്ക്‌ അയച്ചു​ത​രു​മാ​യി​രു​ന്നു. ഓരോ പ്രാവ​ശ്യ​വും, ബന്ധപ്പെട്ട അധികാ​രി അതു തുറന്നു​നോ​ക്കി​യ​ശേഷം എന്നെ​യേൽപ്പി​ക്കും. കത്തിൽ എന്താ​ണെന്നു കൃത്യ​മാ​യി അദ്ദേഹ​ത്തി​ന​റി​യാ​മാ​യി​രു​ന്നു. എന്നിട്ടും അത്തര​മൊ​രു സാഹസം കാട്ടാൻ അദ്ദേഹത്തെ പ്രചോ​ദി​പ്പി​ച്ചത്‌ എന്താ​ണെന്ന്‌ ഇന്നും എനിക്ക​റി​യില്ല. ഏതായാ​ലും ആ ഏഴു വർഷക്കാ​ല​വും അദ്ദേഹ​മ​വി​ടെ ജോലി​നോ​ക്കി​യത്‌ എനിക്ക്‌ അനു​ഗ്ര​ഹ​മാ​യി. എല്ലാറ്റി​ലു​മു​പരി ഞാൻ യഹോ​വ​യ്‌ക്കു നന്ദിപ​റ​യു​ന്നു. യഹോ​വ​യിൽ ആശ്രയി​ക്കാൻ പഠിക്കു​ക​യും അവന്റെ ശക്തി ലഭിക്കു​ക​യും ചെയ്‌ത വർഷങ്ങ​ളാ​യി​രു​ന്നു അവ.—1 പത്രൊ. 5:7.

[168, 169 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

യുദ്ധശേഷം റഷ്യയി​ലേക്ക്‌

അലിക്‌സെ നെപ്പോ​ച്ചാ​ട്ടോ

ജനനം 1921

സ്‌നാനം 1956

സംക്ഷിപ്‌ത വിവരം 1943-ൽ, ബൂകെൻവൊൾഡ്‌ തടങ്കൽപ്പാ​ള​യ​ത്തി​ലാ​യി​രി​ക്കെ സത്യം പഠിച്ചു. റഷ്യയിൽ 19 വർഷം തടവിൽക്ക​ഴി​ഞ്ഞു. 30-ലധികം വർഷം—അതി​ലേ​റെ​യും നിരോ​ധ​ന​കാ​ല​മാ​യി​രു​ന്നു—സാധാരണ പയനി​യ​റാ​യി സേവിച്ചു.

അലിക്‌സെയെ നാസി ജർമനി​യി​ലെ ഓഷ്‌വി​റ്റ്‌സ്‌ തടങ്കൽപ്പാ​ള​യ​ത്തി​ലേക്ക്‌ അയയ്‌ക്കു​മ്പോൾ അദ്ദേഹ​ത്തിന്‌ 20 വയസ്സാ​യി​രു​ന്നു. തുടർന്ന്‌ ബൂകെൻവൊൾഡി​ലേക്കു മാറ്റി. അവി​ടെ​വെ​ച്ചാ​ണു സത്യം പഠിക്കു​ന്നത്‌. മോചി​ത​നാ​കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ രണ്ട്‌ അഭിഷിക്ത സഹോ​ദ​ര​ന്മാർ അദ്ദേഹ​ത്തോ​ടു പറഞ്ഞു: “യുദ്ധത്തി​നു​ശേഷം അലിക്‌സെ റഷ്യയി​ലേക്കു മടങ്ങി​യാൽ നന്നായി​രി​ക്കും. ധാരാളം കൊയ്‌ത്തു​കാ​രെ ആവശ്യ​മുള്ള ഒരു വൻരാ​ജ്യ​മാ​ണത്‌. അവിടത്തെ സാഹച​ര്യം അത്ര നന്നല്ല, അതു​കൊണ്ട്‌ പരി​ശോ​ധ​നകൾ നേരി​ടാൻ ഒരുങ്ങി​ക്കൊൾക. സഹോ​ദ​ര​നെ​യും സുവാർത്ത​യോ​ടു പ്രതി​ക​രി​ക്കു​ന്ന​വ​രെ​യും ഞങ്ങൾ പ്രാർഥ​ന​യിൽ ഓർക്കും.”

1945-ൽ ബ്രിട്ടീ​ഷു​കാർ അലിക്‌സെയെ വിട്ടയച്ചു. റഷ്യയി​ലേക്കു മടങ്ങിയ അദ്ദേഹത്തെ, വോട്ടു​ചെ​യ്യാൻ വിസമ്മ​തി​ച്ച​തി​ന്റെ പേരിൽ കയ്യോടെ അറസ്റ്റു​ചെ​യ്‌ത്‌ 10 വർഷത്തെ തടവിനു വിധിച്ചു. അദ്ദേഹം പറയുന്നു: “ആദ്യം എന്നെക്കൂ​ടാ​തെ ഒരു സാക്ഷി​പോ​ലു​മു​ണ്ടാ​യി​രു​ന്നില്ല ജയിലിൽ. ചെമ്മരി​യാ​ടു​കളെ കണ്ടെത്താൻ സഹായി​ക്ക​ണ​മേ​യെന്നു ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. അങ്ങനെ സാക്ഷി​ക​ളു​ടെ എണ്ണം പെട്ടെ​ന്നു​തന്നെ 13 ആയി! അപ്പോ​ഴൊ​ന്നും ഞങ്ങൾക്ക്‌ ഒരു ബൈബിൾ പ്രസി​ദ്ധീ​ക​ര​ണം​പോ​ലും ഉണ്ടായി​രു​ന്നില്ല. ജയിലി​ലെ ലൈ​ബ്ര​റി​യിൽനി​ന്നെ​ടു​ക്കുന്ന നോവ​ലു​ക​ളി​ലെ തിരു​വെ​ഴു​ത്തു​കൾ ഞങ്ങൾ പകർത്തി​യെ​ടു​ക്കു​മാ​യി​രു​ന്നു.”

അലിക്‌സെ 10 വർഷത്തെ ജയിൽവാ​സം പൂർത്തി​യാ​ക്കി. യേശു​വിൽ വിശ്വ​സി​ക്കുന്ന നിരവധി ആളുകൾ പാർക്കു​ന്ന​താ​യി തനിക്ക​റി​യാ​വുന്ന ഒരു സ്ഥലത്തേ​ക്കാണ്‌ മോചി​പ്പി​ക്ക​പ്പെ​ട്ട​ശേഷം അദ്ദേഹം പോയത്‌. “നല്ല ആത്മീയ വിശപ്പു​ള്ള​വ​രാ​യി​രു​ന്നു അവർ. രാവും പകലും അവരെന്നെ സന്ദർശി​ച്ചു, കൂട്ടത്തിൽ അവരുടെ മക്കളു​മു​ണ്ടാ​യി​രു​ന്നു. കേട്ടകാ​ര്യ​ങ്ങ​ളെ​ല്ലാം അവർ ബൈബിൾ തുറന്നു പരി​ശോ​ധി​ച്ചു​നോ​ക്കി,” അദ്ദേഹം പറഞ്ഞു.

അടുത്ത ഏതാനും വർഷങ്ങൾക്കു​ള്ളിൽ, സ്‌നാ​ന​ത്തി​നു യോഗ്യത നേടാൻ 70-ലേറെ​പ്പേരെ അലിക്‌സെ സഹായി​ച്ചു. അവരി​ലൊ​രാ​ളാ​യി​രു​ന്നു പിന്നീട്‌ അദ്ദേഹ​ത്തി​ന്റെ ഭാര്യ​യാ​യി​ത്തീർന്ന മരിയ. അലിക്‌സെ ഓർക്കു​ന്നു: “കെജിബി എന്നെ തേടു​ക​യാ​യി​രു​ന്നു. അവരെന്നെ അറസ്റ്റു​ചെ​യ്‌ത്‌ 25 വർഷത്തെ തടവിനു ശിക്ഷിച്ചു. തുടർന്ന്‌ മരിയ​യും അറസ്റ്റി​ലാ​യി. വിചാ​ര​ണ​യ്‌ക്കു​മുമ്പ്‌ അവൾ ഏഴു മാസം ഏകാന്ത​ത​ട​വി​ലാ​യി​രു​ന്നു. യഹോ​വയെ തള്ളിപ്പ​ഞ്ഞാൽ ഉടൻ വിട്ടയ​യ്‌ക്കാ​മെന്ന്‌ അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞെ​ങ്കി​ലും അവൾ സമ്മതി​ച്ചില്ല. തൊഴിൽപ്പാ​ള​യ​ങ്ങ​ളിൽ ഏഴു വർഷത്തെ തടവിനു കോടതി ശിക്ഷിച്ചു. കൈക്കു​ഞ്ഞാ​യി​രുന്ന ഞങ്ങളുടെ മകളെ ഒരു സഹോ​ദ​രി​യാ​ണു പരിപാ​ലി​ച്ചത്‌.”

കാലാ​വധി തീരും​മു​മ്പേ അലിക്‌സെ​യും മരിയ​യും സ്വത​ന്ത്ര​രാ​യി. അവർ റ്റ്‌വെർ ഒബ്ലാസ്റ്റി​ലേക്കു താമസം​മാ​റി. അവിടത്തെ അധികാ​രി​ക​ളും നാട്ടു​കാ​രും അവർക്കെ​തി​രാ​യി​രു​ന്നു. ഒരു അയൽക്കാ​രൻ അവരുടെ വീടു ചുട്ടു​ചാ​മ്പ​ലാ​ക്കി. തുടർന്നു​വന്ന വർഷങ്ങ​ളിൽ പല സ്ഥലങ്ങളി​ലേ​ക്കും താമസം​മാ​റാൻ നിർബ​ന്ധി​ത​രാ​യെ​ങ്കി​ലും അവിട​ങ്ങ​ളി​ലെ​ല്ലാം അവർ പുതു​ശി​ഷ്യ​രെ ഉളവാക്കി.

അലിക്‌സെ പറയുന്നു: “തടവി​ലാ​യി​രുന്ന വർഷങ്ങ​ളി​ലൊ​ന്നും ദൈവ​വ​ചനം വായി​ക്കാൻ ഞങ്ങൾക്കാ​യില്ല. അതിൽപ്പി​ന്നെ ദിവസ​വും ബൈബിൾ വായി​ക്കാൻ ഞങ്ങൾ ലക്ഷ്യം​വെച്ചു. ഇപ്പോൾ 40-ലേറെ പ്രാവ​ശ്യം ഞങ്ങൾ രണ്ടു​പേ​രും ബൈബിൾ പൂർണ​മാ​യി വായി​ച്ചി​രി​ക്കു​ന്നു. ശുശ്രൂ​ഷ​യിൽ ഞങ്ങൾക്കു ശക്തിയും തീക്ഷ്‌ണ​ത​യും പകർന്നു​ത​ന്നതു ദൈവ​വ​ച​ന​മാണ്‌.”

അലിക്‌സെ മൊത്തം നാലു വർഷം നാസി തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലും 19 വർഷം റഷ്യയി​ലെ ജയിലു​ക​ളി​ലും തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലും ശിക്ഷ അനുഭ​വി​ച്ചു. പയനിയർ സേവന​ത്തി​ലെ 30 വർഷത്തി​നി​ട​യിൽ അദ്ദേഹ​വും ഭാര്യ​യും, യഹോ​വയെ അറിയാ​നും സ്‌നേ​ഹി​ക്കാ​നും നിരവ​ധി​പ്പേരെ സഹായി​ച്ചു.

[177, 178 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

ആ പട്ടാള​ക്കാ​രൻ പറഞ്ഞതു സത്യമാ​യി​രു​ന്നു!

റെജീന കുകൂ​ഷ്‌കി​ന

ജനനം 1914

സ്‌നാനം 1947

സംക്ഷിപ്‌ത വിവരം സഭയു​മാ​യി ബന്ധപ്പെ​ടാ​നാ​കാ​തെ വർഷങ്ങ​ളോ​ളം കഴി​യേ​ണ്ടി​വ​ന്നെ​ങ്കി​ലും, സവിശ്വ​സ്‌തം സുവാർത്ത ഘോഷി​ച്ചു.

ചന്തയിൽവെ​ച്ചാണ്‌ ഒരു സാക്ഷി എന്നോടു സംസാ​രി​ക്കു​ന്നത്‌; വർഷം 1947. അന്നു വൈകിട്ട്‌ ഞാൻ അവരുടെ വീട്ടിൽച്ചെന്നു, ഞങ്ങൾ മണിക്കൂ​റു​ക​ളോ​ളം സംസാ​രി​ച്ചി​രു​ന്നു. അവരെ​പ്പോ​ലെ തീക്ഷ്‌ണ​ത​യോ​ടെ യഹോ​വയെ സേവി​ക്കു​മെന്ന്‌ അവി​ടെ​വെച്ചു ഞാൻ തീരു​മാ​നി​ച്ചു! “നിങ്ങ​ളെ​പ്പോ​ലെ എനിക്കും സുവാർത്ത ഘോഷി​ക്കണം,” ഞാൻ പറഞ്ഞു.

സുവി​ശേ​ഷ​വേല നിമിത്തം 1949-ൽ യൂ​ക്രെ​യി​നി​ലെ ലവിഫിൽവെച്ച്‌ ഞാൻ അറസ്റ്റി​ലാ​യി. അങ്ങനെ ഭർത്താ​വിൽനി​ന്നും രണ്ടു കുഞ്ഞു​പെൺമ​ക്ക​ളിൽനി​ന്നും വേർപി​രി​ഞ്ഞു. മൂന്നു ജഡ്‌ജി​മാർ ഉൾപ്പെട്ട ട്രോ​യിക്ക എന്ന രഹസ്യ​വി​ചാ​ര​ണ​ക്കോ​ടതി എന്നെ വെടി​വെ​ച്ചു​കൊ​ല്ലാൻ വിധിച്ചു. ശിക്ഷാ​വി​ധി വായി​ക്കവേ, ഒരു വനിതാ ജഡ്‌ജി ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “രണ്ടു മക്കളുള്ള സ്ഥിതിക്ക്‌ വധശി​ക്ഷ​യ്‌ക്കു പകരം നിങ്ങൾക്ക്‌ 25 വർഷത്തെ തടവു​ശിക്ഷ വിധി​ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.”

പുരു​ഷ​ന്മാർ മാത്ര​മുള്ള ഒരു ജയിലി​ലേ​ക്കാണ്‌ എന്നെ കൊണ്ടു​പോ​യത്‌. ഞാൻ യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്ന്‌ അവർക്ക​റി​യാ​മാ​യി​രു​ന്നു. 25 വർഷത്തെ തടവിനു വിധി​ക്ക​പ്പെ​ട്ടി​ട്ടും ഞാൻ യാതൊ​രു ക്ഷോഭ​വു​മി​ല്ലാ​തെ നില​കൊ​ള്ളു​ന്നതു കണ്ട്‌ അവർ അതിശ​യി​ച്ചു​പോ​യി. പാളയ​ത്തി​ലേക്കു നീക്കാ​നാ​യി എന്നെ ജയിലിൽനി​ന്നു പുറ​ത്തേക്കു കൊണ്ടു​വ​ന്ന​പ്പോൾ ഒരു യുവ പട്ടാള​ക്കാ​രൻ ഒരു ഭക്ഷണ​പ്പൊ​തി നൽകി​ക്കൊണ്ട്‌ ദയാപൂർവം എന്നോടു പറഞ്ഞു: “പേടി​ക്കേണ്ട; എല്ലാം നേരെ​യാ​കും.”

1953 വരെ ഉത്തര റഷ്യയി​ലുള്ള ഒരു പാളയ​ത്തിൽ ശിക്ഷാ​കാ​ലം ചെലവ​ഴി​ച്ചു. സോവി​യറ്റ്‌ യൂണി​യ​നി​ലെ വിവിധ റിപ്പബ്ലി​ക്കു​ക​ളിൽനി​ന്നുള്ള പല സഹോ​ദ​രി​മാ​രും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. കുടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ ഞങ്ങൾ അന്യോ​ന്യം സ്‌നേ​ഹി​ച്ചു.

നല്ല പെരു​മാ​റ്റ​ത്തി​ലൂ​ടെ മറ്റുള്ള​വർക്കു സാക്ഷ്യം​നൽകാൻ ഞങ്ങൾ ശ്രമിച്ചു; ദൈവത്തെ സേവി​ക്കാൻ അതവരെ പ്രചോ​ദി​പ്പി​ക്കു​മെന്നു ഞങ്ങൾ ആശിച്ചു. പാളയ​ത്തിൽ ഞങ്ങൾ ദീർഘ​നേരം കഠിനാ​ധ്വാ​നം ചെയ്യേ​ണ്ടി​യി​രു​ന്നു. കാലാ​വധി തീരും​മുമ്പ്‌ എന്നെ വിട്ടയ​ച്ചെ​ങ്കി​ലും തുടർന്നുള്ള അഞ്ചു വർഷ​ത്തേക്ക്‌ സഭയു​മാ​യി ബന്ധംപു​ലർത്താൻ എനിക്കാ​യില്ല. ആ സാഹച​ര്യം തടവി​ലേ​തി​ലും പരിതാ​പ​ക​ര​മാ​യി​രു​ന്നു. എങ്കിലും യഹോ​വ​യു​ടെ പിന്തു​ണ​യും അഭംഗു​ര​മായ സ്‌നേ​ഹ​വും എപ്പോ​ഴും ഞാൻ അനുഭ​വി​ച്ചു. മിക്ക​പ്പോ​ഴും ബൈബിൾ വായി​ക്കു​ക​യും വായി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ക​യും ചെയ്‌തു. അതെന്നെ ആത്മീയ​മാ​യി വളരെ ബലപ്പെ​ടു​ത്തി.

അസാധാ​ര​ണ​മായ ഒരു വിധത്തി​ലാ​യി​രു​ന്നു സാക്ഷി​ക​ളു​മാ​യി സംഗമി​ക്കാൻ യഹോവ എന്നെ സഹായി​ച്ചത്‌. തെക്കു​പ​ടി​ഞ്ഞാ​റൻ റഷ്യയി​ലെ ഓസി​ഷ്യ​യി​ലുള്ള നമ്മുടെ സഹോ​ദ​ര​ങ്ങളെ മോശ​മാ​യി ചിത്രീ​ക​രി​ച്ചു​കൊണ്ട്‌ സോവി​യറ്റ്‌ റഷ്യ ദിനപ്പ​ത്ര​ത്തിൽ വന്ന ഒരു ലേഖനം ഞാൻ വായി​ക്കാ​നി​ട​യാ​യി. സോവി​യറ്റ്‌ സമൂഹ​ത്തി​നെ​തി​രെ​യാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രവർത്തി​ക്കു​ന്ന​തെന്ന്‌ ലേഖനം ആരോ​പി​ച്ചു. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ പേരു​വി​വ​ര​ങ്ങ​ളും അതിലു​ണ്ടാ​യി​രു​ന്നു. എനിക്കു സന്തോ​ഷ​മാ​യി! അവരെ കാണണ​മെന്ന്‌ അറിയി​ച്ചു​കൊണ്ട്‌ ഞാൻ കത്തുക​ള​യച്ചു. അങ്ങനെ സഹോ​ദ​ര​ങ്ങളെ കണ്ടുമു​ട്ടി​യ​പ്പോൾ അവരെന്നെ അതിയാ​യി സഹായി​ക്കു​ക​യും, തന്റെ ജനവു​മാ​യി കൂടി​ച്ചേ​രാൻ കഴി​യേ​ണ്ട​തിന്‌ യഹോ​വ​യാണ്‌ ആ ലേഖനം പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ടാൻ ഇടയാ​ക്കി​യ​തെന്നു പറയു​ക​യും ചെയ്‌തു.

ഇപ്പോൾ എനിക്ക്‌ 92 വയസ്സുണ്ട്‌. “എല്ലാം നേരെ​യാ​കും” എന്ന്‌ ദയാവാ​യ്‌പോ​ടെ ആ പട്ടാള​ക്കാ​രൻ പറഞ്ഞതു സത്യമാ​യി​രു​ന്നു! ക്ലേശങ്ങൾ നേരി​ട്ടെ​ങ്കി​ലും തികച്ചും ധന്യമാ​യി​രു​ന്നു എന്റെ ജീവിതം.

[188, 189 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

‘കൂടാ​ര​ത്തി​ന്റെ കുറ്റികൾ’ കഴിയു​ന്നത്ര ഉറപ്പി​ക്കു​ന്നു

ഡിമീട്രീ ലീവീ

ജനനം 1921

സ്‌നാനം 1943

സംക്ഷിപ്‌ത വിവരം 20-ലധികം വർഷം റഷ്യയി​ലെ കൺട്രി കമ്മിറ്റി​യിൽ ഒരംഗ​മാ​യി​രു​ന്നു. ഇപ്പോൾ സൈബീ​രി​യ​യി​ലെ ഒരു സഭയിൽ മൂപ്പനാ​യി സേവി​ക്കു​ന്നു.

വർഷം 1944. രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ക്കു​ന്ന​തിന്‌ ആറുമാ​സം മുമ്പാ​ണത്‌. ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ ഞാൻ ഒരു കോട​തി​യിൽ പട്ടാള ജഡ്‌ജി​യു​ടെ മുമ്പാകെ നിന്നു. എന്നെ വെടി​വെച്ചു കൊല്ലാൻ തീരു​മാ​ന​മാ​യെ​ങ്കി​ലും ശിക്ഷ പത്തു വർഷത്തെ തടവായി ഇളവു​ചെ​യ്‌തു. ആളുകളെ ‘മെരു​ക്കി​യെ​ടു​ക്കാൻ’ ഉദ്ദേശി​ച്ചുള്ള തൊഴിൽപ്പാ​ള​യ​ത്തി​ലാ​യി​രു​ന്നു അത്‌.

1945 ജനുവ​രി​യിൽ വടക്കൻ റഷ്യയി​ലെ കോമീ റിപ്പബ്ലി​ക്കി​ലുള്ള പിച്ചോറ പട്ടണത്തി​ലെ ഒരു പാളയ​ത്തി​ലേക്ക്‌ എന്നെ കൊണ്ടു​പോ​യി. പാളയ​ത്തി​ലെ നൂറു​ക​ണ​ക്കി​നു തടവു​കാ​രിൽ പത്തുപേർ നമ്മുടെ സഹോ​ദ​ര​ന്മാ​രാ​യി​രു​ന്നു. സങ്കടക​ര​മെ​ന്നു​പ​റ​യട്ടെ, എന്റെ കയ്യിൽ ആകെക്കൂ​ടെ ഉണ്ടായി​രുന്ന ഒരു വീക്ഷാ​ഗോ​പു​രം മാസിക പിടി​ച്ചെ​ടു​ത്തു, അതോടെ ആത്മീയ ആഹാര​ത്തി​നുള്ള അവസാന വഴിയും അടഞ്ഞു. ശാരീ​രി​ക​മാ​യി പരിക്ഷീ​ണ​നാ​യി​രുന്ന എനിക്ക്‌ ജോലി​ചെ​യ്യാ​നും കഴിയാത്ത സ്ഥിതി. ഞങ്ങൾ കുളി​ക്കു​ന്ന​തി​നി​ട​യിൽ ഒരു സഹോ​ദരൻ എന്നെ കണ്ടിട്ട്‌ ‘ആകെപ്പാ​ടെ അസ്ഥിപ​ഞ്‌ജ​രം​പോ​ലെ ആയല്ലോ’ എന്നു പറഞ്ഞു. എന്റെ അവസ്ഥ വളരെ പരിതാ​പ​ക​ര​മാ​യി​രു​ന്ന​തി​നാൽ എന്നെ വൊർക്കൂ​റ്റ​യി​ലുള്ള, വൈദ്യ​സ​ഹാ​യം കിട്ടാൻ സൗകര്യ​മുള്ള പാളയ​ത്തി​ലേക്കു കൊണ്ടു​പോ​യി.

അൽപ്പകാ​ലം കഴിഞ്ഞ്‌ ആരോ​ഗ്യം ഒട്ടൊന്നു മെച്ച​പ്പെ​ട്ട​പ്പോൾ എന്നെ മണൽവാ​രുന്ന സ്ഥലത്ത്‌ ജോലിക്ക്‌ അയച്ചു. ഒരു മാസം​പോ​ലും ആയില്ല, എന്റെ അവസ്ഥ പഴയപ​ടി​യാ​യി. ഞാൻ എന്റെ ആഹാര​വി​ഹി​തം കൊടുത്ത്‌ പകരം പുകയില വാങ്ങുന്നു എന്നാണു ഡോക്ടർ കരുതി​യത്‌. എന്നാൽ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണെ​ന്നും പുകവ​ലി​ക്കില്ല എന്നുമുള്ള കാര്യം അദ്ദേഹ​ത്തോ​ടു പറഞ്ഞു. രണ്ടി​ലേറെ വർഷം ഞാൻ ആ പാളയ​ത്തിൽ ചെലവ​ഴി​ച്ചു. സാക്ഷി​യാ​യി ഞാൻ മാത്രമേ അവിടെ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ സത്യ​ത്തെ​ക്കു​റി​ച്ചു കേൾക്കാൻ താത്‌പ​ര്യ​മു​ള്ള​വരെ എപ്പോ​ഴും കണ്ടെത്താ​നാ​യി, ചിലർ സുവാർത്ത​യോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ക​യും ചെയ്‌തു.

ഒരിക്കൽ കൈ​കൊണ്ട്‌ എഴുതിയ, വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഒരു പ്രതി സ്വന്തക്കാർ എനിക്ക്‌ അയച്ചു​തന്നു. വരുന്ന പാഴ്‌സ​ലു​കൾ അരിച്ചു​പെ​റു​ക്കി പരി​ശോ​ധി​ച്ചി​രു​ന്ന​തി​നാൽ എങ്ങനെ​യാണ്‌ എനിക്കതു നഷ്ടപ്പെ​ടാ​തെ കൈപ്പ​റ്റാ​നാ​യത്‌? താളുകൾ രണ്ടായി മടക്കി, അടിഭാ​ഗത്തു രണ്ടു തട്ടുക​ളുള്ള ഒരു തകരപ്പാ​ത്ര​ത്തി​ന്റെ അടിത്ത​ട്ടിൽ അതു നിക്ഷേ​പി​ച്ചു. എന്നിട്ട്‌ മുകളിൽ കൊഴു​പ്പു നിറച്ചു. പാത്രം തുളച്ചു​നോ​ക്കിയ ഉദ്യോ​ഗ​സ്ഥന്‌ സംശയ​ക​ര​മായ യാതൊ​ന്നും കണ്ടെത്താ​നാ​യില്ല. “ജീവനുള്ള വെള്ള”ത്തിന്റെ ഈ ശേഖരം കുറെ​ക്കാ​ല​ത്തേക്ക്‌ എന്നെ പുലർത്തി.—യോഹ. 4:10.

1949 ഒക്ടോ​ബ​റിൽ, ശിക്ഷയു​ടെ കാലാ​വധി കഴിയു​ന്ന​തി​നു മുമ്പു​തന്നെ ഞാൻ സ്വത​ന്ത്ര​നാ​യി. നവംബ​റിൽ ഞാൻ യൂ​ക്രെ​യി​നി​ലുള്ള വീട്ടി​ലേക്കു മടങ്ങി. നമ്മുടെ പ്രവർത്തനം രജിസ്റ്റർ ചെയ്യു​ന്ന​തി​നാ​യി പല സഹോ​ദ​ര​ന്മാ​രും മോസ്‌കോ​യി​ലേക്കു പോ​യെ​ന്നും എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു നിയമാം​ഗീ​കാ​രം നൽകാൻ സോവി​യറ്റ്‌ യൂണി​യ​നി​ലെ അധികാ​രി​കൾ തയ്യാറ​ല്ലാ​യി​രു​ന്നു​വെ​ന്നും ഞങ്ങൾ കേട്ടു.

ആറു മാസത്തി​നു​ശേഷം എല്ലാം പെട്ടെന്നു മാറി​മ​റി​ഞ്ഞു. 1951 ഏപ്രിൽ 8-ന്‌ രാത്രി ഞങ്ങളെ മറ്റു സാക്ഷി​ക്കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം ട്രെയി​നിൽ കയറ്റി സൈബീ​രി​യ​യി​ലേക്ക്‌ അയച്ചു. രണ്ടാഴ്‌ച കഴിഞ്ഞ്‌ ഞങ്ങൾ സൈബീ​രി​യ​യു​ടെ മധ്യഭാ​ഗത്ത്‌ എത്തി​ച്ചേർന്നു, ഇർക്കൂ​റ്റ്‌സ്‌ക്‌ ഒബ്ലാസ്റ്റി​ലെ ഖാസൻ ഗ്രാമ​ത്തിൽ.

“നിന്റെ കയറു​കളെ നീട്ടുക; നിന്റെ കുറ്റി​കളെ ഉറപ്പിക്ക” എന്ന യെശയ്യാ​വു 54:2-ലെ വാക്കുകൾ ഞങ്ങളുടെ ഹൃദയത്തെ സ്‌പർശി​ച്ചു. ആ പ്രവച​ന​വാ​ക്കു​കൾ ഞങ്ങളുടെ കാര്യ​ത്തിൽ അന്വർഥ​മാ​കു​ന്ന​തു​പോ​ലെ തോന്നി. സ്വമേ​ധയാ സൈബീ​രി​യ​യി​ലേക്കു പോകാൻ ഞങ്ങളിൽ എത്രപേർ തയ്യാറാ​കു​മാ​യി​രു​ന്നു? ഞങ്ങളുടെ കൂടാ​ര​ത്തി​ന്റെ കുറ്റികൾ കഴിയു​ന്നത്ര ഉറപ്പി​ക്ക​ണ​മെന്ന്‌ എനിക്കു തോന്നി. ഇപ്പോൾ 55-ലേറെ വർഷമാ​യി ഞാൻ സൈബീ​രി​യ​യി​ലാ​ണു താമസി​ക്കു​ന്നത്‌.

[191, 192 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

തല ചായ്‌ക്കാൻ ഒരിടം ഇല്ലായി​രു​ന്നു

വലന്റിനാ ഗാർനോ​ഫ്‌സ്‌കയ

ജനനം 1924

സ്‌നാനം 1967

സംക്ഷിപ്‌ത വിവരം 21 വർഷം ജയിലി​ലും തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലും ചെലവ​ഴി​ച്ചു, അതിൽ 18-ഉം സ്‌നാ​ന​ത്തി​നു മുമ്പാ​യി​രു​ന്നു. സത്യം പഠിക്കാൻ 44 പേരെ സഹായി​ച്ചു. 2001-ൽ മരിച്ചു.

ഞാനും അമ്മയും താമസി​ച്ചി​രു​ന്നത്‌ പടിഞ്ഞാ​റൻ ബിലേ​റ​സി​ലാണ്‌. 1945 ഫെബ്രു​വ​രി​യിൽ ഞാൻ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി. ഒരു സഹോ​ദരൻ മൂന്നു പ്രാവ​ശ്യം ഞങ്ങളുടെ വീട്ടിൽവന്ന്‌ ബൈബി​ളിൽനി​ന്നു ചില​തൊ​ക്കെ കാണി​ച്ചു​തന്നു. അദ്ദേഹത്തെ പിന്നീട്‌ ഒരിക്ക​ലും കണ്ടി​ല്ലെ​ങ്കി​ലും അയൽക്കാ​രോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഞാൻ പ്രസം​ഗി​ക്കാൻ തുടങ്ങി. അധികാ​രി​കൾ എന്നെ അറസ്റ്റു​ചെ​യ്‌ത്‌ ശിക്ഷവി​ധി​ച്ചു, എട്ടു വർഷം തൊഴിൽപ്പാ​ള​യ​ത്തിൽ. അവർ എന്നെ യുല്യാ​ന​ഫ്‌സ്‌ക്‌ ഒബ്ലാസ്റ്റി​ലേക്ക്‌ (ഇപ്പോ​ഴത്തെ സിമ്പിർസ്‌ക്‌) അയച്ചു.

പാളയ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ആരെ​യെ​ങ്കി​ലും കണ്ടുമു​ട്ടാ​നാ​കും എന്ന പ്രതീ​ക്ഷ​യിൽ ഞാൻ മറ്റു തടവു​കാ​രെ നിരീ​ക്ഷി​ക്കു​ക​യും അവരുടെ സംഭാ​ഷ​ണങ്ങൾ ശ്രദ്ധി​ക്കു​ക​യും ചെയ്‌തി​രു​ന്നു. 1948-ൽ ഒരു തടവു​കാ​രി ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്നതു കേൾക്കാ​നി​ട​യാ​യി. ആസ്യ എന്നായി​രു​ന്നു അവരുടെ പേര്‌. ആത്മീയ​വി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവരു​മാ​യി സംസാ​രി​ക്കാ​നാ​കു​ന്ന​തിൽ എനിക്കു വലിയ സന്തോ​ഷം​തോ​ന്നി. താമസി​യാ​തെ മൂന്നു സഹോ​ദ​രി​മാ​രെ​ക്കൂ​ടെ ആ പാളയ​ത്തി​ലേക്കു കൊണ്ടു​വന്നു. സാഹി​ത്യ​ങ്ങ​ളൊ​ന്നും​തന്നെ കൈവ​ശ​മി​ല്ലാ​യി​രു​ന്ന​തി​നാൽ കഴിയു​ന്നത്ര പരസ്‌പരം കൂടി​ക്കാ​ണാൻ ഞങ്ങൾ ശ്രമിച്ചു.

1953-ൽ ഞാൻ സ്വത​ന്ത്ര​യാ​യി. എന്നാൽ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ട്ട​തി​ന്റെ പേരിൽ മൂന്നര വർഷത്തി​നു​ശേഷം എന്നെ വീണ്ടും ശിക്ഷിച്ചു, 10 വർഷ​ത്തേക്ക്‌. 1957-ൽ എന്നെ കിമി​റോ​വോ​യി​ലുള്ള പാളയ​ത്തി​ലേക്കു മാറ്റി. ഏതാണ്ട്‌ 180 സഹോ​ദ​രി​മാ​രുള്ള സ്ഥലമാ​യി​രു​ന്നു അത്‌. അവിടെ ഞങ്ങൾക്ക്‌ എപ്പോ​ഴും എന്തെങ്കി​ലും ബൈബിൾ സാഹി​ത്യ​ങ്ങൾ കൈവ​ശ​മു​ണ്ടാ​യി​രു​ന്നു. മഞ്ഞുകാ​ലത്ത്‌ സാഹി​ത്യ​ങ്ങൾ മഞ്ഞിൽ പൂഴ്‌ത്തി​വെ​ച്ചി​രു​ന്നു, വേനൽക്കാ​ലത്ത്‌ പുല്ലി​നി​ട​യിൽ അല്ലെങ്കിൽ മണ്ണിൽ. ഗാർഡു​കൾ പരി​ശോ​ധ​ന​യ്‌ക്ക്‌ എത്തു​മ്പോൾ കയ്യെഴു​ത്തു പ്രതികൾ രണ്ടു കൈക​ളി​ലു​മാ​യി ഒളിച്ചു​വെച്ച്‌ ഒരു ഷാൾ പുതച്ചു നിൽക്കു​മാ​യി​രു​ന്നു. ഒരു പാളയ​ത്തിൽനി​ന്നു മറ്റൊ​ന്നി​ലേക്ക്‌ എന്നെ മാറ്റി​യ​പ്പോ​ഴൊ​ക്കെ ഞാൻ ഒരു തൊപ്പി ധരിച്ചി​രു​ന്നു. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പല പ്രതികൾ അകത്തു​വെച്ച്‌ ഞാൻ സ്വന്തമാ​യി തയ്‌ച്ചെ​ടുത്ത തൊപ്പി​യാ​യി​രു​ന്നു അത്‌.

പിന്നീട്‌ എന്നെ മോർഡ്‌വി​നിയ പാളയ​ത്തി​ലേക്ക്‌ അയച്ചു. അവിടെ ഒരു ബൈബിൾ സുരക്ഷി​ത​മാ​യി ഒളിപ്പി​ച്ചു​വെ​ച്ചി​രു​ന്നു. അതിന്റെ സൂക്ഷിപ്പു ചുമതല ഉണ്ടായി​രുന്ന സഹോ​ദ​രി​യു​ടെ സാന്നി​ധ്യ​ത്തിൽ മാത്രമേ ഞങ്ങൾക്ക്‌ അതു വായി​ക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ. അതിനു​മുമ്പ്‌ ഞാൻ ആകെക്കൂ​ടി ഒരു ബൈബിൾ കണ്ടിട്ടു​ള്ളത്‌, 1945-ൽ ആദ്യമാ​യി സത്യ​ത്തെ​ക്കു​റിച്ച്‌ എന്നോടു സംസാ​രിച്ച സഹോ​ദ​രന്റെ കൈവ​ശ​മാണ്‌.

1967-ൽ സ്വത​ന്ത്ര​യാ​യ​പ്പോൾ ഞാൻ ഉസ്‌ബ​ക്കി​സ്ഥാ​നി​ലുള്ള അൻഗ്രി​യ​നി​ലേക്കു പോയി. അവി​ടെ​വെച്ച്‌ യഹോ​വ​യ്‌ക്കുള്ള സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി ഞാൻ സ്‌നാ​ന​മേറ്റു. ആദ്യ സന്ദർശ​ന​ത്തി​നു​ശേഷം പിന്നീട്‌ അപ്പോ​ഴാണ്‌ ഞാൻ സഹോ​ദ​ര​ന്മാ​രെ കണ്ടുമു​ട്ടു​ന്നത്‌. അതുവരെ ഞാൻ സ്‌ത്രീ​ക​ളു​ടെ തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലാ​യി​രു​ന്നു. സഭയിലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ തീക്ഷ്‌ണ​ത​യുള്ള ശുശ്രൂ​ഷ​ക​രാ​യി​രു​ന്നു. അവരെ എനിക്കു വളരെ ഇഷ്ടമായി. 1969 ജനുവ​രി​യിൽ ഞങ്ങളുടെ സഭയിലെ എട്ടു സഹോ​ദ​ര​ന്മാ​രും അഞ്ചു സഹോ​ദ​രി​മാ​രും പ്രസം​ഗ​വേ​ല​യു​ടെ പേരിൽ അറസ്റ്റു​ചെ​യ്യ​പ്പെട്ടു, കൂട്ടത്തിൽ ഞാനും ഉണ്ടായി​രു​ന്നു. “അങ്ങേയറ്റം അപകട​കാ​രി​യായ കുറ്റവാ​ളി” എന്ന മുദ്ര​കു​ത്തി എനിക്ക്‌ മൂന്നു വർഷത്തെ ശിക്ഷവി​ധി​ച്ചു. പ്രസം​ഗി​ക്കു​ന്നതു നിമിത്തം പലതവണ എന്നെ ഏകാന്ത​ത​ട​വി​ലാ​ക്കി.

പുതപ്പി​ന​ടി​യിൽ ഒളിച്ചി​രുന്ന്‌ താത്‌പ​ര്യ​ക്കാ​രു​മാ​യി ഞാൻ അധ്യയനം നടത്തി​യി​രു​ന്നു. നടക്കാൻ പോകു​മ്പോൾ പരസ്‌പരം സംസാ​രി​ക്കാൻ അനുവാ​ദം ഉണ്ടായി​രു​ന്നില്ല. സംസാ​രി​ക്കു​ന്നതു കണ്ടുപി​ടി​ച്ചാൽ ഏകാന്ത​ത​ടവ്‌ ആയിരു​ന്നു ശിക്ഷ. കൈ​കൊണ്ട്‌ എഴുതി​യു​ണ്ടാ​ക്കിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ മാത്രമേ ഞങ്ങൾ ഉപയോ​ഗി​ച്ചു​ള്ളൂ. ഞങ്ങൾ അവ വീണ്ടും വീണ്ടും പകർത്തി​യെ​ഴു​തി​യി​രു​ന്നു.

തല ചായ്‌ക്കാൻ ഒരിടം എനിക്കി​ല്ലാ​യി​രു​ന്നു. ഒരു സ്യൂട്ട്‌കേ​സിൽ കൊള്ളാ​നുള്ള സാധന​ങ്ങളെ എനിക്ക്‌ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ യഹോ​വയെ സേവി​ക്കു​ന്ന​തിൽ ഞാൻ സന്തുഷ്ട​യും സംതൃ​പ്‌ത​യു​മാ​യി​രു​ന്നു.

[200, 201 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

എന്റെ വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കിയ ഉദ്യോ​ഗ​സ്ഥൻ

പവിൽ സിവുൽസ്‌കി

ജനനം 1933

സ്‌നാനം 1948

സംക്ഷിപ്‌ത വിവരം പവിലി​ന്റെ ചിന്താ​ഗതി സോവി​യറ്റ്‌ ആദർശ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ത്താൻ ഉദ്യോ​ഗസ്ഥർ ആവർത്തി​ച്ചു ശ്രമിച്ചു. ഇപ്പോൾ അദ്ദേഹം റഷ്യയി​ലെ ഒരു സഭയിൽ മൂപ്പനാ​യി സേവി​ക്കു​ന്നു.

മതപ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ട്ട​തു​മൂ​ലം 1958-ൽ എന്നെ അറസ്റ്റു​ചെ​യ്‌തു. ട്രെയി​നി​ലേക്കു കൊണ്ടു​പോ​കുന്ന വഴി ഓഫീസർ പറഞ്ഞു, “ഭാര്യയെ അവസാ​ന​മാ​യി ഒന്നു കണ്ടു​കൊ​ള്ളൂ, കാരണം ഇനി​യൊ​രി​ക്ക​ലും അതിനുള്ള അവസരം ലഭിക്കില്ല.”

ഇർക്കൂ​റ്റ്‌സ്‌ക്കിൽ എന്നെ, കഷ്ടിച്ച്‌ എഴു​ന്നേ​റ്റു​നിൽക്കാൻ മാത്രം ഇടമുള്ള ഒരു പ്രത്യേക അറയി​ലാ​ക്കി. അതിനു​ശേഷം വിചാ​ര​ണ​യ്‌ക്കു​മുമ്പ്‌ ആറുമാ​സം ഏകാന്ത​ത​ട​വി​ലാ​യി​രു​ന്നു. ചോദ്യം​ചെ​യ്‌തി​രു​ന്നത്‌ രാത്രി​കാ​ല​ങ്ങ​ളി​ലാ​യി​രു​ന്നു. ആ സമയത്ത്‌ ബൈബി​ളി​ലും ദൈവ​ത്തി​ന്റെ സംഘട​ന​യി​ലും എനിക്കുള്ള വിശ്വാ​സം തകർക്കാ​നുള്ള എല്ലാ ശ്രമവും ഉണ്ടായി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിയമ​വി​രുദ്ധ പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​താ​യി എനി​ക്കെ​തി​രെ ആരോ​പണം ഉന്നയിച്ചു. ചില​പ്പോൾ അക്രമ​മുറ സ്വീക​രി​ച്ചി​രു​ന്നെ​ങ്കി​ലും സമ്മർദ​ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ ഒരുവന്റെ ചിന്താ​ഗതി മാറ്റി​യെ​ടു​ക്കാ​നുള്ള ശ്രമങ്ങ​ളാ​യി​രു​ന്നു ഏറെയും. ഉറച്ചു​നിൽക്കാ​നുള്ള ശക്തിക്കാ​യി ഞാൻ യഹോ​വ​യോട്‌ അപേക്ഷി​ച്ചു. അവൻ എപ്പോ​ഴും എന്നോ​ടൊ​പ്പം ഉണ്ടായി​രു​ന്നു.

ഒരിക്കൽ, ചോദ്യം​ചെ​യ്യു​ന്ന​തി​നി​ടെ ഓഫീസർ എന്നെ ഓഫീ​സി​ലേക്കു വിളി​പ്പി​ച്ചി​ട്ടു പറഞ്ഞു: “നിങ്ങളു​ടെ സംഘടന ചെയ്യു​ന്ന​തെ​ന്താ​ണെന്നു ഞാൻ കാണി​ച്ചു​ത​രാം. അപ്പോൾ മനസ്സി​ലാ​കും ഇതു ദൈവ​ത്തി​ന്റെ വേലയാ​ണോ അല്ലയോ എന്ന്‌!”

എന്നെത്തന്നെ നോക്കി​ക്കൊണ്ട്‌ അദ്ദേഹം തുടർന്നു: “ഈ വർഷം ന്യൂ​യോർക്കിൽ രണ്ടു സ്റ്റേഡി​യ​ങ്ങ​ളി​ലാ​യി നടന്ന നിങ്ങളു​ടെ കൺ​വെൻ​ഷന്‌ 2,53,000 പേർ ഹാജരാ​യി. എഫ്‌ബി​ഐ-യുടെ പിന്തു​ണ​യാൽ മാത്ര​മാണ്‌ ഇത്ര വലിയ ഒരു കൺ​വെൻ​ഷൻ സാധ്യ​മാ​യത്‌. എട്ടു ദിവസത്തെ കൺ​വെൻ​ഷ​നാ​യി​രു​ന്നു അത്‌. പല രാജ്യ​ങ്ങ​ളിൽനി​ന്നുള്ള ആളുകൾ വിമാ​ന​ത്തി​ലും ട്രെയി​നി​ലും കപ്പലി​ലും മറ്റുമാ​യി അവിടെ വന്നു​ചേർന്നു. അധികാ​രി​ക​ളു​ടെ സഹകരണം ഇല്ലായി​രു​ന്നെ​ങ്കിൽ ഇതു വല്ലതും നടക്കു​മാ​യി​രു​ന്നോ? ഇത്ര വലിയ സ്റ്റേഡി​യ​ങ്ങ​ളിൽ എട്ടു ദിവസത്തെ കൺ​വെൻ​ഷൻ നടത്താ​നുള്ള ചെലവു താങ്ങാൻ ആർക്കു കഴിയും?”

കൺ​വെൻ​ഷന്റെ ഫോ​ട്ടോ​കൾ മേശപ്പു​റം​നി​റയെ ഉണ്ടായി​രു​ന്നു. വർണോ​ജ്ജ്വ​ല​മായ ദേശീയ വസ്‌ത്രങ്ങൾ അണിഞ്ഞ സഹോ​ദ​രങ്ങൾ പരസ്‌പരം ആലിം​ഗനം ചെയ്യു​ന്ന​തി​ന്റേ​താ​യി​രു​ന്നു അവയി​ലൊന്ന്‌. മറ്റൊ​രെണ്ണം നോർ സഹോ​ദരൻ പ്രസം​ഗി​ക്കു​ന്ന​തി​ന്റേത്‌. സ്‌നാ​ന​ത്തി​ന്റെ​യും സ്‌നാ​ന​മേ​റ്റ​വർക്ക്‌ നോർ സഹോ​ദരൻ “നിന്റെ ഇഷ്ടം ഭൂമി​യിൽ ചെയ്യ​പ്പെ​ടും” (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം നൽകു​ന്ന​തി​ന്റെ​യും ഫോ​ട്ടോ​ക​ളും ഉണ്ടായി​രു​ന്നു. ഞങ്ങൾക്ക്‌ ആ പുസ്‌തകം ലഭിച്ചി​രു​ന്നില്ല. അതി​നെ​ക്കു​റിച്ച്‌ ഞങ്ങൾ പിന്നീട്‌ വീക്ഷാ​ഗോ​പു​ര​ത്തി​ലൂ​ടെ അറിഞ്ഞു. എന്നെത്തന്നെ നോക്കി​ക്കൊണ്ട്‌ ഉദ്യോ​ഗസ്ഥൻ പറഞ്ഞു: “ഈ പുസ്‌ത​ക​ത്തിൽ ചർച്ച​ചെ​യ്‌തി​രി​ക്കു​ന്നത്‌ എന്താണ്‌? വടക്കേ ദേശത്തെ രാജാ​വി​നെ​യും അവനു സംഭവി​ക്കാൻ പോകു​ന്ന​തി​നെ​യും കുറിച്ച്‌. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എങ്ങനെ​യാണ്‌ തനിയെ ഇതു​പോ​ലൊ​ന്നു സംഘടി​പ്പി​ക്കാ​നാ​കു​ന്നത്‌? സൈനിക പ്രവർത്ത​നങ്ങൾ എങ്ങനെ മെച്ചമാ​യി സംഘടി​പ്പി​ക്ക​ണ​മെന്ന്‌ നിങ്ങളിൽനി​ന്നു പഠിക്കു​ന്ന​തി​നാ​യി അമേരി​ക്കൻ പട്ടാള​വും ഇതിൽ ഹാജരാ​യി​രു​ന്നു. കൂടാതെ കൺ​വെൻ​ഷന്റെ ചെലവി​ലേക്ക്‌ ഒരു കോടീ​ശ്വ​രൻ ഒരു വലിയ തുക സംഭാവന നൽകി. കോടീ​ശ്വ​ര​ന്മാർ ഒന്നും​കാ​ണാ​തെ അങ്ങനെ പണം മുടക്കില്ല!”

ഇതൊക്കെ കേട്ട​പ്പോൾ എന്റെ മനസ്സി​ലൂ​ടെ കടന്നു​പോ​യത്‌ എന്താ​ണെന്ന്‌ ആ ഓഫീ​സർക്ക്‌ ഊഹി​ക്കാൻപോ​ലും കഴിഞ്ഞി​ട്ടു​ണ്ടാ​വില്ല. ജയിലിൽത്തന്നെ ആയിരു​ന്നു​കൊണ്ട്‌ കൺ​വെൻ​ഷൻ കൂടുന്ന പ്രതീ​തി​യാ​യി​രു​ന്നു എനിക്ക്‌. കൂടുതൽ ശക്തി ആർജി​ച്ച​തു​പോ​ലെ എനിക്ക്‌ അനുഭ​വ​പ്പെട്ടു. എനിക്കത്‌ ഏറെ ആവശ്യ​മാ​യി​രു​ന്നു​താ​നും! ഒരു പ്രത്യേ​ക​വി​ധ​ത്തിൽ യഹോവ എന്നെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു. ഇനിയും കൂടു​ത​ലാ​യി സഹിക്കാൻ ഞാൻ സജ്ജനാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.

[214, 215 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

തീയേറ്റർ നിറയെ യഹോ​വ​യു​ടെ സാക്ഷികൾ

വിനെറ ഗ്രി​ഗോ​റി​വ

ജനനം 1936

സ്‌നാനം 1994

സംക്ഷിപ്‌ത വിവരം 1960-കളിൽ ഒരു നടിയാ​യി​രു​ന്നു. സാക്ഷി​കളെ കരി​തേ​ച്ചു​കാ​ണി​ക്കാ​നാ​യി നിർമിച്ച സിനി​മ​യി​ലും അഭിന​യി​ച്ചു. 1995 മുതൽ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ ഒരു സാധാരണ പയനി​യ​റാ​യി സേവി​ക്കു​ന്നു.

ഞാൻ അഭിനയം തുടങ്ങിയ കാലം, 1960-തിലാ​ണത്‌. സോവി​യറ്റ്‌ സിനി​മാ​ശാ​ല​ക​ളിൽ റിലീസ്‌ ചെയ്‌ത ദൈവ​ത്തി​ന്റെ സാക്ഷികൾ എന്ന സിനി​മ​യി​ലെ നായി​ക​യു​ടെ വേഷമാ​യി​രു​ന്നു എനിക്ക്‌. “യഹോ​വ​യു​ടെ സാക്ഷികൾ എന്ന ഭീകര മതവി​ഭാ​ഗം” നായി​ക​യായ റ്റാന്യ​യു​ടെ മരണത്തി​നു കാരണ​ക്കാ​രാ​കു​ന്ന​താ​യി ചിത്രീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു ആ സിനിമ. സ്‌ക്രി​പ്‌റ്റിൽ പറഞ്ഞി​രി​ക്കു​ന്ന​പ്ര​കാ​രം, റ്റാന്യ ആ “മതവി​ഭാഗ”ത്തിൽനിന്ന്‌ ഒരു രാത്രി ഓടി രക്ഷപ്പെ​ടു​ന്നു, പുറത്ത്‌ വീശി​യ​ടി​ക്കുന്ന മഞ്ഞുകാറ്റ്‌, അവൾക്കു ധരിക്കാൻ ഒരു കോട്ടു​പോ​ലു​മില്ല. അവൾ മഞ്ഞിനി​ട​യിൽ അപ്രത്യ​ക്ഷ​യാ​കു​ന്നു; അപ്പോൾ നരേറ്റ​റു​ടെ ശബ്ദം, “അതോടെ റ്റാന്യ വെസെ​ലോ​വ​യു​ടെ ജീവി​ത​ത്തി​നു തിരശ്ശീ​ല​വീ​ണു.” എനിക്കു കഥ ഇഷ്ടമായി. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എതി​രെ​യുള്ള പോരാ​ട്ട​ത്തിൽ ഒരു പങ്കുവ​ഹി​ക്കാ​നാ​കു​ന്നത്‌ ഒരു ബഹുമ​തി​യാ​യി ഞാൻ കണക്കാക്കി, സ്‌ക്രി​പ്‌റ്റിൽ പറഞ്ഞി​രി​ക്കു​ന്ന​ത​ല്ലാ​തെ മറ്റൊ​ന്നും അവരെ​ക്കു​റിച്ച്‌ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും.

സോവി​യറ്റ്‌ യൂണി​യ​നി​ലെ പല നഗരങ്ങ​ളി​ലും ഉള്ള സിനി​മാ​ശാ​ല​ക​ളി​ലും ക്ലബ്ബുക​ളി​ലും അതു പ്രദർശി​പ്പി​ച്ചു. പുതു​താ​യി അതു പ്രദർശി​പ്പി​ക്കു​ന്നി​ട​ത്തൊ​ക്കെ പോയി, പ്രദർശ​ന​ത്തി​നു​ശേഷം ഞാൻ സ്റ്റേജിൽ നേരിട്ടു പ്രത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ആ സമയത്ത്‌, തങ്ങൾ കണ്ടതൊ​ക്കെ സത്യമാ​ണെന്ന്‌ സോവി​യ​റ്റു​കാർ ഉറച്ചു വിശ്വ​സി​ച്ചു. എന്നെ സ്റ്റേജിൽ കാണു​ന്ന​തോ​ടെ എല്ലാവ​രും ആശ്വാ​സ​നി​ശ്വാ​സം ഉതിർത്തി​രു​ന്നു, “ഓ, അവൾ ജീവ​നോ​ടെ ഉണ്ടല്ലോ!” തുടർന്ന്‌, ആ പടം ഷൂട്ട്‌ ചെയ്‌ത വിധവും ഞാൻ വിവരി​ക്കു​മാ​യി​രു​ന്നു; ശക്തമായ മഞ്ഞുകാറ്റ്‌ എന്നെ ഒരു മലയി​ടു​ക്കി​ലേക്കു കൊണ്ടു​പോ​കു​ന്ന​തും ഞാൻ മഞ്ഞിൽ പുതഞ്ഞു​പോ​കു​ന്ന​തും മറ്റും സംവി​ധാ​യ​ക​നും കൂട്ടരും എങ്ങനെ​യാ​ണു ചിത്രീ​ക​രി​ച്ചത്‌ എന്നെല്ലാം.

ഒരിക്കൽ കാലി​നിൻ ഒബ്ലാസ്റ്റി​ലെ (ഇപ്പോൾ റ്റ്‌

വെർ) വീഷ്‌നീ​വ​ല​ച്ചോ​ക്കി​ലുള്ള തീയേറ്റർ ആളുക​ളെ​ക്കൊ​ണ്ടു നിറഞ്ഞി​രു​ന്നു. പക്ഷേ പതിവി​നു വിപരീ​ത​മാ​യി​രു​ന്നു അവിടെ നടന്ന കാര്യങ്ങൾ. പ്രദർശ​നത്തെ തുടർന്ന്‌ പ്രായ​മായ ഒരാൾ എന്നോടു കുറെ ചോദ്യ​ങ്ങൾ ചോദി​ച്ചു, എല്ലാം മതത്തെ​ക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു. ഭൂമി​യി​ലെ ജീവന്റെ ഉത്‌പ​ത്തി​യെ സംബന്ധി​ച്ചുള്ള നിരീ​ശ്വ​ര​വാദ ചിന്താ​ഗ​തിക്ക്‌ അനുസൃ​ത​മാ​യി ഞാൻ മറുപടി പറഞ്ഞു. സിനി​മ​യെ​ക്കു​റി​ച്ചാ​കട്ടെ, ആരും ഒന്നും മിണ്ടി​യില്ല. ഞാൻ പതിയെ സ്റ്റേജിനു പുറകി​ലേക്കു വലിഞ്ഞു, എന്നിട്ട്‌ സംഘാ​ട​ക​നോട്‌, “സ്റ്റേജിൽനി​ന്നു ഞാൻ സംസാ​രിച്ച വ്യക്തി ആരാണ്‌?” എന്ന്‌ അന്വേ​ഷി​ച്ചു.

“യഹോ​വ​യു​ടെ സാക്ഷികൾ എന്ന മതവി​ഭാ​ഗ​ത്തി​ന്റെ ചീഫ്‌ ആണത്‌. തീയേ​റ്റ​റിൽ സാക്ഷികൾ മാത്രമേ ഉള്ളൂ,” അദ്ദേഹം പറഞ്ഞു.

അങ്ങനെ​യാണ്‌ അറിയാ​തെ​യാ​ണെ​ങ്കി​ലും ഞാൻ യഹോ​വ​യു​ടെ സാക്ഷി​കളെ കാണു​ന്നത്‌. അതേ തുടർന്ന്‌ ബൈബിൾ വായി​ക്കാൻ ഞാൻ ആഗ്രഹി​ച്ചെ​ങ്കി​ലും എനിക്ക്‌ ഒരെണ്ണം കണ്ടെത്താ​നാ​യില്ല. പോള​ണ്ടു​കാ​ര​നായ ഒരാളെ വിവാഹം കഴിച്ച​ശേഷം ഞാൻ അങ്ങോട്ടു താമസം മാറി. 1977-ൽ രണ്ടു സഹോ​ദ​രി​മാർ എന്റെ വീട്ടു​വാ​തിൽക്കൽ മുട്ടി. പെട്ടെ​ന്നു​തന്നെ ഞാൻ അവരോ​ടൊ​ത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. എനിക്കു ബൈബി​ളി​നോട്‌ അതിയായ താത്‌പ​ര്യം തോന്നി, ഞാനും ഭർത്താ​വും സാക്ഷി​ക​ളു​മാ​യി സൗഹൃ​ദ​ത്തി​ലാ​യി. 1985-ൽ ലെനിൻഗ്രാ​ഡിൽ താമസി​ച്ചി​രുന്ന എന്റെ പിതാ​വിന്‌ സുഖമി​ല്ലാ​താ​യ​പ്പോൾ ഞാനും ഭർത്താ​വും അങ്ങോട്ടു പോയി. ലെനിൻഗ്രാ​ഡിൽ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടാൻ സഹായി​ക്കേ​ണമേ എന്നു ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു.

ഒടുവിൽ ഞാനും യഹോ​വ​യു​ടെ സാക്ഷി​യാ​യി. കഴിഞ്ഞ 12 വർഷമാ​യി ഒരു സാധാരണ പയനി​യ​റാ​യി സേവി​ക്കു​ന്നു. എന്റെ ഭർത്താവ്‌ ജീസ്വാഫ്‌, സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ ഒരു സഭയിൽ ശുശ്രൂ​ഷാ​ദാ​സ​നാണ്‌.

എന്റെ വ്യക്തി​പ​ര​മായ അനുഭ​വ​ത്തിൽനിന്ന്‌ എനിക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി, ‘ഉപായ​ത്താൽ തെറ്റിച്ചു കളയുന്ന തന്ത്രങ്ങ​ളാൽ’ അനേകരെ വഴി​തെ​റ്റി​ക്കാൻ സിനിമാ നിർമാ​താ​ക്കൾക്കു കഴിയും. (എഫെ. 4:14) ആ സിനി​മ​യിൽ അഭിന​യി​ച്ച​പ്പോൾ ഞാനൊ​രി​ക്ക​ലും ഓർത്തില്ല, 30 വർഷത്തി​നു​ശേഷം ഞാനും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​ത്തീ​രു​മെന്ന്‌.

[237-ാം പേജിലെ ചതുരം]

പുതിയലോക ഭാഷാ​ന്തരം റഷ്യൻ ഭാഷയിൽ

റഷ്യയി​ലെ യഹോ​വ​യു​ടെ സാക്ഷികൾ ഒരു നൂറ്റാ​ണ്ടി​ല​ധി​കം പല റഷ്യൻ ബൈബി​ളു​ക​ളും നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. സുന്നഹ​ദോസ്‌ പരിഭാ​ഷ​യാണ്‌ അതി​ലൊന്ന്‌. ഇത്‌ പഴയ ഭാഷയി​ലു​ള്ള​താണ്‌; ദൈവ​നാ​മം അപൂർവ​മാ​യി മാത്രമേ കാണു​ന്നു​ള്ളൂ. എങ്കിലും ദൈ​വോ​ദ്ദേ​ശ്യം മനസ്സി​ലാ​ക്കാൻ ആയിര​ക്ക​ണ​ക്കിന്‌ റഷ്യക്കാ​രെ അതു സഹായി​ച്ചു. 3,000-ത്തോളം തവണ ദൈവ​നാ​മം ഉപയോ​ഗി​ക്കുന്ന മാകാ​ര്യോസ്‌ പരിഭാ​ഷ​യും വലി​യൊ​രു സഹായ​മാ​യി​രു​ന്നു. എന്നാൽ റഷ്യയിൽ സാക്ഷി​ക​ളു​ടെ എണ്ണം വർധി​ച്ച​തോ​ടെ, കൃത്യ​വും വ്യക്തവും ആധുനി​ക​വു​മായ ഒരു പരിഭാ​ഷ​യും ആവശ്യ​മാ​യി​ത്തീർന്നു.

പുതി​യ​ലോക ഭാഷാ​ന്തരം റഷ്യനി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്താൻ ഭരണസം​ഘം അനുമതി നൽകി. റഷ്യാ ബ്രാഞ്ച്‌ ഒരു പതിറ്റാ​ണ്ടി​ല​ധി​കം അതിനാ​യി ചെലവി​ട്ടു.

2001-ൽ, ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം റഷ്യനിൽ പ്രകാ​ശനം ചെയ്യ​പ്പെട്ടു. ലോക​മെ​മ്പാ​ടു​മുള്ള റഷ്യൻ വായന​ക്കാർക്ക്‌ അഭിമാ​നി​ക്കാൻ വക നൽകി​ക്കൊണ്ട്‌, 2007-ൽ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ സമ്പൂർണ പതിപ്പ്‌ പുറത്തി​റങ്ങി. ഈ പുതിയ പ്രകാ​ശനം ആദ്യം നിർവ​ഹി​ച്ചത്‌ ഭരണസം​ഘാം​ഗ​ങ്ങ​ളാണ്‌; സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ തിയോ​ഡർ ജാരറ്റ്‌സും മോസ്‌കോ​യിൽ സ്റ്റീഫൻ ലെറ്റും. സദസ്സ്‌ ഇടിമു​ഴ​ക്കം​പോ​ലെ കരഘോ​ഷം മുഴക്കി. ഈ പതിപ്പി​ന്റെ ഒരു പ്രതി ലഭിച്ച​വർക്ക്‌ ആകാം​ക്ഷ​യും ജിജ്ഞാ​സ​യും അടക്കാ​നാ​യില്ല. “എത്ര വ്യക്തവും സുഗ്ര​ഹ​വു​മായ ഭാഷയാണ്‌ ഇതി​ലേത്‌. വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ വായന ഇപ്പോൾ ഏറെ ആനന്ദദാ​യ​ക​മാണ്‌,” ഒരു സഹോ​ദരി എഴുതി. “യഹോ​വ​യിൽനി​ന്നുള്ള എത്ര വില​യേ​റിയ ഒരു സമ്മാന​മാ​ണിത്‌,” “ഞങ്ങളുടെ ഹൃദയം​നി​റഞ്ഞ നന്ദി” എന്നതു​പോ​ലുള്ള അഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ അനേക​രും സംഘന​ടയെ വിലമ​തിപ്പ്‌ അറിയി​ച്ചു. റഷ്യൻ ഭാഷ സംസാ​രി​ക്കുന്ന സത്യസ്‌നേ​ഹി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പ്രകാ​ശനം ഒരു നാഴി​ക​ക്ക​ല്ലാണ്‌.

[244, 245 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

ഒരേ ദിവസം​തന്നെ എല്ലാ പ്രശ്‌ന​ങ്ങൾക്കും പരിഹാ​രം

ഐവാൻ സ്ലാവയും ഭാര്യ​ന​റ്റാ​ലി​യ​യും

ജനനം 1966-ലും 1969-ലും

സ്‌നാനം 1989

സംക്ഷിപ്‌ത വിവരം പയനി​യർമാ​രെ​ന്ന​നി​ല​യിൽ ആവശ്യം അധിക​മു​ള്ളി​ട​ത്തേക്കു മാറി​ത്താ​മ​സി​ച്ചു. ഐവാൻ ഇപ്പോൾ റഷ്യാ ബ്രാഞ്ച്‌ കമ്മിറ്റി​യിൽ അംഗമാണ്‌.

ഞാനും നറ്റാലി​യ​യും 1990-ന്റെ ആരംഭ​ത്തിൽ യൂ​ക്രെ​യി​നിൽനി​ന്നു റഷ്യയി​ലേക്കു താമസം മാറാൻ തീരു​മാ​നി​ച്ചു. ഏതാണ്ട്‌ 15 ലക്ഷത്തോ​ളം ജനങ്ങൾ താമസി​ക്കുന്ന ബെൽഗൊ​റോഡ്‌ ഒബ്ലാസ്റ്റിൽ അന്ന്‌ പ്രസാ​ധ​ക​രു​ടെ എണ്ണം പത്തിൽ താഴെ മാത്രം. ‘കൊയ്‌ത്തു വളരെ​യും വേലക്കാർ ചുരു​ക്ക​വും’ ഉള്ള സ്ഥലമാ​യി​രു​ന്നു അത്‌ എന്നതിനു രണ്ടു പക്ഷമില്ല.—മത്താ. 9:37.

ഞങ്ങൾ നവദമ്പ​ദി​ക​ളാ​യി​രു​ന്നു. മാത്രമല്ല ജീവി​ക്കാൻ ഒരു മാർഗ​വും കണ്ടെ​ത്തേ​ണ്ടി​യി​രു​ന്നു. എന്നാൽ രാജ്യത്തെ സാമ്പത്തി​ക​സ്ഥി​തി വഷളായി; പലർക്കും ജോലി നഷ്ടപ്പെട്ടു. ആളുകൾക്ക്‌ അവശ്യം വേണ്ട ആഹാര​സാ​ധ​നങ്ങൾ ലഭ്യമാ​ക്കാ​നാ​യി ഗവൺമെന്റ്‌ കൂപ്പണു​കൾ നൽകി; ജോലി​സ്ഥ​ല​ത്താണ്‌ അവ വിതരണം ചെയ്‌തത്‌. ഞങ്ങൾക്കു ജോലി ഇല്ലായി​രു​ന്ന​തി​നാൽ കൂപ്പൺ കിട്ടി​യില്ല. അതു​കൊണ്ട്‌ ചന്തയിൽനി​ന്നു വലിയ വില​കൊ​ടു​ത്തു വേണമാ​യി​രു​ന്നു ആഹാരം വാങ്ങാൻ. താമസി​ക്കാൻ വീടു കിട്ടാ​ഞ്ഞ​തി​നാൽ ഹോട്ട​ലിൽ താമസ​വും. 20 ദിവസം വാടക കൊടു​ത്ത​തോ​ടെ പേഴ്‌സ്‌ കാലി​യാ​യി. ഞങ്ങൾ ദിവസ​വും യഹോ​വ​യോ​ടു പ്രാർഥി​ച്ചു, ഒരു ജോലി​യും വാടക കുറവുള്ള താമസ​സൗ​ക​ര്യ​വും കണ്ടെത്താൻ സഹായി​ക്ക​ണമേ എന്ന്‌. എന്നാൽ അപ്പോ​ഴും ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ അന്വേ​ഷി​ച്ചു​കൊ​ണ്ടു ഞങ്ങൾ ഉത്സാഹ​ത്തോ​ടെ പ്രസം​ഗ​വേല തുടർന്നു. ഹോട്ടൽമു​റി​യി​ലെ താമസ​ത്തി​ന്റെ അവസാ​ന​ദി​വസം. മിച്ചം ഉണ്ടായി​രുന്ന പണം​കൊണ്ട്‌ ഒരു റൊട്ടി​യും ഒരു ടിൻ പാലും വാങ്ങി. അന്നു രാത്രി ഉറങ്ങാൻ പോകു​മ്പോൾ ഞങ്ങൾ വീണ്ടും യഹോ​വ​യോ​ടു മുട്ടി​പ്പാ​യി പ്രാർഥി​ച്ചു, ജോലി​ക്കും താമസ​സൗ​ക​ര്യ​ത്തി​നും​വേണ്ടി. കാരണം, പിറ്റേന്ന്‌ ഹോട്ടൽ മുറി ഒഴിഞ്ഞു​കൊ​ടു​ക്കേ​ണ്ട​താണ്‌.

പിറ്റേന്നു രാവിലെ ടെലി​ഫോൺ ബെൽ അടിക്കു​ന്നതു കേട്ടാണു ഞങ്ങൾ ഉണർന്നത്‌. എന്റെ ഒരു അടുത്ത ബന്ധു കാണാൻ വന്നിരി​ക്കു​ന്നു​വെന്ന്‌ ഹോട്ടൽ മാനേജർ വിളിച്ചു പറഞ്ഞു. തികച്ചും അപ്രതീ​ക്ഷി​ത​മാ​യി​രു​ന്നു അത്‌. അദ്ദേഹം എനിക്കു കുറച്ചു പണം തന്നിട്ട്‌, അടുത്ത​യി​ടെ ബോണ​സാ​യി കുറച്ചു പണം കിട്ടി​യെ​ന്നും അതിൽ കുറെ ഞങ്ങൾക്കു തരാൻ ആഗ്രഹി​ച്ചെ​ന്നും പറഞ്ഞു. അവിടം​കൊ​ണ്ടു തീർന്നില്ല. ഏതാനും മിനിറ്റു കഴിഞ്ഞ​പ്പോ​ഴതാ ഒരു സഹോ​ദ​രന്റെ ഫോൺ; വാടക തീരെ കുറവുള്ള ഒരു അപ്പാർട്ടു​മെന്റ്‌ ഞങ്ങൾക്കാ​യി കണ്ടുപി​ടി​ച്ചി​ട്ടു​ണ്ട​ത്രേ. അന്നുതന്നെ ജോലി​യും ശരിയാ​യി; ഒരു നേഴ്‌സറി സ്‌കൂ​ളിൽ പൂന്തോ​ട്ട​ത്തി​ന്റെ​യും കളിസ്ഥ​ല​ത്തി​ന്റെ​യും പരിപാ​ലനം. ഒരേ ദിവസം​തന്നെ എല്ലാ പ്രശ്‌ന​ങ്ങൾക്കും പരിഹാ​ര​മാ​യി—കുറച്ചു പണം, താമസി​ക്കാൻ ഒരിടം, പിന്നെ ജോലി​യും. യഹോവ ഞങ്ങളുടെ പ്രാർഥന കേട്ടു.

1991-ൽ ബെൽഗൊ​റോ​ഡി​ലെ സ്‌മാരക ഹാജർ 55 ആയിരു​ന്നു. ഒരു വർഷത്തി​നു​ശേഷം അത്‌ 150 ആയി. അതിന​ടുത്ത വർഷം 354. 2006 ആയപ്പോ​ഴേ​ക്കും ആ നഗരത്തിൽ ആറു സഭകൾ ഉണ്ടായി​രു​ന്നു. ബെൽഗൊ​റോഡ്‌ ഒബ്ലാസ്റ്റിൽ 2,200-ലധികം പ്രസാ​ധ​ക​രും.

[250-ാം പേജിലെ ചതുരം]

ഈയിടെയുണ്ടായ നിയമ​പ​ര​മായ സംഭവ​വി​കാ​സ​ങ്ങൾ

യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി 2007 ജനുവ​രി​യിൽ നമുക്ക്‌ അനുകൂ​ല​മാ​യി ഐകക​ണ്‌ഠ്യേന ഒരു വിധി പുറ​പ്പെ​ടു​വി​ക്കു​ക​യു​ണ്ടാ​യി. അധികാ​രി​ക​ളു​ടെ കൈക​ട​ത്ത​ലു​ക​ളി​ല്ലാ​തെ, സ്വത​ന്ത്ര​മാ​യി ആരാധന നടത്താ​നുള്ള അവകാശം നമുക്ക്‌ അങ്ങനെ ലഭിച്ചു. വിധി​ന്യാ​യ​ത്തിൽ ഇങ്ങനെ പ്രസ്‌താ​വി​ച്ചി​രു​ന്നു: “യഹോ​വ​യു​ടെ സാക്ഷികൾ എന്ന മതവി​ഭാ​ഗ​ത്തിൽപ്പെ​ട്ടവർ കൂടി​വന്ന്‌ മതപര​മായ കാര്യങ്ങൾ പഠിക്കു​ന്ന​തും ചർച്ച​ചെ​യ്യു​ന്ന​തും അവരുടെ ആരാധ​ന​യു​ടെ​യും പഠിപ്പി​ക്ക​ലി​ന്റെ​യും അംഗീ​ക​രി​ക്ക​പ്പെട്ട വിധമാണ്‌.”

മോസ്‌കോ നഗരത്തിൽ നമ്മുടെ പ്രവർത്ത​ന​ത്തിന്‌ 2004 മുതൽ ഔദ്യോ​ഗിക വിലക്കു​ണ്ടെ​ങ്കി​ലും, ആരാധ​ന​യ്‌ക്കാ​യി സഹോ​ദ​രങ്ങൾ പരസ്യ​മാ​യി കൂടി​വ​രു​ക​യും പ്രസം​ഗ​വേ​ല​യിൽ സാധ്യ​മാ​കു​ന്നത്ര ഏർപ്പെ​ടു​ക​യും ചെയ്യുന്നു. 2007-ൽ യാതൊ​രു തടസ്സവും​കൂ​ടാ​തെ റഷ്യയി​ലു​ട​നീ​ളം സ്‌മാ​ര​ക​വും ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളും നടത്താൻ കഴിഞ്ഞ​തിൽ സഹോ​ദ​രങ്ങൾ അതീവ സന്തുഷ്ട​രാണ്‌.

നിയമ​ക്കു​രു​ക്കു​കൾ പൂർണ​മാ​യും അഴിഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ സഹോ​ദ​രങ്ങൾ ധീരമാ​യി​ത്തന്നെ അവയെ നേരി​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 2006 ഏപ്രിൽ 12-ന്‌ ല്യൂബ്ലി​നൊ​യി​ലെ പോലീസ്‌ ഡിപ്പാർട്ടു​മെന്റ്‌ മോസ്‌കോ​യി​ലെ സ്‌മാ​ര​കാ​ച​രണം അലങ്കോ​ല​പ്പെ​ടു​ത്തി. പോലീസ്‌ 14 സഹോ​ദ​ര​ന്മാ​രെ തടഞ്ഞു​വെ​ക്കു​ക​യും അവരുടെ അഭിഭാ​ഷ​കനെ കത്തികാ​ട്ടി ഭീഷണി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. ഒരു പ്രാ​ദേ​ശിക കോടതി നമുക്ക്‌ അൽപ്പം അനുകൂ​ല​മാ​യാണ്‌ വിധി​ച്ചത്‌. പക്ഷേ അപ്പീലി​നു പോയ​പ്പോൾ വിധി നമുക്ക്‌ എതിരാ​യി. ഇതു സംബന്ധിച്ച്‌ മനുഷ്യാ​വ​കാശ കോട​തി​യിൽ സഹോ​ദ​രങ്ങൾ പരാതി നൽകി​യി​ട്ടുണ്ട്‌. മറ്റൊരു സന്ദർഭ​ത്തിൽ, സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ നമ്മുടെ മതപര​മായ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ അനാവ​ശ്യ​മാ​യും വിപു​ല​മാ​യും അന്വേ​ഷണം നടത്തി​ക്കൊ​ണ്ടി​രുന്ന വ്യത്യസ്‌ത ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥർക്കെ​തി​രെ 2007 ജൂ​ലൈ​യിൽ ഒരു പരാതി സമർപ്പി​ക്കു​ക​യു​ണ്ടാ​യി.

[228-230 പേജു​ക​ളി​ലെ ചാർട്ട/ ഗ്രാഫ്‌]

റഷ്യ സുപ്ര​ധാന സംഭവങ്ങൾ

1890

1891 ധീരമാ​യി പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ട്ട​തു​മൂ​ലം സിമ്യോൻ കസ്ലിറ്റ്‌സ്‌കി​യെ റഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ പൂർവ​ഭാ​ഗ​ത്തേക്കു നാടു​ക​ടത്തി.

1904 ബൈബിൾ സാഹി​ത്യ​ങ്ങൾക്കു നന്ദി രേഖ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ റഷ്യയിൽനി​ന്നുള്ള കത്തുകൾ ജർമനി ബ്രാഞ്ചിൽ വരുന്നു

1910

1913 ബൈബിൾ വിദ്യാർഥി​ക​ളു​ടെ ഫിൻലൻഡി​ലെ ഓഫീ​സിന്‌ റഷ്യൻ ഗവൺമെന്റ്‌ അംഗീ​കാ​രം നൽകുന്നു; അന്നു ഫിൻലൻഡ്‌ റഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു.

1923 റഷ്യയി​ലേക്കു ബൈബിൾ സാഹി​ത്യ​ങ്ങൾ അയയ്‌ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടുള്ള നിരവധി കത്തുകൾ വാച്ച്‌ടവർ സൊ​സൈ​റ്റി​ക്കു ലഭിച്ചു തുടങ്ങു​ന്നു.

1928 റഷ്യയിൽ ബൈബിൾ വിദ്യാർഥി​ക​ളു​ടെ പ്രവർത്ത​ന​ത്തിന്‌ അനുമതി തേടി​ക്കൊണ്ട്‌ ജോർജ്‌ യങ്‌ മോസ്‌കോ​യിൽ അപേക്ഷ സമർപ്പി​ക്കു​ന്നു. അദ്ദേഹ​ത്തി​ന്റെ വീസ നീട്ടി​ക്കൊ​ടു​ക്കാൻ അധികാ​രി​കൾ വിസമ്മ​തി​ക്കു​ന്നു.

1929 എസ്‌തോ​ണി​യ​യി​ലെ റ്റാലനി​ലുള്ള ഒരു റേഡി​യോ സ്റ്റേഷനു​മാ​യി കരാർ ഉണ്ടാക്കു​ന്നു. ലെനിൻഗ്രാ​ഡി​ലും മറ്റു നഗരങ്ങ​ളി​ലും ബൈബിൾ പ്രഭാ​ഷ​ണങ്ങൾ പ്രക്ഷേ​പണം ചെയ്യ​പ്പെ​ടു​ന്നു.

1930

1939-40 പശ്ചിമ യൂ​ക്രെ​യിൻ, മൊൾഡോവ, ബാൾട്ടിക്‌ റിപ്പബ്ലി​ക്കു​കൾ എന്നിവ​യു​ടെ നിയ​ന്ത്ര​ണം​യു​എ​സ്‌എ​സ്‌ആർ ഏറ്റെടു​ക്കു​ന്നു. അതോടെ ആയിര​ക്ക​ണ​ക്കി​നു യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ രാജ്യാ​തിർത്തി​ക്കു​ള്ളിൽ ഒതുക്ക​പ്പെ​ടു​ന്നു.

1944 നൂറു​ക​ണ​ക്കി​നു സാക്ഷി​കളെ റഷ്യയിൽ ഉടനീ​ള​മുള്ള ജയിലു​ക​ളി​ലേ​ക്കും തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലേ​ക്കും അയയ്‌ക്കു​ന്നു.

1949 യഹോ​വ​യു​ടെ സാക്ഷി​കളെ മൊൾഡോ​വ​യിൽനി​ന്നു സൈബീ​രി​യ​യി​ലേ​ക്കും വിദൂ​ര​പൗ​ര​സ്‌ത്യ​ദേ​ശ​ത്തേ​ക്കും നാടു​ക​ട​ത്തു​ന്നു.

1950

1951 പശ്ചിമ യൂ​ക്രെ​യിൻ, ബിലേ​റസ്‌, ലട്‌വിയ, ലിത്വാ​നിയ, എസ്‌തോ​ണിയ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള 8,500-ലധികം സാക്ഷി​കളെ സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്തു​ന്നു.

1956/57 ലോക​മെ​മ്പാ​ടു​മുള്ള 199 ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ പ്രതി​നി​ധി​കൾ മതസ്വാ​ത​ന്ത്ര്യ​ത്തി​നാ​യി സോവി​യറ്റ്‌ ഗവൺമെ​ന്റി​നോട്‌ അപേക്ഷി​ക്കു​ന്നു.

1950-കളുടെ അവസാനം 600-ലധികം സാക്ഷി​കളെ മോർഡ്‌വി​നി​യ​യി​ലുള്ള പ്രത്യേക തൊഴിൽപ്പാ​ള​യ​ത്തിൽ കടുത്ത ഏകാന്ത​ത​ട​വിൽ ആക്കുന്നു.

1965 സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്ത​പ്പെ​ട്ട​വരെ മറ്റു പ്രദേ​ശ​ങ്ങ​ളി​ലേക്കു മാറി​ത്താ​മ​സി​ക്കാൻ അനുവ​ദി​ച്ചു​കൊണ്ട്‌ സോവി​യറ്റ്‌ ഗവൺമെന്റ്‌ പ്രത്യേക ഉത്തരവു പുറ​പ്പെ​ടു​വി​ക്കു​ന്നു. സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്ത​പ്പെട്ട സാക്ഷികൾ രാജ്യ​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലാ​യി ചിതറി​പ്പാർക്കു​ന്നു.

1970

1989-90 ഭരണസം​ഘാം​ഗങ്ങൾ ആദ്യമാ​യി റഷ്യയി​ലെ സഹോ​ദ​ര​ങ്ങ​ളു​മാ​യി കൂടി​ക്കാഴ്‌ച നടത്തുന്നു. യുഎസ്‌എ​സ്‌ആർ-ൽനിന്നുള്ള സാക്ഷികൾ പ്രത്യേക കൺ​വെൻ​ഷ​നു​കൾക്കു​വേണ്ടി പോള​ണ്ടി​ലേക്കു യാത്ര​യാ​കു​ന്നു.

1990

1991 മാർച്ച്‌ 27-ന്‌ റഷ്യയിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കു നിയമാം​ഗീ​കാ​രം ലഭിക്കു​ന്നു.

1992/93 സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലും മോസ്‌കോ​യി​ലും അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾ നടക്കുന്നു.

1997 സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ന​ടുത്ത്‌ സോൽനി​ക്‌നയ ഗ്രാമ​ത്തി​ലുള്ള റഷ്യാ ബ്രാഞ്ചി​ന്റെ സമർപ്പണം.

1999 സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ സ്ഥിതി​ചെ​യ്യുന്ന, റഷ്യയി​ലെ ആദ്യത്തെ സമ്മേള​ന​ഹാ​ളി​ന്റെ സമർപ്പണം.

2000

2003 ബ്രാഞ്ച്‌ വികസന പ്രവർത്ത​ന​ങ്ങ​ളു​ടെ പൂർത്തീ​ക​രണം.

2007 റഷ്യയിൽ 2,100-ലധികം സഭകളും പ്രസാ​ധ​ക​രു​ടെ ഒറ്റപ്പെട്ട കൂട്ടങ്ങ​ളും സജീവ​മാ​യി പ്രവർത്തി​ക്കു​ന്നു.

[ഗ്രാഫ്‌]

(പ്രസി​ദ്ധീ​ക​രണം കാണുക)

മൊത്തം പ്രസാ​ധ​കർ

മൊത്തം പയനി​യർമാർ

മൊത്തം പ്രസാ​ധ​കർ

മൊത്തം പയനി​യർമാർ

മുൻ യുഎസ്‌എ​സ്‌ആർ-ലെ 15 രാജ്യ​ങ്ങ​ളി​ലും​കൂ​ടെ ആകെയുള്ള പ്രസാ​ധ​കർ

3,60,000

3,00,000

2,40,000

1,80,000

1,20,000

60,000

40,000

20,000

1890 1910 1930 1950 1970 1990 1990 2000

[218-ാം പേജിലെ രേഖാ​ചി​ത്രം/ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

രാജ്യമെമ്പാടുമുള്ള സാഹി​ത്യ​വി​ത​ര​ണ​ത്തിൽ മറ്റു ബ്രാഞ്ചു​കൾ സഹായി​ച്ചി​ട്ടുണ്ട്‌

ജർമനി ഫിൻലൻഡ്‌

↓ ↓

സോൽനി​ക്‌നയ

↓ ↓ ↓ ↓

ബിലേറസ്‌ കസാഖ്‌സ്ഥാൻ മോസ്‌കോ റഷ്യ

ജപ്പാൻ

വ്‌ളാഡിവസ്റ്റോക്ക്‌

കംചട്‌ക

[116, 117 പേജു​ക​ളി​ലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

[66-ാം പേജിലെ ചിത്രം]

ചുക്‌ചീ ഉപദ്വീ​പി​ലെ സൂര്യോ​ദ​യം

[68-ാം പേജിലെ ചിത്രങ്ങൾ]

റഷ്യൻ, കസഖ്‌ ഭാഷക​ളി​ലുള്ള ഈ ബോർഡ്‌ സൈബീ​രി​യൻ ഗ്രാമ​മായ ഉസ്റ്റ്‌-ബുഖ്‌റ്റാർമ​യി​ലേ​ക്കുള്ള വഴി ചൂണ്ടി​ക്കാ​ട്ടു​ന്നു, സിമ്യോൻ കസ്ലിറ്റ്‌സ്‌കി​യെ നാടു​ക​ട​ത്തി​യത്‌ അവി​ടേ​ക്കാണ്‌

[71-ാം പേജിലെ ചിത്രങ്ങൾ]

ഹെർക്കെൻഡെൽ ദമ്പതികൾ റഷ്യയി​ലെ ജർമൻ സംസാ​രി​ക്കു​ന്ന​വരെ സഹായി​ച്ചു​കൊ​ണ്ടു മധുവി​ധു ആഘോ​ഷി​ച്ചു

[74-ാം പേജിലെ ചിത്രങ്ങൾ]

കാർലോ ഹാർട്ടേവാ സഹോ​ദ​രന്‌ (വലത്ത്‌) ന്യൂ​യോർക്കി​ലെ റഷ്യൻ ഇംപീ​രി​യൽ കോൺസെൽ, ഗവൺമെന്റ്‌ സ്റ്റാമ്പ്‌ പതിച്ചു​നൽകിയ പവർ ഓഫ്‌ അറ്റോർണി

[80-ാം പേജിലെ ചിത്രം]

1925 മേയിൽ പെൻസിൽവേ​നി​യ​യി​ലെ കാർനെ​ഗി​യിൽ നടന്ന ഈ കൺ​വെൻ​ഷ​നിൽ 250 പേർ ഹാജരാ​യി, 29 പേർ സ്‌നാ​ന​മേ​റ്റു

[81-ാം പേജിലെ ചിത്രം]

“വെറൊ​നിഷ്‌ ഒബ്ലാസ്റ്റ്‌ നിറയെ മതങ്ങളാണ്‌” എന്നു പറഞ്ഞ മാസിക

[82-ാം പേജിലെ ചിത്രം]

ജോർജ്‌ യങ്‌

[84-ാം പേജിലെ ചിത്രങ്ങൾ]

അലിക്‌സാണ്ടർ ഫോർസ്റ്റ്‌മെൻ പത്തു വർഷ​ത്തോ​ളം ലഘു​ലേ​ഖ​ക​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും പുസ്‌ത​ക​ങ്ങ​ളും റഷ്യനി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി

[90-ാം പേജിലെ ചിത്രം]

റെജീനയും പ്യോട്ടർ ക്രിവ​കൂൽസ്‌കി​യും, 1997-ൽ

[95-ാം പേജിലെ ചിത്രങ്ങൾ]

പ്യോട്ടറുടെ ‘പറക്കും​ക​ത്തു​ക​ളാണ്‌’ ഓൾഗ സവ്രൂ​ഗി​നയെ യഹോ​വ​യു​ടെ സാക്ഷി​യാ​കാൻ സഹായി​ച്ചത്‌

[100-ാം പേജിലെ ചിത്രം]

ഇവാൻ ക്രി​ലോവ്‌

[101-ാം പേജിലെ ചിത്രങ്ങൾ]

നാടുകടത്തപ്പെട്ട സാക്ഷികൾ സൈബീ​രി​യ​യിൽ സ്വന്തമാ​യി വീടുകൾ നിർമി​ച്ചു

[102-ാം പേജിലെ ചിത്രം]

മഗ്‌ദലിന ബെലഷി​റ്റ്‌സ്‌ക​യ​യെ​യും കുടും​ബ​ത്തെ​യും സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്തി

[110-ാം പേജിലെ ചിത്രം]

വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌

[115-ാം പേജിലെ ചിത്രം]

ആല്ല 1964-ൽ

[118-ാം പേജിലെ ചിത്രം]

സിമ്യോൻ കോസ്റ്റി​ലേവ്‌ ഇന്ന്‌

[120-ാം പേജിലെ ചിത്രം]

വ്‌ളാഡിസ്ലാവ്‌ അപാന്യു​കി​നു ലഭിച്ച ബൈബി​ള​ധി​ഷ്‌ഠിത പരിശീ​ലനം വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​നയെ അതിജീ​വി​ക്കാൻ സഹായി​ച്ചു

[121-ാം പേജിലെ ചിത്രങ്ങൾ]

നഡിയെഷ്‌ഡ വിഷ്‌ന്യാ​കി​ന്റെ വീട്ടിൽനിന്ന്‌ പോലീസ്‌ “അർമ​ഗെ​ദോ​നു ശേഷം—ദൈവ​ത്തി​ന്റെ പുതിയ ലോകം” എന്ന ചെറു​പു​സ്‌തകം കണ്ടെടു​ത്തു

[126-ാം പേജിലെ ചിത്രം]

ബറിസ്‌ ക്രിൽറ്റ്‌സോവ്‌

[129-ാം പേജിലെ ചിത്രം]

1957-ൽ അറസ്റ്റു​ചെ​യ്യ​പ്പെ​ടു​ന്ന​തിന്‌ ഒരു മാസ​ത്തോ​ളം​മുമ്പ്‌ വിക്ടർ ഗറ്റ്‌ഷ്‌മീറ്റ്‌ കുടും​ബ​ത്തോ​ടൊ​പ്പം. സഹോ​ദ​രി​യും (മുകളിൽ) ഭാര്യ പോളി​ന​യും പുത്രി​മാ​രും

[134-ാം പേജിലെ ചിത്രം]

ഐവാൻ പാഷ്‌കോ​വ്‌സ്‌കി

[136-ാം പേജിലെ ചിത്രം]

വൈക്കോൽക്കൂനയിൽനിന്നു കണ്ടെടുത്ത ഈ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ചിത്രം 1959-ൽ “മുതല” എന്ന മാസിക പ്രസി​ദ്ധീ​ക​രി​ച്ചു

[139-ാം പേജിലെ ചിത്രം]

1959-ൽ കെജിബി കണ്ടുപി​ടിച്ച അച്ചടി​കേ​ന്ദ്ര​ങ്ങ​ളി​ലൊന്ന്‌ ഈ വീടി​ന​ടി​യി​ലാ​യി​രു​ന്നു

[142-ാം പേജിലെ ചിത്രം]

ചിതറിപ്പോയവരെ പുന​രേ​കീ​ക​രി​ക്കാൻ അലിക്‌സെ ഗബുര്യാക്‌ മുന്നോ​ട്ടു​വ​ന്നു

[150-ാം പേജിലെ ചിത്രങ്ങൾ]

നാടൻ അച്ചടി​യ​ന്ത്ര​ങ്ങൾ

റോട്ടറി പ്രസ്സ്‌

പേപ്പർ പ്രസ്സ്‌

ട്രിമ്മർ

സ്റ്റെയ്‌പ്ലർ

[151-ാം പേജിലെ ചിത്രം]

ട്രാം ഡ്രൈ​വ​റായ സ്റ്റെപാൻ ലവിറ്റ്‌സ്‌കി, നമ്മുടെ പ്രസി​ദ്ധീ​ക​രണം അച്ചടി​ക്കാ​നുള്ള അഭ്യർഥ​ന​യു​മാ​യി ധൈര്യ​പൂർവം ഒരു പ്രസ്സു​ട​മയെ സമീപി​ച്ചു

[153-ാം പേജിലെ ചിത്രം]

ജയിലിലും മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രിച്ച ഗ്രിഗറി ഗറ്റിലഫ്‌

[157-ാം പേജിലെ ചിത്രങ്ങൾ]

ഉയരമുള്ള പൂച്ചെ​ടി​കൾക്കി​ട​യിൽ ആരും കാണാതെ ബൈബിൾപ​ഠ​ന​വും ചർച്ചയും നടത്താ​മാ​യി​രു​ന്നു

[161-ാം പേജിലെ ചിത്രം]

തീരെച്ചെറിയ ലഘുപ​ത്രി​ക​യു​ടെ രൂപത്തിൽ നിർമി​ക്ക​പ്പെട്ട ഒരു “വീക്ഷാ​ഗോ​പുര”ത്തിന്റെ യഥാർഥ വലുപ്പം

[164-ാം പേജിലെ ചിത്രം]

“ഓർഡർ ഓഫ്‌ ദ പ്രെസി​ഡി​യം ഓഫ്‌ ദ സുപ്രീം കോർട്ട്‌ ഓഫ്‌ ദ യുഎസ്‌എ​സ്‌ആർ”

[170-ാം പേജിലെ ചിത്രം]

രണ്ടു തട്ടുള്ള സ്യൂട്ട്‌കേ​സു​ക​ളി​ലും ബൂട്‌സി​ന്റെ സോളി​നു​ള്ളി​ലു​മാ​യി സഹോ​ദ​ര​ന്മാർ “നിധികൾ” ഒളിപ്പി​ച്ചി​രു​ന്നു

[173-ാം പേജിലെ ചിത്രം]

ഐവാൻ ക്ലിംകോ

[175-ാം പേജിലെ ചിത്രം]

നേർത്ത അക്ഷരത്തിൽ എഴുതിയ അഞ്ചോ ആറോ “വീക്ഷാ​ഗോ​പു​രം” ഒരു തീപ്പെ​ട്ടി​ക്കു​ള്ളിൽ ഒതുങ്ങു​മാ​യി​രു​ന്നു

[184, 185 പേജു​ക​ളി​ലെ ചിത്രം]

മോർഡ്‌വി​നി​യ​യി​ലെ പാളയ​ത്തിൽ കഴിഞ്ഞ അത്രയും വർഷം സഹോ​ദ​ര​ന്മാ​രിൽ ഒരാൾക്കു​പോ​ലും സ്‌മാ​ര​ക​ത്തി​നു ഹാജരാ​കാൻ കഴിയാ​തെ വന്നിട്ടില്ല

[194-ാം പേജിലെ ചിത്രം]

പാളയത്തിലെ കമാൻഡ​റു​ടെ ഭാര്യ​യോട്‌ നിക്കലൈ ഗുറ്റ്‌സ​ല്യാക്‌ അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ച്ചു

[199-ാം പേജിലെ ചിത്രങ്ങൾ]

അന്താരാഷ്‌ട്ര കൺ​വെൻ​ഷ​നു​കൾ

1989-ൽ റഷ്യയിൽനി​ന്നുള്ള പ്രതി​നി​ധി​കൾ പോള​ണ്ടി​ലെ മൂന്ന്‌ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ക​ളിൽ സംബന്ധി​ച്ചു

വാഴ്‌സോ

കൊഷൂഫ്‌

പോസ്‌നാൻ

[202-ാം പേജിലെ ചിത്രം]

വേല രജിസ്റ്റർ ചെയ്യ​പ്പെ​ട്ട​ശേഷം, ഇടത്തു​നിന്ന്‌: തിയോ​ഡർ ജാരറ്റ്‌സ്‌, മീഖാ​യേൽ ദാസ്‌വിഷ്‌, ഡിമീ​ട്രീ ലീവീ, മിൽട്ടൺ ഹെൻഷൽ, നീതി​ന്യാ​യ മന്ത്രാലയ ജോലി​ക്കാ​രൻ, അനാനി ഗ്രോ​ഗുൽ, അലിക്‌സെ വെർഷ്‌ബി​റ്റ്‌സ്‌കി, വില്ലി പോൾ

[205-ാം പേജിലെ ചിത്രങ്ങൾ]

സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ കീറോഫ്‌ സ്റ്റേഡി​യ​ത്തിൽ 1992-ൽ നടന്ന “പ്രകാ​ശ​വാ​ഹകർ” അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ മിൽട്ടൺ ഹെൻഷൽ പ്രസം​ഗി​ക്കു​ന്നു

[206-ാം പേജിലെ ചിത്രം]

റഷ്യയിലെ സോൽനി​ക്‌ന​യ​യിൽ വാങ്ങിയ സ്ഥലം

[207-ാം പേജിലെ ചിത്രം]

സോൽനിക്‌നയയിൽ ആദ്യം എത്തിയ സ്വമേ​ധാ​സേ​വ​ക​രിൽ രണ്ടുപേർ, ഔലിസ്‌ ബെർഗ്‌ഡാ​ലും ഭാര്യ ഇവാലീ​സ​യും

[208-ാം പേജിലെ ചിത്രം]

ഹാനു റ്റാനി​നെ​നും ഏയയും സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ നിയമി​ത​രാ​യി

[210-ാം പേജിലെ ചിത്രം]

ഡിസ്‌ട്രിക്‌റ്റ്‌ വേലയ്‌ക്കാ​യി റോമൻ സ്‌കീ​ബ​യും ല്യുഡ്‌മീ​ല​യും ദീർഘ​യാ​ത്രകൾ നടത്തി

[220-ാം പേജിലെ ചിത്രം]

വ്‌ളാഡിവസ്റ്റോക്കിലെ കപ്പൽത്തു​റ​യിൽ സാഹി​ത്യ​ങ്ങ​ളു​മാ​യി സഹോ​ദ​ര​ന്മാർ

[224-ാം പേജിലെ ചിത്രം]

ആർനോ റ്റ്വിങ്കി​ളും ഭാര്യ സോണി​യ​യും റഷ്യയിൽ പല സേവന​പ​ദ​വി​ക​ളും ആസ്വദി​ച്ചു

[226, 227 പേജു​ക​ളി​ലെ ചിത്രം]

സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ന​ടുത്ത്‌ വനത്തിൽ ഒരു യോഗം, 1989

[238-ാം പേജിലെ ചിത്രം]

റഷ്യാ ബ്രാഞ്ചി​നു കീഴിൽ 40-ലേറെ ഭാഷക​ളി​ലേക്കു പരിഭാഷ നടക്കുന്നു

[243-ാം പേജിലെ ചിത്രം]

സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ നടന്ന ആദ്യ പയനിയർ സ്‌കൂൾ, 1996 ജൂൺ

[246-ാം പേജിലെ ചിത്രങ്ങൾ]

പ്രസംഗവേല, റഷ്യയിൽ

പെറം ഒബ്ലാസ്റ്റി​ലെ​യും നർക്കല​യി​ലെ​യും വയലു​ക​ളിൽ

സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ തെരു​വു​ക​ളിൽ

യകൂറ്റ്‌സ്‌ക്കിൽ വീടു​തോ​റും

സരാറ്റഫിലെ ചന്തസ്ഥലത്ത്‌

[252, 253 പേജു​ക​ളി​ലെ ചിത്രങ്ങൾ]

റഷ്യാ ബ്രാഞ്ച്‌

പാർപ്പിടസമുച്ചയവും ചുറ്റു​മുള്ള സ്ഥലങ്ങളും, വിഹഗ​വീ​ക്ഷ​ണം

[254-ാം പേജിലെ ചിത്രം]

2006-ൽ മോസ്‌കോ​യിൽവെച്ചു നടന്ന ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷന്‌ 23,537 പേർ ഹാജരാ​യി

[254-ാം പേജിലെ ചിത്രം]

ലൂഷ്‌നിക്കീ സ്റ്റേഡിയം

[167-ാം പേജിലെ ചിത്രം]

പസ്‌കൊഫ്‌

റ്റ്‌വെർ

മോസ്‌കോ

ബെൽഗൊറോഡ്‌

വെറൊനിഷ്‌

റൊസ്റ്റോവ്‌

വോൾഗൊഗ്രാഡ്‌

കാബർഡിനോ-ബോൾക്കാ​രി​യ

അലേനിയ

ഇവാനവ

നിഷഗൊറോഡ്‌

മോർഡ്‌വിനിയ

യുല്യാനഫ്‌സ്‌ക്‌

ടാറ്റർസ്ഥാൻ

പെറം

കോമീ റിപ്പ.

മുർമാൻസ്‌ക്‌

കുർഗൻ

ഓംസ്‌ക്‌

റ്റോംസ്‌ക്‌

നൊവസൈബിർസ്‌ക്‌

അൽറ്റായ്‌

കിമിറോവോ

ക്രാസ്‌നയാർസ്‌ക്‌

ഇർക്കൂറ്റ്‌സ്‌ക്‌

സാക റിപ്പബ്ലിക്‌

ആമുർ

ഖബറഫ്‌സ്‌ക്‌

കംചട്‌ക

സൈ ബീ രി യ

ബാൾട്ടിക്‌ കടൽ

കാസ്‌പിയൻ കടൽ

ബാരന്റ്‌സ്‌ കടൽ

കാരാ കടൽ

ലാപ്‌ടെഫ്‌ കടൽ

പൂർവ സൈബീ​രി​യൻ കടൽ

ചുക്‌ചീ കടൽ

ബറിങ്‌ കടലി​ടുക്ക്‌

ഒക്കോട്ട്‌സ്‌ക്‌ കടൽ

ജപ്പാൻ കടൽ

കസാഖ്‌സ്ഥാൻ

മംഗോളിയ

യുറൽ മലകൾ

ആർട്ടിക്‌ സമുദ്രം

ഉത്തരധ്രുവം

ചെല്യാബിൻസ്‌ക്‌

അൽറ്റായ്‌ റിപ്പ.

റ്റുവ റിപ്പ.

കകേസ്യ റിപ്പ.

യികാറ്റിറീംബുർക്‌

ബുര്യേഷിയ

ചിറ്റാ

പ്രിമോർസ്‌കി ക്രൈ

സാകലീൻ

ട്യൂമെൻ

ചൈന

[116-ാം പേജിലെ ചിത്രം]

ജർമനി

ഡെന്മാർക്ക്‌

നോർവേ

കോപ്പൻഹേഗൻ

സ്വീഡൻ

പോളണ്ട്‌

ലോഡ്‌സ്‌

കാലിനിൻഗ്രാഡ്‌

ഫിൻലൻഡ്‌

എസ്‌തോണിയ

വാഴ്‌സോ

ലിത്വാനിയ

ലട്‌വിയ

നവ്‌ഗരഡ്‌

ലവിഫ്‌

വീഷ്‌നീവലച്ചോക്‌

സോൽനിക്‌നയ

സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗ്‌

പിറ്റ്രസവോറ്റ്‌സ്‌ക്‌

നൊവയ സെംലിയ

ബിലേറസ്‌

മൊൾഡോവ

ബ്രെസ്റ്റ്‌

മോസ്‌കോ

യൂക്രെയിൻ

ഒറെൽ

കുർസ്‌ക്‌

വെറൊ​നിഷ്‌

റ്റൂള

വ്‌ളഡിമിർ

നാർറ്റ്‌കല

ഇവാനവ

സിക്‌റ്റിഫ്‌കർ

നിഷ്‌നിയ്‌ നവ്‌ഗ​രഡ്‌

കാസ്‌പിയൻ കടൽ

പിച്ചോറ

ഉക്‌റ്റ

ബാരന്റ്‌സ്‌ കടൽ

ഇന്റ

വൊർക്കൂറ്റ

സരാറ്റഫ്‌

യുറൽ മലകൾ

വോൾഗ നദി

ഈഴെഫ്‌സ്‌ക്‌

നബരിഷ്‌നിഖെൽനി

കൗക്കാസസ്‌ മലകൾ

യുഡർനി

വോൾഷ്‌കീ

സ്റ്റാവ്‌റോപ്പൽ

പിറ്റീഗോർസ്‌ക്‌

നൽചിക്‌

ബിസ്‌ലാൻ

വ്‌ളാഡികഫ്‌കാസ്‌

അസ്‌ട്രക്കൻ

യികാറ്റിറീംബുർക്‌

അക്‌റ്റാഷ്‌

കസാഖ്‌സ്ഥാൻ

ആസ്റ്റാനാ

കെഞ്ചിർ

നൊവസൈബിർസ്‌ക്‌

റ്റോംസ്‌ക്‌

കാരാ കടൽ

യുസ്റ്റ്‌കാൻ

കിമിറോവോ

ക്രാസ്‌നയാർസ്‌ക്‌

നൊവകൂസ്‌നെറ്റ്‌സ്‌ക്‌

ഉസ്‌ബക്കിസ്ഥാൻ

റ്റാഷ്‌കെന്റ്‌

അൻഗ്രിയൻ

ചൈന

ബാൾട്ടിക്‌ കടൽ

എൽബ്രൂസ്‌ പർവതം

ആ ർ ട്ടി ക്‌

സമുദ്രം

ഉത്തര ധ്രുവം

നോറിൽസ്‌ക്‌

ലാപ്‌ടെഫ്‌ കടൽ

ഖൈയിർ

ചുക്‌ചീ കടൽ

ഐമികോൻ

കാലമാ നദി

ബറിങ്‌ കടലി​ടുക്ക്‌

കിഴക്കേ സൈബീ​രി​യൻ കടൽ

ചുക്‌ചീ ഉപദ്വീപ്‌

ഉത്തരധ്രുവരേഖ

യൂസ്‌നെറ

ബറിങ്‌ കടൽ

കാംചട്‌ക

യകൂറ്റ്‌സ്‌ക്‌

ഒക്കോട്ട്‌സ്‌ക്‌ കടൽ

അക്‌റ്റ്യാബർസ്‌ക്കി

ടുലുൺ

ബിറൂസിൻസ്‌ക്ക്‌

കിറൻസ്‌ക്‌

ബ്രാറ്റ്‌സ്‌ക്‌

വിഖോറഫ്‌ക

ബൈക്കാൽ തടാകം

മധ്യ ഖാസൻ

സിമാ

ഉസോലി-സിബിർസ്‌കൊ​യി

കിറ്റോയി

സലറി

ഇർക്കൂറ്റ്‌സ്‌ക്‌

അങ്കാർസ്‌ക്‌

സാകലീൻ

യൂഷ്‌ന-സഖലിൻസ്‌ക്‌

ഖബറഫ്‌സ്‌ക്‌

കൊർസക്കഫ്‌

ഹൊക്കൈഡോ

ചൈന

യൂലാൻബാറ്റൊർ

മംഗോളിയ

വ്‌ളാഡിവസ്റ്റോക്ക്‌

ജപ്പാൻ

ടോക്കിയോ

ജപ്പാൻ കടൽ

[218-ാം പേജിലെ ചിത്രം]