പാഠം 19
വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്?
തന്റെ മരണത്തിനു ദിവസങ്ങൾക്കു മുമ്പ്, ശിഷ്യന്മാരായ പത്രോസ്, യാക്കോബ്, യോഹന്നാൻ, അന്ത്രയോസ് എന്നിവരോടു സംസാരിക്കുകയായിരുന്നു യേശു. അന്ത്യകാലത്തെ തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ച് പറയുമ്പോൾ, യേശു വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ഉന്നയിച്ചു: “വീട്ടുജോലിക്കാർക്കു തക്കസമയത്ത് ഭക്ഷണം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്?” (മത്തായി 24:3, 45; മർക്കോസ് 13:3, 4) അന്ത്യകാലത്ത് തന്റെ ശിഷ്യന്മാർക്കു മുടങ്ങാതെ ആത്മീയാഹാരം കൊടുക്കാൻ ചിലരെ നിയമിക്കുമെന്ന് ഉറപ്പുനൽകുകയായിരുന്നു ‘യജമാനനായ’ യേശു. ആരാണ് ഈ അടിമ?
യേശുവിന്റെ അഭിഷിക്താനുഗാമികളുടെ ഒരു ചെറിയ കൂട്ടമാണ് അത്. യഹോവയുടെ സാക്ഷികളുടെ ഭരണസംഘമാണ് “അടിമ”യായി വർത്തിക്കുന്നത്. യഹോവയുടെ ആരാധകരായ സഹവിശ്വാസികൾക്ക് കാലോചിതമായ ആത്മീയാഹാരം വിതരണം ചെയ്യുന്നത് ഈ അടിമയാണ്. അതുകൊണ്ട് ‘തക്കസമയത്തെ ആഹാരവിഹിതത്തിനായി’ വിശ്വസ്തനായ ഈ അടിമയെയാണു ഞങ്ങൾ ആശ്രയിക്കുന്നത്.—ലൂക്കോസ് 12:42.
അടിമ ദൈവഭവനം നോക്കിനടത്തുന്നു. (1 തിമൊഥെയൊസ് 3:15) ഭൂമിയിൽ, യഹോവയുടെ സംഘടനയുടെ പ്രവർത്തനങ്ങൾ നോക്കിനടത്താനുള്ള ഭാരിച്ച ഉത്തരവാദിത്വം യേശു ഏൽപ്പിച്ചിരിക്കുന്നത് അടിമയെയാണ്. സംഘടനയുടെ ഭൗതിക സ്വത്തുക്കൾ നോക്കിനടത്തുന്നതും പ്രസംഗപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്നതും സഭകളിലൂടെ ഞങ്ങളെ പഠിപ്പിക്കുന്നതും എല്ലാം ആ ഉത്തരവാദിത്വത്തിൽപ്പെടുന്നു. സഭായോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും ശുശ്രൂഷയിൽ ഞങ്ങൾ ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങളിലൂടെയും ആണ് “വിശ്വസ്തനും വിവേകിയുമായ അടിമ” ആത്മീയാഹാരം വിതരണം ചെയ്യുന്നത്. അങ്ങനെ ഞങ്ങൾക്ക് ആവശ്യമായ ആത്മീയാഹാരം ഏറ്റവും ആവശ്യമായ സമയത്തുതന്നെ കിട്ടുന്നു.
ബൈബിൾസത്യങ്ങളോടും പ്രസംഗിക്കാനുള്ള നിയമനത്തോടും അടിമ വിശ്വസ്തത പുലർത്തുന്നു. അതുപോലെതന്നെ, ക്രിസ്തു ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ അടിമ വിവേകത്തോടെ കൈകാര്യം ചെയ്യുന്നു. (പ്രവൃത്തികൾ 10:42) കൂടുതൽക്കൂടുതൽ ആളുകളെ സംഘടനയിലേക്കു കൂട്ടിച്ചേർത്തുകൊണ്ടും ആത്മീയാഹാരം സമൃദ്ധമായി നൽകിക്കൊണ്ടും യഹോവ അടിമയുടെ പ്രവർത്തനത്തെ അനുഗ്രഹിച്ചിരിക്കുന്നു.—യശയ്യ 60:22; 65:13.
-
തന്റെ അനുഗാമികളെ ആത്മീയമായി പോഷിപ്പിക്കാൻ യേശു ആരെയാണു നിയോഗിച്ചത്?
-
അടിമ വിശ്വസ്തനും വിവേകിയും ആയിരിക്കുന്നത് ഏതു വിധത്തിലാണ്?