വല്ലപ്പോഴുമൊക്കെ എനിക്ക് എന്തുകൊണ്ട് അല്പം ഉല്ലാസം ആസ്വദിച്ചുകൂടാ?
അധ്യായം 37
വല്ലപ്പോഴുമൊക്കെ എനിക്ക് എന്തുകൊണ്ട് അല്പം ഉല്ലാസം ആസ്വദിച്ചുകൂടാ?
വെളളിയാഴ്ചകളിൽ വൈകുന്നേരം പൗളിൻ* ക്രിസ്തീയ മീററിംഗുകൾക്ക് പോകാറുണ്ടായിരുന്നു. അവിടത്തെ ചർച്ചകൾ അവൾ ആസ്വദിച്ചു, എന്നാലും അവൾ അവിടെയായിരിക്കുമ്പോൾ സ്കൂളിലെ അവളുടെ കൂട്ടുകാരികൾ പുറത്തുപോയി ആസ്വാദനം കണ്ടെത്തുകയാണ് എന്ന വസ്തുത അവൾക്ക് നീരസം ഉളവാക്കി.
മീററിംഗ് കഴിഞ്ഞ് പൗളിൻ യുവജനങ്ങൾ സാധാരണ സമ്മേളിച്ചിരുന്ന ഒരു സ്ഥലത്തിനടുത്തുകൂടെ കടന്നുപോകുമായിരുന്നു. അവൾ ഇപ്രകാരം അനുസ്മരിക്കുന്നു: “ഞങ്ങൾ അതുവഴി കടന്നുപോകുമ്പോൾ ഉച്ചത്തിലുളള സംഗീതത്താലും മിന്നുന്ന ദീപങ്ങളാലും ആകർഷിക്കപ്പെട്ടിട്ട് ഞാൻ ജന്നലിനോട് എന്റെ മൂക്ക് അമർത്തിനിന്ന് നോക്കുകയും അവർ ആസ്വദിച്ചിരുന്ന രസം ആകാംക്ഷാപൂർവ്വം ഭാവനയിൽ കാണുകയും ചെയ്യുമായിരുന്നു.” കാലക്രമത്തിൽ അവളുടെ കൂട്ടുകാരികളോടുകൂടെ ജീവിതം ആസ്വദിക്കാനുളള അവളുടെ ആഗ്രഹം അവളുടെ ജീവിതത്തിലെ മുഖ്യ സംഗതിയായിത്തീർന്നു.
ഒരു ക്രിസ്ത്യാനിയായിരിക്കുന്നതിനാൽ ജീവിതത്തിൽ നിങ്ങൾക്ക് ചിലതെല്ലാം നഷ്ടമാകുന്നുണ്ട് എന്ന് പൗളിനെപ്പോലെ ചിലപ്പോൾ നിങ്ങളും വിചാരിച്ചേക്കാം. എല്ലാവരുടെയും ചർച്ചാവിഷയമായിരിക്കുന്ന ആ ററി. വി. പരിപാടി കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അതു വളരെയധികം അക്രമപ്രവർത്തനങ്ങൾ നിറഞ്ഞതായതുകൊണ്ട് കാണാൻ കൊളളുകയില്ല എന്ന് നിങ്ങളുടെ മാതാപിതാക്കൾ പറയുന്നു. പൊതു കളിസ്ഥലങ്ങളിൽ പോകാനും സ്കൂളിലെ മററു കുട്ടികളോടൊപ്പം ആയിരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾ അതിനെ “ചീത്ത സഹവാസങ്ങൾ” എന്ന് വിളിക്കുന്നു. (1 കൊരിന്ത്യർ 15:33) സ്കൂളിലെ നിങ്ങളുടെ കൂട്ടുകാരെല്ലാം സംബന്ധിക്കുന്ന പാർട്ടിയിൽ സംബന്ധിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അതു വേണ്ട എന്ന് മമ്മിയും ഡാഡിയും പറയുന്നു.
സ്കൂളിലെ നിങ്ങളുടെ കൂട്ടുകാർ യഥേഷ്ടം വരികയും പോകുകയും മാതാപിതാക്കളുടെ ഇടപെടൽ കൂടാതെ വെളുപ്പാൻ കാലം വരെ സംഗീതക്കച്ചേരികൾക്കും പാർട്ടികൾക്കും സംബന്ധിക്കുകയും ചെയ്യുന്നതായി തോന്നുന്നു. അവർക്കുളള സ്വാതന്ത്ര്യം സംബന്ധിച്ച് നിങ്ങൾക്ക് അസൂയ തോന്നുന്നതായി നിങ്ങൾ സ്വയം കണ്ടെത്തിയേക്കാം. മോശമായ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല.
വല്ലപ്പോഴുമൊക്കെ അല്പം ഉല്ലാസം ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു മാത്രം.വിനോദങ്ങൾ—ദൈവത്തിന്റെ വീക്ഷണം
ആസ്വാദനം കണ്ടെത്തുന്നതിനുളള നിങ്ങളുടെ ആഗ്രഹത്തിൽ തെറെറാന്നുമില്ല എന്ന് ഉറപ്പുളളവരായിരിക്കുക. ഏതായാലും യഹോവ “സന്തുഷ്ടനായ ദൈവ”മാണ്. (1 തിമൊഥെയോസ് 1:11) ജ്ഞാനിയായ ശലോമോനിലൂടെ അവൻ പറയുന്നു: “യുവജനങ്ങളേ, നിങ്ങളുടെ യൗവനം ആസ്വദിക്കുക. നിങ്ങളുടെ യൗവനകാലത്ത് സന്തോഷിക്കുക. നിങ്ങൾക്ക് ചെയ്യാനിഷ്ടമുളളതു ചെയ്യുകയും നിങ്ങളുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെ പിൻപററുകയും ചെയ്യുക.” എന്നിരുന്നാലും ശലോമോൻ ഇപ്രകാരം മുന്നറിയിപ്പ് നൽകി: “എന്നാൽ നിങ്ങൾ ചെയ്യുന്ന ഏതു കാര്യവും സംബന്ധിച്ച് ദൈവം നിങ്ങളെ ന്യായംവിധിക്കാൻ പോകുകയാണെന്ന് ഓർമ്മിക്കുക”—സഭാപ്രസംഗി 11:9, 10. ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
നിങ്ങളുടെ പ്രവൃത്തി സംബന്ധിച്ച് ദൈവം നിങ്ങളെ ഉത്തരവാദിയാക്കുന്നു എന്ന് അറിയുന്നത് വിനോദങ്ങളെ സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കാൻ സഹായിക്കുന്നു. ജീവിതം ആസ്വദിക്കുന്നതിനെ ദൈവം കുററംവിധിക്കുന്നില്ലെങ്കിലും ഒരു ‘ഉല്ലാസപ്രിയനെ,’ അടുത്ത ഉല്ലാസവേളക്കുവേണ്ടി മാത്രം ജീവിക്കുന്ന ഒരുവനെ, ദൈവം അംഗീകരിക്കുന്നില്ല. (2 തിമൊഥെയോസ് 3:1, 4) അതെന്തുകൊണ്ടാണ്? ശലോമോൻ രാജാവിനെപ്പററി ചിന്തിക്കുക. ബൃഹത്തായ തന്റെ വിഭവശേഷിയെല്ലാം ഉപയോഗിച്ചുകൊണ്ട് ഒരു മനുഷ്യന് വിഭാവനം ചെയ്യാൻ കഴിയുന്ന എല്ലാ ഉല്ലാസങ്ങളും അവൻ രുചിച്ചറിഞ്ഞു. അവൻ പറയുന്നു: “എന്റെ കണ്ണുകൾ ആവശ്യപ്പെട്ടത് ഒന്നും ഞാൻ അവയ്ക്കു നിഷേധിച്ചില്ല. യാതൊരുവിധ ഉല്ലാസത്തിൽനിന്നും ഞാൻ എന്റെ ഹൃദയത്തെ പിൻമാററി നിറുത്തിയില്ല.” അതിന്റെ ഫലമോ? “നോക്കൂ! സകലതും മായയും കാററിനെ പിടിക്കാനുളള ശ്രമവുമത്രെ.” (സഭാപ്രസംഗി 2:10, 11) അതെ, ഉല്ലാസം തേടുന്ന ഒരു ജീവിതം ഒടുവിൽ നിങ്ങളെ ശൂന്യബോധവും നിരാശയുമുളളവരാക്കുകയേയുളളുവെന്ന് ദൈവത്തിനറിയാം.
മയക്കുമരുന്നു ദുരുപയോഗമോ വിവാഹത്തിനു മുമ്പേയുളള ലൈംഗികതയോപോലെ നമ്മെ മലിനീകരിക്കുന്ന ശീലങ്ങളിൽ നിന്ന് നിങ്ങൾ സ്വതന്ത്രരായിരിക്കണമെന്നും ദൈവം ആവശ്യപ്പെടുന്നു. (2 കൊരിന്ത്യർ 7:1) എന്നിരുന്നാലും തമാശക്കുവേണ്ടി കൗമാരപ്രായക്കാർ ചെയ്യുന്ന പലകാര്യങ്ങളും ഒരുവൻ ഇത്തരം ശീലങ്ങളിൽ കുരുങ്ങിപ്പോകുന്നതിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന് ഒരു പെൺകുട്ടി മുതിർന്നവരാരും സന്നിഹിതരാകാതെ സഹപാഠികളുടേതു മാത്രമായ ഒരു സാമൂഹ്യകൂടിവരവിൽ സംബന്ധിക്കാൻ തീരുമാനിച്ചു. “സ്ററീരിയോ സംഗീതം ഗംഭീരമായിരുന്നു, ഗംഭീര ഡാൻസിംഗ്, നല്ല ലഘുഭക്ഷണം, പൊട്ടിച്ചിരിക്കാൻ ധാരാളം അവസരങ്ങൾ,” അവൾ അനുസ്മരിക്കുന്നു. എന്നാൽ പിന്നീട് “ആരോ മാരിഹ്വാന കൊണ്ടുവന്നു. പിന്നെ കുടി, അപ്പോഴാണ് ആകെ കുഴപ്പമായത്.” അതിന്റെ ഫലം ലൈംഗിക ദുർന്നടത്തയായിരുന്നു. ആ പെൺകുട്ടി ഇങ്ങനെ ഏററുപറഞ്ഞു: “അന്നു മുതൽ ഇന്നോളം ഞാൻ ദുഃഖിതയും വിഷണ്ണയുമാണ്.” മുതിർന്നവരുടെ മേൽനോട്ടമില്ലാതെ എത്ര എളുപ്പത്തിലാണ് അത്തരം കൂടിവരവുകൾ “വന്യവും” അനിയന്ത്രിതവുമായിത്തീരുന്നത്!—ഗലാത്യർ 5:21, ബൈയിങ്ടൻ.
ഒരുപക്ഷേ നിങ്ങൾക്ക് എവിടെ പോകാം ആരോടൊപ്പം സഹവസിക്കാം എന്നത് സംബന്ധിച്ച് നിയന്ത്രണങ്ങൾ വച്ചുകൊണ്ട് നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ നിങ്ങളുടെ ഉല്ലാസ സമയങ്ങൾ എങ്ങനെ ചെലവഴിക്കുന്നു എന്നതിനെപ്പററി ഉൽക്കണ്ഠ പ്രകടമാക്കുന്നത് അതിശയമല്ല. അവരുടെ ലക്ഷ്യമെന്താണ്? ദൈവത്തിന്റെ മുന്നറിയിപ്പിന് ചെവികൊടുക്കാൻ നിങ്ങളെ സഹായിക്കുക: “നിന്റെ ഹൃദയത്തിൽ നിന്ന് വ്യസനം അകററി നിന്റെ ദേഹത്തിൽനിന്ന് അനർത്ഥം നീക്കിക്കളയുക; ബാല്യവും യൗവനവും മായയത്രേ.”—സഭാപ്രസംഗി 11:10.
ഉല്ലാസം തേടുന്നവരോട് അസൂയയോ?
ഇതെല്ലാം മറന്ന് ചില യുവജനങ്ങൾ ആസ്വദിക്കുന്നതായി കാണപ്പെടുന്ന സ്വാതന്ത്ര്യം സംബന്ധിച്ച് അസൂയ തോന്നുക എളുപ്പമാണ്. പൗളിൻ ക്രിസ്തീയ മീററിംഗുകളിൽ സംബന്ധിക്കുന്നത് മതിയാക്കി ഉല്ലാസം തേടുന്ന ഒരു കൂട്ടത്തോട് ചേർന്നു. “എനിക്ക് എന്തിനെതിരെ മുന്നറിയിപ്പ് നൽകപ്പെട്ടിരുന്നുവോ ആ തെററുകളെല്ലാം ചെയ്യുന്നതായി ഞാൻ എന്നെത്തന്നെ കണ്ടെത്തി,” എന്ന് അവൾ അനുസ്മരിക്കുന്നു. പൗളിന്റെ ഉല്ലാസ ജീവിതം അവൾ അവസാനം അറസ്ററ് ചെയ്യപ്പെടുന്നതിനും വഴിതെററി നടക്കുന്ന പെൺകുട്ടികൾക്കായുളള ഒരു സ്കൂളിൽ ആക്കപ്പെടുന്നതിനും ഇടയാക്കി!
ദീർഘനാൾ മുമ്പ് 73-ാം സങ്കീർത്തനത്തിന്റെ രചയിതാവിന് പൗളിന്റെതുപോലെയുളള വികാരങ്ങൾ അനുഭവപ്പെട്ടു. “ദുഷ്ടമനുഷ്യരുടെ സമാധാനം കണ്ടിട്ട് എനിക്ക് വീമ്പു പറയുന്നവരോട് അസൂയ തോന്നി” എന്ന് അവൻ സമ്മതിച്ചു പറഞ്ഞു. നീതിയുളള തത്വങ്ങൾ അനുസരിച്ച് ജീവിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് അവൻ സംശയിച്ചു തുടങ്ങുകപോലും ചെയ്തു. “ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുററമില്ലായ്മയിൽ കഴുകുന്നതും തീർച്ചയായും വ്യർത്ഥമത്രേ” എന്ന് അവൻ പറഞ്ഞു. എന്നാൽ പിന്നീട് അവന് ആഴമായ ഒരു ഉൾക്കാഴ്ച ലഭിച്ചു: ദുഷ്ടൻമാർ “വഴുവഴുപ്പിലാണ്,” നാശത്തിന്റെ വക്കിലാണ് നിൽക്കുന്നത്!—സങ്കീർത്തനം 73:3, 13, 18.
പൗളിൻ കഠിനമായ ഒരു വിധത്തിൽ ഇതു മനസ്സിലാക്കി. ലോകത്തിലേക്കുളള ആ എടുത്തുചാട്ടത്തിനുശേഷം ദൈവപ്രീതി വീണ്ടെടുക്കാൻവേണ്ടി
അവൾ തന്റെ ജീവിതത്തിൽ കാതലായ മാററങ്ങൾ വരുത്തി. എന്നാൽ ‘ഉല്ലാസ’ത്തിനു നിങ്ങൾ കൊടുക്കേണ്ടി വരുന്ന വില വളരെ ഉയർന്നതാണെന്ന് തിരിച്ചറിയാൻ നിങ്ങൾ അറസ്ററ് ചെയ്യപ്പെടുകയോ ലൈംഗിക രോഗത്താൽ ബാധിക്കപ്പെടുകയോ മയക്കുമരുന്നുകൾ ഉപേക്ഷിക്കുമ്പോഴത്തെ കഠിന യാതന അനുഭവിക്കുകയോ ചെയ്യേണ്ടതില്ല. അത്തരം അപകടങ്ങൾ കൂടാതെ ആരോഗ്യാവഹവും കെട്ടുപണി ചെയ്യുന്നതുമായ വിധങ്ങളിൽ ആസ്വാദനം കണ്ടെത്താൻ അനേകം മാർഗ്ഗങ്ങളുണ്ട്. അവയിൽ ചിലത് എന്തൊക്കെയാണ്?ആരോഗ്യാവഹമായ ഉല്ലാസവേളകൾ
കൗമാരപ്രായക്കാർ “വല്ലപ്പോഴുമൊക്കെ തങ്ങളുടെ കുടുംബാഗങ്ങളോടൊപ്പം വിനോദയാത്രകളും മററ് അതുപോലുളള പ്രവർത്തനങ്ങളും ആസ്വദിക്കുന്നു” എന്നാണ് അമേരിക്കയിലെ യുവജനങ്ങളുടെ ഒരു സർവ്വേ വെളിപ്പെടുത്തിയത്. ഒരു കുടുംബം എന്ന നിലയിൽ ഒന്നിച്ച് കാര്യങ്ങൾ ചെയ്യുന്നത് ഉല്ലാസപ്രദം മാത്രമല്ല അതു കുടുംബാംഗങ്ങൾക്കിടയിലുളള ഐക്യം വർദ്ധിപ്പിക്കുകയും ചെയ്യും.
ഇത് വെറുതെ ഒരുമിച്ചിരുന്നു ററി. വി. കാണുന്നതിനേക്കാൾ അധികം അർത്ഥമാക്കുന്നു. ഡോക്ടർ ആൻറണി പിയെട്രോപിന്റോ ഇപ്രകാരം പറയുന്നു: “റെറലിവിഷൻ വീക്ഷിക്കുന്നത് മററുളളവരോടൊപ്പം ആയിരിക്കാമെങ്കിലും അടിസ്ഥാനപരമായി അതു ഒരു വ്യക്തി ഒററയ്ക്ക് ചെയ്യുന്ന പ്രവൃത്തിയാണ് എന്നതാണ് അതിന്റെ പ്രശ്നം. . . . എന്നാൽ വീട്ടിനുളളിലിരുന്നു കളിക്കാവുന്നകളികൾ, മുററത്ത് നടത്താവുന്ന കായിക പരിപാടികൾ, ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുന്നത്, എന്തെങ്കിലും കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത്, ഉച്ചത്തിൽ വായിക്കുന്നത് എന്നിവയൊക്കെ ആധുനിക കുടുംബം ആയാസരഹിതമായി റെറലിവിഷൻ വീക്ഷിക്കുമ്പോഴത്തേക്കാൾ അധികമായി ആശയവിനിമയത്തിനും സഹകരണത്തിനും ബൗദ്ധികമായ ഉത്തേജനത്തിനും അവസരം പ്രദാനം ചെയ്യുന്നു.” ഏഴു കുട്ടികളുടെ പിതാവായ ജോൺ പറയുംപ്രകാരം: ‘ഒരു കുടുംബം എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മുററം വൃത്തിയാക്കുന്നതും വീട് പെയിൻറ് ചെയ്യുന്നതും പോലും ഉല്ലാസകരമായിരിക്കാൻ കഴിയും.’
നിങ്ങളുടെ കുടുംബം ഇപ്പോൾതന്നെ ഒരുമിച്ച് അങ്ങനെയുളള കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ തന്നെ മുൻകൈ എടുക്കുകയും മാതാപിതാക്കളുടെ അടുത്ത് ആ നിർദ്ദേശം വയ്ക്കുകയും ചെയ്യുക. കുടുംബം ഒത്തൊരുമിച്ച് ഒരു യാത്ര പോകാനോ മറെറന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ഉളള രസകരവും ഉത്തേജജനകവുമായ ആശയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുക.
ആസ്വാദനം ലഭിക്കുന്നതിന് നിങ്ങൾ എല്ലായ്പ്പോഴും മററുളളവരോടൊപ്പം ആയിരിക്കേണ്ടതില്ല. തന്റെ സഹവാസം സംബന്ധിച്ച് ജാഗ്രത പുലർത്തുന്ന മേരി എന്ന യുവതി ഒററയ്ക്കായിരിക്കെ ആസ്വാദനം കണ്ടെത്താൻ പഠിച്ചിരിക്കുന്നു. “ഞാൻ പിയാനോയും വയലിനും വായിക്കാറുണ്ട്. അവയിൽ പരിശീലനം സമ്പാദിക്കാൻ ഞാൻ കുറെ സമയം ചെലവഴിക്കുന്നു” എന്ന് അവൾ പറയുന്നു. അതുപോലെ മറെറാരു കൗമാരപ്രായക്കാരി മെലിസ്സ പറയുന്നു: “സ്വന്തം ആസ്വാദനത്തിനുവേണ്ടി ഞാൻ ചിലപ്പോൾ കഥകളും കവിതകളും എഴുതുന്നു.” വായനയിലോ മരപ്പണിയിലോ സംഗീതോപകരണം വായിക്കുന്നതിലോ പ്രാപ്തി വികസിപ്പിച്ചെടുക്കുന്നതിനും അങ്ങനെ നിങ്ങളുടെ സമയം നിർമ്മാണാത്മകമായി ഉപയോഗിക്കാൻ പഠിക്കുന്നതിനും നിങ്ങൾക്കു കഴിയും.
ക്രിസ്തീയ കൂടിവരവുകൾ
ഇടയ്ക്കിടെ സുഹൃത്തുക്കളോടൊപ്പം ഒന്നിച്ചുകൂടിവരുന്നതും ആസ്വാദ്യകരമാണ്. പല മണ്ഡലങ്ങളിലും നിങ്ങൾക്ക് ആസ്വദിക്കാവുന്ന ആരോഗ്യാവഹമായ പല പ്രവർത്തനങ്ങളുമുണ്ട്. ബോളിംഗ്, സ്കെയിററിംഗ്, സൈക്കിൾ സവാരി, ബെയിസ്ബോൾ, ബാസ്ക്കററ് ബോൾ എന്നിവയൊക്കെ വടക്കേ അമേരിക്കയിൽ ജനപ്രീതി നേടിയിട്ടുളള വിനോദങ്ങളാണ്. അതു കൂടാതെ നിങ്ങൾക്ക് വേണമെങ്കിൽ ഒരു മ്യൂസിയമോ മൃഗശാലയോ സന്ദർശിക്കാൻ കഴിയും.
അതെ, മററു ക്രിസ്തീയ യുവാക്കളോടൊപ്പം ഒന്നിച്ചുകൂടി റിക്കാർഡ് ചെയ്ത സംഗീതം ശ്രവിക്കുന്നതിനും ആരോഗ്യാവഹമായ ഒരു ററി. വി. പരിപാടി വീക്ഷിക്കുന്നതിനും ജീവിതത്തിൽ ഒരു സ്ഥാനം ഉണ്ടായിരിക്കാൻ കഴിയും.കൂടുതൽ ഔപചാരികമായ ഒരു കൂടിവരവ് ആസൂത്രണം ചെയ്യുന്നതിന് നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളുടെ സഹായം ആവശ്യപ്പെടുകപോലും ചെയ്യാം. സംഘഗാനങ്ങളും കൂട്ടായ കളികളും പോലെ വ്യത്യസ്ത പരിപാടികൾ ക്രമീകരിച്ചുകൊണ്ട് അത്തരം കൂടിവരവുകൾ രസാവഹങ്ങളാക്കുക. നിങ്ങളുടെ സുഹൃത്തുക്കളിൽ ചിലർക്ക് സംഗീത വാസനയുണ്ടെങ്കിൽ അതു അല്പമൊന്ന് പ്രകടിപ്പിക്കാൻ അവരെ പ്രേരിപ്പിക്കാൻ കഴിഞ്ഞേയ്ക്കും. അത്തരം കൂടിവരവുകൾ വിജയകരമാക്കിത്തീർക്കാൻ നല്ല ഭക്ഷണവും സഹായിക്കുന്നു. എന്നാൽ അതു അത്ര സാധാരണയല്ലാത്തതോ ചെലവേറിയതോ ആയിരിക്കേണ്ടതില്ല. ചിലപ്പോൾ ക്ഷണിക്കപ്പെട്ടവർക്കുതന്നെ വ്യത്യസ്ത ഭക്ഷ്യവിഭവങ്ങൾ കൊണ്ടുവരാൻ കഴിയും.
പന്തുകളിക്കാനോ നീന്താനോ അതുപോലുളള മററു പ്രവർത്തനങ്ങൾക്കോ സൗകര്യമുളള ഒരു പാർക്കോ മററു സ്ഥാനങ്ങളോ സമീപത്തെവിടെയെങ്കിലുമുണ്ടോ? എന്തുകൊണ്ട് ഒരു പിക്നിക് ഏർപ്പാടു ചെയ്തുകൂടാ? അവിടെയും സാമ്പത്തികമായി ആരെയും ഭാരപ്പെടുത്താതെ ഭക്ഷണം കൊണ്ടുവരുന്നതിൽ കുടുംബങ്ങൾക്കു ഉത്തരവാദിത്വം പങ്കുവയ്ക്കാൻ കഴിയും.
മിതത്വമാണ് വിജയത്തിന്റെ താക്കോൽ. സംഗീതം ആസ്വദിക്കുന്നതിന് ഗലാത്യർ 5:26.
അതു ചെവി പൊട്ടിക്കുന്ന ശബ്ദത്തിലായിരിക്കേണ്ടതില്ല, അതുപോലെ നൃത്തം രസകരമായിരിക്കുന്നതിന് അതു ആഭാസകരമോ ഭോഗാസക്തമോ ആയിരിക്കേണ്ടതില്ല. അതുപോലെ കഴുത്തറപ്പൻ മത്സരം കൂടാതെ തന്നെ വീടിനു വെളിയിലെ കളികൾ ആസ്വദിക്കാൻ കഴിയും. എന്നാൽ ഒരു പിതാവ് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു: “ചില യുവജനങ്ങൾ ഒരു പോരാട്ടത്തിൽ ഉൾപ്പെടാവുന്ന ഘട്ടത്തോളം തർക്കങ്ങളിൽ ഏർപ്പെടുന്നു.” ‘പരസ്പരം മത്സരിക്കുന്നത്’ ഒഴിവാക്കാനുളള ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിച്ചുകൊണ്ട് അത്തരം പ്രവർത്തനങ്ങൾ ആസ്വാദ്യകരമായി നിർത്തുക.—ആരേയാണ് നിങ്ങൾ ക്ഷണിക്കേണ്ടത്? ബൈബിൾ പറയുന്നു, “മുഴു സഹോദരസമൂഹത്തോടും സ്നേഹമുണ്ടായിരിക്കുക.” (1 പത്രോസ് 2:17) എന്തിന് നിങ്ങളുടെ സാമൂഹ്യകൂട്ടം സമപ്രായക്കാരിൽ ഒതുക്കി നിർത്തണം? നിങ്ങളുടെ സഹവാസം വിശാലമാക്കുക. (2 കൊരിന്ത്യർ 6:13 താരതമ്യം ചെയ്യുക.) ഒരു പിതാവ് ഇപ്രകാരം നിരീക്ഷിച്ചു: “പ്രായമായവർക്ക് മിക്കപ്പോഴും എല്ലാ പ്രവർത്തനങ്ങളിലും പങ്കുപററാൻ കഴിയുകയില്ലെങ്കിലും അവ നിരീക്ഷിക്കുന്നത് അവർ ആസ്വദിക്കുന്നു.” മുതിർന്നവരുടെ സാന്നിദ്ധ്യം മിക്കപ്പോഴും കാര്യങ്ങൾ നിയന്ത്രണം വിട്ടുപോകുന്നത് തടയുന്നു. “സഹോദര സമൂഹത്തെ” മുഴുവൻ ഒരു സാമൂഹ്യകൂടിവരവിന് ക്ഷണിക്കാൻ തീർച്ചയായും സാദ്ധ്യമല്ല. മാത്രവുമല്ല ചെറിയ കൂട്ടങ്ങളാണ് നിയന്ത്രിക്കാൻ എളുപ്പം.
ക്രിസ്തീയ കൂടിവരവുകൾ അന്യോന്യം ആത്മീയമായി കെട്ടുപണി ചെയ്യുന്നതിനുളള അവസരവും വച്ചുനീട്ടുന്നു. സാമൂഹ്യകൂടിവരവുകളിലേക്ക് ആത്മീയത കടത്തിക്കൊണ്ടു വരുന്നത് അത്തരം സന്ദർഭങ്ങളുടെ രസം കെടുത്തും എന്ന് ചില യുവജനങ്ങൾ വിചാരിക്കുന്നു എന്നത് വാസ്തവമാണ്. ഒരു യുവക്രിസ്ത്യാനി ഇപ്രകാരം ആവലാതിപ്പെട്ടു: “ഞങ്ങൾക്ക് ഒരു കൂടിവരവുളളപ്പോൾ ‘ഇരുന്നു ബൈബിൾ എടുത്ത് ബൈബിൾ കളികളിൽ ഏർപ്പെടുക’ മാത്രമാണുളളത്.” എന്നിരുന്നാലും സങ്കീർത്തനക്കാരൻ പറഞ്ഞു: “യഹോവയുടെ നിയമത്തിൽ ഉല്ലസിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.” (സങ്കീർത്തനം 1:1, 2) ബൈബിളിനെ ചുററിപ്പററിയുളള ചർച്ചകൾ കളികൾപോലും വളരെ ആസ്വാദ്യകരമായിരിക്കാൻ കഴിയും. കൂടുതൽ പൂർണ്ണമായി പങ്കുപററാൻ കഴിയത്തക്കവണ്ണം ഒരുപക്ഷേ നിങ്ങൾ തിരുവെഴുത്തു സംബന്ധമായ നിങ്ങളുടെ അറിവിന് മൂർച്ചകൂട്ടേണ്ടതുണ്ട്.
തങ്ങൾ എങ്ങനെ ക്രിസ്ത്യാനികളായിത്തീർന്നു എന്ന് പലരെക്കൊണ്ട് അനുഭവം പറയിക്കുക എന്നതാണ് മറെറാരു ആശയം. അതല്ലെങ്കിൽ രസകരമായ കഥകൾ പറയാൻ ചിലരെ ക്ഷണിച്ചുകൊണ്ട് ഊഷ്മളതയും തമാശയും പകരുക. അവ മിക്കപ്പോഴും മൂല്യവത്തായ പാഠങ്ങൾ പഠിപ്പിക്കുന്നവയായിരിക്കും. ഈ പുസ്തകത്തിലെ ചില
അദ്ധ്യായങ്ങൾ പോലും അത്തരമൊരു കൂടിവരവിൽ രസകരമായ ഒരു ചർച്ചക്ക് അടിസ്ഥാനമായി ഉതകിയേക്കാം.വിനോദങ്ങളെ സന്തുലിതാവസ്ഥയിൽ നിർത്തുക!
യേശുക്രിസ്തു പോലും ചില സന്ദർഭങ്ങൾ ആസ്വാദനത്തിനായി വിനിയോഗിച്ചു. ഭക്ഷണവും സംഗീതവും നൃത്തവും കെട്ടുപണിചെയ്യുന്ന സഹവാസവും തീർച്ചയായും ധാരാളമായി ഉണ്ടായിരുന്ന കാനായിലെ ഒരു വിവാഹവിരുന്നിൽ അവൻ സംബന്ധിച്ചതായി ബൈബിൾ നമ്മോടു പറയുന്നു. അത്ഭുതകരമായി വീഞ്ഞ് ഉണ്ടാക്കിക്കൊടുത്തുകൊണ്ട് യേശു ആ വിവാഹവിരുന്നിന്റെ വിജയത്തിന് സംഭാവന ചെയ്യുകയുംകൂടെ ചെയ്തു!—യോഹന്നാൻ 2:3-11.
എന്നാൽ യേശുവിന്റെ ജീവിതം മുഴുവൻ ഇടമുറിയാത്ത ഇത്തരം ഉല്ലാസവേളകളായിരുന്നില്ല. അവന്റെ സമയത്തിൽ ഭൂരിഭാഗവും ആളുകളെ ദൈവേഷ്ടം പഠിപ്പിച്ചുകൊണ്ട് ആത്മീയ താല്പര്യങ്ങൾ അന്വേഷിക്കുന്നതിൽ അവൻ ചെലവിട്ടു. അവൻ പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികെക്കുന്നതുതന്നെ എന്റെ ആഹാരം.” (യോഹന്നാൻ 4:34) ഏതെങ്കിലും താല്ക്കാലിക ഉല്ലാസങ്ങളേക്കാൾ അധികമായി ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് യേശുവിന് ഏറെ നിലനിൽക്കുന്ന സന്തോഷം കൈവരുത്തി. ഇന്നും “കർത്താവിന്റെ വേലയിൽ വളരെയധികം ചെയ്യാനുണ്ട്.” (1 കൊരിന്ത്യർ 15:58; മത്തായി 24:14) എന്നാൽ ഇടയ്ക്കിടെ ഏതെങ്കിലും വിനോദത്തിനുളള ആവശ്യം നിങ്ങൾക്ക് അനുഭവപ്പെടുമ്പോൾ സന്തുലിതവും ആരോഗ്യാവഹവുമായ ഒരു വിധത്തിൽ അത് ആസ്വദിക്കുക. ഒരു എഴുത്തുകാരൻ പറഞ്ഞപ്രകാരം: “ജീവിതം എല്ലായ്പ്പോഴും ഉദ്വേഗം നിറഞ്ഞതോ പുളകം കൊളളിക്കുന്നതോ ആയിരിക്കാൻ സാദ്ധ്യമല്ല. അങ്ങനെ ആയിരുന്നെങ്കിൽ നിങ്ങൾ തളർന്നുപോകുമായിരുന്നു!”
[അടിക്കുറിപ്പുകൾ]
അത് അവളുടെ യഥാർത്ഥ പേരല്ല.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ ചില ക്രിസ്തീയ യുവജനങ്ങൾക്ക് ലോകക്കാരായ യുവജനങ്ങളോട് അസൂയ തോന്നുന്നത് എന്തുകൊണ്ടാണ്? നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ?
◻ യുവജനങ്ങൾക്ക് അവരുടെ പെരുമാററം സംബന്ധിച്ച് ദൈവം എന്തു മുന്നറിയിപ്പാണ് നൽകുന്നത്? അത് അവരുടെ ഉല്ലാസങ്ങൾ തെരഞ്ഞെടുക്കുന്നതിനെ എങ്ങനെ ബാധിക്കണം?
◻ ദൈവത്തിന്റെ നിയമങ്ങളും തത്വങ്ങളും ലംഘിക്കുന്ന യുവജനങ്ങളോട് അസൂയ തോന്നുന്നത് മൗഢ്യമായിരിക്കുന്നതെന്തുകൊണ്ട്?
◻ ആരോഗ്യാവഹമായ വിനോദങ്ങൾ ആസ്വദിക്കുന്നതിനുളള ചില മാർഗ്ഗങ്ങളേവ (1) കുടുംബാംഗങ്ങളോടൊപ്പം (2) നിങ്ങൾ തനിയെ (3) സഹക്രിസ്ത്യാനികളോടൊപ്പം?
◻ വിനോദങ്ങളിൽ സമനില പാലിക്കുന്ന കാര്യത്തിൽ യേശുക്രിസ്തു എങ്ങനെയാണ് ഒരു മാതൃക വച്ചത്?
[297-ാം പേജിലെ ആകർഷകവാക്യം]
“ഞങ്ങൾ അതു വഴി കടന്നുപോകുമ്പോൾ ഉച്ചത്തിലുളള സംഗീതത്താലും മിന്നുന്ന ദീപങ്ങളാലും ആകർഷിക്കപ്പെട്ടിട്ട് ഞാൻ ജന്നലിനോട് എന്റെ മൂക്ക് അമർത്തിനിന്ന് നോക്കുകയും അവർ ആസ്വദിച്ചിരുന്ന രസം ആകാംക്ഷാപൂർവ്വം ഭാവനയിൽ കാണുകയും ചെയ്യുമായിരുന്നു”
[302-ാം പേജിലെ ആകർഷകവാക്യം]
“ആരോ മാരിഹ്വാന കൊണ്ടുവന്നു. പിന്നെ കുടി. അപ്പോഴാണ് ആകെ കുഴപ്പ മായത്”
[299-ാം പേജിലെ ചിത്രം]
ബൈബിൾ തത്വങ്ങൾ അനുസരിക്കുന്ന യുവജനങ്ങൾക്ക് വാസ്തവത്തിൽ ഉല്ലാസവേള നഷ്ടമാകുന്നുണ്ടോ?
[300-ാം പേജിലെ ചിത്രങ്ങൾ]
എന്തെങ്കിലും വിനോദത്തൊഴിൽ ഉണ്ടായിരിക്കുന്നത് ആരോഗ്യാവഹമായി ഒഴിവുസമയങ്ങൾ ചെലവഴിക്കുന്നതിനുളള ഒരു മാർഗ്ഗമാണ്
[301-ാം പേജിലെ ചിത്രങ്ങൾ]
വ്യത്യസ്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിവിധ പ്രായത്തിലുളളവരെ ഉൾപ്പെടുത്തുകയും ചെയ്യുമ്പോൾ ക്രിസ്തീയ കൂടിവരവുകൾ കൂടുതൽ ആസ്വാദ്യകരമായിരിക്കാൻ കഴിയും