ഞാൻ ഇപ്പോഴേ വിവാഹം കഴിക്കണമോ?
അധ്യായം 30
ഞാൻ ഇപ്പോഴേ വിവാഹം കഴിക്കണമോ?
വിവാഹം ഒരു കളിയല്ല. ഭർത്താവും ഭാര്യയും, മറേറതൊരു മനുഷ്യനുമായുളളതിനേക്കാൾ അടുപ്പത്തിൽ സ്ഥായിയായ ഒരു ബന്ധം സ്ഥാപിക്കാൻ ദൈവം ഉദ്ദേശിച്ചു. (ഉല്പത്തി 2:24) അതുകൊണ്ട് ഒരു വിവാഹ ഇണ ജീവിത ശിഷ്ടം മുഴുവൻ നിങ്ങൾ ഒട്ടിനിൽക്കുന്ന—അല്ലെങ്കിൽ നിങ്ങളോട് ഒട്ടി നിൽക്കുന്ന—ആളാണ്.
ഏതു വിവാഹത്തിലും അല്പം “വേദനയും സങ്കടവും” ഉണ്ടായിരിക്കും. (1 കൊരിന്ത്യർ 7:28 ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) മാനുഷ പെരുമാററം സംബന്ധിച്ച ഒരു പ്രൊഫസ്സറായ മാർസിയ ലാസ്വെൽ ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “ഒരു വിവാഹം നിലനിൽക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടാത്ത ഒരു വിവരം നമുക്കുണ്ടെങ്കിൽ അതു വിവാഹം ചെയ്യുമ്പോൾ വളരെ ചെറുപ്പമായിരുന്നവർക്ക് ഒട്ടേറെ പ്രാതികൂല്യങ്ങൾ ഉണ്ടെന്നുളളതാണ്.”
ചെറുപ്പക്കാർക്കിടയിലെ ഇത്രയധികം വിവാഹങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? ഇതിന്റെ ഉത്തരത്തിന് നിങ്ങൾ വിവാഹത്തിന് സജ്ജനാണോ അല്ലയോ എന്നു തീരുമാനിക്കുന്നതിൽ സ്വാധീനം ചെലുത്താൻ കഴിയും.
മഹത്തായ പ്രതീക്ഷകൾ
“വിവാഹം എന്താണ് എന്നതിനെപ്പററി ഞങ്ങൾക്ക് വളരെ മോശമായ ധാരണയേ ഉണ്ടായിരുന്നുളളു,” ഒരു കൗമാരപ്രായക്കാരി പെൺകുട്ടി സമ്മതിക്കുന്നു. “ഞങ്ങൾക്ക് വരാനും പോകാനും ഇഷ്ടം പോലെ പ്രവർത്തിക്കാനും, പാത്രങ്ങൾ കഴുകുകയോ കഴുകാതിരിക്കുകയോ ചെയ്യാനും കഴിയുമെന്ന് ഞങ്ങൾ വിചാരിച്ചു, എന്നാൽ അതു അങ്ങനെയൊന്നുമല്ല.” അനേകം യുവജനങ്ങൾ വിവാഹത്തെപ്പററി അത്തരം അപക്വമായ വീക്ഷണങ്ങൾ നട്ടുവളർത്തിയിരിക്കുന്നു. അത് പ്രേമാത്മകമായ ഒരു അനുഭൂതിയാണെന്ന് അവർ സങ്കൽപ്പിക്കുന്നു, അല്ലെങ്കിൽ മുതിർന്നവരായി കാണപ്പെടുന്നതിന്റെ ആ പദവിക്കുവേണ്ടി അവർ അൾത്താരയെ സമീപിക്കുന്നു. മററു ചിലരാകട്ടെ വീട്ടിലോ സ്കൂളിലോ സമൂഹത്തിലോ നിലവിലുളള മോശമായ ഒരു സാഹചര്യത്തിൽ നിന്ന് രക്ഷപെടാൻ മാത്രം ആഗ്രഹിക്കുന്നു. ഒരു പെൺകുട്ടി അവളുടെ തോഴനോട് ഇങ്ങനെ പറഞ്ഞു: “നമ്മൾ വിവാഹിതരായിക്കഴിയുമ്പോൾ എനിക്ക് വളരെ സന്തോഷമായിരിക്കും. അപ്പോൾ എനിക്ക് പിന്നെ തീരുമാനങ്ങളൊന്നും ചെയ്യേണ്ടി വരില്ലല്ലോ!”
എന്നാൽ വിവാഹം ഒരു അലൗകിക അനുഭൂതിയോ എല്ലാപ്രശ്നങ്ങൾക്കുമുളള പരിഹാരമോ അല്ല. അത് നിങ്ങൾക്ക് നേരിടാൻ പുതുതായ
ഒരു കൂട്ടം പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇരുപതാമത്തെ വയസ്സിൽ തന്റെ ആദ്യ കുട്ടിക്ക് ജൻമം നൽകിയ വിക്കി പറയുന്നു: “പല കൗമാരപ്രായക്കാരും വിവാഹിതരാകുന്നത് കളിവീട് ഉണ്ടാക്കി കളിക്കാൻ വേണ്ടിയാണ്. ഓ, അതുവളരെ രസമായി തോന്നുന്നു! ഒരു കുട്ടി ഒരു പാവപോലെയാണെന്ന്, നല്ല ഓമനത്തമുളളതാകയാൽ നിങ്ങൾക്ക് അതുമായി കളിക്കാമെന്ന്, നിങ്ങൾ വിചാരിക്കുന്നു, എന്നാൽ അത് അങ്ങനെയൊന്നുമല്ല.”ലൈംഗികബന്ധങ്ങളെ സംബന്ധിച്ചും പല യുവജനങ്ങൾക്കും അയഥാർത്ഥമായ പ്രതീക്ഷകളാണുളളത്. 18-ാം വയസ്സിൽ വിവാഹിതനായ ഒരു ചെറുപ്പക്കാരൻ പറഞ്ഞു: “ഞാൻ വിവാഹിതനായിക്കഴിഞ്ഞപ്പോൾ ലൈംഗികതയുടെ ഹർഷോൻമാദം പെട്ടെന്നുതന്നെ അവസാനിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി, തുടർന്ന് ഞങ്ങൾക്ക് ചില യഥാർത്ഥ പ്രശ്നങ്ങളെ നേരിടേണ്ടിയും വന്നു.” കൗമാരപ്രായക്കാരായ ദമ്പതികളെ സംബന്ധിച്ചുളള ഒരു പഠനം സാമ്പത്തിക പ്രശ്നങ്ങൾ കഴിഞ്ഞാൽ പിന്നെ ഏററം കൂടുതൽ തർക്കങ്ങൾ ലൈംഗികബന്ധങ്ങളെക്കുറിച്ചാണ് എന്ന് കണ്ടെത്തി. നിസംശയമായും ഇതിന്റെ കാരണം, വിജയകരമായ വൈവാഹിക ബന്ധം യുവജനങ്ങൾ മിക്കപ്പോഴും വളർത്തിയെടുക്കാൻ പരാജയപ്പെടുന്ന, നിസ്വാർത്ഥതയുടെയും ആത്മനിയന്ത്രണത്തിന്റെയും ഫലമാണ് എന്നതാണ്.—1 കൊരിന്ത്യർ 7:3, 4.
“പ്രഫുല്ലയൗവനം പിന്നിട്ടശേഷം” വിവാഹിതരാകാൻ ബൈബിൾ ജ്ഞാനപൂർവ്വം ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (1 കൊരിന്ത്യർ 7:36) വികാര വേലിയേററത്തിന്റെ സമയത്ത് വിവാഹം കഴിക്കുന്നത് നിങ്ങളുടെ ചിന്തയെ വികലമാക്കുകയും ഭാവി ഇണയുടെ കുറവുകൾ സംബന്ധിച്ച് നിങ്ങളെ അന്ധനാക്കുകയും ചെയ്തേക്കാം.
തങ്ങളുടെ ഭാഗം നിർവ്വഹിക്കാൻ സജ്ജരല്ലാത്തവർ
തന്റെ ഭർത്താവിനെപ്പററി ഒരു കൗമാരപ്രായക്കാരി വധു പറയുന്നു: “ഇപ്പോൾ ഞങ്ങൾ വിവാഹിതരായ സ്ഥിതിക്ക് ലൈംഗികബന്ധം ആഗ്രഹിക്കുമ്പോൾ മാത്രമാണ് അയാൾ എന്നോട് താല്പര്യം കാണിക്കുന്നത്. അയാളുടെ കൂട്ടുകാരായ ആൺകുട്ടികളോടൊപ്പം ആയിരിക്കുന്നത് എന്നോടൊപ്പം ആയിരിക്കുന്നതുപോലെ പ്രധാനമാണെന്ന് അയാൾ കരുതുന്നു. . . . അയാൾക്ക് ഞാൻ മാത്രമേ ഉണ്ടായിരിക്കുകയുളളു എന്ന് ഞാൻ വിചാരിച്ചു, എന്നാൽ ഞാൻ കബളിപ്പിക്കപ്പെട്ടുപോയി.” ഇത് യുവാക്കൾക്കിടയിലുളള ഒരു തെററിദ്ധാരണയെ വിശേഷവൽക്കരിക്കുന്നു: ഭർത്താക്കൻമാരായശേഷവും ഏകാകികളായ പുരുഷൻമാരുടെ അതേ ജീവിതശൈലി തുടരാമെന്ന് അവർ വിചാരിക്കുന്നു.
ഒരു 19 വയസ്സുകാരി വധു യുവഭാര്യമാർക്കിടയിൽ സാധാരണമായ ഒരു പ്രശ്നം ചൂണ്ടിക്കാണിക്കുന്നു. “വീട് വൃത്തിയാക്കുന്നതിനേക്കാളും ഭക്ഷണം പാകം ചെയ്യുന്നതിനേക്കാളും ററി. വി. കാണാനും ഉറങ്ങാനുമാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്റെ ഭർത്താവിന്റെ മാതാപിതാക്കൾ ഞങ്ങളെ സന്ദർശിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു. കാരണം അവർ വീട് വൃത്തിയായി സൂക്ഷിക്കുന്നു, എന്റേത് എപ്പോഴും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. എന്റെ പാചകവും ഗുണമില്ല.” ഒരു പെൺകുട്ടി വീട്ടുകാര്യം നോക്കുന്നതിൽ അപ്രാപ്തയായിരിക്കുമ്പോൾ അതു അവരുടെ വിവാഹജീവിതത്തിൻമേൽ എന്തു സമ്മർദ്ദം വരുത്തികൂട്ടുകയില്ല! “വിവാഹജീവിതത്തിൽ വാസ്തവമായും ചുമതല ഏറെറടുക്കേണ്ടതുണ്ട്,” (നേരത്തെ ഉദ്ധരിച്ച) വിക്കി പറയുന്നു. “ഇതൊരു കളിയല്ല. വിവാഹാഘോഷത്തിന്റെ രസമൊക്കെ കഴിഞ്ഞു. പെട്ടെന്നുതന്നെ അത് അനുദിനജീവിതമായിത്തീരുന്നു; അത് എളുപ്പമല്ല.”
ഒരു കുടുംബം പോററാൻ വേണ്ടിയുളള അനുദിന അദ്ധ്വാനത്തെ സംബന്ധിച്ചെന്ത്? വിക്കിയുടെ ഭർത്താവ് മാർക്ക് പറയുന്നു: “ഞാൻ ആദ്യം ചെയ്തിരുന്ന ജോലിക്കു പോകാൻ ഞാൻ രാവിലെ 6 മണിക്ക് എഴുന്നേൽക്കണമായിരുന്നു. ഞാൻ ഇങ്ങനെ ചിന്തിക്കുമായിരുന്നു: ‘ഇത് കഠിനമായ ജോലിയാണ്. എനിക്ക് എന്നെങ്കിലും അല്പം ആശ്വാസം കിട്ടുമോ?’ എന്നിട്ട് ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ
ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാട് വിക്കിക്ക് മനസ്സിലായില്ല എന്ന് എനിക്കുതോന്നി.”പണപ്രശ്നങ്ങൾ
ഇത് നമ്മെ യുവ ദമ്പതികൾക്കിടയിലെ പൊരുത്തമില്ലായ്മക്കുളള മറെറാരു കാരണത്തിൽ എത്തിക്കുന്നു: പണം. വിവാഹിതരായി മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ ഏററം വലിയ പ്രശ്നം “കുടുംബ വരുമാനത്തിന്റെ ചെലവഴിക്കൽ” ആയിരുന്നുവെന്ന് 48 കൗമാരപ്രായക്കാരായ ദമ്പതികൾ സമ്മതിച്ചു. ഏകദേശം മൂന്നു വർഷം കഴിഞ്ഞ് അവരിൽ 37 ദമ്പതികളോട് വീണ്ടും ഇതേ ചോദ്യം തന്നെ ചോദിച്ചു. വീണ്ടും പണം തന്നെയായിരുന്നു ഒന്നാം നമ്പർ പ്രശ്നം. അവരുടെ ഉൽക്കണ്ഠ മുമ്പത്തേതിലും അധികവുമായിരുന്നു! ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് എന്തു രസമാണ് ലഭിക്കുക,” എന്ന് ബിൽ ചോദിച്ചു, “നിങ്ങളെ തൃപ്തരാക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടത്ര പണമില്ലാത്തപ്പോൾ? . . . നിങ്ങളുടെ പണം ഒരു ശമ്പള ദിവസത്തിൽനിന്ന് അടുത്ത ശമ്പളദിവസം വരെ മതിയാകാതെ വരുമ്പോൾ, അത് വളരെയേറെ ശണ്ഠകൾക്കും അസന്തുഷ്ടിക്കും തുടക്കമിടും.”
കൗമാരപ്രായക്കാർക്കിടയിൽ ഏററം ഉയർന്ന നിരക്കിൽ തൊഴിലില്ലായ്മയും ഏററം താഴ്ന്ന നിരക്കിൽ ശമ്പളവുമുളളതിനാൽ അവർക്കിടയിൽ സാമ്പത്തിക പ്രശ്നം സാധാരണയാണ്. “എന്റെ കുടുംബത്തിനുവേണ്ടി എനിക്ക് കരുതാൻ കഴിയാഞ്ഞതുകൊണ്ട് ഞങ്ങൾക്ക് എന്റെ മാതാപിതാക്കളോടൊപ്പം കഴിയേണ്ടി വന്നു,” എന്ന് റോയി സമ്മതിച്ചു. “ഇതു യഥാർത്ഥ പിരിമുറുക്കത്തിന് ഇടയാക്കി, വിശേഷിച്ച് ഞങ്ങൾക്ക് ഒരു കുട്ടിയും കൂടെ ഉണ്ടായിരുന്നതിനാൽ.” സദൃശവാക്യങ്ങൾ 24:27 ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “വെളിയിൽ നിന്റെ വേല ഒരുക്കുക, വയലിൽ എല്ലാം തീർക്ക. അതിനുശേഷം നിന്റെ വീടും പണിയുക.” ബൈബിൾ കാലങ്ങളിൽ, പിൽക്കാലത്തു ഒരു കുടുംബത്തെ പോററാൻ കഴിയേണ്ടതിന് പുരുഷൻമാർ കഠിനമായി അദ്ധ്വാനിച്ചു. അത്തരം മതിയായ തയ്യാറെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതിനാൽ ഇന്ന് അനേകം യുവഭർത്താക്കൻമാർ കുടുംബത്തിനുവേണ്ടി കരുതുന്ന ജോലി വളരെ ഭാരിച്ചതാണ് എന്ന് കണ്ടെത്തുന്നു.
ദമ്പതികൾക്ക് ഭൗതിക വസ്തുക്കളെ സംബന്ധിച്ച് ബാലിശമായ ഒരു കാഴ്ചപ്പാടാണ് ഉളളതെങ്കിൽ ഒരു നല്ല ശമ്പളംപോലും അവരുടെ പണപ്രശ്നങ്ങൾ അവസാനിപ്പിക്കുകയില്ല. “തങ്ങൾ ആസൂത്രണം ചെയ്യുന്ന ഭവനത്തിനുവേണ്ടി ഉടൻതന്നെ, അവരുടെ മാതാപിതാക്കൾ ഒരുപക്ഷേ അനേക വർഷങ്ങൾകൊണ്ടു മാത്രം സമ്പാദിച്ച എല്ലാ സൗകര്യങ്ങളും സമ്പാദിക്കാൻ കഴിയണമെന്ന് കൗമാരപ്രായക്കാർ പ്രതീക്ഷിക്കുന്നതായി” ഒരു പഠനം തെളിയിച്ചു. ഈ സൗകര്യങ്ങളെല്ലാം ഇപ്പോൾ ആസ്വദിക്കാനുളള തീരുമാനത്തിൽ അനേകർ കടബാദ്ധ്യതകളിൽ ആഴമായി മുങ്ങി. “ഉൺമാനും ഉടുക്കാനും”കൊണ്ട് തൃപ്തരാകാനുളള പക്വതയില്ലാഞ്ഞതിനാൽ അവരുടെ വിവാഹജീവിതത്തിലെ സമ്മർദ്ദം അവർ വർദ്ധിപ്പിച്ചു.—1 തിമൊഥെയോസ് 6:8-10.
“മൈലുകൾ അകലെ”
മൗറീൻ അനുസ്മരിക്കുന്നു: “ഞാൻ ഡോണുമായി പ്രേമത്തിലായിരുന്നു. അയാൾ വളരെ സുമുഖനും, കരുത്തനും, ഒരു നല്ല കായിക താരവുമായിരുന്നു; കൂടാതെ ജനപ്രീതി നേടിയവനും . . . ഞങ്ങളുടെ വിവാഹം വിജയിക്കേണ്ടതായിരുന്നു.” എന്നാൽ അതു വിജയിച്ചില്ല. “ഡോൺ ചെയ്തതെല്ലാം എന്നെ വെറുപ്പു പിടിപ്പിച്ചു—ഞങ്ങൾ ഭക്ഷണത്തിനിരുന്നപ്പോൾ അയാൾ ചുണ്ടു നനച്ച വിധം പോലും” എന്ന് മൗറീൻ പറയാൻ തക്കവണ്ണം അവർക്കിടയിൽ വിരോധം വളർന്നുവന്നു. “അവസാനം ഞങ്ങൾക്കിരുവർക്കും അതു മതിയായി.” രണ്ടു വർഷത്തിനുളളിൽ അവരുടെ വിവാഹം തകർന്നു.
പ്രശ്നമെന്തായിരുന്നു? “ഞങ്ങളുടെ ജീവിതലക്ഷ്യങ്ങൾ മൈലുകൾ അകലത്തിലായിരുന്നു” മൗറീൻ വിശദീകരിച്ചു. “ബൗദ്ധികമായി എനിക്ക് ബന്ധപ്പെടാൻ കഴിയുന്ന ഒരാളെയാണ് എനിക്ക് ആവശ്യം എന്ന് ഞാൻ മനസ്സിലാക്കി. എന്നാൽ ഡോണിന്റെ ജീവിതം മുഴുവൻ സ്പോർട്ട്സ് ആയിരുന്നു. 18-ാമത്തെ വയസ്സിൽ അതിപ്രധാനമെന്ന് ഞാൻ വിചാരിച്ച കാര്യങ്ങൾ പെട്ടെന്നു തന്നെ എനിക്ക് അർത്ഥമില്ലാത്തതായിത്തീർന്നു.” യുവജനങ്ങൾ മിക്കപ്പോഴും സൗന്ദര്യത്തിന് ഒന്നാംസ്ഥാനം കൊടുത്തുകൊണ്ട് ഒരു വിവാഹഇണയിൽ തങ്ങൾ എന്താഗ്രഹിക്കുന്നു എന്ന കാര്യത്തിൽ ബാലിശമായ ഒരു വീക്ഷണം വച്ചുപുലർത്തുന്നു. സദൃശവാക്യങ്ങൾ 31:30 ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവുമായിരുന്നേക്കാം.”
ആത്മപരിശോധന നടത്തൽ
ദൈവത്തിനു ഒരു നേർച്ച നേരുകയും ‘നേർന്നശേഷം മാത്രം അതേപ്പററി ചിന്തിക്കുകയും’ ചെയ്യുന്ന മനുഷ്യനെ ബൈബിൾ സാഹസക്കാരൻ എന്ന് വിളിക്കുന്നു. (സദൃശവാക്യങ്ങൾ 20:25) അതുകൊണ്ട് വിവാഹം പോലെ ഗൗരവതരമായ ഒരു കരാറിലേർപ്പെടുന്നതിന് മുൻപ് നിങ്ങളെത്തന്നെ തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ പരിശോധിക്കുന്നത് ബുദ്ധിപൂർവ്വകമായിരിക്കുകയില്ലേ? നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾതന്നെ എന്തൊക്കെയാണ്? വിവാഹത്താൽ ഇവ എങ്ങനെയാണ് ബാധിക്കപ്പെടുക? ലൈംഗികബന്ധങ്ങൾ ആസ്വദിക്കുന്നതിന് അല്ലെങ്കിൽ പ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെടുന്നതിന് മാത്രമാണോ നിങ്ങൾ വിവാഹിതരാകാൻ ആഗ്രഹിക്കുന്നത്?
1 കൊരിന്ത്യർ 13:11) നിങ്ങൾ എവിടെ നിൽക്കുന്നു എന്ന കാര്യത്തിൽ തീർച്ചയായും നിങ്ങളുടെ മാതാപിതാക്കൾക്ക് വളരെയേറെ പറയാനുണ്ടാകും.
കൂടാതെ, ഒരു ഭർത്താവിന്റെയോ ഭാര്യയുടെയോ സ്ഥാനം ഏറെറടുക്കാൻ നിങ്ങൾ എത്രത്തോളം സജ്ജരാണ്? വീട്ടുകാര്യങ്ങൾ നോക്കാൻ, അല്ലെങ്കിൽ ഒരു കുടുംബം പോററാൻ നിങ്ങൾക്ക് പ്രാപ്തിയുണ്ടോ? നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുമായി നിരന്തരം അഭിപ്രായ വ്യത്യാസത്തിലാണെങ്കിൽ നിങ്ങൾക്ക് ഒരു വിവാഹഇണയുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയുമോ? വിവാഹത്തോടൊപ്പമുളള പരിശോധനകളെയും ക്ലേശങ്ങളെയും സഹിച്ചു നിൽക്കാൻ നിങ്ങൾക്ക് കഴിയുമോ? പണം കൈകാര്യം ചെയ്യുന്ന സംഗതിയിൽ “ഒരു ശിശുവിന്റെ രീതികൾ” നിങ്ങൾ പിൻപിൽ വിട്ടുകളഞ്ഞിട്ടുണ്ടോ? (വിവാഹത്തിന് ധന്യമായ സന്തോഷത്തിന്റെ അല്ലെങ്കിൽ ഏററം കൈപ്പേറിയ വേദനയുടെ ഒരു ഉറവായിരിക്കാൻ കഴിയും. അതു വളരെയധികമായി നിങ്ങൾ അതിനുവേണ്ടി എത്രത്തോളം സജ്ജരാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഒരു കൗമാരപ്രായക്കാരനാണെങ്കിൽ ഡെയിററിംഗ് ആരംഭിക്കുന്നതിനു മുൻപ് എന്തുകൊണ്ട് അല്പംകൂടെ കാത്തിരുന്നുകൂടാ? കാത്തിരിക്കുന്നത് നിങ്ങൾക്ക് ദോഷമൊന്നും ചെയ്യുകയില്ല. ആ കാത്തിരുപ്പ് നിങ്ങൾ വിവാഹത്തിന്റെ ഗൗരവമുളളതും സ്ഥിരവുമായ പടി സ്വീകരിക്കുന്നുവെങ്കിൽ അപ്പോൾ അതിനായി സജ്ജനാകാൻ ആവശ്യമായ സമയം നിങ്ങൾക്ക് പ്രദാനം ചെയ്യുകയേയുളളു.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ വിവാഹം സംബന്ധിച്ച് എന്തു അപക്വമായ വീക്ഷണങ്ങളാണ് ചില യുവജനങ്ങൾ വച്ചുപുലർത്തുന്നത്?
◻ ലൈംഗികതക്കുവേണ്ടി മാത്രം വിവാഹം കഴിക്കുന്നത് യാഥാർത്ഥ്യബോധമില്ലാത്ത ഒരു നടപടിയാണെന്ന് നിങ്ങൾ വിചാരിക്കുന്നതെന്തുകൊണ്ട്?
◻ ചില യുവജനങ്ങൾ ഭർത്താവിന്റെയോ ഭാര്യയുടെയോ ധർമ്മങ്ങൾ ഏറെറടുക്കാൻ സജ്ജരല്ല എന്ന് തെളിയിച്ചിരിക്കുന്നത് എങ്ങനെയാണ്?
◻ യുവ ദമ്പതികൾക്ക് മിക്കപ്പോഴും പണ സംബന്ധമായി ഗൗരവതരമായ പ്രശ്നങ്ങൾ ഉളളത് എന്തുകൊണ്ടാണ്?
◻ ചില യുവജനങ്ങൾ ഒരു വിവാഹഇണയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ എന്തു അബദ്ധമാണ് കാണിക്കുന്നത്?
◻ നിങ്ങൾ വിവാഹത്തിന് സജ്ജരാണോ എന്നതു സംബന്ധിച്ച് നിങ്ങൾക്ക് നിങ്ങളോടുതന്നെ എന്തു ചോദ്യങ്ങൾ ചോദിക്കാൻ കഴിയും? ഈ വിവരങ്ങൾ പരിചിന്തിച്ചശേഷം വിവാഹത്തിലേർപ്പെടാൻ നിങ്ങൾ എത്രത്തോളം സജ്ജരാണ് എന്നാണ് നിങ്ങൾ വിചാരിക്കുന്നത്?
[240-ാം പേജിലെ ആകർഷകവാക്യം]
“ഒരു വിവാഹം നിലനിൽക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടാത്ത ഒരു വിവരം നമുക്ക് ഉണ്ടെങ്കിൽ അത് വിവാഹം ചെയ്യുമ്പോൾ വളരെ ചെറുപ്പമായിരിക്കുന്നവർക്ക് ഒട്ടേറെ പ്രാതികൂല്യങ്ങൾ ഉണ്ടെന്നുളളതാണ്.”—മാർസിയ ലാസ്വെൽ, ഒരു പെരുമാററശാസ്ത്ര പ്രൊഫസർ
[237-ാം പേജിലെ ചിത്രം]
ഇവരെക്കാൾ ഒട്ടും മെച്ചമായി സജ്ജരാകാതെ അനേകം യുവജനങ്ങൾ വിവാഹം കഴിക്കുന്നു