മയക്കുമരുന്നുകൾ ഉപയോഗിക്കരുതാത്തത് എന്തുകൊണ്ട്?
അധ്യായം 34
മയക്കുമരുന്നുകൾ ഉപയോഗിക്കരുതാത്തത് എന്തുകൊണ്ട്?
“ഞാൻ ശക്തമായ വികാരങ്ങളുളള ഒരു കുട്ടിയാണ്,” 24 വയസ്സുളള മൈക്ക് എന്ന യുവാവ് പറയുന്നു. “ചിലപ്പോൾ എനിക്കു ഭയമാണ്. എന്റെ സമപ്രായക്കാരായ മററുളളവർപോലും എന്നിൽ ഭീതി ഉളവാക്കുന്നു. എനിക്ക് വിഷാദവും അരക്ഷിതബോധവും അനുഭവപ്പെടുന്നു, ചില സമയങ്ങളിൽ ഞാൻ ആത്മഹത്യ ചെയ്യുന്നതിനെപ്പററി പോലും ചിന്തിച്ചിട്ടുണ്ട്.”
മുപ്പത്തിയാറു വയസ്സുളള ആൻ “ആത്മവിശ്വാസം കുറഞ്ഞ, വൈകാരികമായി വളരെ ചെറുപ്പ”മായവൾ എന്നാണ് തന്നെത്തന്നെ വർണ്ണിക്കുന്നത്. “ഒരു സാധാരണ ജീവിതം നയിക്കുന്നത് എനിക്ക് വളരെ പ്രയാസമാണ്,” എന്നവൾ കൂട്ടിച്ചേർക്കുന്നു.
മൈക്കും ആനും അവർ വളരെ ചെറുപ്പമായിരുന്നപ്പോൾ എടുത്ത ഒരു തീരുമാനത്തിന്റെ അനന്തരഫലങ്ങളാണ് ഇപ്പോൾ കൊയ്യുന്നത്, അതായത് മയക്കുമരുന്നുകൾ പരീക്ഷിച്ചു നോക്കാൻ തന്നെ. ഇന്ന് ദശലക്ഷക്കണക്കിന് യുവജനങ്ങൾ അങ്ങനെ ചെയ്യുന്നുണ്ട്—കൊക്കെയിൻ മുതൽ മാരിഹ്വാന വരെയുളള സകലതും കുത്തിവയ്ക്കുകയും വിഴുങ്ങുകയും മണക്കുകയും വലിക്കുകയും ചെയ്യുന്നു. ചില യുവജനങ്ങളെ സംബന്ധിച്ചിടത്തോളം, ‘മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത്’ പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാനുളള ഒരു മാർഗ്ഗമാണ്. മററു ചിലർ തങ്ങളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ വേണ്ടി അതിൽ ഉൾപ്പെടുന്നു. ഇനിയും ചിലർ മ്ലാനതയും മുഷിപ്പും അകററാൻ വേണ്ടി മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു. തുടക്കമിട്ടു കഴിഞ്ഞാൽ പിന്നെ ചിലർ അതിന്റെ ഉല്ലാസത്തിനുവേണ്ടി മാത്രം മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു. 17 വയസ്സുളള ഗ്രാൻറ് പറയുന്നു: “ഞാൻ [മാരിഹ്വാനാ] വലിക്കുന്നത് അതിന് എന്റെ മേലുളള ഫലത്തിനുവേണ്ടി തന്നെയാണ്. അംഗീകരിക്കപ്പെടാനോ മററ് സാമൂഹിക കാരണങ്ങളാലോ അല്ല . . . കൂട്ടുകാരിൽ നിന്നുളള സമ്മർദ്ദം നിമിത്തം ഞാൻ ഒരിക്കലും വലിച്ചിട്ടില്ല, മറിച്ച് എനിക്ക് അതു വേണമെന്ന് തോന്നിയിട്ട് മാത്രം.”
ഏതായാലും ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ മയക്കുമരുന്നുകളുമായി പരിചയപ്പെടാനോ അല്ലെങ്കിൽ ആരെങ്കിലും നിങ്ങൾക്ക് അവ വച്ചു നീട്ടാനോ ഉളള എല്ലാ സാദ്ധ്യതയും ഉണ്ട്. “ഞങ്ങളുടെ സ്കൂളിലെ കാവൽക്കാർ പോലും പോട്ട് [മാരിഹ്വാന] വില്ക്കുന്നുണ്ട്” എന്ന് ഒരു യുവാവ് പറയുന്നു. വിവിധയിനം മയക്കുമരുന്നുകൾ പരസ്യമായി പ്രദർശിപ്പിക്കപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നു. അവയ്ക്കു ഇത്ര പ്രചാരമുണ്ടെങ്കിലും മയക്കുമരുന്നുകൾ ഉപയോഗിക്കാതിരിക്കാൻ നിങ്ങൾക്ക് നല്ല കാരണമുണ്ട്. അതെങ്ങനെയാണ്?
മയക്കുമരുന്നുകൾ വളർച്ചയെ തടസ്സപ്പെടുത്തുന്നു
മൈക്കിനെയും ആനിനെയും പോലെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ വേണ്ടി മയക്കുമരുന്നു ഉപയോഗിക്കുന്ന യുവജനങ്ങളെപ്പററി ചിന്തിക്കുക. മുൻ അദ്ധ്യായത്തിൽ നാം കണ്ടതുപോലെ വിജയങ്ങളെ കൈകാര്യം ചെയ്തുകൊണ്ടും പരാജയങ്ങളെ അതിജീവിച്ചുകൊണ്ടും ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനാലാണ് വൈകാരികമായ വളർച്ച ഉണ്ടാകുന്നത്. പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ രസതന്ത്രപരമായ അഭയത്തിൽ ആശ്രയിക്കുന്ന യുവജനങ്ങൾ തങ്ങളുടെ വൈകാരിക വളർച്ചയെ തടസ്സപ്പെടുത്തുന്നു. പ്രശ്നങ്ങളെ നേരിടുന്നതിനുളള പ്രാപ്തി വികസിപ്പിക്കുന്നതിൽ അവർ പരാജയപ്പെടുന്നു.
മറേറതൊരു പ്രാപ്തിയുടെയും കാര്യത്തിലെന്നതുപോലെ പ്രശ്നങ്ങളെ നേരിടാനുളള പ്രാപ്തിക്കും പരിശീലനം ആവശ്യമാണ്. ഉദാഹരണത്തിന്: നിങ്ങൾ എന്നെങ്കിലും നല്ല പ്രാപ്തനായ ഒരു ഫുട്ട്ബോൾ കളിക്കാരനെ നിരീക്ഷിച്ചിട്ടുണ്ടോ? അയാൾക്ക് അയാളുടെ തലയും കാലുകളും ആശ്ചര്യകരമായ രീതിയിൽ തന്നെ ഉപയോഗിക്കാൻ കഴിയുന്നു! എന്നാൽ ഈ കളിക്കാരൻ എങ്ങനെയാണ് ആ പ്രാപ്തികൾ വികസിപ്പിച്ചെടുത്തത്? വർഷങ്ങളിലൂടെയുളള പരിശീലനത്താൽ. അയാൾ പന്തു തൊഴിക്കുന്നതിനും അതുംകൊണ്ട് ഓടുന്നതിനും എതിർ കളിക്കാരെ കബളിപ്പിക്കത്തക്ക വ്യാജഭാവം കാട്ടുന്നതിനും മററും പഠിച്ച് കളിയിൽ വിദഗ്ദ്ധനായിത്തീർന്നു.
പ്രശ്നങ്ങളെ നേരിടാനുളള പ്രാപ്തി വികസിപ്പിക്കുന്നതും അതുപോലെതന്നെയാണ്. അതിന് പരിശീലനം, അനുഭവപരിചയം ആവശ്യമാണ്! എന്നാൽ ബൈബിൾ സദൃശവാക്യങ്ങൾ 1:22-ൽ ഇപ്രകാരം ചോദിക്കുന്നു: “അനുഭവപരിചയമില്ലാത്തവരെ നിങ്ങൾ എത്രത്തോളം അനുഭവപരിചയമില്ലായ്മയെ സ്നേഹിച്ചുകൊണ്ടിരിക്കും . . . മൂഢൻമാരെ നിങ്ങൾ എത്രത്തോളം അറിവിനെ വെറുത്തുകൊണ്ടിരിക്കും?” മയക്കുമരുന്നിൽ നിന്ന് ലഭിക്കുന്ന സുഖാനുഭൂതിക്ക് പിന്നിൽ ഒളിക്കുന്ന യുവാവ് ‘അനുഭവപരിചയമില്ലായ്മയെ സ്നേഹിക്കുന്നു’; ജീവിതപ്രശ്നങ്ങളെ നേരിടുന്നതിന് ആവശ്യമായ അറിവും പ്രാപ്തികളും വികസിപ്പിക്കുന്നതിൽ അയാൾ പരാജയപ്പെടുന്നു. മയക്കുമരുന്നു ഉപയോഗിക്കുന്ന കൗമാരപ്രായക്കാരെക്കുറിച്ച് ടോക്കിംഗ് വിത്ത് യുവർ ററീനേജർ എന്ന [ഇംഗ്ലീഷ്] പുസ്തകം പറയുന്നപ്രകാരം: “ജീവിതത്തിലെ വേദനാജനകമായ നിമിഷങ്ങളെ ഈ വസ്തുക്കൾ കൂടാതെ അതിജീവിക്കാം എന്ന പാഠം അവർ ഒരിക്കലും പഠിക്കുന്നില്ല.”
പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ വേണ്ടി മയക്കുമരുന്നുകൾ ഉപയോഗിച്ച ആൻ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “കഴിഞ്ഞ 14 വർഷമായി എന്റെ പ്രശ്നങ്ങളെ ഞാൻ അഭിമുഖീകരിച്ചിട്ടില്ല.” ഇങ്ങനെ പറഞ്ഞുകൊണ്ട് മൈക്ക് ആ ആശയത്തോട് യോജിക്കുന്നു: “ഞാൻ 11-ാമത്തെ വയസ്സുമുതൽ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ഞാൻ അതു നിറുത്തിയപ്പോൾ ഞാൻ ഒരു കൊച്ചുകുട്ടിയെപ്പോലെയായിരുന്നു. സുരക്ഷിതത്വത്തിനുവേണ്ടി എനിക്കു മററുളളവരെ ആശ്രയിക്കേണ്ടി വന്നു. ഞാൻ മയക്കുമരുന്നുപയോഗിക്കാൻ തുടങ്ങിയപ്പോൾ എന്റെ വൈകാരിക വളർച്ച അവസാനിച്ചു എന്ന് ഞാൻ തിരിച്ചറിഞ്ഞു.”
പതിമൂന്നാമത്തെ വയസ്സു മുതൽ മയക്കുമരുന്നുകൾ ദുരുപയോഗിച്ച ഫ്രാങ്ക് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “വളർച്ചയുടെ ആ വർഷങ്ങളെല്ലാം ഞാൻ പാഴാക്കി. ഞാൻ അതു നിറുത്തിയപ്പോൾ ജീവിത പ്രശ്നങ്ങളെ നേരിടാൻ ഞാൻ ഒട്ടും തന്നെ സജ്ജനല്ലായിരുന്നു എന്ന് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു. കൗമാര പ്രായക്കാർ അനുഭവിക്കേണ്ടി വരുന്ന അതേ കുഴഞ്ഞ വൈകാരിക അവസ്ഥയോടെ ഞാൻ വീണ്ടും ഒരു 13 വയസ്സുകാരനായി മാറി.”
മയക്കുമരുന്നുകൾക്ക് എന്റെ ആരോഗ്യത്തെ നശിപ്പിക്കാൻ കഴിയുമോ?
ഉൽക്കണ്ഠയ്ക്കിടയാക്കുന്ന മറെറാരു മണ്ഡലമാണിത്. കടുപ്പമേറിയ മയക്കുമരുന്നുകൾ എന്ന് വിളിക്കപ്പെടുന്നവയ്ക്ക് നിങ്ങളെ കൊല്ലാൻ കഴിയും എന്ന് അനേകം യുവജനങ്ങൾക്കും അറിയാം. എന്നാൽ മാരിഹ്വാന പോലെയുളള കാഠിന്യം കുറഞ്ഞവ എന്നു വിളിക്കപ്പെടുന്ന മയക്കുമരുന്നുകളെ സംബന്ധിച്ചെന്ത്? അവയെ സംബന്ധിച്ച് നിങ്ങൾ കേൾക്കുന്ന മുന്നറിയിപ്പുകളെല്ലാം നിങ്ങളെ ഭയപ്പെടുത്താനുളള തന്ത്രങ്ങളാണോ? അതിനുളള ഉത്തരത്തിനുവേണ്ടി നമുക്ക് മാരിഹ്വാനയെപ്പററി മാത്രം ചിന്തിക്കാം.
മാരിഹ്വാന (പോട്ട്, റീഫർ, ഗ്രാസ്സ്, ഗഞ്ചാവ്, വീഡ് എന്നും കൂടെ അതു അറിയപ്പെടുന്നു) വിദഗ്ദ്ധരുടെയിടയിൽ വളരെയേറെ തർക്കത്തിന്റെ വിഷയമായിരുന്നിട്ടുണ്ട്. ജനപ്രീതിനേടിയിട്ടുളള ഈ മയക്കുമരുന്നിനെപ്പററി ഇപ്പോഴും വളരെയേറെ കാര്യങ്ങൾ നമുക്ക് അറിഞ്ഞുകൂടാ എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. മാരിഹ്വാന വളരെ സങ്കീർണ്ണമാണ് എന്നതാണ് ഒരു സംഗതി; ഒരു മാരിഹ്വാന സിഗറററിന്റെ പുകയിൽ 400-ലധികം രാസസംയുക്തങ്ങൾ കലർന്നിരിക്കുന്നു. സിഗറററ് പുക ക്യാൻസറിന് ഇടയാക്കുന്നു എന്ന് തിരിച്ചറിയാൻ ഡോക്ടർമാർക്ക് 60-ലധികം വർഷങ്ങൾ വേണ്ടിവന്നു. അതുപോലെ മാരിഹ്വാനയിലുളള 400-ലധികം രാസസംയുക്തങ്ങൾ
മനുഷ്യശരീരത്തോട് എന്തു ചെയ്യുന്നു എന്ന് നിശ്ചയപ്പെടുത്താൻ ദശകങ്ങൾതന്നെ വേണ്ടി വന്നേക്കാം.എന്നിരുന്നാലും, ആയിരക്കണക്കിന് ഗവേഷക പ്രബന്ധങ്ങൾ പഠിച്ചശേഷം പ്രസിദ്ധമായ യു. എസ്സ്. ഇൻസ്ററിററ്യൂട്ട് ഓഫ് മെഡിസിനിലെ വിദഗ്ദ്ധരുടെ ഒരു സംഘം ഇപ്രകാരം നിഗമനം ചെയ്തു. “ഇന്നുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുളള ശാസ്ത്രീയ തെളിവുകൾ കാണിക്കുന്നത് മാരിഹ്വാനയ്ക്ക് മനഃശാസ്ത്രപരവും ജീവശാസ്ത്രപരവുമായ വളരെയേറെ ഫലങ്ങൾ ഉണ്ട് എന്നാണ്; അവയിൽ ചിലത് ചില അവസ്ഥകളിലെങ്കിലും മമനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ്.” ഈ ഹാനികരമായ ഫലങ്ങളിൽ ചിലത് എന്തൊക്കെയാണ്?
മാരിഹ്വാന—അതു നിങ്ങളുടെ ശരീരത്തോട് ചെയ്യുന്നത്
ഉദാഹരണമായി ശ്വാസകോശങ്ങളുടെ കാര്യം തന്നെ പരിഗണിക്കുക. മാരിഹ്വാനയുടെ പുക വലിക്കുന്നത് നല്ലതല്ല എന്ന് അതിന്റെ ഉപയോഗത്തെ ഏററം ശക്തമായി പിന്താങ്ങുന്നവർപോലും സമ്മതിക്കുന്നു. പുകയിലപുകയുടെ കാര്യത്തിലെന്നപോലെ മാരിഹ്വാനയുടെ പുകയിലും താർമഷിപോലുളള ചില വിഷാംശങ്ങളുണ്ട്.
ഡോക്ടർ ഫോറസ്ററ് എസ്സ്. റെറനൻറ്, ജൂനിയർ മാരിഹ്വാന ഉപയോഗിച്ചിട്ടുണ്ടായിരുന്ന 492 യു. എസ്സ്. ഭടൻമാർക്കിടയിൽ ഒരു സർവ്വേ നടത്തി. അവരിൽ 25 ശതമാനത്തോളം ആളുകൾക്ക് “കനാബിസ് വലിച്ചതിൽ നിന്ന് തൊണ്ടവേദന അനുഭവപ്പെട്ടു, ഏതാണ്ട് 6 ശതമാനം പേർക്ക് ബ്രോങ്കൈററിസ് ബാധിച്ചു.” മറെറാരു പഠനത്തിൽ 30 പേരിൽ 24 പേർക്ക് ശ്വാസനാളങ്ങളിൽ “ക്യാൻസറിന്റെ പ്രാരംഭ ദശയിലെപ്പോലെ വ്രണങ്ങൾ ഉളളതായി കണ്ടെത്തി.”
അത്തരം ആളുകൾക്ക് ഭാവിയിൽ ക്യാൻസർ ബാധ ഉണ്ടാകും എന്ന് ആരും തീർത്തു പറയുന്നില്ല എന്നത് വാസ്തവമാണ്. എന്നാൽ അത്തരം ഒരു അപകടത്തിലായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? കൂടാതെ ദൈവം “എല്ലാവർക്കും ജീവനും ശ്വാസവും കൊടുക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 17:25) നിങ്ങൾ നിങ്ങളുടെ ശ്വാസകോശങ്ങളെയും തൊണ്ടയെയും തകരാറിലാക്കുന്ന എന്തെങ്കിലും വലിക്കുന്നുവെങ്കിൽ അതു ജീവദാതാവിനോട് ആദരവ് പ്രകടമാക്കലായിരിക്കുമോ?
സഭാപ്രസംഗി 12:6-ൽ മാനുഷ മസ്തിഷ്ക്കത്തെ കാവ്യാത്മകമായി “പൊൻ കിണ്ണം” എന്നാണ് വിളിച്ചിരിക്കുന്നത്. ഏതാണ്ട് നിങ്ങളുടെ ചുരുട്ടിയ മുഷ്ടിയോളം മാത്രം വലിപ്പമുളളതും കഷ്ടിച്ച് മൂന്നു റാത്തൽ മാത്രം തൂക്കമുളളതുമായ നിങ്ങളുടെ മസ്തിഷ്ക്കം നിങ്ങളുടെ ഓർമ്മകളുടെ വിലപ്പെട്ട സംഭരണ കേന്ദ്രം മാത്രമല്ല അതു നിങ്ങളുടെ സിരാവ്യൂഹം മുഴുവന്റെയും നിയന്ത്രണകേന്ദ്രവും കൂടെയാണ്. അതു മനസ്സിൽ പിടിച്ചുകൊണ്ട് ദി ഇൻസ്ററിററ്യൂട്ട് ഓഫ് മെഡിസിന്റെ മുന്നറിയിപ്പ് കുറിക്കൊളളുക. “മാരിഹ്വാനയ്ക്ക് മസ്തിഷ്ക്കത്തിൻമേൽ രാസപരവും വൈദ്യുത ശരീര ക്രിയാത്മകവുമായ മാററങ്ങൾ ഉൾപ്പെടെ കഠിനമായ ഫലങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് ധൈര്യമായി പറയാൻ കഴിയും.” മാരിഹ്വാന തലച്ചോറിനെ എന്നേക്കുമായി തകരാറിലാക്കും എന്നതിന് ഇപ്പോൾ വ്യക്തമായ തെളിവൊന്നുമില്ല. എന്നിരുന്നാലും മാരിഹ്വാന ഏതെങ്കിലും വിധത്തിൽ “പൊൻകിണ്ണത്തിന്” തകരാറ് വരുത്തിയേക്കാനുളള സാദ്ധ്യതയെ നിസ്സാരമായി തളളിക്കളയാവുന്നതല്ല.
എന്നെങ്കിലും വിവാഹിതരാവുകയും കുട്ടികൾ ഉണ്ടായിരിക്കുകയും ചെയ്യാനുളള നിങ്ങളുടെ ഭാവി പ്രതീക്ഷ സംബന്ധിച്ചെന്ത്? “പരീക്ഷണ മൃഗങ്ങളിൽ മാരിഹ്വാന കൂടിയ അളവിൽ ഉപയോഗിച്ചപ്പോൾ അതു ജനന വൈകല്യങ്ങൾക്ക് ഇടയാക്കിയതായി” ദി ഇൻസ്ററിററ്യൂട്ട് ഓഫ് മെഡിസിൻ റിപ്പോർട്ട് ചെയ്യുന്നു. മനുഷ്യരുടെമേൽ അതിന് അതേ ഫലം ഉണ്ടോ എന്ന് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ജനന വൈകല്യങ്ങൾ (DES ഹോർമോൺമൂലം ഉണ്ടാകുന്നതു പോലുളളവ) പ്രത്യക്ഷപ്പെടാൻ അനേകം വർഷങ്ങൾതന്നെ വേണ്ടിവരുന്നു എന്ന് ഓർമ്മിക്കുക. അതുകൊണ്ട് മാരിഹ്വാന വലിക്കുന്നവരുടെ മക്കൾക്കും കൊച്ചു മക്കൾക്കും ഭാവി എന്തുകൈവരുത്തും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. മാരിഹ്വാന വലിക്കുന്നത് ഒരുതരം “ജനിതക ചൂതുകളി” ആയിരിക്കാം എന്ന് ഡോക്ടർ ഗബ്രിയേൽ നാഹാസ് പറയുന്നു. കുട്ടികളെ “യഹോവയിൽ നിന്നുളള ഒരു അവകാശമായി” വീക്ഷിക്കുന്ന ആരെങ്കിലും സങ്കീർത്തനം 127:3.
അത്തരം ഒരപകടം ക്ഷണിച്ചുവരുത്താൻ തയ്യാറാകുമോ?—മയക്കുമരുന്നുകൾ—ബൈബിളിന്റെ വീക്ഷണം
തീർച്ചയായും, മാരിഹ്വാന ജനപ്രീതി നേടിയിട്ടുളള അനേകം മയക്കുമരുന്നുകളിൽ ഒന്നു മാത്രമാണ്. എന്നാൽ നമ്മുടെ മാനസ്സിക നിലക്ക് മാററം വരുത്തുന്ന വസ്തുക്കൾ ഉല്ലാസത്തിനുവേണ്ടി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ മതിയായ കാരണമുണ്ട് എന്ന് അതു നന്നായി ദൃഷ്ടാന്തീകരിക്കുന്നു. “യൗവനക്കാരുടെ സൗന്ദര്യം അവരുടെ ബലത്തിലാണ്” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 20:29) ഒരു യുവാവെന്നനിലയിൽ നിസ്സംശയമായും നിങ്ങൾ നല്ല ആരോഗ്യം ആസ്വദിക്കുന്നു. അതു നഷ്ടമാകത്തക്കവണ്ണം അതിനെ എന്തിന് അപകടപ്പെടുത്തണം?
എന്നാൽ അതിലും പ്രധാനമായി നമുക്ക് ഇതു സംബന്ധിച്ചുളള ബൈബിളിന്റെ വീക്ഷണമുണ്ട്. “ചിന്താപ്രാപ്തി . . . കാത്തുസൂക്ഷിക്കാൻ,” അതു നമ്മോടു പറയുന്നു, രാസപദാർത്ഥങ്ങളുടെ ദുരുപയോഗത്താൽ അതിനെ നശിപ്പിക്കാനല്ല. (സദൃശവാക്യങ്ങൾ 3:21) അതു കൂടുതലായി ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊണ്ട് നമുക്ക് ശരീരത്തിലെയും ആത്മാവിലെയും സകല അശുദ്ധിയും നീക്കി നമ്മെത്തന്നെ വെടിപ്പാക്കാം.” വാസ്തവത്തിൽ മയക്കുമരുന്നുകളുടെ ദുരുപയോഗം പോലെയുളള ശീലങ്ങൾ ഒഴിവാക്കിക്കൊണ്ട്, ‘അശുദ്ധിയിൽ നിന്ന് തങ്ങളെത്തന്നെ വെടിപ്പാക്കിയിട്ടുളള’വരോടാണ് “‘ഞാൻ നിങ്ങളെ കൈക്കൊളളുകയും’ ‘ഞാൻ നിങ്ങൾക്ക് പിതാവായിരിക്കുകയും’ ചെയ്യും” എന്ന് ദൈവം വാഗ്ദാനം ചെയ്യുന്നത്.—2 കൊരിന്ത്യർ 6:17-7:1.
എന്നിരുന്നാലും മയക്കുമരുന്നുകൾ വർജ്ജിക്കുന്നത് എളുപ്പമല്ലാതിരുന്നേക്കാം.
സമപ്രായക്കാരും അവരിൽനിന്നുളള സമ്മർദ്ദവും
ശീതള സുന്ദരമായ ഒരു വേനൽക്കാല സായാഹ്നത്തിൽ മച്ചുനൻമാരും അടുത്ത സുഹൃത്തുക്കളുമായ ജോയും ഫ്രാങ്കും ഒരു കരാറുണ്ടാക്കി.
“മററ് ആര് എന്തു ചെയ്താലും” ആ രണ്ടു പേരിലെ പ്രായംകുറഞ്ഞ ജോ നിർദ്ദേശിച്ചു, “നമുക്ക് ഒരിക്കലും മയക്കുമരുന്നുകളുമായി യാതൊരു ബന്ധവും വേണ്ട.” ഈ തീരുമാനത്തിൻമേൽ യുവാക്കൾ രണ്ടുപേരും ഹസ്തദാനം നൽകി പിരിഞ്ഞു. എന്നാൽ അഞ്ചു വർഷങ്ങൾക്ക് ശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരു അപകടത്തിന്റെ ഫലമായി ജോ അവന്റെ കാറിനുളളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. ഫ്രാങ്കും അതിനോടകം കഠിനമായ വിധത്തിൽ മയക്കുമരുന്നിന് അടിമയായിരുന്നു.എവിടെയാണ് തകരാറ് സംഭവിച്ചത്? ബൈബിളിൽ കാണുന്ന ഈ അടിയന്തര മുന്നറിയിപ്പിൽ അതിനുളള ഉത്തരം കണ്ടെത്താൻ കഴിയും: “വഞ്ചിക്കപ്പെടാതിരിപ്പിൻ. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദങ്ങളായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33) ജോയും ഫ്രാങ്കും കൊളളരുതാത്ത ഒരു കൂട്ടത്തിൽ ചെന്നു ചേർന്നു. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരുമായി അവർ കൂടുതൽ കൂടുതൽ സഹവസിച്ചപ്പോൾ അവർതന്നെയും അതുകൊണ്ട് പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി.
സെൽഫ് ഡിസ്റ്രറക്ററീവ് ബിഹേവിയർ ഇൻ ചിൽഡ്രൻ ആൻഡ് അഡോലെസ്സെൻസ് എന്ന [ഇംഗ്ലീഷ്] ഗ്രന്ഥം ഇപ്രകാരം നിരീക്ഷിക്കുന്നു: “മിക്കപ്പോഴും യുവജനങ്ങൾ വിവിധ മയക്കുമരുന്നുകളുമായി പരിചയത്തിലാകുന്നത് ഒരു അടുത്ത സുഹൃത്തിലൂടെയാണ് . . . “ഉദ്വേഗജനകമായ അല്ലെങ്കിൽ ഉല്ലാസകരമായ ഒരു അനുഭവം പങ്കുവയ്ക്കുക എന്നതായിരിക്കാം അയാളുടെ ലക്ഷ്യം.” പ്രാരംഭത്തിൽ പരാമർശിച്ച മൈക്ക് ഇപ്രകാരം പറഞ്ഞുകൊണ്ട് അതിനോട് യോജിക്കുന്നു: “ഞാൻ അഭിമുഖീകരിക്കേണ്ടിവന്ന ഏററം പ്രയാസകരമായ കാര്യങ്ങളിലൊന്ന് കൂട്ടുകാരിൽ നിന്നുളള സമ്മർദ്ദമായിരുന്നു. . . . ഞാൻ ആദ്യം മാരിഹ്വാന വലിച്ചത് എന്റെ കൂടെ ഉണ്ടായിരുന്ന കൂട്ടികളെല്ലാം വലിച്ചതുകൊണ്ടും ഞാൻ അവരോടൊപ്പം ആയിരിക്കാൻ ആഗ്രഹിച്ചതുകൊണ്ടും ആയിരുന്നു.”
തുറന്നു പറഞ്ഞാൽ, നിങ്ങളുടെ സുഹൃത്തുക്കൾ മയക്കുമരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങുന്നുവെങ്കിൽ നിങ്ങൾ അതിനോട് യോജിക്കാൻ, അവരെപ്പോലെ ആയിരിക്കാൻ, വലിയ വൈകാരിക സമ്മർദ്ദത്തിൻ കീഴിലായിരിക്കും. നിങ്ങൾ സുഹൃത്തുക്കളുടെ ആ വലയം ഉപേക്ഷിക്കുന്നില്ലെങ്കിൽ സർവ്വസാദ്ധ്യതയുമനുസരിച്ച് നിങ്ങളും കാലക്രമത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളായിത്തീരും.
“ജ്ഞാനികളോടുകൂടെ നടക്കുന്നവൻ”
“ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയായിത്തീരും, ഭോഷൻമാരോട് ഇടപാടുളളവനോ ദോഷം ഭവിക്കും” എന്ന് സദൃശവാക്യങ്ങൾ 13:20 പറയുന്നു. ഉദാഹരണമായി ജലദോഷം പിടിക്കുന്നത് ഒഴിവാക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ ജലദോഷമുളളവരുമായുളള അടുത്ത സഹവാസം നിങ്ങൾ ഒഴിവാക്കുകയില്ലേ? “അതുപോലെ,” അഡൊലെസ്സെൻറ് പിയർ പ്രെഷർ എന്ന പുസ്തകം പറയുന്നു, “മയക്കുമരുന്നുകളുടെ ദുരുപയോഗം നാം തടയണമെങ്കിൽ നാം ആരോഗ്യാവഹവും സന്തുലിതവുമായ അവസ്ഥകൾ നിലനിർത്തുകയും ദോഷകരമായ സ്വാധീനങ്ങളിൽനിന്ന് കഴിയുന്നത്ര ഒഴിഞ്ഞുനിൽക്കുകയും വേണം.”
അതുകൊണ്ട് മയക്കുമരുന്നുകൾ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അപ്പോൾ നിങ്ങൾ ആരുമായി സഹവസിക്കുന്നു എന്നത് സൂക്ഷിക്കുക. മയക്കുമരുന്നുകളിൽ നിന്ന് അകന്നു നിൽക്കാനുളള നിങ്ങളുടെ തീരുമാനത്തെ പിന്താങ്ങുന്ന ദൈവഭയമുളള ക്രിസ്ത്യാനികളുമായുളള സൗഹൃദം തേടുക. (1 ശമുവേൽ 23:15, 16 താരതമ്യം ചെയ്യുക.) പുറപ്പാട് 23:2-ലെ വാക്കുകളും കുറിക്കൊളളുക. അത് സത്യം ചെയ്തു സാക്ഷ്യം ബോധിപ്പിക്കുന്നവരെക്കുറിച്ചാണ് അന്ന് എഴുതപ്പെട്ടതെങ്കിലും അത് യുവാക്കൾക്ക് പററിയ ഉപദേശമാണ്. “നീ ദുഷ്ടലക്ഷ്യങ്ങൾക്കായി ജനക്കൂട്ടത്തിന്റെ പിന്നാലെ പോകരുത്.”
യാതൊന്നും ചോദ്യം ചെയ്യാതെ കൂട്ടുകാരുടെ പിന്നാലെ പോകുന്നവൻ ഒരു അടിമയേക്കാൾ ഒട്ടും മെച്ചമല്ല. ബൈബിൾ റോമർ 6:16-ൽ (ന്യൂ ഇൻറർ നാഷണൽ വേർഷൻ) പറയുന്നു: “അടിമകളെപ്പോലെ ആരെയെങ്കിലും അനുസരിക്കാൻ നിങ്ങൾ നിങ്ങളെത്തന്നെ സമർപ്പിക്കുമ്പോൾ നിങ്ങൾ അയാളുടെ അടിമകളാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?” അതുകൊണ്ടാണ് “ചിന്താപ്രാപ്തി” വികസിപ്പിച്ചെടുക്കാൻ ബൈബിൾ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. (സദൃശവാക്യങ്ങൾ 2:10-12) സ്വന്തം നിലയിൽ ചിന്തിക്കാൻ പഠിക്കുക, അപ്പോൾ വഴിതെററി നടക്കുന്ന ചെറുപ്പക്കാരുടെ പിന്നാലെ പോകാൻ നിങ്ങൾക്ക് ചായ്വ് ഉണ്ടായിരിക്കുകയില്ല.
മയക്കുമരുന്നുകളെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചും നിങ്ങൾക്ക് ജിജ്ഞാസ ഉണ്ടായിരിക്കാം എന്നതു സത്യംതന്നെ. എന്നാൽ മയക്കുമരുന്നുകൾ ആളുകളെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ നിങ്ങൾ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും മലിനമാക്കേണ്ടതില്ല. മയക്കുമരുന്നു ദുരുപയോഗം ചെയ്യുന്നവരായ നിങ്ങളുടെ പ്രായക്കാരെ നിരീക്ഷിക്കുക—വിശേഷിച്ച് ദീർഘകാലമായി അതു ഉപയോഗിച്ചു പോന്നിട്ടുളളവരെ. അവർ ജാഗ്രതയും ബുദ്ധികൂർമ്മതയും ഉളളവരായി കാണപ്പെടുന്നുവോ? അവർ ഉയർന്ന ഗ്രെയിഡ് നിലനിർത്തുന്നുണ്ടോ? അതോ അവർ മന്ദഗതിക്കാരും ശ്രദ്ധയില്ലാത്തവരും ചിലപ്പോൾ അവരുടെ ചുററും നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാത്തവരുമാണോ? അത്തരം ആളുകളെ വർണ്ണിക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കിടയിൽതന്നെ ഒരു പേര് അവർ ഉണ്ടാക്കിയെടുത്തിരിക്കുന്നു: “കത്തിത്തീർന്നവർ.” എന്നാൽ ഇങ്ങനെ “കത്തിത്തീർന്ന” പലരും സാദ്ധ്യതയനുസരിച്ച് ജിജ്ഞാസ നിമിത്തമാണ് മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയത്. അപ്പോൾ അനാരോഗ്യകരമായ ജിജ്ഞാസയെ അമർച്ച ചെയ്യാനും “തിൻമ സംബന്ധിച്ച് ശിശുക്കളായിരിക്കാനും” ബൈബിൾ ക്രിസ്ത്യാനികളെ ഉത്സാഹിപ്പിക്കുന്നത് ആശ്ചര്യമല്ല.—1 കൊരിന്ത്യർ 14:20.
വേണ്ട എന്ന് നിങ്ങൾക്ക് പറയാൻ കഴിയും!
മയക്കുമരുന്നുകളുടെ ദുരുപയോഗം സംബന്ധിച്ച് യു. എസ്സ്. ദേശീയ സ്ഥാപനം പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു ചെറുപുസ്തകം നമ്മെ ഇപ്രകാരം അനുസ്മരിപ്പിക്കുന്നു: “മയക്കുമരുന്നു ഉപയോഗിക്കാനുളള ഒരു അവസരം വേണ്ടെന്ന് വയ്ക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങളുടെ തീരുമാനത്തിനെതിരെ സമ്മർദ്ദം ചെലുത്തുന്ന ഏതൊരു സുഹൃത്തും ഒരു സ്വതന്ത്ര വ്യക്തിയെന്നനിലയിലുളള നിങ്ങളുടെ അവകാശത്തിൻമേൽ കയ്യേററം നടത്തുകയാണ്.” ആരെങ്കിലും നിങ്ങൾക്ക് മയക്കുമരുന്ന് വച്ചുനീട്ടുന്നുവെങ്കിലെന്ത്? വേണ്ട എന്നു പറയാനുളള ധൈര്യം ഉണ്ടായിരിക്കുക! മയക്കുമരുന്നു ദുരുപയോഗത്തിന്റെ ദോഷം സംബന്ധിച്ച് ഒരു പ്രസംഗം നടത്തണം എന്ന് ഇതിന് അവശ്യം അർത്ഥമില്ല. “വേണ്ട, നന്ദി ഞാൻ വലിക്കാൻ ആഗ്രഹിക്കുന്നില്ല” എന്നോ “വേണ്ട, എനിക്ക് ഹാസ്സൽ ആവശ്യമില്ല” എന്നോ ഒരു കുത്തു വാക്കായി “ഞാൻ ശരീരത്തെ മലിനമാക്കാറില്ല” എന്നോ ലളിതമായി മറുപടി പറയാം എന്ന് ആ ചെറുപുസ്തകം നിർദ്ദേശിക്കുന്നു.
അവർ വീണ്ടും വച്ചു നീട്ടുന്നുവെങ്കിൽ ബോദ്ധ്യത്തോടെ നിങ്ങൾ വേണ്ട എന്നു പറയേണ്ടതുണ്ടായിരിക്കാം! നിങ്ങൾ ഒരു ക്രിസ്ത്യാനിയാണ് എന്ന് മററുളളവരെ അറിയിക്കുന്നതും ഒരു സംരക്ഷണമാണെന്ന് തെളിഞ്ഞേക്കാം.വളർച്ചപ്രാപിക്കുക എന്നത് എളുപ്പമുളള ഒരു സംഗതിയല്ല. എന്നാൽ മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് ആ കാലഘട്ടത്തിന്റെ വേദന ഒഴിവാക്കാൻ നിങ്ങൾ ശ്രമിക്കുന്നുവെങ്കിൽ ഉത്തരവാദിത്വബോധവും പക്വതയുമുളള ഒരാളായി വളരുന്നതിനുളള സാദ്ധ്യതയെ നിങ്ങൾ ഗൗരവതരമായി തടസ്സപ്പെടുത്തിയേക്കാം. പ്രശ്നങ്ങളെ നേരിടാൻ പഠിക്കുക. സമ്മർദ്ദങ്ങൾ നിങ്ങളെ കീഴ്പ്പെടുത്തിയേക്കാം എന്നു തോന്നുന്നുവെങ്കിൽ രാസവസ്തുക്കൾ കൊണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കരുത്. കാര്യങ്ങൾ സംബന്ധിച്ച് ശരിയായ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ നിങ്ങളെ സഹായിക്കാൻ കഴിയുന്ന മാതാപിതാക്കളിൽ ഒരാളുമായോ ഉത്തരവാദിത്വമുളള മറെറാരു മുതിർന്നയാളുമായിട്ടോ പ്രശ്നം ചർച്ച ചെയ്യുക. ബൈബിളിന്റെ ഉദ്ബോധനവും ഓർമ്മിക്കുക: “ഒന്നിനെക്കുറിച്ചും ഉൽക്കണ്ഠപ്പെടാതെ എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ നന്ദിയോടെ ദൈവത്തോട് അറിയിക്കുകയത്രേ വേണ്ടത്; എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും മാനസ്സിക പ്രാപ്തികളെയും കാത്തുകൊളളും.”—ഫിലിപ്യർ 4:6, 7.
അതെ വേണ്ട എന്ന് പറയാനുളള ശക്തി യഹോവയാം ദൈവം നിങ്ങൾക്ക് തരും! നിങ്ങളുടെ തീരുമാനം ദുർബലമാക്കാൻ തക്കവണ്ണം നിങ്ങളുടെ മേൽ സമ്മർദ്ദം പ്രയോഗിക്കാൻ മററുളളവരെ അനുവദിക്കരുത്. മൈക്ക് പ്രോത്സാഹിപ്പിക്കുന്നു: “മയക്കുമരുന്നുകൾകൊണ്ട് പരീക്ഷണങ്ങൾ നടത്തരുത്. ശിഷ്ടജീവിതം മുഴുവൻ നിങ്ങൾ ദുരിതം അനുഭവിക്കേണ്ടിവരും!”
ചർച്ചക്കുളള ചോദ്യങ്ങൾ
◻ അനേകം യുവജനങ്ങൾ മയക്കുമരുന്നുമായി ബന്ധപ്പെടുന്നത് എന്തുകൊണ്ടാണ്?
◻ മയക്കുമരുന്നു ഉപയോഗിക്കുന്നത് നിങ്ങളുടെ വൈകാരിക വളർച്ചയെ തടസ്സപ്പെടുത്തിയേക്കാവുന്നത് എങ്ങനെയാണ്?
◻ മാരിഹ്വാന ശരീരത്തെ ബാധിക്കുന്നവിധം സംബന്ധിച്ച് എന്താണ് അറിവായിട്ടുളളത്?
◻ ഉല്ലാസത്തിനുവേണ്ടി മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ബൈബിളിന്റെ വീക്ഷണമെന്ത്?
◻ മയക്കുമരുന്നിൽ നിന്ന് സ്വതന്ത്രരായിരിക്കുന്നതിന് നിങ്ങളുടെ സഹവാസം സംബന്ധിച്ച് ജാഗ്രത പുലർത്തുന്നത് ജീവൽപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ മയക്കുമരുന്നുകൾ വേണ്ട എന്നു വയ്ക്കാനുളള ചില മാർഗ്ഗങ്ങളേവ?
[274-ാം പേജിലെ ആകർഷകവാക്യം]
“ഞങ്ങളുടെ സ്കൂളിലെ കാവൽക്കാരൻപോലും മാരിഹ്വാന വിൽക്കുന്നു,” ഒരു യുവാവ് പറയുന്നു
[279-ാം പേജിലെ ആകർഷകവാക്യം]
“ഞാൻ മയക്കുമരുന്നു ഉപയോഗിക്കാൻ ആരംഭിച്ചപ്പോൾ എന്റെ വൈകാരിക വളർച്ച അവസാനിച്ചു എന്ന് ഞാൻ തിരിച്ചറിയാനിടയായി.”—മുൻപ് മയക്കുമരുന്നു ഉപയോഗിച്ചിരുന്ന മൈക്ക്
[278-ാം പേജിലെ ചതുരം]
മാരിഹ്വാന—ഒരു പുതിയ അത്ഭുത ഔഷധം
ഗ്ലോക്കോമാ, ആസ്തമ മുതലായ രോഗങ്ങൾ ചികിത്സിക്കുന്നതിനും കെമോതെറപ്പിയ്ക്കിടയിൽ ക്യാൻസർ രോഗികൾക്കുണ്ടാകുന്ന മനം പിരട്ടൽ കുറയ്ക്കുന്നതിനും മാരിഹ്വാന പററിയതാണ് എന്ന അവകാശവാദം വളരെയധികം ഒച്ചപ്പാട് ഉണ്ടാക്കിയിട്ടുണ്ട്. യു. എസ്സ്. ഇൻസ്ററിററ്യൂട്ട് ഓഫ് മെഡിസിന്റെ ഒരു റിപ്പോർട്ട് ഈ അവകാശവാദത്തിൽ അല്പം സത്യം ഉണ്ട് എന്ന് സമ്മതിക്കുന്നു. എന്നാൽ താമസിയാതെ രോഗികൾ മാരിഹ്വാന സിഗറററുകൾ വലിക്കാൻ ഡോക്ടർമാർ ശുപാർശചെയ്യും എന്ന് ഇതിന് അർത്ഥമുണ്ടോ?
അതിന് സാദ്ധ്യതയില്ല, കാരണം മാരിഹ്വാനയുടെ 400 ലധികം രാസസംയുക്തങ്ങളിൽ ചിലത് പ്രയോജനകരമെന്ന് തെളിഞ്ഞേക്കാമെങ്കിലും അത്തരം മരുന്നു ഉൾക്കൊളളുന്നതിനുളള യുക്ത്യാനുസൃതമായ രീതി മാരിഹ്വാന കത്തിച്ച് വലിയ്ക്കലായിരിക്കുകയില്ല. ഒരു പ്രാമാണികനായ ഡോക്ടർ കാൾട്ടൺ ടേണർ പറയുന്നത് “മാരിഹ്വാന ഉപയോഗിക്കുന്നത് പെൻസിലിൻ കിട്ടാൻവേണ്ടി ആളുകൾക്ക് പൂത്ത റൊട്ടി തിന്നാൻ കൊടുക്കുന്നതുപോലെ ആയിരിക്കും” എന്നാണ്. അതുകൊണ്ട് എന്നെങ്കിലും ഏതെങ്കിലും മാരിഹ്വാന സംയുക്തങ്ങൾ യഥാർത്ഥ ഔഷധങ്ങളായിത്തീരുന്നുവെങ്കിൽ മാരിഹ്വാനയിൽ നിന്ന് “എടുത്തിട്ടുളളതോ അല്ലെങ്കിൽ അവയോടു സാദൃശ്യമുളളതോ” ആയ രാസസംയുക്തങ്ങ”ളായിരിക്കും ഡോക്ടർമാർ നിർദ്ദേശിക്കുക. അതുകൊണ്ട് “സാദ്ധ്യമായ ഏതെങ്കിലും ചികിത്സാപരമായ പ്രയോജനങ്ങൾ മാരിഹ്വാനയുടെ ദോഷഫലങ്ങളുടെ പ്രാധാന്യത്തിന് മാററം വരുത്തുന്നില്ല എന്ന സംഗതി ഊന്നിപ്പറയേണ്ടിയിരിക്കുന്നു” എന്ന് യു. എസ്സ്. സെക്രട്ടറി ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സേർവീസസ്സ് എഴുതിയത് അതിശയമല്ല.
[275-ാം പേജിലെ ചിത്രം]
മയക്കുമരുന്നുകൾ വേണ്ട എന്നു പറയാനുളള ധൈര്യം കാണിക്കുക!
[276, 277 പേജുകളിലെ ചിത്രങ്ങൾ]
മയക്കുമരുന്നുകളിലൂടെ ഇപ്പോൾ പ്രശ്നങ്ങളിൽനിന്ന് രക്ഷപെടുന്നുവെങ്കിൽ . . . പ്രായപൂർത്തിയായിക്കഴിയുമ്പോൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് പ്രയാസമെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം