എനിക്ക് എങ്ങനെ ഒരു ജോലി സമ്പാദിക്കാൻ (നിലനിർത്താനും!) കഴിയും?
അധ്യായം 21
എനിക്ക് എങ്ങനെ ഒരു ജോലി സമ്പാദിക്കാൻ (നിലനിർത്താനും!) കഴിയും?
സീനിയർ സ്കൊളാസ്ററിക് [ഇംഗ്ലീഷ്] മാസികയിൽ പ്രസിദ്ധീകരിച്ച ഒരു അഭിപ്രായ വോട്ടെടുപ്പ് അമേരിക്കൻ ഹൈസ്കൂൾ വിദ്യാർത്ഥികളോട് ജീവിതത്തിൽ “വളരെ പ്രധാനമായി” അവർ കരുതുന്ന ലക്ഷ്യങ്ങൾ എന്താണ് എന്നു ചോദിച്ചു. “ഒരു സ്ഥിരമായ ജോലി കണ്ടെത്താൻ കഴിയുക” എന്ന് 84 ശതമാനം പേരും പ്രതിവചിച്ചു.
വ്യക്തിപരമോ കുടുംബപരമോ ആയ ചെലവുകൾ വഹിക്കുന്നതിന് ക്ലാസ്സ് സമയം കഴിഞ്ഞു ചെയ്യാവുന്ന ഒരു ജോലി കണ്ടെത്താൻ ഒരുപക്ഷേ നിങ്ങൾക്ക് താല്പര്യമുണ്ടായിരിക്കാം. അല്ലെങ്കിൽ ഒരു മുഴുസമയ സുവിശേഷകനായി നിങ്ങളെ നിലനിർത്തുന്നതിന് നിങ്ങൾ ഒരു അംശകാല ജോലി അന്വേഷിക്കുകയായിരിക്കാം. (അദ്ധ്യായം 22 കാണുക.) ഏതായാലും ആഗോള പണപ്പെരുപ്പവും വൈദഗ്ദ്ധ്യമില്ലാത്ത വേലക്കാരുടെ ആവശ്യക്കുറവും നിങ്ങൾ ഒരു യുവാവാണെങ്കിൽ ഒരു ജോലി കണ്ടെത്തുക കൂടുതൽ പ്രയാസകരമാക്കിയിരിക്കുന്നു. അപ്പോൾ പിന്നെ വലിയ ബുദ്ധിമുട്ടുകൂടാതെ നിങ്ങൾക്ക് എങ്ങനെ തൊഴിൽ രംഗത്തേക്ക് കടന്നു ചെല്ലാൻ കഴിയും?
സ്കൂൾ—തൊഴിൽ പരിശീലനത്തിനുളള ഒരു സ്ഥലം
തൊഴിലിന് ആളെടുക്കുന്ന ഒരു സ്ഥാപനത്തിൽ അനേകം വർഷത്തെ പരിചയമുളള ക്ലീവ്ലാൻഡ് ജോൺസ് ഈ ബുദ്ധിയുപദേശം വച്ചു നീട്ടുന്നു: “ഹൈസ്കൂൾ വിദ്യാഭ്യാസം നല്ല നിലയിൽ പൂർത്തിയാക്കുക. നന്നായി വായിക്കുകയും എഴുതുകയും സംസാരിക്കുകയും ചെയ്യാൻ പഠിക്കുന്നതിന്റെ പ്രാധാന്യം എത്ര ഊന്നിപ്പറഞ്ഞാലും അധികമാവുകയില്ല. തൊഴിൽ രംഗത്ത് ആളുകളോട് നന്നായി ഇടപെടാൻ കഴിയേണ്ടതിന് അന്തസ്സായ പെരുമാററരീതികളും പഠിക്കുക.”
ഒരു ബസ്സ് ഡ്രൈവർക്ക് വാഹനങ്ങളുടെ വരവും പോക്കും സംബന്ധിച്ച സമയപ്പട്ടിക വായിക്കാൻ സാധിക്കണം. ഫാക്റററി തൊഴിലാളികൾക്കും ഒരു ജോലി പൂർത്തിയാക്കി എന്നു കാണിക്കുന്ന ചീട്ടുകളോ അതുപോലുളള മററു റിപ്പോർട്ടുകളോ പൂരിപ്പിക്കേണ്ടതുണ്ട്. കച്ചവട സ്ഥാപനങ്ങളിലെ ജോലിക്കാർ കണക്ക് എഴുതി സൂക്ഷിക്കാനും പ്രതീക്ഷിക്കപ്പെടുന്നു. ഏതാണ്ട് എല്ലാത്തരം തൊഴിലുകളിലും
തന്നെ ആശയവിനിയമം ചെയ്യാനുളള പ്രാപ്തി അത്യാവശ്യമാണ്. ഇവയൊക്കെയും നിങ്ങൾക്ക് സ്കൂളിലായിരിക്കുമ്പോൾ സമ്പാദിക്കാവുന്ന വൈദഗ്ദ്ധ്യങ്ങളാണ്.സ്ഥിരോത്സാഹം ഫലം നൽകുന്നു
“നിങ്ങൾ സ്കൂൾ പഠനം പൂർത്തിയാക്കിയശേഷം ഒരു ജോലി അന്വേഷിക്കുകയാണെങ്കിൽ ആ ശ്രമം ഒരിക്കലും ഉപേക്ഷിച്ചു കളയരുത്,” എന്ന് ജോൺസ് പറയുന്നു. “രണ്ടോ മൂന്നോ ഇൻറർവ്യൂവിന് പോയിട്ട് വീട്ടിൽ പോയി വെറുതെ കാത്തിരിക്കരുത്. ആ വിധത്തിൽ നിങ്ങൾ ഒരു ജോലിക്കായി വിളിക്കപ്പെടുകയില്ല.” ഒരു ജോലി ലഭിക്കുന്നതിന് യുവാവായ സാൽ ഏഴുമാസം ശ്രമിക്കേണ്ടി വന്നു. “‘ഒരു ജോലി കണ്ടെത്തുക എന്നതാണ് എന്റെ ജോലി,’ എന്ന് ഞാൻ എന്നോടുതന്നെ പറയുമായിരുന്നു,” എന്ന് സാൽ വിശദീകരിക്കുന്നു. “ഏഴുമാസക്കാലത്തേക്ക്, വാരാന്ത്യം ഒഴിച്ചുളള എല്ലാ ദിവസവും എട്ടുമണിക്കൂർ വീതം ഒരു ജോലി തേടുന്നതിന് ഞാൻ ചെലവഴിക്കുമായിരുന്നു. ഓരോ ദിവസവും നന്നാ രാവിലെ തുടങ്ങി ഉച്ചകഴിഞ്ഞ് നാലുമണിവരെ ഞാൻ ‘പണിയെടുക്കുമായിരുന്നു.’ പല രാത്രികളിലും എന്റെ പാദങ്ങൾക്ക് വേദനയായിരിക്കും. പിറേറന്നു രാവിലെ അന്വേഷണം തുടരുന്നതിന് ഞാൻ ‘എന്നെത്തന്നെ മാനസികമായി ബലപ്പെടുത്തേണ്ട’തുണ്ടായിരുന്നു.”
ഈ അന്വേഷണം നിറുത്തിക്കളയുന്നതിൽ നിന്ന് സാലിനെ തടഞ്ഞതെന്തായിരുന്നു? അവൻ മറുപടി പറയുന്നു: “ഓരോ തവണയും ജോലിക്ക് ആളുകളെ എടുക്കുന്ന ഒരു ഓഫീസിൽ ഞാൻ ചെന്നപ്പോൾ യേശു പറഞ്ഞത് ഞാൻ ഓർമ്മിക്കുമായിരുന്നു, ‘നിങ്ങൾ കഠിനശ്രമം ചെയ്യുവിൻ.’ ഒരു ദിവസം എനിക്ക് ജോലി കിട്ടുമെന്നും എന്റെ ബുദ്ധിമുട്ടുകൾ അവസാനിക്കുമെന്നും ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.”—ലൂക്കോസ് 13:24.
ജോലി കണ്ടെത്താവുന്ന സ്ഥലം
നിങ്ങൾ നാട്ടിൻപുറത്താണ് താമസിക്കുന്നതെങ്കിൽ നിങ്ങളുടെ തൊഴിലന്വേഷണം ആ പ്രദേശത്തെ കൃഷി സ്ഥലങ്ങളിലോ പഴത്തോട്ടങ്ങളിലോ ആരംഭിക്കാൻ കഴിയും, അല്ലെങ്കിൽ നിങ്ങൾക്ക് വീട്ടുവളപ്പിൽ ചെയ്യേണ്ടതരം ജോലിക്കുവേണ്ടി നോക്കാൻ കഴിയും. നിങ്ങൾ ഒരു വലിയ പട്ടണത്തിലോ നഗരത്തിലോ ആണ് വസിക്കുന്നതെങ്കിൽ നിങ്ങൾക്ക് പത്രങ്ങളിൽ കാണപ്പെടുന്ന ‘സഹായം ആവശ്യമുണ്ട്’ എന്ന പരസ്യങ്ങൾ നോക്കാൻ കഴിയും. ഈ പരസ്യങ്ങൾ ചിലതരം ജോലികൾക്ക് എന്തു യോഗ്യതയാണ് വേണ്ടത് എന്നു സൂചിപ്പിക്കുന്നു. നിങ്ങൾക്ക് എങ്ങനെ ആ നിബന്ധനകൾ നിവർത്തിക്കാൻ കഴിയും എന്ന് തൊഴിലുടമയ്ക്ക് വിശദീകരിച്ചു കൊടുക്കാൻ അവ നിങ്ങളെ സഹായിക്കും. മാതാപിതാക്കൾ, അദ്ധ്യാപകർ, തൊഴിലവസര ഏജൻസികൾ, തൊഴിലാളി ഓഫീസുകൾ, സുഹൃത്തുക്കൾ,
അയൽക്കാർ ഇവ നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന മററ് ഉറവുകളാണ്.നിങ്ങളുടെ ജോലി നിലനിർത്തൽ
ദു:ഖകരമെന്നു പറയട്ടെ, സാമ്പത്തിക സമ്മർദ്ദങ്ങൾ തൊഴിലില്ലായ്മ സൃഷ്ടിക്കുമ്പോൾ ചെറുപ്പക്കാരായ തൊഴിലാളികളാണ് ആദ്യം പിരിച്ചുവിടപ്പെടുന്നത്. എന്നാൽ ഇത് നിങ്ങൾക്ക് സംഭവിക്കേണ്ടതില്ല. “ജോലി ചെയ്യാൻ മനസ്സുളളവരും തൊഴിലുടമ ആവശ്യപ്പെടുന്ന എന്തും ചെയ്യാൻ മനസ്സൊരുക്കമുളളവരുമാണ് തങ്ങളുടെ ജോലി നിലനിർത്തുന്നത്,” എന്ന് മിസ്ററർ ജോൺസ് പറയുന്നു.
നിങ്ങളുടെ മനോഭാവം നിങ്ങളുടെ മനസ്സിന്റെ അവസ്ഥയാണ്—നിങ്ങളുടെ ജോലിയെപ്പററിയും നിങ്ങൾ ആർക്കുവേണ്ടിയും ആരോടൊത്തും ജോലി ചെയ്യുന്നുവോ അവരെപ്പററിയും ഉളള നിങ്ങളുടെ
വികാരങ്ങൾ തന്നെ. നിങ്ങളുടെ മനോഭാവം നിങ്ങൾ ചെയ്യുന്ന വേലയുടെ മേൻമയിൽ പ്രതിഫലിപ്പിക്കപ്പെടുന്നു. നിങ്ങളുടെ തൊഴിലുടമ നിങ്ങളുടെ മൂല്യം നിർണ്ണയിക്കുന്നത് നിങ്ങൾ ചെയ്തു തീർക്കുന്ന ജോലിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല നിങ്ങളുടെ മനോഭാവത്തിന്റെ അടിസ്ഥാനത്തിലും കൂടെ ആയിരിക്കും.“നിങ്ങൾക്ക് നിർദ്ദേശങ്ങൾ അനുസരിക്കാൻ കഴിയും എന്നു മാത്രമല്ല നിരന്തര മേൽനോട്ടം കൂടാതെ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയും എന്നും കൂടെ നിങ്ങളുടെ തൊഴിലുടമ കാണട്ടെ,” എന്ന് ജോൺസ് തുടർന്നു പറയുന്നു. “എന്തുകൊണ്ടെന്നാൽ കടുത്ത മത്സരമുളള തൊഴിൽ രംഗത്തു അവശ്യം ഏററം അധികം കാലം അവിടെ ഉണ്ടായിരുന്നവരല്ല മറിച്ച് ഏററം നന്നായി ജോലി ചെയ്യുന്നവരാണ് ജോലിയിൽ തുടരുന്നത്.”
ഇത് സത്യമാണെന്ന് സാൽ കണ്ടു. സാൽ പറയുന്നു: “ഞാൻ എല്ലായ്പ്പോഴും എന്റെ തൊഴിലുടമയോട് പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചു. ആവശ്യമുളളപ്പോൾ എന്റെ സമയപ്പട്ടികയ്ക്കു മാററം വരുത്താനും നിർദ്ദേശങ്ങൾ അനുസരിക്കാനും എന്റെ മേലന്വേഷകരോട് ആദരവ് കാണിക്കാനും ഞാൻ ഒരുക്കമായിരുന്നു.” ഇത് “ദൃഷ്ടിസേവകളാലല്ലാതെ, അവരുടെ പ്രീതി സമ്പാദിക്കാനുളള ലക്ഷ്യത്തിലല്ലാതെ, കർത്താവിനോടുളള ഭക്തിയുടെ ആത്മാർത്ഥമായ പ്രകടനമെന്നനിലയിൽ മാനുഷ യജമാനൻമാരെ അനുസരിക്കാ”നുളള ബൈബിളിന്റെ ഉൽബോധനത്തെപ്പററി നമ്മെ അനുസ്മരിപ്പിക്കുന്നു.—കൊലോസ്യർ 3:22, ഫിലിപ്പ്സ്.
ഭയത്തെ തരണം ചെയ്യൽ
നിങ്ങൾ ഒരു ജോലിയിൽ പുതിയ ആളാണെങ്കിൽ ആദ്യത്തെ ഏതാനും ദിവസത്തേക്ക് ഭയം തോന്നുന്നത് ഒരു സാധാരണ സംഗതിയാണ്. ‘അവരെന്നെ ഇഷ്ടപ്പെടുമോ? എനിക്ക് ഈ ജോലി ചെയ്യാൻ കഴിയുമോ? ഞാൻ ചെയ്യുന്ന ജോലി അവർ ഇഷ്ടപ്പെടുമോ? ഞാനൊരു വിഡ്ഢിയായി കാണപ്പെടുകയില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ എന്നൊക്കെ നിങ്ങൾ ചിന്തിച്ചേക്കാം. ഇവിടെ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, അല്ലാഞ്ഞാൽ നിങ്ങളുടെ ഭയം നിങ്ങളുടെ ക്രിയാത്മക വീക്ഷണത്തെ കാർന്നു തിന്നും.
നിങ്ങൾ ജോലി ചെയ്യുന്ന കമ്പനിയെപ്പററി കൂടുതൽ പഠിക്കുന്നതിനാൽ നിങ്ങളുടെ പൊരുത്തപ്പെടൽ വേഗത്തിലാക്കുന്നതിനും നിങ്ങളുടെ ഉൽക്കണ്ഠ അകററുന്നതിനും നിങ്ങൾക്ക് കഴിയും. ചുററും നോക്കുക, ശ്രദ്ധിക്കുക, വായിക്കുക. നിങ്ങളുടെ ജോലിയെപ്പററിയും നിങ്ങൾ അതു ചെയ്യുന്ന വിധത്തെപ്പററിയും ഉചിതമായ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ മേലന്വേഷകരോട് ചോദിക്കാൻ കഴിയും—അതു നിങ്ങൾ വിഡ്ഢികളായി കാണപ്പെടാൻ ഇടയാക്കുകയില്ല. ‘എന്റെ ജോലി എന്റെ ഡിപ്പാർട്ടുമെൻറിനോടും കമ്പനിയുടെ ആകമാന ലക്ഷ്യത്തോടും എങ്ങനെ ഒത്തുപോകുന്നു?’ എന്ന് നിങ്ങളോട് തന്നെ ചോദിക്കുക. അതിനുളള ഉത്തരങ്ങൾക്ക് നല്ല ജോലി ശീലങ്ങളും ജോലിയിലെ സംതൃപ്തിയും വികസിപ്പിച്ചെടുക്കുന്നതിന് നിങ്ങളെ സഹായിക്കാൻ കഴിയും.
സഹപ്രവർത്തകരുമായി പൊരുത്തപ്പെടുക
അന്തിമമായി എല്ലാ ജോലിയിലും മററു മനുഷ്യരുമായി ഇടപെടുന്നത് ഉൾപ്പെട്ടിരിക്കുന്നു. മററുളളവരുമായി നല്ലബന്ധങ്ങൾ നിലനിർത്താൻ പഠിച്ചിരിക്കുന്നത് ഒരു ജോലിയിൽ തുടരുന്നതിന് അത്യാവശ്യമാണ്. “കഴിയുമെങ്കിൽ നിങ്ങളാലാവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ.” (റോമർ 12:18) അങ്ങനെ ചെയ്യുന്നതിനാൽ നിങ്ങൾക്ക് ജോലി സ്ഥലത്തെ അനാവശ്യമായ കലഹങ്ങളും ഉഗ്രമായ ഏററുമുട്ടലുകളും ഒഴിവാക്കാൻ കഴിയും.
ചിലപ്പോൾ നിങ്ങളോടൊപ്പം ജോലി ചെയ്യുന്നവർക്ക് നിങ്ങളുടേതിൽ
നിന്ന് വ്യത്യസ്തമായ പശ്ചാത്തലങ്ങളും വ്യക്തിത്വങ്ങളുമാണുളളത്. എന്നാൽ ഒരുവൻ വ്യത്യസ്തനായിരിക്കുന്നതിനാൽ അയാൾ തരംതാണവനാണ് എന്ന് വിചാരിക്കരുത്. വ്യത്യസ്തനായിരിക്കാനുളള അയാളുടെ അവകാശത്തെ ആദരിക്കുക. ആദരവില്ലാതെയുളള പെരുമാററം ആരും ഇഷ്ടപ്പെടുന്നില്ല; താൻ ആരുമല്ല എന്ന തോന്നൽ അത് അയാളിൽ ഉളവാക്കും. ആളുകൾക്ക് തങ്ങളെ ഇഷ്ടമാണ്, തങ്ങളെക്കൊണ്ട് അത്യാവശ്യമുണ്ട്, തങ്ങൾ വിലപ്പെട്ടവരാണ് എന്ന് വിചാരിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. കൂട്ടുജോലിക്കാരോടും തൊഴിലുടമയോടും ആദരപൂർവ്വം ഇടപെട്ടുകൊണ്ട് അവരുടെ ആദരവ് നേടുക.അപവാദം പറച്ചിൽ ഒഴിവാക്കുക
“അത് അപകടം പിടിച്ച ഒരു കെണിയാണ്,” സാൽ പറയുന്നു. “എന്തുകൊണ്ടെന്നാൽ അപവാദം പറച്ചിൽ തൊഴിലുടമയെയും മറുളളവരെയും കുറിച്ച് നിങ്ങൾക്ക് മോശമായ ഒരു ധാരണ നൽകിയേക്കാം.” വിവരം ലഭിക്കാനുളള ഏററം നല്ല ഉറവ് ഈ അപവാദ മുന്തിരിവളളിയല്ല, അതു നിങ്ങൾക്ക് പുളിച്ച മുന്തിരിങ്ങാ ലഭിക്കുന്നതിനിടയാക്കിയേക്കാം. ഈ മുന്തിരിവളളിയിൽ വളരുന്ന കേട്ടുകേൾവികൾ സാധാരണയായി മററുളളവരുടെ—നിങ്ങളുടെ തന്നെയും—സൽപ്പേര് നശിപ്പിക്കാൻ ഇടയാക്കുന്ന അതിശയോക്തികളായിരിക്കും. അതുകൊണ്ട് അപവാദം പറയാനുളള പ്രേരണയെ അമർത്തുക.
ഒരു പരാതിക്കാരനെ ആരും ഇഷ്ടപ്പെടുന്നില്ല എന്നും കൂടെ ഓർമ്മിക്കുക. ജോലിസ്ഥലത്ത് എന്തെങ്കിലും നിങ്ങൾക്ക് ഒരു ശല്യമായി അനുഭവപ്പെടുന്നുവെങ്കിൽ അതു അപവാദ മുന്തിരിവളളിയിലൂടെ പടർത്താതിരിക്കുക. പോയി നിങ്ങളുടെ മേലന്വേഷകനോട് സംസാരിക്കുക. എന്നിരുന്നാലും കോപാവേശത്തോടെ അയാളുടെ ഓഫീസിലേക്ക് ചാടിക്കയറി ചെന്നശേഷം പിന്നീട് നിങ്ങൾ പറഞ്ഞ അവിവേകപരമായ വാക്കുകളെക്കുറിച്ച് പരിതപിക്കാനിടയാകരുത്. കൂടാതെ വ്യക്തിപരമായി ആക്രമിക്കുന്നതിന്റെ കെണിയും ഒഴിവാക്കുക. വസ്തുതകൾ മാത്രം അവതരിപ്പിക്കുക. നിങ്ങളുടെ പ്രശ്നം വിവരിക്കുമ്പോൾ കഴിയുന്നത്ര വ്യക്തമായും സത്യസന്ധമായും അതു ചെയ്യുക. ഒരുപക്ഷേ ‘എനിക്ക് അങ്ങയുടെ സഹായം ആവശ്യമുണ്ട് . . . ’ എന്നോ അല്ലെങ്കിൽ ‘ഞാൻ പറയുന്നത് ഒരുപക്ഷേ പിശകായിരിക്കാം, എന്നാൽ എനിക്കു തോന്നുന്നത് . . . ’ എന്നോ മറേറാ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് സംഭാഷണം ആരംഭിക്കാൻ കഴിയും.
സമയനിഷ്ഠ പ്രധാനമാണ്
ആളുകൾക്ക് ജോലിയിൽ തുടരാൻ കഴിയാതെപോകുന്നതിന്റെ രണ്ടു പ്രമുഖ കാരണങ്ങൾ ജോലിക്ക് വരാൻ വൈകുന്നതും വരാതിരിക്കുന്നതുമാണ്. ഒരു വലിയ വ്യാവസായിക നഗരത്തിൽ തൊഴിലാളികളെ പരിശീലിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്റെ ഡയറക്ടർ ചെറുപ്പക്കാരായ തൊഴിലാളികളെപ്പററി ഇപ്രകാരം പറഞ്ഞു: “അവർ രാവിലെ എഴുന്നേൽക്കാനും മററുളളവരിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കാനും പഠിക്കേണ്ടിയിരിക്കുന്നു. അവർ ഈ കാര്യങ്ങൾ പഠിക്കുന്നില്ലെങ്കിൽ അവരുടെ തൊഴിലില്ലായ്മ പ്രശ്നം സ്ഥിരമായി തുടരുകയേയുളളു.”
സാൽ കഠിനമായ ഒരു വിധത്തിൽ സമയനിഷ്ഠ പാലിക്കാൻ പഠിച്ചു. “എന്റെ മടികൊണ്ട് എന്റെ ആദ്യത്തെ ജോലി വെറും മൂന്നു മാസം കഴിഞ്ഞപ്പോൾ എനിക്ക് നഷ്ടമായി, അതു മററു ജോലികൾ കണ്ടെത്തുക കൂടുതൽ പ്രയാസമാക്കിത്തീർക്കുകയും ചെയ്തു” എന്ന് അയാൾ നെടുവീർപ്പിടുന്നു.
സത്യസന്ധതയുടെ മൂല്യം
തൊഴിലിന് ആളുകളെ എടുക്കുന്ന ജോൺസ് പറയുന്നു: “സത്യസന്ധത ഒരു വ്യക്തിയെ തന്റെ ജോലിയിൽ തുടരാൻ സഹായിക്കും.” സത്യസന്ധരായിരിക്കുന്നതിൽ എന്തെങ്കിലും സാധനങ്ങൾ മോഷ്ടിക്കാതിരിക്കുന്നതു മാത്രമല്ല സുദീർഘമായ ഇടവേളകൾ എടുത്തുകൊണ്ട് സമയം മോഷ്ടിക്കാതിരിക്കുന്നതും ഉൾപ്പെടുന്നു. സത്യസന്ധനായ ഒരു തൊഴിലാളിയെ തൊഴിലുടമ വിലമതിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒരു വസ്ത്രവ്യാപാരശാലയിൽ ജോലി ചെയ്തിരുന്ന, യഹോവയുടെ ഒരു യുവസാക്ഷിക്ക് സത്യസന്ധത സംബന്ധിച്ച് ഒരു നല്ല പേര് ഉണ്ടായിരുന്നു.
അയാൾ അനുസ്മരിക്കുന്നു: “ഒരു ദിവസം സ്റേറാർ റൂമിൽ ഒരു വസ്ത്രം മററു ചില വസ്ത്രങ്ങൾക്കുളളിൽ ഒളിച്ചു വച്ചിരിക്കുന്നതായി മാനേജർ കണ്ടുപിടിച്ചു. ജോലിക്കാരിൽ ആരോ ഒരാൾ സ്റേറാറിൽ നിന്ന് മോഷ്ടിക്കുന്നുണ്ടായിരുന്നു. വ്യാപാരശാല അടയ്ക്കുന്ന സമയത്ത് ഞാൻ മുകളിൽ മാനേജരുടെ മുറിയിലേക്ക് ചെന്നു. മററ് ജോലിക്കാരെയെല്ലാം അവിടെ കണ്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. പരിശോധിക്കാൻ വേണ്ടി തൊഴിലാളികളെയെല്ലാം അവിടെ പിടിച്ചു നിറുത്തിയിരിക്കുകയായിരുന്നു. പരിശോധനയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ഞാൻ മാത്രമായിരുന്നു.”
അനേകം ക്രിസ്തീയ യുവാക്കൾക്ക് അതുപോലെയുളള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അവരൊക്കെ വിലപ്പെട്ട തൊഴിലാളികളായിത്തീർന്നിട്ടുമുണ്ട്. അതുകൊണ്ട് ഒരു ജോലി കണ്ടുപിടിക്കാൻ വേണ്ടി കഠിനമായി ജോലി ചെയ്യുക, സ്ഥിരോത്സാഹം കാണിക്കുക. ഉപേക്ഷിച്ചു കളയരുത്. അത്രയും ബുദ്ധിമുട്ട് സഹിച്ചു നിങ്ങൾ അന്വേഷിച്ച ജോലി നിങ്ങൾ കണ്ടെത്തുമ്പോൾ അതു നിലനിർത്താൻ കഠിനാദ്ധ്വാനം ചെയ്യുക!
ചർച്ചക്കുളള ചോദ്യങ്ങൾ
◻ നിങ്ങളുടെ സ്കൂൾ പഠനം ഒരു തൊഴിൽ കണ്ടെത്താനുളള നിങ്ങളുടെ പ്രാപ്തിയെ ബാധിക്കുന്നതെങ്ങനെ?
◻ ജോലി അന്വേഷിക്കുമ്പോൾ സ്ഥിരോത്സാഹം കാണിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ തൊഴിൽ തേടുമ്പോൾ നിങ്ങൾ എവിടെയൊക്കെ അന്വേഷിക്കണം, ആരോടെല്ലാം ആലോചന ചോദിക്കണം?
◻ തൊഴിലിനുവേണ്ടിയുളള ഒരു ഇൻറർവ്യൂവിനെ അഭിമുഖീകരിക്കുന്നതിനുളള ചില പ്രായോഗിക നിർദ്ദേശങ്ങൾ ഏവയാണ്?
◻ പിരിച്ചു വിടപ്പെടുന്നതിൽ നിന്ന് നിങ്ങളെത്തന്നെ സംരക്ഷിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
[166-ാം പേജിലെ ആകർഷകവാക്യം]
“നന്നായി വായിക്കുകയും എഴുതുകയും സംസാരിക്കുകയും ചെയ്യാൻ പഠിക്കുന്നതിന്റെ പ്രാധാന്യം എത്ര ഊന്നിപ്പറഞ്ഞാലും അധികമാവുകയില്ല”
[170-ാം പേജിലെ ആകർഷകവാക്യം]
“‘ഒരു ജോലി കണ്ടെത്തുക എന്നതാണ് എന്റെ ജോലി’ എന്ന് ഞാൻ എന്നോട് തന്നെ പറയുമായിരുന്നു”
[168, 169 പേജുകളിലെ ചതുരം/ചിത്രം]
ജോലിക്കുവേണ്ടിയുളള ഇൻറർവ്യൂ കൈകാര്യം ചെയ്യൽ
“ജോലിക്കുവേണ്ടിയുളള ഒരു ഇൻറർവ്യൂവിന് പോകുന്നതിന് മുമ്പ് ആദ്യധാരണകൾ നിലനിൽക്കുന്ന ധാരണകളാണ് എന്ന് ഓർത്തിരിക്കുക,” എന്ന് ഒരു തൊഴിൽ ഉപദേഷ്ടാവായ ക്ലീവ്ലൻഡ് ജോൺസ് ബുദ്ധിയുപദേശിക്കുന്നു. ഇൻറർവ്യൂവിന് പോകുമ്പോൾ ജീൻസും വളളിച്ചെരിപ്പുകളും ഉപയോഗിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ശുദ്ധിയും വൃത്തിയും ഉളളവരായിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുകയും ചെയ്യുന്നു. ഒരു വ്യക്തി വസ്ത്രം ധരിക്കുന്നതുപോലെതന്നെയായിരിക്കും അയാൾ ജോലി ചെയ്യുന്നത് എന്ന നിഗമനത്തിൽ തൊഴിലുടമകൾ മിക്കപ്പോഴും എത്തിച്ചേരുന്നു.
ഒരു ഓഫീസ് ജോലിക്ക് അപേക്ഷിക്കുമ്പോൾ ഒരു ബിസിനസ്സുകാരൻ വസ്ത്രധാരണം ചെയ്യുന്നതുപോലെ വസ്ത്രം ധരിക്കുക. ഒരു ഫാക്ടറി ജോലിക്ക് അപേക്ഷിക്കുമ്പോൾ അയഞ്ഞ പാൻറ്സും വൃത്തിയുളളതും ഇസ്തിരിയിട്ടതുമായ ഷർട്ടും വൃത്തിയുളള ഷൂസും ധരിക്കുക. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ അടക്കമുളള വസ്ത്രം ധരിക്കുകയും സൗന്ദര്യ വർദ്ധക വസ്തുക്കൾ മിതമായി മാത്രം ഉപയോഗിക്കുകയും ചെയ്യുക. ഓഫീസ് ജോലിയ്ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ യാഥാസ്ഥിതിക രീതിയിലുളള വസ്ത്രത്തിന് പൂരകമായിരിക്കാൻ ഹോസ്സും [കാലുറയും] ഷൂസും ധരിക്കുക.
ഇൻറർവ്യൂവിന് പോകുമ്പോൾ ഒററയ്ക്ക് പോകുക എന്നാണ് ജോൺസിന്റെ ഉപദേശം. നിങ്ങൾ അമ്മയെയോ സുഹൃത്തുക്കളെയോ കൂട്ടിക്കൊണ്ടു ചെല്ലുന്നുവെങ്കിൽ നിങ്ങൾക്ക് വേണ്ടത്ര പക്വതയില്ല എന്ന് തൊഴിലുടമ നിഗമനം ചെയ്തേക്കാം.
‘എനിക്ക് നേരത്തെ എന്തെങ്കിലും ജോലി പരിചയമുണ്ടോ എന്ന് തൊഴിലുടമ ചോദിച്ചാൽ ഞാൻ എന്തു പറയും’ എന്ന് നിങ്ങൾ വിചാരിച്ചേക്കാം. ഇല്ലാത്തത് ഉണ്ടെന്ന് ഭാവിക്കരുത്. നിങ്ങളുടെ അതിശയോക്തികളൊക്കെ തൊഴിലുടമകൾക്ക് മനസ്സിലാകും. സത്യസന്ധരായിരിക്കുക.
നിങ്ങൾ നിങ്ങളുടെ ആദ്യത്തെ “യഥാർത്ഥ” ജോലി തേടുകയാണെങ്കിലും, നിങ്ങൾ തിരിച്ചറിയുന്നില്ലെങ്കിലും നിങ്ങൾക്ക് കുറെ പ്രവൃത്തിപരിചയമൊക്കെ ഉണ്ടായിരിക്കാം. നിങ്ങൾ വേനൽ അവധിക്കാലത്ത് എന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടോ? നിങ്ങൾ കുട്ടികളെ പരിപാലിക്കുന്ന ജോലി ചെയ്തിട്ടുണ്ടോ? നിങ്ങൾ ക്രമമായ ഒരടിസ്ഥാനത്തിൽ വീട്ടുജോലികൾ ചെയ്തിട്ടുണ്ടോ? നിങ്ങളുടെ ആരാധനാ സ്ഥലത്ത് ചില ചുമതലകൾ നിർവ്വഹിക്കാനുളള ഉത്തരവാദിത്വം നിങ്ങൾക്കുണ്ടായിരുന്നിട്ടുണ്ടോ? നിങ്ങൾക്ക് പരസ്യപ്രസംഗം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉത്തരവാദിത്വങ്ങൾ വഹിക്കാൻ കഴിയും എന്നു കാണിക്കാൻ വേണ്ടി ഇൻറർവ്യൂവിന്റെ സമയത്ത് ഇത് പറയാൻ കഴിയും. അല്ലെങ്കിൽ നിങ്ങളുടെ യോഗ്യതകളുടെ കൂട്ടത്തിൽ അതു കൂടെ എഴുതി ചേർക്കാൻ കഴിയും.
തൊഴിലുടമകളുടെ മറെറാരു പ്രധാന ആഗ്രഹം അവരുടെ കമ്പനിയിലും നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന ജോലിയിലും നിങ്ങൾക്ക് എത്രത്തോളം താല്പര്യമുണ്ട് എന്നറിയാനാണ്. നിങ്ങൾക്ക് ആ ജോലി ചെയ്യാൻ താല്പര്യമുണ്ടെന്നും അതു ചെയ്യാൻ കഴിയുമെന്നും അവരെ ബോദ്ധ്യപ്പെടുത്തണം. “എനിക്ക് അതിൽ നിന്ന് എന്തുകിട്ടും” എന്ന മനോഭാവം പെട്ടെന്നുതന്നെ നിങ്ങളിലുളള അവരുടെ താല്പര്യം അകററും.
മുഴുസമയജോലിയ്ക്കോ അംശകാല ജോലിയ്ക്കോ വേണ്ടി അപേക്ഷിക്കുന്നതും അതു നേടുന്നതും നിങ്ങൾക്ക് വിജയപൂർവ്വം നേരിടാവുന്ന ഒരു വെല്ലുവിളിയാണ്. ആ ജോലി നിങ്ങളെ മാത്രമല്ല മററുളളവരെയും കൂടി സഹായിക്കാനുളള ഒരു ഉപകരണമായി ഉപയോഗിക്കപ്പെടുമ്പോൾ ബോണസ്സായി സംതൃപ്തിയും ലഭിക്കും.
[171-ാം പേജിലെ ചതുരം]
ജോലിക്കുവേണ്ടിയുളള ഒരു ഇൻറർവ്യൂവിൽ ചെയ്യേണ്ടത്
മുതിർന്നവരേപ്പോലെ പെരുമാറുക, നല്ല ചിട്ടയോടുകൂടിയും. തൊഴിലുടമയെ ഉചിതമായ ആദരവോടെ അഭിവാദ്യം ചെയ്യുക. അദ്ദേഹത്തെ “ജായ്ക്ക്,” “സുഹൃത്ത്,” “ചങ്ങാതി,” എന്നൊന്നും വിളിക്കാതെ മിസ്ററർ—എന്ന് തന്നെ വിളിക്കുക.
പാദങ്ങൾ നിലത്തുറപ്പിച്ച് കസേരയിൽ നിവർന്നിരിക്കുക; ഉണർവ്വ് പ്രകടമാക്കുക. മുൻകൂട്ടിയുളള ആസൂത്രണം ശാന്തതയും സമനിലയും സ്വസ്ഥതയും പ്രകടമാക്കാൻ നിങ്ങളെ സഹായിക്കും.
ഒരു ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് ചിന്തിക്കുക. മര്യാദയും കൃത്യതയും സത്യസന്ധതയും തുറന്ന സമീപനവും ഉളളവരായിരിക്കുക. എല്ലാ വിവരങ്ങളും പറയുക. എന്നാൽ ആത്മപ്രശംസ നടത്തരുത്.
നിങ്ങൾ മുമ്പ് ചെയ്തിട്ടുളള ജോലികളും അതിന്റെ കാലയളവും ശമ്പളവും എന്തുതരം ജോലിയെന്നുളളതും അത് ഉപേക്ഷിച്ചതിന്റെ കാരണങ്ങളും എല്ലാം സഹിതം ഒരു മാർഗ്ഗരേഖ കൈവശമുണ്ടായിരിക്കുക.
നിങ്ങളുടെ പരിശീലനവും തൊഴിൽ പരിചയവും നിങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്ന ജോലി നന്നായി ചെയ്യാൻ നിങ്ങളെ എങ്ങനെ സഹായിക്കും എന്നു കാണിക്കാൻ സന്നദ്ധനായിരിക്കുക.
അവർക്ക് അന്വേഷണം നടത്തുന്നതിനുവേണ്ടി ആശ്രയയോഗ്യരും നിങ്ങളെപ്പററിയും നിങ്ങളുടെ ജോലിയെപ്പററിയും അറിയാവുന്നവരുമായ മൂന്നാളുകളുടെ (പേരും പൂർണ്ണമായ മേൽവിലാസവും) നൽകുക.
ആത്മവിശ്വാസവും ഉത്സാഹവും ഉളളവരായിരിക്കുക. എന്നാൽ കബളിപ്പിക്കാൻ ശ്രമിക്കരുത്. നല്ല ഭാഷ ഉപയോഗിക്കുകയും വ്യക്തമായി സംസാരിക്കുകയും ചെയ്യുക. ആവശ്യത്തിലധികം സംസാരിക്കാതിരിക്കുക.
നന്നായി ശ്രദ്ധിക്കുക; മര്യാദയും നയവും ഉളളവരായിരിക്കുക. എല്ലാററിലും ഉപരി, നിങ്ങളുടെ ഭാവി തൊഴിലുടമയുമായി തർക്കങ്ങളിൽ ഏർപ്പെടരുത്.
ആ ജോലിക്ക് നിങ്ങൾ എത്രത്തോളം യോജിക്കും എന്നതിൽ മാത്രമാണ് തെഴിലുടമയുടെ താല്പര്യം. വ്യക്തിപരമോ കുടുംബപരമോ സാമ്പത്തികമോ ആയ പ്രശ്നങ്ങൾ പരാമർശിക്കരുത്.
ആ ജോലി നിങ്ങൾക്ക് കിട്ടാനിടയില്ല എന്നു തോന്നുന്നുവെങ്കിൽ ആ കമ്പനിയിൽ ഉണ്ടാകാനിടയുളള മററ് ഒഴിവുകളെക്കുറിച്ച് തൊഴിലുടമയുടെ ഉപദേശം ആരായുക.
ഇൻറർവ്യൂവിന് ശേഷം ഉടനെതന്നെ തൊഴിലുടമയ്ക്ക് ഹ്രസ്വമായ ഒരു നന്ദി കത്ത് അയയ്ക്കുക. a
[അടിക്കുറിപ്പുകൾ]
a ഉറവിടം: ഹൗ ററു “സെൽ യുവെഴ്സൽഫ്” ററു ആൻ എംപ്ലോയർ എന്ന ന്യൂയോർക്ക് സ്റേറററ് എംപ്ലോയ്മെൻറ് സേർവീസ്സ് ഓഫീസ്സ് ലഘുപത്രിക.
[167-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ സ്കൂളിൽ വച്ച് സമ്പാദിക്കുന്ന വൈദഗ്ദ്ധ്യങ്ങൾ ഒരു കാലത്ത് നിങ്ങളുടെ ജോലിയിൽ വിലപ്പെട്ടതാണ് എന്ന് തെളിഞ്ഞേക്കാം