ഞാൻ സ്കൂൾ പഠനം ഉപേക്ഷിക്കണമോ?
അധ്യായം 17
ഞാൻ സ്കൂൾ പഠനം ഉപേക്ഷിക്കണമോ?
ജായ്ക്ക് 25 വർഷം ഒരു സ്കൂൾ അററൻഡൻസ് ഓഫീസർ ആയിരുന്നിട്ടുണ്ട്. അതുകൊണ്ട് സ്കൂളിൽ ഹാജരാകാത്ത ഒരു കുട്ടിയ്ക്ക് ജായ്ക്ക് കേട്ടിട്ടില്ലാത്ത ഒരു ഒഴികഴിവ് കണ്ടുപിടിക്കുക പ്രയാസമാണ്. “‘എനിക്ക് ഇന്ന് അസുഖമുണ്ടാകാൻ പോവുകയാണെന്ന് ഞാൻ കരുതി’ . . . ‘അലാസ്കയിലുളള എന്റെ മുത്തച്ഛൻ മരിച്ചു’ എന്നതുപോലുളള സകല കാര്യങ്ങളും കുട്ടികൾ എന്നോട് പറഞ്ഞിട്ടുണ്ട്,” എന്ന് അദ്ദേഹം പറയുന്നു. എന്നാൽ ജായ്ക്കിന് “ഏററം ഇഷ്ടപ്പെട്ട” ഒഴികഴിവ് എന്തായിരുന്നു? അതു മൂന്നുകുട്ടികൾ “മൂടൽ മഞ്ഞുകാരണം അവർക്ക് സ്കൂൾ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല” എന്ന് അവകാശപ്പെട്ടതായിരുന്നു.
സംഭ്രമിപ്പിക്കുന്നതും നിലനിൽക്കാത്തതുമായ ഈ ഒഴികഴിവുകൾ അനേകം യുവജനങ്ങൾക്ക് സ്കൂളിനോടുളള അതൃപ്തിയാണ് ചിത്രീകരിക്കുന്നത്. അതു മിക്കപ്പോഴും വെറും താല്പര്യമില്ലായ്മ (“വലിയ കുഴപ്പമൊന്നുമില്ല എന്നു ഞാൻ ഊഹിക്കുന്നു”) മുതൽ കൊടിയ ശത്രുത വരെയുണ്ട് (“സ്കൂൾ ഒരു ചീത്ത ഏർപ്പാടാണ്! ഞാനത് വെറുക്കുന്നു”). ഉദാഹരണത്തിന് ഗാരിക്ക് സ്കൂളിൽ പോകാൻ തുടങ്ങുമ്പോഴേ മനം പിരട്ടൽ ഉണ്ടാകുമായിരുന്നു. അവൻ പറയുന്നു: “ഞാൻ സ്കൂളിനടുത്തെത്തുമ്പോഴേയ്ക്കും വല്ലാതെ വിയർക്കുകയും എനിക്ക് ആശങ്ക അനുഭവപ്പെടുകയും ചെയ്യുമായിരുന്നു . . . ഞാൻ വീട്ടിലേക്ക് തിരികെ പോകേണ്ടിയും വന്നു.” അതുപോലെ അനേക യുവജനങ്ങൾക്ക്, ഡോക്ടർമാർ സ്കൂൾ ഫോബിയ എന്നു വിളിക്കുന്ന തരം ഭയം അനുഭവപ്പെടുന്നു. സ്കൂളിലെ അക്രമ പ്രവർത്തനങ്ങളും സഹപാഠികളുടെ ക്രൂരതയും ഉയർന്ന ഗ്രേഡ് വാങ്ങാനുളള സമ്മർദ്ദവുമാണ് മിക്കപ്പോഴും ഇതിനിടയാക്കുന്നത്. അത്തരം കുട്ടികൾ (മാതാപിതാക്കളുടെ ഭാഗത്തെ നിർബന്ധത്തിന് വഴങ്ങി) സ്കൂളിൽ പോയേക്കാം. എന്നാൽ അവർ നിരന്തരമായ മനഃക്ലേശവും ശാരീരികമായ ദുരിതം പോലും അനുഭവിക്കുന്നു.
പരിഭ്രമജനകമായ ഒരു സംഖ്യ യുവജനങ്ങൾ സ്കൂളിൽ പോവുകയേ വേണ്ട എന്ന് തീരുമാനിക്കുന്നത് ആശ്ചര്യമല്ല! ഐക്യനാടുകളിൽ മാത്രം പ്രൈമറിയും സെക്കണ്ടറിയും സ്കൂളുകളിലെ ഏതാണ്ട് 25 ലക്ഷം കുട്ടികൾ ഓരോ ദിവസവും സ്കൂളിൽ ഹാജരാകാതിരിക്കുന്നു! ന്യൂയോർക്ക് നഗരത്തിലെ ഹൈസ്കൂളുകളിൽ വളരെയധികം കുട്ടികൾ (ഏകദേശം മൂന്നിലൊന്ന്) “പതിവായി ഹാജരാകാതിരിക്കുന്നതുകൊണ്ട് അവരെ പഠിപ്പിക്കുന്നത് ഏതാണ്ട് അസാദ്ധ്യമാണെന്ന്” ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനം കൂട്ടിച്ചേർത്തു.
ചില യുവജനങ്ങൾ അതിലും കർശനമായ പടികൾ സ്വീകരിക്കുന്നു. “സ്കൂൾ വിരസമായിരുന്നു, വളരെ കർക്കശമായിരുന്നു”
എന്ന് വാൾട്ടർ എന്നു പേരായ ചെറുപ്പക്കാരൻ പറഞ്ഞു. അയാൾ ഹൈസ്കൂളിൽ നിന്ന് പഠനം മതിയാക്കിപ്പോന്നു. അന്റോണിയ എന്നു പേരായ പെൺകുട്ടിയും അതുതന്നെ ചെയ്തു. സ്കൂളിലെ പഠനകാര്യത്തിൽ അവൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. “ഞാൻ വായിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ ഞാൻ എങ്ങനെയാണ് പഠിക്കുന്നത്?” എന്ന് അവൾ ചോദിച്ചു. “ഞാൻ അവിടെ ഇരുന്നു കൂടുതൽ കൂടുതൽ മൂഢയാവുകയായിരുന്നു, അതുകൊണ്ട് ഞാൻ സ്ഥലം വിട്ടു.”ലോകത്തിലെല്ലാമുളള സ്കൂൾ വ്യവസ്ഥിതിയെ ഗൗരവതരമായ പ്രശ്നങ്ങൾ ബാധിച്ചിരിക്കുന്നു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാൽ അതു പഠനത്തിൽ സകല താല്പര്യവും നഷ്ടമാകുന്നതിനും സ്കൂൾ ഉപേക്ഷിച്ചു പോകുന്നതിനുമുളള കാരണമാണോ? പഠനം ഉപേക്ഷിച്ചാൽ അതിന് നിങ്ങളുടെ ഭാവി ജീവിതത്തിൻമേൽ എന്തുഫലമാണ് ഉണ്ടാവുക? സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ സ്കൂളിൽ തുടരുന്നതിന് നല്ല കാരണങ്ങളുണ്ടോ?
വിദ്യാഭ്യാസത്തിന്റെ മൂല്യം
ഹൈസ്കൂൾ പഠനത്തിന് തുല്യമായ ഒരു ഡിപ്ലോമ സമ്പാദിക്കാൻ വേണ്ടി മൈക്കിൾ വീണ്ടും പഠനം ആരംഭിച്ചു. എന്തുകൊണ്ട് എന്ന് അയാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “എനിക്ക് വിദ്യാഭ്യാസം ആവശ്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.” എന്നാൽ “വിദ്യാഭ്യാസം” എന്ന് പറഞ്ഞാൽ തന്നെ എന്താണ്? അതു കുറേയധികം വിവരങ്ങൾ ഓർത്തിരിക്കാനുളള പ്രാപ്തിയാണോ? ഇഷ്ടികകളുടെ ഒരു കൂന ഒരു കെട്ടിടം ആയിരിക്കാത്തതുപോലെ വിവരങ്ങൾ ഓർത്തിരിക്കുന്നത് വിദ്യാഭ്യാസവും ആയിരിക്കുന്നില്ല.
പ്രായപൂർത്തിയാകുമ്പോൾ വിജയകരമായ ഒരു ജീവിതം നയിക്കുന്നതിന് വിദ്യാഭ്യാസം നിങ്ങളെ ഒരുക്കണം. പതിനെട്ട് വർഷം ഒരു സ്കൂൾ ഡീൻ ആയിരുന്ന അലൻ ഓസ്ററിൻ “ചിന്തിക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാനും, ന്യായാനുസൃതവും ന്യായരഹിതവുമായ കാര്യങ്ങൾ തിരിച്ചറിയാനും, വ്യക്തമായി ചിന്തിക്കാനുളള അടിസ്ഥാന പ്രാപ്തിയും നിങ്ങളെ പഠിപ്പിക്കുന്ന” വിദ്യാഭ്യാസത്തെപ്പററി സംസാരിച്ചു. “എന്തു വിവരങ്ങളാണ് ലഭ്യമായിരിക്കുന്നതെന്നും ഒററപ്പെട്ട വിവരങ്ങൾക്ക് മൊത്തത്തിലുളളതിനോടുളള ബന്ധങ്ങളും പഠിപ്പിക്കണം. വിധിക്കാനും വിവേചിച്ചറിയാനും പഠിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കണം.”
ഇക്കാര്യത്തിൽ സ്കൂളുകൾ എങ്ങനെയുണ്ട്? നൂററാണ്ടുകൾക്ക് മുമ്പ് ശലോമോൻ സദൃശവാക്യങ്ങൾ എഴുതിയത് “അനുഭവ പരിചയമില്ലാത്തവർക്ക് വിവേകവും ചെറുപ്പക്കാരന് അറിവും ചിന്താപ്രാപ്തിയും നൽകുവാനും” ആയിരുന്നു. (സദൃശവാക്യങ്ങൾ 1:1-4) അതെ യൗവനക്കാർക്ക് അനുഭവ പരിചയമില്ല. എന്നാൽ സ്കൂളിലായിരിക്കുമ്പോൾ നിങ്ങൾക്ക് ചിന്താപ്രാപ്തി നട്ടുവളർത്താൻ കഴിയും. ഇതു വിവരങ്ങൾ ഓർമ്മയിൽ വയ്ക്കുന്നതിനുളള പ്രാപ്തി മാത്രമല്ല മറിച്ച് വിവരങ്ങൾ അപഗ്രഥിച്ച് അവയിൽ നിന്ന് സൃഷ്ടിപരമായ ആശയങ്ങൾ രൂപപ്പെടുത്താനുളള പ്രാപ്തിയും കൂടെയാണ്. സ്കൂളിലെ പഠിപ്പിക്കൽ രീതിയെ അനേകർ വിമർശിക്കാറുണ്ടെങ്കിലും സ്കൂൾ തീർച്ചയായും നിങ്ങളുടെ ചിന്താപ്രാപ്തി ഉപയോഗിക്കാൻ നിങ്ങളെ നിർബന്ധിക്കുന്നു. ക്ഷേത്രഗണിത പ്രശ്നങ്ങൾക്ക് ഉത്തരങ്ങൾ കണ്ടുപിടിക്കുന്നതോ ചരിത്രത്തിലെ കുറെ തീയതികൾ മനഃപാഠമാക്കുന്നതോ സ്കൂളിൽ പഠിക്കുന്ന സമയത്ത് അത്ര പ്രസക്തമായി നിങ്ങൾക്ക് തോന്നുകയില്ലായിരിക്കാം എന്നതു സത്യംതന്നെ. ഹൈസ്കൂൾ സർവൈവൽ ഗൈഡ് എന്ന ഇംഗ്ലീഷ് പുസ്തകത്തിൽ ബാർബര മേയർ എഴുതിയ പ്രകാരം: “അദ്ധ്യാപകർ പരീക്ഷക്ക് ചോദിക്കാനിഷ്ടപ്പെടുന്ന എല്ലാ വിവരങ്ങളും എല്ലാവരും ഓർത്തിരിക്കാൻ പോകുന്നില്ല, എന്നാൽ എങ്ങനെ പഠിക്കണം, എങ്ങനെ ആസൂത്രണം ചെയ്യണം എന്നിങ്ങനെയുളള വൈദഗ്ദ്ധ്യങ്ങൾ ഒരിക്കലും മറന്നുപോകയില്ല.”
വിദ്യാഭ്യാസത്തിന്റെ ദീർഘകാല ഫലങ്ങളെക്കുറിച്ച് പഠനം നടത്തിയ മൂന്ന് യൂണിവേഴ്സിററി പ്രൊഫസർമാരും അതുപോലൊരു
നിഗമനത്തിലെത്തി. “മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയവർക്ക് പുസ്തകങ്ങളിലെ വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ വിശാലവും ആഴമേറിയതുമായ അറിവുണ്ടെന്നുമാത്രമല്ല അവർക്ക് ഇന്നത്തെ ലോകത്തെപ്പററിയും അറിയാം. അവർ കൂടുതൽ അറിവ് തേടിപ്പിടിക്കാനും വിവര ഉറവിടങ്ങളുമായി ബന്ധപ്പെടാനും കൂടുതൽ സാദ്ധ്യതയുണ്ട്. . . . പ്രായമേറെയായാലും സ്കൂൾ വിട്ടിട്ട് അനേക വർഷങ്ങളായാലും ഈ വ്യത്യാസങ്ങൾ നിലനിൽക്കുന്നു.”—വിദ്യാഭ്യാസത്തിന്റെ നിലനിൽക്കുന്ന പ്രയോജനങ്ങൾ [ഇംഗ്ലീഷ്].ഏററം പ്രധാനമായി, വിദ്യാഭ്യാസം നിങ്ങളുടെ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ നിങ്ങളെ സജ്ജരാക്കുന്നു. നിങ്ങൾ നല്ല പഠന ശീലങ്ങൾ വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ, നന്നായി വായിക്കാൻ പഠിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ദൈവത്തിന്റെ വചനം പഠിക്കാൻ കഴിയും. (സങ്കീർത്തനം 1:2) സ്കൂളിൽ വച്ച് നന്നായി സംസാരിക്കാൻ പഠിച്ചിട്ടുളളതിനാൽ നിങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ മററുളളവരെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കാൻ കഴിയും. അതുപോലെ ചരിത്രം, ശാസ്ത്രവിഷയങ്ങൾ, ഭൂമിശാസ്ത്രം, കണക്ക് എന്നിവ സംബന്ധിച്ച അറിവും വിവിധ പശ്ചാത്തലത്തിൽ നിന്നുളളവരും വിവിധ താല്പര്യക്കാരും വിശ്വാസക്കാരുമായ ആളുകളുമായി ബന്ധപ്പെടുന്നതിന് നിങ്ങൾക്ക് സഹായകമായിരിക്കും.
സ്കളും തൊഴിലും
സ്കൂൾ വിദ്യാഭ്യാസം ഭാവിയിൽ നിങ്ങൾക്ക് ഒരു തൊഴിൽ ലഭിക്കാനുളള സാദ്ധ്യതയെയും ബാധിക്കുന്നു. എങ്ങനെ?
ഒരു വിദഗ്ദ്ധനായ വേലക്കാരനെ സംബന്ധിച്ച് ജ്ഞാനിയായ ശലോമോൻ രാജാവ് പറഞ്ഞു: “രാജാക്കൻമാരുടെ മുമ്പാകെയായിരിക്കും അയാൾ നിൽക്കുക; താഴേക്കിടയിലുളളവരുടെ മുമ്പാകെ അവൻ നിൽക്കുകയില്ല.” (സദൃശവാക്യങ്ങൾ 22:29) അതു ഇന്നും സത്യമാണ്. “വൈദഗ്ദ്ധ്യമില്ലാഞ്ഞാൽ ജീവിതത്തിൽ വളരെയധികം കാര്യങ്ങൾ നിങ്ങൾക്ക് നഷ്ടമാകും,” യു. എസ്സ്. തൊഴിൽ ഡിപ്പാർട്ടുമെൻറിലെ ഏണസ്ററ് ഗ്രീൻ പറഞ്ഞു.
അതുകൊണ്ട് സ്കൂൾ ഉപേക്ഷിച്ചു പോകുന്നവർക്ക് തൊഴിൽ ലഭിക്കാനുളള സാദ്ധ്യത കുറഞ്ഞിരിക്കുന്നത് നമുക്ക് മനസ്സിലാക്കാവുന്നതേയുളളു. (നേരത്തെ ഉദ്ധരിച്ച) വാൾട്ടർ ഒരു കഠിനമായ വിധത്തിൽ ഇതു മനസ്സിലാക്കി. “ഞാൻ വളരെയധികം പ്രാവശ്യം ഒരു ജോലിക്ക് അപേക്ഷിച്ചുവെങ്കിലും ഒരു ഡിപ്ലോമ ഇല്ലാതിരുന്നതിനാൽ എനിക്ക് ജോലികിട്ടിയില്ല.” അയാൾ ഇങ്ങനെയും കൂടെ സമ്മതിച്ചു പറഞ്ഞു: “ചിലപ്പോൾ ആളുകൾ എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത വാക്കുകൾ ഉപയോഗിക്കുകയും ഞാൻ ഒരു വിഡ്ഢിയാണെന്ന തോന്നൽ എനിക്കുണ്ടാവുകയും ചെയ്യുന്നു.”
ഹൈസ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചുപോയ 16 മുതൽ 24 വരെ പ്രായമുളളവരുടെ ഇടയിൽ തൊഴിലില്ലായ്മ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരുടെ ഇടയിലേതിനേക്കാൾ “ഏതാണ്ട് ഇരട്ടിയും ആകമാനമായ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നിരട്ടിയും ആണ്.” (ദി ന്യൂയോർക്ക് ടൈംസ്) “വിദ്യാഭ്യാസം തുടരാത്തവർ അവസരത്തിന്റെ വാതിൽ അടച്ചുകളയുകയാണ്” എന്ന് ദി അഡൊലെസൻറ് എന്ന തന്റെ [ഇംഗ്ലീഷ്] പുസ്തകത്തിൽ എഴുത്തുകാരനായ എഫ്. ഫിലിപ്പ് റൈസ് പറഞ്ഞിരിക്കുന്നു. സ്കൂൾ ഉപേക്ഷിച്ചുപോയ ഒരാൾ സാദ്ധ്യതയനുസരിച്ച് ഏററം ലളിതമായ ജോലി ചെയ്യുന്നതിനാവശ്യമായ അടിസ്ഥാന വൈദഗ്ദ്ധ്യങ്ങൾ പോലും വശമാക്കിയിട്ടില്ല.
ദി ലിറററസി ഹോക്സ് എന്ന [ഇംഗ്ലീഷ്] പുസ്തകത്തിൽ പോൾ കോപ്പർമാൻ എഴുതുന്നു: “ഒരു പാചകക്കാരനായി ജോലി ചെയ്യുന്നതിന് ഒരു ഏഴാം ക്ലാസ്സുകാരന്റെ വായനാപ്രാപ്തിയും ഒരു യന്ത്രപ്പണിക്കാരന്റെ ജോലി ചെയ്യുന്നതിന് എട്ടാം ക്ലാസ്സുകാരന്റെ വായനാപ്രാപ്തിയും ഒരു കടയിൽ ക്ലാർക്കായി ജോലി ചെയ്യുന്നതിന് ഒരു ഒൻപതാം ക്ലാസ്സുകാരന്റെയോ പത്താം ക്ലാസ്സുകാരന്റെയോ വായനാപ്രാപ്തിയും ആവശ്യമാണെന്ന് ഈ അടുത്ത കാലത്തെ ഒരു പഠനം സൂചിപ്പിക്കുന്നു.” അദ്ദേഹം ഇപ്രകാരം തുടരുന്നു: “ഒരു അദ്ധ്യാപകനോ നേഴ്സോ കണക്കു സൂക്ഷിപ്പുകാരനോ അല്ലെങ്കിൽ എൻജിനീയറോ ആയി ജോലി ചെയ്യുന്നതിന് അതിലും ഉയർന്ന ഒരു നിലവാരം ആവശ്യമാണ് എന്ന് നിഗമനം ചെയ്യുന്നത് തികച്ചും ന്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നു.”
അപ്പോൾ വായനപോലുളള അടിസ്ഥാന വൈദഗ്ദ്ധ്യങ്ങൾ സമ്പാദിക്കാൻ നല്ല ശ്രമം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രത്യക്ഷത്തിൽ തന്നെ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നു. എന്നാൽ സ്കൂളിൽ പഠിക്കുന്നതിൽനിന്ന് ലഭിക്കുന്ന മറെറാരു ആജീവനാന്ത പ്രയോജനമെന്താണ്?
ഒരു മെച്ചപ്പെട്ട വ്യക്തിത്വം
ആ ആജീവനാന്ത പ്രയോജനം നിങ്ങൾക്ക് നിങ്ങളുടെ ബലവത്തായ വശങ്ങളും ബലഹീന വശങ്ങളും അറിയാം എന്നതാണ്. ഈ അടുത്ത കാലത്ത് കമ്പ്യൂട്ടർ രംഗത്ത് ജോലി സ്വീകരിച്ച മിച്ചെൽ ഇപ്രകാരം നിരീക്ഷിച്ചു: “സ്കൂളിലായിരുന്നപ്പോൾ സമ്മർദ്ദത്തിൻ കീഴിൽ എങ്ങനെ ജോലി ചെയ്യാമെന്നും ഒരു പരീക്ഷ എങ്ങനെ എഴുതണമെന്നും എന്റെ ആശയങ്ങൾ എങ്ങനെ പ്രകടിപ്പിക്കണമെന്നും ഞാൻ പഠിച്ചു.”
‘പരാജയങ്ങളെ എങ്ങനെ വീക്ഷിക്കണമെന്ന് സ്കൂൾ ജീവിതം എന്നെ പഠിപ്പിച്ചു’ എന്ന് മറെറാരു യുവതി പറയുന്നു. തന്റെ പരാജയങ്ങൾക്ക് കാരണം താനല്ല മററുളളവരാണ് എന്ന വീക്ഷണം വച്ചുപുലർത്താനൊരു ചായ്വ് അവൾക്കുണ്ടായിരുന്നു. മററു ചിലർ സ്കൂളിലെ ചിട്ടപ്പടിയുളള ദിനചര്യയിൽ നിന്ന് പ്രയോജനം അനുഭവിച്ചിരിക്കുന്നു. യുവ മനസ്സുകളെ അതു ശ്വാസം മുട്ടിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അനേകർ സ്കൂളിലെ ശിക്ഷണത്തെ വിമർശിക്കുന്നു. എന്നാൽ “ജ്ഞാനവും ശിക്ഷണവും പ്രാപിപ്പാൻ” ശലോമോൻ യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു. (സദൃശവാക്യങ്ങൾ 1:2) നല്ല ശിക്ഷണം നിലവിലുളള സ്കൂളുകൾ വാസ്തവത്തിൽ ധാരാളം, നല്ല ശിക്ഷണം ലഭിച്ചതും എന്നാൽ സൃഷ്ടിപരവുമായ മനസ്സുകളെ വാർത്തെടുത്തിരിക്കുന്നു.
അതുകൊണ്ട് നിങ്ങളുടെ സ്കൂൾ ജീവിതത്തിൽനിന്ന് പരമാവധി പ്രയോജനം നേടുന്നത് ബുദ്ധിപൂർവ്വകമായ ഒരു സംഗതിയായിരിക്കും. നിങ്ങൾക്ക് അതെങ്ങനെ ചെയ്യാൻ കഴിയും? സ്കൂളിലെ പഠനം സംബന്ധിച്ചുതന്നെ നമുക്ക് ആദ്യം ചിന്തിക്കാം.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ അനേകം യുവജനങ്ങൾക്ക് സ്കൂളിനെ സംബന്ധിച്ച് ഒരു നിഷേധാത്മക വീക്ഷണമുളളതെന്തുകൊണ്ടാണ്? ആ സംഗതി സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു?
◻ ചിന്താപ്രാപ്തി വികസിപ്പിക്കാൻ സ്കൂൾ എങ്ങനെയാണ് ഒരു വ്യക്തിയെ സഹായിക്കുന്നത്?
◻ സ്കൂൾ പഠനം ഉപേക്ഷിക്കുന്നത് ഭാവിയിൽ ഒരു ജോലി കിട്ടാനുളള നിങ്ങളുടെ പ്രാപ്തിയെ എങ്ങനെ ബാധിച്ചേക്കാം, എന്തുകൊണ്ട്?
◻ സ്കൂൾ പഠനം തുടരുന്നതുകൊണ്ട് വ്യക്തിപരമായി മറെറന്തു പ്രയോജനങ്ങൾ ലഭിക്കുന്നു?
[135-ാം പേജിലെ ആകർഷകവാക്യം]
“ഞാൻ അവിടെ ഇരുന്ന് കൂടുതൽ കൂടുതൽ മൂഢയാവുകയായിരുന്നു, അതുകൊണ്ട് ഞാൻ സ്ഥലം വിട്ടു”
[138-ാം പേജിലെ ആകർഷകവാക്യം]
“ഒരു പാചകക്കാരനായി ജോലി ചെയ്യുന്നതിന് ഒരു ഏഴാം ക്ലാസ്സുകാരന്റെ വായനാപ്രാപ്തിയും ഒരു യന്ത്രപ്പണിക്കാരനായി ജോലി ചെയ്യുന്നതിന് ഒരു എട്ടാം ക്ലാസ്സുകാരന്റെ വായനാപ്രാപ്തിയും ഒരു കടയിൽ ക്ലാർക്കായി ജോലിചെയ്യുന്നതിന് ഒരു ഒൻപതാം ക്ലാസ്സുകാരന്റെയോ പത്താം ക്ലാസ്സുകാരന്റെയോ വായനാപ്രാപ്തിയും ആവശ്യമാണെന്ന് ഈ അടുത്തകാലത്തെ ഒരു പഠനം സൂചിപ്പിക്കുന്നു”
[136-ാം പേജിലെ ചിത്രങ്ങൾ]
സ്കൂളിൽ നിങ്ങൾക്ക് ലഭിക്കുന്ന ശിക്ഷണത്തിന് നിങ്ങളുടെ ശിഷ്ട ജീവിതകാലത്തെല്ലാം നിങ്ങൾക്ക് പ്രയോജനം ചെയ്യാൻ കഴിയും
[137-ാം പേജിലെ ചിത്രം]
സ്കൂളിൽ പഠിപ്പിക്കപ്പെടുന്ന അടിസ്ഥാന വൈദഗ്ദ്ധ്യങ്ങൾ വശമാക്കാത്തവർക്ക് ഒരു തൊഴിൽ ലഭിക്കാനുളള സാദ്ധ്യത വിരളമാ യിരിക്കും