വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പറുദീസ പുനഃസ്ഥാപിക്കപ്പെടുന്നു!

പറുദീസ പുനഃസ്ഥാപിക്കപ്പെടുന്നു!

അധ്യായം ഇരുപ​ത്തെട്ട്‌

പറുദീസ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു!

യെശയ്യാവു 35:1-10

1. പറുദീ​സാ ജീവി​ത​ത്തി​ന്റെ പ്രത്യാശ മിക്ക മതങ്ങളും വെച്ചു​പു​ലർത്തു​ന്നത്‌ എന്തു​കൊണ്ട്‌?

 “പറുദീ​സ​യിൽ ജീവി​ക്കാ​നുള്ള മനുഷ്യ​ന്റെ ആഗ്രഹം വളരെ തീവ്ര​വും പ്രബല​വും സ്ഥായി​യു​മാ​ണെന്നു തോന്നു​ന്നു. ദൈവ​വി​ശ്വാ​സ​മുള്ള മിക്കവർക്കും ഇങ്ങനെ​യൊ​രു ആഗ്രഹം ഉള്ളതായി കാണാം” എന്ന്‌ ദി എൻ​സൈ​ക്ലോ​പീ​ഡിയ ഓഫ്‌ റിലിജൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇതു തികച്ചും സ്വാഭാ​വി​ക​മാണ്‌. കാരണം, രോഗ​മോ മരണമോ ഇല്ലാത്ത മനോ​ഹ​ര​മായ ഒരു ഉദ്യാ​ന​ഭ​വ​ന​മായ പറുദീ​സ​യി​ലാ​ണു മനുഷ്യ ജീവി​ത​ത്തി​ന്റെ തുടക്ക​മെന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 2:8-15) ആ സ്ഥിതിക്ക്‌, ലോക​ത്തി​ലെ മിക്ക മതങ്ങളും ഒരു പറുദീ​സാ ജീവി​ത​ത്തി​ന്റെ പ്രത്യാശ വെച്ചു​പു​ലർത്തു​ന്നത്‌ ആശ്ചര്യ​ക​രമല്ല.

2. ഭാവി പറുദീ​സയെ കുറി​ച്ചുള്ള യഥാർഥ പ്രത്യാശ നമുക്ക്‌ എവിടെ കണ്ടെത്താ​നാ​കും?

2 ബൈബിളിന്റെ പല ഭാഗങ്ങ​ളി​ലും, ഒരു ഭാവി പറുദീ​സയെ കുറി​ച്ചുള്ള യഥാർഥ പ്രത്യാശ നമുക്കു കാണാം. (യെശയ്യാ​വു 51:3) ഉദാഹ​ര​ണ​ത്തിന്‌, യെശയ്യാ​വു 35-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവച​ന​ത്തി​ന്റെ ഒരു ഭാഗം മരു​പ്ര​ദേ​ശങ്ങൾ ഉദ്യാ​ന​ങ്ങ​ളും ഫലഭൂ​യി​ഷ്‌ഠ​മായ വയലു​ക​ളും ആയി മാറു​ന്ന​തി​നെ കുറിച്ച്‌ പറയുന്നു. ആ വാഗ്‌ദത്ത പറുദീ​സ​യിൽ അന്ധർ കാണും, ഊമർ സംസാ​രി​ക്കും, ബധിരർ കേൾക്കും. അവിടെ വിലാ​പ​മോ ദുഃഖ​മോ ഉണ്ടായി​രി​ക്കു​ക​യില്ല. അതിനർഥം മരണം പോലും ഉണ്ടായി​രി​ക്കു​ക​യില്ല എന്നാണ്‌. എത്ര അത്ഭുത​ക​ര​മായ വാഗ്‌ദാ​നം! ആ പ്രവച​ന​ത്തി​ലെ വാക്കുകൾ നാം എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌? അവ ഇക്കാലത്തു നമുക്കു പ്രത്യാശ വെച്ചു​നീ​ട്ടു​ന്നു​വോ? യെശയ്യാ​വു 35-ാം അധ്യായം പരിചി​ന്തി​ക്കു​ന്നത്‌ ആ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ നമ്മെ സഹായി​ക്കും

ഒരു ശൂന്യ​ദേശം ആനന്ദി​ക്കു​ന്നു

3. യെശയ്യാ​വി​ന്റെ പ്രവച​ന​മ​നു​സ​രിച്ച്‌, ദേശത്തിന്‌ എന്തു പരിവർത്തനം സംഭവി​ക്കും?

3 പുനഃസ്ഥാപിത പറുദീ​സയെ കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ നിശ്വസ്‌ത പ്രവചനം പിൻവ​രുന്ന വാക്കു​ക​ളോ​ടെ തുടങ്ങു​ന്നു: “മരുഭൂ​മി​യും വരണ്ട നിലവും ആനന്ദി​ക്കും; നിർജ്ജ​ന​പ്ര​ദേശം ഉല്ലസിച്ചു പനിനീർപു​ഷ്‌പം പോലെ പൂക്കും. അതു മനോ​ഹ​ര​മാ​യി പൂത്തു ഉല്ലാസ​ത്തോ​ടും ഘോഷ​ത്തോ​ടും കൂടെ ഉല്ലസി​ക്കും; ലെബാ​നോ​ന്റെ മഹത്വ​വും കർമ്മേ​ലി​ന്റെ​യും ശാരോ​ന്റെ​യും ശോഭ​യും അതിന്നു കൊടു​ക്ക​പ്പെ​ടും; അവർ യഹോ​വ​യു​ടെ മഹത്വ​വും നമ്മുടെ ദൈവ​ത്തി​ന്റെ തേജസ്സും കാണും.”—യെശയ്യാ​വു 35:1, 2.

4. യഹൂദ​ന്മാ​രു​ടെ ദേശം ഒരു മരുഭൂ​മി പോലെ ആയിത്തീ​രു​ന്നത്‌ എപ്പോൾ, എങ്ങനെ?

4 പൊ.യു.മു. 732-ലാണ്‌ യെശയ്യാവ്‌ ഈ വാക്കുകൾ എഴുതു​ന്നത്‌. ഏകദേശം 125 വർഷം കഴിഞ്ഞ്‌ ബാബി​ലോ​ണി​യർ യെരൂ​ശ​ലേ​മി​നെ നശിപ്പി​ക്കു​ക​യും യഹൂദ​യി​ലെ ജനങ്ങളെ പ്രവാ​സി​ക​ളാ​യി കൊണ്ടു​പോ​കു​ക​യും ചെയ്യുന്നു. അവരുടെ മാതൃ​ദേശം ആൾപ്പാർപ്പി​ല്ലാ​തെ ശൂന്യ​മാ​യി കിടക്കു​ന്നു. (2 രാജാ​ക്ക​ന്മാർ 25:8-11, 21-26) ഇസ്രാ​യേൽ ജനത അവിശ്വ​സ്‌തർ ആയിത്തീർന്നാൽ അവർക്കു പ്രവാ​സ​ത്തി​ലേക്കു പോ​കേ​ണ്ടി​വ​രു​മെന്ന യഹോ​വ​യു​ടെ മുന്നറി​യി​പ്പിന്‌ അങ്ങനെ നിവൃ​ത്തി​യു​ണ്ടാ​കു​ന്നു. (ആവർത്ത​ന​പു​സ്‌തകം 28:15, 36, 37; 1 രാജാ​ക്ക​ന്മാർ 9:6-8) എബ്രായ ജനത അന്യ​ദേ​ശത്ത്‌ പ്രവാ​സി​കൾ ആയിരി​ക്കുന്ന 70 വർഷ​ത്തോ​ളം, മുമ്പ്‌ ജലസേ​ചനം ചെയ്‌തി​രുന്ന അവരുടെ വയലു​ക​ളും വൃക്ഷ​ത്തോ​പ്പു​ക​ളും പരിപാ​ലി​ക്കാൻ ആരുമി​ല്ലാ​തെ മരുഭൂ​മി​പോ​ലെ ആയിത്തീ​രു​ന്നു.—യെശയ്യാ​വു 64:10; യിരെ​മ്യാ​വു 4:23-27; 9:10-12.

5. (എ) പറുദീ​സാ​തു​ല്യ അവസ്ഥകൾ യഹൂദാ​ദേ​ശത്തു പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ? (ബി) ഏത്‌ അർഥത്തി​ലാണ്‌ ആളുകൾ ‘യഹോ​വ​യു​ടെ മഹത്വം’ കാണു​ന്നത്‌?

5 എന്നിരുന്നാലും, ആ ദേശം എന്നേക്കും ശൂന്യ​മാ​യി കിടക്കു​ക​യി​ല്ലെന്ന്‌ യെശയ്യാ പ്രവചനം മുൻകൂ​ട്ടി പറയുന്നു. അത്‌ ഒരു യഥാർഥ പറുദീ​സ​യാ​യി പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടും. “ലെബാ​നോ​ന്റെ മഹത്വ​വും കർമ്മേ​ലി​ന്റെ​യും ശാരോ​ന്റെ​യും ശോഭ​യും” അതിനു ലഭിക്കും. a എങ്ങനെ? പ്രവാ​സ​ത്തിൽനി​ന്നു മടങ്ങി​വ​രുന്ന യഹൂദ​ന്മാർ വയലു​ക​ളിൽ വീണ്ടും കൃഷി​യും ജലസേ​ച​ന​വും ചെയ്യു​ന്ന​തി​ന്റെ ഫലമായി ദേശം മുമ്പത്തെ പോ​ലെ​തന്നെ ഫലസമൃ​ദ്ധ​മാ​യി​ത്തീ​രു​ന്നു. എന്നാൽ അതിന്റെ മഹത്ത്വം യഹോ​വ​യ്‌ക്കു മാത്ര​മു​ള്ള​താണ്‌. കാരണം, അവന്റെ അനു​ഗ്ര​ഹ​വും പിന്തു​ണ​യും ഉള്ളതു​കൊ​ണ്ടാണ്‌ യഹൂദ​ന്മാർക്ക്‌ പറുദീ​സാ​തു​ല്യ​മായ അത്തരം അവസ്ഥകൾ ആസ്വദി​ക്കാൻ കഴിയു​ന്നത്‌. തങ്ങളുടെ ദേശത്തി​ന്റെ അത്ഭുത​ക​ര​മായ പരിവർത്ത​ന​ത്തി​നു പിന്നിൽ യഹോ​വ​യാ​ണെന്ന്‌ ആളുകൾ മനസ്സി​ലാ​ക്കു​മ്പോൾ, “യഹോ​വ​യു​ടെ മഹത്വ​വും [അവരുടെ] ദൈവ​ത്തി​ന്റെ തേജസ്സും” അവർക്കു കാണാൻ സാധി​ക്കു​ന്നു.

6. യെശയ്യാ​വി​ന്റെ വാക്കു​കൾക്ക്‌ വേറെ എന്തു നിവൃത്തി ഉണ്ടാകു​ന്നു?

6 എന്നിരുന്നാലും, പുനഃ​സ്ഥാ​പിത ഇസ്രാ​യേൽ ദേശത്ത്‌ യെശയ്യാ​വി​ന്റെ വാക്കു​കൾക്ക്‌ അതി​നെ​ക്കാൾ വലിയ നിവൃ​ത്തി​യുണ്ട്‌. ആത്മീയ​മാ​യി പറഞ്ഞാൽ, ഇസ്രാ​യേ​ല്യർ വർഷങ്ങ​ളോ​ളം വരണ്ടതും മരുഭൂ​മി​ക്കു തുല്യ​വു​മായ ഒരു അവസ്ഥയിൽ ആയിരു​ന്നു. ആ പ്രവാ​സി​കൾ ബാബി​ലോ​ണിൽ ആയിരു​ന്ന​പ്പോൾ, നിർമ​ലാ​രാ​ധ​ന​യു​ടെ​മേൽ കനത്ത നിയ​ന്ത്ര​ണങ്ങൾ ഉണ്ടായി​രു​ന്നു. അവിടെ അവർക്ക്‌ ഒരു ആലയമോ യാഗപീ​ഠ​മോ സംഘടിത പൗരോ​ഹി​ത്യ​മോ ഉണ്ടായി​രു​ന്നില്ല, ദൈനം​ദിന യാഗങ്ങൾ അർപ്പി​ക്കുക അസാധ്യ​മാ​യി​രു​ന്നു. എന്നാൽ ആ അവസ്ഥയ്‌ക്കു മാറ്റം വരു​മെന്ന്‌ യെശയ്യാവ്‌ പ്രവചി​ക്കു​ന്നു. സെരു​ബ്ബാ​ബേൽ, എസ്രാ, നെഹെ​മ്യാവ്‌ തുടങ്ങി​യ​വ​രു​ടെ നേതൃ​ത്വ​ത്തിൻ കീഴിൽ 12 ഇസ്രാ​യേൽ ഗോ​ത്ര​ങ്ങ​ളു​ടെ​യും പ്രതി​നി​ധി​കൾ യെരൂ​ശ​ലേ​മി​ലേക്കു മടങ്ങി ആലയം പുനർനിർമി​ക്കു​ക​യും യഹോ​വയെ സ്വാത​ന്ത്ര്യ​ത്തോ​ടെ ആരാധി​ക്കു​ക​യും ചെയ്യുന്നു. (എസ്രാ 2:1, 2) ഇപ്പോൾ തീർച്ച​യാ​യും അവർ ഒരു ആത്മീയ പറുദീ​സ​യി​ലാണ്‌!

ആത്മാവിൽ ജ്വലി​ക്കു​ക

7, 8. യഹൂദ പ്രവാ​സി​കൾക്കു ക്രിയാ​ത്മക മനോ​ഭാ​വം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, യെശയ്യാ​വി​ന്റെ വാക്കുകൾ അവർക്കു പ്രോ​ത്സാ​ഹനം നൽകു​ന്നത്‌ എങ്ങനെ?

7 യെശയ്യാവു 35-ാം അധ്യാ​യ​ത്തി​ലെ വാക്കു​ക​ളിൽ ഒരു സന്തോ​ഷ​ധ്വ​നി കാണാം. അനുത​പി​ക്കു​ന്ന​വർക്കു ലഭിക്കുന്ന ഒരു ശോഭന ഭാവിയെ കുറി​ച്ചാണ്‌ പ്രവാ​ചകൻ ഇവിടെ പറയു​ന്നത്‌. ഉറച്ച ബോധ്യ​ത്തോ​ടും ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടും കൂടെ​യാണ്‌ അവൻ സംസാ​രി​ക്കു​ന്നത്‌. രണ്ടു നൂറ്റാ​ണ്ടു​കൾക്കു ശേഷം, പുനഃ​സ്ഥി​തീ​ക​രണം അടുത്തി​രി​ക്കുന്ന സമയത്ത്‌, പ്രവാ​സി​ക​ളായ യഹൂദ​ന്മാർക്ക്‌ അതേ ബോധ്യ​വും ശുഭാ​പ്‌തി​വി​ശ്വാ​സ​വും ആവശ്യ​മാ​യി​വ​രു​ന്നു. യെശയ്യാ പ്രവാ​ചകൻ മുഖാ​ന്തരം യഹോവ പ്രാവ​ച​നി​ക​മാ​യി അവരെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “തളർന്ന കൈകളെ ബലപ്പെ​ടു​ത്തു​വിൻ; കുഴഞ്ഞ മുഴങ്കാ​ലു​കളെ ഉറപ്പി​പ്പിൻ. മനോ​ഭീ​തി​യു​ള്ള​വ​രോ​ടു: ധൈര്യ​പ്പെ​ടു​വിൻ, ഭയപ്പെ​ടേണ്ടാ; ഇതാ, നിങ്ങളു​ടെ ദൈവം! പ്രതി​കാ​ര​വും ദൈവ​ത്തി​ന്റെ പ്രതി​ഫ​ല​വും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.”—യെശയ്യാ​വു 35:3, 4.

8 ദീർഘമായ പ്രവാസം അവസാ​നി​ക്കു​മ്പോൾ, അതു പ്രവർത്ത​ന​ത്തി​നുള്ള ഒരു സമയമാണ്‌. ബാബി​ലോ​ണി​നോ​ടു പ്രതി​കാ​രം ചെയ്യാൻ യഹോവ ഉപയോ​ഗി​ക്കുന്ന ഉപകര​ണ​മായ പേർഷ്യൻ രാജാ​വായ സൈറസ്‌ (കോ​രെശ്‌), യെരൂ​ശ​ലേ​മിൽ യഹോ​വ​യു​ടെ ആരാധന പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നു കൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌. (2 ദിനവൃ​ത്താ​ന്തം 36:22, 23) ബാബി​ലോ​ണിൽനിന്ന്‌ യെരൂ​ശ​ലേ​മി​ലേ​ക്കുള്ള ദുഷ്‌ക​ര​മായ യാത്ര​യ്‌ക്ക്‌ ആയിര​ക്ക​ണ​ക്കിന്‌ എബ്രായ കുടും​ബങ്ങൾ സംഘടി​ത​രാ​കേ​ണ്ട​തുണ്ട്‌. അവർ അവിടെ എത്തിയ​ശേഷം വീടുകൾ പണിയു​ക​യും ആലയത്തി​ന്റെ​യും നഗരത്തി​ന്റെ​യും ബൃഹത്തായ നിർമാണ വേലയ്‌ക്കു വേണ്ട ഒരുക്കങ്ങൾ നടത്തു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. ബാബി​ലോ​ണി​ലുള്ള ചില യഹൂദ​ന്മാർക്ക്‌ ഇതെല്ലാം ഭാരിച്ച സംഗതി​ക​ളാ​യി തോന്നി​യേ​ക്കാം. എന്നിരു​ന്നാ​ലും, തളർന്നി​രി​ക്കാ​നോ ഭയപ്പെ​ടാ​നോ ഉള്ള സമയമല്ല ഇത്‌. യഹൂദ​ന്മാർ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും യഹോ​വ​യി​ലുള്ള വിശ്വാ​സം കെട്ടു​പണി ചെയ്യു​ക​യും വേണം. അവർ സുരക്ഷി​ത​രാ​യി​രി​ക്കു​മെന്ന്‌ യഹോവ ഉറപ്പു കൊടു​ക്കു​ന്നു.

9. മടങ്ങി​വ​രുന്ന യഹൂദ​ന്മാ​രെ എന്തു മഹത്തായ ഭാവി​യാ​ണു കാത്തി​രി​ക്കു​ന്നത്‌?

9 ബാബിലോണിയൻ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടു​ന്ന​വർക്ക്‌ സന്തോ​ഷി​ക്കു​ന്ന​തി​നു നല്ല കാരണ​മുണ്ട്‌. എന്തെന്നാൽ, യെരൂ​ശ​ലേ​മി​ലേക്കു മടങ്ങി​വ​രുന്ന അവരെ കാത്തി​രി​ക്കു​ന്നത്‌ മഹത്തായ ഒരു ഭാവി​യാണ്‌. യെശയ്യാവ്‌ മുൻകൂ​ട്ടി പറയുന്നു: “അന്നു കുരു​ട​ന്മാ​രു​ടെ കണ്ണു തുറന്നു​വ​രും; ചെകി​ട​ന്മാ​രു​ടെ ചെവി അടഞ്ഞി​രി​ക്ക​യു​മില്ല. അന്നു മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷി​ക്കും.”—യെശയ്യാ​വു 35:5, 6എ.

10, 11. യെശയ്യാ​വി​ന്റെ വാക്കു​കൾക്ക്‌ മടങ്ങി​വ​രുന്ന യഹൂദ​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം ആത്മീയ അർഥമാ​ണു​ള്ള​തെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

10 ഈ വാക്യ​ത്തിൽ, യഹോവ വ്യക്തമാ​യും തന്റെ ജനത്തിന്റെ ആത്മീയ അവസ്ഥ​യെ​യാണ്‌ ഉദ്ദേശി​ക്കു​ന്നത്‌. വിശ്വാ​സ​ത്യാ​ഗി​കൾ ആയതിന്റെ ഫലമായി അവർ ഇപ്പോൾ 70 വർഷത്തെ പ്രവാസം അനുഭ​വി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ക​യാണ്‌. എന്നാൽ, ആ ശിക്ഷണം നൽകി​യ​പ്പോൾ യഹോവ അവരെ അന്ധരോ ഊമരോ ബധിര​രോ മുടന്ത​രോ ആക്കിയില്ല. അക്കാര​ണ​ത്താൽ, ഇസ്രാ​യേൽ ജനതയെ പുനഃ​സ്ഥി​തീ​ക​രി​ക്കു​മ്പോൾ ശാരീ​രിക വൈക​ല്യ​ങ്ങൾ സൗഖ്യ​മാ​ക്കേണ്ട ആവശ്യം വരുന്നില്ല. യഹോവ പുനഃ​സ്ഥാ​പി​ക്കു​ന്നത്‌ അവർക്കു നഷ്‌ട​പ്പെട്ട സംഗതി​യാണ്‌, അതായത്‌ അവരുടെ ആത്മീയ ആരോ​ഗ്യം.

11 ആത്മീയമായി സുബോ​ധം വീണ്ടെ​ടു​ക്കു​ന്നു എന്ന അർഥത്തി​ലാണ്‌ അനുതാ​പ​മുള്ള യഹൂദ​ന്മാർ സൗഖ്യം പ്രാപി​ക്കു​ന്നത്‌. അതായത്‌, അവരുടെ ആത്മീയ കാഴ്‌ച​ശ​ക്തി​യും യഹോ​വ​യു​ടെ വചനം കേൾക്കാ​നും അനുസ​രി​ക്കാ​നും സംസാ​രി​ക്കാ​നു​മുള്ള പ്രാപ്‌തി​ക​ളും പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു. അങ്ങനെ യഹോ​വ​യോ​ടു പറ്റിനിൽക്കേ​ണ്ട​തി​ന്റെ ആവശ്യം സംബന്ധിച്ച്‌ അവർ ബോധ​വാ​ന്മാർ ആയിത്തീ​രു​ന്നു. അവർ തങ്ങളുടെ നടത്തയാൽ ദൈവ​ത്തിന്‌ ആനന്ദസ്‌തു​തി ‘ഘോഷി​ക്കു​ന്നു.’ മുമ്പ്‌ “മുടന്തൻ” ആയിരു​ന്നവൻ യഹോ​വ​യു​ടെ ആരാധ​ന​യിൽ ഉത്സാഹി​യും ഊർജ​സ്വ​ല​നും ആയിത്തീ​രു​ന്നു. അതേ, ആലങ്കാ​രിക അർഥത്തിൽ അവൻ ‘മാനി​നെ​പ്പോ​ലെ ചാടുന്നു.’

യഹോവ തന്റെ ജനത്തിനു നവോ​ന്മേഷം പകരുന്നു

12. യഹോവ ആ ദേശത്തെ വെള്ളം നൽകി അനു​ഗ്ര​ഹി​ക്കു​ന്നത്‌ എങ്ങനെ?

12 വെള്ളമില്ലാത്ത ഒരു പറുദീ​സയെ കുറിച്ചു സങ്കൽപ്പി​ക്കുക പോലും സാധ്യമല്ല. ആദിമ പറുദീ​സ​യായ ഏദെനിൽ സമൃദ്ധ​മാ​യി വെള്ളമു​ണ്ടാ​യി​രു​ന്നു. (ഉല്‌പത്തി 2:10-14) ഇസ്രാ​യേ​ല്യർക്കു ലഭിച്ച ദേശവും “താഴ്‌വ​ര​യിൽനി​ന്നും മലയിൽനി​ന്നും പുറ​പ്പെ​ടുന്ന നീരൊ​ഴു​ക്കു​ക​ളും ഉറവു​ക​ളും തടാക​ങ്ങ​ളും ഉള്ള” ഒന്നായി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 8:7) അപ്പോൾ, യെശയ്യാവ്‌ നൽകുന്ന ഈ വാഗ്‌ദാ​നം തികച്ചും അനു​യോ​ജ്യ​മാണ്‌: “മരുഭൂ​മി​യിൽ വെള്ളവും നിർജ്ജ​ന​പ്ര​ദേ​ശത്തു തോടു​ക​ളും പൊട്ടി പുറ​പ്പെ​ടും. മരീചിക ഒരു പൊയ്‌ക​യാ​യും വരണ്ടനി​ലം നീരു​റ​വു​ക​ളാ​യും തീരും; കുറു​ക്ക​ന്മാ​രു​ടെ പാർപ്പി​ടത്തു, അവ കിടന്ന സ്ഥലത്തു​തന്നെ, പുല്ലും ഓടയും ഞാങ്ങണ​യും വളരും.” (യെശയ്യാ​വു 35:6ബി, 7) ഇസ്രാ​യേ​ല്യർ വീണ്ടും തങ്ങളുടെ ദേശം പരിപാ​ലി​ക്കാൻ തുടങ്ങു​മ്പോൾ, കുറു​ക്ക​ന്മാർ വിഹരി​ച്ചി​രുന്ന ആ ശൂന്യ പ്രദേ​ശങ്ങൾ തഴച്ചു​വ​ള​രുന്ന സസ്യങ്ങൾകൊ​ണ്ടു നിറയും. വരണ്ട, പൊടി​നി​റഞ്ഞ നിലം പപ്പൈ​റ​സും ഞാങ്ങണ​യും മറ്റു ജലസസ്യ​ങ്ങ​ളും വളരുന്ന ‘ചതുപ്പു​നില’മായി രൂപാ​ന്ത​ര​പ്പെ​ടും.—ഇയ്യോബ്‌ 8:11, ഓശാന ബൈ.

13. പുനഃ​സ്ഥി​തീ​കൃത ജനതയ്‌ക്ക്‌ സമൃദ്ധ​മായ എന്ത്‌ ആത്മീയ ജലം ലഭ്യമാ​യി​രി​ക്കും?

13 അതിലും പ്രധാനം സത്യത്തി​ന്റെ ആത്മീയ ജലമാണ്‌. മാതൃ​ദേ​ശ​ത്തേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടുന്ന യഹൂദ​ന്മാർ അതു സമൃദ്ധ​മാ​യി ആസ്വദി​ക്കും. യഹോവ തന്റെ വചനത്തി​ലൂ​ടെ പരിജ്ഞാ​ന​വും പ്രോ​ത്സാ​ഹ​ന​വും ആശ്വാ​സ​വും പ്രദാനം ചെയ്യും. പ്രായ​മുള്ള വിശ്വസ്‌ത പുരു​ഷ​ന്മാ​രും പ്രഭു​ക്ക​ന്മാ​രും “വരണ്ട നിലത്തു നീർത്തോ​ടു​കൾപോ​ലെ” ആയിരി​ക്കും. (യെശയ്യാ​വു 32:1, 2) എസ്രാ, നെഹെ​മ്യാവ്‌, യേശുവ, സെഖര്യാവ്‌, സെരു​ബ്ബാ​ബേൽ, ഹഗ്ഗായി എന്നിങ്ങനെ സത്യാ​രാ​ധന ഉന്നമി​പ്പി​ക്കു​ന്നവർ തീർച്ച​യാ​യും യെശയ്യാവ്‌ രേഖ​പ്പെ​ടു​ത്തിയ പ്രവചനം നിവൃ​ത്തി​യാ​യി എന്നതിന്റെ ജീവി​ക്കുന്ന തെളി​വു​ക​ളാ​യി​രി​ക്കും.—എസ്രാ 5:1, 2; 7:6, 10; നെഹെ​മ്യാ​വു 12:47.

“വിശു​ദ്ധ​വഴി”

14. ബാബി​ലോ​ണിൽനിന്ന്‌ യെരൂ​ശ​ലേ​മി​ലേ​ക്കുള്ള യാത്ര എങ്ങനെ​യു​ള്ള​തെന്നു വിവരി​ക്കുക.

14 എങ്കിലും, ഭൗതി​ക​വും ആത്മീയ​വു​മായ പറുദീ​സാ അവസ്ഥകൾ ആസ്വദി​ക്ക​ണ​മെ​ങ്കിൽ, പ്രവാ​സി​ക​ളായ ആ യഹൂദ​ന്മാർ ബാബി​ലോ​ണിൽനിന്ന്‌ യെരൂ​ശ​ലേ​മി​ലേ​ക്കുള്ള ദീർഘ​വും അപകടം പിടി​ച്ച​തു​മായ യാത്ര നടത്തേ​ണ്ടി​വ​രും. നേരെ​യുള്ള മാർഗ​ത്തി​ലൂ​ടെ പോയാൽ വരണ്ട, വിജന പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ അവർക്ക്‌ 800 കിലോ​മീ​റ്റർ നടക്കേ​ണ്ടി​വ​രും. അത്ര ദുഷ്‌ക​ര​മ​ല്ലാത്ത മാർഗ​മാണ്‌ തിര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കി​ലോ, 1,600 കിലോ​മീ​റ്റർ യാത്ര ചെയ്യേ​ണ്ടി​വ​രും. ഇതിൽ ഏതു മാർഗം തിര​ഞ്ഞെ​ടു​ത്താ​ലും അവർ മാസങ്ങ​ളോ​ളം പ്രതി​കൂല അവസ്ഥക​ളിൽ ആയിരി​ക്കും. മാത്രമല്ല, കാട്ടു​മൃ​ഗ​ങ്ങ​ളു​ടെ​യും മൃഗതു​ല്യ​രായ മനുഷ്യ​രു​ടെ​യും ആക്രമണ ഭീഷണി​യു​മുണ്ട്‌. എന്നാൽ, യെശയ്യാ​വി​ന്റെ പ്രചന​ത്തിൽ വിശ്വ​സി​ക്കു​ന്നവർ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നില്ല. എന്തു​കൊണ്ട്‌?

15, 16. (എ) സ്വദേ​ശ​ത്തേക്കു മടങ്ങുന്ന വിശ്വ​സ്‌ത​രായ യഹൂദ​ന്മാർക്ക്‌ യഹോവ അക്ഷരീ​യ​മായ എന്തു സംരക്ഷണം നൽകുന്നു? (ബി) വേറെ ഏത്‌ അർഥത്തി​ലാണ്‌ യഹോവ അവർക്കു സുരക്ഷി​ത​മായ ഒരു പെരു​വഴി പ്രദാനം ചെയ്യു​ന്നത്‌?

15 യെശയ്യാവ്‌ മുഖാ​ന്തരം യഹോവ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “അവിടെ ഒരു പെരു​വ​ഴി​യും പാതയും ഉണ്ടാകും; അതിന്നു വിശു​ദ്ധ​വഴി എന്നു പേരാ​കും; ഒരു അശുദ്ധ​നും അതിൽകൂ​ടി കടന്നു​പോ​ക​യില്ല; അവൻ അവരോ​ടു​കൂ​ടെ ഇരിക്കും; വഴി​പോ​ക്കർ, ഭോഷ​ന്മാർപോ​ലും, വഴി​തെ​റ​റി​പ്പോ​ക​യില്ല. ഒരു സിംഹ​വും അവിടെ ഉണ്ടാക​യില്ല; ഒരു ദുഷ്ടമൃ​ഗ​വും അവിടെ കയറി​വ​രി​ക​യില്ല; ആ വകയെ അവിടെ കാണു​ക​യില്ല; വീണ്ടെ​ടു​ക്ക​പ്പെ​ട്ടവർ അവിടെ നടക്കും.” (യെശയ്യാ​വു 35:8, 9) യഹോവ തന്റെ ജനത്തെ വീണ്ടെ​ടു​ത്തി​രി​ക്കു​ന്നു! ഇപ്പോൾ അവർ “വീണ്ടെ​ടു​ക്ക​പ്പെ​ട്ടവർ” ആണ്‌. സ്വദേ​ശ​ത്തേ​ക്കുള്ള അവരുടെ യാത്ര​യിൽ അവൻ അവർക്കു സംരക്ഷണം ഉറപ്പു നൽകുന്നു. ബാബി​ലോ​ണിൽനിന്ന്‌ യെരൂ​ശ​ലേ​മി​ലേക്ക്‌ കല്ലുപാ​കിയ, വശങ്ങളിൽ വേലി​കെ​ട്ടിയ, വലിയ ഒരു അക്ഷരീയ പാത ഉണ്ടായി​രി​ക്കു​മോ? ഇല്ല. തന്റെ ജനം അത്തര​മൊ​രു പാതയിൽ ആയിരു​ന്നാ​ലെന്ന പോലെ, യാത്രാ​മ​ധ്യേ യഹോവ അവർക്ക്‌ സംരക്ഷണം നൽകുന്നു.—സങ്കീർത്തനം 91:1-16 താരത​മ്യം ചെയ്യുക.

16 ആത്മീയ അപകട​ങ്ങ​ളിൽനി​ന്നും ആ യഹൂദ​ന്മാർക്കു സംരക്ഷണം ലഭിക്കു​ന്നു. ആലങ്കാ​രി​ക​മായ ആ പെരു​വഴി “വിശു​ദ്ധ​വഴി” ആണ്‌. വിശുദ്ധ കാര്യ​ങ്ങളെ അനാദ​രി​ക്കു​ന്നവർ അല്ലെങ്കിൽ ആത്മീയ​മാ​യി അശുദ്ധ​രായ വ്യക്തികൾ അതിലൂ​ടെ യാത്ര ചെയ്യാൻ യോഗ്യ​രല്ല; അത്തരക്കാർക്കു പുനഃ​സ്ഥാ​പിത ദേശത്തു പ്രവേ​ശ​ന​മില്ല. ശരിയായ പ്രചോ​ദനം ഉള്ളവർക്കേ അവി​ടേക്കു പോകാൻ അംഗീ​കാ​രം ലഭിക്കൂ. യഹൂദ​യി​ലേ​ക്കും യെരൂ​ശ​ലേ​മി​ലേ​ക്കും മടങ്ങു​ന്ന​വ​രിൽ ദേശീ​യത്വ ചിന്താ​ഗ​തി​യോ സ്വാർഥ​താ​ത്‌പ​ര്യ​ങ്ങ​ളോ ലവലേ​ശ​മില്ല. തങ്ങൾ മടങ്ങി​പ്പോ​കു​ന്ന​തി​ന്റെ പ്രധാന കാരണം ദേശത്ത്‌ യഹോ​വ​യു​ടെ നിർമല ആരാധന പുനഃ​സ്ഥാ​പി​ക്കുക എന്നതാ​ണെന്ന്‌ ആത്മീയ മനസ്‌ക​രായ ആ യഹൂദ​ന്മാർക്ക്‌ അറിയാം.—എസ്രാ 1:1-3.

യഹോ​വ​യു​ടെ ജനം ആനന്ദി​ക്കു​ന്നു

17. ദീർഘ​കാ​ല​മാ​യി പ്രവാ​സ​ത്തിൽ ആയിരുന്ന യഹൂദ​ന്മാർക്ക്‌ യെശയ്യാ​വി​ന്റെ പ്രവചനം ആശ്വാ​സ​മേ​കി​യത്‌ എങ്ങനെ?

17 യെശയ്യാ പ്രവച​ന​ത്തി​ന്റെ 35-ാം അധ്യായം സന്തോ​ഷ​ക​ര​മായ ഒരു കുറി​പ്പോ​ടെ​യാണ്‌ അവസാ​നി​ക്കു​ന്നത്‌: “യഹോ​വ​യാൽ വീണ്ടെ​ടു​ക്ക​പ്പെ​ട്ടവർ മടങ്ങി ഉല്ലാസ​ഘോ​ഷ​ത്തോ​ടെ സീയോ​നി​ലേക്കു വരും; നിത്യാ​നന്ദം അവരുടെ തലമേൽ ഉണ്ടായി​രി​ക്കും; അവർ ആനന്ദവും സന്തോ​ഷ​വും പ്രാപി​ക്കും; ദുഃഖ​വും നെടു​വീർപ്പും ഓടി​പ്പോ​കും.” (യെശയ്യാ​വു 35:10) പ്രവാ​സി​ക​ളായ യഹൂദ​ന്മാർക്ക്‌ ആശ്വാ​സ​വും പ്രത്യാ​ശ​യും പകർന്ന ഒരു പ്രവച​ന​മാ​യി​രു​ന്നു അത്‌. എന്നാൽ പ്രവച​ന​ത്തി​ന്റെ വ്യത്യസ്‌ത വശങ്ങൾ എങ്ങനെ നിവൃ​ത്തി​യാ​കും എന്ന്‌ അവർ അത്ഭുത​പ്പെ​ട്ടി​രി​ക്കാം. അതിന്റെ പല വശങ്ങളും അവർക്ക്‌ ഒരുപക്ഷേ മനസ്സി​ലാ​യി​ക്കാ​ണില്ല. എന്നിരു​ന്നാ​ലും, അവർ ‘സീയോ​നി​ലേക്കു മടങ്ങി​വ​രും’ എന്നതു പകൽപോ​ലെ വ്യക്തമാ​യി​രു​ന്നു.

18. ബാബി​ലോ​ണി​ലാ​യി​രുന്ന യഹൂദ​ന്മാ​രു​ടെ ദുഃഖ​വും നെടു​വീർപ്പും പുനഃ​സ്ഥാ​പിത ദേശത്ത്‌ ആനന്ദത്തി​നും സന്തോ​ഷ​ത്തി​നും വഴിമാ​റു​ന്നത്‌ എങ്ങനെ?

18 അതിനാൽ, പൊ.യു.മു. 537-ൽ സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഏകദേശം 50,000 പുരു​ഷ​ന്മാ​രും—7,000-ത്തിലധി​കം അടിമ​ക​ളും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു—യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌ യെരൂ​ശ​ലേ​മി​ലേക്കു തിരി​ക്കു​ന്നു. (എസ്രാ 2:64, 65) അവർക്കു ബാബി​ലോ​ണിൽനിന്ന്‌ യെരൂ​ശ​ലേ​മിൽ എത്താൻ നാലു മാസത്തെ യാത്ര​യുണ്ട്‌. ഏതാനും മാസങ്ങൾക്കു ശേഷം, യഹോ​വ​യു​ടെ യാഗപീ​ഠം പണിതു​കൊണ്ട്‌ ആലയത്തി​ന്റെ പുനർനിർമാ​ണ​ത്തി​നുള്ള ആദ്യ പടി ആരംഭി​ക്കു​ന്നു. അങ്ങനെ, യെശയ്യാ​വി​ന്റെ 200 വർഷം പഴക്കമുള്ള പ്രവചനം നിവൃ​ത്തി​യേ​റു​ന്നു. ബാബി​ലോ​ണിൽവെച്ച്‌ ദുഃഖി​ക്കു​ക​യും നെടു​വീർപ്പി​ടു​ക​യും ചെയ്‌ത ആ ജനത പുനഃ​സ്ഥാ​പിത ദേശത്ത്‌ ഘോഷി​ച്ചാ​ന​ന്ദി​ക്കു​ന്നു. യഹോവ തന്റെ വാഗ്‌ദാ​നം നിവർത്തി​ച്ചി​രി​ക്കു​ന്നു. അക്ഷരീ​യ​വും ആത്മീയ​വു​മായ ഒരു പറുദീസ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു!

ഒരു പുതിയ ജനതയു​ടെ പിറവി

19. പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ യെശയ്യാ​വി​ന്റെ പ്രവച​ന​ത്തിന്‌ പരിമി​ത​മായ ഒരു നിവൃ​ത്തി​യേ ഉണ്ടാകു​ന്നു​ള്ളൂ എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

19 പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ യെശയ്യാ​വു 35-ാം അധ്യാ​യ​ത്തിന്‌ പരിമി​ത​മായ ഒരു നിവൃ​ത്തി​യേ ഉണ്ടാകു​ന്നു​ള്ളൂ. സ്വദേ​ശത്ത്‌ തിരി​ച്ചെ​ത്തിയ യഹൂദ​ന്മാർ ആസ്വദി​ക്കുന്ന പറുദീ​സാ അവസ്ഥകൾ ഏറെക്കാ​ലം നീണ്ടു​നിൽക്കു​ന്നില്ല. കാലാ​ന്ത​ര​ത്തിൽ, വ്യാജമത പഠിപ്പി​ക്ക​ലു​ക​ളും ദേശീ​യത്വ ചിന്താ​ഗ​തി​യും നിർമല ആരാധ​നയെ കളങ്ക​പ്പെ​ടു​ത്തു​ന്നു. ആത്മീയ അർഥത്തിൽ, യഹൂദ​ന്മാർ വീണ്ടും ദുഃഖി​ക്കു​ക​യും നെടു​വീർപ്പി​ടു​ക​യും ചെയ്യുന്നു. ഒടുവിൽ, സ്വന്തജനത എന്ന സ്ഥാനത്തു​നിന്ന്‌ യഹോവ അവരെ തള്ളിക്ക​ള​യു​ന്നു. (മത്തായി 21:43) വീണ്ടും അനുസ​ര​ണ​ക്കേട്‌ കാണി​ക്കു​ന്ന​തി​നാൽ അവരുടെ സന്തോഷം ശാശ്വ​തമല്ല. ഇതെല്ലാം യെശയ്യാ​വു 35-ാം അധ്യാ​യ​ത്തി​ന്റെ ഏറെ മഹത്തായ മറ്റൊരു നിവൃ​ത്തി​യി​ലേക്കു വിരൽ ചൂണ്ടുന്നു.

20. പൊ.യു. ഒന്നാം നൂറ്റാ​ണ്ടിൽ ഏതു പുതിയ ഇസ്രാ​യേൽ അസ്‌തി​ത്വ​ത്തിൽ വന്നു?

20 യഹോവയുടെ തക്കസമ​യത്ത്‌ മറ്റൊരു ഇസ്രാ​യേൽ, ഒരു ആത്മീയ ഇസ്രാ​യേൽ, അസ്‌തി​ത്വ​ത്തിൽ വന്നു. (ഗലാത്യർ 6:16) ഭൗമിക ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു ഈ പുതിയ ഇസ്രാ​യേ​ലി​ന്റെ ജനനത്തി​നു വേദി​യൊ​രു​ക്കി. അവൻ നിർമല ആരാധന പുനഃ​സ്ഥാ​പി​ച്ചു. അവന്റെ പഠിപ്പി​ക്ക​ലു​ക​ളു​ടെ ഫലമായി സത്യത്തി​ന്റെ ജലം വീണ്ടും പ്രവഹി​ക്കാൻ തുടങ്ങി. അവൻ ആളുക​ളു​ടെ ശാരീ​രി​ക​വും ആത്മീയ​വു​മായ രോഗങ്ങൾ സുഖ​പ്പെ​ടു​ത്തി. ദൈവ​രാ​ജ്യ സുവാർത്താ പ്രസം​ഗ​ത്തി​ന്റെ ഫലമായി ഉല്ലാസ​ഘോ​ഷം കേൾക്കാ​നാ​യി. തന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ഏഴ്‌ ആഴ്‌ച​കൾക്കു ശേഷം മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു ക്രിസ്‌തീയ സഭ സ്ഥാപിച്ചു. അവന്റെ ചൊരി​യ​പ്പെട്ട രക്തത്താൽ വീണ്ടെ​ടു​ക്ക​പ്പെട്ട യഹൂദ​ന്മാ​രും മറ്റുള്ള​വ​രും ഉൾപ്പെ​ടുന്ന ഒരു ആത്മീയ ഇസ്രാ​യേൽ ദൈവ​ത്തി​ന്റെ ആത്മീയ പുത്ര​ന്മാ​രും യേശു​വി​ന്റെ സഹോ​ദ​ര​ന്മാ​രും എന്ന നിലയിൽ ജനിക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ക്കു​ക​യും ചെയ്‌തു.—പ്രവൃ​ത്തി​കൾ 2:1-4; റോമർ 8:16, 17; 1 പത്രൊസ്‌ 1:18, 19.

21. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീയ സഭയോ​ടു ബന്ധപ്പെട്ട ഏതെല്ലാം സംഭവങ്ങൾ യെശയ്യാ പ്രവച​ന​ത്തി​ന്റെ ചില വശങ്ങളു​ടെ നിവൃ​ത്തി​യാ​യി കാണാ​വു​ന്ന​താണ്‌?

21 ആത്മീയ ഇസ്രാ​യേ​ലി​ലെ അംഗങ്ങൾക്ക്‌ എഴുതവെ, പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞു​കൊണ്ട്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ യെശയ്യാ​വു 35:3-ലെ വാക്കു​കളെ പരാമർശി​ച്ചു: “ആകയാൽ തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാ​ലും നിവിർത്തു​വിൻ.” (എബ്രായർ 12:12) അങ്ങനെ, വ്യക്തമാ​യും പൊ.യു. ഒന്നാം നൂറ്റാ​ണ്ടിൽ യെശയ്യാ​വു 35-ാം അധ്യാ​യ​ത്തി​ലെ വാക്കു​കൾക്ക്‌ ഒരു നിവൃത്തി ഉണ്ടായി. അക്ഷരീയ അർഥത്തിൽ, യേശു​വും ശിഷ്യ​ന്മാ​രും അത്ഭുത​ക​ര​മാ​യി അന്ധർക്കു കാഴ്‌ച​യും ചെകി​ടർക്ക്‌ കേൾവി ശക്തിയും നൽകി. ‘മുടന്തരെ’ നടക്കാ​നും ഊമരെ സംസാ​രി​ക്കാ​നും അവർ പ്രാപ്‌ത​രാ​ക്കി. (മത്തായി 9:32; 11:5; ലൂക്കൊസ്‌ 10:9) അതിലും പ്രധാ​ന​മാ​യി, നീതി​ഹൃ​ദ​യ​രായ ആളുകൾ വ്യാജ​മ​ത​ത്തിൽനി​ന്നു പുറത്തു​വന്ന്‌ ക്രിസ്‌തീയ സഭയ്‌ക്കു​ള്ളി​ലെ ആത്മീയ പറുദീസ ആസ്വദി​ക്കാൻ ഇടയായി. (യെശയ്യാ​വു 52:11; 2 കൊരി​ന്ത്യർ 6:16, 17) ബാബി​ലോ​ണിൽനി​ന്നു മടങ്ങി​യെ​ത്തിയ യഹൂദ​ന്മാ​രെ പോ​ലെ​തന്നെ തങ്ങൾക്കും ധീരവും ക്രിയാ​ത്മ​ക​വു​മായ ഒരു മനോ​ഭാ​വം ആവശ്യ​മാ​ണെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു.—റോമർ 12:11.

22. ആധുനി​ക​കാ​ലത്ത്‌ ആത്മാർഥ​ത​യു​ള്ള​വ​രും സത്യാ​ന്വേ​ഷി​ക​ളു​മായ ക്രിസ്‌ത്യാ​നി​കൾ ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തി​ലേക്കു പോയത്‌ എങ്ങനെ?

22 നമ്മുടെ കാലത്തെ സംബന്ധി​ച്ചെന്ത്‌? യെശയ്യാ​വി​ലെ ആ പ്രവച​ന​ത്തിന്‌ ഇന്നത്തെ ക്രിസ്‌തീയ സഭ ഉൾപ്പെ​ടുന്ന മറ്റൊരു നിവൃത്തി, ഒരു സമ്പൂർണ നിവൃത്തി ഉണ്ടോ? ഉണ്ട്‌. അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ മരണ​ശേഷം യഥാർഥ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ എണ്ണം വളരെ കുറഞ്ഞു, വ്യാജ ക്രിസ്‌ത്യാ​നി​കൾ അഥവാ ‘കളകൾ’ ലോക​രം​ഗത്തു തഴച്ചു​വ​ള​രു​ക​യും ചെയ്‌തു. (മത്തായി 13:36-43; പ്രവൃ​ത്തി​കൾ 20:30; 2 പത്രൊസ്‌ 2:1-3) 19-ാം നൂറ്റാ​ണ്ടിൽ ആത്മാർഥ​ത​യുള്ള വ്യക്തികൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽനി​ന്നു വിട്ടു​പോ​രു​ക​യും ശുദ്ധാ​രാ​ധന കണ്ടെത്താ​നുള്ള അന്വേ​ഷണം തുടങ്ങു​ക​യും ചെയ്‌തെ​ങ്കി​ലും തിരു​വെ​ഴു​ത്തു വിരു​ദ്ധ​മായ പഠിപ്പി​ക്ക​ലു​ക​ളാൽ അവരുടെ ഗ്രാഹ്യം അപ്പോ​ഴും കളങ്ക​പ്പെ​ട്ടി​രു​ന്നു. 1914-ൽ യേശു മിശി​ഹൈക രാജാവ്‌ എന്ന നിലയിൽ സിംഹാ​സ​ന​സ്ഥ​നാ​യെ​ങ്കി​ലും, പെട്ടെ​ന്നു​തന്നെ ഈ ആത്മാർഥ സത്യാ​ന്വേ​ഷി​ക​ളു​ടെ ഭാവി ഇരുള​ട​ഞ്ഞ​താ​യി കാണ​പ്പെട്ടു. ബൈബിൾ പ്രവച​ന​ത്തി​ന്റെ നിവൃത്തി എന്ന നിലയിൽ രാഷ്‌ട്രങ്ങൾ “അവരോ​ടു പടവെട്ടി അവരെ ജയിച്ചു.” സുവാർത്ത പ്രസം​ഗി​ക്കാ​നുള്ള ഈ ആത്മാർഥ ക്രിസ്‌ത്യാ​നി​ക​ളു​ടെ ശ്രമങ്ങൾ വിജയി​ച്ചില്ല. ഫലത്തിൽ, അവർ ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തി​ലേക്കു പോയ​തു​പോ​ലെ ആയിരു​ന്നു.—വെളി​പ്പാ​ടു 11:7, 8.

23, 24. 1919 മുതൽ ദൈവ​ജ​ന​ത്തി​ന്റെ ഇടയിൽ യെശയ്യാ​വി​ന്റെ വാക്കുകൾ ഏതെല്ലാം വിധങ്ങ​ളിൽ നിവൃ​ത്തി​യേ​റി​യി​രി​ക്കു​ന്നു?

23 എന്നിരുന്നാലും, 1919-ൽ സ്ഥിതി​ഗ​തി​കൾക്കു മാറ്റം വന്നു. യഹോവ തന്റെ ജനത്തെ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ച്ചു. മുമ്പ്‌ തങ്ങളുടെ ആരാധ​നയെ ദുഷി​പ്പി​ച്ചി​രുന്ന വ്യാജ പഠിപ്പി​ക്ക​ലു​കൾ അവർ ഉപേക്ഷി​ക്കാൻ തുടങ്ങി. തത്‌ഫ​ല​മാ​യി, അവർ സൗഖ്യ​മാ​ക്ക​പ്പെ​ടു​ക​യും ഒരു ആത്മീയ പറുദീ​സ​യി​ലേക്കു വരുക​യും ചെയ്‌തു. ആ പറുദീസ ഇന്നു ഭൂമി​യി​ലെ​ങ്ങും വ്യാപി​ച്ചി​രി​ക്കു​ന്നു. ആത്മീയ​മായ ഒരു അർഥത്തിൽ, കുരുടർ കാണാ​നും ചെകിടർ കേൾക്കാ​നും പഠിക്കു​ക​യാണ്‌. അവർ ദൈവാ​ത്മാ​വി​ന്റെ പ്രവർത്ത​ന​വി​ധം സംബന്ധിച്ച്‌ തികച്ചും ഉണർവു​ള്ള​വ​രും യഹോ​വ​യോ​ടു പറ്റിനിൽക്കേ​ണ്ട​തി​ന്റെ ആവശ്യം സംബന്ധിച്ച്‌ എപ്പോ​ഴും ബോധ​മു​ള്ള​വ​രും ആണ്‌. (1 തെസ്സ​ലൊ​നീ​ക്യർ 5:6; 2 തിമൊ​ഥെ​യൊസ്‌ 4:5) സത്യ​ക്രി​സ്‌ത്യാ​നി​കൾ മേലാൽ ഊമരല്ല. അവർ ‘ഉല്ലസിച്ചു ഘോഷി​ക്കാൻ,’ ബൈബിൾ സത്യങ്ങൾ മറ്റുള്ള​വ​രോ​ടു പ്രഖ്യാ​പി​ക്കാൻ ശുഷ്‌കാ​ന്തി​യു​ള്ള​വ​രാണ്‌. (റോമർ 1:15) ആത്മീയ​മാ​യി ബലഹീനർ അഥവാ “മുടന്തർ” ആയിരു​ന്നവർ ഇപ്പോൾ ഉത്സാഹ​വും സന്തോ​ഷ​വും പ്രകടി​പ്പി​ക്കു​ന്നു. ആലങ്കാ​രിക അർഥത്തിൽ, ‘മാനി​നെ​പ്പോ​ലെ ചാടാൻ’ അവർക്കു കഴിയു​ന്നു.

24 ഈ പുനഃ​സ്ഥി​തീ​കൃത ക്രിസ്‌ത്യാ​നി​കൾ “വിശു​ദ്ധ​വഴി”യിലാണു നടക്കു​ന്നത്‌. മഹാബാ​ബി​ലോ​ണിൽനിന്ന്‌ ആത്മീയ പറുദീ​സ​യി​ലേക്കു നയിക്കുന്ന ഈ “വഴി” ആത്മീയ​മാ​യി ശുദ്ധരായ എല്ലാ ആരാധ​കർക്കും വേണ്ടി തുറന്നു​കി​ട​ക്കു​ന്നു. (1 പത്രൊസ്‌ 1:13-16) അവർക്ക്‌ യഹോവ സംരക്ഷ​ണ​മേ​കു​മെന്ന ഉറച്ച ബോധ്യം ഉണ്ടായി​രി​ക്കാ​നാ​കും. സത്യാ​രാ​ധന തുടച്ചു​നീ​ക്കാ​നുള്ള സാത്താന്റെ ദുഷ്‌ട ശ്രമങ്ങൾ വിജയി​ക്കു​ക​യി​ല്ലെ​ന്നും അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌. (1 പത്രൊസ്‌ 5:8) ദൈവ​ത്തി​ന്റെ വിശുദ്ധ വഴിയിൽ നടക്കു​ന്ന​വരെ ദുഷി​പ്പി​ക്കാൻ അനുസ​രണം കെട്ടവ​രെ​യോ മൃഗസ​മാന വ്യക്തി​ക​ളെ​യോ അനുവ​ദി​ക്കു​ക​യില്ല. (1 കൊരി​ന്ത്യർ 5:11) ഈ സംരക്ഷിത ചുറ്റു​പാ​ടിൽ, യഹോ​വ​യു​ടെ വീണ്ടെ​ടു​ക്ക​പ്പെ​ട്ടവർ—അഭിഷി​ക്ത​രും ‘വേറെ ആടുക​ളും’—ഏക സത്യ​ദൈ​വത്തെ സേവി​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കു​ന്നു.—യോഹ​ന്നാൻ 10:16.

25. യെശയ്യാ​വു 35-ാം അധ്യാ​യ​ത്തിന്‌ ഒരു അക്ഷരീയ നിവൃത്തി ഉണ്ടായി​രി​ക്കു​മോ? വിശദീ​ക​രി​ക്കുക.

25 ഭാവിയിൽ യെശയ്യാ​വി​ന്റെ പ്രവച​ന​ത്തിന്‌ ഒരു അക്ഷരീയ നിവൃത്തി ഉണ്ടാകു​മോ? തീർച്ച​യാ​യും. ഒന്നാം നൂറ്റാ​ണ്ടിൽ യേശു​വും അവന്റെ അപ്പൊ​സ്‌ത​ല​ന്മാ​രും നടത്തിയ അത്ഭുത​ക​ര​മായ സൗഖ്യ​മാ​ക്ക​ലു​കൾ, ഭാവി​യിൽ അത്തരം സൗഖ്യ​മാ​ക്ക​ലു​കൾ വലിയ അളവിൽ നടത്താ​നുള്ള യഹോ​വ​യു​ടെ ആഗ്രഹ​ത്തി​ന്റെ​യും പ്രാപ്‌തി​യു​ടെ​യും സൂചന ആയിരു​ന്നു. ഭൂമി​യിൽ സമാധാ​ന​പൂർണ​മായ അവസ്ഥക​ളി​ലെ നിത്യ​ജീ​വനെ കുറിച്ച്‌ നിശ്വസ്‌ത സങ്കീർത്ത​നങ്ങൾ പറയുന്നു. (സങ്കീർത്തനം 37:9, 11, 29) പറുദീ​സാ ജീവിതം യേശു വാഗ്‌ദാ​നം ചെയ്‌തു. (ലൂക്കൊസ്‌ 23:43) ബൈബി​ളി​ലെ അവസാന പുസ്‌ത​ക​മായ വെളി​പ്പാ​ടി​ലും അക്ഷരീയ പറുദീ​സയെ കുറി​ച്ചുള്ള വാഗ്‌ദാ​നം കാണാം. അതു നിവൃ​ത്തി​യേ​റു​മ്പോൾ അന്ധരും ചെകി​ട​രും മുടന്ത​രും ഊമരു​മെ​ല്ലാം അക്ഷരീ​യ​മാ​യി, ശാശ്വ​ത​മാ​യി സൗഖ്യ​മാ​ക്ക​പ്പെ​ടും. ദുഃഖ​വും നെടു​വീർപ്പും പൊയ്‌പോ​കും, അവിടെ നിത്യാ​നന്ദം കളിയാ​ടും.—വെളി​പ്പാ​ടു 7:9, 16, 17; 21:3, 4.

26. യെശയ്യാ​വി​ന്റെ വാക്കുകൾ ഇന്നു ക്രിസ്‌ത്യാ​നി​കളെ ബലപ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

26 അക്ഷരീയ പറുദീ​സ​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തി​നാ​യി കാത്തി​രി​ക്കുന്ന സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഇപ്പോൾ പോലും ആത്മീയ പറുദീ​സ​യു​ടെ പ്രയോ​ജ​നങ്ങൾ ആസ്വദി​ക്കാൻ കഴിയു​ന്നു. പീഡാ​നു​ഭ​വ​ങ്ങ​ളെ​യും കഷ്‌ട​ങ്ങ​ളെ​യും അവർ ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ നേരി​ടു​ന്നു. യഹോ​വ​യി​ലുള്ള അചഞ്ചല വിശ്വാ​സ​ത്തോ​ടെ അവർ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പിൻവ​രുന്ന പ്രബോ​ധ​ന​ത്തി​നു ചെവി കൊടു​ക്കു​ക​യും ചെയ്യുന്നു: “തളർന്ന കൈകളെ ബലപ്പെ​ടു​ത്തു​വിൻ; കുഴഞ്ഞ മുഴങ്കാ​ലു​കളെ ഉറപ്പി​പ്പിൻ. മനോ​ഭീ​തി​യു​ള്ള​വ​രോ​ടു: ധൈര്യ​പ്പെ​ടു​വിൻ, ഭയപ്പെ​ടേണ്ടാ . . . എന്നു പറവിൻ.” പിൻവ​രുന്ന പ്രാവ​ച​നിക ഉറപ്പി​ലും അവർക്ക്‌ പൂർണ വിശ്വാ​സ​മുണ്ട്‌: “ഇതാ, നിങ്ങളു​ടെ ദൈവം! പ്രതി​കാ​ര​വും ദൈവ​ത്തി​ന്റെ പ്രതി​ഫ​ല​വും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും.”—യെശയ്യാ​വു 35:3, 4.

[അടിക്കു​റിപ്പ്‌]

a ഏദെൻതോട്ടത്തിനു സമാന​മാ​യി​രുന്ന പുരാതന ലെബാ​നോൻ നിബിഡ വനങ്ങളും പ്രൗഢ​മായ ദേവദാ​രു മരങ്ങളും ഉണ്ടായി​രുന്ന ഒരു ഫലസമൃദ്ധ ദേശമാ​യി​രു​ന്നു എന്ന്‌ തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (സങ്കീർത്തനം 29:5; 72:16; യെഹെ​സ്‌കേൽ 28:11-13) ശാരോൻ, അരുവി​കൾക്കും ഓക്കു​മ​ര​ങ്ങൾക്കും പ്രസി​ദ്ധ​മാ​യി​രു​ന്ന​പ്പോൾ കർമ്മേൽ മുന്തി​രി​ത്തോ​ട്ട​ങ്ങൾക്കും ഫലവൃ​ക്ഷ​ത്തോ​പ്പു​കൾക്കും പൂവണിഞ്ഞ കുന്നിൻ ചെരി​വു​കൾക്കും പേരു​കേ​ട്ട​താ​യി​രു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[370-ാം പേജിലെ ചിത്രം]

[375-ാം പേജിലെ ചിത്രങ്ങൾ]

മരുപ്രദേശങ്ങൾ പുല്ലും ഞാങ്ങണ​യും വളരുന്ന നല്ല നീരോ​ട്ട​മുള്ള സ്ഥലങ്ങളാ​യി മാറും

[378-ാം പേജിലെ ചിത്രം]

യേശു ആളുക​ളു​ടെ ആത്മീയ​വും ശാരീ​രി​ക​വു​മായ രോഗങ്ങൾ സുഖ​പ്പെ​ടു​ത്തി