‘ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുവിൻ’!
അധ്യായം പതിമൂന്ന്
‘ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുവിൻ’!
1. യെശയ്യാവു 52-ാം അധ്യായത്തിലെ പ്രാവചനിക വചനങ്ങൾ സന്തോഷത്തിന്റെ ഉറവ് ആയിരിക്കുന്നത് എങ്ങനെ, അതിന് ഏതു രണ്ടു നിവൃത്തികൾ ഉണ്ട്?
വിമോചനം! അടിമത്തത്തിലായിരിക്കുന്ന ഒരു ജനത്തിന് അതിനെക്കാളേറെ ആശ്വാസമേകുന്ന മറ്റെന്തു പ്രത്യാശയുണ്ട്? യെശയ്യാ പുസ്തകത്തിന്റെ പ്രധാന വിഷയം വിമോചനവും പുനഃസ്ഥിതീകരണവും ആയതിനാൽ, സങ്കീർത്തനങ്ങൾ കഴിഞ്ഞാൽപ്പിന്നെ സന്തോഷത്തെ കുറിച്ചുള്ള പ്രയോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത് ഈ ബൈബിൾ പുസ്തകത്തിലാണ് എന്നതിൽ അതിശയിക്കാനില്ല. യെശയ്യാവു 52-ാം അധ്യായം വിശേഷിച്ചും ദൈവജനത്തിനു സന്തോഷിക്കാൻ കാരണമേകുന്നു. പൊ.യു.മു. 537-ൽ അതിന്റെ പ്രാവചനിക വചനങ്ങൾ യെരൂശലേമിന്മേൽ നിവൃത്തിയേറി. ആ വചനങ്ങൾക്ക്, ആത്മജീവികൾ അടങ്ങിയ യഹോവയുടെ സ്വർഗീയ സംഘടനയായ, ചിലപ്പോഴൊക്കെ അമ്മയെന്നും ഭാര്യയെന്നും വിശേഷിപ്പിച്ചിരിക്കുന്ന, ‘മീതെയുളള യെരൂശലേം’ ഉൾപ്പെട്ട കൂടുതലായ ഒരു നിവൃത്തിയുണ്ട്.—ഗലാത്യർ 4:26; വെളിപ്പാടു 12:1.
‘സീയോനേ, നിന്റെ ബലം ധരിച്ചുകൊൾക’
2. സീയോൻ ഉണരുന്നത് എപ്പോൾ, അത് എങ്ങനെ സംഭവിക്കുന്നു?
2 യെശയ്യാവ് മുഖാന്തരം യഹോവ തന്റെ പ്രിയ നഗരമായ സീയോനോടു പറയുന്നു: “സീയോനേ, ഉണരുക, ഉണരുക; നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല. പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേററു ഇരിക്ക; ബദ്ധയായ സീയോൻപുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക.” (യെശയ്യാവു 52:1, 2) യെരൂശലേമിലെ നിവാസികൾ യഹോവയുടെ കോപം ഇളക്കിവിട്ടതിനാൽ ആ നഗരം 70 വർഷമായി ശൂന്യാവസ്ഥയിലാണ്. (2 രാജാക്കന്മാർ 24:4; 2 ദിനവൃത്താന്തം 36:15-21; യിരെമ്യാവു 25:8-11; ദാനീയേൽ 9:2) ദീർഘ നാളത്തെ നിഷ്ക്രിയാവസ്ഥയിൽനിന്ന് ഉണർന്ന് വിമോചനത്തിന്റെ അലങ്കാരവസ്ത്രം അണിയാൻ അവൾക്കിപ്പോൾ സമയമായി. ‘ബദ്ധയായ സീയോൻപുത്രി’യെ മോചിപ്പിക്കാൻ യഹോവ കോരെശിനെ പ്രേരിപ്പിച്ചിരിക്കുന്നു. അങ്ങനെ മുൻ യെരൂശലേം നിവാസികൾക്കും അവരുടെ സന്തതികൾക്കും യെരൂശലേമിലേക്കു മടങ്ങിച്ചെന്ന് സത്യാരാധന പുനഃസ്ഥാപിക്കാൻ സാധിക്കും. അഗ്രചർമ്മിയും അശുദ്ധനും യെരൂശലേമിൽ ഉണ്ടായിക്കൂടാ.—എസ്രാ 1:1-4.
3. അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയെ ‘സീയോൻപുത്രി’ എന്നു വിളിക്കാവുന്നത് എന്തുകൊണ്ട്, ഏത് അർഥത്തിൽ അവർ സ്വതന്ത്രരാക്കപ്പെടുന്നു?
3 യെശയ്യാവിന്റെ ഈ വാക്കുകൾക്ക് ക്രിസ്തീയ സഭയോടുള്ള ബന്ധത്തിലും നിവൃത്തിയുണ്ടാകുന്നു. അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയെ ആധുനിക ‘സീയോൻപുത്രി’ എന്നു വിശേഷിപ്പിക്കാനാകും. കാരണം, ‘മീതെയുള്ള യെരൂശലേം’ അവളുടെ അമ്മയാണ്. a പുറജാതീയ പഠിപ്പിക്കലുകളിൽനിന്നും വിശ്വാസത്യാഗികളുടെ ഉപദേശങ്ങളിൽനിന്നും സ്വതന്ത്രരായ അഭിഷിക്തർ യഹോവയുടെ മുമ്പാകെ ശുദ്ധമായ നില കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ജഡത്തിൽ പരിച്ഛേദന നടത്തിക്കൊണ്ടല്ല, മറിച്ച് ഹൃദയപരിച്ഛേദന നടത്തിക്കൊണ്ടു വേണം അതു ചെയ്യാൻ. (യിരെമ്യാവു 31:33; റോമർ 2:25-29) യഹോവയുടെ മുമ്പാകെ ആത്മീയവും മാനസികവും ധാർമികവുമായി ശുദ്ധിയുള്ളവർ ആയിരിക്കുന്നതിനെ ഇത് അർഥമാക്കുന്നു.—1 കൊരിന്ത്യർ 7:19; എഫെസ്യർ 2:3.
4. ‘മീതെയുള്ള യെരൂശലേം’ ഒരിക്കലും യഹോവയോട് അനുസരണക്കേടു കാണിച്ചില്ലെങ്കിലും, ഭൂമിയിലെ അവളുടെ പ്രതിനിധികൾക്കു പുരാതന യെരൂശലേം നിവാസികളുടേതിനു സമാനമായ എന്ത് അനുഭവങ്ങൾ ഉണ്ടായി?
4 ‘മീതെയുള്ള യെരൂശലേം’ ഒരിക്കലും യഹോവയോട് അനുസരണക്കേടു കാണിച്ചിട്ടില്ല. എന്നിരുന്നാലും, അവളുടെ ഭൗമിക പ്രതിനിധികൾ, അതായത് അഭിഷിക്ത ക്രിസ്ത്യാനികൾ, ഒന്നാം ലോകമഹായുദ്ധകാലത്ത് യഹോവയുടെ നിയമം ലംഘിച്ചു. അതു ബോധപൂർവം ആയിരുന്നില്ല. യഥാർഥ ക്രിസ്തീയ നിഷ്പക്ഷത സംബന്ധിച്ച് അവർക്കു വ്യക്തമായ ഗ്രാഹ്യം ഇല്ലായിരുന്നതാണ് അതിനു കാരണം. ദിവ്യാംഗീകാരം നഷ്ടപ്പെട്ട അവർ ആത്മീയ അർഥത്തിൽ വ്യാജമത ലോകസാമ്രാജ്യമായ “മഹാബാബിലോ”ന്റെ അടിമത്തത്തിലായി. (വെളിപ്പാടു 17:5, NW) അവരുടെ അടിമത്തം 1918 ജൂണിൽ പാരമ്യത്തിലെത്തി. ആ വർഷം വാച്ച് ടവർ സൊസൈറ്റിയുടെ എട്ട് ഓഫീസ് അംഗങ്ങളെ ഗൂഢാലോചന ഉൾപ്പെട്ട വ്യാജകുറ്റം ആരോപിച്ച് തടവിലാക്കി. ആ ഘട്ടത്തിൽ, സംഘടിതമായ രീതിയിലുള്ള രാജ്യസുവാർത്ത പ്രസംഗം ഏതാണ്ട് നിലച്ചതു പോലെയായി. എന്നിരുന്നാലും, 1919-ൽ ആത്മീയമായി ഉണരുന്നതിനുള്ള ഹൃദ്യമായ ഒരു ആഹ്വാനം ഉയർന്നുകേട്ടു. അഭിഷിക്ത ക്രിസ്ത്യാനികൾ മഹാബാബിലോണിന്റെ ധാർമികവും ആത്മീയവുമായ അശുദ്ധിയിൽനിന്നു പൂർണമായി വിമുക്തമാകാൻ തുടങ്ങി. അവർ അടിമത്തത്തിന്റെ പൊടി കുടഞ്ഞുകളഞ്ഞ് എഴുന്നേറ്റു. “മീതെയുള്ള യെരൂശലേ”മിന് ആത്മീയ അശുദ്ധിയുടെ ലാഞ്ഛനം പോലുമില്ലാത്ത “വിശുദ്ധനഗര”ത്തിന്റെ പ്രതാപം കൈവന്നു.
5. യഹോവയ്ക്ക് തന്റെ ജനത്തെ ബന്ദികളാക്കിയവർക്കു നഷ്ടപരിഹാരം നൽകാതെതന്നെ അവരെ തിരികെ വാങ്ങാനുള്ള പൂർണ അവകാശമുണ്ടായിരുന്നത് എന്തുകൊണ്ട്?
5 പൊ.യു.മു. 537-ലും പൊ.യു. 1919-ലും യഹോവയ്ക്ക് തന്റെ ജനത്തെ മോചിപ്പിക്കാനുള്ള പൂർണ അധികാരം ഉണ്ടായിരുന്നു. യെശയ്യാവു വിശദീകരിക്കുന്നതു ശ്രദ്ധിക്കുക: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിററുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.” (യെശയ്യാവു 52:3) ദൈവജനത്തെ അടിമകളായി പിടിച്ചുകൊണ്ടു പോയപ്പോൾ അതിനു പ്രതിഫലമായി പുരാതന ബാബിലോണോ മഹാബാബിലോണോ എന്തെങ്കിലും നൽകിയില്ല. പണം ഉൾപ്പെട്ട എന്തെങ്കിലുമൊരു ഇടപാട് നടക്കാതിരുന്ന സ്ഥിതിക്ക് യഹോവതന്നെയാണ് ഇപ്പോഴും തന്റെ ജനത്തിന്റെ നിയമപരമായ അധികാരി. അവന് ആരോടെങ്കിലും എന്തെങ്കിലും കടപ്പാടു തോന്നേണ്ടതുണ്ടോ? നിശ്ചയമായും ഇല്ല. ഇരു കൂട്ടരുടെയും കാര്യത്തിൽ, യഹോവയ്ക്ക് തന്റെ ആരാധകരെ ബന്ദികളാക്കിയവർക്കു നഷ്ടപരിഹാരം നൽകാതെതന്നെ അവരെ തിരികെ വാങ്ങാനുള്ള പൂർണ അവകാശമുണ്ടായിരുന്നു.—യെശയ്യാവു 45:13.
6. യഹോവയുടെ ശത്രുക്കൾ ചരിത്രത്തിൽനിന്ന് എന്തു പാഠം പഠിക്കാൻ പരാജയപ്പെട്ടു?
6 യഹോവയുടെ ശത്രുക്കൾ ചരിത്രത്തിൽനിന്നു പാഠം പഠിച്ചിരുന്നില്ല. നാം ഇങ്ങനെ വായിക്കുന്നു: “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്വാൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു.” (യെശയ്യാവു 52:4) ഈജിപ്തിലെ ഫറവോൻ, തന്റെ ദേശത്തേക്ക് അതിഥികളായി ക്ഷണിച്ചുവരുത്തിയ ഇസ്രായേല്യരെ അടിമകളാക്കി. എന്നാൽ, യഹോവ ഫറവോനെയും അവന്റെ സൈന്യത്തെയും ചെങ്കടലിൽ താഴ്ത്തി. (പുറപ്പാടു 1:11-14; 14:27, 28) അസീറിയൻ ഭരണാധിപനായ സൻഹേരീബ് യെരൂശലേമിനെ ഭീഷണിപ്പെടുത്തിയപ്പോൾ യഹോവയുടെ ദൂതൻ ആ രാജാവിന്റെ പടയാളികളിൽ 1,85,000 പേരെ കൊന്നുകളഞ്ഞു. (യെശയ്യാവു 37:33-37) സമാനമായി, പുരാതന ബാബിലോണിനോ മഹാബാബിലോണിനോ ദൈവജനത്തെ ദ്രോഹിച്ചതിന്റെ പ്രത്യാഘാതങ്ങളിൽനിന്നു രക്ഷപ്പെടാനാവില്ല.
“എന്റെ ജനം എന്റെ നാമത്തെ അറിയും”
7. യഹോവയുടെ ജനം അടിമത്തത്തിൽ ആയത് അവന്റെ നാമത്തെ എങ്ങനെ ബാധിക്കുകയുണ്ടായി?
7 യഹോവയുടെ ജനത്തിന്റെ അടിമത്തം അവന്റെ നാമത്തെ ബാധിക്കുന്നു. പ്രവചനം തുടർന്ന് അതാണു കാണിക്കുന്നത്: “ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടു പോയിരിക്കകൊണ്ടു ഞാൻ ഇവിടെ എന്തു ചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാർ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു. അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.” (യെശയ്യാവു 52:5, 6) ഈ സാഹചര്യത്തിന്മേൽ യഹോവ എന്തിനു താത്പര്യമെടുക്കണം? ഇസ്രായേൽ ബാബിലോണിൽ അടിമത്തത്തിൽ ആയിരിക്കുന്നതിനെ കുറിച്ച് അവൻ എന്തിനു ചിന്തയുള്ളവനായിരിക്കണം? യഹോവ നടപടി സ്വീകരിക്കേണ്ടതുണ്ട്. കാരണം, ബാബിലോൺ അവന്റെ ജനത്തെ അടിമകളായി പിടിച്ചുകൊണ്ടു പോയെന്നു മാത്രമല്ല അവരുടെമേൽ വിജയം ആഘോഷിക്കുകയുമാണ്. അത്തരം വീമ്പിളക്കലിനിടയിൽ ബാബിലോണിയർ യഹോവയുടെ നാമത്തോട് അനാദരവു കാണിക്കുന്നു. (യെഹെസ്കേൽ 36:20, 21) യെരൂശലേമിന്റെ ശൂന്യാവസ്ഥ തന്റെ ജനത്തോടുള്ള യഹോവയുടെ ഇഷ്ടക്കേടുകൊണ്ട് ഉണ്ടായതാണെന്നു മനസ്സിലാക്കാൻ അവർ പരാജയപ്പെടുന്നു. പകരം, യഹൂദർ അടിമത്തത്തിലായത് അവരുടെ ദൈവത്തിന്റെ കഴിവില്ലായ്മയുടെ തെളിവാണെന്ന് അവർ കരുതുന്നു. ബാബിലോണിന്റെ സഹഭരണാധിപനായ ബേൽശസ്സർ, ബാബിലോണിയൻ ദേവന്മാരെ സ്തുതിച്ചുകൊണ്ടു നടത്തിയ വിരുന്നിൽ യഹോവയുടെ ആലയത്തിൽനിന്ന് എടുത്തുകൊണ്ടുവന്ന പവിത്രമായ പാത്രങ്ങൾ ഉപയോഗിക്കുകവഴി അവനെ നിന്ദിക്കുക പോലും ചെയ്യുന്നു.—ദാനീയേൽ 5:1-4.
8. അപ്പൊസ്തലന്മാരുടെ മരണശേഷം യഹോവയുടെ നാമത്തിന് എന്തു സംഭവിച്ചിരിക്കുന്നു?
8 ഇതെല്ലാം “മീതെയുള്ള യെരൂശലേ”മിനു ബാധകമാകുന്നത് എങ്ങനെയാണ്? ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ വിശ്വാസത്യാഗം വേരെടുത്തതു മുതൽ “ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെ”ട്ടുകൊണ്ടിരിക്കുന്നു എന്നു പറയാനാകും. (റോമർ 2:24; പ്രവൃത്തികൾ 20:29, 30) വാസ്തവത്തിൽ, അന്ധവിശ്വാസം നിമിത്തം യഹൂദർ ഒടുവിൽ ദൈവത്തിന്റെ നാമം ഉപയോഗിക്കാതായിരുന്നു. അപ്പൊസ്തലന്മാരുടെ മരണശേഷം അധികം വൈകാതെതന്നെ വിശ്വാസത്യാഗികളായ ക്രിസ്ത്യാനികൾ യഹൂദരുടെ മാതൃക പിൻപറ്റി ദൈവത്തിന്റെ വ്യക്തിഗത നാമം ഉപയോഗിക്കാതായി. വിശ്വാസത്യാഗത്തിന്റെ ഫലമായി മഹാബാബിലോണിന്റെ ഒരു പ്രമുഖ ഭാഗമായ ക്രൈസ്തവലോകം വികാസം പ്രാപിച്ചു. (2 തെസ്സലൊനീക്യർ 2:3, 7; വെളിപ്പാടു 17:5) ക്രൈസ്തവലോകത്തിന്റെ കൊടിയ അധാർമികതയും ഭീതിദമായ രക്തപാതകവും യഹോവയുടെ നാമം ദുഷിക്കപ്പെടാൻ ഇടയാക്കിയിരിക്കുന്നു.—2 പത്രൊസ് 2:1, 2.
9, 10. യഹോവയുടെ നിലവാരങ്ങളെയും അവന്റെ നാമത്തെയും കുറിച്ച് ആഴമായ എന്ത് ഗ്രാഹ്യമാണ് ആധുനിക കാലങ്ങളിൽ ദൈവത്തിന്റെ ഉടമ്പടി ജനത്തിന് ഉണ്ടായിരിക്കുന്നത്?
9 വലിയ കോരെശായ യേശുക്രിസ്തു 1919-ൽ ദൈവത്തിന്റെ ഉടമ്പടി ജനത്തെ മഹാബാബിലോണിന്റെ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കിയപ്പോൾ അവർക്ക് യഹോവയുടെ നിബന്ധനകൾ സംബന്ധിച്ചു മെച്ചമായ ഗ്രാഹ്യമുണ്ടായി. അതിനോടകം അവർ ത്രിത്വം, ആത്മാവിന്റെ അമർത്യത, അഗ്നിനരകത്തിലെ നിത്യദണ്ഡനം എന്നിങ്ങനെ ക്രൈസ്തവപൂർവ പുറജാതീയ മതങ്ങളിൽ വേരൂന്നിയിരുന്ന ക്രൈസ്തവലോകത്തിന്റെ പല പഠിപ്പിക്കലുകളിൽനിന്നും തങ്ങളെത്തന്നെ വെടിപ്പാക്കിയിരുന്നു. ഇപ്പോൾ അവർ ബാബിലോണിയൻ സ്വാധീനങ്ങളിൽനിന്നു പൂർണമായും മുക്തരാകുന്നതിനുള്ള സകല പടികളും സ്വീകരിക്കാൻ തുടങ്ങി. ഈ ലോകത്തിന്റെ ദേശീയതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കർശനമായ നിഷ്പക്ഷത പാലിക്കേണ്ടതിന്റെ പ്രാധാന്യവും അവർ തിരിച്ചറിഞ്ഞു. ഏതെങ്കിലും വിധത്തിൽ തങ്ങളുടെമേൽ വന്നിരിക്കാൻ ഇടയുള്ള രക്തപാതകത്തിൽനിന്നു ശുദ്ധീകരണം പ്രാപിക്കാൻ പോലും അവർ ആഗ്രഹിച്ചു.
10 ദൈവത്തിന്റെ ആധുനിക ദാസർ യഹോവയുടെ നാമത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ആഴമായ ഗ്രാഹ്യം നേടി. 1931-ൽ അവർ യഹോവയുടെ സാക്ഷികൾ എന്ന പേർ സ്വീകരിച്ചു. അങ്ങനെ യഹോവയ്ക്കും അവന്റെ നാമത്തിനും പിന്തുണയേകുന്നതായി അവർ പരസ്യമായി പ്രഖ്യാപിച്ചു. കൂടാതെ, 1950-ൽ പുതിയലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചതു മുതൽ യഹോവയുടെ സാക്ഷികൾ ബൈബിളിൽ ഉചിതമായ സ്ഥാനത്തെല്ലാം യഹോവയുടെ നാമം വീണ്ടും ഉപയോഗിക്കുകയുണ്ടായി. അതേ, സാക്ഷികൾ യഹോവയുടെ നാമം വിലമതിക്കുകയും ഭൂമിയുടെ അറ്റങ്ങളോളം അത് പ്രസിദ്ധമാക്കുകയും ചെയ്യുന്നു.
‘സുവാർത്താദൂതൻ’
11. പൊ.യു.മു. 537-ൽ നടന്ന സംഭവങ്ങളോടുള്ള ബന്ധത്തിൽ “നിന്റെ ദൈവം വാഴുന്നു” എന്ന പ്രഖ്യാപനം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
11 അടുത്തതായി, ഇപ്പോഴും ശൂന്യാവസ്ഥയിൽ ആയിരിക്കുന്ന സീയോനിലേക്കു വീണ്ടും യെശയ്യാവ് നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ഒരു സന്ദേശവാഹകൻ സുവാർത്തയുമായി സമീപിക്കുന്നു: “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ [“പാദങ്ങൾ, NW] പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!” (യെശയ്യാവു 52:7) പൊ.യു.മു. 537-ൽ സീയോന്റെ ദൈവം രാജാവായിത്തീർന്നു എന്ന് എങ്ങനെ പറയാനാകും? യഹോവ എല്ലായ്പോഴും രാജാവായിരുന്നിട്ടില്ലേ? വാസ്തവത്തിൽ, അവൻ ‘നിത്യതയുടെ രാജാവ്’ ആണ്. (വെളിപ്പാടു 15:3, NW) എങ്കിലും, “നിന്റെ ദൈവം വാഴുന്നു” എന്ന പ്രഖ്യാപനം ഉചിതമാണ്. കാരണം, ബാബിലോണിന്റെ പതനവും യെരൂശലേമിലെ ആലയം പുനർനിർമിക്കാനും അവിടെ നിർമലാരാധന പുനഃസ്ഥാപിക്കാനും ഉള്ള പ്രഖ്യാപനവും ദൈവത്തിന്റെ രാജത്വത്തിന്റെ പ്രകടനമാണ്.—സങ്കീർത്തനം 97:1.
12. ‘സുവിശേഷിക്കുന്നതിൽ’ ആരാണു നേതൃത്വം വഹിച്ചത്, എങ്ങനെ?
12 യെശയ്യാവിന്റെ നാളിൽ ഏതെങ്കിലുമൊരു വ്യക്തിയോ വ്യക്തികളോ ‘സുവാർത്താദൂത’നായി തിരിച്ചറിയപ്പെട്ടിരുന്നില്ല. എന്നാൽ, ഇന്ന് സുവാർത്താദൂതൻ ആരാണെന്നു തിരിച്ചറിയപ്പെട്ടിരിക്കുന്നു. യേശുക്രിസ്തുവാണ് യഹോവയുടെ ഏറ്റവും പ്രമുഖ സന്ദേശവാഹകൻ. ഭൂമിയിൽ ആയിരുന്നപ്പോൾ അവൻ, രോഗവും മരണവും ഉൾപ്പെടെ ആദാമിൽ നിന്നു പാരമ്പര്യമായി ലഭിച്ച പാപത്തിന്റെ സകല ഫലങ്ങളിൽനിന്നും മോചനം ലഭിക്കുമെന്ന സുവാർത്ത ഘോഷിച്ചു. (മത്തായി 9:35) ദൈവരാജ്യത്തെ കുറിച്ച് ആളുകളെ പഠിപ്പിക്കാൻ ലഭ്യമായ എല്ലാ അവസരങ്ങളും വിനിയോഗിച്ചുകൊണ്ട് നന്മ സുവിശേഷിക്കുന്നതിൽ യേശു ഉത്കൃഷ്ടമായ മാതൃക വെച്ചു. (മത്തായി 5:1, 2; മർക്കൊസ് 6:34; ലൂക്കൊസ് 19:1-10; യോഹന്നാൻ 4:5-26) ശിഷ്യന്മാർ അവന്റെ മാതൃക പിൻപറ്റി.
13. (എ) “സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!” എന്ന പ്രയോഗത്തെ പൗലൊസ് അപ്പൊസ്തലൻ ബാധകമാക്കിയത് എങ്ങനെ? (ബി) സന്ദേശവാഹകരുടെ പാദങ്ങൾ “മനോഹരം” ആയിരിക്കുന്നു എന്നു പറയാവുന്നത് എന്തുകൊണ്ട്?
13 റോമർക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ് അപ്പൊസ്തലൻ സുവാർത്ത പ്രസംഗിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാണിക്കാൻ യെശയ്യാവു 52:7 ഉദ്ധരിച്ചു. അവിടെ അവൻ ചിന്തോദ്ദീപകമായ ഏതാനും ചോദ്യങ്ങൾ ഉന്നയിക്കുന്നു. “പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” അവൻ ചോദിച്ചു. എന്നിട്ട്, അവൻ ഇങ്ങനെ പറയുന്നു: ‘“നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.’ (റോമർ 10:14, 15) യെശയ്യാ പുസ്തകത്തിന്റെ മൂല പാഠത്തിൽ ഉപയോഗിച്ചിരിക്കുന്ന “ദൂതന്റെ” എന്ന ഏകവചനത്തിനു പകരം “സുവിശേഷിക്കുന്നവരുടെ” എന്ന ബഹുവചനം ഉപയോഗിച്ചുകൊണ്ട് പൗലൊസ് യെശയ്യാവു 52:7 ബാധകമാക്കി. യേശുവിനെ അനുകരിക്കുന്ന എല്ലാ ക്രിസ്ത്യാനികളും സമാധാന സുവാർത്തയുടെ സന്ദേശവാഹകരാണ്. അവരുടെ പാദങ്ങൾ മനോഹരമായിരിക്കുന്നത് ഏത് അർഥത്തിലാണ്? യഹൂദയുടെ സമീപത്തുള്ള പർവതങ്ങളിൽനിന്ന് ആ ദൂതൻ യെരൂശലേമിനെ സമീപിച്ചുകൊണ്ടിരിക്കുന്നതു പോലെയാണ് യെശയ്യാവു സംസാരിക്കുന്നത്. ദൂരത്തു നിന്നാകുമ്പോൾ സന്ദേശവാഹകന്റെ പാദങ്ങൾ കാണാൻ സാധിക്കുകയില്ല. എന്നിരുന്നാലും, ഇവിടെ ശ്രദ്ധാകേന്ദ്രം സുവാർത്താ ദൂതൻതന്നെയാണ്, പാദങ്ങൾ സന്ദേശവാഹകനെത്തന്നെ ചിത്രീകരിക്കുന്നു. യേശുവും അവന്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിലെ സൗമ്യർക്ക് മനോഹരമായ ഒരു കാഴ്ച ആയിരുന്നു. സമാനമായി ആധുനികകാല സാക്ഷികൾ, സുവാർത്തയുടെ ജീവരക്ഷാകരമായ സന്ദേശം ചെവിക്കൊള്ളുന്ന താഴ്മയുള്ളവർക്ക് മനോഹരമായ ഒരു കാഴ്ചയാണ്.
14. ആധുനിക നാളിൽ യഹോവ രാജാവായിത്തീർന്നത് എങ്ങനെ, അതു മനുഷ്യവർഗത്തെ അറിയിക്കാൻ തുടങ്ങിയത് എന്നു മുതൽ?
14 ആധുനിക നാളുകളിൽ എന്നു മുതലാണ് “നിന്റെ ദൈവം വാഴുന്നു” എന്ന പ്രഖ്യാപനം കേൾക്കാൻ തുടങ്ങിയിരിക്കുന്നത്? 1919 മുതൽ. ആ വർഷം അമേരിക്കയിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽ നടന്ന ഒരു കൺവെൻഷനിൽ വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ജെ. എഫ്. റഥർഫോർഡ് “രാജ്യത്തെ പ്രസിദ്ധമാക്കൽ” എന്ന വിഷയത്തെ ആസ്പദമാക്കി ആവേശഭരിതമായ ഒരു പ്രസംഗം നടത്തി. യെശയ്യാവു 52:7-നെയും വെളിപ്പാടു 15:2-നെയും ആസ്പദമാക്കിയുള്ള ഈ പ്രസംഗം അവിടെ ഹാജരായിരുന്ന സകലർക്കും പ്രസംഗവേലയിൽ ഏർപ്പെടാൻ പ്രോത്സാഹനം നൽകി. അങ്ങനെ അവരുടെ “മനോഹര” പാദങ്ങൾ ‘പർവതങ്ങളിൽ’ കാണാൻ തുടങ്ങി. ആദ്യം അഭിഷിക്ത ക്രിസ്ത്യാനികളും പിന്നീട് അവരുടെ സഹകാരികളായ “വേറെ ആടുക”ളിൽ പെട്ടവരും യഹോവ രാജാവായിരിക്കുന്നു എന്ന സുവാർത്ത സതീക്ഷ്ണം ഘോഷിക്കാൻ ഇറങ്ങിത്തിരിച്ചു. (യോഹന്നാൻ 10:16) യഹോവ രാജാവായിത്തീർന്നത് എങ്ങനെയാണ്? 1914-ൽ അവൻ തന്റെ രാജത്വം ഒരു പുതിയ രീതിയിൽ പ്രകടമാക്കി. അങ്ങനെ പുതുതായി സ്ഥാപിച്ച സ്വർഗീയ രാജ്യത്തിന്റെ രാജാവായി അവൻ തന്റെ പുത്രനായ യേശുക്രിസ്തുവിനെ അവരോധിച്ചു. കൂടാതെ, 1919-ലും യഹോവ തന്റെ രാജത്വത്തിന്റെ മറ്റൊരു പ്രകടനം നടത്തി. മഹാബാബിലോണിൽനിന്ന് “ദൈവത്തിന്റെ യിസ്രായേ”ലിനെ വിടുവിച്ചുകൊണ്ടായിരുന്നു അത്.—ഗലാത്യർ 6:16; സങ്കീർത്തനം 47:8; വെളിപ്പാടു 11:15, 17; 19:6.
“നിന്റെ കാവല്ക്കാർ സ്വരമുയർത്തുന്നു”
15. പൊ.യു.മു. 537-ൽ സ്വരമുയർത്തിയ ‘കാവല്ക്കാർ’ ആരാണ്?
15 “നിന്റെ ദൈവം വാഴുന്നു” എന്ന പ്രഖ്യാപനം എന്തെങ്കിലും പ്രതികരണം ഉളവാക്കിയോ? തീർച്ചയായും. യെശയ്യാവ് രേഖപ്പെടുത്തുന്നു: “നിന്റെ കാവല്ക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും.” (യെശയ്യാവു 52:8) പൊ.യു.മു. 537-ൽ, മടങ്ങിയെത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്യാൻ അക്ഷരാർഥത്തിൽ ഒരു കാവൽക്കാരനും യെരൂശലേമിൽ ഉണ്ടായിരുന്നില്ല. 70 വർഷമായി നഗരം ശൂന്യമായി കിടക്കുകയാണ്. (യിരെമ്യാവു 25:11, 12) അതുകൊണ്ട്, സീയോന്റെ പുനഃസ്ഥാപനത്തെ കുറിച്ച് മുൻകൂട്ടി വിവരം ലഭിക്കുന്ന, ആ വിവരം മറ്റു സീയോൻ മക്കൾക്കു കൈമാറാൻ ഉത്തരവാദിത്വമുള്ള ഇസ്രായേല്യർ ആയിരിക്കണം സ്വരമുയർത്തുന്ന ‘കാവല്ക്കാർ.’ പൊ.യു.മു. 539-ൽ യഹോവ ബാബിലോണിനെ കോരെശിന്റെ കൈകളിൽ ഏൽപ്പിക്കുന്നതു കണ്ട കാവൽക്കാർക്ക് യഹോവ തന്റെ ജനത്തെ വിമോചിപ്പിക്കുകയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും അവശേഷിച്ചിരുന്നില്ല. തങ്ങളുടെ സന്ദേശത്തോട് അനുകൂലമായി പ്രതികരിക്കുന്നവരോടൊപ്പം കാവൽക്കാർ സന്തോഷത്തോടെ, ഒരുമിച്ച് ആർത്തുല്ലസിക്കുന്നു.
16. കാവൽക്കാർ “അഭിമുഖമായി” കാണുന്നത് ആരെ, എന്തർഥത്തിൽ?
16 ജാഗരൂകരായ കാവൽക്കാർ യഹോവയുമായി ഉറ്റ വ്യക്തിഗത ബന്ധം സ്ഥാപിക്കുന്നു. അവനെ നേരിട്ടെന്നവണ്ണം, “അഭിമുഖമായി” കാണുന്നു. (സംഖ്യാപുസ്തകം 14:14) യഹോവയുമായും തങ്ങളുടെ കൂട്ടത്തിൽ പെട്ടവരുമായും ഉള്ള അവരുടെ അടുത്ത ബന്ധം അവരുടെ ഐക്യത്തെയും അവർ അറിയിക്കുന്ന സന്ദേശത്തിൽ അടങ്ങിയിരിക്കുന്ന സന്തോഷത്തെയും എടുത്തുകാണിക്കുന്നു.—1 കൊരിന്ത്യർ 1:10.
17, 18. (എ) ആധുനിക കാവൽക്കാരൻ വർഗം അതിന്റെ ശബ്ദം ഉയർത്തിയിരിക്കുന്നത് എങ്ങനെ? (ബി) ഏത് അർഥത്തിലാണു കാവൽക്കാരൻ വർഗം ഒരുപോലെ ശബ്ദം ഉയർത്തിയിരിക്കുന്നത്?
17 ആധുനിക നിവൃത്തിയിൽ, കാവൽക്കാരൻ വർഗമായ “വിശ്വസ്തനും വിവേകിയുമായ അടിമ” ദൈവത്തിന്റെ ദൃശ്യ സംഘടനയിലുള്ളവരോടു മാത്രമല്ല മറ്റുള്ളവരോടും ശബ്ദമുയർത്തി ഘോഷിച്ചിരിക്കുന്നു. (മത്തായി 24:45-47, NW) 1919-ൽ അഭിഷിക്തരുടെ ശേഷിപ്പിനെ കൂട്ടിച്ചേർക്കാനുള്ള ഒരു വിളി ഉയർന്നു. 1922-ൽ ഒഹായോയിലെ സീഡാർ പോയിന്റിൽ നടന്ന ഒരു കൺവെൻഷനിൽവെച്ച് “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ” എന്ന ആഹ്വാനം നൽകപ്പെട്ടപ്പോൾ ആ വിളി പൂർവാധികം ശക്തമായി. 1935 മുതൽ ചെമ്മരിയാടു തുല്യരായ ഒരു മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കുന്നതിൽ ശ്രദ്ധ നൽകാൻ തുടങ്ങി. (വെളിപ്പാടു 7:9, 10) സമീപ വർഷങ്ങളിൽ യഹോവയുടെ രാജത്വത്തെ കുറിച്ചുള്ള പ്രഖ്യാപനത്തിന് ശക്തി കൂടിയിരിക്കുന്നു. എങ്ങനെ? 2000-ാം ആണ്ടോടെ 230-ലധികം ദേശങ്ങളിലായി ഏകദേശം അറുപതു ലക്ഷം പേർ യഹോവയുടെ രാജത്വത്തെ കുറിച്ചു മറ്റുള്ളവരോടു ഘോഷിക്കുന്ന വേലയിൽ പങ്കുചേർന്നു. കൂടാതെ, കാവൽക്കാരൻ വർഗത്തിന്റെ പ്രമുഖ ഉപകരണമായ വീക്ഷാഗോപുരം 130-ലധികം ഭാഷകളിൽ സന്തോഷകരമായ സന്ദേശം പ്രസിദ്ധമാക്കുന്നു.
18 അത്തരം ഏകീകരണ വേലയിൽ പങ്കുചേരുന്നതിനു താഴ്മയും സഹോദരസ്നേഹവും ആവശ്യമാണ്. ആഹ്വാനം ഫലവത്തായിരിക്കുന്നതിന് അതിൽ ഉൾപ്പെട്ടിരിക്കുന്ന സകലരും ഒരേ സന്ദേശം പ്രസംഗിക്കുകയും യഹോവയുടെ നാമവും അവന്റെ മറുവിലാ കരുതലും ജ്ഞാനവും സ്നേഹവും രാജ്യവും എടുത്തുകാട്ടുകയും വേണം. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ തോളോടുതോൾ ചേർന്നു പ്രവർത്തിക്കുമ്പോൾ യഹോവയുമായുള്ള അവരുടെ വ്യക്തിഗത ബന്ധം ബലിഷ്ഠമാകുന്നു, അങ്ങനെ അവർക്ക് സദ്വർത്തമാനം ഒരുപോലെ അഥവാ ഐക്യത്തിൽ ഘോഷിക്കാൻ കഴിയുന്നു.
19. (എ) “യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങ”ൾക്കു മനോഹാരിത കൈവരുന്നത് എങ്ങനെ? (ബി) ഏത് അർഥത്തിലാണ് യഹോവ “തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കി”യത്?
19 ദൈവജനം ഉല്ലസിച്ചു ഘോഷിക്കുമ്പോൾ അവർ വസിക്കുന്ന സ്ഥലം പോലും സന്തോഷമുഖരിതമായി കാണപ്പെടുന്നു. പ്രവചനം ഇങ്ങനെ തുടരുന്നു: “യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ [“ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുവിൻ,” NW]; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അററങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.” (യെശയ്യാവു 52:9, 10) പ്രവാസികൾ ബാബിലോണിൽനിന്നു മടങ്ങിവന്നതോടെ ഉപേക്ഷിക്കപ്പെട്ട യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങൾക്കു മനോഹാരിത കൈവരുന്നു. യഹോവയുടെ നിർമലാരാധന ഇപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയും എന്നതാണ് അതിനു കാരണം. (യെശയ്യാവു 35:1, 2) വാസ്തവത്തിൽ, യഹോവയ്ക്ക് അതിൽ നല്ല പങ്കുണ്ട്. തന്റെ ജനത്തെ രക്ഷിക്കുക എന്ന ഉദ്യമത്തിൽ ഏർപ്പെടുന്നതിന് അവൻ “തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കി,” അഥവാ തന്റെ കുപ്പായ കൈകൾ തെറുത്തുകയറ്റി.—എസ്രാ 1:2, 3.
20. യഹോവയുടെ വിശുദ്ധഭുജത്തിന്റെ നഗ്നമാക്കലിന് ആധുനിക നാളിൽ എന്തു ഫലമുണ്ടായിരിക്കുന്നു, ഭാവിയിൽ എന്തു ഫലമുണ്ടാകും?
20 വെളിപ്പാടു പുസ്തകത്തിലെ “രണ്ടു സാക്ഷിക”ളെ അതായത്, അഭിഷിക്ത ശേഷിപ്പിനെ പുനരുജ്ജീവിപ്പിക്കാൻ ഈ “അന്ത്യകാലത്തു” യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു. (2 തിമൊഥെയൊസ് 3:1; വെളിപ്പാടു 11:3, 7-13) 1919 മുതൽ യഹോവ അവരെ ഒരു ആത്മീയ പറുദീസയിലേക്ക് അഥവാ ആത്മീയ ദേശത്തേക്കു കൊണ്ടുവന്നിരിക്കുന്നു. അവരിപ്പോൾ തങ്ങളുടെ സഹകാരികളായ വേറെ ആടുകളുമായി ആ ആത്മീയ പറുദീസ പങ്കിടുന്നു. ഒടുവിൽ, തന്റെ ജനത്തിന് “ഹർമ്മഗെദ്ദോ”നിൽ രക്ഷ കൈവരുത്തുന്നതിന് യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കും. (വെളിപ്പാടു 16:14, 16) അപ്പോൾ “ഭൂമിയുടെ അററങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.”
ഒരു അടിയന്തിര നിബന്ധന
21. (എ) ‘യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവർ’ എന്തു നിബന്ധന പിൻപറ്റേണ്ടതുണ്ട്? (ബി) ബാബിലോണിൽനിന്നു പോരുന്ന യഹൂദർ പരിഭ്രാന്തരാകേണ്ടതില്ലാത്തത് എന്തുകൊണ്ട്?
21 ബാബിലോണിൽനിന്നു പുറത്തു പോരുന്നവർ ഒരു നിബന്ധന പിൻപറ്റേണ്ടതുണ്ട്. യെശയ്യാവ് എഴുതുന്നു: “വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽനിന്നു പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർമ്മലീകരിപ്പിൻ. നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിമ്പട [“പിൻകാവല്ക്കാരൻ,” “പി.ഒ.സി. ബൈ.”] ആയിരിക്കും.” (യെശയ്യാവു 52:11, 12) ബാബിലോണിൽനിന്നു പോരുന്ന ഇസ്രായേല്യർക്കു ബാബിലോണിയൻ വ്യാജാരാധനയുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കാൻ പാടില്ല. യെരൂശലേമിലെ ആലയത്തിൽനിന്ന് കൊണ്ടുപോയ പാത്രങ്ങൾ ചുമക്കുന്നതുകൊണ്ട് അവർ ശുദ്ധരായിരിക്കണം. ബാഹ്യമായും ആചാരപരമായും മാത്രമല്ല, ഏറ്റവും പ്രധാനമായി, അവർ ഹൃദയത്തിൽ ശുദ്ധിയുള്ളവർ ആയിരിക്കേണ്ടിയിരുന്നു. (2 രാജാക്കന്മാർ 24:11-13; എസ്രാ 1:7) തന്നെയുമല്ല, യഹോവ അവരുടെ മുമ്പാകെ പോകും. അതുകൊണ്ട് അവർ ഭയപ്പെടേണ്ടതില്ല, രക്തദാഹികളായ ശത്രുക്കൾ തൊട്ടു പിന്നിലുണ്ടെന്നു കരുതി സംഭ്രാന്തരായി ഓടേണ്ടതുമില്ല. അവർക്കു പിന്നിൽനിന്നു സംരക്ഷണം നൽകാനും ഇസ്രായേലിന്റെ ദൈവമുണ്ട്.—എസ്രാ 8:21-23.
22. അഭിഷിക്ത ക്രിസ്ത്യാനികളുടെ ഇടയിൽ ശുദ്ധി ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തിനു പൗലൊസ് ഊന്നൽ കൊടുക്കുന്നത് എങ്ങനെ?
22 ശുദ്ധരായിരിക്കുന്നതിനുള്ള യെശയ്യാവിന്റെ വാക്കുകൾക്ക് “മീതെയുള്ള യെരൂശലേ”മിന്റെ സന്തതികളുടെമേൽ ഒരു വലിയ നിവൃത്തിയുണ്ട്. അവിശ്വാസികളുമായി ഇണയല്ലാപ്പിണ കൂടരുതെന്ന് കൊരിന്തിലെ ക്രിസ്ത്യാനികളെ പൗലൊസ് ഉദ്ബോധിപ്പിച്ചപ്പോൾ അവൻ യെശയ്യാവു 52:11 ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “‘അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു.’” (2 കൊരിന്ത്യർ 6:14-17) ബാബിലോണിൽനിന്നു സ്വദേശത്തേക്കു മടങ്ങുന്ന ഇസ്രായേല്യരെ പോലെ ക്രിസ്ത്യാനികളും ബാബിലോണിയൻ വ്യാജാരാധനയിൽനിന്നു പൂർണമായി അകന്നിരിക്കണം.
23. ഇന്ന് യഹോവയുടെ ദാസന്മാർ ഏതെല്ലാം വിധങ്ങളിൽ ശുദ്ധിയുള്ളവരായിരിക്കാൻ ശ്രമിക്കുന്നു?
23 മഹാബാബിലോണിൽനിന്ന് 1919-ൽ പലായനം ചെയ്ത യേശുക്രിസ്തുവിന്റെ അഭിഷിക്ത അനുഗാമികളുടെ കാര്യത്തിൽ അതു വിശേഷാൽ സത്യമായിരുന്നു. അവർ തങ്ങളുടെ ഇടയിൽനിന്നു ക്രമാനുഗതമായി വ്യാജാരാധനയുടെ എല്ലാ കണികകളും തുടച്ചുനീക്കി. (യെശയ്യാവു 8:19, 20; റോമർ 15:4) ധാർമിക ശുദ്ധിയുടെ പ്രാധാന്യത്തെ കുറിച്ച് അവർ പൂർവാധികം വ്യക്തമായി മനസ്സിലാക്കി. യഹോവയുടെ സാക്ഷികൾ എല്ലായ്പോഴും ഉയർന്ന ധാർമിക നിലവാരം പുലർത്തിയിട്ടുണ്ടെങ്കിലും, സഭ ശുദ്ധമായി സൂക്ഷിക്കുന്നതിന് അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ശിക്ഷണം നൽകേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ലേഖനങ്ങൾ 1952-ലെ വീക്ഷാഗോപുരത്തിൽ പ്രത്യക്ഷപ്പെട്ടു. അത്തരം ശിക്ഷണ നടപടികൾ ആത്മാർഥമായി അനുതപിക്കുന്നതിന്റെ ആവശ്യം തിരിച്ചറിയാൻ തെറ്റു ചെയ്യുന്ന വ്യക്തിയെയും സഹായിക്കുന്നു.—1 കൊരിന്ത്യർ 5:6, 7, 9-13; 2 കൊരിന്ത്യർ 7:8-10; 2 യോഹന്നാൻ 10, 11.
24. (എ) ആധുനിക നാളുകളിൽ ‘യഹോവയുടെ ഉപകരണങ്ങൾ’ എന്തെല്ലാമാണ്? (ബി) യഹോവ തങ്ങൾക്കു മുമ്പായി പോകുമെന്നും തങ്ങളുടെ പിന്നിൽനിന്നു സംരക്ഷിക്കുമെന്നും ക്രിസ്ത്യാനികൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
24 അഭിഷിക്ത ക്രിസ്ത്യാനികളും വേറെ ആടുകളിൽപ്പെട്ട മഹാപുരുഷാരവും ആത്മീയമായി അശുദ്ധമായ യാതൊന്നും തൊടാതിരിക്കാൻ ദൃഢനിശ്ചയമുള്ളവരാണ്. നിർമലവും ശുദ്ധീകരിക്കപ്പെട്ടതുമായ അവരുടെ അവസ്ഥ “യഹോവയുടെ ഉപകരണങ്ങളെ”—വീടുതോറുമുള്ള സേവനവും ബൈബിളധ്യയനവും മറ്റു ക്രിസ്തീയ പ്രവർത്തനങ്ങളും ഉൾപ്പെടെ വിശുദ്ധ സേവനത്തിനായി ദൈവം ചെയ്യുന്ന വിലയേറിയ കരുതലുകളെ—ചുമക്കാൻ അവർക്കു യോഗ്യത നേടിക്കൊടുക്കുന്നു. ശുദ്ധമായ നിലപാടു കാത്തുസൂക്ഷിക്കുന്നതിനാൽ, യഹോവ തങ്ങൾക്കു മുമ്പായി പോകുമെന്നും അതേസമയംതന്നെ അവൻ തങ്ങളുടെ പിൻകാവൽക്കാരൻ ആയിരിക്കുമെന്നും ഇന്നു ദൈവജനത്തിന് ഉറപ്പുണ്ടായിരിക്കാനാകും. ദൈവത്തിന്റെ ശുദ്ധജനം എന്ന നിലയിൽ അവർക്ക് “ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കു”വാൻ മതിയായ കാരണങ്ങളുണ്ട്!
[അടിക്കുറിപ്പ്]
a ‘മീതെയുള്ള യെരൂശലേമും’ അവളുടെ ഭൗമിക അഭിഷിക്ത മക്കളും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിശദ വിവരങ്ങൾക്ക് ഈ പുസ്തകത്തിന്റെ 15-ാം അധ്യായം കാണുക.
[അധ്യയന ചോദ്യങ്ങൾ]
[183-ാം പേജിലെ ചിത്രം]
സീയോൻ അടിമത്തത്തിൽനിന്ന് സ്വതന്ത്രയാകും
[186-ാം പേജിലെ ചിത്രം]
1919 മുതൽ ‘മനോഹര പാദങ്ങൾ’ ഒരിക്കൽകൂടി ‘പർവതങ്ങളിൽ’ കാണാൻ തുടങ്ങിയിരിക്കുന്നു
[189-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ ഒരുപോലെ അഥവാ ഐക്യത്തിൽ സംസാരിക്കുന്നു
[192-ാം പേജിലെ ചിത്രം]
‘യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവർ’ ധാർമികവും ആത്മീയവുമായി ശുദ്ധിയുള്ളവർ ആയിരിക്കണം