സത്യാരാധന ലോകമെങ്ങും വ്യാപിക്കുന്നു
അധ്യായം ഇരുപത്തിയൊന്ന്
സത്യാരാധന ലോകമെങ്ങും വ്യാപിക്കുന്നു
1. യെശയ്യാവു 60-ാം അധ്യായത്തിൽ പ്രോത്സാഹജനകമായ എന്തു സന്ദേശം അടങ്ങിയിരിക്കുന്നു?
ഉത്തേജനാത്മകമായ ഒരു നാടകം പോലെയാണ് യെശയ്യാവ് 60-ാം അധ്യായം എഴുതിയിരിക്കുന്നത്. പ്രാരംഭ വാക്യങ്ങൾ ഹൃദയസ്പർശിയായ ഒരു രംഗത്തിലേക്കു നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. തുടർന്ന് സത്വരം നടക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പരയാണ്, അതു നമ്മെ അതിന്റെ പാരമ്യത്തിലേക്കു നയിക്കുന്നു. പുരാതന യെരൂശലേമിൽ സത്യാരാധനയുടെ പുനഃസ്ഥാപനവും ഇന്ന് അതിന്റെ ലോകവ്യാപക വികസനവും ഈ അധ്യായം മനോഹരമായ വാക്കുകളിൽ വർണിക്കുന്നു. മാത്രമല്ല, വിശ്വസ്തരായ എല്ലാ ദൈവദാസന്മാർക്കുമായി കരുതിവെച്ചിരിക്കുന്ന നിത്യാനുഗ്രഹങ്ങളെ കുറിച്ചും അതു പറയുന്നു. യെശയ്യാ പ്രവചനത്തിന്റെ മനോഹരമായ ഈ ഭാഗത്തിന്റെ നിവൃത്തിയിൽ നമുക്ക് ഓരോരുത്തർക്കും ഒരു പങ്കു വഹിക്കാൻ കഴിയും. അതിനാൽ നമുക്ക് അതു വിശദമായി പരിശോധിക്കാം.
അന്ധകാരത്തിൽ വെളിച്ചം പ്രകാശിക്കുന്നു
2. അന്ധകാരത്തിൽ കിടക്കുന്ന സ്ത്രീക്ക് എന്തു കൽപ്പന ലഭിച്ചിരിക്കുന്നു, അവൾ അനുസരണം പ്രകടമാക്കുന്നത് ഇന്ന് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
2 യെശയ്യാവിന്റെ ഈ അധ്യായത്തിലെ പ്രാരംഭ വാക്കുകൾ, ദാരുണാവസ്ഥയിൽ ആയിരിക്കുന്ന ഒരു സ്ത്രീയെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. അവൾ ഇപ്പോൾ അന്ധകാരത്തിൽ നിലത്തു കമിഴ്ന്നു കിടക്കുകയാണ്. പെട്ടെന്ന്, യെശയ്യാവ് മുഖാന്തരം യഹോവ പിൻവരുന്ന പ്രകാരം വിളിച്ചു പറയുമ്പോൾ അന്ധകാരത്തെ കീറിമുറിച്ചുകൊണ്ട് വെളിച്ചം പ്രകാശിക്കുന്നു: “[സ്ത്രീയേ,] എഴുന്നേററു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും [“മഹത്ത്വം,” NW] നിന്റെമേൽ ഉദിച്ചിരിക്കുന്നു.” (യെശയ്യാവു 60:1) അതേ, ആ സ്ത്രീ എഴുന്നേറ്റ് ദൈവത്തിന്റെ മഹത്ത്വത്തെ പ്രതിഫലിപ്പിക്കണം! അത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്? പ്രവചനം ഇങ്ങനെ തുടരുന്നു: “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും [“മഹത്ത്വം,” NW] നിന്റെമേൽ പ്രത്യക്ഷമാകും.” (യെശയ്യാവു 60:2) അവൾക്കു ചുറ്റും ഇപ്പോഴും ഇരുട്ടിൽ തപ്പിത്തടയുന്നവരുടെ പ്രയോജനത്തിനായി “സ്ത്രീ” ‘പ്രകാശിക്കണം.’ അതിന്റെ ഫലം എന്തായിരിക്കും? “ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.” (യെശയ്യാവു 60:3) ഈ പ്രാരംഭ വാക്കുകൾ, തുടർന്നുള്ള വാക്യങ്ങളിൽ വിശദമായി വിവരിച്ചിരിക്കുന്ന കാര്യത്തിന്റെ രത്നച്ചുരുക്കമാണ്. സത്യാരാധന ലോകവ്യാപകമായി വികസിക്കണമെന്നതാണ് അത്!
3. (എ) ആരാണ് ഈ “സ്ത്രീ”? (ബി) അവൾ അന്ധകാരത്തിൽ കിടന്നിരുന്നത് എന്തുകൊണ്ട്?
3 ഭാവി സംഭവങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും, “പ്രകാശം വന്നിരിക്കുന്നു” എന്ന് യഹോവ “സ്ത്രീ”യോടു പറയുന്നു. പ്രവചനം നിവൃത്തിയേറുമെന്നതിന്റെ ഉറപ്പിനെ ഇതു സ്ഥിരീകരിക്കുന്നു. ഇവിടെ പരാമർശിച്ചിരിക്കുന്ന “സ്ത്രീ” സീയോൻ അഥവാ യഹൂദയുടെ തലസ്ഥാന നഗരമായ യെരൂശലേം ആണ്. (യെശയ്യാവു 52:1, 2; 60:14) ആ നഗരം മുഴു രാഷ്ട്രത്തെയും പ്രതിനിധാനം ചെയ്യുന്നു. ഈ പ്രവചനത്തിന്റെ ആദ്യ നിവൃത്തിയുടെ സമയത്ത് ഈ “സ്ത്രീ” അന്ധകാരത്തിൽ കിടക്കുകയാണ്. പൊ.യു.മു. 607-ൽ യെരൂശലേം നശിപ്പിക്കപ്പെട്ടതു മുതൽ അവൾ ആ അവസ്ഥയിലാണ്. എന്നിരുന്നാലും, പൊ.യു.മു. 537-ൽ പ്രവാസികളായ യഹൂദന്മാരുടെ ഒരു വിശ്വസ്ത ശേഷിപ്പ് യെരൂശലേമിലേക്ക് മടങ്ങിവന്ന് നിർമലാരാധന പുനഃസ്ഥാപിക്കുന്നു. അങ്ങനെ ഒടുവിൽ തന്റെ സ്ത്രീയുടെമേൽ വെളിച്ചം പ്രകാശിക്കാൻ യഹോവ ഇടയാക്കുന്നു. അവന്റെ പുനഃസ്ഥിതീകരിക്കപ്പെട്ട ജനം ആത്മീയ അന്ധകാരത്തിൽ ആണ്ടുകിടക്കുന്ന ജനതകളുടെ ഇടയിൽ പ്രകാശത്തിന്റെ ഒരു ഉറവായി വർത്തിക്കുന്നു.
വലിയ നിവൃത്തി
4. യെശയ്യാ പ്രവചനത്തിലെ “സ്ത്രീ”യെ ഇന്നു ഭൂമിയിൽ പ്രതിനിധാനം ചെയ്യുന്നത് ആർ, വ്യാപകമായ അർഥത്തിൽ ആ പ്രാവചനിക വാക്കുകൾ ആർക്കു ബാധകമാകുന്നു?
4 യെശയ്യാവിലെ ഈ പ്രാവചനിക വചനങ്ങൾക്ക് പുരാതന യെരൂശലേമിന്റെ മേലുള്ള നിവൃത്തിയിൽ മാത്രമല്ല നമുക്കു താത്പര്യമുള്ളത്. ഇന്ന് യഹോവയുടെ സ്വർഗീയ “സ്ത്രീ”യെ ഭൂമിയിൽ പ്രതിനിധാനം ചെയ്യുന്നത് ‘ദൈവത്തിന്റെ ഇസ്രായേൽ’ ആണ്. (ഗലാത്യർ 6:16) പൊ.യു. 33-ലെ പെന്തെക്കൊസ്ത് മുതൽ ഇന്നോളം നിലനിന്നുപോന്ന ആത്മാഭിഷിക്ത അംഗങ്ങൾ അടങ്ങിയ ഈ ആത്മീയ ജനതയുടെ മൊത്ത സംഖ്യ 1,44,000 ആണ്. ‘ഭൂമിയിൽനിന്നു വിലെക്കു വാങ്ങപ്പെട്ട’ അവർക്കു ക്രിസ്തുവിനോടൊത്ത് സ്വർഗത്തിൽ ഭരിക്കുന്നതിനുള്ള പ്രത്യാശയുണ്ട്. (വെളിപ്പാടു 14:1, 3) യെശയ്യാവു 60-ാം അധ്യായത്തിന്റെ ആധുനിക നിവൃത്തി “അന്ത്യകാലത്തു” ഭൂമിയിൽ ജീവിച്ചിരിക്കുന്ന 1,44,000-ത്തിൽ ശേഷിക്കുന്ന അംഗങ്ങളെ കേന്ദ്രീകരിക്കുന്നു. (2 തിമൊഥെയൊസ് 3:1) ഈ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഹകാരികളായ “വേറെ ആടുക”ളിൽ പെട്ട “മഹാപുരുഷാര”ത്തിനും ഈ പ്രവചനം ബാധകമാണ്.—വെളിപ്പാടു 7:9; യോഹന്നാൻ 10:11, 16.
5. ദൈവത്തിന്റെ ഇസ്രായേലിലെ അതിജീവകരായ അംഗങ്ങൾ അന്ധകാരത്തിൽ കിടന്നത് എപ്പോൾ, യഹോവയുടെ പ്രകാശം അവരുടെമേൽ ചൊരിയപ്പെട്ടത് എപ്പോൾ?
5 ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കുറെ കാലം ദൈവത്തിന്റെ ഇസ്രായേലിൽ പെട്ടവർ പ്രതീകാത്മക അർഥത്തിൽ അന്ധകാരത്തിൽ കിടക്കുകയായിരുന്നു. ഒന്നാം ലോകയുദ്ധം അവസാനിക്കാറായപ്പോൾ, വെളിപ്പാടു പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ഒരു പ്രതീകാത്മക സാഹചര്യത്തിൽ ആയിരുന്നു അവർ. അതായത്, “ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ള മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം” കിടന്നു. (വെളിപ്പാടു 11:8) എന്നാൽ, 1919-ൽ യഹോവ അവരുടെമേൽ പ്രകാശം ചൊരിഞ്ഞു. അപ്പോൾ അവർ എഴുന്നേറ്റുനിന്ന് ദൈവത്തിന്റെ മഹത്ത്വത്തെ പ്രതിഫലിപ്പിക്കുകയും ദൈവരാജ്യ സുവാർത്ത നിർഭയം ഘോഷിക്കുകയും ചെയ്തു.—മത്തായി 5:14-16; 24:14.
6. യേശുവിന്റെ രാജകീയ സാന്നിധ്യത്തെ കുറിച്ചുള്ള പ്രഖ്യാപനത്തോടു ലോകം പൊതുവെ എങ്ങനെ പ്രതികരിച്ചിരിക്കുന്നു, യഹോവയുടെ പ്രകാശത്തിലേക്ക് ആർ ആകർഷിക്കപ്പെട്ടിരിക്കുന്നു?
6 “ഈ അന്ധകാരത്തിന്റെ ലോകാധിപതിക”ളുടെ തലവനായ സാത്താന്റെ സ്വാധീനവലയത്തിൽപ്പെട്ട മനുഷ്യവർഗം പൊതുവെ, “ലോകത്തിന്റെ വെളിച്ച”മായ യേശുക്രിസ്തുവിന്റെ രാജകീയ സാന്നിധ്യത്തെ കുറിച്ചുള്ള അറിയിപ്പ് തള്ളിക്കളഞ്ഞു. (എഫെസ്യർ 6:12; യോഹന്നാൻ 8:12; 2 കൊരിന്ത്യർ 4:3, 4) ‘രാജാക്കന്മാരും’ (സ്വർഗീയ രാജ്യത്തിന്റെ അഭിഷിക്ത അവകാശികൾ ആയിത്തീരുന്നവർ) ‘ജാതികളും’ (വേറെ ആടുകളുടെ മഹാപുരുഷാരം) ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ യഹോവയുടെ പ്രകാശത്തിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്നു.
വികസനം വലിയ സന്തോഷത്തിനു കാരണമാകുന്നു
7. ഹൃദ്യമായ എന്തു കാഴ്ചയാണ് “സ്ത്രീ”യുടെ കണ്ണുകളെ വരവേറ്റത്?
7 യെശയ്യാവു 60:3-ൽ നൽകിയിരിക്കുന്ന മുഖ്യ വിഷയത്തെ വികസിപ്പിക്കവേ, യഹോവ ആ “സ്ത്രീ”ക്കു മറ്റൊരു കൽപ്പന കൊടുക്കുന്നു: “നീ തല പൊക്കി ചുററും നോക്കുക.” ആ “സ്ത്രീ” അങ്ങനെ ചെയ്യുമ്പോൾ ഹൃദ്യമായ കാഴ്ചയാണ് അവളുടെ കണ്ണുകളെ വരവേൽക്കുന്നത്—അതാ, അവളുടെ മക്കൾ വീട്ടിലേക്കു വരുന്നു! “അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാർശ്വത്തിങ്കൽ വഹിച്ചുകൊണ്ടു വരും.” (യെശയ്യാവു 60:4) 1919-ൽ തുടങ്ങിയ അന്താരാഷ്ട്ര രാജ്യപ്രസംഗ വേലയുടെ ഫലമായി ആയിരക്കണക്കിന് അഭിഷിക്ത ‘പുത്രന്മാരും’ ‘പുത്രിമാരും’ കൂടെ ദൈവത്തിന്റെ ഇസ്രായേലിനോടു ചേരുകയുണ്ടായി. അങ്ങനെ, ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ പോകുന്ന മുൻകൂട്ടി പറയപ്പെട്ട 1,44,000 പേരുടെ സംഖ്യ പൂർണമാക്കാൻ യഹോവ നടപടി സ്വീകരിച്ചു.—വെളിപ്പാടു 5:9, 10.
8. ദൈവത്തിന്റെ ഇസ്രായേലിന് 1919 മുതൽ സന്തോഷിക്കാൻ എന്തു കാരണം ഉണ്ടായിരിക്കുന്നു?
8 ഈ വർധന സന്തോഷത്തിനു കാരണമായി. “അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.” (യെശയ്യാവു 60:5) 1920-കളിലും 1930-കളിലും നടന്ന അഭിഷിക്തരുടെ കൂട്ടിച്ചേർപ്പ് ദൈവത്തിന്റെ ഇസ്രായേലിനു വലിയ സന്തോഷം കൈവരുത്തി. അവർക്കു സന്തോഷിക്കുന്നതിനു കൂടുതലായ ഒരു കാരണവും ഉണ്ടായിരുന്നു. പ്രത്യേകിച്ചും 1930-കളുടെ മധ്യം മുതൽ, ദൈവത്തിൽനിന്ന് അകന്നുപോയ മനുഷ്യവർഗമാകുന്ന ‘കടലി’ന്റെ ഭാഗമായിരുന്ന ആളുകൾ ദൈവത്തിന്റെ ഇസ്രായേലിനോടൊപ്പം ആരാധിക്കാൻ സകല ജനതകളിൽനിന്നുമായി കൂടിവന്നിരിക്കുന്നു. (യെശയ്യാവു 57:20; ഹഗ്ഗായി 2:7) തങ്ങൾക്കു തോന്നിയ വിധത്തിലല്ല അവർ ദൈവത്തെ സേവിക്കുന്നത്. പകരം, അവർ ദൈവത്തിന്റെ “സ്ത്രീ”യുടെ അടുക്കലേക്കു വന്ന് ദൈവത്തിന്റെ ഏകീകൃത ആട്ടിൻകൂട്ടത്തിന്റെ ഭാഗമായിത്തീരുന്നു. അതിന്റെ ഫലമായി, ദൈവത്തിന്റെ എല്ലാ ദാസന്മാരും സത്യാരാധനയുടെ വികസനത്തിൽ പങ്കുചേരുന്നു.
ജാതികൾ യെരൂശലേമിൽ കൂടിവരുന്നു
9, 10. യെരൂശലേമിൽ ആർ കൂടിവരുന്നതായി കാണാം, യഹോവ അവരെ എങ്ങനെ കൈക്കൊള്ളുന്നു?
9 യെശയ്യാവിന്റെ സമകാലികർക്കു പരിചിതമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചുകൊണ്ട് യഹോവ വികസനത്തെ വർണിക്കുന്നു. സീയോൻ പർവതത്തിനു മുകളിൽനിന്ന് “സ്ത്രീ” ആദ്യം കിഴക്കേ ചക്രവാളത്തിലേക്കു നോക്കുന്നു. അവൾ അവിടെ എന്താണു കാണുന്നത്? “ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറെറാട്ടകങ്ങളും നിന്നെ മൂടും; ശേബയിൽനിന്നു അവരൊക്കെയും വരും; പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.” (യെശയ്യാവു 60:6) നാനാ ഗോത്രങ്ങളിൽ പെട്ട സഞ്ചാരികളായ വ്യാപാരികളുടെ ഒട്ടകക്കൂട്ടങ്ങൾ യെരൂശലേമിലേക്കുള്ള വഴിയിലൂടെ പോകുന്നു. (ഉല്പത്തി 37:25, 28; ന്യായാധിപന്മാർ 6:1, 5; 1 രാജാക്കന്മാർ 10:1, 2) ദേശത്തെ മൂടുന്ന പ്രളയം പോലെ എവിടെയും ഒട്ടകങ്ങളാണ്! വ്യാപാരികൾ വിലയേറിയ സമ്മാനങ്ങൾ കൊണ്ടുവരുന്നു, അവർക്ക് സമാധാനപരമായ ഉദ്ദേശ്യങ്ങളാണ് ഉള്ളതെന്ന് അതു സൂചിപ്പിക്കുന്നു. യഹോവയെ ആരാധിക്കാനും അവനു തങ്ങളുടെ ഏറ്റവും മികച്ചതു നൽകാനും അവർ ആഗ്രഹിക്കുന്നു.
10 ഈ വ്യാപാരികൾ മാത്രമല്ല യെരൂശലേമിലേക്കു പോകുന്നത്. “കേദാരിലെ ആടുകൾ ഒക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷചെയ്യും.” ആടുകളെ മേയ്ക്കുന്ന ഗോത്രങ്ങളും യെരൂശലേമിലേക്കു യാത്ര ചെയ്യുകയാണ്. തങ്ങളുടെ ഏറ്റവും വിലയേറിയ വസ്തുക്കളുമായി—ആട്ടിൻകൂട്ടങ്ങളുമായി—എത്തുന്ന അവർ തങ്ങളെത്തന്നെ ശുശ്രൂഷകരായി സമർപ്പിക്കുന്നു. യഹോവ അവരെ എങ്ങനെ കൈക്കൊള്ളും? അവൻ പറയുന്നു: “അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും.” (യെശയ്യാവു 60:7) യഹോവ അവരുടെ സമ്മാനങ്ങൾ സ്വീകരിച്ച് നിർമലാരാധനയിൽ ഉപയോഗിക്കും.—യെശയ്യാവു 56:7; യിരെമ്യാവു 49:28, 29.
11, 12. (എ) പടിഞ്ഞാറേക്കു നോക്കുമ്പോൾ സ്ത്രീ എന്താണു കാണുന്നത്? (ബി) അനേകർ യെരൂശലേമിലേക്ക് ധൃതിപ്പെട്ടു വരുന്നത് എന്തിന്
11 ഇപ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിലേക്കു നോക്കാൻ “സ്ത്രീ”യോടു നിർദേശിച്ചശേഷം യഹോവ ഇങ്ങനെ ചോദിക്കുന്നു: “മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആർ?” യഹോവതന്നെ അതിന് ഉത്തരം പറയുന്നു: “ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തർശീശ്കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.”—യെശയ്യാവു 60:8, 9.
12 മഹാസമുദ്രത്തിനു കുറുകെ പടിഞ്ഞാറോട്ട് നോക്കിക്കൊണ്ട് നിങ്ങൾ “സ്ത്രീ”യോടു കൂടെ നിൽക്കുന്നതായി സങ്കൽപ്പിക്കുക. എന്താണു കാണുന്നത്? അങ്ങ് ദൂരെ ഒരു കൂട്ടം വെള്ളപ്പൊട്ടുകളുടെ ഒരു മേഘം ജലോപരിതലത്തിനു മുകളിലൂടെ തെന്നിനീങ്ങി വരുന്നതായി കാണാം. അവ പക്ഷികളെ പോലെ തോന്നിക്കുന്നു. എന്നാൽ കൂടുതൽ അടുത്തുവരുമ്പോൾ, അവ പായ്ക്കപ്പലുകൾ ആണെന്നു കാണാനാകും. അവ ‘ദൂരത്തുനിന്നാണ്’ വന്നിരിക്കുന്നത്. a (യെശയ്യാവു 49:12) സീയോനു നേരെ അനവധി കപ്പലുകൾ പാഞ്ഞുവരുന്നതിനാൽ, അവ കൂടുകളിലേക്കു പറക്കുന്ന പ്രാവുകൾ പോലെ തോന്നിക്കുന്നു. ഈ കപ്പലുകൾ ഇത്ര ധൃതിയിൽ വരുന്നത് എന്തിനാണ്? വിദൂര തുറമുഖങ്ങളിൽ നിന്നുള്ള യഹോവയുടെ ആരാധകരെ എത്തിക്കാനുള്ള തിടുക്കത്തിലാണ് അവ. ആ പുതിയവരെല്ലാവരും—കിഴക്കുനിന്ന് അല്ലെങ്കിൽ പടിഞ്ഞാറുനിന്ന് ഉള്ളവരും സമീപ ദേശങ്ങളിൽ അല്ലെങ്കിൽ വിദൂര ദേശങ്ങളിൽ ഉള്ളവരും—തങ്ങളുടെ സർവസ്വവും തങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിനായി അർപ്പിക്കാൻ യെരൂശലേമിലേക്കു ധൃതിപ്പെട്ടു വരുകയാണ്.—യെശയ്യാവു 55:5.
13. ആധുനിക കാലങ്ങളിൽ ‘പുത്രന്മാരും’ ‘പുത്രിമാരും’ ആർ, ‘ജാതികളുടെ സമ്പത്ത്’ ആർ?
13 ഈ ലോകത്തിലെ അന്ധകാരത്തിൽ യഹോവയുടെ “സ്ത്രീ” പ്രകാശം ചൊരിയാൻ തുടങ്ങിയതിൽപ്പിന്നെ ഉണ്ടായിരിക്കുന്ന ലോകവ്യാപക വികസനത്തിന്റെ എത്ര വ്യക്തമായ ചിത്രമാണ് യെശയ്യാവു 60:4-9 വരച്ചുകാട്ടുന്നത്! ആദ്യം സ്വർഗീയ സീയോനിലെ ‘പുത്രന്മാരും’ ‘പുത്രിമാരും,’ അതായത് അഭിഷിക്ത ക്രിസ്ത്യാനികൾ ആയിത്തീർന്നവർ, വന്നു. അവർ 1931-ൽ പരസ്യമായി തങ്ങളെത്തന്നെ യഹോവയുടെ സാക്ഷികളായി തിരിച്ചറിയിച്ചു. തുടർന്ന് സൗമ്യരുടെ ഒരു വലിയ കൂട്ടം, ‘ജാതികളുടെ സമ്പത്തും’ ‘സമുദ്രത്തിന്റെ ധനവും,’ ക്രിസ്തുവിന്റെ സഹോദരന്മാരുടെ ശേഷിപ്പിനോടു ചേരാൻ ധൃതിപ്പെട്ടുവന്നു. b ഭൂമിയുടെ നാലു കോണുകളിൽനിന്നും എല്ലാ ജീവിത തുറകളിൽനിന്നും വരുന്ന യഹോവയുടെ ഈ ദാസന്മാരെല്ലാം തങ്ങളുടെ അഖിലാണ്ഡ കർത്താവായ യഹോവയെ സ്തുതിക്കുന്നതിലും മുഴു അഖിലാണ്ഡത്തിലും അവന്റെ അതിമഹത്തായ നാമം വാഴ്ത്തുന്നതിലും ദൈവത്തിന്റെ ഇസ്രായേലിനോടു ചേരുന്നു.
14. നവാഗതർ ‘[ദൈവത്തിന്റെ യാഗ]പീഠത്തിന്മേൽ വരുന്നത്’ എങ്ങനെ?
14 എന്നാൽ, ജനതകളിൽ നിന്നുള്ള ഈ നവാഗതർ “[ദൈവത്തിന്റെ യാഗ]പീഠത്തിന്മേൽ വരു”മെന്നതിന്റെ അർഥം എന്താണ്? യാഗപീഠത്തിന്മേൽ ഒരു യാഗം വെച്ചിരിക്കുന്നു എന്ന്. പൗലൊസ് അപ്പൊസ്തലൻ പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ യാഗം ഉൾപ്പെടുന്ന ഒരു പദപ്രയോഗം അവൻ ഉപയോഗിച്ചു: “ഞാൻ . . . നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.” (റോമർ 12:1) യഥാർഥ ക്രിസ്ത്യാനികൾ കഠിനശ്രമം ചെയ്യാൻ സന്നദ്ധരാണ്. (ലൂക്കൊസ് 9:23, 24) അവർ തങ്ങളുടെ സമയവും ഊർജവും കഴിവുകളും സത്യാരാധനയുടെ ഉന്നമനത്തിനു ചെലവിടുന്നു. (റോമർ 6:13) അങ്ങനെ ചെയ്യവേ, അവർ ദൈവത്തിനു സ്വീകാര്യമായ സ്തോത്രയാഗങ്ങൾ അർപ്പിക്കുന്നു. (എബ്രായർ 13:15) ചെറുപ്പക്കാരും പ്രായമുള്ളവരുമായ യഹോവയുടെ ദശലക്ഷക്കണക്കിന് ആരാധകർ ദൈവരാജ്യ താത്പര്യങ്ങൾ കഴിഞ്ഞിട്ടുള്ള സ്ഥാനമേ തങ്ങളുടെ വ്യക്തിഗത മോഹങ്ങൾക്കു നൽകുന്നുള്ളൂ! അവർ യഥാർഥ ആത്മത്യാഗത്തിന്റെ മനോഭാവം പ്രകടമാക്കുന്നു.—മത്തായി 6:33; 2 കൊരിന്ത്യർ 5:15.
നവാഗതർ വികസനത്തിൽ പങ്കെടുക്കുന്നു
15. (എ) പുരാതന കാലങ്ങളിൽ, അന്യജാതിക്കാരോടുള്ള ബന്ധത്തിൽ യഹോവ എങ്ങനെ കരുണ കാട്ടി? (ബി) ആധുനിക കാലത്ത് സത്യാരാധന ഉന്നമിപ്പിക്കുന്നതിൽ ‘അന്യജാതിക്കാർ’ പങ്കു വഹിച്ചിരിക്കുന്നത് എങ്ങനെ?
15 നവാഗതർ യഹോവയുടെ “സ്ത്രീ”യെ പിന്തുണയ്ക്കാൻ തങ്ങളുടെ വസ്തുവകകളും വ്യക്തിഗത സേവനങ്ങളും ലഭ്യമാക്കുന്നു. “അന്യജാതിക്കാർ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.” (യെശയ്യാവു 60:10) അന്യജാതിക്കാർ യെരൂശലേമിലെ നിർമാണ പ്രവർത്തനത്തിൽ സഹായിച്ച പൊ.യു.മു. ആറാം നൂറ്റാണ്ടിൽ യഹോവയുടെ കരുണ പ്രകടമാക്കപ്പെട്ടു. (എസ്രാ 3:7; നെഹെമ്യാവു 3:26) ഇന്നത്തെ വലിയ നിവൃത്തിയിൽ, “അന്യജാതിക്കാർ” അതായത് മഹാപുരുഷാരം സത്യാരാധന ഉന്നമിപ്പിക്കുന്നതിൽ അഭിഷിക്ത ശേഷിപ്പിനെ പിന്താങ്ങുന്നു. അവർ തങ്ങളുടെ ബൈബിൾ വിദ്യാർഥികളിൽ ക്രിസ്തീയ ഗുണങ്ങൾ നട്ടുവളർത്തുകയും അങ്ങനെ ക്രിസ്തീയ സഭകളെ കെട്ടുപണി ചെയ്യുകയും യഹോവയുടെ സംഘടനയുടെ നഗരതുല്യമായ “മതിലുകളെ” ബലവത്താക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 3:10-15) രാജ്യഹാളുകളുടെയും സമ്മേളനഹാളുകളുടെയും ബെഥേൽ ഭവനങ്ങളുടെയും നിർമാണത്തിൽ കഠിനമായി യത്നിച്ചുകൊണ്ട് അവർ അക്ഷരീയമായും നിർമാണ പ്രവർത്തനത്തിൽ ഏർപ്പെടുന്നു. അങ്ങനെ അവർ അഭിഷിക്ത ക്രിസ്ത്യാനികളോടു ചേർന്ന് യഹോവയുടെ സംഘടനയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കായി കരുതുന്നു.—യെശയ്യാവു 61:5.
16, 17. (എ) ദൈവത്തിന്റെ സംഘടനയുടെ “വാതിലുകൾ” തുറന്നിട്ടിരിക്കുന്നത് എങ്ങനെ? (ബി) ‘രാജാക്കന്മാർ’ സീയോനു ശുശ്രൂഷ ചെയ്തിരിക്കുന്നത് എങ്ങനെ? (സി) തുറന്നുകിടക്കാൻ യഹോവ ആഗ്രഹിക്കുന്ന “വാതിലുകൾ” അടയ്ക്കാൻ ശ്രമിക്കുന്നവർക്ക് എന്തു സംഭവിക്കും?
16 ഈ ആത്മീയ നിർമാണ പരിപാടിയുടെ ഫലമായി ഓരോ വർഷവും ലക്ഷക്കണക്കിന് ‘അന്യജാതിക്കാർ’ യഹോവയുടെ സംഘടനയോടൊത്ത് സഹവസിക്കാൻ തുടങ്ങുന്നു. ഇനിയും ധാരാളം പേർക്കായി കവാടം തുറന്നു കിടക്കുകയാണ്. യഹോവ ഇങ്ങനെ പറയുന്നു: “ജാതികളുടെ സമ്പത്തിനേയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.” (യെശയ്യാവു 60:11) ജാതികളുടെ സമ്പത്ത് സീയോനിലേക്കു കൊണ്ടുവരുന്നതിൽ നേതൃത്വമെടുക്കുന്ന ഈ ‘രാജാക്കന്മാർ’ ആരാണ്? പുരാതന കാലങ്ങളിൽ, സീയോനു ‘ശുശ്രൂഷ ചെയ്യാൻ’ യഹോവ ചില ഭരണാധികാരികളുടെ ഹൃദയങ്ങളെ പ്രേരിപ്പിക്കുകയുണ്ടായി. ഉദാഹരണത്തിന്, ആലയം പുനർനിർമിക്കുന്നതിന് യഹൂദന്മാരെ യെരൂശലേമിലേക്കു തിരികെ അയയ്ക്കാൻ കോരെശ് നേതൃത്വമെടുത്തു. പിൽക്കാലത്ത്, അർത്ഥഹ്ശഷ്ടാവ് വിഭവങ്ങൾ സംഭാവനയായി നൽകുകയും യെരൂശലേമിന്റെ മതിലുകൾ പുനർനിർമിക്കാൻ നെഹെമ്യാവിനെ അയയ്ക്കുകയും ചെയ്തു. (എസ്രാ 1:2, 3; നെഹെമ്യാവു 2:1-8) “രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു” എന്നു പറഞ്ഞിരിക്കുന്നത് എത്ര ശരിയാണ്. (സദൃശവാക്യങ്ങൾ 21:1) പ്രബലരായ രാജാക്കന്മാർ തന്റെ ഹിതത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ഇടയാക്കുന്നതിനു നമ്മുടെ ദൈവത്തിനു കഴിയും.
17 ആധുനിക കാലങ്ങളിൽ നിരവധി ‘രാജാക്കന്മാർ’ അഥവാ ലൗകിക അധികാരികൾ യഹോവയുടെ സംഘടനയുടെ “വാതിലുകൾ” അടയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ചിലർ ആ “വാതിലുകൾ” തുറന്നിരിക്കാൻ സഹായകമായ തീരുമാനങ്ങൾ ചെയ്തുകൊണ്ട് സീയോനു ശുശ്രൂഷ ചെയ്തിരിക്കുന്നു. (റോമർ 13:4) 1919-ൽ, ലൗകിക അധികാരികൾ ജോസഫ് എഫ്. റഥർഫോർഡിനെയും സഹകാരികളെയും അന്യായമായ തടവിൽനിന്നു മോചിപ്പിച്ചു. (വെളിപ്പാടു 11:13) സ്വർഗത്തിൽനിന്നു പുറത്താക്കപ്പെട്ടശേഷം സാത്താൻ അഴിച്ചുവിട്ട പീഡനമാകുന്ന പ്രളയത്തെ മനുഷ്യ ഗവൺമെന്റുകൾ “വിഴുങ്ങിക്കളഞ്ഞു.” (വെളിപ്പാടു 12:16) ചില ഗവൺമെന്റുകൾ ചിലപ്പോഴൊക്കെ യഹോവയുടെ സാക്ഷികളെ ഉദ്ദേശിച്ചു മാത്രം മതസഹിഷ്ണുത പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ശുശ്രൂഷ, സൗമ്യരുടെ കൂട്ടങ്ങൾക്ക് തുറന്നുകിടക്കുന്ന “വാതിലുക”ളിലൂടെ യഹോവയുടെ സംഘടനയിലേക്കു പ്രവേശിക്കുക എളുപ്പമാക്കിയിട്ടുണ്ട്. ഈ “വാതിലുകൾ” അടയ്ക്കാൻ ശ്രമിക്കുന്ന ശത്രുക്കൾക്ക് എന്തു സംഭവിക്കും? അവർ ഒരിക്കലും വിജയിക്കുകയില്ല. അവരെ കുറിച്ച് യഹോവ പറയുന്നു: “നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.” (യെശയ്യാവു 60:12) അങ്ങേയറ്റം വൈകിയാൽത്തന്നെ, ദൈവത്തിന്റെ “സ്ത്രീ”ക്കെതിരെ പോരാടുന്ന എല്ലാവരും—വ്യക്തികളാകട്ടെ സംഘടനകളാകട്ടെ—ആസന്നമായ അർമഗെദോൻ യുദ്ധത്തിൽ നശിക്കും.—വെളിപ്പാടു 16:14, 16.
18. (എ) ഇസ്രായേലിൽ വൃക്ഷങ്ങൾ തഴച്ചുവളരുമെന്ന വാഗ്ദാനത്താൽ എന്ത് അർഥമാക്കുന്നു? (ബി) ഇന്ന് ‘യഹോവയുടെ പാദസ്ഥാനം’ എന്താണ്?
18 ന്യായവിധിയുടെ ഈ മുന്നറിയിപ്പു നൽകിയശേഷം ആനന്ദത്തെയും സമൃദ്ധിയെയും സംബന്ധിച്ച വാഗ്ദാനങ്ങളെ കുറിച്ചു പ്രവചനം പറയുന്നു. “സ്ത്രീ”യോടു സംസാരിച്ചുകൊണ്ട് യഹോവ പ്രസ്താവിക്കുന്നു: “എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും.” (യെശയ്യാവു 60:13) തഴച്ചുവളരുന്ന വൃക്ഷങ്ങൾ മനോഹാരിതയുടെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകങ്ങളാണ്. (യെശയ്യാവു 41:19; 55:13) ഈ വാക്യത്തിലുള്ള ‘വിശുദ്ധമന്ദിരം,’ ‘പാദസ്ഥാനം’ എന്നീ പ്രയോഗങ്ങൾ യെരൂശലേമിലെ ആലയത്തെ സൂചിപ്പിക്കുന്നു. (1 ദിനവൃത്താന്തം 28:2; സങ്കീർത്തനം 99:5) എങ്കിലും, ക്രിസ്തുവിന്റെ യാഗത്തിന്റെ അടിസ്ഥാനത്തിൽ ആരാധനയിൽ യഹോവയെ സമീപിക്കാനുള്ള ക്രമീകരണമായ വലിയ ആത്മീയ ആലയത്തെ മുൻനിഴലാക്കുന്ന ഒരു പ്രതീകമാണ് യെരൂശലേമിലെ ആലയമെന്ന് പൗലൊസ് അപ്പൊസ്തലൻ വിശദീകരിച്ചു. (എബ്രായർ 8:1-5; 9:2-10, 23) ഇന്ന് യഹോവ തന്റെ “പാദസ്ഥാനത്തെ,” ഈ വലിയ ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരങ്ങളെ, മഹത്ത്വീകരിക്കുന്നു. സകല ജനതകളിലെയും ആളുകൾക്ക് അവിടെ സത്യാരാധനയിൽ പങ്കുപറ്റാൻ കഴിയേണ്ടതിന് അവ അവരെ ആകർഷിക്കുന്നു.—യെശയ്യാവു 2:1-4; ഹഗ്ഗായി 2:7.
19. എന്തു സമ്മതിക്കാൻ ശത്രുക്കൾ നിർബന്ധിതരാകും, ഏറ്റവും വൈകുന്നപക്ഷം അവർ അത് ചെയ്യുന്നത് എപ്പോൾ ആയിരിക്കും?
19 തുടർന്ന് എതിരാളികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് യഹോവ പറയുന്നു: “നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.” (യെശയ്യാവു 60:14) ദൈവത്തിന്റെ അനുഗ്രഹത്താൽ അവന്റെ ജനത്തിന്റെ വർധനവും ശ്രേഷ്ഠമായ ജീവിതരീതിയും കാണുമ്പോൾ, ചില എതിരാളികൾ വണങ്ങിക്കൊണ്ട് ദൈവത്തിന്റെ “സ്ത്രീ”യെ വിളിക്കാൻ പ്രേരിതരാകും. അതിന്റെ അർഥം, അഭിഷിക്ത ശേഷിപ്പും അവരുടെ സഹകാരികളും തീർച്ചയായും ദൈവത്തിന്റെ സ്വർഗീയ സംഘടനയെ, ‘യഹോവയുടെ നഗരത്തെ, യിസ്രായേലിൻ പരിശുദ്ധന്റെ സീയോനെ,’ പ്രതിനിധാനം ചെയ്യുന്നു എന്ന് സമ്മതിക്കാൻ അവർ നിർബന്ധിതരാകും, ഏറ്റവും വൈകുന്നപക്ഷം അർമഗെദോനിലെങ്കിലും.
ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കൽ
20. “സ്ത്രീ”യുടെ അവസ്ഥയിൽ എത്ര വലിയ മാറ്റം ഉണ്ടാകുന്നു?
20 യഹോവയുടെ “സ്ത്രീ”യുടെ അവസ്ഥയിൽ എത്ര വലിയ മാറ്റമാണ് ഉണ്ടാകുന്നത്! യഹോവ ഇങ്ങനെ പറയുന്നു: “ആരും കടന്നുപോകാതവണ്ണം നീ നിർജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിന്നു പകരം ഞാൻ നിന്നെ നിത്യമാഹാത്മ്യവും [“പ്രൗഢിയുററവളും,” “പി.ഒ.സി. ബൈ.”] തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും. നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.”—യെശയ്യാവു 60:15, 16.
21. (എ) പുരാതന യെരൂശലേം “പ്രൗഢിയുററ”തായിത്തീരുന്നത് എങ്ങനെ? (ബി) 1919 മുതൽ യഹോവയുടെ അഭിഷിക്ത ദാസന്മാർ ആസ്വദിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാം, അവർ “ജാതികളുടെ പാൽ” കുടിച്ചിരിക്കുന്നത് എങ്ങനെ?
21 പ്രതീകാത്മകമായി പറഞ്ഞാൽ, “ആരും കടന്നുപോകാതവണ്ണം” 70 വർഷക്കാലം പുരാതന യെരൂശലേം അസ്തിത്വത്തിൽ പോലുമില്ലാതായി. എന്നാൽ പൊ.യു.മു. 537 മുതൽ ആ നഗരത്തെ “പ്രൗഢിയുററ”താക്കിക്കൊണ്ട് യഹോവ അതിനെ ജനവാസമുള്ളത് ആക്കി. സമാനമായി, ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടടുത്ത് ദൈവത്തിന്റെ ഇസ്രായേലിന് ‘നിർജ്ജന’മെന്നു തോന്നിയ ശൂന്യതയുടെ ഒരു കാലഘട്ടം അനുഭവപ്പെട്ടു. എന്നാൽ, 1919-ൽ യഹോവ തന്റെ അഭിഷിക്ത ദാസന്മാരെ അടിമത്തത്തിൽനിന്നു തിരികെ വാങ്ങി. അന്നുമുതൽ അഭൂതപൂർവമായ വികസനവും ആത്മീയ സമൃദ്ധിയും നൽകി അവൻ അവരെ അനുഗ്രഹിച്ചിരിക്കുന്നു. സത്യാരാധന ഉന്നമിപ്പിക്കാൻ രാഷ്ട്രങ്ങളുടെ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് അവന്റെ ജനം “ജാതികളുടെ പാൽ” കുടിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഫലമായി ബൈബിളും ബൈബിൾ സാഹിത്യങ്ങളും നൂറുകണക്കിനു ഭാഷകളിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുക സാധ്യമായിരിക്കുന്നു. തന്മൂലം, ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുകയും യേശുക്രിസ്തു മുഖാന്തരം യഹോവ തങ്ങളുടെ രക്ഷകനും വീണ്ടെടുപ്പുകാരനും ആണെന്നു മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.—പ്രവൃത്തികൾ 5:31; 1 യോഹന്നാൻ 4:14.
സംഘടനാപരമായ അഭിവൃദ്ധി
22. എങ്ങനെയുള്ള പ്രത്യേക പുരോഗതിയാണ് യഹോവ വാഗ്ദാനം ചെയ്യുന്നത്?
22 യഹോവയുടെ ജനത്തിന്റെ അംഗസംഖ്യയിലെ വർധനവിനൊപ്പം സംഘടനാപരമായ പുരോഗതി സംഭവിച്ചിരിക്കുന്നതായും കാണാം. യഹോവ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഞാൻ താമ്രത്തിന്നു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.” (യെശയ്യാവു 60:17) താമ്രം മാറ്റി സ്വർണം കൊണ്ടുവരുന്നത് ഒരു പുരോഗതിയാണ്, പരാമർശിച്ചിരിക്കുന്ന മറ്റു ലോഹങ്ങളുടെ കാര്യത്തിലും അതു സത്യമാണ്. ഇതിനു ചേർച്ചയിൽ, അന്ത്യനാളുകളിൽ ഉടനീളം യഹോവയുടെ ജനം മെച്ചപ്പെട്ട സംഘടനാപരമായ പൊരുത്തപ്പെടുത്തലുകൾക്കു വിധേയരായിരിക്കുന്നു.
23, 24. മെച്ചപ്പെട്ട സംഘാടനപരമായ എന്തെല്ലാം ക്രമീകരണങ്ങളാണ് 1919 മുതൽ യഹോവയുടെ ജനം അനുഭവിച്ചിരിക്കുന്നത്?
23 മൂപ്പന്മാരെയും ഡീക്കന്മാരെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്ന ഒരു രീതിയാണ് 1919 കാലഘട്ടത്തിൽ സഭകളിൽ നിലവിലിരുന്നത്. എന്നാൽ ആ വർഷം, സഭയുടെ വയൽസേവന പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ഒരു സേവന ഡയറക്ടറെ ദിവ്യാധിപത്യപരമായി നിയമിച്ചു. എന്നാൽ, ചിലയിടങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മൂപ്പന്മാർ സേവന ഡയറക്ടറെ എതിർക്കുകയുണ്ടായി. 1932 ആയപ്പോഴേക്കും ആ അവസ്ഥയ്ക്കു മാറ്റം വന്നു. മൂപ്പന്മാരെയും ഡീക്കന്മാരെയും തിരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കാൻ വീക്ഷാഗോപുരം മാസികയിലൂടെ സഭകൾക്കു നിർദേശം ലഭിച്ചു. തുടർന്ന്, സേവന ഡയറക്ടറോടൊപ്പം പ്രവർത്തിക്കാൻ സഭകൾ ഒരു സേവന കമ്മിറ്റിയെ തിരഞ്ഞെടുക്കേണ്ടിയിരുന്നു. അതൊരു വലിയ പുരോഗതി ആയിരുന്നു.
24 സഭയിലെ എല്ലാ ദാസന്മാരെയും ദിവ്യാധിപത്യപരമായി നിയമിക്കുന്ന രീതി 1938-ൽ നിലവിൽ വന്നതോടെ, കൂടുതൽ “സ്വർണ്ണം” കൊണ്ടുവരപ്പെട്ടു. സഭയുടെ ചുമതല കമ്പനി ദാസന്റെയും (പിൽക്കാലത്ത്, സഭാദാസൻ) അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന മറ്റു ദാസന്മാരുടെയും കരങ്ങളിലായി, അവരെല്ലാം നിയമിക്കപ്പെട്ടത് “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ മേൽനോട്ടത്തിൽ ആയിരുന്നു. c (മത്തായി 24:45-47, NW) എന്നാൽ, സഭയുടെ മേൽനോട്ടം വഹിക്കേണ്ടത് ഒരു വ്യക്തിയല്ല മറിച്ച് മൂപ്പന്മാരുടെ ഒരു സംഘമാണ് എന്ന് 1972-ൽ ദൈവജനം തിരുവെഴുത്തുകളിൽനിന്നു മനസ്സിലാക്കി. (ഫിലിപ്പിയർ 1:1) സഭാതലത്തിലും ഭരണസംഘ തലത്തിലും മറ്റു ചില മാറ്റങ്ങൾ നിലവിൽ വന്നു. ഭരണസംഘ തലത്തിൽ ഉണ്ടായ മാറ്റത്തിന്റെ ഒരു ഉദാഹരണമാണ് 2000 ഒക്ടോബർ 7-ന് നടന്നത്. അന്ന്, വാച്ച്ടവർ സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെയും ബന്ധപ്പെട്ട മറ്റു കോർപ്പറേഷനുകളുടെയും ഡയറക്ടർമാരായി സേവിച്ചിരുന്ന ഭരണസംഘാംഗങ്ങൾ സ്വമേധയാ ആ സ്ഥാനങ്ങൾ വേണ്ടെന്നു വെച്ചതായി അറിയിക്കുകയുണ്ടായി. അങ്ങനെ, വിശ്വസ്തനും വിവേകിയുമായ അടിമയെ പ്രതിനിധാനം ചെയ്യുന്ന ഭരണസംഘത്തിന് “ദൈവത്തിന്റെ സഭ”യുടെയും അതിനോടൊത്തു സഹവസിക്കുന്ന വേറെ ആടുകളുടെയും മേലുള്ള ആത്മീയ മേൽനോട്ടത്തിനു കൂടുതൽ ശ്രദ്ധ നൽകാൻ സാധിക്കുന്നു. (പ്രവൃത്തികൾ 20:28) അത്തരം എല്ലാ ക്രമീകരണങ്ങളും പുരോഗതി തന്നെയാണ്. അവ യഹോവയുടെ സംഘടനയെ ബലപ്പെടുത്തുകയും അവന്റെ ആരാധകർക്ക് അനുഗ്രഹം കൈവരുത്തുകയും ചെയ്തിരിക്കുന്നു.
25. യഹോവയുടെ ജനത്തിന്റെ സംഘാടനപരമായ പുരോഗതിക്കു പിന്നിൽ ആരാണ്, അവർ എന്തെല്ലാം അനുഗ്രഹങ്ങൾ കൊയ്തിരിക്കുന്നു?
25 ഈ പുരോഗതികളുടെയെല്ലാം പിന്നിൽ ആരാണ്? ഏതെങ്കിലും മനുഷ്യരുടെ സംഘാടനപരമായ കഴിവിന്റെയോ വിദഗ്ധമായ ചിന്തയുടെയോ ഫലമാണോ അവ? അല്ല. കാരണം, ‘ഞാൻ സ്വർണ്ണം വരുത്തും’ എന്നു പ്രസ്താവിച്ചത് യഹോവയാണ്. ഉണ്ടായിട്ടുള്ള ഈ പുരോഗതികളെല്ലാം ദിവ്യ മാർഗനിർദേശത്തിന്റെ ഫലമാണ്. യഹോവയുടെ ജനം അവന്റെ മാർഗനിർദേശത്തിനു കീഴ്പെടുകയും പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്യുമ്പോൾ, അത് അവരുടെ അനുഗ്രഹങ്ങളിൽ കലാശിക്കും. അവരുടെ ഇടയിൽ സമാധാനം നിലനിൽക്കും, നീതിയോടുള്ള സ്നേഹം അവനെ സേവിക്കാൻ അവരെ പ്രേരിപ്പിക്കും.
26. സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന എന്തു മുഖമുദ്ര ശത്രുക്കൾ പോലും ശ്രദ്ധിക്കുന്നു?
26 ദൈവദത്ത സമാധാനത്തിന് പരിവർത്തന ശക്തിയുണ്ട്. യഹോവ ഈ വാഗ്ദാനം നൽകുന്നു: “ഇനി നിന്റെ ദേശത്തു സാഹസവും [“അക്രമവും,” NW] നിന്റെ അതിരിന്നകത്തു ശൂന്യവും നാശവും കേൾക്കയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ പറയും.” (യെശയ്യാവു 60:18) എത്ര സത്യം! സമാധാനം സത്യക്രിസ്ത്യാനികളുടെ മുഖമുദ്രയാണെന്നു ശത്രുക്കൾ പോലും സമ്മതിക്കുന്നു. (മീഖാ 4:3) യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഇടയിൽത്തന്നെയും ദൈവവുമായും ആസ്വദിക്കുന്ന ഈ സമാധാനം, ഓരോ ക്രിസ്തീയ യോഗസ്ഥലത്തെയും ഈ അക്രമാസക്ത ലോകത്തിലെ മരുപ്പച്ച ആക്കിത്തീർക്കുന്നു. (1 പത്രൊസ് 2:17) ഭൂവാസികളെല്ലാം “യഹോവയാൽ ഉപദേശിക്കപ്പെട്ട” വ്യക്തികൾ ആയിത്തീരുമ്പോൾ ഉണ്ടായിരിക്കുന്ന സമാധാനസമൃദ്ധിയുടെ ഒരു പൂർവവീക്ഷണമാണ് ഇത്.—യെശയ്യാവു 11:9; 54:13.
ദിവ്യ അംഗീകാരത്തിന്റെ മഹത്തായ വെളിച്ചം
27. യഹോവയുടെ “സ്ത്രീ”യുടെ മേൽ ഏതു നിത്യപ്രകാശം ശോഭിക്കുന്നു?
27 യെരൂശലേമിന്മേൽ പ്രകാശിക്കുന്ന വെളിച്ചത്തിന്റെ തീവ്രത സംബന്ധിച്ച് യഹോവ നൽകുന്ന ഒരു വിവരണമാണ് ഇത്: “ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു. നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യ പ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.” (യെശയ്യാവു 60:19, 20) യഹോവ തന്റെ “സ്ത്രീ”ക്ക് ‘നിത്യ പ്രകാശം’ ആയി തുടരും. അവൻ സൂര്യനെ പോലെ ‘അസ്തമിക്കുക’യോ ചന്ദ്രനെ പോലെ ‘മറഞ്ഞുപോകുക’യോ ഇല്ല. d അവന്റെ അംഗീകാരത്തിന്റെ നിത്യവെളിച്ചം ദൈവത്തിന്റെ “സ്ത്രീ”യുടെ മനുഷ്യ പ്രതിനിധികളായ അഭിഷിക്ത ക്രിസ്ത്യാനികളുടെമേൽ പ്രകാശിക്കുന്നു. ലോകത്തിലെ രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ യാതൊരു അന്ധകാരത്തിനും മൂടിക്കളയാനാവാത്ത ആത്മീയ വെളിച്ചത്തിന്റെ ശോഭ അവർ മഹാപുരുഷാരത്തോടൊപ്പം ആസ്വദിക്കുകയാണ്. യഹോവ അവരുടെ മുമ്പാകെ വെച്ചിരിക്കുന്ന ശോഭനമായ ഭാവിയിൽ അവർക്ക് ഉറച്ച വിശ്വാസമുണ്ട്.—റോമർ 2:7; വെളിപ്പാടു 21:3-5.
28. (എ) തിരിച്ചെത്തുന്ന യെരൂശലേം നിവാസികളെ കുറിച്ച് എന്തു വാഗ്ദാനം ചെയ്തിരിക്കുന്നു? (ബി) അഭിഷിക്ത ക്രിസ്ത്യാനികൾ 1919-ൽ എന്തു കൈവശമാക്കി? (സി) നീതിമാന്മാർ എത്രകാലത്തേക്കു ഭൂമിയെ കൈവശമാക്കും?
28 യെരൂശലേം നിവാസികളെ കുറിച്ച് യഹോവ ഇങ്ങനെ തുടർന്നു പറയുന്നു: “നിന്റെ ജനമൊക്കെയും നീതിമാന്മാരാകും; ഞാൻ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു അവർ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും.” (യെശയ്യാവു 60:21) അക്ഷരീയ ഇസ്രായേൽ ബാബിലോണിൽനിന്നു മടങ്ങിവന്നപ്പോൾ ‘ദേശം കൈവശമാക്കി.’ അവരുടെ കാര്യത്തിൽ ‘സദാകാലം’ എന്നത് പൊ.യു. ഒന്നാം നൂറ്റാണ്ടിൽ റോമൻ സൈന്യങ്ങൾ യെരൂശലേമിനെയും യഹൂദ ദേശത്തെയും നശിപ്പിച്ചതു വരെയുള്ള കാലഘട്ടം ആയിരുന്നു. 1919-ൽ അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പ് ആത്മീയ അടിമത്തത്തിൽനിന്നു പുറത്തുവരുകയും ഒരു ആത്മീയ ദേശം കൈവശമാക്കുകയും ചെയ്തു. (യെശയ്യാവു 66:8) ഈ ദേശത്തിന്റെ അഥവാ പ്രവർത്തന മണ്ഡലത്തിന്റെ പ്രത്യേകത, അതിന്റെ മങ്ങിപ്പോകാത്ത പറുദീസാതുല്യമായ ആത്മീയ സമൃദ്ധിയാണ്. പുരാതന ഇസ്രായേലിൽനിന്നു ഭിന്നമായി ഒരു കൂട്ടമെന്ന നിലയിൽ ആത്മീയ ഇസ്രായേൽ അവിശ്വസ്തത കാട്ടുകയില്ല. മാത്രമല്ല, ഭൂമി “സമാധാനസമൃദ്ധി” കളിയാടുന്ന ഒരു അക്ഷരീയ പറുദീസ ആയിത്തീരുമ്പോൾ യെശയ്യാവിന്റെ പ്രവചനത്തിന് ഒരു ഭൗതിക നിവൃത്തിയും ഉണ്ടാകും. അപ്പോൾ ഭൗമിക പ്രത്യാശയുള്ള നീതിമാന്മാർ ഭൂമിയെ എന്നേക്കും “കൈവശമാക്കും.”—സങ്കീർത്തനം 37:11, 29.
29, 30. “കുറഞ്ഞവൻ” ‘ആയിരം’ ആയിത്തീർന്നിരിക്കുന്നത് എങ്ങനെ?
29 യെശയ്യാവു 60-ാം അധ്യായത്തിന്റെ ഒടുവിൽ ഒരു മഹത്തായ വാഗ്ദാനം കാണാം. തന്റെ നാമത്തെ ചൊല്ലി യഹോവ അതിന് ഉറപ്പു നൽകുന്നു. അവൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” (യെശയ്യാവു 60:22) ചിതറിപ്പോയ അഭിഷിക്തർ 1919-ൽ പ്രവർത്തനത്തിലേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ അവർ “കുറഞ്ഞവൻ” ആയിരുന്നു. e എന്നാൽ ശേഷിക്കുന്ന ആത്മീയ ഇസ്രായേല്യർ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ അവരുടെ സംഖ്യ വർധിച്ചു. മഹാപുരുഷാരത്തിന്റെ കൂട്ടിച്ചേർക്കൽ തുടങ്ങിയതോടെ, അത്യധികമായ വർധനവ് ഉണ്ടായി.
30 അധികനാൾ കഴിയുന്നതിനു മുമ്പ്, ദൈവജനത്തിന്റെ ഇടയിൽ കളിയാടുന്ന നീതിയും സമാധാനവും പരമാർഥഹൃദയരായ അനേകരെ ആകർഷിക്കുകയും “ചെറിയവൻ” അക്ഷരാർഥത്തിൽത്തന്നെ ഒരു “മഹാജാതി” ആയിത്തീരുകയും ചെയ്തു. ഇപ്പോൾ അവരുടെ സംഖ്യ ലോകത്തിലെ പല പരമാധികാര രാഷ്ട്രങ്ങളിലെ ജനസംഖ്യയെക്കാളും അധികമാണ്. വ്യക്തമായും, യഹോവ യേശുക്രിസ്തു മുഖാന്തരം രാജ്യവേലയ്ക്കു നേതൃത്വം നൽകുകയും അതിന്റെ വേഗം വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു. സത്യാരാധനയുടെ ലോകവ്യാപക വികസനം കാണാനും അതിൽ ഒരു പങ്കുണ്ടായിരിക്കാനും കഴിയുന്നത് എത്ര പുളകപ്രദമാണ്! ഇക്കാര്യങ്ങൾ ദീർഘകാലം മുമ്പേ പ്രവചിച്ച യഹോവയ്ക്ക് ഈ വർധനവ് മഹത്ത്വം കൈവരുത്തുന്നു എന്നു മനസ്സിലാക്കുന്നത് നമുക്ക് എത്ര വലിയ സന്തോഷം കൈവരുത്തുന്നു.
[അടിക്കുറിപ്പുകൾ]
a ഇപ്പോൾ സ്പെയിൻ എന്നറിയപ്പെടുന്ന പ്രദേശത്ത് ആയിരിക്കാം തർശീശ് സ്ഥിതി ചെയ്തിരുന്നത്. എന്നിരുന്നാലും ചില പരാമർശ ഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച്, “തർശീശ്കപ്പലുകൾ” എന്ന പ്രയോഗം “തർശീശിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യം” ആയിരുന്ന തരം കപ്പലുകളെ—“ഉയർത്തി കെട്ടിയ പായുള്ള മഹാസമുദ്ര യാനങ്ങളെ”—പരാമർശിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈ കപ്പലുകൾ വിദൂര തുറമുഖങ്ങളിലേക്കു ദീർഘയാത്ര നടത്താൻ അനുയോജ്യമെന്ന് കരുതപ്പെട്ടിരുന്നു.—1 രാജാക്കന്മാർ 22:48.
b ആയിരത്തിത്തൊള്ളായിരത്തിമുപ്പതിനു മുമ്പുതന്നെ, തീക്ഷ്ണതയോടും ശുഷ്കാന്തിയോടും കൂടെ പ്രവർത്തിച്ചിരുന്ന ഭൗമിക പ്രത്യാശയുള്ള ക്രിസ്ത്യാനികൾ ദൈവത്തിന്റെ ഇസ്രായേലിനോടു സഹവസിച്ചിരുന്നു. എന്നാൽ അവരുടെ എണ്ണം ശ്രദ്ധേയമായി വർധിക്കാൻ തുടങ്ങിയത് 1930-കളിലാണ്.
c അക്കാലത്ത് പ്രാദേശിക സഭകളെ കമ്പനികൾ എന്നാണു വിളിച്ചിരുന്നത്.
d ‘പുതിയ യെരൂശലേമി’നെ, അതായത് സ്വർഗീയ മഹത്ത്വത്തിലുള്ള 1,44,000-ത്തെ, വർണിക്കവേ യോഹന്നാൻ അപ്പൊസ്തലൻ സമാനമായ ഭാഷ ഉപയോഗിക്കുന്നു. (വെളിപ്പാടു 3:12; 21:10, 22-26) അത് ഉചിതമാണ്. കാരണം, യേശുക്രിസ്തുവിനോടു കൂടെ ദൈവത്തിന്റെ “സ്ത്രീ”യുടെ, അതായത് “മീതെയുള്ള യെരൂശലേ”മിന്റെ, മുഖ്യ ഭാഗം ആയിത്തീരുന്ന, സ്വർഗീയ പ്രതിഫലം ലഭിച്ചുകഴിഞ്ഞ ദൈവത്തിന്റെ ഇസ്രായേലിലെ എല്ലാ അംഗങ്ങളെയും “പുതിയ യെരൂശലേം” പ്രതിനിധാനം ചെയ്യുന്നു.—ഗലാത്യർ 4:26.
e ഓരോ മാസവും പ്രസംഗവേലയിൽ പങ്കുപറ്റിയവരുടെ ശരാശരി എണ്ണം 1918-ൽ 4,000-ത്തിലും കുറവായിരുന്നു.
[അധ്യയന ചോദ്യങ്ങൾ]
?
[305-ാം പേജിലെ ചിത്രം]
‘എഴുന്നേൽക്കാൻ’ “സ്ത്രീ”ക്കു കൽപ്പന ലഭിക്കുന്നു
[312, 313 പേജുകളിലെ ചിത്രം]
“തർശീശ്കപ്പലുകൾ” യഹോവയുടെ ആരാധകരെ കൊണ്ടുവരുന്നു