അധ്യായം 28
യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?
മത്തായി 9:14-17; മർക്കോസ് 2:18-22; ലൂക്കോസ് 5:33-39
-
ഉപവാസത്തെക്കുറിച്ച് യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനോടു ചോദിക്കുന്നു
യേശു എ.ഡി. 30-ലെ പെസഹ ആഘോഷിച്ച് താമസിയാതെയാണ് സ്നാപകയോഹന്നാൻ ജയിലിലാകുന്നത്. അദ്ദേഹം ഇപ്പോഴും ജയിലിൽത്തന്നെയാണ്. തന്റെ ശിഷ്യന്മാർ യേശുവിന്റെ അനുഗാമികളാകണമെന്നാണു യോഹന്നാന്റെ ആഗ്രഹം. പക്ഷേ യോഹന്നാൻ ജയിലിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ശിഷ്യന്മാർ എല്ലാവരും യേശുവിന്റെ അനുഗാമികളായിട്ടില്ല.
ഇപ്പോൾ എ.ഡി. 31-ലെ പെസഹയ്ക്കുള്ള സമയം അടുക്കുകയാണ്. അപ്പോൾ യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർ യേശുവിന്റെ അടുക്കൽ വന്ന് ഇങ്ങനെ ചോദിക്കുന്നു: “ഞങ്ങളും പരീശന്മാരും പതിവായി ഉപവസിക്കാറുണ്ട്. പക്ഷേ അങ്ങയുടെ ശിഷ്യന്മാർ എന്താണ് ഉപവസിക്കാത്തത്?” (മത്തായി 9:14) പരീശന്മാർ ഉപവസിക്കുന്നത് ഒരു മതാചാരമായിട്ടാണ്. പിന്നീട് സ്വയനീതിക്കാരനായ ഒരു പരീശൻ ഇതെക്കുറിച്ച് പ്രാർഥിക്കുന്നതായിപ്പോലും യേശു ഒരു ദൃഷ്ടാന്തത്തിൽ പറഞ്ഞു. ‘ദൈവമേ, ഞാൻ മറ്റെല്ലാവരെയുംപോലെ അല്ലാത്തതുകൊണ്ട് അങ്ങയോടു നന്ദി പറയുന്നു. ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു’ എന്നാണ് അയാൾ പ്രാർഥിക്കുന്നത്. (ലൂക്കോസ് 18:11, 12) യോഹന്നാന്റെ ശിഷ്യന്മാർ ഉപവസിക്കുന്നതും ഒരു ആചാരമെന്നപോലെയായിരിക്കാം. അതല്ലെങ്കിൽ യോഹന്നാൻ ജയിലിലായതിന്റെ സങ്കടം കാരണമായിരിക്കാം അവർ ഉപവസിക്കുന്നത്. യോഹന്നാന് ഇങ്ങനെ സംഭവിച്ചിട്ടും യേശുവിന്റെ ശിഷ്യന്മാർ ദുഃഖാചരണമായി ഉപവസിക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ ചിന്തിക്കുന്നു.
യേശു ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് മറുപടി പറയുന്നു: “മണവാളൻ കൂടെയുള്ളപ്പോൾ അയാളുടെ കൂട്ടുകാർ എന്തിനു ദുഃഖിക്കണം? എന്നാൽ മണവാളനെ അവരുടെ അടുത്തുനിന്ന് കൊണ്ടുപോകുന്ന കാലം വരും. അപ്പോൾ അവർ ഉപവസിക്കും.”—മത്തായി 9:15.
യോഹന്നാൻതന്നെ യേശുവിനെക്കുറിച്ച് മണവാളൻ എന്നു പറഞ്ഞിട്ടുണ്ട്. (യോഹന്നാൻ 3:28, 29) അതുകൊണ്ട് യേശു കൂടെയുള്ളപ്പോൾ യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കുന്നില്ല. പിന്നീട് യേശു മരിക്കുമ്പോൾ ശിഷ്യന്മാർ ദുഃഖിക്കും; അവർക്ക് ആഹാരം കഴിക്കാൻ ആഗ്രഹമുണ്ടായിരിക്കില്ല. പക്ഷേ യേശുവിന്റെ പുനരുത്ഥാനത്തോടെ കാര്യങ്ങൾ മാറും! ദുഃഖിച്ച് ഉപവസിക്കേണ്ട ഒരു കാര്യവും പിന്നീട് ഉണ്ടായിരിക്കില്ല.
അടുത്തതായി യേശു രണ്ട് ദൃഷ്ടാന്തം പറയുന്നു: “പഴയ വസ്ത്രത്തിൽ ആരും പുതിയ തുണിക്കഷണം തുന്നിച്ചേർക്കാറില്ല. കാരണം ആ തുണിക്കഷണം ചുരുങ്ങുമ്പോൾ അതു പഴയ വസ്ത്രത്തെ വലിച്ചിട്ട് കീറൽ കൂടുതൽ വലുതാകും. അതുപോലെ, ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറുമില്ല. അങ്ങനെ ചെയ്താൽ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും. തുരുത്തിയും നശിക്കും. പുതിയ വീഞ്ഞു പുതിയ തുരുത്തിയിലാണ് ഒഴിച്ചുവെക്കുന്നത്.” (മത്തായി 9:16, 17) എന്താണ് യേശു അർഥമാക്കുന്നത്?
യേശുവിന്റെ അനുഗാമികൾ ആചാരപരമായ ഉപവാസംപോലെ ജൂതമതത്തിലെ പഴയ ആചാരങ്ങളോടു പറ്റിനിൽക്കുന്നില്ല. അവർ അങ്ങനെ ചെയ്യാൻ ആരും പ്രതീക്ഷിക്കരുതെന്നു സ്നാപകയോഹന്നാന്റെ ശിഷ്യന്മാർക്കു വ്യക്തമാക്കിക്കൊടുക്കാൻ ശ്രമിക്കുകയാണ് യേശു. പഴയതും കാലഹരണപ്പെട്ടതും ഉപേക്ഷിച്ചുകളയാൻപോകുന്നതും ആയ ഒരു ആരാധനാസമ്പ്രദായം മെച്ചപ്പെടുത്തിയെടുക്കാനും നിലനിറുത്താനും അല്ല യേശു വന്നത്. അന്നത്തെ ജൂതമതവുമായും അതിലെ പാരമ്പര്യങ്ങളുമായും ഒത്തുപോകുന്ന ഒരു ആരാധനയല്ല യേശു പ്രോത്സാഹിപ്പിക്കുന്നത്. ഒരു പഴയ വസ്ത്രത്തോടു പുതിയ തുണിക്കഷണം തുന്നിച്ചേർക്കാനോ ഇലാസ്തികത നഷ്ടപ്പെട്ട് വഴക്കമില്ലാതായ പഴയ വീഞ്ഞുതുരുത്തിയിൽ പുതിയ വീഞ്ഞ് ഒഴിക്കാനോ അല്ല യേശു ശ്രമിക്കുന്നത്.