അധ്യായം 38
യേശുവിൽനിന്നു കേൾക്കാൻ യോഹന്നാൻ ആഗ്രഹിക്കുന്നു
മത്തായി 11:2-15; ലൂക്കോസ് 7:18-30
-
യേശുവിന്റെ പങ്കിനെക്കുറിച്ച് സ്നാപകയോഹന്നാൻ ചോദിക്കുന്നു
-
യേശു യോഹന്നാനെ പ്രശംസിക്കുന്നു
ഏതാണ്ട് ഒരു വർഷമായി സ്നാപകയോഹന്നാൻ ജയിലിലാണ്. പക്ഷേ, യേശു ചെയ്യുന്ന അത്ഭുതങ്ങളെക്കുറിച്ചൊക്കെ യോഹന്നാൻ കേൾക്കുന്നുണ്ട്. നയിനിലെ വിധവയുടെ മകനെ യേശു ഉയിർപ്പിച്ച കാര്യം ശിഷ്യന്മാർ പറയുമ്പോൾ യോഹന്നാന് എന്തായിരിക്കും തോന്നുന്നതെന്ന് ആലോചിച്ചു നോക്കൂ! പക്ഷേ ഇതിന്റെയെല്ലാം അർഥം എന്താണെന്ന് യേശുവിൽനിന്ന് നേരിട്ടു കേൾക്കാൻ യോഹന്നാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് അദ്ദേഹം രണ്ടു ശിഷ്യന്മാരെ അയയ്ക്കുന്നു. എന്തിനാണ്? “വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ” എന്നു യേശുവിനോടു ചോദിക്കാൻ.—ലൂക്കോസ് 7:19.
ആ ചോദ്യം വിചിത്രമായ ഒന്നാണെന്നു തോന്നുന്നുണ്ടോ? യോഹന്നാൻ ഒരു ദൈവഭക്തനാണ്. രണ്ടു വർഷം മുമ്പ് യേശുവിനെ സ്നാനപ്പെടുത്തുമ്പോൾ ദൈവാത്മാവ് യേശുവിന്റെ മേൽ വരുന്നതു യോഹന്നാൻ കണ്ടതാണ്. യേശുവിനു ദൈവാംഗീകാരം ഉണ്ടെന്നു പറയുന്ന ശബ്ദം യോഹന്നാൻ കേട്ടതുമാണ്. എന്തായാലും യോഹന്നാന്റെ വിശ്വാസം ക്ഷയിച്ചുപോയെന്നു ചിന്തിക്കാൻ കാരണമൊന്നും ഇല്ല. അല്ലായിരുന്നെങ്കിൽ യോഹന്നാനെക്കുറിച്ച് യേശു ഇപ്പോൾ ഇത്രയധികം പുകഴ്ത്തിപ്പറയില്ലായിരുന്നല്ലോ. പക്ഷേ യോഹന്നാനു സംശയമൊന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് യേശുവിനെക്കുറിച്ച് ഇങ്ങനെ ചോദിക്കുന്നത്?
യേശുവാണു മിശിഹ എന്നതിനു യേശുവിൽനിന്നുതന്നെ തെളിവു ലഭിക്കാൻ യോഹന്നാൻ ചിലപ്പോൾ ആഗ്രഹിക്കുന്നുണ്ടാകും. ജയിലിലെ ദുരിതത്തിനിടയിൽ ഇതു യോഹന്നാനു ശക്തി പകരും. സാധ്യതയനുസരിച്ച് യോഹന്നാൻ ആ ചോദ്യം ചോദിക്കുന്നതിനു മറ്റൊരു കാരണവുമുണ്ട്. ദൈവത്തിന്റെ അഭിഷിക്തൻ ഒരു രാജാവും വിമോചകനും ആകുമെന്നുള്ള ബൈബിൾ പ്രവചനങ്ങൾ യോഹന്നാന് അറിയാം. യേശുവിനെ സ്നാനപ്പെടുത്തിയിട്ട് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷേ യോഹന്നാൻ ഇപ്പോഴും ജയിലിലാണ്. അതുകൊണ്ട് മിശിഹ ചെയ്യുമെന്നു മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളൊക്കെ പൂർണമായി നിറവേറ്റാൻ യേശുവിന്റെ പിൻഗാമിയായിട്ടു മറ്റൊരാൾ വരുമോ എന്നു യോഹന്നാൻ ചോദിക്കുന്നു.
യോഹന്നാന്റെ ശിഷ്യന്മാരോട് ‘തീർച്ചയായും ആ വരാനിരിക്കുന്നവൻ ഞാൻതന്നെയാണ് ’ എന്നു പറയുന്നതിനു പകരം തനിക്കു ദൈവത്തിന്റെ അംഗീകാരമുണ്ടെന്നു തെളിയിക്കാൻ യേശു എല്ലാ തരം അസുഖങ്ങളും രോഗങ്ങളും ഉള്ള അനേകരെ സുഖപ്പെടുത്തുന്നു. പിന്നെ യേശു ആ ശിഷ്യന്മാരോടു പറയുന്നു: “നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്, പോയി യോഹന്നാനെ അറിയിക്കുക: അന്ധർ കാണുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു, ദരിദ്രരോടു സന്തോഷവാർത്ത അറിയിക്കുന്നു.”—മത്തായി 11:4, 5.
യോഹന്നാന്റെ ചോദ്യം കേൾക്കുമ്പോൾ, യേശു ഇപ്പോൾ ചെയ്യുന്നതിലും കൂടുതലായി എന്തെങ്കിലും ഒക്കെ ചെയ്യുമെന്നും ഒരുപക്ഷേ യോഹന്നാനെ ജയിലിൽനിന്ന് മോചിപ്പിക്കുമെന്നും യോഹന്നാൻ പ്രതീക്ഷിക്കുന്നതായി തോന്നുന്നു. എന്നാൽ താൻ ഇപ്പോൾ ചെയ്യുന്നതിലും കൂടുതലായ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കരുതെന്നു യേശു യോഹന്നാനോടു പറയുന്നു.
യോഹന്നാന്റെ ശിഷ്യന്മാർ പോകുമ്പോൾ യോഹന്നാൻ വെറുമൊരു പ്രവാചകനല്ല എന്ന് യേശു ജനക്കൂട്ടത്തോടു പറയുന്നു. മലാഖി 3:1-ൽ യഹോവ മുൻകൂട്ടിപ്പറഞ്ഞ ‘സന്ദേശവാഹകനാണ്’ യോഹന്നാൻ. മലാഖി 4:5, 6-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ഏലിയ പ്രവാചകനുമാണ് അദ്ദേഹം. യേശു വിശദീകരിക്കുന്നു: “സ്ത്രീകൾക്കു ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവനായി ആരും എഴുന്നേറ്റിട്ടില്ല. എന്നാൽ സ്വർഗരാജ്യത്തിലെ ചെറിയവരിൽ ഒരാൾപ്പോലും യോഹന്നാനെക്കാൾ വലിയവനാണ് എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്തായി 11:11.
സ്വർഗരാജ്യത്തിലെ ചെറിയവൻപോലും യോഹന്നാനെക്കാൾ വലിയവനാണെന്നു പറഞ്ഞപ്പോൾ യോഹന്നാൻ സ്വർഗരാജ്യത്തിൽ കാണില്ല എന്നു യേശു വ്യക്തമാക്കുകയായിരുന്നു. യോഹന്നാൻ യേശുവിനു വഴിയൊരുക്കിയെങ്കിലും സ്വർഗത്തിലേക്കു പോകാനുള്ള വഴി യേശു തുറക്കുന്നതിനു മുമ്പേ യോഹന്നാൻ മരിക്കുന്നു. (എബ്രായർ 10:19, 20) യോഹന്നാൻ പക്ഷേ ദൈവത്തിന്റെ ഒരു വിശ്വസ്തപ്രവാചകനാണ്. ദൈവരാജ്യത്തിൽ ഭൂമിയിൽ താമസിക്കുന്ന ഒരു പ്രജയായിരിക്കുകയും ചെയ്യും.