അധ്യായം 79
നാശം വരാൻപോകുന്നത് എന്തുകൊണ്ട്?
-
രണ്ടു ദുരന്തങ്ങളിൽനിന്നുള്ള പാഠം
-
കൂനിയായ ഒരു സ്ത്രീയെ യേശു ശബത്തിൽ സുഖപ്പെടുത്തുന്നു
ദൈവവുമായി ആളുകൾക്കുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാൻ യേശു അവരെ പ്രേരിപ്പിച്ചു. യേശു പല രീതിയിൽ അതിനു ശ്രമിക്കുന്നു. പരീശന്റെ വീടിന്റെ പുറത്ത് കൂടിവന്ന ആളുകളോടു സംസാരിച്ചശേഷം യേശുവിനു വീണ്ടും ഒരു അവസരം കിട്ടുന്നു.
ഒരു ദുരന്തത്തെക്കുറിച്ച് അവരിൽ ചിലർ യേശുവിനോടു പറയുന്നു. “ബലി അർപ്പിക്കാൻ ചെന്ന ചില ഗലീലക്കാരെ (റോമൻ ഗവർണറായ പൊന്തിയൊസ്) പീലാത്തൊസ് കൊന്ന”തിനെക്കുറിച്ചാണ് അത്. (ലൂക്കോസ് 13:1) എന്തിനായിരിക്കും അവർ അതു പറഞ്ഞത്?
യരുശലേമിലേക്കു വെള്ളം കൊണ്ടുവരാനുള്ള ഒരു കനാൽ പണിയാൻവേണ്ടി പീലാത്തൊസ് ആലയഭണ്ഡാരത്തിലെ പണം ഉപയോഗിച്ചപ്പോൾ ആയിരക്കണക്കിനു ജൂതന്മാർ പ്രതിഷേധിക്കുകയും അവരിൽ ചിലർ കൊല്ലപ്പെടുകയും ചെയ്തു. ആ ഗലീലക്കാരക്കുറിച്ചായിരിക്കാം ഇവർ പറയുന്നത്. പീലാത്തൊസ് ഈ പണം ഉപയോഗിച്ചത് ആലയത്തിലെ ചില അധികാരികളുടെ സമ്മതത്തോടെയായിരിക്കാം. മോശമായ എന്തൊക്കെയോ ചെയ്തിട്ടാണ് ആ ഗലീലക്കാർക്ക് ഇങ്ങനെയൊരു ദുരന്തമുണ്ടായത് എന്നാണ് ഇവർ കരുതുന്നത്. പക്ഷേ യേശു അതിനോടു യോജിക്കുന്നില്ല.
യേശു അവരോട്, “ആ ഗലീലക്കാർ മറ്റെല്ലാ ഗലീലക്കാരെക്കാളും പാപികളായതുകൊണ്ടാണ് അവർക്ക് ഇതു സംഭവിച്ചതെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ” എന്നു ചോദിക്കുന്നു. അങ്ങനെയല്ലെന്ന് യേശുതന്നെ പറയുന്നു. എന്നാൽ അതിനെ അടിസ്ഥാനമാക്കി യേശു ജൂതന്മാർക്ക് ഒരു മുന്നറിയിപ്പു കൊടുക്കുന്നു: “മാനസാന്തരപ്പെടുന്നില്ലെങ്കിൽ നിങ്ങളും അവരെപ്പോലെ മരിക്കും.” (ലൂക്കോസ് 13:2, 3) എന്നിട്ട്, ഒരുപക്ഷേ അടുത്തകാലത്ത് നടന്ന മറ്റൊരു ദുരന്തത്തെക്കുറിച്ച് യേശു പറയുന്നു. കനാലിന്റെ പണിയോടു ബന്ധപ്പെട്ട് ഉണ്ടായ ഒരു ദുരന്തമായിരിക്കാം അത്. യേശു ചോദിക്കുന്നു:
“ശിലോഹാമിലെ ഗോപുരം വീണ് മരിച്ച 18 പേർ യരുശലേമിൽ താമസിക്കുന്ന മറ്റെല്ലാവരെക്കാളും പാപികളാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?” (ലൂക്കോസ് 13:4) ആ ആളുകൾ ചെയ്ത എന്തെങ്കിലും മോശമായ കാര്യംകൊണ്ടാണ് അവർക്ക് അതു സംഭവിച്ചത് എന്നായിരിക്കാം ജനക്കൂട്ടം കരുതുന്നത്. പക്ഷേ യേശു അതിനോടും യോജിക്കുന്നില്ല. “സമയവും അപ്രതീക്ഷിതസംഭവങ്ങളും” ആയിരിക്കാം ഈ ദുരന്തത്തിനു കാരണമെന്നു യേശുവിന് അറിയാം. (സഭാപ്രസംഗകൻ 9:11) പക്ഷേ ആളുകൾ ഇതിൽനിന്ന് ഒരു പാഠം ഉൾക്കൊള്ളണം. യേശു പറയുന്നു: “മാനസാന്തരപ്പെടുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അവരെപ്പോലെ മരിക്കും.” (ലൂക്കോസ് 13:5) എന്തുകൊണ്ടാണ് യേശു ഇപ്പോൾ ഇക്കാര്യം വീണ്ടും പറയുന്നത്?
യേശുവിന്റെ ശുശ്രൂഷ ഇപ്പോൾ ഏതു ഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നതുമായി അതിനു ബന്ധമുണ്ട്. യേശു അത് ഒരു ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കുന്നു: “ഒരാൾ അയാളുടെ മുന്തിരിത്തോട്ടത്തിൽ ഒരു അത്തി നട്ടിരുന്നു. അതു കായ്ച്ചോ എന്നു നോക്കാൻ അയാൾ ചെന്നപ്പോൾ അതിൽ ഒന്നുമില്ല. അപ്പോൾ അയാൾ തോട്ടത്തിലെ പണിക്കാരനോടു പറഞ്ഞു: ‘ഞാൻ മൂന്നു വർഷമായി ഈ അത്തി കായ്ച്ചോ എന്നു നോക്കുന്നു. പക്ഷേ ഒരു കായ്പോലും കണ്ടില്ല. ഇതു വെട്ടിക്കളയ്! വെറുതേ എന്തിനു സ്ഥലം പാഴാക്കണം!’ അപ്പോൾ പണിക്കാരൻ പറഞ്ഞു: ‘യജമാനനേ, ഒരു വർഷംകൂടെ ഇതു നിൽക്കട്ടെ. ഞാൻ ഇതിനു ചുറ്റും കിളച്ച് വളമിട്ടുനോക്കാം. ഇതു കായ്ച്ചാൽ നല്ലതല്ലേ? കായ്ക്കുന്നില്ലെങ്കിൽ വെട്ടിക്കളയാം.’”—ലൂക്കോസ് 13:6-9.
ജൂതന്മാരുടെ വിശ്വാസം വളർത്തിയെടുക്കാൻവേണ്ടി മൂന്നു വർഷത്തിലേറെയായി യേശു ശ്രമിക്കുകയാണ്. പക്ഷേ കുറച്ച് പേർ മാത്രമേ ശിഷ്യന്മാരായിട്ടുള്ളൂ. അതിനെ യേശുവിന്റെ അധ്വാനത്തിന്റെ ഫലമായി കണക്കാക്കാം. ഇപ്പോൾ യേശുവിന്റെ ശുശ്രൂഷ നാലാം വർഷത്തിലേക്കു കടന്നിരിക്കുന്നു. യേശു ഊർജസ്വലമായി പ്രവർത്തിക്കുകയാണ്. യഹൂദ്യയിലും പെരിയയിലും പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് യേശു ജൂതന്മാരാകുന്ന അത്തിയുടെ ചുവട്ടിൽ കിളച്ച് വളമിടുകയാണ്. അതു ഫലം കണ്ടോ? വളരെ കുറച്ച് ജൂതന്മാർ മാത്രമേ അനുകൂലമായി പ്രതികരിച്ചുള്ളൂ. പക്ഷേ ഒരു ജനതയെന്ന നിലയിൽ അവർ മാനസാന്തരപ്പെടാൻ കൂട്ടാക്കുന്നില്ല. അതുകൊണ്ട് അവരെ കാത്തിരിക്കുന്നതു നാശമാണ്.
അവരിൽ മിക്കവരുടെയും ആ മനോഭാവം അധികം താമസിയാതെ വീണ്ടും വെളിച്ചത്ത് വരുന്നു. ഒരു ശബത്തുദിവസം ലൂക്കോസ് 13:12) എന്നിട്ട് യേശു ആ സ്ത്രീയെ തൊടുന്നു. ഉടനെ അവർ നിവർന്നുനിന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.
യേശു സിനഗോഗിൽ പഠിപ്പിക്കുകയാണ്. ഭൂതം ബാധിച്ചതുകൊണ്ട് 18 വർഷമായി ഒട്ടും നിവരാൻ കഴിയാതെ കൂനിയായി കഴിഞ്ഞിരുന്ന ഒരു സ്ത്രീയെ യേശു അവിടെ കാണുന്നു. അവരോട് അനുകമ്പ തോന്നിയിട്ട് യേശു, “നിന്റെ വൈകല്യത്തിൽനിന്ന് നീ മോചിതയായിരിക്കുന്നു” എന്നു പറയുന്നു. (ഇതു കണ്ട് സിനഗോഗിന്റെ അധ്യക്ഷനു ദേഷ്യം വരുന്നു. അയാൾ പറയുന്നു: “ജോലി ചെയ്യാൻ ആറു ദിവസമുണ്ട്. വേണമെങ്കിൽ ആ ദിവസങ്ങളിൽ വന്ന് സുഖപ്പെട്ടുകൊള്ളണം. ശബത്തിൽ ഇതൊന്നും പാടില്ല.” (ലൂക്കോസ് 13:14) ആളുകളെ സുഖപ്പെടുത്താൻ യേശുവിനു ശക്തിയില്ല എന്നൊന്നും അയാൾ കരുതുന്നില്ല. സുഖപ്പെടാൻവേണ്ടി ആളുകൾ ശബത്തിൽ വരുന്നതിനെയാണ് അയാൾ കുറ്റപ്പെടുത്തുന്നത്. പക്ഷേ യേശു അതെക്കുറിച്ച് ഇങ്ങനെ ന്യായവാദം ചെയ്യുന്നു: “കപടഭക്തരേ, നിങ്ങളെല്ലാം ശബത്തിൽ നിങ്ങളുടെ കാളയെയും കഴുതയെയും തൊഴുത്തിൽനിന്ന് അഴിച്ച് പുറത്ത് കൊണ്ടുപോയി വെള്ളം കൊടുക്കാറില്ലേ? അങ്ങനെയെങ്കിൽ അബ്രാഹാമിന്റെ മകളും സാത്താൻ 18 വർഷമായി ബന്ധനത്തിൽ വെച്ചിരുന്നവളും ആയ ഈ സ്ത്രീയെ ശബത്തുദിവസത്തിൽ ആ ബന്ധനത്തിൽനിന്ന് മോചിപ്പിക്കുന്നതു ന്യായമല്ലേ?”—ലൂക്കോസ് 13:15, 16.
അതു കേട്ട് എതിരാളികൾ നാണംകെട്ടുപോകുന്നു. പക്ഷേ ജനം, യേശു ചെയ്യുന്ന അത്ഭുതകാര്യങ്ങളിൽ സന്തോഷിക്കുന്നു. തുടർന്ന് യേശു സ്വർഗരാജ്യത്തെക്കുറിച്ച് മുമ്പ് പറഞ്ഞ രണ്ട് ദൃഷ്ടാന്തങ്ങൾ ഇവിടെ യഹൂദ്യയിൽ വീണ്ടും പറയുന്നു. ഗലീലക്കടലിൽ വള്ളത്തിൽവെച്ചാണ് പ്രാവചനികമായ അർഥമുള്ള ആ ദൃഷ്ടാന്തങ്ങൾ യേശു മുമ്പ് പറഞ്ഞത്.—മത്തായി 13:31-33; ലൂക്കോസ് 13:18-21.