അധ്യായം 96
ധനികനായ ഒരു പ്രമാണിക്ക് യേശു നൽകുന്ന ഉത്തരം
മത്തായി 19:16-30; മർക്കോസ് 10:17-31; ലൂക്കോസ് 18:18-30
-
നിത്യജീവനെക്കുറിച്ച് ധനികനായ ഒരാൾ ചോദിക്കുന്നു
യേശു പെരിയയിലൂടെ യരുശലേമിലേക്കുള്ള യാത്ര തുടരുന്നു. ഒരു ധനികനായ ചെറുപ്പക്കാരൻ യേശുവിന്റെ അടുത്തേക്ക് ഓടി വന്ന് യേശുവിന്റെ കാൽക്കൽ വീഴുന്നു. അയാൾ “ഒരു പ്രമാണി” ആയിരുന്നു, സാധ്യതയനുസരിച്ച് സിനഗോഗിലെ ഒരു അധ്യക്ഷനോ സൻഹെദ്രിനിലെ ഒരു അംഗമോ. “നല്ലവനായ ഗുരുവേ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്താണു ചെയ്യേണ്ടത് ” എന്ന് അയാൾ ചോദിക്കുന്നു.—ലൂക്കോസ് 8:41; 18:18; 24:20.
മറുപടിയായി യേശു, “താങ്കൾ എന്താണ് എന്നെ നല്ലവൻ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല” എന്നു പറയുന്നു. (ലൂക്കോസ് 18:19) ‘നല്ലവൻ’ എന്നത് ഒരു സ്ഥാനപ്പേരായിട്ടായിരിക്കാം അയാൾ ഉപയോഗിച്ചത്. ഇതുപോലുള്ള സ്ഥാനപ്പേരുകൾ ഉപയോഗിച്ചാണ് റബ്ബിമാരെ അഭിസംബോധന ചെയ്തിരുന്നത്. യേശു ഒരു നല്ല അധ്യാപകനായിരുന്നെങ്കിലും, ‘നല്ലവൻ’ എന്ന സ്ഥാനപ്പേര് ദൈവത്തിനു മാത്രമേ യോജിക്കുകയുള്ളെന്ന് യേശു പറയുകയായിരുന്നു.
തുടർന്ന് യേശു അയാളോടു പറയുന്നു: “ജീവൻ ലഭിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ ദൈവകല്പനകൾ അനുസരിച്ച് ജീവിക്കുക.” “ഏതെല്ലാം കല്പനകൾ” എന്ന് അയാൾ ചോദിച്ചപ്പോൾ യേശു പത്തു കല്പനകളിൽ അഞ്ചെണ്ണം എടുത്തു പറയുന്നു—കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷി പറയരുത്, അപ്പനെയും അമ്മയെയും ബഹുമാനിക്കുക. കൂടുതൽ പ്രധാനപ്പെട്ട മറ്റൊരു കല്പനകൂടി യേശു കൂട്ടിച്ചേർക്കുന്നു: “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക.”—മത്തായി 19:17-19.
ആ യുവാവ് യേശുവിനോടു പറഞ്ഞു: “ഇതെല്ലാം ഞാൻ അനുസരിക്കുന്നുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്?” (മത്തായി 19:20) നിത്യജീവൻ ലഭിക്കുന്നതിനായി ശ്രദ്ധേയമായ എന്തോ താൻ ചെയ്യണമെന്ന് അയാൾ ചിന്തിച്ചിട്ടുണ്ടാകും. ആ യുവാവിന്റെ ആത്മാർഥത കണ്ടപ്പോൾ യേശുവിന് “അയാളോടു സ്നേഹം തോന്നി.” (മർക്കോസ് 10:21) എന്നാലും അയാൾ ഒരു കടമ്പ കടക്കേണ്ടിയിരുന്നു.
വസ്തുവകകളെ അമിതമായി സ്നേഹിച്ചിരുന്ന ആ യുവാവിനോട് യേശു പറയുന്നു: “ഒരു കുറവ് നിനക്കുണ്ട്: പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. എന്നിട്ട് വന്ന് എന്റെ അനുഗാമിയാകുക.” അതെ, തിരിച്ചുനൽകാൻ കഴിവില്ലാത്ത ദരിദ്രർക്കു തനിക്കുള്ളതെല്ലാം കൊടുത്തിട്ട് അയാൾക്ക് യേശുവിനെ അനുഗമിക്കാമായിരുന്നു. എന്നാൽ അയാൾ ഇതു കേട്ട് സങ്കടപ്പെട്ട് മർക്കോസ് 10:21, 22) യേശു പറയുന്നു: “സമ്പത്തുള്ളവർക്കു ദൈവരാജ്യത്തിൽ കടക്കാൻ എത്ര പ്രയാസമാണ്!”—ലൂക്കോസ് 18:24.
അവിടെനിന്ന് പോയി. ഒരുപക്ഷേ യേശു സഹതാപത്തോടെ അയാളെ നോക്കിനിന്നുകാണും. അയാൾക്കു ‘ധാരാളം വസ്തുവകകൾ,’ ഉണ്ടായിരുന്നു. അവയോടുള്ള അമിതമായ സ്നേഹം യഥാർഥധനം എന്തെന്ന് മനസ്സിലാക്കുന്നതിൽനിന്ന് അയാളെ തടഞ്ഞു. (യേശു പറഞ്ഞ കാര്യങ്ങളെല്ലാം കേട്ട് ശിഷ്യന്മാർ ആശ്ചര്യപ്പെടുന്നു. യേശു തുടരുന്നു: “ഒരു ധനികൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” ഇതു കേട്ട ശിഷ്യന്മാർ, “അങ്ങനെയെങ്കിൽ ആരെങ്കിലും രക്ഷപ്പെടുമോ” എന്നു ചോദിച്ചു. ഒരു മനുഷ്യനു രക്ഷപ്പെടാൻ അത്ര പ്രയാസമാണോ? യേശു അവരെത്തന്നെ നോക്കി ഇങ്ങനെ പറഞ്ഞു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യം.”—ലൂക്കോസ് 18:25-27.
അവർ ആ ധനികനെപ്പോലെയല്ലായിരുന്നു. അവർ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചവരാണ്. ഇതു മനസ്സിൽപ്പിടിച്ചുകൊണ്ടായിരിക്കാം പത്രോസ് ഇങ്ങനെ പറയുന്നത്: “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു; ഞങ്ങൾക്ക് എന്തു കിട്ടും?” അവരുടെ ശരിയായ തീരുമാനത്തിന് ഒടുവിൽ നല്ല ഫലമുണ്ടാകുമെന്നു യേശു പറയുന്നു: “പുനഃസൃഷ്ടിയിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങളും 12 സിംഹാസനത്തിൽ ഇരുന്ന് ഇസ്രായേലിന്റെ 12 ഗോത്രത്തെയും ന്യായം വിധിക്കും.”—മത്തായി 19:27, 28.
ഏദെൻ തോട്ടത്തിലുണ്ടായിരുന്ന അതേ അവസ്ഥ ഭൂമിയിൽ വീണ്ടും കൊണ്ടുവരുന്ന ഒരു സമയമായിരുന്നു യേശുവിന്റെ മനസ്സിൽ ഉണ്ടായിരുന്നതെന്നു വ്യക്തം. യേശുവിനോടൊപ്പം പത്രോസിനും മറ്റു ശിഷ്യന്മാർക്കും ആ പറുദീസ ഭരിക്കാനുള്ള പദവി ലഭിക്കും. അവർ ചെയ്ത ഏതു ത്യാഗങ്ങൾക്കും തക്ക മൂല്യമുള്ളതാണ് ഈ അനുഗ്രഹം.
അനുഗ്രഹങ്ങൾ ഭാവിയിലേക്കുള്ളവ മാത്രമായിരുന്നില്ല. അവയിൽ ചിലത് അപ്പോൾത്തന്നെ യേശുവിന്റെ ശിഷ്യന്മാർക്കു ലഭിക്കുന്നു. “ദൈവരാജ്യത്തെപ്രതി വീടുകളെയോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയെയോ അപ്പനെയോ മക്കളെയോ ഉപേക്ഷിക്കേണ്ടിവന്ന ഏതൊരാൾക്കും ഇതെല്ലാം ഈ കാലത്തുതന്നെ അനേകം മടങ്ങു ലഭിക്കും. വരാൻപോകുന്ന വ്യവസ്ഥിതിയിൽ നിത്യജീവനും ലഭിക്കും” എന്നാണ് യേശു പറഞ്ഞത്.—ലൂക്കോസ് 18:29, 30.
അതെ, ശിഷ്യന്മാർ എവിടെ പോയാലും കുടുംബാംഗങ്ങളുമായി ആസ്വദിക്കുന്നതിനെക്കാൾ കൂടുതൽ അടുപ്പമുള്ളതും വിലപ്പെട്ടതുമായ ഒരു സഹോദരബന്ധം സഹാരാധകരുമായി ആസ്വദിക്കാനാകും. ഈ സഹോദരബന്ധം ആ യുവധനികനു നഷ്ടമായിക്കാണാനാണു സാധ്യത. കൂടാതെ, ദൈവത്തിന്റെ സ്വർഗീയരാജ്യത്തിലെ ജീവിതവും നഷ്ടമായിക്കാണും.
യേശു തുടരുന്നു: “എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.” (മത്തായി 19:30) യേശു ഈ പറഞ്ഞതിന്റെ അർഥം എന്താണ്?
ജൂതനേതാക്കന്മാരിൽ ഒരാളായിരുന്ന ധനികനായ ഈ പ്രമാണി ‘മുമ്പന്മാരിൽ’ ഒരാളാണ്. ദൈവകല്പന അനുസരിക്കുന്ന ആളായതുകൊണ്ട് അയാൾ യേശുവിന്റെ ശിഷ്യനായിത്തീരുന്നതിനും കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനും ഉള്ള സാധ്യത ഏറെയായിരുന്നു. എന്നാൽ അയാളുടെ ജീവിതത്തിൽ സമ്പത്തിനും വസ്തുവകകൾക്കും ആണ് ഒന്നാം സ്ഥാനം. ഇതിനു വിപരീതമായി, യേശുവിന്റെ പഠിപ്പിക്കൽ സത്യമാണെന്നും അത് ജീവനിലേക്ക് നയിക്കുമെന്നും അന്നുണ്ടായിരുന്ന സാധാരണക്കാർ മനസ്സിലാക്കി. അങ്ങനെ “പിമ്പന്മാർ” ആയിരുന്നവർ ഇപ്പോൾ “മുമ്പന്മാർ” ആകാൻ പോകുന്നു. അവർക്ക് സ്വർഗത്തിൽ യേശുവിനോടൊപ്പം സിംഹാസനങ്ങളിൽ ഇരുന്ന് ഭൂമിയിലെ പറുദീസ ഭരിക്കുന്ന അവസരത്തിനായി നോക്കിപ്പാർത്തിരിക്കാം.