യഥാർഥത്തിൽ ജീവൻ രക്ഷിക്കുന്ന രക്തം
യഥാർഥത്തിൽ ജീവൻ രക്ഷിക്കുന്ന രക്തം
ഇതിനോടകം ചർച്ചചെയ്ത വിവരങ്ങളിൽനിന്നു ചില സംഗതികൾ വ്യക്തമാണ്. രക്തപ്പകർച്ചയെ ജീവരക്ഷാകരമായ ഒരു നടപടിയായി പലരും കരുതുന്നെങ്കിലും അത് അപകടങ്ങൾ നിറഞ്ഞതാണ്. ഓരോ വർഷവും രക്തപ്പകർച്ചയെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ മരിക്കുന്നു; മറ്റ് അനേകായിരങ്ങൾക്കു ഗുരുതരമായ രോഗങ്ങൾ ബാധിക്കുകയും അതിന്റെ അനന്തരഫലങ്ങൾ ദീർഘകാലത്തേക്ക് അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു. അതുകൊണ്ട് ഭൗതികമായ ഒരു കാഴ്ചപ്പാടിൽനിന്നു നോക്കിയാൽപ്പോലും, ‘രക്തം വർജ്ജിക്കാനുളള’ ബൈബിളിന്റെ കൽപ്പന അനുസരിക്കുന്നത് ഇപ്പോൾ ജ്ഞാനമാണ്.—പ്രവൃത്തികൾ 15:28, 29.
രക്തരഹിത ചികിത്സ ആവശ്യപ്പെടുന്നതിനാൽ രോഗികൾ പല അപകടങ്ങളിൽനിന്നും സംരക്ഷിക്കപ്പെടുന്നു. അനേകം മെഡിക്കൽ റിപ്പോർട്ടുകൾ തെളിയിക്കുന്നതുപോലെ, യഹോവയുടെ സാക്ഷികൾക്കുവേണ്ടി
അതു ചെയ്യുന്നതിന്റെ വെല്ലുവിളി സ്വീകരിച്ചിട്ടുള്ള വിദഗ്ധരായ ഡോക്ടർമാർ സുരക്ഷിതവും ഫലപ്രദവുമായ ഒരു ചികിത്സാസമ്പ്രദായം വികസിപ്പിച്ചെടുത്തിരിക്കുന്നു. രക്തം കൂടാതെ ഗുണമേന്മയുള്ള ചികിത്സ നടത്തുന്ന ഡോക്ടർമാർ മൂല്യവത്തായ വൈദ്യശാസ്ത്ര തത്ത്വങ്ങളിൽ വിട്ടുവീഴ്ച കാണിക്കുകയല്ല. മറിച്ച്, തന്റെ ശരീരവും ജീവനും എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നതു സംബന്ധിച്ചു രോഗിക്കു കാര്യജ്ഞാനത്തോടെയുള്ള തീരുമാനമെടുക്കാൻ കഴിയേണ്ടതിന് ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളെയും പ്രയോജനങ്ങളെയും കുറിച്ച് അറിയാനുള്ള അയാളുടെ അവകാശത്തെ അവർ ആദരിക്കുകയാണ്.യാഥാർഥ്യബോധമില്ലാത്ത ഒരു വീക്ഷണമായി ഇതിനെ കാണരുത്, ഈ സമീപനത്തോട് എല്ലാവരും യോജിക്കുകയില്ലെന്നു ഞങ്ങൾക്കറിയാം. മനസ്സാക്ഷി, സദാചാരങ്ങൾ, വൈദ്യശാസ്ത്രവീക്ഷണം എന്നീ കാര്യങ്ങളിൽ ആളുകൾ വ്യത്യസ്തരാണ്. അതുകൊണ്ട് രക്തം സ്വീകരിക്കാതിരിക്കാനുള്ള ഒരു രോഗിയുടെ തീരുമാനത്തെ അംഗീകരിക്കാൻ ചില ഡോക്ടർമാർ ഉൾപ്പെടെ പലർക്കും പ്രയാസം അനുഭവപ്പെട്ടേക്കാം. ന്യൂയോർക്കിലെ ഒരു ശസ്ത്രക്രിയാ വിദഗ്ധൻ ഇപ്രകാരം എഴുതി: “പതിനഞ്ചു വർഷംമുമ്പ് ഒരു ഹൗസ് സർജനായി ജോലിനോക്കവേ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ ഡൂവൊഡിനൽ അൾസർ നിമിത്തം രക്തം വാർന്നു മരിച്ചപ്പോൾ കിടക്കയ്ക്കരികെ ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കേണ്ടിവന്നതു ഞാൻ ഒരിക്കലും മറക്കുകയില്ല. രോഗിയുടെ ആഗ്രഹം മാനിക്കപ്പെട്ടു, രക്തം നൽകിയില്ല, എന്നാൽ ഒരു ഡോക്ടറെന്ന നിലയിൽ എനിക്കെത്ര നിരാശ തോന്നിയെന്നോ.”
രക്തം നൽകിയാൽ ആ വ്യക്തിയുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു എന്നതിനു സംശയമില്ല. എന്നാൽ അദ്ദേഹം അത് എഴുതിയതിന്റെ പിറ്റേ വർഷം ദ ബ്രിട്ടീഷ് ജേർണൽ ഓഫ് സർജറി (1986 ഒക്ടോബർ) ശ്രദ്ധേയമായ ഒരു സംഗതി റിപ്പോർട്ടു ചെയ്തു—രക്തം കുത്തിവെക്കുന്ന ചികിത്സാരീതി നിലവിൽ വരുന്നതിനു മുമ്പ് ആമാശയത്തിലെയും കുടലിലെയും രക്തസ്രാവം മൂലം ഉണ്ടാകുന്ന “മരണനിരക്ക് വെറും 2.5 ശതമാനം” ആയിരുന്നു. രക്തപ്പകർച്ച സാധാരണമായിത്തീർന്നശേഷം ‘വിപുലമായ പഠനങ്ങളിൽ മിക്കവയും 10 ശതമാനം മരണനിരക്ക് റിപ്പോർട്ടുചെയ്യുന്നു.’ മരണനിരക്ക് നാലു മടങ്ങ് ഉയർന്നത് എന്തുകൊണ്ടാണ്? ഗവേഷകർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “രക്തം മുൻകൂട്ടി ശരീരത്തിൽ നിവേശിപ്പിക്കുമ്പോൾ അത്, രക്തവാർച്ചയെ തടയുന്ന പ്രക്രിയയെ തകിടം മറിക്കുകയും അതുവഴി കൂടുതലായ രക്തസ്രാവത്തിന് ഇടയാക്കുകയും ചെയ്യുന്നതായി കാണുന്നു.” അതുകൊണ്ട് മുമ്പു പരാമർശിച്ച ആ സാക്ഷിയുടെ കാര്യത്തിൽ, അൾസർ നിമിത്തം രക്തനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നെങ്കിലും രക്തം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചത് വാസ്തവത്തിൽ അദ്ദേഹം അതിജീവിക്കാനുള്ള സാധ്യത പരമാവധി വർധിപ്പിച്ചിരിക്കണം.
അതേ ശസ്ത്രക്രിയാവിദഗ്ധൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “കാലം കടന്നുപോകവേ, അനേകം രോഗികളെ ചികിത്സിച്ചുകഴിയുന്നതോടെ, ഒരു വ്യക്തിയുടെ വീക്ഷണത്തിനു മാറ്റം വന്നേക്കാം. നമുക്കു ചുറ്റുമുള്ള പുത്തൻ വൈദ്യശാസ്ത്ര സാങ്കേതികവിദ്യയെക്കാൾ എത്രയോ പ്രധാനമാണ് രോഗിക്കും ഡോക്ടർക്കും പരസ്പരമുള്ള വിശ്വാസവും രോഗിയുടെ ആഗ്രഹങ്ങളെ മാനിക്കാനുള്ള കടപ്പാടും എന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നു. . . . അന്നു തോന്നിയ നിരാശാബോധം ആ രോഗിയുടെ അചഞ്ചലമായ വിശ്വാസത്തോടുള്ള ഭയാദരവിനു വഴിമാറിക്കൊടുത്തിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്.” ആ ഡോക്ടർ ഇപ്രകാരം ഉപസംഹരിച്ചു: ‘എന്റെ വികാരങ്ങളോ അനന്തരഫലങ്ങളോ കണക്കിലെടുക്കാതെ രോഗിയുടെ വ്യക്തിപരവും മതപരവുമായ ആഗ്രഹങ്ങളെ ഞാൻ എല്ലായ്പോഴും ആദരിക്കേണ്ടതാണെന്ന് അത് എന്നെ ഓർമിപ്പിക്കുന്നു.’
“കാലം കടന്നുപോകവേ അനേകം രോഗികളെ ചികിത്സിച്ചു കഴിയുന്നതോടെ” മാത്രം പല ഡോക്ടർമാരും തിരിച്ചറിയുന്ന ഒരു സംഗതി നിങ്ങൾ ഒരുപക്ഷേ ഇതിനോടകംതന്നെ മനസ്സിലാക്കിയിട്ടുണ്ടാകാം. അതായത്, ഏറ്റവും നല്ല ആശുപത്രിയിൽ ഏറ്റവും നല്ല വൈദ്യശുശ്രൂഷ ലഭിച്ചാലും ആളുകൾ മരിച്ചേക്കാം. രക്തം നൽകിയാലും ഇല്ലെങ്കിലും അവർ മരിക്കുന്നു. നമുക്കെല്ലാം പ്രായമായിക്കൊണ്ടിരിക്കുകയാണ്, നമ്മുടെയെല്ലാം ജീവിതത്തിന്റെ അവസാനം സമീപിച്ചുകൊണ്ടിരിക്കുകയാണ്. അതു വിധിവിശ്വാസമല്ല. യാഥാർഥ്യത്തിൽ അധിഷ്ഠിതമായ വീക്ഷണമാണ്. മരണം ഒരു ജീവിതയാഥാർഥ്യമാണ്.
രക്തം സംബന്ധിച്ച ദൈവത്തിന്റെ നിയമത്തെ അവഗണിക്കുന്നവർക്കു മിക്കപ്പോഴും ഉടനടിയോ
പിന്നീടോ അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടിവരുന്നുവെന്നു തെളിവുകൾ പ്രകടമാക്കുന്നു; ചിലർക്കു മരണംപോലും സംഭവിക്കുന്നു. അതിജീവിക്കുന്നവർതന്നെ നിത്യമായ ജീവൻ നേടിയിട്ടില്ല. അതുകൊണ്ട് രക്തപ്പകർച്ചകൾ എന്നേക്കുമായി ജീവനെ രക്ഷിക്കുന്നില്ല.മതപരമോ വൈദ്യശാസ്ത്രപരമോ ആയ കാരണങ്ങളാലോ രണ്ടും നിമിത്തമോ രക്തം സ്വീകരിക്കാൻ വിസമ്മതിക്കുകയും എന്നാൽ പകരചികിത്സാവിധികൾ സ്വീകരിക്കുകയും ചെയ്യുന്ന മിക്കവരും സുഖം പ്രാപിക്കുന്നു. അതുവഴി തങ്ങളുടെ ജീവിതം പല വർഷത്തേക്കു നീട്ടാൻ അവർക്കു കഴിഞ്ഞേക്കാം. എന്നാൽ അനന്തമായിട്ടല്ല.
എല്ലാ മനുഷ്യരും അപൂർണരാണെന്നും സാവകാശം മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഉള്ള വസ്തുത രക്തം സംബന്ധിച്ചു ബൈബിൾ പറയുന്ന കേന്ദ്രസത്യത്തിലേക്കു നമ്മെ നയിക്കുന്നു. ഈ സത്യം നാം മനസ്സിലാക്കുകയും വിലമതിക്കുകയുമാണെങ്കിൽ രക്തത്തിനു ജീവനെ—നമ്മുടെ ജീവനെ—എന്നേക്കുമായി രക്ഷിക്കാൻ എങ്ങനെ കഴിയുമെന്നു നാം കാണും.
ജീവരക്ഷാകരമായ ഏക രക്തം
രക്തം ഭക്ഷിക്കരുതെന്ന് ദൈവം മുഴു മനുഷ്യവർഗത്തോടും പറഞ്ഞുവെന്നു നാം നേരത്തേ കാണുകയുണ്ടായി. എന്തുകൊണ്ടാണ് ദൈവം അങ്ങനെ പറഞ്ഞത്? രക്തം ജീവനെ പ്രതിനിധാനം ചെയ്യുന്നു എന്നതുകൊണ്ടുതന്നെ. (ഉല്പത്തി 9:3-6) ഇസ്രായേലിന് നൽകിയ ന്യായപ്രമാണ സംഹിതയിൽ അവൻ ഇതു കൂടുതലായി വിശദീകരിച്ചു. ന്യായപ്രമാണ സംഹിതയിൽ പറയുന്നതൊക്കെയും തങ്ങൾ അനുസരിച്ചുകൊള്ളാമെന്ന് ഇസ്രായേൽ ജനം സമ്മതിച്ചുപറഞ്ഞ ആ അവസരത്തിൽ, ബലിമൃഗങ്ങളുടെ രക്തം യാഗപീഠത്തിന്മേൽ തളിക്കപ്പെട്ടു. (പുറപ്പാടു 24:3-8) എല്ലാ മനുഷ്യരും അപൂർണരാണ്—ബൈബിൾ പറയുന്നപ്രകാരം പാപികളാണ്—എന്ന വസ്തുതയിലേക്കു വിരൽചൂണ്ടുന്നതായിരുന്നു ആ സംഹിതയിലെ നിയമങ്ങൾ. തനിക്കു മൃഗബലികൾ അർപ്പിക്കുന്നതിലൂടെ ഇസ്രായേല്യർ, തങ്ങളുടെ പാപങ്ങൾ മറയ്ക്കപ്പെടേണ്ടത് ആവശ്യമാണെന്ന് അംഗീകരിക്കുകയായിരിക്കുമെന്നു ദൈവം അവരോടു പറഞ്ഞു. (ലേവ്യപുസ്തകം 4:4-7, 13-18, 22-30) അന്ന് ദൈവം തന്റെ ആരാധകരിൽനിന്ന് അങ്ങനെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് സത്യാരാധകരിൽനിന്ന് അവൻ അത് ആവശ്യപ്പെടുന്നില്ല എന്നതു ശരിതന്നെ. എന്നിരുന്നാലും ഇന്ന് അതിനു നമ്മെ സംബന്ധിച്ചിടത്തോളം ജീവത്പ്രധാനമായ അർഥമുണ്ട്.
ആ ബലികൾക്കു പിന്നിലെ തത്ത്വം ദൈവംതന്നെ വിശദീകരിച്ചു: “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നതു. അതുകൊണ്ടത്രേ നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു . . . എന്നു ഞാൻ യിസ്രായേൽ മക്കളോടു കല്പിച്ചത്.”—ലേവ്യപുസ്തകം 17:11, 12.
പാപപരിഹാരദിവസം എന്നു വിളിക്കപ്പെട്ടിരുന്ന പുരാതന ഉത്സവത്തിന്റെ അന്ന് ഇസ്രായേലിലെ മഹാപുരോഹിതൻ ബലിമൃഗങ്ങളുടെ രക്തം ദൈവാരാധനയുടെ കേന്ദ്രമായിരുന്ന ആലയത്തിന്റെ അതിവിശുദ്ധ സ്ഥലത്തേക്കു കൊണ്ടുപോകുമായിരുന്നു. അങ്ങനെ ചെയ്യുകവഴി, മഹാപുരോഹിതൻ ജനത്തിന്റെ പാപങ്ങൾ മറയ്ക്കാൻ ഒരു പ്രതീകാത്മക വിധത്തിൽ ദൈവത്തോട് അപേക്ഷിക്കുകയായിരുന്നു. (ലേവ്യപുസ്തകം 16:3-6, 11-16) ആ ബലികൾ വാസ്തവത്തിൽ എല്ലാ പാപവും നീക്കിക്കളഞ്ഞില്ല, അതുകൊണ്ട് അവ ആണ്ടുതോറും ആവർത്തിക്കപ്പെടേണ്ടതുണ്ടായിരുന്നു. എന്നിരുന്നാലും രക്തത്തിന്റെ ഈ ഉപയോഗം അർഥവത്തായ ഒരു മാതൃക പ്രദാനം ചെയ്തു.
എല്ലാ വിശ്വാസികളുടെയും പാപങ്ങളെ മുഴുവനായി പരിഹരിക്കാൻ കഴിയുന്ന പൂർണതയുള്ള ഒരു ബലി ദൈവം പിന്നീടു പ്രദാനം ചെയ്യുമായിരുന്നു എന്നുള്ളത് ബൈബിളിലെ ഒരു പ്രമുഖ പഠിപ്പിക്കലാണ്. മറുവില എന്നു വിളിക്കപ്പെടുന്ന ഈ ക്രമീകരണം, മുൻകൂട്ടി പറയപ്പെട്ട മിശിഹായുടെ അല്ലെങ്കിൽ ക്രിസ്തുവിന്റെ ബലിയിലേക്കു വിരൽചൂണ്ടുന്നു.
മിശിഹായുടെ പങ്കിനെ ബൈബിൾ പാപപരിഹാര ദിവസത്തിൽ ചെയ്യപ്പെട്ടതിനോടു താരതമ്യം ചെയ്യുന്നു: ‘ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു, കൈപ്പണിയല്ലാത്തതായി വലിപ്പവും തികവുമേറിയ ഒരു [ആലയത്തിൽക്കൂടി] ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തിൽ [സ്വർഗത്തിൽ] പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.’—എബ്രായർ 9:11, 12, 22.
അങ്ങനെ, രക്തം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം നമുക്ക് ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണെന്നു വ്യക്തമാകുന്നു. സ്രഷ്ടാവ് എന്ന നിലയിലുള്ള തന്റെ അവകാശത്തിനു ചേർച്ചയിൽ, രക്തത്തിന്റെ ഏക ഉപയോഗം എന്തായിരിക്കണമെന്ന് അവൻ നിർണയിച്ചിരിക്കുന്നു. മൃഗരക്തവും മനുഷ്യരക്തവും വർജിക്കുകവഴി പുരാതന ഇസ്രായേല്യർ ആരോഗ്യപരമായ പ്രയോജനങ്ങൾ അനുഭവിച്ചിട്ടുണ്ടായിരിക്കാം, എന്നാൽ സുപ്രധാന സംഗതി അതായിരുന്നില്ല. (യെശയ്യാവു 48:17) രക്തം ഭക്ഷിച്ചുകൊണ്ട് ജീവൻ നിലനിറുത്തുന്നത് അവർ ഒഴിവാക്കണമായിരുന്നു. അതിന്റെ പ്രധാന കാരണം അത് ആരോഗ്യത്തിനു ദോഷംചെയ്യും എന്നതായിരുന്നില്ല, പിന്നെയോ അതു ഭക്ഷിക്കുന്നത് ദൈവദൃഷ്ടിയിൽ അവിശുദ്ധമാണ് എന്നതായിരുന്നു. അവർ രക്തം വർജിക്കേണ്ടിയിരുന്നത് അതു മലിനമായിരുന്നതിനാലല്ല, മറിച്ച് അതു പാപമോചനം നേടിത്തരാൻ തക്കവിധം അത്ര വിലയുള്ളതായിരുന്നതിനാലാണ്.
അപ്പൊസ്തലനായ പൗലൊസ് മറുവിലയെക്കുറിച്ച് ഇപ്രകാരം വിശദീകരിച്ചു: “അവനിൽ [ക്രിസ്തുവിൽ] നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ട്.” (എഫെസ്യർ 1:7) ഇവിടെ, മൂല ഗ്രീക്കുപദം ഉചിതമായി ‘രക്തം’ എന്നുതന്നെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്, എന്നാൽ പല ബൈബിൾ ഭാഷാന്തരങ്ങളും തെറ്റായി “മരണം” എന്ന പദം ഉപയോഗിച്ചിരിക്കുന്നു. അതുകൊണ്ട് രക്തം സംബന്ധിച്ച നമ്മുടെ സ്രഷ്ടാവിന്റെ വീക്ഷണത്തിനു നൽകിയിരിക്കുന്ന ഊന്നലും രക്തവുമായി അവൻ ബന്ധപ്പെടുത്തിയിരിക്കുന്ന യാഗമൂല്യവും വായനക്കാർക്കു മനസ്സിലാകാതെ പോയേക്കാം.
ക്രിസ്തു ഒരു പൂർണതയുള്ള മറുവിലയാഗം എന്നനിലയിൽ മരിച്ചെന്നും എന്നാൽ മരണാവസ്ഥയിൽ തുടർന്നില്ല എന്നുമുള്ള വസ്തുതയെ കേന്ദ്രീകരിച്ചുള്ളതാണ് ബൈബിളിന്റെ പ്രതിപാദ്യവിഷയം. പാപപരിഹാര ദിവസത്തിൽ ദൈവംവെച്ച മാതൃകയ്ക്കൊത്തവണ്ണം “നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ” യേശു സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. അവൻ അവിടെ തന്റെ യാഗരക്തത്തിന്റെ മൂല്യം സമർപ്പിച്ചു. (എബ്രായർ 9:24) ‘ദൈവപുത്രനെ ചവിട്ടിക്കളകയും [അവന്റെ] രക്തത്തെ മലിനം എന്നു നിരൂപിക്കുകയും’ ചെയ്യുന്നതിന്, കൂടുതൽ കൃത്യമായി പറഞ്ഞാൽ ‘അവന്റെ രക്തത്തെ സാധാരണ മൂല്യംമാത്രം ഉള്ളതായി കരുതു’ന്നതിനു തുല്യമായ ഏതു ഗതിയും നാം ഒഴിവാക്കണമെന്നു ബൈബിൾ ഊന്നിപ്പറയുന്നു. അതുവഴി മാത്രമേ നമുക്കു ദൈവവുമായി ഒരു നല്ല ബന്ധവും സമാധാനവും നിലനിറുത്താൻ കഴിയുകയുള്ളൂ.—എബ്രായർ 10:29; കൊലൊസ്സ്യർ 1:20.
രക്തത്താൽ രക്ഷിക്കപ്പെട്ട ജീവൻ ആസ്വദിക്കുക
രക്തത്തെ സംബന്ധിച്ച് ദൈവം പറയുന്നതു നാം മനസ്സിലാക്കുമ്പോൾ അതിന്റെ ജീവരക്ഷാകര മൂല്യത്തെ നാം അങ്ങേയറ്റം ആദരിക്കാൻ ഇടയാകും. ‘നമ്മെ സ്നേഹിക്കുന്നവൻ’ എന്നും, ‘നമ്മുടെ പാപം വെളിപ്പാടു 1:6; യോഹന്നാൻ 3:16) അതേ, യേശുവിന്റെ രക്തത്താൽ നമുക്ക് നമ്മുടെ പാപങ്ങളിൽനിന്നു പൂർണമായും നിത്യമായും മോചനം നേടാൻ കഴിയും. അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം എഴുതി: ‘അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.’ രക്തം ജീവനെ എന്നേക്കുമായി രക്ഷിക്കുന്നത് അങ്ങനെയാണ്.—റോമർ 5:9; എബ്രായർ 9:14.
പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചവൻ’ എന്നും, തിരുവെഴുത്തുകൾ ക്രിസ്തുവിനെ വർണിക്കുന്നു. (ക്രിസ്തു മുഖാന്തരം ‘ഭൂമിയിലുള്ള സകല ജാതികളും [കുടുംബങ്ങളും] അനുഗ്രഹിക്കപ്പെടും’ എന്ന് യഹോവയാം ദൈവം ദീർഘനാൾ മുമ്പേ ഉറപ്പുനൽകി. (ഉല്പത്തി 22:18) ആ അനുഗ്രഹത്തിൽ, ഭൂമി പറുദീസയായി പുനഃസ്ഥിതീകരിക്കപ്പെടുന്നതും ഉൾപ്പെടുന്നു. വിശ്വാസമുള്ള മനുഷ്യവർഗത്തെ കഷ്ടപ്പെടുത്താനായി അന്ന്, രോഗമോ വാർധക്യമോ മരണംപോലുമോ ഉണ്ടായിരിക്കുകയില്ല; ചികിത്സകർക്ക് ഇന്നു നൽകാൻ കഴിയുന്ന ഏതു താത്കാലിക സഹായത്തെയും കടത്തിവെട്ടുന്ന അനുഗ്രഹങ്ങളായിരിക്കും അവർ ആസ്വദിക്കുക. ഈ അത്ഭുതകരമായ വാഗ്ദാനം നമുക്കു നൽകപ്പെട്ടിരിക്കുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5.
അതുകൊണ്ട്, ദൈവത്തിന്റെ എല്ലാ നിബന്ധനകളെയും ഗൗരവത്തോടെ വീക്ഷിക്കുന്നത് എത്ര ജ്ഞാനപൂർവകമാണ്! അതിൽ രക്തം സംബന്ധിച്ച അവന്റെ കൽപ്പനകൾ അനുസരിക്കുന്നതും—ചികിത്സയ്ക്കാണെങ്കിൽപ്പോലും അത് ഉപയോഗിക്കാതിരിക്കുന്നതും—ഉൾപ്പെടുന്നു. അതേ, നാം ദൈവകൽപ്പനകൾ ലംഘിച്ചുകൊണ്ട് ഇപ്പോഴത്തെ താത്കാലിക ജീവനെ സംരക്ഷിക്കാൻ ശ്രമിക്കുകയില്ല. പകരം നമ്മുടെ പ്രവൃത്തികളിലൂടെ ജീവനോടുള്ള വലിയ ആദരവു നാം പ്രകടമാക്കും, മാനുഷിക പൂർണതയോടെ നിത്യം ജീവിക്കുകയെന്ന ഭാവിപ്രത്യാശയെ നാം അതിയായി വിലമതിക്കും.
[25-ാം പേജിലെ ചതുരം]
രക്തം ഭക്ഷിച്ചുകൊണ്ടു ജീവൻ നിലനിറുത്താൻ ദൈവജനം വിസമ്മതിച്ചു. അത് ആരോഗ്യത്തിനു ദോഷംചെയ്യും എന്നതുകൊണ്ടായിരുന്നില്ല, പിന്നെയോ അവിശുദ്ധം ആയിരുന്നതുകൊണ്ടാണ്. അവർ രക്തം വർജിച്ചിരുന്നത് അതു മലിനമായിരുന്നതിനാലല്ല, മറിച്ച് അത്യന്തം വിലപ്പെട്ടത് ആയിരുന്നതിനാലാണ്.
[24-ാം പേജിലെ ചിത്രം]
“അവനിൽ [ക്രിസ്തുവിൽ] നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ട്.”—എഫെസ്യർ 1:7
[26-ാം പേജിലെ ചിത്രം]
യേശുവിന്റെ രക്തത്താൽ ജീവൻ രക്ഷിക്കുന്നത് ഒരു ഭൗമിക പറുദീസയിലെ തികഞ്ഞ ആരോഗ്യത്തോടെയുള്ള അനന്തമായ ജീവിതത്തിലേക്കുള്ള വഴി തുറക്കുന്നു