രക്തപ്പകർച്ചയ്ക്കു പകരം ഗുണമേന്മയുള്ള ചികിത്സാരീതികൾ
രക്തപ്പകർച്ചയ്ക്കു പകരം ഗുണമേന്മയുള്ള ചികിത്സാരീതികൾ
‘രക്തപ്പകർച്ചകൾ അപകടകരമാണ്, പക്ഷേ അതിനു പകരമായി ഉയർന്ന ഗുണമേന്മയുള്ള ഏതെങ്കിലും ചികിത്സാരീതികളുണ്ടോ’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. അതൊരു നല്ല ചോദ്യമാണ്. ഇവിടെ, “ഗുണമേന്മയുള്ള” എന്ന പദം ശ്രദ്ധിക്കുക.
യഹോവയുടെ സാക്ഷികൾ ഉൾപ്പെടെ എല്ലാവരും ഫലപ്രദവും ഉയർന്ന ഗുണമേന്മയുള്ളതുമായ വൈദ്യശുശ്രൂഷ ലഭിക്കാൻ ആഗ്രഹിക്കുന്നു. ഡോക്ടർ ഗ്രാന്റ് ഇ. സ്റ്റെഫൻ അതിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടു പ്രധാന സംഗതികളെക്കുറിച്ചു പറഞ്ഞു: “ഒരു വൈദ്യശുശ്രൂഷയെ ഗുണമേന്മയുള്ളതെന്നു പറയുന്നത് ആ ശുശ്രൂഷയിൽ ഉൾപ്പെട്ടിരിക്കുന്ന സംഗതികൾക്കു വൈദ്യശാസ്ത്രപരവും വൈദ്യശാസ്ത്രേതരവും ആയ ന്യായമായ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രാപ്തി ഉണ്ടായിരിക്കുമ്പോഴാണ്.” (ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ, 1988 ജൂലൈ 1) ‘വൈദ്യശാസ്ത്രേതര ലക്ഷ്യങ്ങളിൽ’ രോഗിയുടെ സദാചാരങ്ങളെ അല്ലെങ്കിൽ ബൈബിൾ അധിഷ്ഠിത മനസ്സാക്ഷിയെ ധ്വംസിക്കാതിരിക്കുന്നത് ഉൾപ്പെടുന്നു.—പ്രവൃത്തികൾ 15:28, 29.
രക്തത്തിന്റെ ഉപയോഗം കൂടാതെ ഗുരുതരമായ ചികിത്സാപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള നിയമാനുസൃതവും ഫലപ്രദവുമായ മാർഗങ്ങളുണ്ടോ? സന്തോഷകരമെന്നു പറയട്ടെ, ഉണ്ട് എന്നാണ് ഉത്തരം.
അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ രക്തം നൽകിയിട്ടുള്ളുവെന്നു മിക്ക ശസ്ത്രക്രിയാവിദഗ്ധരും തറപ്പിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും എയ്ഡ്സ് രോഗം പ്രത്യക്ഷപ്പെട്ടശേഷം രക്തത്തിന്റെ ഉപയോഗം പെട്ടെന്നു കുറഞ്ഞു. “ഈ പകർച്ചവ്യാധിയുടെ ചുരുക്കം പ്രയോജനങ്ങളിലൊന്ന് ഡോക്ടർമാരും രോഗികളും രക്തപ്പകർച്ച ഒഴിവാക്കാൻവേണ്ടി വിവിധ ഉപാധികൾ ആവിഷ്കരിക്കാൻ ഇടയായി” എന്നതാണെന്ന് മേയോ ക്ലിനിക് പ്രൊസീഡിങ്സ് എന്ന ജേർണലിലെ (1988 സെപ്റ്റംബർ) ഒരു മുഖപ്രസംഗം പ്രസ്താവിക്കുകയുണ്ടായി. ഒരു രക്തബാങ്ക് ഉദ്യോഗസ്ഥൻ ഇപ്രകാരം വിശദീകരിക്കുന്നു: “മാറ്റം വന്നിരിക്കുന്നത് [രക്തപ്പകർച്ചയെ സംബന്ധിക്കുന്ന] സന്ദേശത്തിന്റെ തീവ്രതയ്ക്കാണ്, (അപകടങ്ങൾ സംബന്ധിച്ച വർധിച്ച അവബോധം നിമിത്തം) സന്ദേശത്തോടുള്ള ചികിത്സകരുടെ സമീപനത്തിനാണ്, പകര ചികിത്സാരീതികൾ പരിഗണിക്കാനുള്ള ആവശ്യകതയ്ക്കാണ്.”—ട്രാൻസ്ഫ്യൂഷൻ മെഡിസിൻ റിവ്യൂസ്, 1989 ഒക്ടോബർ.
പകര ചികിത്സാരീതികളുണ്ട് എന്നതു ശ്രദ്ധിക്കുക! രക്തപ്പകർച്ച നടത്തുന്നത് എന്തിനാണെന്ന് അവലോകനം ചെയ്യുമ്പോൾ നമുക്കതു മനസ്സിലാകും.
അരുണ രക്താണുക്കളിലെ ഹീമോഗ്ലോബിൻ നല്ല ആരോഗ്യവും ജീവനും നിലനിറുത്തുന്നതിന് ആവശ്യമായ ഓക്സിജൻ സംവഹിക്കുന്നു. അതുകൊണ്ട് ഒരു വ്യക്തിക്കു വളരെയധികം രക്തം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ പകരം രക്തം നൽകുക എന്നതു ന്യായയുക്തമായി തോന്നാം. സാധാരണഗതിയിൽ നിങ്ങളുടെ ശരീരത്തിൽ ഓരോ 100 ഘനസെന്റിമീറ്റർ രക്തത്തിലും 14-ഓ 15-ഓ ഗ്രാം ഹീമോഗ്ലോബിൻ ഉണ്ടായിരിക്കും. (ഗാഢതയുടെ മറ്റൊരു അളവാണ് ഹിമാറ്റൊക്രിറ്റ്, അതു സാധാരണമായി 45 ശതമാനത്തോളമാണ്.) ഒരു രോഗിയുടെ ഹീമോഗ്ലോബിൻ 10-ൽ താഴെ (അല്ലെങ്കിൽ ഹിമാറ്റൊക്രിറ്റ് 30 ശതമാനത്തിൽ കുറവ്) ആണെങ്കിൽ ശസ്ത്രക്രിയയ്ക്കു മുമ്പായി രക്തം കുത്തിവെക്കുക എന്നതായിരുന്നു സ്വീകാര്യമായ “നിയമം.” “ഇലെക്ടീവ് ശസ്ത്രക്രിയയുടെ a കാര്യത്തിൽ, രോഗിയുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 10 ഗ്രാം/ഡെസിലിറ്റർ ആണെങ്കിൽ മാത്രമേ ശസ്ത്രക്രിയ നടത്താൻ തയ്യാറാകുകയുള്ളുവെന്ന് 65% [അനസ്തേഷ്യാ വിദഗ്ധരും] നിബന്ധനവെച്ചിരു”ന്നതായി വോക്സ് സാൻഗ്വിനിസ് എന്ന സ്വിസ്സ് പ്രസിദ്ധീകരണം (1987 മാർച്ച്) റിപ്പോർട്ടു ചെയ്തു.
എന്നാൽ 1988-ൽ രക്തപ്പകർച്ച സംബന്ധിച്ചുള്ള ഒരു കോൺഫറൻസിൽ പ്രൊഫസർ ഹൊവാർഡ് എൽ. സോഡർ “നമുക്ക് ഈ ‘മാന്ത്രികസംഖ്യ’ എങ്ങനെ ലഭിച്ചു” എന്നു ചോദിക്കുകയുണ്ടായി. അദ്ദേഹം വ്യക്തമായി ഇങ്ങനെ പ്രസ്താവിച്ചു: “അനസ്തേഷ്യ നൽകുന്നതിനുമുമ്പ് രോഗിയുടെ ഹീമോഗ്ലോബിന്റെ അളവ് 10 ഗ്രാം ആയിരിക്കണമെന്ന നിബന്ധനയുടെ ഉത്ഭവം പാരമ്പര്യത്തിൽ വേരൂന്നിയതാണ്, അവ്യക്തത നിറഞ്ഞതാണ്, അതിനെ പിന്താങ്ങാനായി ചികിത്സാപരമോ പരീക്ഷണസംബന്ധമോ ആയ തെളിവുകളൊന്നുമില്ല.” ‘അവ്യക്തവും തെളിവുകളുടെ പിൻബലം ഇല്ലാത്തതു’മായ ഒരു നിബന്ധനയാൽ പ്രേരിതമായിമാത്രം രക്തപ്പകർച്ചയ്ക്കു വിധേയരാക്കപ്പെട്ട ആയിരക്കണക്കിനു രോഗികളെപ്പറ്റി ചിന്തിക്കുക!
‘ഹീമോഗ്ലോബിന്റെ അളവ് ഇത്ര കുറഞ്ഞുപോയാലും ശരീരത്തിന് അതു താങ്ങാനാവുമെന്നിരിക്കെ അതിന്റെ സാധാരണ അളവ് 14 ആയിരിക്കുമെന്നു പറയുന്നത് എന്തുകൊണ്ടാണ്?’ എന്നു ചിലർ ചിന്തിച്ചേക്കാം. ഓക്സിജൻവാഹികളായ ഹീമോഗ്ലോബിന്റെ അളവ് അത്രയുമുണ്ടെങ്കിൽ വ്യായാമം അല്ലെങ്കിൽ കഠിനജോലി ചെയ്യാൻ നിങ്ങൾക്കു സാധിക്കത്തക്കവിധം ഗണ്യമായ അളവിൽ ഓക്സിജൻ സംവഹിക്കാനുള്ള പ്രാപ്തി നിങ്ങളുടെ ശരീരത്തിനുണ്ടായിരിക്കും. “ഹീമോഗ്ലോബിന്റെ ഗാഢത 7 ഗ്രാം/ഡെ.ലി. മാത്രമുള്ള വ്യക്തികളുടെ കാര്യത്തിൽപ്പോലും ജോലിക്ഷമതയിൽ കുറവു കണ്ടെത്താൻ ബുദ്ധിമുട്ടാണ്” എന്ന് വിളർച്ച ബാധിച്ച രോഗികളിൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. കാര്യക്ഷമതയിൽ കാര്യമായ കുറവൊന്നും ഉണ്ടാകുന്നില്ലെന്നാണു മറ്റു ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത്.—കൺടെമ്പററി ട്രാൻസ്ഫ്യൂഷൻ പ്രാക്റ്റീസ്, 1987.
മുതിർന്ന ആളുകളിൽ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറഞ്ഞുപോയാലും ശരീരം അതുമായി പൊരുത്തപ്പെടുന്നു. എന്നാൽ കുട്ടികളുടെ കാര്യമോ? ഡോ. ജെയിംസ് എ. സ്റ്റോക്ക്മാൻ III ഇപ്രകാരം പറയുന്നു: “ചുരുക്കം ചില കേസുകളൊഴിച്ചാൽ, മാസം തികയാതെ ജനിക്കുന്ന ശിശുക്കളിൽ ആദ്യത്തെ ഒന്നുമുതൽ മൂന്നുവരെ മാസങ്ങളിൽ ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞുപോകും. . . . [ആശുപത്രികളിലെ] നഴ്സറികളിൽ പരിപാലിക്കപ്പെടുന്ന ഈ ശിശുക്കളെ രക്തപ്പകർച്ചയ്ക്കു വിധേയമാക്കുന്നതു സംബന്ധിച്ച സൂചനകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. വാസ്തവത്തിൽ അനേകം ശിശുക്കളും ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറഞ്ഞുപോയാലും പ്രകടമായ വൈദ്യശാസ്ത്രപ്രശ്നങ്ങളൊന്നും കൂടാതെ അതിനെ അതിജീവിക്കുന്നതായി കാണുന്നു.”—പിഡിയാട്രിക് ക്ലിനിക്സ് ഓഫ് നോർത്ത് അമേരിക്ക, 1986 ഫെബ്രുവരി.
എന്നാൽ, ഒരു അപകടത്തിലോ ശസ്ത്രക്രിയയ്ക്കിടയിലോ ഒരാൾക്കു വളരെയധികം രക്തം നഷ്ടമാകുമ്പോൾ യാതൊന്നും ചെയ്യേണ്ടതില്ലെന്ന് ഇത് അർഥമാക്കുന്നില്ല. രക്തം വലിയ അളവിൽ ദ്രുതഗതിയിലാണു നഷ്ടമാകുന്നതെങ്കിൽ അയാളുടെ രക്തസമ്മർദം താഴുകയും ഷോക്ക് സംഭവിക്കുകയും ചെയ്തേക്കാം. ഇവിടെ മുഖ്യമായും ആവശ്യമായിരിക്കുന്നത് രക്തവാർച്ച നിറുത്തുക എന്നതും രക്തപര്യയന വ്യവസ്ഥയിലെ വ്യാപ്തം പുനഃസ്ഥാപിക്കുക എന്നതുമാണ്. അത് ഷോക്ക് ഉണ്ടാകുന്നതു തടയുകയും ശേഷിച്ച അരുണാണുക്കളും മറ്റു ഘടകങ്ങളും ചംക്രമണം ചെയ്യപ്പെട്ടുകൊണ്ടിരിക്കാൻ ഇടയാക്കുകയും ചെയ്യും.
രക്തം അപ്പാടെയോ രക്തത്തിലെ പ്ലാസ്മയോ ഉപയോഗിക്കാതെതന്നെ വ്യാപ്തം പുനഃസ്ഥാപിക്കാവുന്നതാണ്. b രക്തത്തിന്റെ വ്യാപ്തം വർധിപ്പിക്കാൻ, ഫലപ്രദമായ വിവിധതരം രക്തേതര ലായനികളുണ്ട്. അതിൽ ഏറ്റവും ലളിതമായത് സലൈൻ (ലവണ) ലായനിയാണ്, അതു ചെലവുകുറഞ്ഞതും നമ്മുടെ രക്തവുമായി നന്നായി ഇണങ്ങുന്നതുമാണ്. ഡെക്സ്ട്രാൻ, ഹീമാക്സെൽ, ലാക്റ്റേറ്റഡ് റിംഗേഴ്സ് ലായനി എന്നിവപോലെ പ്രത്യേക ഗുണങ്ങളുള്ള ദ്രാവകങ്ങളുമുണ്ട്. ഹെറ്റാസ്റ്റാർച്ച് (എച്ച്ഇഎസ്) താരതമ്യേന പുതിയ ഒരു വ്യാപ്തവർധിനിയാണ്, “രക്ത ഉത്പന്നങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുന്ന, [പൊള്ളലേറ്റ] രോഗികൾക്ക് അതു സുരക്ഷിതമായി ശുപാർശ ചെയ്യാൻ കഴിയും.” (ജേർണൽ ഓഫ് ബേർൺ കെയർ & റീഹാബിലിറ്റേഷൻ, 1989 ജനുവരി⁄ഫെബ്രുവരി) അത്തരം ദ്രാവകങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടു വ്യക്തമായ നേട്ടങ്ങളുണ്ട്. “[സാധാരണ സലൈനും ലാക്റ്റേറ്റഡ് റിംഗേഴ്സ് ലായനിയും പോലുള്ള] ക്രിസ്റ്റലോയിഡ് ലായനികളും ഡെക്സ്ട്രാൻ, എച്ച്ഇഎസ് എന്നിവയും താരതമ്യേന വിഷാംശം ഇല്ലാത്തതും ചെലവു കുറഞ്ഞതും എളുപ്പം ലഭ്യമായതും സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചുവെക്കാവുന്നതുമാണ്. ഇവ ഉപയോഗിക്കുമ്പോൾ പൊരുത്തം സംബന്ധിച്ച പരിശോധനകൾ നടത്തേണ്ടതായി വരുന്നില്ല, രക്തപ്പകർച്ചയിലൂടെ പകരുന്ന രോഗങ്ങളെ സംബന്ധിച്ചുള്ള ഭയവും വേണ്ട.”—ബ്ലഡ് ട്രാൻസ്ഫ്യൂഷൻ തെറാപ്പി—എ ഫിസിഷ്യൻസ് ഹാൻഡ്ബുക്ക്, 1989.
‘എന്റെ ശരീരത്തിൽ എല്ലായിടത്തും ഓക്സിജൻ എത്തിക്കാൻ അരുണാണുക്കൾ വേണമെന്നിരിക്കെ, രക്തേതര ദ്രാവകങ്ങൾ ഇത്ര ക്ഷമതയോടെ പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണ്’ എന്ന് ഒരുപക്ഷേ നിങ്ങൾ ചോദിച്ചേക്കാം. നേരത്തേ പരാമർശിച്ച ഓക്സിജൻ സംവാഹക പദാർഥങ്ങളിൽ കുറേയെങ്കിലും നിങ്ങളുടെ ശരീരത്തിൽ അവശേഷിക്കുന്നുണ്ട്. ഉചിതമായ വ്യാപ്തവർധിനികൾ നൽകപ്പെടുമ്പോൾ, നേർപ്പിക്കപ്പെട്ട രക്തം ഈ ഓക്സിജൻ വാഹികളെയുംകൊണ്ടു ചെറിയ രക്തക്കുഴലിലൂടെപ്പോലും അനായാസം ഒഴുകുന്നു. കൂടാതെ, രക്തവാർച്ച സംഭവിക്കുമ്പോൾ പ്രശ്നം പരിഹരിക്കാൻ നിങ്ങളുടെ ശരീരത്തിൽ അത്ഭുതകരമായ സംവിധാനങ്ങൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഓരോ തവണ സ്പന്ദിക്കുമ്പോഴും നിങ്ങളുടെ ഹൃദയം കൂടുതൽ രക്തം പമ്പുചെയ്യുന്നു. ചില രാസമാറ്റങ്ങളുടെ ഫലമായി കലകളിലേക്കു കൂടുതൽ ഓക്സിജൻ ലഭ്യമാക്കപ്പെടുന്നു. രക്തനഷ്ടത്തോടു പൊരുത്തപ്പെടാനുള്ള ഈ ക്രമീകരണങ്ങൾ വളരെ ഫലപ്രദമായതിനാൽ നിങ്ങളുടെ അരുണ രക്താണുക്കളിൽ പകുതി മാത്രമേ അവശേഷിക്കുന്നുള്ളു എങ്കിൽക്കൂടി, സാധാരണഗതിയിൽ എത്തുമായിരുന്ന ഓക്സിജന്റെ ഏകദേശം 75 ശതമാനം കോശങ്ങളിൽ എത്തിയേക്കാം. വിശ്രമിക്കുന്ന ഒരു രോഗി തന്റെ രക്തത്തിലുള്ള ഓക്സിജന്റെ 25 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മിക്ക ജനറൽ അനസ്തെറ്റിക്കുകളും ശരീരത്തിന് ആവശ്യമായ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു.
ഡോക്ടർമാർക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
രക്തം നഷ്ടപ്പെട്ടതിന്റെ ഫലമായി വേണ്ടത്ര അരുണാണുക്കൾ ഇല്ലാതിരിക്കുന്ന ഒരാളെ സഹായിക്കാൻ വിദഗ്ധരായ ഡോക്ടർമാർക്കു കഴിയും. വ്യാപ്തം പുനഃസ്ഥാപിക്കപ്പെട്ടുകഴിഞ്ഞാൽ രോഗിക്ക് ഉയർന്ന ഗാഢതയിൽ ഓക്സിജൻ നൽകാനാകും. അതുവഴി ശരീരത്തിനു കൂടുതൽ ഓക്സിജൻ ലഭ്യമാകുന്നു, മിക്കപ്പോഴും ശ്രദ്ധേയമായ ഫലങ്ങൾ ലഭിച്ചിട്ടുമുണ്ട്. വളരെയധികം രക്തം നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ കാര്യത്തിൽ ബ്രിട്ടീഷ് ഡോക്ടർമാർ ഈ രീതി അവലംബിച്ചു. “അവരുടെ ഹീമോഗ്ലോബിന്റെ അളവ് 1.8 ഗ്രാം/ഡെ.ലി. മാത്രമായിരുന്നു. . . . ഉയർന്ന അളവിൽ ഓക്സിജൻ നൽകിയും ജലാറ്റിൻ ലായനി [ഹീമാക്സെൽ] ധാരാളമായി കുത്തിവെച്ചും . . . അവരെ വിജയകരമായി ചികിത്സിച്ചു.” (അനസ്തേഷ്യ, 1987 ജനുവരി) വളരെയധികം രക്തം നഷ്ടപ്പെട്ട മറ്റു ചിലരെ അതിമർദ ഓക്സിജൻ അറകളിൽ വിജയകരമായി ചികിത്സിച്ചിട്ടുണ്ടെന്നും റിപ്പോർട്ടു പറയുന്നു.
ശരീരത്തിൽ കൂടുതൽ അരുണാണുക്കൾ ഉത്പാദിപ്പിക്കപ്പെടാനും ഡോക്ടർമാർക്കു തങ്ങളുടെ രോഗികളെ സഹായിക്കാൻ കഴിയും. എങ്ങനെ? ഇരുമ്പിന്റെ അംശം അടങ്ങിയ ഔഷധങ്ങൾ (പേശികളിലോ രക്തക്കുഴലുകളിലോ) കുത്തിവെച്ചുകൊണ്ട്. സ്വാഭാവികമായി ഉണ്ടാകുന്നതിനെക്കാൾ മൂന്നുമുതൽ നാലുവരെ മടങ്ങ് വേഗതയിൽ അരുണാണുക്കൾ ഉത്പാദിപ്പിക്കാൻ അതു ശരീരത്തെ സഹായിക്കും. അടുത്തകാലത്തു മറ്റൊരു സഹായം ലഭ്യമായിട്ടുണ്ട്. നിങ്ങളുടെ വൃക്കകൾ എരിത്രോപൊയിറ്റിൻ (ഇപിഒ) എന്നു വിളിക്കപ്പെടുന്ന ഒരു ഹോർമോൺ ഉത്പാദിപ്പിക്കുന്നു, അരുണാണുക്കൾ ഉത്പാദിപ്പിക്കാൻ അസ്ഥിമജ്ജയെ ഉത്തേജിപ്പിക്കുന്ന ഒരു ഹോർമോൺ ആണ് ഇത്. ഇപ്പോൾ കൃത്രിമമായി നിർമിക്കപ്പെട്ട (റികോംബിനന്റ്) ഇപിഒ ലഭ്യമാണ്. വിളർച്ച ബാധിച്ച ചില രോഗികൾക്കു ഡോക്ടർമാർ ഇതു നൽകാറുണ്ട്, വളരെ വേഗത്തിൽ അരുണാണുക്കൾ ഉത്പാദിപ്പിക്കാൻ ഇത് അവരുടെ ശരീരത്തെ സഹായിക്കുന്നു.
രക്തം നഷ്ടപ്പെടുത്താതിരിക്കാനുള്ള ആധുനിക മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് വിദഗ്ധരും മനസ്സാക്ഷിബോധമുള്ളവരും ആയ ശസ്ത്രക്രിയാവിദഗ്ധർക്കും അനസ്തേഷ്യാവിദഗ്ധർക്കും ശസ്ത്രക്രിയയ്ക്കിടയിൽപ്പോലും സഹായം ചെയ്യാൻ കഴിയും. രക്തസ്രാവം പരമാവധി കുറയ്ക്കാനുള്ള ഇലക്ട്രോകോട്ടറി സംവിധാനംപോലുള്ള അത്യന്തം സൂക്ഷ്മതയോടുകൂടിയ ശസ്ത്രക്രിയാരീതികളുടെ പ്രാധാന്യം എത്ര ഊന്നിപ്പറഞ്ഞാലും അധികമാവുകയില്ല. ചിലപ്പോൾ, ഒരു മുറിവിലേക്ക് ഒഴുകിവരുന്ന രക്തം വലിച്ചെടുത്ത് അരിച്ച് അപ്പപ്പോൾ ശരീരത്തിലേക്കു കടത്തിവിടാൻ കഴിയും. c
ഒരു രക്തേതര ദ്രാവകം പ്രവേശിപ്പിച്ചിട്ടുള്ള ഒരു ഹാർട്ട്-ലങ് മെഷീനുമായി ബന്ധിപ്പിച്ചിരിക്കുന്ന രോഗിക്ക് രക്തം നേർപ്പിക്കൽ പ്രക്രിയയിൽനിന്നു പ്രയോജനമനുഭവിക്കാനാകും, കുറച്ച് അരുണാണുക്കൾ മാത്രമേ അയാളുടെ ശരീരത്തിൽനിന്നു നഷ്ടമാകുകയുള്ളൂ.
സഹായിക്കാവുന്ന മറ്റു വിധങ്ങളുമുണ്ട്. ശസ്ത്രക്രിയയുടെ സമയത്ത് ഓക്സിജന്റെ ആവശ്യം കുറയ്ക്കാൻവേണ്ടി രോഗിയുടെ ശരീരം തണുപ്പിക്കുന്നതാണ് ഒന്ന്. ഹൈപ്പോടെൻസീവ് (രക്തസമ്മർദം
താഴ്ത്തുന്ന) അനസ്തേഷ്യ, രക്തം കട്ടിയാകൽ പ്രക്രിയയെ മെച്ചപ്പെടുത്താനുള്ള ചികിത്സ, രക്തസ്രാവത്തിന്റെ സമയം കുറയ്ക്കാനുള്ള ഡെസ്മോപ്രെസ്സിൻ (ഡിഡിഎവിപി), ലേസർ “കത്തികൾ” എന്നിങ്ങനെയുള്ള മറ്റ് ഉപാധികളുമുണ്ട്. ഡോക്ടർമാരും ബന്ധപ്പെട്ട രോഗികളും രക്തപ്പകർച്ച ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ ഈ ലിസ്റ്റ് നീണ്ടുനീണ്ടുപോകുന്നതായി നിങ്ങൾ നിരീക്ഷിക്കും. ശരീരത്തിൽനിന്നു വളരെയധികം രക്തം നഷ്ടപ്പെടുന്ന ഒരു സാഹചര്യം നിങ്ങൾക്ക് ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ എന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. എന്നാൽ അങ്ങനെ സംഭവിക്കുന്നെങ്കിൽ, അനേകം അപകടങ്ങൾ പതിയിരിക്കുന്ന രക്തപ്പകർച്ച ഒഴിവാക്കിക്കൊണ്ട് നിങ്ങളെ ചികിത്സിക്കാൻ സർവസാധ്യതയും അനുസരിച്ച് വിദഗ്ധരായ ഡോക്ടർമാർക്കു കഴിയും.ശസ്ത്രക്രിയയോ, വേണം—എന്നാൽ രക്തപ്പകർച്ച കൂടാതെ
ഇന്ന് അനേകം ആളുകളും രക്തം സ്വീകരിക്കാൻ വിസമ്മതിക്കുന്നു. സാക്ഷികൾ പ്രമുഖമായും മതപരമായ കാരണങ്ങളാൽ ആവശ്യപ്പെടുന്ന സംഗതി അവർ ആരോഗ്യപരമായ കാരണങ്ങളാൽ ആവശ്യപ്പെടുന്നു: രക്തത്തിന്റെ ഉപയോഗമില്ലാത്ത, ഗുണമേന്മയുള്ള പകര വൈദ്യചികിത്സ. നാം കണ്ടുകഴിഞ്ഞതുപോലെ രക്തം നൽകാതെതന്നെ വലിയ ശസ്ത്രക്രിയകൾ നടത്താൻ കഴിയും. നിങ്ങൾക്ക് ഇനിയും എന്തെങ്കിലും സംശയങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ വൈദ്യശാസ്ത്ര സാഹിത്യത്തിൽനിന്നുള്ള മറ്റു ചില തെളിവുകൾ അതു ദൂരീകരിച്ചേക്കാം.
“ക്വാഡ്രൂപ്പിൾ മേജർ ജോയിന്റ് റീപ്ലെയ്സ്മെന്റ് ഇൻ മെമ്പർ ഓഫ് ജെഹോവാസ് വിറ്റ്നസ്സസ്” എന്ന ലേഖനം (ഓർത്തോപീഡിക് റിവ്യൂ, 1986 ആഗസ്റ്റ്) “രണ്ടു കാൽമുട്ടുകളും ഇടുപ്പും ഗുരുതരമാംവിധം തകർന്ന അവസ്ഥയിലായിരുന്ന” വിളർച്ച ബാധിച്ച ഒരു രോഗിയെപ്പറ്റി പറഞ്ഞു. ഘട്ടംഘട്ടമായി നടത്തപ്പെട്ട ആ ശസ്ത്രക്രിയയുടെ മുമ്പും പിമ്പും രോഗിക്ക് അയൺ ഡെക്സ്ട്രാൻ നൽകുകയുണ്ടായി. ശസ്ത്രക്രിയ വിജയിച്ചു. ഹീമോഗ്ലോബിൻ 10 ഗ്രാമിൽ കുറവായിരുന്ന ഒരു 52 വയസ്സുകാരി സാക്ഷിയെപ്പറ്റി ബ്രിട്ടീഷ് ജേർണൽ ഓഫ് അനസ്തേഷ്യ (1982) റിപ്പോർട്ടു ചെയ്തു. രക്തനഷ്ടം പരമാവധി കുറയ്ക്കുന്നതിന് ഹൈപ്പോടെൻസീവ് അനസ്തേഷ്യയാണ് അവർക്കു നൽകിയത്. അവരുടെ ഇടുപ്പെല്ലുകളും തോളെല്ലുകളും പൂർണമായി മാറ്റിവെക്കപ്പെട്ടു. (യു.എസ്.എ.-യിലെ) ആർക്കാൻസസ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശസ്ത്രക്രിയാവിദഗ്ധർ ഈ രീതി ഉപയോഗിച്ച് സാക്ഷികളിൽ നൂറ് ഇടുപ്പുമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി, ആ രോഗികളെല്ലാം സുഖം പ്രാപിച്ചു. ആ ഡിപ്പാർട്ടുമെന്റിന്റെ മേധാവിയായ പ്രൊഫസർ ഇപ്രകാരം പറയുന്നു: “(സാക്ഷികളായ) ആ രോഗികളിൽനിന്നു പഠിച്ചത് ഇടുപ്പുമാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള എല്ലാ രോഗികളിലും ഇപ്പോൾ ഞങ്ങൾ പ്രയോഗിക്കുന്നു.”
രക്തം ഉപയോഗിക്കാതെ ചെയ്യാമെന്നുണ്ടെങ്കിൽ അവയവം മാറ്റിവെക്കൽ (organ transplants) ശസ്ത്രക്രിയയ്ക്കു വിധേയരാകാൻ ചില സാക്ഷികളുടെ മനസ്സാക്ഷി അവരെ അനുവദിക്കുന്നു. പതിമൂന്നു വൃക്ക മാറ്റിവെക്കലുകളെ സംബന്ധിച്ച ഒരു റിപ്പോർട്ടിന്റെ ഉപസംഹാര വാക്കുകൾ ഇങ്ങനെയായിരുന്നു: “വൃക്ക മാറ്റിവെക്കൽ മിക്ക സാക്ഷികളിലും സുരക്ഷിതമായും ഫലപ്രദമായും ചെയ്യാൻ കഴിയുമെന്നാണ് ആകമാനമായ ഫലങ്ങൾ കാണിക്കുന്നത്.” (ട്രാൻസ്പ്ലാന്റേഷൻ, 1988 ജൂൺ) അതുപോലെ, രക്തം സ്വീകരിക്കുന്നതിനുള്ള വിസമ്മതം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾപോലും വിജയകരമായി നിർവഹിക്കുന്നതിനു തടസ്സമായിരുന്നിട്ടില്ല.
‘മറ്റു തരത്തിലുള്ള രക്തരഹിത ശസ്ത്രക്രിയകളുടെ കാര്യമോ?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. “[യു.എസ്.എ-യിലെ വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ] പ്രസവത്തോട് അനുബന്ധിച്ചും പ്രത്യുത്പാദന അവയവങ്ങളുടെ രോഗങ്ങളുമായി ബന്ധപ്പെട്ടും രക്തപ്പകർച്ച കൂടാതെ വലിയ ശസ്ത്രക്രിയകൾക്കു വിധേയരായ യഹോവയുടെ സാക്ഷികളായ സ്ത്രീകളെ”പ്പറ്റി മെഡിക്കൽ ഹോട്ട്ലൈൻ (1983 ഏപ്രിൽ⁄മേയ്) പ്രസ്താവിക്കുകയുണ്ടായി. വാർത്താപത്രിക ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “രക്തം സ്വീകരിച്ചുകൊണ്ട് ഇത്തരം ശസ്ത്രക്രിയകൾക്കു വിധേയരായ സ്ത്രീകളെക്കാൾ കൂടുതലായ മരണങ്ങളോ കുഴപ്പങ്ങളോ ഒന്നും ഇവരുടെ കാര്യത്തിൽ ഉണ്ടായില്ല.” തുടർന്ന് അത് ഇങ്ങനെ അഭിപ്രായപ്പെട്ടു: “പ്രസവത്തോട് അനുബന്ധിച്ചും പ്രത്യുത്പാദന അവയവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തവും ശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന സ്ത്രീകൾക്കു രക്തം നൽകുന്നതു സംബന്ധിച്ച് ഒരു പുതിയ വീക്ഷണം കൈക്കൊള്ളാൻ ഈ പഠനത്തിന്റെ ഫലങ്ങൾ മതിയായ കാരണം നൽകിയേക്കാം.”
ഗോട്ടിങ്ങൻ യൂണിവേഴ്സിറ്റിയുടെ (ജർമനി) ആശുപത്രിയിൽ, 30 രോഗികൾ രക്തം സ്വീകരിക്കാതെ ജനറൽ ശസ്ത്രക്രിയയ്ക്കു വിധേയരായി. “രക്തപ്പകർച്ച സ്വീകരിക്കാതിരുന്ന ആ രോഗികൾക്ക് അതിന്റെ പേരിൽ പ്രത്യേകിച്ചു കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. . . . രക്തപ്പകർച്ചയെ അവലംബിക്കാനാവില്ലല്ലോ എന്നതിൽ മാത്രമായിരിക്കരുത് ശ്രദ്ധ, അത്യാവശ്യമായ . . . ഒരു ശസ്ത്രക്രിയ നടത്തുന്നതിൽനിന്നു പിന്മാറി നിൽക്കുന്നതിലേക്ക് അത് നയിക്കുകയുമരുത്.”—റിസിക്കോ ഇൻ ഡെർ ചിറുർജി, 1987.
അനേകം മുതിർന്നവരിലും കുട്ടികളിലും രക്തം ഉപയോഗിക്കാതെ മസ്തിഷ്ക ശസ്ത്രക്രിയപോലും നടത്തപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ന്യൂറോസർജറി വകുപ്പിന്റെ തലവനായ ഡോ. ജോസഫ് റാൻസോഹോഫ് 1989-ൽ ഇപ്രകാരം എഴുതി: “മതപരമായ തത്ത്വങ്ങളുടെ
അടിസ്ഥാനത്തിൽ രക്ത ഉത്പന്നങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ഒട്ടുമിക്ക രോഗികളിലും അപകടങ്ങളൊന്നുംതന്നെ ഇല്ലാതെ അവയുടെ ഉപയോഗം ഒഴിവാക്കാൻ കഴിയുമെന്നുള്ളതു വളരെ വ്യക്തമാണ്, വിശേഷിച്ചും ശസ്ത്രക്രിയ കാര്യക്ഷമതയോടെ ചുരുങ്ങിയ സമയംകൊണ്ടു ചെയ്യാൻ കഴിയുമെങ്കിൽ. രസകരമെന്നു പറയട്ടെ, ആശുപത്രി വിട്ടുപോകുമ്പോൾ, തന്റെ മതവിശ്വാസം മാനിച്ചതിന് ഒരു രോഗി എനിക്കു നന്ദി പറയുമ്പോഴായിരിക്കും ആ വ്യക്തി ഒരു സാക്ഷിയാണെന്ന് എനിക്കു മിക്കപ്പോഴും ഓർമവരിക.”അവസാനമായി ഒരു കാര്യംകൂടെ പരിചിന്തിക്കാം. സങ്കീർണമായ ഹൃദയശസ്ത്രക്രിയയും രക്തക്കുഴലുകളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയും രക്തം കൂടാതെ മുതിർന്നവരിലും കുട്ടികളിലും നടത്താൻ കഴിയുമോ? ഈ രംഗത്തെ മാർഗദർശികളിൽ ഒരാളായിരുന്നു ഡോ. ഡെന്റൺ എ. കൂളി. 27-9 പേജുകളിലെ അനുബന്ധത്തിൽ പുനഃർമുദ്രണം ചെയ്തിരിക്കുന്ന വൈദ്യശാസ്ത്ര ലേഖനത്തിൽ കാണാൻ കഴിയുന്നതുപോലെ, “യഹോവയുടെ സാക്ഷികളായ രോഗികളിൽ ശസ്ത്രക്രിയ നടത്തുമ്പോഴുള്ള അപകടസാധ്യത, മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് അത്ര കൂടുതലൊന്നുമായിരുന്നിട്ടില്ല” എന്നതായിരുന്നു ഒരു മുൻ അപഗ്രഥനത്തെ അടിസ്ഥാനമാക്കിയുള്ള ഡോ. കൂളിയുടെ നിഗമനം. ഇപ്പോൾ അത്തരം 1,106 ശസ്ത്രക്രിയകൾ നടത്തിയശേഷം അദ്ദേഹം എഴുതുന്നു: “എല്ലാ കേസുകളിലും രോഗിയോടുള്ള എന്റെ കരാർ ഞാൻ പാലിക്കാറുണ്ട്,” അതായത് രക്തം ഉപയോഗിക്കാതിരിക്കാൻ.
യഹോവയുടെ സാക്ഷികളുടെ മറ്റൊരു പ്രത്യേകതയാണ് അവരുടെ നല്ല മനോഭാവമെന്ന് ശസ്ത്രക്രിയാവിദഗ്ധർ നിരീക്ഷിച്ചിട്ടുണ്ട്. “ഈ രോഗികളുടെ മനോഭാവം മാതൃകാപരമായിരുന്നിട്ടുണ്ട്” എന്ന് ഡോ. കൂളി 1989 ഒക്ടോബറിൽ എഴുതി. “മിക്ക രോഗികൾക്കും ഉള്ളതുപോലെ, എന്തെങ്കിലും കുഴപ്പം സംഭവിക്കുന്നതിനെപ്പറ്റിയോ എന്തിന് മരിക്കുന്നതിനെപ്പറ്റിയോ പോലും അവർ ഭയപ്പെടുന്നില്ല. തങ്ങളുടെ മതത്തിലും ദൈവത്തിലും ആഴവും അചഞ്ചലവുമായ വിശ്വാസം അവർക്കുണ്ട്.”
മരിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കാൻ അവർ ശ്രമിക്കുന്നെന്ന് ഇതിന് അർഥമില്ല. സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് ഗുണമേന്മയുള്ള ചികിത്സ കിട്ടാൻ അവർ തീവ്രമായി ശ്രമം നടത്തുന്നു. രക്തം സംബന്ധിച്ച ദൈവത്തിന്റെ നിയമം അനുസരിക്കുന്നതു ജ്ഞാനപൂർവകമാണെന്ന് അവർക്കു ബോധ്യമുണ്ട്, ആ വീക്ഷണത്തിനു രക്തരഹിത ശസ്ത്രക്രിയയുടെമേൽ ഒരു ക്രിയാത്മകമായ സ്വാധീനമുണ്ട്.
ഫ്രൈബർഗ് (ജർമനി) യൂണിവേഴ്സിറ്റിയിലെ സർജിക്കൽ ആശുപത്രിയിലെ പ്രൊഫസർ ഡോ. വി. സ്ക്ലോസർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ കൂട്ടത്തിൽപ്പെട്ട രോഗികളിൽ ശസ്ത്രക്രിയാ സമയത്തു രക്തസ്രാവം ഉണ്ടായിരിക്കാനുള്ള സാധ്യത കൂടുതലായിരുന്നില്ല; കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ അവ സാധാരണയിലും കുറവായിരുന്നു. യഹോവയുടെ സാക്ഷികളുടെ സവിശേഷതയായ, രോഗം സംബന്ധിച്ച പ്രത്യേക വീക്ഷണത്തിന്, ശസ്ത്രക്രിയയുടെമേൽ ഒരു ക്രിയാത്മക സ്വാധീനമുണ്ടായിരുന്നു.”—ഹെർസ് ക്രീസ്ലോഫ്, 1987 ആഗസ്റ്റ്.
[അടിക്കുറിപ്പുകൾ]
a ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ഡോക്ടർക്കും രോഗിക്കും ചർച്ചചെയ്തു തീരുമാനിക്കാൻ സമയവും അവസരവും നൽകുന്ന, അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ.
b രക്തം അപ്പാടെയോ അരുണാണുക്കൾ, ശ്വേതാണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, പ്ലാസ്മ എന്നിങ്ങനെ അതിന്റെ ഘടകങ്ങളോ സാക്ഷികൾ സ്വീകരിക്കുകയില്ല. ഇമ്മ്യൂൺ ഗ്ലോബുലിൻ പോലുള്ള ഘടകാംശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്ക്, 1990 ജൂൺ 1 ലക്കം ഇംഗ്ലീഷ് വീക്ഷാഗോപുരത്തിന്റെ 30-1 പേജുകൾ കാണുക.
c നഷ്ടമാകുന്ന രക്തം വീണ്ടെടുക്കുന്ന രീതികളെയും ശരീരത്തിന്റെ രക്തപര്യയന വ്യവസ്ഥയുമായി ബന്ധിപ്പിച്ചു പ്രവർത്തിപ്പിക്കുന്ന ബാഹ്യരക്തപര്യയന ചംക്രമണ സംവിധാനങ്ങളുടെ (extracorporeal) ഉപയോഗത്തെയും സംബന്ധിച്ചുള്ള ബൈബിൾ തത്ത്വങ്ങൾ, 1989 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 30-1 പേജുകളിൽ ചർച്ച ചെയ്തിരിക്കുന്നു.
[13-ാം പേജിലെ ചതുരം]
“രക്തം സ്വീകരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കാൻ യാതൊരു സാധ്യതയുമില്ലാത്തവരും (രക്തത്തിന്റെ ആവശ്യമില്ലാത്തവർ), അതേസമയം അനഭികാമ്യ ഫലങ്ങൾ ഏറ്റുവാങ്ങാൻ വളരെ സാധ്യതയുള്ളവരുമായ പല രോഗികളും രക്തഘടകങ്ങൾ സ്വീകരിക്കുന്നുണ്ടെന്നു നാം നിഗമനം ചെയ്യേണ്ടിയിരിക്കുന്നു. രോഗിക്കു പ്രയോജനമൊന്നും ചെയ്യാത്തതും അതേസമയം ഉപദ്രവം ചെയ്തേക്കാവുന്നതുമായ ഒരു ചികിത്സയ്ക്ക് അറിഞ്ഞുകൊണ്ട് ഒരു ഡോക്ടറും അയാളെ വിധേയനാക്കുകയില്ല, എന്നാൽ ആവശ്യമില്ലാതെ രോഗിക്കു രക്തം നൽകുമ്പോൾ അതാണു സംഭവിക്കുന്നത്.”—“രക്തപ്പകർച്ചയിലൂടെ പകരുന്ന വൈറസ്രോഗങ്ങൾ,” 1987.
[14-ാം പേജിലെ ചതുരം]
“ഹീമോഗ്ലോബിന്റെ അളവ് 2 മുതൽ 2.5 വരെ ഗ്രാം/100 മില്ലീലിറ്റർ ആണെങ്കിൽപ്പോലും അതു സ്വീകാര്യമാണെന്നു ചില പ്രാമാണികർ പ്രസ്താവിച്ചി ട്ടുണ്ട്. . . . ആരോഗ്യമുള്ള ഒരാളുടെ 50 ശതമാനം അരുണ രക്താണുക്കൾവരെ നഷ്ടമാ യാലും, രക്തനഷ്ടം ഒരു കാലയ ളവുകൊണ്ടാണു സംഭവിക്കുന്ന തെങ്കിൽ അയാളുടെ ശരീരത്തിന് അതു താങ്ങാനായേക്കാം. മാത്ര മല്ല അയാൾ അതിന്റെ ലക്ഷണമൊ ന്നുംതന്നെ കാണിച്ചെന്നും വരില്ല.” —“ടെക്നിക്സ് ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ” 1982.
[15-ാം പേജിലെ ചതുരം]
“ശരീരകലകളിലേക്കുള്ള ഓക്സിജൻ സംവഹനം, മുറിവുണങ്ങൽ, രക്തത്തിന്റെ ‘പോഷകമൂല്യം’ എന്നിവയെക്കുറിച്ചുള്ള പഴയ ധാരണകൾ ഇന്ന് ഉപേക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. യഹോവയുടെ സാക്ഷികളായ രോഗികളെ ചികിത്സിച്ചുള്ള അനുഭവം പ്രകടമാക്കുന്നത് ശരീരത്തിനു രൂക്ഷമായ രക്തക്കുറവുപോലും സഹിച്ചുനിൽക്കാൻ കഴിയുമെന്നാണ്.”—“ദി ആനൽസ് ഓഫ് തൊറാസിക്ക് സർജറി,” 1989 മാർച്ച്.
[16-ാം പേജിലെ ചതുരം]
കൊച്ചുകുട്ടികൾക്കും? “ശസ്ത്രക്രിയയുടെ സങ്കീർണത കണക്കിലെടുക്കാതെ രക്തരഹിത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നാൽപ്പത്തിയെട്ടു കുട്ടികളിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തപ്പെട്ടു.” വെറും 4.7 കിലോഗ്രാം തൂക്കമുള്ള കുട്ടികൾപോലും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. “യഹോവയുടെ സാക്ഷികളെ ചികിത്സിക്കുന്നതിൽ ഉണ്ടായിട്ടുള്ള നിരന്തരവിജയവും രക്തപ്പകർച്ചമൂലം ഉണ്ടാകാവുന്ന ഗുരുതരമായ കുഴപ്പങ്ങളും കണക്കിലെടുത്തുകൊണ്ട് ഇപ്പോൾ ഞങ്ങൾ കുട്ടികളിൽ ഹൃദയശസ്ത്രക്രിയകൾ മിക്കതുംതന്നെ രക്തംകൂടാതെയാണു നടത്തുന്നത്.”—“സർക്കുലേഷൻ,” 1984 സെപ്റ്റംബർ.
[15-ാം പേജിലെ ചതുരം]
രക്തം സ്വീകരിക്കാത്ത രോഗിക ളിൽ ഹൃദയശസ്ത്രക്രിയ നടത്തുന്നതിന് ഹാർട്ട്-ലങ് മെഷീൻ ഒരു വലിയ സഹായമായിരുന്നിട്ടുണ്ട്