ഒരു അയൽക്കാരനുമൊത്തുള്ള സംഭാഷണം
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?
ഒരു യഹോവയുടെ സാക്ഷി അയൽക്കാരിൽ ഒരാളുമായി സാധാരണ നടത്താറുള്ള സംഭാഷണത്തിന്റെ ഒരു മാതൃകയാണ് ഇവിടെ കാണുന്നത്. യഹോവയുടെ സാക്ഷിയായ മിഷേൽ അയൽവാസിയായ സോഫിയയുടെ വീട്ടിൽ വന്നിരിക്കുകയാണെന്നു സങ്കൽപ്പിക്കുക.
നമ്മൾ കഷ്ടപ്പെടുന്നതു കാണുമ്പോൾ ദൈവത്തിന് എന്താണ് തോന്നുന്നത്?
മിഷേൽ: ഹലോ സോഫിയ, സുഖമായിരിക്കുന്നോ?
സോഫിയ: സുഖം.
മിഷേൽ: കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ, നമ്മൾ കഷ്ടപ്പെടുന്നത് കാണുമ്പോൾ ദൈവത്തിന് എന്തു തോന്നുന്നു എന്നു ചർച്ച ചെയ്തല്ലോ. സോഫിയ കുറെ കാലമായി ഇതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നും പറഞ്ഞു. പ്രത്യേകിച്ച് അമ്മ കാറപകടത്തിൽപ്പെട്ടതിനു ശേഷം. ഇപ്പോൾ അമ്മയ്ക്ക് എങ്ങനെയുണ്ട്?
സോഫിയ: ചില ദിവസം കുഴപ്പമില്ല. പക്ഷേ ചിലപ്പോൾ വേദനയും വിഷമവും ഒക്കെയായിരിക്കും. ഇന്ന് വലിയ പ്രശ്നമില്ല.
മിഷേൽ: ആണല്ലേ? ഇങ്ങനെയുള്ള സമയങ്ങളിൽ പിടിച്ചുനിൽക്കുന്നതു ശരിക്കും ബുദ്ധിമുട്ടുതന്നെയാ.
സോഫിയ: അതെ. ചിലപ്പോൾ ഞാൻ ഓർക്കും, അമ്മ എത്ര കാലം ഇങ്ങനെ വേദന സഹിക്കേണ്ടിവരും എന്ന്.
മിഷേൽ: ശരിയാ. നമ്മൾ അങ്ങനെ ചിന്തിച്ചുപോകും. സോഫിയ ഓർക്കുന്നുണ്ടോ, ഇന്ന് ഒരു ചോദ്യത്തിനുള്ള ഉത്തരം നോക്കാമെന്നു കഴിഞ്ഞ ആഴ്ച നമ്മൾ പറഞ്ഞത്? കഷ്ടപ്പാടുകൾ മാറ്റാനുള്ള ശക്തി ദൈവത്തിന് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ദൈവം അത് അനുവദിക്കുന്നതെന്ന്?
സോഫിയ: ങ്ഹാ. ഞാൻ ഓർക്കുന്നുണ്ട്.
മിഷേൽ: അതിനുള്ള ഉത്തരം ബൈബിളിൽനിന്ന് നോക്കുന്നതിനു മുമ്പ് നമ്മൾ കഴിഞ്ഞ പ്രാവശ്യം ചർച്ച ചെയ്ത ചില കാര്യങ്ങൾ ഓർക്കുന്നുണ്ടോ എന്നു നോക്കാം.
സോഫിയ: ഓക്കെ.
മിഷേൽ: ഒരു കാര്യം നമ്മൾ കണ്ടത് ഇതാണ്, ദൈവം എന്തുകൊണ്ടാണ് കഷ്ടപ്പാട് അനുവദിക്കുന്നത് എന്ന് ബൈബിൾക്കാലങ്ങളിലെ വിശ്വസ്തനായ ഒരു മനുഷ്യൻപോലും ചോദിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ ചോദിച്ചതിന് ദൈവം അദ്ദേഹത്തെ ഒരിക്കലും വഴക്കു പറഞ്ഞില്ല. ഇനി, വിശ്വാസക്കുറവുകൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും ദൈവം പറഞ്ഞില്ല.
സോഫിയ: അതു ഞാൻ ആദ്യമായിട്ട് കേൾക്കുകയായിരുന്നു.
മിഷേൽ: നമ്മൾ കഷ്ടപ്പെടുന്നതു കാണാൻ യഹോവയും ആഗ്രഹിക്കുന്നില്ല എന്നും നമ്മൾ പഠിച്ചു. ഉദാഹരണത്തിന്, ബൈബിൾ പറയുന്നത് ദൈവത്തിന്റെ ജനം വേദനയിലൂടെ കടന്നുപോയപ്പോൾ അത് “ദൈവത്തെയും വേദനിപ്പിച്ചു” * എന്നാണ്. ഇത് നമുക്ക് ഒരു ആശ്വാസമല്ലേ, നമ്മൾ കഷ്ടപ്പെടുമ്പോൾ ദൈവത്തിനും വേദന തോന്നുന്നു എന്നുള്ളത്?
സോഫിയ: അതെ, ശരിക്കും.
മിഷേൽ: ഇനി, നമ്മുടെ സ്രഷ്ടാവ് അതിശക്തനായതുകൊണ്ട് കഷ്ടപ്പാടുകൾ എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാൻ ദൈവത്തിനു കഴിയുമെന്നും നമ്മൾ പഠിച്ചു.
സോഫിയ: എനിക്ക് അതാ മനസ്സിലാകാത്തത്. ഇതൊക്കെ അവസാനിപ്പിക്കാനുള്ള ശക്തി ഉണ്ടായിട്ടും ദൈവം എന്താ അങ്ങനെ ചെയ്യാത്തത്?
ആരാണ് സത്യം പറഞ്ഞത്?
മിഷേൽ: സോഫിയയുടെ ചോദ്യത്തിനുള്ള ഉത്തരം നമുക്കു ബൈബിളിൽനിന്നുതന്നെ നോക്കാം. ഉൽപത്തി പുസ്തകത്തിൽനിന്ന്. ആദാമിനെയും ഹവ്വയെയും കുറിച്ചും അവരോടു കഴിക്കരുതെന്നു പറഞ്ഞ പഴത്തെക്കുറിച്ചും ബൈബിളിൽനിന്നും വായിച്ചതായി സോഫിയ ഓർക്കുന്നുണ്ടോ?
സോഫിയ: ഉണ്ട്, ഞാൻ അതു വേദപാഠക്ലാസിൽ പഠിച്ചിട്ടുണ്ട്. ഒരു പ്രത്യേകമരത്തിൽനിന്ന് കഴിക്കരുതെന്നു ദൈവം അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ദൈവം പറഞ്ഞത് അനുസരിക്കാതെ അവർ അതു കഴിച്ചു.
മിഷേൽ: ശരിയാണ്, ഇനി നമുക്ക് ആദാമും ഹവ്വയും ദൈവത്തിന് എതിരെ തെറ്റു ചെയ്യാനുണ്ടായ സാഹചര്യം എന്താണെന്നു നോക്കാം. നമ്മൾ കഷ്ടപ്പാട് അനുഭവിക്കുന്നതിന്റെ കാരണം അപ്പോൾ മനസ്സിലാകും. ഉൽപത്തി 3-ാം അധ്യായം 1 മുതൽ 5 വരെയുള്ള വാക്യങ്ങൾ സോഫിയയ്ക്ക് ഒന്നു വായിക്കാമോ?
സോഫിയ: ഓക്കെ. “ദൈവമായ യഹോവ ഭൂമിയിൽ ഉണ്ടാക്കിയ എല്ലാ വന്യജീവികളിലുംവെച്ച് ഏറ്റവും ജാഗ്രതയുള്ളതായിരുന്നു സർപ്പം. അതു സ്ത്രീയോട്, ‘തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ’ എന്നു ചോദിച്ചു. അതിനു സ്ത്രീ സർപ്പത്തോട്: ‘തോട്ടത്തിലെ മരങ്ങളുടെ പഴം ഞങ്ങൾക്കു തിന്നാം. എന്നാൽ തോട്ടത്തിനു നടുവിലുള്ള മരത്തിലെ പഴത്തെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “നിങ്ങൾ അതിൽനിന്ന് തിന്നരുത്, അതു തൊടാൻപോലും പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ മരിക്കും.”’ അപ്പോൾ സർപ്പം സ്ത്രീയോടു പറഞ്ഞു: ‘നിങ്ങൾ മരിക്കില്ല, ഉറപ്പ്! അതിൽനിന്ന് തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിന് അറിയാം.’”
മിഷേൽ: നന്നായി വായിച്ചു. നമുക്ക് ഈ വാക്യങ്ങളെക്കുറിച്ച് ഒന്ന് ചിന്തിക്കാം. ആദ്യം, ഒരു സർപ്പം സ്ത്രീയോട്, അതായത് ഹവ്വയോട്, സംസാരിച്ചു എന്നല്ലേ? ബൈബിളിന്റെ മറ്റൊരു ഭാഗത്തുനിന്ന് പിശാചായ സാത്താനാണു ശരിക്കും സർപ്പത്തിലൂടെ * സ്ത്രീയോടു സംസാരിച്ചതെന്നു മനസ്സിലാക്കാം. കഴിക്കരുതെന്നു പറഞ്ഞ ആ മരത്തെക്കുറിച്ചുള്ള ദൈവത്തിന്റെ കല്പന എന്താണെന്നു സാത്താൻ ഹവ്വയോടു ചോദിച്ചു. അതിൽനിന്ന് കഴിച്ചാൽ അവർക്ക് എന്തു ശിക്ഷ കിട്ടുമെന്നാണു ദൈവം പറഞ്ഞത്, സോഫിയ ശ്രദ്ധിച്ചോ?
സോഫിയ: അവർ മരിക്കുമെന്ന്.
മിഷേൽ: ശരിയാണ്. തൊട്ടടുത്ത വാക്യത്തിൽ നമ്മൾ കാണുന്നത്, സാത്താൻ ദൈവത്തിന് എതിരെ വലിയൊരു ആരോപണം ഉന്നയിച്ചു എന്നാണ്. അവിടെ സാത്താൻ പറഞ്ഞതു ശ്രദ്ധിച്ചോ: “നിങ്ങൾ മരിക്കില്ല, ഉറപ്പ്!” കണ്ടോ, സാത്താൻ ഇവിടെ ദൈവത്തെ ഒരു നുണയൻ എന്നാണു വിളിച്ചത്.
സോഫിയ: ഇതൊന്നും ഞാൻ ഇതുവരെ കേട്ടിട്ടില്ല.
മിഷേൽ: ദൈവത്തെ ഒരു നുണയൻ എന്നു വിളിച്ചതിലൂടെ സാത്താൻ ഒരു വലിയ പ്രശ്നത്തിനു തുടക്കമിട്ടു. ആ പ്രശ്നം പരിഹരിക്കുന്നതിനു സമയമെടുക്കുമായിരുന്നു. അത് എന്തുകൊണ്ടായിരിക്കും?
സോഫിയ: അത് എനിക്ക് അറിയില്ല.
മിഷേൽ: ശരി, ഇങ്ങനെയൊന്നു ചിന്തിച്ചുനോക്കുക. ഒരു ദിവസം ഞാൻ സോഫിയയുടെ അടുത്തുവന്ന് എനിക്കാണു സോഫിയയെക്കാൾ കൂടുതൽ ശക്തി എന്നു പറഞ്ഞാലോ? ഞാൻ പറഞ്ഞത് തെറ്റാണെന്ന് എങ്ങനെ തെളിയിക്കും?
സോഫിയ: അതു തെളിയിക്കാൻ ചിലപ്പോൾ എന്തെങ്കിലും പരീക്ഷണം നടത്തിനോക്കും.
മിഷേൽ: അതെ, ശരിയാണ്. ഉദാഹരണത്തിന്, നമ്മളിൽ ആർക്കാണു വളരെ ഭാരമുള്ള ഒരു വസ്തു എടുത്തുപൊക്കാൻ പറ്റുന്നതെന്ന് ഒന്നു പരീക്ഷിച്ചുനോക്കും. അതിലൂടെ ആർക്കാണ് കൂടുതൽ ശക്തിയെന്നു പെട്ടെന്നു തെളിയിക്കാനാകും.
സോഫിയ: ഇപ്പോൾ എനിക്കു മനസ്സിലായി.
മിഷേൽ: ശക്തിയുടെ കാര്യം അങ്ങനെ തെളിയിക്കാം. എന്നാൽ സത്യസന്ധതയുടെ കാര്യമാണെങ്കിലോ? അതായത്, സോഫിയ സത്യസന്ധയല്ല എന്നു ഞാൻ പറഞ്ഞാലോ? അതു തെളിയിക്കാൻ അത്ര എളുപ്പമല്ല, അല്ലേ?
സോഫിയ: അതു കുറച്ച് പ്രയാസമായിരിക്കും.
മിഷേൽ: ഒരു ചെറിയ പരീക്ഷണത്തിലൂടെ ശക്തി തെളിയിക്കുന്നത്ര എളുപ്പമല്ല സത്യസന്ധത തെളിയിക്കുന്നത്.
സോഫിയ: അതെ.
മിഷേൽ: ഇങ്ങനെയൊരു തർക്കം വന്നാൽ ഇതു പരിഹരിക്കാനുള്ള ഒരേ ഒരു മാർഗം മറ്റുള്ളവർക്കു നമ്മളെ നിരീക്ഷിക്കാനും നമ്മളിൽ ആരാണു സത്യസന്ധ എന്നു മനസ്സിലാക്കാനും മതിയായ സമയം അനുവദിക്കുക എന്നതാണ്.
സോഫിയ: അതു ന്യായമാണ്.
മിഷേൽ: നമുക്ക് ഇനി, ഉൽപത്തി പുസ്തകത്തിലെ ആ ഭാഗം ഒന്നുകൂടി നോക്കാം. ഇവിടെ സാത്താൻ ദൈവത്തെക്കാൾ ശക്തനാണ് എന്നാണോ അവകാശപ്പെട്ടത്?
സോഫിയ: അല്ല.
മിഷേൽ: അങ്ങനെയെങ്കിൽ സാത്താൻ പറഞ്ഞത് തെറ്റാണെന്നു ദൈവത്തിനു പെട്ടെന്നു തെളിയിക്കാമായിരുന്നു. പക്ഷേ സാത്താൻ ഇവിടെ അവകാശപ്പെടുന്നത് ദൈവം സത്യസന്ധനല്ല എന്നാണ്. ഒരർഥത്തിൽ സാത്താൻ ഹവ്വയോട് ഇങ്ങനെ പറയുകയായിരുന്നു, ‘ദൈവം പറയുന്നത് നുണയാണ്. ഞാൻ പറയുന്നതാണ് സത്യം.’
സോഫിയ: ഓ, അതു ശരി.
മിഷേൽ: ഈ പ്രശ്നം പരിഹരിക്കാൻ സമയം അനുവദിക്കുന്നതാണ് ഏറ്റവും നല്ലതെന്നു ജ്ഞാനിയായ ദൈവത്തിന് അറിയാമായിരുന്നു. അങ്ങനെ സമയം അനുവദിക്കുന്നതിലൂടെ ആരാണ് സത്യം പറയുന്നതെന്നും ആരാണ് നുണ പറയുന്നതെന്നും വ്യക്തമാകുമായിരുന്നു.
ഒരു വിവാദവിഷയം
സോഫിയ: പക്ഷേ ഹവ്വ മരിച്ചപ്പോൾ ദൈവം പറഞ്ഞതു സത്യമാണെന്നു തെളിഞ്ഞില്ലേ?
മിഷേൽ: ഒരു പരിധിവരെ തെളിഞ്ഞു. പക്ഷേ സാത്താന്റെ ആരോപണത്തിൽ അതു മാത്രമായിരുന്നില്ല ഉൾപ്പെട്ടിരുന്നത്. 5-ാം വാക്യം ഒന്നു കൂടി നോക്കാം. ഇവിടെ സാത്താൻ ഹവ്വയോട് വേറെ എന്താണ് പറയുന്നത് എന്നു ശ്രദ്ധിച്ചോ?
സോഫിയ: ആ പഴം കഴിച്ചാൽ ഹവ്വയുടെ കണ്ണു തുറക്കുമെന്നാണു സാത്താൻ പറഞ്ഞത്.
മിഷേൽ: അതെ, “ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും” സാത്താൻ ഹവ്വയോട് പറഞ്ഞു. അതുകൊണ്ട് ദൈവം മനുഷ്യനിൽനിന്ന് എന്തോ ഒരു നന്മ പിടിച്ചുവെക്കുന്നു എന്നു സാത്താൻ ഇവിടെ ആരോപിക്കുകയായിരുന്നു.
സോഫിയ: ശരിയാ.
മിഷേൽ: അത് ഒരു നിസ്സാരപ്രശ്നമായിരുന്നില്ല.
സോഫിയ: എന്നുവെച്ചാൽ?
മിഷേൽ: സാത്താൻ ഇവിടെ ഉദ്ദേശിച്ചത് ഹവ്വയ്ക്കു മാത്രമല്ല മനുഷ്യർക്ക് ആർക്കും ദൈവത്തിന്റെ ഭരണത്തിന്റെ ആവശ്യമില്ല എന്നാണ്. ഇവിടെയും, സാത്താന് തന്റെ വാദം തെളിയിക്കാനുള്ള അവസരം കൊടുക്കുക എന്നതാണ് ഏറ്റവും നല്ലതെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഈ ലോകത്തെ ഭരിക്കാൻ ദൈവം സാത്താനെ കുറച്ച് കാലത്തേക്ക് അനുവദിച്ചിരിക്കുന്നു. നമുക്കു ചുറ്റും ഇത്രയധികം പ്രശ്നങ്ങൾ ഉള്ളതിന്റെ കാരണം ഇപ്പോൾ മനസ്സിലായില്ലേ? അതായത്, ദൈവമല്ല സാത്താനാണ് യഥാർഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നത്. * പക്ഷേ ഒരു സന്തോഷവാർത്ത ഉണ്ട്.
സോഫിയ: അതെന്താ?
മിഷേൽ: ദൈവത്തെക്കുറിച്ച് രണ്ട് അമൂല്യമായ സത്യങ്ങൾ ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു. ഒന്ന്, ദൈവം നമ്മുടെ കഷ്ടപ്പാടുകൾ കാണുന്നുണ്ട്. സങ്കീർത്തനം 31:7-ലെ ദാവീദ് രാജാവിന്റെ വാക്കുകൾ അതിനൊരു ഉദാഹരണമാണ്. തന്റെ ജീവിതകാലത്തുടനീളം ദാവീദ് വളരെയധികം കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്. പക്ഷേ ദൈവത്തോടുള്ള തന്റെ പ്രാർഥനയിൽ ദാവീദ് എന്താണ് പറഞ്ഞത്? ആ വാക്യം ഒന്നു വായിക്കാമോ?
സോഫിയ: വായിക്കാം. “അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെപ്രതി ഞാൻ അത്യന്തം സന്തോഷിക്കും. എന്റെ ദുരിതം അങ്ങ് കണ്ടിരിക്കുന്നല്ലോ, എന്റെ പ്രാണസങ്കടം അങ്ങ് അറിയുന്നല്ലോ.”
മിഷേൽ: ദാവീദ് ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോയെങ്കിലും യഹോവ അതെല്ലാം കാണുന്നുണ്ട് എന്ന് അറിഞ്ഞത് ദാവീദിനെ ഒരുപാട് ആശ്വസിപ്പിച്ചു. അതുപോലെ, നമ്മൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും വേദനകളും മറ്റുള്ളവർക്ക് ചിലപ്പോൾ മനസ്സിലായില്ലെങ്കിലും യഹോവ അതു കാണുന്നുണ്ട് എന്ന് അറിയുമ്പോൾ സോഫിയയ്ക്കും ആശ്വാസം തോന്നുന്നില്ലേ?
സോഫിയ: അതെ, ശരിക്കും ആശ്വാസം തോന്നുന്നു.
മിഷേൽ: ഇനി ദൈവത്തെക്കുറിച്ചുള്ള രണ്ടാമത്തെ സത്യം ഇതാണ്, നമ്മൾ എക്കാലവും ഇങ്ങനെ കഷ്ടപ്പാടും വേദനയും അനുഭവിക്കാൻ ദൈവം അനുവദിക്കില്ല. സാത്താന്റെ ഈ ദുഷ്ടത നിറഞ്ഞ ഭരണം ദൈവം പെട്ടെന്നുതന്നെ അവസാനിപ്പിക്കുമെന്നു ബൈബിൾ പഠിപ്പിക്കുന്നു. എന്നു പറഞ്ഞാൽ സാത്താന്റെ ഭരണത്തിലൂടെ ഉണ്ടായ എല്ലാ വേദനകളും കഷ്ടപ്പാടുകളും ദൈവം പൂർണമായും ഇല്ലാതാക്കും. സോഫിയയും സോഫിയയുടെ അമ്മയും അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകൾ ഉൾപ്പെടെ. എന്നാൽ നമ്മൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെല്ലാം പെട്ടെന്നുതന്നെ ദൈവം ഇല്ലാതാക്കും എന്ന് നമുക്ക് എങ്ങനെ അറിയാം? അതിന്റെ ഉത്തരം അടുത്ത ആഴ്ച ചർച്ച ചെയ്താലോ?
സോഫിയ: അതു കൊള്ളാം.
നിങ്ങൾക്ക് ഉത്തരം കിട്ടാത്ത ഏതെങ്കിലും ബൈബിൾവിഷയങ്ങളുണ്ടോ? യഹോവയുടെ സാക്ഷികളുടെ ഏതെങ്കിലും വിശ്വാസങ്ങളെക്കുറിച്ചോ മതപരമായ നിലപാടുകളെക്കുറിച്ചോ അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ യഹോവയുടെ സാക്ഷികളുമായി സംസാരിക്കാൻ മടി വിചാരിക്കരുത്. നിങ്ങളുമായി അതെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ.
^ ഖ. 17 യശയ്യ 63:9 കാണുക.
^ ഖ. 26 വെളിപാട് 12:9 കാണുക.