‘എന്റെ വചനത്തിൽ നിലനിൽക്കുക’
‘എന്റെ വചനത്തിൽ നിലനിൽക്കുക’
“നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:31, 32.
യേശു പറഞ്ഞതിന്റെ അർഥം: യേശുവിന്റെ “വചനം” എന്നു പറയുന്നത് യേശുവിന്റെ ഉപദേശങ്ങളാണ്. ആ ഉപദേശങ്ങളുടെ ഉറവിടം ദൈവമായിരുന്നു. “എന്തു പറയണം, എന്തു സംസാരിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എന്നോടു കല്പിച്ചിട്ടുണ്ട്” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 12:49) തന്റെ സ്വർഗീയപിതാവായ യഹോവയോടു പ്രാർഥിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ വചനം സത്യമാണ്.” ദൈവവചനത്തിൽനിന്നുള്ള വാക്യങ്ങൾ എടുത്തുപറഞ്ഞാണ് യേശു പലപ്പോഴും പഠിപ്പിച്ചത്. (യോഹന്നാൻ 17:17; മത്തായി 4:4, 7, 10) അതുകൊണ്ട് സത്യക്രിസ്ത്യാനികൾ യേശുവിന്റെ ‘വചനത്തിൽ നിലനിൽക്കും,’ അതായത് അവർ ദൈവവചനമായ ബൈബിൾ “സത്യമാണ്” എന്ന് അംഗീകരിക്കും. അവരുടെ വിശ്വാസങ്ങൾ ബൈബിളിനെ മാത്രം അടിസ്ഥാനമാക്കിയുള്ളവയായിരിക്കും. ബൈബിൾ പറയുന്നത് അനുസരിച്ചായിരിക്കും അവർ എല്ലാം ചെയ്യുന്നത്.
ആദ്യകാലത്തെ ക്രിസ്ത്യാനികൾ അനുസരിച്ചു: ഒരു ക്രിസ്ത്യാനിയും ബൈബിൾ എഴുത്തുകാരനും ആയിരുന്ന പൗലോസ് അപ്പോസ്തലന്റെ കാര്യംതന്നെയെടുക്കാം. യേശുവിനെപ്പോലെ അദ്ദേഹത്തിനും ദൈവവചനത്തോട് ആദരവുണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി: “എല്ലാ തിരുവെഴുത്തും ദൈവത്താൽ നൽകപ്പെട്ടതാണ്. . . . ഉപയോഗപ്രദമാണ്.” (2 തിമൊഥെയൊസ് 3:16, ഈസി-റ്റു-റീഡ് വേർഷൻ) സഭയിൽ പഠിപ്പിക്കാൻ ഉത്തരവാദിത്വമുള്ള പുരുഷന്മാർ “വിശ്വസ്തവചനത്തെ മുറുകെ പിടിച്ചു”കൊണ്ടുവേണമായിരുന്നു പഠിപ്പിക്കാൻ. (തീത്തോസ് 1:7, 9) “തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളാലും” വഴിതെറ്റിപ്പോകരുതെന്ന് ആദ്യകാല ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പു ലഭിച്ചിരുന്നു. കാരണം ‘അവയ്ക്ക് ആധാരമായിരുന്നത് മനുഷ്യപാരമ്പര്യങ്ങളും ലോകത്തിന്റെ ചിന്താഗതികളും ആണ്, ക്രിസ്തുവിന്റെ ഉപദേശങ്ങളല്ല.’—കൊലോസ്യർ 2:8.
ആരാണ് ഇന്ന് അനുസരിക്കുന്നത്?: 1965-ൽ വത്തിക്കാൻ പുറത്തിറക്കിയ ദിവ്യവെളിപാടിനെക്കുറിച്ചുള്ള ഉപദേശസംഹിത (ഇംഗ്ലീഷ്) എന്താണ് പറയുന്നതെന്ന് നോക്കാം. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: “വെളിപ്പെടുത്തപ്പെട്ട എല്ലാ കാര്യങ്ങളിലും [കത്തോലിക്കാ] സഭ തീർപ്പുകല്പിക്കുന്നത് വിശുദ്ധതിരുവെഴുത്തുകളെ മാത്രം ആധാരമാക്കിയല്ല. അതുകൊണ്ട് വിശുദ്ധപാരമ്പര്യങ്ങളോടും വിശുദ്ധതിരുവെഴുത്തുകളോടും ഒരേപോലെ വിശ്വസ്തതയും ഭക്ത്യാദരവും കാണിക്കണം. അവയെ ഒരേപോലെ അംഗീകരിക്കുകയും പവിത്രമായി കരുതുകയും വേണം.” ഇതേ കാര്യം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിലും കാണാം. കാനഡയിലെ ടൊറന്റോയിലുള്ള ഒരു ശുശ്രൂഷക ഇങ്ങനെ പറഞ്ഞതായി ഒരു മാസിക റിപ്പോർട്ടു ചെയ്തു: “2,000 വർഷങ്ങൾക്കുമുമ്പ് ‘വിപ്ലവം’ സൃഷ്ടിച്ചു എന്നുവെച്ച് ആ ആശയങ്ങളാണോ ഇന്ന് നമ്മളെ വഴികാട്ടേണ്ടത്? എത്ര നല്ല ആശയങ്ങൾ നമുക്കുതന്നെയുണ്ട്. എപ്പോഴും അവയെ യേശു പറഞ്ഞ കാര്യങ്ങളുമായും തിരുവെഴുത്തുകളുമായും കൂട്ടിക്കെട്ടാൻ ശ്രമിക്കുമ്പോഴാണ് അവയുടെ ശക്തി ചോർന്നുപോകുന്നത്.”
പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) യഹോവയുടെ സാക്ഷികളെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്: “അവർ ബൈബിളിനെ കണക്കാക്കുന്നത്, തങ്ങളുടെ വിശ്വാസത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ഏക ഉറവിടമെന്ന നിലയിലാണ്.” കാനഡയിലുള്ള ഒരു സ്ത്രീ താൻ ഒരു യഹോവയുടെ സാക്ഷിയാണെന്നു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അവരുടെ കൈയിലിരിക്കുന്ന ബൈബിൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരാൾ ഇങ്ങനെ പറഞ്ഞു: “അതു പിന്നെ പ്രത്യേകം പറയേണ്ടല്ലോ, നിങ്ങളുടെ മുഖമുദ്രയാണല്ലോ ഇത്.”