‘ചുരുൾ തുറക്കാൻ യോഗ്യൻ ആർ?’
അധ്യായം 15
‘ചുരുൾ തുറക്കാൻ യോഗ്യൻ ആർ?’
1. യോഹന്നാന്റെ ദർശനത്തിൽ ഇപ്പോൾ എന്തു സംഭവിക്കുന്നു?
അതിഗംഭീരം! ഭയങ്കരം! ദീപങ്ങൾക്കും കെരൂബുകൾക്കും 24 മൂപ്പൻമാർക്കും കണ്ണാടിക്കടലിനും മധ്യേ യഹോവയുടെ സിംഹാസനത്തിന്റെ ഉത്തേജകമായ ദർശനം അപ്രകാരമാണ്. എന്നാൽ യോഹന്നാൻ, താങ്കൾ അടുത്തതായി എന്തു കാണുന്നു? യോഹന്നാൻ ഈ സ്വർഗീയ രംഗത്തിന്റെ കേന്ദ്ര സ്ഥാനത്തു ശ്രദ്ധ പതിപ്പിക്കുന്നു, നമ്മോട് ഇപ്രകാരം പറഞ്ഞുകൊണ്ട്: “ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ അകത്തും പുറത്തും എഴുത്തുളളതായി ഏഴു മുദ്രയാൽ മുദ്രയിട്ടൊരു പുസ്തകം [ചുരുൾ, NW] കണ്ടു. ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുളളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു. പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല. പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏററവും കരഞ്ഞു.”—വെളിപ്പാടു 5:1-4.
2, 3. (എ) ചുരുൾ തുറക്കാൻ ആരെയെങ്കിലും കണ്ടെത്തുന്നതിന് യോഹന്നാന് ആകാംക്ഷയുളളത് എന്തുകൊണ്ട്, എന്നാൽ അതിനുളള സാധ്യത എങ്ങനെ ആയിരിക്കുന്നതായി തോന്നുന്നു? (ബി) നമ്മുടെ കാലത്ത് ദൈവത്തിന്റെ അഭിഷിക്തജനം എന്തിനുവേണ്ടി ആകാംക്ഷാപൂർവം കാത്തിരുന്നിട്ടുണ്ട്?
2 സകല സൃഷ്ടിയുടെയും പരമാധികാര കർത്താവായ യഹോവതന്നെയാണ് ചുരുൾ നീട്ടിപ്പിടിച്ചിരിക്കുന്നത്. അതിന്റെ അകത്തും പുറത്തും എഴുത്തുളളതുകൊണ്ട് അതിൽ ജീവൽപ്രധാന വിവരങ്ങൾ നിറഞ്ഞിരിക്കണം. നമ്മുടെ ജിജ്ഞാസ ഉണർത്തപ്പെടുന്നു. ചുരുളിൽ എന്തടങ്ങിയിരിക്കുന്നു? നാം യോഹന്നാനുളള യഹോവയുടെ ക്ഷണം ഓർമിക്കുന്നു: “ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുളളതു ഞാൻ നിനക്കു കാണിച്ചുതരാം”. (വെളിപ്പാടു 4:1) ആ കാര്യങ്ങളെക്കുറിച്ചു പഠിക്കുന്നതിന് ഊററമായ പ്രതീക്ഷയോടെ നാം നോക്കിപ്പാർത്തിരിക്കുന്നു. എന്നാൽ, കഷ്ടം, ചുരുൾ ഏഴു മുദ്രകളാൽ മുദ്രയിട്ട് മുറുക്കി അടച്ചുവെച്ചിരിക്കുന്നു!
3 ശക്തനായ ദൂതൻ ചുരുൾ തുറക്കാൻ യോഗ്യനായ ആരെയെങ്കിലും കണ്ടെത്തുമോ? കിങ്ഡം ഇൻറർലീനിയർ അനുസരിച്ച്, ചുരുൾ യഹോവയുടെ “വലങ്കയ്യിൽ” സ്ഥിതിചെയ്യുന്നു. അവൻ അതു തന്റെ തുറന്ന ഉളളങ്കയ്യിൽ നീട്ടിപ്പിടിച്ചിരിക്കുന്നതായി അതു സൂചിപ്പിക്കുന്നു. എന്നാൽ സ്വർഗത്തിലോ ഭൂമിയിലോ ഉളള ഒരാളും ചുരുൾ വാങ്ങി തുറക്കാൻ യോഗ്യനല്ലെന്നു തോന്നുന്നു. ഭൂമിക്കടിയിൽ മരിച്ചുപോയ ദൈവദാസർക്കിടയിൽ പോലും ഈ ഉയർന്ന ബഹുമതിക്ക് യോഗ്യനായി ആരുമില്ല. യോഹന്നാൻ പ്രത്യക്ഷത്തിൽ അസ്വസ്ഥനായതിൽ അതിശയിക്കാനില്ല! ഒരുപക്ഷേ “സംഭവിപ്പാനുളള” കാര്യങ്ങൾ അവൻ ഏതായാലും അറിയാൻ പോകുന്നില്ല. നമ്മുടെ നാളിലും ദൈവത്തിന്റെ അഭിഷിക്തജനം വെളിപാട് സംബന്ധിച്ച അവന്റെ വെളിച്ചവും സത്യവും അയച്ചുതരാൻ ആകാംക്ഷാപൂർവം കാത്തിരുന്നിട്ടുണ്ട്. ഒരു “മഹത്തായ രക്ഷ”യുടെ മാർഗത്തിൽ തന്റെ ജനത്തെ നയിക്കുന്നതിന്, പ്രവചനം നിവൃത്തിയേറേണ്ട നിയമിതസമയത്ത് അവൻ ഇതു ക്രമാനുഗതമായി നിർവഹിക്കും.—സങ്കീർത്തനം 43:3, 5, NW.
യോഗ്യനായവൻ
4. (എ) ചുരുളും അതിന്റെ മുദ്രകളും തുറക്കാൻ യോഗ്യനായി ആർ കണ്ടെത്തപ്പെടുന്നു? (ബി) യോഹന്നാൻവർഗവും അവരുടെ കൂട്ടാളികളും ഇപ്പോൾ ഏതു പ്രതിഫലത്തിലും പദവിയിലും പങ്കെടുക്കുന്നു?
4 ഉവ്വ്, ചുരുൾ തുറക്കാൻ കഴിവുളള ഒരുവൻ ഉണ്ട്! യോഹന്നാൻ വിവരിക്കുന്നു: “അപ്പോൾ മൂപ്പൻമാരിൽ ഒരുത്തൻ എന്നോടു: കരയേണ്ടാ; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴു മുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.” (വെളിപ്പാടു 5:5) അതിനാൽ യോഹന്നാനേ, കണ്ണുനീർ ഒപ്പിക്കളയുക! പ്രകാശനത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കെ ഇന്ന് യോഹന്നാൻവർഗവും അവരുടെ കൂട്ടാളികളും പതിററാണ്ടുകളോളം കഠിന പരിശോധനകൾ സഹിച്ചിട്ടുണ്ട്. നമുക്കിപ്പോൾ ദർശനം ഗ്രഹിക്കുന്നതിൽ എത്ര ആശ്വാസദായകമായ പ്രതിഫലം ലഭിച്ചിരിക്കുന്നു, അതിന്റെ സന്ദേശം മററുളളവരോടു പ്രഖ്യാപിച്ചുകൊണ്ട് അതിന്റെ നിവൃത്തിയിൽ പങ്കുപററുന്നതും എന്തോരു പദവിയാണ്!
5. (എ) യഹൂദായെ സംബന്ധിച്ച് എന്തു പ്രവചനം ഉച്ചരിക്കപ്പെട്ടു, യഹൂദായുടെ വംശജർ എവിടെ ഭരിച്ചു? (ബി) ശീലോ ആരാണ്?
5 ഹാ, ‘യെഹൂദാഗോത്രത്തിലെ സിംഹം’! തന്റെ നാലാമത്തെ പുത്രനായ യഹൂദായെ സംബന്ധിച്ച്, യഹൂദവംശത്തിന്റെ പൂർവികനായ യാക്കോബ് ഉച്ചരിച്ച പ്രവചനം യോഹന്നാനു പരിചിതമാണ്: “യെഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? അവകാശമുളളവൻ [ശീലോ, NW] വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.” (ഉല്പത്തി 49:9, 10) ദൈവജനത്തിന്റെ രാജവംശം യഹൂദയിൽനിന്നു വളർന്നുവന്നു. ദാവീദ് മുതൽ ബാബിലോന്യർ യെരുശലേം നശിപ്പിക്കുന്നതുവരെ ആ നഗരത്തിൽ ഭരിച്ചിരുന്ന എല്ലാ രാജാക്കൻമാരും യഹൂദയുടെ വംശജരായിരുന്നു. എന്നാൽ അവരിൽ ആരും യാക്കോബ് പ്രവചിച്ച ശീലോ ആയിരുന്നില്ല. ശീലോ എന്നതിന്റെ അർഥം “അത് [അവകാശം] ആരുടേതോ അവൻ” എന്നാണ്. പ്രവചനപരമായി, ദാവീദിക രാജ്യത്തിന്റെ സ്ഥിരാവകാശിയായ യേശുവിലേക്ക് ഈ പേരു വിരൽ ചൂണ്ടി.—യെഹെസ്കേൽ 21:25-27; ലൂക്കൊസ് 1:32, 33; വെളിപ്പാടു 19:16.
6. യേശു യിശ്ശായിയുടെ “ഒരു മുള”യും ‘ദാവീദിന്റെ വേരും’ ആയിരുന്നത് ഏതു വിധത്തിൽ?
6 “ദാവീദിന്റെ വേരുമായവൻ” എന്ന പരാമർശം യോഹന്നാൻ വേഗത്തിൽ തിരിച്ചറിയുന്നു. വാഗ്ദത്ത മിശിഹ “യിശ്ശായിയുടെ [ദാവീദ് രാജാവിന്റെ പിതാവ്] കുററിയിൽനിന്നു ഒരു മുള . . . ഒരു കൊമ്പു” എന്നും “വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവ”ൻ എന്നും പ്രവചനപരമായി വിളിക്കപ്പെടുന്നു. (യെശയ്യാവു 11:1, 10) യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ രാജകീയവംശത്തിൽ ജനിച്ചതിനാൽ യേശു യിശ്ശായിയുടെ ഒരു മുള ആയിരുന്നു. കൂടാതെ, യിശ്ശായിയുടെ ഒരു വേരെന്ന നിലയിൽ ദാവീദിക രാജവാഴ്ചക്കു ജീവനും എന്നേക്കുമുളള സംരക്ഷണവും നൽകി അതു വീണ്ടും കിളിർക്കാൻ ഇടയാക്കിയവനും അവനായിരുന്നു.—2 ശമൂവേൽ 7:16.
7. സിംഹാസനത്തിൽ ഇരിക്കുന്നവന്റെ കയ്യിൽനിന്നു ചുരുൾ വാങ്ങുന്നതിന് യേശുവിനെ യോഗ്യനാക്കുന്നതെന്ത്?
7 യേശു ഒരു പൂർണമനുഷ്യൻ എന്നനിലയിൽ നിർമലതയിലും കഠോരപരിശോധനകളിൻ കീഴിലും യഹോവയെ സേവിച്ച സർവോത്കൃഷ്ടൻ ആണ്. സാത്താന്റെ വെല്ലുവിളിക്കുളള പൂർണമായ മറുപടി അവൻ നൽകി. (സദൃശവാക്യങ്ങൾ 27:11) അതുകൊണ്ട്, “ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്നു തന്റെ ബലിമരണത്തിന്റെ തലേ രാത്രിയിൽ അവനു പറയുവാൻ കഴിഞ്ഞു. (യോഹന്നാൻ 16:33) ഇക്കാരണത്താൽ, യഹോവ “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും” പുനരുത്ഥാനംപ്രാപിച്ച യേശുവിനെ ഭരമേൽപ്പിച്ചു. ചുരുളിലെ അതിപ്രധാനമായ സന്ദേശം പ്രസിദ്ധമാക്കുന്നതിനുവേണ്ടി അതു സ്വീകരിക്കുവാൻ ദൈവത്തിന്റെ എല്ലാ ദാസൻമാരിലുംവെച്ച് യോഗ്യതപ്രാപിച്ചവൻ അവൻ മാത്രമാണ്.—മത്തായി 28:18.
8. (എ) രാജ്യത്തോടുളള ബന്ധത്തിൽ, യേശുവിന്റെ യോഗ്യത പ്രകടമാക്കുന്നതെന്ത്? (ബി) ചുരുൾ തുറക്കാൻ യോഗ്യനായ വ്യക്തിയെ 24 മൂപ്പൻമാരിൽ ഒരുവൻ യോഹന്നാനു വെളിപ്പെടുത്തുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
8 അപ്പോൾ യേശു ചുരുൾ തുറക്കുന്നതു തീർച്ചയായും ഉചിതമാണ്. ദൈവത്തിന്റെ മിശിഹൈക രാജ്യത്തിന്റെ രാജാവെന്ന നിലയിൽ അവൻ 1914 മുതൽ സിംഹാസനസ്ഥനായിരിക്കുന്നു, രാജ്യത്തെക്കുറിച്ചും അതു കൈവരുത്താനിരിക്കുന്നതിനെക്കുറിച്ചും ആ ചുരുൾ വളരെയധികം കാര്യങ്ങൾ വെളിപ്പെടുത്തുന്നു. യേശു ഇവിടെ ഭൂമിയിലായിരുന്നപ്പോൾ രാജ്യസത്യത്തിനു വിശ്വസ്തമായി സാക്ഷ്യംവഹിച്ചു. (യോഹന്നാൻ 18:36, 37) രാജ്യം വരുന്നതിനായി പ്രാർഥിക്കാൻ അവൻ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചു. (മത്തായി 6:9, 10) ക്രിസ്തീയ യുഗത്തിന്റെ ആരംഭത്തിൽ അവൻ രാജ്യസുവാർത്തയുടെ പ്രസംഗവേലക്കു തുടക്കമിടുകയും ആ പ്രസംഗവേല അന്ത്യകാലത്തു പാരമ്യത്തിലെത്തുമെന്നു പ്രവചിക്കുകയും ചെയ്തു. (മത്തായി 4:23; മർക്കൊസ് 13:10) മുദ്രകൾ തുറക്കുന്നവൻ യേശുവാണെന്ന് 24 മൂപ്പൻമാരിൽ ഒരുവൻ യോഹന്നാനു വെളിപ്പെടുത്തിക്കൊടുക്കുന്നതും അതുപോലെതന്നെ ഉചിതമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ഈ മൂപ്പൻമാർ ക്രിസ്തുവിനോടൊപ്പം അവന്റെ രാജ്യത്തിൽ കൂട്ടവകാശികളായതുകൊണ്ട് സിംഹാസനങ്ങളിൽ ഇരിക്കുകയും കിരീടങ്ങൾ ധരിക്കുകയും ചെയ്യുന്നു.—റോമർ 8:17; വെളിപ്പാടു 4:4.
‘അറുക്കപ്പെട്ട കുഞ്ഞാട്’
9. ‘സിംഹാസനത്തിന്റെ നടുവിൽ’ ഒരു സിംഹത്തിനു പകരം എന്തു നിൽക്കുന്നതായി യോഹന്നാൻ കാണുന്നു, അവൻ അതിനെ എങ്ങനെ വർണിച്ചു?
9 ഈ “യെഹൂദാഗോത്രത്തിലെ സിംഹ”ത്തെ കാണുന്നതിനായി യോഹന്നാൻ നോക്കുന്നു. എന്നാൽ എത്ര അത്ഭുതകരം! തികച്ചും വ്യത്യസ്തമായ ഒരു പ്രതീകാത്മക രൂപം പ്രത്യക്ഷപ്പെടുന്നു. “ഞാൻ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പൻമാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.”—വെളിപ്പാടു 5:6.
10. യോഹന്നാൻ കണ്ട ‘കുഞ്ഞാട്’ ആരാണ്, ആ പദപ്രയോഗം ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
10 സിംഹാസനത്തിനരികെ നാലു ജീവികളാലും 24 മൂപ്പൻമാരാലും രൂപീകരിക്കപ്പെടുന്ന വലയങ്ങൾക്കുളളിൽ മധ്യഭാഗത്തുതന്നെ ഒരു കുഞ്ഞാടു നിൽക്കുന്നു! നിസ്സംശയമായും യോഹന്നാൻ ഈ കുഞ്ഞാടിനെ ‘യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരും’ ആയി ഉടൻതന്നെ തിരിച്ചറിയുന്നു. യോഹന്നാൻ സ്നാപകൻ 60-ൽപ്പരം വർഷം മുമ്പ് യേശുവിനെ “ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” ആയി നോക്കിനിന്ന യഹൂദൻമാർക്കു പരിചയപ്പെടുത്തിക്കൊടുത്തത് അദ്ദേഹത്തിനറിയാം. (യോഹന്നാൻ 1:29) യേശുവിനു തന്റെ കുററവിമുക്തമായ ജീവൻ മനുഷ്യവർഗത്തിനുവേണ്ടി ഒരു ബലിയായി അർപ്പിക്കാൻ കഴിയേണ്ടതിനു ഭൂമിയിലെ തന്റെ ജീവിതകാലം മുഴുവനും അവൻ ലോകത്താൽ കളങ്കപ്പെടാതെ നിലനിന്നു—കളങ്കമില്ലാത്ത ഒരു കുഞ്ഞാടിനെപ്പോലെതന്നെ.—1 കൊരിന്ത്യർ 5:7; എബ്രായർ 7:26.
11. ‘അറുക്കപ്പെട്ടതുപോലെ നിൽക്കുന്ന ഒരു കുഞ്ഞാട്’ ആയി മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ പ്രതിനിധാനം ചെയ്യുന്നത് അനാദരവ് അല്ലാത്തതെന്തുകൊണ്ട്?
11 മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ “അറുക്കപ്പെട്ടതുപോലെ നില്ക്കുന്ന” “ഒരു കുഞ്ഞാട്” ആയി പ്രതിനിധാനം ചെയ്യുന്നത് ഏതെങ്കിലും വിധത്തിൽ അവമതിക്കലോ അനാദരിക്കലോ ആണോ? ഒരിക്കലുമല്ല! യേശു മരണത്തോളം വിശ്വസ്തനായി നിലനിന്നുവെന്ന വസ്തുത സാത്താനു വലിയൊരു തിരിച്ചടിയും യഹോവയാം ദൈവത്തിനു വമ്പിച്ച ഒരു വിജയവുമായിരുന്നു. യേശുവിനെ ഈ വിധത്തിൽ പ്രതിനിധാനം ചെയ്യുന്നതു സാത്താന്റെ ലോകത്തിൻമേലുളള അവന്റെ ജയിച്ചടക്കലിനെ വ്യക്തമായി ചിത്രീകരിക്കുന്നു, അതു യഹോവക്കും യേശുവിനും മനുഷ്യവർഗത്തോടുളള അഗാധമായ സ്നേഹത്തിന്റെ ഒരു ഓർമപ്പെടുത്തലുമാണ്. (താരതമ്യം ചെയ്യുക: യോഹന്നാൻ 3:16; 15:13; കൊലൊസ്സ്യർ 2:15.) അപ്രകാരം ചുരുൾ തുറക്കാൻ മികച്ചയളവിൽ യോഗ്യതപ്രാപിച്ച വാഗ്ദത്തസന്തതി എന്നനിലയിൽ യേശുവിലേക്കു വിരൽ ചൂണ്ടപ്പെട്ടു.—ഉല്പത്തി 3:15.
12. കുഞ്ഞാടിന്റെ ഏഴു കൊമ്പുകൾ എന്തിനെ ചിത്രീകരിക്കുന്നു?
12 മറെറന്ത് ഈ ‘കുഞ്ഞാടിനോടുളള’ നമ്മുടെ വിലമതിപ്പു വർധിപ്പിക്കുന്നു? അതിന് ഏഴു കൊമ്പുകളുണ്ട്. ബൈബിളിൽ കൊമ്പുകൾ മിക്കപ്പോഴും അധികാരത്തിന്റെയോ ശക്തിയുടെയോ ഒരു പ്രതീകമാണ്, ഏഴ് പൂർണതയെ സൂചിപ്പിക്കുകയും ചെയ്യും. (താരതമ്യം ചെയ്യുക: 1 ശമൂവേൽ 2:1, 10; സങ്കീർത്തനം 112:9; 148:14.) അതിനാൽ, കുഞ്ഞാടിന്റെ ഏഴു കൊമ്പുകൾ യഹോവ യേശുവിനെ ഏൽപ്പിച്ചിരിക്കുന്ന ശക്തിയുടെ തികവിനെ പ്രതിനിധാനം ചെയ്യുന്നു. അവൻ “എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുളളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ” ഇരിക്കുന്നവനാണ്. (എഫെസ്യർ 1:20-23; 1 പത്രൊസ് 3:22) യഹോവ സ്വർഗീയ രാജാവായി യേശുവിനെ സിംഹാസനസ്ഥനാക്കിയ 1914 മുതൽ അവൻ പ്രത്യേകിച്ചും അധികാരം, ഭരണപരമായ അധികാരം പ്രയോഗിച്ചിരിക്കുന്നു.—സങ്കീർത്തനം 2:6.
13. (എ) കുഞ്ഞാടിന്റെ ഏഴു കണ്ണുകൾ എന്തിനെ ചിത്രീകരിക്കുന്നു? (ബി) കുഞ്ഞാട് എന്തു ചെയ്യാൻ പോകുന്നു?
13 അതിലുപരി, “ഏഴു ദൈവാത്മാക്കൾ ആയ” കുഞ്ഞാടിന്റെ ഏഴു കണ്ണുകളാൽ ചിത്രീകരിക്കപ്പെട്ടപ്രകാരം യേശു പരിശുദ്ധാത്മാവിനാൽ പൂർണമായും നിറക്കപ്പെടുന്നു. യഹോവയുടെ പ്രവർത്തനനിരതമായ ശക്തിയുടെ നിറവ് അവന്റെ ഭൗമിക ദാസൻമാരിലേക്ക് ഒഴുകുന്നത് ആരിലൂടെയാണോ ആ സരണി യേശുവാണ്. (തീത്തൊസ് 3:7) സ്പഷ്ടമായും, സ്വർഗത്തിലിരുന്നുകൊണ്ട് ഇവിടെ ഭൂമിയിൽ സംഭവിക്കുന്നത് അവൻ കാണുന്നതും ഇതേ ആത്മാവിനാലാണ്. തന്റെ പിതാവിനെപ്പോലെ യേശുവിനും പൂർണമായ വിവേചനാശക്തിയുണ്ട്. ഒന്നും അവന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ല. (താരതമ്യം ചെയ്യുക: സങ്കീർത്തനം 11:4; സെഖര്യാവ് 4:10.) വ്യക്തമായും ഈ പുത്രൻ—ലോകത്തെ ജയിച്ചടക്കിയ നിർമലതാപാലകൻ; യഹൂദാഗോത്രത്തിലെ സിംഹം; ദാവീദിന്റെ വേര്; മനുഷ്യവർഗത്തിനായി തന്റെ ജീവൻ അർപ്പിച്ചവൻ; പൂർണമായ അധികാരവും പരിശുദ്ധാത്മാവിന്റെ തികവും യഹോവയാം ദൈവത്തിൽനിന്നുളള പൂർണമായ വിവേചനാശക്തിയും ഉളളവൻ—അതേ, ഈ ഒരുവനാണ് യഹോവയുടെ കയ്യിൽനിന്നു ചുരുൾ വാങ്ങാൻ മുന്തിയ യോഗ്യതയുളളവൻ. യഹോവയുടെ സമുന്നത സ്ഥാപനത്തിലെ ഈ സേവനനിയോഗം സ്വീകരിക്കാൻ അവൻ വിസമ്മതിക്കുന്നുവോ? ഇല്ല! പിന്നെയോ, “അവൻ വന്നു സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽനിന്നു പുസ്തകം വാങ്ങി.” (വെളിപ്പാടു 5:7) മനസ്സോടെയുളള വിധേയത്വത്തിന്റെ എന്തൊരു ഉത്തമദൃഷ്ടാന്തം!
സ്തുതി ഗീതങ്ങൾ
14. (എ) നാലു ജീവികളും 24 മൂപ്പൻമാരും യേശു ചുരുൾ വാങ്ങുന്നതിനോടു പ്രതികരിക്കുന്നതെങ്ങനെ? (ബി) യോഹന്നാന് 24 മൂപ്പൻമാരെക്കുറിച്ചു ലഭിക്കുന്ന വിവരങ്ങൾ അവരുടെ താദാത്മ്യത്തെയും സ്ഥാനത്തെയും സ്ഥിരീകരിക്കുന്നതെങ്ങനെ?
14 യഹോവയുടെ സിംഹാസനത്തിൻമുമ്പിലുളള മററുളളവർ എങ്ങനെ പ്രതികരിക്കുന്നു? “വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തുനാലു മൂപ്പൻമാരും ഓരോരുത്തൻ വീണയും വിശുദ്ധൻമാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ട കുഞ്ഞാടിന്റെ മുമ്പാകെ വീണു.” (വെളിപ്പാടു 5:8) ദൈവസിംഹാസനത്തിൻ മുമ്പിലുളള നാലു കെരൂബ്യ ജീവികളെപ്പോലെ 24 മൂപ്പൻമാർ യേശുവിന്റെ അധികാരം അംഗീകരിച്ചുകൊണ്ട് അവനെ കുമ്പിടുന്നു. എന്നാൽ വീണകളും ധൂപകലശങ്ങളും ഉളളത് ഈ മൂപ്പൻമാർക്കു മാത്രമാണ്. a ഇപ്പോൾ അവർ മാത്രമേ ഒരു പുതിയ പാട്ടു പാടുന്നുളളൂ. (വെളിപ്പാടു 5:9) അങ്ങനെ അവർ വീണകൾ പിടിച്ചുകൊണ്ട് ഒരു പുതിയ പാട്ടു പാടുന്ന, ‘ദൈവത്തിന്റെ യിസ്രായേൽ’ ആയ 1,44,000 വിശുദ്ധർക്കു തുല്യരാണ്. (ഗലാത്യർ 6:16; കൊലൊസ്സ്യർ 1:12; വെളിപ്പാടു 7:3-8; 14:1-4) കൂടാതെ, സമാഗമനകൂടാരത്തിൽ യഹോവക്കു ധൂപവർഗം കത്തിച്ച പുരാതന ഇസ്രായേലിലെ പുരോഹിതൻമാരുടെ ധർമത്താൽ ചിത്രീകരിക്കപ്പെട്ടതുപോലെ ഈ 24 മൂപ്പൻമാർ ഒരു സ്വർഗീയ പൗരോഹിത്യ ധർമം നിറവേററുന്നതായി പ്രകടമാക്കപ്പെടുന്നു—യേശുവിന്റെ ദണ്ഡനസ്തംഭത്തിൽ തറച്ചുകൊണ്ട്, ദൈവം മോശൈക ന്യായപ്രമാണത്തെ വഴിയിൽനിന്നു നീക്കിക്കളഞ്ഞപ്പോൾ ഭൂമിയിൽ അവസാനിച്ച ഒരു അനുഷ്ഠാനംതന്നെ. (കൊലൊസ്സ്യർ 2:14) ഇതിൽനിന്നെല്ലാം നാം ഏതു നിഗമനത്തിൽ എത്തിച്ചേരുന്നു? ‘ക്രിസ്തുവിനോടുകൂടെ ആയിരം വർഷം രാജാക്കൻമാരായി ഭരിക്കുന്ന ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതൻമാർ’ എന്നനിലയിൽ അഭിഷിക്ത ജേതാക്കളെ അവരുടെ അന്തിമ നിയോഗത്തിൽ ഇവിടെ കാണുന്നു എന്ന നിഗമനത്തിൽത്തന്നെ.—വെളിപ്പാടു 20:6.
15. (എ) ഇസ്രായേലിൽ സമാഗമനകൂടാരത്തിന്റെ അതിവിശുദ്ധത്തിലേക്കു കടക്കുവാൻ ആർക്കു മാത്രമാണു പദവിയുണ്ടായിരുന്നത്? (ബി) അതിവിശുദ്ധത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പു മഹാപുരോഹിതൻ ധൂപവർഗം കത്തിക്കുന്നത് ഒരു ജീവൻ-മരണ വിഷയമായിരുന്നതെന്തുകൊണ്ട്?
15 പുരാതന ഇസ്രായേലിൽ യഹോവയുടെ പ്രതീകാത്മക സന്നിധാനത്തിൻ മുമ്പാകെ അതിവിശുദ്ധത്തിലേക്കുളള പ്രവേശനം മഹാപുരോഹിതനു പരിമിതപ്പെടുത്തിയിരുന്നു. ധൂപവർഗം വഹിക്കുന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരു ജീവൻ-മരണ വിഷയമായിരുന്നു. യഹോവയുടെ നിയമം ഇപ്രകാരം പറഞ്ഞു: “[അഹരോൻ] യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിൻമേൽ ഉളള തീക്കനൽ ഒരു കലശത്തിൽ നിറെച്ചു സൗരഭ്യമുളള ധൂപവർഗ്ഗചൂർണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം. താൻ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിൻമേലുളള കൃപാസനത്തെ മറെപ്പാൻതക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗ്ഗം തീയിൽ ഇടേണം.” (ലേവ്യപുസ്തകം 16:12, 13) ധൂപവർഗം കത്തിക്കാതെ അതിവിശുദ്ധത്തിലേക്കു വിജയകരമായി കടന്നുചെല്ലുന്നതു മഹാപുരോഹിതന് അസാധ്യമായിരുന്നു.
16. (എ) ക്രിസ്തീയ വ്യവസ്ഥിതിയിൽ പ്രതിമാതൃകയിലെ അതിവിശുദ്ധത്തിലേക്കു പ്രവേശിക്കുന്നതാര്? (ബി) അഭിഷിക്ത ക്രിസ്ത്യാനികൾ ‘ധൂപവർഗ്ഗം കത്തിക്കേണ്ടത്’ എന്തുകൊണ്ട്?
16 ക്രിസ്തീയ വ്യവസ്ഥിതിയിൽ പ്രതിമാതൃകയിലെ മഹാപുരോഹിതനായ യേശുക്രിസ്തു മാത്രമല്ല 1,44,000 ഉപപുരോഹിതൻമാരിൽ ഓരോരുത്തരും ഒടുവിൽ സ്വർഗത്തിൽ യഹോവയുടെ സന്നിധാനമാകുന്ന പ്രതിമാതൃകയിലെ അതിവിശുദ്ധത്തിലേക്കു പ്രവേശിക്കുന്നു. (എബ്രായർ 10:19-23) ഇവിടെ 24 മൂപ്പൻമാരാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന ഈ പുരോഹിതൻമാർക്കു ‘ധൂപവർഗ്ഗം കത്തിക്കാതെ,’ അതായത്, യഹോവക്കുളള പ്രാർഥനകളും അഭയയാചനകളും നിരന്തരം അർപ്പിക്കാതെ ഈ അതിവിശുദ്ധത്തിലേക്കുളള പ്രവേശനം അസാധ്യമാണ്.—എബ്രായർ 5:7; യൂദാ 20, 21; താരതമ്യം ചെയ്യുക: സങ്കീർത്തനം 141:2.
ഒരു പുതിയ പാട്ട്
17. (എ) ഏതു പുതിയ പാട്ട് 24 മൂപ്പൻമാർ പാടുന്നു? (ബി) ബൈബിളിൽ “പുതിയ പാട്ടു” എന്ന പ്രയോഗം മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ?
17 ഇപ്പോൾ ശ്രുതിമധുരമായ ഒരു ഗീതത്തിന്റെ മണിനാദം മുഴങ്ങുന്നു. ഇതു കുഞ്ഞാടിന്റെ പുരോഹിത സഹകാരികളായ 24 മൂപ്പൻമാർ അവനെ പുകഴ്ത്തി പാടുന്നതാണ്: “പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുളളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; . . . എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.” (വെളിപ്പാടു 5:9, 10ബി) “പുതിയ പാട്ടു” എന്ന പ്രയോഗം ബൈബിളിൽ പല പ്രാവശ്യം കാണുന്നു, സാധാരണമായി വിമോചനത്തിന്റെ ശക്തമായ ഏതെങ്കിലും നടപടിക്കുവേണ്ടി യഹോവയെ സ്തുതിക്കുന്നതിനെ പരാമർശിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 96:1; 98:1; 144:9) പാട്ടുകാരന് യഹോവയുടെ കൂടുതലായ അത്ഭുതപ്രവൃത്തികളെ പ്രഖ്യാപിക്കാനും അവന്റെ മഹത്തായ നാമത്തോടു പുതുക്കിയ വിലമതിപ്പു പ്രകടമാക്കാനും ഇപ്പോൾ കഴിയുമെന്നുളളതുകൊണ്ട് പാട്ട് പുതുതാണ്.
18. തങ്ങളുടെ പുതിയ പാട്ടിൽ 24 മൂപ്പൻമാർ എന്തിനുവേണ്ടി യേശുവിനെ സ്തുതിക്കുന്നു?
18 എങ്കിലും, ഇവിടെ യഹോവയുടെ മുമ്പാകെ ആയിരിക്കുന്നതിനു പകരം യേശുവിന്റെ മുമ്പാകെയാണ് 24 മൂപ്പൻമാർ ഒരു പുതിയ പാട്ടു പാടുന്നത്. എന്നാൽ തത്ത്വം ഒന്നുതന്നെയാണ്. ദൈവപുത്രനെന്ന നിലയിൽ യേശു അവർക്കുവേണ്ടി ചെയ്തിരിക്കുന്ന പുതിയ കാര്യങ്ങൾക്കായി അവർ അവനെ സ്തുതിക്കുന്നു. അവന്റെ രക്തം മുഖാന്തരം അവൻ പുതിയ ഉടമ്പടിക്കു മാധ്യസ്ഥം വഹിക്കുകയും യഹോവയുടെ പ്രത്യേക സ്വത്തെന്നനിലയിൽ ഒരു പുതിയ ജനതയെ ഉളവാക്കുന്നതു സാധ്യമാക്കുകയും ചെയ്തു. (റോമർ 2:28, 29; 1 കൊരിന്ത്യർ 11:25; എബ്രായർ 7:18-25) ഈ പുതിയ ആത്മീയ ജനതയിലെ അംഗങ്ങൾ പല ജഡിക ജനതകളിൽനിന്നു വന്നെങ്കിലും യേശു അവരെ ഒരു ജനതയെന്ന നിലയിൽ ഒരു സഭയായി ഏകീകരിച്ചു.—യെശയ്യാവു 26:2; 1 പത്രൊസ് 2:9, 10.
19. (എ) തങ്ങളുടെ അവിശ്വസ്തത നിമിത്തം ജഡിക ഇസ്രായേൽ ഏതനുഗ്രഹം ആസ്വദിക്കുന്നതിൽ പരാജയപ്പെട്ടു? (ബി) യഹോവയുടെ പുതിയ ജനത ഏത് അനുഗ്രഹം ആസ്വദിക്കുന്നതിന് ഇടയാകുന്നു?
19 പണ്ടു മോശയുടെ നാളിൽ യഹോവ ഇസ്രായേല്യരെ ഒരു ജനതയായി രൂപപ്പെടുത്തിയപ്പോൾ അവൻ അവരുമായി ഒരു ഉടമ്പടി ചെയ്യുകയും അവർ ആ ഉടമ്പടിയോടു വിശ്വസ്തരായിരുന്നാൽ തന്റെ മുമ്പാകെ പുരോഹിതൻമാരുടെ ഒരു രാജ്യം ആയിത്തീരുമെന്നു വാഗ്ദത്തം ചെയ്യുകയും ചെയ്തു. (പുറപ്പാടു 19:5, 6) ഇസ്രായേല്യർ വിശ്വസ്തരായിരുന്നില്ല, ആ വാഗ്ദത്തത്തിന്റെ സാക്ഷാത്കാരം ഒരിക്കലും അനുഭവിച്ചുമില്ല. നേരേമറിച്ച്, യേശു മാധ്യസ്ഥം വഹിച്ച പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച പുതിയ ജനത വിശ്വസ്തരായി നിലനിന്നിരിക്കുന്നു. അതുകൊണ്ട് അതിലെ അംഗങ്ങൾ രാജാക്കൻമാരെന്ന നിലയിൽ ഭൂമിയുടെമേൽ ഭരണം നടത്താനും മനുഷ്യവർഗത്തിലെ പരമാർഥഹൃദയരെ യഹോവയുമായി അനുരഞ്ജനത്തിലാകാൻ സഹായിച്ചുകൊണ്ടു പുരോഹിതൻമാരായി സേവിക്കാനും ഇടയാകുന്നു. (കൊലൊസ്സ്യർ 1:20) അത് ആ പുതിയ പാട്ടു പ്രകടമാക്കുന്നതുപോലെ തന്നെയാണ്: “ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതൻമാരും ആക്കിവെച്ചു; അവർ ഭൂമിയിൽ [ഭൂമിയുടെമേൽ, NW] വാഴുന്നു”. (വെളിപ്പാടു 5:10എ) മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ സ്തുതിച്ചുകൊണ്ട് ഈ പുതിയ പാട്ടു പാടുന്നതിൽ ആ 24 മൂപ്പൻമാർക്ക് എത്ര സന്തോഷമാണുളളത്!
ഒരു സ്വർഗീയ ഗായകസംഘം
20. ഇപ്പോൾ കുഞ്ഞാടിന് ഏതു സ്തുതിഗീതം മുഴക്കപ്പെടുന്നു?
20 യഹോവയുടെ സ്ഥാപനത്തിലെ വലിയ സ്വർഗീയ സമൂഹത്തിൽപെട്ട മററുളളവർ ഈ പുതിയ പാട്ടിനോട് എങ്ങനെ പ്രതികരിക്കുന്നു? അവരുടെ ഹൃദയംഗമമായ യോജിപ്പു കണ്ട് യോഹന്നാൻ പുളകിതനാകുന്നു: “പിന്നെ ഞാൻ ദർശനത്തിൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പൻമാരുടെയും ചുററിലും ഏറിയ ദൂതൻമാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു. അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.” (വെളിപ്പാടു 5:11, 12) വശ്യമായ എന്തോരു സ്തുതിഗീതം!
21. കുഞ്ഞാടിനുളള സ്തുതി യഹോവയുടെ പരമാധികാരത്തെയോ സ്ഥാനത്തെയോ കുറച്ചുകളയുന്നുവോ? വിശദീകരിക്കുക.
21 ഇപ്പോൾ യേശു യഹോവയാം ദൈവത്തിന്റെ സ്ഥാനം കരസ്ഥമാക്കിയതായും സകല സൃഷ്ടിയും പിതാവിനുപകരം യേശുവിനെ സ്തുതിക്കുന്നതിലേക്കു തിരിഞ്ഞിരിക്കുന്നതായും ഇതർഥമാക്കുന്നുവോ? ഒരിക്കലുമില്ല! പിന്നെയോ, ഈ സ്തുതിഗീതം അപ്പോസ്തലനായ പൗലോസ് എഴുതിയതിനോടു ചേർച്ചയിലാണ്: ‘അതുകൊണ്ടു ദൈവവും അവനെ ഏററവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നൽകി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏററുപറകയും ചെയ്യേണ്ടിവരും’. (ചെരിച്ചെഴുത്തു ഞങ്ങളുടേത്. [ഫിലിപ്പിയർ 2:9-11]) സർവ സൃഷ്ടിക്കും മുമ്പാകെ പ്രാഥമികമായ വിവാദപ്രശ്നം പരിഹരിക്കുന്നതിലുളള യേശുവിന്റെ പങ്കുനിമിത്തമാണ് അവൻ ഇവിടെ സ്തുതിക്കപ്പെടുന്നത്—യഹോവയുടെ അർഹമായ പരമാധികാരത്തിന്റെ സംസ്ഥാപനം തന്നെ. വാസ്തവത്തിൽ, ഇത് അവന്റെ പിതാവിന് എന്തോരു മഹത്ത്വമാണു കൈവരുത്തിയിരിക്കുന്നത്!
വർധിച്ചുവരുന്ന ഒരു കീർത്തനം
22. ഭൗമിക മണ്ഡലത്തിൽനിന്നുളള സ്വരങ്ങൾ ഏതു കീർത്തനത്തിൽ പങ്കു ചേരുന്നു?
22 യോഹന്നാൻ വർണിക്കുന്ന രംഗത്തിൽ സ്വർഗീയ സമൂഹങ്ങൾ യേശുവിന്റെ വിശ്വസ്തതയും അവന്റെ സ്വർഗീയ അധികാരവും അംഗീകരിച്ചുകൊണ്ട് യേശുവിനു ശ്രുതിമധുരമായ സ്തുതിഘോഷം അർപ്പിക്കുകയാണ്. ഇതിൽ, ഭൗമിക മണ്ഡലത്തിൽനിന്നുളള സ്വരങ്ങളും അവരോടു ചേരുന്നു, പിതാവിനെയും പുത്രനെയും സ്തുതിക്കുന്നതിൽ ഇവരും പങ്കുപററുമ്പോൾതന്നെ. ഒരു മാനുഷ പുത്രന്റെ നേട്ടങ്ങൾക്കു മാതാപിതാക്കൾക്കു വലിയ ബഹുമതി കൈവരുത്താൻ കഴിയുന്നതുപോലെ തന്നെ യേശുവിന്റെ വിശ്വസ്തഗതി സകല സൃഷ്ടിയിലും “പിതാവായ ദൈവത്തിന്റെ മഹത്വത്തി”ൽ കലാശിക്കുന്നു. അങ്ങനെ, യോഹന്നാൻ തുടർന്നു റിപ്പോർട്ടു ചെയ്യുന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉളള സകല സൃഷ്ടിയും അവയിലുളളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവന്നും കുഞ്ഞാടിന്നും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു.”—വെളിപ്പാടു 5:13.
23, 24. (എ) കീർത്തനം സ്വർഗത്തിൽ എപ്പോൾ ആരംഭിക്കുമെന്നും ഭൂമിയിൽ എപ്പോൾ ആരംഭിക്കുമെന്നും എന്തു സൂചിപ്പിക്കുന്നു? (ബി) വർഷങ്ങൾ കടന്നുപോകുന്നതോടെ കീർത്തനത്തിന്റെ സ്വരം വർധിക്കുന്നതെങ്ങനെ?
23 ഈ അതിശ്രേഷ്ഠ കീർത്തനം ആലപിക്കുന്നത് എപ്പോൾ? ഇതു കർത്താവിന്റെ ദിവസത്തിന്റെ തുടക്കത്തിൽത്തന്നെ ആരംഭിച്ചു. സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗങ്ങളിൽനിന്നു ബഹിഷ്കരിക്കപ്പെട്ട ശേഷം, ‘സ്വർഗ്ഗത്തിലുളള സകല സൃഷ്ടിക്കും’ ഈ സ്തുതിഗീതത്തിൽ ചേരാൻ കഴിഞ്ഞു. രേഖ പ്രകടമാക്കുന്നതുപോലെ 1919 മുതൽ ഭൂമിയിൽ വർധിച്ചുവരുന്ന ഒരു ജനക്കൂട്ടം യഹോവയെ സ്തുതിക്കുന്നതിൽ തങ്ങളുടെ സ്വരങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നു, ഏതാനും ആയിരത്തിൽനിന്ന് 1990-കളുടെ ആരംഭമായപ്പോഴേക്കും നാൽപ്പതു ലക്ഷത്തിലധികമായി വർധിച്ചുവന്നതുതന്നെ. b സാത്താന്റെ ഭൗമിക വ്യവസ്ഥിതി നശിപ്പിക്കപ്പെട്ടശേഷം ‘ഭൂമിയിലുളള . . . സകല സൃഷ്ടിയും’ യഹോവക്കും അവന്റെ പുത്രനും സ്തുതികൾ ആലപിക്കുന്നതായിരിക്കും. യഹോവയുടെ തക്കസമയത്ത്, മരിച്ച നിരവധി ലക്ഷങ്ങളുടെ പുനരുത്ഥാനം ആരംഭിക്കും, അപ്പോൾ ദൈവത്തിന്റെ ഓർമയിലുളള, ‘ഭൂമിക്കു കീഴിലുളള . . . സകല സൃഷ്ടിക്കും’ ഈ കീർത്തനം ആലപിക്കുന്നതിൽ പങ്കുചേരാനുളള അവസരം ലഭിക്കും.
24 ഇപ്പോൾത്തന്നെ “ഭൂമിയുടെ അററത്തുനിന്നും . . . സമുദ്രത്തിൽനിന്നും . . . ദ്വീപുകളിൽനിന്നും” ലക്ഷക്കണക്കിനു മനുഷ്യർ യഹോവയുടെ ആഗോള സ്ഥാപനത്തോടുളള സഹവാസത്തിൽ ഒരു പുതിയ പാട്ടു പാടുകയാണ്. (യെശയ്യാവ് 42:10, NW; സങ്കീർത്തനം 150:1-6) സഹസ്രാബ്ദത്തിന്റെ അന്ത്യത്തിൽ, മനുഷ്യവർഗം പൂർണതയിലേക്ക് ഉയർത്തപ്പെട്ടുകഴിയുമ്പോൾ ഈ ആനന്ദകീർത്തനം ഉച്ചസ്ഥായിയിൽ എത്തിച്ചേരും. അതിനുശേഷം ഉല്പത്തി 3:15-ന്റെ പൂർണനിവൃത്തിയായി ആ പഴയ സർപ്പം, പ്രധാനവഞ്ചകനായ സാത്താൻതന്നെ നശിപ്പിക്കപ്പെടും. ഒരു ജയോത്സവ പാരമ്യത്തിൽ ജീവനുളള സകല സൃഷ്ടിയും, ആത്മാക്കളും മനുഷ്യരും ഏകസ്വരത്തിൽ ഇങ്ങനെ പാടുകയും ചെയ്യും: “സിംഹാസനത്തിൽ ഇരിക്കുന്നവന്നും കുഞ്ഞാടിന്നും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ.” പ്രപഞ്ചത്തിലെങ്ങും ഒരു ഭിന്നശബ്ദവും ഉണ്ടായിരിക്കുകയില്ല.
25. (എ) സാർവത്രിക കീർത്തനത്തെക്കുറിച്ചുളള യോഹന്നാന്റെ വിവരണം വായിക്കുന്നത് എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു? (ബി) ദർശനം സമാപിക്കുന്നതോടെ നാലു ജീവികളും 24 മൂപ്പൻമാരും നമുക്കായി എന്തു മികച്ച മാതൃക വെക്കുന്നു?
25 അത് എത്ര സന്തോഷകരമായ സമയമായിരിക്കും! തീർച്ചയായും, യോഹന്നാൻ ഇവിടെ വർണിക്കുന്നത് ആനന്ദത്താൽ നമ്മുടെ ഹൃദയങ്ങൾ നിറയുവാൻ ഇടയാക്കുകയും സ്വർഗീയ സൈന്യങ്ങളോടൊപ്പം യഹോവയാം ദൈവത്തിനും യേശുക്രിസ്തുവിനും ഹൃദയംഗമമായ സ്തുതികൾ ആലപിക്കുന്നതിൽ ചേരുന്നതിനു നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നാം മുമ്പെന്നത്തേതിലുമധികമായി നീതിപ്രവൃത്തികളിൽ നിലനിൽക്കുന്നതിനു ദൃഢനിശ്ചയമുളളവരല്ലേ? അങ്ങനെ ചെയ്യുന്നെങ്കിൽ യഹോവയുടെ സഹായത്തോടെ നാമും വ്യക്തിപരമായി ആ സന്തോഷകരമായ പാരമ്യത്തിൽ ആ സാർവത്രിക മധുരഗീതത്തോടു നമ്മുടെ സ്വരങ്ങളും കൂട്ടിച്ചേർത്തുകൊണ്ട് അവിടെ ഉണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കാൻ കഴിയും. തീർച്ചയായും ആ നാലു കെരൂബ്യ ജീവികളും പുനരുത്ഥാനം പ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികളും പൂർണ യോജിപ്പിലാണ്, എന്തെന്നാൽ ദർശനം ഈ വാക്കുകളോടെ അവസാനിക്കുന്നു: “നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പൻമാർ വീണു നമസ്കരിച്ചു.”—വെളിപ്പാടു 5:14.
26. നാം എന്തിൽ വിശ്വാസം അർപ്പിക്കണം, കുഞ്ഞാട് എന്തു ചെയ്യുന്നതിനായി ഒരുങ്ങുകയാണ്?
26 പ്രിയ വായനക്കാരാ, നിങ്ങളും ‘യോഗ്യനായ’ കുഞ്ഞാടിന്റെ യാഗത്തിൽ വിശ്വാസം അർപ്പിക്കട്ടെ, “സിംഹാസനത്തിൽ ഇരിക്കുന്ന” യഹോവയെ ആരാധിക്കുന്നതിനും സേവിക്കുന്നതിനുമുളള നിങ്ങളുടെ വിനീതശ്രമങ്ങളിൽ നിങ്ങളും അനുഗൃഹീതനാകട്ടെ. യോഹന്നാൻവർഗം “തക്കസമയത്തു [ആത്മീയ] ആഹാരവീതം” പ്രദാനം ചെയ്യുമ്പോൾ ഇന്നു നിങ്ങളെ സഹായിക്കാൻ അവരെ അനുവദിക്കുക. (ലൂക്കൊസ് 12:42) എന്നാൽ നോക്കൂ! കുഞ്ഞാട് ഏഴു മുദ്രകൾ തുറക്കാൻ ഒരുങ്ങുന്നു. ഉത്തേജകമായ ഏതു വെളിപ്പെടുത്തലുകളാണ് ഇപ്പോൾ നമുക്കുവേണ്ടി കരുതിയിരിക്കുന്നത്?
[അടിക്കുറിപ്പുകൾ]
a വ്യാകരണപരമായി പറഞ്ഞാൽ, “ഓരോരുത്തൻ വീണയും . . . ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ടു” എന്ന പ്രയോഗം മൂപ്പൻമാരെയും നാലു ജീവികളെയും പരാമർശിക്കാവുന്നതാണ്. എന്നിരുന്നാലും ആ പ്രയോഗം 24 മൂപ്പൻമാരെ മാത്രമേ പരാമർശിക്കുന്നുളളു എന്നു സന്ദർഭം വ്യക്തമാക്കുന്നു.
b പേജ് 64-ലെ ചാർട്ടു കാണുക.
[അധ്യയന ചോദ്യങ്ങൾ]
[86-ാം പേജിലെ ചിത്രം]