തന്റെ ന്യായവിധികൾ നിമിത്തം യാഹിനെ സ്തുതിപ്പിൻ!
അധ്യായം 38
തന്റെ ന്യായവിധികൾ നിമിത്തം യാഹിനെ സ്തുതിപ്പിൻ!
1. “സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ” യോഹന്നാൻ ഏതു വാക്കുകൾ കേൾക്കുന്നു?
മഹാബാബിലോൻ മേലാൽ സ്ഥിതിചെയ്യുന്നില്ല! ഇതു സത്യമായും സന്തോഷകരമായ വാർത്തയാണ്. യോഹന്നാൻ സ്വർഗത്തിലെ സ്തുതിഘോഷങ്ങൾ കേൾക്കുന്നതിൽ അതിശയിക്കാനില്ല! “അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതു: ഹല്ലെലൂയ്യാ! a രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുളളതു. വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസൻമാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുളളവ. അവർ പിന്നെയും: ഹല്ലെലൂയ്യാ!* അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.”—വെളിപ്പാടു 19:1-3.
2. (എ) “ഹല്ലെലൂയ്യാ” എന്ന പദത്തിന്റെ അർഥമെന്ത്, ഈ സമയത്ത് യോഹന്നാൻ രണ്ടുപ്രാവശ്യം അതു കേൾക്കുന്നത് എന്തു പ്രകടമാക്കുന്നു? (ബി) മഹാബാബിലോനെ നശിപ്പിക്കുന്നതിന്റെ മഹത്ത്വം ആരു സ്വീകരിക്കുന്നു? വിശദീകരിക്കുക.
2 ഹല്ലെലൂയ്യാ തന്നെ! ആ വാക്കിന്റെ അർഥം “ജനങ്ങളേ, നിങ്ങൾ യാഹിനെ സ്തുതിപ്പിൻ” എന്നാണ്, ‘യാഹ്’ യഹോവ എന്ന ദിവ്യനാമത്തിന്റെ ഹ്രസ്വരൂപം ആണ്. നാം ഇവിടെ സങ്കീർത്തനക്കാരന്റെ ഉദ്ബോധനം അനുസ്മരിപ്പിക്കപ്പെടുന്നു. “ശ്വസിക്കുന്ന സകലതും—അവ യാഹിനെ സ്തുതിക്കട്ടെ. ജനങ്ങളേ, നിങ്ങൾ യാഹിനെ സ്തുതിപ്പിൻ!” (സങ്കീർത്തനം 150:6, NW) വെളിപാടിന്റെ ഈ ഭാഗത്തു സ്വർഗീയസംഘം ആഹ്ലാദത്തോടെ “ഹല്ലെലൂയ്യാ!” പാടുന്നതായി യോഹന്നാൻ രണ്ടുപ്രാവശ്യം കേൾക്കുന്നതു സത്യത്തിന്റെ ദിവ്യവെളിപാടിന്റെ തുടർച്ചയെ പ്രകടമാക്കുന്നു. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ ദൈവം മുമ്പത്തെ എബ്രായ തിരുവെഴുത്തുകളിലെ ദൈവം തന്നെയാണ്, അവന്റെ നാമം യഹോവ എന്നാണ്. പുരാതന ബാബിലോന്റെ വീഴ്ചക്കിടയാക്കിയ അതേ ദൈവം ഇപ്പോൾ മഹാബാബിലോനെ ന്യായം വിധിച്ച് നശിപ്പിച്ചിരിക്കുന്നു. ആ അത്ഭുതകൃത്യത്തിന് അവനു സകല മഹത്ത്വവും നൽകുവിൻ! അവളുടെ വീഴ്ച സാധ്യമാക്കിയ ശക്തി, അവളെ നശിപ്പിക്കാൻ ഉപകരണങ്ങളെന്ന നിലയിൽ അവൻ ഉപയോഗിച്ച ജനതകളുടേതല്ല, പിന്നെയോ അവന്റേതാണ്. യഹോവക്കുമാത്രമാണു നാം രക്ഷ ആരോപിക്കേണ്ടത്.—യെശയ്യാവു 12:2; വെളിപ്പാടു 4:11; 7:10, 12.
3. മഹാവേശ്യ ന്യായവിധി ഇത്രയധികം അർഹിക്കുന്നതെന്തുകൊണ്ട്?
3 മഹാവേശ്യ ഈ ന്യായവിധി ഇത്രയധികം അർഹിക്കുന്നതെന്തുകൊണ്ട്? യഹോവ നോഹക്കും—അവനിലൂടെ മുഴുമനുഷ്യവർഗത്തിനും—നൽകിയ നിയമം അനുസരിച്ച് അനിയന്ത്രിതമായ രക്തച്ചൊരിച്ചിൽ മരണശിക്ഷ ആവശ്യമാക്കിത്തീർക്കുന്നു. ഇത് ഇസ്രായേലിനുളള ദൈവത്തിന്റെ ന്യായപ്രമാണത്തിൽ വീണ്ടും പ്രസ്താവിക്കപ്പെട്ടു. (ഉല്പത്തി 9:6; സംഖ്യാപുസ്തകം 35:20, 21) അതിനുപുറമേ ആ മോശൈക നിയമത്തിൻ കീഴിൽ ശാരീരികവും ആത്മീയവുമായ വ്യഭിചാരം മരണം കൈവരുത്തി. (ലേവ്യപുസ്തകം 20:10; ആവർത്തനപുസ്തകം 13:1-5) ആയിരക്കണക്കിനു വർഷങ്ങളായി മഹാബാബിലോൻ രക്തപാതകിയായിരുന്നു, അവൾ ഒരു വലിയ വ്യഭിചാരിണിയുമാണ്. ഉദാഹരണത്തിന്, പുരോഹിതൻമാർക്കു വിവാഹം വിലക്കുന്ന റോമൻ കത്തോലിക്കാസഭയുടെ നയം അവരിൽ അനേകരുടെ ഭാഗത്തെ കടുത്ത ദുർമാർഗത്തിൽ കലാശിച്ചിരിക്കുന്നു, ഇവരിൽ ഇന്ന് എയ്ഡ്സ് ബാധയുളളവർ കുറച്ചൊന്നുമല്ലതാനും. (1 കൊരിന്ത്യർ 6:9, 10; 1 തിമൊഥെയൊസ് 4:1-3) എന്നാൽ ‘ആകാശത്തോളം കുന്നിച്ചിരിക്കുന്ന’ അവളുടെ പ്രധാന പാപങ്ങൾ അവളുടെ ആത്മീയ ദുർവൃത്തിയുടെ ഞെട്ടിക്കുന്ന പ്രവൃത്തികൾ ആണ്—ഈ ഒടുവിലത്തേതു വ്യാജം പഠിപ്പിക്കലും അഴിമതിനിറഞ്ഞ രാഷ്ട്രീയക്കാരുമായുളള കൂട്ടുചേരലും ആണ്. (വെളിപ്പാടു 18:5) അവളുടെ ശിക്ഷ ഒടുവിൽ അവൾക്കു വന്നതുകൊണ്ടു സ്വർഗീയപുരുഷാരം ഇപ്പോൾ ഒരു രണ്ടാം ഹല്ലെലൂയ്യാ മുഴക്കുന്നു.
4. മഹാബാബിലോനിൽനിന്നുളള പുക “എന്നെന്നേക്കും പൊങ്ങുന്നു” എന്ന വസ്തുത എന്തിനെ പ്രതീകവത്കരിക്കുന്നു?
4 പിടിച്ചടക്കിയ ഒരു നഗരത്തെപ്പോലെ മഹാബാബിലോനെ തീക്കിരയാക്കിയിരിക്കുന്നു, അവളിൽനിന്നുളള പുക “എന്നെന്നേക്കും പൊങ്ങുന്നു.” ജയിച്ചടക്കിയ സൈന്യങ്ങൾ ഒരു അക്ഷരീയ നഗരത്തെ നശിപ്പിക്കുമ്പോൾ ചാരം ചൂടുളളതായിരിക്കുന്നിടത്തോളം കാലം പുക ഉയർന്നുകൊണ്ടിരിക്കും. പുക ഉയർന്നുകൊണ്ടിരിക്കുമ്പോൾ അതു പുതുക്കിപ്പണിയാൻ തുനിയുന്ന ഏതൊരാളും നീറുന്ന അവശിഷ്ടങ്ങളാൽ പൊളളിക്കപ്പെടും. മഹാബാബിലോനിൽനിന്നുളള പുക അവളുടെ ന്യായവിധിയുടെ അന്തിമത്ത്വത്തിന്റെ സൂചനയെന്നോണം “എന്നെന്നേക്കും” ഉയരുന്നതുകൊണ്ട് ആർക്കും ഒരിക്കലും ആ നിന്ദിത നഗരത്തെ പുനഃസ്ഥാപിക്കാൻ കഴിയില്ല. വ്യാജമതം എന്നെന്നേക്കുമായി പൊയ്പോയിരിക്കുന്നു. വാസ്തവത്തിൽ, ഹല്ലെലൂയ്യാ!—താരതമ്യം ചെയ്യുക: യെശയ്യാവു 34:5, 9, 10.
5. (എ) നാലുജീവികളും 24 മൂപ്പൻമാരും എന്തു ചെയ്യുകയും പറയുകയും ചെയ്യുന്നു? (ബി) ഹല്ലെലൂയ്യാ പല്ലവി ക്രൈസ്തവലോകത്തിലെ സഭകളിൽ പാടുന്ന ഹല്ലെലൂയ്യാ ഗീതത്തെക്കാൾ കൂടുതൽ ശ്രുതിമധുരമായിരിക്കുന്നതെന്തുകൊണ്ട്?
5 ഒരു മുൻദർശനത്തിൽ യോഹന്നാൻ തങ്ങളുടെ മഹത്തായ സ്വർഗീയ സ്ഥാനങ്ങളിലെ രാജ്യാവകാശികളെ ചിത്രീകരിക്കുന്ന 24 മൂപ്പൻമാരോടൊപ്പം സിംഹാസനത്തിനു ചുററും നാലു ജീവികളെ കണ്ടു. (വെളിപ്പാടു 4:8-11) മഹാബാബിലോന്റെ നാശം സംബന്ധിച്ചു മൂന്നാമതു ഹല്ലെലൂയ്യാ മുഴക്കുമ്പോൾ അവൻ ഇപ്പോൾ അവരെ വീണ്ടും കാണുന്നു: “ഇരുപത്തുനാലു മൂപ്പൻമാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! b എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.” (വെളിപ്പാടു 19:4) ഈ മഹത്തായ ഹല്ലെലൂയ്യാ പല്ലവി ആ സ്ഥിതിക്ക്, കുഞ്ഞാടിനുളള സ്തുതിയുടെ ‘പുതിയ പാട്ടിനു’ പുറമേയാണ്. (വെളിപ്പാടു 5:8, 9) അവർ ഇപ്പോൾ മഹാബാബിലോനാകുന്ന മഹാവേശ്യയുടെ മേലുളള അവന്റെ നിർണായക വിജയം നിമിത്തം മുഴു മഹത്ത്വവും പരമാധികാരിയാം കർത്താവായ യഹോവക്കു നൽകിക്കൊണ്ടു പ്രൗഢമായ വിജയഗീതം ആലപിക്കുന്നു. യഹോവ അഥവാ യാഹ് അനാദരിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവലോകത്തിലെ സഭകളിൽ ആലപിക്കപ്പെടുന്ന ഏതു ഹല്ലെലൂയ്യാ ഗീതത്തെക്കാളും ഈ ഹല്ലെലൂയ്യാകൾ കൂടുതൽ ശ്രുതിമധുരമായി മുഴക്കപ്പെടുന്നു. യഹോവയുടെ നാമത്തെ നിന്ദിക്കുന്ന അത്തരം കപടഭക്തിപരമായ ആലാപനം എന്നേക്കുമായി ഇപ്പോൾ നിശബ്ദമാക്കപ്പെട്ടിരിക്കുന്നു!
6. ആരുടെ “ശബ്ദം” കേൾക്കുന്നു, അത് എന്തിനു പ്രേരിപ്പിക്കുന്നു, പ്രതികരണത്തിൽ ആർ പങ്കെടുക്കുന്നു?
6 ‘ചെറിയവരും വലിയവരുമായി തന്റെ നാമത്തെ ഭയപ്പെടുന്നവർക്ക്’ യഹോവ പ്രതിഫലം നൽകാൻ തുടങ്ങിയത് 1918-ൽ ആയിരുന്നു—ഇവരിൽ ആദ്യത്തെ ആളുകൾ വിശ്വസ്തരായി മരിച്ചവരും അവൻ ഉയിർപ്പിച്ച് 24 മൂപ്പൻമാരുടെ സ്വർഗീയനിരയിൽ ഇരുത്തിയവരുമായ അഭിഷിക്ത ക്രിസ്ത്യാനികളായിരുന്നു. (വെളിപ്പാടു 11:18) ഹല്ലെലൂയ്യാ പാടുന്നതിൽ മററുളളവർ ഇവരോടു കൂടിച്ചേരുന്നു, എന്തെന്നാൽ യോഹന്നാൻ റിപ്പോർട്ടു ചെയ്യുന്നു: “നമ്മുടെ ദൈവത്തിന്റെ സകലദാസൻമാരും [അടിമകളും, NW] ഭക്തൻമാരുമായി ചെറിയവരും വലിയവരും ആയുളേളാരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽനിന്നു പുറപ്പെട്ടു.” (വെളിപ്പാടു 19:5) ഇതു ‘സിംഹാസനത്തിന്റെ നടുവിൽ’ നിൽക്കുന്ന യഹോവയുടെ വക്താവും അവന്റെ സ്വന്തംപുത്രനുമായ യേശുക്രിസ്തുവിന്റെ “ശബ്ദ”മാണ്. (വെളിപ്പാടു 5:6) സ്വർഗത്തിൽ മാത്രമല്ല പിന്നെയോ ഇവിടെ ഭൂമിയിലുമുളള അവന്റെ “സകലദാസൻമാരും” ഭൂമിയിൽ നേതൃത്വമെടുക്കുന്ന യോഹന്നാൻവർഗത്തോടൊപ്പം ആലാപനത്തിൽ പങ്കുചേരുന്നു. ‘നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ’ എന്ന കൽപ്പന അനുസരിക്കുന്നതിൽ അവർ എത്ര സന്തോഷത്തോടെ പങ്കെടുക്കുന്നു!
7. മഹാബാബിലോൻ നശിപ്പിക്കപ്പെട്ടശേഷം ആർ യഹോവയെ സ്തുതിക്കുന്നതായിരിക്കും?
7 അതെ, മഹാപുരുഷാരത്തിൽ പെട്ടവരും ഈ അടിമകളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നു. ഇവർ 1935 മുതൽ മഹാബാബിലോനിൽനിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്നു, “അവൻ യഹോവാഭക്തൻമാരായ, ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും” എന്ന ദൈവിക വാഗ്ദത്തത്തിന്റെ നിവൃത്തി അവർ അനുഭവിക്കുകയും ചെയ്തിരിക്കുന്നു. (സങ്കീർത്തനം 115:13) വേശ്യാതുല്യ ബാബിലോൻ നശിപ്പിക്കപ്പെടുമ്പോൾ, യോഹന്നാൻവർഗത്തോടും സകല സ്വർഗീയ സൈന്യത്തോടും ഒപ്പം ‘നമ്മുടെ ദൈവത്തെ വാഴ്ത്തു’ന്നതിൽ അവരിൽ ലക്ഷങ്ങൾ പങ്കുചേരും. പിന്നീടു ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിച്ചുവരുന്നവർ മുമ്പു പ്രമുഖരായിരുന്നാലും അല്ലെങ്കിലും മഹാബാബിലോൻ എന്നെന്നേക്കുമായി പൊയ്പോയിരിക്കുന്നു എന്നറിയുമ്പോൾ കൂടുതലായ ഹല്ലെലൂയ്യാകൾ പാടുമെന്നുളളതിനു സംശയമില്ല. (വെളിപ്പാടു 20:12, 15) പുരാതന വേശ്യയുടെ മേലുളള മാറെറാലിക്കൊളളുന്ന വിജയത്തിനു സകലസ്തുതിയും യഹോവക്കുളളതാകുന്നു!
8. മഹാബാബിലോൻ നശിപ്പിക്കപ്പെടുന്നതിനു മുമ്പുതന്നെ ഇപ്പോൾ, യോഹന്നാൻ ദർശിച്ച സ്വർഗീയ സ്തുതിഗീതങ്ങൾ നമുക്ക് എന്തു പ്രചോദനം നൽകണം?
8 ഇന്നു ദൈവത്തിന്റെ വേലയിൽ പൂർണമായി പങ്കെടുക്കാൻ ഇതെല്ലാം നമുക്ക് എന്തൊരുത്തേജനമാണു നൽകുന്നത്! മഹാബാബിലോനെ തളളിയിട്ടു നശിപ്പിക്കുന്നതിനുമുമ്പ്, ഇപ്പോൾ യാഹിന്റെ ദാസൻമാരെല്ലാം മഹത്തായ രാജ്യപ്രത്യാശയോടൊപ്പം ദൈവത്തിന്റെ ന്യായവിധികൾ പ്രഖ്യാപിക്കുന്നതിൽ തങ്ങളെത്തന്നെ സർവാത്മനാ അർപ്പിക്കട്ടെ.—യെശയ്യാവു 61:1-3; 1 കൊരിന്ത്യർ 15:58.
‘ഹല്ലെലൂയ്യാ—യഹോവ രാജാവാകുന്നു!’
9. അന്തിമ ഹല്ലെലൂയ്യാ, പൂർണമായ അത്തരമൊരു ധന്യശബ്ദമായതെന്തുകൊണ്ട്?
9 യോഹന്നാൻ തുടർന്നു നമ്മോടു പറയുന്നതുപോലെ ആനന്ദിക്കാൻ നമുക്കു കൂടുതലായ ന്യായങ്ങൾ ഉണ്ട്: “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെളളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! c സർവ്വശക്തിയുളള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏററിരിക്കുന്നു.” (വെളിപ്പാടു 19:6) പ്രഖ്യാപനം അടിയുറച്ചത് അല്ലെങ്കിൽ സമതുലിതം ആക്കുന്നത് ഈ അവസാന ഹല്ലെലൂയ്യാ ആണ്. അതു ശക്തമായ ഒരു സ്വർഗീയ ശബ്ദമാണ്, ഏതു മനുഷ്യ ഗായകസംഘത്തിന്റേതിനെക്കാളും പ്രൗഢിയുളളതും ഏതു ഭൗമിക വെളളച്ചാട്ടത്തെക്കാളും ഗാംഭീര്യമുളളതും ഏത് ആകാശ ഇടിമുഴക്കത്തെക്കാളും ഭയജനകമായതും തന്നെ. കോടിക്കണക്കിനു സ്വർഗീയ ശബ്ദങ്ങൾ “സർവ്വശക്തിയുളള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏററിരിക്കുന്നു” എന്ന വസ്തുത ഘോഷിക്കുന്നു.
10. മഹാബാബിലോന്റെ നാശത്തിനുശേഷം യഹോവ രാജാവായി ഭരിക്കാൻ തുടങ്ങുന്നു എന്ന് ഏതർഥത്തിൽ പറയാൻ കഴിയും?
10 എങ്കിലും യഹോവ ഭരിക്കാൻ തുടങ്ങുന്നു എന്നുളളത് എങ്ങനെയാണ്? “ദൈവം പുരാതനമേ എന്റെ രാജാവാകുന്നു” എന്നു സങ്കീർത്തനക്കാരൻ പ്രഖ്യാപിച്ചിട്ടു സഹസ്രാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. (സങ്കീർത്തനം 74:12) യഹോവയുടെ രാജത്വം അന്നുപോലും പുരാതനമായിരുന്നു, അപ്പോൾ “യഹോവ രാജാവായി ഭരിക്കാൻ തുടങ്ങിയിരിക്കുന്നു” [NW] എന്നു സാർവത്രിക ഗായകസംഘത്തിനു പാടാൻ കഴിഞ്ഞതെങ്ങനെ? മഹാബാബിലോൻ നശിപ്പിക്കപ്പെടുമ്പോൾ സാർവത്രിക പരമാധികാരിയെന്നനിലയിൽ യഹോവയോടുളള അനുസരണത്തിൽനിന്നു വ്യതിചലിപ്പിക്കാൻ ഗർവിയായ എതിരാളി മേലാൽ ഇല്ല എന്നതിനാൽത്തന്നെ. മേലാൽ വ്യാജമതം അവനെ എതിർക്കാൻ ഭൂമിയിലെ ഭരണാധികാരികളെ ഉത്സാഹിപ്പിക്കുകയില്ല. പുരാതന ബാബിലോൻ ലോകാധിപത്യത്തിൽനിന്നു വീണപ്പോൾ സീയോൻ “നിന്റെ ദൈവം രാജാവായിത്തീർന്നിരിക്കുന്നു!” എന്ന വിജയപ്രഖ്യാപനം കേട്ടു. (യെശയ്യാവ് 52:7, NW) രാജ്യത്തിന്റെ 1914-ലെ ജനനശേഷം 24 മൂപ്പൻമാർ ഇപ്രകാരം പ്രഖ്യാപിച്ചു: “യഹോവയാം ദൈവമേ . . . അവിടുന്നു മഹാശക്തി ധരിച്ചു രാജാവായി ഭരിച്ചുതുടങ്ങിയതിനാൽ ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു.” (വെളിപാട് 11:17, NW) ഇപ്പോൾ മഹാബാബിലോന്റെ നാശത്തിനുശേഷം വീണ്ടും “യഹോവ രാജാവായി ഭരിച്ചു തുടങ്ങിയിരിക്കുന്നു” എന്ന ഉദ്ഘോഷം മുഴങ്ങുന്നു. ഒരു മനുഷ്യനിർമിത ദൈവവും സത്യദൈവമായ യഹോവയുടെ പരമാധികാരത്തെ എതിർക്കാൻ അവശേഷിക്കുന്നില്ല!
കുഞ്ഞാടിന്റെ വിവാഹം വന്നെത്തിയിരിക്കുന്നു!
11, 12. (എ) പുരാതന യെരുശലേം പുരാതനബാബിലോനെ എങ്ങനെ സംബോധന ചെയ്തു, പുതിയ യെരുശലേമും മഹാബാബിലോനും സംബന്ധിച്ച് എന്തു മാതൃക വെച്ചുകൊണ്ട്? (ബി) മഹാബാബിലോന്റെ മേലുളള വിജയത്തോടെ സ്വർഗീയ കൂട്ടങ്ങൾ എന്തു പ്രഖ്യാപിക്കുകയും പാടുകയും ചെയ്യുന്നു?
11 “എന്റെ ശത്രുവായവളേ”! യഹോവയുടെ ആരാധനാലയം സ്ഥിതിചെയ്തിരുന്ന യെരുശലേം വിഗ്രഹാരാധിയായ ബാബിലോനെ സംബോധന ചെയ്തത് അങ്ങനെയാണ്. (മീഖാ 7:8) അതുപോലെതന്നെ, 1,44,000 അംഗങ്ങളടങ്ങുന്ന മണവാട്ടിയായ “പുതിയ യെരൂശലേം എന്ന വിശുദ്ധനഗര”ത്തിനു മഹാബാബിലോനെ അവളുടെ ശത്രുവായി സംബോധന ചെയ്യാൻ സകല ന്യായവുമുണ്ട്. (വെളിപ്പാടു 21:2) എന്നാൽ ഒടുവിൽ മഹാവേശ്യ വിപത്തും അനർഥവും നാശവും അനുഭവിച്ചിരിക്കുന്നു. അവളുടെ ആത്മവിദ്യാ നടപടികൾക്കും ജോത്സ്യൻമാർക്കും അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല. (താരതമ്യം ചെയ്യുക: യെശയ്യാവു 47:1, 11-13.) സത്യാരാധനക്കു വാസ്തവത്തിൽ ഒരു പ്രമുഖവിജയം തന്നെ!
12 മ്ലേച്ഛവേശ്യയായ മഹാബാബിലോൻ എന്നേക്കുമായി നീങ്ങിപ്പോയതോടെ, ഇപ്പോൾ കുഞ്ഞാടിന്റെ നിർമല കന്യകയായ മണവാട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും! അതുകൊണ്ട് സ്വർഗീയ കൂട്ടങ്ങൾ യഹോവയെ സ്തുതിച്ച് ആനന്ദത്തോടെ പാടുന്നു: “നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധൻമാരുടെ നീതിപ്രവൃത്തികൾ തന്നേ.”—വെളിപ്പാടു 19:7, 8.
13. നൂററാണ്ടുകളിലുടനീളം കുഞ്ഞാടിന്റെ വിവാഹത്തിനുളള ഏത് ഒരുക്കം നടക്കുകയുണ്ടായി?
13 നൂററാണ്ടുകളിലുടനീളം യേശു ഈ സ്വർഗീയ വിവാഹത്തിനായി സ്നേഹപൂർവം ഒരുക്കം ചെയ്യുകയായിരുന്നു. (മത്തായി 28:20; 2 കൊരിന്ത്യർ 11:2) അവൻ 1,44,000 വരുന്ന ആത്മീയ ഇസ്രായേലിനെ ശുദ്ധീകരിക്കുകയായിരുന്നു, “കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്ക്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നു”തന്നെ. (എഫെസ്യർ 5:25-27) “ദൈവത്തിന്റെ മേലോട്ടുളള വിളിയാകുന്ന സമ്മാനം” നേടുന്നതിന്റെ വീക്ഷണത്തിൽ ഓരോ അഭിഷിക്ത ക്രിസ്ത്യാനിയും പഴയ വ്യക്തിത്വം അതിന്റെ ആചാരങ്ങളോടുകൂടെ ഉരിഞ്ഞു കളയേണ്ടിയിരിക്കുന്നു, പുതിയ ക്രിസ്തീയ വ്യക്തിത്വം ധരിക്കുകയും “യഹോവക്കെന്ന പോലെ മുഴുദേഹിയോടെ” നീതിപ്രവൃത്തികൾ നിർവഹിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.—ഫിലിപ്യർ 3:8, 13, 14, NW; കൊലോസ്യർ 3:9, 10, 23, NW.
14. കുഞ്ഞാടിന്റെ ഭാര്യയുടെ ഭാവി അംഗങ്ങളെ മലിനപ്പെടുത്തുന്നതിനു സാത്താൻ എങ്ങനെ ശ്രമിച്ചിരിക്കുന്നു?
14 പൊ.യു. 33-ലെ പെന്തക്കോസ്തുമുതൽ കുഞ്ഞാടിന്റെ ഭാര്യയുടെ ഭാവി അംഗങ്ങളെ മലിനപ്പെടുത്താൻ ശ്രമിക്കുന്നതിനു സാത്താൻ മഹാബാബിലോനെ തന്റെ ഉപകരണമായി ഉപയോഗിച്ചു. ഒന്നാം നൂററാണ്ടിന്റെ അവസാനമായപ്പോഴേക്കും അവൻ സഭയിൽ ബാബിലോന്യമതത്തിന്റെ വിത്തുകൾ വിതക്കുകയുണ്ടായി. (1 കൊരിന്ത്യർ 15:12; 2 തിമൊഥെയൊസ് 2:18; വെളിപ്പാടു 2:6, 14, 20) വിശ്വാസം മറിച്ചുകളയുന്നവരെ അപ്പോസ്തലനായ പൗലോസ് ഈ വാക്കുകളിൽ വർണിക്കുന്നു: “ഇങ്ങനെയുളളവർ കളളയപ്പൊസ്തലൻമാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലൻമാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.” (2 കൊരിന്ത്യർ 11:13, 14) തുടർന്നുവന്ന നൂററാണ്ടുകളിൽ വിശ്വാസത്യാഗിയായ ക്രൈസ്തവലോകം മഹാബാബിലോന്റെ ശേഷിച്ച ഭാഗത്തെപ്പോലെ സമ്പത്തിന്റെയും പദവിയുടെയും വസ്ത്രം, “ധൂമ്രവർണ്ണവും കടുഞ്ചുവപ്പും . . . പൊന്നും രത്നവും മുത്തും” അണിഞ്ഞു. (വെളിപ്പാടു 17:4) അവളുടെ വൈദികരും പാപ്പാമാരും, കോൺസ്ററൻറയിനും കാറൽമാനും പോലുളള രക്തദാഹികളായ ചക്രവർത്തിമാരോടു കൂട്ടുകൂടി. അവൾ ഒരിക്കലും “വിശുദ്ധൻമാരുടെ നീതിപ്രവൃത്തികൾ”കൊണ്ട് അണിഞ്ഞൊരുങ്ങിയിരുന്നില്ല. ഒരു വ്യാജമണവാട്ടി എന്നനിലയിൽ അവൾ സത്യത്തിൽ സാത്താന്യ വഞ്ചനയുടെ ഒരു വിദഗ്ധരൂപമായിരുന്നു. ഒടുവിൽ അവൾ എന്നേക്കുമായി പൊയ്പോയിരിക്കുന്നു!
കുഞ്ഞാടിന്റെ ഭാര്യ തന്നേത്തന്നെ ഒരുക്കിയിരിക്കുന്നു
15. മുദ്രയിടൽ എങ്ങനെ നടക്കുന്നു, ഒരു അഭിഷിക്ത ക്രിസ്ത്യാനിയിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?
15 അങ്ങനെ, ഇപ്പോൾ ഏതാണ്ട് 2,000 വർഷങ്ങൾക്കുശേഷം മണവാട്ടിവർഗത്തിലെ മുഴു 1,44,000-വും തങ്ങളെത്തന്നെ ഒരുക്കിയിരിക്കുന്നു. എന്നാൽ ‘കുഞ്ഞാടിന്റെ കാന്ത തന്നെത്താൻ ഒരുക്കിയിരിക്കുന്നു’ എന്ന് ഏതു ഘട്ടത്തിൽ പറയാൻ കഴിയും? പൊ.യു. 33-ലെ പെന്തക്കോസ്തു മുതൽ ക്രമാനുഗതമായി, വിശ്വസിക്കുന്ന അഭിഷിക്തരെ ‘വീണ്ടെടുപ്പുനാളിന്റെ’ വീക്ഷണത്തിൽ “വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” അപ്പോസ്തലനായ പൗലോസ് പ്രകടമാക്കുന്നപ്രകാരം ദൈവം “നമ്മുടെമേൽ തന്റെ മുദ്ര പതിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളിൽ, വരുവാനിരിക്കുന്നതിന്റെ അച്ചാരമായ പരിശുദ്ധാത്മാവിനെ നൽകുകയും ചെയ്തിരിക്കുന്നു.” (എഫെസ്യർ 1:13; 4:30; 2 കൊരിന്ത്യർ 1:22, NW) ഓരോ അഭിഷിക്തക്രിസ്ത്യാനിയും ‘വിളിക്കപ്പെട്ടവനും തിരഞ്ഞെടുക്കപ്പെട്ടവനും’ ആണ്, അയാൾ തന്നെത്തന്നെ “വിശ്വസ്ത”നെന്നു തെളിയിക്കുകയും ചെയ്തിരിക്കുന്നു.—വെളിപ്പാടു 17:14.
16. (എ) അപ്പോസ്തലനായ പൗലോസിന്റെ മുദ്രയിടൽ പൂർത്തിയായതെപ്പോൾ, നാം എങ്ങനെ അറിയുന്നു? (ബി) കുഞ്ഞാടിന്റെ ഭാര്യ എപ്പോൾ തന്നെത്തന്നെ പൂർണമായി ‘ഒരുക്കിയിരിക്കും’?
16 പതിററാണ്ടുകളിലെ പരിശോധനക്കുശേഷം പൗലോസിനുതന്നെ ഇപ്രകാരം പ്രഖ്യാപിക്കാൻ കഴിഞ്ഞു: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുളള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.” (2 തിമൊഥെയൊസ് 4:7, 8) അപ്പോസ്തലൻ അപ്പോഴും ജഡശരീരത്തിലായിരിക്കെ, രക്തസാക്ഷിമരണം വരിക്കാനിരുന്നെങ്കിലും അവന്റെ മുദ്രയിടൽ പൂർത്തിയായിരുന്നതായി കാണുന്നു. അതുപോലെതന്നെ, 1,44,000-ത്തിൽ ഭൂമിയിൽ ശേഷിക്കുന്ന എല്ലാവരും യഹോവക്കുളളവരെന്ന നിലയിൽ വ്യക്തിപരമായി മുദ്രയിടപ്പെട്ടിരിക്കുന്ന സമയം വരണം. (2 തിമൊഥെയൊസ് 2:19) ഇതു കുഞ്ഞാടിന്റെ ഭാര്യ തന്നെത്തന്നെ പൂർണമായി ഒരുക്കിയിരിക്കുന്നത് അപ്പോഴായിരിക്കും—1,44,000-ത്തിൽ ബഹുഭൂരിപക്ഷത്തിനും അവരുടെ സ്വർഗീയപ്രതിഫലം ലഭിച്ചുകഴിയുകയും ഭൂമിയിൽ ശേഷിക്കുന്നവർ വിശ്വസ്തരെന്നനിലയിൽ ഒടുവിൽ അംഗീകരിക്കപ്പെട്ടു മുദ്രയിടപ്പെട്ടും കഴിയുമ്പോൾ.
17. കുഞ്ഞാടിന്റെ വിവാഹം എപ്പോൾ നടക്കാവുന്നതാണ്?
17 യഹോവയുടെ സമയപ്പട്ടികയിലെ ഈ ഘട്ടത്തിൽ, 1,44,000-ത്തിന്റെ മുദ്രയിടൽ പൂർത്തിയാകുമ്പോൾ ദൂതൻമാർ മഹോപദ്രവത്തിന്റെ നാലു കാററുകൾ അഴിച്ചുവിടുന്നു. (വെളിപ്പാടു 7:1-3) ആദ്യം വേശ്യാതുല്യ മഹാബാബിലോന്റെമേൽ ന്യായവിധി നടപ്പാക്കപ്പെടുന്നു. ജയശാലിയായ ക്രിസ്തു അടുത്തതായി ഭൂമിയിൽ സാത്താന്റെ സ്ഥാപനത്തിന്റെ ശേഷിച്ച ഭാഗത്തെ നശിപ്പിക്കുന്നതിനു പെട്ടെന്നുതന്നെ അർമഗെദോനിലേക്കു നീങ്ങുന്നു, ഒടുവിൽ സാത്താനെയും അവന്റെ ഭൂതങ്ങളെയും അഗാധത്തിലടയ്ക്കുന്നതിനും നടപടിയെടുക്കുന്നു. (വെളിപ്പാടു 19:11–20:3) ഭൂമിയിൽ അതിജീവിക്കുന്ന അഭിഷിക്തർ മണവാട്ടിവർഗത്തിലെ തങ്ങളുടെ സഹയംഗങ്ങളോടു ചേരാൻ പെട്ടെന്നുതന്നെ തങ്ങളുടെ സ്വർഗീയ പ്രതിഫലത്തിലേക്കു പ്രവേശിക്കുമെന്നുളളതിനു സംശയമില്ല. അപ്പോൾ സാർവത്രിക സമാധാനത്തിന്റെ ഒരു ചുററുപാടിൽ കുഞ്ഞാടിന്റെ വിവാഹം നടക്കാൻ കഴിയും!
18. കുഞ്ഞാടിന്റെ വിവാഹത്തോടു ബന്ധപ്പെട്ട സംഭവങ്ങളുടെ ക്രമം 45-ാം സങ്കീർത്തനം സ്ഥിരീകരിക്കുന്നതെങ്ങനെ?
18 നാൽപ്പത്തിയഞ്ചാം സങ്കീർത്തനത്തിൽ നൽകിയിരിക്കുന്ന സംഭവങ്ങളുടെ പ്രവാചകവർണന ആ ക്രമത്തെ സ്ഥിരീകരിക്കുന്നു. സിംഹാസനസ്ഥനായ രാജാവ് ആദ്യം തന്റെ ശത്രുക്കളെ ജയിച്ചടക്കുന്നതിനു മുന്നേറുന്നു. (വാക്യങ്ങൾ 1-7) അടുത്തതായി വിവാഹം നടക്കുന്നു, സ്വർഗീയ മണവാട്ടിക്ക് അവളുടെ കന്യകാ തോഴിമാരായ മഹാപുരുഷാരം ഭൂമിയിൽ ശുശ്രൂഷ ചെയ്യുന്നു. (വാക്യങ്ങൾ 8-15) അടുത്തതായി ‘സർവ്വഭൂമിയിലെയും പ്രഭുക്കൻമാരുടെ’ മേൽനോട്ടത്തിൻകീഴിൽ പുനരുത്ഥാനം പ്രാപിച്ച മനുഷ്യവർഗം പൂർണതയിലേക്ക് ഉയർത്തപ്പെടുമ്പോൾ വിവാഹം ഫലപൂർണമായിത്തീരുന്നു. (വാക്യങ്ങൾ 16, 17) കുഞ്ഞാടിന്റെ വിവാഹത്തെത്തുടർന്ന് എന്തു മഹത്തായ അനുഗ്രഹങ്ങൾ കൈവരുന്നു!
ക്ഷണിക്കപ്പെട്ടവർ സന്തുഷ്ടരാകുന്നു
19. വെളിപാടിലെ ഏഴു സന്തുഷ്ടികളിൽ നാലാമത്തേത് ഏതാണ്, ഈ പ്രത്യേക സന്തുഷ്ടിയിൽ ആർ പങ്കെടുക്കുന്നു?
19 യോഹന്നാൻ ഇപ്പോൾ വെളിപാടിലെ ഏഴു സന്തുഷ്ടികളിൽ നാലാമത്തേതു രേഖപ്പെടുത്തുന്നു: “പിന്നെ അവൻ [ഈ കാര്യങ്ങൾ യോഹന്നാനു വെളിപ്പെടുത്തിക്കൊടുത്തുകൊണ്ടിരുന്ന ദൂതൻ] എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാൻമാർ [സന്തുഷ്ടർ, NW] എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.” (വെളിപ്പാടു 19:9) d “കുഞ്ഞാടിന്റെ കല്യാണസദ്യെക്കു” ക്ഷണിക്കപ്പെട്ടവർ മണവാട്ടിവർഗത്തിലെ അംഗങ്ങളാകുന്നു. (താരതമ്യം ചെയ്യുക: മത്തായി 22:1-14.) അഭിഷിക്ത മണവാട്ടിസംഘത്തിലെ എല്ലാവരും ഈ ക്ഷണം ലഭിച്ചതിലെ സന്തുഷ്ടി പങ്കിടുന്നു. ക്ഷണിക്കപ്പെട്ടവരിൽ മിക്കവരും വിവാഹ അത്താഴത്തിന്റെ സ്ഥലമായ സ്വർഗത്തിലേക്കു പോയിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഭൂമിയിലുളളവരും സന്തുഷ്ടരാണ്, കാരണം അവർക്കും ക്ഷണമുണ്ട്. വിവാഹ അത്താഴത്തിലെ അവരുടെ സ്ഥാനം ഉറപ്പാണ്. (യോഹന്നാൻ 14:1-3; 1 പത്രൊസ് 1:3-9) അവർ സ്വർഗത്തിലേക്കു പുനരുത്ഥാനം പ്രാപിക്കുമ്പോൾ, അപ്പോൾ മുഴു ഏകീകൃതമണവാട്ടിയും അങ്ങേയററം സന്തുഷ്ടമായ ആ വിവാഹത്തിൽ കുഞ്ഞാടിനോടുകൂടെ പങ്കെടുത്തു തുടങ്ങും.
20. (എ) “ഇതു ദൈവത്തിന്റെ സത്യവചനം” ആകുന്നു എന്ന വാക്കുകളുടെ വിവക്ഷ എന്താണ്? (ബി) ദൂതന്റെ വാക്കുകളാൽ യോഹന്നാൻ ബാധിക്കപ്പെട്ടതെങ്ങനെ, ദൂതന്റെ പ്രതികരണം എന്തായിരുന്നു?
20 “ഇതു ദൈവത്തിന്റെ സത്യവചനം” എന്നു ദൂതൻ കൂട്ടിച്ചേർക്കുന്നു. ‘സത്യം’ എന്ന ഈ വാക്ക് അലെതിനോസ് എന്ന ഗ്രീക്കു വാക്കിന്റെ വിവർത്തനമാണ്, “യഥാർഥമായത്” അല്ലെങ്കിൽ “ആശ്രയയോഗ്യമായത്” എന്ന് അർഥമാക്കുകയും ചെയ്യുന്നു. ഈ വചനങ്ങൾ യഥാർഥത്തിൽ യഹോവയിൽനിന്നുളളതായതുകൊണ്ട് അവ വിശ്വാസയോഗ്യവും ആശ്രയയോഗ്യവും ആണ്. (താരതമ്യം ചെയ്യുക: 1 യോഹന്നാൻ 4:1-3; വെളിപ്പാടു 21:5; 22:6.) ആ വിവാഹസദ്യക്കു ക്ഷണിക്കപ്പെട്ട ഒരുവനെന്നനിലയിൽ ഇതു കേൾക്കുകയും മണവാട്ടിവർഗത്തിനുമുമ്പിൽ സ്ഥിതിചെയ്യുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോൾ യോഹന്നാൻ സന്തോഷത്താൽ നിറഞ്ഞിരിക്കണം. ദൂതൻ അവനു ബുദ്ധ്യുപദേശം നൽകേണ്ടിവരത്തക്കവണ്ണം അവൻ ആ വസ്തുതയാൽ വളരെ ആഴമായി ബാധിക്കപ്പെട്ടു, യോഹന്നാൻ വിവരിക്കുന്നതുപോലെ: “ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാല്ക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു: ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉളള നിന്റെ സഹോദരൻമാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക.”—വെളിപ്പാടു 19:10എ.
21. (എ) ദൂതൻമാരെക്കുറിച്ചു വെളിപാട് എന്തു വെളിപ്പെടുത്തുന്നു? (ബി) ദൂതൻമാരോടു ക്രിസ്ത്യാനികൾക്ക് എന്തു മനോഭാവം ഉണ്ടായിരിക്കണം?
21 വെളിപാടിലുടനീളം ദൂതൻമാരുടെ വിശ്വസ്തതക്കും ഉത്സാഹത്തിനും പ്രശംസാർഹമായ സാക്ഷ്യം നൽകപ്പെട്ടിരിക്കുന്നു. അവർ വെളിപ്പെടുത്തപ്പെട്ട സത്യത്തിന്റെ സരണിയിൽ ഉൾപ്പെടുന്നു. (വെളിപ്പാടു 1:1) സുവാർത്ത പ്രസംഗിക്കുന്നതിലും ആലങ്കാരിക ബാധകൾ ഒഴിക്കുന്നതിലും അവർ മനുഷ്യരോടൊത്തു വേല ചെയ്യുന്നു. (വെളിപ്പാടു 14:6, 7; 16:1) അവർ സാത്താനെയും അവന്റെ ദൂതൻമാരെയും സ്വർഗത്തിൽനിന്നു ബഹിഷ്കരിക്കുന്നതിന് യേശുവിനോടൊത്തുനിന്നു പോരാടി, അവർ അവനോടൊത്തു വീണ്ടും അർമഗെദോനിൽ പോരാടുകയും ചെയ്യും. (വെളിപ്പാടു 12:7; 19:11-14) വാസ്തവത്തിൽ അവർക്ക് യഹോവയാം വ്യക്തിയുടെ മുമ്പാകെ പ്രവേശനവുമുണ്ട്. (മത്തായി 18:10; വെളിപ്പാടു 15:6) എന്നിരുന്നാലും അവർ ദൈവത്തിന്റെ വിനീതരായ അടിമകളെക്കാൾ കൂടിയവരല്ല. ശുദ്ധാരാധനയിൽ ദൂതൻമാരുടെ ആരാധനക്കോ ഏതെങ്കിലും “വിശുദ്ധ”നിലൂടെയോ ദൂതനിലൂടെയോ ദൈവത്തിലേക്ക് ആരാധന തിരിച്ചുവിടുന്ന ആപേക്ഷിക ആരാധനക്കുപോലുമോ ഇടമില്ല. (കൊലൊസ്സ്യർ 2:18) ക്രിസ്ത്യാനികൾ യഹോവയെ മാത്രം ആരാധിക്കുന്നു, യേശുവിന്റെ നാമത്തിൽ അവനോടു തങ്ങളുടെ അപേക്ഷകൾ അർപ്പിച്ചുകൊണ്ടുതന്നെ.—യോഹന്നാൻ 14:12, 13.
പ്രവചനത്തിൽ യേശുവിന്റെ പങ്ക്
22. ദൂതൻ യോഹന്നാനോട് എന്തു പറയുന്നു, ആ വാക്കുകളുടെ അർഥമെന്ത്?
22 ദൂതൻ അടുത്തതായി പറയുന്നു: “എന്തെന്നാൽ യേശുവിനു സാക്ഷ്യം വഹിക്കലാണു പ്രവചിക്കലിനു നിശ്വസ്തത നൽകുന്നത്.” (വെളിപാട് 19:10ബി, NW) അതെങ്ങനെ? സകല നിശ്വസ്ത പ്രവചനത്തിനും ഉത്തേജനം ലഭിക്കുന്നത് യേശുവും യഹോവയുടെ ഉദ്ദേശ്യങ്ങളിൽ അവൻ വഹിക്കുന്ന പങ്കും നിമിത്തമാണെന്ന് ഇതർഥമാക്കുന്നു. ബൈബിളിലെ ആദ്യപ്രവചനം ഒരു സന്തതിയുടെ വരവു വാഗ്ദത്തം ചെയ്തു. (ഉല്പത്തി 3:15) യേശു ആ സന്തതിയായിത്തീർന്നു. തുടർന്നുണ്ടായ വെളിപാടുകൾ ഈ അടിസ്ഥാന വാഗ്ദത്തത്തിൻമേൽ പ്രവാചക സത്യത്തിന്റെ ഒരു മഹാസൗധം പണിതു. അപ്പോസ്തലനായ പത്രോസ് വിശ്വാസം പ്രകടമാക്കിയ വിജാതീയനായ കൊർന്നേല്യോസിനോട് ഇപ്രകാരം പറഞ്ഞു: “[യേശുവിനെക്കുറിച്ച്] സകല പ്രവാചകൻമാരും സാക്ഷ്യം പറയുന്നു.” (പ്രവൃത്തികൾ 10:43) ഏതാണ്ട് 20 വർഷങ്ങൾക്കുശേഷം അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞു: “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ.” (2 കൊരിന്ത്യർ 1:20) മറെറാരു 43 വർഷങ്ങൾക്കുശേഷം യോഹന്നാൻതന്നെ നമ്മെ അനുസ്മരിപ്പിക്കുന്നു: “സത്യം യേശുക്രിസ്തു മുഖാന്തരം വന്നു.”—യോഹന്നാൻ 1:17.
23. യേശുവിന്റെ ഉയർന്ന സ്ഥാനവും അധികാരവും നാം യഹോവക്കു നൽകുന്ന ആരാധന കുറച്ചുകളയുന്നില്ലാത്തതെന്തുകൊണ്ട്?
23 ഇത് ഏതെങ്കിലും വിധത്തിൽ നാം യഹോവക്കു നൽകുന്ന ആരാധനയെ കുറച്ചുകളയുന്നുവോ? ഇല്ല. ദൂതന്റെ താക്കീതു നൽകിക്കൊണ്ടുളള ഉപദേശം ഓർക്കുക: “ദൈവത്തെ നമസ്കരിക്ക.” യഹോവക്ക് എതിരായി നിലകൊളളാൻ യേശു ഒരിക്കലും ശ്രമിക്കുന്നില്ല. (ഫിലിപ്പിയർ 2:6) ‘[യേശുവിനെ] വണങ്ങാൻ’ ദൂതൻമാരോടു പറയപ്പെട്ടിരിക്കുന്നു എന്നുളളതും ‘യേശുവിന്റെ നാമത്തിങ്കൽ മുഴങ്കാൽ ഒക്കെയും മടങ്ങ’ത്തക്കവണ്ണം അവന്റെ ഉയർന്ന സ്ഥാനത്തെ സകല സൃഷ്ടിയും അംഗീകരിക്കണമെന്നുളളതും സത്യംതന്നെ. എന്നാൽ ഇതു ‘പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനും’ അവന്റെ കൽപ്പനപ്രകാരവും ആണെന്നുളളതു കുറിക്കൊളളുക. (എബ്രായർ 1:6, NW; ഫിലിപ്പിയർ 2:9-11) യേശുവിന് ഉയർന്ന അധികാരം യഹോവ നൽകി, ആ അധികാരം അംഗീകരിച്ചുകൊണ്ടുതന്നെ നാം ദൈവത്തിനു മഹത്ത്വം കൊടുക്കുന്നു. നാം യേശുവിന്റെ ഭരണത്തിനു കീഴ്പെടാൻ വിസമ്മതിക്കുന്നുവെങ്കിൽ അത് യഹോവയാം ദൈവത്തെതന്നെ നിരസിക്കുന്നതിനു സമമാണ്.—സങ്കീർത്തനം 2:11, 12.
24. വിസ്മയകരമായ ഏതു രണ്ടു സംഭവങ്ങൾ നാം വിചിന്തനം ചെയ്യുന്നു, നാം അതുകൊണ്ട് ഏതു വാക്കുകൾ ഉച്ചരിക്കണം?
24 അതുകൊണ്ട് 146 മുതൽ 150 വരെയുളള സങ്കീർത്തനങ്ങളിലെ പ്രാരംഭവാക്കുകൾ നമുക്ക് ഐകമത്യത്തോടെ ഉച്ചരിക്കാം: “ജനങ്ങളേ, നിങ്ങൾ യാഹിനെ സ്തുതിപ്പിൻ!” [NW] വ്യാജമതത്തിന്റെ ബാബിലോന്യ ലോകസാമ്രാജ്യത്തിൻമേലുളള യഹോവയുടെ വിജയത്തിന്റെ പ്രതീക്ഷയിൽ ഹല്ലെലൂയ്യാ പല്ലവി മുഴങ്ങട്ടെ! കുഞ്ഞാടിന്റെ വിവാഹം അടുത്തുവരവേ സന്തോഷം പെരുകട്ടെ!
[അടിക്കുറിപ്പുകൾ]
a ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്.
b ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്.
c ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്.
d ഇവകൂടെ കാണുക: വെളിപ്പാടു 1:3; 14:13; 16:15.
[അധ്യയന ചോദ്യങ്ങൾ]
[273-ാം പേജിലെ ചതുരം]
“സോദോമിനും ഗൊമോറക്കുമുളള ലേഖനം”
ഈ സവിശേഷ തലക്കെട്ടിൻകീഴിൽ, 1987 നവംബർ 12-ലെ ലണ്ടൻ ഡെയ്ലി ടെലഗ്രാഫ് ആംഗ്ലേയസഭയുടെ പൊതു സിനഡിൻമുമ്പാകെ അവതരിപ്പിച്ച ഒരു പ്രമേയത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്തു. ഇതു സഭയിൽനിന്നു സ്വവർഗരതിക്കാരായ “ക്രിസ്ത്യാനികളെ” പുറത്താക്കുന്നതിന് ആവശ്യപ്പെട്ടു. കോളമെഴുത്തുകാരനായ ഗോഡ്ഫ്രെ ബാർക്കർ ഇപ്രകാരം പ്രസ്താവിച്ചു: “കാൻറർബറി ആർച്ച് ബിഷപ്പ് വിഷാദത്തോടെ ഇന്നലെ ഇപ്രകാരം അഭിപ്രായപ്പെട്ടു: ‘വിശുദ്ധ പൗലോസ് ആംഗ്ലേയസഭയ്ക്ക് ഒരു ലേഖനം എഴുതുന്നെങ്കിൽ അത് ഏതു തരത്തിലുളള ഒരു ലേഖനമായിരിക്കുമെന്നു നമുക്ക് ഉചിതമായി ചോദിക്കാവുന്നതാണ്.’” ശ്രീ. ബാർക്കർതന്നെ അഭിപ്രായം പറഞ്ഞു: “സോദോമിനും ഗൊമോറക്കുമുളള ഒരു ലേഖനം എന്നതാണ് ഉത്തരം,” അയാൾ കൂട്ടിച്ചേർത്തു: “അത് റോമർ 1-ാം അധ്യായം പോലെ വായിക്കപ്പെടുമായിരിക്കും എന്ന് ഡോ. റൺസി [ആർച്ച് ബിഷപ്പ്] ഭാവനയിൽ കണ്ടു.”
ലേഖകൻ റോമർ 1:26-32-ലെ പൗലോസിന്റെ വാക്കുകൾ ഉദ്ധരിച്ചു: “അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു . . . ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു . . . ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുളള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.” അയാൾ ഇപ്രകാരം ഉപസംഹരിച്ചു: “വിശുദ്ധ പൗലോസ് പളളിയംഗങ്ങളെക്കുറിച്ചു മാത്രമാണ് ഉത്കണ്ഠപ്പെട്ടത്. ഡോ. റൺസിയുടെ പ്രശ്നം പ്രസംഗവേദിയിലെ മനുഷ്യർ ആണ്.”
ആർച്ച് ബിഷപ്പിന് അത്തരം ഒരു പ്രശ്നമുളളതെന്തുകൊണ്ട്? ലണ്ടൻ ഡെയ്ലി മെയിൽ 1987 ഒക്ടോബർ 22-ലെ വലിയ തലക്കെട്ടുകളിൽ ഇപ്രകാരം പ്രഖ്യാപിച്ചിരുന്നു: “‘മൂന്നിലൊരു വികാരി സ്വവർഗഭോഗി’ . . . സ്വവർഗഭോഗികളെ പുറത്താക്കാനുളള പ്രസ്ഥാനം ‘ആംഗ്ലേയ സഭയെ അടച്ചു പൂട്ടിക്കും.’” സ്വവർഗഭോഗ ക്രിസ്തീയ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായ “റവറണ്ട്” ഇപ്രകാരം പറയുന്നതായി റിപ്പോർട്ടുകൾ ഉദ്ധരിച്ചു: “ഈ പ്രമേയം അംഗീകരിക്കപ്പെട്ടാൽ അതു സഭയെ തകർക്കും, കാൻറർബറി ആർച്ച് ബിഷപ്പിന് അതറിയാം. പൊതുവേ പറഞ്ഞാൽ ആംഗ്ലേയസഭയിലെ വൈദികരിൽ 30 ശതമാനത്തിനും 40 ശതമാനത്തിനും ഇടക്ക് സ്വവർഭോഗികളാണെന്നു ഞങ്ങൾ കരുതുന്നു. സഭാശുശ്രൂഷ നടത്തുന്ന അങ്ങേയററം കർമനിരതരായ വ്യക്തികൾ അവരാണുതാനും.” പളളിയിൽ പോക്കുകാരുടെ എണ്ണം കുറയുന്നതു ഭാഗികമായി, വർധിച്ചുവരുന്ന സ്വവർഗരതിശുശ്രൂഷയോടുളള വെറുപ്പിന്റെ ഒരു പ്രതിഫലനമാണെന്നുളളതിനു സംശയമില്ല.
സഭാസിനഡ് എന്തു തീരുമാനിച്ചു? 388 അംഗങ്ങളിൽ ബഹുഭൂരിപക്ഷവും (വൈദികരുടെ 95 ശതമാനം) വെളളംചേർത്ത പ്രമേയത്തെ അനുകൂലിച്ചു വോട്ടുചെയ്തു. ഇതിനെക്കുറിച്ച് 1987 നവംബർ 14-ലെ ദി ഇക്കോണമിസ്ററ് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ആംഗ്ലേയസഭ സ്വവർഗരതിക്രിയകൾക്ക് എതിരാണ്, എന്നാൽ വളരെയധികം എതിരല്ലതാനും. സഭയുടെ പാർലമെൻറായ ജനറൽ സിനഡ് സ്വവർഗരതിക്കാരായ വൈദികരെ മനസ്സിൽവെച്ചുകൊണ്ട്, സ്വവർഗരതിക്രിയകൾ ദുർവൃത്തിയോ വ്യഭിചാരമോ പോലെ ഒരു പാപമല്ല എന്ന് ഈ ആഴ്ച തീരുമാനമെടുത്തു: ‘ലൈംഗിക സംഭോഗം സ്ഥിരമായ ഒരു വിവാഹബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കുമാത്രമുളള പ്രതിജ്ഞാബദ്ധമായ ഒരു പ്രവൃത്തിയാണെന്നുളള ആദർശത്തിൽനിന്ന് ഒരു വീഴ്ച’ മാത്രമാണത്.” കാൻറർബറി ആർച്ച് ബിഷപ്പിന്റെ നിലപാടും റോമർ 1:26, 27-ലെ അപ്പോസ്തലനായ പൗലോസിന്റെ വ്യക്തമായ പ്രസ്താവനയും വിപരീതതാരതമ്യം ചെയ്തുകൊണ്ട് ദി ഇക്കോണമിസ്ററ് പൗലോസിന്റെ വാക്കുകളുടെ ഒരു ഉദ്ധരണി “വി. പൗലോസിന് താൻ വിചാരിച്ചത് അറിയാമായിരുന്നു” എന്ന വിവരണ വാചകത്തിന്റെ മുകളിൽ പ്രദർശിപ്പിച്ചു.
യേശുക്രിസ്തുവിനും അവൻ വിചാരിച്ചത് അറിയാമായിരുന്നു വ്യക്തമായ വാക്കുകളിൽ അതു പ്രസ്താവിക്കുകയും ചെയ്തു. തന്റെ ദൂതു തിരസ്കരിച്ച മതഭക്തരെക്കാൾ “ന്യായവിധിദിവസത്തിൽ സോദോമ്യരുടെ ദേശത്തിനു സഹിക്കാവതാകും” എന്ന് അവൻ പറഞ്ഞു. (മത്തായി 11:23, 24) ദൈവപുത്രനെയും അവന്റെ ഉപദേശത്തെയും തളളിക്കളഞ്ഞ ആ മതനേതാക്കൾ സോദോമ്യരെക്കാൾ കൂടുതൽ നിന്ദ്യരാണെന്നു പ്രകടമാക്കാൻ യേശു ഇവിടെ അത്യുക്തി ഉപയോഗിക്കുകയായിരുന്നു. ആ സോദോമ്യർ നിത്യനാശത്തെ അർഥമാക്കുന്ന “നിത്യാഗ്നിയുടെ ശിക്ഷാവിധി”ക്കു വിധേയരായിയെന്ന് യൂദാ 7 പ്രസ്താവിക്കുന്നു. (മത്തായി 25:41, 46) അന്ധരാക്കപ്പെട്ട തങ്ങളുടെ ആടുകളെ ദൈവരാജ്യത്തിന്റെ ഉയർന്ന ധാർമിക പ്രമാണങ്ങളിൽനിന്ന് ഈ ലോകത്തിന്റെ അനുവാദാത്മകമായ മ്ലേച്ഛവഴികളിലേക്ക് അന്ധമായി നയിക്കുന്ന നാമധേയ ക്രിസ്തീയ നായകൻമാരുടെ ന്യായവിധി എത്ര കഠിനമായിരിക്കും! (മത്തായി 15:14) മഹാബാബിലോനാകുന്ന വ്യാജമതത്തെ സംബന്ധിച്ച് സ്വർഗത്തിൽനിന്നുളള ശബ്ദം അടിയന്തിരമായി ഇങ്ങനെ വിളിച്ചു പറയുന്നു: “എന്റെ ജനമായുളേളാരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.”—വെളിപ്പാടു 18:2, 4.
[275-ാം പേജിലെ ചിത്രങ്ങൾ]
മഹാബാബിലോന്റെ മേലുളള തന്റെ അന്തിമവിജയത്തിനു യാഹിനെ സ്തുതിച്ചുകൊണ്ട് സ്വർഗം നാലു ഹല്ലെലൂയ്യാകൾ മുഴക്കുന്നു