അധ്യായം 21
“നഗരത്തിന്റെ പേര് ‘യഹോവ അവിടെയുണ്ട്’ എന്നായിരിക്കും”
മുഖ്യവിഷയം: നഗരം, സംഭാവനയായി നീക്കിവെച്ച പ്രദേശം എന്നിവയുടെ അർഥം
1, 2. (എ) ദേശത്തിന്റെ ഒരു ഭാഗം ഏതു പ്രത്യേക ഉദ്ദേശ്യത്തിനായി നീക്കിവെക്കേണ്ടിയിരുന്നു? (പുറംതാളിലെ ചിത്രം കാണുക.) (ബി) ദർശനം പ്രവാസികൾക്ക് എന്ത് ഉറപ്പേകി?
ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി നീക്കിവെക്കേണ്ട ഭൂപ്രദേശം! യഹസ്കേലിനു ലഭിച്ച അവസാനദർശനത്തിലാണ് അതെക്കുറിച്ച് പരാമർശമുള്ളത്. ആ പ്രദേശം ഇസ്രായേൽഗോത്രങ്ങൾക്കുള്ള ഓഹരിയായിരുന്നില്ല, മറിച്ച് യഹോവയ്ക്കുള്ള സംഭാവനയായിരുന്നു. കൗതുകമുണർത്തുന്ന പേരുള്ള, അസാധാരണമായൊരു നഗരത്തെക്കുറിച്ചും യഹസ്കേൽ മനസ്സിലാക്കി. ദർശനത്തിന്റെ ഈ ഭാഗം പ്രവാസികൾക്കു സുപ്രധാനമായ ഒരു ഉറപ്പേകി: അവർ തങ്ങളുടെ പ്രിയപ്പെട്ട മാതൃദേശത്ത് തിരികെ എത്തുമ്പോൾ യഹോവ അവരുടെകൂടെയുണ്ടായിരിക്കും.
2 സംഭാവനയായി നീക്കിവെക്കേണ്ട ആ പ്രദേശത്തെക്കുറിച്ചുള്ള വിശദമായ ഒരു വർണന യഹസ്കേൽ നൽകുന്നുണ്ട്. യഹോവയുടെ സത്യാരാധകരായ നമുക്കു ധാരാളം പാഠങ്ങൾ പകർന്നുതരുന്ന ഒരു വിവരണമാണ് അത്. നമുക്ക് ഇപ്പോൾ അതൊന്നു പരിശോധിക്കാം.
‘വിശുദ്ധസംഭാവനയും നഗരവും’
3. യഹോവ നീക്കിവെച്ച പ്രദേശത്തിന്റെ അഞ്ചു ഭാഗങ്ങൾ ഏതെല്ലാം, അവയുടെ ഉദ്ദേശ്യം എന്തായിരുന്നു? (“സംഭാവനയായി നീക്കിവെക്കേണ്ട പ്രദേശം” എന്ന ചതുരം കാണുക.)
3 ആ പ്രത്യേക ഭൂപ്രദേശത്തിന്റെ തെക്കേ അതിർമുതൽ വടക്കേ അതിർവരെ 25,000 മുഴവും (13 കി.മീ.) കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ 25,000 മുഴവും ഉണ്ടായിരുന്നു. സമചതുരത്തിലുള്ള ആ പ്രദേശത്തെ “മൊത്തം സംഭാവന” എന്നാണു വിളിച്ചിരിക്കുന്നത്. അതിനെ കുറുകെ മൂന്നായി തിരിച്ചിരുന്നു. മുകളിലത്തെ ഭാഗം ലേവ്യർക്കുള്ളതായിരുന്നു. മധ്യഭാഗമാകട്ടെ, ദേവാലയത്തിനും പുരോഹിതന്മാർക്കും വേണ്ടി വേർതിരിച്ചിരുന്നു. ആ രണ്ടു ഭാഗങ്ങളെയുംകൂടെ “വിശുദ്ധസംഭാവന” എന്നാണു വിളിച്ചിരിക്കുന്നത്. താഴെയുള്ള ചെറിയ ഭാഗം അഥവാ “ബാക്കി ഭാഗം” “പൊതുവായ ഉപയോഗത്തിന്” ഉള്ളതായിരുന്നു. നഗരത്തിനുവേണ്ടി നീക്കിവെച്ചിരുന്ന പ്രദേശമായിരുന്നു അത്.—യഹ. 48:15, 20.
4. യഹോവയ്ക്കായി നീക്കിവെച്ച പ്രദേശത്തെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
4 യഹോവയ്ക്കായി നീക്കിവെച്ച പ്രദേശത്തെക്കുറിച്ചുള്ള ഈ വിവരണം നമ്മളെ എന്താണു പഠിപ്പിക്കുന്നത്? യഹോവ ആദ്യം പ്രത്യേകസംഭാവനയായുള്ള പ്രദേശം വേർതിരിച്ചിട്ട് പിന്നീടാണു ഗോത്രങ്ങൾക്കുള്ള സ്ഥലം വേർതിരിച്ചത്. ഇതിലൂടെ ദേശത്തിന്റെ ആത്മീയകേന്ദ്രത്തിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്ന് യഹോവ സൂചിപ്പിച്ചു. (യഹ. 45:1) ദേശം വീതംവെച്ചപ്പോൾ യഹോവ ഏറ്റവും പ്രാധാന്യം നൽകിയത് എന്തിനാണെന്ന വസ്തുത പ്രവാസികളെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിച്ചിരിക്കാം: അവർ യഹോവയുടെ ആരാധനയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കണം. അതുപോലെതന്നെ ഇന്നു നമ്മളും, ദൈവവചനം പഠിക്കുന്നതും ക്രിസ്തീയയോഗങ്ങൾക്കു പോകുന്നതും പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നതും പോലുള്ള ആത്മീയകാര്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം നൽകുന്നു. യഹോവയെ അനുകരിച്ചുകൊണ്ട് നമ്മളും ശരിയായ മുൻഗണനകൾ വെക്കുന്നെങ്കിൽ ശുദ്ധാരാധനയ്ക്കായിരിക്കും നമ്മുടെ ജീവിതത്തിൽ കേന്ദ്രസ്ഥാനം.
“അതിന്റെ നടുവിലായിരിക്കും നഗരം”
5, 6. (എ) നഗരം ആർക്കുള്ളതായിരുന്നു? (ബി) ആ നഗരം സൂചിപ്പിച്ചത് എന്തിനെ ആയിരുന്നില്ല, എന്തുകൊണ്ട്?
5 യഹസ്കേൽ 48:15 വായിക്കുക. ‘നഗരത്തിന്റെയും’ ചുറ്റുമുള്ള പ്രദേശത്തിന്റെയും പ്രാധാന്യം എന്തായിരുന്നു? (യഹ. 48:16-18) ദർശനത്തിൽ യഹോവ യഹസ്കേലിനോടു പറഞ്ഞു: ‘നഗരത്തിന് അവകാശപ്പെട്ട സ്ഥലം ഇസ്രായേൽഗൃഹത്തിനുള്ളതായിരിക്കണം.’ (യഹ. 45:6, 7) അതുകൊണ്ട് നഗരവും ചുറ്റുമുള്ള പ്രദേശവും ‘വിശുദ്ധസംഭാവനയായി’ “യഹോവയ്ക്കു . . . നീക്കിവെക്കേണ്ട” പ്രദേശത്തിൽപ്പെടില്ലായിരുന്നു. (യഹ. 48:9) ഈ വ്യത്യാസം മനസ്സിൽപ്പിടിച്ചുകൊണ്ടുവേണം തുടർന്നുള്ള കാര്യങ്ങൾ പഠിക്കാൻ. നമുക്ക് ഇപ്പോൾ, നഗരം നമ്മളെ എന്തെല്ലാം പാഠങ്ങളാണു പഠിപ്പിക്കുന്നതെന്നു നോക്കാം.
6 അതെക്കുറിച്ച് മനസ്സിലാക്കാൻ നമ്മൾ ആദ്യം ആ നഗരം എന്തല്ല എന്നു തിരിച്ചറിയണം. അത് എന്തായാലും പുനർനിർമിച്ച യരുശലേം നഗരം ആയിരുന്നില്ല. എന്തുകൊണ്ട്? പുനർനിർമിച്ച യരുശലേം നഗരത്തിൽ ദേവാലയം ഉണ്ടായിരുന്നു. എന്നാൽ യഹസ്കേൽ ദർശനത്തിൽ കണ്ട നഗരത്തിൽ ദേവാലയമില്ല. ഇനി, അത് പുനഃസ്ഥിതീകരിക്കപ്പെട്ട ഇസ്രായേൽ ദേശത്തെ മറ്റ് ഏതെങ്കിലും നഗരവും ആയിരുന്നില്ല. കാരണം, മടങ്ങിയെത്തിയ പ്രവാസികളോ അവരുടെ പിൻതലമുറക്കാരോ ഒരിക്കലും ദർശനത്തിൽ കണ്ട സവിശേഷതകളുള്ള ഒരു നഗരം നിർമിച്ചിട്ടില്ല. അത് ഒരു സ്വർഗീയനഗരവും ആയിരുന്നില്ല. കാരണം അതു പണിതിരുന്നത് “പൊതുവായ (വിശുദ്ധമല്ലാത്ത) ഉപയോഗത്തിനുള്ള” സ്ഥലത്താണ്, അല്ലാതെ വിശുദ്ധമായ ആരാധനയ്ക്കുവേണ്ടി പ്രത്യേകം വേർതിരിച്ച സ്ഥലത്തായിരുന്നില്ല.—യഹ. 42:20.
7. യഹസ്കേൽ കണ്ട നഗരം എന്താണ്, എന്തിനെയായിരിക്കാം അതു പ്രതിനിധീകരിക്കുന്നത്? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
7 അങ്ങനെയെങ്കിൽ യഹസ്കേൽ കണ്ട നഗരം എന്താണ്? യഹസ്കേൽ ദേശത്തെക്കുറിച്ച് കണ്ട അതേ ദർശനത്തിൽത്തന്നെയാണ് നഗരവും കണ്ടത് എന്ന് ഓർക്കുക. (യഹ. 40:2; 45:1, 6) ആ ദേശം ഒരു ആത്മീയദേശത്തെയാണ് അർഥമാക്കുന്നതെന്നു ദൈവവചനം സൂചിപ്പിക്കുന്നതുകൊണ്ട് ആ നഗരവും എന്തായാലും ഒരു ആത്മീയനഗരം ആയിരിക്കണം. ‘നഗരം’ എന്ന വാക്കിന്റെ അർഥം എന്താണ്? സംഘടിതവും ക്രമീകൃതവും ആയ വിധത്തിൽ ഒരു കൂട്ടം ആളുകൾ ഒന്നിച്ചുതാമസിക്കുന്നതിനെയാണു പൊതുവേ അതു കുറിക്കുന്നത്. അങ്ങനെയെങ്കിൽ യഹസ്കേൽ കണ്ട സുസംഘടിതമായ നഗരം പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണ്? സമചതുരത്തിൽ പണിത ആ നഗരം സാധ്യതയനുസരിച്ച് പ്രതിനിധാനം ചെയ്യുന്നതു സുസംഘടിതമായി പ്രവർത്തിക്കുന്ന ഒരു ഭരണകേന്ദ്രത്തെയാണ്.
8. ഭരണസംവിധാനത്തിന്റെ പ്രവർത്തനമണ്ഡലം അഥവാ അധികാരമേഖല ഏതാണ്, എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
8 ആ ഭരണസംവിധാനത്തിന്റെ പ്രവർത്തനമണ്ഡലം അഥവാ അധികാരമേഖല ഏതാണ്? നഗരം ആത്മീയദേശത്തിന് ഉള്ളിൽ പ്രവർത്തിക്കുന്നതായാണ് യഹസ്കേലിന്റെ ദർശനം സൂചിപ്പിക്കുന്നത്. അതുകൊണ്ട് ആ ഭരണകേന്ദ്രം പ്രവർത്തിക്കുന്നതും ദൈവജനത്തിന്റെ പ്രവർത്തനമണ്ഡലത്തിന് ഉള്ളിലാണ്. ഇനി ആ നഗരം സ്ഥിതിചെയ്യുന്നതു പൊതുവായ ഉപയോഗത്തിനുള്ള, അഥവാ വിശുദ്ധമല്ലാത്ത ഒരു സ്ഥലത്താണ് എന്ന വസ്തുത എന്താണ് അർഥമാക്കുന്നത്? നഗരം പ്രതിനിധാനം ചെയ്യുന്ന ഭരണകേന്ദ്രം സ്വർഗീയമല്ല ഭൗമികമാണെന്ന് അതു നമ്മളെ ഓർമിപ്പിക്കുന്നു. അതിന്റെ പ്രവർത്തനം ആത്മീയപറുദീസയിൽ കഴിയുന്ന എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നു.
9. (എ) ഭൗമിക ഭരണസംവിധാനത്തിൽ ഇന്ന് ആരാണുള്ളത്? (ബി) സഹസ്രാബ്ദവാഴ്ചക്കാലത്ത് യേശു എന്തു ചെയ്യും?
9 ആ ഭൗമിക ഭരണസംവിധാനത്തിൽ ആരാണുള്ളത്? നഗരഗവൺമെന്റിനു നേതൃത്വം വഹിക്കുന്ന വ്യക്തിയെ യഹസ്കേലിന്റെ ദർശനത്തിൽ ‘തലവൻ’ എന്നാണു വിളിച്ചിരിക്കുന്നത്. (യഹ. 45:7) അദ്ദേഹം ഒരു പുരോഹിതനോ ലേവ്യനോ അല്ലായിരുന്നെങ്കിലും ജനത്തിന് ഇടയിലെ ഒരു മേൽവിചാരകനായിരുന്നു. അതുകൊണ്ട് ‘തലവൻ’ എന്ന പദപ്രയോഗം പ്രധാനമായും നമ്മളെ ഓർമിപ്പിക്കുന്നത് ഇന്നുള്ള ആത്മാഭിഷിക്തരല്ലാത്ത സഭാമേൽവിചാരകന്മാരെയാണ്. ‘വേറെ ആടുകളിൽപ്പെട്ട,’ കരുതലും താഴ്മയും ഉള്ള ഈ ആത്മീയയിടയന്മാർ ക്രിസ്തുവിന്റെ സ്വർഗീയഗവൺമെന്റിന്റെ ഭൗമികസേവകരാണ്. (യോഹ. 10:16) വരാനിരിക്കുന്ന ആയിരംവർഷവാഴ്ചക്കാലത്ത് യേശു യോഗ്യതയുള്ള മൂപ്പന്മാരെ അഥവാ ‘പ്രഭുക്കന്മാരെ’ തിരഞ്ഞെടുത്ത് “ഭൂമിയിലെമ്പാടും” നിയമിക്കും. (സങ്കീ. 45:16) ആ ഭരണകാലത്ത് അവർ സ്വർഗീയഗവൺമെന്റിന്റെ നിർദേശങ്ങളനുസരിച്ച് ദൈവജനത്തിനുവേണ്ടി കരുതും.
“യഹോവ അവിടെയുണ്ട്”
10. നഗരത്തിന്റെ പേര് എന്താണ്, അത് എന്ത് ഉറപ്പാണു നൽകുന്നത്?
10 യഹസ്കേൽ 48:35 വായിക്കുക. ആ നഗരത്തിന്റെ പേര് “യഹോവ അവിടെയുണ്ട്” എന്നാണ്. യഹോവയുടെ സാന്നിധ്യം അനുഭവപ്പെടുന്ന ഒരു സ്ഥലമായിരിക്കും ആ നഗരമെന്ന ഉറപ്പാണ് ഈ പേര് നൽകുന്നത്. പ്രദേശത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന ആ നഗരം യഹസ്കേലിനു കാണിച്ചുകൊടുത്തതിലൂടെ യഹോവ പ്രവാസികളോട് ഇങ്ങനെ പറയുകയായിരുന്നു: ‘ഞാൻ വീണ്ടും നിങ്ങളുടെകൂടെ കഴിയാൻപോകുകയാണ്.’ എത്ര പ്രോത്സാഹനം പകരുന്ന ഒരു ഉറപ്പായിരുന്നു അത്!
11. യഹസ്കേലിന്റെ ദർശനത്തിലെ നഗരത്തിൽനിന്നും അതിന്റെ അർഥസമ്പുഷ്ടമായ പേരിൽനിന്നും നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാനുണ്ട്?
11 യഹസ്കേൽപ്രവചനത്തിലെ ഈ ഭാഗത്തുനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാനുണ്ട്? ആ നഗരത്തിന്റെ അഥവാ ഭരണകേന്ദ്രത്തിന്റെ പേര് ദൈവദാസന്മാരായ നമുക്ക് ഈ ഉറപ്പു തരുന്നു: യഹോവ ഇന്നു ഭൂമിയിലെ തന്റെ വിശ്വസ്തദാസന്മാരോടൊപ്പം വസിക്കുന്നുണ്ട്; യഹോവ എന്നും അവരോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും. അർഥസമ്പുഷ്ടമായ ആ പേര് മറ്റൊരു സുപ്രധാനസത്യവും നമ്മളെ പഠിപ്പിക്കുന്നു: ആ നഗരത്തിന്റെ ലക്ഷ്യം ഏതെങ്കിലും മനുഷ്യർക്ക് അധികാരവും ശക്തിയും നൽകുക എന്നതല്ല, മറിച്ച് യഹോവയുടെ സ്നേഹനിർഭരവും ന്യായയുക്തവും ആയ തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ്. ഉദാഹരണത്തിന്, ആലങ്കാരികദേശം വിഭാഗിക്കാനുള്ള അധികാരം യഹോവ ആ ഭരണകേന്ദ്രത്തിനു നൽകിയിട്ടില്ല. കാരണം മനുഷ്യർക്കു ശരിയെന്നു തോന്നുന്നതുപോലെ കാര്യങ്ങൾ നടക്കാനല്ല യഹോവ ഉദ്ദേശിക്കുന്നത്. യഹോവയാണു ദേശത്ത് ഓഹരി നൽകുന്നത് അഥവാ ‘എളിയവർ’ ഉൾപ്പെടെയുള്ള തന്റെ ദാസന്മാർക്ക് ഉത്തരവാദിത്വങ്ങൾ നൽകുന്നത്. ഭരണനിർവഹണം നടത്തുന്നവർ ആ തീരുമാനം മാനിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്.—സുഭാ. 19:17; യഹ. 46:18; 48:29.
12. (എ) ഈ നഗരത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത എന്താണ്, അത് എന്തു സൂചിപ്പിക്കുന്നു? (ബി) ദർശനത്തിലെ ഈ ഭാഗം ക്രിസ്തീയമേൽവിചാരകന്മാരെ ഏതു പ്രധാനപ്പെട്ട പാഠം പഠിപ്പിക്കുന്നു?
12 “യഹോവ അവിടെയുണ്ട്” എന്നു പേരുള്ള നഗരത്തിന്റെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത എന്താണ്? പൊതുവേ പുരാതനനഗരങ്ങൾക്കു സംരക്ഷകമതിലുകൾ പണിയുമ്പോൾ അതിലെ കവാടങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാനാണു ശ്രമിച്ചിരുന്നത്. എന്നാൽ ഈ നഗരത്തിന് 12 കവാടങ്ങളുണ്ടായിരുന്നു! (യഹ. 48:30-34) ഇത്രയധികം കവാടങ്ങളുണ്ടായിരുന്നു (സമചതുരത്തിലുള്ള നഗരത്തിന്റെ ഓരോ വശത്തും മൂന്നെണ്ണം വീതം.) എന്ന വസ്തുത സൂചിപ്പിക്കുന്നതു നഗരത്തിന്റെ ഭരണനിർവഹണം നടത്തുന്നവർ ദൈവദാസന്മാർക്കെല്ലാം സമീപിക്കാവുന്നവരും അവർക്കുവേണ്ടി സമയം നൽകാൻ സന്നദ്ധരും ആണെന്നാണ്. ഇനി, നഗരകവാടങ്ങളുടെ എണ്ണം 12 ആയിരുന്നു എന്ന് എടുത്തുപറഞ്ഞിരിക്കുന്നത്, ‘ഇസ്രായേൽഭവനത്തിനു മുഴുവൻ’ അതിൽ പ്രവേശിക്കാമെന്ന കാര്യത്തിനാണ് ഊന്നൽ നൽകുന്നത്. (യഹ. 45:6, ഓശാന) ഇത്തരത്തിൽ ആളുകൾക്ക് എളുപ്പം പ്രവേശിക്കാവുന്ന ആ നഗരം ക്രിസ്തീയമേൽവിചാരകന്മാരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിപ്പിക്കുന്നു: അവർ ആത്മീയപറുദീസയിൽ കഴിയുന്ന എല്ലാവർക്കും സമീപിക്കാവുന്നവരും അവർക്കുവേണ്ടി സമയം നൽകാൻ സദാ സന്നദ്ധരും ആയിരിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്.
ദൈവജനം ‘ആരാധനയ്ക്കായി വരുന്നു,’ ‘നഗരത്തിനുവേണ്ടി സേവിക്കുന്നു’
13. ആളുകൾ ചെയ്യേണ്ട വിവിധതരം സേവനങ്ങളെക്കുറിച്ച് യഹോവ എന്താണു പറഞ്ഞത്?
13 നമുക്കു വീണ്ടും യഹസ്കേലിന്റെ കാലത്തേക്ക് ഒന്നു മടങ്ങിപ്പോകാം. ദേശം വീതംവെക്കുന്നതിനെക്കുറിച്ചുള്ള വിശദമായ ആ ദർശനത്തിൽ യഹസ്കേൽ മറ്റ് എന്തെല്ലാം കാര്യങ്ങളാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു നോക്കാം. വിവിധതരം സേവനങ്ങൾ ചെയ്യുന്ന ആളുകളെക്കുറിച്ച് യഹോവ അതിൽ പറയുന്നുണ്ട്. “വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകരായ” പുരോഹിതന്മാരായിരുന്നു ഒരു ഗണം. ബലികൾ അർപ്പിക്കേണ്ടതും യഹോവയെ സമീപിച്ച് ശുശ്രൂഷ ചെയ്യേണ്ടതും ഇവരായിരുന്നു. ‘ദേവാലയത്തിലെ ശുശ്രൂഷകരായ’ ലേവ്യരാണു രണ്ടാമത്തെ ഗണം. ദേവാലയത്തിലെ ‘സേവനങ്ങൾ ചെയ്യേണ്ടതും അവിടത്തെ എല്ലാ കാര്യങ്ങളും നോക്കിനടത്തേണ്ടതും’ അവരായിരുന്നു. (യഹ. 44:14-16; 45:4, 5) ഈ രണ്ടു കൂട്ടർക്കും പുറമേ, നഗരത്തിന് അടുത്ത് ഉത്സാഹത്തോടെ പ്രവർത്തിച്ചിരുന്ന ജോലിക്കാരുമുണ്ടായിരുന്നു. എന്നാൽ ആരാണ് ഈ ജോലിക്കാർ?
14. നഗരത്തെ പിന്തുണച്ചിരുന്ന ജോലിക്കാർ എന്തിനെക്കുറിച്ചാണു നമ്മളെ ഓർമിപ്പിക്കുന്നത്?
14 നഗരത്തെ പിന്തുണച്ചിരുന്ന ആ ജോലിക്കാർ “എല്ലാ ഇസ്രായേൽഗോത്രങ്ങളിൽനിന്നും” ഉള്ളവരായിരുന്നു. ‘നഗരത്തിൽ സേവിക്കുന്നവരുടെ ആഹാരത്തിനായി’ കൃഷി ചെയ്യുക എന്നതായിരുന്നു അവരുടെ ദൗത്യം. (യഹ. 48:18, 19) ഈ ക്രമീകരണം ഇന്ന് ഒരു പ്രത്യേകകാര്യം നമ്മളെ ഓർമിപ്പിക്കുന്നു. എന്താണെന്നോ? ഇന്ന് ആത്മീയപറുദീസയിൽ കഴിയുന്ന എല്ലാവർക്കും, യഹോവ നേതൃസ്ഥാനങ്ങളിൽ നിയമിച്ചിരിക്കുന്ന ‘മഹാപുരുഷാരത്തിൽപ്പെട്ടവരുടെ’ സേവനത്തെയും ക്രിസ്തുവിന്റെ അഭിഷിക്തസഹോദരന്മാരുടെ സേവനത്തെയും പിന്തുണയ്ക്കാനുള്ള അവസരമുണ്ട്. (വെളി. 7:9, 10) നമുക്ക് അത് എങ്ങനെ ചെയ്യാം? പൂർണമനസ്സോടെ, വിശ്വസ്തനായ അടിമയിൽനിന്നുള്ള നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതാണ് ഒരു പ്രധാനവിധം.
15, 16. (എ) യഹസ്കേലിന്റെ ദർശനത്തിലെ മറ്റ് ഏതു വിശദാംശമാണ് നമ്മുടെ ശ്രദ്ധ അർഹിക്കുന്നത്? (ബി) അതുപോലുള്ള ഏതെല്ലാം പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരമാണ് നമുക്ക് ഇന്നുള്ളത്?
15 യഹസ്കേലിന്റെ ദർശനത്തിലെ മറ്റൊരു വിശദാംശത്തിൽനിന്ന് നമ്മുടെ ശുശ്രൂഷയെക്കുറിച്ചും ഒരു പാഠം പഠിക്കാനുണ്ട്. ഏതാണ് ആ വിശദാംശം? ലേവ്യർ ഒഴികെയുള്ള 12 ഇസ്രായേൽഗോത്രങ്ങളിലെ അംഗങ്ങൾ ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന രണ്ടു സ്ഥലങ്ങളെക്കുറിച്ച് യഹോവ ആ ദർശനത്തിൽ പറയുന്നുണ്ട്: ഒന്ന്, ദേവാലയത്തിന്റെ മുറ്റം; രണ്ട്, നഗരത്തിന്റെ മേച്ചിൽപ്പുറം. അവർ അവിടെ എന്താണു ചെയ്തിരുന്നത്? ദേവാലയമുറ്റത്തേക്ക് എല്ലാ ഗോത്രക്കാരും വന്നതു ബലികൾ അർപ്പിച്ചുകൊണ്ട് യഹോവയെ‘ആരാധിക്കാനായിരുന്നു.’ (യഹ. 46:9, 24) നഗരത്തിന് അവകാശപ്പെട്ട സ്ഥലത്തേക്ക് അവർ വന്നിരുന്നതാകട്ടെ, അവിടെ കൃഷി ചെയ്ത് നഗരത്തെ പിന്തുണയ്ക്കാൻ വേണ്ടിയും. ഈ ജോലിക്കാർ വെച്ച മാതൃകയിൽനിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്?
16 മഹാപുരുഷാരത്തിൽപ്പെട്ടവർക്കും യഹസ്കേലിന്റെ ദർശനത്തിൽ കണ്ടതുപോലുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ഇന്നുണ്ട്. സ്തുതികളാകുന്ന ബലികൾ അർപ്പിച്ചുകൊണ്ട് അവർ “ആലയത്തിൽ” യഹോവയെ ആരാധിക്കുന്നു. (വെളി. 7:9-15) പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നതും ക്രിസ്തീയയോഗങ്ങളിൽ വിശ്വാസത്തിനു തെളിവേകുന്ന അഭിപ്രായങ്ങൾ പറയുന്നതും സ്തുതിഗീതങ്ങൾ പാടുന്നതും ഒക്കെ അതിൽപ്പെടുന്നു. ഇത്തരത്തിൽ യഹോവയെ ആരാധിക്കുന്നതു തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായാണ് അവർ കാണുന്നത്. (1 ദിന. 16:29) ഇതിനു പുറമേ, ദൈവത്തിന്റെ സംഘടനയെ പിന്തുണയ്ക്കാൻ പ്രായോഗികമായ അനേകം സഹായങ്ങൾ നൽകാനും ദൈവജനത്തിൽ പലർക്കും സാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, രാജ്യഹാളുകളും ബ്രാഞ്ച് ഓഫീസുകളും പണിയാനും കേടുപോക്കാനും അവർ സഹായിക്കുന്നു. യഹോവയുടെ സംഘടനയുടെ മറ്റ് അനേകം സംരംഭങ്ങളിലും അവർ പിന്തുണയുമായി ഓടിയെത്താറുണ്ട്. ഇനി, ഇത്തരം പ്രവർത്തനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നവരുമുണ്ട്. ഇതെല്ലാം ചെയ്തുകൊണ്ട് ഒരു ആലങ്കാരികാർഥത്തിൽ ദേശം കൃഷി ചെയ്യുന്ന അവർ “ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി” പ്രവർത്തിക്കുകയാണ്. (1 കൊരി. 10:31) യഹോവ ‘ഇങ്ങനെയുള്ള ബലികളിലും പ്രസാദിക്കുന്നു’ എന്ന് അറിയാവുന്നതുകൊണ്ട് തീക്ഷ്ണതയോടെയും സന്തോഷത്തോടെയും ആണ് അവർ ഇതെല്ലാം ചെയ്യുന്നത്. (എബ്രാ. 13:16) ഇത്തരം അവസരങ്ങളെല്ലാം നിങ്ങൾ നന്നായി പ്രയോജനപ്പെടുത്താറുണ്ടോ?
“പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടി കാത്തിരിക്കുകയാണു നമ്മൾ”
17. (എ) യഹസ്കേലിന്റെ ദർശനത്തിനു ഭാവിയിൽ വലിയ നിവൃത്തിയുണ്ടാകുന്നത് എങ്ങനെ? (ബി) നഗരം പ്രതിനിധാനം ചെയ്ത ഭരണകേന്ദ്രം ആയിരംവർഷവാഴ്ചക്കാലത്ത് ആരുടെ ക്ഷേമത്തിനായി പ്രവർത്തിക്കും?
17 സംഭാവനയായി നീക്കിവെച്ച പ്രദേശത്തെക്കുറിച്ച് യഹസ്കേൽ കണ്ട ദർശനത്തിനു ഭാവിയിൽ വലിയൊരു നിവൃത്തിയുണ്ടാകുമോ? തീർച്ചയായും! യഹസ്കേൽ ദർശനത്തിൽ കണ്ട, “വിശുദ്ധസംഭാവന” എന്നു പേരുള്ള പ്രദേശം ആ ദേശത്തിന്റെ മധ്യഭാഗത്തായിരുന്നെന്ന് ഓർക്കുക. (യഹ. 48:10) സമാനമായി, അർമഗെദോനു ശേഷം നമ്മൾ താമസിക്കുന്നതു ഭൂമിയുടെ ഏതു ഭാഗത്തായിരുന്നാലും യഹോവ നമ്മുടെകൂടെ വസിക്കും. (വെളി. 21:3) ആ നഗരം പ്രതിനിധാനം ചെയ്ത ഭരണകേന്ദ്രത്തിന്റെ അധികാരം ആയിരംവർഷവാഴ്ചക്കാലത്ത് ഭൂഗോളമെങ്ങും വ്യാപിക്കും. ഭൂമിയിൽ ദൈവജനത്തിനുവേണ്ടി കരുതാൻ നിയമനം ലഭിക്കുന്ന ആ മനുഷ്യർ ഒരു ‘പുതിയ ഭൂമിക്ക്’ അഥവാ ഒരു പുതിയ മനുഷ്യസമൂഹത്തിനു സ്നേഹത്തോടെ മാർഗനിർദേശം നൽകി അവർക്കു വഴികാട്ടും.—2 പത്രോ. 3:13.
18. (എ) നഗരം പ്രതിനിധാനം ചെയ്ത ഭരണസംവിധാനം ദൈവത്തിന്റെ ഭരണാധിപത്യത്തോട് യോജിച്ചുപ്രവർത്തിക്കുമെന്ന് എങ്ങനെ അറിയാം? (ബി) നഗരത്തിന്റെ പേര് നമുക്ക് എന്ത് ഉറപ്പേകുന്നു?
18 നഗരം പ്രതിനിധാനം ചെയ്ത ഭരണസംവിധാനം ദൈവത്തിന്റെ ഭരണാധിപത്യത്തോട് എല്ലാ കാര്യങ്ങളിലും യോജിച്ചുപ്രവർത്തിക്കുമെന്നു നമുക്ക് എങ്ങനെ അറിയാം? കാരണം, 12 കവാടങ്ങളുള്ള ആ ഭൗമികനഗരം 12 കവാടങ്ങളുള്ള പുതിയ യരുശലേം എന്ന സ്വർഗീയനഗരംപോലെയാണെന്നു ദൈവവചനം വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ സഹഭരണാധികാരികളായ 1,44,000 പേരടങ്ങുന്നതാണു പുതിയ യരുശലേം. (വെളി. 21:2, 12, 21-27) സ്വർഗീയനഗരവും ഭൗമികനഗരവും തമ്മിലുള്ള സമാനത സൂചിപ്പിക്കുന്നത്, സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ദൈവരാജ്യത്തിന്റെ എല്ലാ തീരുമാനങ്ങളുമായും ഭൂമിയിലെ ഭരണസംവിധാനം യോജിപ്പിലായിരിക്കുമെന്നും അവയെല്ലാം അതേപടി നടപ്പാക്കുമെന്നും ആണ്. അതെ, ആ നഗരത്തിനു നൽകിയിരിക്കുന്ന, “യഹോവ അവിടെയുണ്ട്” എന്ന പേര് നമുക്കെല്ലാവർക്കും ഒരു കാര്യത്തിൽ ഉറപ്പേകുന്നു: പറുദീസാഭൂമിയിൽ ശുദ്ധാരാധന എന്നെന്നും നിലനിൽക്കും; അത് എക്കാലവും തഴച്ചുവളരും. എത്ര സുന്ദരമായ ഒരു ഭാവിയാണു നമ്മളെ കാത്തിരിക്കുന്നത്!