ഭാഗം 1
സന്തോഷഭരിതമായ ദാമ്പത്യത്തിന് ദൈവത്തെ വഴികാട്ടിയാക്കുക
“ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.”—മത്തായി 19:4
യഹോവയാം a ദൈവമാണ് ആദ്യവിവാഹം നടത്തിയത്. അവൻ ആദ്യത്തെ സ്ത്രീയെ സൃഷ്ടിച്ച് അവളെ “മനുഷ്യന്റെ (ആദാമിന്റെ) അടുക്കൽ കൊണ്ടുവന്നു” എന്ന് ബൈബിൾ പറയുന്നു. അവളെ കണ്ട് ആദാം അത്യാഹ്ലാദത്തോടെ ഇങ്ങനെ പറഞ്ഞു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.” (ഉല്പത്തി 2:22, 23) വിവാഹിതരാകുന്ന പുരുഷനും സ്ത്രീയും സന്തുഷ്ടരായിരിക്കാൻ യഹോവ ഇന്നും ആഗ്രഹിക്കുന്നു.
വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നവർ, കാര്യങ്ങളെല്ലാം എപ്പോഴും സുഗമമായി പൊയ്ക്കൊള്ളുമെന്നു കരുതാനിടയുണ്ട്. എന്നാൽ, യാഥാർഥ്യം അങ്ങനെയായിരിക്കണമെന്നില്ല! പരസ്പരം ആത്മാർഥമായി സ്നേഹിക്കുന്ന ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽപ്പോലും ചില പ്രശ്നങ്ങൾ ഉയർന്നുവരും. (1 കൊരിന്ത്യർ 7:28) ഈ പത്രികയിൽ ചില ബൈബിൾതത്ത്വങ്ങൾ കാണാം. അവ അനുസരിക്കുകയാണെങ്കിൽ നിങ്ങളുടെ ദാമ്പത്യവും കുടുംബജീവിതവും സന്തോഷഭരിതമാക്കാം!—സങ്കീർത്തനം 19:8-11.
1 യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്ന ഭാഗധേയം അഥവാ ധർമം അംഗീകരിക്കുക
ബൈബിൾ പറയുന്നത്: ഭർത്താവാണ് കുടുംബത്തിന്റെ ശിരസ്സ്.—എഫെസ്യർ 5:23.
നിങ്ങൾ ഒരു ഭർത്താവാണെങ്കിൽ ഭാര്യയെ ആർദ്രതയോടെ പരിപാലിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (1 പത്രോസ് 3:7) യഹോവ ഭാര്യയെ നിങ്ങൾക്ക് ഒരു പൂരകമായി, അതായത് യോജിച്ച ഒരു തുണയായി സൃഷ്ടിച്ചിരിക്കുന്നു. അതിനാൽ അവളോടു നിങ്ങൾ മാന്യതയോടും സ്നേഹത്തോടും കൂടി ഇടപെടാൻ അവൻ ആഗ്രഹിക്കുന്നു. (ഉല്പത്തി 2:18) ഭാര്യയുടെ ഇഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കും നിങ്ങളുടേതിനെക്കാൾ മുൻഗണന നൽകാൻ നിങ്ങൾ തയ്യാറാകണം; നിങ്ങൾ അവളെ അത്രയ്ക്കു സ്നേഹിക്കണമെന്ന് അർഥം!—എഫെസ്യർ 5:25-29.
നിങ്ങൾ ഒരു ഭാര്യയാണെങ്കിൽ യഹോവ നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നത് എന്താണ്? ഭർത്താവിനെ ആഴമായി ബഹുമാനിക്കുക, അദ്ദേഹത്തിന്റെ ധർമം നിർവഹിക്കാൻ സഹായിക്കുക. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:33) അദ്ദേഹത്തിന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയും അദ്ദേഹത്തോട് പൂർണമനസ്സോടെ സഹകരിക്കുകയും ചെയ്യുക. (കൊലോസ്യർ 3:18) ഇതുവഴി നിങ്ങൾ ഭർത്താവിന്റെയും യഹോവയുടെയും കണ്ണുകളിൽ ഏറെ അഴകുള്ളവളും പ്രിയങ്കരിയും ആയിത്തീരും.—1 പത്രോസ് 3:1-6.
ഇങ്ങനെ ചെയ്തുനോക്കൂ:
-
കുറച്ചുകൂടി നല്ല ഒരു ഭാര്യ/ഭർത്താവ് ആകാൻ ഇനി എന്തെല്ലാം ചെയ്യണമെന്ന് ഇണയോടു ചോദിച്ചറിയുക. ഇണ പറയുന്നതു ശ്രദ്ധയോടെ കേൾക്കുക, മെച്ചപ്പെടാൻ വേണ്ടതു ചെയ്യുക
-
ക്ഷമ കാണിക്കുക. കാരണം, പരസ്പരം സന്തോഷിപ്പിക്കാൻ എങ്ങനെ കഴിയുമെന്നു പഠിച്ചുവരാൻ സമയം എടുക്കും
2 ഇണയുടെ വികാരങ്ങൾ കണക്കിലെടുക്കുക, ആത്മാർഥമായി
ബൈബിൾ പറയുന്നത്: നിങ്ങളുടെ ഭാര്യയുടെ/ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടറിഞ്ഞ് അതിനു വിലകല്പിക്കുക. (ഫിലിപ്പിയർ 2:3, 4) തന്റെ ദാസന്മാർ “എല്ലാവരോടും ശാന്തതയോടെ ഇടപെടുന്നവ”രായിരിക്കണമെന്ന് യഹോവ പ്രതീക്ഷിക്കുന്നു. അതുകൊണ്ട്, നിങ്ങളുടെ ഇണയോടു സ്നേഹവാത്സല്യങ്ങളോടെ ഇടപെടുക. (2 തിമൊഥെയൊസ് 2:24) “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.” അതുകൊണ്ട് വാക്കുകൾ കരുതലോടെ ഉപയോഗിക്കുക. (സദൃശവാക്യങ്ങൾ 12:18) ദയയും സ്നേഹവും നിറഞ്ഞ വാക്കുകളിൽ സംസാരിക്കാൻ യഹോവയുടെ ആത്മാവു നിങ്ങളെ സഹായിക്കും.—ഗലാത്യർ 5:22, 23; കൊലോസ്യർ 4:6.
ഇങ്ങനെ ചെയ്തുനോക്കൂ:
-
ഇണയുമായി ഗൗരവമുള്ള എന്തെങ്കിലും ചർച്ചചെയ്യുന്നതിനു മുമ്പ് മുൻവിധിയില്ലാതെ, ശാന്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സഹായത്തിനായി പ്രാർഥിക്കുക
-
എന്തു പറയണം, എങ്ങനെ പറയണം എന്ന് നന്നായി ചിന്തിക്കുക
3 ഒരു ‘ടീം’ ആയി ചിന്തിക്കുക
ബൈബിൾ പറയുന്നത്: വിവാഹത്തോടെ നിങ്ങൾ ഇണയുമായി “ഏകശരീരമായിത്തീരു”കയാണ്. (മത്തായി 19:5) പക്ഷേ, അപ്പോഴും നിങ്ങൾ രണ്ടു വ്യക്തികളാണ്, നിങ്ങളുടെ അഭിപ്രായങ്ങളും വ്യത്യസ്തമായിരുന്നേക്കാം! അതുകൊണ്ടുതന്നെ, ചിന്തകളിലും വികാരങ്ങളിലും ഒരുമയുള്ളവരാകാൻ പഠിക്കേണ്ടതുണ്ട്. (ഫിലിപ്പിയർ 2:2) തീരുമാനങ്ങളെടുക്കണമെങ്കിൽ ഒരുമ അഥവാ ഐക്യം അനിവാര്യമാണ്. “ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 20:18) ഒരുമിച്ച് പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ ബൈബിൾതത്ത്വങ്ങൾ വഴികാട്ടിയായി സ്വീകരിക്കുക!—സദൃശവാക്യങ്ങൾ 8:32, 33.
ഇങ്ങനെ ചെയ്തുനോക്കൂ:
-
വെറുതെ കുറെ വിവരങ്ങളും അഭിപ്രായങ്ങളും കൈമാറാതെ, നിങ്ങളുടെ വികാരങ്ങൾ ഉള്ളുതുറന്നു പങ്കിടുക
-
എന്തെങ്കിലും ഏറ്റെടുക്കുകയോ ആർക്കെങ്കിലും വാക്കു കൊടുക്കുകയോ ചെയ്യുന്നതിനു മുമ്പ് ഇണയുമായി ആലോചിക്കുക
a ബൈബിൾ പറയുന്നപ്രകാരം ദൈവത്തിന്റെ പേര് യഹോവ എന്നാണ്.