എ2
ഈ പരിഭാഷയുടെ പ്രത്യേകതകൾ
ഇംഗ്ലീഷിലുള്ള പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ പ്രകാശനം ചെയ്തത് 1950-ലാണ്; വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം മുഴുവനായി പുറത്തിറക്കിയത് 1961-ലും. അന്നുമുതൽ 210-ലേറെ ഭാഷകളിൽ കോടിക്കണക്കിന് ആളുകൾ ഈ ഭാഷാന്തരം വായിച്ച് പ്രയോജനം നേടിയിരിക്കുന്നു. മൂലഭാഷകളിൽനിന്നുള്ള ഈ പരിഭാഷ കൃത്യതയുള്ളതും എളുപ്പം വായിക്കാവുന്നതും ആണ്.
ഇന്നു ഭാഷ ഏറെ മാറി. വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കണമെങ്കിൽ ഭാഷയിലെ ഈ മാറ്റങ്ങൾ സ്വീകരിക്കണമെന്നു പുതിയ ലോക ബൈബിൾ ഭാഷാന്തരക്കമ്മിറ്റിക്കു മനസ്സിലായി. അതുകൊണ്ട് ശൈലികളും പദങ്ങളും ഉപയോഗിക്കുന്ന കാര്യത്തിൽ ഈ പരിഭാഷയിലും പിൻവരുന്ന സംഗതികൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്:
എല്ലാവർക്കും മനസ്സിലാകുന്ന, ആധുനികകാല ഭാഷ. മലയാളികൾ സാധാരണ സംസാരിക്കുന്ന ഭാഷയിലുള്ള ഒരു ബൈബിൾ പുറത്തിറക്കാനാണ് ഈ പരിഭാഷയിലൂടെ ശ്രമിച്ചിരിക്കുന്നത്. എളുപ്പം വായിക്കാനും പെട്ടെന്നു മനസ്സിലാക്കാനും വേണ്ടി, പൊതുവേ ബൈബിളുകളിൽ ഉപയോഗിച്ചുവന്നിരുന്ന പല പദപ്രയോഗങ്ങൾക്കും മാറ്റം വരുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, “പിതാവ്,” “പുത്രൻ” എന്നീ പദങ്ങൾക്കു പകരം കൂടുതൽ ഉപയോഗത്തിലുള്ള “അപ്പൻ,” “മകൻ” എന്നൊക്കെയുള്ള പദങ്ങൾ ചിലയിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു. (1 ദിനവൃത്താന്തം 5:1) എളുപ്പം മനസ്സിലാകാനായി, “ദുർന്നടപ്പ്” എന്ന വാക്കിനു പകരം “ധിക്കാരത്തോടെയുള്ള പെരുമാറ്റം” എന്നും “വെറിക്കൂത്ത്” എന്നതിനു “വന്യമായ ആഘോഷങ്ങൾ” എന്നും “പരസംഗം” എന്നതിനു “ലൈംഗിക അധാർമികത” എന്നും ഉപയോഗിച്ചിരിക്കുന്നു.—ഗലാത്യർ 5:19-21.
ബൈബിളിലെ പ്രയോഗങ്ങൾ കൂടുതൽ അർഥപൂർണമാക്കിയിരിക്കുന്നു. പല മലയാളം ബൈബിളുകളും ഷീയോൾ എന്ന എബ്രായപദവും ഹേഡിസ് എന്ന ഗ്രീക്കുപദവും പാതാളം എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാതാളം എന്ന വാക്കു പുരാണങ്ങളിൽ അധോലോകത്തെ കുറിക്കാനാണ് ഉപയോഗിക്കുന്നത്. പക്ഷേ ബൈബിളിൽ ഷീയോളും ഹേഡിസും മനുഷ്യവർഗത്തിന്റെ ശവക്കുഴിയെയാണു കുറിക്കുന്നത്. അതുകൊണ്ട് ഈ പരിഭാഷയിൽ “ശവക്കുഴി” എന്നാണ് ഈ പദങ്ങൾ തർജമ ചെയ്തിരിക്കുന്നത്. എന്നിട്ട് അടിക്കുറിപ്പിൽ ഷീയോൾ എന്നും ഹേഡിസ് എന്നും കൊടുത്തിരിക്കുന്നു.—സങ്കീർത്തനം 16:10; പ്രവൃത്തികൾ 2:27.
മിക്ക ബൈബിളുകളും ഉപയോഗിച്ചിരിക്കുന്ന “ക്രൂശ്,” അർഥം തെറ്റിദ്ധരിച്ചേക്കാവുന്ന മറ്റൊരു പദമാണ്. ക്രൂശ് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദത്തിന്റെ ശരിയായ അർഥം നേരെയുള്ള തടി എന്നാണ്. അതുകൊണ്ട് ഈ പരിഭാഷയിൽ “ക്രൂശ്” എന്ന പദത്തിനു പകരം “സ്തംഭം” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു.—മത്തായി 27:31.
ഹൃദയം എന്നതിന്റെ എബ്രായ, ഗ്രീക്കു പദങ്ങൾക്കു ശരിക്കുള്ള ഹൃദയത്തെയും ആലങ്കാരികഹൃദയത്തെയും അർഥമാക്കാനാകും. മലയാളത്തിലും ഇതു സത്യമാണ്. സാധ്യമാകുന്നിടത്തെല്ലാം ഈ പരിഭാഷയിൽ “ഹൃദയം” എന്നുതന്നെ നിലനിറുത്തിയിരിക്കുന്നു. എന്നാൽ അർഥം മനസ്സിലാകാതെവരുന്ന സാഹചര്യങ്ങളിൽ ആശയം വ്യക്തമാകുന്ന വിധത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് സങ്കീർത്തനം 119:113-ൽ “അർധഹൃദയം” എന്നതിനു “മനസ്സില്ലാമനസ്സ്” എന്ന് ഇട്ടിട്ട് അടിക്കുറിപ്പു കൊടുത്തിരിക്കുന്നു. “ജഡം,” “കൊമ്പ്” തുടങ്ങിയ മറ്റു പല പ്രയോഗങ്ങളും ഇതുപോലെ ചെയ്തിരിക്കുന്നു. (ഉൽപത്തി 6:12; ഇയ്യോബ് 16:15) ഇവയിൽ ചിലത് “ബൈബിൾ പദാവലി”യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സർവനാമങ്ങളുടെ ഉപയോഗം. ഈ ബൈബിളിൽ പദ്യഭാഗങ്ങളിലൊഴികെ യഹോവയെ “അവൻ,” “നീ” എന്നൊന്നും വിളിച്ചിട്ടില്ല. പകരം “ദൈവം” എന്നതുപോലുള്ള സ്ഥാനപ്പേരുകളോ “അങ്ങ്,” “അവിടുന്ന്” എന്നതുപോലുള്ള ബഹുമാനസൂചകങ്ങളായ പദങ്ങളോ ഉപയോഗിച്ചിരിക്കുന്നു. യേശുവിന്റെ കാര്യത്തിലും “അവൻ,” “നീ” എന്നീ പ്രയോഗങ്ങൾ നന്നേ കുറച്ചിരിക്കുന്നു. പകരം “കർത്താവ്,” “അദ്ദേഹം,” “താങ്കൾ” എന്നിങ്ങനെയൊക്കെ ഉപയോഗിച്ചിരിക്കുന്നു. മനുഷ്യരോടുള്ള ബന്ധത്തിൽ “അദ്ദേഹം,” “അയാൾ” എന്നിങ്ങനെയെല്ലാമാണു പരമാവധി ഉപയോഗിച്ചിരിക്കുന്നത്.
ഈ പരിഭാഷയുടെ മറ്റു പ്രത്യേകതകൾ:
ഈ ബൈബിളിൽ അടിക്കുറിപ്പുകൾ കൊടുത്തിട്ടുണ്ട്. പല വിഭാഗങ്ങളായി അവ തരംതിരിച്ചിരിക്കുന്നു. ചില ഉദാഹരണങ്ങൾ:
“അഥവാ” എബ്രായ, അരമായ, ഗ്രീക്ക് പദപ്രയോഗങ്ങൾ അടിക്കുറിപ്പിൽ കൊടുത്തിരിക്കുന്നതുപോലെയും തർജമ ചെയ്യാമെന്നു സൂചിപ്പിക്കുന്നു. ആകമാന ആശയം സമാനമായിരിക്കും.—ഉൽപത്തി 1:2, “ചലനാത്മകശക്തി” എന്നതിന്റെ അടിക്കുറിപ്പ്; യോശുവ 1:8, “മന്ദസ്വരത്തിൽ വായിക്കണം.”
“മറ്റൊരു സാധ്യത” അടിക്കുറിപ്പിൽ കൊടുത്തിരിക്കുന്നതുപോലെയും തർജമ ചെയ്യാമെന്നു സൂചിപ്പിക്കുന്നു. എന്നാൽ ആകമാന ആശയം വ്യത്യസ്തമായിരിക്കും.—ഉൽപത്തി 21:6, “എന്നോടൊപ്പം ചിരിക്കും;” സെഖര്യ 14:21, “കനാന്യർ.”
“അക്ഷ.” എബ്രായ, അരമായ, ഗ്രീക്ക് ഭാഷകളിൽനിന്നുള്ള പദാനുപദപരിഭാഷ. അല്ലെങ്കിൽ മൂലപാഠത്തിലെ പ്രയോഗത്തിന്റെ അടിസ്ഥാന അർഥം.—പുറപ്പാട് 4:12, “നിന്റെകൂടെയുണ്ടാകും;” പുറപ്പാട് 32:9, “ദുശ്ശാഠ്യമുള്ള.”
അർഥവും പശ്ചാത്തലവിവരണവും പേരുകളുടെ അർഥം (ഉൽപത്തി 3:17, “ആദാം;” പുറപ്പാട് 15:23, “മാറ”); അളവുകളുടെയും തൂക്കങ്ങളുടെയും വിശദാംശങ്ങൾ (ഉൽപത്തി 6:15, “മുഴം”); സർവനാമം ആരെ കുറിക്കുന്നു (ഉൽപത്തി 49:25, “അവൻ”); അനുബന്ധത്തിലും പദാവലിയിലും ഉള്ള സഹായകമായ വിവരങ്ങൾ.—ഉൽപത്തി 37:35, “ശവക്കുഴി;” മത്തായി 5:22, “ഗീഹെന്ന.”
ഈ ബൈബിളിന്റെ തുടക്കത്തിലുള്ള “ദൈവവചനത്തിന് ഒരു ആമുഖം” എന്ന ഭാഗം ബൈബിളിന്റെ അടിസ്ഥാന ഉപദേശങ്ങൾ ചുരുക്കമായി വിവരിക്കുന്നു. ബൈബിളിലെ അവസാനപുസ്തകത്തിനു ശേഷം “ബൈബിൾപുസ്തകങ്ങളുടെ വിവരപ്പട്ടിക,” “ബൈബിൾ പദാവലി” എന്നീ ഭാഗങ്ങളുണ്ട്. ചില പ്രത്യേകപദങ്ങൾക്കു ബൈബിളിലുള്ള അർഥം മനസ്സിലാക്കാൻ പദാവലി സഹായിക്കും. അനുബന്ധം എ-യിൽ “ബൈബിൾപരിഭാഷയിൽ പിൻപറ്റിയ തത്ത്വങ്ങൾ,” “ ഈ പരിഭാഷയുടെ പ്രത്യേകതകൾ,” “ബൈബിൾ നമ്മുടെ കൈയിൽ എത്തിയത്,” “ദൈവനാമം എബ്രായതിരുവെഴുത്തുകളിൽ,” “ദൈവനാമം ഗ്രീക്കുതിരുവെഴുത്തുകളിൽ,” “ചാർട്ട്: യഹൂദയിലെയും ഇസ്രായേലിലെയും പ്രവാചകന്മാരും രാജാക്കന്മാരും,” “ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ” എന്നീ ഭാഗങ്ങളുണ്ട്. അനുബന്ധം ബി-യിൽ ഭൂപടങ്ങളും ചാർട്ടുകളും, ബൈബിൾ പഠിക്കാൻ താത്പര്യമുള്ളവർക്കു സഹായകമായ മറ്റു വിവരങ്ങളും ഉണ്ട്.
ബൈബിളിലെ ഓരോ പുസ്തകത്തിന്റെയും തുടക്കത്തിൽ ഒരു ഉള്ളടക്കമുണ്ട്. അതിൽ ഓരോ അധ്യായത്തിന്റെയും സംഗ്രഹം, വാക്യങ്ങൾ സഹിതം നൽകിയിരിക്കുന്നു. അങ്ങനെ ഓരോ പുസ്തകത്തെക്കുറിച്ചുമുള്ള ഒരു ആകമാനവീക്ഷണം ലഭിക്കും. ഓരോ പേജിലും ഒത്തുവാക്യങ്ങളും കൊടുത്തിട്ടുണ്ട്.