എ1
ബൈബിൾപരിഭാഷയിൽ പിൻപറ്റിയ തത്ത്വങ്ങൾ
ബൈബിൾ എഴുതിയതു പുരാതന എബ്രായ, അരമായ, ഗ്രീക്ക് ഭാഷകളിലാണ്. ബൈബിൾ ഇപ്പോൾ മുഴുവനായോ ഭാഗികമായോ ഏതാണ്ട് 3,000-ത്തിലേറെ ഭാഷകളിലുണ്ട്. ബൈബിൾ വായിക്കുന്ന ഭൂരിപക്ഷം പേർക്കും മേൽപ്പറഞ്ഞ ഭാഷകൾ അറിയില്ല. അതുകൊണ്ട് അവരുടെ ഭാഷകളിൽ ബൈബിൾ വേണമായിരുന്നു. ബൈബിൾ പരിഭാഷപ്പെടുത്തുമ്പോൾ എന്തെല്ലാം തത്ത്വങ്ങളാണു മനസ്സിൽപ്പിടിക്കേണ്ടത്? ഈ തത്ത്വങ്ങൾ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ പരിഭാഷയെ സ്വാധീനിച്ചത് എങ്ങനെയാണ്?
പരിഭാഷ എന്നു കേൾക്കുമ്പോൾ ചിലർ ചിന്തിക്കുന്നതു പദാനുപദം പരിഭാഷപ്പെടുത്തണം എന്നാണ്. അല്ലെങ്കിൽ ആശയം ചോർന്നുപോകുമെന്ന് അവർ കരുതുന്നു. എന്നാൽ അതു ശരിയല്ല. ചില കാരണങ്ങൾ ഇതാ:
ഓരോ ഭാഷയുടെയും വ്യാകരണവും പദസമ്പത്തും വാചകഘടനയും ഒക്കെ വ്യത്യസ്തമാണ്. “വ്യാകരണവും ഉത്ഭവവും മാത്രമല്ല, . . . ആശയങ്ങൾ ചിട്ടപ്പെടുത്തുന്ന വിധവും ഓരോ ഭാഷയിലും വ്യത്യസ്തമാണ്” എന്ന് എബ്രായപ്രൊഫസറായ എസ്. ആർ. ഡ്രൈവർ പറയുന്നു. ഒരു ഭാഷയിൽ ചിന്തിക്കുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമായ വിധത്തിലാണു മറ്റൊരു ഭാഷയിൽ ചിന്തിക്കുന്നത്. “അതുകൊണ്ടുതന്നെ വ്യത്യസ്തഭാഷകളുടെ വാചകഘടന ഒരേപോലെയായിരിക്കില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനികഭാഷകളുടെയൊന്നും പദസമ്പത്തോ വ്യാകരണമോ ബൈബിൾ എഴുതിയ എബ്രായ, അരമായ, ഗ്രീക്ക് ഭാഷകളുടെ തനിപ്പകർപ്പല്ല. അതുകൊണ്ട് ബൈബിൾ പദാനുപദം പരിഭാഷ ചെയ്താൽ ആശയം വ്യക്തമാകില്ല. ചിലപ്പോൾ അർഥം മാറിപ്പോകാനും സാധ്യതയുണ്ട്.
വാക്കുകൾക്കും പ്രയോഗങ്ങൾക്കും അത് ഉപയോഗിച്ചിരിക്കുന്ന സന്ദർഭത്തിനനുസരിച്ച് പലപല അർഥങ്ങൾ കൈവന്നേക്കാം.
ചില ഭാഗങ്ങൾ പരിഭാഷകനു പദാനുപദം വിവർത്തനം ചെയ്യാൻ കഴിഞ്ഞേക്കും. എന്നാൽ വളരെ സൂക്ഷിച്ച് വേണം അതു ചെയ്യാൻ.
പദാനുപദതർജമ ആശയക്കുഴപ്പമുണ്ടാക്കിയേക്കാവുന്ന ചില ഭാഗങ്ങൾ:
‘ഉറങ്ങുക’ എന്ന പദം ഉറക്കത്തെയും മരണത്തെയും കുറിക്കാൻ മൂലപാഠത്തിൽ ഉപയോഗിച്ചിട്ടുണ്ട്. (മത്തായി 28:13; പ്രവൃത്തികൾ 7:60) ഈ പദം മരണത്തെക്കുറിച്ച് പറയാൻ ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ ‘മരിച്ചു’ എന്നോ ‘മരിച്ച് ഉറക്കത്തിലായി’ എന്നോ മറ്റോ ബൈബിൾപരിഭാഷകർക്കു വിവർത്തനം ചെയ്യാനാകും. അങ്ങനെ വായനക്കാരന് ആശയക്കുഴപ്പമുണ്ടാകുന്നത് ഒഴിവാക്കാം.—1 കൊരിന്ത്യർ 7:39; 1 തെസ്സലോനിക്യർ 4:13; 2 പത്രോസ് 3:4.
എഫെസ്യർ 4:14-ൽ പൗലോസ് അപ്പോസ്തലൻ ഉപയോഗിച്ച ഒരു പദപ്രയോഗം പദാനുപദം പരിഭാഷപ്പെടുത്തിയാൽ “മനുഷ്യരുടെ ചൂതുകളിയിൽ” എന്നു വരും. ചൂതു കളിക്കുമ്പോൾ മറ്റുള്ളവരെ കബളിപ്പിക്കുന്ന രീതിയെയാണ് ഈ പുരാതനപ്രയോഗം സൂചിപ്പിക്കുന്നത്. എന്നാൽ ഇതു പദാനുപദം പരിഭാഷ ചെയ്താൽ മിക്ക ഭാഷക്കാർക്കും ഒന്നും മനസ്സിലാകില്ല. അതേസമയം ‘മനുഷ്യരുടെ കൗശലം’ എന്നു പരിഭാഷപ്പെടുത്തിയാൽ ഈ പ്രയോഗത്തിന്റെ അർഥം കൃത്യമായി മനസ്സിലാക്കാനാകും.
റോമർ 12:11-ൽ “തിളയ്ക്കുന്ന ആത്മാവിന്” എന്ന് അക്ഷരാർഥമുള്ള ഒരു ഗ്രീക്കുപ്രയോഗമുണ്ട്. പക്ഷേ അത് അങ്ങനെതന്നെ പരിഭാഷപ്പെടുത്തിയാൽ ഉദ്ദേശിക്കുന്ന അർഥം മലയാളത്തിൽ കിട്ടില്ല. അതുകൊണ്ട് “ദൈവാത്മാവിൽ ജ്വലിക്കുക ” എന്നാണ് ഈ ബൈബിളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
യേശു പ്രശസ്തമായ ഗിരിപ്രഭാഷണത്തിൽ ഉപയോഗിച്ച ഒരു പ്രയോഗം മിക്കപ്പോഴും “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. (മത്തായി 5:3, സത്യവേദപുസ്തകം) എന്നാൽ ഇങ്ങനെ പദാനുപദം തർജമ ചെയ്താൽ മിക്ക ഭാഷകളിലും അർഥം വ്യക്തമാകില്ല. ചിലപ്പോൾ “ആത്മാവിൽ ദരിദ്രരായവർ” എന്ന പ്രയോഗം കേൾക്കുമ്പോൾ അത്, മാനസികനില തെറ്റിയവരോ ഉണർവില്ലാത്തവരോ ഉറപ്പില്ലാത്തവരോ ആണെന്നുപോലും തോന്നിയേക്കാം. എന്നാൽ സന്തോഷം ലഭിക്കുന്നതു ശാരീരികാവശ്യങ്ങൾ തൃപ്തിപ്പെടുത്തുമ്പോഴല്ല, ദൈവത്തിന്റെ മാർഗനിർദേശം ആവശ്യമാണെന്നു തിരിച്ചറിയുമ്പോഴാണ് എന്നു പഠിപ്പിക്കുകയായിരുന്നു യേശു. (ലൂക്കോസ് 6:20) അതുകൊണ്ട് “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ” എന്നോ “ആത്മീയാവശ്യങ്ങൾ തങ്ങൾക്കു ഏറെ വേണമെന്നറിയുന്നവർ” (പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ) എന്നോ ഒക്കെയുള്ള പരിഭാഷകൾ മൂലപദത്തിന്റെ അർഥം കൂടുതൽ നന്നായി പ്രതിഫലിപ്പിക്കുന്നു.—മത്തായി 5:3.
“അസൂയ” എന്നു പരിഭാഷപ്പെടുത്താറുള്ള എബ്രായപദത്തിനു മിക്കപ്പോഴും അടുത്ത സുഹൃത്ത് വിശ്വാസവഞ്ചന കാണിക്കുമ്പോൾ തോന്നുന്ന ദേഷ്യം എന്നോ മറ്റുള്ളവരുടെ വസ്തുവകകൾ കാണുമ്പോഴുള്ള അസൂയ എന്നോ അർഥമുണ്ട്. (സുഭാഷിതങ്ങൾ 6:34; യശയ്യ 11:13) എന്നാൽ എബ്രായയിൽ ഇതേ പദം നല്ല അർഥത്തിലും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് യഹോവ തന്റെ ദാസന്മാരെ സംരക്ഷിക്കാൻ കാട്ടുന്ന ഉത്സാഹത്തെ അഥവാ “തീക്ഷ്ണത”യെ കുറിക്കാനും യഹോവ “സമ്പൂർണഭക്തി ആഗ്രഹിക്കുന്ന” ദൈവമാണെന്നു പറയാനും ഈ പദംതന്നെ ഉപയോഗിക്കുന്നു. (പുറപ്പാട് 34:14; 2 രാജാക്കന്മാർ 19:31; യഹസ്കേൽ 5:13; സെഖര്യ 8:2) കൂടാതെ ദൈവത്തോടും ദൈവത്തെ ആരാധിക്കുന്നതിനോടും ഉള്ള ബന്ധത്തിൽ വിശ്വസ്തദൈവദാസർക്കുള്ള “ശുഷ്കാന്തി”യെയും അവർ ദൈവത്തോടുള്ള ‘അവിശ്വസ്തത ഒട്ടും വെച്ചുപൊറുപ്പിക്കാത്തതിനെയും’ കുറിക്കാൻ ഇതേ പദം ഉപയോഗിക്കാറുണ്ട്.—സങ്കീർത്തനം 69:9; 119:139; സംഖ്യ 25:11.
മനുഷ്യന്റെ കൈ എന്നു മിക്കവാറും പരിഭാഷ ചെയ്യാറുള്ള എബ്രായപദത്തിനു പല അർഥങ്ങളുണ്ട്. “ബലം,” “അധികാരം,” ‘ഉദാരത’ എന്നൊക്കെ സന്ദർഭമനുസരിച്ച് അതു പരിഭാഷപ്പെടുത്താം. (ആവർത്തനം 32:27; 2 ശമുവേൽ 8:3; 1 രാജാക്കന്മാർ 10:13) അതുകൊണ്ടുതന്നെ ഈ പദം വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ മലയാളപരിഭാഷയിൽ വ്യത്യസ്തപദങ്ങൾ ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയിരിക്കുന്നു.
മൂലഭാഷയിലെ ഒരു പദം എല്ലായിടത്തും ഒരേ പദം ഉപയോഗിച്ച് തർജമ ചെയ്യുന്നതല്ല കൃത്യമായ ബൈബിൾപരിഭാഷ എന്നാണ് ഇപ്പറഞ്ഞതിന്റെയൊക്കെ അർഥം. പരിഭാഷകൻ നന്നായി ചിന്തിച്ച് മൂലഭാഷയിലെ ആശയങ്ങൾ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന വാക്കുകൾ തിരഞ്ഞെടുക്കണം. മാത്രമല്ല ഏതു ഭാഷയിലേക്കാണോ പരിഭാഷപ്പെടുത്തുന്നത് ആ ഭാഷയുടെ വ്യാകരണനിയമങ്ങൾക്കു ചേർച്ചയിൽ വാചകങ്ങൾ രൂപീകരിക്കണം. അപ്പോൾ വായന രസകരമായിത്തീരും.
എന്നുകരുതി വാക്കുകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പരിഭാഷകൻ അതിരുകടന്ന് പോകരുത്. പരിഭാഷകൻ അങ്ങേയറ്റം സ്വാതന്ത്ര്യമെടുത്ത്, തനിക്കു മനസ്സിലായതുപോലെ ബൈബിൾ പരാവർത്തനം ചെയ്താൽ അർഥംതന്നെ മാറിപ്പോയേക്കാം. കാരണം മൂലപാഠത്തിലെ ആശയത്തോടു പരിഭാഷകൻ തന്റെ മനസ്സിലുള്ള ആശയം അറിയാതെ കൂട്ടിച്ചേർക്കുകയോ മൂലപാഠത്തിലുള്ള പ്രധാനപ്പെട്ട ആശയങ്ങൾ വിട്ടുകളയുകയോ ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ട് പരാവർത്തനം ചെയ്ത ബൈബിൾപരിഭാഷകൾ വായിക്കാൻ എളുപ്പമായിരിക്കുമെങ്കിലും അത് അമിതസ്വാതന്ത്ര്യമെടുത്ത് പരിഭാഷ ചെയ്തിരിക്കുന്നതുകൊണ്ട് ചിലപ്പോൾ വായനക്കാരനു കൃത്യമായ സന്ദേശം ലഭിക്കാതെ പോയേക്കാം.
പരിഭാഷകന്റെ വിശ്വാസങ്ങളും പരിഭാഷയെ എളുപ്പം സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന് “നാശത്തിലേക്കുള്ള വാതിൽ വീതിയുള്ള”താണെന്നു മത്തായി 7:13 പറയുന്നു. എന്നാൽ ചില പരിഭാഷകർ നാശം എന്ന പദത്തിനു പകരം “നരകം” എന്ന് ഉപയോഗിച്ചിരിക്കുന്നു. പക്ഷേ അവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ ശരിയായ അർഥം “നാശം” എന്നുതന്നെയാണ്. നരകം എന്ന പഠിപ്പിക്കലിൽ വിശ്വസിക്കുന്നതുകൊണ്ടായിരിക്കാം അവർ അങ്ങനെ പരിഭാഷപ്പെടുത്തിയത്.
കർഷകരും ആട്ടിടയരും മുക്കുവരും ഒക്കെ പൊതുവേ സംസാരിച്ചിരുന്ന, സാധാരണ ഭാഷയിലാണു ബൈബിൾ എഴുതിയത് എന്ന കാര്യവും പരിഭാഷകർ മനസ്സിൽപ്പിടിക്കണം. (നെഹമ്യ 8:8, 12; പ്രവൃത്തികൾ 4:13) അതുകൊണ്ട് ഏതു പശ്ചാത്തലത്തിലുംപെട്ട ആത്മാർഥതയുള്ള ആളുകൾക്കു ബൈബിളിലെ സന്ദേശം മനസ്സിലാകുന്ന വിധത്തിലുള്ളതായിരിക്കും ഒരു നല്ല ബൈബിൾപരിഭാഷ. വ്യക്തവും പെട്ടെന്നു മനസ്സിലാകുന്നതും സാധാരണ ഉപയോഗിക്കുന്നതും ആയ ഭാഷയായിരിക്കും അതിലുള്ളത്. അല്ലാതെ പണ്ഡിതന്മാരുടെ ഭാഷയായിരിക്കില്ല.
ധാരാളം ബൈബിൾപരിഭാഷകർ ഒരിക്കലും ന്യായീകരിക്കാനാകാത്ത ഒരു സ്വാതന്ത്ര്യമെടുത്തു. അവർ യഹോവ എന്ന ദൈവനാമം ആധുനിക ബൈബിൾപരിഭാഷകളിൽനിന്ന് നീക്കി. ബൈബിളിന്റെ ആദ്യകാലത്തെ കൈയെഴുത്തുപ്രതികളിൽ ആ പേരുണ്ട് എന്ന വസ്തുത അവർ അവഗണിച്ചു. (അനുബന്ധം എ4 കാണുക.) ചില പരിഭാഷകൾ ദൈവനാമത്തിനു പകരം “കർത്താവ്” എന്നതുപോലുള്ള സ്ഥാനപ്പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിലർ ദൈവത്തിന് ഒരു പേരുണ്ട് എന്ന കാര്യംതന്നെ മറച്ചുവെക്കുന്നു. ഉദാഹരണത്തിന് ചില ഭാഷാന്തരങ്ങൾ യോഹന്നാൻ 17:26-ലെ യേശുവിന്റെ പ്രാർഥന പരിഭാഷപ്പെടുത്തിയിരിക്കുന്നത് “ഞാൻ അങ്ങയെ അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു” എന്നാണ്. ഇനി ചിലർ യോഹന്നാൻ 17:6, “അങ്ങയുടെ സദൃശ്യങ്ങളെ ഞാനവർക്കു കാട്ടി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. എന്നാൽ യേശുവിന്റെ പ്രാർഥനയുടെ കൃത്യമായ പരിഭാഷ “ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു” എന്നും “ഞാൻ അങ്ങയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നു” എന്നും ആണ്.
ഇംഗ്ലീഷിലുള്ള പുതിയ ലോക ഭാഷാന്തരം ആദ്യപതിപ്പിന്റെ ആമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഞങ്ങൾ തിരുവെഴുത്തുകൾ ഞങ്ങളുടെ വാക്കുകളിൽ പരാവർത്തനം ചെയ്തിട്ടില്ല. ആധുനിക ഇംഗ്ലീഷ് ശൈലി അനുവദിക്കുന്നിടത്തോളം പദാനുപദം പരിഭാഷപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചിരിക്കുന്നു. വായന തടസ്സപ്പെടുകയോ അങ്ങനെ ആശയം അവ്യക്തമാകുകയോ ചെയ്യില്ലെന്ന് ഉറപ്പുള്ളിടത്താണു പദാനുപദം പരിഭാഷപ്പെടുത്തിയിരിക്കുന്നത്.” അതുകൊണ്ട് പുതിയ ലോക ബൈബിൾ ഭാഷാന്തരക്കമ്മിറ്റി മൂലഭാഷയിലെ തത്തുല്യമായ പദങ്ങളും പ്രയോഗങ്ങളും സാധ്യമാകുന്നിടത്ത് നിലനിറുത്താനും അതേസമയം ആശയം അവ്യക്തമാക്കുന്നതും വാചകത്തിൽ ചേരാത്തതും ആയ വാക്കുകൾ ഒഴിവാക്കാനും ശ്രദ്ധിച്ചിരിക്കുന്നു. ദൈവപ്രചോദിതമായ സന്ദേശം ഒട്ടും നഷ്ടപ്പെട്ടിട്ടില്ല എന്ന പരിപൂർണബോധ്യത്തോടെ നിങ്ങൾക്ക് ഈ ബൈബിൾ വായിക്കാം. ഇതിന്റെ വായന നിങ്ങൾ ആസ്വദിക്കും എന്നതിന് ഒരു സംശയവുമില്ല.—1 തെസ്സലോനിക്യർ 2:13.