ആവർത്തനം 16:1-22
16 “നിങ്ങൾ ആബീബ്* മാസം ആചരിച്ച് നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹ ആഘോഷിക്കണം.+ ആബീബ് മാസത്തിലെ രാത്രിയിലാണല്ലോ നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്തിൽനിന്ന് നിങ്ങളെ വിടുവിച്ചത്.+
2 യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്+ നിങ്ങൾ നിങ്ങളുടെ ആടുമാടുകളിൽനിന്ന്+ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹായാഗം അർപ്പിക്കണം.+
3 പുളിപ്പുള്ളതൊന്നും അതിന്റെകൂടെ തിന്നരുത്.+ ഏഴു ദിവസം നിങ്ങൾ ക്ലേശത്തിന്റെ അപ്പമായ പുളിപ്പില്ലാത്ത* അപ്പം തിന്നണം. കാരണം തിടുക്കത്തിലാണല്ലോ നിങ്ങൾ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നത്.+ നിങ്ങൾ ഈജിപ്തിൽനിന്ന് പോന്ന ആ ദിവസം ജീവിതകാലത്തൊക്കെയും ഓർക്കേണ്ടതിനു നിങ്ങൾ ഇത് ആചരിക്കണം.+
4 ഏഴു ദിവസത്തേക്കു നിങ്ങളുടെ ദേശത്ത് ഒരിടത്തും പുളിച്ച മാവ് കാണരുത്.+ ഒന്നാം ദിവസം വൈകുന്നേരം നിങ്ങൾ അർപ്പിക്കുന്ന മാംസത്തിൽ അൽപ്പംപോലും രാവിലെവരെ ശേഷിപ്പിക്കാനും പാടില്ല.+
5 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ഏതെങ്കിലുമൊരു നഗരത്തിൽവെച്ച് നിങ്ങൾ പെസഹായാഗം അർപ്പിക്കരുത്.
6 പകരം, നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചുതന്നെ നിങ്ങൾ അത് അർപ്പിക്കണം. നിങ്ങൾ ഈജിപ്തിൽനിന്ന് പോന്ന അതേ ദിവസം, വൈകുന്നേരം സൂര്യൻ അസ്തമിച്ച ഉടനെ, നിങ്ങൾ പെസഹായാഗം അർപ്പിക്കണം.+
7 നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച്+ നിങ്ങൾ അതു പാകം ചെയ്‌ത് ഭക്ഷിക്കണം;+ രാവിലെ നിങ്ങൾക്കു നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാം.
8 ആറു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം. ഏഴാം ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പവിത്രമായ ഒരു സമ്മേളനമായിരിക്കും. നിങ്ങൾ പണിയൊന്നും ചെയ്യരുത്.+
9 “നിങ്ങൾ ഏഴ് ആഴ്‌ചകൾ എണ്ണണം. വിളഞ്ഞുനിൽക്കുന്ന കതിരിൽ ആദ്യം അരിവാൾ വെക്കുന്നതുമുതൽ നിങ്ങൾ അത് എണ്ണിത്തുടങ്ങണം.+
10 പിന്നെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിന് ആനുപാതികമായി,+ സ്വമനസ്സാലെയുള്ള കാഴ്ചകളുമായി വന്ന് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വാരോത്സവം കൊണ്ടാടണം.+
11 നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നീയും നിന്റെ മകനും മകളും നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയും പുരുഷനും നിന്റെ നഗരങ്ങളിൽ* താമസിക്കുന്ന ലേവ്യനും വിദേശിയും നിങ്ങൾക്കിടയിലുള്ള വിധവമാരും അനാഥരും* നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹ്ലാദിക്കണം.+
12 നിങ്ങൾ ഈജിപ്തിൽ അടിമകളായിരുന്നെന്ന് ഓർത്ത്+ ഈ ചട്ടങ്ങൾ അനുസരിക്കുകയും പാലിക്കുകയും വേണം.
13 “നിങ്ങളുടെ മെതിക്കളത്തിൽനിന്ന് ധാന്യവും നിങ്ങളുടെ ചക്കുകളിൽനിന്ന് എണ്ണയും വീഞ്ഞും ശേഖരിക്കുമ്പോൾ നിങ്ങൾ ഏഴു ദിവസം കൂടാരോത്സവം* ആഘോഷിച്ച്+
14 ആഹ്ലാദിക്കണം. നീയും നിന്റെ മകനും മകളും നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയും പുരുഷനും നിന്റെ നഗരങ്ങളിൽ വന്നുതാമസിക്കുന്ന വിദേശിയും ലേവ്യനും വിധവയും അനാഥനും* ആഹ്ലാദിക്കണം.+
15 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് ഏഴു ദിവസം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഉത്സവം കൊണ്ടാടണം.+ നിങ്ങളുടെ എല്ലാ വിളവുകളെയും നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും നിങ്ങളുടെ ദൈവമായ യഹോവ അനുഗ്രഹിക്കുമല്ലോ.+ നിങ്ങൾ അങ്ങനെ ഒരുപാടു സന്തോഷിച്ചാനന്ദിക്കും.+
16 “വർഷത്തിൽ മൂന്നു പ്രാവശ്യം—പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം,+ വാരോത്സവം,+ കൂടാരോത്സവം+ എന്നിവയുടെ സമയത്ത്—നിങ്ങൾക്കിടയിലെ ആണുങ്ങളെല്ലാം നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ, ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൂടിവരണം. എന്നാൽ ഒരു പുരുഷനും വെറുങ്കൈയോടെ യഹോവയുടെ മുന്നിൽ വരരുത്.
17 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിന് ആനുപാതികമായി നിങ്ങൾ ഓരോരുത്തരും കാഴ്‌ച കൊണ്ടുവരണം.+
18 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലെല്ലാം* ഓരോ ഗോത്രത്തിനും നിങ്ങൾ ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കണം.+ അവർ ജനത്തിന് ഇടയിൽ നീതിയോടെ വിധി കല്പിക്കും.
19 നിങ്ങൾ നീതി നിഷേധിക്കുകയോ+ പക്ഷപാതം കാണിക്കുകയോ+ കൈക്കൂലി വാങ്ങുകയോ അരുത്. കാരണം കൈക്കൂലി ജ്ഞാനിയെ അന്ധനാക്കുകയും+ നീതിമാന്റെ വാക്കുകൾ തെറ്റിച്ചുകളയുകയും ചെയ്യുന്നു.
20 നീതി—അതെ, നീതിയാണു നിങ്ങൾ അന്വേഷിക്കേണ്ടത്.+ അങ്ങനെ ചെയ്‌താൽ നിങ്ങൾ ജീവനോടിരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കുകയും ചെയ്യും.
21 “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പണിയുന്ന യാഗപീഠത്തിന് അരികെ ഒരുതരത്തിലുള്ള വൃക്ഷവും പൂജാസ്‌തൂപമായി* നടരുത്.+
22 “നിങ്ങൾ പൂജാസ്തംഭം നാട്ടുകയുമരുത്;+ അതു നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വെറുപ്പാണ്.
അടിക്കുറിപ്പുകള്‍
^ അഥവാ “പിതാവില്ലാത്ത കുട്ടികളും.”
^ അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”
^ അഥവാ “താത്കാലിക വാസസ്ഥലങ്ങളുടെ ഉത്സവം.”
^ അഥവാ “പിതാവില്ലാത്ത കുട്ടിയും.”
^ അക്ഷ. “കവാടങ്ങളുടെയെല്ലാം ഉള്ളിൽ.”